close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 04 16


സാഹിത്യവാരഫലം
Mkn-13.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1999 04 16
മുൻലക്കം 1999 04 09
പിൻലക്കം 1999 04 23
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

റഷ്യൻ കവിയും നോവൽ രചയിതാവായ പസ്ത്യർനക്ക് (Pasternak, 1890–1960) 1960 മേയ് 30-ആം ന് മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹസംസ്കാരം അസാധാരണവും ഗഹനുമയ സംഭവമായിരുന്നുവെന്ന് സൽഷെനീറ്റ്സന്റെ (Solzhenitsyn) ജീവചരിത്രം എഴുതിയ നോവൽ കർത്താവ് ഡി. എം. തോമസ് പറയുന്നു. (Alexander Solzhenitsyn, A Century in his life, Abacus, 1999, Pages 583.) അനന്തശക്തിയുള്ള രാജ്യത്തിന് കവിതയെ അവഹണിക്കാനാവില്ലെന്ന് അത് ആദ്യമായി തെളിയിച്ചു. യാഥാസ്തിതികങ്ങളായ മതകർമ്മങ്ങൾ അനുഷ്ഠിക്കപ്പെട്ടു. സുഹൃത്തുക്കൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ, കൃഷിക്കാർ ഇവരെല്ലാം വിഷാദമഗ്നമായ മുഖങ്ങളോടുകൂടി കടലായി മാറി. മഹാനായ റഷ്യൻ സാഹിത്യകാരൻ സിനഫസ്കിയും (Sinyavsky, born Oct 8, 1825) അദ്ദേഹത്തെപ്പോലെ അതുല്യപ്രഭാവന്മാരും ചേർന്ന് ശവപ്പെട്ടി എടുത്തു. മരണം പസ്ത്യർനക്കിന് ദാന്തെയുടെ മുഖശ്രീ നൽകിയത്രേ. യുവാവായ ഒരു ഭൗതികശാസ്ത്രജ്ഞൻ ‘ഡോക്ടർ ഷിവാഗോ’ എന്ന നോവലിലുള്ള ഹാംലിറ്റ് എന്ന കവിത വായിച്ചു. ‘Glory to Pasternak’ എല്ലാവരും ചേർന്ന് ഉച്ചത്തിൽ പറഞ്ഞു. ശവപ്പെട്ടി താഴ്ത്തിയപ്പോൾ പൂക്കളുടെ ശോഭയെങ്ങും. സംസ്കാരം കഴിഞ്ഞിട്ടും ആളുകൾ പരിഞ്ഞുപോയില്ല. കവിതകൾ വായിക്കപ്പെട്ടു. ചിലർ ഹൃദിസ്ഥങ്ങളായ കവിതകൾ ചൊല്ലി. മഴ പെയ്യുന്നു. എന്നിട്ടും അവർ അവിടെത്തന്നെ നിന്നു. സ്റ്റാലിനിസം നിലവിലിരുന്ന കാലയളവിൽ ഇമ്മാതിരി ശവസംസ്കാരകർമ്മം നടക്കില്ലെന്ന് ജീവചരിത്രകാരൻ എഴുതുന്നു.

ഇനി സ്റ്റാലിന്റെ കാലയളവിലെ ഒരു അനുഭവം. സ്റ്റാലിന് ഹാംലിറ്റ് നാടകം ഇഷ്ടമായിരുന്നില്ല. മോസ്കോ ആർട് തീയേറ്ററിൽ ആ നാടകത്തിന്റെ റിഹേഴ്‌സൽ - അഭിനയ പരിശീലനം - നടക്കുമ്പോൾ ‘ഇതെന്ത് ആവശ്യം. “ആർട് തീയേറ്ററിൽ ഹാംലിറ്റ് നാടകമോ?” എന്ന് ചോദിച്ച് സ്റ്റാലിൻ അത് തടഞ്ഞു. റഷ്യൻ അഭിനേതാവും നാടകസംവിധായകനുമായ മൈർഹൊൾറ്റ് (Meyerhold, 1874–1940) പസ്ത്യർനക്കിനെക്കൊണ്ട് ‘ഹാംലിറ്റ്’ തർജ്ജമ ചെയ്യിച്ചെങ്കിലും ഒരിക്കലും അത് അഭിനയിക്കപ്പെട്ടില്ല. സ്റ്റാലിൻ മൈർഹൊൾറ്റിന്റെ തീയേറ്റർ 1938-ൽ അടച്ചുപൂട്ടി. രണ്ടു കൊല്ലം കഴിഞ്ഞ് അദ്ദേഹത്തെ (സംവിധായകനെ) അറസ്റ്റ് ചെയ്തു. സ്വന്തം മൂത്രം കുടിക്കാൻ അദ്ദേഹം നിർബന്ധിതനായി. മൈർഹാൾറ്റിന്റെ ഇടതുകൈ അടിച്ചൊടിച്ചു. വലതു കൈകൊണ്ട് കുറ്റസമ്മതം ഒപ്പിടേണ്ടി വന്നു ആ പ്രതിഭാശാലിക്ക്. N.K.V.D–യിലെ ചിലർ അദ്ദേഹത്തിന്റെ വീട്ടിൽ കതക് ചവിട്ടിപ്പൊളിച്ചുകയറി, അദ്ദേഹത്തിന്റെ ഭാര്യയെ പതിനേഴുതവണ കുത്തി. അവരുടെ കണ്ണുകളിലും കത്തി കുത്തിത്താഴ്ത്തുകയുണ്ടായി. ആ സ്ത്രീ നിലവിളിച്ചെങ്കിലും അയൽവീട്ടുകാരിൽ ആരും സഹായിക്കാനെത്തിയില്ല. റഷ്യൻ ഗാനരചയിതാവ് ഷസ്തകോവ്‌യിച്ച് (Shastakovich, 1906–1975) പറഞ്ഞിട്ടുണ്ട്, മൈർഹൊൾറ്റിന് ഭാര്യയോട് ഗാഢപ്രണയമുണ്ടായിരുന്നുവെന്ന്. കൊല്ലുന്നതിനുമുൻപ് അവരെ ബലാത്സംഗം ചെയ്തിരിക്കാമെന്നും ഡി.എം. തോമസ് എഴുതുന്നു. സൈന്യത്തിന്റേയും പൊലീസിന്റെയും അസാധരണമായ ശക്തികൊണ്ട് ജനതയുടെ വായടയ്ക്കുകയും പത്രങ്ങളെ വീര്യരഹിതമാക്കുകയും ചെയ്ത സമഗ്രാധിപത്യത്തിന്റെ സവിശേഷതയാണ് നാടകസംവിധായകന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടേയും ദുരന്തങ്ങളിൽ നമ്മൾ കാണുന്നത്. ക്രൂഷ്ചോഫിന്റെ (Khrushchev, 1894–1971) ഭരണകാലത്തുണ്ടായ രാഷ്ട്രവ്യവഹാരസംബന്ധിയായ ‘ആർദ്രീകരണ’മാണ് പസ്ത്യർനക്കിന്റെ ആ വിധത്തിലുള്ള ശവസംസ്കാരത്തിന് ഹേതുവായത്. ഈ രണ്ടു കാലയളവിലും ജീവിച്ച് സ്റ്റാലിന്റെ സമഗ്രാധിപത്യത്തോട് ധീരനായി പൊരുതുകയും ക്രൂഷ്ചോഫിന് ശേഷമുണ്ടായ അധികാരപ്രയോഗത്തോട് ഭയരഹിതനായി പടവെട്ടുകയും ചെയ്ത വ്യക്തിയാണ് സൽഷെനീറ്റ്സൻ.

ലെനിനിസ്റ്റായിട്ടാണ് സൽഷെനീറ്റ്സൺ രാഷ്ട്രവ്യവഹാര ജീവിതം ആരംഭിച്ചത്. പക്ഷേ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോട് അടുപ്പിച്ച് അദ്ദേഹം എഴുതിയ കത്തിൽ സ്റ്റാലിനെക്കുറിച്ച് പറഞ്ഞ ഒരുനേരമ്പോക്ക് അദ്ദേഹത്തെ എട്ടു കൊല്ലത്തെക്ക് കാരാഗൃഹവാസത്തിലെക്ക് നയിച്ചു. ക്യാൻസർ സൽഷെനീറ്റ്സനെ സമാക്രമിച്ചെങ്കിലും സ്വന്തം ഇച്ഛാശക്തികൊണ്ട് അദ്ദേഹം അതിനെ ജയിച്ചടക്കി. 1956-ൽ സ്വതന്ത്രനായ അദ്ദേഹം സെൻട്രൽ റഷ്യയിലെ റീയസാൻ (Ryazan) നഗരത്തിൽ താമസമാക്കി നോവലുകൾ എഴുതാൻ ആരംഭിച്ചു. 1962-ൽ പ്രസിദ്ധീകരിച്ച ‘One day in the life of Ivan Denisovich’ എന്ന ചെറിയ നോവൽ സൽഷെനീറ്റ്സനെ വിശ്വവിഖ്യാതനാക്കി. തുടർന്നു വന്ന “The First Circle” (1968), “Cancer Ward” (1968), “August 1914” (1971) ഈ മഹായശസ്സിന് സ്ഥിരത നൽകി. 1970-ൽ അദ്ദേഹത്തിന് നോബൽസമ്മാനം കിട്ടിയെങ്കിലും അതു വാങ്ങാൻ പോയില്ല. പോയിട്ട് തിരിച്ചുവരുമ്പോൾ ജന്മനാട്ടിൽ പ്രവേശനം നിഷേധിക്കുമെന്ന ഭയം കണ്ടാണ് അദ്ദേഹം സ്വീഡനിലെ സ്റ്റോക്‌ഹോമിലേക്ക് പോകാത്തത്. 1973-ൽ ‘The Gulag Archipelago’ എന്ന ഗ്രന്ഥം പാരീസിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ സോവിയറ്റ് അധികാരികൾ കോപാകുലരാകുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1974 ഫെബ്രുവരിയിൽ സൽഷെനിറ്റ്സൺ സോവിയറ്റ് യൂണിയനിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ടു. അമേരിക്ക ദ്ദേഹത്തിന് സ്വാഗതം അരുളി. സോവിയറ്റ് യൂണിയനിൽ ഭരണത്തെ സംബന്ധിച്ച പരിവർത്തനം ഉണ്ടായപ്പോൾ സൽഷെനീറ്റ്സന് സോവിയറ്റ് പൗരത്വം നൽകി, അധികാരികൾ. 1994-ൽ അദ്ദേഹം റഷ്യയിലെക്ക് തിരിച്ചുപോയി.

കലാകാരനായ സൽഷെനീറ്റ്സന് വലിയ വിമർശകർ വലിയ സ്ഥാനമാണ് നൽകിയത്. വിശേഷിച്ചും ലൂക്കാച്ച്. “…his mode of writing, with its concern for the quotidian reality of the Stalinst era and its human alternatives breakes new ground in its treatment of the problems of survival or going under” എന്നാണ് ‘One Day’ – യെക്കുരിച്ച് ലൂക്കാച്ചിന്റെ പ്രശംസ. കാഫ്കയെയും സാമുവൽ ബക്കിറ്റിനെയും വിമർശിക്കുന്ന ലൂക്കാച്ച് സൽഷെനീറ്റ്സന്റെ “The First Circle”, “Cancer Ward” ഈ നോവലുകൾ ഉത്കൃഷ്ടങ്ങളാണെന്ന് പ്രസ്താവിക്കുന്നു. കലാകാരനായ സൽഷെനീറ്റ്സനെ ‘അളന്നുമുറിച്ച’ ഭാഷയിലേ നിരൂപണം ചെയ്യുന്നുള്ളൂ ഡി. എം. തോമസ്. അദ്ദേഹത്തിന്റെ ആന്റി കോമ്യൂണിസത്തേയും മിതമായ വാക്കുകൾ കൊണ്ട് മാത്രമേ തോമസ് പ്രകാശിപ്പിക്കുന്നുള്ളൂ. സുദീർഘമാണ് ഈ ജീവചരിത്രമെങ്കിലും ഇതു വായിച്ചു തീരുമ്പോൾ ‘ഇതാ ഒരുജ്ജ്വല പുരുഷൻ. ഇതാ മഹാനായ കലാകാരൻ’ എന്ന് നമ്മൾ പറയുന്നില്ല. പിന്നെ എന്തുകൊണ്ട് ഇത്ര ദീർഘത വന്നു ഈ ജീവചരിത്രത്തിന്? ഇത് സ്റ്റാലിൻ തൊട്ടുള്ള സോവിയറ്റ് യൂണിയന്റെ ചരിത്രം കൂടിയാണ്. ആ ചരിത്രം രേഖപ്പെടുത്തുമ്പോഴും മിതത്വം പരിപാലിക്കുന്നു തോമസ്.

ലൂക്കാച്ചും അദ്ദേഹത്തെപ്പോലെയുള്ള മഹാന്മാരായ വിമർശകരുമെവിടെ? ഞാനെവിടെ? എങ്കിലും സ്വന്തം അഭിപ്രായം പ്രകാശിപ്പിക്കേണ്ടതല്ലേ? ‘One day’ കഴിഞ്ഞുള്ള സൽഷെനീറ്റ്സിന്റെ നോവലുകൾ ദുർബ്ബലങ്ങളാണെന്നാണ് എന്റെ പക്ഷം. സോവിയറ്റ് സർക്കാരിന്റെ സമഗ്രാധിപത്യശക്തിക്ക് എതിരായി പോരാടിയ ഒരു ധീരന്റെ ആത്മശക്തിയെ അദ്ദേഹത്തിന്റെ കൃതികളിലേക്കും നിരൂപകർ സംക്രമപ്പിച്ചില്ലേ എന്നാണ് എന്റെ സംശയം. ഏതു മാനദണ്ഡം വച്ചു നോക്കിയാലും സിനഫസ്കി സൽഷെനീറ്റ്സിനേക്കാൾ വലിയ കാലാകാരനാണ്. അദ്ദേഹത്തിന് നോബൽ സമ്മാനം കിട്ടിയില്ലെന്ന് മാത്രം. സൽഷെനീറ്റ്സിന്റെ യശസ്സിന് ക്രമാനുഗതമായ മങ്ങൽ സംഭവിക്കുന്നതിന്റെ ഹേതുവെന്താണെന്ന് ആലോചിച്ചുകൊണ്ട് തോമസ്സിന്റെ ഈ ഗ്രന്ഥം വായിക്കേണ്ടതാണ്.

ഭയജനകം

ആദർശം പഴഞ്ചന്മാർക്ക്: പ്രായോഗികത സമകാലികരായ പെണ്ണുങ്ങൾക്ക്.

വർഷം 1944. ഞാൻ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുകയാണ്. താമസം വൈ. എം.സി.എ. യുടെ നേരേ എതിർ വശത്തുള്ള ഗൗഡസാരസ്വത ബ്രാഹ്മണരുടെ വകയായ ലോജ്ജിൽ (ലോഡ്ജിൽ). വാതിൽ കുറ്റിയിട്ട്, ജന്നൽ തുറന്നിട്ട് ഞാൻ രാത്രി ഉറങ്ങുകയാണ്. അർധരാത്രി കഴിഞ്ഞിരിക്കണം. ജന്നലിന്റെ അടുത്ത് എന്തോ ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ പേടിപ്പിക്കുന്ന മുഖം. അത് കൂടുതൽ ഭയദായകമായി പല്ലിളിച്ചുകാണിക്കുന്നു. ഞാൻ ഞെട്ടി. ആ കെട്ടിടം മുഴുവൻ വിറയ്ക്കുമാറ് നിലവിളി എന്നിൽ നിന്നുയർന്നു. അടുത്ത മുറിയിൽ താമസിച്ചിരുന്ന എന്റെ സ്നേഹിതൻ പി. കരുണാകരന്നായർ (പിൽക്കാലത്ത് ആർട്സ് കോളേജിലെ പ്രൊഫസർ) ഓടിയെത്തി. അദ്ദേഹത്തിന്റെ വരവുകണ്ട് സംഗതി വഷളായേക്കുമെന്നു കരുതി കൃത്രിമ മുഖം ദൂരെ വലിച്ചെറിഞ്ഞിട്ട് എന്നെ പേടിപ്പിച്ചയാൾ ഓടി മറയാൻ ഭാവിച്ചു. കരുണാകരൻ നായർ വിട്ടില്ല. അദ്ദേഹം ഓടിച്ചെന്ന് അയാളൂടെ കഴുത്തിൽപ്പിടിച്ചു. ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ കൃത്രിമ മുഖം വച്ച് വന്നയാൾ അടികൊണ്ട് നിലത്ത് വീഴുമായിരുന്നു.

നമ്മുടെ ചെറുകഥകളൂം അർത്ഥരഹിതങ്ങളായ വാദപ്രതിവാദങ്ങളുടെ റിപ്പോർട്ടുകളും വായിച്ച് മയങ്ങിക്കിടക്കുന്ന എന്റെ മുൻപിൽ ഇതാ വച്ചുകെട്ടിയ ഒരു ഭയാനകമുഖം. അത് സുജാതയുടെ ‘ജ്ഞാനോദയം’ എന്ന കഥയാണ്. തമിഴ് കഥയുടെ ഭാഷാന്തരീകരണമാണ്. മൗനിയുടെ നാട്ടിൽ നിന്ന് തകഴി, ഉറൂബ്, വൈക്കം ബഷീർ ഇവരുടെ നാട്ടിലേക്ക് ഈ പേടിപ്പിക്കുന്ന രൂപത്തെ വലിച്ചിഴച്ചുകൊണ്ടുവന്നത് കെ. എസ്. വിശ്വനാഥനാണ്.

ആകർഷകത്വമുള്ള ഒരു റിസപ്ഷനിസ്റ്റിനെക്കണ്ട് ഒരുത്തൻ പ്രേമത്തിൽ വീഴുന്നു. അവളൂടെ അച്ഛൻ ഗാന്ധിസത്തിൽ വിശ്വസിക്കുന്നവൻ. കാമവെറി പൂണ്ടവന്റെ സ്വത്തെല്ലാം ഉപേക്ഷിച്ചിട്ട് ചെല്ലാമെങ്കിൽ മകളെ വിവാഹം കഴിച്ചുകൊടുക്കാമെന്ന് തന്ത അയാളോട് പറയുന്നു. ഏഭ്യൻ കാമുകൻ എല്ലാം ത്യജിക്കപ്പെട്ട് ചെല്ലുമ്പോൾ വിവാഹം. പക്ഷേ പെണ്ണിന്റെ നിർദ്ദേശം ഉപേക്ഷിച്ചതെല്ലാം തിരിച്ച് നേടിക്കൊള്ളണം അയാൾ എന്നാണ്. ആദർശം പഴഞ്ചന്മാർക്ക്: പ്രായോഗികത സമകാലികരായ പെണ്ണുങ്ങൾക്ക്. ഇത് വ്യക്തമാക്കാനാണ് സുജാത പതിനാറാം ശതാബ്ദത്തിൽപ്പോലും ആരും സ്വീകരിക്കാത്ത ഒരിതിവൃത്തമെടുത്ത് ഇരുപതാം ശതാംബ്ദത്തിലെ വായനക്കാരുടെ മുൻപിൽ വയ്ക്കുന്നത്. സാമാന്യ ജനതയ്ക്കോ വ്യക്തിക്കോ മൂല്യമുള്ളതായി തോന്നാത്ത ഈ ഈതിവൃത്തം ചാരുത ഒട്ടുമില്ലാതെ സുജാത പ്രതിപാദിക്കുന്നു. ഇത് കഥാരചനയല്ല. ഒരു തരത്തിലുള്ള violence ആണ്, aggression ആണ്. സാഹിത്യത്തെക്കുറിച്ച് ഗൗരവപൂർണ്ണമായ വീക്ഷണത്തിന് കഴിയാത്തവർ ചെറുകഥകളെന്ന വ്യാജേന അലവലാതി വർത്തമാനം പറഞ്ഞു മനുഷ്യരെ പീഡിപ്പിക്കരുത്. അതൊരു സോഷ്യൽ ക്രൈമാണ്.

* * *

മീദസ്സ് രാജാവിനെപ്പോലെയാണ് ചെക്കോവ് (ചേഹോഫ് എന്നായിരിക്കണം റഷ്യൻ ഉച്ചാരണം) എന്ത് അദ്ദേഹം തൊട്ടാലും പൊന്നായി മാറും. ക്ഷുദ്രസംഭവങ്ങളെപ്പോലും തിളങ്ങുന്ന സ്വർണ്ണാഭരണങ്ങളെപ്പോലെയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന് തെളീവ് എപ്പോഴുമുണ്ട്. തീരെ ക്ഷുദ്രമായവ പോലും ചെക്കോവിന്റെ കൈയിൽ സുവർണ്ണാമയൂഖങ്ങൾ വീശുന്ന പണ്ടങ്ങളായി പരിവർത്തനം ചെയ്യുന്നുവെന്നതിന് ഇപ്പോൽ കൂടുതൽ തെളിവ് ലഭിച്ചിരിക്കുന്നു. ഇതുവരെ നമ്മളറിഞ്ഞിട്ടില്ലാത്ത മുപ്പത്തിയെട്ട് കഥകൾ ഇപ്പോൾ കണ്ടുപിടിച്ച് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നു. ആ കഥാസമാഹാരത്തിന്റെ റെവ്യൂ ഞാൻ ഒരു വാരികയിൽ വായിച്ചു. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് നിലവിളി ഉയരുന്നു. ‘പൊലീസ്, പൊലീസ്’ കഥ പറയുന്ന ആൾ ചെന്നുനോക്കിയപ്പോൾ ഒരുത്തൻ ഫസ്റ്റ് ക്ലാസ്സ് കമ്പാർട്ട്മെന്റിന്റെ അടുത്തുനിന്ന് സ്വന്തം കാലുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്നു: “ഈ പാവം ഉറങ്ങുമ്പോൾ ആരോ ഷൂസും സോക്സും ഊരിയെടുത്തുകൊണ്ട് പോയി. എനിക്ക് റേവൽ (Revel) വരെ പോകേണ്ടിയിരിക്കുന്നു” അയാളുടെ മുൻപിൽ നിൽക്കുന്ന ഒരു പോലീസുകാരൻ പറയുന്നു: “ഇവിടെ നിന്ന് ആക്രോശിക്കുന്നത് നിയമവിരുദ്ധമാണ്.”

ഭാര്യയെ വഞ്ചിക്കാത്ത ഒരു ഭർത്താവും ഇന്നുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാൻ പോകുന്നുമില്ല.

“How I came to be lawfully wed” എന്ന ചെറുകഥ ഇതിനേക്കാൾ രസകരമാണ്. അച്ഛനമ്മമാർ ഒരു പെൺകുട്ടിയെയും ആൺകുട്ടിയെയും വിവാഹത്തിലേക്ക് തള്ളീനീക്കുന്നു. പെൺകുട്ടിക്ക് വേറേ കാമുകനുണ്ട്. ആൺകുട്ടിക്ക് വേറേ കാമുകിയും. പ്രേമമില്ലായ്മ പ്രഘ്യാപിച്ചതിനു ശേഷം അവർ അച്ഛനമ്മമാരുടെ അടുക്കലേക്ക് ഓടിച്ചെന്ന് എല്ലാ അഭിപ്രായവ്യത്യാസങ്ങളും തീർന്നുവെന്ന് അറിയിക്കുന്നു.

ഭർത്താവ്
അവർ ഞങ്ങളെ വിവാഹം കഴിപ്പിച്ചല്ലോ.ഇന്ന് ഞങ്ങളുടെ വിവാഹത്തിന്റെ രജതജൂബിലിയാണ്. ഒരു ശതാബ്ദത്തിന്റെ കാൽ ഭാഗം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. ആദ്യമൊക്കെ അത് ഭയജനകമായിരുന്നു. ഞാൻ അവളെ നോക്കി ശാപവാക്കുകൾ പറഞ്ഞു. അവളെ അടിച്ചു. പശ്ചാത്തപിച്ചു. എന്നിട്ട് അവളെ സ്നേഹിക്കാൻ തുടങ്ങി. പശ്ചാത്താപം കുഞ്ഞുങ്ങളെ കൊണ്ടു വന്നു. പിന്നീട് ശരീരങ്ങൾ അന്യോന്യം ചേർച്ചയോടെ കഴിഞ്ഞുകൂടി. ഈ നിമിഷത്തിൽ എന്റെ ഓമന എന്റെ നേരേ പിറകിൽ നിൽക്കുകയാണ്. എന്റെ തോളുകളിൽ കൈകൾ വച്ച് അവൾ എന്റെ കഷണ്ടിപ്പൊട്ടിൽ ഉമ്മ വയ്ക്കുകയാണ്.

പ്രിയപ്പെട്ട വായനക്കാരേ ഇങ്ങനെയൊക്കെയാണ് പ്രതിഭാശാലികൾ എഴുതുന്നത്. ഇവയിലെ ജീവിതസംഭവങ്ങൾ പാറക്കെട്ടുകളാണെന്ന് കരുതൂ. അവയുടെ ഇടയിൽ വിരിഞ്ഞുനിൽക്കുന്ന പനിനീർപ്പൂക്കളാണ് ഈ ബാല്യകാലകഥകൾ. ഇതുപോലെ ആർക്കെഴുതാൻ കഴിയുന്നുവോ അയാളാണ് കലാകാരൻ.

ചോദ്യം, ഉത്തരം

Symbol question.svg.png ആന പോയ വഴിയിൽ അതിന്റെ കാല്പാടുകൾ കണ്ടാൽ ആന പോയിയെന്ന് അറിയാം. സുന്ദരി പോയ വഴിയിൽ നോക്കിയാൽ ഒന്നും കാണില്ലല്ലോ പ്രൊഫസറേ?

വെണ്മയാർന്ന പ്രാവ് അന്തരീക്ഷത്തിലൂടെ പറന്ന് അപ്രത്യക്ഷമായാൽ അതിന്റെ വെണ്മ ശൂന്യാകാശത്ത് പതിഞ്ഞിരിക്കും. സുന്ദരി നടന്ന വഴിയിൽ നോക്കൂ. അവളുടെ സൗന്ദര്യത്തിന്റെ രശ്മികൾ അവിടെ ശോഭയുണ്ടാക്കിയിരിക്കും” (എന്നെ പ്രൊഫസർ എന്ന് വിളിക്കരുത്. എനിക്ക് മലയാളത്തിലെ അക്ഷരങ്ങൾ എല്ലാമറിയാം.).

Symbol question.svg.png “താനേ തിരിഞ്ഞും മറിഞ്ഞും കിടക്കയാണീ നേരമൊക്കെത്തുടിക്കും കരളൂമായ്” എന്ന് ജി. എഴുതിയത് സാഹിത്യവാരഫലമെഴുതുന്ന നിങ്ങളെ ഉദ്ദേശിച്ചല്ലേ?

അല്ല. ഏതൊ പെണ്ണിനെക്കണ്ട് കാമാർത്തനായിത്തീർന്ന നിങ്ങളെ ഉദ്ദേശിച്ചാണ് മഹാകവി അതെഴുതിയത്. രാത്രി ഏറെ നേരമിരുന്ന് എഴുതിയാൽ എനിക്ക് ഉറക്കം വരില്ല. എന്നെ പൊടുന്നനെ നിദ്രയിലേക്ക് കൊണ്ടുചെലുന്ന വേലിയം ഗുളിക എന്റെ കൈയിലുണ്ട്.

Symbol question.svg.png “പാവങ്ങൾ” എന്ന നോവലിലെ ഏതുഭാഗമാണ് നിങ്ങളെ രസിപ്പിച്ചത്?

അതിലെ ഓരോ വാക്യവും എന്നെ രസിപ്പിക്കും. ഷാങ് വൽ ഷാങ് കിടക്കാനിടമില്ലാതെ, ഭക്ഷണം കിട്ടാൻ മാർഗ്ഗമില്ലാതെ നടക്കുമ്പോൾ, ഒരു വീട്ടിന്റെ ജന്നലിലൂടെ നോക്കി ഒരു കുടുംബം ആഹ്ലാദിച്ചിരിക്കുന്നത് അയാൾ കണ്ടു. ഈ ഭാഗം എന്നെ ഏറെ രസിപ്പിച്ചു. അങ്ങനെയൊരു കുടുംബത്തെക്കാണാൻ ഷാങ് വൽ ഷാങിന് കഴിഞ്ഞു. എനിക്ക് ഇന്നുവരെ അതിന് കഴിഞ്ഞിട്ടില്ല. അതിലെനിക്ക് നിരാശതയുണ്ട്.

Symbol question.svg.png

പാമ്പിന്റെ രത്നം കൊതിയന്റെ വിത്തം
സതീകുചം കേസരിതന്റെ കേശം
ഇവറ്റിലന്യന്റെ കര പ്രചാരം
മരിക്കിലല്ലാതെ ഭവിക്കയില്ല

ശരിയല്ലേ?
ശരിയല്ല. പാമ്പിന് രത്നം എവിടെ? ലുബ്ധൻ വേണ്ടിവരുമ്പോൾ പണം നിർല്ലോഭം ചെലവാക്കും. പിന്നെ സതീകുചം. റെഡ്മണ്ട് മോറിസ് പറഞ്ഞിട്ടുണ്ട്, നാല്പതു ശതമാനം വിവാഹിതകളും പരപുരുഷഗമനം നടത്തുന്നുവെന്ന്. കേരളത്തിൽ ആ ശതമാനം കൂടുതലാണ്. പുരുഷന്മാർക്കുള്ളിടത്തോളം വ്യഭിചാരം സ്ത്രീകൾക്കില്ല എന്നതു ശരി. ഭാര്യയെ വഞ്ചിക്കാത്ത ഒരു ഭർത്താവും ഇന്നുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാൻ പോകുന്നുമില്ല (ഈ ഉത്തരത്തിന് പ്രചോദനം മാർകേസിന്റെ പ്രസ്താവം).

Symbol question.svg.png ചെറുപ്പക്കാരന് ജോലി കിട്ടാതെയാവുമ്പോൾ ഉണ്ടാകുന്ന നിരാശയെക്കാൾ വലിയ നിരാശയുണ്ടോ?

“നാളെ വൈകുന്നേരം അഞ്ചുമണീക്ക് കടപ്പുറത്തെ മണ്ഡപത്തിനടുത്ത് വരണം. ഞാൻ കാത്തുനിൽക്കും.” എന്ന് കാമുകിയോടു പറഞ്ഞിട്ട് കാമുകൻ പോകുന്നു. അടുത്ത ദിവസം അഞ്ചുമണിക്ക് മുൻപായി അയാൾ അവിടെച്ചെന്ന് നിൽക്കുന്നു. ഏഴുമണികഴിഞ്ഞിട്ടും അവൾ വരുന്നില്ല. കടല വിൽക്കുന്ന ചില പിള്ളേരെയും കറുത്ത കടലിനേയും ദൂരെ കരയിൽ കരറ്റിവച്ച വള്ളങ്ങളേയും കണ്ടുകൊണ്ട് അയാൾ തിരിച്ചുനടക്കുന്നു. ഈ സമയത്തുണ്ടാകുന്ന നൈരാശ്യത്തിന് മറ്റേത് നൈരാശ്യത്തേക്കാളും തീവ്രതയുണ്ടായിരിക്കും (നിരാശത എന്നോ നൈരാശ്യമെന്നോ വേണം).

Symbol question.svg.png നിങ്ങളുടെ കൈയിലുള്ള പുസ്തകങ്ങളുടെ സ്വഭാവം വ്യക്തമാക്കാമോ?

ഒറ്റ നോട്ടത്തിന് എല്ലാം പുസ്തകങ്ങൾ. ഓരോന്നുമെടുത്ത് നോക്കിയാൽ ഓരോ വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. എനിക്ക് മനസ്സിലാകാത്ത ബർട്രൻഡ് റസ്സലിന്റെ ‘Principia Mathematica’ വരെ അവയിൽ കാണും. ഈ പട്ടണത്തിൽ എനിക്കൊരു സ്നേഹിതനുണ്ടായിരുന്നു. കുറഞ്ഞത് പത്തു ഫൗണ്ടൻ പേനകളെങ്കിലും അദ്ദേഹം ഷേർട്ടിന്റെ പോക്കറ്റിൽ വച്ചിരിക്കും. ‘എന്തിന് ഇത്ര വളരെ പേനകൾ?’ എന്ന് ചോദിച്ചാൽ മറുപടി പറയുകയില്ല, അദ്ദേഹം. പിന്നീട് ഞാൻ കാര്യം ഗ്രഹിച്ചു. ഒന്നിൽ നീലമഷി, വേറൊന്നിൽ പച്ചമഷി, മറ്റൊന്നിൽ ചുവന്ന മഷി, ഒരു പേനയിൽ രാസ്നാദിപ്പൊടി. മറ്റൊരു പേനയിൽ മൂക്കിപ്പൊടി. വേറൊന്നിൽ ടിങ്ചർ അയഡിൻ. ഇത്രയും മുൻകരുതലുകൾ ഉണ്ടായിട്ടും പാവം നേരത്തേ പോയി. ഈ സുഹൃത്തിന്റെ പേനക്കൂട്ടം പോലെയാണ് എന്റെ പുസ്തകക്കൂട്ടവും.


ഹനുമാൻ ചാട്ടം

തങ്ങൾക്ക് അനുകൂലമായ വിധത്തിൽ വേറൊരാളിനെ ശരിപ്പെടുത്തിയെടുക്കുക എന്നത് ചിലരുടെ സ്വഭാവമാണ്. ഉദാഹരണം ഇത് കൂടുതൽ വ്യക്തമാക്കും. എനിക്ക് ഏറെ ദോഷങ്ങളുണ്ടെങ്കിലും ഇംഗ്ലീഷിൽ ‘മാനിപ്യുലേഷൻ’ എന്നു വിളിക്കുന്ന ഈ ശരിപ്പെടുത്തിയെടുക്കൽ എന്ന ദോഷമില്ല എനിക്ക്. ആയിരം രൂപ വേണമെങ്കിൽ ഞാൻ സമ്പന്നനായ ആളിനെക്കണ്ടയുടനെ ‘ആയിരം രൂപയെടുക്കാനുണ്ടോ? രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചുതരാം” എന്നു പറയും. “അയ്യോ ഇല്ലല്ലോ എന്ന് മറുപടി ഉടനെ കിട്ടും. ഇതല്ല ചിലരുടെ മാർഗ്ഗം. കാലത്ത് എന്റെ വീട്ടിൽ വന്നുകയറുന്നു ഒരാൾ. ഇരിക്കൂ എന്നു ഞാൻ പറയുന്നു മര്യാദയുടെ പേരിൽ. വന്നയാൾ തുടങ്ങുന്നു: “ഞാൻ സാഹിത്യവാരഫലം പതിവായി വായിക്കുന്നു. ഒരു സംശയം. ബുദ്ധിപരമായ രചനകൾ മലയാളിയുടേതാണെങ്കിൽ താങ്കൾ നിന്ദിക്കുന്നു. പക്ഷേ ധിഷണാപരത്വത്തിന്റെ പേരിൽ പരകോടിയിലെത്തിയ ഉമ്പർട്ടോ എകോയുടെ നോവലുകളെ ഒന്നാന്തരമായി കാണുകയും ചെയ്യുന്നു. ഇതിനെന്തു സമാധാനം പറയുന്നു താങ്കൾ? എന്റെ സാഹിത്യസംബന്ധിയായ ആവേശമോ അത്യുത്സാഹമോ ഉദ്ദീപിപ്പിക്കപ്പെടുന്നു. ഞാനതിനു മറുപടി പറയുന്നതിനു മുൻപ് ഇരുപത്തിയഞ്ചുകൊല്ലം മുൻപ് ഞാൻ മലയാളനാടു വാരികയിലെഴുതുകയും മറന്നു പോയതുമായ ഒരു സാഹിത്യതത്ത്വത്തിന്റെ വിവിധ വശങ്ങൾ അയാൾ പ്രാഗല്ഭ്യത്തോടെ സ്പഷ്ടമാക്കുന്നു. അവിടം കൊണ്ടും തീരുന്നില്ല ഏലൻ സീസു, ക്രിസ്തേവ, ലകാങ് ഇവരുടെ സിദ്ധാന്തങ്ങളിലേയ്ക്ക് അയാൾ പാഞ്ഞു കയറുന്നു. ഇങ്ങനെ ഒരു മണിക്കൂർ വാതോരാതെ സംസാരിച്ചിട്ട് അയാൾ എഴുന്നേൽക്കുന്നു. പാണ്ഡിത്യത്തിന്റേയും സഹൃദയത്വത്തിന്റെയും കാര്യത്തിൽ അതികായനായി നിൽക്കുന്ന അയാളുടെ മുൻപിൽ ഒരാറാട്ടുമുണ്ടനായി വർത്തിക്കുന്ന എന്നോട് അയാൾ യാത്ര പറയുന്നു. വാതിൽ വരെ പോയിട്ട് തിരിച്ചു വന്ന് ഒരു കാര്യം ചോദിക്കട്ടെ ഒരു തൗസൻഡ് റുപ്പീസ് കടം തരാനുണ്ടോ? നാളെ വൈകിട്ട് ഇവിടെ എത്തിക്കാം.’ എന്ന് ഒട്ടും തല്പര്യമില്ലാത്ത മട്ടിൽ പറയുന്നു. പേരകുട്ടിയുടെ സ്ക്കൂൾ അഡ്മിഷനു കടം വാങ്ങി വച്ച പതിനായിരം രൂപയിൽ നിന്ന് ആയിരം രൂപ ഞാനെടുത്തു കൊടുക്കുന്നു. വിഡ്ഢിച്ചിരിയോടെ രൂപ കൊണ്ടു പോയ അയാളെ പിന്നെ മഷിയിട്ടു നോക്കിയാൽ പോലും കാണുകില്ല. ഇതാണു മാനിപ്യുലേഷൻ അല്ലെങ്കിൽ ‘സട്ടൽ മാനിപ്യുലേഷൻ’ ഈ വിദ്യ ഒരുപാടാളുകൾ എന്നോടു പ്രയോഗിക്കാറുണ്ട്. അറിഞ്ഞും അറിയാതെയും ഞാനതിൽ പെട്ടു പോകുകയും ചെയ്യുന്നു. ഇതി നിന്നും രക്ഷ നേടണമെങ്കിൽ ഒരു വഴിയേയുള്ളു. എന്റേയും പറ്റിക്കാൻ വരുന്ന വ്യക്തിയുടേയും ഇടയിൽ ഒരു ലക്ഷ്മണരേഖ വരച്ചു വയ്ക്കണം. ഞാൻ ആ രേഖയ്ക്കപ്പുറത്ത് കടക്കരുത്. അന്യവ്യക്തിയെ അതു കടക്കാൻ സമ്മതിക്കരുത്. അങ്ങനെ നമ്മൾ ആകസ്മികമായി ലക്ഷ്മണരേഖയിൽ എത്തുന്നു. ഒരോ സാഹിത്യകാരനുമുണ്ട് ഈ രേഖ. അത് അയാൾ കടക്കരുത്. കടന്നാൽ രചന സാഹിത്യമല്ലാതെയായിബ്ഭവിക്കും. സി. വി. രാമൻപിള്ളയ്ക്ക് ചരിത്രത്തെസ്സംബന്ധിച്ച് ഭാവനയുണ്ട്. അത് ഒരതിരുവരെ. അദ്ദേഹം അത് മറികടക്കാതെ ‘മാർത്താണ്ഡവർമ്മ’യും ‘ധർമ്മരാജാ’യും ‘രാമരാജാബഹദൂറും’ എഴുതി. ആ അതിരു ലംഘിച്ച് ‘പ്രേമാമൃതം’ എഴുതിയപ്പോൾ അദ്ദേഹം പരാജയപ്പെട്ടു. മെലോഡ്രാമയോളം എത്തുമെങ്കിലും തോമസ് ഹാർഡിയുടെ നോവലുകൾ പാരായണ യോഗ്യങ്ങളാണ്. പക്ഷേ തന്റെ മുൻപിലുള്ള രേഖ ചാടിക്കടന്ന് അദ്ദേഹം ‘The Dynasts’ എന്ന എപിക് ഡ്രാമ എഴുതിയപ്പോൾ ദയനീയമായി പരാജയപ്പെട്ടു. ഇത്രത്തോളം ദാരുണമായ വേറൊരു നാടകീയ കാവ്യം ഞാൻ വേറെ കണ്ടിട്ടില്ല.

നോവലുകൾക്കും ചെറുകഥകൾക്കും കവിതകൾക്കും ലക്ഷ്മണരേഖകളുണ്ട്. അവയെ രചയിതാക്കൾ ലംഘിച്ചാൽ ആർട്ടില്ല. സ്യൂഡോ ആർട്ടാണു ജനിക്കുക. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘സ്വപ്നത്തിൽ നിന്ന് സത്യത്തിലേയ്ക്ക് ഒരു വഴി’ എന്ന കഥയെഴുതിയ കെ. യു. നാരായണൻകുട്ടി അതിരു നടന്നോ ഓടിയോ ലംഘിക്കുകയില്ല. അതിന്റെ മുകളിൽ കൂടി ഒരു ഹനുമാൻ ചാടം ചാടുകയാണ്. ഹനുമാൻ ചാടിയതു ലങ്കയിൽ ചെല്ലാൻ. നാരായണൻകുട്ടി ചാടുന്നതു സ്യൂഡോ ആർട്ടിന്റെ മണ്ഡലത്തിലെത്താൽ. എലിയെയും ഒരു പെണ്ണിനേയും സംബന്ധിക്കുന്ന ഇക്കഥ തികച്ചും വേദനാജനകമാണ് അനുവാചകന്

ഗ്രന്ഥഗർദഭങ്ങൾ

കൊടും തിമിരത്തിൽ കത്തിച്ചു വയ്ക്കുന്ന നെയ്ത്തിരിയാണ് സാഹിത്യവാരഫലം. ഇരുട്ടിനോടു പടവെട്ടാൻ അതിനാവില്ല. എങ്കിലും അതിനു കഴിവിള്ളത് അതനുഷ്ടിക്കുന്നു.

രണ്ടു ഇംഗ്ലീഷ് പുസ്തകങ്ങൾ ആദ്യത്തെ പുറത്തിൽ കവിഞ്ഞു എനിക്കു വായിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടും നോവലുകളാണ്. ഒന്ന്: റസ്സൽ ഹോബന്റെ (Russel Hoban, 1925) ‘Riddley Walker’. രണ്ട്: ആൻതനി ബർജിസ്സിന്റെ (Anthony Burgess) ‘A Clockwork Orange’. വായിക്കാൻ കഴിയാത്തത് ഭാഷയുടെ വൈകല്യം കൊണ്ടാണ്. നല്ല ഇംഗ്ലീഷ് എഴുതിയത് സ്വിഫ്റ്റാണ്. ആധുനിക കാലത്തേയ്ക്ക് വരുമ്പോൾ ബർട്രൻഡ് റസ്സലും ആൽഡസ് ഹക്സിലിയുമാണ് മനോഹരമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തത്. ഈ പാരമ്പര്യത്തിൽ നിന്നകന്ന് ഹോബനും ബർജിസ്സും തകർന്ന ഭാഷ് പ്രയോഗിക്കുമ്പോൾ എനിക്ക് ഈ നോവലുകൾ വായിക്കേണ്ട ആവശ്യകതയില്ല്ലെന്നു തോന്നി. ചിതലരിക്കാൻ വേണ്ടി ഞാൻ ഇവയെ ചുവരലമാരിയുടെ ഒരു മൂലേയ്ക്കു തള്ളിയിരുന്നു. ഒരിക്കൽ ഞാൻ മദ്ധ്യപ്രദേശത്ത് ഒരു റോഡിൽ നിൽക്കുകയായിരുന്നു. ഒരു കഴുത എന്റെ അടുത്തുകൂടെ പോയി. അതങ്ങു പോകട്ടെയെന്നു വിചാരിച്ച് ഞാൻ അനങ്ങാതെ നിന്നു. കഴുത എന്നെ കടന്നു പോകുന്ന വേളയിൽ പുറങ്കാൽ കൊണ്ടു എന്റെ കാലിൽ ഒരു ചവിട്ടു തന്നു. അസ്സഹനീയമായ വേദനയുണ്ടായി എനിക്ക്. ഹോബന്റേയും ബർജിസ്സിന്റേയും ഗ്രന്ഥഗർദഭങ്ങൾ എന്നെ ചവിട്ടുന്നുവെന്നു കണ്ട് ഞാൻ അവയിൽ നിന്നു് ഓടിയകന്നു. ഇവരൊക്കെ ഭാഷയെ എന്തിന് എങ്ങനെ ജീർണ്ണിപ്പിക്കുന്നു? തകർക്കുന്നു?

ഈ നോവലുകൾ ‘റ്റേർമെറ്റി’-നു (ചിതൽ) ആഹാരമായി നൽകിയതിനു ശേഷം വളരെ വർഷം കഴിഞ്ഞ് ഭാഷയെ വസ്ത്രാക്ഷേപം ചെയ്യുന്നവരെക്കുറിച്ചെഴുതിയ ഒരു ഇംഗ്ലീഷ് പുസ്തകം ഞാൻ വായിച്ചു. അതിലും ഈ നോവലിസ്റ്റുകളെ നിന്ദിച്ചിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ.

മലയാളം വാരികയിൽ ജെക്കോബി എഴുതിയ ‘മെതിക്കളം’ എന്ന കഥ എത്ര പരിവൃത്തിയാണ് ഞാൻ വായിക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടതും. എന്തിന് അദ്ദേഹമിങ്ങനെ ഭാഷയ്ക്കു വക്രീകരണം നടത്തുന്നു?

* * *

സന്ധ്യയായാൽ ഇരുട്ടു വരും. അതു ക്രമേണ കനം വയ്ക്കും. അപ്പോൾ നമ്മൾ സ്വിച്ചമർത്തി വിദ്ദ്യുച്ഛക്തി വിളക്കുകൾ കത്തിക്കുന്നു. പെട്ടെന്നു കറന്റ് പോയാൽ മെഴുകുതിരി കത്തിച്ചു വയ്ക്കും. വീട്ടിൽ മെഴുകുതിരി ഇല്ലെങ്കിൽ വിദ്ദ്യുച്ഛക്തി വരുന്നതുവരെ കാത്തിരിക്കുകയേ മാർഗ്ഗമുള്ളൂ. എന്തെങ്കിലും തടസ്സം കൊണ്ട് അതു നേരം വെളുക്കുന്നതുവരെ വന്നില്ലെങ്കിലോ? അന്ധകാരത്തിനു സ്വാഗതമോതി സൂര്യൻ ഉദിക്കുന്നതുവരെ ക്ഷമയോടെ ഇരിക്കണം. സൂര്യൻ വരാതിരിക്കില്ല. സാഹിത്യത്തിലെ ഇന്നത്തെ അന്ധകാരം സത്യത്തിന്റെ അർക്കദീപ്തി നിർമ്മാർജ്ജനം ചെയ്യാതിരിക്കില്ല. അതുവരെ കാത്തിരിക്കാം. കൊടും തിമിരത്തിൽ കത്തിച്ചു വയ്ക്കുന്ന നെയ്ത്തിരിയാണ് സാഹിത്യവാരഫലം. ഇരുട്ടിനോടു പടവെട്ടാൻ അതിനാവില്ല. എങ്കിലും അതിനു കഴിവിള്ളത് അതനുഷ്ടിക്കുന്നു.