കനേറ്റി എന്ന പ്രതിഭാശാലി
കനേറ്റി എന്ന പ്രതിഭാശാലി | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | പ്രകാശത്തിന് ഒരു സ്തുതിഗീതം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാത് |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 118 (ആദ്യ പതിപ്പ്) |
മാക്സ് ബക്ക്മാന്‍ (Max Beck mann, 1884–1950) വിശ്വവിഖ്യാതനായ ജര്‍മ്മന്‍ എക്സ്പ്രഷനിസ്റ്റ് ചിത്രകാരനാണ്. ന്യൂയോര്‍ക്ക് നഗരത്തിലെ “മ്യൂസിയം ഒഫ് മോഡേണ്‍ ആര്‍ട്ടി”ല്‍ അദ്ദേഹത്തിന്റെ Departure എന്ന ഉജ്ജ്വലമായ ‘ട്രിപ്ടിക്’ വച്ചിട്ടുണ്ട്. അടുത്തടുത്തായി മൂന്ന് പാനലുകളില്‍ വരച്ച ചിത്രങ്ങളെയാണ് “ട്രിപ്ടിക്’ എന്നുപറയുന്നത്. ഇടതുവശത്തെ ചിത്രത്തില്‍ നാല് മനുഷ്യരൂപങ്ങള്‍. ആദ്യത്തെ രൂപം പുറംതിരിഞ്ഞു നില്‍ക്കുന്നു. അതിന്റെ കൈകള്‍ പിറകുവശത്താണ്. അവയില്‍ വിലങ്ങുവച്ചിരിക്കുന്നു. നഗ്നമായ രണ്ടാമത്തെ രൂപത്തിന്റെ കൈകള്‍ മുകളിലേക്കാക്കി ബന്ധിക്കപ്പെട്ടിരിക്കുന്നു. രണ്ടു കൈപ്പത്തികളുമില്ല. അതിന്റെ വായും മൂക്കും മൂടിക്കെട്ടിയിട്ടുണ്ട്. താഴെ മുട്ടുകുത്തി കമിഴ്ന്നു കിടക്കുന്ന രൂപത്തിന്റെ കൈകളും കൂട്ടിക്കെട്ടിയിരിക്കുകയാണ്. നാലാമത്തെ രൂപം ഉല്‍ക്കണ്ഠയോടെ ദൂരത്തേക്ക് നോക്കുന്നു. ഡിക്ടേറ്റര്‍ഷിപ്പിന്റെ ആവിര്‍ഭാവത്തില്‍ കലാകാരന്മാര്‍ക്ക് വന്നുകൂടിയ പാരതന്ത്ര്യവും ത്രാസവുമാണ് ഈ ചിത്രം അഭിവ്യഞ്ജിപ്പിക്കുന്നത്.
വലതു ഭാഗത്തെ ചിത്രത്തില്‍ നാലു രൂപങ്ങള്‍. ചെറിയ വിളക്കെടുത്തുകൊണ്ട് നടക്കുന്ന ഒരു രൂപം. അതിനോട് തലകുത്തനെയായുള്ള വേറൊരു രൂപം ബന്ധിക്കപ്പെട്ടിരിക്കുന്നു. പിറകില്‍ കണ്ണു മൂടിക്കെട്ടിയ ഒരു രൂപം. താഴെയായി ചെണ്ട കൊട്ടുന്ന വേറൊന്ന്. വിളക്കെടുത്തു പോകുന്ന മനുഷ്യന്‍ നമ്മളുടെ പ്രതിനിധിയാണ്. അയാളോട് ബന്ധിക്കപ്പെട്ട മനുഷ്യരൂപം സ്മരണകളുടേയും പരാജയങ്ങളുടേയും ശവമത്രേ. ജീവിതം താഴെയിരുന്നു ചെണ്ടയടിക്കുമ്പോള്‍ മനുഷ്യന്‍ ഇരുട്ടിലൂടെ നീങ്ങുന്നുവെന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്.
നടുവിലുള്ള ചിത്രത്തില്‍ രാജാവും രാജ്ഞിയും വേറൊരാളും. ജീവിതത്തിന്റെ യാതനകളില്‍നിന്നു മുക്തിനേടിയവരാണ് രാജാവും രാജ്ഞിയും. രാജ്ഞിയുടെ മടിയില്‍ ശിശു. അത് സ്വാതന്ത്ര്യമത്രേ. സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനം, അതുതന്നെയാണ് departure — പ്രയാണം. ബക്ക്മാന്റെ ഈ ചിത്രത്തിന്റെ രചനാകാലം 1932-നും 1933-നും ഇടക്കാണ്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് ആറുകൊല്ലം മുമ്പ് രചിക്കപ്പെട്ട ഈ ചിത്രം ആ കാലഘട്ടത്തിന്റെ സര്‍ഗാത്മകാവിഷ്കാരമാണ്; അല്ലെങ്കില്‍ വെളിപാടാണ്. മനുഷ്യനെക്കുറിച്ചുള്ള അറിവുകളും സങ്കല്‍പ്പങ്ങളും ഓരോരോ കാലഘട്ടങ്ങളില്‍ മാറിക്കൊണ്ടിരിക്കുമെങ്കിലും ഒരു കാലഘട്ടത്തില്‍ അവയ്ക്ക് സാദൃശ്യം കാണുമെന്നത് നിരാക്ഷേപമായ വസ്തുതയാണ്. സാര്‍ത്രിന്റെ എക്സിസ്റ്റെന്‍ഷ്യലിസവും നോബല്‍ സമ്മാനം നേടിയ ബയോകെമിസ്റ്റ്ഷാക്ക് മോണോയുടെ (Jacques Monod) സിദ്ധാന്തങ്ങളും സാമുവല്‍ ബക്കറ്റിന്റെ സാഹിത്യ സൃഷ്ടികളും ജോണ്‍കേജിന്റെ സംഗീതവും അടിസ്ഥാനപരമായി ഒന്നു തന്നെ. മനുഷ്യന്‍ തന്നെയും സമൂഹത്തെയും അറിയാന്‍ ശ്രമിക്കുന്നു. ആ യത്നം ചിത്രത്തിലൂടെ, സാഹിത്യത്തിലൂടെ, സംഗീതത്തിലൂടെ, ശാസ്ത്രത്തിലൂടെ ആവിഷ്കൃതമാകുമ്പോള്‍ അവക്കെല്ലാം സമാന സ്വഭാവം വന്നുകൂടും. അങ്ങനെ രണ്ടു മഹായുദ്ധങ്ങള്‍ക്കിടയ്ക്കുള്ള കാലഘട്ടത്തിലുണ്ടായ ചിത്രങ്ങള്‍ക്കും സാഹിത്യ കൃതികള്‍ക്കും ശാസ്ത്രീയങ്ങളായ കണ്ടുപിടിത്തങ്ങള്‍ക്കും സാരഭൂതമായ സാദൃശ്യം വന്നു ചേര്‍ന്നിരിക്കുന്നു.
1981-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഈലീയസ് കന്നേറ്റിക്കാണല്ലോ കിട്ടിയത്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണ് “ഔട്ടോ ദ ഫേ” (Auto da Fe) എന്ന നോവല്‍ [Die Blendung എന്നു ജര്‍മ്മന്‍ പേര്]. 1935-ലാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയത്. മഹാനായ ഈ കലാകാരന്റെ മഹനീയമായ ഈ നോവല്‍ സാരാംശത്തില്‍ ബക്ക്മാന്റെ ചിത്രങ്ങളോടു സാധര്‍മ്മ്യം പുലര്‍ത്തുന്നുവെന്നു നിരൂപകർ അഭിപ്രായപ്പെടുന്നു. കനേറ്റി ബക്ക്മാനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, ഔട്ടോ ദ ഫേ എഴുതിക്കൊണ്ടിരുന്ന കാലത്ത് അദ്ദേഹം ജര്‍മ്മന്‍ ചിത്രകാരന്‍ മാറ്റിയാസ് ഗ്രൂനവാള്‍റ്റിന്റെ (Mathias Grunewald, 1475–1528) ചിത്രങ്ങള്‍ തന്റെ ചുറ്റും വച്ചിരുന്നു (L)ബക്ക്മാന്റെ പ്രചോദനകേന്ദ്രം ഗ്രൂനവാള്‍റ്റിന്റെ ചിത്രങ്ങളായിരുന്നുവെന്ന് അദ്ദേഹംതന്നെ സമ്മതിച്ചിട്ടുണ്ട്. അസാധാരണമായവിധത്തിലുള്ള വര്‍ണ്ണവിന്യാസം, അന്തിമഫലത്തെ ലക്ഷ്യമാക്കി ഇരുട്ടിനും വെളിച്ചത്തിനും സമനില നല്‍കാന്‍ (കിയാറോ സ്ക്യൂറോ എന്ന് ഇംഗ്ലീഷില്‍), മനുഷ്യരൂപങ്ങള്‍ക്കു വരുത്തുന്ന രൂപപരിവര്‍ത്തനവും സ്ഥൂലീകരണവും ഇവയെല്ലാമാണ് ഗ്രൂനവാള്‍റ്റിന്റെ ചിത്രങ്ങള്‍ക്കുള്ള സവിശേഷതകള്‍. ഇവകൊണ്ട്, അദ്ദേഹം ജീവിതത്തിന്റെ ഭയാനകതയും തീവ്രവേദനയും വ്യഞ്ജിപ്പിക്കുന്നു. ബക്ക്മാന്റെ ഗുരുനാഥന്‍ തന്നെയാണ് ഈ ജര്‍മ്മന്‍ ചിത്രകാരന്‍. കനേറ്റിയുടെ നോവല്‍ വായിക്കൂ. ഇവിടെപറഞ്ഞ വക്രതയും വൈരൂപ്യവും സ്ഥൂലീകരണവുമൊക്കെ അതില്‍ ദര്‍ശിക്കാം. കനേറ്റി എന്ന കലാകാരന് ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സംഭവങ്ങളില്‍ പ്രതികരണങ്ങള്‍ ഉണ്ടാകുന്നു. ആ പ്രതികരണങ്ങളേയും അവയോടു ബന്ധപ്പെട്ട വികാരങ്ങളെയും സ്ഫുടീകരിക്കാന്‍ അദ്ദേഹം സാന്ദ്രത കൂടിയ വര്‍ണ്ണങ്ങള്‍ ഉപയോഗിക്കുന്നു; അനിയതങ്ങളായ വാങ്മയ ചിത്രങ്ങള്‍ നിവേശിപ്പിക്കുന്നു; പേടിസ്വപ്നത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഫലമോ? എല്ലാ വിധത്തിലും മൂല്യമാര്‍ന്ന ഒരു കലാസൃഷ്ടി. ഈ ശതാബ്ദത്തിലെ സുപ്രധാനമായ നോവല്‍.
ജീവിതത്തിന്റെ ഭയങ്കരത്വവും യാതനയും എവിടെനിന്ന് ഉദ്ഭവിക്കുന്നു? കനേറ്റിക്ക് അസന്ദിഗ്ദ്ധമായ ഉത്തരമുണ്ട് ആ ചോദ്യത്തിന്. അധികാരാരത്തില്‍ നിന്ന് — ‘പവറി’ല്‍ നിന്ന് (power) അത് വിശുദ്ധമായ അധികാരമല്ല. പ്രാകൃത സ്വഭാവമാര്‍ന്ന അധികാരമാണ്. ഈ പ്രാകൃതാധികാരത്തിന്റെ വിനാശാത്മകതയെയാണ് അദ്ദേഹം എല്ലാ കൃതികളും ചിത്രീകരിച്ചിട്ടുള്ളത്. ‘ഔട്ടോ ദ ഫേ’യുടെ രചനാകാലത്തുതന്നെ നാത്സിസം എന്ന കൊടും വിഷം യൂറോപ്പിന്റെ അന്തരീക്ഷത്തില്‍ വ്യാപിച്ചുകഴിഞ്ഞിരുന്നു. ഉന്നതവര്‍ഗത്തിന്റെ വിശുദ്ധി എന്നൊരു കപടസന്‍മാര്‍ഗ്ഗവാദം ഉന്നയിച്ചുകൊണ്ട് ഹിറ്റ്ലറും കൂട്ടുകാരും ജര്‍മ്മനിയില്‍ പ്രത്യക്ഷരായപ്പോള്‍ കനേറ്റിയെപ്പോലുള്ള ധിഷണാശാലികള്‍ ഞെട്ടിപ്പോയിരിക്കണം. ഹിറ്റ്ലര്‍ക്കും മറ്റു നാത്സികള്‍ക്കും പ്രാബല്യം സിദ്ധിച്ചപ്പോള്‍ ജര്‍മ്മന്‍ ജനത യുക്തിരാഹിത്യത്തില്‍ ചെന്നുവീണു. മനുഷ്യനെ നാശത്തില്‍നിന്നു രക്ഷിച്ചിരുന്ന ആത്മീയമൂല്യങ്ങള്‍ അതോടെ ദുര്‍ബലങ്ങളായി. രാഷ്ട്രവ്യവഹാരവും (Politics) സാന്‍മാര്‍ഗികത്വവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് മക്കിയാവെല്ലി പറഞ്ഞത് നാത്സികള്‍ക്ക് സ്വീകാര്യമായി. രാഷ്ട്രവ്യവഹാരത്തോടു ചേര്‍ന്ന തിന്മ നന്മയായി രൂപാന്തരപ്പെട്ടു. പ്രാകൃതാധികാരം രാഷ്ട്രത്തെ നശിപ്പിച്ചു. രാഷ്ട്രത്തിനകത്തുള്ള വിവിധ സമുദായങ്ങളെ നശിപ്പിച്ചു. സമുദായത്തിനകത്തുള്ള വ്യക്തികളെ നശിപ്പിച്ചു. ആ വിധത്തിലുള്ള ഒരു വ്യക്തിയുടെ — പേറ്റര്‍ കീനിന്റെ — ദുരന്തത്തെയാണ് കനേറ്റി നോവലില്‍ ആലേഖനം ചെയ്യുന്നത്.
നോവലില്‍ പ്രധാന കഥാപാത്രങ്ങളായി നാലു പേരുണ്ട്. പേറ്റര്‍ കീന്‍. അയാള്‍ സൈനോളജിസ്റ്റാണ്. (ചൈനീസ് ഭാഷയിലും സംസ്കാരത്തിലും വിദഗ്ദ്ധന്‍). 25,000 പുസ്തകങ്ങളുള്ള ലൈബ്രറിയുടെ ഉടമസ്ഥനാണ് അയാള്‍. ലൈബ്രറി സൂക്ഷിക്കുന്നതിന് ഒരാളെ ആവശ്യമുണ്ടെന്ന് കീന്‍ പരസ്യം കൊടുത്തപ്പോള്‍ വന്നെത്തിയവളാണ് റ്റെറേസ. അവള്‍ കൈയുറയിട്ട് കീറിപ്പോയ പുസ്തകം എടുക്കുന്നതു കണ്ടപ്പോള്‍ കീനിന് അവളോടു സ്നേഹം തോന്നി. റ്റെറേസയെ അയാള്‍ വിവാഹം കഴിച്ചു. സഹധര്‍മ്മിണിയായി കഴിഞ്ഞപ്പോള്‍ അവള്‍ അയാളെ അടിച്ചു പുറത്താക്കി. കീന്‍ കള്ളന്മാരുടെയും വേശ്യകളുടെയും കൂടെ കഴിഞ്ഞുകൂടാന്‍ നിര്‍ബദ്ധനായി. മൂന്നാമത്തെ കഥാപാത്രമാണ് ബേനേഡിക്റ്റ് ഫാഫ്. അയാളൊരു നാത്സിയാണ്. ചുവന്ന തലമുടിയുള്ള ഈ പോര്‍ട്ടര്‍ അക്രമത്തിന്റെ പ്രതിരൂപമാണ്. അയാള്‍ മുഷ്ടിചുരുട്ടിയാല്‍ ചുവന്ന രോമങ്ങള്‍ അതില്‍ ഉയര്‍ന്നു നില്‍ക്കുന്നത് കാണാം. കുരിശില്‍ ആണിതറയ്ക്കാന്‍ ശക്തിയുണ്ട് അയാളുടെ കൈകള്‍ക്ക്. നാലാമത്തെ കഥാപാത്രം കൂനുള്ള മുണ്ടനായ ഫിഷേര്‍ലേയാണ്. കീനിന്റെ പണംകൊതിച്ചാണ് അയാള്‍ ദ്രോഹബുദ്ധിയോടെ നടക്കുക. റ്റെറേസയും ഫാഫും ഫിഷേര്‍ലേയും ചേര്‍ന്നു കീനിനെ ഭവനത്തില്‍നിന്നു പുറത്താക്കുന്നു. അവര്‍ മൂന്നു പേരും പ്രാകൃതാധികാരത്തിന്റെ പ്രതിരൂപങ്ങളത്രേ. കീനിന്റെ സഹോദരന്‍ — പ്രശസ്തനായ സൈക്കിയാട്രിസ്റ്റ് — അദ്ദേഹത്തെ ദ്രോഹികളില്‍ നിന്ന് രക്ഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. പ്രാകൃതാധികാരത്തിന്റെ ബലിമൃഗമായിക്കഴിഞ്ഞു അയാള്‍. കീന്‍ പുസ്തകങ്ങള്‍ വാരിക്കൂട്ടി. ഹാള്‍ പുസ്തകങ്ങള്‍ കൊണ്ടു നിറഞ്ഞു. എഴുത്തുമേശയുടെ മുന്‍പിലുള്ള കാര്‍പ്പറ്റില്‍ തീപിടിച്ചു കഴിഞ്ഞു. കീന്‍ വര്‍ത്തമാനപത്രങ്ങള്‍ വലിച്ചെടുത്തു പന്തുകളാക്കി ഉരുട്ടി എല്ലാ മൂലകളിലേക്കും എറിഞ്ഞു. ഏണിമുറിയുടെ നടുവില്‍വച്ച് അതിന്റെ ആറാമത്തെ പടിയില്‍ കയറിനിന്നു. തീ ഉയര്‍ന്നുവരും. അതിനുവേണ്ടി അയാള്‍ കാത്തുനില്‍ക്കുകയാണ്. ഒടുവില്‍ അഗ്നി കീനിനെ സ്പര്‍ശിച്ചു. അപ്പോള്‍ അയാൾ ഉറക്കെ ചിരിച്ചു. ജീവിതത്തില്‍ അന്നുവരെ ചിരിച്ചിട്ടുള്ളതിനെക്കാളൊക്കെ ഉച്ചത്തില്‍ അയാള്‍ ചിരിച്ചു.
കഥാപാത്രങ്ങളെ പ്രഗല്‍ഭമായി പ്രവര്‍ത്തിപ്പിക്കുന്ന കനേറ്റി സത്യമെന്താണെന്നു മാത്രം സ്പഷ്ടമാക്കുകയല്ല. അത് ഏത് റിയലിസ്റ്റിനും കഴിയുന്ന കാര്യമാണല്ലോ. താന്‍ അനുഭവിച്ചതിനെ മാന്ത്രികശക്തിയാല്‍ വായനക്കാരനെക്കൊണ്ട് അനുഭവിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍. അപ്പോള്‍ സത്യത്തിലേക്കല്ല, സത്യാത്മകതയിലേക്കാണ് അനുവാചകന്‍ പോകുന്നത്. എന്താണു സത്യവും സത്യാത്മതയും? ഭൂമി ഉരുണ്ടതാണ് എന്നതു സത്യം. നാത്സിസംപോലുള്ള പ്രാകൃതാധികാരം മനുഷ്യനെ അപമാനവീകരിക്കുന്നു എന്നതു സത്യാത്മകത. ഔട്ടോ ദ ഫേയുടെ പ്രാധാന്യം സാകല്യാവസ്ഥയില്‍ ഗ്രഹിക്കണമെങ്കില്‍ കനേറ്റി 1960-ല്‍ പ്രസിദ്ധപ്പെടുത്തിയ ക്രൗഡ്സ് ആന്‍ഡ് പവര്‍ (Crowds and Power) എന്ന നരവംശ ശാസ്ത്രപരമായ ഗ്രന്ഥംകൂടി വായിക്കണം. തികച്ചും അല്‍ഭുതാവഹവും തികച്ചും മൗലികവുമായ ഈ ഗ്രന്ഥത്തിന്റെ ആശയങ്ങള്‍ സംഗ്രഹിച്ച് എഴുതാന്‍ പ്രയാസമുണ്ട്. ഒരാശയരത്നത്തിന്റെ തിളക്കംകണ്ട് നമ്മള്‍ വിസ്മയിക്കുമ്പോള്‍ മറ്റൊരു രത്നമെടുത്ത് നമ്മുടെ മുമ്പില്‍ വയ്ക്കുകയായി കനേറ്റി. ഗ്രന്ഥം വായിച്ചുതീരുമ്പോള്‍ അത്ഭുതത്തിന്റെ അനുഭൂതിയാണ് നമുക്ക് ഉളവാകുക. എങ്കിലും നമുക്ക് ഇപ്പോള്‍ ആവശ്യമുള്ള ഒരാശയത്തെക്കുറിച്ചുമാത്രം ഇവിടെ പറഞ്ഞുകൊള്ളട്ടെ. ജനക്കൂട്ടത്തിന്റെ സിംബലാണ് അഗ്നിയെന്ന് കനേറ്റി കരുതുന്നു. വനങ്ങളേയും നഗരങ്ങളേയും ആക്രമിക്കുന്ന അഗ്നിക്ക് എന്തൊരു ആക്രമണോല്‍സുകതയാണ്! അഗ്നിയുണ്ടാകുന്നതുവരെ മരം മരത്തിനടുത്തുനിന്നു. വീട് വീടിനടുത്തും. ഓരോന്നും പ്രത്യേകമായി നിലകൊണ്ടു. എന്നാല്‍ അഗ്നി ആളിപ്പടരുമ്പോള്‍ ഏറ്റവും കുറഞ്ഞസമയംകൊണ്ട് ഈ പ്രത്യേകാവസ്ഥ ഇല്ലാതാകുന്നു. എല്ലാം ഒന്നാകുന്നു; എല്ലാം അപ്രത്യക്ഷമാകുന്നു. വടക്കേ മെക്സിക്കോയിലെ നവാഹോ ഇന്ത്യാക്കാര്‍ അഗ്നികുണ്ഡത്തിനുചുറ്റും നൃത്തം ചെയ്തുചെയ്ത് അതിലെടുത്തുചാടുന്നു, അവര്‍ അഗ്നിയായി മാറുന്നു. ജനക്കൂട്ടം അഗ്നിതന്നെ. അഗ്നി ജനക്കൂട്ടവും. (പുറം 91, Crowds & Power) ജനക്കൂട്ടത്തിന്റെ — അഗ്നിയുടെ — ആകര്‍ഷകത്വത്തിന് അടിമപ്പെടാന്‍ വ്യക്തികള്‍ക്ക് കൗതുകമുണ്ടെന്ന് കനേറ്റി വിശ്വസിക്കുന്നു. ഉത്തരവാദിത്വത്തിന്റെ പ്രയാസങ്ങളില്‍നിന്ന് രക്ഷനേടാനുള്ള മാര്‍ഗമാണത്. പ്രാകൃതാധികാരം കീനിനെ പ്രാകൃത മനുഷ്യനാക്കിയപ്പോള്‍ അയാള്‍ അഗ്നിയെ സ്വാഗതം ചെയ്തു.
“ലോകത്തിന്റെ നാശത്തിനെതിരായി ഒരു പ്രതിരോധശക്തി മാത്രമേയുള്ളു — സര്‍ഗ്ഗാത്മക പ്രവര്‍ത്തനം” എന്ന് ഒരു ചിന്തകന്‍ പറഞ്ഞിട്ടുണ്ട്. ലോകം നശിക്കുന്നത് പ്രാകൃതാധികാരം എന്ന തിന്മയാലാണ്. ആ തിന്മയുടെ ആഴം അളന്നു നോക്കി അതിനപ്പുറം കടന്നു നില്‍ക്കുകയാണ് കനേറ്റി എന്ന ഉജ്ജ്വല പ്രതിഭാശാലി. മുതലാളികള്‍ തൊഴിലാളികളുടെ ശക്തിയെ ചൂഷണം ചെയ്യുന്നതുപോലെ തിന്മയെ ചൂഷണം ചെയ്ത് നോവലുകളും കഥകളും എഴുതിയിട്ടുണ്ട് നോര്‍മൻ മെയ്ലര്‍ എന്ന അമേരിക്കന്‍ സാഹിത്യകാരന്‍. അദ്ദേഹം തിന്മയ്ക്ക് അപ്പുറം പോകുന്നില്ല. അതല്ല കനേറ്റി ചെയ്യുന്നത്. അദ്ദേഹം മനുഷ്യനോടു പറയുന്നു: ഭ്രാന്തനാകരുത്; യുക്തിരാഹിത്യത്തിന് അടിമയാകരുത്; തിന്മയെ ജയിച്ചടക്കൂ. ഭാവനകൊണ്ട് തിന്മയെ പരാജയപ്പെടുത്തിയ ഒരേയൊരു കലാകാരനുണ്ടെങ്കില്‍ ആ വ്യക്തി ഈലിയസ് കനേറ്റിയാണ്. അദ്ദേഹം അനുഭവങ്ങളുടെ കലാപത്തില്‍നിന്ന് വ്യവസ്ഥയും ക്രമവും സൃഷ്ടിക്കുന്നു. മാക്സ് ബക്ക്മാന്‍ അനുഷ്ഠിച്ച കൃത്യവും അതുതന്നെയാണ്. പക്ഷേ, രണ്ടുപേരുടേയും മാര്‍ഗങ്ങള്‍ വിഭിന്നങ്ങള്‍. രണ്ടുമാര്‍ഗങ്ങള്‍ക്കും സവിശേഷതയാര്‍ന്ന മൗലികത്വവുമുണ്ട്.
|
|
|