close
Sayahna Sayahna
Search

Difference between revisions of "പുരുഷൻ സ്ത്രീയെ പേടിക്കുന്നു"


(Created page with "{{MKN/KaruthaSalabhangal}} {{MKN/KaruthaSalabhangalBox}} പണക്കാരനാണെങ്കിലും പിശുക്കനായ ഒരു നാട്ടുമ...")
 
(No difference)

Latest revision as of 10:16, 26 August 2014

പുരുഷൻ സ്ത്രീയെ പേടിക്കുന്നു
KaruthaSalabhangal-01.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി കറുത്ത ശലഭങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1988
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 102 (ആദ്യ പതിപ്പ്)

പണക്കാരനാണെങ്കിലും പിശുക്കനായ ഒരു നാട്ടുമ്പുറത്തുകാരന്റെ ഭാര്യ മരിച്ചു. ശവസംസ്കാരത്തിനോടു ബന്ധപ്പെട്ട എല്ലാ ചടങ്ങുകള്‍ക്കും അയാള്‍ എത്രത്തോളം പണം കൂറച്ചു ചെലവാക്കാമോ അത്രത്തോളം പണം കുറച്ചു ചെലവാക്കി. ശവപ്പറമ്പില്‍ നിന്നവരെല്ലാം അകന്നപ്പോള്‍ കുഴി കുഴിച്ചവനോട് എത്ര രൂപ വേണമെന്ന് അയാള്‍ ചോദിച്ചു. ശവക്കുഴി തോണ്ടിയവന്‍ “പതിനഞ്ചുരൂപ” എന്നു പറഞ്ഞു. നാട്ടുമ്പുറത്തുകാരന്‍ ഉടനെ ചോദിക്കുകയായി: “പതിനഞ്ചുരൂപയോ? ഇളകിക്കിടക്കുന്ന മണ്ണല്ലേ ഇത് കട്ടന്തറയൊന്നുമല്ലല്ലോ.”

ശവക്കുഴി തോണ്ടിയവന്‍:“ഇളകിയ മണ്ണോകട്ടന്തറയോ! പതിനഞ്ചുരൂപാ തന്നില്ലെങ്കില്‍ അവള്‍ മുകളിലേക്കു വരും.” പിശുക്കന്‍ വളരെ വേഗം പത്തിന്റെയും അഞ്ചിന്റെയും നോട്ടുകള്‍ എടുത്ത് അയാള്‍ക്കു കൊടുത്തിട്ട് സ്ഥലം വിട്ടു.

ഇനി ഒരമേരിക്കന്‍ സംഭവം; ഒരു ചലച്ചിത്ര താരത്തിന്റെ വിവാഹം കഴിഞ്ഞു. അവളുടെ ഭര്‍ത്താവിന് ഒരുത്തന്‍ എഴുതിയ കത്ത് തെറ്റായി ഒരു പാവപ്പെട്ട കര്‍ഷകന്റെ കൈയില്‍ പോസ്റ്റ്മാന്‍ കൊടുത്തു. അയാള്‍ കത്തു തുറന്നുനോക്കിയപ്പോള്‍ കണ്ടത് ഇങ്ങനെയാണ്: “ഇരുപത്തിനാലുമണിക്കൂറിനകം ഇരുപത്തയ്യായിരം ഡോളര്‍ തരാത്തപക്ഷം നിങ്ങളുടെ ഭാര്യയെ ഞാന്‍ മോഷ്ടിച്ചുകൊണ്ടുപോകുന്നതാണ്.” കൃഷിക്കാരന്‍ ഉടനെ മറുപടി എഴുതി “ബഹുമാനപ്പെട്ട സര്‍. നിങ്ങള്‍ ചോദിച്ച സംഖ്യ തരാന്‍ എന്നെക്കൊണ്ടാവില്ല. പക്ഷേ നിങ്ങളുടെ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു..”

ഈ രണ്ടു സംഭവ വര്‍ണ്ണനകളുടെയും ലക്ഷ്യം ആളുകളെ ചിരിപ്പിക്കുക എന്നതാണ്. എങ്കിലും അവയുടെ അടിയിലുള്ള സത്യത്തെ നമുക്കുനിഷേധിക്കാന്‍ വയ്യ. ഭാര്യയെക്കുറിച്ചുള്ള വെറുപ്പ്, പേടി, അവളോടുകൂടി ഒരുമിച്ചു കഴിയുന്നതിനുള്ള വൈരസ്യം ഇവയൊക്കെയാണ് ആ ചിരിയിലൂടെ നമ്മള്‍ കാണുന്നത്. സഹധര്‍ന്നിണിയെസ്സംബന്ധിച്ചുണ്ടാകുന്ന ഈ വിദ്വേഷവും ഭയവും അവളില്‍മാത്രം ഒതുങ്ങി നില്ക്കുന്നില്ല. അതിനു വ്യാപകമായ സ്വഭാവമുണ്ട്. പുരുഷന്‍ സ്ത്രീയെ പേടിക്കുന്നു. ആധുനികകാലത്ത് പെണ്‍കുട്ടികള്‍ നിന്ദ്യമായ രീതിയില്‍ വസ്ത്രധാരണം ചെയ്തതും അര്‍ദ്ധനഗ്നരായി വോളീബോള്‍ കോര്‍ട്ടില്‍ ഇറങ്ങിനിന്നു. പന്തടിച്ച് താഴ്ത്തിയും കാലു തലയ്ക്കുമുകളിലുയര്‍ത്തി ഡാന്‍സ് ചെയ്തും പിതാവിനെ ധിക്കരിക്കാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായതല്ല ഈ ഭയവും വിദ്വേഷവും. തലമുടി ബോബ് ചെയ്ത്തും കാറോടിച്ചും ക്ലബ്ബുകളില്‍ നിശാവേളകള്‍ കഴിച്ചുകൂട്ടിയും അന്യപുരുഷന്‍മാരോടൊത്ത് ‘ടൂര്‍’ നടത്തിയും ഭാര്യ ഭര്‍ത്താവിനെ തൃണവല്‍ഗണിക്കാന്‍ ആരംഭിച്ചപ്പോള്‍ ജനിച്ചതല്ല ഈ പേടിയും വെറുപ്പും. അത് എല്ലാക്കാലത്തുമുണ്ടായിരുന്നു. ഏതു കാലത്തും ഉണ്ടായിരിക്കുകയും ചെയ്യും. ഭര്‍ത്താവായ മെനാലേസിനെ ഉപേക്ഷിച്ച് പാരീസിനോടുകൂടി ട്രോയിയിലേക്ക് ഒളിച്ചോടിയ ഹെലനെ ആരാണ് വെറുക്കാത്തത്? ആരാണ് പേടിക്കാത്തത്? പഴയ നിയമത്തിലെ ഒരു കഥാപാത്രമാണ് ജൂഡിത്. ജൂതവംശജയായ അവള്‍ ശത്രുവിന്റെ പാളയത്തില്‍ കയറി സേനാനായകന്റെ തല മുറിച്ചെടുത്തു. ആ തലയും കൊണ്ട് അവള്‍ തിരിച്ചെത്തിയപ്പോള്‍ ജൂതന്‍മാര്‍ക്ക് ധൈര്യം കൂടി. അവര്‍ ശത്രുക്കളെ നാട്ടില്‍നിന്ന് ഓടിച്ചു. ജൂഡിത്തിനെ ബഹുമാനിച്ചതോടൊപ്പം അവളെ പേടിച്ചിരിക്കുകയും ചെയ്തും നാട്ടുകാര്‍. തന്റെ ഭര്‍ത്താവ് ജേസന്‍ തന്നെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിച്ചുവെന്നറിഞ്ഞപ്പോള്‍ മീഡിയ പ്രതികാരത്തിന്റെ മൂര്‍ത്തീഭാവമായി മാറി. അവള്‍ ഭര്‍ത്താവിന്റെ രണ്ടാമത്തെ ഭാര്യയെ കൊന്നു. കൂടാതെ സ്വന്തം കുഞ്ഞുങ്ങളെ വധിച്ചു. അവരുടെ മൃതദേഹങ്ങള്‍ ജേസന്റെ മുമ്പിലേക്കെറിഞ്ഞുകൊണ്ട് മീഡിയ പലായനം ചെയ്തു. ഇംഗ്ലീഷില്‍ Fatal Woman എന്നും ഫ്രഞ്ച് ഭാഷയില്‍ Femme Fatale (ഫേം ഫേതല്‍) എന്നും വിളിക്കുന്ന ഇത്തരം സ്ത്രീകള്‍ പുരുഷനു സ്ത്രീയെക്കുറിച്ച് ഉണ്ടാകുന്ന പേടിയുടെ ഉടലെടുത്ത രൂപങ്ങളാണ്. ഇറ്റലിക്കാരനായ മാറിയോ പ്രാറ്റ്സ് (Mario Praz)എഴുതിയ The Romantic Agony എന്ന പുസ്തകത്തില്‍ ആ ക്രൂരസ്ത്രീകളെക്കുറിച്ചു വിദഗ്ദ്ധമായ പഠനമുണ്ട്. ‘ലേ ബല്‍ ദേ സാങ്ങ് മേഴ്സി’ (La Belle Dame Sans Mierc) എന്ന അദ്ധ്യായം നോക്കുക. മിതോളജിയും സാഹിത്യവും യഥാര്‍ത്ഥ ജീവിതത്തിന്റെ ഭാവനാത്മകങ്ങളായ പ്രതിഫലനങ്ങളായതുകൊണ്ട് അവയില്‍ (മിതോളജിയും സാഹിത്യത്തിലും) ക്രൂര വനിതകള്‍ എപ്പോഴും ആവിര്‍ഭവിക്കുന്നുവെന്ന് പ്രാറ്റ്സ് പ്രസ്താവിക്കുന്നു.

Fatal Woman വിമോഹിനിയാണ്. ക്രൂരയായ അവള്‍ പുരുഷനെ ദാരുണങ്ങളും അനര്‍ത്ഥാവഹങ്ങളുമായ സന്ദര്‍ഭങ്ങളില്‍ കൊണ്ടു ചാടിക്കുന്നു. കൊലപാതകത്തിനുപോലും അവള്‍ക്കു മടിയില്ല. നമ്മുടെ ക്ലാസിക്സാഹിത്യത്തില്‍ അവള്‍ക്ക് യൂറോപ്യന്‍ ക്ലാസിക് സാഹിത്യത്തിലുള്ളതുപോലെ സ്ഥാനമില്ല. ഭാരതീയമായ പൗരാണികസാഹിത്ത്യത്തില്‍ “ആദര്‍ശാത്മക” ങ്ങളായ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. ദാമ്പത്യത്തോടു ബന്ധപ്പെട്ട സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശാശ്വതപ്രതിരൂപങ്ങളായി അവര്‍ പരിലസിക്കുന്നു. തന്നെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്തവന്റെ രക്തംപുരണ്ട കൈകള്‍കൊണ്ട് ഭര്‍ത്താവ് തലമുടി കെട്ടുന്നതുവരെ കേശസംസ്കാരം വേണ്ടെന്ന് അവള്‍ തീരുമാനിക്കുമ്പോഴും ‘ആദര്‍ശാത്മകത’ യില്‍ നിന്നു മാറിപോകുന്നില്ല. അതല്ല ആധുനിക സാഹിത്യത്തിലെ സ്ഥിതി. ‘ഫേറ്റല്‍വുമണ്‍’ ധാരാളം. പഞ്ചാബി സാഹിത്യത്തില്‍ ഞാനേറ്റവും ബഹുമാനിക്കുന്ന കഥാകാരന്‍ കര്‍ത്താര്‍സിംഗ് ദുഗ്ഗലാണ്. അദ്ദേഹത്തിന്റെ “മുകളിലത്തെ നില” എന്ന ചേതോഹരമായ ഏകാങ്കനാടകം വായിക്കു. ഒരു ഫേറ്റല്‍ വുമണിനെ അതില്‍ കാണാം. യവനിക ഉയരുമ്പോള്‍ സിവിള്‍ ലൈനിലുള്ള ഒരു മാളിക ദൃഷ്ടിഗോചരമാകുന്നു. വീടിന്റെ രണ്ടാമത്തെ നിലയില്‍, ഒരു മുറിയുടെ ജനലിന് അടുത്ത് പുരുഷന്‍ നില്ക്കുന്നു. അയാളുടെ ആത്മഗതത്തിലൂടെ അയാളുടെ ഭാര്യയുടെയും അവളുടെ കാമുകന്റെയും ജീവിതങ്ങള്‍ ആവിഷ്കൃതങ്ങളാകുന്നു. ഭാര്യ തീവണ്ടിയാപ്പീസിലേക്കു പോയിരിക്കുകയാണ്. എന്തിന് അവളുടെ കാമുകനായ പട്ടാളക്കാരന്‍ — ക്യാപ്റ്റന്‍ — അവിടം വിട്ട് പോകുന്നു. അയാളെ യാത്രയാക്കാന്‍ അവള്‍ പോയിരിക്കുന്നു. “ഭാര്യയുടെ ചുണ്ടുകള്‍ അന്യപുരുഷന്റെ സ്പര്‍ശനത്താല്‍ അശുദ്ധമാക്കാന്‍”

അവള്‍ പോയിരിക്കുന്നു. അതു പറയുമ്പോള്‍ ആ മനുഷ്യന്‍ — ഭര്‍ത്താവ് — വിവിധ വികാരങ്ങള്‍ക്കു വിധേയനാകുന്നുണ്ട്. ആദാമിന്റെ കാലം തൊട്ടു മുപ്പത്തിയഞ്ചുകാരിയായ ഭാര്യ രണ്ടാമതു പ്രേമിക്കാന്‍ തുടങ്ങിയിട്ടുണ്ടോ? അതും മൂന്നു കുഞ്ഞുങ്ങളുടെ അമ്മ! പണ്ട് അയാള്‍ക്കും അവള്‍ക്കും ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതിരുന്നപ്പോള്‍ അവള്‍ അയാളെ സ്നേഹിച്ചു. ആരാധിച്ചു. അങ്ങനെയിരിക്കെ അയാള്‍ ധനികനായി. മാളികയുണ്ടായി. അവള്‍ക്ക് കാറുണ്ടായി. അപ്പോള്‍ അയല്‍വീട്ടില്‍ വന്നു താമസിക്കാന്‍ തുടങ്ങി പട്ടാളക്കാരന്‍. അയാള്‍ തുടരെത്തുടരെ ചുരുട്ടുവലിക്കും. തന്റെ ഭാര്യയുടെ ചുണ്ടില്‍ നിന്നു ചുരുട്ടിന്റെ ഗന്ധം ഉയര്‍ന്നപ്പോഴാണ് അയാള്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചത്. അയാള്‍ സിഗററ്റ് വലിക്കുമ്പോള്‍ അവള്‍ പറയും, വലിക്കുന്നെങ്കില്‍ ചുരുട്ട വലിക്കണം. ആ പാവത്തിന്റെ സ്വാഗതത്തിന്റെ ഒരംശം കേള്‍ക്കൂ”, അന്ന് പിറ്റേന്ന്. അതിനടുത്ത ദിവസം, പിന്നെ എന്നുമെന്നും എനിക്കു ചുരുട്ടിന്റെ നേര്‍ത്ത ഗന്ധം അനുഭവപ്പെടും. എന്റെ ഫ്ളവര്‍വേസിലെ പൂക്കളില്‍, ഞാന്‍ ജനലുകളടയ്ക്കും, വാതിലടച്ചിരിക്കും, എന്നിട്ടും ചുരുട്ടിന്റെ നേര്‍ത്ത ഗന്ധം ബലാല്‍കാരമായി എന്റെ മുറിയില്‍, എന്റെ വീട്ടില്‍ കടന്നുവരും. ഞാന്‍ ലക്ഷക്കണക്കിനു ചന്ദനത്തിരി കൊണ്ടു വന്നു പുകയ്ക്കും. ഫലമില്ല. വെറുതേ വ്യര്‍ത്ഥം.” രചനയുടെ രാമണീയകം നോക്കു. ചുരുട്ടിന്റെ ഗന്ധത്തെ ചന്ദനത്തിരിയുടെ സൗരഭ്യം കൊണ്ടകറ്റാന്‍ ശ്രമിക്കുന്ന അയാള്‍ ചാരിത്രദൂഷണത്തിന്റെ ദുര്‍ഗന്ധത്തെ ചാരിത്രത്തിന്റെ സൗരഭ്യം കൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിച്ചു പരജയപ്പെടുകയാണ്.

ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍, അവള്‍ കിടപ്പുമുറി മലീമസമാക്കിക്കഴിഞ്ഞുവെന്ന് അയാള്‍ മനസ്സിലാക്കി, എങ്കിലും തോക്കിനെ താലോലിക്കാനല്ലാതെ അതെടുത്തു കാഞ്ചി വലിക്കാന്‍ അയാള്‍ക്കു സാധിച്ചില്ല. അതാ കാറിന്റെ ശബ്ദം. പട്ടാളക്കാരനെ യാത്രയാക്കിയിട്ട് അവള്‍ തിരിച്ചെത്തുകയാണ്. അവളെ അപ്പോള്‍ കൊല്ലണം. ഇല്ല. അയാള്‍ക്കതിനു സാധ്യമല്ല. നേരേമറിച്ച് അവളെ വീണ്ടും ദാമ്പത്യജീവിതത്തിലേക്കു സ്വാഗതം ചെയ്യാനാണ് അയാളുടെ യത്നം. “നീ വരൂ. എന്റെ പൊന്നേ” എന്ന് അയാള്‍ വിളിക്കുന്നു. കോണിപ്പടികളില്‍ സ്ത്രീകേറിവരുന്ന തുടര്‍ച്ചയായ ശബ്ദം കേള്‍ക്കുന്നു. യവനിക. (പഞ്ചാബി ഏകാങ്കങ്ങള്‍ തര്‍ജ്ജുമ ശ്രീ. പി. ഏ. വാരിയര്‍, വിതരണം, എന്‍. ബി. എസ്.)

“ഫേറ്റല്‍ വുമണി’ന്റെ വിലോഭനീയത അത്രയ്ക്കുണ്ട്. ജോണിന്റെ (യോഹന്നാന്റെ) ശിരസ്സു കിട്ടാന്‍ വേണ്ടി ഫെറദ് രാജാവിന്റെ മുമ്പില്‍ നൃത്തം ചെയ്ത് അവളതു നേടി. ഈജ്പിറ്റിലെ രാജ്ഞിയായിരുന്ന ക്ലീയപട്ര പതിനേഴാമത്തെ വയസ്സില്‍ സ്വന്തമനുജന്‍ ടോളമി പന്ത്രണ്ടാമനെ വിവാഹം കഴിച്ചു.(അതായിരുന്നു ഈജിപ്റ്റിലെ ആദ്യത്തെ ആചാരം) ജൂലിയസ് സീസറിന്റെ സഹായത്തോടെ അവള്‍ ടോളമിയുടെ കൈയ്യില്‍ നിന്ന് രാജ്യം സമ്പാദിച്ചു. അനുജന്‍ നൈല്‍ നദിയില്‍ മുങ്ങിമരിച്ചപ്പോള്‍ അയാളുടെ അനുജന്‍ ടോളമി പതിമൂന്നാമനെ അവള്‍ വിവാഹം കഴിച്ചു. സീസറോടൊരുമിച്ച് ക്ലീയപട്ര റോമിലേക്കു പോയി. സീസര്‍ വധിക്കപ്പെട്ടപ്പോള്‍ അവള്‍ ഈജിപ്റ്റില്‍ തിരിച്ചെത്തി. അവളുടെ ദുഷ്ട പ്രവര്‍ത്തികളെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ റോമന്‍ പൊളിറ്റിഷ്യന്‍ മാര്‍ക്ക് ആന്‍റണിയെ അവള്‍ പാട്ടിലാക്കി. ഒടുവില്‍ അവള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. ക്ലിയപട്ര അനേകം കാമുകന്‍മാരെ വിഷം കൊടുത്തു കൊന്നു. Alexanre Cabanel വരച്ച “Cleopatra trying out poisions on her lovers”എന്ന ഒരു ചിത്രത്തിന്റെ മുദ്രണം ഞാന്‍ കണ്ടിട്ടുണ്ട്. മാറു മറയ്ക്കാത്ത ക്ലിയപട്ര സിംഹത്തിന്റെ തോല്‍ വിരിച്ച കസേരയില്‍ ചാരിയിരിക്കുന്നു. അവളുടെ പുറകില്‍ സുന്ദരിയായ തോഴി. രാജ്ഞിയുടെ അടുത്ത് ഒരു കടുവ കിടക്കുന്നു. അവളുടെ മുമ്പില്‍ വിഷം കുടിക്കാന്‍ നിര്‍ബന്ധനായ കാമുകന്‍ മരണവേദനയാല്‍ പിടയുന്നു. മരിച്ച ഒരു കാമുകന്റെ ശരീരം രണ്ടുപേര്‍ എടുത്തു കൊണ്ടുപോകുന്നു. മോഹകത്വവും അവധീരണവും അര്‍ച്ചനവും വിദ്വേഷവും — ഈ വിവിധ വികാരങ്ങള്‍ ഉളവാക്കുന്നു ‘ഫേറ്റല്‍ വുമന്‍’ അതുകൊണ്ട് ഫെറദ് രാജാവ് സലോമിയയുടെ മുമ്പില്‍ പരാജയപ്പെട്ടു. സീസറും ആന്‍റണിയിം ക്ലിയപട്രയുടെ മുമ്പില്‍ പരാജപ്പെട്ടു. പട്ടാളക്കാരെന്റെ കാമുകിയായിത്തീര്‍ന്ന സ്വന്തം ഭാര്യയുടെ മുമ്പില്‍ ആ ഭര്‍ത്താവും പരാജിതമായി. ആധുനിക ജീവിതം ചിത്രീകരിക്കുന്നതില്‍ മാത്രം തല്‍പരനാണ് കര്‍ത്താര്‍ സിങ്ങ്ദുഗ്ഗല്‍. അതുകൊണ്ട് സമകാലികജീവിതത്തില്‍ നിന്ന് ഒരു പ്രാണഘാതികയെ എടുത്ത് അദ്ദേഹം നമ്മുടെ മുമ്പില്‍ നിര്‍ത്തുന്നു. അവളെ ഭര്‍ത്താവ് വെറുക്കുന്നു, സ്നേഹിക്കുന്നു, അവളെ കൊല്ലണമെന്നുണ്ട് അയാള്‍ക്ക്. അതിനു വേണ്ടി കൈത്തോക്കെടുക്കുമ്പോള്‍ അയാളുടെ മനസ്സ് മാറുന്നു: പകരം അവള്‍ക്കു നല്കാന്‍ അയാള്‍ പൂക്കളെടുക്കുകയാണ്. “ഫേറ്റല്‍വുമണി”ന്റെ വിലോഭനീയതയെ ദുര്‍ഗ്ഗല്‍ കലാസുന്ദരമായി ചിത്രീകരിക്കുന്നു. ഫ്രഞ്ച് ചിത്രകാരനായ കൂര്‍ബെ (Courbet പരഞ്ഞു: “മാലാഖയെ എന്റെ സ്റ്റുഡിയോവിലേക്കു കൊണ്ടുവരൂ. എന്നാല്‍ ആ മാലാഖയെ ഞാന്‍ ചിത്രീകരിക്കാം. റിയലിസ്റ്റിക്കായിരുന്ന കൂര്‍ബെക്കു സങ്കല്പത്തില്‍ മാത്രം ഉള്ളവയെ പെയ്ന്റ് ചെയ്യാന്‍ കഴിയുമായിരുന്നില്ല. റിയലിസ്റ്റായ ദുഗ്ഗല്‍ പുരാണ കഥാപാത്രങ്ങളെ നോക്കാന്‍ കൂട്ടാക്കുന്നില്ല. നിത്യജീവിതത്തിലാണ് അദ്ദേഹത്തിനു താത്പര്യം. അവിടെനിന്ന് ഒരു ഭയങ്കരിയെ അദ്ദേഹം കൈക്കു പിടിച്ചു കൊണ്ടുവന്ന് നമ്മുടെ മുമ്പില്‍ നിര്‍ത്തിയിട്ട് “ഇതാ നോക്കൂ” എന്നു പറയുന്നു. നമ്മള്‍ അവളെ കാണുന്നു, ഞെട്ടുന്നു. സലോമിയെക്കാള്‍ ക്ലീയപട്രയെക്കാള്‍ ഭയജനകത്വം അവള്‍ക്കുണ്ട്. പുരുഷന്‍ സ്ത്രീയെ പേടിക്കുന്നു എന്നതില്‍ എന്തുണ്ട് സംശയം?