close
Sayahna Sayahna
Search

സാഹിത്യവാരഫലം 1995 07 02


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1995 07 02
ലക്കം 1033
മുൻലക്കം 1995 06 25
പിൻലക്കം 1995 07 09
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

തയിരു കടഞ്ഞാല്‍ വെണ്ണ ഉയരുന്നതു പോലെ ഏതു ജീവിത സംഭവം ചിലരെടുത്തു പ്രതിപാദിച്ചാലും തൊഴിലാളി–മുതലാളി ബന്ധം എന്ന വെണ്ണ ഉയര്‍ന്നു വരും. അത് നമ്മളെടുത്തു ഭക്ഷിച്ചു കൊള്ളണം. ചിലര്‍ തങ്ങളുടെ കുടവയര്‍ തടവി­ക്കൊണ്ടിരിക്കുന്നതു പോലെ, മീശ പിരിച്ചു­കൊണ്ടിരിക്കുന്നതു പോലെ ലൈംഗിക കാര്യങ്ങള്‍ അനവരതം പ്രതിപാദിക്കുന്നു.

മാന്യന്മാര്‍ പ്രവേശിക്കാന്‍ മടിക്കുന്നിടത്ത് ഇരച്ചുകയറുന്ന ചിലരുണ്ട്. അസഭ്യമായതിന്റെ മണ്ഡലമാണ് അതെന്നു തെറ്റിദ്ധരിക്കരുത്. തികച്ചും സഭ്യംതന്നെ. പക്ഷേ, ഇരച്ചുകയറ്റംകൊണ്ട് നിരന്തരമായ സംസാരംകൊണ്ട് അവര്‍ ആ മണ്ഡലത്തെ അസഭ്യമാക്കുന്നു. ഒരിക്കല്‍ ഒരു ബന്ധുവിനോടൊരുമിച്ച് എനിക്ക് ഒരു വിവാഹത്തിനു പോകേണ്ടതായി വന്നു. അയാളുടെ നാലു കൂട്ടുകാരുമുണ്ട്. വസ്തുക്കള്‍ സമ്പാദിക്കുന്നതിലും അന്യന്റെ വക പിടിച്ചുപറിക്കുന്നതിലും തനിക്ക് ഒരവകാശവുമില്ലെങ്കിലും കിട്ടിയാലിരിക്കട്ടെ എന്ന വിചാരത്താല്‍ ഭൂമിക്കുവേണ്ടി മറ്റൊരുവന്റെ പേരില്‍ കെയ്സ് കൊടുക്കുന്നതിലും തല്‍പരനായ അയാള്‍ കാറില്‍ കയറാത്ത താമസം ഐ.ആര്‍. എട്ട് എന്ന നെല്ലിനെക്കുറിച്ചു കൂട്ടുകാരോടു പറഞ്ഞുതുടങ്ങി. അവരും അയാളെപ്പോലെതന്നെ. മറ്റു നെല്ലിനങ്ങളെക്കുറിച്ചു വാതോരാതെ അവരും സംസാരിച്ചു. തിരുവനന്തപുരത്തുനിന്നു പുനലൂരെത്തുന്നതുവരെ ബന്ധു ഐ.ആര്‍.എട്ട്, കളമടിക്കല്‍, കൊയ്ത്ത്, കൂലികൊടുക്കല്‍ ഇവയെക്കുറിച്ച് അനവരതം സംസാരിച്ചു. തിരിച്ച് അവരുടെകൂടെ പോന്നാല്‍ എന്റെ പ്രാണന്‍ പൊയ്പോകുമെന്നു മനസ്സിലാക്കിയ ഞാന്‍ ‘എനിക്കു ചിലരെ കാണാനുണ്ട്. നിങ്ങള്‍ കാറില്‍ പൊയ്ക്കൊള്ളു. ഞാന്‍ ബസ്സില്‍ വരാം’ എന്നു പറഞ്ഞു രക്ഷപ്പെട്ടു. ചിലരിങ്ങനെയാണ്. ഏകനേത്രന്മാരാണ് അവര്‍. ഒരുവിഷയത്തെക്കുറിച്ചു മാത്രമേ അക്കൂട്ടര്‍ക്കു വിചാരിക്കാനാവൂ. സംസാരിക്കാനാവൂ. നിത്യജീവിതത്തില്‍ ഏതു മണ്ഡലത്തിലും കാണാവുന്ന ഇത്തരം ആളുകളെ നോവലുകളിലും ചെറുകഥകളിലും ദര്‍ശിക്കാം. റഷന്‍ നാടകകര്‍ത്താവും കഥാകാരനുമായ ചെഹോഫിന്റെ ഒരു കഥയില്‍ സ്ത്രീകളെക്കുറിച്ചു മാത്രം വിചാരിക്കുകയും പറയുകയും ചെയ്യുന്ന ഒരുവനുണ്ട്. സ്ത്രീയോ? എങ്കിൽ അവൾ ശയനീയത്തില്‍ ശയിക്കാനുള്ളവള്‍ മാത്രമാണ് അയാള്‍ക്ക് ജീവിതം ആഹ്ളാദകരമാവുന്നത്, വിഷാദാത്മകമാകുന്നത്, വൈരസ്യപൂര്‍ണ്ണമാകുന്നത് സ്ത്രീയാലാണെന്നാണ് അയാളുടെ മതം. ജീവിതം ദുഃഖപൂര്‍ണ്ണമായോ? എന്നാലതു സ്ത്രീയെക്കൊണ്ടുതന്നെ അവളെയാണ് അതിനു കുറ്റപ്പെടുത്തേണ്ടത് ഒരു പുതിയ ജീവിതം ഉദയംകൊണ്ടോ, നൂതനങ്ങളായ ആദര്‍ശങ്ങള്‍ ആവിര്‍ഭവിച്ചോ? എങ്കില്‍ സ്ത്രീതന്നെ അതിനു കാരണം. ശരീരത്തിലെ സെല്ലുകളെക്കുറിച്ചോ ജന്മവാസനകളെക്കുറിച്ചോ മറ്റുള്ളവര്‍ സംസാരിക്കുന്നിടത്ത് അയാള്‍ ഇരിക്കുന്നുവെന്നു വിചാരിക്കുക. അയാള്‍ അതു കേള്‍ക്കില്ല, അതിനെക്കുറിച്ചു മിണ്ടുകില്ല. അക്കാര്യങ്ങള്‍ അയാള്‍ക്കു കൗതുകം ജനിപ്പിക്കുകയേയില്ല. എന്നാല്‍ ലൈംഗികവേഴ്ചയ്ക്കുശേഷം പെണ്‍ചിലന്തി ആണ്‍ചിലന്തിയെ വിഴുങ്ങുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടനെ അയാളുടെ മുഖം തിളങ്ങും, കണ്ണുകള്‍ ജിജ്ഞാസകൊണ്ടു ജ്വലിക്കും. നിങ്ങള്‍ അയാളുമൊത്ത് തെരുവിലൂടെ നടക്കുകയാണെന്നു വിചാരിക്കു. ഒരു പെണ്‍കഴുതയെ കണ്ടുവെന്നും കരുതൂ. ഉടനെ അയാള്‍ നിങ്ങളോടു ചോദിക്കും. ‘പെണ്‍കഴുതയെ ഒട്ടകവുമായി ഇണ ചേര്‍ത്താല്‍ ജനിക്കുന്നത് എന്തായിരിക്കും?’

ഇമ്മട്ടില്‍ ഏകവീക്ഷണഗതിയുള്ള എഴുത്തുകാര്‍ ഏറെയാണ് കേരളത്തില്‍. തയിരു കടഞ്ഞാല്‍ വെണ്ണ ഉയരുന്നതുപോലെ ഏതു ജീവിതസംഭവം ചിലരെടുത്തു പ്രതിപാദിച്ചാലും തൊഴിലാളി–മുതലാളി ബന്ധം എന്ന വെണ്ണ ഉയര്‍ന്നുവരും. അത് നമ്മളെടുത്തു ഭക്ഷിച്ചുകൊള്ളണം. ചിലര്‍ തങ്ങളുടെ കുടവയര്‍ തടവിക്കൊണ്ടിരിക്കുന്നതുപോലെ, മീശ പിരിച്ചുകൊണ്ടിരിക്കുന്നതുപോലെ ലൈംഗിക കാര്യങ്ങള്‍ അനവരതം പ്രതിപാദിക്കുന്നു. ആരൊക്കെയാണ് ഇതു ചെയ്യുന്നതെന്നു പറയാവുന്നതേയുള്ളു. പക്ഷേ, ശത്രുക്കളുടെ ‘എണ്ണം കൂട്ടേണ്ടതില്ലാത്തതുകൊണ്ടു ഞാന്‍ പറയുന്നില്ല. ഒരുകാര്യംതന്നെ ഒരു കഥാകാരനോ കവിയോ പ്രതിപാദിക്കുന്നത് അനുവാചകന്റെ കരണത്തടിക്കുന്നതിനു തുല്യമാണ്. ഇതു ചൂണ്ടിക്കാണിക്കുന്നതുകൊണ്ടു പ്രയോജനമില്ലെന്ന് എനിക്കറിയാം. അന്യന്റെ ചെക്കിട്ടിലടിക്കുന്നവന് അതു നടത്തിയേ മതിയാവൂ. അടിക്കരുത് എന്നു മാത്രമേ എനിക്ക് അപേക്ഷിക്കാനുള്ളു.

പൂര്‍വകാല സ്മരണകള്‍

ബാല്യകാലസ്മൃതികള്‍! എന്തൊരു വൈവിധ്യവും വൈജാത്യവുമാണ് അവയ്ക്ക്! എം.കെ. ത്യാഗരാജ ഭാഗവതരും എസ്.ഡി. സുബലക്ഷ്മിയും ചേര്‍ന്നഭിനയിച്ച എത്രയെത്ര നാടകങ്ങളാണ് ഞാന്‍ കണ്ടത്. ആലപ്പുഴെ കിടങ്ങാം പറമ്പുമൈതാനത്ത് ദേവീവിലാസം കൊട്ടകയുണ്ടായിരുന്നു. അവിടെയായിരുന്നു നാടകങ്ങള്‍ കൈനിക്കര കുമാരപിള്ള വേലുത്തമ്പിയായി രംഗത്തെത്തി ‘വെട്ടനിയാ, വെട്ട്’ എന്ന് അനുജനോട് അപേക്ഷിക്കുന്നതു കേട്ടു ത്രസിച്ചിരുന്നിട്ടുണ്ട് ഞാന്‍ ആ കൊട്ടകയില്‍ത്തന്നെ. കവി ഹരീന്ദ്രനാഥ് ചട്ടോ പാദ്ധ്യായ ആകൃതിസൗഭഗത്തിന്റെ ഉടലെടുത്ത രൂപമായി എസ്.ഡി. വിദ്യാലയത്തിലെ ആനി ബസന്റ് ഹോളിലെ

പ്ളാറ്റ്ഫോമില്‍നിന്നു സംസാരിക്കുന്നതു ഞാന്‍ കേട്ടു. ഹെഡ്മാസ്റ്റര്‍ മഞ്ചേരി രാമകൃഷ്ണയ്യര്‍സാര്‍ അദ്ദേഹത്തോടു നേരമ്പോക്കു പറയുന്നതും അദ്ദേഹം പൊട്ടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു. ശബരിമലയില്‍ പോകാന്‍ മാലയിട്ട ചങ്ങമ്പുഴ കൃഷ്ണപിള്ള താടിവളര്‍ത്തി കോട്ടിന്റെ ബട്ടണ്‍സിടാതെ തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂള റോഡിലൂടെ മെല്ലെ നടന്നു വന്നതും ബഹുമാനത്തോടെ അദ്ദേഹത്തെ നോക്കിയ എന്നെ ‘എന്നെ അറിയില്ലേ, ഞാനാണ് ചങ്ങമ്പുഴ’ എന്ന മട്ടില്‍ തിരിച്ചു നോക്കിയതും എനിക്കോര്‍മ്മയുണ്ട്. കേശവദേവും ഭാര്യയും വളര്‍ത്തുമകളും തിരുവനന്തപുരത്തെ ന്യൂ തിയറ്ററിലിരുന്നു സിനിമ കാണുമ്പോള്‍ വൈകിച്ചെന്ന ഞാനും കുടുംബവും അദ്ദേഹത്തിന്റെ തൊട്ടടുത്തുചെന്ന് ഇരിക്കാന്‍ ഇടയായതും തന്റെ നിഭൃതത്വത്തെ ലംഘിക്കാനിടയാക്കിയ ഞങ്ങളുടെ കടന്നുകയറ്റത്തെ തൊഴിലാളി സാഹിത്യകാരന്‍ നീരസത്തോടെ വീക്ഷിച്ചതും എന്റെ സ്മരണയില്‍നിന്നു മാഞ്ഞുപോയിട്ടില്ല. ഈ സംഭവത്തിനും വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ കേശവദേവിന്റെ ‘കളിക്കൂട്ടുകാരി’ എന്ന കഥ വായിച്ച് ഹര്‍ഷപുളകിതനായതും ഓര്‍മ്മിക്കുന്നു. കാലമേറെക്കഴിഞ്ഞ് എനിക്ക് ഇമ്മട്ടില്‍ ശ്രീ. ഗൗതമന്റെ “ശാന്തമായ ഈ നഗരം” (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന ചെറുകഥയെക്കുറിച്ച് ഓര്‍മ്മയുണ്ടാവുമോ? പെരുമ്പാമ്പുപോലെ ഇഴയുന്ന ഇക്കഥയ്ക്ക് എന്തു മേന്മ? ആ ഇഴച്ചിലല്ലാതെ മതശത്രുതയുടെ പേരില്‍ ഒരുത്തനെ വെടിവയ്ക്കുന്നു. ചത്തവനോ ചാകാന്‍ പോകുന്നവനോ ആയ അയാളെ നാലുപേര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ അവരുടെ ഉടുപ്പുകളില്‍ (മൂന്നുപേരുടെ ഉടുപ്പുകളില്‍) ചോര പറ്റുന്നു. പൊലിസ് അവരെ ചോദ്യംചെയ്യാന്‍ സ്റ്റെയ്ഷനിലേക്കു കൊണ്ടുപോകുന്നു. വര്‍ഗ്ഗീയലഹളയ്ക്കു തുടക്കം കുറിക്കാവുന്ന സംഭവം. കലാപരമായ ആവശ്യകതയ്ക്ക് അതീതമായ ദീര്‍ഘത, സാംഗത്യമില്ലാത്ത സംഭവങ്ങളുടെ വര്‍ണ്ണന, തികഞ്ഞ സര്‍വസാധാരണത ഇവകൊണ്ട് മലിനമായ ഒരു കഥയെന്നേ പറയേണ്ടു ഇതിനെക്കുറിച്ച്. അനുഭൂതിജനകമല്ല ഈ രചന. സത്യത്തിന്റെ നാദം ഒരിടത്തുനിന്നും ഉയരുന്നുമില്ല. ഞാന്‍ പൂര്‍വകാലസ്മരണകളിലേക്കു തിരിച്ചുപോകട്ടെ. ഇത്തരം കഥകള്‍ വായിക്കുന്നതിനെക്കാള്‍ എത്രയോ നല്ല പ്രവൃത്തിയാണത്.

ചോദ്യം, ഉത്തരം

Symbol question.svg.png “ബഷീര്‍ എന്തിനാണ് ഒരു വലിയ മരത്തിന്റെ ചുവട്ടില്‍ ചാരുകസേരയില്‍ കിടന്നത്?”

“മരം നട്ടുവളര്‍ത്തിയാല്‍ അതിന്റെ തണലില്‍ ഇരിക്കുന്നത് മരത്തിന് ഇഷ്ടമാണ്. ബഷീറിനും ഇഷ്ടമാണ്. പക്ഷേ, ബന്ധുവിനെ വളര്‍ത്തിക്കൊണ്ടുവന്ന് അവന്റെ തണലില്‍ ഇരിക്കാമെന്നു കരുതരുത്. ആ ഇരിപ്പ് ഇരിക്കുന്നവന് ഇഷ്ടമല്ല. ബന്ധു ഇരിക്കാനൊട്ടു സമ്മതിക്കുകയുമില്ല.”

Symbol question.svg.png “മരണം നടന്ന വീട്ടില്‍ ചെന്നാല്‍ ഒന്നും ചോദിക്കരുത്, മിണ്ടാതെ കുറെനേരമിരുന്നിട്ടു തിരിച്ചു പോരണം എന്നു നിങ്ങള്‍ മുന്‍പെഴുതിയതിന്റെ അര്‍ത്ഥമെന്താണ്?”

“ദുഃഖം തീക്ഷ്ണമായിരിക്കുമ്പോള്‍ ആശ്വസിപ്പിക്കുന്നവനെയും തത്ത്വചിന്ത പറയുന്നവനെയും മരണകാരണം അന്വേഷിക്കുന്നവനെയും വിഷാദിക്കുന്നവന്‍ വെറുക്കും. അതുകൊണ്ടു നിശ്ശബ്ദനായി അല്പനേരം ഇരിക്കു. തിരിച്ചുപോരു.”

Symbol question.svg.png “നിങ്ങള്‍ മണ്ടനല്ലേ?”

“അതേ, ഞാന്‍ രാത്രിയില്‍ കുടിക്കാന്‍ കൊണ്ടുവയ്ക്കുന്ന വെള്ളം പാത്രത്തിന്റെ അടപ്പുതുറന്നു മൂന്നുതവണ ഫ്ളാഷ് ലൈറ്റുകൊണ്ടു നോക്കിയിട്ടേ കുടിക്കു. പക്ഷേ, സംഘംചേര്‍ന്ന് ചില ആളുകള്‍ മാസ് പെറ്റിഷന്‍ കൊണ്ടുവരുമ്പോള്‍ വായിച്ചുനോക്കാതെ ഒപ്പിട്ടുകൊടുക്കും. ഇതു മണ്ടന്റെ ലക്ഷണം. ബാങ്കില്‍നിന്നു പണം വാങ്ങിയാല്‍ അതു തരുന്ന സ്ത്രീയെയോ പുരുഷനെയോ നീരസപ്പെടുത്താന്‍ മടിച്ച് എണ്ണാതെ വീട്ടില്‍ കൊണ്ടുപോരാറുണ്ട്. അടുത്തകാലത്ത് ഒരു ബാങ്കില്‍നിന്നു നാലായിരം രൂപ കാഷ്യര്‍തന്നു. എല്ലാം നൂറുരൂപ നോട്ടുകള്‍ കിട്ടിയയുടനെ എണ്ണാതെമടക്കി പോക്കറ്റില്‍ വച്ചു. ആരും എടുക്കാതിരിക്കാനായി കൈലേസ് അതിന്റെ പുറത്ത് അമര്‍ത്തിവച്ചു. ടാക്സിയില്‍ കയറി വീട്ടിലെത്തി. നോട്ടുകള്‍ എണ്ണിനോക്കി 38 നോട്ടുകളേ ഉണ്ടായിരുന്നുള്ളു. നാലായിരം രൂപയ്ക്കു പകരം മൂവായിരത്തിയെണ്ണൂറു രൂപ മാത്രം. അങ്ങു പോകട്ടെ 200 രൂപ എന്നു കരുതി. ആരോടും പരാതി പറഞ്ഞില്ല. ആരോപറഞ്ഞു ചില ബാങ്കുകളില്‍ ഇതു സ്ഥിരമായി നടക്കുന്ന തൊഴിലാണെന്ന് ഞാന്‍ മണ്ടന്‍.”

Symbol question.svg.png “പുരുഷന്‍ പേടിക്കുന്നത് ആരെ?”

“പുരുഷന്‍ സ്ത്രീയോടു മര്യാദയില്ലാതെ പെരുമാറുമ്പോള്‍ അവള്‍ നോക്കുന്ന ദേഷ്യംകലര്‍ന്ന നോട്ടമുണ്ടല്ലോ. അതിനെ പേടിക്കാത്ത പുരുഷന്മാരില്ല. ജോസഫൈന്റെ ആ രീതിയിലുള്ള നോട്ടത്തെ നെപ്പോളിയനും പേടിച്ചിരിക്കും.”

Symbol question.svg.png “ചങ്ങമ്പുഴയും മാറ്റൊലിക്കവികളും തമ്മിലെന്തേ വ്യത്യാസം?”

“ചങ്ങമ്പുഴ നീലാന്തരീക്ഷത്തിലെ ജ്വലിക്കുന്ന സൂര്യന്‍. വയലാര്‍ രാമവര്‍മ്മ ആ സൂര്യന്റെ രശ്മികളെ പ്രതിഫലിപ്പിച്ച കണ്ണാടി.”

ഡോക്ടര്‍ സി. ഭരത് ചന്ദ്രനും ക്ടര്‍ ദിനേഷ് കെ. നായരും

“ചങ്ങമ്പുഴയും മാറ്റൊലിക്കവികളും തമ്മിലെന്തേ വ്യത്യാസം?” “ചങ്ങമ്പുഴ നീലാന്തരീക്ഷത്തിലെ ജ്വലിക്കുന്ന സൂര്യന്‍. വയലാര്‍ രാമവര്‍മ്മ ആ സൂര്യന്റെ രശ്മികളെ പ്രതിഫലിപ്പിച്ച കണ്ണാടി.”

ഇരുപത്തിയാറുകൊല്ലം ഒരാഴ്ചപോലും മുടങ്ങാത്ത ‘സാഹിത്യവാരഫലം’ എന്ന ഈ പംക്തി കഴിഞ്ഞയാഴ്ച മുടങ്ങിപ്പോയി. കാരണം ഞാന്‍ തിമിരം മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി എന്നതാണ്. മധുരയിലല്ലാതെ, തിരുനെല്‍വേലിയിലല്ലാതെ ഈ ശസ്ത്രക്രിയ നടത്തരുതെന്ന് പലരും എന്നോടു പറഞ്ഞു. പക്ഷേ ഞാനതും ചെവിക്കൊണ്ടില്ല. പ്രശസ്തനായ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ സി. ഭരത് ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ വിദഗ്ദ്ധമായി ചികിത്സ നടത്തുന്ന തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലാണ് ഞാന്‍ ശസ്ത്രക്രിയയ്ക്കു ചെന്നത്. അവിടത്തെ നേത്രവിഭാഗത്തിന്റെ മേധാവി ഡോക്ടര്‍ ദിനേഷ് കെ. നായരാണ്. പ്രഗല്ഭനും വിനയസമ്പന്നനുമായ ആ ഡോക്ടര്‍ ഏതാണ്ട് ഇരുപതു മിനിറ്റുകൊണ്ട് എന്റെ തിമിരം മാറ്റി Intra ocular lens വച്ചു. ദോഷരഹിതമായ പ്ളാസ്റ്റിക് സബ്സ്റ്റന്‍സാണ് ഈ ലെന്‍സ്. അത് polymethyl methacrylate കൊണ്ടുണ്ടാക്കുന്നതാണെന്ന് എവിടെയോ ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ശരിയാണോ എന്തോ? എന്തുമാകട്ടെ അതു വച്ചുകഴിഞ്ഞിട്ട് അടുത്ത ദിവസം കെട്ടഴിച്ചപ്പോള്‍ എന്റെ അന്ധകാരമയമായ ലോകം പ്രകാശപൂര്‍ണ്ണമായി. എനിക്കു കാഴ്ച തന്ന ഡോക്ടര്‍ക്കു നന്ദി.

Cataract (തിമിരം) വന്നോ എന്നാല്‍ മധുരയിലേക്ക് ഓടൂ എന്നാണ് ചൊല്ല്. മധുരയിലെ ചികിത്സാസമ്പ്രദായത്തെ ഞാന്‍ വിമര്‍ശിക്കുന്നില്ല. ഒന്നാന്തരമായിരിക്കാമത്. പക്ഷേ ഉത്രാടം തിരുനാള്‍ ആശുപത്രിയിലെ ചികിത്സാരീതി അതിന്റെ പിന്നിലല്ല എന്ന് അനുഭവം കൊണ്ടു ഞാന്‍ പറയുന്നു. മധുരയിലെ ആശുപത്രിയില്‍നിന്ന് ശസ്ത്രക്രിയ കഴിഞ്ഞു വരുന്നവര്‍ ഒരു മാസം കഴിഞ്ഞേ കുളിക്കാറുള്ളു. വായനയും എഴുത്തും അവര്‍ക്ക് കുറേ മാസത്തേക്കു നിഷിദ്ധങ്ങളത്രേ. ഞാന്‍ ഒരാഴ് കഴിഞ്ഞു കുളിച്ചു. ഒന്നരയാഴ്ച കഴിഞ്ഞ് ഇതെഴുതുന്നു. എഴുതാന്‍വേണ്ടി വാരികകള്‍ വായിച്ചു.

ശസ്ത്രക്രിയ നടത്തുന്നതിനു മുന്‍പ് ഡോക്ടര്‍ ഭരത്ചന്ദ്രന്റെ ചികിത്സയ്ക്കും ഞാന്‍ വിധേയനായി. രക്തത്തിലെ പഞ്ചാരയുടെ അളവ് അദ്ദേഹം വിദഗ്ദ്ധമായ ചികിത്സകൊണ്ടു കുറച്ചു. ഈ രണ്ടു ഡോക്ടര്‍മാരും — ഭരത് ചന്ദ്രനും ദിനേഷ് കെ. നായരും — ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലെ രണ്ടു രത്നങ്ങളാണ്.

ജീലാസ്

യൂഗോസ്ലാവ് രാഷ്ട്രീയനേതാവും എഴുത്തുകാരനുമായിരുന്നു മീലവാന്‍ ജീലാസ് (Milovan Djilas) റ്റീറ്റോയുടെ സഹചാരിയായിരുന്ന അദ്ദേഹം സമുന്നതസ്ഥാനങ്ങളിലേക്ക് ഉയര്‍ന്നു. റ്റീറ്റോയുടെ രാഷ്ട്രീയോപദേശകനായിരുന്ന ജീലാസ് 1953-ല്‍ വൈസ് പ്രസിഡന്റായി. 1954-ല്‍ പ്രസിഡന്റ് ആകേണ്ടിയിരുന്ന അദ്ദേഹം പൊടുന്നനെ ഡിസ്മിസ് ചെയ്യപ്പെട്ടു. കാരാഗൃഹത്തിലാവുകയും ചെയ്തു. അടുത്തകാലത്ത് (1995 ഏപ്രിലില്‍) അദ്ദേഹം അന്തരിച്ചു. ശ്രീ.എന്‍.ഇ. സുധീര്‍ ജനയുഗം വാരികയുടെ മേദിനപ്പതിപ്പില്‍ എഴുതിയ “ഒരു സ്വതന്ത്ര ചിന്തകന്റെ വേര്‍പാട്” എന്ന ലേഖനം ജീലാസിന്റെ സേവനങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ സവിശേഷതയാര്‍ന്ന വ്യക്തിത്വത്തിലേക്കു കൈചൂണ്ടുകയും ചെയ്യുന്നു. പലരും വിചാരിക്കുന്നു ജീലാസ് കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നുവെന്ന്. അദ്ദേഹത്തിന്റെ വാക്കുകള്‍ എടുത്തെഴുതി അതൊരു തെറ്റിദ്ധാരണയാണെന്നു സുധീര്‍ വ്യക്തമാക്കുന്നു.

യൂഗോസ്ലാവ്യയെക്കുറിച്ച് A Paper House-The Ending of Yugoslavia എന്ന നല്ല പുസ്തകമെഴുതിയ Mark Thompson ജീലാസിനെ നേരിട്ടു കണ്ടത്തിന്റെ വിവരണം ആ പുസ്തകത്തില്‍ നല്കുന്നുണ്ട്. മാര്‍ക്ക് അദ്ദേഹത്തോടു പറഞ്ഞു: “Your autobiographies convinced me that Tito was right to remove you from power, because you would never have been dependable. You would always have followed your own convictions. You broke with the party because it was becoming administrative, Machiavellian instead of visionary. Obsessed with revolutionary purity, you found this too banal.” ഇതുകേട്ട് ജീലാസ് ‘vulgar’ എന്നു കൂട്ടിച്ചേര്‍ത്തു. “Your conclusion is correct. From the point of view of power, Tito was right. In the long term I was right” എന്നും ജീലാസ് പറഞ്ഞു.

സമയം കഴിഞ്ഞുവെന്നു ജീലാസ് അടയാളം കാണിച്ചപ്പോള്‍ മാര്‍ക്ക് എഴുന്നേറ്റു. അദ്ദേഹം കൂടയെടുക്കാന്‍ മറന്നുപോയി. തിരിച്ചുവന്നു വാതിലില്‍ തട്ടിയപ്പോള്‍ പകുതി തുറന്ന കതകിനിടയില്‍ക്കൂടി കൂട നീട്ടപ്പെടുകയും വാതില്‍ വീണ്ടും അടയ്ക്കപ്പെടുകയും ചെയ്തു. ജീലാസിന്റെ പ്രേമ ഭാജനമായ Stefica-യാണ് കുടയെടുത്തു നീട്ടിയത്.

കൊമ്യൂണിസത്തിന്റെ വിശുദ്ധി പരിപാലിക്കാന്‍ ശ്രമിച്ച ഒരു വിപ്ളവകാരിയെ കേരളീയര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്ന സുധീറിന്റെ യത്നം ആദരണീയമാണ്.

നിരീക്ഷണങ്ങള്‍

ഒരു പറട്ട നോവലാണ് ഡിസ്റെയ്ലിയുടെ ‘ഹെന്‍ട്രീറ്റ റ്റെമ്പിള്‍’. ജീവിതത്തിന്റെ അംശം പോലുമില്ലാത്ത ഒരു രചന. ചന്തുമേനോന്റെ നോവല്‍ അങ്ങനെയല്ല. അത് ജീവിതം കൊണ്ടു തുടിക്കുന്നു.

  1. എന്റെ ഒരു ശിഷ്യന്‍ പൊലീസ് ഇന്‍സ്പെക്ടറായി. അദ്ദേഹം എന്നെ എവിടെവച്ചു കണ്ടാലും “അറ്റഷന്‍നടിച്ച്” സല്‍യൂട്ട് ചെയ്യും. ആദ്യം സല്‍യൂട്ട് ചെയ്തപ്പോള്‍ എനിക്കു വല്ലാത്ത വൈഷമ്യമുണ്ടായി. ഈ പയ്യനു തൊഴുതാല്‍പ്പോരേ എന്നായിരുന്നു എന്റെ വിചാരം. പിന്നെപ്പിന്നെ അദ്ദേഹം സല്‍യൂട്ട് ചെയ്തില്ലെങ്കില്‍ എനിക്കു വല്ലായ്മ തോന്നിത്തുടങ്ങി. അടുത്തകാലത്ത് ഞാന്‍ തിരുവനന്തപുരത്തെ കനകക്കുന്നുകൊട്ടാരത്തിന്റെ മുന്‍പില്‍ നില്ക്കുമ്പോള്‍ ഇന്‍സ്പെക്ടര്‍ ശിഷ്യന്‍ ജീപ്പില്‍ പോകുകയായിരുന്നു. എന്നെക്കണ്ടയുടനെ ജീപ്പ് നിറുത്തിച്ച് ചാടിയിറങ്ങി തൊഴുതു ബഹുമാനപൂര്‍വം. സല്‍യൂട്ട് പ്രതീക്ഷിച്ചുനിന്ന ഞാന്‍ വെറുപ്പോടെ ‘നമസ്കാരം’ എന്നു പറഞ്ഞു തിരിഞ്ഞുനടന്നുകളഞ്ഞു. ഞാനൊരു കാര്‍ട്ടൂണ്‍ വിരോധിയാണ്. ലോയുടെ കാര്‍ട്ടൂണുകള്‍പോലും ഞാന്‍ നോക്കുകില്ലായിരുന്നു. അങ്ങനെയിരിക്കെ ശങ്കേഴ്സ് വീക്ക്‌ലിയില്‍ ശങ്കര്‍ വരച്ച നെഹ്റുവിന്റെ ഹാസ്യചിത്രം നോക്കി ഇഷ്ടക്കേടോടുതന്നെ. അന്നു മുതല്‍ വെറുപ്പോടെ ഏതു കാര്‍ട്ടൂണും ഞാന്‍ നോക്കുന്നു. ഇപ്പോള്‍ സകല വാരികകളിലും പത്രങ്ങളിലും വരുന്ന കാര്‍ട്ടൂണുകള്‍ നോക്കിയിട്ടേ ഞാന്‍ ചെറുകഥകളും ലേഖനങ്ങളും വായിക്കുകയുള്ളു. കാര്‍ട്ടൂണുകളെ ഞാന്‍ വെറുക്കുന്നുവെങ്കിലും കാര്‍ട്ടൂണിസ്റ്റുകളോട് എനിക്കു സ്നേഹവും ബഹുമാനവുമുണ്ട്. യേശുദാസന്‍, സുകുമാര്‍, രാജു, കെ.എസ്. രഘു, വേണു, കൃഷ്ണന്‍ (കുങ്കുമം) ഇവരെയൊക്കെ എനിക്ക് ഇഷ്ടമാണ്. ബഹുമാനമാണ്. സര്‍വരാജ്യ കാര്‍ട്ടൂണിസ്റ്റുകളേ സംഘടിക്കുവിന്‍ നിങ്ങള്‍ക്കു നഷ്ടപ്പെടാന്‍ അല്പജ്ഞനായ കൃഷ്ണന്‍നായരുടെ ഹാസ്യചിത്ര വിദ്വേഷമല്ലാതെ വേറൊന്നുമില്ല.
  2. ഡിസ്റെയ്ലിയുടെ Henrietta Temple എന്ന നോവലിന്റെ അനുകരണമാണ് ഒ. ചന്തുമേനോന്റെ മാസ്റ്റര്‍ പിസായ നോവലെന്നു പലരും പറഞ്ഞതു കേട്ടു ഞാന്‍ ആ നോവല്‍ അന്വേഷിക്കുകയായിരുന്നു. ഒരിടത്തും കിട്ടിയില്ല. അങ്ങനെയിരിക്കെ തിരുവനന്തപുരത്തെ ആര്‍ട്സ് കോളേജ് ലൈബ്രറിയില്‍ ഞാന്‍ ആ പുസ്തകം കണ്ടു. “ആര്‍ത്തി”യോടെ എടുത്തു വായിച്ചു. ഫെര്‍ഡിനന്‍ഡ് എന്നൊരു സാഹസികന്‍ ഒരുത്തിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതും അപ്പോള്‍ പാവപ്പെട്ട ഹെന്‍ട്രീറ്റയെ കാണുന്നതും അവളെ പ്രേമിക്കുന്നതും നിര്‍ദ്ധനയായ ഹെന്‍ട്രീറ്റ പൊടുന്നനെ ധനികയായി മാറുന്നതും മറ്റും വിവരിക്കുന്ന ഒരു പറട്ട നോവലാണ് ഡിസ്റെയ്ലിയുടെ ‘ഹെന്‍ട്രീറ്റ റ്റെമ്പിള്‍’ ജീവിതത്തിന്റെ അംശംപോലുമില്ലാത്ത ഒരു രചന. ചന്തുമേനോന്റെ നോവല്‍ അങ്ങനെയല്ല. അത് ജീവിതംകൊണ്ടു തുടിക്കുന്നു.
  3. മിത്തുകളും നാടോടിക്കഥകളും ചേര്‍ത്ത് സറീയലിസത്തിന്റെ ടെക്നിക് ഉപയോഗിച്ചു നോവലുകളും കഥകളും എഴുതിയ ഈത്താലോ കാല്‍വീനോ ലോകസാഹിത്യത്തിലെ ഒരു മഹാസംഭവമാണ്. ആളിനെ സംഭവമാക്കിപ്പറയുന്ന തെറ്റ് വായനക്കാര്‍ സദയം ക്ഷമിക്കണം. ഈ സറീയലിസ്റ്റിക് ടെക്നിക്കിലൂടെ അദ്ദേഹം സമകാലികലോകത്തെ പരിഹാസപൂര്‍വം ചിത്രീകരിക്കുന്നു. നാടോടിക്കഥകളില്‍ തല്‍പരനായ കാല്‍വീനോ ഇറ്റലിയിലെ അത്തരം കഥകളില്‍ തല്‍പരനായതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. ഇരുന്നൂറു നാടോടിക്കഥകള്‍ സമാഹരിച്ച് കാല്‍വീനോ പ്രസാധനം ചെയ്ത Italian Folktales എന്ന പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണെന്നുപോലും പറയുന്നവരുണ്ട്. ജീവിതത്തിന്റെ ആന്തരമായ അര്‍ത്ഥം ധ്വനിപ്പിക്കുമാറ് കാല്‍വീനോ ഓരോ കഥയും പുനരാഖ്യാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ സമുജ്ജ്വലമായ അവതാരിക ഈ ഗ്രന്ഥത്തിനു ഭൂഷണമാണ്. A magic book and a classic എന്ന് റ്റൈം വാരികവാഴ്ത്തിയ ഈ കഥാസമാഹാര ഗ്രന്ഥത്തിന്റെ പാരായണം കാല്‍വീനോയുടെ നോവലുകളുടെയും കഥകളുടെയും അര്‍ത്ഥങ്ങളെ കൂടുതല്‍ സ്പഷ്ടമാക്കിത്തരും (Penguin Books, Pages 761, V.K. 15, Spl Indian Price GBP 7.99).