close
Sayahna Sayahna
Search

പാശ്ചാത്യസാഹിത്യകാരന്മാർ


ഈറ്റാലോ കാൽവിനോ

സാഹിത്യവാരഫലം_1985_11_03

ഈറ്റാലോ കാല്‍വീനോ

പതിനെട്ടു് അംഗങ്ങളുള്ള സ്വീഡി‍ഷ് അക്കാഡമിയിലെ ഏറ്റവും ശക്തനായ അംഗം ലുണ്ടു് ക്വിസ്റ്റാണെന്നു് ‘ന്യൂസ് വീക്ക്’ ധ്വനിപ്പിച്ചു് എഴുതിയിരിക്കുന്നു. ലെനിന്‍ സമ്മാനം നേടിയ ഇദ്ദേഹമാണത്രേ പാവ്‌ലോ നെറുദയ്ക്കും വിതന്റേ ആലേഹാന്ദ്രയ്ക്കും (Vicente Aleixandre) മാര്‍കേസിനും നോബല്‍ സമ്മാനം കിട്ടാന്‍ കാരണക്കാരന്‍. 1983-ലെ സമ്മാനം ബ്രിട്ടീഷ് നോവലിസ്റ്റ് വില്യം ഗോള്‍ഡിങ്ങിനു നല്കിയപ്പോള്‍ ലുണ്ടു് ക്വിസ്റ്റ് ബഹളം കൂട്ടിയെന്നു നമ്മള്‍ അറിഞ്ഞു. ക്ലോദ് സീമൊങ്ങിനു് (Claude Simon) അന്നേ സമ്മാനം കൊടുക്കേണ്ടതാണെന്നു് ലുണ്ടു് ക്വിസ്റ്റ് പ്രഖ്യാപനം നടത്തി. 1913-ല്‍ ജനിച്ച ഈ ഫ്രഞ്ച് നോവലിസ്റ്റ് ഫ്രഞ്ച് ദാര്‍ശനികന്‍ ഗാസ്റ്റോങ് ബാഷ്‌ലാറിന്റെ (Gaston Bachelard) സിദ്ധാന്തങ്ങളിലാണു് വിശ്വസിക്കുന്നതെന്നു് മാര്‍ട്ടിന്‍ സേമര്‍ സ്മിത്ത് പറയുന്നു. എല്ലാം അസ്ഥിരമാണു്. എല്ലാമൊരു പ്രവാഹമാണു് എന്നു് ബാഷ്‌ലാര്‍ വിശ്വസിക്കുന്നു. ഈ സിദ്ധാന്തത്തിനു യോജിച്ച വിധത്തില്‍ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും അവതരിപ്പിക്കുന്നു ക്ലോദ് സീമൊങ്, ബോര്‍ഹെസ്, അമാദൂ, ഗ്യുന്തര്‍ ഗ്രാസ്, ഗ്രേയം ഗ്രീന്‍, കാര്‍ലോസ് ഫ്വേന്‍റസ്, വാര്‍ഗാസ് യോസ ഇവരില്‍ ആര്‍ക്കെങ്കിലും സമ്മാനം കൊടുക്കാതെ ലുണ്ടു് ക്വിസ്റ്റ് അതു് ക്ലോദ് സീമൊങ്ങിനു കൊടുക്കുമോ? ഏതായാലും നോബല്‍ സമ്മാനത്തിനു് അര്‍ഹതയുണ്ടായിരുന്ന ഈറ്റാലോ കാല്‍വീനോ അടുത്ത കാലത്തു് അന്തരിച്ചു. അദ്ദേഹത്തിന്റെ If on a Winter’s Night (നോവല്‍) Marcovaldo (കഥകള്‍), Adam, One Afternoon (കഥകള്‍) Invisible Cities (നോവല്‍) Italian Folktales (നാടോടിക്കഥകള്‍) ഈ ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ടു് ഓരോ വാക്യംകൊണ്ടെങ്കിലും ഇവയുടെ സവിശേഷത സൂചിപ്പിക്കാന്‍ ഇവിടെ സ്ഥലമില്ല. അന്യാദൃശരങ്ങളായ കലാസൃഷ്ടികള്‍ എന്നു മാത്രം പറയാനാവൂ. കാല്‍വിനോയുടെ ഏറ്റവും പുതിയ പുസ്തകമായ Mr. Palomar (തര്‍ജ്ജമ പ്രത്യക്ഷപ്പെട്ട കാലത്തെ അവലംബിച്ചാണു് പുതിയ പുസ്തകമെന്നു പറഞ്ഞതു്) അസാധാരണത്വമുള്ള കൃതിയാണെന്നു നിരൂപകര്‍ പറയുന്നു വസ്തുക്കളുടെയും വസ്തുതകളുടെയും ഉപരിതലങ്ങളെ ശരിയായി മനസ്സിലാക്കിയാലേ അവയുടെ അഗാധതയിലേക്കു പോകാനാവൂ എന്നതാണു് ഈ കൃതിയുടെ പ്രമേയം. ആ ഉപരിതലങ്ങള്‍ അനന്തങ്ങളും. He spared into phenomenal realms എന്നു് റ്റൈം വാരിക വാഴ്ത്തിയ കാല്‍വീനോ 61ആമത്തെ വയസ്സില്‍ മരിച്ചു. ജീവിച്ചിരുന്നാല്‍ത്തന്നെ സ്വീഡിഷ് അക്കാഡമി അദ്ദേഹത്തിനു സമ്മാനം കൊടുക്കുമെന്നു് എങ്ങനെ കരുതാനാണു്”? പേള്‍ബക്ക്, സ്റ്റൈന്‍ബക്ക്, ഗോള്‍ഡിങ് ഇവരെല്ലാം വാങ്ങിയ സമ്മാനം കാല്‍വീനോക്കു കിട്ടാത്തതും ഒരു കണക്കില്‍ നന്നായി.


ക്ളോദ് സീമൊങ്

സാഹിത്യവാരഫലം_1985_11_24

നോബല്‍ സമ്മാനംകിട്ടിയ ക്ളോദ് സീമൊങ്ങിനെക്കുറിച്ചു് എന്‍. വി. കൃഷ്ണവാരിയര്‍ കുങ്കുമത്തിലെഴുതിയ ലേഖനത്തില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടു്. “സീമൊങ്ങിനുതന്നെയോ ഈയാണ്ടിലെ സമ്മാനം നൽകപ്പെടേണ്ടിയിരുന്നതു്”? എനിക്കറിയാവുന്ന മറ്റുചില എഴുത്തുകാരുടെ കൃതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീമൊങ്ങിന്റെ നോവലുകള്‍ എവിടെ നില്ക്കും? ഉദാഹരണത്തിനു്, തകഴിയുടെ നോവലുകളുമായി സീമൊങ്ങിന്റെ കൃതികളെ താരതമ്യപ്പെടുത്തിയാല്‍ എങ്ങനെയിരിക്കും?”

സീമൊങ്ങിന്റെ നോവലുകളെ വിശ്വവിഖ്യാതരായ ഗൃന്തര്‍ഗ്രാസ്സ്, മാര്‍കേസ്, ഗ്രേയംഗ്രീന്‍, വാര്‍ഗാസ് യോസ ഇവരുടെ കൃതികളുമായി താരതമ്യപ്പെടുത്താന്‍വയ്യ. കാരണം അദ്ദേഹത്തിന്റെ നോവലുകള്‍ ആന്റി നോവല്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു എന്നതാണു്. നിയമിതങ്ങളായ (conveational) നോവലുകള്‍ വായനക്കാരെ അവാസ്തവികതയിലേക്കു് എറിയുന്നു എന്നാണു് ആന്റി നോവലിസ്റ്റുകളുടെവാദം. ഉണ്മയേതെന്നു് അവര്‍ക്കു് അറിയാന്‍ കഴിയാതെ വരുന്നു. പുതിയ ഭാവസംദൃബ്ധതയെ സ്ഫുടീകരിക്കാന്‍വേണ്ടി പുതിയ നോവലിസ്റ്റുകള്‍ (ആന്റി നോവലിസ്റ്റുകള്‍) കഥാപാത്ര സംഭാവ ചിത്രീകരണം. രേഖാരൂപമായ ആഖ്യാനം ഇവയെല്ലാം നിരാകരിക്കുന്നു കിളോദ് സീമൊങ്ങിന്റെ നോവലുകളില്‍ ഈ സവിശേഷതകള്‍ ദര്‍ശിക്കാം. ആഖ്യാനരീതി കാണിക്കാന്‍ അദ്ദേഹത്തിന്റെ ‘The Grass’ എന്ന നോവലില്‍നിന്നു് ഒരു ഭാഗം എടുത്തെഴുതാം. വാക്യം തുടങ്ങുന്നതു് ഒരു പത്തുപുറത്തിനു് മുന്‍പായിരിക്കും. അതുകൊണ്ടു് ആരംഭത്തില്‍ നിന്നു് ഉദ്ധരിക്കാനാവില്ല “...and the cat too, fierce, cold, circum spect, frozen in that same attitude like a sudden condensation of spend (Just as a stick of dynamite contains a million times its volume of noise and destruction) petrified, maring at her, spying on her through these two narrow vertical sits ...” (Page 17), പല പരിവൃത്തി വായിച്ചാലേ സീമൊങ്ങിന്റെ നോവല്‍ എന്താണെന്നു നമുക്കു മനസ്സിലാകൂ. സംഭാഷണം വിരളം. ഉള്ളതു പുതിയ മട്ടിലും.

do you think you’re being funny?
no I said Listen I’ve got to go be careful
what?
(Page 232 Histoire എന്ന നോവല്‍)

ക്ലോദ് സീമൊങ് അദ്ദേഹത്തിന്റെ രീതിയില്‍ വലിയ എഴുത്തുകാരനായിരിക്കാം. എങ്കിലും മീലാന്‍ കുന്ദേരയെക്കാള്‍ ബോർഹെസ്സിനെക്കാള്‍ യോസയെക്കാള്‍ മഹാനായ എഴുത്തുകാരനല്ല.