close
Sayahna Sayahna
Search

ചങ്ങമ്പുഴ നിസ്തുലനായ ഭാവാത്മക കവി


ചങ്ങമ്പുഴ നിസ്തുലനായ ഭാവാത്മക കവി
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പ്രകാശത്തിന് ഒരു സ്തുതിഗീതം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 118 (ആദ്യ പതിപ്പ്)

Externallinkicon.gif പ്രകാശത്തിന് ഒരു സ്തുതിഗീതം


അര്‍ദ്ധരാത്രി കഴിഞ്ഞ് നിലാവു പരന്നൊഴുകുന്ന സമയത്ത് പമ്പാനദിയുടെ കരയില്‍ ഞാന്‍ ചെന്നിരുന്നിട്ടുണ്ട് പലപ്പോഴും. എന്തെന്നില്ലാത്ത അനുഭൂതിയാണത്. അകലെനിന്നു പൂക്കള്‍ ഒഴുകിവരും. പല നിറത്തിലുള്ള പൂക്കള്‍. ചെമ്പരത്തിപ്പൂ, കോളാമ്പിപ്പൂ, നാലുമണിപ്പൂ — ചിലപ്പോള്‍ റോസാപ്പൂവും. ഓരോ പൂവും താല്‍ക്കാലികമായ ഹര്‍ഷം നല്‍കിക്കൊണ്ട് ഒഴുകിമറയും. ഒന്നു മറഞ്ഞുകഴിയുന്നതിനു മുന്‍പുതന്നെ വേറൊന്നു മുന്‍പിലെത്തും. അത് അപ്രത്യക്ഷമാകുന്നതിനു മുന്‍പു വേറൊന്ന്. ചില്ലകളും നദിയുടെ ഉപരിതലത്തിലൂടെ നൃത്തംചെയ്തു പോകുന്നുണ്ടായിരിക്കും. ഏതു പൂവിനെയാണു കൂടുതലിഷ്ടം? പറയാന്‍ വയ്യ. ഓരോ നിറവും അതിന്റെ മാന്ത്രിക ശക്തിയാല്‍ നമ്മെ കീഴ്പ്പെടുത്തിക്കളയും.

നിറത്തിനു സൗരഭ്യമുണ്ടോ? ഉണ്ട്. ചെമ്പരത്തിപ്പൂവിന്റെ ചുവപ്പുനിറത്തിന് ഒരു സൗരഭ്യം, പനിനീര്‍പ്പൂവിന്റെ ഇളം ചുവപ്പു നിറത്തിന് മറ്റൊരു സൗരഭ്യം. ഈ സൗരഭ്യങ്ങളും വര്‍ണ്ണവിശേഷങ്ങളും ദ്രഷ്ടാവിനെ ഒരു അലൗകികമണ്ഡലത്തില്‍ എത്തിക്കുന്നു. പമ്പാതീരത്തെ ഈ ദൃശ്യത്തെ അനുസ്മരിപ്പിക്കുന്ന ശൈലീവിശേഷമുണ്ട് മലയാള സാഹിത്യത്തില്‍. അതു ‘രാമചരിത’ത്തില്‍ തുടങ്ങുന്നു. കണ്ണശ്ശനിലൂടെ, ചെറുശ്ശേരിയിലൂടെ ഒഴുകുന്നു. വെണ്മണിയിലെത്തി വള്ളത്തോളില്‍ ചെന്നു ചെരുന്നു. ചങ്ങമ്പുഴയില്‍ ചെന്നുചേരുമ്പോള്‍ അത് തികഞ്ഞ രാമണീയകം ആവഹിക്കുന്നു.

ആ യഹൂദപ്രഭുതന്നാല്‍ നിമന്ത്രിത-
നായെഴുന്നള്ളിയ യേശുദേവന്‍
പാപ്പാസാം പല്ലവത്തൊത്തോടുവേര്‍പെട്ടു
പാടേ തെളിഞ്ഞ തൃക്കാല്‍പ്പൊന്‍പൂവാല്‍
മന്ദം നടന്നു നൃപോചിതാഡംബര-
സുന്ദരമായ തളത്തിലെത്തി
ചിത്രവര്‍ണ്ണോജ്ജ്വലപ്പട്ടുവിരിപ്പില്‍ത്തന്‍
മിത്രങ്ങളൊത്തമീത്തിന്നിരുന്നാന്‍.
ചമ്പകകങ്കേളികുന്ദാദിപുഷ്പങ്ങ-
ളെമ്പാടും ചിന്നിയ വദ്യഭൂവില്‍
അമ്പാടിതന്നിലെ ചങ്ങാതിമാരൊന്നി-
ച്ചന്‍പാളും ഗോവിന്ദനെന്നപ്പോലെ.

എന്നു വള്ളത്തോള്‍ എഴുതിയതു വായിക്കുമ്പോള്‍ നിലാവില്‍ നദീതീരത്തിരിക്കുന്ന പ്രതീതി. അല്ലെങ്കില്‍ പുഷ്പഭാജനത്തില്‍നിന്നു പല നിറമാര്‍ന്ന പൂക്കള്‍ കവിഞ്ഞൊഴുകുന്ന പ്രതീതി. എന്നാല്‍ ചങ്ങമ്പുഴ,

മലരണി ലതികകള്‍ വിലസിനശിശിരിത-
യമുനാ തീരത്തില്‍
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തത്തില്‍
ഗോപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതന്‍
ഗോപാലന്‍, വനമാലാകലിത-
നുഭാരനതിപ്രിയദന്‍
മദനമനോഹരവിഗ്രഹനായ്, തവ
ഹൃദയേശന്‍, കണ്ണന്‍
മരുവിടുന്നൂ മനസിജവിവശന്‍
മരതകമണിവര്‍ണ്ണന്‍.

എന്നെഴുതിയതു വായിക്കുമ്പോള്‍ നമ്മുടെ അനുഭൂതിക്കു തീക്ഷണത കൂടുന്നു. കരയിലിരുന്നു നമ്മള്‍ വാങ്മയചിത്രങ്ങളാകുന്ന പുഷ്പങ്ങളെ നോക്കുകയല്ല, ആ പ്രവാഹത്തില്‍ നാമറിയാതെ വീണ് അതോടൊരുമിച്ച് ഒഴുകുകയാണ്. Extreme perfection — അന്യുനാവസ്ഥയുടെ ആത്യന്തികത എന്നേ പറയാനുള്ളു. രചനയുടെ ഈ സൗന്ദര്യം കേരളത്തിലെ വേറൊരു കവിയുടെ കവിതയിലും കാണാന്‍ കഴിയുകയില്ല. അക്കാര്യത്തില്‍ ചങ്ങമ്പുഴ അന്യാദൃശനത്രേ. മഞ്ഞണിഞ്ഞ പനിനീര്‍പ്പൂവ് സൂര്യകരസ്പര്‍ശമേററ് വിടര്‍ന്നുവരുന്നതു പോലെ ചങ്ങമ്പുഴക്കവിതയിലെ ഇമേജുകള്‍ പ്രഫുല്ലങ്ങലാവുന്നു. എടുത്തെഴുതിയ ഭാഗം ഭാഷാന്തരീകരമാണെന്ന് ആക്ഷേപമുണ്ടെങ്കില്‍ വേറൊരുഭാഗം കണ്ടാലും:–

ഒററപ്പത്തിയൊടായിരമുടലുകള്‍
ചുററുപിണഞ്ഞൊരു മണിനാഗം
ചന്ദനലതയിലധോമുഖശയനം
ചന്തമൊടിങ്ങനെ ചെയ്യുമ്പോല്‍
വിലസീ, വിമലേ, ചെറിയൊരു പനിനീ-
രലര്‍ ചൂടിയ നിന്‍ ചികരഭാരം.

തന്റെ ഉല്‍ക്കടമായ പ്രേമത്തിന് ആവിഷ്കാരം നല്‍കാന്‍ തരുണി വാക്കുകള്‍ അന്വേഷിച്ചു പോകേണ്ടതില്ല. അവളുടെ തൂലികത്തുമ്പിലൂടെ അത് ഒഴുകിയൊഴുകിവെള്ളക്കടലാസില്‍ വീണുകൊള്ളും. ഉല്‍ക്കടവികാരത്തിന് വിധേയനാണ് ചങ്ങമ്പുഴ, വാക്കുകള്‍ അദ്ദേഹത്തെ തേടിവരുന്നു. അവ വെള്ളത്തിലിട്ട കടലാസുപൂക്കള്‍ വിടരുന്നതുപോലെ വിടരുന്നു. മലയാള ഭാഷക്ക് ഇത്ര രാമണീയകമുണ്ടെന്ന് നമ്മള്‍ ഗ്രഹിക്കുന്നത് ചങ്ങമ്പുഴക്കവിത വായിക്കുമ്പോള്‍ മാത്രമാണ്.

രണ്ട്


ചേതോഹരമായ ഈ ശൈലി വികാരത്തിന്റെ ഫലമാണ്. എല്ലാ കാവ്യങ്ങലുടേയും അടിസ്ഥാനഘടകം വികാരംതന്നെ. പക്ഷേ ഒരേ വികാരത്തില്‍തന്നെ പല വികാരങ്ങള്‍ അടങ്ങിയിരിക്കും. കവി ഏത് വികാരത്തെ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുവോ അതിനെ നേര്‍പ്പിച്ച നേര്‍പ്പിച്ചുകൊണ്ടുവന്ന് ആ വികാരം മാത്രമാക്കി മാററണം. അപ്പോഴാണ് അത് ശുദ്ധവികാരമായി മാറുന്നത്. അപ്പോഴാണ് കാവ്യം ശുദ്ധമായ ഭാവഗീതമായി മാറുന്നത്. കാവ്യം വികാരത്തെക്കുറിച്ചുള്ളതല്ല, വികാരം തന്നെയായി പ്രത്യക്ഷമാവുകയാണ്. ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ് പ്രകടമാകുക. വികാരത്തെ ചിന്തയാക്കിമാററി കാവ്യത്തെ മസ്തിഷ്കസന്തതിയാക്കാനാണ് ശങ്കരക്കുറുപ്പിന് കൌതുകം. ജീവാത്മപരമാത്മാക്കുളുടെ ബന്ധത്തെക്കുറിച്ച് ജി. എഴുതിയ അന്വേഷണത്തിന്റെ ആരംഭം നോക്കിയാലും.

കവി ചോദിച്ചു:

‘കൊച്ചുതെന്നലേ ഭാവനാരെ-
ക്കവിയും പ്രേമംമൂലം വെമ്പലാര്‍ന്നനേഷിച്ചൂ?
ഇല്ല വിശ്രമമാര്യന്നില്ല മറ്റൊരു ചിന്ത-
യല്ലിലും പകലിലും ഭ്രാന്തനെപ്പോലോടുന്നു.
കൊച്ചലര്‍ തവന്മോദചാപലം കണ്ടിട്ടാവാ-
മുച്ചലം പകച്ചലം നോക്കുന്നു മേലുംകീഴും
ഓമലിന്‍ പോരൊന്നല്ലീ ശബ്ദിപ്പതവ്യക്തം നീ
പ്രേമത്തിന്‍ ലഹരിയാല്‍ കാലുറയ്ക്കുന്നീലല്ലീ?
അന്യനു ലഭിക്കയില്ലീദൃശം ദിവ്യസ്നേഹ
ജന്യമുന്മാദം! സത്യം, ഞാനിതിലസൂയാലു!
തിരയൂ! വേഗം തോഴ, തിരയൂ! മുളങ്കാടിന്‍
ചിരിയെഗ്‌ഗണിക്കാതെ!-ഇല്ലതിനന്തസ്സാരം.

ഉജ്ജ്വലമാണ് ഈ വരികള്‍ എന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ, സത്യത്തിന് തെളിവുകള്‍ ഹാജരാക്കുന്ന മട്ടുണ്ട് കവിക്ക്. പ്രചോദനംതന്നെ സത്യമാണ് എന്ന വസ്തുത കവിക്കറിഞ്ഞുകൂടാ. യോഗാത്മത്വം ശുദ്ധമായ ഒററ വികാരമാണ്. ശങ്കക്കുറുപ്പിന്റെ ഈ വരികളില്‍ സമ്മിശ്ര വികാരങ്ങളാണുള്ളത്. അതുകൊണ്ടാണ് അദ്ദേഹം തെളിവുകള്‍ കൊണ്ടുവരുന്നു എന്ന് നമുക്ക് തോന്നിപ്പോകുന്നത്. എന്നാല്‍ ചങ്ങമ്പുഴ ഇതേ വികാരത്തെ സ്ഫുടീകരിക്കുന്നതിന്റെ ചാരുത നോക്കുക.

എത്ര സങ്കേതത്തിലാത്തരാഗ
മുത്തമേ നിന്നെത്തിരിഞ്ഞുപോയ് ഞാന്‍
രാവിലേതൊട്ടു ഞാനന്തിയോളം
പൂവനം തോറുമലഞ്ഞുപോയി.
ദ്യോവില്‍നിന്‍ കാലടിപ്പാടുനോക്കി
രാവില്‍ ഞാന്‍ പിന്നെയും സഞ്ചരിച്ചു.
“കണ്ടില്ല കണ്ടില്ല”ന്നെന്നോടോരോ
ചെണ്ടും ചിരിച്ചു തലകുലുക്കി.
അക്ഷമനായൊരെന്‍ ചോദ്യം കേട്ടാ
നക്ഷത്രമൊക്കെയും കണ്ണുചിമ്മി
കഷ്ടമെന്നെന്നെപ്പരിഹരിച്ചു
പക്ഷികളെല്ലാം പറന്നുപോയി.
“കാണില്ല കാണില്ലെ”ന്നോതിയോതി
കാനനച്ചോല കുണുങ്ങിയോടി
ആരോമലേ ഹാ നീയെങ്ങുപോയെന്‍
തീരാവിരഹമിതെന്നു തീരും?

ജി. ശങ്കരക്കുറിപ്പിന്റെ വരികള്‍ യുക്തിയില്‍ അധിഷ്ഠിതമാണ്. ചങ്ങമ്പുഴയുടേത് സഹജാവബോധപരമാണ്. യുക്തിയധിഷ്ടിതമായത് ചിന്തയാക്കി മാററാം. സഹജാവബോധത്തോടു ബന്ധപ്പെട്ടത് വികാരം മാത്രമാണ്.

ഈ രണ്ട് കാവ്യങ്ങളോട് വികാരാവിഷ്കരണത്തില്‍ സാദൃശ്യം പുലര്‍ത്തുന്ന വള്ളത്തോളിന്റെ ചില വരികള്‍ കേട്ടാലും.

സന്തതചിത്തേജസ്സേ, സൂര്യന്നുമൊരു സൂര്യന്‍
നിന്തിരുവടികാലേ പ്രത്യക്ഷീഭവിച്ചെന്നാല്‍
എന്തൊരുനിലയിലായ്പ്പോയേക്കുമന്നേരത്തു
ഹന്ത മറ്റൊരു മൂങ്ങയായ ഞാനശക്താക്ഷന്‍!

കവിതയെ സംഗീതത്തിന്റെ മണ്ഡലത്തില്‍നിന്ന് ഗളഹസ്തം ചെയ്തിരിക്കുകയാണ് വള്ളത്തോള്‍ ഇവിടെ. ചങ്ങമ്പുഴയാകട്ടെ കവിതയെ സംഗീതമാക്കി മാററിയിരിക്കുന്നു. ആബ്സ്ട്രാക്ഷന് കാവ്യത്തില്‍ സ്ഥാനമേയില്ല. സ്ഥാനമുണ്ടായാല്‍ ചിന്തയുടെ മണ്ഡലത്തിലേക്കേ അത് അനുവാചകനെ കൊണ്ടുപോകൂ. ഞാന്‍ പറയാനുദ്ദേശിക്കുന്നത് ഇതാണ്. “ചങ്ങമ്പുഴ മലയാള ഭാഷയിലെ അദ്വിതീയനായ ലിറിക് കവിയാണ്. അക്കാര്യത്തില്‍ മററു കവികള്‍ അദ്ദേഹത്തിന്റെ പിറകിലേ നില്‍ക്കൂ.

ഭാവഗീതം ഒരു ഗാനധാരയാണ്. തുടങ്ങിയിടത്തുനിന്ന് അത് ഒഴുകുന്നു അവസാനിക്കുന്നിടംവരെ. ചങ്ങംമ്പുഴയുടെ മനസ്വിനിയോ കാവ്യനര്‍ത്തകിയോ നോക്കൂ. ഒരിടത്തും ആശയം പ്രതിബന്ധം സൃഷ്ടിക്കുന്നില്ല. വള്ളത്തോളിന്റേയും ശങ്കരക്കുറിപ്പിന്റേയും ഭാവഗീതങ്ങള്‍ വായിക്കുമ്പോള്‍ നമ്മള്‍ തട്ടിയും തടഞ്ഞും നില്‍ക്കുന്നു. ശിശു ഉണ്ടാക്കിയ കടലാസ്സുവഞ്ചി മുററത്തെ വെള്ളക്കെട്ടില്‍ നീങ്ങുമ്പോള്‍ കല്ലില്‍ത്തടഞ്ഞ് നില്‍ക്കുന്നതുപോലെ. ശിശുവിനു നിരാശത; നമുക്കും നിരാശത.

മൂന്ന്


പ്രതിഭാശാലിയായ കവി മരിക്കുമ്പോള്‍ കവിതാദേവത അദ്ദേഹത്തിന്റെ ശവകൂടീരത്തില്‍ ചെന്നു കിടന്ന് വിലപിക്കുന്നുവെന്നും വേറൊരു പ്രതിഭാശാലി പിടിച്ചെഴുന്നേല്‍പ്പിക്കുന്നതുവരെ അവള്‍ ആ കിടപ്പ് കിടക്കുമെന്നും ലബനോണിലെ മഹാകവി ഖലീല്‍ ജിബ്രാന്‍ എഴുതിയിട്ടുണ്ട്. ചങ്ങമ്പുഴ കാവ്യജീവിതം ആരംഭിച്ചപ്പോള്‍ മഹാകവി വള്ളത്തോള്‍ ജീവിച്ചിരിക്കുകയായിരുന്നു. എങ്കിലും അക്കാലത്തെ വള്ളത്തോള്‍ കാവ്യാപചയത്തിന്റെ ഉദ്ഘോഷകനായിരുന്നു. അദ്ദേഹത്തിന്റെ പ്രത്യക്ഷ ശരീരം ഇവിടെ ചലനംകൊ​ണ്ടിരുന്നെങ്കിലും കവിയായ വള്ളത്തോള്‍ അന്നേ മരിച്ചിരുന്നു. ദുഃഖിക്കുന്ന കവിതാദേവതയെ ചങ്ങമ്പുഴ പിടിച്ചെഴുന്നേല്‍പ്പിച്ചു. അവള്‍ കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി നൃത്തംവച്ചു. അലങ്കാരമുപേക്ഷിച്ച് പറയാം. കവിതയുടെ മണ്ഡലത്തില്‍ ഒരു നൂതന യുഗം നിര്‍മ്മിച്ച കവിയായിരുന്നു ചങ്ങമ്പുഴ. എന്താണ് നൂതനയുഗം? ഭൂകമ്പം ഭൂമിയുടെ സ്വഭാവം മാററിക്കളയുന്നതുപോലെ കവികളുടെ സര്‍ഗ്ഗാത്മകത്വം കലയുടെ മണ്ഡലത്തില്‍ പരിവര്‍ത്തനം സംഭവിപ്പിക്കുമ്പോള്‍ നവീനയുഗം ഉദ്ഘാടനം ചെയ്യപ്പെടുന്നു. കുമാരനാശാനും വള്ളത്തോളും ഈ വിധത്തില്‍ യുഗ നിര്‍മ്മാതാക്കളായിരുന്നു.

അമ്മാവിനുള്ള തളിര്‍നവ്യവസന്തലക്ഷ്മി
സമ്മാനമേകുവതുതിന്നു കഴിഞ്ഞിടുമ്പോള്‍
അമ്മാ പുറപ്പെടുമിളങ്കുയിലിന്റെ പാട്ടും
അമ്മാളുവമ്മയുടെ സൂക്തിയുമൊന്നുപോലെ.

എന്ന മട്ടിലുള്ള ശ്ളോകങ്ങള്‍ ഉത്കൃഷ്ട കാവ്യങ്ങളായി പരിഗണിച്ചിരുന്ന കാലത്ത് കുമാരനാശാന്‍

മടുമലര്‍ ശിലതന്നിലന്തിമേഘ
ക്കൊടുമുടി പററിയ താരപോല്‍വിളങ്ങി
തടമതിലഥ തന്വിനോക്കിനോട്ടം
സ്ഫുടകിരണങ്ങള്‍ കണക്കുനീട്ടി നീട്ടി.

എന്ന രീതിയിലുള്ള കാവ്യങ്ങള്‍ രചിച്ച് കവിതാമണ്ഡലത്തിന്റെ അവസ്ഥയാകെ മാററിക്കളഞ്ഞു. മനുഷ്യനും മറ്റൊരു മനുഷ്യനും തമ്മിലുള്ള സമ്പര്‍ക്കത്തിന്റെ ഫലമായി ആന്തരവികാരങ്ങള്‍ ഉളവാകുന്നു. ആ വികാരങ്ങളെ ഭാവാത്മകമായി ആവിഷ്കരിച്ച കവിയായിരുന്നു ചങ്ങമ്പുഴ. ആ ആവിഷ്കാരം ചൈതന്യധന്യമായ പ്രവാഹമായി മാറി. കേരളവർമ്മയുടെയോ വെണ്മണിയുടെയോ ഏതു കാവ്യവും പരിശോധിക്കൂ. ചൈതന്യാത്മകമായ ഈ പ്രവാഹമില്ല. അത് തികച്ചും ബഹിര്‍ഭാഗസ്ഥമാണ്. അന്യാപദേശശതകം തര്‍ജ്ജിമ ചെയ്യാനും ക്ഷാമപണസഹസ്രം രചിക്കാനും കവിയെ പ്രേരിപ്പിക്കുന്നത് ഈ ബഹിര്‍ഭാഗസ്ഥതയാണ്. അതുകൊണ്ട് അവ മനുഷ്യജീവിതത്തെ സ്പര്‍ശിച്ചില്ല. സ്പര്‍ശിച്ചു തുടങ്ങിയത് വള്ളത്തോളും കുമാരനാശാനും കാവ്യം രചിച്ചു തുടങ്ങിയപ്പോഴാണ്. ചങ്ങമ്പുഴ ചൈതന്യപൂര്‍ണ്ണമായ ആ സ്രോതസ്വിനിയെ ഭാവാത്മകതയിലൂടെ പ്രവഹിച്ചപ്പോള്‍ കവിതാ മണ്ഡലത്തിന്റെ സ്വഭാവം മാറി. കവിത സത്യത്തിന്റെ നാദമുയര്‍ത്തി. ഇങ്ങനെയാണ് ചങ്ങമ്പുഴ യുഗനിര്‍മ്മാതാവായത്.

റോസാപ്പൂവിനുമുള്ളതുപോലെ ചങ്ങമ്പുഴക്കവിതയ്ക്കും ന്യൂനതയുണ്ട്. ആശയപരമായ വൈരുദ്ധ്യം ഒരു ന്യൂനതയാണ്. വെള്ളത്താമരപോല്‍ വിശുദ്ധിവഴിയുന്ന സ്ത്രീചിത്തത്തെ വാഴ്‌ത്തുന്ന കവി, അവളുടെ അങ്കുശമില്ലാത്ത ചാപല്യത്തെ നിന്ദിക്കുന്നു. അര്‍ത്ഥശൂന്യമായ പദമാണ് ഈശ്വരന്‍ എന്നു പ്രഖ്യാപിക്കുന്ന കവി ഉത്തരക്ഷണത്തില്‍ തികഞ്ഞ ഈശ്വരവിശ്വാസം പ്രകടിപ്പിക്കുന്നു. ചിത്തിരതിരുനാള്‍ മഹാരാജാവിനെ വാഴ്‌ത്തി കാവ്യമെഴുതുന്ന കവി സകലതും ചുട്ടെരിക്കാന്‍ വിപ്ളവാഹ്വാനം നടത്തുന്നു. ഈ വൈരുദ്ധ്യം വള്ളത്തോളിലോ കുമാരനാശാനിലോ കാണുകയില്ല. ഏതാനും സവിശേഷ സന്ദര്‍ഭങ്ങൾ കണ്ടാല്‍ അതു സാമാന്യസന്ദര്‍ഭങ്ങളാണെന്നു ചങ്ങമ്പുഴ വിചാരിക്കും. അപ്പോള്‍ സാമാന്യവത്കരണം നടത്തും. ഇതു പലപ്പോഴും തെറ്റായിരിക്കുകയും ചെയ്യും. അതിനാലാണ് ഈശ്വരനെ ചവിട്ടാനും പൂജിക്കാനും ഒററശ്വാസത്തില്‍ അദ്ദേഹം പറയുന്നത്.

പ്രസാദാത്മകവുമല്ല, വിഷാദാത്മകവുമല്ല ലോകം. അതു നിസ്സംഗമാണ്. പ്രസാദവും വിഷാദവും മനുഷ്യന്‍ അതില്‍ ആരോപിക്കുന്നതാണ്. വിഷാദത്തെ ലോകത്തില്‍ ആരോപിച്ച് അതിനെ അയഥാര്‍ഥീകരിച്ചു ചങ്ങമ്പുഴ. ആ വിഷാദം ദാര്‍ശനികവുമായിരുന്നില്ല. സ്വകീയതാല്‍പര്യത്തിൽനിന്നാണ് അതു ജനിച്ചത്. കവിത private interest എന്നതിലേക്കു ചുരുങ്ങുമ്പോള്‍ അതിന്റെ മഹത്വത്തിനു ഹാനി സംഭവിക്കും. എങ്കിലും നിസ്തുലനായ ഭാവാത്മക കവിയാണ് അദ്ദേഹം. കാമിനി രാഗത്തോടെ കടാക്ഷിക്കുമ്പോള്‍ കാമുകന് ആഹ്ളാദം. കോപത്തോടെ നോക്കുമ്പോഴും അതേ ആഹ്ളാദം. വിസ്മയവികാരമാണോ അവളുടെ കണ്ണില്‍? അതും രസപ്രദംതന്നെ. ഭാവാത്മകത്വത്തിന്റെ വിശാല വിലോചനങ്ങളില്‍ ഓരോ വികാരം പ്രതിഫലിപ്പിച്ച ഈ കവിയെ കേരളീയര്‍ സ്നേഹിക്കുന്നു, ആരാധിക്കുന്നു. ഓരോ കടാക്ഷവും ഭംഗിയുള്ളതാകുമ്പോള്‍ സ്നേഹിക്കാതിരിക്കുന്നതെങ്ങനെ? ആരാധിക്കാതിരിക്കുന്നതെങ്ങനെ?