close
Sayahna Sayahna
Search

Difference between revisions of "പാശ്ചാത്യസാഹിത്യകാരന്മാർ"


(ഈറ്റാലോ കാൽവിനോ)
Line 11: Line 11:
 
{{#lst:സാഹിത്യവാരഫലം_1986_05_04|BreytenBach}}
 
{{#lst:സാഹിത്യവാരഫലം_1986_05_04|BreytenBach}}
  
 +
==മാനിലോ ആര്‍ഗ്വീററ==
 +
===[[സാഹിത്യവാരഫലം_1986_07_20]]===
 +
{{#lst:സാഹിത്യവാരഫലം_1986_07_20|ManiloArgueta}}
  
 
{{MKN/SV}}
 
{{MKN/SV}}
 
{{MKN/Works}}
 
{{MKN/Works}}

Revision as of 10:00, 31 July 2014

ഈറ്റാലോ കാൽവിനോ

സാഹിത്യവാരഫലം 1985 11 03

ഈറ്റാലോ കാല്‍വീനോ

പതിനെട്ടു് അംഗങ്ങളുള്ള സ്വീഡി‍ഷ് അക്കാഡമിയിലെ ഏറ്റവും ശക്തനായ അംഗം ലുണ്ടു് ക്വിസ്റ്റാണെന്നു് ‘ന്യൂസ് വീക്ക്’ ധ്വനിപ്പിച്ചു് എഴുതിയിരിക്കുന്നു. ലെനിന്‍ സമ്മാനം നേടിയ ഇദ്ദേഹമാണത്രേ പാവ്‌ലോ നെറുദയ്ക്കും വിതന്റേ ആലേഹാന്ദ്രയ്ക്കും (Vicente Aleixandre) മാര്‍കേസിനും നോബല്‍ സമ്മാനം കിട്ടാന്‍ കാരണക്കാരന്‍. 1983-ലെ സമ്മാനം ബ്രിട്ടീഷ് നോവലിസ്റ്റ് വില്യം ഗോള്‍ഡിങ്ങിനു നല്കിയപ്പോള്‍ ലുണ്ടു് ക്വിസ്റ്റ് ബഹളം കൂട്ടിയെന്നു നമ്മള്‍ അറിഞ്ഞു. ക്ലോദ് സീമൊങ്ങിനു് (Claude Simon) അന്നേ സമ്മാനം കൊടുക്കേണ്ടതാണെന്നു് ലുണ്ടു് ക്വിസ്റ്റ് പ്രഖ്യാപനം നടത്തി. 1913-ല്‍ ജനിച്ച ഈ ഫ്രഞ്ച് നോവലിസ്റ്റ് ഫ്രഞ്ച് ദാര്‍ശനികന്‍ ഗാസ്റ്റോങ് ബാഷ്‌ലാറിന്റെ (Gaston Bachelard) സിദ്ധാന്തങ്ങളിലാണു് വിശ്വസിക്കുന്നതെന്നു് മാര്‍ട്ടിന്‍ സേമര്‍ സ്മിത്ത് പറയുന്നു. എല്ലാം അസ്ഥിരമാണു്. എല്ലാമൊരു പ്രവാഹമാണു് എന്നു് ബാഷ്‌ലാര്‍ വിശ്വസിക്കുന്നു. ഈ സിദ്ധാന്തത്തിനു യോജിച്ച വിധത്തില്‍ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും അവതരിപ്പിക്കുന്നു ക്ലോദ് സീമൊങ്, ബോര്‍ഹെസ്, അമാദൂ, ഗ്യുന്തര്‍ ഗ്രാസ്, ഗ്രേയം ഗ്രീന്‍, കാര്‍ലോസ് ഫ്വേന്‍റസ്, വാര്‍ഗാസ് യോസ ഇവരില്‍ ആര്‍ക്കെങ്കിലും സമ്മാനം കൊടുക്കാതെ ലുണ്ടു് ക്വിസ്റ്റ് അതു് ക്ലോദ് സീമൊങ്ങിനു കൊടുക്കുമോ? ഏതായാലും നോബല്‍ സമ്മാനത്തിനു് അര്‍ഹതയുണ്ടായിരുന്ന ഈറ്റാലോ കാല്‍വീനോ അടുത്ത കാലത്തു് അന്തരിച്ചു. അദ്ദേഹത്തിന്റെ If on a Winter’s Night (നോവല്‍) Marcovaldo (കഥകള്‍), Adam, One Afternoon (കഥകള്‍) Invisible Cities (നോവല്‍) Italian Folktales (നാടോടിക്കഥകള്‍) ഈ ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ടു് ഓരോ വാക്യംകൊണ്ടെങ്കിലും ഇവയുടെ സവിശേഷത സൂചിപ്പിക്കാന്‍ ഇവിടെ സ്ഥലമില്ല. അന്യാദൃശരങ്ങളായ കലാസൃഷ്ടികള്‍ എന്നു മാത്രം പറയാനാവൂ. കാല്‍വിനോയുടെ ഏറ്റവും പുതിയ പുസ്തകമായ Mr. Palomar (തര്‍ജ്ജമ പ്രത്യക്ഷപ്പെട്ട കാലത്തെ അവലംബിച്ചാണു് പുതിയ പുസ്തകമെന്നു പറഞ്ഞതു്) അസാധാരണത്വമുള്ള കൃതിയാണെന്നു നിരൂപകര്‍ പറയുന്നു വസ്തുക്കളുടെയും വസ്തുതകളുടെയും ഉപരിതലങ്ങളെ ശരിയായി മനസ്സിലാക്കിയാലേ അവയുടെ അഗാധതയിലേക്കു പോകാനാവൂ എന്നതാണു് ഈ കൃതിയുടെ പ്രമേയം. ആ ഉപരിതലങ്ങള്‍ അനന്തങ്ങളും. He spared into phenomenal realms എന്നു് റ്റൈം വാരിക വാഴ്ത്തിയ കാല്‍വീനോ 61ആമത്തെ വയസ്സില്‍ മരിച്ചു. ജീവിച്ചിരുന്നാല്‍ത്തന്നെ സ്വീഡിഷ് അക്കാഡമി അദ്ദേഹത്തിനു സമ്മാനം കൊടുക്കുമെന്നു് എങ്ങനെ കരുതാനാണു്”? പേള്‍ബക്ക്, സ്റ്റൈന്‍ബക്ക്, ഗോള്‍ഡിങ് ഇവരെല്ലാം വാങ്ങിയ സമ്മാനം കാല്‍വീനോക്കു കിട്ടാത്തതും ഒരു കണക്കില്‍ നന്നായി.


ക്ളോദ് സീമൊങ്

സാഹിത്യവാരഫലം 1985 11 24

നോബല്‍ സമ്മാനംകിട്ടിയ ക്ളോദ് സീമൊങ്ങിനെക്കുറിച്ചു് എന്‍. വി. കൃഷ്ണവാരിയര്‍ കുങ്കുമത്തിലെഴുതിയ ലേഖനത്തില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടു്. “സീമൊങ്ങിനുതന്നെയോ ഈയാണ്ടിലെ സമ്മാനം നൽകപ്പെടേണ്ടിയിരുന്നതു്”? എനിക്കറിയാവുന്ന മറ്റുചില എഴുത്തുകാരുടെ കൃതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീമൊങ്ങിന്റെ നോവലുകള്‍ എവിടെ നില്ക്കും? ഉദാഹരണത്തിനു്, തകഴിയുടെ നോവലുകളുമായി സീമൊങ്ങിന്റെ കൃതികളെ താരതമ്യപ്പെടുത്തിയാല്‍ എങ്ങനെയിരിക്കും?”

സീമൊങ്ങിന്റെ നോവലുകളെ വിശ്വവിഖ്യാതരായ ഗൃന്തര്‍ഗ്രാസ്സ്, മാര്‍കേസ്, ഗ്രേയംഗ്രീന്‍, വാര്‍ഗാസ് യോസ ഇവരുടെ കൃതികളുമായി താരതമ്യപ്പെടുത്താന്‍വയ്യ. കാരണം അദ്ദേഹത്തിന്റെ നോവലുകള്‍ ആന്റി നോവല്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു എന്നതാണു്. നിയമിതങ്ങളായ (conveational) നോവലുകള്‍ വായനക്കാരെ അവാസ്തവികതയിലേക്കു് എറിയുന്നു എന്നാണു് ആന്റി നോവലിസ്റ്റുകളുടെവാദം. ഉണ്മയേതെന്നു് അവര്‍ക്കു് അറിയാന്‍ കഴിയാതെ വരുന്നു. പുതിയ ഭാവസംദൃബ്ധതയെ സ്ഫുടീകരിക്കാന്‍വേണ്ടി പുതിയ നോവലിസ്റ്റുകള്‍ (ആന്റി നോവലിസ്റ്റുകള്‍) കഥാപാത്ര സംഭാവ ചിത്രീകരണം. രേഖാരൂപമായ ആഖ്യാനം ഇവയെല്ലാം നിരാകരിക്കുന്നു കിളോദ് സീമൊങ്ങിന്റെ നോവലുകളില്‍ ഈ സവിശേഷതകള്‍ ദര്‍ശിക്കാം. ആഖ്യാനരീതി കാണിക്കാന്‍ അദ്ദേഹത്തിന്റെ ‘The Grass’ എന്ന നോവലില്‍നിന്നു് ഒരു ഭാഗം എടുത്തെഴുതാം. വാക്യം തുടങ്ങുന്നതു് ഒരു പത്തുപുറത്തിനു് മുന്‍പായിരിക്കും. അതുകൊണ്ടു് ആരംഭത്തില്‍ നിന്നു് ഉദ്ധരിക്കാനാവില്ല “...and the cat too, fierce, cold, circum spect, frozen in that same attitude like a sudden condensation of spend (Just as a stick of dynamite contains a million times its volume of noise and destruction) petrified, maring at her, spying on her through these two narrow vertical sits ...” (Page 17), പല പരിവൃത്തി വായിച്ചാലേ സീമൊങ്ങിന്റെ നോവല്‍ എന്താണെന്നു നമുക്കു മനസ്സിലാകൂ. സംഭാഷണം വിരളം. ഉള്ളതു പുതിയ മട്ടിലും.

do you think you’re being funny?
no I said Listen I’ve got to go be careful
what?
(Page 232 Histoire എന്ന നോവല്‍)

ക്ലോദ് സീമൊങ് അദ്ദേഹത്തിന്റെ രീതിയില്‍ വലിയ എഴുത്തുകാരനായിരിക്കാം. എങ്കിലും മീലാന്‍ കുന്ദേരയെക്കാള്‍ ബോർഹെസ്സിനെക്കാള്‍ യോസയെക്കാള്‍ മഹാനായ എഴുത്തുകാരനല്ല.


ബ്രേതന്‍ ബ്രേതന്‍ ബാഹ്

സാഹിത്യവാരഫലം_1986 05 04

ജീവിതം ധന്യമായിയെന്നു തോന്നുന്ന അസുലഭനിമിഷങ്ങളുണ്ട്. അമ്മട്ടിലുള്ള ഒരു നിമിഷത്തിലാണു ഞാനിപ്പോള്‍. കാരണം തെക്കനാഫ്രിക്കന്‍ കവിയും ചിത്രകാരനുമായ ബ്രേതന്‍ ബ്രേതന്‍ ബാഹിന്റെ (Breyten Breyten Bach) അന്യാദൃശ സൗന്ദര്യമാര്‍ന്ന The True Confessions of an Albino Terrorist എന്ന ക്ലാസിക് ഞാനിപ്പോള്‍ വായിച്ചു തീര്‍ത്തു എന്നതാണ്. His prose constitutes poetry of a very high order indeed, the book sings in the mind എന്നു ബര്‍നാഡ് ലവിനും A classic of prison writing എന്നു വേറൊരുൂ നിരൂപകനും വാഴ്‌ത്തിയ ഈ ഗ്രന്ഥം ഏഴുകൊല്ലം സ്വന്തം നാട്ടിലെ കാരാഗൃഹങ്ങളില്‍ കിടന്നു യാതന അനുഭവിച്ച ഒരു വലിയ മനുഷ്യന്റെ ആത്മനിവേദനമാണു്. ആ ആത്മനിവേദനം നമ്മുടെ മനുഷ്യത്വത്തെ വികസിപ്പിക്കും. ഉത്കൃഷ്ടമായ സാഹിത്യമെന്താണെന്നു നമ്മെ ഗ്രഹിപ്പിക്കും. ഇതിലെ സത്യസന്ധത നമ്മളെ ഉദാത്തമായ മണ്ഡലത്തിലേക്കു കൊണ്ടുചെല്ലും. ബ്രേതന്‍ ബാഹിന്റെ വാക്യങ്ങള്‍ കേട്ടാലും:

“Do yourself a selfish favour: if you want to remain whole, recognize the humanity of your enemy. But recognize also that there are irreconcilable interests. Don’t make a fool of yourself by killing him. No cause can justify the destruction of life. After all we are all blood brothers and sisters.” (Page 360)
[സ്വാര്‍ത്ഥപരമായ ഒരു സഹായസന്നദ്ധത നിങ്ങള്‍ കാണിച്ചാലും. സമ്പൂര്‍ണ്ണമനുഷ്യനായി നിങ്ങള്‍ക്കു കഴിഞ്ഞു കൂടണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ ശത്രുവിന്റെ മനുഷ്യത്വത്തെ കണ്ടറിഞ്ഞാലും. അതേസമയം പരസ്പരം യോജിക്കാത്ത താല്പര്യങ്ങള്‍ ഉണ്ടെന്നും അറിയുക. അയാളെ കൊന്നു് നിങ്ങള്‍ പരിഹാസപാത്രമാകാതിരിക്കു. ഒരു കാരണവും ജിവിതനാശനത്തെ നീതിമത്കരിക്കുകയില്ല. എന്തൊക്കെയായാലും നമ്മളെല്ലാം രക്തബന്ധമുള്ള സഹോദരന്മാരും സഹേദരികളുമല്ലേ?]

സ്നേഹത്തിന്റെ ഈ സന്ദേശമാണു് ഈ ഗ്രന്ഥത്തിനു് അമൂല്യസ്വഭാവം നല്‍കുന്നത്. ഇതിന്റെ രചയിതാവിനെക്കുറിച്ചറിയാന്‍ വായനക്കാര്‍ക്ക് കൗതുകമില്ലേ? ഉണ്ടെങ്കില്‍ പറയാം. കേപ്പ് ടൗണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചിരുന്ന ബ്രേതന്‍ ബാഹ് 1959-ല്‍ (ജനനം 1939-ല്‍) തെക്കേ ആഫ്രിക്ക വിട്ടുപോയി. പാരീസിലാണു് അദ്ദേഹം ചെന്നുചേര്‍ന്നതു്. ചിത്രകാരനെന്ന നിലിയില്‍ മഹായശസ്കനാകാന്‍ അദ്ദേഹത്തിനു കാലമധികം വേണ്ടിവന്നില്ല. ഹ്വാങ് ലീന്‍ എങ്കോ (Hoang Lien Ngo) എന്ന വിയറ്റ്നാമീസ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെ അദ്ദേഹത്തിനു ദക്ഷിണാഫ്രിക്കയില്‍ പോകാന്‍ വയ്യാതെയായി. വിഭിന്നവര്‍ഗ്ഗങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹമരുതെന്നാണു് ആ രാജ്യത്തെ നിയമം. 1975-ആഗസ്റ്റില്‍ അദ്ദേഹം ഒരു വ്യാജ പാസ്പോര്‍ട്ടോടുകൂടി ക്രിസ്ത്യന്‍ ഗലാസ്ക എന്ന പേരില്‍ ദക്ഷിണാഫ്രിക്കയിലെത്തി. അവിടത്തെ പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് ബ്രേതന്‍ ബാഹ് അറിഞ്ഞതേയില്ല. മൂന്നാഴ്ചത്തെ പര്യടനത്തിനുശേഷം തിരിച്ചു ഫ്രാന്‍സില്‍ പോരാന്‍ വിമാനത്തില്‍ കയറാന്‍ തുനിഞ്ഞപ്പോള്‍ സെക്യൂരിററി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഭീകരപ്രവര്‍ത്തകന്‍ എന്നാണ് അധികാരികള്‍ അദ്ദേഹത്തെ മുദ്രകുത്തിയതു്. കോടതിയില്‍ തര്‍ക്കിച്ചാല്‍ വധ ശിക്ഷകിട്ടും. അതുകൊണ്ടു് ബ്രേതന്‍ ബാഹ് അതിനുസന്നദ്ധനായില്ല. ഒന്‍പതുവര്‍ഷത്തെ കാരാഗൃഹവാസമാണ് വിധിക്കപ്പെട്ടതു്. ഏഴാമത്തെ വര്‍ഷത്തിന്റെ അവസാനത്തില്‍ ലോകമെമ്പാടുമുള്ള ധിഷണാശാലികളുടെ അഭ്യര്‍ത്ഥന അവഗണിക്കാനാവാതെ സര്‍ക്കാര്‍ അദ്ദേഹത്തെ മോചിപ്പിച്ചു. ജയിലില്‍ കിടന്ന കാലത്തെ അനുഭവങ്ങളാണു് ഈ ഗ്രന്ഥത്തിലുള്ളതെന്നു ആവര്‍ത്തിച്ചെഴുതട്ടെ.

ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹം സഹധര്‍മ്മിണിക്ക് എഴുതിവച്ചതും അയയ്ക്കാത്തതുമായ ഒരു കത്തിന്റെ ഒടുവിലത്തെ ഭാഗം ഈ “ഭീകരപ്രവര്‍ത്തകന്റെ” കാരുണ്യാകുലമായ ഹൃദയം വ്യക്തമാക്കിത്തരും.

One day we shall be free. We shall walk down a beach and we shall enter the water. We shall sit at a table. The sun will be in your eyes. Your hair will fall, black and straight, over the half of your face… goodnight my sweetness, my secret love.

ഈ പുസ്തകത്തിന്റെ ഒടുവില്‍ ബ്രേതന്‍ ബാഹിന്റെ പതിമ്മൂന്നു കാവ്യങ്ങള്‍‌ ചേര്‍ത്തിട്ടുണ്ട്. ഓരോന്നും മനോഹരം. ഒരു ഭാഗം എടുത്തെഴുതിക്കൊള്ളട്ടെ.

When I climbed on to the chair
to wipe the southeast wind’s gold dust
from the high winddowledge
I saw in the sliced space behind the tungsten bars
that passes for an opening
two swallows hanging playfully in the dusk air
caught and released by turn in the dying earth’s brightness
like leaf boasts from the endless blue heavenly bluegum tree
free, free, free…”

ഈ പുസ്തകം പ്രസാധനം ചെയ്ത ഫേബര്‍ ആന്‍ഡ് ഫേബര്‍ പ്രസാധകരോടും ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ മാത്രം വരുത്തിവില്ക്കുന്ന തിരുവനന്തപുരത്തെ ദര്‍ശന്‍ ബുക്ക്‌സിനോടും എന്റെ മനസ്സിനെ ഉന്നമിപ്പിച്ച ബ്രേതന്‍ ബ്രേതന്‍ ബാഹ് എന്ന കലാകാരനോടും ഞാന്‍ നന്ദിപറയുന്നു.


മാനിലോ ആര്‍ഗ്വീററ

സാഹിത്യവാരഫലം_1986_07_20

എല്‍ സാല്‍വഡോറിലെ (എല്‍ സാല്‍വദോര്‍ എന്നു സ്പാനിഷ് ഉച്ചാരണം) പ്രതിഭാശാലിയായ നോവിലിസ്റ്റാണു് മാനിലോ ആര്‍ഗ്വീററ (Manilo Argueta). കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പു് അദ്ദേഹത്തെ നാട്ടില്‍നിന്നു ബഹിഷ്കരിച്ചു. ആര്‍ഗ്വീററ ഇപ്പോൾ കോസ്റ്ററിക്കായില്‍ താമസിക്കുന്നു (ജനനം 1935–ല്‍). അദ്ദേഹത്തിന്റെ നോവലായ A Day in the Life in El Salvador ഉജ്ജ്വലമായ കൊച്ചു കൃതിയാണു്. അതിനെ major novel എന്നു വിശേഷിപ്പിച്ചാലും ശരിയായിരിക്കും. ഒരു ദിവസം കാലത്തു് ആറുമണിതൊട്ടു് ഉച്ചയ്ക്കുശേഷം രണ്ടുമണിവരെയുള്ള സംഭവങ്ങളെ ലൂപ് എന്നു കൃഷിക്കാരിയുടെ വിചാരങ്ങളിലൂടെ ആവിഷ്കരിക്കുകയാണു് ആര്‍ഗ്വീററ്. സാല്‍വഡോറിലെ ഒരു ഗ്രാമത്തില്‍നിന്നും വന്നവളാണു ലൂപ്. നേഷനല്‍ ഗാര്‍ഡ്സ് സാല്‍വഡോറില്‍ മര്‍ദ്ദനവും കൊലപാതകവും മുറയ്ക്കു നടത്തുകയാണു്. തന്റെ കുടുംബാംഗങ്ങളെ സംരക്ഷിച്ചുകൊണ്ടുപോകേണ്ട ഭാരമാണു ലൂപയ്ക്ക്. അവളെ ഗാര്‍ഡ്സ് പീഡിപ്പിക്കുന്നു, മര്‍ദ്ദിക്കുന്നു. അവര്‍ ലൂപിന്റെ മകനെ കൊന്നു തലയറുത്തെടുത്തു. മറ്റുള്ളവര്‍ക്കു മുന്നറിയിപ്പു് എന്ന പോലെ വഴിവക്കില്‍ അതു് വച്ചു. അവളുടെ മരുമകന്‍ (മകളുടെ ഭര്‍ത്താവു്) ഒരു ദിവസം ആരുമറിയാതെ “അപ്രത്യക്ഷനായി.” കര്‍ഷകത്തൊഴിലാളികള്‍ക്കുമാത്രമല്ല ജീവന്‍ ഉപേക്ഷിക്കേണ്ടിവന്നതു്. ഒരു പാതിരി പകുതി മരിച്ച നിലയില്‍ കാണപ്പെട്ടു. അവര്‍ അയാളെ അടിച്ചു് മുഖം തിരിച്ചറിയാന്‍ വയ്യാത്ത വിധത്തിലാക്കി. മലദ്വാരംവഴി ഒരു കമ്പു് അടിച്ചുകയററിയിട്ടുണ്ടായിരുന്നു അവര്‍. നിലവിളിക്കുന്ന, നഗ്നനായ പാതിരി ഒരു കുഴിയില്‍ കിടക്കുന്നത് അതിലേ പോയ ഒരു സ്ത്രീ കണ്ടു. റോഡില്‍നിന്നു അല്പമകലെയായി പാതിരിയുടെ ളോഹ കിടക്കുന്നുണ്ടായിരുന്നു. ലൂപയുടെ ഭര്‍ത്താവു് ഹോസേ (Jose) ഒളിവിലാണു്. കര്‍ഷകത്തൊഴിലാളി സംഘടനയിലെ അംഗമായ അയാളെ ഗാര്‍ഡ്സ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ലൂപയുടെ ചെറുമകള്‍ അഡോള്‍ഫിന പള്ളിയില്‍ പോയിരിക്കുകയാണു്. ഗാര്‍ഡ്സിന്റെ ക്രൂരതകളില്‍ പ്രതിഷേധിക്കുന്ന ഒരു സമ്മേളനത്തില്‍ പങ്കുകൊണ്ടിട്ടു് അവള്‍ മുത്തശ്ശിയുടെ അടുക്കലെത്തുമ്പോള്‍ നാലു ഗാര്‍ഡ്സ് ജീപ്പില്‍ നിന്നു് ശരീരം തള്ളിത്താഴെയിട്ടു് അവളുടെ സമീപത്തേക്കു വലിച്ചിഴച്ചു കൊണ്ടുവരുന്നതാണു് കണ്ടതു്. ആ ശരീരത്തിന്റെ മുഖമാകെ രക്തം. അതു് ഉടുപ്പിലേക്കും ട്രൌസേഴിസിലേക്കും ഒഴുകിയിരിക്കുന്നു. കണ്ണു് വെളിയില്‍ തൂങ്ങിക്കിടക്കുന്നു. “നിനക്കു ഇവനെ അറിയാമോ?” എന്നു് ഒരു ഗാര്‍ഡ് ലൂപയോടു് ചോദിച്ചു. പട്ടികടിച്ചു മുറിവേല്പിച്ചതുപോലെയുള്ള ആ ശരീരത്തെ നോക്കി അവള്‍ പറഞ്ഞു: “അറിഞ്ഞുകൂടാ.” പക്ഷേ, ലൂപ് തന്നോടുതന്നെ പറഞ്ഞു: “അങ്ങു് — അങ്ങാണു് ഹോസ. ആ കണ്ണു് വേറെആരുടെയും കണ്ണല്ലല്ലോ. …ഒരിക്കല്‍ അങ്ങു് എന്നോടു പറഞ്ഞു ‘നിനക്കോ നമ്മുടെ കുടുംബത്തിനോ എപ്പോഴെങ്കിലും ആപത്തുണ്ടായാല്‍ എന്നെ തള്ളിപ്പറയാന്‍ നീ മടിക്കരുതു്.’ അങ്ങു് ആ വിധത്തില്‍ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു. ഈ നിലയില്‍ അതാകുമെന്നു ഞാന്‍ വിചാരിച്ചതേയില്ലല്ലോ.” ഇതുകൊണ്ടാണു് ഹോസേയെ അറിയില്ലെന്നു ലൂപ് പറഞ്ഞതു്. പക്ഷേ, ഇതുകൊണ്ടൊന്നും സാല്‍വഡോറിലെ കര്‍ഷകരുടെ വീര്യം കെട്ടുപോകുമെന്നു മര്‍ദ്ദകര്‍ വിചാരിക്കരുതു്. ലൂപ് പറഞ്ഞു: “ഞാന്‍ കരയാന്‍ പോകുന്നില്ല. എന്റെ കണ്ണീരൊഴുകുന്നതു കണ്ടു തൃപ്തിയടയാന്‍ എന്റെ ശത്രുക്കളെ ഞാന്‍ സമ്മതിക്കില്ല. അവര്‍ അനുഭവിക്കും. അതാണു് ഞാന്‍ എന്നോടായി പറഞ്ഞതു്. ഇന്നല്ലെങ്കില്‍ നാളെ. അവര്‍ അനുഭവിക്കും. അതാണു് ഞാന്‍ എന്നോടായി പറഞ്ഞതു്. ആ കൊലപാതകികള്‍ എന്റെ മകനോടു് എന്തു ചെയ്തുവോ ആതു് ആരും അനുഭവിക്കാന്‍ ഇടവരരുതു്.” അസാധാരണമായ ആര്‍ദ്രീകരണശക്തിയുള്ള നോവലാണിതു്. മര്‍ദ്ദനമനുഭവിക്കുന്ന സാല്‍വഡോറിന്റെ ചൈതന്യം ഈ കലാശില്പത്തില്‍ ജ്വലിച്ചുനില്‍ക്കുന്നു. (Bill Brow തര്‍ജ്ജമ ചെയ്തതാണു് ഈ കൃതി. Chatto and Windur, London പ്രസാധകര്‍).