close
Sayahna Sayahna
Search

Difference between revisions of "സാദരം ചോദിക്കട്ടെ"


(Created page with "{{MKN/MuthukalBox}} <poem> :‘ആഹാ! രചിച്ചു ചെറുലൂതകളാശു നിന്റെ :ദേഹത്തിനേകി ചരമാവ...")
(No difference)

Revision as of 10:05, 7 May 2014

സാദരം ചോദിക്കട്ടെ
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മുത്തുകള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ നെരൂദ
വര്‍ഷം
1994
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

മുത്തുകള്‍


‘ആഹാ! രചിച്ചു ചെറുലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദൂകുലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞുനിന്മേല്‍
നീഹാര ശീകരമനോഹര മന്ത്യഹാരം’

കുമാരനാശാന്റെ ‘വീണപൂവ്’ എന്നു കാവ്യത്തിലെ ഈ ശ്ലോകം ഏകാന്തത്തിലിരുന്നു ഉറക്കെച്ചൊല്ലി നോക്കൂ. പ്രിയപ്പെട്ട വായനക്കാര്‍ക്ക് അസുലഭാനുഭൂതി ഉണ്ടാകും. കിടക്കുന്നതു പൂവാണെന്നുപ്രതീതി. അതേ സമയം ഒരു മൃതദേഹം അലങ്കൃതമായ മട്ടില്‍ കിടക്കുന്നുവെന്ന തോന്നലും. പൂവിനെ കവിക്കു പൂവായി മാത്രം കാണാം. പൂ സുന്ദരിയായ തരുണിയാണെന്നു വിചാരിക്കാം. പൂവിനെ പൂവായിത്തന്നെ കാണുകയും അതു അന്തരിച്ച തരുണിയാ ണെന്നു സങ്കല്പിക്കുകയും ചെയ്യാം. ആദ്യത്തെ കാഴ്ച പൂവിനെ പൂവായി മാത്രം കാണുന്ന കാഴ്ച — അത്രയ്ക്കു ഉത്കൃഷ്ട്മാണെന്നു കരുതാന്‍ വയ്യ. പൂവിനെ മരിച്ച തരുണിയായി ദര്‍ശിക്കുന്നതിലും വൈശിഷ്ട്യമില്ല. എന്നാല്‍ പുഷ്പത്തെ പുഷ്പമായി കാണുകയും അതിനെ അതേ സമയം നിശ്ചേതന ശരീരമായി കാണുകയും ചെയ്യുന്നതാണ് ഉത്കൃഷ്ടതമമായ ദര്‍ശനമെന്ന് വിശ്വവിഖ്യാതനായ ഒരു കലാനിരൂപകന്‍ പറഞ്ഞിട്ടുണ്ട്. വള്ളത്തോളിന്റെ ഒരു ശ്ളോകം നോക്കുക:

വാണീലാ വരവര്‍ണ്ണിനീ മണികള്‍തന്‍ വാര്‍കുന്തളത്തില്‍സ്സുഖം
വീണിലാ വഴിപോലെ ചെന്നു ഭഗവല്‍ പാദാര വിന്ദങ്ങളില്‍
ക്ഷോണീധൂസരധൂളി പറ്റിയൊളിയും മങ്ങിക്കിട്ക്കുന്നതി-
ന്നാണീ ശ്രേഷ്ഠ കുലേ പിന്നെതുഭവാനെന്നോനറും പുഷ്പമോ?

പൂവിനോടു കവി ചോദിക്കുന്ന ഈ ചോദ്യത്തില്‍ പൂവ് പൂവു തന്നെയാണ്, അതേസമയം സുന്ദരിയുടെ സ്പര്‍ശം ലഭിക്കാത്ത, ഭക്തിപ്രവാഹത്തില്‍ ആമജ്ജനം ചെയ്യാത്ത ഒരു ശ്രേഷ്ഠ വ്യക്തിയുമാണ് അതെന്ന പ്രതീതി ഉളവാക്കുന്നു. വള്ളത്തോള്‍ പുഷ്പത്തെ പുഷ്പമായും നിഷ്ഫല ജീവിതം നയിക്കാന്‍ നിര്‍ബ്ബ്ദ്ധരായ വ്യക്തിയായും ദര്‍ശിക്കുന്നതുകൊണ്ട് ഇത് ഉത്തമമായ കലാസൃഷ്ടിയാണ്. എന്തുകൊണ്ട് ഈ സംവീക്ഷണം ഉത്കൃഷ്ടമെന്ന് ആ കലാനിരൂപകന്‍ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. എന്റെ ഓര്‍മ്മയില്‍ പൂവിനെക്കുറിച്ചുള്ള ആ മൂന്നു പ്രസ്താവങ്ങളെ നിലനില്ക്കുന്നുള്ളു. അതിനാല്‍ ഞാനതിനു വിശദീകരണം നല്കാന്‍ ശ്രമിക്കട്ടെ. പൂവ് ഒരു ഭൗതിക വസ്തുമാത്രമാണ്. അനുഗ്രഹീതരല്ലാത്തവര്‍ക്ക് അതിനെ പൂവായി മാത്രമേ കാണാന്‍ കഴിയൂ. അല്പംകൂടി മാനസിക സംസ്കാരമുള്ളവര്‍ക്ക് അത് നിശ്ചേതന ശരീരമാണെന്നു തോന്നാം. എന്നാല്‍ അന്തര്‍മണ്ഡലത്തില്‍നിന്നു സത്യം വലിച്ചെടുക്കാന്‍ കഴിയുന്നവര്‍ക്കേ പൂവിനെ പൂവായും അതേസമയം നിശ്ചേതന ശരീരമായും ദര്‍ശിക്കാന്‍ സാധിക്കും. ഈ ദര്‍ശനമുള്ളവരെയാണ് നമ്മള്‍ കലാകാരനെന്നു വിളിക്കുക. ആ രീതിയിലുള്ള രചനെയാണൂ സാന്ദ്രതയുള്ള രചയെന്നു നമ്മള്‍ വിശേഷിപ്പിക്കുന്നത്. കലയുടെ സാഹിത്യത്തിന്റെ മൗലീകതത്ത്വമിതത്രേ. Oh my love is like a red red rose/ That’s newly sprung in June എന്നു കവിയഴുതുമ്പോള്‍ അത് പരമോല്‍കൃഷ്ടമായ ഉക്തിയായി ഭവിക്കുന്നതിനു കാരണവും മറ്റൊന്നല്ല.

ഗദ്യരചയില്‍ നിന്നും ഒരുദാഹരണം കാണിക്കാന്‍ എനിക്കു കൗതുകമുണ്ട്. ഫ്ളോബര്‍ എന്ന ഫ്രഞ്ചെഴുത്തുകാരന്റെ ‘മദാം ബൂവറി’ എന്ന നോവല്‍ പലരും വായിച്ചിരിക്കുമല്ലോ. ഭര്‍ത്താവുണ്ടായിരിക്കെ കാല്പനിക സങ്കല്പത്തിനടിമയായി പരപുരുഷന്മാരുമായി വേഴ്ചനടത്തി പാഷാണം തിന്നു ജീവനൊടുക്കുന്ന ഒരു തരുണിയുടെ കഥയാണത്. അവളുടെ ഒരു വ്യഭിചാരകര്‍മ്മം നോവലിസ്റ്റ് ആവിഷ്കരിക്കുന്നതിന്റെ ചാരുതയും പ്രൗഢതയും കണ്ടാലും. ഭര്‍ത്താവ് ഉറങ്ങുകയാണ്. അവള്‍ വീട്ടില്‍നിന്നിറങ്ങി കാമുകന്റെ വീട്ടിലേക്കു ഓടുകയാണ്. വഴുക്കലുള്ള പാത. വീഴാതിരിക്കാന്‍ വേണ്ടി അവള്‍ ചെടികളില്‍ കയറിപ്പിടിച്ചു. ഉഴുതിട്ട വയലുകളില്‍ കൂടി ഓടിയപ്പോള്‍ അവലുടെ കാലുകള്‍ ചെളിയില്‍ താഴ്ന്നു. തലയില്‍ കെട്ടിയതുണി കാറ്റില്‍ ‘പടപടപ്പ്’ ഉണ്ടാക്കി. കാളകളെ പേടിച്ച് അവള്‍ ഓടി. കിതച്ചു കൊണ്ടാണ് അവള്‍ കാമുകന്റെ മുറിയില്‍ കയറിയത്. അയാള്‍ ഉറങ്ങുകയായിരുന്നു. മുറിയിലെത്തുന്ന വസന്തകാല പ്രഭാതം പോലെയായിരുന്നു അവള്‍. (അടുത്ത കാലത്ത് നോവല്‍ വീണ്ടു വായിച്ച ഓര്‍മ്മയില്‍ നിന്ന്) ഇതാണ് സാന്ദ്രതയേറിയ രചന. അവളുടെ മാനസികക്ഷോഭം മുഴുവന്‍ ശാരീരിക ചേഷ്ടകളിലൂടെ നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. കാമുകനെ കണ്ടുകഴിഞ്ഞപ്പോള്‍ മനസ്സിനു പ്രശാന്തത. ആ പ്രശാന്തതയിലൂടെ അവളുടെ അതിസൗന്ദര്യം വ്യജ്ഞിക്കുന്നു.

ഞാനിത്രയും എഴുതിയത് നമ്മുടെ സാഹിത്യത്തില്‍ സാന്ദ്രതയുള്ള രചന വിരളമാണെന്നു കാണിക്കാനാണ്. ഉദാഹരണം നല്കിയാലേ അതു കാണിക്കാനാവൂ. അപ്പോള്‍ കഥാകാരന്റെ ശത്രുതയെ ക്ഷണിച്ചു വരുത്തുകയാവും ഫലം. സ്ഥാലീപുലാകന്യായമനുസരിച്ച് ഒരു ഖണ്ഡിക ഉദ്ധരിച്ചാല്‍ അതു കരുതിക്കൂട്ടി ചെയ്യ്കയാണെങ്കിലും സാന്ദ്രതയുള്ള ഭാഗങ്ങള്‍ വേറെയുണ്ടെന്നും വാദിക്കാനാളുണ്ടാവും. അതിനാല്‍ ഒരു സാമാന്യ പ്രസ്താവം നടത്തുന്നതേയുള്ളൂ. നമ്മുടെ റീയലിസ്റ്റിക് നോവല്‍, റീയലിസ്റ്റിക് കഥ ഇവയുടെ കാലയളവില്‍ ആവിര്‍ഭവിച്ചതിനൊന്നും സന്ദ്രതയില്ല. ആ ധര്‍മ്മം അല്പമെങ്കിലുമുള്ളത് ഉറൂബിന്റെ രചനകളില്‍ മാത്രമാണ്. നമൂടെ കഥാകാരന്മാര്‍ സംഭവങ്ങള്‍ വര്‍ണ്ണിക്കുന്നുണ്ട്. അവയ്ക്കു തമ്മില്‍ ബന്ധമുണ്ട്. അവയെ ഭൂതകാലത്തോടോ വര്‍ത്തമാനകാലത്തോടോ ഭാവികാലത്തോടോ കൂട്ടിയിണക്കാന്‍ നമുക്കു കഴിയുന്നുണ്ട്. ‘രസം പിടിച്ച്’ നമ്മള്‍ വായിക്കുകയും ചെയ്യും. പക്ഷേ അക്കഥകള്‍ വീണ്ടും വായിക്കാന്‍ നമ്മള്‍ സന്നദ്ധരാവുകയില്ല, ചീട്ടുകൊണ്ട് കാണിക്കുന്ന വിദ്യ ആദ്യം നമ്മളെ അദ്ഭുതപ്പെടുത്തും. എന്നാല്‍ അതിന്റെ രഹസ്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നീടതു കാണുന്നതിനെക്കാള്‍ വൈരസ്യജനകമായ പ്രവൃത്തി വേറെയില്ല. അതുപോലെയാണ് നമ്മുടെ കഥകളില്‍ ഏറിയകൂറും. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ കേശവദേവിന്റെ ‘വില്പനക്കാരന്‍’ അല്ലെങ്കില്‍ ‘പ്രതികാരം’ (കഥയുടെ പേരു ശരിയാണോ എന്തോ. ഓച്ചിറക്കളിക്കു ഉരുളി വാങ്ങാന്‍ തിരുമാനിക്കുന്ന സ്ത്രീയുടെ കഥയെയാണ് ഞാന്‍ ലക്ഷ്യമാക്കുന്നത്) കാരൂരിന്റെ ‘മരപ്പാവകള്‍’ ഇവയെല്ലാം വിസ്മരിച്ചുകൊൻടല്ല ഞാനിങ്ങനെ പറയുന്നത്. അവയെ അപവാദങ്ങളായിട്ടു വേണം പരിഗണിക്കാന്‍. പക്ഷികള്‍ വരിവരിയായി പറന്നുപോകുന്നതു കാണുമ്പോള്‍, പെണ്‍കുട്ടികള്‍ സായാഹ്ന സവാരി നടത്തുന്നതു കാണുമ്പോള്‍ ദ്രഷ്ടാവിനു ആഹ്ളാദം. എന്നാല്‍ ആ പക്ഷികളുടെയും പെണ്‍കുട്ടികളുടെയും ജീവിതങ്ങളില്‍ കോമഡിയും ട്രാജഡിയുമില്ലേ? അവയൊന്നും ഇക്കഥകള്‍ ആവിഷ്കരിക്കുന്നില്ല. പക്ഷികളുടെ പറക്കലും സുന്ദരി പെണ്‍കുട്ടികളുടെ ഉല്ലാസയാത്രയും കാണുമ്പോള്‍ കാഴ്ചക്കാര്‍ക്കുണ്ടാകുന്ന ഉപരിപ്ളവമായ, ബഹിര്‍ഭാഗഗസ്ഥമായ ഒരു ‘രസം’ മാത്രമേ നമ്മുടെ ചൊല്ക്കൊണ്ട കഥകള്‍ ഉളവാക്കുന്നുള്ളൂ. ഇതു വ്യക്തമാകണമെങ്കില്‍ സാന്ദ്രതയേറിയ ഒരു കഥയുടെ ചുരുക്കം നല്കിയേ തീരൂ. ചക്രവര്‍ത്തിക്കെതിരായി ഉപജാപ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പ്രഭുകുമാരനു വധശിക്ഷ, അയാള്‍ കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ അമ്മ വന്നു അറിയിച്ചു! മകനേ ഇന്നു ഞാന്‍ ചക്രവര്‍ത്തിയുടെ കാല്ക്കല്‍ നീണു നിനക്കു മാപ്പു വാങ്ങിച്ചു തരും. നിന്നെ വധസ്ഥലത്തു കൊണ്ടു പോകുമ്പോള്‍ ഞാന്‍ വെള്ളവസ്ത്രം ധരിച്ചു ബാല്‍ക്കണിയില്‍ നിന്നാല്‍ നിനക്ക് ചക്രവര്‍ത്തി മാപ്പുതന്നുവെന്നു വിചാരിച്ചു കൊള്ളണം.’ ഇതുകേട്ട് മകന്‍ പറഞ്ഞു‘അമ്മേ അമ്മ കറുത്ത വസ്ത്രം ധരിച്ചു നില്ക്കുകയാണെങ്കില്‍ എന്നെ തൂക്കികൊല്ലുമെന്നു വിചാരിച്ചുകൊള്ളാം’ അല്പം കഴിഞ്ഞപ്പോള്‍ പ്രഭുകുമാരനെ തൂക്കിക്കൊല്ലാന്‍ കൊണ്ടുപോയി. അയാള്‍ ബാല്‍ക്കണിയിലേക്കു നോക്കിയപ്പോള്‍ അമ്മ വെള്ളവസ്ത്രം ധരിച്ചു നില്‍ക്കുന്നതു കണ്ടു. ‘എന്നെ ഇപ്പോള്‍ മോചിപ്പിക്കും. എന്നെ ഇപ്പോള്‍ മോചിപ്പിക്കും എന്നു വിചാരിച്ചുകൊൻട് അയാള്‍ ഓരോ അടിയും മുന്നോട്ടുവച്ചു. ഒടുവില്‍ വധനിര്‍വഹണത്തിനുള്ള സ്ഥലത്തു അയാളെ കയറ്റി നിറൂത്തി. കഴുത്തില്‍ കുരുക്കിട്ടു. അപ്പോഴും അയാള്‍ വിചാരിച്ചു മോചനം നല്കുന്ന കല്പന വരുമെന്ന്. തട്ടിന്റെ താഴെയുള്ള സാക്ഷ വലിച്ചു. അയാള്‍ താഴത്തേക്കു പോയി. മരിച്ചു. ആ സ്ത്രീ എന്തിനതു ചെയ്തു? മകന്‍ ധീരനായി മരിച്ചു കൊള്ളട്ടെയെന്നു വിചാരിച്ചാവാം.അല്ലെങ്കില്‍ സ്ത്രീകളുടെ സഹജമായ കപടവിദ്യയാകാമത്. ഈ സന്ദര്‍ഭത്തില്‍ കഥാകാരന്റെ ശബ്ദം നമ്മള്‍ കേള്‍ക്കുന്നു. ചരിത്രകാരന്മാർ ചരിത്രഗ്രന്ഥങ്ങള്‍ എഴുതിക്കൊൻടിരിക്കുന്നു. പക്ഷേ ഒരു കാര്യം മാത്രമേ ഉറപ്പായുള്ളു. അതു മരണമാണ്. ജന്മനാ കലാകാരനായവനു മാത്രമേ ഈ അവസാനത്തെ വാക്യമെഴുതാന്‍ കഴിയൂ. അതു വായിക്കുന്ന നമ്മള്‍ ജീവിതമെന്താണെന്നും അതിന്റെ പര്യവസാനമെന്താണെന്നും ഗ്രഹിക്കുന്നു. അതോടെ നമുക്കു എന്തെന്നില്ലാത്ത ജീവിതാവബോധം ഉണ്ടാകുന്നു. നമ്മുടെ ആത്മാംശം അങ്ങു് അഗാധതയിലാണ്. അവിടെ കടന്നുചെല്ലാന്‍ എല്ലാ എഴുത്തുകാര്‍ക്കും കഴിയുകയില്ല. മിക്ക ആളുകളും ഉക്തിയുടെ ലാവണ്യത്തില്‍ രമിക്കുന്നു. കഥാ സംഭവങ്ങളുടെ അനുസ്യൂത സ്വഭാവത്തില്‍ ആഹ്ളാദിക്കുന്നു. അവയുടെ സങ്കീര്‍ണ്ണതയില്‍ രസിക്കുന്നു. എന്നാല്‍ ആത്മാവിന്റെ അഗാധതയില്‍ നിന്നു സത്യമെന്ന മുത്തിനെ മുങ്ങിയെടുത്ത് നമ്മളെ കാണിക്കാന്‍ എത്ര പേര്‍ക്കു കഴിഞ്ഞു എന്നാലോചിക്കേണ്ടതാണ്. റ്റോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവലിനുശേഷം എത്രയെത്ര നോവലുകളുണ്ടായി യുദ്ധത്തെയും സമാധാനത്തെയും കുറിച്ച്. അവ പലതും നന്നാണെന്നു സമ്മതിക്കുന്നു. പക്ഷേ റ്റോള്‍സ്റ്റോയിയുടെ നോവലിനുള്ള സത്യാത്മകത അവയ്ക്കുണ്ടോ? അന്നാകരേനിനയ്ക്കുശേഷം എത്രയെത്ര വ്യഭിചാര കഥകള്‍ ആവിര്‍ഭവിച്ചു! എന്നാല്‍ അവയില്‍ ഒന്നെങ്കിലും അന്നാകരേനിന ഉയര്‍ത്തിയ സത്യത്തിന്റെ നാദമുയര്‍ത്തുന്നുണ്ടോ? ഭാരതത്തിലേക്കും കേരളത്തിലേക്കും വരൂ. താരാശങ്കര്‍ ബാനര്‍ജിയുടെ ‘ആരോഗ്യനികേതനം’ പ്രസരിപ്പിക്കുന്ന സത്യത്തിന്റെ അര്‍ക്ക ദീപ്തി ഏതു മലയാള നോവലിനുണ്ട്? ‘യയാതി’ എന്ന നോവലെവിടെ?’ ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവലെവിടെ?