സാഹിത്യവാരഫലം 1991 12 15
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1991 12 15 |
ലക്കം | 848 |
മുൻലക്കം | 1991 12 08 |
പിൻലക്കം | 1991 12 22 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
മഹാരാഷ്ട്ര സ്റ്റെയ്റ്റിലെ ചാന്ദ എന്ന സ്ഥലത്തുനിന്നു മൂന്നുനാഴിക പോയാല്‍ ഒരു വിജനപ്രദേശത്ത് ഒരു ഹിന്ദു ദേവാലയം കാണാം. അധികമാളുകള്‍ അവിടെ തൊഴാന്‍ പോകാറില്ല. ഞാന്‍ അമ്പലങ്ങളില്‍ പോകുന്നവനെല്ലെങ്കിലും ഏകാന്തത കൊതിച്ച് ആ ദേവാലയത്തിനടുത്തു സന്ധ്യാവേളയില്‍ പോകാറുണ്ടായിരുന്നു. അപ്പോഴെല്ലാം ഒരാളെപ്പോലും കണ്ടിട്ടില്ല. ചുറ്റും കാടായതുകൊണ്ടും ആ കാട്ടില്‍ പുലികള്‍ ഏറെയുള്ളതുകൊണ്ടും പേടിയോടെയാണ് ഞാനവിടെ ഇരിക്കാറ് ഇരുട്ടിനു കനം കൂടുമ്പോള്‍ തിരിച്ചുപോരികയും ചെയ്യും. അവിടത്തെ ഭീതിദമായ അന്തരീക്ഷത്തില്‍ എനിക്ക് അല്പമാശ്വാസമരുളിയിരുന്നത് ആ അമ്പലത്തില്‍ പൂജാരി കത്തിച്ചുവച്ച ഒറ്റനെയ്ത്തിരിയാണ്. കാറ്റടിക്കുമ്പോള്‍ ജീവഹാനി സംഭവിക്കാതിരിക്കാനായി ആ ദീപം ചാഞ്ഞുകൊടുക്കും. ശക്തമായിട്ടാണ് കാറ്റു വീശുന്നതെങ്കില്‍ അത് സ്വാഭാവികാകൃതി ഉപേക്ഷിച്ച് താണു പരന്നു നില്ക്കും അല്പനേരത്തേക്ക് കാറ്റു വീശിക്കഴിഞ്ഞാല്‍ വീണ്ടും പൂര്വാകാരമാര്ജ്ജിക്കും. ആ ദീപത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് എത്ര ആഹ്ളാദകരം! ചേതോഹരം പക്ഷേ അതുകൊണ്ടെന്തു പ്രയോജനം? ഈശ്വരന്റെ നേര്‍ക്കു തൊഴുകൈ ഉയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കിലും ചുറ്റുമുള്ള ഇരുട്ടു മാറ്റാന്‍ അത് അശക്തമാണ്. ദൂരെനിന്നു നോക്കിയാല്‍ അതിനെ കാണാനും വയ്യ. ഒരുകണക്കില് ആ ദീപം ഒരലങ്കാര ‘വസ്തു’ മാത്രമാണ്. അങ്ങനെ അവിടെയിരുന്ന് അതു നോക്കിക്കൊണ്ടിരുന്നപ്പോള്‍ ഒരാശയം എന്റെ മനസ്സിലൂടെ കടന്നുപോയി. മലയാളസാഹിത്യത്തിലെ പല കൃതികളും ഇമ്മട്ടില്‍ വിജനപ്രദേശത്തെ ഒറ്റദീപംപോലെയല്ലേ? രാമകഥാപ്പാട്ട്, രാമചരിതം, കണ്ണശ്ശരാമായണം ഈ കൃതികള്‍ എല്ലാം സുന്ദരങ്ങളായിരിക്കാം. പക്ഷേ അവ കുമാരനാശാന്റെ കാവ്യങ്ങള്‍പോലെ, വള്ളത്തോളിന്റെ കാവ്യങ്ങള്‍പോലെ, ജി. ശങ്കരക്കുറുപ്പിന്റെ കാവ്യങ്ങള്‍പോലെ സഹൃദയരെ ഉത്തേജിപ്പിക്കുന്നുണ്ടോ? ഇല്ല എന്നാണ് എന്റെ അസന്ദിഗ്ദ്ധമായ ഉത്തരം. നവീന സാഹിത്യത്തിലേക്കു വരാം. വെണ്ണിക്കുളത്തിന്റെ കവിതയ്ക്കു മനോഹാരിതയുണ്ട്. എന്നാല്‍ അത് വിജനപ്രദേശത്തെ മൂകമായ അമ്പലത്തിലെ ഒറ്റ നെയ്ത്തിരിദീപം മാത്രമല്ലേ? രാഷ്ട്ര വ്യവഹാരത്തിന്റെ മണ്ഡലത്തിലേക്കു വരാം. ഗാന്ധിജി തെറ്റുകള്‍ പലതും ചെയ്തു. വിനോബഭാവേ തെറ്റൊന്നു ചെയ്തില്ല. പക്ഷേ പ്രവര്‍ത്തനംകൊണ്ടും ജീവിതംകൊണ്ടും ഭാരതീയരെ കര്‍മ്മമാര്‍ഗ്ഗത്തിലേക്കു നയിച്ച മഹാത്മാഗാന്ധിയെയാണോ നമ്മള് ആദരിക്കുന്നത്, അതോ വിശുദ്ധനായ വിനോബയെയാണോ? വിശുദ്ധി ഉത്കൃഷ്ടമായ മൂല്യംതന്നെ. എന്നാല്‍ ജീവിതത്തിന്റെ അര്‍ത്ഥം നമുക്കു പ്രദാനം ചെയ്യുന്നത് തെറ്റുകള്‍ ചെയ്ത ഗാന്ധിജിയാണ്. ജീവിതത്തിന്റെ അര്‍ത്ഥത്തിലേക്കു കൈചൂണ്ടാത്ത കാവ്യങ്ങള്‍ അലങ്കാരങ്ങള്‍ മാത്രം.
Contents
ആശയമൂഷികന്
ഒരുകിലോ മുളകിന് 70 രൂപയായിരുന്നു മൂന്നു ദിവസം മുന്‍പ്. വില കൂടുന്തോറും ‘വില നിയന്ത്രിക്കും’ എന്ന സര്‍ക്കാര്‍ പ്രസ്താവം കൂടിക്കൂടിവരും. ഭാഗ്യം. ഹന്തഭാഗ്യം ജനാനാം.
“ചുറ്റും നില്‍ക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ കഴിയാതെ ഞാന്‍ ഉച്ചത്തില്‍ എന്നോടുതന്നെ സംസാരിച്ചാല്‍ എന്റെ ചിന്തകള്‍ അവരില്‍നിന്നു മറഞ്ഞുനില്ക്കും.” ഇതു പറഞ്ഞത് ഓസ്റ്റ്രിയന്‍ തത്ത്വചിന്തകന് ലൂട്വിഹ് വിറ്റ്ഗന്ഷ്ടൈനാണ്. (Ludwig Wittgenstein, 1889—1951) ഭാഷയുടെയും അതിനെ അവലംബിച്ചു ജന്മംകൊള്ളുന്ന സാഹിത്യസൃഷ്ടികളുടെയും പ്രഥമമായ കര്‍ത്തവ്യം ആശയമോ വികാരമോ പകര്‍ന്നുകൊടുക്കലാണ്. അതനുഷ്ഠിച്ചുകഴിഞ്ഞാല് ആ സാഹിത്യസൃഷ്ടി നമുക്കു പരിചിതമായിബ്ഭവിക്കുന്നു. ഒരുദാഹരണംകൊണ്ടുകൂടി ഇതു വ്യക്തമാക്കാം. അന്യദേശത്തു ചെന്ന നമ്മോട് ഒരുത്തന് നമുക്കറിഞ്ഞുകൂടാത്ത മറാഠിയിലോ ഹിന്ദിയിലോ ഗുജറാത്തിയിലോ സംസാരിക്കാന്‍ തുടങ്ങിയാല്‍ അയാളെ അന്യനായേ നമ്മള് കരുതു. എന്നാല്‍ അയാള്‍ മലയാളം പഠിച്ചിട്ടുണ്ടെന്നും ആ ഭാഷയില്‍ നമ്മളോടു സംസാരിക്കുന്നുവെന്നും കരുതു. പെട്ടെന്നു അപരിചിതത്വം മാറുന്നു. അയാളോടു നമ്മള് മാനസികമായി അടുക്കുന്നു. കുറച്ചുദിവസം അയാളുടെകൂടെ നടന്നാല്‍ അയാള്‍ നമ്മുടെ ബന്ധുവിനെപ്പോലെയാകും. ഈ അടുപ്പമോ പരിചയമോ ആണ് സാഹിത്യസൃഷ്ടികള്‍ ഉളവാക്കേണ്ടത്. എത്രകണ്ടു ഭാഷ നമ്മളില്‍ നിന്നകലുമോ അത്രകണ്ട് അപരിചിതത്വം കൂടും. ദൗര്‍ഭാഗ്യംകൊണ്ട് ശ്രീ. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ‘സദ്ഗതി’ എന്ന കാവ്യം അനുവാചകനായ എന്നില്‍നിന്നു വളരെ അകന്നുനില്‍ക്കുകയാണ്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്) മരണത്തെക്കുറിച്ചാണ് കവി എഴുതിത്തുടങ്ങുന്നതെന്ന് മനസ്സിലായി. പക്ഷേ ക്രമേണ അദ്ദേഹം ആവിഷ്കാരത്തില്‍ ദുര്‍ഗ്രഹത വരുത്തുന്നു. ഇമേജറിയില്‍ ദുര്‍ഗ്രഹത വരുത്തുന്നു. ഒടുവില്‍ താഴെച്ചേര്‍ക്കുന്ന വരികളിലെത്തുമ്പോള്‍ പൂര്‍ണ്ണമായ ‘ബ്ളാക്കൗട്ട്.’
“പരകോടിയെത്തിയെന്‍ യക്ഷജന്മം
പരമാണു ഭേദിക്കുമാനിമിഷം
ഉദിതാന്തരബാഷ്പ പൗര്ണമിയില്
പരിദീപ്തമാകും നിന്നന്തരംഗം
ക്ഷണികേ, ജഗല്‍സ്വപ്നമുക്തയാം നിന്
ഗതിയിലെന്‍ താരം തിളച്ചൊലിക്കും.”
അനുഭൂതിയുളവാക്കാത്ത, വികാരം പകര്‍ന്നുതരാത്ത, ആശയം പ്രകാശിപ്പിക്കാത്ത ഇത്തരം വരികള്‍കൊണ്ട് എന്തു പ്രയോജനം?
മൂന്നൂറു രൂപ, നാന്നൂറു രൂപ എന്ന കണക്കിനാണ് ഞാന്‍ ഇംഗ്ളീഷ് പുസ്തകങ്ങള്‍ വാങ്ങുന്നത്. ഇപ്പോള്‍ പവന്റെ എക്സ്ചെയ്ഞ്ജ് നിരക്ക് അമ്പതുരൂപയായതുകൊണ്ട് വില ഇനിയും കൂടും. ഞാനങ്ങനെ പട്ടിണികിടന്നു വാങ്ങുന്ന എന്റെ പുസ്തകങ്ങള്‍ ഒരു തടിയന് എലി തിന്നു നശിപ്പിക്കുന്നു. ഈശ്വരാനുഗ്രഹംകൊണ്ടാവണം ഒരു കറുത്ത പൂച്ച ഒരാഴ്ചയ്ക്കുമുന്‍പ് വീട്ടില്‍ വന്നുകയറി. എന്റെ അഭിവന്ദ്യ മിത്രം ശ്രീ.ഒ.വി. വിജയനു വളരെ ഇഷ്ടമായ പൂച്ച എനിക്ക് അഹിതമാണ്. എങ്കിലും പുസ്തകങ്ങളെക്കരുതി ഞാന്‍ പൂച്ചയ്ക്കു പാലുകൊടുത്ത് ഇഷ്ടപ്പെടുത്തി. പക്ഷേ ആ പൂച്ചയ്ക്കും എലിയെ പിടിക്കാന്‍ കഴിയുന്നില്ല. പൂച്ച ഒന്നു ചാടുമ്പോള്‍ എലിവേറൊരു സ്ഥലത്തേക്കു ചാടും; രക്ഷപ്പെടും, എങ്കിലും വൈകാതെ മാര്ജ്ജാരന് മൂഷികനെ പിടികൂടുമെന്നും കൊല്ലുമെന്നും ഞാന്‍ കരുതുന്നു. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ആശയമൂഷികന് എന്റെ ആസ്വാദനമാര്ജ്ജാരനു പിടികൊടുക്കാതെ കുറെക്കാലമായി ചാടുന്നു. ആ എലി എന്റെ സഹൃദയത്വത്തെ കരളാന്‍ തുടങ്ങിയിട്ടും കാലം കുറെയായി. പക്ഷേ എന്റെ ആസ്വാദനമാര്ജ്ജാരന് ചുള്ളിക്കാടിന്റെ ആശയമൂഷികനെ പിടികൂടത്തക്കവിധത്തില് കരുത്താര്‍ജ്ജിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ചോദ്യം, ഉത്തരം
“മറ്റുള്ളവരുടെ കുറ്റംപറച്ചില്കൊണ്ട് എന്റെ മനസ്സ് വിഷമിക്കുന്നു. ഞാന്‍ എന്തുചെയ്യണം?”
- “വെര്‍ജീനിയ വുള്‍ഫ് എന്ന എഴുത്തുകാരി എവിടെയോ പറഞ്ഞിട്ടുണ്ട്, മറ്റാളുകളുടെ കണ്ണുകള്‍ നമ്മുടെ തടവറകളും അവരുടെ ചിന്തകള്‍ നമ്മുടെ പഞ്ജരങ്ങളുമാണെന്ന്. അത് അംഗീകരിക്കരുത്. അവര്‍ നോട്ടംകൊണ്ടു കാരാഗൃഹം സൃഷ്ടിച്ചാലും നിങ്ങള്‍ അതില്‍ വീഴരുത്. അവരുടെ ചിന്തകളാകുന്ന കൂടുകളില്‍ ബന്ധനസ്ഥനാവരുത്. ആരു പ്രതിഷേധിച്ചാലും ശരിയെന്നു തോന്നുന്നതു ചെയ്തേക്കു. അത് സ്വസ്ഥതയരുളും.”
“ഫ്ളാഷ്ലൈറ്റിന്റെ പ്രകാശം എന്നു നിങ്ങള്‍ എഴുതിയതു ശരിയോ?”
- “ഞാനത് എഴുതിയപ്പോള്‍ത്തന്നെ ഈ ചോദ്യമുണ്ടാകുമെന്നു വിചാരിച്ചു. ആ പ്രയോഗം തിരുത്തേണ്ടതില്ല എന്നും കരുതി. വാക്കുകളുടെ അവയവാര്ത്ഥങ്ങള് നോക്കിയാല്‍ ഒരുവാക്കും പ്രയോഗിക്കാനാവില്ല. ഫ്ളാഷ്ലൈറ്റിനെ ഒരു വസ്തുവായി സ്വീകരിക്കണം. അതില്‍നിന്നു പ്രകാശം പ്രസരിക്കുന്നു എന്നും കരുതണം. ഫ്ളാഷ്ലൈറ്റില്‍ ലൈറ്റ് എന്നതുകൂടിയുള്ളതുകൊണ്ട് പ്രകാശം എന്നു പ്രയോഗിച്ചുകൂടാ എന്നു കരുതരുത്.”
- “എന്റെ തലയെക്കുറിച്ചാണ് ചോദിക്കുന്നതെങ്കില്‍ ഒരു തകരാറുമില്ല. അതുകൊണ്ടാണ് ഈ ജീവിതാസ്തമയത്തിലും എഴുതാന്‍ കഴിയുന്നത്. അതല്ല തിരുവനന്തപുരത്തെക്കുറിച്ചാണു ചോദിക്കുന്നതെങ്കില്‍ ഉപജാപങ്ങളുടെയും അപവാദ വ്യവസായങ്ങളുടെയും കുതികാല്‍വെട്ടുകളുടെയും ക്ളിക്കുകളുടെയും അതിസുന്ദരമായ നഗരം എന്നാവും ഉത്തരം.”
“പുരുഷന്റെ ചിരിയും സ്ത്രീയുടെ ചിരിയും തമ്മില്‍ എന്തേ വ്യത്യാസം?”
- “പുരുഷന്റെ ചിരി നൂറിനു തൊണ്ണൂറ്റിയൊന്പതും വ്യാജം. സ്ത്രീയുടെ ചിരി നൂറിനു തൊണ്ണൂറ്റിയൊന്പതും സത്യം. സ്ത്രീ, വിരോധം ഉള്ളില്‍വച്ചുകൊണ്ടു ചിരിക്കുമ്പോഴും അതില്‍ ആ വിരോധത്തിന്റെ കറുപ്പ് ഉണ്ടായിരിക്കും.”
“വിപ്ളവം നിങ്ങള്‍ക്കിഷ്ടമാണോ?”
- “അല്ല. എനിക്കെന്നല്ല ഒരാള്‍ക്കും അതിഷ്ടമില്ല. പക്ഷേ ജീവിക്കാന്‍ വയ്യാത്ത പരിതഃസ്ഥിതികള്‍ ഉണ്ടാവുമ്പോള്‍ മനുഷ്യന് താനറിയാതെ വിപ്ളവത്തിലേക്കു നീങ്ങും.”
“ആധുനികോത്തര സാഹിത്യം മരിച്ചോ?”
- “മരിച്ചില്ല. പക്ഷേ അഴുകിയ ശവത്തെക്കാള്‍ അതു നാറുന്നു. ആധുനികോത്തരം എന്ന പ്രയോഗം തെറ്റാണ്. നവീന സാഹിത്യം, നവീനതര സാഹിത്യം, നവീനതമ സാഹിത്യം എന്നൊക്കെ പ്രയോഗിക്കാം.”
“പത്രങ്ങളിലാകെ ചലച്ചിത്രവാര്ത്തകള്, തിരുവനന്തപുരത്താകെ രാത്രിയില്‍ വിദ്യുച്ഛക്തിവിളക്കുകള് സൃഷ്ടിക്കുന്ന ഇന്ദ്രജാലം, കനകക്കുന്നു കൊട്ടാരത്തിലാകെ ചലച്ചിത്രോത്സവം. പാവപ്പെട്ടവന്റെ വീട്ടിലോ?”
- “പഞ്ചാബിലാകെ ചോരയുടെ നാറ്റം. ജമ്മുകാശ്മീരിലാകെ രക്തത്തിന്റെ ഗന്ധം. ആസ്സാമിലാകെ മനുഷ്യക്കുരുതിയുടെ രോദനം. മന്ത്രി മന്ദിരങ്ങളില്‍ ആകെ ‘അതു ചെയ്യും ഇതു ചെയ്യും’ എന്ന പ്രസ്താവങ്ങള്‍. പാവപ്പെട്ടവന്റെ വീട്ടില്‍ കണ്ണീരിന്റെ പ്രവാഹം.”.
സംഭവങ്ങള്‍കൊണ്ടു കളിക്കുന്നു
പുരുഷന്റെ ചിരി നൂറിനു തൊണ്ണൂറ്റിയൊന്പതും വ്യാജം. സ്ത്രീയുടെ ചിരിനൂറിനു തൊണ്ണൂറ്റിയൊന്പതും സത്യം. സ്ത്രീ, വിരോധം ഉള്ളില്‍ വച്ചു കൊണ്ടു ചിരിക്കുമ്പോഴും അതില്‍ ആ വിരോധത്തിന്റെ കറുപ്പ് ഉണ്ടായിരിക്കും.
യാഥാതഥ്യത്തിന് വസ്തുനിഷ്ഠത്വത്തിന് സത്യത്തിന്റെ മൂല്യമുണ്ട്. ആ മൂല്യത്തെ ധ്വംസിക്കാന്‍ ശ്രീ. വൈക്കം മുഹമ്മദ് ബഷീറോ ശ്രീ. തകഴി ശിവശങ്കരപ്പിള്ളയോ ശ്രമിച്ചിട്ടില്ല. അതിരുകടന്ന കാല്പനികതകൊണ്ട് സത്യത്തില്‍ ഇരുട്ടു പരത്താന്‍ എസ്.കെ. പൊറ്റെക്കാട്ട് പലപ്പോഴും യത്നിച്ചിട്ടുണ്ട്. ആ യത്നത്തില്‍ വിജയം പ്രാപിക്കുകയും ചെയ്തു. പ്രചാരണത്തിന്റെ കറുത്ത ലക്ഷ്യം മുന്നിലുണ്ടാവുമ്പോള്‍ ശ്രീ. പൊന്‍കുന്നം വര്‍ക്കി ആഹ്ളാദിക്കും. അതുകൊണ്ട് അദ്ദേഹത്തിന്റെ ചൊല്കൊണ്ട കഥകള്‍ ഇരുണ്ടവയാണ്. സംഭവിക്കാനിടയില്ലാത്തവയെ വര്‍ണ്ണിച്ചും വൈചിത്ര്യത്തിനുവേണ്ടി അനിയതങ്ങളായ കാര്യങ്ങള്‍ പ്രതിപാദിച്ചുമാണ് ശ്രീ. എന്‍.ടി. ബാലചന്ദ്രന് കഥയെഴുതുന്നത്. അദ്ദേഹത്തിന്റെ “മകന്” എന്ന ദീര്‍ഘമായ കഥ ഇതിനു നിദര്‍ശകമാണ് (മാതൃഭൂമി). അച്ഛന്, മകന്, മകന്റെ മകന് ഇങ്ങനെ ചില കഥാപാത്രങ്ങളെക്കൊണ്ട് സ്നേഹത്തിന്റെയും നന്ദികേടിന്റെയും മൃദുത്വത്തിന്റെയും പാരുഷ്യത്തിന്റെയും ലോകം സൃഷ്ടിക്കുന്നു ബാലചന്ദ്രന് മകനെ “ഓമന”യായി വളര്‍ത്തിക്കൊണ്ടു വരുന്നു അച്ഛന്. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അവനു പരുക്കന്‍ പെരുമാറ്റം. യുവാവാകുമ്പോഴും അതു വിട്ടുപോകുന്നില്ല. ഒടുവില്‍ അച്ഛന് മരിക്കാറാവുമ്പോള്‍ അവന് സ്വന്തം മകനുമായി എത്തുന്നു. ആ അന്ത്യം ഏതാണ്ട് ഹൃദയസ്പര്‍ശകമാണ്. എന്നാല്‍ യാഥാതഥ്യത്തില്‍ അന്ധകാരം വീഴ്ത്തുന്ന സംഭവങ്ങളുടെ പ്രതിപാദനംകൊണ്ട് കഥാകാരന് കഥയില്‍ വിടവുണ്ടാക്കുന്നു. അത് രണ്ടുഭാഗങ്ങളായി വേര്‍തിരിഞ്ഞു കിടക്കുകയും ചെയ്യുന്നു. ഭാര്യ പിണങ്ങിപ്പോയപ്പോള്‍ ഭര്‍ത്താവ് കുഞ്ഞിനെ കൊടുക്കുന്നില്ല. അയാള്‍ അതിനെയും ചുമന്നാണ് ഓഫീസില്‍ പോകുന്നത്. ഓഫീസില്‍ ചെന്നാല്‍ ശിപായി കൊച്ചിനെ തോളിലിട്ടുകൊണ്ട് വരാന്തയില്‍ സ്റ്റൂളിലിരിക്കും. ഇതു സംഭവിക്കുന്നതാണെങ്കില്‍ കേരളത്തിലുള്ള എല്ലാ ഓഫീസുകളുടെയും വരാന്തകളില്‍ കൊച്ചുങ്ങളെ തോളില്‍ കിടത്തിക്കൊണ്ടിരിക്കുന്ന ശിപായിമാരെ മാത്രമേ കാണാനാവൂ. അച്ഛന് ചന്തയില്‍പ്പോയി ചിലതൊക്കെ വാങ്ങിയിട്ട് കീശയില്‍ നോക്കിയപ്പോള്‍ കറന്‍സി നോട്ടില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ശൈശവം കടന്നിട്ടില്ലാത്ത മകന് രണ്ടു പത്തുരൂപ നോട്ടുമായി വരുന്നു. അച്ഛന് വഴിയില്‍ കളഞ്ഞ നോട്ടാണത്രേ അത്. ഇങ്ങനെ പലതും. ധിഷണയുടെ പ്രകാശത്തെ തടയുന്ന ഇത്തരം സംഭവങ്ങള്‍ കലാമൂല്യത്തിന്റെ കഴുത്തില്‍ കത്തിവച്ചുകളയും. വളരെക്കാലമായി ബാലചന്ദ്രന് ഇത്തരം അനിയതങ്ങളും അസ്വാഭാവികങ്ങളുമായ സംഭവങ്ങള്‍ കൊണ്ടു കളിക്കുന്നു. അതിഷ്ടപ്പെടുന്നവര്‍ കാണുമായിരിക്കും. അവരുടെ കൂട്ടത്തില്‍ ഞാനില്ല.
ചുവരെഴുത്തുകള്‍
- സംസ്കൃതത്തില്‍ പാണ്ഡിത്യമുള്ള പ്രഫെസര്‍ എം.പി. ശങ്കുണ്ണിനായര് മലയാളഭാഷ കൈകാര്യം ചെയ്യുമ്പോള്‍ വിദ്യയുടെ അധിഷ്ഠാനദൈവതമായ സരസ്വതീദേവി ലജ്ജിക്കുന്നു. അതു കാണാതിരിക്കാന്‍ വായനക്കാരേ കണ്ണടയ്ക്കൂ. (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനങ്ങള്‍ വായിച്ചപ്പോള്‍ ചുവരിലെഴുതാന്‍ എനിക്കു തോന്നിയത്.)
- ചങ്ങമ്പുഴ പാടുമ്പോള്‍ സരസ്വതീദേവി ഹൃദ്യമായി വീണാവാദനം നടത്തുന്നു.
- യജമാനന് വളര്‍ത്തുപട്ടിയെ നന്ദിയുള്ള മൃഗമായി. കരുതുന്നു. പട്ടിയാകട്ടെ യജമാനനെ നന്ദികെട്ട പട്ടിയായും.
- ഒരുകിലോ മുളകിന് 70 രൂപയായിരുന്നു മൂന്നുദിവസത്തിനുമുന്പ്. വില കൂടുന്തോറും വില നിയന്ത്രിക്കും എന്ന സര്‍ക്കാര്‍ പ്രസ്താവങ്ങള്‍ കൂടിക്കൂടി വരും. ഭാഗ്യം. ഹന്തഭാഗ്യം ജനാനാം.
- ‘മാര്‍ത്താണ്ഡവര്‍മ്മ’ എഴുതിയ സി.വി. രാമന്‍പിള്ള മുഖാവരണം ധരിച്ചില്ല. ‘ധര്‍മ്മരാജാ’, ‘രാമരാജാബഹദൂര്‍’ ഇവയെഴുതിയപ്പോള് കണ്ണുകളുടെ സ്ഥാനത്തും ദ്വാരങ്ങളില്ലാത്ത മുഖാവരണങ്ങള്‍ അദ്ദേഹം ധരിച്ചു.
- പഞ്ചാബില്‍ ഭീകരര്‍, തിരുവനന്തപുരത്തു പിരിവുകാര്.
- പഞ്ജരത്തില്‍ കിടക്കുന്ന കിളിപാടിയാലും അതു മധുരതമമായിരിക്കും. പ്രചാരണത്തിന്റെ പഞ്ജരത്തില്‍ കിടന്ന വയലാര്‍ രാമവര്‍മ്മയുടെ ചലച്ചിത്രഗാനങ്ങല് മധുരതമങ്ങളാണ്.
- ഒരു സ്ത്രീയുടെ മഹാദുഃഖം മറ്റൊരു സ്ത്രീക്ക് മഹാദുഃഖമായി തോന്നുകില്ല; പുരുഷനു തോന്നും.
- സംഭവത്തെക്കാള്‍ ശക്തിയുണ്ട് ആശയത്തിന്. അതുകൊണ്ടു കമ്മ്യൂണിസമെന്ന ആശയം മരിച്ചുവെന്നു സങ്കല്പിക്കുന്നതു ബുദ്ധിശൂന്യതയാണ് — ഈ ചുവരെഴുത്തു കമ്മ്യൂണിസ്റ്റല്ലാത്ത ഒരുത്തന്റേത്.
മദ്ധ്യത്തില്‍ വര്‍ത്തിക്കുന്നു
യഥാര്‍ത്ഥമായ സ്നേഹം വിമര്‍ശനത്തിനു പ്രതിബന്ധമായി വര്‍ത്തിക്കും. സ്പഷ്ടമായില്ല അല്ലേ? എന്നാല്‍ തെളിച്ചു പറയാം. എയും ബിയും സ്നേഹിതന്മാരാണെന്നു കരുതു. എ എല്ലാ സ്വാതന്ത്ര്യവും കാണിക്കും ബിയോട്. ബിയുടെ വീട്ടില്‍ച്ചെല്ലുന്ന എ അടുക്കളവരെ കയറും വീടുകാണാനാണ് എന്ന മട്ടില്‍. എത്ര ബെഡ് റൂം? എവിടെയാണ് നിങ്ങളൊക്കെ ഉറങ്ങുന്നത്? എന്നൊക്കെ ലജ്ജകൂടാതെ ചോദിക്കും. അതിനും പുറമേ ബി എന്തു ചെയ്താലും എ വിമര്‍ശിക്കും. ‘സ്നേഹിതനല്ലേ, വിമര്‍ശിക്കാന്‍ എനിക്കവകാശമുണ്ട്’ എന്നാണ് അയാളുടെ മട്ട്. എന്നാല്‍ ഇതേ സ്വാതന്ത്ര്യം ബി കാണിക്കില്ല. കാണിച്ചാല്‍ എക്ക് ഇഷ്ടമാവുകയുമില്ല. ഈ എ എന്ന മനുഷ്യന് സ്നേഹിതനല്ല, ബിയെ അയാള്‍ ഉള്ളുകൊണ്ടു വെറുക്കുകയാണ് എന്നുവരെ ഞാന്‍ പറയും. സ്നേഹം സത്യാത്മകമാണെങ്കില് ആ സ്നേഹഭാജനത്തിന്റെ പ്രവൃത്തികളെ വിമര്‍ശിക്കാനേ പറ്റില്ല. മനസ്സ് അനുവദിക്കില്ല. അതുകൊണ്ട് മാന്യവായനക്കാരോടു ഞാന്‍ ആദരപൂര്‍വം പറയുന്നു എ യെപ്പോലെ നിങ്ങള്‍ക്ക് ഒരു സ്നേഹിതനുണ്ടെങ്കില് ഉടനെ അയാളെ വര്‍ജ്ജിക്കുക. കാരണം അയാള്‍ നിങ്ങളെ സ്നേഹിക്കുന്നില്ല എന്നതാണ്. ഇതിനാലാണ് യഥാര്‍ത്ഥമായ സ്നേഹം വിമര്‍ശനത്തിനു തടസ്സം സൃഷ്ടിക്കുമെന്ന് ആദ്യം എഴുതിയിത്.
ചില കഥാകാരന്മാര് എ എന്ന ആളിനെപ്പോലെയാണ്. സമൂഹത്തില്‍ എന്തുണ്ടെങ്കിലും അതിനെ വിമര്‍ശിക്കലാണ് തന്റെ ജോലിയെന്ന് ആ കഥാകാരന് വിചാരിക്കുന്നു. വിമര്‍ശനത്തോടു വിമര്‍ശനംതന്നെ. അയാളുടെ തനിനിറം ബുദ്ധികുറഞ്ഞവര്‍ക്ക് പെട്ടെന്നു കാണാനാവുകയില്ല. കണ്ടുകഴിഞ്ഞാല്‍ താമസമൊട്ടുമില്ലാതെ അയാള്‍ ഗളഹസ്തം ചെയ്യപ്പെടും. അങ്ങനെ സഹൃദയര്‍ കഴുത്തിനു കുത്തിപ്പിടിച്ചു പുറത്താക്കിയ അനവധി കഥാകാരന്മാര് കേരളത്തിലുണ്ട്.
പഞ്ചാബിലാകെ ചോരയുടെ നാറ്റം. ജമ്മുകാശ്മീരിലാകെ രക്തത്തിന്റെ ഗന്ധം. ആസ്സാമില്ലാകെ മനുഷ്യക്കുരുതിയുടെ രോദനം. മന്ത്രിമന്ദിരങ്ങളില്‍ ആകെ ‘അതും ചെയ്യും ഇതും ചെയ്യും’ എന്ന പ്രസ്താവങ്ങള്‍ പാവപ്പെട്ടവന്റെ വീട്ടില്‍ കണ്ണീരിന്റെ പ്രവാഹം.
ഭാഗ്യംകൊണ്ട് ശ്രീ. രാഹൂല്‍ വളപട്ടണം എ എന്ന സ്നേഹിതനല്ല. അദ്ദേഹം ബിയെപ്പോലെ ആര്‍ജ്ജവത്തോടെ മാറിനില്ക്കുന്നതേയുള്ളു. വാചാലതയെക്കാള്‍ മൗനത്തിലാണ് അദ്ദേഹത്തിനു താല്പര്യം. എങ്കിലും തികഞ്ഞ മൗനം കലാവിരുദ്ധമാണല്ലോ. അതുകൊണ്ട് മിതഭാഷണം മാത്രമേ അദ്ദേഹം നടത്തുന്നുള്ളു. ഹിന്ദു മുസ്ലിം ശത്രുതയെ പിറകില്‍ നിറുത്തി അദ്ദേഹം ദേശാഭിമാനി വാരികയിലെഴുതിയ “എവിടെയോ ഒരു തീപ്പൊരി” എന്ന ചെറുകഥയില്‍ മിതമായേ അദ്ദേഹം സംസാരിക്കുന്നുള്ളു. ചെറുപ്പക്കാര്‍ ശണ്ഠയ്ക്കു തയ്യാറാകുന്നു. മനസ്സിനു പരിപാകവും ജീവിതത്തില്‍നിന്ന് ഏറെ അനുഭവവും നേടിയ ഒരു മുസ്ലിം വൃദ്ധന് അവര്‍ക്കു നേര്‍വഴി കാണിച്ചുകൊടുത്തു. പക്ഷേ അഗ്നി ആളിക്കത്തിക്കാന്‍ സന്നദ്ധരായ അവരുണ്ടോ ആ മാര്‍ഗ്ഗം കാണുന്നു? അഗ്നി പടര്‍ന്നുപിടിച്ചാല്‍ അതിനെ നേരിടാന്‍ അയാളും കൊച്ചു മകളും ധൈര്യമവലംബിച്ച് നില്ക്കുമ്പോള് കഥ പര്യവസാനത്തിലെത്തുന്നു. കഥ മോശമായിപ്പോയോ? ഇല്ല. നന്നായോ? അതുമില്ല. മദ്ധ്യവര്‍ത്തിയായി അതു നിലകൊള്ളുന്നു.
പ്രവാദങ്ങള്‍
- 14-ആം ലക്കം കുങ്കുമം വാരികയില്‍ “ഉപബോധ മനസ്സിന്റെ കലാപകാരിതയ്ക്ക്” എന്ന പേരില്‍ വിലക്ഷണവും പക്ഷപാതപരവും ആയ ലേഖനം അച്ചടിച്ചിട്ടുണ്ട്. അതൊരു അബദ്ധപ്പഞ്ചാംഗവുമാണ്. അതു പോകട്ടെ. ലേഖനം തുടങ്ങുന്ന പുറത്തില്‍ ചങ്ങമ്പുഴയുടെ ഒരു പടം അച്ചടിച്ചിരിക്കുന്നു. ഞാന്‍ ചങ്ങമ്പുഴയെ നേരിട്ടറിയും. അദ്ദേഹത്തിന്റെ പല ഫോട്ടോഗ്രാഫുകള്‍ കണ്ടിട്ടുണ്ട്. ഈ പടത്തില്‍ കാണുന്ന രൂപം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല ഒരിക്കലും. പിന്നെ കവി ക്രാന്തദര്ശിയായതുപോലെ ചിത്രകാരനും ക്രാന്തദര്ശിതന്നെ. ചങ്ങമ്പുഴ വളരെക്കാലം ജീവിച്ചിരുന്നെങ്കില്‍ ഈ രൂപം അദ്ദേഹത്തിനു വരുമെന്നായിരിക്കാം ചിത്രകാരന് വിചാരിച്ചത്. അദ്ദേഹത്തിനുള്ള ക്രാന്തദര്‍ശിത്വം നമുക്കില്ലല്ലോ.
- ശ്രീ. ടോണിമാത്യൂ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പള്ളത്തു രാമനെക്കുറിച്ചെഴുതിയ “കവിതയുടെ അസിധാര” എന്ന ലേഖനത്തില്‍ ഇങ്ങനെയൊരു വാക്യം: “ചാതുര്‍വര്‍ണ്യം മായാസൃഷ്മത്രെ.” പള്ളത്തുരാമന്‍ മായാസൃഷ്ടമെന്നു കളിയാക്കിപ്പറഞ്ഞതാണെങ്കില് തെറ്റില്ല ഇതില്‍. ‘മയാസൃഷ്ട’മെന്നതിനെ കരുതിക്കൂട്ടി അദ്ദേഹം മായാസൃഷ്ട’മെന്നാക്കിയതാവാം. ‘മയാസൃഷ്ട’മെന്നത് അച്ചടിയില്‍ ‘മായാസൃഷ്ട’ മെന്നായിപ്പോയിയെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. പിന്നീട്, ലേഖകന്‍ ടോണി മാത്യൂ ആയതുകൊണ്ട് അച്ചടിത്തെറ്റ് ആകണമെന്നില്ലെന്നും വിചാരിച്ചു. ‘അത്രെ’ എന്നെഴുതുന്നത് തെറ്റ്. ‘അത്രേ’ എന്നു വേണം. അതും അച്ചടിത്തെറ്റാവാം. അല്ലെങ്കില്‍ ടോണി മാത്യു എഴുതിയതുമാവാം.
- അനിതാതമ്പി കലാകൗമുദിയില്‍ എഴുതിയ ‘സ്വപ്നസന്നിഭം’ എന്ന കാവ്യത്തില്‍നിന്ന് ഒരുഭാഗം:
“ഇത് വേനലാവാം
അദൃശ്യസഞ്ചാരിതന് മാറാപ്പില്‍നിന്നും
അപൂര്‍വ്വമാം സ്പന്ദനം.
ആരുടെ ഹൃദയം തുടിക്കുന്നു ചകിതം?
നമുക്കെത്രയരികില് ജ്വലിപ്പു
ചുവന്നൊരു ചുംബനം!
ഇരു താപതരംഗങ്ങള്‍
ഭൂമിക്കുമേലെ നാം
ആതുരാലത വളപ്പിലെ
കണിക്കൊന്നപോലെ നീ
പൊട്ടിച്ചിരിക്കാതിരിക്ക്
രോഗകമ്പിതം.
ഉടല് ജ്വലിക്കുന്നെനിക്ക്.”കവിത ഇല്ലാത്ത കാലത്ത് ജീവിച്ച പൂര്വപുരുഷന്മാരേ നിങ്ങളെത്ര ഭാഗ്യമുള്ളവര്‍!
- ഡോ. കുര്യാസ് ഭാഷാപോഷിണിയില്‍ ശ്രീ. പാലാ നാരായണന്‍നായരുടെ കവിതയെക്കുറിച്ച് എഴുതിയ “വാഗര്‍ത്ഥങ്ങളുടെ നിത്യപൗര്‍ണമി” എന്ന ലേഖനത്തിന്റെ തുടക്കം ഇങ്ങനെ: “ജീവിതംതന്നെ കവിതയായി പരിണമിക്കുക — ഈ അദ്ഭുതമാണ് പാലാ നാരായണന്‍നായര്‍.” — പാലാ നാരായണന്‍നായര്‍ അദ്ഭുതമാകുന്നതെങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. നാരായണന് നായര്‍ സ്വന്തം ജീവിതത്തെ കവിതയാക്കി മാറ്റി ദ്രഷ്ടാക്കള്‍ക്ക് അദ്ഭുത (വികാര)മുളവാക്കിയെന്നാവാം ലേഖകന്‍ കരുതുന്നത്. ആ ആശയം പാലാ നാരായണന്‍നായര്‍ അദ്ഭുതമാണെന്നു പറഞ്ഞാല്‍ ആവിഷ്കരിക്കപ്പെടില്ല. ജീവനോടെ ഇരിക്കുന്ന കവിക്ക് അമൂര്‍ത്തസ്വഭാവം നല്‍കിയത് ഒട്ടും നന്നായില്ല. ഇംഗ്ളീഷില്‍ ചിന്തിച്ചിട്ട് അതു മലയാളത്തിലാക്കുമ്പോള്‍ ഇത്തരം തെറ്റുകള്‍ വന്നുപോകും.
“സ്വന്തം ജീവിതം എണ്ണമറ്റ നിമ്നോന്നതങ്ങളിലൂടെ കയറിയിറങ്ങിയപ്പോഴും…” എന്നു രണ്ടാമത്തെ വാക്യത്തിന്റെ തുടക്കം. നിമ്നം താഴ്ചയുള്ളത്; ഉന്നതം ഉന്നമിച്ചത്. ഉയര്‍ന്നത്. താണസ്ഥലത്ത് ഇറങ്ങാം. ഉയര്‍ന്ന സ്ഥലത്തു കയറാം. എന്നാല്‍ കുര്യാസ് താണസ്ഥലത്ത് കയറുകയും ഉയര്‍ന്ന സ്ഥലത്ത് ഇറങ്ങുകയും ചെയ്യുന്നു. കലികാലവൈഭവം!
ലേഖനത്തിനിടയില്‍ ഇങ്ങനെയും ഒരു കാച്ച്: “ചങ്ങമ്പുഴക്കവിതയെ പാലാ ശ്രദ്ധിച്ചതിനെക്കാള് പാലാക്കവിതയെ ചങ്ങമ്പുഴയല്ലേ കരുതലോടെ വായിച്ചുപോയതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.” — ഹായ് എന്നല്ലാതെ എന്തു ശബ്ദമാണ് കേള്‍പ്പിക്കേണ്ടത് ഞാന്‍? മകനെ കണ്ടിട്ട് “ഹാ അച്ഛനെപ്പോലെയിരിക്കുന്നു” എന്നു പറയാം. അച്ഛനെ കണ്ടിട്ട് “ഹാ മകന്റെ ഛായതന്നെ” എന്നു പറയാറുണ്ടോ?
ചവറ്റുകുട്ട ഇല്ല
മുന്‍പ് നക്സലൈറ്റുകള്‍ ധനികരെ ‘ലിക്വിഡേറ്റ്’ ചെയ്തിരുന്ന കാലം. കുറച്ചു നിലവും കുറച്ചു പുരയിടവും ഉണ്ടായിരുന്ന എന്റെ ഒരു ബന്ധുവിന് ഒരുദിവസം കത്തുകിട്ടി. “അയ്യായിരം രൂപ നാളെ കാലത്ത് അഞ്ചുമണിക്കുമുന്‍പ് ‘ഇന്ന’ സ്ഥലത്തുള്ള മതിലിന്റെ പുറത്തു വച്ചില്ലെങ്കില്‍ തന്റെ കഴുത്തു കണ്ടിക്കുന്നതാണ്” എഴുത്തിന്റെ താഴെ ചോരകൊണ്ടുള്ള ഒരടയാളവും. ബന്ധു ഭയന്നു. അന്നത്തെ അയ്യായിരം രൂപയ്ക്ക് ഇന്നത്തെ അഞ്ചുലക്ഷം രൂപയുടെ വിലയുണ്ട്. വിലയില്ലെങ്കിലും ഒരുരൂപ പോകുന്നിടത്ത് മരിക്കുന്ന ആളായിരുന്നു ബന്ധു. വിവരമറിഞ്ഞ് ഞാനും അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നു. കത്തു കണ്ടു. നക്സലൈറ്റുകളായിരിക്കില്ല ഇതെഴുതിയത്, പണം തട്ടാനായി വല്ലവനും എഴുതിയതാവാം. എങ്കിലും അങ്ങു കൊടുത്തുകളയണം എന്നു ഞാന്‍ ഉപദേശിച്ചു. ആ മനുഷ്യനുണ്ടോ അതു സമ്മതിക്കുന്നു. ചത്താലും രൂപ കൊടുക്കില്ല എന്ന് കട്ടായമായി അദ്ദേഹം പറഞ്ഞു. ഞാന്‍ തിരിച്ച് എന്റെ വീട്ടിലേക്കു പോരികയും ചെയ്തു. അന്നു രാത്രി ബന്ധു പന്ത്രണ്ടു ചെറുപ്പക്കാരെ സംഘടിപ്പിച്ച് ശയനമുറിക്കകത്തു കയറ്റി. അവരുടെ ഒത്ത നടുക്ക് അദ്ദേഹം കിടന്നുറങ്ങി. ഉറങ്ങിയോ എന്നു നിശ്ചയമില്ലെനിക്ക്. അങ്ങനെ എഴുതിയെന്നേയുള്ളു. രാത്രി മൂത്രമൊഴിക്കണമെന്നു തോന്നുമ്പോള്‍ കിട്ടാ, നാരായണാ, ചങ്കുവേ എന്നൊക്കെ അദ്ദേഹം വിളിക്കും. അവരെല്ലാം ഉണര്‍ന്നു വെട്ടുകത്തി, കഠാരി, പിച്ചാത്തി എന്നീ ആയുധങ്ങളോടുകൂടി ബന്ധുവിനെ അനുഗമിക്കും. കയ്യാലയുടെ അടുത്തുചെന്ന് അദ്ദേഹം “മുക്തമൂത്ര”നാകുമ്പോള് (ഈ വിലക്ഷണ പ്രയോഗത്തിനു മാപ്പ്) പരിരക്ഷകര്‍ അര്ദ്ധവ്യൂഹം ചമച്ചു പിറകില്‍ നില്ക്കും. അങ്ങനെ കാലം കഴിഞ്ഞു. കത്തയച്ചവര്‍ക്ക് അയ്യായിരം രൂപ കൊടുക്കാതെ സംരക്ഷകര്‍ക്കു തീറ്റിയിട്ടവകയില്, കൂലികൊടുത്ത വകയില്‍ ബന്ധു അമ്പതിനായിരം രൂപയോളം ചെലവാക്കി. എന്റെ ബന്ധു അങ്ങനെ യുവാക്കന്മാരുടെ കായബലത്തെ അവലംബിച്ച് ആപത്തുകൂടാതെ ജീവിച്ചു.
‘ഭാഷാപോഷിണി’ ഉത്കൃഷ്ടമായ മാസികയാണെന്നത് ഞാന്‍ പറഞ്ഞിട്ടു വേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍ അതിന്റെ ഉത്കൃഷ്ടതയിലും ബലത്തിലും ചാരിക്കൊണ്ട് ശ്രീമതി ബീനാ ജോര്‍ജ് കഥയെഴുത്തുകാരിയായി വിലസുന്നു; എന്റെ ബന്ധു വിലസിയതുപോലെ. “കാവല്‍ക്കാരന്റെ നാള്‍വഴി” എന്നാണ് “കഥ”യുടെ പേര്. കഥയെന്ന പദം ഉദ്ധരണ ചിഹ്നത്തില്‍. എന്തൊരു രചനാസാഹസിക്യമാണത്! ഏതോ ഒരു സഖറിയെക്കുറിച്ച് കഥയെഴുത്തുകാരി അതുമിതും പറയുന്നു. അയാള്‍ക്ക് ‘ഇന്സെസ്റ്റ്’ എന്ന വൈകല്യം ഉണ്ടായിരുന്നുപോലും. ഒടുവിലങ്ങു ചത്തുപോലും. ഞാന്‍ മലയാളമനോരമ ഓഫീസില്‍ ഒരിക്കല്‍ പോയിട്ടുണ്ട്. ചീഫ് എഡിറ്റര്‍ ശ്രീ. കെ.എം. മാത്യു എന്നോടു സ്നേഹത്തോടുകൂടി, കാരുണ്യത്തോടുകൂടി പെരുമാറി. അദ്ദേഹത്തെ കണ്ടതിനു ശേഷം അന്ന് ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്ന പ്രഫെസര്‍ കെ.എം. തരകന്റെ മുറിയില്‍ച്ചെന്നു. അദ്ദേഹം ഏതോ സമ്മേളനത്തിനു പോയിരിക്കുകയായിരുന്നു. അന്നു ഭാഷാപോഷിണിയുടെയും എഡിറ്ററായിരുന്ന അദ്ദേഹത്തിന്റെ മേശയുടെ താഴെ ചവറ്റുകുട്ട ഇല്ലായിരുന്നു. ഇന്നും ഇല്ലെന്നു ഞാന്‍ വിചാരിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു ചില കഥയെഴുത്തുകാര്‍ കഥകളോടൊപ്പം ചെക്കും അയയ്ക്കുന്നുണ്ട് എനിക്ക്. കലാകൗമുദിയില്‍ അവ പ്രസിദ്ധപ്പെടുത്താന്വേണ്ടി പത്രാധിപരോടു ശുപാര്‍ശ ചെയ്യാനാണ് ഈ കൈക്കൂലി. ഇത് അരുതെന്ന് മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട്. ഇന്നലെ ഒരു കഥയോടൊപ്പം ഒരു ചെക്കും എനിക്കു കിട്ടി. ആളിന്റെ പേര് എഴുതുന്നതു ശരിയല്ല. എങ്കിലും ചെക്കിന്റെ നമ്പരും തീയതിയും ബാങ്കിന്റെ പേരും എഴുതുന്നു, ഇനി ഇങ്ങനെ അയയ്ക്കുന്നവര്ക്കുള്ള മുന്നറിയിപ്പായി. നമ്പര്‍: 593935; തീയതി: 29-10-1991; ബാങ്ക്: സ്റ്റെയ്റ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, തങ്കശ്ശേരി. ഇനി ചെക്ക് ആരെങ്കിലുമയച്ചാല് ഞാന്‍ അതയയ്ക്കുന്ന ആളിന്റെ പേരു വാരികയില്‍ എഴുതുന്നതാണ്.
വ്യാമോഹം
ഞാന്‍ കൊട്ടാരക്കര ഇംഗ്ളീഷ് ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലം. ഒരധ്യാപകന് ബ്ളാക്ക് ബോര്‍ഡ് തുടയ്ക്കുന്ന തുണിയെടുത്ത് അതിന്റെ ഒരറ്റം ബോര്‍ഡില്‍ വിരലുകൊണ്ട് ഉറപ്പിച്ച് മറ്റൊരറ്റത്തില് ചോക്ക് കഷണം വച്ച് ഒന്നു കറക്കി വൃത്തം വരയ്ക്കും. അത് ഭംഗിയുള്ള വട്ടമായി വരുമ്പോള്‍ സാറ് അഭിമാനത്തോടെ പുഞ്ചിരിതൂകി നില്ക്കും. അദ്ദേഹത്തിന്റെ വിചാരം താനൊരു ന്യൂട്ടനോ ഐന്സ്റ്റൈയിനോ ആണെന്നാണ്. ഗായകനായ യേശുദാസ് സഭാവേദിയിലിരിക്കുമ്പോള്‍ ഞാന്‍ എന്റേതായ കാളരാഗത്തില്‍ കവിതകള്‍ ചൊല്ലാറുണ്ട്. യോശുദാസ് താരമാണെന്നും ഞാന്‍ പുല്ക്കൊടിയാണെന്നും എനിക്കറിയാന്‍ പാടില്ലാതില്ല. എങ്കിലും ചങ്കൂറ്റത്തോടെ കവിത ഈണത്തില്‍ ചൊല്ലുമ്പോള്‍ അതു മോശമല്ല എന്ന് ഉപബോധമനസ്സിലെങ്കിലും ഒരു വിചാരം കാണും എനിക്ക്. വ്യാമോഹങ്ങളാണ് നമ്മളെ ഭരിക്കുന്നത്. കഥയെഴുത്തുകാരും ഇക്കാര്യത്തില്‍ വിഭിന്നരല്ല.
|
|