കണ്ണീരൊലിച്ച ഓണദിനം
കണ്ണീരൊലിച്ച ഓണദിനം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | വിശ്വസുന്ദരി; വൃദ്ധരതി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഇംപ്രിന്റ് |
വര്‍ഷം |
1996 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 76 (ആദ്യ പതിപ്പ്) |
പ്രാഗ് പട്ടണത്തിലാണു ജനിച്ചതെങ്കിലും അമേരിക്കന്‍ ഐക്യനാടുകളില്‍ സ്ഥിരമായി പാര്‍ക്കുന്ന റ്റെന്നിസ് കളിക്കാരി മാര്‍ട്ടീന നവ്രത്തിലോവ (Martina Navaratilova)തുടര്‍ച്ചയായി പത്തിലധികം തവണ വിംബല്‍ഡന്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. പത്രഭാഷയില്‍ ‘കിരീടം ചൂടിയ ’ ഈ റ്റെന്നിസ് രാജ്ഞിയെ ഭദ്രാസനത്തില്‍നിന്നു ഗളഹസ്തം ചെയ്തു പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ റ്റെന്നിസ് കളിക്കാരിയായ സ്റ്റെഫീഗ്രാഫ് (Steffi Graf). കളിയുടെ അവസാനത്തില്‍ നെറ്റിന് അടുത്തെത്തി പുഞ്ചിരിയോടെ സ്റ്റെഫിയുടെ കൈയില്‍ തട്ടിയിട്ടു മാര്‍ട്ടീന പോയതു ഞാന്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്. സ്റ്റെഫിയുടെ ഉള്ളംകൈയിലുള്ള മൃദുലാഘാതം സ്നേഹത്തിന്റേതാണോ? അല്ല. ഒരു വികാരത്തെ പണിപ്പെട്ട് ഉള്ളിലടക്കിക്കൊണ്ട് അതിനെ സമീകരിക്കാന്‍വേണ്ടി ഉപരിതലത്തില്‍ മറ്റൊരു വികാരത്തെ പ്രദര്‍ശിപ്പിക്കലാണത്. സ്റ്റെഫിയോട് തോന്നിയ വെറുപ്പ് എന്ന വികാരത്തെ സ്നേഹവികാരമാക്കി മാറ്റുന്നു മാര്‍ട്ടീന.
നമ്മുടെ നിത്യജീവിതത്തിലാകെയുണ്ട് ഈ പ്രകടനം. പ്രതിയോഗിയോടു നമുക്കു ശത്രുത. അയാളോടു സംസാരിക്കേണ്ടതായി വന്നാല്‍ വിനയപ്രകടനം. ചിലപ്പോള്‍ അയാളുടെ കൈപിടിച്ചു കുലുക്കുകയും ചെയ്യും. വ്യക്തിക്കു സ്വഭാവദൗര്‍ബല്യം കൂടിയാല്‍ അതിരുകടന്ന സ്നേഹപ്രദര്‍ശനം ഉണ്ടായിയെന്നും വരും. ആരും വഴക്കിനു വരരുതേ. സന്താനങ്ങള്‍ക്കു പൊതുവേ അച്ഛനമ്മമാരോടു വെറുപ്പാണ്. ആ വെറുപ്പിനെ അന്തരംഗത്തില്‍ ഒതുക്കിക്കൊണ്ട് അവര്‍ മാതാപിതാക്കളോടു സ്നേഹം കാണിക്കുന്നു. ദൗര്‍ബല്യം സന്താനങ്ങള്‍ക്കു കൂടുമ്പോള്‍ സ്നേഹപ്രകടനവും കൂടുന്നു. വ്യഭിചാരിയും മദ്യപാനുമാണ് അച്ഛനെന്നു മകനു നല്ലപോലെ അറിയാം. അയാള്‍ രതോപകാരിയായി വര്‍ത്തിച്ച പല സന്ദര്‍ഭങ്ങള്‍ മകന് കണ്ടിട്ടുമുണ്ട്. പക്ഷേ, എന്റെ അച്ഛനെപ്പോലെ മാന്യനായ വേറൊരാള് ഇല്ലെന്ന് അയാള്‍ മറ്റുള്ളവരോടു പറയും. ആ പിതാവുമരിച്ചാല്‍ പിന്നെ പറയാനുമില്ല.
‘താരകാ മണിമാല ചാര്‍ത്തിയാലതും കൊള്ളാം
കാറണിച്ചെളിനീളെപ്പുരണ്ടാലതും കൊള്ളാം
ഇല്ലിഹ സംഗം ലേപമെന്നിവ; സമസ്വച്ഛ-
മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്’
എന്നാണ് അവരുടെ മട്ട്. ആരെങ്കിലും മുഖഭാവംകൊണ്ട് ആ പ്രശംസ ശരിയല്ലെന്നു സൂചിപ്പിച്ചാല്‍ ‘ച്ചെല്ലുവിന്‍ ഭവാന്മാരെന് ഗുരുവിന് നികടത്തില്‍’ എന്നുവരെ പറഞ്ഞുകളയും. ‘അല്ലായ്കില് അവിടുത്തെച്ചരിത്രം വായിക്കുവിന്‍’ എന്ന് അയാള്‍ക്കു പറയാനാവില്ല. കാരണം, അച്ഛന്റെ ചരിത്രം തനിക്കെന്നപോലെ മാലോകര്‍ക്കും അറിയാമെന്നതു മകനും അറിയാമെന്നതുതന്നെയാണ്. എനിക്ക് ഈ കാപട്യം വയ്യ. അതുകൊണ്ട് എന്റെ പിതാവിനെ ‘വെള്ളയടിച്ചു’ കാണിക്കാന്‍ മനസ് അനുമതി തരുന്നില്ല. ആ വ്യക്തിയുടെ നൃശംസതയാല്‍ ഒരു തിരുവോണദിനത്തില്‍ ഞാനും മറ്റുള്ളവരും പട്ടിണി കിടന്നതു പ്രിയപ്പെട്ട വായനക്കാരെ അറിയിക്കാന്‍ എനിക്കു താല്പര്യം തന്നെയുണ്ട്.
നാടകം തുടങ്ങുകയാണ്. നാടകത്തിന്റെ ആദ്യഭാഗത്തു കഥാപാത്രങ്ങളെക്കുറിച്ചു പറയുമല്ലോ. അതുകൊണ്ട് ഈ നാടകത്തിലെ പ്രധാന കഥാപാത്രത്തെ ഞാനും അവതരിപ്പിക്കട്ടെ.
- ശരീരം:നല്ല വെളുപ്പ്. സ്ഥൂലിച്ചത്.
- കണ്ണുകള്‍:രക്തരൂഷിതങ്ങള്‍.
- പൊക്കം: അഞ്ചടി എട്ടിഞ്ച്.
- കാലുകള്‍: നിലത്തുറയ്ക്കുന്നില്ല.
- കഴുത്ത്: തടിച്ചത്.
- മീശ: പറ്റെ വെട്ടിയത്.
- നോട്ടം: രൗദ്രം.
- പ്രസരിപ്പിക്കുന്ന ഗന്ധം: പല തരത്തിലുള്ള മദ്യങ്ങള്‍ സങ്കലനം ചെയ്താല്‍ ഉണ്ടാവുന്നത്.
കഥാപാത്രം വരാന്തയില്‍ കയറിയയുടനെ കണ്ടതു സനാതന ധര്‍മ്മവിദ്യാലയത്തില്‍ പഠിക്കുന്ന എന്നെയാണ്. ഒഴിവുദിനമായതുകൊണ്ടു സ്കൂളില്‍ പോകാതെ ഞാന്‍ വരാന്തയില്‍ ആലസ്യത്തോടെ നില്‍ക്കുകയായിരുന്നു. എന്നെ കണ്ടപാടേ കഥാപാത്രത്തിന്റെ കണ്ണുകള്‍ കൂടുതല്‍ രക്തച്ഛവിയാര്‍ന്നു.
‘എന്തെടാ പട്ടീ…മോനെ സ്കൂളില്‍ പോകാത്തത്?’
എന്ന് അവ്യക്താക്ഷരങ്ങളില്‍ ഒരു ചോദ്യം ചോദിച്ചുകൊണ്ടു കാലുമടക്കി ഒരടി. ഒറ്റക്കാലില്‍ നിന്നുകൊണ്ടുള്ള അടി. ഞാന്‍ ‘അയ്യോ’ എന്ന നിലവിളിയോടുകൂടി താഴെ വീണു. അഴിഞ്ഞുപോയ മുണ്ട് ഒരുമാതിരി വലിച്ചു ചുറ്റിക്കൊണ്ടു കഥാപാത്രം അകത്തേക്കു കടന്നപ്പോള്‍ അമ്മ അടുത്ത ദിവസത്തെ തിരുവോണദിനത്തിന് അടപ്പായസമുണ്ടാക്കാനായി ചില ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ‘അവളുടെ ഒരടപ്പായസം’ എന്നു കൂടുതല്‍ അവ്യക്തതയോടെ ഒരു പ്രസ്താവം. ‘ഇത് എന്തൊരു പാട്!’ എന്നോ മറ്റോ അവര്‍ പറഞ്ഞതേയുള്ളൂ. ചാരുകസേരയുടെ തുണിയില്‍ രണ്ടറ്റവും ഇട്ട കമ്പുകളില്‍ ഒന്നൂരിക്കൊണ്ടു കഥാപാത്രം അടുക്കളയില്‍ കയറി എല്ലാം തല്ലിപ്പൊട്ടിച്ചു. മുന്‍വശത്തെ മുറിയില്‍ അലമാരിയില്‍ അടുക്കി വച്ചിരുന്ന എല്ലാ സ്ഫടികപ്പാത്രങ്ങളും വലിച്ചുവാരി താഴെയിട്ട് അടിച്ചതകര്‍ത്തു. ചിലതു മുറ്റത്തേക്ക് എറിഞ്ഞു. എറിഞ്ഞവയില്‍ പലതും പൊട്ടിയില്ലെന്നു കണ്ടപ്പോള്‍ ആ സമയത്തു പെയ്ത ചെറിയ മഴയില്‍ നിന്നു രക്ഷ പ്രാപിക്കാനായി കുട നിവര്‍ത്തിപ്പിടിച്ചുകൊണ്ടു കഥാപാത്രം മുറ്റത്തേക്കു ഓടി. ചാരുകസേരക്കമ്പുകൊണ്ട് എല്ലാം തല്ലിത്തകര്‍ത്തു. വീണ്ടും ഭവനപ്രവേശം. മുണ്ടുകള്‍, ഷേര്‍ട്ടുകള്‍, ബ്ലൗസുകള്‍ ഇവയെല്ലാം വലിച്ചുകീറി. അതുകൊണ്ടും അരിശം തീരാഞ്ഞിട്ടവനപ്പുരചുറ്റും പാഞ്ഞുനടന്നില്ല. സ്വന്തം ഷേര്‍ട്ടിന്റെ കുടുക്കുകള്‍ ഊരാതെ താഴെനിന്ന്. ബലം പ്രയോഗിച്ച് ഒറ്റക്കീറല്‍. കീറിയ ഷര്‍ട്ട് എടുത്ത് അമ്മയുടെ മുഖത്തേക്കു എറിഞ്ഞു. എന്നിട്ട് ആ ‘ബനിയധരന്‍’ അയഞ്ഞ മുണ്ടോടുകൂടി തത്തംപള്ളി റോഡിലേക്ക് ഓടി. അവിടത്തെ ലഹരിയില്‍ മുഴുകാനാവാം എന്നു ഞാന്‍ വിചാരിച്ചു.
ഈ കുല്സിത പരാക്രമങ്ങളൊക്കെ നടത്തുമ്പോള്‍ ഞാന്‍ ഒളിച്ചുനില്ക്ക്കുകയായിരുന്നു. അല്ലെങ്കില്‍ വീണ്ടും ചവിട്ടു കിട്ടിയേനേ എനിക്ക്. സന്ധ്യയായി, രാത്രിയായി. പ്രകൃതി വെള്ളികൊണ്ടുണ്ടാക്കിയ ഒരു ഭാജനം നീലാന്തരീക്ഷത്തില്‍ തിളങ്ങി. അതില്‍ തുളുമ്പിനിന്ന നീലമുന്തിരിച്ചാറ് ക്ഷീരപഥങ്ങളിലേക്ക് ഒഴുകി. അവ കുടിച്ചു താരങ്ങള്‍ കണ്ണു ചിമ്മിക്കൊണ്ടിരുന്നു. പക്ഷേ, അവ പരാക്രമങ്ങള്‍ക്ക് ഒരുമ്പെട്ടില്ല. രാത്രിയായി. അതുവരെ ഒന്നും കഴിച്ചിട്ടില്ല. അമ്മ ചുരുണ്ടുകൂടി കിടക്കുന്നു. രാത്രി പന്ത്രണ്ടുമണിവരെ ഇരുന്നിട്ടു മുന്‍വശത്തെ കിണറ്റില്‍നിന്നു പച്ചവെള്ളം കോരിക്കുടിച്ചതിനുശേഷം ഞാന്‍ കിടന്നു. കുറെനേരം കഴിഞ്ഞപ്പോള്‍ ഞാന്‍ നിദ്രയിലമര്‍ന്നു. ഞാന്‍ പല സ്വപ്നങ്ങളും കണ്ടു കൂടെക്കൂടെ ഞെട്ടിയുണര്‍ന്നു. ഒരു സ്വപ്നം അന്നത്തെ തിരുവിതാംകൂര്‍ ദിവാനോട്– വാട്ട് സോ ഹബീബുള്ളയോ; ആരെന്ന് ഓര്‍മ്മയില്ല– മദ്യനിരോധനം ഏര്‍പ്പാടുത്താന്‍ ഞാന്‍ അദ്ദേഹത്തിന്റെ കാല്ക്കല് വീണ് അഭ്യര്‍ത്ഥിക്കുന്നതായിരുന്നു. ദിവാന്റെ പൊട്ടിച്ചിരി കേട്ടു ഞാന്‍ ഉണര്‍ന്നു. പിന്നെ ഉറങ്ങിയതുമില്ല.
ആരോ കിഴക്കുദിക്കില്‍ പനിനീര്‍പ്പൂക്കള്‍ വാരിയെറിഞ്ഞു. ആരെയും കാത്തുനില്ക്കാത്ത സൂര്യന് അന്തരീക്ഷത്തിന്റെ മധ്യഭാഗത്തായി. അതു പടിഞ്ഞാറോട്ടു ചരിഞ്ഞുതുടങ്ങി. കത്തിക്കാളുന്ന വിശപ്പോടുകൂടി ഞാന്‍ നാലു ഭാഗത്തും നോക്കി. നിശ്ശബ്ദത. അമ്മ അവിടെത്തന്നെ ചുരുണ്ടുകിടക്കുന്നു. കണ്ണീരൊലിക്കുന്ന തിരുവോണനാള്‍. ഞാന്‍ മെല്ലെ അടുത്ത വീട്ടിലേകൂ കയറി. ‘ആങ്, കൃഷ്ണന്‍കുട്ടിയോ വരൂ, ഇരിക്കൂ’ എന്നു ഗൃഹനായകന് സ്നേഹപൂര്‍വം വിളിച്ചപ്പോള്‍ ഒരു കപ്പ് പായസമെങ്കിലും അദ്ദേഹം തരുമെന്നു വിചാരിച്ചു ഞാന്‍ കള്ളച്ചിരി പൊഴിച്ചു വരാന്തയില്‍ കയറിയിരുന്നു. ഗൃഹനായകന് മറ്റു വിഷയങ്ങളെക്കുറിച്ചു മാത്രമേ സംസാരിക്കുന്നുള്ളുവെന്നു കണ്ടപ്പോള്‍ അക്കാലത്തെ പ്രശസ്തനായ അഭിനേതാവ് കുയില്‍ നാദം വേലുനായരുടെ മിത്രമായ അദ്ദേഹത്തോടു ഞാന്‍ ആ അഭിനേതാവിനെക്കുറിച്ചു ദുര്‍ബല ശബ്ദത്തില്‍ ചിലതെല്ലാം പറഞ്ഞുനോക്കി. ഫലമില്ല.
അപ്പോള്‍ അകത്തുനിന്നു ഗൃഹനായികയുടെ അമൃതവര്‍ഷം പോലുള്ള ചോദ്യം: കൃഷ്ണന്‍കുട്ടിക്ക് അടപ്പായസം വേണോ? ഞാന്‍ മറുപടി പറയുന്നതിനുമുന്‍പു ഗൃഹനായകന്: ‘എന്തെടീ ഔചിത്യമില്ലാത്ത ചോദ്യം. തിരുവോണമല്ലേ? എക്സൈസ് ഇന്‍സ്പെകടറുടെ വീടല്ലേ? കുറഞ്ഞതു നാലുപായസമെങ്കിലും ഇവന് കുടിച്ചിരിക്കും. ഉപദ്രവിക്കാതെ പയ്യനെ.’
എന്റെ മുഖം കര്‍ക്കടകമാസത്തിലെ അമാവാസിപോലെ തിരുവോണദിനത്തില്‍ കറുക്കുന്നതു ഗൃഹനായകന് കണ്ടില്ല. കുറെനേരംകൂടി അവിടെയിരുന്നിട്ടു ഞാന്‍ യാത്ര പറഞ്ഞു റോഡിലേക്കു ചെന്നു. തെക്കനാര്യട്ടെ തറയില്‍ വീട്ടില്‍ എക്സൈസ് ശിപായി വേലായുധന്‍പിള്ളയുണ്ട്. അദ്ദേഹത്തിന്റെ മകന് ഭാസ്കരപ്പണിക്കര് എനിക്കു റ്റ്യൂഷന് തരുന്നുണ്ടായിരുന്നു. സാറിനെ കാണാന്‍ വന്നതാണെന്നു കള്ളം പറയാമെന്നു കരുതി ഞാന്‍ തെക്കനാര്യട്ടേക്കു നടന്നു. ഏതാനും അടി മുന്‍പോട്ടു വച്ചുവെന്നേ എനിക്കോര്‍മ്മയുള്ളൂ. തലകറങ്ങി ഞാന്‍ റോഡിന്റെ നടക്കുതന്നെ വീണു. പിന്നെ എന്നെ വീട്ടിലെടുത്തുകൊണ്ടുവന്നത് ആരാണെന്ന് എനിക്കറിഞ്ഞുകൂടാ….
തിരുവോണദിനത്തില്‍ മഹാകവി ചോദിച്ചതുപോലെ എന്തിനെന് കണ്ണീരൊലിച്ചു? എന്തിന് ആഹാരമില്ലാതെ ഞന്‍ പുളയുകയും ആത്മഹനനത്തിന് ആഗ്രഹിക്കുകയും ചെയ്തു? ഉത്തരം നല്‍കേണ്ടതില്ല. ഒരു വ്യക്തിയുടെ ദുഷ്ടത അയാളെ ആശ്രയിക്കുന്ന പലരെയും നിരാലംബരാക്കും. “നിന് കുടിയൊഴിഞ്ഞീടണം അല്ലെങ്കില്‍ നിന്‍കുടി (പാര്‍പ്പിടം) ഞാന്‍ ഒഴിപ്പിക്കും’ എന്നു പറയാന്‍ കുട്ടികള്‍ക്കാവില്ല. പ്രായമാര്‍ന്ന ഗൃഹനായികമാര്‍ക്കും ആവില്ല. നമ്മുടെ സമൂഹത്തിന്റെ സ്ഥിതി അതാണ്.
തിരുവോണം കഴിഞ്ഞു മൂന്നോ നാലോ ദിവസത്തിനുശേഷം ഞാന്‍ സനാതന ധര്‍മ്മവിദ്യാലയത്തിലെ പറമ്പിലേക്കു ചെന്നു. സന്ധ്യ ഏഴുമണി. എന്റെ ഹെഡ്മാസ്റ്റര് മഞ്ചേരി രാമകൃഷ്ണയ്യരുടെ വീട്ടിലെ കര്‍ട്ടനിട്ട ജന്നലിനു പിറകെ ഒരു ദീപം പുഷ്പിച്ചിരിക്കുന്നു. ദീപത്തിനു പുറകെ ഒരാളിന്റെ അവ്യക്തരൂപം. സാറായിരിക്കാം. അദ്ദേഹം വായിക്കുകയാവാം. എഴുതുകയാവാം. എഴുതിയും പ്രസംഗിച്ചും ജനതയുടെ സംസ്കാരത്തെ വികസിപ്പിക്കുന്ന മഹാവ്യക്തി അദ്ദേഹത്തിന്റെ മുഖം സത്വഗുണപ്രധാനം. കണ്ണുകളില്‍ പ്രശാന്തത കുട്ടികളെ സ്നേഹപൂര്‍വം ‘കുഴന്തേ’ എന്ന് അദ്ദേഹം വിളിക്കുന്നതു ഞാന്‍ എത്ര തവണയാണു കേട്ടത്. എല്ലാവരും എന്റെ ഗുരുനാഥനെപ്പോലെ ആയെങ്കില്‍! എങ്കില്‍ തിരുവോണദിനങ്ങള്‍ മാത്രമല്ല മറ്റെല്ലാ ദിനങ്ങളും ചേതോഹരങ്ങളാകുമായിരുന്നു.
|
|
|