close
Sayahna Sayahna
Search

ഇറ്റലിയിലെ കാഫ്ക


ഇറ്റലിയിലെ കാഫ്ക
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മണല്‍ക്കാട്ടിലെ പൂമരങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1992
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 126 (ആദ്യ പതിപ്പ്)

ഇറ്റലിയിലെ കാഫ്ക എന്ന് അറിയപ്പെടുന്ന ഡീനോ ബുറ്റ്സാറ്റിയുടെ (Dino Buzzati, 1906–1972) മാസ്റ്റര്‍ പീസാണ് — പ്രകൃഷ്ട കൃതിയാണ് — The Tartar Steppe. ഫാഷിസത്തിനെതിരായി ഉണ്ടായ നോവലുകളുടെ കൂട്ടത്തില്‍ ഇതിന് പ്രമുഖ സ്ഥാനമുണ്ടെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല, കാഫ്കയുടെ നോവലുകളെക്കാള്‍ ഇതിനു പ്രശാന്തതയും പ്രസന്നതയും ഉണ്ടെന്നും അവര്‍ കരുതുന്നു. മുസോലിനിയുടെയും ഹിറ്റ്ലറുടെയും ഫ്രാങ്കോയുടെയും നൃശംസത കലര്‍ന്ന ഫാഷിസം ഇന്നു കാണാനില്ലെങ്കിലും അതിനോടു നേരിയ സാദൃശ്യമുള്ള സമഗ്രാധിപത്യ പ്രവണതകള്‍ പല രാജ്യങ്ങളിലുമുണ്ടല്ലോ. അതിനാല്‍ ഫാഷിസത്തെ നിന്ദിക്കുന്ന ഇത്തരം നോവലുകള്‍ക്ക് ഇന്നും സാംഗത്യമുണ്ട്. ആ സാര്‍വലൗകിക സ്വഭാവത്തെ മനസ്സില്‍ കണ്ടുകൊണ്ടാണ് ഈ ഉല്‍കൃഷ്ടമായ നോവലിനെക്കുറിച്ച് ഞാന്‍ എഴുതുന്നത്.

പാശ്ചാത്യ നിരൂപകര്‍ സാഹിത്യസൃഷ്ടികളെക്കുറിച്ച് എഴുതുമ്പോള്‍ വായനക്കാര്‍ അവ പാരായണം ചെയ്തിരിക്കും എന്ന സിദ്ധവല്‍കരണം (പിസപ്പൊസിഷന്‍) അവര്‍ക്ക് എപ്പോഴുമുണ്ടായിരിക്കും. അതുകൊണ്ടാണ് അവര്‍ കഥയുടെ സംക്ഷേപത്തിന് ഉദ്യുക്തരാവാതെ അതിന്റെ പ്രമേയങ്ങളിലേക്ക് ചെല്ലുന്നത്. മലയാളികള്‍ക്ക് ആവിധത്തിലുള്ള നിരൂപണംകൊണ്ട് പ്രയോജനമില്ല. അക്കാരണത്താലാണ് പടിഞ്ഞാറന്‍ നോവലുകളെക്കുറിച്ചെഴുതുമ്പോള്‍ ഞാന്‍ കഥയുടെ ചുരുക്കം നല്‍കുന്നത്. സംക്ഷിപ്തരൂപം നല്‍കിയശേഷമുള്ള ഹ്രസ്വങ്ങളായ നിരൂപണക്കുറിപ്പുകള്‍മാത്രം ലേഖനത്തില്‍ വരുമ്പോള്‍ പുരോഭാഗികള്‍ ബഹിര്‍ഭാഗസ്ഥം, ജേണലിസം, ഉപരിതലസ്പര്‍ശി എന്നൊക്കെ മുറവിളികൂട്ടും. മാസ്റ്റര്‍പീസുകള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമുള്ള എനിക്ക് കഥയുടെ ചുരുക്കം നല്‍കാതിരിക്കാന്‍ കഴിയുകയില്ല.

എന്താണ് ‘റ്റാര്‍റ്റര്‍ സ്റ്റെപ്പി’ന്റെ കഥ? പുതുതായി ‘കമ്മീഷന്‍’ കിട്ടിയ ജോവാനി ദ്രോഖോ എന്ന യുവാവ് ഒരു സ്പെറ്റംബര്‍ മാസത്തിലെ പ്രഭാതത്തില്‍ ബാസ്റ്റിയാനീ കോട്ടയിലേക്കു യാത്രയാരംഭിച്ചു. അയാളുടെ ആദ്യത്തെ നിയമനമായിരുന്നു അത്. രണ്ടുദിവസം കുതിരപ്പുറത്ത് സഞ്ചരിച്ച് ജോവാനി ആ ചെറിയ കോട്ടയിലെത്തി. ‘ബാസ്റ്റീയാനീക്കോട്ട എന്റെ കിരീടത്തിന്റെ സൂക്ഷിപ്പുകാരനാണ്’ എന്നാണ് ചക്രവര്‍ത്തി പീറ്റര്‍ മൂന്നാമന്‍ പറഞ്ഞത്. റ്റാര്‍റ്റര്‍ സ്റ്റെപ്പിന്റെ ഇങ്ങേയറ്റത്ത അതിര്‍ത്തിയില്‍, ജോവാനിയുടെ രാജ്യത്തിന്റെ അങ്ങേയറ്റത്തെ അതിര്‍ത്തിയില്‍ കോട്ട നില്‍ക്കുന്നു. സ്റ്റെപ്പില്‍നിന്ന് ഏതു സമയത്തും ആക്രമണമുണ്ടാകാം. മരങ്ങളില്ലാത്ത, പുല്ലുകള്‍ മാത്രമുള്ള വിശാലമായ സമതലമാണല്ലോ സ്റ്റെപ്പ്. ജെങ്കിസ്‌ഖാന്റെ നേതൃത്വത്തില്‍ മദ്ധ്യകാലയളവില്‍ ഏഷ്യയിലും കിഴക്കന്‍ യൂറോപ്പിലും സമാക്രമണം നടത്തിയ വര്‍ഗക്കാരെയാണ് റ്റാര്‍റ്റര്‍ പദംകൊണ്ട് വ്യപദേശിക്കുന്നത്. ഏതുസമയത്തും ആക്രമണമുണ്ടാകാം. അവര്‍ പീറ്ററിന്റെ രാജ്യത്തേക്ക് കടന്നുവരാതിരിക്കാനാണ് ബാസ്റ്റീയാനിക്കോട്ടയില്‍ സൈനികരെ പാര്‍പ്പിച്ചിരിക്കുന്നത്. ജോവാനി ആ കോട്ടയിലെത്തിയ ഉടനെ അമ്മയ്ക്കു കത്തെഴുതാന്‍ ആഗ്രഹിച്ചു. ‘ഞാന്‍ രണ്ടുദിവസം യാത്രചെയ്തു ക്ഷീണിച്ച് ഇവിടെയെത്തി…കോട്ട വിഷാദപൂര്‍ണ്ണമായ സ്ഥലത്താണ്. അടുത്തെങ്ങും ഗ്രാമങ്ങളില്ല. വിനോദത്തിനോ നേരമ്പോക്കിനോ ഒരു വഴിയുമില്ല. പക്ഷേ അയാള്‍ യഥാര്‍ഥത്തില്‍ എഴുതിയത് ഇങ്ങനെയാണ്. ‘ഒരു നല്ല യാത്രയ്ക്കുശേഷം ഞാന്‍ ഇന്നലെ ഇവിടെ എത്തി, വിസ്മയാജനകമാണ് ഈ കോട്ട..’ തിരിച്ചുപോകാന്‍ അയാള്‍ക്കു താല്‍പര്യമില്ലാതില്ല. പക്ഷേ, കോട്ടയുടെ മാന്ത്രികസ്വഭാവം അയാളെ കീഴ്പ്പെടുത്തി.

ജോവാനിക്ക് തിരിച്ചുപോകാന്‍ വയ്യ. ഏതാനും ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍വന്ന അയാള്‍ രണ്ടുവര്‍ഷം അവിടെ ജോലിനോക്കി. കുറ്റിക്കാടുകളിലും പാറക്കെട്ടുകളുടെ വിടവുകളിലും റ്റാര്‍റ്റര്‍ വര്‍ഗക്കാര്‍ ഒളിച്ചിരിക്കുന്നോ? പല്ലിറുമ്മി നിശ്ശബ്ദരായി ഇരിക്കുന്ന അവര്‍ കോട്ടയെ ആക്രമിക്കുമോ? അന്ധകാരത്തിലാവുമോ ആ ആക്രമണം? സൂര്യന്റെ വെളിച്ചത്തില്‍ അവരുടെ ആയുധങ്ങള്‍ തിളങ്ങാതിരിക്കാനും കുതിരകള്‍ ശബ്ദം കേള്‍പ്പിക്കാതിരിക്കാനും അവര്‍ വേണ്ടതു ചെയ്തിട്ടില്ലേ? ഇതൊക്കെയാണ് ജോവാനിയുടെ സംശയം. കാലം കഴിഞ്ഞു. രണ്ടുവര്‍ഷം കൂടെയായി. സമതലം വിജനം. ശത്രു വരികയില്ലായിരിക്കും. വര്‍ഷങ്ങള്‍ കഴിയുംതോറും ബാസ്റ്റീയാനീ കോട്ടയുടെ പ്രാധാന്യം കുറഞ്ഞുകുറഞ്ഞുവന്നു. മുമ്പുണ്ടായിരുന്ന സൈനികരുടെ സംഖ്യ പകുതിയായി. അങ്ങനെയിരിക്കെ അങ്ങു വിദൂരതയില്‍ എതോ ഒരു ചലനം. ജോവാനി ടെലിസ്കോപ്പിലൂടെ നോക്കിയപ്പോള്‍ ഒരു ചെറിയ പ്രകാശം കണ്ടു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത് കോട്ടയിലേക്ക് അടുക്കുന്നതായി തോന്നി അയാള്‍ക്ക്. ദിവസങ്ങള്‍ക്കുശേഷം വിദേശികളായ പട്ടാളക്കാരുടെ ചലങ്ങളും രാത്രികാലങ്ങളില്‍ പ്രകാശങ്ങളും കാണുന്നതായി ജോവാനിക്കും മറ്റുള്ളവര്‍ക്കും തോന്നുകയായി. വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. പതിനഞ്ചു കൊല്ലം. ചലനങ്ങളും പ്രകാശങ്ങളും കിനാക്കള്‍പോലെ. ജോവാനിയുടെ മുഖത്ത് പ്രായത്തിന്റെ ചുളിവുകള്‍ വീണു. അയാളുടെ തലമുടി നരച്ചു. അമ്പതു വയസാണ് അയാള്‍ക്ക് അപ്പോള്‍. കോട്ട സംരക്ഷിക്കാന്‍ സൈനികര്‍ക്ക് ശക്തിപോരാ. ലഫ്റ്റനന്‍റായി ജോലിയില്‍ പ്രവേശിച്ച ജോവാനിക്ക് ഇപ്പോള്‍ വയസ് അമ്പത്തിനാല്. അയാള്‍ മേജറാണ് ആ സമയത്ത്. പെട്ടന്ന് അയാള്‍ ക്ഷീണിക്കാന്‍ തുടങ്ങി. അയാളുടെ കരളിനാണ് രോഗമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു. ലോകത്തുനിന്നകന്ന് മുപ്പതുകൊല്ലം അയാള്‍ ആ കോട്ടയില്‍ പാര്‍ത്തു. ശത്രു വരാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ക്ക് തിരിച്ചുപോകേണ്ടതായി വന്നിരിക്കുന്നു. ജോവാനീ ധീരനായിരിക്കൂ. ഭടനെപ്പോലെ മരണം വരിക്കൂ, നിങ്ങളുടെ പരാജയമാര്‍ന്ന ജീവിതത്തിന് നല്ല പര്യവസാനമെങ്കിലും ഉണ്ടാകട്ടെ. വിധിയോടു പ്രതികാരം ചെയ്യൂ. നിങ്ങളെ ആരും പ്രശംസിക്കില്ലായിരിക്കും. നിങ്ങളെ ആരും ധീരനെന്ന് വിളിക്കില്ലായിരിക്കും. എങ്കിലും ഉറച്ച കാല്‍വെപ്പോടെ മുന്നോട്ടുപോകൂ. കഴിയുമെങ്കില്‍ ചിരിക്കൂ. അന്ധകാരത്തില്‍ ജോവാനിയിരുന്നു ചിരിക്കുന്നു. ആരും ആ ചിരി കാണാനില്ലെങ്കിലും.

1940-ലാണ് ബുറ്റ്സാറ്റി ഈ നോവല്‍ പ്രസിദ്ധപ്പെടുത്തിയത്. അക്കാലത്ത് ഫാഷിസ്റ്റുകളുടെ നേതാവായി മുസോലിനി ഇറ്റലിയെ മര്‍ദ്ദിക്കുകയായിരുന്നു. ഫാഷിസത്തിന് എതിരായ ചിന്താഗതിയുള്ള ബുറ്റ്സാറ്റി അതിന്റെ സമാരംഭത്തെ വിദൂരതയില്‍ കാണപ്പെട്ട റ്റാര്‍റ്റര്‍ വര്‍ഗക്കാരുടെ ചലനമായി ആവിഷ്കരിക്കുകയാണ്. വ്യവസ്ഥാപിതമായ ഭരണസംവിധാനത്തെ തകര്‍ക്കാന്‍ എത്തുന്ന ഫാഷിസ്റ്റുകള്‍ തന്നെയാണ് റ്റാര്‍റ്റര്‍ വര്‍ഗം. അവരെ ചെറുക്കാന്‍ ഒരു ചെറിയ കോട്ട. ആ കോട്ടയിലെ സൈനികരുടെ സംഖ്യ കുറഞ്ഞുവരുന്നു. റ്റാര്‍റ്റര്‍ വര്‍ഗ്ഗക്കാര്‍ കോട്ടയെ ആക്രമിച്ചു കീഴടക്കി ജോവാനിയുടെ നാട്ടിലേക്ക് പ്രവേശിച്ചതായി നോവലില്‍ പ്രസ്താവമില്ല. ആ രീതിയിലൊരു പ്രസ്താവം വന്നെങ്കില്‍ ഈ കലാസൃഷ്ടിക്കുതന്നെ തകര്‍ച്ച സംഭവിച്ചുപോയേനെ. കലാകാരന്‍മാരില്‍ കലാകാരനായ ബുറ്റ്സാറ്റിയില്‍നിന്ന് ആ അനൗചിത്യം ഉണ്ടാവുകയില്ല. രോഗാര്‍ത്തനായ, വൃദ്ധനായ ജോവാനി അശക്തരായ ഇറ്റാലിയന്‍ ജനതയുടെ ശാശ്വത പ്രതീകമാണ്. ആ ജനതയോട് ശത്രുവിനെ — ഫാഷിസ്റ്റിനെ — പുഞ്ചിരിയോടെ, ധീരതയോടെ എതിര്‍ക്കാന്‍ അഹ്വാനം ചെയ്തിട്ട് ബുറ്റ്സാറ്റി പിന്‍മാറുന്നു. ആ ആഹ്വാനം കേള്‍ക്കുമ്പോള്‍ ഭാരതീയരായ നമുക്കും രോമഹര്‍ഷമുണ്ടാകുന്നു.

ആവിഷ്കരിക്കാനാവാത്ത വസ്തുതകള്‍ ഏറെയുണ്ട് ഈ ലോകത്ത്. അങ്ങനെയുള്ളവ ചിത്രീകരിക്കപ്പെട്ടാല്‍ സഹൃദയന് ഉദ്വേഗമുണ്ടാകും. കലാഭംഗി നഷ്ടമാകുകയും ചെയ്യും. പലരും വാഴ്ത്തിയ നോവലാണ് Anatoli Kuznetsov-ന്റെ Baby Yar. (ഞാന്‍ അതിനെ ഒരു പൊളിറ്റിക്കല്‍ ഡോക്യുമെന്‍റായേ കരുതുന്നുള്ളു) അതില്‍ ഡിന എന്ന പെണ്‍കുട്ടി മരണത്തില്‍നിന്ന് രക്ഷപ്രാപിക്കാനായി ചോരയില്‍ ശവങ്ങള്‍ നിറഞ്ഞുകിടക്കുന്ന ഒരു ഗര്‍ത്തത്തിലേക്ക് എടുത്തു ചാടുന്നതായി വര്‍ണ്ണിച്ചിട്ടുണ്ട്. Dina looked down and her head swam, she seemed to be so high up. Beneeth her was a sea of bodies covered in blood…And without more ado she jumped, holding her first tight and she went down. (Penguin Books, Page 109. ) ഇതു വായിച്ച എനിക്കു ജുഗുപ്സയാണുണ്ടായത്. സമുന്നതനായ കലാകാരനാണ് ബുറ്റ്സാറ്റി. ഫാഷിസത്തിന്റെ ക്രൂരതകളില്‍ ഒരെണ്ണംപോലും സൂചിപ്പിക്കാതെ അദ്ദേഹം അതിന്റെ ബീഭല്‍സതയാകെ അഭിവ്യജ്ഞിപ്പിക്കുന്നു.

ബുറ്റ്സാറ്റിയുടെ ഈ നോവലില്‍ ജോവാനി ഉറങ്ങുന്ന ഒരു ശിശുവിനെ കാണുന്നതായി വര്‍ണ്ണിക്കുന്നുണ്ട്. ആ ശിശുവിന്റെ അദ്ഭുതജനകമായ നിദ്രയെ ജോവാനി നോക്കിക്കൊണ്ടിരുന്നു. ഒരു സ്വപ്നവും അതിന്റെ നിദ്രയ്ക്ക് ഭംഗം വരുത്തുന്നില്ല. അതിന് അഭിലാഷമില്ല, പശ്ചാത്താപമില്ല. ഉറങ്ങുന്ന ആ കുഞ്ഞിന്റെ അടുത്തു നില്‍ക്കുന്നത് മൃഗത്തെപോലെ ഉറങ്ങുന്ന ജോവാനി. എങ്കിലും ഒരു കാലത്ത് അയാളും ആ കുഞ്ഞിനെപ്പോലെ ഉറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അയാളെ സ്നേഹിക്കാന്‍ ആരുണ്ട്? അയാള്‍ തന്നെയല്ലാതെ വേറെയാരുമില്ല. ഫാഷിസത്തിന്റെ പേടിസ്വപ്നങ്ങളില്ലാതെ ലോക ജനതയ്ക്ക് ആ ശിശുവിനെപ്പോലെ ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍! ഇങ്ങനെ നിഷ്കളങ്കതയെയും മനുഷ്യത്വത്തെയും വാഴ്ത്തിക്കൊണ്ട് ഈ ഉജ്ജ്വലമായ കലാസൃഷ്ടി നമുക്ക് മാനസികോന്നമനം ഉളവാക്കുന്നു. സാഹിത്യം ഉണ്ടാകുന്നുണ്ട്, പക്ഷേ, പ്രിയപ്പെട്ട വായനക്കാരേ, അത് മറ്റൂ രാജ്യങ്ങളില്‍ മാത്രം.