close
Sayahna Sayahna
Search

സാഹിത്യവാരഫലം 1995 03 26


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1995 03 26
ലക്കം 1019
മുൻലക്കം 1995 03 19
പിൻലക്കം 1995 04 02
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ചങ്ങമ്പുഴക്കവിതയെ ചിലര്‍ നിന്ദിക്കിന്നതിനെക്കുറിച്ചു നിങ്ങള്‍ എന്തു പറയുന്നു?” “ഞാനെന്തു പറയാന്‍? അവര്‍ക്ക് അതിന് അവകാശമുണ്ടല്ലോ. പിന്നെ ഒരു മണ്ടന്‍ കടലിലേക്കു എറിയുന്ന കല്ല് നൂറു വിദ്വാന്മാര്‍ വിചാരിച്ചാലും കണ്ടെടുക്കാന്‍ ആവില്ലെന്ന പഴമൊഴി ഓര്‍മ്മിക്കുക.”

നിലാവ് പരന്നൊഴുകുമ്പോള്‍ രാത്രി ചേതോഹരമായി തോന്നും നമുക്ക്. എന്നാല്‍ സ്വാഭാവികങ്ങളായ തിന്മകള്‍ പത്തി വിടര്‍ത്തി ആടുന്നത് നമ്മള്‍ ഓര്‍മ്മിക്കില്ല. ഒരിടത്തു ചാരിത്രത്തിന്റെ കണ്ണീര്‍ ഒലിക്കുന്നുണ്ടാവും. വേറൊരിടത്ത് ചോരപുരണ്ട കത്തി ദൂരെയെറിഞ്ഞിട്ട് വ്യക്തി ഓടുന്നുണ്ടാവും. മറ്റൊരിടത്തു വിഷലിപ്തങ്ങളായ വാക്കുകള്‍ ഒരു വീട്ടിന്റെ മട്ടുപ്പാവില്‍ നിന്ന് അടുത്ത വീട്ടിന്റെ മട്ടുപ്പാവിലേക്ക് എറിയപ്പെടുന്നുണ്ടാവും. നിലാവിന്റെ ഭംഗിയില്‍ വിലയം കൊണ്ടിരിക്കുന്ന നമ്മള്‍ക്ക് ഈ ദുഷ്ടതകളെക്കുറിച്ച് ഓര്‍മ്മിക്കാനാവുന്നില്ല. പക്ഷേ യാമിനി അതെല്ലാം അറിയുന്നുണ്ട്. ചന്ദ്രികയുടെ ആവരണമണിഞ്ഞ രാത്രിയുടെ അഗാധതയില്‍ നടക്കുന്ന കുത്സിതത്വങ്ങള്‍ ആ രാത്രി തന്നെ അറിയുന്നു.

അധികാരത്തിന്റെ കഞ്ചുകമണിഞ്ഞ നിയമപാലകന്‍-പോലീസുദ്യോഗസ്ഥന്‍ - ബഹുജനത്തിന് ഭയാദി വികാരങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ചിലര്‍ക്ക് അയാളെ ബഹുമാനവുമാണ്. എന്നാല്‍ ആ മനുഷ്യന്റെ അന്തരംഗത്തില്‍ നടക്കുന്ന സംഘട്ടനങ്ങള്‍, അവിടെ വസിക്കുന്ന ക്രൂരമൃഗങ്ങള്‍ അവിടെ വികാസം പ്രാപിക്കുന്ന കൊലപാതക ചിന്തകള്‍ ഇവയെക്കുറിച്ചു ബഹുജനത്തിന് ഒന്നുമറിഞ്ഞുകൂടാ. അയാള്‍ക്ക് അവ അറിയാം താനും. ബാല്യത്തില്‍, യൗവനത്തില്‍ മാര്‍ക്സിസ്റ്റ് ചിന്തകരുടെ സിദ്ധാന്തങ്ങള്‍ പഠിച്ച അയാള്‍ ഇന്ന് അധികാരത്തിന്റെ ഖഡ്ഗം വീശി തലകള്‍ തെറിപ്പിക്കുവാന്‍ പോന്നവനാണ്. തനിക്കിഷ്ടപ്പെട്ട ഒരുത്തന്റെ നിര്‍ദ്ദേശമനുസരിച്ച് ഒരു നിരപരാധനെ പിടിച്ചുകൊണ്ടുവന്നു പീഡിപ്പിക്കാന്‍ തക്കവിധത്തില്‍ ക്രൂരതയാര്‍ന്നവനാണ്. ഒരു മനുഷ്യന്റെ ഈ ദ്വന്ദ്വഭാവത്തെ ശ്രീ. ടി.സി. ജോജി എത്ര നന്നായി സ്ഫുടീകരിക്കുന്നുവെന്നു ഗ്രഹിക്കണമെങ്കില്‍ അദ്ദേഹം ദേശാഭിമാനി വാരികയിലെഴുതിയ ‘ബൂട്ടുകള്‍’ എന്ന ചെറുകഥ വായിക്കണം. ഒരു പോലീസുദ്യോഗസ്ഥന്റെ ചിത്തവൃത്തികളെ, അവയ്ക്കു വരുന്ന പരിവര്‍ത്തനങ്ങളെ കഥാകാരന്‍ അന്തര്‍ദൃഷ്ടി വ്യാപരിപ്പിച്ച് ചിത്രീകരിക്കുന്നു.

* * *

ഞാന്‍ രാജരഥ്യയിലൂടെ നടക്കുമ്പോള്‍ പലരും ചിരിച്ച് കൈകൂപ്പി കടന്നു പോകുന്നു. പകരം ഞാനും ചിരിക്കുന്നു. അവര്‍ കൈകൂപ്പിയതിനെക്കാള്‍ വിനയത്തോടെ ഞാനും കൈകൂപ്പുന്നു. പക്ഷേ അവരുടെ മന്ദസ്മിതത്തിന്റെ പിറകിലുള്ള വിഷാദം ഞാനറിയുന്നില്ല. എന്റെ പിറകില്‍ ചക്രവര്‍ത്തിയുടെ നിലയങ്കി ഇഴയുന്നതു പോലെ നൈരാശ്യവും ദുഃഖവും ഇഴയുന്നു വെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.

ചോദ്യം, ഇത്തരം

“അടുത്തടുത്തു നില്ക്കുന്ന രണ്ടു റോസാപ്പൂക്കള്‍ സംസാരിക്കുന്നത് എന്താണ്?” “ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നു തന്നെ”.

Symbol question.svg.png “ചങ്ങമ്പുഴക്കവിതയെ ചിലര്‍ നിന്ദിക്കുന്നതിനെക്കുറിച്ചു നിങ്ങള്‍ എന്തു പറയുന്നു?”

“ഞാനെന്തു പറയാന്‍? അവര്‍ക്ക് അതിന് അവകാശമുണ്ടല്ലോ. പിന്നെ ഒരു മണ്ടന്‍ കടലിലേക്കു എറിയുന്ന കല്ല് നൂറു വിദ്വാന്മാര്‍ വിചാരിച്ചാലും കണ്ടെടുക്കാന്‍ ആവില്ലെന്ന പഴമൊഴി ഓര്‍മ്മിക്കുക.”

Symbol question.svg.png “പതിവായി മറ്റുള്ളവരെ ദുഷിക്കുന്നവന്റെ അന്ത്യം എങ്ങനെയായിരിക്കും?”

“അന്ത്യത്തിനു കുഴപ്പമൊന്നും വരില്ല. പക്ഷേ അവനു ദുര്‍ഗ്ഗന്ധം കാണും. പിച്ചിപ്പു വില്ക്കുന്നവന്റെ കൈയില്‍ സൗരഭ്യത്തിന്റെ ഒരംശം കാണും. ഇറച്ചി വെട്ടി വില്ക്കുന്നവന്റെ കൈക്ക് പൂതിഗന്ധം ഉണ്ടായിരിക്കും.”

Symbol question.svg.png “സ്ത്രീശരീരത്തിന്റെ വളവുകള്‍ മാദകങ്ങളല്ലേ?”

“ഒരു വളവും മാദകമല്ല. പാതയുടെ വളവും പക്ഷിയുടെ കഴുത്തിന്റെ വളവും കൊയ്യാറായ നെല്‍ച്ചെടിയുടെ വളവും ഒന്നു തന്നെ. ഭൗതിക ശാസ്ത്രത്തിന്റെ ഒരേ നിയമം എല്ലാ വളവുകളിലും പ്രവര്‍ത്തിക്കുന്നു. മാദകത്വം മനുഷ്യന്‍ ആരോപിക്കുന്നതാണ്.”

Symbol question.svg.png “ശോഭാ ഡേയുടെ പുസ്തകങ്ങള്‍ നിങ്ങള്‍ വായിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അവ വായിക്കുമ്പോള്‍ എന്തുതോന്നും?”

“വായിക്കാറുണ്ട്. ‘കഷ്ടം! ഡിക്കിന്‍സിന്റെ നോവലുകള്‍ വായിക്കാതെയാണല്ലോ ഞാന്‍ ഈ ചവറുകള്‍ വായിക്കുന്നതെന്നു തോന്നും.”

Symbol question.svg.png “ഏതെങ്കിലും സാഹിത്യകാരന്റെമരണം നിങ്ങളെ എപ്പോഴും വേദനിപ്പിക്കുന്നുണ്ടോ?”

“എന്‍.വി. കൃഷ്ണവാരിയര്‍, ജി. ശങ്കരക്കുറുപ്പ്, പി.സി. കുട്ടിക്കൃഷ്ണന്‍, ജോസഫ് മുണ്ടശ്ശേരി, വൈലോപ്പിള്ളി ഇവര്‍ ഇന്നില്ലല്ലോ എന്നു വിചാരിച്ചു ഞാന്‍ ദുഃഖിക്കുന്നുണ്ട്. അവർ മരിച്ചില്ല. ജീവിച്ചിരിക്കുന്നു എന്നും എനിക്കു തോന്നാറുണ്ട്.”

Symbol question.svg.png “നെല്‍സണ്‍ മണ്ടേലയെക്കുറിച്ച് എന്തു പറയുന്നു?”

“കറപ്ഷന്റെ കളിയാണ് അദ്ദേഹത്തിന്റെ രാജ്യത്തില്‍. തന്റെ ഭാര്യയായിരുന്ന വിന്നിയെപ്പോലും അദ്ദേഹത്തിനു നിലയ്ക്കു നിറുത്താന്‍ കഴിയുന്നില്ല.”

Symbol question.svg.png “അടുത്തടുത്തു നില്ക്കുന്ന രണ്ടു റോസാപ്പൂക്കള്‍ സംസാരിക്കുന്നത് എന്താണ്”

“‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നു തന്നെ.”

സര്‍വസാധാരണത്വം

എന്റെ തുച്ഛങ്ങളായ അഭിപ്രായങ്ങള്‍ എടുത്തു വിളമ്പുന്നതിനെക്കാള്‍ നല്ലത് മഹായാരുടെ മതങ്ങള്‍ പ്രിയപ്പെട്ട വായനക്കാരെ ധരിപ്പിക്കുന്നതാണല്ലോ. അതിനാല്‍ ജോസഫ് കമ്പൽ എന്ന ചിന്തകന്‍ ജെയിംസ് ജോയിസ് എന്ന സാഹിത്യകാരന്റെ ചില സാഹിത്യ ചിന്തകള്‍ സംഗ്രഹിച്ച് എഴുതിയത് ഒന്നു കൂടെ സംഗ്രഹിച്ച് ആവിഷ്കരിക്കാന്‍ എനിക്കു താല്‍പര്യമുണ്ട്. ജോയിസിന്റെ A Portrait of the Artist as a young Man എന്ന നോവലിലെ ഒരു വാക്യം ഉദ്ധരിച്ചിട്ട് കമ്പൽ അതിന് വിശദീകരണം നല്കുന്നു. “The mind is arrested and raised above desire and loathing” മനസ്സ് നിരോധിക്കപ്പെടുകയും അഭിലാഷത്തിന്റെയും ജുഗുപ്സയുടെയും മുകളിലേക്കായി നയിക്കപ്പെടുകയും ചെയ്യുന്നു. ഇതാണു ജോയിസിന്റെ പ്രസ്താവം. ഇനിയാണ് കമ്പലിന്റെ വ്യാഖ്യാനം. വസ്തുക്കള്‍ അന്വേഷിച്ചെടുത്ത് അവയെ തിരിച്ചറിഞ്ഞു ഭക്ഷിക്കാനുള്ള ജീവശാസ്ത്രപരമായ പ്രവൃത്തിയാണ് കണ്ണിന്റേത്. ആപത്തുണ്ടാകുമെന്ന് മനസ്സിനെ അറിയിക്കുക എന്നതു വേറൊന്ന്. ഇത് ഒരു നിമിഷത്തേക്കോ യഥാര്‍ത്ഥ കലാകാരന്റെ കാര്യത്തില്‍ ജീവിത കാലമാകെയോ നിരോധിക്കപ്പെടുന്നു. അപ്പോള്‍ ലോകത്തെ വിലയിരുത്തല്‍ കൂടാതെ നോക്കാന്‍ കലാകാരനാവും. അത് (ലോകം) പ്രകാശക പ്രഭാവം ആവഹിക്കുന്നു. ഇംഗ്ളീഷില്‍ revelation എന്നു വിളിക്കുന്ന ഈ പ്രകാശനം അല്ലെങ്കില്‍ ആവിഷ്കരണം അപൂര്‍വമായേ നമ്മുടെ രചനകള്‍ക്ക് ഉണ്ടാകുന്നുള്ളു.

അത്രകണ്ടു സ്പഷ്ടമല്ലാത്ത ആഖ്യാനം കൊണ്ടു വായനക്കാരെ പീഡിപ്പിക്കുന്ന ഒരു ചെറുകഥയുണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. കോളറയാകാം വസൂരിയാകാം, ഏതോ രോഗം പിടിപെട്ട ഒരുത്തനെ മരിക്കുന്നതിനു മുന്‍പു തന്നെ ‘കുഴിച്ചു മൂടുവാന്‍’ ഒരു റാവുത്തര്‍ എത്തുന്നു. അതു നടന്നില്ല. അയാള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവന്റെ ഭാര്യ അതെ രോഗം പിടിച്ചു വീണു. പകുതി മരിച്ച അവളെ കുഴിയിലാക്കി മൂടാന്‍ ഭര്‍ത്താവ് റാവുത്തരെ വിളിക്കാന്‍ പോയി. അയാള്‍ വന്നില്ല. മണ്‍വെട്ടിയും പിക്കാക്സുംകൊണ്ടു പൊയ്ക്കൊള്ളാന്‍ ഭര്‍ത്താവിനോട് റാവുത്തര്‍ പറഞ്ഞു ഇത്തരം കഥകള്‍കൊണ്ട് എന്തു പ്രയോജനം? എന്റെ ജീവിതാവബോധത്തെ തീക്ഷ്ണതമമാക്കാനോ ജോയിസ് പറയുന്ന aesthetic arrest ഉണ്ടാക്കി സംഭവത്തെ പ്രകാശത്തില്‍ നിറുത്താനോ ഇതിനു കഴിയുന്നില്ല. ഇക്കഥയെക്കാള്‍ അധമമാണ് ശ്രീ. ടി.കെ. ശങ്കരനാരായണന്റെ ‘നമ്മളറിയുന്നില്ല’ എന്ന രചന. (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ആത്മഹത്യ ചെയ്ത ഒരു വര്‍ഗീസിന്റെ ജഡം കാണാന്‍ പോലും ബന്ധുക്കള്‍ എത്തിയില്ലത്രേ. ‘സിലി’ എന്ന വിശേഷണം ഇതിനു നല്കാന്‍ കൗതുകമുണ്ടോ ആര്‍ക്കെങ്കിലും. എങ്കില്‍ ആയിക്കൊള്ളു. പക്ഷേ ആ വിശേഷണം തന്നെ ഒരു മൃദുല പ്രയോഗമാണ് — mild expression. പ്രത്യക്ഷ ലോകത്തിന് ഉജ്ജ്വലതയുണ്ട്. അനുവാചകന്റെ അന്തരംഗത്തിലും അതുണ്ട്. രണ്ടുജ്ജ്വലതകളും ആനുരൂപ്യത്തോടെ വര്‍ത്തിക്കുമ്പോഴാണ് കലയുടെ ഉദയമെന്നു കമ്പല്‍ പറയുന്നു. ഇതു നമ്മുടെ ചെറുകഥകളില്‍ അന്വേഷിക്കുന്നവന്‍ — ഞാൻ — ഭോഷന്‍.

വധത്തിനുള്ള ഉപകരണം

പ്രത്യക്ഷ ലോകത്തിന് ഉജ്ജ്വലതയുണ്ട്. അനുവാചകന്റെ അന്ത­രംഗത്തിലും അതുണ്ട്. രണ്ടു­ജ്ജ്വലകളും ആനുരൂപ്യ­ത്തോടെ വര്‍ത്തിക്കു­മ്പോഴാണ് കലയുടെ ഉദയമെന്നു കമ്പല്‍ പറയുന്നു. ഇതു നമ്മുടെ ചെറുകഥകളില്‍ അന്വേഷി­ക്കുന്നവന്‍ — ഞാന്‍ — ഭോഷന്‍.

ഞാനാര്? നിസ്സാരന്‍. ഇന്ന് എന്റെ കണ്ണടഞ്ഞാല്‍ നാളെ ഞാന്‍ ഓര്‍മ്മിക്കപ്പെടില്ല. എങ്കിലും ഒരാശയത്തിന്റെ വിശദീകരണത്തിനു വേണ്ടി എനിക്കില്ലാത്ത മഹത്ത്വം ഉണ്ടെന്നു സങ്കല്പിക്കുകയാണ്. എന്റെ മരണത്തിനു ശേഷം ആയിരം കൊല്ലം കഴിഞ്ഞു. അന്നത്തെ ഒരു വിദ്യാര്‍ത്ഥി സ്ഥിരം കോളത്തിനു നോബല്‍ സമ്മാനം നേടിയ എം. കൃഷ്ണന്‍ നായരുടെ അന്ത്യത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. അയാള്‍ ചെന്നെത്തുന്ന നിഗമനം ഇങ്ങനെ: സാഹിത്യവാരഫലം എന്ന കോളത്തിന്, സഹസ്ര സംവത്സരങ്ങള്‍ക്കു മുന്‍പു നോബല്‍ സമ്മാനം നേടിയ കൃഷ്ണന്‍നായര്‍ ദുഷ്ടനായിരുന്നു. അയാളുടെ ദുഷ്ടതയ്ക്കു ശിക്ഷ കൊടുക്കണമെന്ന് ശ്രീ. വി.ആര്‍. സുധീഷ് എന്നൊരു കഥാകാരന്‍ തീരുമാനിച്ചു: അദ്ദേഹം ‘ചോലമരപ്പാതകള്‍’ എന്നൊരു കഥാകുരിശു നിര്‍മ്മിച്ചു. അതില്‍ കൃഷ്ണന്‍ നായരെ ചേര്‍ത്തു വച്ച് കൈയിലും കാലിലും ആണിയടിച്ചു വെള്ളം, വെള്ളം എന്ന് അയാള്‍ വിളിച്ചു. ആരും ഒരുതുള്ളി വെള്ളം കൊടുത്തില്ല. ദയയില്ലാഞ്ഞിട്ടല്ല. കഥാകുരിശു കണ്ട ബഹുജനം ജീവനെ ഭയന്നു നാലുപാടും ഓടിക്കളഞ്ഞതു കൊണ്ടാണു കലാകൗമുദി വാരിക നിഷിദ്ധ ദ്രാവകത്തില്‍ മുക്കി കൃഷ്ണന്‍ നായരുടെ ചുണ്ടുകളില്‍ ചേര്‍ക്കാന്‍ ആളില്ലാതെ പോയത്. ദൈവികത്വമില്ലാതെ ദുഷ്ടനായിരുന്ന കൃഷ്ണന്‍ നായര്‍ക്ക് ഉയിര്‍ത്തെഴുന്നേല്പ് സംഭവിച്ചില്ല.

ഗവേഷണ വിദ്യാര്‍ത്ഥിയുടെ ഈ തീസിസ് ശരിയായതു കൊണ്ട് അയ്യായിരം രൂപ മുടക്കാതെ തന്നെ അയാള്‍ക്കു പി.എച്ച്.ഡി. ബിരുദം കിട്ടുകയും അയാള്‍ അതിനു ശേഷം ‘ഡ്റ്’ എന്നു പേരിന്റെ ആദ്യം ചേര്‍ത്തു അഭിമാനത്തോടെ നടക്കുകയും ചെയ്തുവെന്ന് പ്രവചനം നടത്താം. ‘ചോലമരങ്ങള്‍’ കുരിശു തന്നെയാണോ അതോ അതിനെക്കാള്‍ ഭയദമായ ഒരു വധോപകരണമാണോ എന്ന് വായനക്കാര്‍ക്കു സംശയമുണ്ടെങ്കില്‍ അതൊന്നു നോക്കിയാല്‍ മതി. ഒരച്ഛന്‍ ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കൊടുക്കുന്നു. അയാളും വിഷം കുടിക്കുന്നു. ചാകുന്നു. ആലങ്കാരികന്മാര്‍ രണ്ടു തരത്തിലുള്ള വൃത്തികളെക്കുറിച്ചു പറയുന്നുണ്ട് തദ്‌വൃത്തിയും തത്സമവൃത്തിയും. കൊലപാതകമോ ആത്മഹത്യയോ കാണുമ്പോള്‍ ഉണ്ടാകുന്ന ജഗുപ്സയാണ് അതിന്റെ വര്‍ണ്ണന ഉളവാക്കുന്നതെങ്കില്‍ തദ്‌വൃത്തിയേ നടക്കുന്നുള്ളു. അതിന്റെ പാരായണവും ജുഗുപ്സ ജനിപ്പിക്കും. പാരായണം ഭാവാനുഭൂതി ജനിപ്പിച്ചാല്‍ നടന്നത് തത്സമവൃത്തിയാണ്. തദ്‌വൃത്തിയേ നടക്കുന്നുള്ളു സുധീഷിന്റെ കഥ പാരായണം ചെയ്യുന്ന വേളയില്‍.

ഊര്‍മ്മിളാ ഉണ്ണി

ചലച്ചിത്രതാരം, റ്റെലി ഫിലിം താരം, നര്‍ത്തകി ഈ നിലകളില്‍ പ്രസിദ്ധയായ ശ്രീമതി ഊര്‍മ്മിളാ ഉണ്ണി കവിയും (കവിയത്രി എന്നു വേണ്ട) ചിത്രകാരിയുമാണെന്ന് അവരുടെ ‘പാഞ്ചാലിക’ എന്ന കാവ്യസമാഹാരം കണ്ടപ്പോഴാണ് എനിക്കു മനസ്സിലായത്. സവിശേഷമായ രീതിയില്‍ അച്ചടിച്ച ഈ പുസ്തകത്തില്‍ ഭാവഗീതങ്ങളും അവയ്ക്കു യോജിച്ച ചിത്രങ്ങളും ഉണ്ട്. വിക്രമാദിത്യന്‍ കഥകളിലെ സാലഭഞ്ജികകളില്‍­പ്പെട്ടവളാണ് പാഞ്ചാലികാ. ആ മരപ്പാവയുമായി സ്വന്തം ജീവിതം ചേര്‍ത്തു വച്ച് വിഷാദാത്മ­കത്വത്തിന്റെ സാന്ദ്രത­യാര്‍ന്ന മൗനം അഭിവൃഞ്ജിപ്പി­ക്കുകയാണ് ഊര്‍മ്മിള.

മനുഷ്യജീവിതത്തിന്റെ വിശേഷിച്ചും സ്ത്രീജീവിതത്തിന്റെ ഹര്‍ഷാതിരേകവും ദൈന്യവും ഭാവാത്മ­കതയോടെ സ്ഫുടീകരി­ക്കാനാണ് കവിക്കു കൗതുകം. അതിലവര്‍ വിജയം പ്രാപിക്കുന്നുമുണ്ട്.

അമ്പലമുറ്റത്തേതോ സന്ധ്യയി-
ലാല്‍മരമൊന്നു വിറച്ചുതെന്നലി-
ലാരും കാണാതൊന്നു
പുണര്‍ന്നതു
കാണാനകലത്തമ്പിളി വന്നു

എന്നുതുടങ്ങിയ കാവ്യഭാഗങ്ങളില്‍ ലയമുണ്ട്. നൃത്തത്തിനും ചിത്രത്തിനും സംഗീതത്തിനും ഒഴിച്ചുകൂടാന്‍ പാടില്ലാത്തതായ ലയം നര്‍ത്തകിയും ചിത്രകാരിയുമായ ഊര്‍മ്മിളയുടെ കാവ്യങ്ങളിലും വന്നിട്ടുണ്ട്. കാവ്യ ജീവിതത്തിനു പരിപാകം വരുമ്പോള്‍ ശ്രീമതി ചങ്ങമ്പുഴയുടെ സ്വാധീനതയില്‍നിന്നു മോചനം നേടുമെന്നു വിചാരിക്കാം.

പുതിയ പുസ്തകം

ലോറന്‍സ് ഡുറല്‍. ഹെന്‍ട്രി മിലര്‍, ആനായീസ് നീന്‍ ഇവര്‍ നവീന സാഹിത്യത്തിന്റെ ഉദ്ഘോഷകരായിരുന്നു. വസ്തുനിഷ്ഠമായ യാഥാതഥ്യത്തെ നിരാകരിച്ച് അന്തരംഗത്തില്‍ താന്‍ അനുഭവിക്കുന്ന യാഥാതഥ്യത്തെ ഐന്‍സ്റ്റൈന്റെയും ഫ്രായിറ്റിന്റെയും സിദ്ധാന്തങ്ങള്‍ സങ്കലനം ചെയ്ത് നോവലുകളെഴുതി ഡുറല്‍. “I am not a Kshatriya, but a holly old Untouchable. You can keep your shining sword; I’ll keep my nightsoil” എന്നു പ്രസ്താവിച്ച മില്ലറിന്റെ നോവലുകളുടെ സ്വഭാവം വായനക്കാര്‍ക്ക് ഊഹിക്കാവുന്ന­തേയുള്ളു. സ്നേഹാന്വേഷണത്തിന്റെ വ്യഗ്രതയില്‍ ബോധ­മണ്ഡലത്തിനു വരുന്ന ശകലീകൃത സ്വഭാവത്തെ പ്രതിപാദിച്ച നോവലിസ്റ്റാണ് ആനായീസ് നീന്‍. ഭര്‍ത്താവിരിക്കേ പല പുരുഷന്മാരോടും വേഴ്ച നേടുകയും അയാളുടെ നീരസത്തെ തൃണവല്‍­ഗണിക്കുകയും ചെയ്ത ആനായീസ് നീന്റെ ജീവചരിത്രമാണ് ഞാന്‍ ഈയാഴ്ച വായിച്ച പുതിയ പുസ്തകം. വെറും ജീവിതമല്ല: കാമോത്സുകമായ ജീവിതമാണ് ചിത്രീകരിക്കപ്പെടുന്നത്. The Erotic Life of Anais Nin എന്നാണ് പുസ്തകത്തിന്റെ പേര്. എഴുതിയത് Noel Riley Fitch (Back Bay Books, Pages 525, Rs. 472.40). കാമപ്രിയ ജീവിതത്തിന്റെ വര്‍ണ്ണനങ്ങ­ളായതുകൊണ്ട് ഗ്രന്ഥത്തിലെ ഒരു ഭാഗവും സൂചനാത്മക­മായിപ്പോലും ആവിഷ്കരി­ക്കാനാവില്ല. ബാലിക­യായിരിക്കുമ്പോള്‍­ത്തന്നെ പിതാവിനാല്‍ ധര്‍ഷണം ചെയ്യപ്പെട്ടവളാണ് ആനായിസ് നീന്‍. ഈ ക്രൂരതൃത്യം അവരുടെ അന്തരംഗത്തില്‍ ഏല്പിച്ച ക്ഷതത്തിന്റെ ‘ഉപോല്‍പന്ന’ങ്ങളായിട്ടുവേണം അവരുടെ കൃതികളെ കാണാന്‍. നോവലുകളിലെ ഉദ്വേഗവും ഫാന്റസിയും അനിയതത്വവും ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അപഗ്രഥിക്കത്തക്ക വിധത്തില്‍ ജീവചരിത്ര­മെഴുതിയിട്ടുണ്ട് ഗ്രന്ഥകര്‍ത്തി. ഇതു സാഹിത്യനിരൂപണമല്ല. വെറും ജീവചരിത്രമാണ് ആനായീസ് നീന്റെ നോവലുകളുടെ അപഗ്രഥനം കാണണ­മെന്നുള്ളവര്‍ക്ക് ഈ ഗ്രന്ഥം പ്രയോജനപ്രദമല്ല. ഒരു കാലയളവില്‍ സാഹിത്യ­മണ്ഡലത്തില്‍ സെന്‍സേഷന്‍ സൃഷ്ടിച്ച ഒരു പ്രതിഭാശാലിനിയുടെ രഹസ്യജീവിതം അറിയണ­മെന്നുള്ളവരെ ഇതു നിരാശപ്പെടുത്തുകയുമില്ല.

നിരീക്ഷണങ്ങള്‍

സ്വാഭാവിക സൗന്ദര്യമുള്ള തരുണികള്‍ക്ക് ബ്യൂട്ടി പാര്‍ലറുകളില്‍ പോകേണ്ട ഒരാവശ്യ­കതയുമില്ല. പോയാല്‍ അവിടത്തെ കൃത്രിമ പ്രവര്‍ത്ത­നങ്ങള്‍ കൊണ്ടുള്ള മുഖശ്രീ ഇല്ലാതാ­വുകയും ചെയ്യും.

  1. സ്വാഭാവിക സൗന്ദര്യമുള്ള തരുണികള്‍ക്ക് ബ്യൂട്ടി പാര്‍ലറുകളില്‍ പോകേണ്ട ഒരാവശ്യകതയുമില്ല. പോയാല്‍ അവിടത്തെ കൃത്രിമ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉള്ള മുഖശ്രീ ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ പ്രായം കൂടിക്കൂടി വരുമ്പോള്‍ ഇംഗ്ളീഷിലെ കൊളോക്വിയല്‍ പ്രയോഗമായ ഫേഷലിനു (facial) പോകേണ്ടതായി വരും. കുറെക്കാലം ഈ ഫേഷല്‍ നടത്തിയാല്‍ മുഖം പരുക്കനാവും. ഇതുപോലെയാണ് കവിതയും കഥയുമൊക്കെ. നൈസര്‍ഗ്ഗിക സൗന്ദര്യമുള്ള കവിതയ്ക്ക് അലങ്കാരം വേണ്ട. “ഒന്നും പ്രതിഫലം വേണ്ടെനി­ക്കാമഞ്ജു­മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താന്‍ മതി” എന്നതു ശുദ്ധമായ കവിതയാണ്. അമ്പലത്തിന്റെ കോട്ടുവാ പോലെയായിരുന്നു കുളം എന്നു പറയുമ്പോള്‍ ഫേഷല്‍ നടത്തി പരുക്കനാക്കിയ കവിതയുടെ മുഖമാണു നമ്മള്‍ കാണുന്നത്.
  2. ചില പുരുഷന്മാര്‍ പട്ടിയെ വീട്ടില്‍ വളര്‍ത്തുന്നത് അവര്‍ക്കു ദേഷ്യം വരുമ്പോള്‍ അതിനെ ‘എടുത്തിട്ട്’ ചവിട്ടാനാണ്. ഭാര്യയെ ചവിട്ടിയാല്‍ ചിലപ്പോള്‍ അവള്‍ ചത്തു പോകും. അതുകൊണ്ടു പട്ടിയെ ചവിട്ടുന്നു. ഇതുപോലെ എനിക്കു നേരിട്ടറിയാവുന്ന ഒരു നിരൂപകന്‍ നോവലുകള്‍ ചെറുകഥകള്‍, വിമര്‍ശനങ്ങള്‍ ഇവ വായിക്കുന്നത് കുറ്റം കണ്ടു പിടിച്ച് അത് ബഹുജന ദൃഷ്ടിയില്‍ കൊണ്ടു വരാനാണ്. പട്ടിയെ ചവിട്ടുന്ന സുഖം അദ്ദേഹത്തിന്. ആ നിരൂപകന്‍ തുടര്‍ന്നും ചവിട്ടട്ടെ. അങ്ങനെ അദ്ദേഹം ജയിക്കട്ടെ.
  3. സ്ത്രീകള്‍ രണ്ടു വിധത്തിലാണ്. ഒരു കൂട്ടര്‍ നിഷ്കളങ്കകള്‍. യുവതിയും യുവാവും മുഖങ്ങള്‍ അടുപ്പിക്കുന്നതു കണ്ടാലും അവര്‍ തെറ്റിദ്ധരിക്കില്ല. കണ്ണില്‍ വീണ പൊടി എടുത്തു കൊടുക്കാന്‍ അവള്‍ ശ്രമിച്ചുവെന്നേ അവര്‍ പറയു. ഒരു മലിന ചിന്തയ്ക്കും കഴിവുള്ളവരല്ല ഈ സ്ത്രീകള്‍. രണ്ടാമത്തെ കൂട്ടര്‍ക്കു ദുഷ്ടവിചാരമേയുള്ളു ഒരു ഗൃഹനായകന്‍ വ്യായാമത്തിനു വേണ്ടി കാലത്തെഴുന്നേറ്റ് മട്ടുപാവില്‍ അങ്ങോട്ടു­മിങ്ങോട്ടും നടക്കുമായിരുന്നു. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീ അതുകണ്ടു വേറൊരുത്തിയോടു പറഞ്ഞു: “വ്യായാമമൊന്നും അല്ലെടീ അത്, അടുത്ത വീട്ടിലെ കാണാന്‍ കൊള്ളാവുന്ന പെണ്ണിനെ കാണാന്‍ വേണ്ടിയാണ് അയാള്‍ അങ്ങനെ അങ്ങോട്ടു­മിങ്ങോട്ടും നടക്കുന്നതും ചുറ്റിക്കറങ്ങുന്നതും. നിരൂപകരും ഇതുപോലെ രണ്ടു തരത്തില്‍­പ്പെടുന്നു. ഒന്നിലും മാലിന്യം കാണാത്തവര്‍ ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ പുകഴ്ത്തും. മുട്ടത്തു വര്‍ക്കിയുടെ ‘പാടാത്ത പൈങ്കിളിയെയും പ്രശംസിക്കും. കുമാരനാശാന്റെ ‘സ്യമമായവനഭാര്യ’ എന്ന പ്രയോഗം ശരിയല്ലെന്നു വള്ളത്തോള്‍ അഭിപ്രായ­പ്പെട്ടതായി ജി. ശങ്കരക്കുറുപ്പ് എന്നോടു പറഞ്ഞുവെന്ന് ഞാന്‍ ഒരുത്തനോടു പറഞ്ഞു സൃതമാനത്വം കാട്ടുതടിക്കല്ല, നദിക്കാണ്. തടി ഒഴുകുന്നില്ല ഒഴുക്ക­പ്പെടുകയാണ് എന്നായിരുന്നു വള്ളത്തോളിന്റെ വാദം. ആശാന്‍ കവിതയില്‍ ഒരു കുറ്റവും കാണാന്‍ കഴിയാത്ത ആ മനുഷ്യന്‍ ഉടനെ എന്നോടു പറഞ്ഞു ‘വന’ ശബ്ദത്തിന് കാടെന്നു മാത്രമല്ല ജലം എന്നും അര്‍ത്ഥമുണ്ട്. അതുകൊണ്ട് പ്രയോഗം ശരി” മലിന വിചാര­മില്ലാത്ത മനുഷ്യന്‍ എന്നല്ലാതെ എന്തു പറയാന്‍ രണ്ടാമതു പറഞ്ഞ വിഭാഗത്തില്‍ ചേര്‍ന്ന നിരൂപകന്‍ പറയും ‘വിജയന്‍ നോവലി­സ്റ്റേയല്ല. കാര്‍ട്ടൂണിസ്റ്റാണ്.’ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന രീതിയിലാണ് അദ്ദേഹം ആ നോവലിലെ ഓരോ ഭാഗവും ചിത്രീകരിച്ചി­രിക്കുന്നത്. (ഈ പ്രസ്താവം ഒരു സാഹിത്യകാരന്‍ എന്റെ മുന്‍പില്‍ വച്ച് നിര്‍വഹിച്ചതാണ്.) ഇക്കൂട്ടര്‍ വിജയനെയും പൈങ്കിളി നോവലിസ്റ്റുകളെയും ഒരേ രീതിയില്‍ അപഹസിക്കും.
  4. ധനമില്ലാത്ത കൃഷിക്കാരന്‍ ഒരിക്കല്‍ രണ്ടു പോത്തുകളെ വാങ്ങിയാല്‍ ജീവിതാ­വസാനം വരെ ആ പോത്തുകളെ­ക്കൊണ്ടാവും നിലം ഉഴുതു മറിക്കുക. കാലത്ത് കലപ്പയില്‍ അവയെ കെട്ടുന്നു. രണ്ടിന്റെയും ചന്തിയില്‍ കമ്പുകൊണ്ട് അടിയോട് അടി തന്നെ. വേദന കൊണ്ടു പുളഞ്ഞ് പോത്തുകള്‍ ഓടുന്നു. ചില കവികളും ഇങ്ങനെയാണ് സ്ഥിരം പദങ്ങളേ അവര്‍ക്കുള്ളു. അവയെ കാവ്യരചനാ കൗതുകമെന്ന കലപ്പയില്‍ കെട്ടി ‘തുരുതുരാ’ അടിക്കുന്നു. മരണഭയം കൊണ്ടു പദമഹിഷങ്ങള്‍ ഓടുന്നു. കവേ, അങ്ങ് എന്നാണ് ഈ പോത്തുകളെ മാറ്റുന്നത്?
  5. എന്റെ ഈ പ്രദേശത്ത് വയല്‍ വക്കിലും പാതയോരത്തും എത്രയെത്ര പൂക്കളാണു വിടര്‍ന്നു നില്ക്കുന്നത്! ഓരോ പൂവിന്റെയും വിചാരം ചിത്രശലഭം അതില്‍ ചെന്ന് ഇരുന്നു തേന്‍ നുകരണ­മെന്നാണ്. പക്ഷേ ആ ആശയ്ക്കു സാഫല്യ­മുണ്ടാവുകയില്ല. പൊക്കമുള്ള ചില്ലകളില്‍ വിടര്‍ന്നു നില്ക്കുന്ന പനിനീര്‍പ്പൂക്കളെ മാത്രമേ ശലഭങ്ങള്‍ കാണൂ. പൊയ്കയൂടെ മധ്യത്തില്‍ പ്രഫുല്ലാ­വസ്ഥയില്‍ നില്ക്കുന്ന താമരപ്പൂക്കളെ മാത്രമേ അവ കാണുകയുള്ളു. കൊച്ചു പൂക്കളുടെ ദുഃഖമെനിക്കു മനസ്സിലാകും. പക്ഷേ താമരപ്പൂവിലും പനിനീര്‍പ്പൂവിലും മാത്രം ചെല്ലുന്ന ശലഭങ്ങളെ കുറ്റപ്പെടുത്താന്‍ എനിക്കു വൈഷമ്യമുണ്ട്. ‘എഴുതി­ത്തുടങ്ങുന്ന ‍ഞങ്ങളുടെ കൈയെഴുത്തു പ്രതികളും അച്ചടിച്ച പുസ്തകങ്ങളും നിങ്ങള്‍ വായിക്കുന്നില്ല’ എന്ന പരാതിയില്‍ തെറ്റില്ല. എന്നാല്‍ ഉത്കൃഷ്ടങ്ങളായ കൃതികള്‍ വായിക്കാന്‍ പോലും സമയമില്ലാത്ത നിരൂപകനെ കുറ്റപ്പെടു­ത്തുന്നതും ശരിയല്ലല്ലോ.