സാഹിത്യവാരഫലം 1986 01 12
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1986 01 12 |
ലക്കം | 539 |
മുൻലക്കം | 1986 01 05 |
പിൻലക്കം | 1986 01 19 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
അന്തരിച്ചുപോയ ഈ. വി. ദാമോദരന്‍ മഹാപണ്ഡിതനും പുരുഷരത്നവുമായിരുന്നു. സംസ്കൃത കോളേജില്‍ പ്രൊഫസറായിരുന്ന അദ്ദേഹത്തെ വിദ്യാര്‍ത്ഥികള്‍ എന്തെന്നില്ലാത്തവിധം സ്നേഹിക്കുയും ബഹുമാനിക്കുയും ചെയ്തു. നിഷ്കളങ്കതയുടെ ശാശ്വത പ്രതിരൂപമായ അദ്ദേഹത്തെ പറ്റിക്കാനും ആളുണ്ടായി; കിളിമാനൂര്‍ക്കാരനായ ഒരു ചെറുപ്പകാരന്, ആയിരക്കണക്കിനു രൂപ ആയാള്‍ തട്ടിക്കൊണ്ടുപോയയെന്നാണു ദോമോദരന്‍സാറുതന്നെ എന്നോടു പറഞ്ഞതു്. ഒരിക്കല്‍ പറക്കോട്ടു് ഒരു സമ്മേളനത്തിനു പോകാന്‍ ബാലരാമപ്പണിക്കര്‍സ്സാറിനെ വിളിക്കാനായി ഞാന്‍ പേട്ടയില്‍ചെന്നു. സാറു് കാറില്‍ കയറിയതേയുള്ളു. എവിടെ നിന്നാണെന്നു് അറിഞ്ഞില്ല. ഈ. വി. സ്സാറിനെ പറ്റിച്ച ആ ചെറുപ്പക്കാരന് ഓടിയെത്തി. ‘ഞാനുംകൂടെ വരുന്നു.’ എന്നു പറഞ്ഞുകൊണ്ടു് മുൻസീറ്റിൽ കേറിയിരുന്നു. ബാലരാമപ്പണിക്കർ എന്റെ കാതിൽപറഞ്ഞു: “ഇന്നു നമുക്ക് ആപത്തുണ്ടാകും. “ഇവന് നല്ലവനല്ല. ഇവന്റെ ദൗര്‍ഭാഗ്യം നമ്മെയും ബാധിക്കും.” കാറു് ഒരു പതിനഞ്ചു നാഴിക പോയിരിക്കും. എതിരേവന്ന ഒരു ലോറി വന്നു് ഇടിക്കാതിരിക്കാന്‍വേണ്ടി ഡ്രൈവര്‍ വാഹനം വെട്ടിയൊഴിച്ചു. റോഡിന്റെ ഒരു വശത്തുള്ള കുഴിയിലേക്കു് കാറു് മറിഞ്ഞു. ചെറിയ മുറിവുകളോടുകൂടി ഞങ്ങള്‍ രക്ഷപ്പെട്ടു. ദാമോദരന്‍സ്സാറിനെ പറ്റിച്ച ചെറുപ്പകാരനു് ഒരു പോറല്‍പോലും പറ്റിയതുമില്ല. ബാലരാമപ്പണിക്കര്‍സ്സാര്‍ പറഞ്ഞു: “കണ്ടോ ഞാന്‍ നേരത്തെ പറഞ്ഞതു ശരിയായില്ലേ?” ദൗര്‍ഭാഗ്യം ചിലര്‍ കൊണ്ടുനടക്കുന്നു. അതു് അവരെ ശല്യപ്പെടുത്തുകയില്ല. മറ്റുള്ളവരെ ഉപദ്രവിക്കും. വിമാനപകടത്തില്‍ 235 പേര് മരിച്ചുവെന്നു പത്രവാര്‍ത്ത. ഈ 235 പേരും തിന്മയാര്‍വരാണെന്നു കരുതരുതു്. അവരില്‍ ഒരുത്തനായിരിക്കും തിന്മയുള്ളതു്. അവന്റെ ആ തിന്മ ബാക്കി 234 പേരിലും വന്നു വീഴുന്നു. തിന്മയുള്ളവന് എങ്ങനെയോ രക്ഷപ്പെട്ടുവെന്നുംവരാം. ചിലപ്പോള്‍ അവനും മരിച്ചെന്നുവരാം. ഈ വിഷയത്തെക്കുറിച്ചു മഹര്‍ഷി അരവിന്ദഘോഷിന്റെ ശിഷ്യന് നളിനീകാന്തഗുപ്ത ഉപന്യസിച്ചിട്ടുണ്ട്:
“നിങ്ങള്‍ക്കു് ആന്തരജ്ഞാനവും അഭിവീക്ഷണവും അവശ്യശക്തിയും ഇല്ലെങ്കില്‍ മററുള്ളവരുടെ കര്‍മ്മം നിങ്ങളില്‍ വന്നു വീഴാനിടയുണ്ടു്. ഏതാണ്ടു് ഇരുണ്ട “ഭ്രമണം” ചുറ്റുമുള്ള ഒരുത്തനെ നിങ്ങള്‍ക്കു കാണാനിടവന്നാല്‍ ഏതു വിധത്തിലെങ്കിലും അയാളെ ഒഴിവാക്കണം.”
വ്യക്തികളെസ്സംബന്ധിച്ച ഈ സത്യം പ്രസാധനങ്ങളെക്കുറിച്ചും സത്യമായി ഭവിച്ചിരിക്കുന്ന കാലത്താണു് നമ്മള് ജീവിക്കുന്നതു്. ദൗര്‍ഭാഗ്യംകൊണ്ടു നടക്കുന്ന ചില വാരികകള്‍ ‘മന്ദാക്ഷ മന്ദാക്ഷര’മായി പദവിന്യാസം നടത്തുന്ന ചില ഉത്കൃഷ്ടവാരികകളെ നശിപ്പിക്കുന്നു. സൂക്ഷിച്ചുനോക്കു. ഇരുണ്ട വലയം അവയ്ക്കു ചുററുമുണ്ടു്. ഉപരിതല വീക്ഷണം ഒഴിവാക്കിയ ആന്തരതലവീക്ഷണം നടത്തേണ്ടിയിരിക്കുന്നു കേരളത്തിലെ വായനക്കാര്‍.
Contents
മുഖാവരണം
മുഖാവരണം ധരിച്ചു നടക്കുന്നവര്‍ ഇവിടെ ധാരാളമുണ്ടു്. കവിയായിരിക്കും, രാഷ്ട്രീയ നേതാവായിരിക്കും. സുഹൃത്തായിരിക്കും. മുഖാവരണം ധരിച്ചാണു് അവര്‍ നമ്മുടെ മുന്പിലെത്തുക. ഞാന്‍ വീട്ടില്‍ച്ചെന്നു കയറിയാലുടന്‍ മുഖാവരണം എടുത്തുവയ്ക്കുന്ന ഒരു കവിയുണ്ടായിരുന്നു. “വരൂ വരൂ, ഇരിക്കു” എന്നു മൊഴിയും, കാപ്പി കുടിക്കാതെ പോകരുതെന്നു നിര്‍ബ്ബന്ധിക്കും. പോകാനെഴുന്നേറ്റാല്‍ “ഇരിക്കൂന്നേ, എന്തൊരു തിടുക്കമാണിതു്” എന്നു് പരിഭവം പറയും. പോയിക്കഴിഞ്ഞാല്‍ “മെനക്കെടുത്താന്‍ വന്നുകയറി കാലത്തു്. ഇനി കമലമ്മയ്ക്ക് (ഭാര്യയുടെ പേര്) ഇഡ്ഢലി വേറെയുണ്ടാക്കണം” എന്നു കാണുന്നവരോടെല്ലാം പരാതിയായി. ആ പരാതികേട്ട ഒരു മാന്യനാണു് ഇക്കാര്യം എന്നെ അറിയിച്ചതു്. പിന്നീടു് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടേയില്ല. യൂജീന്‍ ഓനീലിന്റെ The Great God Brown എന്ന നാടകത്തിലെ ഒരു കഥാപാത്രം തന്റെ “ആധ്യാത്മികവും കാവ്യാത്മകവുമായ” മുഖത്തില്‍ ആവരണം ചാര്‍ത്തിനില്‍ക്കുന്നതായി പ്രസ്താവമുണ്ടു്. കാലം കഴിയുമ്പോള്‍ ആ മുഖാവരണം ജീര്‍ണ്ണിക്കുന്നു. ഞാന്‍ പറഞ്ഞ കവിയുടെ മുഖം മാത്രമേ ജീര്‍ണ്ണിച്ചുള്ളു. മുഖാവരണം അദ്ദേഹം അന്തരിക്കുന്നതുവരെ ഒരു വ്യത്യാസവും കൂടാതെയിരുന്നു.
മുഖത്തില്‍ ആവരം വയ്ക്കുന്നതുപോലെ കഥയില്‍ ആവരണം ചാര്‍ത്തുന്നതില്‍ പ്രഗൽഭനാണു് ദോശാഭിമാനി വാരികയില്‍ “ഉണ്ണികള്‍” എന്ന കഥയെഴുതിയ എം. സുധാകരന്. ഒരുത്തന് വേറൊരുത്തന്നെ കാറില്‍ കയറ്റുന്നു. കുട്ടികളുടെ പുറത്തു് കാറു് കയറ്റി കൊല്ലുന്നു. ആ വേറൊരുത്തന്റെ കാമുകിയെയും കാറ് കയററി കൊല്ലുന്നു എത്ര ആലോചിച്ചിട്ടും ഇതിന്റെ ‘ഗുട്ടൻസ്’ പിടികിട്ടുന്നില്ല. വല്ല പ്രധാനമന്ത്രിയോ മന്ത്രിയോ മറ്റോ ആണോ അദ്ദേഹം ഉദ്ദേശിച്ചതു്? ആവോ അറിയില്ല. പ്രതിപാദ്യവിഷയം ആവരണത്താല്‍ മറഞ്ഞിരിക്കുന്നു ഇക്കഥയില്‍. അലിഗറി രചിക്കാം, സിംബോളിക് കഥ എഴുതാം. അവയുടെയൊക്കെ അര്‍ത്ഥം മനസ്സിലാക്കത്തക്കവിധത്തില്‍ ചില സൂചകപടങ്ങളെങ്കിലും അവയില്‍ വയ്ക്കണം. സുധാകരന് അതിലൊന്നുമല്ല താല്പര്യം, മുഖാവരണം വച്ചു് മനുഷ്യനെ കുഴപ്പത്തില്‍ ചാടിക്കുന്നതിനാണു്.
ആര്‍ത്തവം നിന്ന ഒരു സ്ത്രീ സ്ത്രീത്വവിനാശത്തില്‍ ദുഃഖിക്കുന്നതും പീന്നീടു് രക്തസ്രാവമുണ്ടാകുമ്പോള്‍ നഷ്ടപ്പെട്ട സ്ത്രീത്വം വീണ്ടുകിട്ടിയെന്നു കരുതി ആഹ്ലാദിക്കുന്നതും റ്റോമാസ് മാന്‍ എഴുതിയ The Black Swan എന്ന നോവലില്‍ വര്‍ണ്ണിച്ചിരിക്കുന്നു. അവരുടെ രക്തസ്രാവം യഥാര്‍ത്ഥത്തില്‍ കാന്‍സറിന്റേതായിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയയായ അവര്‍ മരിക്കുമ്പോള്‍ നോവല്‍ അവസാനിക്കുകയാണു്. ഈ സ്ത്രീ രോഗാര്‍ത്തമായ യൂറോപ്പാണു്. അനുവാചകനു് അതു മനസ്സിലാകത്തക്കവിധത്തില്‍ നോവലിസ്റ്റ് കൃതിയില്‍ പലയിടത്തും സൂചകപദങ്ങള്‍ നിവേശിപ്പിച്ചിരിക്കുന്നു. അലിഗറിയും മറ്റും രചിക്കുന്ന നമ്മുടെ എഴുത്തുകാര്‍ ഇത്തരം കൃതകള്‍ വായിച്ചിരിക്കുന്നതു നന്നു്.
“ശ്രേയഃ പ്രതിബധ്നാതി”
പമ്പാ ദേവസ്വംബോര്‍ഡ് കോളേജില്‍ ഒരു സമ്മേളനത്തിനു പോയിരുന്നു ഏതാനും മാസങ്ങള്‍ക്കു മുന്‍പു്. മീററിങ് തുടങ്ങാറായി. സദസ്സില്‍നിന്നു് ഒരദ്ധ്യാപിക എഴുന്നേറ്റുവന്ന് എന്റെ കാലുതൊട്ടു കണ്ണില്‍വച്ചു. തെല്ലുനേരത്തേക്കു് ഒരമ്പരപ്പു് എനിക്കുണ്ടായി. ആരാണു് ആ യുവതിയെന്നു ഞാന്‍ നോക്കി. പണ്ടു് ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ എം. എ. ക്ലാസ്സില്‍ പഠിപ്പിച്ച കുട്ടിയാണു് അവര്‍. ഗൂരുനാഥനോടു് ആ അദ്ധ്യാപിക കാണിച്ച ഭക്തി കണ്ട് എന്റെ നേത്രങ്ങള്‍ ആർദ്രങ്ങളായ്.
ഇന്നു കാലത്തു് (21-12-85) പണ്ടു് സംസ്കൃതകോളേജില്‍ ഞാന്‍ പഠിപ്പിച്ച ഒരാള്‍ വീട്ടില്‍ വന്നു. കൈയില്‍ എനിക്കു തരാന്‍ രണ്ടു പുസ്തകങ്ങള്‍ ‘മൃച്ഛകടികവും മുദ്രാരാക്ഷസവും’. “എന്തുചെയ്യുന്നു ഇപ്പോള്‍?” എന്നു ഞാന്‍ ചോദിച്ചു. “ഞാന്‍… കോളേജില്‍ ഫസ്റ്റ്ഗ്രേഡ് പ്രൊഫസറാണു്. സാറിനെ എനിക്കു മറക്കാനാവില്ല. ഇവിടെ നിന്നു ഇരുപത്തഞ്ചു നാഴിക അകലെയാണു് ഞാന്‍ താമസം. ക്രിസ്മസ് വെക്കേഷനല്ലേ ഞാന്‍ വീട്ടിലുണ്ടായിരിക്കും. കാറയച്ചുതരാം, സാറു് വീട്ടില്‍ വന്നേതീരൂ.” ശിഷ്യസ്നേഹപരതന്ത്രനായ ഞാന്‍ ആഹ്ലാദബാഷ്പം പൊഴിച്ചു.
ലോകമിങ്ങനെയാണു്. നല്ല ആളുകള്‍ നമ്മെ ബഹുമാനിക്കും. ഖലന്മാര്‍ചവിട്ടും. ഒന്നിലും ആഹ്ലാദിക്കരുതു്. ദുഃഖിക്കയുമരുതു് — ഈ തത്ത്വം എനിക്കറിയാം. എങ്കിലും ഞാന്‍ ആദ്യം ആഹ്ലാദിക്കുകയും പിന്നീടു് കരയുകയും ചെയ്തു. എന്റെ ചൂടാര്‍ന്ന കണ്ണീര് വീണുതു് ഭൂമിയിലല്ല. പൂജ്യ പൂജാവ്യതിക്രമം നടത്തിയ ആ ശിഷ്യന്റെ തലയിലാണു്.
സായാഹ്നം. ഞാന്‍ താമസിക്കുന്ന വീട്ടിനു അല്പമകലെയായി വെറൊരു ശിഷ്യന് താമസിക്കുന്നുണ്ട്. അദ്ദേഹത്തെ കണ്ടിട്ടു് കുറഞ്ഞതു പത്തുവര്‍ഷമാകും. കണ്ടുകളയാമെന്നു വിചാരിച്ച് നടന്നു. ശിഷ്യനെ തേവലക്കര ദോമോദരന്‍പിള്ള എന്നു വിളിക്കാം. എന്റെ ക്ലാസ്സിലെ പ്രഗത്ഭനായ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. പുച്ഛഭാവത്തോടെ ക്ലാസ്സിലിരിക്കുമെങ്കിലും കോംബൊസിഷനും തര്‍ജ്ജമയും മറ്റും ഒന്നാന്തരമായി എഴുതും. ഒരു കോളേജിന്റെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. സായിബാബ ഭക്തനുമാണു്. ഞാന്‍ അദ്ദേഹത്തന്റെ വീട്ടുനടയില്‍ ചെന്നു് “…ഇവിടെയുണ്ടോ?” എന്നു തിരക്കി. അദ്ദേഹം അതു കേട്ടു ചാടിയിറങ്ങിവരുമെന്നും ഗുരുനാഥനായ എന്നെ കൈക്കുപിടിച്ചു അകത്തേക്കു കോണ്ടുപോകുമെന്നുമാണു് ഞാന്‍ വിചാരിച്ചതു്. തേവലക്കര ഇറങ്ങി വന്നു. “ങ്ഹാ കൃഷ്ണന്‍നായര്‍ സാറ്! എല്ലാവരും സിനിമകാണുകയാണു്. ‘സ്നാപക യോഹന്നാന്’ ഇപ്പോള്‍ വീട്ടിനകത്തേക്കു പോകാന്‍ വയ്യ.” എന്നു പറഞ്ഞു: ഞാന്‍ മറുപടി നല്കി: “എന്നാല്‍ ഞാൻ തിരിച്ചുപോകാം.” അപ്പോഴേക്കും രണ്ടാമത്തെനിലയില്‍ ടെലിഫോണ്‍ മണിനാദം. അദ്ദേഹം ഓടിക്കയറി സംസാരംകഴിഞ്ഞു തിരിച്ചെത്തി എന്നിട്ടു ചോദിച്ചു: “വീട്ടില്‍ ടെലിഫോണുണ്ടോ?” സമയത്തിനു പണം കൊടുക്കാത്തതുകൊണ്ടു് ഡിപ്പാര്‍ട്ട്മെന്റ് അതിളക്കിക്കൊണ്ടുപോയി എന്ന അര്‍ത്ഥത്തില്‍ “ഡിസ്കണക്റ്റഡ് ആയി ടെലിഫോണ്‍” എന്നു ഞാന്‍ പറഞ്ഞു. “കളര്‍ ടെലിവിഷനുണ്ടോ” എന്നു ശിഷ്യന്റെ ചോദ്യം. “ടെലിവിഷനേയില്ല” എന്നു മറുപടി. “ഏതുവീട്ടില്‍ താമസിക്കുന്നു?” എന്നു ചോദ്യം. ഞാന്‍ വീടു് ഏതാണെന്നു പറഞ്ഞു. “ഓ ആ കൊച്ചു വീടോ അതെനിക്കറിയാം.” എന്നു കൊട്ടാരംപോലുള്ള തന്റെ ഭവനം നോക്കി ഉദീരണം. വീണ്ടും ടെലിഫോണ്‍ ബല്ല്. “എനിക്കിപ്പോള്‍ ആയിരം രൂപ ശമ്പളമുണ്ടു്. കൂടെ പെന്‍ഷനും” എന്നു പറഞ്ഞിട്ട് അദ്ദേഹം കോണിപ്പടികള്‍ കയറി. ആ ശിഷ്യന് അങ്ങനെ സോപാനശ്രേണിയില്‍ ഉത്പ്ലവനം നടത്തുമ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ അവിടെനിന്നു് ഓടി. എന്റെ കണ്ണീരൊഴുകി. അതു മുകളില്‍പ്പറഞ്ഞ ആഹ്ലാദബാഷ്പമായിരുന്നില്ല. ദുഃഖത്തിന്റെ കണ്ണീരായിരുന്നു. അപമാനനത്താല്‍ ഉണ്ടായ ദുഃഖത്തിന്റെ കണ്ണീരു്.
ലോകമിങ്ങനെയാണു്. നല്ല ആളുകള്‍ നമ്മെ ബഹുമാനിക്കും. ഖലന്മാര് ചവിട്ടും. ഒന്നിലും ആഹ്ലാദിക്കരുതു്, ദുഃഖിക്കയുമരുതു് — ഈ തത്ത്വം എനിക്കറിയാം. എങ്കിലും ഞാന്‍ ആദ്യം ആഹ്ലാദിക്കുകയും പീന്നീടു് കരയുകയും ചെയ്തു. എന്റെ ചൂടാര്‍ന്ന കണ്ണീര് വീണതു് ഭൂമിയിലല്ല. പൂജ്യപൂജാവ്യതിക്രമം നടത്തിയ ആ ശിഷ്യന്റെ തലയിലാണു്. ഇതിന്റെ വേറൊരു വശം കാണണമെന്നുണ്ടോ? എങ്കില്‍ ചന്ദ്രിക വാരികയില്‍ വി. എ. എ. അസീസ് എഴുതിയ “ആരാണു നമ്മുടെ ശത്രുക്കള്‍” എന്ന ലേഖനം വായിച്ചാലും.
പെയിന്റും പെയിന്റില്ലായ്മയും
ഒരുത്തന് പ്രതിഭാശാലിയായിരുന്നാലേ മറ്റൊരു പ്രതിഭാശാലിയോടു സംസാരിക്കാന്‍ കഴിയൂ എന്നില്ലല്ലോ. അങ്ങനെയാണെങ്കില്‍ ജി. ശങ്കരക്കുറുപ്പു് എന്റെ വീട്ടില്‍ പലതവണ വരുമായിരുന്നില്ല. ചങ്ങമ്പുഴയുടെ ലോഡ്ജില്‍ ഞാന്‍ പലതവണ ചെന്നുകയറുമായിരുന്നില്ല. പി. കുഞ്ഞിരാമന്‍നായര്‍ എന്റെ വീട്ടില്‍ വരുമായിരുന്നില്ല. പ്രതിഭയില്ലാതെ എനിക്കു പ്രതിഭാശാലികളെ തിരിച്ചറിയാം. താഴെച്ചേര്‍ക്കുന്ന വരികള്‍ വായിക്കു. ഒളപ്പമണ്ണ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘കാഫലം’ എന്ന കാവ്യത്തിലെ ആ വരികളുടെ പിറകില്‍ പ്രതിഭയുടെ പ്രസരമുണ്ടെന്നു് ആരും സമ്മതിക്കും.
ഓരോവഴിക്കു പിരിഞ്ഞുപോയ്ക്കുട്ടികള്‍.
ഭാര്യയും ഞാനും തനിച്ചു വീട്ടില്‍!
നിശ്ശബ്ദമുൺതളം പൂമുഖം; ഒക്കയും
വെച്ചതു വെച്ചതുപോലിരുന്നു.
താമ്പാളം മോറി വെയ്ക്കുന്നതന്നെന്തിന്നു
സാമ്പാറു വെയ്ക്കുന്നതെന്തിനമ്മ?
തട്ടിത്തകര്‍ക്കലും തര്‍ക്കവുമല്ലിയെന്‍
മക്കളേ, ജീവിതത്തിന്റെ ശബ്ദം?
നിങ്ങള്‍ വഴക്കടിക്കുമ്പൊഴുമമ്മയ്ക്കു
മങ്ങാത്തതല്ലോ മുഖപ്രസാദം;
നന്നായിട്ടില്ലെന്നു തട്ടിയാലും മക്ക-
ളുണ്ണുന്നതമ്മാര്‍ നോക്കി നില്പൂ!
ആണ്മക്കള് അന്യസ്ഥലങ്ങളില്‍ . അല്ലെങ്കില്‍ പലരും മരിച്ചു. പെണ്മക്കള് ഭര്ത്താക്കന്മാരുടെ വീടുകളില്‍. അവര്‍ വല്ലപ്പോഴും തിരിഞ്ഞു നോക്കിയാലായി അത്രമാത്രം. അവരുടെ അച്ഛനും അമ്മയും ഒറ്റയ്ക്കു് ഒരു വീട്ടില്‍. അവര്‍ക്കു് ഏകാന്തതയുടെ ദുഃഖം. മോഹഭംഗത്തിന്റെ ദുഃഖം. ആരുമില്ലല്ലോ എന്ന ചിന്ത ജനിപ്പിക്കുന്ന ദുഃഖം. ഇതാണു് ഈ ലോകത്തുവച്ചു് ഏറ്റവും വലിയ ദുഃഖമെന്നു് എനിക്കു തോന്നുന്നു. അതിനെ ഒളപ്പമണ്ണ എത്ര ഹൃദയസ്പര്‍ശകമായ വിധത്തില്‍ സ്ഫുടീകരിക്കുന്നവെന്നും നോക്കുക. ഈ കാവ്യത്തിന്റെ ബാക്കി ഭാഗങ്ങള്‍ വിരസമാണ് അല്ലെങ്കില്‍ ഗദ്യാത്മകമാണു്. വര്‍ക്ക്ഷോപ്പിന്റെ അടുത്തുകൂടെ പോകുമ്പോള്‍ ചില ഭാഗങ്ങളിൽ ചായമിളകി പാണ്ടു പിടിച്ചതുപോലെ അംബാസിഡര്‍ കാറുകള്‍ കിടക്കുന്നതു കണ്ടിട്ടില്ലേ? അതുപോലെ പെയിന്റ് ഇളകിപ്പോയ ഭാഗങ്ങളാണിവ. കാറിന്റെ ചായം മുഴുവനും ചുരണ്ടിക്കളഞ്ഞാല്‍ അക്കാഴ്ച ജുഗുപ്ലാവഹമല്ല. പുതുതായി ചായം സ്പ്രേ ചെയ്താല്‍ നയനാനന്ദകരം. പക്ഷേ ചില ഭാഗങ്ങളിലെ ല്യൂക്കോഡേമ — ശ്വേത കുഷ്ഠ്ം — ഓക്കാനമുണ്ടാക്കും. കാവ്യത്തിനു ല്യൂക്കോഡേമ വരാതിരിക്കാന്‍ ഒളപ്പമണ്ണ ശ്രദ്ധിച്ചാല്‍ കൊള്ളാം.
മനുഷ്യപ്രേമാത്മകത്വം
മലയാളനാടുവാരികയില്‍ ഈ പംക്തി എഴുതിക്കൊണ്ടിരുന്നകാലത്തു് മധുരയില്‍നിന്നു് എനിക്കു് ഒരു തമിഴന്റെ കത്തുവന്നു: അദ്ദേഹം മലയാളം പഠിച്ചുവെന്നും സാഹിത്യവാരഫലം പതിവായി വായിക്കുന്നുവെന്നും. ഏതാനും മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ കാണാന്‍ വന്നു. ഇംഗ്ലീഷിലാണു് ആ സുഹൃദയന്‍ സംസാരിച്ചതു്.
അദ്ദേഹം: Your column is very popular. But allow me to say that your ideas about human beings are not correct. They have a downward tendency; brutish. (നിങ്ങളുടെ പംക്തിക്കു ജനസമ്മതിയുണ്ടു്. പക്ഷേ, മനുഷ്യരെക്കുറിച്ചു നി…… നോന്മുഖമായ പ്രവണതയുണ്ടു്. മൃഗീയം.) അദ്ദേഹം അതിഥി ആയതുകൊണ്ടു് ഞാന്‍ ചിരിച്ചതേയുള്ളു. അതിഥി അല്ലായിരുന്നെങ്കില്‍ നരഭോജികളാണു് മനുഷ്യർ എന്നു ഞാന്‍ മറുപടി പറയുകമായിരുന്നു. ഈ ക്രവ്യാശിത്വത്തെ ഇതേ ജുകളിലൂടെ ആവിഷ്കരിക്കുന്ന ഒരു കഥയുണ്ടു് കലാകൗമുദിയില്‍. ഇ. വി. ശ്രീധരന്റെ ‘ഹ്യൂമന്‍സ്റ്റോറി.’ മനുഷ്യത്വത്തെ സ്പര്‍ശിക്കുന്ന കഥയെഴുതാന്‍ ശ്രമിക്കുന്ന കഥാകാരന് തന്റെ ചുറ്റും നോക്കുമ്പോള്‍ മനുഷ്യത്വശൂന്യങ്ങളായ കഥകളേ കാണുന്നുള്ളൂ. അവയെ ഓരോന്നായി അദ്ദേഹം എടുത്തുവയ്ക്കുന്നു. എല്ലാക്കഥകളെയും കൂട്ടിയിണക്കുന്ന ഒരു രജതതന്തുവുണ്ടു്. കലാത്മകതയുടെ തന്തുവാണതു്. സാധാരണമായി കാണാത്ത ഒരു ടെക്ക്നിക്കാണു് കഥാരചനയില്‍ കഥാകാരന് അംഗീകരിച്ചിരിക്കുന്നതു്. അതു് വിജയം പ്രാപിച്ചിട്ടുണ്ടു്.
നിര്‍വ്വചനങ്ങള്‍
- പദ്മാസുബ്രഹ്മണ്യം
- രാഷ്ടാന്തരീയ പ്രശസ്തിയാര്‍ജ്ജിച്ച നര്‍ത്തകി. പക്ഷേ, എന്നെസംബന്ധിച്ചിടത്തോളം മുഖത്തെ മാംസപേശികളുടെ വക്രീകരണംമാത്രം നടത്തുന്ന സ്ത്രീ. ശാലീനതയില്ല, ശരീര… വെറെ എന്തോ ആണു്
- കുന്നക്കുടി വൈദ്യനാഥന്
- കമ്പികള്‍ സ്പന്ദിപ്പിച്ചു് മനുഷ്യരെ ഗന്ധര്‍വ്വ ലോകത്തേക്കു് ഉയര്‍ത്തുന്ന മഹാമാന്ത്രികന്. അടുത്ത ജന്മത്തിലെങ്കിലും എനിക്ക് അദ്ദേഹമായി ജനിക്കാന്‍ കഴിഞ്ഞെങ്കില്‍.
- കലാലയങ്ങളിലെ മ്യൂസിക് അദ്ധ്യാപികമാരും പ്രക്ഷേപണകേന്ദ്രങ്ങളിലെ ‘നിലയ’ വിദ്വാന്മാരും
- നിര്‍വ്വചനമില്ല. Modesty forbids.
- തിരുവനന്തപുരം
- മഴപെയ്താല്‍ വെള്ളം വാര്‍ന്നൊഴികിപ്പോകുന്ന ശുചിത്വമാര്ന്ന പട്ടണം. കറപ്ഷന്റെ ഇരിപ്പിടം. അപവാദവ്യവസായമാണു് ഇവിടത്തെ മുഖ്യ വ്യവസായം.
- ഹെര്‍ണിയ
- സ്നേഹംകൊണ്ടു് ഭര്‍ത്താവു് ഭാര്യയെ പൊക്കിയെടുക്കുമ്പോള്‍ അയാള്‍ക്ക് പെട്ടെന്നുണ്ടാകുന്ന ഒരു രോഗം. [പണ്ടു് ചിറ്റൂര്‍ ഒരു മുന്‍സിഫ് പ്രേമാതിരേകത്തോടെ ഭാര്യയെ എടുത്തു് ഉയര്‍ത്തി. അയ്യോ എന്ന വിളിയോടെ അദ്ദേഹം താഴെയിരുന്നു. നോക്കിയപ്പോള്‍ അടിവയറ്റിലെ മാംസപേശികള്‍ പൊട്ടി കുടലുതാഴത്തേക്ക് ഇറങ്ങിയിരിക്കുന്നു. അതുതന്നെയാണു് ഹെര്‍ണിയ.]
ഞങ്ങളെന്തുപിഴച്ചു
കഥാരചനെക്കുറിച്ചു് ഒന്നും അറിയാന്‍ പാടില്ലാത്ത ഒരാളുണ്ടെങ്കില്‍ ആ ആളു് ദേവസ്സി ചിറ്റമ്മലാണു്. അദ്ദേഹത്തിനു് രചനയുടെ രഹസ്യം അറിയാന്‍ താല്പര്യമില്ലെന്നു കരുതിക്കൂടാ. താല്പര്യമുണ്ടായാലും അദ്ദേഹത്തിനു് ഇത്രമാത്രമേകഴിയൂ. ഇപ്പോൾ എന്നെസ്സംബന്ധിച്ചു് ഒരു വിദ്യാര്‍ത്ഥി പറഞ്ഞ കാര്യമാണു്. എന്റെ ഓര്‍മ്മയിലെത്തുന്നതു്. സെക്രിട്ടേറിയറ്റില്‍ ജോലിനോക്കിയിരുന്ന എനിക്കു യൂണിവേഴ്സിറ്റികോളേജില്‍ ജോലികിട്ടി വിറച്ചു വിറച്ചു ക്ലാസ്സില്‍ക്കയറി. ഒരു വാക്യം പോലും ശരിയായി പറയാന്‍ കഴിഞ്ഞില്ല. കുട്ടികള്‍ കൂവി, ഡസ്കിലടിച്ചു. ആദ്യത്തെക്ലാസ്സിലെ അനുഭവം അതായതുകൊണ്ടു പിന്നീടുള്ള എല്ലാ ക്ലാസ്സുകളിലും അതുതന്നെയായിരുന്നു അനുഭവം. അപ്പോള്‍ പ്രൊഫസറായിരുന്ന ഡോക്ടര്‍ ഗോദവര്‍മ്മ കുട്ടികളോടു് പറഞ്ഞു: “അയാള്‍ ഇത്രയുംകാലം ക്ലാര്‍ക്കായിരുന്നു. പരിചയമില്ല പഠിപ്പിക്കലില്‍. നിങ്ങള്‍ക്കു ക്ഷമിച്ചിരുന്നു കൂടേ. ശരിയാവുമോ എന്നു നോക്കരുതോ”. ഇതുകേട്ട് ഒരു വിദ്യാര്‍ത്ഥി തികച്ചും ന്യായമായിത്തന്നെ ചോദിച്ചു. “പുതിയ സാറിനു് ഒന്നും അറിഞ്ഞുകൂടെങ്കില്‍ ഞങ്ങളെന്തു പിഴച്ചു? ആ മനുഷ്യനു് വേറെ ഏതെങ്കിലും ജോലിക്കു പേയ്ക്കൂടേ?”. “ദേവസ്സിചിറ്റമ്മലിന് ഇങ്ങനെ എഴുതാനേ കഴിയുകയുള്ളുവെങ്കില്‍ അദ്ദേഹത്തിനു് ഇതവസാനിപ്പിച്ചുകൂടേ?” എന്ന് സഹൃദയന് ചോദിച്ചാല്‍ ആ ചോദ്യത്തില്‍ തെറ്റുണ്ടെന്നു പറയാന്‍ മേല.
സാരിവേണമെന്ന അപേക്ഷയുള്ള അനിയത്തിയുടെ കത്തും കുറെ പണവും പോക്കറ്റിലിട്ടുകൊണ്ടു് തീവണ്ടിയാത്ര നടത്തുന്ന ഒരുത്തന്റെ പോക്കറ്റടിക്കുന്നു ഒരു സുന്ദരി. പിന്നീടു് അവള് ഒരു സാരി വാങ്ങിക്കൊണ്ടുവന്നു് അയാള്‍ക്കു കൊടുക്കുന്നു. ഇതാണു് ദേവസ്സിചിറ്റമ്മല് കുങ്കുമം വാരികയിലെഴുതിയ ‘നന്മനിറഞ്ഞവളേ സ്വസ്തി’ എന്ന ചെറുകഥയുടെ ഇതിവൃത്തം. വിവരമില്ലാത്തവരെ മാത്രം രസിപ്പിക്കാന്‍പോന്ന സാഹസിക്യമാണിതു്. സാഹിത്യമെന്ന പീരങ്കിയില്‍നിന്നു് സഹൃദയനെ വെടിവച്ചു ചാടിച്ചു് അനേകം നാഴിക ദൂരെക്കൊണ്ടിടുന്ന ഈ പ്രക്രിയ തികച്ചും ഗര്‍ഹണീയമത്രേ.
താരതമ്യവിവേചനം
എന്റെ വീട്ടിലെ പുഷ്പഭാജനത്തിലെ പൂക്കളുടെ സംവിധാനം ഭംഗിയുള്ളതല്ലെന്നു നിങ്ങള്‍ക്കു തോന്നുന്നതു് നിങ്ങളുടെ വീട്ടിലെ പുഷ്പഭാജനത്തിലെ പൂക്കളുടെ സംവിധാനം ഭംഗിയാര്‍ന്നതിനാലാണു്. താരത്മ്യ വിവേചനമില്ലാതെ ഈസ്തെറ്റിക്സില് മൂല്യനിര്‍ണ്ണയം സാദ്ധ്യമല്ല. സാഹിത്യം ഒന്നേയുള്ളു. സായ്പിനു് ഒരു സാഹിത്യം ഭാരതീയനു വേറെ സാഹിത്യം എന്നു വിഭജനം സാദ്ധ്യമല്ല. വ്യാസഭാരതത്തെ അതിശയിച്ച ഒരു കൃതിയും പടിഞ്ഞാറു് ഇന്നുവരെ ഉണ്ടായിട്ടില്ല. ഷേക്സ്പിയറിന്റെ ഹാംലററ്, മാക്ബത്ത്, കിങ്ലീയര്‍ ഇവയെ അതിശയിച്ച ഒരു നാടകവും കിഴക്കന്‍ ദിക്കില്‍ ആവിര്‍ഭവിച്ചിട്ടില്ല ഇന്നുവരെ. നമ്മുട കഥാസാഹിത്യം (നോവല്‍ ഉള്‍പ്പെടും) കൗമാരാവസ്ഥയിലാണു്. അതിനു് ഒരിക്കലും പടിഞ്ഞാറന്‍ കഥാസാഹിത്യത്തെ സമീപിക്കാന്‍ സാധിച്ചിട്ടില്ല. ഒരുകാലത്തു് അതു് പടിഞ്ഞാറന്‍ സാഹിത്യത്തിനു് സദൃശമാകും; അതിനെ അതിശയിക്കുകയും ചെയ്യും. പക്ഷേ, ഇപ്പോള്‍ അതു ക്ഷുദ്രമാണു്. കവിതയുടെ കാര്യത്തില്‍ അതല്ല സ്ഥിതി. എഴുത്തച്ഛന്, കുമാരനാശാന്, വള്ളത്തോള്‍, ചങ്ങമ്പുഴ ഇവരൊക്കെ എത്ര പടിഞ്ഞാറന്‍ കവിയോടും കിടപിടിക്കും. അതുകൊണ്ടാണ് കുമാരനാശാന്റെ ‘നളിനി’ ലോങ് ഫെങോയുടെ ഇവന്‍ജിലിനെക്കാള്‍ ഉത്കൃഷ്ടമാണെന്നു കരുതുന്നതു്. ചങ്ങമ്പുഴയുടെ ഏതു കാവ്യവും പോള്‍ വെര്‍ലേന്റെ ഏതു കാവ്യത്തെക്കാളും മേന്മയേറിയതായി പരിഗണിക്കുന്നതു്. കഥാസാഹിത്യത്തിന്റെ സ്ഥിതി അതല്ല. റ്റോമാസ് മാന്‍ ഇരുപത്തഞ്ചാമത്തെ വയസ്സിലെഴുതിയ ‘ബുഡന്‍ ബ്രുക്ക്സ്’ എന്ന നോവലിനു സദൃശമായി ഒരു നോവല്‍ നമുക്കില്ല. എന്തിനു പടിഞ്ഞാറോട്ടു പോകുന്നു. ‘ആരോഗ്യനികേതനം’ എന്ന ഭാരതീയ നോവലിനു തുല്യമായി നമുക്ക് ഒരു നോവലുണ്ടോ? അതെല്ലാം പോകട്ടെ. അമേരിക്കയിലെ കാഴ്സന് മക്കല്ലേഴ്സ് എഴുതിയ The Sojourner എന്നൊരു കഥയുണ്ടു്. അതിന്റെ നിരതിശയ സൗന്ദര്യം കണ്ടു് അദ്ഭുതസ്തബ്ധനായി നടക്കുന്നകയായിരുന്നു ഞാന്‍. ആരോടും അതിനെക്കുറിച്ചു ഞാന്‍ പറഞ്ഞില്ല. രണ്ടു ദിവസം മുന്‍പു് ഡോക്ടര്‍ വി. രാജകൃഷ്ണനെ റോഡില്‍ വച്ചു കണ്ടപ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു: “The Sojourner എന്ന കഥ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ വായിക്കണം. അതിനെക്കാള്‍ മനോഹരമായ ഒരു ചെറുകഥ മലയാളത്തിലുണ്ടോ?” ഞാനതു കേട്ടു് ആഹ്ലാദിച്ചു. ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു കാര്യം വെറൊരാള് അതേ രീതിയില്‍ പറയുന്നു. പ്രിയപ്പെട്ട വായനക്കാരെ The Sojourner വായിക്കു. അതിനെക്കാള്‍ ചേതോഹരമായ ഒരു കഥ മലയാളത്തിലുണ്ടെങ്കില്‍ അതു് ചൂണ്ടിക്കാണിക്കു, ഞാന്‍ എഴുത്തു നിറുത്താം. ഇതൊക്കെ തോപ്പില്‍ ഭാസിക്കു മനസ്സിലാവില്ല. അദ്ദേഹം എന്റെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു, എന്നെ അധിക്ഷേപിക്കുന്നു. തകഴിയുടെ ‘കയര്‍’ ഞാന്‍ മുഴുവനും ശ്രദ്ധിച്ചു വായിച്ചുവെന്നു് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടും വായിച്ചില്ലെന്നു പ്രഖ്യാപിക്കുന്നു. ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്താം: ഉറക്കം നടിക്കുന്നവനെ വിളിച്ചുണര്‍ത്തുന്നതു് എങ്ങനെ? (തോപ്പില്‍ ഭാസിയുടെ ലേഖനം കുങ്കുമത്തില്‍)
പലരും പലതും
- വയറുവേദന സഹിക്കാനാവാതെ ഒരുത്തന് ഡോക്ടര്‍ കല്യാണിക്കുട്ടിയുടെ വീട്ടില്‍ ചെല്ലുന്നു. അവള് പി. എച്ച്. ഡിക്കാരിയാണു്. പിന്നീടു് ഡോക്ടര്‍ ശുഭലക്ഷ്മിയുടെ വീട്ടിലെത്തി. അവള് പാട്ടുകാരിയാണു്. ഡോക്ടര്‍ എബ്രഹാം തോമസിനെ സമീപിച്ചു, അതിനുശേഷം. അയാള്‍ മനഃശാസ്ത്രജ്ഞനത്രേ. ഇതാണു് ബിന്ദു തുറവൂര്‍ കുമാരി വാരികയിലെഴുതിയ ‘പാവം മനുഷ്യന്’ എന്ന കഥയുടെ സാരം. അടുത്തകാലത്തു് തിരുവനന്തപുരത്തു സര്‍ക്കസ്സ് വന്നപ്പോള്‍ കാണാന്‍പോയി. ഭയങ്കരനായ ഒരു കരടിയെ സര്ക്കസ്സുകാരന് കൊണ്ടുനടന്നു് ആളുകളെ സലാം ചെയ്യിക്കുന്നതു കണ്ടു. കരടിക്കു സദൃശകളായ ഭാര്യമാര്‍ ഭര്ത്താക്കന്മാരെ ‘സൊസൈറ്റി’യില്‍ കൊണ്ടുനടന്നു് അവര്‍ക്കിഷ്ടമുള്ളവരെ സലാം ചെയ്യിക്കുന്നതു് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ടു്. ബിന്ദു തുറവൂരിനെ സാഹിത്യമെന്ന പെണ്‍കരടി കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ടു് കാലമേറെയായി. അദ്ദേഹം എന്നാണാവോ ആ ബന്ധനം വിടര്‍ത്തുന്നതു്? ‘ദ സൂണര്‍ ദ ബെറ്റര്‍.’
- അമേരിക്കയില്‍ വളരെക്കാലം താമസിച്ചിട്ടു നാട്ടില്‍ വരാന്‍ കൊതിക്കുന്ന ചേച്ചി നാട്ടിലെ അനിയത്തിക്കു കത്തെഴുതുന്നു. കത്തില്‍ നാട്ടിലെ സാന്ദര്യം മുഴുവന്‍ വര്‍ണ്ണിക്കുന്നുണ്ടു്. അനുജത്തി അങ്ങോട്ടയച്ച കത്തില്‍ ചേച്ചിയുടെ സങ്കല്പം മുഴുവന്‍ തെറ്റാണെന്നു വിശദമാക്കുന്നു. നാട്ടിലെ കൊള്ളരുതായ്മകള്‍ എല്ലാം എണ്ണിയെണ്ണിപ്പറയുന്നു. അവയുടെ കൂടെ “സര്‍ക്കാര്‍ ഖജനാവു് മോഷ്ടിച്ചു നാലും അഞ്ചും മാളികകള്‍ കയറ്റി മിടുക്കരായ മന്ത്രിമാരെക്കുറിച്ചും പറയുന്നു. ഇതാണു് മനോരാജ്യം വാരികയില്‍ കെ. അരവിന്ദന് എഴുതിയ ‘മാറ്റങ്ങള്‍’ എന്ന ചെറുകഥ. ഇതു കഥയല്ല റിപ്പോര്‍ട്ടാണു്. ഈ രചനയിലെ സംഭവങ്ങളുടെ സത്യാത്മകത ആര്‍ക്കും പരിശോധിക്കാം. ചിലപ്പോള്‍ അതു ശരിയാണെന്നു തെളിയും; മറ്റുചിലപ്പോള്‍ തെറ്റാണെന്നും സാഹിത്യസൃഷ്ടിയിലെ സംഭവങ്ങളെ അങ്ങനെ ദൈനംദിന ജീവിതയാഥാര്‍ത്ഥ്യങ്ങളോടു് തട്ടിച്ചു നോക്കാനാവില്ല. ഭാവനാത്മക സത്യമാണു് സാഹിത്യത്തിലുള്ളതു്. വസ്തു നിഷ്ഠമായ സത്യം റിപ്പോര്‍ട്ടിലും അനിയത്തി ചേച്ചിക്കെഴുതുന്ന കത്തില്‍ കെ. അരവിന്ദന് കഥയെന്ന മട്ടില്‍ റിപ്പോര്‍ട്ട് എഴുതുന്നു എന്നൊരു ദോഷം കൂടി ചേര്‍ക്കേണ്ടിയിരുന്നു. അതും നാട്ടിന്റെ ജീര്‍ണ്ണതയില്‍ പെടുമല്ലോ.
- പുലയി എന്നതിന്റെ ബഹുവചനം പുലയാടികള്‍ ആണെന്നു ധരിച്ച ഒരു ചലച്ചിത്രതാരം പീരുമേട്ടില്‍ വച്ചു് അവരെ കാണാനെത്തിയ ഹരിജന യുവതികളെ അമ്മട്ടില്‍ അഭിസംബോധന ചെയ്തപ്പോള്‍ ബഹളമുണ്ടായതിനെ വര്‍ണ്ണിക്കുകയാണു് എന്റെ ഒരു പഴയ സുഹൃത്തും പ്രസിദ്ധനായ അഭിനേതാവുമായ കെ.പി. ഉമ്മര്‍ (ചന്ദ്രിക ആഴ്ചപ്പതിപ്പു്). ആ സ്ത്രീയെക്കുറിച്ചു് അദ്ദേഹം പറയുന്നതിനിടയില്‍ ഇങ്ങനെയും ഒരു വാക്യം. “ആ പടത്തിലെ നായിക അഡ്വാന്‍സായി ഒരു വലിയ തുക കിട്ടിയതുകൊണ്ടോ അതല്ലെങ്കില്‍ കാമുകനുമായി ഫോണില്‍ സംസാരിച്ചതുകൊണ്ടോ എന്താണെന്നു് അറിയല്ല വളരെ ഉല്ലാസവതിയായി കാണപ്പെട്ടു.” സ്വര്‍ണ്ണാഭരണത്തില്‍ രത്നം വച്ചതു പോലെ ചില വാക്യങ്ങള്‍ രചനയില്‍ ചേര്‍ക്കാം. നടക്കുന്ന വഴിയില്‍ വിഷക്കല്ലിടുന്നതു പോലെയും വാക്യങ്ങള്‍ ചേര്‍ക്കാം. അഭിനേത്രിയുടെ കാമുകപ്രീതിയെക്കുറിച്ചു് പറയുന്ന ഉമ്മര്‍ ഒരുകൊച്ചു വിഷക്കല്ലെടുത്തു് വഴിയില്‍ ഇടുകയാണു്. അവര്‍ അതു ചവിട്ടി വേദനിക്കും. കഴിയുമെങ്കില്‍ നമ്മള് വിഷക്കല്ല് ഇടരുതു്.
- “ഇതു നാടല്ല, കള്ളപ്പണത്തിന്റെ മലയാണെന്നു തോന്നിപ്പോകും.” ബീരേന്ദ്ര ചതോപാദ്ധ്യായ എഴുതിയ ഒരു കാവ്യത്തിന്റെ തുടക്കമാണിതു് (തര്‍ജ്ജമ കെ. രാധാകൃഷ്ണന് അയിരൂര്‍-ജനയുഗം വാരിക). ബീരേന്ദ്ര ചതോപാദ്ധ്യായയുടെ ശത്രു അദ്ദേഹത്തിന്റെ കവിത തന്നെയാണു്. ആ അംഗന പൂതനയുടെ രൂപമാര്‍ന്നു് അദ്ദേഹത്തോടു് അടുക്കുന്നു. അതോ തര്ജ്ജമക്കാരന് അവളെ പൂതനയാക്കിയോ?
- ലക്ഷ്മീഭായിക്കു് മൂന്നു കാമുകന്മാര്. ആരോടുകൂടിയെങ്കിലും അവള്‍ക്കു ഒളിച്ചോടണം. ഓടുന്നു. ഒരു ‘ത്രില്‍’ അനുഭവിക്കുന്നു അവള്. കടവില്‍ ശശി എക്സ്പ്രസ്സ് വാരികയിലെഴുതിയ കഥയാണിതു്. ഒരു വിഷയവും ക്ഷുദ്രമല്ല. വിഷയത്തിന്റെ ആവിഷ്കാരമാണു ചിലപ്പോള്‍ ക്ഷുദ്രമാകുന്നതു്. ക്ഷുദ്രമായ ആവിഷ്കാരത്തിലൂടെ തന്റെ അവിദഗ്ദ്ധത വിളംബരം ചെയ്യുന്നു കടവില്‍ ശശി.
- മോപസാങ്ങിന്റെ കഥകളുടെ സ്വഭാവം വിശദീകരിക്കുകയും അദ്ദേഹത്തിന്റെ ചുലില്‍ കെട്ടിവച്ച വിരൂപങ്ങളായ കഥകള്‍ ഏവ എന്നു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു എം.ടി. വാസുദേവന്‍ നായര്‍ (കഥാദ്വൈവാരിക). കവി കവിത ചൊല്ലിയതു കേട്ടു് ശ്രോതാക്കള്‍ കൈയടിക്കുന്നു. കവിക്കു സന്തോഷം. അന്നു് ഏകാന്തത്തില്‍ കവിയുടെ പ്രണയിനി അദ്ദേഹത്തോടു പറയുന്നു. ‘അങ്ങയുടെ കവിത എത്ര സുന്ദരം!’ കരഘോഷം കേട്ടുണ്ടായ ആഹ്ലാദത്തെക്കാള്‍ ആയിരം മടങ്ങു് ആഹ്ലാദം നല്‍കും അദ്ദേഹത്തിനു് അവളുടെ ആ നാലു വാക്കുകള്‍. ഏകാന്തത്തില്‍ നാലു വാക്കും നാല്പതു വാക്കും നാലായിരം വാക്കും പറഞ്ഞു സഹൃദയനെ രസിപ്പിക്കുന്ന സുന്ദരിയാണു് മോപസാങ്ങിന്റെ കലാംഗന.
കുട്ടിക്കൃഷ്ണമാരാര് ഒരിക്കല്‍ എന്നോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവരുടെ കൃതികള്‍ വിമര്ശിക്കുകയേ അരുതു്” ആ മഹാനുഭാവന്റെ ഉപദേശം സ്വീകരിക്കാതെ ഞാൻ അദ്ദേഹത്തിന്റെ ആത്മാവിനെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.
|
|
|
|