close
Sayahna Sayahna
Search

സൗന്ദര്യത്തിന്റെ ചക്രവാളം


സൗന്ദര്യത്തിന്റെ ചക്രവാളം
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആത്മാവിന്റെ ദര്‍പ്പണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1991
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ആത്മാവിന്റെ ദര്‍പ്പണം

നാത്‌സികളുടെ ആക്രമണം ലോകരാഷ്ടങ്ങളെ ബാധിച്ച രോഗമായിരുന്നു. ആ മഹാരോഗം കണ്ടു ലോലഹൃദയമുള്ള കലാകാരന്മാര്‍ പ്രതികരിച്ചു. ആ പ്രതികരണത്തിന്റെ ഫലമെന്നമട്ടില്‍ നോവലുകലും കാവ്യങ്ങളും ചിത്രങ്ങളും ഉണ്ടായി. പലതും ഇന്നു വിസ്മരിക്കപ്പെട്ടിരിക്കുന്നു. കാരണം നാത്‌സിസം അന്തര്‍ദ്ധാനം ചെയ്തപ്പോള്‍ അതു പ്രതിഫലിപ്പിച്ച കലാസൃഷ്ടികളും അന്തര്‍ദ്ധാനം ചെയ്തു എന്നതാണ്. നാത്‌സിസം അതിന്റെ കാലയളവില്‍ യാഥാതഥ്യമായിരുന്നു. ആ യാതാതഥ്യമില്ലാതെ ആയപ്പോള്‍ അതാവിഷ്കരിച്ച സൃഷ്ടികളും ഇല്ലാതെയായി. എങ്കിലും ചില ചിത്രങ്ങളും കാവ്യങ്ങളും നോവലുകളും ഇന്നും സഹൃദയരെ രസിപ്പിച്ചുകൊണ്ട് നിലനില്ക്കുന്നുണ്ട്. കലാസൃഷ്ടിയില്‍ രണ്ടംശങ്ങളുണ്ട്. കാലികമായ അംശവും കലയുടെ അംശവും. രണ്ടാമത്തേത്, ആദ്യത്തേതിനെ സജീവമായി ജയിച്ചടക്കിയാല്‍ ആ സൃഷ്ടിക്കു മരണമില്ല. അങ്ങനെ സജീവമായി വര്‍ത്തിക്കുന്ന ഉത്കൃഷ്ടമായ നോവലാണ് ചെക്ക് സാഹിത്യകാരനായ ബൊഹുമില്‍ ഹ്രാബാലിന്റെ (Hrabal) Closely Watched Trains എന്നത് മറ്റൊരു മഹാനായ ചെക്ക് സാഹിത്യകാരന്‍ Joseph skvorecky എഴുതിയ അവതാരികയോടുകൂടി Edith prageter ഇംഗ്ലീഷിലേക്കു തര്‍ജ്ജ്മചെയ്ത്തു പ്രസിദ്ധീകരിച്ച ഈ നോവല്‍ ഞാന്‍ കൗതുകത്തോടെ വായിച്ചു. അതിന്റെ മനോഹാരിതകണ്ട് രണ്ടു പരിവൃത്തികൂടി വായിച്ചു. രാഷ്ടാന്തരീയ പ്രശസ്തിയാര്‍ജ്ജിച്ച ചെക്ക് സാഹിത്യകാരന്‍ മീലാന്‍കുന്ദേര ഹ്രാബാലിനെക്കുറിച്ച് Our very best writer today എന്നു പറഞ്ഞത് ശരിയാണെന്നു തോന്നുകയും ചെയ്തു. വ്യക്തിനിഷ്ഠങ്ങളായ ഇഷ്ടാനിഷ്ടങ്ങള്‍ ആര്‍ക്കും കാണുമല്ലോ. നോബല്‍ സമ്മാനം ലഭിക്കാന്‍ യോഗ്യനെന്നു കരുതപ്പെടുന്ന കൂന്ദേരയെക്കാള്‍ മഹാനായ നോവലിസ്റ്റാണ് ഹ്രാബാലെന്ന് ഞാന്‍ കരുതുന്നു.

കഥ പറയുന്ന ഹ്രമ ജര്‍മ്മന്‍ സര്‍ക്കാരിന്റെ ആധിപത്യത്തില്‍ അമര്‍ന്ന ചെക്കോസ്ലൊവാക്യയിലെ ഒരു റെയ്ല്‍ റോഡ് സ്റ്റേഷനിലെ ജോലിക്കാരനാണ്. നോവലിന്റെ അവസാനത്തോട് അടുപ്പിച്ചു ധീരകൃത്യമനുഷ്ഠിച്ച അയാള്‍ക്കു ധീരതയെ സംബന്ധിച്ച പാരമ്പര്യം തന്നെയുണ്ട്. ഹ്രമയുടെ പ്രപിതാമഹന്‍ 1830-ലാണ് ജനിച്ചത്. 1848-ല്‍ അയാള്‍ പട്ടാളത്തിലെ ഉദ്യോഗസ്ഥനായി. ജര്‍മ്മന്‍ സൈന്യം അയാളുടെ നാട്ടിന്റെ അതിര്‍ത്തികടന്ന് പ്രാഗിലേയ്ക്കു നീങ്ങിയപ്പോള്‍ അവരെ നേരിടാന്‍ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മാന്ത്രിക വിദ്യ അനുഷ്ടിച്ചിരുന്ന അയാള്‍ മുന്നോട്ടു വന്ന ടാങ്കുകളുടെ നേര്‍ക്കുചെന്നു. കൈകള്‍ വിടര്‍ത്തി “തിരിയു. തിരിച്ചു പോകൂ” എന്ന ചിന്ത ജര്‍മ്മന്‍ സൈന്യത്തിലേക്കു പ്രസരിപ്പിച്ചു കൊണ്ടാണ് അയാള്‍ ടാങ്കുകളുടെ നേരെ ചെന്നത്. അയാളെക്കണ്ട് ആദ്യത്തെ ടാങ്ക് നില്ക്കുകയും ചെയ്തു. സൈന്യമാകെ നിന്നു. ഹ്രമയുടെ പ്രപിതാമഹന്‍ മുന്നിലെ ടാങ്കില്‍ തൊട്ടിട്ട് “തിരിയു, തിരിച്ചുപോകൂ” എന്ന അതേ വാക്കുകള്‍ ആവര്‍ത്തിച്ചു. ജര്‍മ്മന്‍ സൈനികോദ്യോഗസ്ഥന്‍ ആജ്ഞ നല്‍കി. ടാങ്കുകള്‍ മുന്നോട്ടുവന്നു. അയാള്‍ പിന്തിരിഞ്ഞില്ല. ടാങ്കു കയറി അയാളുടെ തല ചതഞ്ഞരഞ്ഞു.

അങ്ങനെ ചിലരുടെ ദൃഷ്ടിയില്‍ മണ്ടനോ മറ്റു ചിലരുടെ ദൃഷ്ടിയില്‍ ധീരനോ ആയിത്തീര്‍ന്നു ആ പ്രപിതാമഹന്‍. അയാളുടെ പേരക്കുട്ടിയായ ഹ്രമ കണങ്കൈയിലെ ഞരമ്പുകള്‍ മുറിച്ചു രക്തമൊഴുക്കി ആതമഹത്യക്കു ശ്രമിച്ചു. രണ്ടു കത്തികളാണ് അയാള്‍ എടുത്തത്. ഒരു കത്തി സ്റ്റൂളിന്റെ വിടവില്‍ വായ്ത്തല മുകളിലാക്കി തിരുകിവച്ചു എന്നിട്ട് വലതു കൈ കൊണ്ട് ഇടതു കണങ്കൈയിലെ ഞരമ്പുകള്‍ മുറിച്ചു. പിന്നീട് എല്ലാശക്തികളോടും കൂടി വലതുകൈ സ്റ്റൂളില്‍ വച്ച കത്തിയിലേക്ക് താഴ്ത്തി. ചൂടുവെള്ളം വരുന്ന ടാപ്പിനു താഴെ രണ്ടു കണങ്കൈയും കാണിച്ചു. ആദ്യം വെള്ളത്തിന് റോസ് നിറം. അതിനു ശേഷം അത് ചുവന്ന പെയിന്റ് പോലെയായി. അടുത്തെവിടെയോ ജോലി ചെയ്തിരുന്ന ഒരു കല്പണിക്കാരന്‍ തന്നെ ഉയര്‍ത്തിയെടുത്തതായി മാത്രം ഹ്രമയ്ക്ക് ഓര്‍മ്മയുണ്ട്. ചോരയുടെ ഈ ചെമന്ന നിറം കാണാന്‍ അയാള്‍ക്കെന്തേ കൗതുകം. റെയില്‍വേ ജോലിക്കാരനായ ഹ്രമയ്ക്ക് മാഷ എന്ന പെണ്‍കുട്ടിയോടൊരുമിച്ച് കമ്പിവേലി കെട്ടേണ്ടതായി വന്നു. അഞ്ചു മാസക്കാലം അവര്‍ മുഖത്തോടുമുഖം നോക്കി നിന്നു വേലി കെട്ടി. അവര്‍ അന്യോന്യം പറയാത്ത ഒരു കാര്യവുമില്ല. പക്ഷേ അവരുടെ ഇടയ്ക്ക് ആ വേലി എപ്പോഴുമുണ്ട്. ഒരു ദിവസം ചെമന്ന ചായമടിച്ച വേലിയുടെ ഇടയിലൂടെ അവര്‍ ചുംബിച്ചു. അതു കഴിഞ്ഞപ്പോള്‍ മാഷയുടെ വായില്‍ വേലിയിലെ ചായം. രണ്ടുപേരും ചിരിച്ചു. രണ്ടുപേരെയും അകറ്റി നിറുത്തുന്ന വേലി പോലെ ഒരു ശാരീരിക ദൗര്‍ബല്യം ഹ്രമയെ പ്രേമഭാജനത്തില്‍ നിന്ന് അകറ്റി നിറുത്തി. വേഴ്ചയ്ക്കു കഴിയുകയില്ല ഹ്രമയ്ക്ക്. ഞരമ്പുമുറിച്ച് വെള്ളം ചെമന്ന പെയിന്റ് പോലെയാക്കിയതിന്റെ മനഃശാസ്ത്രതത്ത്വം ഇപ്പോള്‍ വ്യക്തമായില്ലേ?

ഹ്രമ സ്റ്റേഷന്‍ മാസ്റ്ററുടെ ഭാര്യയുടെ അടുക്കലെത്തി പറഞ്ഞു: “I’ve come to ask you for your advice... The thing is, I‘ am’ a man, all right, but when I’ ve got to show that I am, then again, all atonce I’ am not a man.... According to the books I ve got ejaculatio praecox, you know” താന്‍ പുരുഷനാണോ എന്ന് അവള്‍ പരിശോധിക്കണം എന്നാണ് ഹ്രമയുടെ അപേക്ഷ. ‘I, am abrady in the change, എന്നു അവളുടെ മറുപടി.

ഹ്രമ പിന്നീട് ചെന്നത് വിക്ടോറിയ എന്ന യുവതിയുടെ അടുത്താണ്. അവളോട് അയാള്‍ പറഞ്ഞു: My name is Milos Hrama. You know, I slashed my veins because I’am supposed to be suffering from ejaculatio praecox, But it is’nt true. Oh, it’s true that I wilted like a lily with my girl, but between you and me I really am a man.”

ഹ്രമ പുരുഷന്‍ തന്നെയാണെന്നു വിക്ടോറിയ തെളിയിച്ചു. അങ്ങനെ അത്മധീരനായി അയാള്‍ നടന്നു. തന്റെ പട്ടണത്തിലേക്കു വരുന്ന ജര്‍മ്മന്‍ തീവണ്ടി — യുദ്ധോപകരണങ്ങള്‍ നിറച്ച തീവണ്ടി — അയാള്‍ ബോംബിട്ട് നശിപ്പിച്ചു, അതിനിടയില്‍ അയാള്‍ക്കു ഒരു ജര്‍മ്മന്‍ ഭടനില്‍ നിന്നു വെടിയേറ്റു. ഭടനെ അയാളും വെടിവച്ചു. ഹ്രമ അയാളെ കൈകൊണ്ടു പിടിച്ചു. നശിച്ച ജര്‍മ്മന്‍ സൈന്യത്തെ തന്റെ നാട്ടിലേക്കു നയിച്ച ‘ചീഫി’ന്റെ വാക്കുകള്‍ ആ മൃതദേഹത്തിന്റെ കേള്‍ക്കാന്‍ വയ്യാത്ത കാതുകളില്‍ ഹ്രമ പറഞ്ഞു: ‘നീ ചന്തിയുറപ്പിച്ച വീട്ടില്‍ത്തന്നെ ഇരിക്കേണ്ടതായിരുന്നു”

ധ്വജഭംഗം ശാരീരികമായ ആഘാതത്തിന്റെ ഫലമാണെങ്കിലും പലപ്പോഴും മാനസികാഘാതത്തിന്റെ ഫലവുമാണ്. മാനസികമായി ഉത്തേജനം അനുഭവപ്പെടുമെങ്കിലും ശരീരം അതനുസരിച്ച് പ്രവര്‍ത്തിക്കാതെയാവും. അതിനു കാരണം ‘ട്രോമ’ (trauma — വൈകാരികാഘാതം) തന്നെ. തന്റെ നാട്ടിനെ ജര്‍മ്മന്‍ സര്‍ക്കാര്‍ ആക്രമിച്ചു വശപ്പെടുത്തിയതിന്റെ ഫലമാവാം ഹ്രമയുടെ ധ്വജഭംഗം. സുപ്രധാനമായ മൂഹൂര്‍ത്തത്തില്‍ അയാള്‍ ലില്ലി പോലെ വാടുന്നു. തനിക്ക് യുദ്ധോപകരണങ്ങള്‍ നിറച്ച തീവണ്ടിയുടെ നടുവിലത്തെ ബോഗി ബോംബിട്ട് തകര്‍ക്കാനാവുമെന്ന് ഉറപ്പായപ്പോള്‍ അയാള്‍ക്കു വിക്ടോറിയയുമായി വേഴ്ചയ്ക്കു കഴിയുന്നു. റിഫ്ളെക്സിനെ തടസപ്പെടുത്തിയിരുന്ന മാനസിക ഘടങ്ങള്‍ മാറി എന്നര്‍ത്ഥം.

ഈ ദൗര്‍ബല്യം ഹ്രമയുടെ ദൗര്‍ബല്യം മാത്രമല്ല. അതു ചെക്കോസ്ളൊവാക്യയുടെ ആകെയുള്ള ധ്വജഭംഗമത്രേ. തന്റെ പുരുഷ്വത്വത്തെ അതിനു മുന്‍പുണ്ടായിരുന്ന പാരതന്ത്ര്യത്തില്‍ നിന്ന് ഇച്ഛാശക്തി കൊണ്ടു മോചിപ്പിച്ചതു പോലെ ചെക്കോസ്ലോവാക്യയും ദൗര്‍ബല്യത്തെ നിര്‍മ്മാജ്ജനം ചെയ്യണമെന്നാണ് ഹ്രാബാലിന്റെ അഭിപ്രായം. പിന്നെ ഓരോരുത്തരും സ്വന്തം നാട്ടില്‍ തന്നെ‘ചന്തിയുറപ്പിച്ച്’ ഇരുന്നാല്‍ യുദ്ധത്തിനിട വരില്ലെന്ന സമാധാന സന്ദേശം കൂടി അദ്ദേഹത്തിന് നല്കാനുണ്ട്.

സൗന്ദര്യാതിശയം കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന ആഖ്യാനമാണ് ഈ നോവലിനുള്ളതെന്ന് അവതാരികയില്‍ പറഞ്ഞിട്ടുണ്ട്. അതു ശരിയാണു താനും. ചിലവീടുകള്‍ വെളിയില്‍ നിന്നു നോക്കിയാല്‍ സുന്ദരങ്ങളായിരിക്കും. പക്ഷേ അകത്തു കയറിയാല്‍ വൈരൂപ്യം. ബാഹ്യദര്‍ശത്തിനു വിരൂപങ്ങളായി തോന്നുന്ന ഭവനങ്ങള്‍ താമസിക്കാന്‍ സുഖപ്രദങ്ങളായിരിക്കും. ബാഹ്യദര്‍ശനത്തിനും ആന്തരസൗകര്യത്തിനും ഒരുപോലെ പ്രധാന്യമുള്ള വീടുകളുമുണ്ട്. അമ്മട്ടില്‍ ഒരു ഭവനമാണ് ഹ്രാബാലിന്റെ ഈ നോവല്‍. രമണീയങ്ങളായ വര്‍ണ്ണനകള്‍ സൂക്ഷ്മസൂക്ഷ്മങ്ങളായ മനഃശാസ്ത്രതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അവ നമ്മളെ ആഹ്ളാദിപ്പിക്കും. വിസ്മയിപ്പിക്കും. ജര്‍മ്മന്‍ ആക്രമണം ഒരു കാലത്തെ യാഥാർത്ഥ്യം. അത് ഇന്ന് സ്മരണ മാത്രം. ഹ്രാബാലിന്റെ നോവല്‍ ആ സ്മരണയെ പുനരുല്പാദിപ്പിച്ച് ഹിറ്റ്‌ലറുടെ നൃശംസതയുടെ തീക്ഷ്ണതയെ ആവിഷ്കരിക്കുന്നു. അങ്ങനെ കാലികമായ അംശവും സൗന്ദര്യപരമായ അംശവും സമതുലിതാവസ്ഥയില്‍ ഇതില്‍ പ്രശോഭിക്കുന്നു. ചെക്കോസ്ലൊവാക്യയിലെ മഹാനായ നോവലിസ്റ്റ് മാത്രമല്ല ഹ്രാബാല്‍. അദ്ദേഹം വിശ്വസാഹിത്യത്തിലെ ഒരുജ്ജ്വല നക്ഷത്രമാണ്.