close
Sayahna Sayahna
Search

മാറ്റൊലികളുടെ ലോകം


ആധുനിക മലയാളകവിത
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആധുനിക മലയാളകവിത
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പി.കെ ബ്രദേഴ്സ്, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 226

മാറ്റൊലികളുടെ ലോകം

രൂപശില്പം

ഭാഷയിലെ ഭാവാത്മക കാവ്യശാഖയ്ക്ക് ഒരു നവീന ചൈതന്യം കൈവരുത്തിയ കവിയാണ് ചങ്ങമ്പുഴ. അദ്ദേഹം നവ്യകാവ്യത്തിന്റെ ഉപജ്ഞാതാവുമാണ്. നിഷേധിക്കാന്‍ പാടില്ലാത്ത പരമാര്‍ത്ഥമാണത്. പക്ഷേ, പ്രതിലോമകാരികള്‍ ഇവിടെയും പ്രതിഷേധശബ്ദമുയര്‍ത്തുകയും ഈ സത്യം വിളിച്ചുപറയുന്നവരെ ബുദ്ധിശൂന്യന്മാര്‍ എന്ന് മുദ്രയടിക്കുകയും ചെയ്യുന്നു. അതില്‍ വിഷാദിച്ചിട്ടു കാര്യമില്ല. പരമാര്‍ത്ഥം പലപ്പോഴും അപഹസിക്കപ്പെടാറുണ്ട്. മഹാകവികളായ കുമാരനാശാനും വള്ളത്തോളും നൂതനരീതികളില്‍ കാവ്യനിര്‍മ്മാണം ആരംഭിച്ചപ്പോള്‍ അവരോട് അനുവര്‍ത്തിച്ച നയമെന്താണെന്ന് നമുക്കു ഓര്‍മ്മയുണ്ട്. വേഡ്സ്വര്‍ത്ത് കാവ്യമാര്‍ഗ്ഗത്തില്‍ വില്പവകരമായ പരിവര്‍ത്തനം വരുത്തിയപ്പോള്‍ ആംഗല ജനത അദ്ദേഹത്തെ അവഹേളിച്ചതെങ്ങനെയാണെന്നും ലോകം വിസ്മരിച്ചിട്ടില്ല. നൂതനമാര്‍ഗ്ഗങ്ങള്‍ അത്രവേഗം അംഗീകരിക്കപ്പെടാറില്ല എന്നത് മനസ്സിലാക്കുമ്പോള്‍ നമുക്ക് ഈ പ്രതിലോമകാരികളോട് കോപം തോന്നുകയില്ലായിരിക്കാം. ചങ്ങമ്പുഴകവിതകള്‍ക്കുള്ള രാമണീയകം മറ്റൊരു കവിതയ്ക്കും കാണുകയില്ലെന്നത് നിരാക്ഷേപമാണ്. അത്രത്തോളം വശീകരണശക്തിയുള്ള സംഗീതമാധുര്യം, ചെറുശ്ശേരിയുടേയോ വള്ളത്തോളിന്റേയോ കവിതകളില്‍പോലും അന്വേഷിക്കേണ്ടതില്ല. ചങ്ങമ്പുഴ കവിതയുടെ ലാളിത്യം വേറെ ഏതൊരു കവിതയിലാണ് നമുക്കു കാണാന്‍ സാധിക്കുന്നത്? ഉള്ളൂര്‍ക്കവിതകള്‍ വായിച്ചാല്‍ ബുദ്ധിക്കുണ്ടാകുന്ന ക്ലേശം അനുഭവസിദ്ധമാണല്ലോ. ഇന്നത്തെ ഇംഗ്ലീഷ് കവിത മനസ്സിലാക്കണമെങ്കിലും മറ്റു പല സിദ്ധാന്തങ്ങളും അറിയണം. ഫ്രായിഡിയന്‍ (Freudian)സിദ്ധാന്തങ്ങളില്‍ ഒരു സാമാന്യജ്ഞാനമില്ലാതെ ആഡന്റെയും മാക്നീസിന്റെയും (Auden,Macneice)കവിതകള്‍ മനസ്സിലായില്ലെന്നുവരും. മാര്‍ക്സിസമറിയാതെ ഡേ ലെവിസ് (Day Lewis) സ്പെന്‍ഡര്‍ (Spender) കാഡ്വെല്‍ (Caudwell) എന്നിവരെ പരിപൂര്‍ണ്ണമായും ഗ്രഹിക്കുന്നതിന് സാദ്ധ്യമല്ലാതെ വന്നേക്കാം. ചരിത്രവും ഇതിഹാസവുമറിയതെ ഐഡിത്ത് സിറ്റ്വെല്ലിന്റെ (Edith Sitwell)കവിത ആസ്വദിക്കാന്‍ കഴിയുകയില്ല. യുങ്ങിന്റെയും (Yung)ബ്ലേക്കിന്റെയും കൃതികള്‍ വായിച്ചെങ്കിലെ കാതലിന്‍

റെയിന്റെ (Kathleen Rain) കവിതകളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ സാധിക്കൂ. വെല്‍ഷ് ഇതിഹാസവും ചരിത്രവുമറിയണം, വെര്‍നണ്‍ (Vernon) വാട കിന്‍സ് (Watkins) ഫെന്‍റി ട്രീസ് Hentry Treece) എന്നിവരുടെ കവിതകള്‍ മനസ്സിലാക്കാന്‍ മലയാളകവിതയിലെ പരിവര്‍ത്തനത്തിന്റെ ഉല്‍ഘാടകനായ ചങ്ങമ്പുഴയെ സംബന്ധിച്ചാണ്വെങ്കില്‍ ഇങ്ങനെയൊരു പ്രയാസം നേരിടുന്നതേയില്ല. തന്റെ കലയുടെ മാന്ത്രികശക്തികൊണ്ടു മാത്രമല്ല ചങ്ങമ്പുഴ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനായിട്ടുള്ളത്. പ്രതിപാദ്യവിഷയങ്ങളുടെ പ്രത്യേകത, കവിതയുടെ സ്വഭാവം അതിന്റെ സാരാംശം എന്നിവയിലെല്ലാം അദ്ദേഹം മറ്റുള്ളവരില്‍നിന്ന് അകന്നു നില്‍ക്കുന്നു. വികാരത്തിന്റെ താല്‍ക്കാലികാവസ്ഥകളെ ഭാവനാത്മകഗാനങ്ങളിലൂടെ ചിത്രീകരിക്കുവാന്‍ ചങ്ങമ്പുഴയ്ക്കു അസാമാന്യമായ കഴിവുണ്ടായിരുന്നു. അനുഭൂതിയുടെ സ്ഥിരതയും വികാരത്തിന്റെ തീവ്രതയും ചങ്ങമ്പുഴക്കവിതകളില്‍ ഇല്ലെന്നല്ലെ ഞാനര്‍ത്ഥമാക്കുന്നത്. മാറി മാറി വരുന്ന ഭാവങ്ങളുടെ അല്ലെങ്കില്‍ വികാരത്തിന്റെ ക്ഷണികാവസ്ഥകളുടെ കവി എന്ന നിലയിലാണ് അദ്ദേഹം കൂടുതലും ആദരിക്കപ്പെടുന്നത്. യാദൃച്ഛികത്വത്തിന്റെ വാതവ്യാസംഗത്തില്‍പെട്ട് നിയന്ത്രണമില്ലാതെ വ്യതിചലിച്ചുകൊണ്ടിരിക്കുന്ന കവി- അതാണ് ചങ്ങമ്പുഴ. അത് അദ്ദേഹത്തെ എവിടെയും നയിക്കെട്ട- അവിടം സൌന്ദര്യമോ വൈരൂപ്യമോ നിറഞ്ഞതായിരിക്കട്ടെ. ആ പരിതസ്ഥിതികള്‍ അദ്ദേഹത്തില്‍ പ്രതികരണമുളവാക്കുകയായി. ക്ഷണികമായ ശാരീരികബോധത്തെപ്പോലും അദ്ദേഹത്തിന്റെ നിശിതമായ ഭാവസംവേദനത്വം (Sensibility) പ്രാധാന്യമുള്ള നിമിഷമാക്കി പരിവര്‍ത്തനം ചെയ്യുന്നു. രൂപങ്ങളും ശബ്ദങ്ങളും വികാരത്തിന്റെ ക്ഷണികാവസ്ഥകളായി മാറുന്നു. ആര്‍ദ്രത, അഭിലാഷം, സന്തോഷം, നിരാശത എന്നിവയുടെ അവസ്ഥകള്‍ ഇത് മറ്റൊരു മലയാള കവിയിലും ദൃശ്യമാവുക സാദ്ധ്യമല്ല. ഇക്കാരണങ്ങളാല്‍ മാത്രമല്ല ചങ്ങമ്പുഴയെ നവ്യകാവ്യത്തിന്റെ ഉപജ്ഞാതാവായി കരുതുന്നത്. ഭാഷാസാഹിത്യചരിത്രകര്‍ത്താവായ ശ്രീ. ആര്‍. നാരായണപ്പണിക്കര്‍ പറയുന്നത് ശ്രദ്ധിക്കുക.

“നമുക്ക് വേഡ്സ് വര്‍ത്തിനെയും കോള്‍റിഡ്ജിനെയും നോക്കാം. അവര്‍ ഛന്ദസ്സിലെ ബന്ധിച്ചിരുന്ന വിലങ്ങുകളെ അറുത്തു കളഞ്ഞിട്ട് മന്ത്രപ്രയോഗത്തിനാലെന്നപോലെ സൂചനാത്മകകാവ്യത്തിന്റെ (Poetry of Suggestion) പുനരുജ്ജീവനത്തിന് വഴിതെളിച്ചു. ഭാഷാകവിതയില്‍ ചങ്ങമ്പുഴ വരുത്തിയിരിക്കുന്ന മാറ്റവും ഇതുതന്നെ. പദ്യങ്ങള്‍ക്കു ആവശ്യം ഉണ്ടായിരിക്കേണ്ട ലക്ഷണങ്ങളാണല്ലോ വൃത്തബന്ധവും ലയാനുവിദ്ധതയും(Rhythm). ഈ ലക്ഷണങ്ങളെ നവ്യകവികള്‍ വേണ്ടതുപോലെ പ്രയോജനപ്പെടുത്തുന്നു. ഭാഷാവൃത്തങ്ങളെ അനുവാചകരുടെ വികാരോദ്ദീപനക്ഷമമാക്കിത്തീര്‍ത്ത ചങ്ങമ്പുഴയും രാഘവന്‍പിള്ളയും വാസ്തവത്തില്‍ നവ്യകാവ്യപ്രവാചകന്മാരായിരുന്നു. ഒരു കലയും നിശ്ചലാവസ്ഥയില്‍ വര്‍ത്തിക്കുന്നില്ല. വള്ളത്തോളും ആശാനും ഉള്ളൂരും ഭാഷയിലെ പ്രസിദ്ധവൃത്തങ്ങള്‍ മാത്രംകൊണ്ടാണ് കൈകാര്യംചെയ്തത്. അതുതന്നെ ഒരു പുതുമയായിരുന്നു.എന്നാല്‍ ചങ്ങമ്പുഴയുടെ കവിതകളില്‍ കാണുമ്പോലെ ഇത്ര മാത്രം വൃത്തവൈചിത്ര്യം മറ്റൊരു ഭാഷാകവിയുടെ കൃതികളിലും കാണുകയില്ല. അദ്ദേഹം ചില വൃത്തങ്ങള്‍ പുതുക്കി എടുക്കുകപോലും ചെയ്തു.എന്നാല്‍ വൃത്തത്തിന്റെ പുതുമകൊണ്ടു മാത്രമായില്ല; കവി ലയാനുവിദ്ധതയിലും ശ്രദ്ധവച്ചേ മതിയാവൂ അക്കാര്യത്തിലും ചങ്ങമ്പുഴ വിജയശ്രീലാളിതനായിരുന്നു”

പ്രാചീന കാവ്യങ്ങള്‍ വായിച്ചും പഠിച്ചും അവയുടെ സംസ്കാരത്തില്‍ വിലയം പ്രാപിച്ചുപോയ ഒരാള്‍ക്ക് നൂതന കാവ്യങ്ങളെ അഭിനന്ദിക്കുക അത്ര എളുപ്പമല്ല. അദ്ദേഹമങ്ങനെ ചെയ്താല്‍ അത് സത്യം കണ്ടറിഞ്ഞതിനുശേഷമാണെന്നുള്ളത് വ്യക്തമാണ്. ശ്രീ. ആര്‍. നാരായണപ്പണിക്കരെപ്പോലുള്ള ഒരു പ്രകൃഷ്ടപണ്ഡിതന്‍ ചങ്ങമ്പുഴയെ നവ്യകാവ്യത്തിന്റെ ഉപജ്ഞാതാവായി കരുതുന്നു എന്ന ഒറ്റക്കാര്യംകൊണ്ട് പ്രതിപക്ഷക്കാരുടെ വാദകോലാഹലങ്ങള്‍ അവജ്ഞയോടെ നിരാകരിക്കപ്പെടാവുന്നതാണ്. തികച്ചും മൌലികമായ (Orginal) ലയാനുവിദ്ധതകൊണ്ട് മറ്റു കവിതകളില്‍ നിന്ന് വിഭിന്നങ്ങളായി നില്ക്കുകയാണ് ചങ്ങമ്പുഴക്കവിതകള്‍. അവയുടേതായ രൂപശില്പവമുണ്ട്. എന്നാല്‍ ചങ്ങമ്പുഴയെ അനുകരിക്കുന്ന ഇന്നത്തെ കവിതകള്‍ക്ക് ആ രൂപശില്പത്തെ കവര്‍ന്നെടുക്കാനേ കഴിയൂ. അതിന്റെ വിശദാംശങ്ങളിലേക്ക് പ്രവേശിക്കുന്നതിനുമുന്‍പ് രൂപമെന്നാല്‍ എന്തെന്ന് നോക്കാം.

ഒരു വശത്ത് മാനുഷികാനുഭവങ്ങള്‍; മറുവശത്ത് ഭാഷയെന്ന പ്രതീകം. തന്റെ അനുഭവത്തെ വിനിമയം ചെയാന്‍ കവി ഈ പ്രതീകങ്ങളെ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗത്തിലാണ് കവിതയുടെ സാങ്കേതികത്വമിരിക്കുന്നത്. തനിക്കുണ്ടായ പ്രചോദനത്തെ കവി പദങ്ങളുടെ സഹായത്താല്‍ സ്വാധീനപ്പെടുത്തുന്നു. പദങ്ങള്‍കൊണ്ട് അദ്ദേഹത്തിനുമാത്രം സൃഷ്ടിക്കാവുന്ന ഒരു പ്രത്യേക ലോകത്തിലേക്ക് നമ്മെ നയിക്കുന്നു. പദങ്ങളാല്‍ അദ്ദേഹം രൂപം സൃഷ്ടിക്കുന്നു. കവിക്കുണ്ടായ ആന്തരികദര്‍ശനത്തെ പ്രതിരൂപവത്കരിക്കുകയാണ് രൂപം. കവിയുടെ അനുഭവത്തിന് കാരണമായവയെല്ലാം- അനുഭവമുണ്ടായ മനസ്സിന്റെ സ്ഥിതി, അതു ജനിപ്പിച്ച വികാരങ്ങള്‍, അന്തരീക്ഷത്തിന്റെ പ്രത്യേകത-ഇതൊക്കെ അത് സൃഷ്ടിക്കുകയും വിനിമയം ചെയ്യുകയും നിയന്ത്രിക്കുകയും വേണം. കവി ഇതെങ്ങനെ നിര്‍വഹിക്കുന്നുവെന്ന് ചിന്തിക്കുമ്പോഴാണ് ചിന്തകള്‍, വികാരങ്ങള്‍, പ്രതിബോധങ്ങള്‍ (Sensation)എന്നിവയെ വ്യാഖ്യാനിക്കുവാന്‍ ഭാഷയെ പ്രയോജനപ്പെടുത്തുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് പര്യാലോചിക്കേണ്ടിവരുന്നത്. അപ്പോള്‍ ലയം, വൃത്തം, വാങ്ങ്മയചിത്രങ്ങള്‍, അലങ്കാരങ്ങള്‍, പദങ്ങള്‍ എന്നീ വിവിധഘടകങ്ങളെക്കുറിച്ച് പഠിക്കേണ്ടത് ആവശ്യമായിത്തീരുന്നു. ഈ ഘടകങ്ങളില്‍ രണ്ടു കവിതകള്‍ക്ക് സാദൃശ്യം കാണുകയാണെങ്കില്‍ ഒരു കവി മറ്റേക്കവിയെ ബോധപൂര്‍വ്വം അനുകരിക്കുകയാണെന്ന് നിസ്സംശയം അഭിപ്രായപ്പെടാം. അതിനു കാരണമുണ്ട്. സര്‍ഗ്ഗശക്തിയെന്ന് പറയുന്നത് അരൂപമാണ്. അതൊരു ക്ഷോഭമാണ്, മദോന്മത്തതയാണ്, ചിത്തവിപ്ലവമാണ്. ആ ആന്തരികദര്‍ശനത്തിന്റെ പ്രഭാവത്തിന് കവി രൂപം കൊടുക്കുമ്പോള്‍ ഒരു പ്രത്യേകമാര്‍ഗ്ഗം അവലംബിക്കാതിരിക്കുക സാദ്ധ്യമല്ല. അത് ആ കവിയുടെമാത്രം മാര്‍ഗ്ഗമാണ്. അത് അനുകരണാര്‍ത്ഥവുമല്ല. വള്ളത്തോളും, ആശാനും ശങ്കരക്കുറുപ്പും, ചങ്ങമ്പുഴയും വ്യത്യസ്തരായിനിൽക്കുന്നത് ഇക്കാരണത്താലത്രെ.പക്ഷേ ചങ്ങമ്പുഴയും ഒ.എന്‍.വി. കുറുപ്പും, വയലാര്‍ രാമവര്‍മ്മയും, പി. ഭാസ്കരനും, ഒളപ്പമണ്ണയും മറ്റനേകം കവികളും സദൃശ്യരായി കാണപ്പെടുന്നത് മൌലികകവിയായ (original poet)ചങ്ങമ്പുഴയെ മറ്റൊലിക്കവികളായ അവർ അനുകരിക്കന്‍ ശ്രമിക്കുന്നതുകൊണ്ടാണ്. പ്രതിഭയും കൌശലവും തമ്മില്‍ (Genius and talent) ഭാവനയും സങ്കല്പവും തമ്മില്‍ (Imagination and fancy)സ്വര്‍ഗ്ഗശക്തിയും രചനാപാടവും തമ്മില്‍ (Creation and Construction) ഉള്ള വ്യത്യാസമറിയണമോ, ചങ്ങമ്പുഴക്കവിതകളും അവയ്ക്കു ശേഷമുണ്ടായിട്ടുള്ള മറ്റൊലിക്കവിതകളും വായിച്ചുനോക്കുക. ജീവനില്ലാത്ത ഒരു ശരീരത്തിന് പരിപൂര്‍ണ്ണമായ രൂപസമതകാണാം. പക്ഷേ അതിനു ചൈതന്യമില്ല; ജീവന്‍ അതില്‍ സ്പന്ദിക്കുന്നില്ല. ചങ്ങമ്പുഴക്കവിതകലളും ഇന്നത്തെ കവിതകളും തമ്മിലുള്ള വ്യത്യാസമിതുതന്നെ. ഇത് വെറും പരമാര്‍ത്ഥം. മറ്റോലിക്കവിതകളുടേയും അവരുടെ ആരാധകന്മാരേയും വേദനിപ്പിക്കുന്ന പരമാര്‍ത്ഥം.

ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ ലേഖങ്ങള്‍ വായിച്ചിട്ട്, ശ്രീ.ഒ.എന്‍.വി.ക്കുറുപ്പ് എന്നോട് ഏതാണ്ടിപ്രകാരം പറഞ്ഞു: “താങ്കള്‍ പറയുന്നത് ശരിയാണെന്നിരിക്കട്ടെ പക്ഷെ, കവിതയുടെ ഉള്ളടക്കത്തില്‍ ഒരു മാറ്റംവന്നിട്ടുണ്ടോ എന്നു പരിശോധിക്കണം. ശ്രീ. വയലാര്‍ രാമവര്‍മ്മയുടെ ‘രമണന്റെ ശവകുടീരത്തില്‍’ എന്ന കവിത വായിച്ചുനോക്കുക. ചങ്ങമ്പുഴയും രാമവര്‍മ്മയും തമ്മിലുള്ള വ്യത്യാസമറിയാം.” ശ്രീ. ഒ. എന്‍.വി. ക്കുറുപ്പ് പറയുന്നതിനു മുമ്പുതന്നെ ഞാന്‍ ആ കവിത വായിച്ചിരുന്നു. പ്രതിപാദ്യവിഷയത്തിന്റെ സ്വീകാരത്തില്‍ ചില മാറ്റങ്ങള്‍ വന്നിടുണ്ട് എന്നത് സത്യംതന്നെ. പക്ഷേ. അത് കവിതയ്ക്കു ദോഷമേ വരുത്തിയിട്ടുള്ളുവെന്ന് നിഷ്പക്ഷമതികള്‍ക്കു കാണാന്‍ സാധിക്കും. കാവ്യപരമായ ചിന്തയും, യുക്തിപരമായ ചിന്തയും തമ്മിലുള്ള വ്യത്യാസം ശ്രീ.വയലാര്‍ രാമവര്‍മ്മയും അദ്ദേഹത്തിന്റെ സുഹൃത്തായ ഒ.എന്‍.വി.കുറുപ്പും മനസ്സിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം. കാവ്യരൂപത്തില്‍ ആവിഷ്കരിക്കപ്പെട്ടാല്‍ അത് കവിതയായി. യുക്തിപരമായ ചിന്ത കാവ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് കവിതയാകുകയില്ല; പദ്യം മാത്രമാണ്. അങ്ങനെ പദ്യമെഴുതുന്നയാളിനെ പദ്യകാരന്‍ (Versitier) എന്നല്ലാതെ കവിയെന്നു വിളിക്കുകയില്ല. കാവ്യപരമായ ചിന്തയെ സൂക്ഷ്മമായി അപഗ്രഥിക്കുമ്പോള്‍ സല്ക്കവിതയും ദുഷ്കവിതയും തമ്മിലുള്ള വ്യത്യാസം പ്രകടമാകും. പ്രതിപാദ്യവിഷയം ഇന്നതേ ആകാവൂ എന്നൊരു നിര്‍ബന്ധവുമില്ല. വീണുകിടക്കുന്ന നിസ്സാരമായ പൂവിനെക്കുറിച്ച് എഴുതിയ ഒരു കവിതയ്ക്ക് അനശ്വരത്വം ലഭിക്കാം. ആത്മാവിന്റെ അനശ്വരതയെക്കുറിച്ചെഴുതിയ മറ്റൊരു കവിത കവിതയല്ലെന്ന് മുദ്രയടിക്കപ്പെട്ടേക്കാം. ചങ്ങമ്പുഴ മനോഹരങ്ങളായ വിഷാദാത്മകഗാനങ്ങളെഴുതി, കലാഭംഗി സ്പര്‍ശിച്ചിട്ടില്ലാത്ത പ്രസാദാത്മകങ്ങളായ കവിതകള്‍ മറ്റു മഹാകവികള്‍ എഴുതിയിട്ടുണ്ട്. പ്രതിപാദ്യവിഷയത്തിന്റെ ചൈതന്യമല്ല കവിതയ്ക്കു ചൈതന്യം നല്കുന്നത് കവിയുടെ കാവ്യാനുഭവത്തിന്റെ വ്യത്യസ്താംശങ്ങളെ സങ്കലനം ചെയ്ത് അതിനെ വാക്കുകളിലൂടെ ആവിഷ്കരിക്കുവാനുള്ള അദ്ദേഹത്തിന്റെ ശക്തിയെയാണ് അതാശ്രയിച്ചിരിക്കുന്നത്. തന്റെ ദര്‍ശനത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കു രൂപം കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയണം. അത് തീക്ഷണമായും പൂര്‍ണ്ണമായും നിര്‍വഹിക്കാന്‍ കവിയ്ക്ക് സാധിക്കണം. എങ്കില്‍ ആ കവിത വിജയിച്ചു: അതിന് കലാപരമായ മൂല്യം സിദ്ധിച്ചു. ഈ മാനദണ്ഡംവെച്ചു നോക്കുകയാണെങ്കില്‍ “രമണന്റെ ശവകുടീരത്തില്‍” എന്നത് പരാജയപ്പെട്ട കവിതയാണെന്ന് പറയേണ്ടിവരും. എന്താണ് ഈ “വിശ്വേത്തര” കാവ്യത്തിലെ പ്രതിപാദ്യം? ഞാനത് സംക്ഷേപിച്ചെഴുതാം.

ചങ്ങമ്പുഴയിലെ രമണനിലെ ആ മനോഹരമായ ഗ്രാമം; എവിടെയും വിടര്‍ന്ന പൂവുകള്‍; ആ ഗ്രാമത്തിന് ഒരു കഥയുണ്ട്. ഒരജപാലബാലന്‍ മണിമാളികയിലെ ഒരു പാട്ടുകാരിയെ പ്രേമിച്ചു. രണ്ടുപേരും ജീവിതം പരസ്പരം സമര്‍പ്പിച്ചു. പക്ഷേ, നാലുനാള്‍ കഴിഞ്ഞില്ല; ആ യുവകാമുകി ‘ബാങ്കിന്റെ ചിരികണ്ടു മയങ്ങിപോയി’. കാമുകന്‍ തന്റെ ജീവിതം ഒരു കയര്‍ത്തുമ്പില്‍ കുരുക്കുകയും ചെയ്തു. അയാളുടെ ശവകുടീരം ഇന്ന് അരിവാളുകള്‍ തേച്ച് മൂര്‍ച്ചകൂട്ടുവാന്‍ ഉപയോഗിക്കപ്പെടുകയാണ് [വേറെയൊന്നുമില്ല, അരിവാളുകള്‍ തേയ്ക്കാന്‍, കഷ്ടം എന്നല്ലാതെ എന്തുപറയട്ടെ] മങ്ങിയ ഒരു സായാഹ്നത്തില്‍ ഒരു യുവാവും ഒരു യുവതിയും ആ ശവകുടീരത്തെ സമീപിക്കുന്നു. ഏതോ രാഷ്ട്രീയകക്ഷി നിര്‍ദ്ദേശിച്ചതുപോലെ ആ കാമിനീകാമുകന്മാര്‍ സംഭാഷണംചെയ്യുകയാണ്. യുവതി പറയുന്നു:

“പായും ചുരുട്ടിയെഴുന്നേറ്റൊരു പിടി
പ്രേമവുമായിപ്പുറപ്പെട്ടതല്ല ഞാന്‍
ചന്ദ്രികയാവില്ലതുകൊണ്ടുതന്നെ ഞാൻ
ചന്ദ്രികയാവില്ലൊരിക്കലും ഭാവിയില്‍”

കാമുകി ആശയദാരിദ്ര്യംകൊണ്ട് ഒരേ വസ്തുതയെ രണ്ടുപ്രാവശ്യം പറയുന്നുവെങ്കിലും കാമുകന്‍ ഒട്ടും കുറയ്ക്കാതെ മറുപടി നല്കുന്നു:

“നാളത്തെത്തലമുറയീമുളം കാട്ടിന്‍ ജീവ-
നാളങ്ങളെടുത്തോടക്കുഴലൂതീടും നേരം
അതിലൂടയിര്‍ക്കൊള്ളുമനുരാഗത്തിന്‍ഗീതം
പുതുതാംസമൂഹത്തിന്‍ സത്യഗാഥകളാവാന്‍
നാം പരസ്പരമിന്നേപാട്ടുപാടുക…”

ഉടനെ കാമുകിയുടെ താക്കീത്.

“രമണനായ് മാറരുതെന്റെപ്രേമ-
സ്മരണകള്‍ പൂക്കുംമധുവസന്തം”

ഇതുകേട്ട് വിജൃംഭിതവീര്യനായ യുവാവ് മറുപടി പറയുന്നു:

“കയര്‍ ഞാനെടുത്തേക്കും കുടുക്കിട്ടതിനുള്ളി-
ലൂയിരിന്‍ നാളം പക്ഷേ കോര്‍ത്തുടക്കുകയില്ല!
പ്രേമിക്കാന്‍ പരസ്പരം സ്നേഹിക്കാന്‍ കൂട്ടാക്കാത്ത
സാമൂഹ്യഘടനതന്‍ കഴുത്തില്‍ ചുറ്റിക്കെട്ടാന്‍
കയര്‍ ഞാനെടുത്തേക്കും-മര്‍ദ്ദകര്‍ക്കൊരു കൊല-
ക്കയറായതു പുളഞ്ഞലറിച്ചിരിച്ചേക്കും”

സാമൂഹികഘടനയുടെ കഴുത്തില്‍ മാത്രമല്ല കാവ്യാംഗനയുടെ കഴുത്തിലും വയലാര്‍ രാമവര്‍മ്മ കയര്‍ ചുറ്റിക്കെട്ടുകയാണിവിടെ. ആ രംഗം കണ്ടു നാം ഞെട്ടുന്നു. അതിരിക്കട്ടെ, കവിത ഇതിനുശേഷം ഉടനെ “ജനകീയ”മാവുകയാണ്.അതുവരെ സംസ്കാരമുള്ള മനുഷ്യന്‍ സംസാരിക്കുന്ന രീതിയില്‍ അക്ഷരശുദ്ധിയോടു വാക്കുകളുദ്ധരിച്ചിരിക്കുന്ന കാമുകനും കാമുകിയും പൊടുന്നനവേ ജനകീയമാക്കുകയാണ് തങ്ങളുടെ സംഭാഷണശൈലി.

“എന്റെ ചങ്കില് നിന്റെ
ചങ്കില് പൂത്തിരുന്നപോലെ”

എന്നു യുവാവ് പാടി. ചങ്ക് എന്ന പദത്തിന് ചങ്കില് എന്നു ജനകീയം വരുത്തിയാല്‍ കാമുകി വിടുമോ? അവള്‍ ഏറ്റുപാടി.

“എന്റെ കുയിലേ പൂക്കണല്ലോ
ചെമ്മുകില്” മേലേ”

എത്ര ബാലിശമായിരിക്കുന്നു ഇതെന്നു നോക്കുക.

കാമിനീകാമുകന്മാരെ കൂട്ടിയിണക്കുന്നത് പ്രേമമെന്ന ഉത്കൃഷ്ടവികാരമാണെന്നും സാമൂഹികബോധമൊന്നുമല്ലെന്നും ശ്രീ. വയലാര്‍ രാമവര്‍മ്മ ധരിച്ചിട്ടില്ല. അഭിപ്രായവ്യത്യാസം വരാവുന്ന കാര്യമായതുകൊണ്ട് നമുക്കതിനെക്കുറിച്ചു കൂടുതലൊന്നും പറയാനില്ല. ചിന്തയുടെയും വികാരത്തിന്റെയും ലയാനുവിദ്ധതകൊണ്ട് സംജാതമാകുന്ന ഒരു മാധുര്യമുണ്ടല്ലോ, അത് ചങ്ങമ്പുഴയുടെ പ്രേമഗാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതില്‍ നാം വിലയം പ്രാപിച്ച് കവിതയുടെ ഗന്ധര്‍വ്വലോകത്തിലേക്ക് നമ്മെയും മറന്ന് കുതിച്ചുചെല്ലും, കവിതയ്ക്ക് അതില്‍ കൂടുതല്‍ ഉയരാന്‍ സാധിക്കുകയില്ലെന്നും നമുക്കുതോന്നിപ്പോകും. എന്നാല്‍ രാമവര്‍മ്മയുടെ കവിതയോ? അതിന്റെ പ്രവാഹത്തിനു തന്നെ ഒരു അസ്ഥിരതയും പ്രകമ്പനവുമുണ്ട്. കവിതയിലെ പല വരികളും വ്യര്‍ത്ഥങ്ങളുമാണ്. വൈകാരികസമീകരണത്തിന്റെ ഒരധമസമതലത്തിലൂടെയാണ് അത് ഒഴുകുന്നത്. സാമൂഹ്യഘടനയുടെ കഴുത്തില്‍ കയര്‍ ചുറ്റിക്കെട്ടും എന്ന് ആക്രോശിച്ചാല്‍മാത്രംപോരാ. അനുവാചകഹൃദയം ആ നിഗമനത്തിലേക്ക് എത്തിച്ചേരത്തക്കവണ്ണം കവി തന്റെ കാവ്യാനുഭവത്തെ ആവിഷ്കരിച്ചുകാണിക്കണം. മയകോവ്സ്കിയുടെ At the top of my voice,Lenin തുടങ്ങിയ മനോഹരങ്ങളായ കവിതകള്‍ രാമവര്‍മ്മയും കൂട്ടുകാരും വായിച്ചു പഠിക്കട്ടെ. അവ വായിച്ചാല്‍ ആരാണ് വികാരവിഹ്വലരാകാത്തത്? ആരാണ് പുളകമണിയാത്തത്. അപ്പോള്‍ പ്രതിപാദ്യത്തില്‍ വന്നമാറ്റം ഇതാണ്. അത് എത്രത്തോളം വിജയിച്ചിട്ടുണ്ടെന്ന് നാം കണ്ടു ഇന്നത്തെ കവിതകളുടെയും അവരുടെ ആരാധകന്മാരുടെയും പ്രശംസയ്ക്കു പാത്രമായ “രമണന്റെ ശവകുടീരത്തില്‍” എന്ന കവിതയുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റു കവിതകളുടെ കാര്യം അന്വേഷിക്കേണ്ടതേയില്ല.

കവിയുടെ കാവ്യപരമായ ചിന്ത ഒരു പ്രത്യേക പദമാതൃകയായി (Pattern of words)രൂപം കൊള്ളുന്നു. പക്ഷേ കാവ്യപരമായ രൂപത്തിനു സുനിശ്ചിതമായ അനുപാതമോ നിയതത്വമോ വേണമെന്നില്ല. അതുണ്ടാകണമെന്നേയുള്ളു. കവി പ്രതിപാദ്യവിഷയത്തില്‍ അല്ലെങ്കില്‍ ഉപകരണത്തില്‍ രൂപവിശേഷം (pattern) ഘടിപ്പിക്കുകയാണ്. രൂപവിശേഷത്തില്‍ പ്രതിപാദ്യം ക്കൂട്ടിച്ചേര്‍ക്കുകയല്ല. ഇന്നത്തെ മിക്ക കവികളും രണ്ടാമത്തെ മാര്‍ഗ്ഗമാണ് അംഗീകരിക്കുന്നത്. അത് അനുകരണം കൊണ്ടുവന്നുപോകുന്നതുമാണ്. തന്റെ പ്രചോദനത്തിന്റെ ലയാനുവിദ്ധതയെ പ്രകാശിപ്പിക്കുവാന്‍ ചങ്ങമ്പുഴ ഒരു പ്രത്യേകരൂപം അംഗീകരിച്ചു. ആ പ്രചോദനം ലഭിക്കാത്ത മാറ്റൊലിക്കവിതകള്‍ അതേരൂപത്തെ സ്വീകരിച്ച് അപഹാസ്യന്മാരായിത്തീര്‍ന്നിരിക്കുന്നു.

ഇനി പ്രതിപാദ്യത്തില്‍ ആശാവഹമായ പരിവര്‍ത്തനം വരുത്തി എന്ന് അഭിമാനിക്കുന്ന ഒ.എന്‍.വി യുടെയും രാമവര്‍മ്മയുടെയും കവിതകള്‍ നോക്കുക. അവരുടെ ചിന്തകള്‍ കാവ്യപരമല്ലെന്നു പറഞ്ഞുകഴിഞ്ഞു. ആ ചിന്തകളെ ആവിഷ്കരിക്കാന്‍ അംഗീകരിച്ചിരിക്കുന്ന മാര്‍ഗ്ഗമാണ് ഏറ്റവും രസാവഹം. ചങ്ങമ്പുഴയുടെ ശബ്ദമാതൃകകളാണ് (sound pattern)അവർക്കിഷ്ടം.അങ്ങനെ അതൊരു വിചിത്രസൃഷ്ടിയായി പരിണമിക്കുന്നു. ചങ്ങമ്പുഴയുടെ റൊമാന്റിക് ഡിക്ഷനില്‍ (ഭാവനാത്മക വചോവിന്യാസക്രമത്തില്‍) തന്നെ വര്‍ഗ്ഗസമരത്തിന് ആഹ്വാനം മുഴക്കുക. അത് എത്ര അശക്തവും ബീഭത്സവുമാണെന്ന് കവിതകള്‍ വായിച്ചുതന്നെ അറിയേണ്ടിയിരിക്കുന്നു.

ചങ്ങമ്പുഴയുടെയും പി. ഭാസ്കരന്റെയും ഏതെങ്കിലും രണ്ടു കവിതകള്‍ പരിശോധിച്ചുനോക്കിയാല്‍ പ്രതിഭാശക്തിയുടെയും (Genius) ശില്പകൌശലത്തിന്റെയും (Craftsmanship) വ്യത്യാസമറിയാം. ഒരൊറ്റനോട്ടത്തില്‍ ഭാസ്കരന്റെ കവിതകള്‍ സുന്ദരങ്ങളാണെന്ന് ആരും പറഞ്ഞുപോകും. പക്ഷേ അവ തൃപ്തികരമല്ല. തുടര്‍ന്ന് വായിച്ചാല്‍ അവ അനുവാചകന് വൈരസ്യം ജനിപ്പിക്കും. ശരീരവും രക്തവുമില്ലാത്ത കവിത. അതിനൊരു അമൂര്‍ത്തശക്തിയില്ല; വ്യക്തിഗതമായ വികാരവുമില്ല.’

കവിതയുടെ രൂപശില്പത്തിന് ബാഹ്യരൂപമെന്നും ആന്തരരൂപമെന്നും (Physical and mental form) രണ്ടു വിഭാഗമുണ്ട്. ബാഹ്യരൂപത്തില്‍ വൃത്തം, താളം, പ്രാസം എന്നിവയെല്ലാം ഉള്‍പ്പെടും. ആന്തരികരൂപത്തില്‍ പ്രധാനമായത് വാങ്ങ്മയചിത്രങ്ങളാണ്. (Imagery). ഈ ഓരോ അംശത്തിലും ചങ്ങമ്പുഴക്കവിതകളുടെ അനുകരണമാണ് ഇന്നത്തെ കവിതകളെന്ന് സ്ഥാപിക്കാന്‍ പ്രയാസമില്ല.

രണ്ടു കവികളുടെ കൃതികള്‍ ബാഹ്യരൂപങ്ങളില്‍ സദൃശങ്ങളാണെങ്കില്‍ അതിലൊന്ന് മറ്റൊന്നിന്റെ അനുകരണമാണെന്നു പറയുന്നത് സൂക്ഷിച്ചുവേണം. എന്നാല്‍ ആന്തരികരൂപത്തില്‍ അവ സമാനങ്ങളായി കാണപ്പെട്ടാല്‍ ഒന്ന് അനുകരണമാണെന്ന് സംശയലേശം കൂടാതെ തീരുമാനിക്കാം. നൂതനങ്ങളായ വാങ്മയചിത്രങ്ങള്‍ നവ്യകാവ്യത്തില്‍ കാണാം. ടി. എസ്സ്. എലിയറ്റിന്റെ (T.S.Eliot)കവിതകളിലെ ചിത്രങ്ങള്‍ അനുവാചകനെ ആനന്ദിപ്പിക്കുന്നവയാണ്.

The yellow fog that rubs its back upon the
window panes”
“At the violet hour when the eyes and back
Turn upward from the desk when the human
engine waits.
Like a taxi throbbing waiting”

ഇവയെല്ലാം സുവ്യക്തങ്ങളും സൂചനാത്മകതയുള്ളവയുമത്രേ. നൂതന വാങ്ങ്മയചിത്രങ്ങള്‍ ചങ്ങമ്പുഴക്കവിതയിലുമുണ്ട്. എന്നാല്‍ ഇന്നത്തെ കവിതയില്‍ ചങ്ങമ്പുഴയുടെ വാങ്ങ്മയചിത്രങ്ങളേ കാണാനുള്ളൂ.

ഒരു കവിതയില്‍ അനേകം ചിത്രങ്ങള്‍ നിവേശിപ്പിക്കാം ആ ചിത്രങ്ങള്‍ പരസ്പരവിരുദ്ധങ്ങളോ പരസ്പര സഹായങ്ങളോ ആകാം. ജി. ശങ്കരക്കുറുപ്പിന്റെ കവിതകളില്‍ ഈ മാര്‍ഗ്ഗം വിജയകരമായി പ്രയോഗിക്കപ്പെട്ടിരിക്കുന്നു. പ്രധാനമായ ഒരു ചിത്രത്തെ ആസ്പദമാക്കി കവിതയുടെ ആകെക്കൂടെയുള്ള ഘടന സ്ഥിതിചെയ്യാം. ഒരു ചിത്രമേ ഇവിടെ കാണൂ. കവിതയുടെ അസ്തിത്വംതന്നെ ആ ചിത്രത്തെ ആശ്രയിച്ചിരിക്കുന്നു. ചങ്ങമ്പുഴ മിക്കവാറും ഈ മാര്‍ഗ്ഗമാണ് സ്വീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ അനുകര്‍ത്താക്കളും അക്കാര്യത്തില്‍ വ്യത്യസ്തരല്ല.

മിക്ക കവികള്‍ക്കും ചില പ്രത്യേക ചിത്രങ്ങള്‍ (Images) ഇഷ്ടമായിരിക്കും. അവ അവരുടെ കവിതകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നിവേശനം ചെയ്തിരിക്കുന്നത് കാണാം. ശാസ്ത്രം, അദ്ധ്യാത്മവാദം എന്നിവയില്‍ നിന്ന് എടുക്കപ്പെട്ട ചിത്രങ്ങളാണ് ഡണ്‍ (Donne) എന്ന കവിക്ക് താല്പര്യം. ഷെല്ലിക്ക് സമുദ്രത്തോടും അന്തരീക്ഷത്തോടും വലിയ അഭിനിവേശമാണ്. പ്രകൃതിഭംഗി നിറഞ്ഞ സ്ഥലത്ത് ഏകാകിനിയായി നില്ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം വേഡ്സ്വര്‍ത്തിനെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. (അദ്ദേഹത്തിന്റെ Leech Gatherer, Lucy gray, Solitary Reaper)തുടങ്ങിയ കവിതകള്‍ നോക്കുക) വര്‍ണ്ണത്തിന്റെയും പ്രതിബോധത്തിന്റെയും ചിത്രങ്ങള്‍ കീറ്റ്സിന്റെ കവിതകള്‍ക്കു നിറംപിടിപ്പിക്കുന്നു. ശിശുക്കളുടെ ചിത്രങ്ങളാണ് ആഡന്റെ (W.H. Auden) കവിതകളില്‍ ദൃശ്യമാവുക. റെയില്‍വേയോട് ബന്ധപ്പെട്ട ചിത്രങ്ങളോടാണ് സി. ഡെ ലെവിസിനു പ്രതിപത്തി. ഏകാന്തസ്ഥലങ്ങളില്‍ തനിച്ചു നില്ക്കുന്ന സുന്ദരികളുടെ ചിത്രങ്ങള്‍ നിവേശിപ്പിച്ചിരിക്കുന്നത് കുമാരാശാന്റെ കവിതകളുടെ ഒരു പ്രത്യേകതയാണ്. വെണ്‍നുരകളിളകുന്ന സമുദ്രങ്ങളും നദികളും അന്തരീക്ഷത്തില്‍നിന്നു താഴത്തേയ്ക്കും വീഴുന്ന നക്ഷത്രങ്ങളും സ്ത്രീകളുടെ കാമോദ്ദീപകങ്ങളായ ചില അവയവങ്ങളും (പ്രത്യേകിച്ച് നിതംബവും) വര്‍ണ്ണിച്ചാല്‍ മതിയാവുകയില്ല. വള്ളത്തോളിന്. പാലൊളിപ്പൂനിലാവും തരംഗപരമ്പരകളിളകുന്ന സമുദ്രവും ജി. ശങ്കരക്കുറുപ്പിന്റെ കവിതകളുടെ ഒരവിഭാജ്യഘടകമാണ്. പച്ചവിരിച്ച പാടങ്ങളും ഓമനസ്വപ്നങ്ങളും കാണാതെയും മഞ്ജീരശിഞ്ജിതം കേള്‍ക്കാതെയും ചങ്ങമ്പുഴയുടെ ഒരു കവിതയും വായിച്ചുതീര്‍ക്കുക സാദ്ധ്യമല്ല. വിപ്ലവാഹ്വാനം മുഴക്കുന്ന ഇന്നത്തെ റിയലിസ്റ്റ് കവികള്‍ക്ക് പ്രത്യേകിച്ചൊരു ചിത്രത്തോടും (image)മമതയില്ല. ചങ്ങമ്പുഴയുടെ ഇന്ദ്രിയവിഷയകമായ വാങ്മയചിത്രങ്ങളാണ് (Sensuous imagery)അവര്‍ക്കു ആദരണീയമായിട്ടുള്ളത്. അവരുടെ കാവ്യാനുഭൂതികള്‍ യഥാര്‍ത്ഥങ്ങളാണെങ്കില്‍ ഇതെങ്ങനെ സാദ്ധ്യമാകും. സമുദായം അനുഭവംകൊണ്ടാണ് ഓരോന്നു പഠിക്കുന്നത്. അതിന്റെ വീര്യവും പ്രവര്‍ത്തനവുമാണ് സാമുദായികപരിവര്‍ത്തനത്തിന് പ്രേരകമാകുന്നത്. സമുദായത്തിന്റെ ഒരു പ്രവര്‍ത്തനമാര്‍ഗ്ഗം കാവ്യനിര്‍മ്മിതമാണ്. കാവ്യപ്രവാഹം വ്യക്തികളായും സാമൂഹികജീവികളുമായുള്ള ജനങ്ങളുടെ ബോധത്തിന് തീക്ഷ്ണത കൂട്ടുന്നു. അപ്പോള്‍ ആ ബോധത്തിന്റെ ആകത്തുക കാവ്യപ്രവാഹത്തില്‍ പ്രത്യാഘാതമുളവാക്കുന്നു. വ്യക്തികളായ കവികളിലൂടെയാണ് അതു സംഭവിക്കുക. അതിന്റെ ഫലമായി കവികളുടെ ഭാവനകള്‍ ഉത്തേജിപ്പിക്കപ്പെടുന്നു. അങ്ങനെ വാങ്ങ്മയചിത്രങ്ങളുടെ വ്യാപ്തിയും അഗാധതയും വര്‍ദ്ധിക്കുന്നു. ആ വിധത്തിലാണ് നൂതനങ്ങളായ വാങ്ങ്മയചിത്രങ്ങള്‍ മൌലികത്വമുള്ള (Originality) കവികള്‍ ഉപയോഗിച്ചുപോകുന്നത്” The poet does not always Consciously Choose his image; the image may Choose him” എന്ന് ഒരു വിമര്‍ശകന്‍ പറഞ്ഞത് ശ്രദ്ധിക്കേണ്ടതാണ്. കവിയുടെ അനുഭവം അയാളുടെ കാലത്തോട് ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് സമകാലീനാവസ്ഥകളില്‍നിന്നേ കവിയ്ക്ക് വാങ്ങ്മയചിത്രങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ. അജ്ഞാതകര്‍ത്തൃകങ്ങളായ പല കവിതകളുടെയും കാലം അവയിലെ വാങ്ങ്മയചിത്രങ്ങളില്‍നിന്ന് ഏറെക്കുറെ ഊഹിക്കാവുന്നതാണല്ലോ. കുഞ്ചന്‍നമ്പ്യാരുടെ ഭാവനയ്ക്കിന്നത്തെ ശാസ്ത്രത്തിന്റെ നാടകീയങ്ങളായ സാദ്ധ്യതകളിലേയ്ക്കു പറന്നെത്തുവാന്‍ കഴിയുമായിരുന്നോ? അല്ലെങ്കില്‍ വള്ളത്തോളിനോ, ശങ്കരക്കുറുപ്പിനോ നമ്പ്യാരുടെ കാലത്തെ പരിതസ്ഥിതികളില്‍നിന്ന് വാങ്മയചിത്രങ്ങള്‍ സ്വീകരിക്കുവാന്‍ സാദ്ധ്യമാണോ? തീര്‍ച്ചയായുമില്ല. കാലം മാറുംതോറും വാക്കുകളുടെ അര്‍ത്ഥംപോലും മാറിപ്പോകുന്നു. അതുപോലെ വാങ്മയചിത്രങ്ങളുടെ പുതുമയും നഷ്ടപ്പെടുന്നു. പരിവര്‍ത്തനത്തിന്റെ ശംഖനാദം മുഴക്കികൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്നാണ് ഇന്നത്തെ കവികളുടെ ഭാവം. ഇത് ശരിയാണെങ്കില്‍ അവര്‍ക്കെങ്ങനെ ചങ്ങമ്പുഴയുടെ വാങ്മയചിത്രങ്ങള്‍ സ്വന്തം കവിതകളില്‍ നിവേശിപ്പിക്കുവാന്‍ കഴിയും? സാമുദായികപരിവര്‍ത്തനം ലക്ഷ്യമായി കരുതുന്ന അവര്‍ക്ക് ഒരോറ്റ ചിത്രംപോലും നൈസര്‍ഗ്ഗികമായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ടോ? അനുകരിക്കുക എന്ന ദാസ്യമനോഭാവമല്ലാതെ മറ്റെന്തുണ്ട് ഈ കവിതയ്ക്ക്? ഇവയെല്ലാം ഒരേ നിഗമനത്തിലാണ് നമ്മെ നയിക്കുന്നത്.മലയാളകവിത ചങ്ങമ്പുഴയ്ക്കുശേഷം പുരോഗമിച്ചിട്ടില്ലെന്നു മാത്രമല്ല, ദയനീയമായി അധ:പതനത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുകയും ചെയ്യുന്നു. അപകടകരമാണ് ഈ പോക്ക്. ഭാവനാദാരിദ്ര്യവും ചിന്താശൂന്യതയും ബുദ്ധിപരമായ ജീര്‍ണ്ണതയും ഇവിടെ തേര്‍വാഴ്ച നടത്തുകയാണ്. വൈകാരികവും ബുദ്ധിസ്പര്‍ശവുമായ വളര്‍ച്ച തടയപ്പെട്ടിരിക്കുന്നു. ഈ അവസ്ഥ മാറണമെങ്കില്‍! അതിനുത്തരം പറയുക അത്ര എളുപ്പമല്ല ഇനിയും നാം കാത്തിരിക്കേണ്ടതായി വന്നേക്കാം. എങ്കിലും അപ്രഗത്ഭന്മാരെ വാഴ്ത്തുകയും പ്രഗത്ഭന്മാരെ താഴ്ത്തുകയും ചെയ്യുന്ന നിരൂപകന്റെ മനോഭാവം മാറിയാല്‍ അത് ശുഭാവഹമായ ഒരു പരിവര്‍ത്തനം സംജാതമാക്കാതിരിക്കുകയില്ല. ആ കാലം സമാഗതമാകട്ടെ എന്നു നമുക്കാശിക്കാം.

വചോവിന്യാസം

കാവ്യചരിത്രത്തിന്റെ ഏതു കാലഘട്ടവും പരിശോധിച്ചുനോക്കൂ. പ്രത്യേക തരത്തിലുള്ള ഒരു വചോവിന്യാസക്രമം (Diction) ഓരോ കാലത്തിലും നിലവിലിരുന്നത് കാണാന്‍ സാധിക്കും. പ്രതിഭാശലിയായ ഒരു കവി രംഗപ്രവേശനം ചെയ്തുകഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ കാവ്യശൈലിയെ അനുകരിക്കാന്‍ മാറ്റൊലിക്കവികള്‍ ആരംഭിക്കുകയായി. കവിതയുടെ ബുദ്ധിപരവും വൈകാരികവുമായ അനുഭവങ്ങളാണ് വ്യക്തിഗതമായ ഒരു വചോവിന്യാസക്രമത്തിന് പ്രേരകമായി വര്‍ത്തിക്കുന്നതെന്ന മൌലികമായ കലാതത്വം വിസ്മരിക്കുന്ന ഈ കവിതകള്‍ ലജ്ജാശൂന്യമായ അനുകരണാസക്തി പ്രദര്‍ശിപ്പിക്കുകയാണ്. പ്രഗത്ഭരായ കവികള്‍ക്ക് മറ്റു കവികളുടെ വചോവിന്യാസത്തില്‍ നിന്ന് പലതും പഠിക്കുവാനും തങ്ങളുടെ രീതിക്ക് അഭിനന്ദനാര്‍ഹമായ പരിവര്‍ത്തനം വരുത്തുവാനും കഴിയും. സുവ്യക്തങ്ങളും യഥാര്‍ത്ഥങ്ങളുമായ കാവ്യാനുഭൂതികളില്ലാതെ വേറെയുള്ള കവികളുടെ അനുഭൂതികളെ പകര്‍ത്തുന്ന കവികളെയാണ് ഈ ലേഖകന്‍ മാറ്റൊലിക്കവികളെന്നു വിളിക്കുന്നത്. അവരുടെ ഈ പരാധീനത ഈ വിഷയത്തില്‍ മാത്രമല്ല ഉള്ളത്. വാങ്ങ്മയചിത്രങ്ങളും (image) ചിന്താമാതൃകകളും (Thought pattern) അവര്‍ ഭാവനാസമ്പന്നരായ മറ്റു കവികളില്‍ നിന്ന് കവര്‍ന്നെടുത്ത് തങ്ങളുടെ പദ്യങ്ങളില്‍ നിവേശിപ്പിക്കുന്നു. അവര്‍ക്ക് വചോവിന്യാസക്രമത്തെയും അനുകരിക്കാതിരിക്കാന്‍ സാദ്ധ്യമല്ല. അത് ആന്തരികമായ നിർദ്ധനത്വത്തെ പ്രകടിപ്പിക്കുകയാണെന്ന് ഈ മാറ്റൊലിക്കവികള്‍ക്കു നല്ലപോലെ അറിയാം. എങ്കിലും അവരത് സമ്മതിച്ചു തരുകയില്ല. മില്‍ട്ടന്റെ മഹോന്നതമായ ഭാഷാശൈലി, (Grand style)എത്രയെത്ര കൈകളെയാണ് ആകര്‍ഷിച്ചത്. ഷേക്സ്പീയറിന് സദൃശനെന്നു കരുതപ്പെടുന്ന കീറ്റസ്പോലും തന്റെ ‘ഹൈപേറിയന്‍ (Hyperion) എന്ന കൃതി ആദ്യമായി മില്‍ട്ടന്റെ ശൈലിയെ അനുകരിച്ചാണ് എഴുതിപ്പോയത്. പിന്നീട് അത് അദ്ദേഹം മാറ്റിയെഴുതാന്‍ നിശ്ചയിച്ചുവെന്ന് ഒരു കത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. റൊമാന്റിക് കവികളായ ഷെല്ലി, കീറ്റസ് എന്നിവയുടെ വചോവിന്യാസമാര്‍ഗ്ഗത്തിന്റെ ആകര്‍ഷണവലയത്തില്‍ ഉള്‍പ്പെടാത്ത കവികളേ ഇല്ല. അതുപോലെ ഹോപ്കിന്‍സ് (Hopkins)എന്ന കവിയുടെ ശൈലീവിശേഷം പില്ക്കാലത്തെ കവികളില്‍ അസാധാരണമായ സ്വാധീനശക്തി ചെലുത്തി. വ്യക്തിത്വമുള്ള കവികള്‍ ആ പാരതന്ത്രത്തില്‍നിന്ന് വിമുക്തരായി ശാശ്വതികത്വത്തിലേക്കു ചെന്നപ്പോള്‍ അനുകരിക്കാന്‍ അറിയാവുന്ന ഭാവനാ ദരിദ്രന്മാര്‍ വിസ്മൃതിയുടെ ഗര്‍ത്തങ്ങളില്‍ എന്നെന്നേക്കുമായി വീണുപോയി. ഇംഗ്ലണ്ടില്‍ നവ്യകാവ്യം ആരംഭിക്കുന്നത് റ്റി. എസ്.എലിയട്ടിന്റെ (T.S.Eliot) ‘തരിശുഭൂമി’യുടെ (Wasteland) പ്രസിദ്ധീകരണത്തോടുകൂടിയാണ്. കാവ്യരചനാവിഷയത്തില്‍ എലിയട്ട് അംഗീകരിച്ച മാര്‍ഗ്ഗം വിജയഭാസുരമായി പര്യവസാനിച്ചു. ലയത്തിലും വചോവിന്യാസത്തിലും എലിയട്ട് വരുത്തിയ മാറ്റം ഇന്നത്തെ പ്രമുഖന്മാരായ ആംഗലകവികളില്‍ സുശക്തമായ പ്രേരണ ചെലുത്തിയിട്ടുണ്ട്. പക്ഷെ അവര്‍ പ്രതിഭാശക്തിയാല്‍ അനുഗ്രഹീതരാണ്. അതുകൊണ്ട് പൂര്‍വ്വകവിയുടെ പദവിന്യാസക്രമത്തിന്റെ ശ്രംഖലകളില്‍ നിന്ന് വിമുക്തരായി തങ്ങളുടെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുവാന്‍ അവര്‍ക്കു സാധിച്ചു. വ്യക്തിത്വമല്ലാത്ത കവികള്‍ എലിയട്ടിനെ അനുകരിച്ചുകൊണ്ടിരിക്കുന്നു.

മലയാളഭാഷയിലെ സ്ഥിതിയും ഇതുതന്നെയാണ്. വെണ്‍മണി, വള്ളത്തോള്‍, ശങ്കരക്കുറുപ്പ്,ചങ്ങമ്പുഴ എന്നിവരുടെ കാവ്യശൈലികള്‍ എത്രയെത്ര മാറ്റൊലിക്കവികളുടെ ജനനത്തിന് കാരണമായി എന്നാലോചിച്ചുനോക്കുക. വെണ്മണിയേയും വള്ളത്തോളിനെയും അനുകരിച്ചിരിക്കുന്നവരുടെ കാലം കഴിഞ്ഞു. ജി. ശങ്കരക്കുറുപ്പിന്റെയും ചങ്ങമ്പുഴയുടെയും പദവിന്യാസരീതിയെ കവര്‍ന്നെടുത്ത് കവിതയെഴുന്നവര്‍ ഇന്ന് സാഹിത്യലോകത്തില്‍ യഥേഷ്ടം വിഹരിക്കുകയാണ്. ജിയുടെ പ്രൌഢഗംഭീരമായ വചോവിന്യാസക്രമത്തെ അനുകരിക്കാന്‍ യത്നിക്കുന്നവര്‍ ആ മഹാകവിയുടെ കവിത്വശക്തിയെ അപലപിക്കാന്‍ ധൈര്യപ്പെടാറില്ല. എന്നാല്‍ ചങ്ങമ്പുഴയുടെ റൊമാന്റിക് ഡിക്ഷനില്‍ (Romantic diction)തന്നെ തങ്ങളുടെ കവിതകള്‍ രചിക്കുന്ന ഇന്നത്തെ റിയലിസ്റ്റിക് കവികള്‍ അസുലഭസിദ്ധിവിശേഷങ്ങളുണ്ടായിരുന്ന ആ കവിയെ പരസ്യമായി പുച്ഛിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. മലയാളഭാഷയെ വാഗ്മിത്വത്തില്‍നിന്നു മോചിപ്പിച്ച ചങ്ങമ്പുഴ കവിയേ അല്ലെന്ന് ചിലര്‍ വാദിച്ചു തുടങ്ങിയിരിക്കുന്നു.അജ്ഞതയുടെ ധൈര്യം മാത്രമല്ല അത്. അങ്ങനെ അഭിപ്രായപ്പെടേണ്ടത് മന:ശാസ്ത്രപരമായി ഒരാവശ്യംകൂടിയാണ്.അപകര്‍ഷതാബോധമുള്ളവര്‍ അത് മറച്ചുവെയ്ക്കാനായി ഉച്ചത്തില്‍ സംസാരിക്കാറുണ്ടല്ലോ. അതുപോലെ ചങ്ങമ്പുഴയുടെ സ്വാധീനശക്തിയില്‍പെട്ട കവികള്‍ക്ക് അദ്ദേഹം കവിയല്ലെന്ന് ഉദ്ഘോഷിക്കാതിരിക്കാന്‍ സാധ്യമല്ല. ചങ്ങമ്പുഴയുടെ സ്വാധീനശക്തി കൂടുതലാകുംതോറും അവഹേളനവും കൂടിക്കൂടി വരും. ഈ മനശാസ്ത്രതത്ത്വം മനസ്സിലാക്കിയാല്‍ നമുക്ക് അവരോട് കോപം തോന്നുകയില്ല.

കവിതയിലുപയോഗിക്കുന്ന പദങ്ങള്‍ ചൈതന്യാത്മകങ്ങളായി നമുക്കനുഭവപ്പെടുന്നു. അതേ പദങ്ങള്‍ തന്നെ നിത്യസംഭാഷണത്തിലും ഗദ്യകൃതികളിലും പ്രയോഗിച്ചുനോക്കൂ. ആ ചൈതന്യം നമുക്കു ദര്‍ശിക്കാന്‍ സാധിച്ചില്ലെന്നുവരും പദങ്ങളുടെ അര്‍ത്ഥം, ധ്വനി, പ്രതിരൂപാത്മകത എന്നിവയെല്ലാം പദ്യത്തിലാകുമ്പോള്‍ ഒന്നുകൂടി തീക്ഷ്ണമാകുകയാണ്. ഈ മുല്യങ്ങളുടെ തീക്ഷണത വര്‍ദ്ധിക്കുക മാത്രമല്ല, നൂതനങ്ങളായ മൂല്യങ്ങള്‍ ആ പദങ്ങളുടെ കാവ്യപരമായ പ്രയോഗത്താല്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ ആ പദങ്ങള്‍ക്ക് ഊര്‍ജ്ജസ്വലതയുണ്ട്; വ്യക്തിധര്‍മ്മമുണ്ട്. അവയ്ക്കു അസാധാരണത്വം വേണമെന്നില്ല, പ്രത്യേകതയുണ്ടായിരിക്കണമെന്നില്ല, ലളിതങ്ങളായ പദങ്ങളുടെ മേളനംകൊണ്ടുമാത്രം ആ ചൈതന്യം സിദ്ധിക്കും.

“അല്ലല്ലാ! പൂവാലിപ്പയ്യെങ്ങെന്നു ചൊല്ലിപ്പെട്ടെ-
ന്നല്ലണിക്കുഴലഴിഞ്ഞെഴുന്നേറ്റവള്‍ പോകെ
അന്തിക്കാര്‍വക്കില്‍ താരംപോലെ
കണ്‍പീലിത്തുമ്പി-
ലേന്തിയ പൊടിക്കണ്ണീരിപ്പൊഴും കാണുന്നൂ ഞാന്‍
(ജി. ശങ്കരക്കുറുപ്പ്)

ഇവിടെ പ്രയത്നമില്ല, പ്രയാസമില്ല, പദങ്ങളുടെ വിന്യാസത്തില്‍ കവിയ്ക്കുള്ള പ്രാഗത്ഭ്യം നമ്മെ ആനന്ദമൂര്‍ച്ഛയിലേക്കെറിയുന്നു. ഈ പദങ്ങള്‍ ഇങ്ങനെ വിന്യസിക്കാനേ സാദ്ധ്യമാകൂ എന്ന് നമുക്കു തോന്നുകയും ചെയ്യുന്നു. അവയ്ക്കൊരിണക്കമുണ്ട്. നമുക്ക് ആത്മവിശ്വാസം ജനിപ്പിക്കാനും ഈ വരികള്‍ക്കു കഴിവുണ്ട്. ഒരു കവിയുടെ ശബ്ദസഞ്ചയംഎത്രത്തോളം വിപുലമാണെന്നതിനെ ആശ്രയിച്ചല്ല ആ കവിയുടെ മഹത്വമിരിക്കുന്നത്.

ഒരുപക്ഷേ രാമായണം ചമ്പൂകാരനു് ഉപയോഗിക്കാന്‍ കഴിഞ്ഞിടത്തോളം പദങ്ങള്‍ നമ്മുടെ ഇന്നത്തെ മഹാകവികള്‍ക്കു ഉപയോഗിക്കാന്‍ സാദ്ധ്യമായില്ലെന്നുവരാം. എങ്കിലും അവരെങ്ങനെ പദങ്ങളുപയോഗിച്ചു, അതിന്റെ മെച്ചമെന്ത്, എന്നീ പരിഗണനകളാണ് പ്രാധാന്യമര്‍ഹിക്കുന്നത്. പദവിന്യാസത്തിന്റെ പ്രത്യേകതകൊണ്ടു് നമുക്കു വ്യക്തിത്വമുള്ള കവികളുടെ വരികള്‍ വേര്‍തിരിച്ചറിയുവാന്‍ കഴിയും.

‘പെറ്റമ്മമാര്‍ പിച്ചനടത്തിടുന്ന
കറ്റക്കിടാവിന്‍ പദപങ്കജങ്ങള്‍
ചെറ്റങ്ങുമിങ്ങും പതിയുന്ന മണ്ണില്‍
മുറ്റത്തണിപ്പൂവിടല്‍വേണ്ട വേറെ’

എന്ന പദ്യം വള്ളത്തോളിനെ എഴുതാന്‍ കഴിയൂ എന്നത് നിരാക്ഷേപമാണു്; അതുപോലെ:

‘നരജീവിതമായ വേദന-
യ്ക്കൊരുമട്ടര്‍ഭകരൗഷധങ്ങള്‍ താന്‍’

എന്നെഴുതിയാല്‍ അത് ആശാന്റേതാണെന്നു പറയുവാന്‍ അധികമാലോചിക്കേണ്ടതില്ല.

‘ഉദ്രസം ഫണാല്ലോലകല്ലോലജാലംപൊക്കി
രൗദ്രഭംഗിയിലാടിനിന്നിടും ഭുജംഗമേ
വാനം ഹാ! വിശാലമാം ശ്യാമവക്ഷസ്സില്‍
ക്കൊത്തേ-
റ്റാനന്ദ മൂര്‍ച്ഛാധീനമങ്ങനെ നിലകൊള്‍വൂ
തത്തുകെന്‍ ഹൃദന്തത്തില്‍!
കൊത്തുകെന്നാത്മാവിങ്കല്‍
ഉത്തുംഗഫണാഗ്രത്തിലെന്നെയും വഹിച്ചാലും’

എന്ന വരികള്‍ ജീയുടെ വ്യക്തിത്വത്തെ വിളംബരംചെയ്യുന്നതിന് സമര്‍ത്ഥങ്ങളാണ്.

“മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ
മഞ്ജിമവിടരും പുലര്‍കാലെ
നിന്നൂ ലഖിതേ നീയെന്‍മുന്നില്‍
നിര്‍വൃതിതന്‍ പൊന്‍കതിര്‍പോലെ”

എന്ന വരികള്‍ ചങ്ങമ്പുഴയുടേതാണെന്നും അവ അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും എഴുതാന്‍ കഴിയുകയില്ലെന്നും നാം മനസ്സിലാക്കുന്നുണ്ട്. കവിയുടെ വ്യക്തിധര്‍മ്മം കവിതയിലൂടെ ആവിഷ്കൃതമാകുന്നതുകൊണ്ടാണു് കാവ്യശൈലികള്‍ വ്യത്യസ്തങ്ങളാകുന്നത്. വ്യക്തിത്വമില്ലാത്ത കവികളാണെങ്കിലോ? ശൈലിയ്ക്ക് ഒരു വ്യത്യാസവും കാണുകയില്ല. അതുകൊണ്ടാണ് പി. ഭാസ്കരന്റെയും വയലാര്‍ രാമവര്‍മ്മയുടെയും ഓ.എന്‍. വി. കുറുപ്പിന്റെയും ഒളപ്പമണ്ണയുടെയും മറ്റും കവിതകള്‍ ഒരുപോലെയിരിക്കുന്നതു്.

ചങ്ങമ്പുഴശൈലിയെ അന്ധമായി അനുകരിക്കുന്നതുകൊണ്ട് അവ മറ്റൊരു തരത്തിലും സദൃശ്യങ്ങളായിതോന്നാറുണ്ട്. പക്ഷെ ചങ്ങമ്പുഴ ശൈലിയുടെ പ്രത്യേകമായ ഭാവസംദൃബ്ധത (Sensibility) നാം അവിടെയെങ്ങും അന്വേഷിക്കേണ്ടതില്ല. പദപ്രയോഗത്തിലുള്ള പ്രത്യേകതകള്‍ ഓരോ കവിക്കുമുണ്ട്. അതില്‍നിന്നു രക്ഷപ്പെടാന്‍ മൌലികമായ കവികള്‍ക്കു സാദ്ധ്യമല്ല. ചിലപ്പോള്‍ അയാള്‍ എഴുത്തച്ഛനെപ്പോലെ മിതഭാഷണത്തില്‍ തല്പരനായിരിക്കും. അല്ലെങ്കില്‍ നമ്പ്യാരെപോലെ ബഹുഭാഷിത്വം ഇഷ്ടപ്പെടുന്നവനായിരിക്കും. ആശാനപ്പോലെ പ്രൌഢമായ ശൈലിയെ സ്വാഗതം ചെയ്തേക്കാം, അല്ലെങ്കില്‍ ഉള്ളൂരിനെപ്പോലെ വാഗ്മിത്വത്തെ (Eloquence) ആദരിച്ചേക്കാം, ഏതായാലും ആ കവിക്ക് വ്യക്തിത്വമുണ്ടെങ്കില്‍, ഒരു ചൈതന്യം അയാളുടെ അന്തരാത്മാവില്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത് അയാളുപയോഗിക്കുന്ന പദങ്ങളിലൂടെ പ്രകടമാകും. സംശയമില്ല.

പലരും അഭിപ്രായപ്പെടാറുണ്ട്, ചങ്ങമ്പുഴ ഏതാനും മോഹനപദങ്ങള്‍കൊണ്ട് ജാലവിദ്യ കാണിക്കുകയാണെന്ന്. ഇത് സത്യത്തോടു പൊരുത്തപ്പെട്ടു നില്ക്കുന്ന ഒരഭിപ്രായമല്ല. വാസ്തവത്തില്‍ പദങ്ങളുടെ പ്രത്യേകതകള്‍ പഠിക്കണമെങ്കില്‍ ചങ്ങമ്പുഴക്കവിതകള്‍ അപഗ്രഥിച്ചു നോക്കണം. വിഷയലോലുപത്വംകൊണ്ട് വര്‍ണ്ണശബളിമചേര്‍ന്ന ഇത്രവളരെ പദങ്ങള്‍ വേറെയൊരുകവിയും പ്രയോഗിച്ചിരിക്കുകയില്ല. അവ വെറും ലളിത പദങ്ങളാണ്. എങ്കിലും അവയ്ക്ക് മൗലികങ്ങളായ മാനുഷിക പ്രവര്‍ത്തനങ്ങളോടു ബന്ധമുണ്ട്. മറ്റാരും ഉപയോഗിക്കാത്ത അസാധാരണങ്ങളായ പദങ്ങളൊന്നും ചങ്ങമ്പുഴയും തന്റെ കവിതയില്‍ പ്രയോഗിച്ചിട്ടില്ല പക്ഷെ, അവയെ അസാധാരണമായവിധത്തില്‍ അദ്ദേഹത്തിന് വിന്യസിക്കുവാനറിയാം അതുതന്നെയാണ് അദ്ദേഹത്തിന്റെ ശൈലിയിലേക്കുള്ള മഹനീയതയ്ക്കു നിദാനവും.

റൊമാന്റിക്കു കവിയായ ചങ്ങമ്പുഴയുടെ ഈ ഭാവനാത്മകമായ വചോവിന്യാസക്രമത്തെ പകര്‍ത്തുകയാണ് ഇന്നത്തെ ഭൂരിപക്ഷം കവികളും ചെയ്യുന്നത്. ചങ്ങമ്പുഴയുടെ ശൈലിക്കുള്ള ആന്തരികമായ ചൈതന്യം അവര്‍ക്ക് മനസ്സിലാക്കാനും സാധിക്കുന്നില്ല. ഇതിന്റെ വിശദാംശങ്ങളിലേക്കു പ്രവേശിക്കുന്നതിനുമുന്‍പായി ചങ്ങമ്പുഴശൈലിക്കു മറ്റു കവികളിലുള്ള സ്വാധീനശക്തി ഞാന്‍ വ്യക്തമാക്കിക്കൊള്ളട്ടെ. ഏതാനും ഉദാഹരണങ്ങള്‍ നല്കുവാനാണ് ഞാനുദ്യമിക്കുന്നത്.

“കുഞ്ഞുമേഘങ്ങളൊളിച്ചുകളിക്കുമാ-
മഞ്ഞണിക്കുന്നിനു കാടിനു പിന്നിലായ്
അന്തിമേഘങ്ങള്‍ നിരന്നു നീലാംബരം
അന്തരംഗം കവര്‍ന്നുല്ലസിച്ചീടവേ”

എന്ന ചങ്ങമ്പുഴയുടെ വരികള്‍ക്കും

“വെള്ളിമേഘങ്ങളെ നോക്കിയരുവികള്‍
തുള്ളിച്ചിരിക്കുന്ന സാനുവിന്നപ്പുറം
വിണ്ണിലെത്താരകള്‍ കണ്ണാടിനോക്കുന്ന
മഞ്ഞണി മൈതാന ഭൂമിതന്നുള്ളിലായ്”
(മുല്‍ക്കിരീടം)

എന്ന പി. ഭാസ്കരന്റെ വരികള്‍ക്കും ആശയപരമായ വൈസാദൃശ്യമുണ്ടെങ്കിലും വാചോവിന്യാസക്രമത്തില്‍ അവ സദൃശ്യങ്ങള്‍തന്നെയാണ്. ഇത് ആദ്യകാലത്തെ കൃതിയാണെങ്കില്‍ ശ്രീ ഭാസ്ക്കരന്റെ “ഓര്‍ക്കുക വല്ലപ്പോഴും” എന്ന നൂതനമായ കാവ്യസമാഹാരഗ്രന്ഥം വായിച്ചുനോക്കുക. “കനകമഞീര ശിഞ്ജിതംതൂവി” കാവ്യലക്ഷ്മിനൃത്തം ചെയ്യുന്നതും “അനുപമസ്വപ്നമേഖല നോക്കി” ഹംസങ്ങള്‍ നീന്തിക്കളിക്കുന്നതും മറ്റും കേരളീയര്‍ പതിനഞ്ചു കൊല്ലങ്ങള്‍ക്കു മുന്‍പേ ചങ്ങമ്പുഴക്കവിതകളില്‍ കണ്ടതാണ്. ഇനിയും അതുപറഞ്ഞു ഞങ്ങളെ ഉപദ്രവിക്കരുതു്. ഓരൊന്നാംതരം റൊമാന്റിസിസ്റ്റാണെങ്കിലും റിയലിസ്റ്റ് എന്നു അവകാശപ്പെടുന്ന കവിയാണു് ശ്രീ. വയലാര്‍ രാമവര്‍മ്മ. അദ്ദേഹത്തിന്റെ ‘കൊന്തയും പൂണൂലും’ എന്ന കാവ്യഗ്രന്ഥത്തിലെ കവിതകളെക്കുറിച്ച് അവതാരകനായ ശ്രീ. എന്‍. വി. കൃഷ്ണവാര്യര്‍ പറയുകയാണ്:

“ശ്രീ. രാമവര്‍മ്മയില്‍ അഗാധമായ സ്വാധീനശക്തി ചെലുത്തിയിട്ടുള്ള ഒരു കവി ചങ്ങമ്പുഴയാണ്. വള്ളത്തോളും ശങ്കരക്കുറുപ്പും അദ്ദേഹത്തില്‍ മുളപ്പിച്ച കവിതാവാസന താരും തളിരുമണിഞ്ഞതു് ചങ്ങമ്പുഴയുടെ സാന്നിദ്ധ്യത്തിലായിരുന്നു. ഒടുവിലൊടുവിലുള്ള ചങ്ങമ്പുഴയുടെ ഉദ്ദാമവും അതൃപ്തവുമായ രചനാരീതിയാണു് ഈ സമാഹാരത്തിലെ കവിതകളിലും”. തുടര്‍ന്ന് രാമവര്‍മ്മയുടെ കവിതകള്‍ ചങ്ങമ്പുഴക്കവിതയുടെ അനുകരണമല്ലെന്നും അവയ്ക്കു വ്യക്തിത്വമുണ്ടെന്നും അദ്ദേഹം പറയുന്നു. അവിടെ മാത്രമേ ശീ. എന്‍. വി കൃഷ്ണവാര്യരോട് നാം വിയോജിക്കേണ്ടതുള്ളൂ. “ചങ്ങമ്പുഴയുടെ ഉദ്ദാമവും അതൃപ്തവുമായ രചനാരീതിയാണ്” രാമവര്‍മ്മയുടേതെങ്കില്‍ അതു് അനുകരണം തന്നെയാണു്. അതിനു വ്യക്തിത്വമില്ല. ചില വരികള്‍:

“പ്രേമമനോഹരഗാനം ജീവിത
കാമമനോജ്ഞവിതാനം.
മദിരയില്‍മുങ്ങി ഹൃദയംവിങ്ങി
മധുരിമപകരുംഗാനം
ഒഴുകുകയാണെന്‍സിരകളിലൂടെ
തഴുകുക പുണരുകദേവാ!”
“ആ മധുരോന്മദ മധുചഷകംപോല്‍
പ്രേമസ്വര്‍ഗ്ഗം നിന്‍ ഹൃദയം
നിര്‍വൃതിയരുളുക ദേവാ ജന്മം
നിന്‍ മധുചുംബന സുഖഭോഗം”
“സ്വരമധുര മാ നാദ ലഹരിയില്‍ ലോകം
ഹരിചന്ദന വന നന്ദന സങ്കല്പനാകും”

ഇത് അനുകരണമല്ലെങ്കില്‍ പിന്നെ എന്താണെന്നു അറിഞ്ഞുകൂടാ. അക്കിത്തത്തിന്റെ ചില വരികള്‍ ഇതാ:

“അമൃതഗീതങ്ങളാലപിച്ചാലപി-
ച്ചമലവിസ്‌തൃതാകാശത്തിലങ്ങനെ
ചിറകടിച്ചു പറന്നു പറന്നുപോം
പറവയും ഹാ! സ്വതന്ത്രസുന്ദരം

* * *


കനകകാന്തിയില്‍ മുങ്ങും മുകിലുക-
’ളനഘലാവണ്യലാസ്യരംഗങ്ങളായ്
ഇണപിരിയാതുരുമ്മിക്കളിച്ചുകൊ-
ണ്ടണയുമാരമ്യചക്രവാളങ്ങളും
അരിയ ശാന്തിയെപ്പുല്കിന നീലവിണ്‍
ചെരിവിലോമല്‍ക്കിനാക്കളെ പോലവേ
വരിവരിയായ് വിരിഞ്ഞു തെളിഞ്ഞു പു-
ഞ്ചിരിപൊഴിക്കുന്നു കുരുന്നുതാരങ്ങളും”

മേലുദ്ധരിച്ച ഭാഗത്തിലെ ആദ്യത്തെ നാലുവരികളോട് താഴെ ചേര്‍ത്തിരിക്കുന്ന ചങ്ങമ്പുഴയുടെ വരികള്‍ തട്ടിച്ചുനോക്കുക.

“സതതമന്നൊരു കൊച്ചുപൂഞ്ചോലപോൽ
മൃദുലമന്ദഹാസം പൊഴിച്ചു സുഖിച്ചു ഞാന്‍
ചിറകടിച്ചു ചിലച്ചു ചരിച്ചിടും
കരുവിപോലെ പറന്നു കളിച്ചു ഞാന്‍”
(ബാഷ്പാഞ്ജലി-അന്നും ഇന്നും)

അക്കിത്തത്തിന്റെ ശേഷമുള്ള വരികള്‍ ‘ബാഷ്പാഞ്ജലി’യില്‍ നിന്നോ ‘രമണനില്‍’ നിന്നോ ഉദ്ധരിച്ചതാണെന്നുവരെ സംശയം തോന്നാം. ഇനിയും മറ്റു കവികളില്‍ നിന്ന് ഞാന്‍ വരികളുദ്ധരിക്കുന്നില്ല. ശ്രീ. ഓ. എന്‍. വി കുറുപ്പിലും, ശ്രീ. ഒളപ്പമണ്ണയിലും കാണാം ചങ്ങമ്പുഴയുടെ സ്വാധീനശക്തി. വചോവിന്യാസത്തിലുള്ള ഈ പരാധീനത ആ കവികളുടെ വ്യക്തിത്വമില്ലായ്മയെ ആണല്ലോ ഉദ്ഘോഷണം ചെയ്യുന്നത്.

ഓരോ പദവും അനുഭവങ്ങളില്‍നിന്നുണ്ടാകുന്ന സാഹചര്യാശയങ്ങളെ (association) ഉല്പാദിപ്പിക്കുന്നു. ആ പദങ്ങള്‍ പരിചിതമായിക്കഴിഞ്ഞാല്‍ അവ ഒരു മാനസികചിത്രത്തെയോ (Image) ആശയത്തെയോ ഉത്ഭവിപ്പിക്കാം. അല്ലെങ്കില്‍ വികാരമിളക്കിവിടാം. അതുമല്ലെങ്കില്‍ ഇതു രണ്ടും ചെയ്തെന്നുവരാം. ‘വിമാനം’ എന്ന പദം നോക്കൂ. ഒരു അന്‍പതുകൊല്ലം മുന്‍പാണെങ്കില്‍ ആ പദം ഉത്ഭവിപ്പിക്കുന്ന സാഹചര്യങ്ങളായ ആശയങ്ങള്‍ ഇന്നു സംജാതമാകുന്നവയില്‍നിന്ന് വ്യത്യസ്തമായിരുന്നു. അന്നാണെങ്കില്‍ ആകാശത്തില്‍ സഞ്ചരിക്കുക എന്ന അസാദ്ധ്യമായ കാര്യം സാദ്ധ്യമാക്കാനുള്ള നിഷ്പ്രയോജനങ്ങളായ ശ്രമങ്ങളാണ് മനസ്സിലുദിക്കുക ഇന്നാണെങ്കിലോ? വിമാനം കണ്ടിയ്യുള്ളവര്‍ക്കെല്ലാം അതിന്റെ സ്വരൂപം മനസ്സിലുണ്ടാകുന്നു. അതില്‍ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് അതിനോടു ബന്ധപ്പെട്ട വികാരങ്ങളും ഉണ്ടാകുന്നു.

പദങ്ങളുടെ സഹചര്യപരങ്ങളായ വസ്തുതകള്‍ അനുഭവങ്ങള്‍കൊണ്ടാണ് നിര്‍മ്മിതമായിരിക്കുന്നത്. ഈ അനുഭവം രണ്ടുവിധത്തിലാണ്. ബാഹ്യപ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അനുഭവം ഒന്ന്, നമ്മുടെ ഉള്ളിലുള്ള മറ്റൊരു ലോകത്തെ സംബന്ധിച്ച വികാരങ്ങള്‍, ചിന്തകള്‍ എന്നിവയോടുകൂടിയ നമ്മുടെ സത്വത്തെ സംബന്ധിച്ച ജ്ഞാനം രണ്ട്. ആദ്യത്തേതിനെ ഭൗതികമെന്നും രണ്ടാമത്തേതിനെ മാനസികമെന്നും നമുക്കു വിളിക്കാം. വെള്ളിമേഘങ്ങളെ നോക്കിയരുവികള്‍…എന്നാരംഭിക്കുന്ന പി. ഭാസ്കരന്റെ വരികളെ അവയ്ക്കു തുല്യമായി ഈ ലേഖകനെടുത്തുകാണിക്കുന്ന ചങ്ങമ്പുഴയുടെ വരികളുമായി സാദൃശ്യപ്പെടുത്തിനോക്കൂ. രണ്ടു ഭാഗങ്ങളിലേയും സാഹചര്യാശയങ്ങള്‍ ഭൗതിക പരിതഃസ്ഥിതിയില്‍നിന്ന് സ്വീകരിക്കപ്പെട്ടവയയാണെന്നു കാണാം. മേഘങ്ങളും കാടുകളും, അരുവികളുമെല്ലാം ബാഹ്യപ്രപഞ്ചത്തിലെ വസ്തുക്കളാണല്ലൊ? ചങ്ങമ്പുഴയുടെയും ഭാസ്കരന്റെയും വരികള്‍ മാനസികാനുഭവങ്ങളെ സ്പര്‍ശിക്കുന്നില്ല. ഇക്കാര്യവും രണ്ടു കവിതകളുടെയും വചോവിന്യാസക്രമം ഒന്നാണെന്നു സ്ഥാപിക്കുകയാണ്. വേറൊരുദാഹരണം നോക്കുക:


“കതിര്‍പൊഴിച്ചു പ്രഭാത പ്രഭാകരന്‍
പതിവുപോല്‍ കിഴക്കെത്തിടും പിന്നെയും
അതുലഹേമന്തയാമിനി മുന്നെപ്പോല്‍
പുതുനിലാവില്‍ കുളിച്ചുല്ലസിച്ചിടും
കിളികള്‍ പാടിടും, വല്ലികളാടിടും
കുളിരിളം തെന്നല്‍ പിന്നെയും വീശിടും
(ചങ്ങമ്പുഴ)

“ഇനിയും രാക്കള്‍ നിലാവുവിരിക്കു-
മിനിയും പൂക്കള്‍ കിനാവില്‍ച്ചിരിക്കും
ഇനിയും മാധവമാസങ്ങളെത്തി
വനതടങ്ങളില്‍ ചിത്രംവരക്കും.
ഇനിയും ശാരദ നീരദത്തോപ്പില്‍
മഴവില്ലിന്‍ വല്ലിപൂത്തുല്ലസിക്കും”
(പി. ഭാസ്ക്കരന്‍)

ശൈലിയുടെ ബാഹ്യസാദൃശ്യം മാത്രമല്ല, ഇവിടെ പ്രധാനം. ഈ ഉദാഹരണങ്ങളിലും അനുഭവങ്ങള്‍ ബാഹ്യപ്രപഞ്ചത്തില്‍നിന്ന് ഉത്ഭവിക്കുകയാണ്. മാനസികാനുഭവവുമായി അവയ്ക്ക് ബന്ധമില്ല. മാനസികചിത്രങ്ങള്‍ (Images) സൃഷ്ടിക്കുന്ന പദങ്ങളുടെ അനുപാതം, സൂചനാത്മകത, ശബ്ദസഞ്ചയത്തിന്റെ പ്രത്യേകത, പദങ്ങളുടെ പരിസഞ്ചിതശക്തി (Cumulative power) എന്നിങ്ങനെ പലകാര്യങ്ങളും പരിചിന്തനം ചെയ്യേണ്ടതുണ്ട്. അവയെല്ലാം ഇന്നത്തെ യുവകവികളുടെ ശൈലി ചങ്ങമ്പുഴ ശൈലിയുടെ അനുകരണമാണെന്നു തെളിയിക്കുകയും ചെയ്യും. പക്ഷെ, പരിമിതമായ സ്ഥലത്ത് അതെല്ലാം സാദ്ധ്യമല്ലല്ലോ? വ്യത്യസ്തങ്ങളായ ദൈര്‍ഘ്യമുള്ള പദങ്ങളുടെ അനുപാതവും വിന്യാസവും ശൈലിയെ സംബന്ധിച്ചിടത്തോളം സുപ്രധാനങ്ങളായ കാര്യങ്ങളാണ്. സംഗീതാതമകത്വമുള്ള ചെറിയ ചെറിയ പദങ്ങളാണ് ചങ്ങമ്പുഴ മിക്കവാറും ഉപയോഗിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ അനുകര്‍ത്താക്കളും അതില്‍നിന്ന് വിഭിന്നമല്ലെന്നു മുകളിലുദ്ധരിച്ച വരികള്‍ തെളിയിക്കും. പക്ഷേ ഒരു വ്യത്യാസം. ചങ്ങമ്പുഴയുടെ കാവ്യാനുഭൂതികള്‍ യഥാര്‍ത്ഥങ്ങളായതുകൊണ്ടു ശൈലിക്ക് മൌലികത്വം ഉണ്ട്. അനുകര്‍ത്താക്കള്‍ക്കു യഥാര്‍ഥമായ കാവ്യാനുഭൂതികളുണ്ടായിരുന്നുവെങ്കില്‍ അവര്‍ അനുകരണത്തിന് തുനിയുമായിരുന്നില്ല.

വാങ്ങ്മയ ചിത്രങ്ങള്‍

വാങ്ങ്മയചിത്രങ്ങളാണ് (Imagery)കവിതയ്ക്ക് ചൈതന്യവും സൌന്ദര്യവും നല്കുന്നതെന്നകാര്യം പരമാര്‍ത്ഥമാണ്. കവിയുടെ നിത്യന്തൃതനമായ ഭാവനാശക്തിക്കും വിഷയഗ്രഹണപാടവത്തിനും അവ നിദർശകങ്ങളായി പരിലസിക്കുന്നു. മൌലികത്വമുള്ള കവികളുടെ വാങ്ങ്മയചിത്രങ്ങള്‍ എല്ലായ്പോഴും ഹൃദയാവര്‍ജ്ജകങ്ങളായിരിക്കും. അവ കവിയുടെ അനുഭവത്തിന്റെ അഗാധതയിലേക് അനുവാചകനെ കൊണ്ടുചെല്ലുകയും ചെയ്യും. പക്ഷെ അതുണ്ടാകണമെങ്കില്‍ കവിയുടെ കാവ്യാനുഭൂതികള്‍ യഥാര്‍ത്ഥങ്ങളായിരിക്കണം. യഥാര്‍ത്ഥങ്ങളല്ലെങ്കിലോ? ചിത്രങ്ങള്‍ (Images) വശീകരണക്ഷമങ്ങളായിരിക്കുകയില്ല. അവയ്ക്കു പ്രതിപാദ്യവിഷയത്തില്‍ പ്രകാശം പ്രസരിപ്പിക്കുന്നതിന് സാധിക്കുകയുമില്ല. അപ്പോള്‍ വാങ്ങ്മയ ചിത്രങ്ങളുടെ ഹൃദയസ്പര്‍ശകത്വം കൊണ്ട് നമുക്കു കവിയുടെ മൌലികത്വത്തിന്റെ മാറ്റുരച്ചു നോക്കാന്‍കഴിയും.

കവിയുടെ വ്യക്തിത്വമാണ് കവിതയൂടെ പ്രഭവസ്ഥാനം. ആ വ്യക്തിത്വത്തില്‍ അയാള്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം അടിഞ്ഞുകിടക്കുകയാണ്. മാത്രമല്ല; അയാള്‍ സങ്കല്പ്പിച്ചതും യുക്തികൊണ്ട് നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നതുമായ എല്ലാ കാര്യങ്ങളും അവിടെ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ഈ വ്യക്തിത്വത്തില്‍നിന്നു ജനിക്കുന്ന കവിത കവിയുടെ അനുഭവശതങ്ങളെയും നിഗമനങ്ങളെയും ചിത്രീകരിക്കുന്നു. മാനസിക ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കവിക്ക് പ്രാഗല്ഭ്യമുണ്ട്. ഈ പ്രാഗല്ഭ്യം, കവിയുടെ വ്യക്തിത്വത്തില്‍നിന്ന് ജനിക്കുന്ന സ്മരണകള്‍ക്കും അവഗമനങ്ങള്‍ക്കും (Perception) രൂപം കൊടുക്കുന്നു. അങ്ങനെ സംജാതമാകുന്ന ചിത്രങ്ങള്‍ മനോരഞ്ജകങ്ങളായിരിക്കും. കാരണം കവിയുടെ യഥാര്‍ത്ഥമായ അനുഭവം അവയ്ക്കു വര്‍ണ്ണശബളിമ നല്കുന്നുവെന്നതുതന്നെ. ഇത് പ്രതിഭാസമ്പന്നനായ കവിയുടെ കാര്യമാണ്. യഥാര്‍ത്ഥമായ കാവ്യാനുഭൂതികളില്ലാത്ത അപ്രഗല്ഭരായ മാറ്റൊലിക്കവികള്‍ക്കാണെങ്കില്‍ വാങ്ങ്മയചിത്രങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിവുണ്ടാവുകയില്ല. അവര്‍ക്കു ഭാവനശാലികളുടെ ചിത്രങ്ങള്‍ കവര്‍ന്നെടുക്കുവാനേ സാദ്ധ്യമാകൂ. അസാധാരണമായ കവിത്വശക്തിയുള്ള കവികള്‍ സാഹിത്യരംഗത്തു പ്രത്യക്ഷപ്പെട്ടാല്‍ അവര്‍ കവിതാഭാസത്തിന്റെ (Pseudo Poetry) ജനനത്തിനു കാരണക്കാരാകുമെന്നതിന് ലോകസാഹിത്യ ചരിത്രം തന്നെ തെളിവാണ്. ഇംഗ്ലണ്ടിലെ ഉജ്ജ്വലഭാവനാത്മകമായ പുനരുദ്ധാനത്തിനുശേഷം (Romantic Revival) കവിത കവിതാഭാസത്തിലേക്കു തിരിയുകയാണ്. റോസറ്റി, മാറീസ്, സ്വിന്‍ബേണ്‍, എന്നിവരിലാരംഭിക്കുന്ന കവിതയുടെ അധ:പതനം അതിന്റെ ശോചനീയാവസ്ഥയിലെത്തുന്നത് ഡൌഡണ്‍, മിഡില്‍ട്ട്ന്‍, എഡ്മണ്ട് ജാണ്‍, സ്റ്റീഫന്‍ഫിലിപ്പ്സ്, ഏ. ഈ. ഫൌസ്മാന്‍,ആലീസ് മെയ്നല്‍, വൈല്‍ഡ്, ആര്‍തര്‍ സിമണ്‍സ് എന്നിവരുടെ കവിതകളിലാണ്.

ഇവരെ ഡിക്കേഡന്റ് കവികളായാണ് ഇന്ന് പരിഗണിക്കുന്നത്. മലയാളഭാഷയിലെ സ്ഥിതിയും വ്യത്യസ്തമല്ല.

സുവ്യക്തങ്ങളും ഉജ്വ്വലങ്ങളുമായ മാനസികചിത്രങ്ങള്‍കൊണ്ട് രമണീയമാണ് ചങ്ങമ്പുഴക്കവിതകള്‍. അവ പ്രതിപാദ്യവിഷയത്തെ എങ്ങനെ ഗ്രഹിച്ചുവെന്നതിനെ നിശ്ചിതത്വത്തോടും ശക്തിവിഷേഷത്തോടും നമുക്കനുഭവപ്പെടുത്തി തരുന്നു എന്നതിനാലാണ് ആ ചിത്രങ്ങളുടെ വിജയമിരിക്കുന്നത്. അവയൊന്നും നമ്മുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് അകന്നുനില്ക്കുന്നതല്ല. ചിത്രങ്ങളുടെ ഉള്ളടക്കം നമുക്കു പരിചിതമാണെങ്കിലും അത് അവയുടെ നൂതനത്വത്തെ നശിപ്പിച്ചുകളയുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചിരപരിചിതങ്ങളായ സാമഗ്രികളില്‍ നിന്ന്, അത്ഭുതാവഹങ്ങളായ മാനസികചിത്രങ്ങള്‍ സൃഷ്ടിക്കുവാന്‍ മഹാകവികള്‍ക്കു കഴിവുണ്ട് എന്നു മുന്‍പു പറഞ്ഞുവല്ലോ.“ആരാമത്തിന്റെ രോമാഞ്ചം” എന്ന കല്പന നോക്കുക. ആരാമവും രോമാഞ്ചവും അനുവാചകന് പരിചിതങ്ങളല്ലാത്തവയുമല്ല. പക്ഷേ, പൂക്കളെ ആരാമത്തിന്റെ രോമാഞ്ചമായികവി സങ്കല്പിക്കുമ്പോള്‍ അത് അനുവാചകന്റെ ഹൃദയത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം രമണീയമായിരിക്കുന്നു. അതൊരു നവ്യകല്പനയാണെന്നും അനുവാചകന്‍ മനസ്സിലാക്കുന്നു. ഇങ്ങനെയുള്ള പുതിയ വാങ്മയചിത്രങ്ങൾ ചങ്ങമ്പുഴക്കവിതയിൽ ധാരാളം കാണാം. അതുകൊണ്ടുതന്നെയാണ് ചങ്ങമ്പുഴയെ നവ്യകാവ്യത്തിന്റെ ഉപജ്ഞാതാവായി കരുതുന്നതും. ഇംഗ്ലണ്ടില്‍ നവ്യകാവ്യമാരംഭിക്കുന്നത് ടി. എസ്സ്. എലിയട്ട് (T.S. Eliot)എന്ന മകാഹവിയുടെ രംഗപ്രവേശനത്തോടുകൂടിയാണല്ലോ. ലയത്തിനും വചോവിന്യാസത്തിനും മാത്രമല്ല വാങ്ങ്മയചിത്രങ്ങളിലും അഭിനവത്വം ആവഹിക്കുന്നവയാണ് റ്റി. എസ്. എലിയട്ടിന്റെ കവിതകള്‍. അദ്ദേഹത്തിന്റെ Love song of J. Alfred Prufrock എന്ന കവിത ആരംഭിക്കുന്നതു നോക്കുക:

“Let us go then you and I when the evening is
spread out against the sky
Like a patient etherised upon a table”

മൂര്‍ച്ഛാജനകമായ മരുന്നുകൊടുത്ത് മയക്കപ്പെട്ട് മേശമേല്‍ കിടത്തിയിരിക്കുന്ന രോഗിണിയെപ്പോലെ സായാഹ്നം അന്തരീക്ഷത്തില്‍ നീണ്ടുനിവര്‍ന്നു കിടന്നുമ്പോള്‍ …” ഈ കല്പന സര്‍വ്വഥാ ഹൃദയഹാരിയാണ്, പ്രകൃതത്തോട് യോജിക്കുന്നതുമാണ്. ടി. എസ്സ്,എലിയട്ടിനെ അനുകരിക്കുന്ന കവിമാനികള്‍ക്ക് സ്വതന്ത്രകല്പനകള്‍ കൊണ്ടു തങ്ങളുടെ കാവ്യങ്ങളെ സുന്ദരങ്ങളാക്കാന്‍ സാധിച്ചിട്ടില്ല. ആധുനികമലയാളകവിതയിലെ സ്ഥിതിയും ഇതു തന്നെയാണെന്ന് നിഷ്ക്ഷമിതികള്‍ക്കു കാണുവാന്‍ പ്രയാസമുണ്ടാകുകയില്ല. പക്ഷെ, പകര്‍ത്തിയെടുക്കുന്നതുകൊണ്ടു മാത്രം ആ വാങ്ങ്മയചിത്രങ്ങളുടെ ആകര്‍ഷകതയും ധ്വന്യാത്മകതയും നശിച്ചുപോകുന്നു. ഉത്തമമായ കവിതയിലെ വാങ്ങ്മയചിത്രങ്ങള്‍ ആ കവിതയിലെ അനുപേക്ഷണീയ ഘടങ്ങളായിരിക്കും. അവയ്ക്കു അവയുടേതായ രാമണീയകം കാണുമായിരിക്കും. എങ്കിലും ആ ചിത്രങ്ങള്‍ക്ക് കാവ്യത്തില്‍തന്നെ നില്ക്കാന്‍ കഴിയുകയില്ലെന്നുള്ളത് വാസ്തവമാണ്. അങ്ങനെയിരിക്കെ അവയെ അടര്‍ത്തിയെടുത്ത് മറ്റു കവിതകളില്‍ വെച്ചുകെട്ടിയാല്‍ അത് വൈരസ്യഹേതുകമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ?

ചങ്ങമ്പുഴക്കവിതകള്‍ അസാധാരണമായ സ്വാധീനശക്തി ചെലുത്തിയിട്ടുള്ളത് ശ്രീ. പി. ഭാസ്കരനിലാണ്. ചങ്ങമ്പുഴയുടെ പല വാങ്മയ ചിത്രങ്ങളെയും ശ്രീ. ഭാസ്കരന്‍ അതേ രീതിയില്‍ സ്വീകരിച്ചിട്ടുള്ളതായി കാണാം. ചങ്ങമ്പുഴ സങ്കല്പത്തെ വൃന്ദാവനമാക്കി കല്പിച്ചിട്ടുണ്ട്.

“എന്നുമെനിക്കുനിന്‍ സുന്ദരസങ്കല്പ
വൃന്ദാവനക്കളിര്‍ പൂന്തണലില്‍”
(ചങ്ങമ്പുഴ-സ്വരരാഗസുധ)

ഭാസ്കരന്റെ പ്രയോഗം നോക്കൂ:

“എന്നും വസന്തം മയങ്ങിക്കിടക്കുമെന്‍
സുന്ദര സങ്കല്പ വൃന്ദാവനങ്ങളില്‍”
(ഭാസ്കരന്റെ-ഓര്‍ക്കുക വല്ലപ്പോഴും)

വിശ്വാസത്തെ ദീപമായി രൂപണം ചെയ്യുന്നുണ്ട് ചങ്ങമ്പുഴ

“വിശ്വപ്രകൃതിതന്‍ മുന്നില്‍ഭദ്ര
വിശ്വാസദീപത്തിന്‍ മുന്നില്‍”
(ചങ്ങമ്പുഴ-രമണന്‍)

ശ്രീ. ഭാസ്കരനാകട്ടെ അതിനെ തെല്ലൊന്നു മാറ്റി ഇങ്ങനെ പ്രയോഗിക്കുന്നു.

“നിദ്രാവിഹീനമായ് രാത്രികള്‍-വിശ്വാസ
ഭദ്രദീപം പൊലിഞ്ഞുപോയ് പ്രാണനില്‍”
(ഭാസ്കരന്‍-തിരിച്ചുതരുന്നു)‌

‘ജീവിതം തളിരിടുന്നതും’ ‘ആദര്‍ശ’ങ്ങള്‍ ചെണ്ടിട്ടു നില്ക്കുന്നതുമെല്ലാം ചങ്ങമ്പുഴക്കവിതകളില്‍ ധാരാളം കാണാവുന്നവയാണ്. മാറ്റൊലിക്കവിയായ ശ്രീ. ഭാസ്കരനും അവ പ്രയോഗിക്കാതിരിക്കാന്‍ സാദ്ധ്യമല്ല.

തളിരിട്ടുനില്ക്കുന്ന ജീവിതം നിത്യമ
ത്തണലിന്‍സമാഗംമൂലം
(ചങ്ങമ്പുഴ-സങ്കല്പകാന്തി)
ഭുവനവാടിയില്‍ ജീവിതത്തിന്റെ
പവിഴമല്ലികള്‍ വീണ്ടും തളിര്‍ക്കും
(ഭാസ്ക്കരന്‍-പാടുന്ന മണല്‍തരികള്‍)
കണ്ടുനാം തെല്ലുനേരമൊരായിരം
ചെണ്ടിട്ടുനില്‍ക്കുന്ന പൊന്നിന്‍ കിനാവുകള്‍
(ചങ്ങമ്പുഴ-സ്പന്ദിക്കുന്ന അസ്ഥിമാടം)
കണ്ടു ഞാന്‍ പൂര്‍ണ്ണതമാമകാദര്‍ശങ്ങള്‍
(ഭാസ്കരന്‍-ഓര്‍ക്കുക വല്ലപ്പോഴും)

ചങ്ങമ്പുഴക്കവിതകളില്‍നിന്ന് ശ്രീ. ഭാസ്കരന്‍ അറിഞ്ഞോ അറിയാതെയോ സ്വീകരിച്ചിട്ടുള്ള അനേകം കുല്പനകളില്‍ ഏതാനും ചിലതാണ് ഞാന്‍ മുകളില്‍ എടുത്തുകാണിച്ചിട്ടുള്ളത്. ഇനി ശ്രീ. വയലാര്‍ രാമവര്‍മ്മയുടെ കവിത പരിശോധിക്കാം. സ്വതന്ത്രകല്പനകള്‍ രാമവര്‍മ്മയുടെ കവിതകളില്‍ കാണുമായിരിക്കും. എങ്കിലും ഭൂരിപക്ഷവും ചങ്ങമ്പുഴക്കവിതകളില്‍നിന്ന് സ്വീകൃതങ്ങളാണെന്നു പറയുന്നതിന് എനിക്കു മടിയില്ല. ഉദാഹരണങ്ങള്‍: കാമിനിമാരുടെ മന്ദസ്മിതത്തെ പൂക്കളായി രൂപണം ചെയ്യുന്ന സമ്പ്രദായത്തില്‍ നവീനതയില്ലായിരിക്കാം. എങ്കിലും ചങ്ങമ്പുഴയാണ് അത് പ്രചരിപ്പിച്ചതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

“അത്തളിര്‍ച്ചുണ്ടില്‍ നിന്നോമനപ്പുഞ്ചിരി-
പ്പിച്ചക പൂക്കളടര്‍ന്നുവീഴും”

എന്ന് ചങ്ങമ്പുഴ പ്രയോഗിച്ചിട്ടുണ്ട്. ശ്രീ. രാമവര്‍മ്മയെ വല്ലാതെ ആകര്‍ഷിച്ച ചിത്രമാണിത്. അതുകൊണ്ടായിരിക്കാം ‘ആയിഷയി’ല്‍ അത് വീണ്ടും വീണ്ടും പ്രയോഗിക്കുവാന്‍ അദ്ദേഹം സന്നദ്ധനായത്.

കൊച്ചുപാവാടത്തുമ്പില്‍-
കൈതെറുത്തവള്‍ ചുണ്ടില്‍
പിച്ചകപ്പൂവിതളുമായ് പറയും മറുപടി”
(ആയിഷ)
പിറ്റേന്നുപുലര്‍ച്ചയ്ക്കു കാത്തിരുന്നു ഞാന്‍ ചുണ്ടില്‍
പിച്ചകപ്പൂവുംകൊണ്ടന്നായിഷയണഞ്ഞില്ല.

(ആയിഷ)

ഭാവനാദാരിദ്രം കൊണ്ടായിരിക്കുകയില്ല ശ്രീ. രാമവര്‍മ്മ ഈ കല്പന പിന്നെയും പിന്നെയും ആവര്‍ത്തിക്കുന്നത്. കേള്‍ക്കുക. പക്ഷേ പിച്ചകപ്പൂവിനെ മുല്ലപ്പൂവാക്കുന്നു എന്നൊരു വ്യത്യാസമുണ്ട്.

“കണ്ടില്ല വീണ്ടുംനമ്മള്‍ കാത്തിരുന്നു ഞാനെന്റെ
ചുണ്ടിലെ മുല്ലപ്പൂക്കളറുത്തില്ലാരും പിന്നെ”

(രാമവര്‍മ്മ-മുളങ്കാട്)

ചങ്ങമ്പുഴ പൂക്കളെ രോമാഞ്ചമായി കല്പിച്ചു. ചങ്ങമ്പുഴയ്ക്കുശേഷം കവിതയെഴുതുകയും ചില പ്രത്യേകസൌകര്യങ്ങളാല്‍ പ്രസിദ്ധരാകുകയും ചെയ്തിട്ടുള്ള കവികള്‍ക്ക് അതൊരു സൗകര്യമായി. അവര്‍ രോമാഞ്ചത്തെ പൂക്കളായി നിരൂപണം ചെയ്തുതുടങ്ങി. പലരുടേയും ആരാധ്യപുരുഷനായ ശ്രീ. വയലാര്‍ രാമവര്‍മ്മ ഇതെങ്ങനെ സാധിക്കുന്നുവെന്നു നോക്കുന്നത് രസാവഹമായിരിക്കും.

ഞാനതിന്നടുത്തെത്തി കൊച്ചോടക്കുഴലൂതും
പ്രാണനില്‍ കുനുന്നനെ പൂങ്കുത്തും രോമാഞ്ചങ്ങള്‍”
(വയലാര്‍-ആയിഷ)
“പുതിയതാം ചലനങ്ങളില്‍ നാമ്പിടും നാടിന്റെ
പുളകങ്ങള്‍ കരളിന്റെ നാഡികളില്‍ പൂക്കവേ”
(വയലാര്‍-നാടിന്റെ നാദം)

ഒരു കവിയുടെ വാങ്ങ്മയചിത്രത്തെ മറ്റൊരു കവി മാറ്റിമറിച്ച് പ്രയോഗിക്കുന്ന രീതിയാണ് ഇവിടെ നാം ദര്‍ശിക്കുന്നത്. അല്ലെങ്കില്‍ എന്തിനങ്ങനെ വ്യാഖ്യാനിക്കണം. ചങ്ങമ്പുഴതന്നെ ഇതുപോലെ പ്രയോഗിച്ചിട്ടുണ്ടല്ലോ.

“അങ്ങയെ ദൂരത്തെങ്ങോ കണ്ടപ്പോഴേക്കുംതന്നെ-
യിങ്ങിതാ പുളകത്താല്‍ മൊട്ടിടാന്‍ തുടങ്ങി ഞാന്‍”
(ചങ്ങമ്പുഴ-സങ്കല്പകാന്തി)
“ഓമല്‍പ്പുളകം തളിര്‍ക്കും”
(ചങ്ങമ്പുഴ-സ്പന്ദിക്കുന്ന അസ്ഥിമാടം)

ആകസ്മികമായി ഉണ്ടാകുന്ന വികാരക്ഷോഭങ്ങളെ അനുവാചകഹൃദയത്തിലേക്ക് പകരുന്നതിന് ചങ്ങമ്പുഴ സ്വീകരിച്ചിട്ടുള്ള ഒരു കല്പനയാണ് തന്റെ ഹൃദയത്തില്‍ മിന്നല്‍പ്പിണരുകള്‍ പാഞ്ഞുവെന്നത്. ഉദ്യാനലക്ഷ്മിയെന്ന കവിതയില്‍ അദ്ദേഹമത് ഹൃദയഹാരിയായ മട്ടില്‍ പ്രയോഗിക്കുന്നുമുണ്ട്. തന്റെ നയനങ്ങള്‍ക്ക് പീയുഷധാരയായിരുന്ന ഉദ്യാനലക്ഷ്മി മറ്റൊരുവന്റെ പ്രാണേശ്വരിയായിത്തീര്‍ന്നുവെന്ന് അറിഞ്ഞയുടനെ കവി പറയുകയാണ്

“സിരകളൊരുമിച്ചൊന്നലഞ്ഞു ഹാ പെട്ടെ-
നിരുളിലുലകം വീണടിഞ്ഞതായ് തോന്നിമേ
അവളിലനുരാഗമില്ലെങ്കിലും മിന്നിയെ-
ന്നകതളിരിലഞ്ചാറു മിന്നല്‍പ്പിണരുകള്‍”

മിന്നല്‍പ്പിണരുകള്‍ മിന്നുന്ന ഈ ചിത്രവും വയലാര്‍ രാമവര്‍മ്മയ്ക്കു വലിയ ഇഷ്ടമായിരിക്കണം. അല്ലെങ്കില്‍ സഹൃദയന് ഉദ്വേഗം ജനിപ്പിക്കുന്ന രീതിയില്‍ അത് ആവര്‍ത്തിക്കുവാനുള്ള ചങ്കൂറ്റം അദ്ദേഹത്തിനുണ്ടാവുകയില്ലല്ലോ?

“ആയിഷ മിന്നല്‍പ്പിണര്‍ച്ചുറ്റുകള്‍ മറിഞ്ഞെന്നി-
ലായിരം പല്‍ച്ചക്രങ്ങള്‍ തിരിഞ്ഞു തലച്ചോറില്‍”
ആയിഷ മിന്നല്‍പ്പിണരുകള്‍പോലെന്നി-
ലായിരം രംഗങ്ങള്‍ കത്തിക്കടന്നുപോയ്”
“ആളിപ്പടര്‍ന്നു ഹൃദയത്തിലന്നവള്‍-
ക്കായിരം വെള്ളിടിവാളിന്‍ ചുരുളുകള്‍”
(ആയിഷ)

ഭാവനാദാരിദ്രം അതിന്റെ പരമകോടിയിലെത്തുകയാണിവിടെ. പലരും വാഴ്ത്താറുള്ള ‘ആയിഷ’ എന്ന കൃതി വായിച്ചുകഴിഞ്ഞപ്പോള്‍ ‘ചോര’യുടെ സഹിക്കാന്‍ വയ്യാത്ത ദുര്‍ഗ്ഗന്ധം മാത്രമാണ് ഈ ലേഖകന്റെ മൂക്കില്‍തങ്ങിനിന്നത്. ശ്രീ. രാമവര്‍മ്മയുടെ കൃതികളില്‍ ‘ചോര’ എന്ന പദം എത്ര പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടെന്ന് ഒരു കണക്കെടുക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. ഒന്നു തീര്‍ച്ച; അദ്ദേഹത്തെക്കാള്‍ കൂടുതലായി മറ്റാരും ആ വാക്ക് ഉപയോഗിച്ചിരിക്കുകയില്ല ഒ. എന്‍.വി.കുറുപ്പ് ഒരു പക്ഷേ മത്സരിക്കുമോ? ആവോ:

ചങ്ങമ്പുഴയുടെ വചോവിന്യാസക്രമവും വാങ്ങ്മയചിത്രങ്ങളും മാറ്റിവെച്ചാല്‍ ഈ “വിശ്വോത്തരകൃതിയില്‍” എന്തുണ്ടെന്ന് ഈ ലേഖകന്‍ വിനയപൂര്‍വ്വം ചോദിച്ചുകൊള്ളട്ടെ. ഒരു കവി കാവ്യജീവിമാരംഭിക്കുമ്പോള്‍ മറ്റൊരു കവിയെ അനുകരിക്കുന്നത് ക്ഷന്തവ്യമാണ്. പക്ഷേ മൌലികനായ കവിയെന്ന് സ്വയം വിചാരിക്കുകയും മറ്റുള്ളവരാല്‍ വാഴ്ത്തപ്പെടുകയും ചെയ്യുന്ന ഘട്ടത്തിലും ആ അനുകരണാഭിലാഷത്തില്‍നിന്ന് രക്ഷപ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിനെക്കാള്‍ അധിക്ഷേപാര്‍ഹമായി മറ്റെന്തുണ്ട്? ചങ്ങമ്പുഴയുടെ ആ പൂമാല എന്ന കവിത വായിക്കാത്തവരില്ലല്ലോ? ശ്രീ. രാമവര്‍മ്മയുടെ താഴെക്കൊടുക്കുന്ന വരികളെ ആ “പൂമാല”യുടെ ആദ്യഭാഗത്തോട് തട്ടിച്ചുനോക്കുക.

“നാലണയ്ക്കൊരു പിഞ്ചുകുഞ്ഞിനെ
നാണി വിറ്റതാണിന്നാലെ
ആറണയ്ക്കിനി നിന്റെ പെണ്നിനെ
ആരുവാങ്ങുമീ ചന്തയില്‍
അന്തിതന്‍ ശോണരേഖമാഞ്ഞുതെ-
ല്ലന്തരീക്ഷമിരുളാവേ
ആ വിശാല നഗരസീമയി-
ലാളൊഴിഞ്ഞൊരു മൂലയില്‍
ആ വഴിക്കാരുകേള്‍ക്കുവാന്‍വേണ്ടി-
യാണുയര്‍ന്നതാ വാചകം”
(നാടിന്റെ നാദം)

“ആരുവാങ്ങുമിന്നാരുവാങ്ങുമീ
ആരാമത്തിന്റെ രോമാഞ്ചം”

എന്ന ചങ്ങമ്പുഴയുടെ വരികള്‍ക്ക്

“ആരുവാങ്ങുമിന്നാരുവാങ്ങുമീ
യാരോമല്‍ തന്ന മുറീബീടി”

എന്ന് ആരോ എഴുതിയ പരിഹാസകവനത്തെക്കാള്‍ അവഹേളനാസ്പദമായി തോന്നുന്നില്ലേ, മേലുദ്ധരിച്ച രാമവര്‍മ്മയുടെ കവിതാഭാഗം.

“അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിന്‍ സുസ്മിതം
പൂര്‍വ്വദിങ്ങ് മുഖത്തിങ്കലൊക്കെയും
പൂവിതളൊളി വീശുമ്പോള്‍”

എന്ന ചങ്ങമ്പുഴയുടെ വരികളിലൂടെ പ്രതിദ്ധ്വനിയായിട്ടല്ലേ വയലാറിന്റെ

അന്തിതന്‍ ശോണരേഖ മാഞ്ഞു-
തെല്ലന്തരീക്ഷമിളകവേ?

എന്ന വരികള്‍ നമുക്കു തോന്നുക? ഇനി രാമവര്‍മ്മയുടെ സ്വതന്ത്ര കല്പനകളാണെങ്കിലോ? അവ ഇതിലും കഷ്ടം. ശ്രീ. ഉള്ളൂര്‍ പരമേശ്വരയ്യരാണ്, മോട്ടോറും, ഏറോപ്ലെയിനും, പെട്രോളും മറ്റും സാഹിത്യത്തില്‍ ഇറക്കുമതി ചെയ്തത്. രാമവര്‍മ്മ ആ വിഷയത്തില്‍ ഉള്ളൂരിനെപ്പോലും പരാജയപ്പെടുത്തിയിരിക്കുന്നു. ഒരു ഉദാഹരണം:

“നാടിന്റെ കരള്‍ക്കൂടു വെന്തെരിഞ്ഞെറിയുവാന്‍
നാഗസാക്കിയില്‍വീണ തീവെടിക്കതിനകള്‍
മേലണിഞ്ഞിരുന്നപോലോരോരോ കുരുശുകള്‍
ഈലോകസംഹാരത്തിൻ ട്രേയ്ഡുമാര്‍ക്കുകള്‍
പോലെ”

(വയലാര്‍-മുളങ്കാട്)

എന്തൊരു ദയനീയസ്ഥിതിയാണിതെന്ന് ചിന്തിച്ചു നോക്കുക. ഇതെല്ലാം കവിതയാണെന്ന് അംഗീകരിക്കുന്ന ഒരു കാലഘട്ടം എന്നെങ്കിലും സമാഗതമാകുമോ? ഇതു് ഭാവനയല്ല. അതിന്റെ താഴത്തെ പടിയില്‍ നില്‍ക്കുന്ന സങ്കല്പമല്ല (Fancy)കവിതാഭാസം രചിക്കുന്ന കവിമാനികളുടെ ‘കണ്‍സീറ്റുകളുമല്ല’ (Conceits*) അതിലും ഹീനമായ മറ്റെന്തോ ആണിത്.

ശ്രീ. ഓ. എന്‍. വി. കുറുപ്പിന്റെ കവിതകളിലേക്കു നമുക്കിനി കണ്ണോടിക്കാം. സ്വപ്നസദൃശ്യമായ ലോകത്തിലേക്കുയര്‍ന്നുചെന്നു് അവിടത്തെ മനംമയക്കുന്ന “മഞ്ജീരശിഞ്ജിതങ്ങള്‍” കേള്‍ക്കുവാനും അനുപമങ്ങളായ സാങ്കല്പിക മേഖലകളില്‍ അലഞ്ഞു നടക്കുവാനും റൊമാന്റിക്കു കവികള്‍ വലിയ അഭിനിവേശം പ്രദര്‍ശിപ്പിക്കാറുണ്ട്. തങ്കക്കിനാക്കളോടും സ്വപ്നമേഖലകളോടും അതുകൊണ്ട് അവര്‍ക്കു വല്ലാത്ത പ്രതിപത്തിയുണ്ട്. റൊമാന്റിസിസത്തിന്റെ സാരാംശമെന്നു കരുതാവുന്ന ചങ്ങമ്പുഴക്കവിതകളില്‍ തങ്കക്കിനാക്കളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ധാരാളമുണ്ട്. പൊരുതുന്ന കവിയായ ഒ. എന്‍ .വി. യും തങ്കകിനാക്കളെ താലോലിക്കുകയാണ്.

“നീയൊരു മോഹന സ്വപ്നമായെൻ
ഭാവനയിങ്കൽ തെളിഞ്ഞിരുന്നു”

എന്ന് ചങ്ങമ്പുഴയും

“മധുര സ്വപ്നമായ് വരികയായി നീ
മധുനുകര്‍ന്നയേ മദീയ ചേതന”

എന്ന് ഒ. എന്‍. വി. യും പ്രയോഗിക്കുന്നതു് യാദൃച്ഛികമായി സംഭവിച്ചുപോയതാണെന്നു വരില്ല. കാരണം ചങ്ങമ്പുഴയുടെ വാങ്മയ ചിത്രങ്ങള്‍ ഒ. എന്‍. വി. യുടെ കവിതകളില്‍ ധാരാളമായി ഉണ്ടെന്നതാണ്. കവിതാകാമിനിയുടെ “കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങുന്നത് ചങ്ങമ്പുഴ കണ്ടിട്ടുണ്ട്. അപ്പോള്‍ സ്വപ്നങ്ങള്‍ വിടരുന്ന നീലിച്ച കണ്‍പോളകള്‍” ഒ. എന്‍. വി. എങ്ങനെ കാണാതിരിക്കും? അദ്ദേഹത്തിന്റെ താഴെ ചേര്‍ക്കുന്ന വരികള്‍ രചനാരീതിയിലും വാങ്മയ ചിത്രങ്ങളിലും ചങ്ങമ്പുഴക്കവിതയോടു സാദൃശ്യം വഹിക്കുന്നവയാണെന്ന് ആര്‍ക്കും മനസ്സിലാക്കാം.

പൊട്ടിവിടരും പുല്‍ക്കൂമ്പുതോറും
മൊട്ടിട്ടുനില്‍ക്കുന്ന പുഞ്ചിരികള്‍
ശോണം മനോഹരചക്രവാള
സീമയില്‍സ്വപ്നങ്ങള്‍ നെയ്തുനെയ്തു
മാടിവിളിക്കുമാ മാരിവില്ലും
ആടിക്കളിക്കുമിപ്പൂങ്കുലയും
പാടിപ്പറക്കുമിപ്പൈങ്കിളിയും
പാടങ്ങള്‍ ചൂടുംകതിര്‍ക്കുലയും
പൊട്ടിച്ചിരിക്കുകയാണെന്റെ ചുറ്റും
നൃത്തങ്ങള്‍–ഗാനങ്ങള്‍–പുഞ്ചിരികള്‍

“പുതുമൂടല്‍ മഞ്ഞല പുറത്തുവീണ കുന്നുകള്‍” ചങ്ങമ്പുഴക്കവിതയിലുണ്ടെങ്കില്‍ “മഞ്ഞുകുപ്പായങ്ങളെ മൂടിനില്ക്കുന്ന കുന്നുകളെ” ഒ. എന്‍. വി. യുടെ കവിതയിലും കാണാം.

[1]

ക്ഷണികമായ എന്തിനെയും മാരിവില്ലിനോട് ഉപമിക്കുന്ന ഒരു സമ്പ്രദായം ചങ്ങമ്പുഴയ്ക്കു വളരെ ഇഷ്ടമാണ്.

“മഞ്ജൂമഞ്ഞു നീര്‍ത്തുള്ളിപോല്‍മിന്നി
മങ്ങിടുന്നൊരിജ്ജീവിതം
മാരിവില്ലുപോല്‍ മാഞ്ഞുമാഞ്ഞുപോം
മായികമാമിജ്ജീവിതം”

എന്ന നാലുവരികള്‍ അനുവാചകഹൃദയത്തിലുത്ഭവിപ്പിക്കുന്ന ചിത്രങ്ങള്‍ സൂചനാത്മകതയുള്ളവയും സൂക്ഷ്മസ്വഭാവത്തോടുകൂടിയവയുമാണ്. മഞ്ഞുതുള്ളിയുടെ ചിത്രവും മാരിവില്ലിന്റെ ചിത്രവും ജീവിതത്തിന്റെ ക്ഷണികസ്വഭാവത്തെ ദ്യോതിപ്പിക്കുന്നതിനു ഉപകരിക്കുന്നു. എന്നാല്‍

“അരിയമാരിവില്ലൊളികണക്കിനെ
അരികില്‍നിന്നു നീ മറയുമങ്ങനെ”

എന്ന് ഒ. എന്‍.വി. പറയുമ്പോള്‍ എന്തോ ന്യൂനതയുണ്ടെന്ന് നമുക്കനുഭവപ്പെടുന്നില്ലേ? ചങ്ങമ്പുഴയുടെ വരികള്‍ ജീവിതത്തിന്റെ നശ്വരതയെ ചൊല്ലിയുള്ളതും ഒ. എന്‍.വി.യുടേത്’ മാളവികയെക്കുറിച്ചുള്ളതുമാണെന്നകാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. എങ്കിലും ചങ്ങമ്പുഴക്കവിത ജനിപ്പിക്കുന്ന ചിത്രങ്ങള്‍ക്കുള്ള മുദ്രണശക്തി രണ്ടാമത്തേതിന് ഇല്ലെന്നു പറയേണ്ടിയിരിക്കുന്നു.

പ്രതീക്ഷകളും സ്മരണകളും മൊട്ടിട്ടു നില്ക്കുന്നുവെന്നു ചങ്ങമ്പുഴ പലപ്പോഴും പ്രയോഗിച്ചിട്ടുള്ളതില്‍ നൂതനത്വമില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ചങ്ങമ്പുഴയുടെ കാവ്യശൈലിയെക്കൂടിഅനുകരിക്കുന്ന ഒ. എന്‍. വി.യും അങ്ങനെ പറഞ്ഞാല്‍ അത് അനുകരണമാണെണ് സംശയിച്ചുപോകും.

“മുറ്റുമെന്നോമല്‍ പ്രതീക്ഷകള്‍ മേല്‍ക്കുമേല്‍
മൊട്ടിട്ടുപോകും വസന്താഗമോത്സവം”
(ചങ്ങമ്പുഴ)

“..മുഗ്ധസങ്കല്പങ്ങള്‍ തന്‍
കരിമൊട്ടുകള്‍ കരിഞ്ഞടരുന്നതു കണ്ടു”
(ഒ. എന്‍.വി.)

മൊട്ടിട്ടുനില്ക്കും മധുരസ്മൃതികള്‍ തന്‍
പുഷ്ടപ്രസന്നമാം പൂങ്കാവനികയില്‍”
(ചങ്ങമ്പുഴ)

“മറയുന്നീലാസ്വപ്നം അല്ലല്ലനിന്നിലെഴും
മധുരിതസ്മരണകള്‍തന്‍ മടുമലരുകള്‍’
(ഒ. എന്‍.വി.)

ഇതുപോലെയുള്ള ഉദാഹരണങ്ങള്‍ ഇനിയും എത്ര വേണമെങ്കിലും എടുത്തുകാണിക്കാം. പക്ഷേ പരിമിതമായ സ്ഥലത്ത് അത് സാദ്ധ്യമല്ലല്ലോ? ഒ. എന്‍.വി. ചിലപ്പോള്‍ സ്വതന്ത്രകല്പനകള്‍ക്കു യത്നിക്കാറുണ്ട്. പലപ്പോഴും പരാജയമായിരിക്കും ഫലം. ഒരുദാഹരണം ഞാന്‍ നല്‍കിക്കൊള്ളട്ടെ. നക്ഷത്രങ്ങളെ വര്‍ണ്ണിക്കുകയാണ് കവി.

“അങ്കിള്‍ സാം ദുര്‍മ്മോഹത്താല്‍ വിതറും വിഫലമാം
തങ്കനാണ്യങ്ങള്‍പോലെ വിളറീ നക്ഷത്രങ്ങള്‍”

അമേരിക്കന്‍ ഗവര്‍മ്മേണ്ടാണ് ഈ “അങ്കിള്‍സാം” അതറിയാന്‍ പാടില്ലാത്തവര്‍ക്ക് ഈ വരികളുടെ അര്‍ത്ഥം മനസ്സിലാകുകയില്ലെന്നതുപോകട്ടെ. ഒ. എന്‍. വി. യുടെ ഈ കവിതാഭാഗം ഉത്പാദിപ്പിക്കുന്ന മാനസിക ചിത്രങ്ങള്‍ക്കു പ്രതിപാദ്യവസ്തുവില്‍ വെളിച്ചം വീശാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ചിന്തിച്ചുനോക്കുക. അനുവാചകനില്‍ അടിച്ചേല്പപിക്കണമെന്ന ഉദ്ദേശ്യത്തോടെമാത്രം നിര്‍മ്മിക്കപ്പെടുന്ന മാനസിക ചിത്രങ്ങള്‍ ഇന്നത്തെ കവിതയില്‍ ധാരാളമുണ്ട്. അവയിലൊന്നാണിത്.

വെണ്മണിക്കവിതകളുടെ പാരമ്പര്യം പുലര്‍ത്തുന്ന ഒളപ്പമെണ്ണ, അക്കിത്തം മുതലായവരുടെ സ്ഥിതിയും മേല്പറഞ്ഞതില്‍നിന്ന് വ്യത്യസ്തമല്ല. സ്വപ്നങ്ങളും ചിന്തകളും സങ്കല്പങ്ങളും ചിറകുവിടര്‍ത്തി വിഹായസ്സിലേക്കുയര്‍ന്നു എന്നുള്ള കല്പനയ്ക്കു പ്രചാരം വരുത്തിയത് ചങ്ങമ്പുഴയാണ്. അദ്ദേഹത്തിന്റെ ചില വരികള്‍:

“ഭാവനാപ്പൂഞ്ചിറകേവം വിരിച്ചുഞാ-
നേതെല്ലാം ലോകം കടന്നുപോയി”
“ഇതുവരേയും തല ചാച്ചുറങ്ങിയ
തണലിലെന്‍ സുഖസ്വപ്നങ്ങളൊക്കെയും
ഉലകില്‍ നാകം രചിച്ചുപൊടുന്നനേ
ചിറകടിച്ചു പറന്നു മറഞ്ഞുപോയ്”

മാറ്റൊലിക്കവിയായ ഒളപ്പമെണ്ണ ഒരു സങ്കോചവും കൂതാതെ പ്രയോഗിക്കുന്നതു നോക്കൂ.

“കനകസ്വപ്നം നിന്നുടെ കരളില്‍
കുഞ്ഞിച്ചിറകുവിരുത്തുമ്പോള്‍
(കിലുങ്ങുന്ന കയ്യാമം)
“കനകച്ചിറകു വിരുത്തുകയായി
കര്‍ഷകരില്‍ച്ചില സ്വപ്നങ്ങള്‍”
(കിലുങ്ങുന്ന കയ്യാമം)

എന്തൊരു ദാസ്യമനോഭാവമാണിത്! ഏകാന്തതയേയും ആദര്‍ശത്തെയും വീണയായി നിരൂപണം ചെയ്തിട്ടുണ്ട് ചങ്ങമ്പുഴ. ഒളപ്പമണ്ണയ്ക്കു ആ കല്പനയെ അതേ രീതിയില്‍ പകര്‍ത്തുവാന്‍ തെല്ലും ശങ്കയില്ല.

ആകമ്രമായൊരദ്ദര്‍ശനത്താലെനി-
യ്ക്കേകാന്തതയൊരുവീണയായി
മന്ദമെൻചിന്തകള്‍ മീട്ടുകയാണതിന്‍
സ്പന്ദനരഞ്ജിതതന്ത്രികകള്‍
(ചങ്ങമ്പുഴ-സ്പന്ദിക്കുന്ന അസ്ഥിമാടം)
ഏകാന്തതയുടെ വീണയിലവ്യക്ത രാഗ-
മുറയുമാദ്ദിക്കില്‍

(ഒളപ്പമെണ്ണ:റബ്ബര്‍ വൈഫും മറ്റു കവിതകളും)

ചങ്ങമ്പുഴയില്‍നിന്ന് എടുക്കുന്ന കല്പനകള്‍ മാറ്റിവെച്ചാല്‍ ഒളപ്പമണ്ണയുടെ കവിതയില്‍ ശേഷിക്കുന്നത് നിന്ദ്യവും ബീഭത്സങ്ങളുമായ ചില കല്പനാഭാസങ്ങളാണ്. താന്‍ വിവാഹംചെയ്ത സ്ത്രീ കുറുമ്പിയാണെങ്കിലും അവളില്‍ ഗുണങ്ങളുണ്ടായിരിക്കാമെന്നതിനെ കവിയായ ഒളപ്പമണ്ണ അലങ്കാരത്തിലൂടെ വിശദീകരിക്കുന്നതിന്റെ സൌന്ദര്യം നോക്കുക.

“ഞാനൊരു കിറുക്കനായ് മാറിയിട്ടില്ലിപ്പോഴും
ചാണകം തൂറ്റും പയ്യില്‍പ്പാലുണ്ടെന്നറിയുന്നു”

ഇതാ മറ്റൊരു ചിത്രം:

“…അവളോടു കിടക്കാന്‍ പറഞ്ഞു ഞാന്‍
ഓമലാള്‍ കക്ഷംകാട്ടി മലര്‍ന്നു കിടക്കുന്നു”
(റബര്‍ വൈഫും മറ്റു കവിതകളും)

ഇതില്‍പരം ജുഗുപ്സാവഹമായി മറ്റെന്തെങ്കിലും സങ്കല്പിക്കാന്‍ സാദ്ധ്യമാകുമോ?

മാനസികചിത്രങ്ങള്‍ കവിതയില്‍ നിവേശിപ്പിക്കുന്ന രീതികള്‍ ഓരോ കവിയ്ക്കും വിഭിന്നങ്ങളാണ്. ലളിതങ്ങളോ സങ്കീര്‍ണ്ണങ്ങളോ ആയ ചിത്രങ്ങള്‍ ഒന്നിനൊന്ന് ആയി അടുക്കിവെക്കാം. അവ ആകെപ്പാടെയുള്ള ഒരു ചിത്രത്തിന്റെ പ്രതീതിയുണ്ടാക്കും. ജി. ശങ്കരക്കുറുപ്പിന്റെ ‘ചന്ദ്രക്കല’ എന്ന കവിത നോക്കുക. അത് അനേകം മാനസികചിത്രങ്ങള്‍ നമ്മിലുദിപ്പിക്കുന്നു. അവയില്‍നിന്ന് രംഗത്തിന്റെ ഭാവനാത്മകമായ ഒരു ചിത്രം നാം നിര്‍മ്മിച്ചെടുക്കുകയാണ്. ഇതിനെ ക്രമാനുഗതസമ്പ്രദായമെന്ന് വിളിക്കാം. ജി. മിക്കവാറും ഈ മാര്‍ഗ്ഗമാണംഗീകരിക്കുക. മറ്റു ചില കവികള്‍ ഒരേ മാനസികചിത്രത്തെ വ്യത്യസ്തമായ മറ്റൊരു പ്രധാന ചിത്രത്തോടൊരുമിച്ച് ആവര്‍ത്തിക്കുന്നു. ഇതിനെ ആവര്‍ത്തനസമ്പ്രദായമെന്നു പറയും. ഉള്ളൂരിന്റെ കവിതകളില്‍ ഈ മാര്‍ഗ്ഗം വിദഗ്ദ്ധമായി പ്രയോഗിച്ചിരിക്കുന്നു. അടുത്തത് ധ്വന്യാത്മകമാര്‍ഗ്ഗമാണ്. ഒരു മാനസികചിത്രംകൊണ്ട് മറ്റനേകം മാനസികചിത്രങ്ങളെ ധ്വനിപ്പിക്കുക എന്നതാണ് ഇതിന്റെ രീതി. ‘ആരാമത്തിന്റെ രോമാഞ്ചം’ എന്നു കേള്‍ക്കുമ്പോള്‍, ആരാമത്തിന്റെയും രോമാഞ്ചത്തിന്റെയും മാനസികചിത്രങ്ങള്‍ നമ്മില്‍ ഉണ്ടാകുന്നു പക്ഷേ, അത് ഇവിടെ അവസാനിക്കുന്നില്ല. രോമാഞ്ചം എന്ന പദം അതിനോടു ബന്ധപ്പെട്ട അനേകം ചിത്രങ്ങളുടെ പ്രതീതി അനുവാചകനിലുളവാക്കുന്നു. ഇന്നത്തെ കവികള്‍ ചങ്ങമ്പുഴയുടെ വാങ്മയചിത്രങ്ങള്‍ പകര്‍ത്തുന്നതുകൊണ്ട് സ്വാഭാവികമായി ഈ മാര്‍ഗ്ഗംതന്നെയാണ് അംഗീകരിച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ അവതരിപ്പിക്കുന്ന രീതിയും വ്യത്യസ്തങ്ങളാണ്. ഒരു പദംകൊണ്ടോ പദസമൂഹംകൊണ്ടോ ഒരു ഏകാത്മകബോധം ഉണ്ടാക്കാം.

“അരിയമാരിവില്ലൊളി കണക്കിനെ
അരികില്‍നിന്നു നീ മറയുമങ്ങനെ”

എന്ന വാങ്മയചിത്രം ഇതുപൊലെ ഒരു ഏകാത്മകതബോധം ഉളവാക്കുകയാണ്. ഇതിനെ ഛായാഗ്രഹണമാര്‍ഗ്ഗമെന്ന് പറയാം. ഒരു ചിത്രം അതിനടുത്തു വരുന്ന പദങ്ങളോട് ചേര്‍ത്തുചേര്‍ത്തു മറ്റൊരു പ്രത്യേകചിത്രം നിര്‍മ്മിക്കുന്ന സമ്പ്രദായമുണ്ട്. ഇതിനെ ഉല്‍ഗ്രഥനമാര്‍ഗ്ഗമെന്നു വിളിക്കുന്നു. ഒരു വസ്തുവിന്റെ യഥാര്‍ത്ഥസ്വഭാവത്തെ അതേരീതിയില്‍ ആവിഷ്കരിക്കാതെ അതു മാറിക്കൊണ്ടി

രിക്കുന്ന രീതിയില്‍ ചിത്രീകരിക്കാം. ആദ്യം അവതരിപ്പിക്കപ്പെട്ടപോലെ അത് നില്ക്കുന്നില്ല. പുതിയപുതിയ അംശങ്ങള്‍ ചേര്‍ക്കുന്നതോടുകൂടി അത് മാറിവരുന്നു.

താനേ തിരിഞ്ഞും മറിഞ്ഞും കിടക്കയാ-
ണീനേരമൊക്കെ തുടിക്കും കരളുമായ്

(ജി-ചന്ദ്രക്കല)

കടലിനെ വര്‍ണ്ണിക്കുകയാണ് കവി. ആദ്യം അത് തിരിയുന്ന ചിത്രം; ഉടനെ അത് മറയുന്ന മറ്റൊരു ചിത്രം; അതിന്റെ കരള്‍ തുടിക്കുന്ന വേറൊരു ചിത്രം. ആകെക്കൂടി ഒരു ചിത്രം നിര്‍മ്മിക്കുവാന്‍ മാത്രമല്ല, നിര്‍മ്മാണവസരത്തില്‍തന്നെ മാനസികചിത്രത്തെ മാറ്റിക്കൊണ്ടുപോകുവാനും അനുവാചകന്‍ നിര്‍ബ്ബന്ധിതനാണു. ഇതിനെ ചലനാത്മകമാര്‍ഗ്ഗമെന്നു പറയാം. ചങ്ങമ്പുഴയ്ക്കു ആദ്യം പറഞ്ഞ ഛായാഗ്രഹണമാര്‍ഗ്ഗമാണിഷ്ടം. സാമൂഹികവ്യവസ്ഥിതി മാറ്റാന്‍ അനവരതം പ്രയത്നിച്ചുകൊണ്ടിരുന്ന മയകോവ്സ്ക്കിയെപ്പോലുള്ള കവികള്‍ ചലനാത്മകമാര്‍ഗ്ഗത്തെയാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യരായ നമ്മുടെ കവികളും ആ മാര്‍ഗ്ഗംതന്നെയാണ് അംഗീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ കാര്യമതല്ല. റൊമാന്റിൿ കവിയായ ചങ്ങമ്പുഴയുടെ ഛായാഗ്രഹണമാര്‍ഗ്ഗമേ ഈ റിയലിസ്റ്റ് കവികള്‍ക്കു ഹിതമായി തോന്നുന്നുള്ളൂ. അനുകരണക്കാര്‍ക്കു മറ്റെന്തു സാധിക്കും?

ചങ്ങമ്പുഴയ്ക്കുശേഷം കവിതകളെഴുതുകയും പ്രസിദ്ധരാകുകയും ചെയ്തിട്ടുള്ള ഓരോ കവിയുടെയും സ്വതന്ത്ര കല്പനകള്‍ അപഹസിക്കപ്പെടേണ്ടവയാണെന്നു പറയാന്‍ എനിയ്ക്കു ഭയമില്ല. അനേകം ചിത്രങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ അവയെ സങ്കലനം ചെയ്യുവാന്‍ കെല്പില്ലാതെ ഇന്നത്തെ കവികള്‍ കുഴങ്ങുന്നതു കാണാം. വിരുദ്ധങ്ങളായ അംശങ്ങളെപ്പോലും ഇണക്കാനുതകുന്ന ഭാവനയുടെ രഞ്ജന പ്രവണത ഈ കവികളില്‍ ദൃശ്യമല്ല. ചൂടുപിടിച്ച ഭാവനയല്ല, മഞ്ഞുകട്ടപോലെ തണുത്ത സങ്കല്പങ്ങളാണ് (Cold fancy) ഇവരുടേത്. അവയുടെ പുറകില്‍ വികാരങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്നത് വ്യര്‍ത്ഥമാണ്. അര്‍ത്ഥശൂന്യങ്ങളും ഭ്രമജനകങ്ങളുമാണ് അവരുടെ വാങ്മയചിത്രങ്ങള്‍. മറ്റു പരിഗണനകള്‍വെച്ചുകൊണ്ട് അവയെ അഭിനന്ദിക്കുന്നതും ആദരിക്കുന്നതും ഉചിതജ്ഞതയുടെ ലക്ഷണങ്ങളല്ല.


  1. *കണ്‍സീറ്റ്=കല്പനാഭാസം