സാഹിത്യവാരഫലം 2002 07 19
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | സമകാലികമലയാളം |
തിയതി | 2002 07 19 |
മുൻലക്കം | 2002 07 12 |
പിൻലക്കം | 2002 07 26 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
സെര്‍ബിയന്‍ കവി വസ്കോ പോപയുടെ (Vasco Popa, 1922–1991) ഒരു കൊച്ചു കവിതയുടെ തര്‍ജ്ജമ:
“നിന്റെ കടാക്ഷങ്ങളുടെ തെരുവുകള്‍ക്കു് അവസാനമില്ല
നിന്റെ കണ്ണുകളില്‍ നിന്നുള്ള ‘മീവല്‍പ്പക്ഷികള്‍
തെക്കോട്ടേക്കു ദേശാന്തരഗമനം നടത്തുന്നില്ല
നിന്റെ മുലകളിലെ അസ്പന്‍ മരങ്ങളില്‍ നിന്നു് ഇലകള്‍ വീഴുന്നില്ല
നിന്റെ വാക്കുകളാകുന്ന സ്വര്‍ഗ്ഗത്തില്‍ സൂര്യന് അസ്തമിക്കുന്നില്ല”
പ്രേമകവിതയാണു് ഇതെങ്കിലും വാക്കുകളാകുന്ന സ്വര്‍ഗ്ഗത്തില്‍ സൂര്യന് അസ്തമിക്കുന്നില്ല എന്ന പ്രസ്താവത്തില്‍ ഭാഷയുടെ സവിശേഷത കൂടി പോപ ചൂണ്ടിക്കാണിക്കുന്നുണ്ടു്. വാക്കുകള്‍ക്കു യാഥാതഥ്യത്തെ സുശക്തമായി ആവിഷ്കരിക്കാനാവുമെന്നു് വിശ്വസിച്ച കവിയാണു് പോപ. (യുഗോസ്ലാവിയയിലെ മഹാനായ സാഹിത്യകാരന് David Albahari-യുടെ അത്യുജ്ജ്വലമായ കഥാസമാഹാരത്തിനു് തദനന്തര പ്രബന്ധമെഴുതിയ Torrislav Longinovic-ന്റെ ഒരാശയത്തോടു് സാദൃശ്യമുണ്ടു് ഇതിനു്.) പോപയുടെ അനന്തരഗാമിയാണു് മഹായശസ്സാര്ജ്ജിച്ച ദാനീലോകീഷ് എന്ന യുഗോസ്ലാവ്യന്‍ സാഹിത്യകാരന്. കീഷിന്റെ പിന്തുടര്ച്ചക്കാരന് ആല്‍ബഹാരിയും. ഇവര്‍ മൂന്നുപേരും യാഥാതഥ്യവും വാക്കുകളും തമ്മിലുള്ള സുദൃഢബന്ധത്തിന്റെ ഉദ്ഘോഷകരാണു്. അവരുടെ ഈ സാഹിത്യചിന്തയെ linguistic realism എന്നു പറയുന്നു. എന്റെ വീട്ടിനടുത്തു് അമ്പലമുണ്ടു്. അവിടെ വര്‍ഷംതോറും ഉത്സവവും. അതൊന്നും ഞാന്‍ കാണാറില്ല. എങ്കിലും എഴുന്നള്ളിപ്പിനെക്കുറിച്ചു് ഞാന്‍ വര്‍ണ്ണനം എഴുതിയാല്‍ അവ തമ്മില്‍ അദ്ഭുതാവഹമായ സാദൃശ്യം കാണും. വാക്കുകളുടെ ശക്തിയാണു് ഈ സാദൃശ്യത്തിനു കാരണം. അതുപോലെ വാക്കുകള്‍കൊണ്ടു് യാഥാതഥ്യത്തെ അന്യാദൃശമായ രീതിയില്‍ ആലേഖനം ചെയ്യുന്നു ആല്‍ബഹാരിയും. അദ്ദേഹത്തിന്റെ “ജറൂസലം” എന്ന കഥ നോക്കുക.
“എനിക്കു പതിനൊന്നു വയസ്സ് ഉണ്ടായിരുന്നപ്പോഴാണു് ആദ്യമായി ‘ജറുസലം’ എന്നു പറഞ്ഞതു്. ഭക്ഷണം കഴിക്കാനുള്ള വലിയ മുറിയിലെ മേശയ്ക്കു ചുറ്റുമിരുന്നു് ഞങ്ങള്‍ അച്ഛന്റെ ചൂണ്ടുവിരല്‍ ബാല്‍ക്കന്‍സ് ചിത്രത്തിലൂടെ നീങ്ങുന്നതു കാണുകയായിരുന്നു. ബെല്‍ ഗ്രാദ്, നിഷ് (Nis), സ്കൊപ്യെ (Skopie) എന്നൊക്കെ പറഞ്ഞിട്ടു് അച്ഛന് അവ വാസ്തവികങ്ങളാണെന്ന മട്ടില്‍ അതിര്‍ത്തിയില്‍ നിന്നു് ചൂണ്ടുവിരല്‍ എടുത്തു. സലാനിക (Salonika), ഏതന്‍സ്, പൈറിയസ് (Piraeus) എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൂണ്ടുവിരലിന്റെ അറ്റംകൊണ്ടു് പൈറീയസിനെ തട്ടിക്കൊണ്ടു് അദ്ദേഹം പറഞ്ഞു. “ഇവിടെ നിന്നു നമ്മള് കപ്പലില്‍ കയറും. പിന്നീടു്…” …അമ്മയെയും എന്റെ സഹോദരിയെയും സൂക്ഷിച്ചു നോക്കിക്കൊണ്ടു് അദ്ദേഹം ഉദ്ഘോഷിച്ചു “ഈശ്വരന് അനുഗ്രഹിച്ചാല്‍ നമ്മള് ജറൂസലം കാണും.” അവസാനത്തെ വാക്കു് ഉടുപ്പെന്ന രീതിയില്‍ എന്നെ പൊതിഞ്ഞു. ആ വാക്കു് ആവര്ത്തിക്കണമെന്നു് എനിക്കു തോന്നി. ഞാന്‍ പറഞ്ഞു: “ജറൂസലം”. അതിനിടയ്ക്കു അച്ഛന്റെ മുഖം വികൃതമായി. തകര്‍ന്നു. കൈകളില്‍ ചാരിക്കൊണ്ടു് — ശരീരത്തിന്റെ ഭാരംകൊണ്ടു് അവ വെളുത്തു — അദ്ദേഹം കരഞ്ഞു.” ഇതാണു് ഭാഷാപരമായ യാഥാതഥ്യം. ജറൂസലം അച്ഛനും അമ്മയും മക്കളും കണ്ടിട്ടില്ല പക്ഷേ അച്ഛന്റെ കണ്ണീരൊഴുകത്തക്കവിധത്തില് അതിനു് യാഥാതഥ്യം വരുന്നു. പദങ്ങളുടെ മാന്ത്രികത്വം!
“രേഖകള്‍ പരിശോധിച്ചാള്‍ അച്ഛന് രണ്ടോ മൂന്നോ മാസത്തിനകം മരിച്ചുവെന്നു തോന്നും. ഓര്‍മ്മയെ അവലംബിച്ചു് നോക്കിയാല്‍ അദ്ദേഹത്തിന്റെ മരണം വിദൂരതയില്‍ നിന്നു വന്നെന്ന പ്രതീതി; മന്ദഗതിയിലുള്ള കുതിരയുടെ പുറത്തു കയരി വരുന്നവനെപ്പോലെ. കഥ പറയുന്നതുപോലെയുള്ള സങ്കീര്ണ്ണഘടനകള് പ്രയോഗിച്ചു് മരണം പോലെയുള്ള അസങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ദുര്ബ്ബലപ്പെടുത്താമെന്നതുകൊണ്ടാണ് ഞാനിതു പറയുന്നതു്. ലാളിത്യമെന്നതു് ഏതു സങ്കീര്‍ണ്ണതയെക്കാളും ചുരുളുകള്‍ ഉള്ളതാണെന്നു് ഞാന്‍ നേരത്തേ മനസ്സിലാക്കേണ്ടിയിരുന്നു. ഒരേ നദിയുടെ കരയിലുള്ള രണ്ടു പട്ടണങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന നേര്വരയ്ക്കുള്ള പിരിവോ വക്രതയോ ഒരു നൂലാമാലയ്ക്കും (labyrinth) ഇല്ല.
അച്ഛന് മരിച്ചു. ഞാന്‍ ജറുസലമില്‍ പതിവായി പോയി. വെള്ളച്ചുമരുകളുള്ള പള്ളിയില്‍ പോകുമായിരുന്നു ഞാന്‍. അള്‍ത്താരയ്ക്കു മുകളില്‍ യേശുവിന്റെ രൂപം. അവിടെ ഇരുണ്ട ഒരു വൃത്തം” “ആരാത്രിയില്‍ അച്ഛനു് മസ്തിഷ്കാഘാതം. അച്ഛന്റെ കിടക്കവിരിപ്പു് പറക്കുന്ന പരവതാനിപോലെ അന്തരീക്ഷത്തില്‍. രാത്രിയിലേക്കു നേരേ, ജറുസലമിലേക്കു നേരേ, ആ പരവതാനിയില്‍ കയറി പറന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നെനിക്കു തോന്നി. ഔന്നത്യങ്ങളില്‍ നിന്നു് ജറൂസലമിനെ കാണാന്‍ എനിക്കെപ്പോഴും ആഗ്രഹമുണ്ടായിരുന്നു. ബല്ഗ്രാദിലെ ഒരാതുരാലയത്തില്‍ വച്ചു് അച്ഛന് മരിച്ചു. എനിക്കു ഭയജനകമായ വിധത്തില്‍ കനക്കുറവു വന്നു. പറക്കുമെന്നു് തോന്നി എനിക്കു്. ആരോ ഫോണില്‍ വിളിച്ചുപറഞ്ഞു അദ്ദേഹം മരിച്ചെന്നു്. വാക്കുകള്‍ക്കു് അതോടെ കഴമ്പില്ലായ്മ വരികയും ചെയ്തു.”
പ്രമേയവും ഇതിവൃത്തവും ഹൃദയവും രക്തപ്രവാഹവും പോലെ ഏകകാലികമായില്ലെങ്കില്‍ അതിനെ കലാഭാസമായേ — സ്യൂഡോ ആര്‍ടായേ — പരിഗണിക്കാനാവൂ.
ഈ സംഗ്രഹത്തിന്റെ അവസാനത്തെ വാക്യത്തില്‍ വായനക്കാര്‍ മനസ്സിരുത്തണമെന്നു് എന്റെ അഭ്യര്‍ത്ഥന. വാക്കുകള്‍ കൊണ്ടു് കഥാകാരന് ജറൂസലമിനെയും പിതാവിനെയും സൃഷ്ടിക്കുന്നു. പിതാവു് മരിക്കുമ്പോള്‍ ആ വാക്കുകള്‍തന്നെ pointless ആയി — കഴമ്പില്ലാത്തവയായി — മാറുന്നു. ഭാഷ വാക്കുകള്‍ കൊണ്ടു യാഥാതഥ്യത്തെ സൃഷ്ടിക്കുന്നു. അതു അപ്രത്യക്ഷമാകുമ്പോള്‍ വാക്കുകളും നിഷ്പ്രയോജനങ്ങളായി മാറുന്നു. സത്യമെന്നതു് വിശ്വാസ്യതയാണു്. ഈ സത്യത്തെ അല്ലെങ്കില്‍ വിശ്വാസ്യതയെ കഥാകാരന് വാക്കുകള്‍ കൊണ്ടു് സൃഷ്ടിക്കുന്നു. ഒടുവില്‍ സത്യം അപ്രത്യക്ഷമാകുമ്പോള്‍ വാക്കുകളും മറയുന്നു.
പ്രിയപ്പെട്ട വായനക്കാരേ, ഇമ്മട്ടിലാണു് പടിഞ്ഞാറുള്ളവര്‍ സാഹിത്യം സൃഷ്ടിക്കുന്നതു്. ഷൗവറിന്റെ താഴെ നഗ്നയായി നില്ക്കുന്ന പെണ്ണിനെയും അവളോടൊത്തു കുളിക്കുന്ന നഗ്നനായ ആണിനെയും അവര്‍ നടത്തുന്ന സംഭോഗത്തെയും നമുക്കു് ഇവിടെയുള്ള എഴുത്തുകാരികള്‍ കാണിച്ചു തരുമ്പോള്‍ പടിഞ്ഞാറുള്ള പ്രതിഭാശാലികള്‍ നമ്മളെ ഉദാത്തമണ്ഡലങ്ങളില് കൊണ്ടു ചെല്ലുന്നു. നമ്മുടെ കഥകള്‍ അശ്ലീലത കൊണ്ടു് വായനക്കാര്‍ക്കു മനംമറിപ്പു് ഉണ്ടാക്കുന്നു.
Contents
ചോദ്യം, ഉത്തരം
അക്ഷരം പഠിച്ചവര്‍ വരുത്താത്ത തെറ്റുകള്‍ സാങ്കല്പികമായി എഴുതിച്ചേര്‍ത്തു് അവയെ തിരുത്തിക്കാണിക്കുന്ന ചില വൈയാകരണന്മാരെക്കുറിച്ചു് നിങ്ങളെന്തു പറയുന്നു?
- എനിക്കൊന്നും പറയാനില്ല. ഒരു ഫ്രഞ്ചെഴുത്തുകാരന്‍ പറഞ്ഞതു് ഞാന്‍ ഓര്‍മ്മിക്കും അത്തരം ലേഖനങ്ങള്‍ കാണുമ്പോള്‍. രണ്ടു കോളേജ് അധ്യാപകര്‍ റോഡിലൂടെ പോകുകയായിരുന്നു. ഒരുമിച്ചല്ല. അര ഫര്‍ലോങ് ദൂരമുണ്ടു്. ഒരധ്യാപകനും മറ്റേ അധ്യാപകനും തമ്മില്‍. ആദ്യം പോയ അധ്യാപകനോടു് വഴിയില്‍ നിന്ന ഒരു സുഹൃത്തു ചോദിച്ചു: ‘താങ്കളുടെ പിറകേ വരുന്ന ആ ജന്റില്മാന് ആരു്?’ അധ്യാപകന് മറുപടി നല്കി. ‘അയാള്‍ ജന്റില്മാന് ഒന്നുമല്ല, വ്യാകരണ പണ്ഡിതനാണു്.’
ആനന്ദിന്റെ നോവലുകള്‍ അര്ത്ഥസാന്ദ്രങ്ങളല്ലേ?
- ധൈഷണികത്വത്തിനു് അതിപ്രസരം വരുത്തി അദ്ദേഹം ആശയങ്ങള്‍ക്കു മൂല്യശോഷണം — devaluation — വരുത്തുന്നു. ധൈഷണികത്വം വളരെക്കൂടിയ ഉമ്പര്ടോ എകോയുടെ നോവലുകള്‍ക്കു് ഈ ന്യൂനത ഇല്ലതാനും
- ആ സ്നേഹിതന് സ്നേഹിതനല്ലാതാവും
നിങ്ങള്‍ തിരുവനന്തപുരത്തുകാരുടെ പ്രത്യേകത എന്തു്?
- ഞങ്ങള്‍ക്കു അടുത്ത വീട്ടുകാരെ ഉപദ്രവിക്കുന്നതാണു് ജോലി. ഒരയല്വീട്ടുകാരനെയെങ്കിലും ദ്രോഹിച്ചില്ലെങ്കില്‍ തിരുവനന്തപുരത്തുകാരനു് അന്നു രാത്രി ഉറക്കം വരില്ല
നമ്മുടെ വര്ത്തമാനപ്പത്രങ്ങളെക്കുറിച്ചു് എന്താണഭിപ്രായം?
- വാര്‍ത്തകള്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയല്ല നമ്മുടെ ദിനപത്രങ്ങള്‍. കര്ണ്ണരന്ധ്രം പിളര്ന്നുപോകാത്തക്കവിധത്തില് ‘ഷ്രീക്ക് (Shriek) ചെയ്യുകയാണു് അവ.
ഗ്രന്ഥകാരന്മാര് നിങ്ങളെക്കാണുമ്പോള്‍ ചിരിക്കാറുണ്ടോ?
- ഉണ്ടു്. അവര്‍ ചിരിക്കാതിരിക്കണം എന്ന ആഗ്രഹമേ എനിക്കുള്ളു. അവരുടെ ചിരി അവരുടെ ഗ്രന്ഥങ്ങളുടെ നിരൂപണത്തില്‍ എത്തും. അവ വായിക്കാനോ അവയെക്കുറിച്ചു് എഴുതാനോ എനിക്കു് സമയമില്ല. സമയം കണ്ടെത്തിയാല്‍ ഈ കോളം മുടങ്ങും
- എനിക്കു മഴ നനയുന്നതു് ഇഷ്ടമാണു്. പക്ഷേ ഈ പ്രായത്തില്‍ നനഞ്ഞാല്‍ ന്യൂമോണിയ വരും തൈക്കാട്ടേക്കു് അന്ത്യയാത്ര നടത്തേണ്ടതായി വരും. നന്മ മരണത്തില്‍ കലാശിക്കുമെന്നതുകൊണ്ടു് എപ്പോഴും നന്മയെ ആദരിക്കുരുതു് അസംസ്കൃതമായ വികാരത്തിന്റെ ബഹിഃപ്രകാശനം കലയാവില്ല. ‘നിങ്ങളുടെ സ്നേഹിതന് കാറ് തട്ടി മരിച്ചുപോയി’ എന്നു് ആരെങ്കിലും എന്നോടു പറഞ്ഞാല്‍ കലാപ്രക്രിയ നടക്കുന്നില്ല. വികാരം ജീവിതാവബോധം ഉളവാകുമാറ് ആവിഷ്കരിക്കപ്പെടുമ്പോള്‍ മാത്രമേ കലയുടെ പ്രവര്‍ത്തനം നടക്കു. അഖിലന്റെ ‘ഇതള്‍ തെറ്റിയ പൈങ്കിളി’ എന്ന കഥയില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) അസംസ്കൃതമായ വികാരം പോലുമില്ല. ‘പിന്നല്ലേ’ ജീവിതാവബോധം. വാക്കും അര്‍ത്ഥവും പോലെ ശരീരവും മനസ്സും പോലെ പ്രമേയവും ഇതിവൃത്തവും ഒരുമിച്ചു ചേരണം ചെറുകഥയില്‍. ആധുനികമാവട്ടെ കലാസൃഷ്ടി അല്ലെങ്കില്‍ ഉത്തരാധുനികമാവട്ടെ അതു്. പ്രമേയവും ഇതിവൃത്തവും ഹൃദയവും രക്തപ്രവാഹവും പോലെ ഏകകാലികമായില്ലെങ്കില്‍ അതിനെ കലാഭാസമായേ — സ്യൂഡോ ആര്‍ടായേ — പരിഗണിക്കാനാവൂ. അഖിലന്റെ രചന സ്യൂഡോ ആർടാണു്. അതു വായിക്കുന്നവന് വൈരസ്യത്തില്‍ പതിക്കും. ഇതുപോലെയുള്ള പരമ ബോറന് കഥകള്‍ വായിച്ചു് ഞാന്‍ മരണത്തിലേക്കു കൂടുതല്‍ വേഗത്തില്‍ അടുക്കുന്നു. കപടസാഹിത്യത്തിനു് മാരകസ്വഭാവമുണ്ടു്. കഥയെഴുതുന്നവന് — സ്യൂഡോ ആര്‍ട് നിര്‍മ്മിക്കുന്നവര്‍ — ലേശം കരുണ കാണിക്കണം വായനക്കാരോടു്.
ഭാവനയില്ല
കുട്ടിക്കൃഷ്ണമാരാര് മല്ലിനാഥന്റെ വ്യാഖ്യാനങ്ങള്‍ മലയാള ലിപിയിലാക്കിയ ആളെന്നതില്‍ ക്കവിഞ്ഞു് ആരുമല്ല. സംസ്കൃതത്തിലും പരിനിഷ്ഠിതമായ അറിവു് അദ്ദേഹത്തിനില്ലായിരുന്നു
ഇവിടെയെങ്ങുമല്ല, അങ്ങു് ദൂരെ. ദൂരെയെന്നു പറഞ്ഞാലോ? വളരെ ദൂരെ. ദൂരത സ്ഥലത്തെസ്സംബന്ധിക്കുന്നതു മാത്രമല്ല, കാലത്തിന്റെ ദൂരതയുമുണ്ടു്. (ദൂരം എന്നേ ആകാവൂ ദൂരത തെറ്റാണെന്നു് മഹാപണ്ഡിതനായ എം. എച്ച്. ശാസ്ത്രികള്‍ എന്നോടു പറഞ്ഞു. ‘ഈ വിദര്ഭവിഷയമെന്നാല് എനിക്കെന്തു് ദൂരത’ എന്നു ഉണ്ണായിവാരിയര്‍ പ്രയോഗിച്ചിട്ടുണ്ടല്ലോ സാര്‍ എന്നു ഞാന്‍ മറുപടി നല്കി. സാറ് പിന്നീടൊന്നും പറഞ്ഞില്ല.) അക്കാലത്തു് ഞാന്‍ താമസിച്ച വീട്ടിന്റെ അടുത്തു മാന്യനായ ഒരുദ്യോഗസ്ഥന് പാര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ രണ്ടാണ്മക്കള് — കൊച്ചുകുട്ടികള്‍ — കാലത്തു് കളിക്കാനിറങ്ങും റോഡിലേക്കു് കളി എന്താണെന്നോ? എവിടെ നിന്നെങ്കിലും പൂച്ചക്കുട്ടികളെ പിടിച്ചുകൊണ്ടുവരും ആ പിള്ളേര്. പൂച്ചക്കുട്ടികളെ കഴുത്തില്‍ കയറുകെട്ടി റോഡിന്റെ ഒരു വശത്തു ഒഴുകുന്ന വലിയ തോട്ടിൽ താഴ്ത്തും അവ ശ്വാസം മുട്ടി മരിക്കുന്നതു കാണാന്‍ അവര്‍ക്കു രസം. ഇങ്ങനെ ദിവസവും പൂച്ചക്കുട്ടികളെ കൊല്ലുന്നതുകണ്ടു് ഞാന്‍ അവരോടു് അതരുതു് എന്നു പറഞ്ഞു ഫലമില്ല. പിള്ളേരുടെ തന്തയോടു പറഞ്ഞു അതും ഫലപ്പെട്ടില്ല. തന്തയും മക്കളും അനുഭവിച്ചുകൊള്ളും എന്നു മനസ്സില്‍പ്പറഞ്ഞ് ഞാന്‍ ആശ്വസിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞു മൂത്ത പയ്യന് എഞ്ചിനിയറായി. ഇളയവന് ഡോക്ടര്‍. രണ്ടുപേരെയും ഞാന്‍ കണ്ടു. അഭിനന്ദനവചനങ്ങള്‍ പറഞ്ഞിട്ടു്“ഇപ്പോഴും പൂച്ചക്കുട്ടികളെ പുഴയില്‍ മുക്കി ശ്വാസംമുട്ടിച്ചു കൊല്ലാറുണ്ടോ നിങ്ങള്‍?” എന്നു ഞാന്‍ ചിരിച്ചുകൊണ്ടു് അവരോടു ചോദിച്ചു. ആകൃതിസൗഭഗമാര്ന്ന ആ രണ്ടു യുവാക്കന്മാരും വിനയപൂര്‍വം ചിരിച്ചു,
സി. എസ്.ചന്ദ്രിക ‘മാധ്യമം’ വാരികയിലെഴുതിയ ‘അമ്മ’ എന്ന കഥാരാക്ഷസീയത വായിച്ചപ്പോള്‍ ഞാന്‍ ആ കുട്ടികളുടെ ദീപ്താക്ഷ ശാബകവധത്തെക്കുരിച്ചു് ഓര്‍മ്മിച്ചുപോയി.(ദീപ്താക്ഷം = പൂച്ച, ശാബകം=അതിന്റെ കുട്ടി) കഥാമാര്ജ്ജാരസന്തതിയെ പിടികൂടുന്നു ചന്ദ്രിക. അതിന്റെ കഴുത്തില്‍ കയര്‍കെട്ടി മാധ്യമസ്രോതസ്വിനിയില് മുക്കുന്നു. അതു ശ്വാസംമുട്ടി മരിക്കുന്നതു കണ്ടു രസിക്കുന്നു. സങ്കീര്‍ണ്ണതയുള്ള ഒരു കുടുംബത്തെയാണു് ചന്ദ്രിക ചിത്രീകരിക്കുന്നതു്. ഒരമ്മ അവരുടെ മക്കള്‍, മരുമക്കള്‍. ഇവരെക്കൊണ്ടു് സംസാരിപ്പിക്കുന്നു. പ്രവര്‍ത്തിപ്പിക്കുന്നു. എന്തിനു്? ഉത്തരം ആര്‍ക്കും പറയാന്‍ കഴിയില്ല. ചന്ദ്രികയ്ക്കും കഴിയില്ല. കാരണം ഗാര്‍ഹിക സംഭവങ്ങളെ അതേപടി പകര്‍ത്തിവയ്ക്കുകയാണു് എഴുത്തുകാരി എന്നതത്രേ. നാടകം നടക്കുന്നിടത്തു് പ്രേക്ഷകനിരിക്കാന് കസേരയിട്ടിട്ടിണ്ടു്. ആ കസേരയ്ക്കു സവിശേഷതയില്ല എന്നാല്‍ അതെടുത്തു് നാടകവേദിയില്‍ ഇട്ടാല്‍ കസേരയുടെ സ്വഭാവം മാറും. അതപ്പോള്‍ theatrical chair ആയി മാറും. (പേറ്റര്‍ ഹന്റ്കേയുടെ ആശയം) എത്രയോ പൂക്കള്‍ താഴെവീണു കിടക്കുന്നു അവ മണ്ണടിഞ്ഞുപോകും. അവയില്‍ ഒരു പൂവെടുത്തു കുമാരനാശാന് കവിതയില്‍ പ്രതിഷ്ഠിച്ചപ്പോള്‍ അതു കാലത്തിനു ഹനിക്കാന്‍ വയ്യാത്തതായി. അതുപോലെ ഏതു ക്ഷുദ്രവസ്തുവിനും കലാലോകത്തു് ചിരസ്ഥായിത്വം ഉണ്ടാകും. ഒരു കരിങ്കല്ക്കഷണത്തിനുപോലും ശാശ്വത സ്വഭാവമുണ്ടാക്കാം കലയില്‍. പ്രതിഭ വേണം ആ മാറ്റം വരുത്താന്‍. സി. എസ്.ചന്ദ്രികയ്ക്കു ഇല്ലാത്തതു് അതാണു്. ശ്രീമതി ബ്ലോട്ടിങ് പേപ്പര്‍ കൊണ്ടു് മഷി കൂടുതലായിപ്പോയ അക്ഷരങ്ങളെ ഒപ്പിയെടുക്കുന്നതുപോലെ ഒരു കുടുംബത്തിലെ കാര്യങ്ങള്‍ ഒപ്പിയെടുത്തു നമ്മുടെ മുന്പില് വയ്ക്കുന്നു. ഭാവനാത്മകമായ രചനയല്ല ചന്ദ്രികയുടേതു്. ശ്രീമതി എത്ര യത്നിച്ചാലും അതില്‍ വിജയം പ്രാപിക്കുമെന്നു തോന്നുന്നുമില്ല.
നിരീക്ഷണങ്ങള്‍
വിവേകമുള്ള ഒരു നിരൂപകന് (അദ്ദേഹം ഒരു സര്‍ക്കാര്‍ കോളേജിലെ ഇംഗ്ലീഷധ്യാപകനാണു്) എന്നോടു റ്റെലിഫോണില്‍ പറഞ്ഞു: “നമ്മുടെ നിരൂപകര്‍ക്കു മനസ്സിന്റെ വിശാലതയില്ല”. നിത്യജീവിതത്തിലെ വിശാലതയല്ല അദ്ദേഹം ലക്ഷ്യമാക്കിയതു്. സാഹിത്യത്തിലേതാണു്. അദ്ദേഹത്തിന്റെ ധര്‍മ്മരോഷം കലര്‍ന്ന ശബ്ദം റ്റെലിഫോണ്‍ കമ്പിയിലൂടെ എന്റെ ശ്രോത്രങ്ങളില്‍ വീണു. അതു് ആന്തരശ്രോത്രവും കേട്ടു “ഡോക്ടര്‍ ലീലാവതിയെ നോക്കൂ. എപ്പോഴും കുട്ടിക്കൃഷ്ണമാരാര് എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. മനസ്സിന് ഒരു വികാസവുമില്ല” ശരിയാണു് അദ്ദേഹം പറഞ്ഞതു്. ഏതു പറട്ടക്കവിതയ്ക്കും പറട്ടനോവലിനും കാളമൂത്രസദൃശമായ അവതാരിക എഴുതിക്കൊടുക്കുന്നു ശ്രീമതി. വളരെക്കാലം ജി. ശങ്കരക്കുറുപ്പു്, ജി. ശങ്കരക്കുറുപ്പു് എന്നു പറഞ്ഞു നടന്നു. പിന്നെ വൈലോപ്പിള്ളിയുടെ “കുടിയോഴിക്ക”ലിനെക്കുറിച്ചായി ആവര്‍ത്തനാത്മകമായ പ്രപഞ്ചനം. വിശാലമായ കാഴ്ചപ്പാടുള്ളവര്‍ക്കു കുട്ടിക്കൃഷ്ണമാരാര് എന്നു പറഞ്ഞുകൊണ്ടിരിക്കാന്‍ കഴിയുമോ? ആര്‍ജ്ജവമില്ലാത്ത ഇത്തരം നിരൂപണങ്ങളെ നമ്മള് വര്‍ജ്ജിക്കേണ്ടതാണു്.
ആസ്വാദനത്തിന്റെ ഈ വൈകല്യവും മാനസിക ചക്രവാളത്തിന്റെ ഹ്രാസവും തോമസ് മാത്യുവിന്റെ നിരൂപണങ്ങളുടെ സവിശേഷതകള്‍ തന്നെ. അദ്ദേഹം റ്റി. പദ്മനാഭന്റെ കഥകളെക്കുറിച്ചു് ഗ്രന്ഥമെഴുതി. പദ്മനാഭനു് അതിനുള്ള യോഗ്യതയുണ്ടോ? ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ എന്ന സെന്റിമെന്റല്‍ കഥയും ‘മഖന്‍ സിങ്ങിന്റെ മരണം’ എന്ന ഭേദപ്പെട്ട കഥയുമല്ലാതെ പദ്മനാഭന്റെ സംഭാവനയായി (സംഭാവന എന്നതു് മലയാളത്തില്‍ പ്രയോഗിക്കുന്ന രീതിയില്‍) എന്തുണ്ടു്? അദ്ദേഹത്തിന്റെ എല്ലാ രചനകളും ‘മീഡിയോക്കര്‍’ എന്ന വിഭാഗത്തില്‍ പെടുന്നു. ആ രീതിയിലുള്ള എഴുത്തുകാരനെക്കുറിച്ചു് ഗ്രന്ഥമെഴുതുന്നയാള് തന്റെ മനസ്സിന്റെ സങ്കുചിതത്വത്തെ എടുത്തു നാലാള് കാണുന്ന മട്ടില്‍ പുറത്തേക്കു് ഇടുകയാണു്.
മുണ്ടശ്ശേരിക്കു കണ്ണിനു കണ്ടുകൂടായിരുന്നു ഹിന്ദുസംസ്കാരം. അതുകൊണ്ടാണു് അദ്ദേഹം ആ സംസ്കാരത്തെ സ്തുതിക്കുന്ന വള്ളത്തോളിനെയും ഉള്ളൂരിനെയും നിന്ദിച്ചതു്. ബുദ്ധമതസംസ്കാരത്തെ പ്രകീര്‍ത്തിച്ച കുമാരനാശാനനെ ആവശ്യകതയില്‍ക്കവിഞ്ഞു വാഴ്ത്തിയതു്. തോമസ് മാത്യു മുണ്ടശ്ശേരിയുടെ ശിഷ്യനാണു്. (ക്ലാസ്സില്‍ ഇരുന്നു പഠിച്ചു എന്ന അര്‍ത്ഥത്തിലല്ല) അദ്ദേഹമതുകൊണ്ടു് ഹിന്ദുസംസ്കാരത്തെ നിന്ദിച്ച കുട്ടിക്കൃഷ്ണമാരാരെക്കുറിച്ചു് ഗ്രന്ഥമെഴുതുന്നു. നിഷ്പക്ഷ ചിന്താഗതി പ്രദര്‍ശിപ്പിച്ച നിരൂപകന് എം. ആര്. നായരുടെ ഏഴയലത്തു പോലും വരില്ല കുട്ടിക്കൃഷ്ണമാരാര്. അദ്ദേഹത്തിനു് (മാരാര്‍ക്കു) സഹൃദയത്വവുമില്ല. അതിന്റെ കണികയുണ്ടായിരുന്നെങ്കില്‍ നാലപ്പാടനെ ജീനിയസ്സായ ചങ്ങമ്പുഴയുടെ മുകളില്‍ പ്രതിഷ്ഠിക്കുമായിരുന്നോ? ടോള്‍സ്റ്റോയിയുടെ മുകളില്‍ പ്രതിഷ്ഠിക്കുമായിരുന്നോ? ടോള്‍സ്റ്റോയിയുടെ War and Peace എന്ന കലാശില്പം മോശമാണെന്നു പറയുമോ? കുമാരനാശാന്റെ ലീലാകാവ്യത്തിലെ നായിക ഭര്‍ത്താവിനെ കഴുത്തു ഞെക്കിക്കൊന്നു എന്നു എഴുതുമോ? കുഞ്ചന്‍ നമ്പിയാര് കവിയല്ലെന്നു പറയുമോ? കുട്ടിക്കൃഷ്ണമാരാര് മല്ലിനാഥന്റെ വ്യാഖ്യാനങ്ങള്‍ മലയാളലിപിയിലാക്കിയ ആളെന്നതില്ക്കവിഞ്ഞു് ആരുമല്ല. സംസ്കൃതത്തിലും പരിനിഷ്ഠിതമായ അറിവു് അദ്ദേഹത്തിനില്ലായിരുന്നു. ഈ രീതിയില്‍ സാഹിത്യത്തിലെ ഹ്രസ്വകായനായ മാരാരെ ഭീമാകാരനാക്കി ഗ്രന്ഥമെഴുതാന്‍ തീരുമാനിച്ചതു് തോമസ് മാത്യുവിന്റെ സാഹിത്യാഭിരുചി വികലമാണെന്നു് സ്ഥാപിക്കാനേ പ്രയോജനപ്പെടൂ. ഇംഗ്ലീഷിലോ മറ്റേതെങ്കിലും ഭാഷയിലോ ഇല്ലാത്ത ഗ്രന്ഥത്തെ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യാന്‍ പറ്റുമോ? ഇല്ലാത്ത ഗ്രന്ഥത്തെ ഭാഷാന്തരീകരണം ചെയ്യുകയാണു് തോമസ് മാത്യു മുകളില്‍പ്പറഞ്ഞ ഗ്രന്ഥങ്ങളുടെ രചനയിലൂടെ.
യൂസഫലി കേച്ചേരി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘മൃത്യുദര്‍ശനം’ എന്ന “കാവ്യം” ആരംഭിക്കുന്നു.
“മരണം മനുഷ്യനെ കൊണ്ടുപോയീടുമ്പോള്‍
മൃതനുള്ളതൊക്കെയും മണ്ണില്‍ വെടിഞ്ഞിടും
ഉയിരും നരന് നേടും വിദ്യയും മറ്റാര്‍ക്കു
മുപകരിക്കാറില്ല, പിന്നെയോ സര്‍വവും-
അവനെയവനായ്ത്തിരിച്ചറിഞ്ഞീടുവാ-
നനുപേക്ഷണീയമാം ഗാത്രവും പത്തായം…”
ഗദ്യമെഴുതി — വിരസമായ ഗദ്യമെഴുതി — സ്കെയില്‍ അപ്പുറവും ഇപ്പുറവും വച്ചു് മുറിച്ചെടുത്തു് അതിനു് കവിതയെന്ന പേരിട്ടു് എന്തിനിങ്ങനെ യൂസഫലി മനുഷ്യനെ പീഡിപ്പിക്കുന്നു? “അറിയാഞ്ഞിട്ടു ചോദിച്ചേന് അരിശമുണ്ടാക വേണ്ട” മനുഷ്യരെ പേടിപ്പിക്കുന്നതു മരണമാണെന്നായിരുന്നു എന്റെ ഇത്രയും കാലത്തെ വിചാരം. ആ വിചാരം തെറ്റു്. യൂസഫലിയുടെ “കവിത” മരണത്തെക്കാള്‍ ഭയജനകമാണു്.
നാട്യം, നാട്യം സര്‍വ്വത്ര
ഒരിക്കല്‍ കെ.ബാലകൃഷ്ണന് ബിയറില്‍ മധുരദ്രാവകം ചേര്‍ത്തു തന്നതു് ഞാന്‍ കുടിച്ചിട്ടുണ്ടു്. എറണാകുളത്തു ജോലിയായിരുന്നപ്പോള്‍ കഥാകാരന് ടി. ആറിന്റെ നിര്‍ബ്ബന്ധം കൊണ്ടു് മൂന്നോ നാലോ തവണ ഓരോ സ്മാള്‍ ബ്രാൻഡി കഴിച്ചിട്ടുണ്ടു്. തൊണ്ട പൊള്ളിപ്പോകുമ്പോലെ തോന്നും മദ്യസ്പര്ശത്തില്. പിന്നീടു് ഞാന്‍ ഒരു തുള്ളിപോലും കുടിക്കാതെ കുടിക്കുന്നുവെന്നു് ഭാവിച്ചിട്ടുണ്ടു്. മുണ്ടശ്ശേരിയുടെ ഷഷ്ടിപൂര്‍ത്തി തൃശ്ശൂരില്‍ വച്ചു് ആഘോഷിക്കുന്ന കാലം. മീറ്റിങ് കഴിഞ്ഞ് മദ്യപാനം തകഴി. കേശവദേവ്. കെ. ബാലകൃഷ്ണന്. പ്രാക്കളം ഭാസി ഇവരെല്ലാമുണ്ടു്. മുണ്ടശ്ശേരി ദൂരെയിരുന്നു് ശരിയായി കുടിക്കുന്നു. എന്റെ മുന്പില് ഒരൊഴിഞ്ഞ ഗ്ലാസ് കൊണ്ടുവച്ച ഒരു കൊച്ചു പെണ്‍കുട്ടി അതു നിറയെ വിസ്കിയോ ജിന്നോ ഒഴിച്ചു. എല്ലാവരും മോന്തുകയാണു്. എനിക്കതു വേണ്ടേ വേണ്ട. പക്ഷേ കുടിക്കുന്നുവെന്നു ഭാവിച്ചു് ഗ്ലാസ്സെടുത്തു ചുണ്ടില്‍ വയ്ക്കും. അതുപോലെ താഴെ വയ്ക്കുകയും ചെയ്യും. ഈ നാട്യം തകഴി കണ്ടുപിടിച്ചു ‘എടാ ഇവന് കുടിക്കുന്നില്ല’ എന്നു് അദ്ദേഹം ഉറക്കെപ്പറഞ്ഞു. അതു കേട്ടയുടനെ പ്രാക്കുളം ഭാസിയും കേശവദേവും തകഴിയും എന്നെ തറയില്‍ പിടിച്ചുകിടത്തി വായ് ബലപ്പിച്ചു തുറന്നു് ഗ്ലാസ്സിലെ മദ്യം ഒഴിച്ചു. അവരങ്ങു പോയപ്പോള്‍ ഞാനതു തുപ്പിക്കളഞ്ഞു. നാട്യം ചിലപ്പോള്‍ ജയിക്കും. ചിലപ്പോള്‍ പരാജയപ്പെടും.
മീലാന്‍ കുന്ദേരയുടെ ഒരു നോവലില്‍ ലൈംഗികവേഴ്ചടെ നാട്യമുള്ളതായി സ്ലോവേനിയയിലെ തത്ത്വചിന്തകന് ഷിഷെക് നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ടു്. ഒരു ഹോട്ടലിലെ ജലാശത്തിനരികെ ചിലര്‍ അനിയത സെക്സില്‍ വ്യാപരിക്കുന്നു. മുകളിലുള്ള മുറികളിലെ അതിഥികള്‍ അതു നോക്കിക്കൊണ്ടിരിക്കുന്നു. ആഹ്ലാദനിര്‍ഭരങ്ങളായ നിലവിളികള്‍ സ്ത്രീയും പുരുഷനും കേള്‍പ്പിക്കുന്നുണ്ടു്. പക്ഷേ യഥാര്‍ത്ഥ വേഴ്ചയില്ല. എല്ലാം നാട്യം. കംബോഡിയയില്‍ ഇതിനു തുല്യമായ സംഭവമുണ്ടായി. പട്ടിണികൊണ്ടും ജനനിര്മ്മാര്ജ്ജനം കൊണ്ടും രാജ്യത്തു് ആളുകള്‍ കുറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ലൈംഗികവേഴ്ചയുണ്ടായേ തീരൂ എന്നു നിയമമുണ്ടാക്കി. ഒന്നും പത്തും ഇരുപതും തീയതികളുല് ആണും പെണ്ണും വേഴ്ച നടത്തണമെന്നായിരുന്നു നിയമം. പട്ടാളക്കാര്‍, സംഭോഗം നടക്കുന്നുണ്ടോ എന്നു നോക്കിക്കൊണ്ടു് അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്നു. അതു കാര്യക്ഷമമായി നടത്താത്തവരെ സര്‍ക്കാര്‍ ശിക്ഷിച്ചിരുന്നു. പതിന്നാലു മണിക്കൂര്‍ ജോലിചെയ്ത ആണിനും പെണ്ണിനും സെക്സ് വയ്യ. അതുകൊണ്ടു് അവര്‍ പട്ടാളക്കാരെ വഞ്ചിക്കാന്‍ ചേഷ്ടകള്‍ വ്യാജമായി കാണിച്ചു. രതിഹര്‍ഷത്തിന്റെ ഫലമായി ഉണ്ടാകുന്ന ശബ്ദങ്ങള്‍ കൃത്രിമമായി കേള്‍പ്പിച്ചു. ഷീഷെക്കിന്റെ Enjoy Your Symptom എന്ന പുസ്തകത്തിന്റെ 202-ആം പുറം നോക്കുക. (Routledge New Yourk and London Rs. 984.90, Pages 238.)
നമ്മുടെ എഴുത്തുകാരില്‍ ചിലര്‍ കഥാകാരന്മാരാണു് തങ്ങള്‍ എന്ന നാട്യം കാണിക്കുന്നു. അവരില്‍ പെടുന്ന ഒരാളാണു് ദേശാഭിമാനി വാരികയില്‍ ‘തറവാടു്’ എന്ന കഥയെഴുതിയ ഇലിപ്പക്കുളം രവീന്ദ്രന്. കഥയുടെ സംഗ്രഹമൊന്നും ഞാന്‍ നല്‍കുന്നില്ല. ക്ഷുദ്രമായ ഒരു കഥയുടെ ചുരുക്കം നല്കി ഞാനെന്തിനു് വായനക്കാരെ ഉപദ്രവിക്കണം? ഞാന്‍ ഉപദ്രവം സഹിക്കാന്‍ വിധിക്കപ്പെട്ടവന്. എന്റെ ഈ കോളം നിലനിറുത്താന്‍ സഹായിക്കുന്ന വായനക്കാരെ ഞാന്‍ പീഡിപ്പിക്കരുതല്ലോ.
മാനേജറുടെ കാര്യക്ഷമത
“ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കവിത അല്ലെങ്കില്‍ ചങ്ങമ്പുഴയുടെ കവിത വായിക്കു. കവിതയിലാകെ കവികള്‍ നിറഞ്ഞു നില്ക്കുന്നുണ്ടു്. പക്ഷേ അവരുടെ സാന്നിദ്ധ്യം നമ്മള് അറിയുന്നില്ല. ചെയ്യേണ്ടതു ചെയ്തിട്ടു് അവര്‍ പ്രച്ഛന്നരായി വര്‍ത്തിക്കുന്നു.”
1977–78 ഈ കാലയളവില്‍ ഞാന്‍ എറണാകുളത്തു ലൂസിയ ഹോട്ടലില്‍ താമസിച്ചിരുന്നു. ജോലി മഹാരാജാസ് കോളേജില്‍. ഹോട്ടലില്‍ താമസക്കാരനെങ്കിലും അതിന്റെ മാനേജറെ ഒന്നോ രണ്ടോ തവണയേ കണ്ടിട്ടുള്ളൂ. സംസാരിച്ചിട്ടില്ല. ഒരു നിമിഷത്തെ കാഴ്ച. അത്രമാത്രം. ഒരു ദിവസം എനിക്കു പനിയായി. വൈകുന്നേരം അതുകൂടി ബോധംകെട്ടു. ബോധം വീണ്ടുകിട്ടിയപ്പോള്‍ ഡോക്ടര്‍ വന്നെന്നും എന്നെ പരിശോധിച്ചെന്നും മരുന്നു കുത്തിവച്ചെന്നും മനസ്സിലായി. കഴിക്കാനുള്ള ഗുളികകള്‍ മേശപ്പുറത്തു വച്ചിരിക്കുന്നു. അതെടുത്തു തരാന്‍ ഹോട്ടലിലെ പയ്യന് കൂടെക്കൂടെ വരും. മാനേജര്‍ എന്റെ രോഗമറിഞ്ഞു് എല്ലാം ചെയ്തതാണു്. ഇതാണു് managerial efficiency and compassion. മാനേജറുടെ സാന്നിദ്ധ്യമില്ല. എങ്കിലും സാന്നിദ്ധ്യമുള്ളതുപോലെ എല്ലാം നടന്നിരിക്കുന്നു. രോഗം ഭേദമായി. എല്ലാംകൂടി ചെലവു് എന്തായിയെന്നു ചോദിച്ചിട്ടു് റിസപ്ഷെനിസ്റ്റ് സി. എ. സെബാസ്റ്റിന് മൗനം അവലംബിച്ചതേയുള്ളു. നിര്‍ബന്ധിച്ചപ്പോള്‍ ആ യുവാവു പറഞ്ഞു സാറിന്റെ കൈയില്‍ നിന്നു് ഒന്നും വാങ്ങരുതെന്നാണു് മാനേജറുടെ കല്പനയെന്നു്. സ്വന്തം സാന്നിദ്ധ്യമറിയിക്കാതെയുള്ള ഹോട്ടല്‍ ഭരണമാണിതു്. കാര്യക്ഷമമായ ഭരണം. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കവിത അല്ലെങ്കില്‍ ചങ്ങമ്പുഴയുടെ കവിത വായിക്കു. കവിതയിലാകെ കവികള്‍ നിറഞ്ഞുനില്ക്കുന്നുണ്ടു്. പക്ഷേ അവരുടെ സാന്നിദ്ധ്യം നമ്മള് അറിയുന്നില്ല. ചെയ്യേണ്ടതു ചെയ്തിട്ടു് അവര്‍ പ്രച്ഛന്നരായി വര്‍ത്തിക്കുന്നു.
ഇതല്ല വൈലോപ്പിള്ളിക്കവിതയുടെ രീതി. ഒരു വരിയെഴുതി ആ കവി എന്നു വിചാരിക്കു. അതിലും വൈലോപ്പിള്ളിയുടെ സാന്നിദ്ധ്യം കാണാം. ജി. ശങ്കരപ്പുറുപ്പിന്റെ കവിതയില്‍ ശങ്കരക്കുറുപ്പു് എന്ന മാനേജര്‍ കീഴ്ജീവനക്കാര്ക്കു ഓര്‍ഡറുകള്‍ നല്കി ഹോട്ടലില്‍ എപ്പോഴും നടക്കുന്ന പ്രതീതി. അദ്ദേഹം ഓരോ മുറിയിലും കയറിയിറങ്ങി താമസിക്കുന്നവരോടു് (വായനക്കാരോടു്) വാടക ചോദിക്കുന്നു. അതു വൈകിയാല്‍. ദേഷ്യപ്പെടുന്നു.
കവികള്‍ സാന്നിദ്ധ്യമറിയിക്കരുത് അനുവാചകരെ. അറിയിച്ചാൽ ഒരളവുവരെ ഉദ്വേഗജനകമായി ഭവിക്കുമത്.
ശ്രീദേവി ചങ്ങമ്പുഴ
ഞാൻ ശ്രീദേവി ചങ്ങമ്പുഴയെ കാണാൻ അവരുടെ വീട്ടിൽച്ചെന്നപ്പോൾ ശ്രീമതി മുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു. ”എം കൃഷ്ണൻനായര്‍” എന്നു പരിചയപ്പെടുത്തിയപ്പോള്‍ ”മഹാരാജാസ് കോളേജിലെയോ?” എന്ന് അവർ ചോദിച്ചു. ”അതേ” എന്നു പറഞ്ഞ എന്നെ അവർ വീട്ടിനകത്തേയ്ക്കു ക്ഷണിച്ചു. ചങ്ങമ്പുഴയുടെ വലിയ പടം ഒരു തൂണിൽ തൂക്കിയിട്ടിരുന്നു. ആ പടം നോക്കിക്കൊൻട് ഞാൻ പറഞ്ഞു: ”വലിയ കവിയായിരുന്നു”. ശ്രീദേവി വല്ലാതെ കരഞ്ഞു. ”എന്തു ചെയ്യാം” എന്ന് അവർ രോദനത്തിനിടയിൽ പറഞ്ഞു. അതിഥി സൽക്കാരത്തിന് അവർ ഭാവിച്ചെങ്കിലും ഞാൻ യാത്രപറഞ്ഞു. ഒരു മഹാകവിയോടുകൂടി അദ്ദേഹത്തിന്റെ ഭാഗ്യദൗർഭാഗ്യങ്ങളിൽ പങ്കുകൊൻട് ജീവിച്ച ആ മനസ്വിനി ഇന്നില്ല. മനുഷ്യജീവിതം ഇങ്ങനെയൊക്കെയാണല്ലോ.
|
|