സാഹിത്യവാരഫലം 2002 07 26
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | സമകാലികമലയാളം |
തിയതി | 2002 07 26 |
മുൻലക്കം | 2002 07 19 |
പിൻലക്കം | 2002 08 02 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
സമകാലിക മലയാള സാഹിത്യത്തിന്റെ ജീര്‍ണ്ണിച്ച അവസ്ഥയില്‍ ദുഃഖിക്കുന്നവരാണു് കേരളീയരില്‍ ഭൂരിപക്ഷവും. പ്രതിഭയുടെ വിലാസം കാണാനില്ല. കലാഭാസത്തെ ഉത്കൃഷ്ടകലയായി ബഹുജനമദ്ധ്യത്തില് കൊണ്ടുവരുന്നു, അനര്‍ഹന്മാരെ ക്ലിക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നു. അവര്‍ക്കു് എവോര്‍ഡുകള്‍ കൊടുത്തു ജനവഞ്ചന നടത്തുന്നു. കപടചിന്തകന്മാരെ ഉത്ക്കൃഷ്ട്രചിന്തകന്മാരാക്കി പ്രദര്‍ശിപ്പിക്കുന്നു. ഇങ്ങനെ പോകുന്നു പരാതികള്‍ ഏറെ. ഈ ശോകം കലര്‍ന്ന പ്രഖ്യാപനങ്ങള്‍ വാസ്തവവിരുദ്ധങ്ങളാണെന്നു പറയാനും വയ്യ. ആകുലാവസ്ഥയിലാണു് മലയാളസാഹിത്യം. തല്പരകക്ഷികള് ആകുലാവസ്ഥയില്ല. കലയുടെ ഗന്ധര്‍വലോകത്തു വിഹരിക്കുകയാണു് കേരളീയരുടെ സാഹിത്യമെന്നു് പ്രചാരണം നടത്തുന്നു. ഇതു പ്രചാരണമാണെന്നു പറയുന്നവരെ നവീനസാഹിത്യത്തിന്റെ സ്തോതാക്കാള് തേജോവധം ചെയ്യുന്നു. ഈ വധത്തെ പേടിച്ചു് ജന്മനാ കലാകാരന്മാരായവര് ഒരക്ഷരംപോലുമെഴുതാതെ മൗനം അവലംബിക്കുന്നു.
ഈ ജീര്‍ണ്ണതയ്ക്ക്, അധഃപതനത്തിനു് ആക്കം കൂട്ടുന്നു ചില പെണ്ണെഴുത്തുകാര്‍. ആണെഴുത്തു് പെണ്ണെഴുത്തു് എന്ന വിഭജനം അസത്യാത്മകമല്ലേ? സാഹിത്യം ഉത്കൃഷ്ടമാകുന്നതു് അതു് ദേശം, ജാതി, മതം, ലിംഗഭേദം ഇവയെ ഉല്ലംഘിച്ചു് ശുദ്ധമായ മനുഷ്യത്വത്തില്‍ ചെന്നു ചേരുമ്പോഴല്ലേ? എല്ലാക്കാലത്തെയും മഹനീയമായ കഥ, ആദ്യത്തെ നോവല്‍ എന്നൊക്കെ വാഴ്ത്തപ്പെടുന്ന ‘ഒഡിസി’ എന്ന എപിക് കാവ്യം രചിച്ചതു് ഹോമറല്ല സ്ത്രീയാണു് എന്നൊരഭിപ്രായമുണ്ടു്. പരിണതപ്രജ്ഞന്മാരില് ഏറെപേരും ആ അഭിപ്രായം ശരിയാണെന്നു പറയുകയും ചെയ്യുന്നു. ആ കാവ്യം നമ്മള് വായിച്ചു രസിക്കുന്നതു് പെണ്ണെഴുത്തായതുകൊണ്ടാണോ? കലാസൃഷ്ടി, സൃഷ്ടിക്കുന്ന ആളിന്റെ ശരീരത്തോടു ഇണങ്ങിച്ചേരണം എന്ന വാദം തികച്ചും ഫൂളിഷാണു്. സ്രഷ്ടാക്കള്‍ക്കു സെക്സില്ല. ബ്രൊണ്റ്റിയുടെ ‘വതറിങ് ഹൈറ്റ്സ് (വുതറിങ് എന്നല്ല) എന്ന നോവല്‍ നമ്മുടെ ഹൃദയം കവരുന്നതു് പെണ്ണെഴുത്തു് ആയതുകൊണ്ടാണോ? പെണ്ണെഴുത്തു് എന്ന സങ്കല്പം വലിയ മണ്ടത്തരമാണു്.
നൈട്രജന്‍ മനുഷ്യര്‍ക്കു ദോഷം ചെയ്യുന്നതുകൊണ്ടു് കെമിസ്റ്റ് അതിനോടു ദേഷ്യം കാണിക്കുന്നുണ്ടോ? ഓക്സിജന്‍ മനുഷ്യര്‍ക്കു ഗുണം ചെയ്യുന്നതുകൊണ്ടു് കെമിസ്റ്റിനു് അതിനോടു സ്നേഹമുണ്ടോ? എന്നു ഫ്രഞ്ച് നോവലിസ്റ്റ് സൊല (Zola) ചോദിച്ചതു് എനിക്കോര്‍മ്മ വരുന്നു. ആണെഴുത്തു് ആയതുകൊണ്ടു് സ്ത്രീകള്‍ക്ക് അതു വെറുക്കേണ്ട കാര്യമില്ല. പെണ്ണെഴുത്തു് ആയതുകൊണ്ട് സ്ത്രീകള്‍ അതിഷ്ടപ്പെടേണ്ടതുമില്ല. വികസിതോജ്ജ്വലമായ മനുഷ്യത്വത്തിന്റെ ആവിഷ്കാരമാണു് സാഹിത്യസൃഷ്ടി. ഓരോ കലാസൃഷ്ടി കൈയില്‍ കിട്ടുമ്പോഴും ഈ മാനദണ്ഡം വച്ചാണു് അളക്കേണ്ടത്. മറ്റേതു പ്രക്രിയയും ഭോഷ്കായിത്തീരും.
ചോദ്യം, ഉത്തരം
നിങ്ങള്‍ എപ്പോഴും കുട കൊണ്ടുനടക്കുന്നതു് എന്തിനു്?
- ഞാന്‍ വിഷാദാത്മകത്വം അംഗീകരിക്കുന്നവനാണു് അതെന്നു തെളിയിക്കുന്നു. മഴക്കാലമല്ലെങ്കിലും മഴയുണ്ടാകുമെന്നു് വിശ്വസിക്കുന്ന സ്വഭാവമാണു് എന്റേതു്.
സാഹിത്യവാരഫലം നല്ലതാണെന്നു് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ സന്തോഷിക്കുകയില്ലേ?
- പ്രതികൂലമായ അഭിപ്രായം എന്നെ ക്ഷോഭിപ്പിക്കുമായിരുന്നു പണ്ടു്. ഇപ്പോള്‍ അതില്ല. നന്മയുണ്ടു് ഈ കോളത്തിനെന്നു് ആരെങ്കിലും പറഞ്ഞാല്‍ അതു് ആര്‍ജ്ജവമുള്ള പ്രസ്താവമാണെങ്കില്‍ എനിക്ക് ഇഷ്ടമാകും. പക്ഷേ Not bad എന്ന അഭിപ്രായം കേട്ടാല്‍ പണ്ടും ഇന്നും ദേഷ്യം വരുമെനിക്ക്. ആരുടെ രചനയെക്കുറിച്ചും അതു പറയരുതു്
ഇത്രയും കാലം ജീവിച്ചല്ലോ. നിങ്ങള്‍ എന്തു പഠിച്ചു?
- വിനയം കാണിച്ചാല്‍ ആരും ചവിട്ടിത്തേച്ചുകളയും
മെന്നു്” “മനുഷ്യസ്വഭാവം നിര്‍ണ്ണയിക്കുന്നതു് എങ്ങനെ?”
- അയാളുടെ പ്രവൃത്തികള്‍ നിരീക്ഷിച്ചാല്‍ മതി. റോഡില്‍ രണ്ടുപേര്‍ തമ്മില്‍ അടിപിടി കൂടുന്നതു നോക്കി നില്ക്കുന്നവന് നല്ലവനല്ല
- ഇല്ല. ഏതു മിത്രവും ചതിക്കും. വിശ്വാസവഞ്ചന കാണിക്കും. മോഹഭംഗം ഒടുവില്‍ സംഭവിക്കാതിരിക്കാന്‍ ആദ്യമേ മിത്രത്തെ വിശ്വസിക്കാതിരിക്കണം
- രാഷ്ട്രീയക്കാര്‍ കരയുകയില്ല. സഞ്ജയഗാന്ധി വിമാനം തകര്‍ന്നു് മരിച്ചപ്പോള്‍ ഇന്ദിരാഗാന്ധി കരയാതെ നിന്നതു് താങ്കള്‍ റ്റെലിവിഷനില് കണ്ടില്ലേ? ഇന്ദിരാഗാന്ധിയുടെ മൃതദേഹത്തിനടുത്തുനിന്ന രാജീവ്ഗാന്ധി അമ്മ മരിച്ചതിലുള്ള ദുഃഖം കാണിച്ചോ? ആ വികാരരാഹിത്യവും താങ്കള്‍ റ്റെലിവിഷനില് കണ്ടതല്ലേ? നേരേ മറിച്ചാണു് നമ്മുടെ സ്ഥിതി. ഞാനും കഥാകാരന് മോഹനവര്‍മ്മയും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണു് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു എന്ന വാര്‍ത്ത റേഡിയോയില്‍ കണ്ടതു്. ഞങ്ങള്‍ രണ്ടുപേരും കണ്ണീരൊഴുക്കിക്കൊണ്ടാണു് വാര്‍ത്ത ശരിയാണോ എന്നറിയാന്‍ വേണ്ടി റോഡിലേക്ക് ഓടിച്ചെന്നതു്
രണ്ട് അപസ്മാരരോഗികള്‍
മധുരഗാനം പൊഴിക്കുന്ന പക്ഷീ നീ എവിടെ? എന്നു് പക്ഷിയുടെ പാട്ടു കേട്ടു് ഉണര്‍ന്നുപോയ ഒരു ഇംഗ്ലീഷ് കവി ചോദിക്കുന്നതു് എന്റെ ഓര്‍മ്മയില്‍ എത്തുന്നു. പഞ്ജരമാകുന്ന കാരാഗൃഹത്തില്‍ കിടക്കുകയാണു് അതു്. വസന്തകാലത്തിന്റെ സ്വാധീനതയില്‍ അമര്‍ന്നു് അതു സ്വയമറിയാതെ ഗാനമുതിര്ക്കുകയാണു്. അതുകേട്ട് ഉണര്‍ന്ന കവി വീണ്ടും ഗാനലഹരിയില്‍ പെട്ടു് ഉറങ്ങുന്നു. ഞാനും കാലത്തു നാലു മണിക്ക് ഉണരുന്നു. പക്ഷിയുടെ പാട്ടു കേട്ടല്ല ഞാന്‍ നിദ്രയില്‍നിന്നു മോചനം നേടുന്നതു്. എന്റെ വീട്ടിന്റെ മുന്‍വശത്തുള്ള റോഡിലൂടെ എപ്പോഴും വാഹനങ്ങള്‍ പോകും. പതിവായി കാലത്തു നാലു മണിക്ക് ‘എരച്ചും തുമ്മിയും ചുമച്ചും’ ഫോര്‍ഡ് ആദ്യമായി ഉണ്ടാക്കിയ ഒരു കാര്‍ കടന്നുപോകാറുണ്ടു്.എന്റെ ഗെയ്റ്റിന്റെ സമീപത്ത് അതു ചിലപ്പോള്‍ നില്ക്കും പിന്നെയുള്ള കോലാഹലം വിസ്തരിക്കാന്‍ വയ്യ ക്ഷയരോഗി ചുമയ്ക്കുന്നതുപോലെ അതു ചുമയ്ക്കും. കടുത്ത ജലദോഷമുള്ളവന് തുമ്മുന്നതുപോലെ അതു തുമ്മും. കേറ്റം കയറുന്നവന് “എരയ്ക്കുന്നതു”പോലെ അത് ‘എരയ്ക്കും ’ കവിയെ പക്ഷി പാടി പിന്നെയും ഉറക്കും. എനിക്ക് ആ ഭാഗ്യമില്ല.കാറിന്റെ നിര്‍ഘോഷങ്ങള്‍ കേട്ടാല്‍ നിദ്ര എന്നെ വിട്ടു പോകും. ലൈറ്റിന്റെ സ്വിച്ചമര്‍ത്തി ഞാന്‍ വായന തുടങ്ങും. ഇന്നു രാവിലെ ഉണര്ന്നു് വായിച്ചതു് ഇന്ദുചൂഡന് കിഴക്കേടം എഴുതിയ ‘വിഷ്ണുമൂര്ത്തിയുടെ കണ്ണുകള്‍’ എന്ന കഥയാണ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്) മഹാദ്ഭുതം! കാറും കഥയും ഒരുപോലെ കാറിന്റെ ശബ്ദങ്ങള്‍ very tiresome. കഥ മൗനത്തെക്കുറിച്ചുള്ളതാണെങ്കിലും അതുയര്‍ത്തുന്ന കലാശൂന്യതയുടെ നിര്‍ഘോഷങ്ങള്‍ very tiresome കഥയ്ക്കു രണ്ടു ഭാഗങ്ങള്‍. ആദ്യത്തെ ഭാഗത്തു് ഒരു സ്ഥാപനത്തില്‍ ജോലി നേടിയ ഒരു ഹതഭാഗ്യനു് നേരിടേണ്ടി വന്ന മൗനമാണു് പ്രതിപാദ്യവിഷയം. രണ്ടാമത്തെ ഭാഗത്തു ഉത്സവവര്‍ണ്ണന. അതും മൗനത്തെ പരോക്ഷമായി പ്രതിപാദിക്കുന്നു. രണ്ടും മോരും മുതിരയുമെന്നപോലെ ചേരാതെയിരിക്കുന്നു. ആദ്യത്തെ ഭാഗത്തു കാഫ്കാ എഴുതുന്ന രീതി സ്വീകരിച്ചിരിക്കുന്നു ഇന്ദുചൂഡന്. രണ്ടാമത്തെ ഭാഗത്തു ഋജുവായ ആഖ്യാനം. ഇവയും ചേരുന്നില്ല. ഒരു ദിവസം കാറിന്റെ ശബ്ദം സഹിക്കാനാവാതെ ഡ്രൈവറോടു സംസാരിക്കാനായി ഞാന്‍ ഗെയ്റ്റ് തുറന്നു റോഡിലേക്കു ചെന്നു. അപസ്മാരരോഗിയെപ്പോലെ വാഹനം കിടക്കുന്നതുകണ്ടു് ഞാന്‍ മിണ്ടാതെ വീട്ടിലേക്കു പോന്നു. ഇന്ദുചൂഡന്റെ കഥയ്ക്കും അപസ്മാരരോഗമാണു്. രണ്ടും ചികിത്സ അര്‍ഹിക്കുന്നു. കാറിനെ ചികിത്സിച്ചാല്‍ വീട്ടില്‍ കിടന്നുറങ്ങുന്നവരെ ശല്യപ്പെടുത്താതിരിക്കാന്‍ ഡ്രൈവര്‍ക്കു കഴിയും. കഥയെ ചികിത്സിച്ചാലോ? Incurable disease ആണു് കഥയ്ക്ക്. അതുകൊണ്ടു് ആ യത്നം വേണ്ട ഇന്ദുചൂഡനു്.
നോണ്‍സ്റ്റോപ്പ് ഈറ്റിങ്
വികസിതോജ്ജ്വലമായ മനുഷ്യത്വത്തിന്റെ ആവിഷ്കാരമാണു് സാഹിത്യസൃഷ്ടി. ഓരോ കലാസൃഷ്ടി കൈയില്‍ കിട്ടുമ്പോഴും ഈ മാനദണ്ഡം വച്ചാണു് അളക്കേണ്ടതു്. മറ്റേതു പ്രക്രിയയും ഭോഷ്കായിത്തീരും
അന്തസ്സുകെട്ട പല പദങ്ങളും ഞാന്‍ ഈ കോളത്തില്‍ എഴുതാറുണ്ടു്. അവയിലൊന്നാണു് ‘പറട്ട’ എന്ന വാക്കു്. മറ്റൊന്ന് ‘പന്ന’ എന്നതു്. രണ്ടു വാക്കുകളും സാഹിത്യ നിരൂപണത്തില്‍ പ്രയോഗിക്കാന്‍ പാടില്ലെന്നു് എനിക്കറിയാം. എങ്കിലും ഉല്‍കൃഷ്ടങ്ങളായ വാരികകളില്‍ അധമതമങ്ങളായ ചെറുകഥകള്‍ അച്ചടിച്ചുവരുമ്പോള്‍ ഞാന്‍ ഈ പദങ്ങള്‍ എഴുതിപ്പോകുകയാണു്. അതുപോലെ അന്തസ്സില്ലാത്ത ഒരു സംഭവത്തെക്കുറിച്ചു പറയാന്‍ മാന്യവായനക്കാരുടെ സദയാനുമതി തേടുന്നു ഞാന്‍. വര്‍ഷങ്ങള്‍ക്കു മുന്‍പു് ഞാന്‍ മകളുടെ വീട്ടില്‍ പോയപ്പോള്‍ കുറേ കാഷ്യുനട്ട്സ് വാങ്ങിക്കൊണ്ടുപോയിരുന്നു. അവിടെച്ചെന്നപ്പോള്‍ വീട് പൂട്ടിയിട്ടിരുന്നു. മകളും അവളുടെ കുടുംബവും എവിടെയോ പോയിരിക്കുകയാണു്. ഞാന്‍ വീട്ടില്‍ നിന്നിറങ്ങി റോഡിലേക്കു പോന്നു. റോഡില്‍ അവളുടെ വീട്ടിനടുത്തു താമസിക്കുന്ന കൂട്ടുകാരിയെ കണ്ടു. മകള്‍ മൂന്നു മണിക്കേ ഒരു ബന്ധുഗൃഹത്തില്‍ പോയി എന്നു് ആ കൂട്ടുകാരിയില്‍ നിന്നു് മനസ്സിലാക്കി. പൊതി അവരുടെ നേര്‍ക്കു് നീട്ടിയിട്ട് ഞാന്‍ പറഞ്ഞു “ഇതു നട്ട്സാണു്. മകള്‍ വരുമ്പോള്‍ കൊടുത്താല്‍ കൊള്ളാം” കൂട്ടുകാരി മറുപടി നല്കി. “അയ്യോ സര് ഞാനും ഒരു റിലേറ്റീവിന്റെ വീട്ടില്‍ പോകുകയാണു്. തിരിച്ചെത്തുമ്പോള്‍ രാത്രിയാകും. ചേട്ടന് (അവരുടെ ഭര്‍ത്താവു്) വീട്ടിലുണ്ടു്. പുള്ളിയെ ഇതേല്പിക്കാന് വയ്യ. നറ്റ്സാണെന്നു കണ്ടാല്‍ നോണ്‍സ്റ്റോപ്പായി മുഴുവന്‍ തിന്നുകളയും. ആര്‍ക്കു കൊടുക്കേണ്ടതാനെന്നും മറ്റും നോട്ടമില്ല. നറ്റ്സ് തിന്നാന്‍ കൊതിയേറെയുണ്ടു് ചേട്ടനു്. അതുകൊണ്ടു് സാറിതു് സ്വന്തം വീട്ടില്‍ കൊണ്ടുപോകുന്നതാണു് നല്ലതു്” നോണ്‍സ്റ്റോപ്പ് ഈറ്റിങ് ഒഴിവാക്കാനായി ഞാന്‍ നറ്റ്സ് എന്റെ വീട്ടില്‍ കൊണ്ടുപോയി.
ഏതു മിത്രവും ചതിക്കും. വിശ്വാസവഞ്ചന കാണിക്കും. മോഹഭംഗം ഒടുവില്‍ സംഭവിക്കാതിരിക്കാന്‍ ആദ്യമേ മിത്രത്തെ വിശ്വസിക്കാതിരിക്കണം
വാക്കുകള്‍ നോണ്‍സ്റ്റോപ്പായി ഈറ്റ് ചെയ്യുന്ന എഴുത്തുകാര്‍ കേരളത്തില്‍ വളരെ കൂടുതലാണു്. ഡോസിടര് എം.ലീലാവതി വാക്കുകള്‍ നിറുത്താതെ ഭക്ഷിച്ചുകൊണ്ടിരിക്കുന്നു. വളരെ വര്‍ഷങ്ങളായി ഇതിനെ സംസ്കൃതഭാഷയില്‍ വാവദൂകത എന്നു പറയും. ലീലാവതിക്ക് ഇന്ന രചന വേണമെന്നില്ല. “മല്ലന്‍പിള്ളയെ ആന കൊന്ന പാട്ടാ”യലും മതി. യൂങ്ങിന്റെ anima, animus ഇവ പ്രബന്ധത്തില്‍ തിരുകി കുറഞ്ഞതു് പത്തു പുറമെങ്കിലും ശ്രീമതി എഴുതിക്കളയും. ഈ രചനയുടെ ആര്‍ജ്ജവമില്ലായ്മ ബഹുജനം മനസ്സിലാക്കും എന്ന വിചാരമേയില്ല ലീലാവതിക്കു്. ഫലമോ? അവരുടെ രചനകളില്‍ വിശ്വാസ്യത എന്ന ഗുണമില്ല. വാരികകളില്‍ ഡോക്ടര്‍ എം.ലീലാവതി എന്ന പേരിന്റെ താഴെ കാളമൂത്രം പോലെ പത്തുപുറത്തിലച്ചടിച്ച ലേഖനം കണ്ടാല്‍ ആ പുറങ്ങളില്‍ ശക്തിയോടെ ഒരടി കൊടുത്തിട്ടു് അവ മറിക്കും വായനക്കാരന്. എം.പി.വീരേന്ദ്രകുമാറിന്റെ ‘ആമസോണും കുറെ വ്യാകുലതകളും എന്നതു നല്ല പുസ്തകമാണു്. പക്ഷേ അതിനെക്കുറിച്ചു് ഡോക്ടര്‍ ലീലാവതി എഴുതിയതു് ഞാന്‍ വായിച്ചില്ല. ആറോ ഏഴോ പുറത്തിലുള്ള സത്യസന്ധതയില്ലാത്ത രചന വായിക്കുന്നതെന്തിനു് എന്ന വിചാരമാണു് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുറങ്ങള്‍ കീറിപ്പോകത്തക്ക വിധത്തില്‍ ആഘാതമേല്പിച്ചു് ഞാന്‍ അടുത്ത ലേഖനത്തിലേക്കു പോയപ്പോള്‍ എനിക്കുണ്ടായതു്. ലീലാവതി നിത്യജീവിതത്തില്‍ സത്യസന്ധത പരിപാലിക്കുന്ന നല്ല സ്ത്രീയാണു്. പക്ഷേ അവരെഴുതുന്നതെന്തും അസത്യാത്മകമാണു്. ഇപ്പോള്‍ ലീലാവതിയുടെ പ്രബന്ധങ്ങള്‍ ആരും വായിക്കുന്നില്ല.
വാക്കുകള്‍ നോണ്‍സ്റ്റോപ്പായി ഈറ്റ് ചെയ്യുന്ന ആളാണ് ദേശാഭിമാനി വാരികയില്‍ ‘അന്യാധീനം’ എന്ന കഥയെഴുതിയ കെ.വി,.അനൂപ്. ഒരു കുടിയൊഴിക്കലിന്റെ കഥ ബഹുഭാഷണതൽപരനായി അദ്ദേഹം പറയുന്നു. കനേഡിയന്‍ എഴുത്തുകാരി Margaret Atwood എഴുതിയിട്ടുണ്ടു് “Expressing yourself is not nearly enough. You must express the story” എന്നു് രണ്ടുമില്ല. അനൂപിന്റെ കഥയില്‍. കഥാകാരന് ഉദ്ദേശിച്ച വികാരം വായനക്കാരനില്‍ ഉളവാക്കുമ്പോഴാണല്ലോ അതു് കഥയുടെ ആവിഷ്കാരമാകുന്നതു്. അതില്ല ഇക്കഥയില്‍. ഡോക്ടര്‍ ലീലാവതി ലേഖനമെഴുതുന്നതുപോലെ അനൂപ് ദീര്‍ഘമായി കഥയെഴുതുന്നു. വിശക്കുമ്പോള്‍ ഇഡ്ഢലിയോ ദോശയോ പിട്ടോ തിന്നുകൊള്ളൂ അനൂപേ. വാക്കുകള്‍ തിന്നരുതു്.
പുതിയ പുസ്തകം
സാറാമാഗുവിന്റെ കൈകളില്‍ വന്നുവീണ നോബല്‍സ്സമ്മാനം വി.എസ്.നയ്പോള്‍ എന്ന ജേണലിസ്റ്റിന്റെ കൈകളില്‍ വീഴുന്ന ദൗര്ഭാഗ്യത്തെക്കുറിച്ചു് എനിക്കു ഓര്‍മ്മിക്കാനേ വയ്യ. അതുപോലെ ആന്ദ്രേ മല്‍റോയും കമ്യുവും സാര്‍ത്രും വിഹരിച്ച ഫ്രഞ്ച് സാഹിത്യമണ്ഡലത്തില്‍ കുറെ ‘ഛോട്ടാകള്’ വിഹരിക്കുന്നു. കാവാബത്തയും താനീസാക്കിയും യൂക്കിയോ മിഷീമയും കെന്സാബുറോയും പ്രതിഭയുടെ ഉജ്ജ്വലത കാണിച്ചിടത്തു് ഇപ്പോള്‍ ഒരു ഹാറുകി മൂറാകാമി എന്ന അല്പപ്രഭാവന് പ്രവേശിച്ചിരിക്കുന്നു. സര്‍ക്കസ്സിലെ കോമാളിയെപ്പോലെ അദ്ദേഹം സാഹിത്യകൂടാരത്തില്‍ അന്യരുടെ ചന്തിയില്‍ കമ്പുകൊണ്ടടിച്ചും സ്വന്തം മുഖം വക്രിപ്പിച്ചു് കാണിച്ചും നടക്കുന്നു. പ്രസാധകര്‍ക്കു ജീവിക്കണമല്ലോ. അതുകൊണ്ടു് ഭാവനയില്ലാത്ത ഇക്കൂട്ടരുടെ പുസ്തകങ്ങള്‍ വലിയ തുക പ്രതിഫലം നല്കി വാങ്ങുന്നു. ആകര്‍ഷകമായി അച്ചടിക്കുന്നു. പേരുകേട്ട നിരൂപകരുടെ രണ്ടു വാക്യങ്ങളുള്ള നിരൂപണങ്ങള്‍ ലക്ഷക്കണക്കിനു ഡോളര്‍ നല്കി വാങ്ങിച്ചു പുസ്തകങ്ങളുടെ കവറുകളില്‍ അച്ചടിക്കുന്നു. സത്യമേ പറയൂ എന്നു ജനത വിശ്വസിക്കുന്ന ഇംഗ്ലീഷ് വാരികകളില്‍ അനുകൂലങ്ങളായ നിരൂപണങ്ങള്‍ എഴുതിക്കുന്നു. എം.കൃഷ്ണന് നായരെപ്പോലെയുള്ള മണ്ടന്മാര് വലിയ തുക കൊടുത്തു് പുസ്തകങ്ങള്‍ വാങ്ങി വായിച്ചു് മോഹഭംഗത്തില് വീഴുന്നു. ഈ കോളത്തില്‍ എഴുതാന്‍ വേണ്ടി ചപ്പും ചവറും ഞാന്‍ ഇപ്പോഴും വാങ്ങിച്ചു് പണം നശിപ്പിക്കുന്നു. പേരക്കുട്ടികള്‍ക്ക് പനി വന്നാല്‍ ചെലവാക്കാത്ത പണം ഇമ്മാതിരി നശിച്ച പുസ്തകങ്ങള്‍ക്കുവേണ്ടി ചെലവാക്കി ഞാന്‍ ക്രൂരനായി വര്‍ത്തിക്കുന്നു. ഈയിടെ ഞാന്‍ ഹാറൂകി മുറാകാമിയുടെ “After the Quake” എന്ന കഥാസമാഹാരഗ്രന്ഥം 6=95 കൊടുത്ത് വാങ്ങിച്ചു് ദ്രോഹിയായി മാറിയിരിക്കുന്നു. പുസ്തകത്തിന്റെ ഭംഗി കണ്ടാല്‍ വാങ്ങാതെ ഇരിക്കുന്നതെങ്ങനെ? തൂവെള്ളക്കവര്. നല്ല കടലാസ്സ്. മുദ്രണത്തിന്റെ മനോഹാരിത. സോപ്പ് തേച്ചു് കൈ കഴുകിയിട്ടേ ഞാന്‍ ഗ്രന്ഥമെടുത്തുള്ളൂ. വായിച്ചു കോര്പ്പറെയ്ഷനെടെ ചവറുതൊട്ടി പോലെയാണു് ഇപ്പുസ്തകമെന്നു മനസ്സിലാക്കുകയും ചെയ്തു.
1995 ജനുവരിയില്‍ ജപ്പാനിലെ കോബി (Kobe) നഗരത്തില്‍ ഭൂകമ്പമുണ്ടായി. ആയിരക്കണക്കിനു് ആളുകള്‍ മരിച്ചു. ആ ഭൂമികുലുക്കവും ജനങ്ങളുടെ മരണവും ചില വ്യക്തികളില്‍ ഏല്പിച്ച ആഘാതത്തെക്കുറിച്ചാണു് ഇതിലെ കഥകള്‍. ആദ്യത്തെ കഥയുടെ പേരു് UFO in Kushiro എന്നു്. അഞ്ചുദിവസമായി അവള് റ്റെലിവിഷന് കാണുകയാണു്. തുടര്‍ച്ചയായി തകര്‍ന്നുവീണ ബാങ്കുകള്‍, ആശുപത്രികള്‍, അഗ്നിക്കിരയായ സ്റ്റോഴ്സ്, തെറ്റിയ റെയില്‍വേപാളങ്ങള്‍ ഇവയെല്ലാം അവള് തുറിച്ചുനോക്കുകയാണു്. അവര്‍ ഭര്‍ത്താവിനോടുപോലും ഒന്നും മിണ്ടുന്നില്ല. കൂടിവന്നാല്‍ അവള് തലയാട്ടും. അത്രമാത്രം. ഒരു ദിവസം അയാള്‍ ജോലിക്കു പോയിട്ടു തിരിച്ചുവന്നപ്പോള്‍ ഭാര്യ എഴുത്തു് എഴുതിവച്ചിട്ടു് അപ്രത്യക്ഷമായിരിക്കുന്നു. ‘ഞാന്‍ തിരിച്ചുവരുന്നില്ല’ എന്നു് അവള് അറിയിച്ചിട്ടു് എന്തുകൊണ്ടാണു് അയാളുടെ കൂടെക്കഴിയാന്‍ അവള്‍ക്കു വിസമ്മതമെന്നു് വിശദീകരണം നല്കിയിരിക്കുന്നു. അയാളുടെ മേലുദ്യോഗസ്ഥന്റെ ആജ്ഞയനുസരിച്ചു് അയാള്‍ വേറൊരു പട്ടണത്തില്‍ പോകുന്നു. അവിടെ വെച്ചു് രണ്ടു സ്ത്രീകളെ പരിചയപ്പെടുന്നു. അവരില്‍ പ്രായം കുറഞ്ഞവള്‍ അയാളോടു ചോദിക്കുന്നു.
- “You said your wife left a note, didn’t you?”
- “I did”
- “what did it say?”
- “That living with me was like living with a chunk of air”
- “A chunk of air? what does that mean?”
- “That there’s nothing inside me, I guess”
- “Is it true?”
- “Could be”
അയാള്‍ യാത്രപോകാന്‍ തീരുമാനിക്കുമ്പോള്‍ കഥ തീരുന്നു. ഇന്റര്‍നെറ്റില്‍ നിന്നു കിട്ടിയ ഒരു നിരൂപണ പ്രബന്ധത്തില്‍ ഇപ്പുസ്തകത്തെക്കുറിച്ചു് ഇങ്ങനെ നിരീക്ഷണമുണ്ടു്. “Each one of these stories is about someone undergoing a transformation and change; the Kobe earthquake is almost incidental, each story is a metaphor for this new Japan” ഇതു് വിശ്വസിക്കാന്‍ മേലാ. കഥയുടെ പര്യവസാനം കഴിഞ്ഞ സംഭവങ്ങളുടെ പരിണാമമായിരിക്കണമല്ലോ സ്വാഭാവികമായും. ഭൂകമ്പത്തിന്റെ ഷോക്ക് കൊണ്ടു് ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിക്കുക, ഇതു് വിശ്വാസ്യമല്ല. അപരാധം ചെയ്യാത്ത പുരുഷനെ ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ ഏതു സ്ത്രീയാണു് ഉപേക്ഷിക്കുക? ഇടിവീണു് വീടു് കത്തിയെരിഞ്ഞാല്‍, വെള്ളം കേറി എല്ലാം നശിച്ചാല്‍ കേരളത്തിലെ സ്ത്രീകള്‍ ഭര്ത്താക്കന്മാരെ ഉപേക്ഷിക്കാറുണ്ടോ? അതോ അവര്‍ക്കു കരുത്തു നല്കാന് സഹധര്‍മ്മിണികള്‍ അവരോടു ചേര്‍ന്നു നില്‍ക്കുമോ. ജാപ്പനീസ് സാഹിത്യകാരന്റെ സങ്കല്പം സ്റ്റുപിഡിറ്റിയില് നിന്നു് ജനിച്ചതാണു്. കോബിയിലെ ഭൂകമ്പം കളക്റ്റീവ് അണ്കോണ്ഷ്യസിനെ ബാധിച്ചു എന്നു പറയണം അദ്ദേഹത്തിനു്. അതുകൊണ്ടു് വിശ്വാസ്യത നഷ്ടപ്പെടുത്തി അദ്ദേഹം ഫൂളീഷായി ചിലതു പറയുന്നു. ഞാന്‍ പുസ്തകം പൂര്‍ണ്ണമായി വായിച്ചു. ഒറ്റക്കഥ പോലും സാഹിത്യഗുണമുള്ളതായി കണ്ടില്ല. (“After the Quake”, Haruki Murakami, The Harvill Press, London, Translated from the Japanese by Jay Rubin, Pages 132.)
സാറാമാഗുവിന്റെ കൈകളില്‍ വന്നുവീണ നോബല്‍സ്സമ്മാനം വി.എസ്. നയ്പോള്‍ എന്ന ജേണലിസ്റ്റിന്റെ കൈകളില്‍ വീഴുന്ന ദൗര്‍ഭാഗ്യത്തെക്കുറിച്ച് എനിക്കു ഓര്‍മ്മിക്കാനേ വയ്യ.
കഥയെക്കുറിച്ചു പറയുമ്പോഴെല്ലാം നാരായന്, നാരായന്” എന്നു കേട്ടിരുന്നു. അദ്ദേഹത്തിന്റെ കഥ വായിക്കണമല്ലോ. അല്ലെങ്കില്‍ സംസ്കാരത്തിന്റെ മണ്ഡലത്തില്‍നിന്നു് പുറന്തള്ളപ്പെടുമല്ലോ എന്ന ആശങ്കയോടെ ഞാന്‍ കഴിഞ്ഞുകൂടുകയായിരുന്നു. അപ്പോഴുണ്ടു് പോസ്റ്റില്‍ ജൂലൈ ലക്കം ‘ഭാഷാപോഷിണി’ വരുന്നു. തുറന്നു നോക്കി. നാരായന്റെ കഥയുണ്ടു്. ഭാഷാപോഷിണി രക്ഷിച്ചു. നമ്മള് വായിച്ചിട്ടില്ലാത്ത കഥകളും കവിതകളും അവയുടെ രചയിതാക്കളും വരുന്ന മാസികയാണതു്. പത്രാധിപര്‍ക്കു മനസ്സുകൊണ്ടു് നന്ദി പറഞ്ഞു് ഞാന്‍ നാരായന്റെ ‘എവിടെയുമില്ലാത്ത ഒരിടവും തേടി’ എന്ന കഥ വായിച്ചു. ‘Life without television is an improvement’ എന്നാരോ പറഞ്ഞതുപോലെ ‘My life without Narain’s story is an improvement” എന്നു തോന്നുകയും ചെയ്തു. ബൂര്‍ഷ്വാ ശങ്കരന് നായര്‍ പാവമായ കുമാരനെ ഒരു കരിക്കടര്ത്തിയതിന്റെ പേരില്‍ പീഡിപ്പിച്ചു. മകനെ ഉപദ്രവിച്ച അയാളെ കുമാരന്റെ അച്ഛന് വയറുകീറി കൊന്നു. കൊലപാതകത്തിന്റെ പേരില്‍ ജയിലിലായി കുമാരന്റെ ജനയിതാവു്. കഥ അവിടെ തീര്‍ന്നാല്‍ പറ്റുമോ? മാസികയുടെ നാലു പുറമെങ്കിലും അതച്ചടിക്കണ്ടേ? നാരായന് കഥ നീട്ടുന്നു. ഒരു പെണ്ണു കുമാരന്റെ പാര്‍പ്പിടത്തില്‍ ആശ്രയം തേടുന്നു. പെണ്ണിനെ തേടിനടന്ന തെമ്മാടികള്‍ അവളെ അടിച്ചുവീഴ്ത്തി വലിച്ചിഴച്ചുകൊണ്ടു പോയി. കുമാരന് തിരിച്ചു നടക്കുമ്പോള്‍ കഥ പരിസമാപ്തിയില്‍. ഈ കൊലപാതകവും പെണ്ണിനെ മോഷ്ടിക്കലും എനിക്കൊരു ‘ഡിപ്രെഷന്’ ഉളവാക്കി. എന്താണു് അതിനു കാരണം? raw emotion അതുപോലെ ആവിഷ്കരിച്ചാല്‍ അതു ക്ഷോഭജനകമാകുകയേയുള്ളൂ. മരണവീട്ടില്ച്ചെന്നാല് കഴിയുന്നതും വേഗം നമുക്കവിടെനിന്നു രക്ഷപ്പെടണമെന്നേ തോന്നൂ. മരിച്ചയാളിന്റെ ഭാര്യ നെഞ്ചത്തടിച്ചു കരയുന്നതു കാണാന്‍ നമുക്കിഷ്ടമല്ല. അസംസ്കൃതവികാരം അസ്വസ്ഥത ഉളവാക്കുമെന്നതുകൊണ്ടാണിതു്. അല്ലാതെ അപ്പുറത്തെ മുറിയില്‍ രണ്ടു പെണ്ണുങ്ങള് കൂടി നെഞ്ചിലിടിച്ചു കരയുന്നു; അതും കൂടെ കണ്ടിട്ടു പോകാമെന്നു നമ്മള് പറയുമോ? എന്നാല്‍ മരണത്തെ വര്‍ണ്ണിക്കുന്ന വിലാപകാവ്യങ്ങള്‍ നമ്മള് പല പരിവൃത്തി വായിക്കും. റോഡില്‍ നില്ക്കുന്ന യുവാവും യുവതിയും ശൃംഗരിക്കുന്നതു കാണാനിടവന്നാല്‍ ഒരളവുവരെ മാത്രമേ നമ്മള് അതു സഹിക്കുകയുള്ളൂ. കുറഞ്ഞ സംസ്കാരമുള്ളവര്‍ കുറേ നേരമായില്ലേടാ ഇതു തുടങ്ങിയിട്ടു്? നിറുത്തു് എന്നു ഉറക്കെ പറഞ്ഞെന്നും വരും. മറ്റുചിലര്‍ — സംസ്കാരലോപമുള്ളവര് കല്ലെടുത്തു് അവരെ എറിയും. എന്നാല്‍ നാടകവേദിയില്‍ ദുഷ്യന്തനും ശകുന്തളയും പ്രേമപരവശരായി അഭിനയിക്കുന്നതു കണ്ടാല്‍ നമുക്കു ആഹ്ലാദം ആ അഭിനയം തീര്‍ന്നാല്‍ once more എന്നു അഭ്യസ്തവിദ്യരും വിളിക്കും. അസംസ്കൃതവികാരത്തെ — raw emotion-നെ കലയിലെ വികാരമാക്കുന്നതുകൊണ്ടാണു് ആസ്വാദനം നടക്കുന്നതു്. നാരായനു് raw emotion-നെ അതായിട്ടുതന്നെ ചിത്രീകരിക്കാനേ അറിയൂ. എന്റെ ദൃഷ്ടിയില് ഇക്കഥയെഴുതിയ നാരായന് കലാകാരനല്ല.
ചങ്ങമ്പുഴയെ ഇഷ്ടമില്ലാത്തവര്‍ ഇടപ്പള്ളി രാഘവന്പിള്ളയോടു് അനിഷ്ടം കാണിക്കുന്നവരല്ല. ഇതിനു കാരണം എന്റെ ഒരു ഇഷ്ടത്തിലൂടെ വിശദമാക്കാന്‍ ശ്രമിക്കാം. എനിക്കു കെയ്ക്ക് ഇഷ്ടമല്ല. പക്ഷേ ഞാനതു കഴിക്കാറുണ്ടു്. എന്തിനെന്നല്ലേ? കെയ്ക്കില്‍ കുരുവില്ലാത്ത മുന്തിരിങ്ങ കാണും. അതു ചവയ്ക്കുമ്പോള്‍ എനിക്കു എന്തെന്നില്ലാത്ത ആഹ്ലാദമാണു്. ആ ആഹ്ലാദത്തെ കരുതി മാത്രമാണു് ഞാന്‍ കെയ്ക്ക് തിന്നുന്നതു്.
അതുപോലെ വിവാഹസദ്യയ്ക്ക് വിളമ്പുന്ന നാലുപായസങ്ങളും എനിക്കിഷ്ടമല്ല. പക്ഷേ ബോളി ഒഴിവാക്കിക്കൊണ്ടു് ഞാന്‍ അരിപ്പായസം കുടിക്കാറുണ്ടു്. അതില്‍ കുരുവില്ലാത്ത മുന്തിരിങ്ങ ഏറെയിട്ടിരിക്കും. അതു തിരഞ്ഞുപിടിച്ചു് ഞാന്‍ പല്ലുകൊണ്ടമര്ത്തും. അപ്പോഴുണ്ടാകുന്ന മധുരാനുഭൂതി അനിര്വചനീയമത്രേ. മുന്തിരിയില്ലാത്ത അരിപ്പായസം വിളമ്പിയാല്‍ ഞാനതു കൈകൊണ്ടു തൊടില്ല. പിന്നല്ലേ രുചിച്ചു നോക്കുന്ന പ്രക്രിയ!
ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കവിത കുരുവില്ലാമുന്തിരിങ്ങ ധാരാളം ചേര്‍ത്ത കെയ്ക്കാണു്. അരിപ്പായസമാണു്. ചങ്ങമ്പുഴയുടെ കവിത വായിക്കു. മുന്തിരിയില്ലാത്ത കെയ്ക്കാണതു പലപ്പോഴും വെറും അരിയും പാലും കൊണ്ടുണ്ടാക്കിയ പായസമാണതു്. ഇതൊരു സാമാന്യകരണമായി കരുതരുതു് പ്രിയപ്പെട്ട വായനക്കാര്‍. മുന്തിരിങ്ങ ഇല്ലാത്ത ഇടപ്പള്ളിക്കവിത കണ്ടെന്നുവരും മുന്തിരിങ്ങയിട്ട അരിപ്പായസംപോലെയുള്ള ചങ്ങമ്പുഴക്കവിതയും കണ്ടെന്നുവരും.
|
|