അന്യനും ആധുനികതയും
അന്യനും ആധുനികതയും | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്‌ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
ഫ്രഞ്ച് തത്ത്വചിന്തകന്‍ സാര്‍ത്രിന്റെ ‘ല നോസേ’ (La Nausee) എന്ന നോവല്‍ പരാജയമാണെന്നു സൂചിപ്പിച്ചുകൊണ്ട് ഫ്രഞ്ച് സാഹിത്യകാരന്‍ അല്‍ബേര്‍ കമ്യു എഴുതിയ പ്രബന്ധം ആരംഭിക്കുന്നത് ഇങ്ങനെയാണു്: — “A novel is never anything but a philosophy put into images. And, in a good novel, the whole of the philosophy has passed into the images. But if once the philosophy overflows the characters and action, and therefore looks like a lable stuck on the work, the plot loses its authenticity and the novel its life.” ബിംബാവലിയായി മാറ്റപ്പെടുന്ന തത്ത്വചിന്തയല്ലാതെ നോവല്‍ വേറൊന്നുമല്ല. നല്ല നോവലില്‍ തത്ത്വചിന്ത മുഴുവന്‍ ബിംബാവലിയായി മാറിയിരിക്കും. പക്ഷേ എപ്പോഴെങ്കിലും തത്ത്വചിന്ത കഥാപാത്രങ്ങളെയും ക്രിയാംശത്തെയും മുക്കിക്കളഞ്ഞാല്‍ കൃതിയില്‍ ഒട്ടിച്ചുവച്ച സൂചകപത്രംപോലെ അതു കാണപ്പെട്ടാല്‍, ഇതിവൃത്തത്തിന്റെ സത്യാത്മകത നഷ്ടപ്പെടും. നോവലില്‍ ജീവിതവുമില്ലാതാകും. ഇതാണു് കമ്യൂവിന്റെ അഭിപ്രായം. ഈ സാരസ്വത രഹസ്യം തന്റെ കൃതികള്‍ക്കുകൂടി യോജിക്കുമെന്നു് കമ്യൂ വിചാരിക്കാത്തതെന്താണു്? 1938-ലാണു് ‘ല നോസേ’ പ്രസിദ്ധപ്പെടുത്തിയതു്. ഇരുപതാം ശതാബ്ദത്തിലെ ആധുനിക സാഹിത്യത്തിന്റെ തുടക്കം കുറിക്കുന്ന കമ്യൂവിന്റെ The Stranger എന്ന നോവല്‍ 1942-ലാണു് ഫ്രാന്‍സില്‍ ആവിര്‍ഭവിച്ചത്. പ്രജ്ഞാപരത്വത്തിനെതിരായി, രാഷ്ട്രവ്യവഹാരത്തിനും മതത്തിനും എതിരായി പ്രത്യക്ഷപ്പെട്ട ഈ നോവല്‍ കമ്യൂവിന്റെ സവിശേഷതയാര്‍ന്ന തത്ത്വചിന്തയെത്തന്നെയാണ് സ്ഫുടീകരിക്കുന്നത്. പള്ളിക്കും സ്റ്റേറ്റിനും എതിരായി അദ്ദേഹം ശബ്ദമുയര്‍ത്തുമ്പോള്‍ കൃതിയിലൊട്ടിച്ചുവച്ച ലേബല്‍പോലെ ആ തത്ത്വചിന്തയ്ക്ക് പ്രകടനാത്മകതയുണ്ടു്. ഭാവനയിലൂടെ സൗന്ദര്യത്തിനു് രൂപം നല്കാനല്ല കമ്യൂ ശ്രമിച്ചത്. സ്വന്തം തത്ത്വചിന്തയെ ഉടുപ്പു ധരിപ്പിച്ച് നമ്മുടെ മുന്‍പില്‍ നിര്‍ത്താനാണ്. അങ്ങനെ നിര്‍ത്തിയതുകൊണ്ട്, മേല്‍വിലിന്റെ ‘മോബിഡിക്ക്’ നിലനില്ക്കുന്നതുപോലെ കമ്യൂവിന്റെ ‘അന്യന്‍’ നിലനില്ക്കുമോ? സംശയംതന്നെ. ഈ ന്യൂനത അത്യന്താധുനിക സാഹിത്യത്തിനു് ആകെയുള്ള ന്യൂനതയാണ്.
അള്‍ജീഴ്സിലാണു കഥ നടക്കുന്നതു്. കഥ പറയുന്ന ആളിന്റെ പേര് മര്‍സോ. (ശരിയായ ഫ്രഞ്ചുച്ചാരണം മര്‍സോ എന്നല്ല) ഒരറബിയെ കൊന്നതിനുവേണ്ടി വധശിക്ഷ നല്‍കപ്പെട്ടിരിക്കുന്ന അയാള്‍ കാരാഗൃഹത്തില്‍ കിടക്കുകയാണ്. അവിടെ കിടന്നുകൊണ്ട് അയാള്‍ സ്വന്തം കഥ പറയുന്നു. അമ്പതു നാഴിക അകലെ താമസിച്ചിരുന്ന അമ്മ മരിച്ചെന്നറിഞ്ഞപ്പോള്‍ അയാള്‍ ശവസംസ്കരത്തില്‍ പങ്കുകൊള്ളാന്‍ പോയി. പക്ഷേ അവരുടെ മരണം അയാളെ ചലിപ്പിച്ചില്ല. ഒരു തുള്ളി കണ്ണുനീര്‍പോലും മര്‍സോ വീഴ്ത്തിയതുമില്ല. അയാള്‍ക്കു കൂടെകിടക്കാന്‍ ഒരു ചെറുപ്പക്കാരിയെ കിട്ടിയിട്ടുണ്ട്. എന്നാല്‍ അവളെ അയാള്‍ സ്നേഹിക്കുന്നില്ല. അവളെ വിവാഹം കഴിക്കാമെന്ന് മര്‍സോ കൂടക്കൂടെ പറയാറുണ്ടെങ്കിലും വിവാഹം നടത്തുന്നില്ല. ഇങ്ങനെ ഒന്നിലും താല്‍പര്യമില്ലാതിരിക്കുമ്പോഴാണു് അയാള്‍ അറബിയെ കൊല്ലുന്നതു്. അറബി കൈയിലെടുത്ത കത്തി സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങി. അത് തന്റെ നേരെ അയാള്‍ പ്രയോഗിച്ചേക്കുമെന്നു കരുതി മര്‍സോ അയാളെ വെടിവെച്ചു കൊന്നു. താഴെവീണ അറബിയുടെ ശരീരത്തില്‍ അയാള്‍ നാലു വെടിയുണ്ടകള്‍കൂടി പായിച്ചു. മരിച്ചവന്റെ ശരീരത്തില്‍ പിന്നെയും നാലു തവണ വെടിവെച്ചതെന്തിനെന്നു് കോടതി ചോദിച്ചപ്പോള്‍ അയാള്‍ക്കു മറുപടിയില്ലായിരുന്നു. ‘നിങ്ങള്‍ ഈശ്വരനില്‍ വിശ്വസിക്കുന്നോ?’ എന്നു കോടതിയുടെ ചോദ്യം. ഇല്ലെന്നു പ്രത്യുക്തി. തടവുമുറിയില്‍ അന്ത്യോപദേശത്തിനു വന്ന പാതിരിയെ മര്‍സോ ചീത്ത വാക്കുകള്‍ പറഞ്ഞു. കോടതി തനിക്കു വധശിക്ഷ നല്‍കിയതിലും അയാള്‍ക്ക് പരാതിയില്ല. തടവറയിലെ മര്‍സോ ഒരന്യനാണു്. പുറത്ത് സ്വതന്ത്രനായി കഴിഞ്ഞിരുന്നാലും അയാള്‍ അന്യന്‍തന്നെ.
ഈ നോവലില്‍ കാണുന്ന തത്ത്വചിന്താഗതിയോടു സദൃശമായ തത്ത്വചിന്താഗതിതന്നെയാണ് കമ്യൂവിന്റെ ‘മിത്ത് ഓഫ് സിസെഫെസ്’ എന്ന പ്രബന്ധത്തിലുള്ളതു്. ഒരു കുന്നിലേക്കു കല്ലുരുട്ടിക്കയറ്റാന്‍ നിര്‍ബന്ധനായി ‘സിസെഫെസ്’. ആ കല്ല് കുന്നിന്റെ മുകളിലെത്തുമ്പോള്‍ താഴേക്ക് ഉരുണ്ടുപോകുന്നു. സിസെഫെസ് അതു വീണ്ടും മുകളിലേക്ക് കയറ്റുന്നു. കല്ല് എത്രതവന താഴത്തേക്കുപോന്നാലും നിരാശനാകാതെ തന്റെ കര്‍ത്തവ്യം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയാണല്ലോ സിസെഫെസ്. അയാള്‍ക്ക് ‘റബല്യസ് സ്പിരിറ്റ്’ — വിപ്ലവത്തിനുള്ള വീര്യം — ഉണ്ടത്രേ. അതുപോലെ, പുരോഹിതനെ ചീത്തവാക്കുകള്‍ വിളിക്കുകയും അറബിയെ കൊല്ലുകയും ചെയ്ത മര്‍സോ റബലാണെന്നു് — വിപ്ലവകാരിയാണെന്നു് — ചിലര്‍ പറയുന്നു. ഈ മതത്തിനു കമ്യൂവിന്റെ അനുഗ്രാഹകതകൂടി കണ്ടേക്കാം. എങ്കിലും അതു സമ്മതിച്ചുകൊടുക്കാന്‍ പ്രയാസം. ഇടയ്ക്ക് ഉത്തേജകത്വം കാണിക്കുന്നുണ്ടെങ്കിലും മനുഷ്യത്വം നഷ്ടപ്പെട്ട കഥാപാത്രമാണ് മര്‍സോ. അയാള്‍ക്ക് അന്തര്‍ബോധം ഒട്ടുമില്ല. ഉണ്ടായിരുന്നെങ്കില്‍ അമ്മയുടെ മരണത്തില്‍ അയാള്‍ ദുഃഖിച്ചേനേ. അമ്മയുടെ മരണമറിയിക്കുന്ന കമ്പിസന്ദേശം കിട്ടിയതു് തലേദിവസമാണോ അതോ അതിനു മുന്‍പുള്ള ദിവസമാണോ എന്നതുകൂടി അയാള്‍ക്കു ഓര്‍മ്മയില്ല. തുടരെത്തുടരെ നാലു വെടിയുണ്ടകള്‍കൂടി മൃതദേഹത്തില്‍ പായിച്ചത് എന്തിനാണെന്നു് അയാള്‍ക്ക് അറിഞ്ഞുകൂടാ. ഇതെല്ലാം അന്തര്‍ബോധത്തിന്റെ അഭാവത്തെയാണ് കാണിക്കുന്നതു്.
മനുഷ്യനെ പ്രകൃതിയില്‍നിന്നു് വിഭിന്നനാക്കി നിര്‍ത്തുന്നതു് ഈ അന്തര്‍ബോധമാണ്. ഞാന്‍ ആര്? ഞാനെന്തു ചെയ്യുന്നു? എന്ന ചോദ്യങ്ങള്‍ മനുഷ്യനേയുള്ളു. ഇവയുടെ പ്രഭവകേന്ദ്രം അന്തര്‍ബോധമാണ്. ഈ അന്തര്‍ബോധമുണ്ടായതു് മനുഷ്യന്റെ സവിശേഷതയായി ഒരു കാലത്ത് കരുതിയിരുന്നു. ഇന്നാകട്ടെ ചിലര്‍ക്ക് അങ്ങനെയൊരു കരുതലില്ല. അന്തര്‍ബോധത്തെ നശിപ്പിച്ച് പ്രകൃതിയിലെ കല്ല്, മരം, മൃഗം ഇവയെപ്പോലെ ജീവിക്കാനാണ് മനുഷ്യനു് കൗതുകം. അന്തര്‍ബോധമുള്ളതുകൊണ്ട് മനുഷ്യനു് ദുഃഖം (anguish) ഉണ്ടാകുന്നുവെന്നുപോലും അഭിപ്രായമുണ്ട്. അതിനാല്‍ ദുഃഖത്തില്‍ നിന്നു രക്ഷപ്പെടാന്‍ മനുഷ്യനെയും പ്രകൃതിയെയും വേര്‍തിരിച്ചുനിര്‍ത്തുന്ന അന്തര്‍ബോധത്തെ നശിപ്പിക്കുക എന്നാണു് ആധുനികരുടെ ആഹ്വാനം. ഹിപ്പികള്‍ ഈ ആഹ്വാനം നടത്തുന്നവരാണ്; അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അന്തര്‍ബോധത്തെ നശിപ്പിക്കുന്ന അല്ലെങ്കില്‍ അന്തര്‍ബോധം നശിച്ച കഥാപാത്രമാണു് മര്‍സോ. കമ്യൂവിനു് ഈ കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ മൗലികത്വം അവകാശപ്പെടാമോ? അക്കാര്യത്തില്‍ എനിക്കു സന്ദേഹമുണ്ട്. ദസ്തേയേഫ്സ്കിയുടെ നോവലുകളില്‍, ഡി.എച്ച്. ലോറന്‍സിന്റെ നോവലുകളില്‍ അന്തര്‍ബോധത്തെ നശിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ ഉണ്ട്. സെന്‍ ബുദ്ധമതത്തിലും ഇതുതന്നെയാണുള്ളതു്.
മനുഷ്യനൊഴിച്ചു മറ്റുള്ളവയെല്ലാം — മൃഗങ്ങളും വൃക്ഷങ്ങളും കല്ലുകളും എല്ലാം — അന്തര്‍ബോധത്തെ ഉപേക്ഷിച്ചാണു് ജീവിക്കുന്നതു് എന്നു് സെന്‍ബുദ്ധമതം സ്ഥാപിക്കുന്നു. മനുഷ്യനും അതുപോലെയാവണമെന്നും അങ്ങനെ ഒരു കാലത്ത് അയാള്‍ ഉപേക്ഷിച്ചുകളഞ്ഞ സത്യഭവനത്തിലേക്കു തിരിച്ചെത്തണമെന്നും ആ മതം ആവശ്യപ്പെടുന്നു. മനുഷ്യനു നഷ്ടപ്പെട്ടുപോയ പ്രാഥമികാവസ്ഥയിലേക്കു തിരിച്ചുവരികയെന്നതിനെയാണു് സത്യഭവനത്തിലേക്കുള്ള പ്രത്യാഗമനമായി സെന്‍ബുദ്ധമതക്കാര്‍ കരുതുക. ഹിപ്പികളും അത്യന്താധുനികരും സെന്‍ബുദ്ധമതത്തെ അംഗീകരിക്കുന്നതു് എന്തുകൊണ്ടാണെന്നു് ഇപ്പോള്‍ വ്യക്തമായിരിക്കുമല്ലോ.
ഈ ചിന്താഗതി, കൃതിയിലൊട്ടിച്ച ലേബല്‍പോലെയല്ല അധരസീമയെ ലംഘിച്ച ഒറ്റപ്പല്ലുപോലെ ഇവിടെ ഉന്തിനില്ക്കുന്നു. അതുകൊണ്ട് തന്നെയാണു് ദസ്തേയേഫ്സ്കിയുടെ white Nights എന്ന കൊച്ചു നോവലോ കവാബത്തയുടെ Lake എന്ന നോവലോ വായിക്കുമ്പോഴുള്ള സൗന്ദര്യാനുഭൂതി ഈ നോവലില്‍ ജനിപ്പിക്കാത്തതു്.
ഇതാണ് സത്യമെങ്കിലും ഈ നോവലിലെ തത്ത്വചിന്ത കമ്യൂവിന്റെ ജീവരക്തത്തില്‍നിന്നുണ്ടായതാണെന്നു ഞാന്‍ സമ്മതിക്കുന്നു. ദസ്തേയേഫ്സ്കിയിലും ലോറന്‍സിലും അങ്കുരാവസ്ഥയിലിരുന്നത് കമ്യൂവില്‍ വികസിതാവസ്ഥയിലെത്തിയിരിക്കുന്നു. അതിനെ അവലംബിച്ച് കമ്യൂ നോവലെഴുതിയതു നമുക്കു മനസ്സിലാക്കാവുന്ന കാര്യമാണ്. എന്നാല്‍ ആ രീതിയൊന്നുമില്ലാത്ത കേരളത്തിലെ സാഹിത്യകാരന്മാര്‍ ഈ ഫ്രഞ്ചെഴുത്തുകാരന്റെ നോവലിനുള്ള രൂപം കടംവാങ്ങി നോവല്‍ രചിക്കുന്നത് എനിക്കു ഒട്ടും മനസ്സിലാക്കാന്‍ വയ്യാത്ത വസ്തുതയാണു്. കമ്യൂവിന്റെ നോവലില്‍ മര്‍സോക്ക് അമ്മ മരിച്ചതു് എന്നാണെന്നു അറിഞ്ഞുകൂടെങ്കില്‍ ഇവിടത്തെ എഴുത്തുകാരന്റെ നോവലിലെ കഥാപാത്രത്തിനു് അച്ഛന്‍ മരിച്ചത് എന്നാണെന്ന് അറിഞ്ഞുകൂടാ. ഈ ദാസ്യമനോഭാവമാണു് നമ്മുടെ ആധുനിക സാഹിത്യത്തെ ജുഗുപ്സാവഹമാക്കിയിരിക്കുന്നതു്. കമ്യൂവിനോടു യോജിക്കൂ; അല്ലെങ്കില്‍ യോജിക്കാതിരിക്കൂ. തത്ത്വചിന്താത്മകങ്ങളായ വസ്തുതകളെ ആഴത്തില്‍ പരിശോധിക്കാന്‍ അദ്ദേഹത്തിനു കഴിവില്ലെന്നു് ആരും പറയുകയില്ല. പാശ്ചാത്യന്റെ കലാസൃഷ്ടികളുടെ രൂപശില്പം കടംവാങ്ങുന്ന കേരളത്തിലെ എഴുത്തുകാരന്‍ ആ ചിന്താഗതിയുടെ സ്വഭാവംപോലും ഗ്രഹിച്ചവനല്ല.
കമ്യൂവിന്റെ ഈ നോവലിനെക്കുറിച്ച് വിഭിന്നങ്ങളായ അഭിപ്രായങ്ങളുണ്ടെന്ന കാര്യം വിസ്മരിച്ചല്ല ഞാനിത്രയും എഴുതിയത്. മര്‍സോ അന്തര്‍ബോധത്തെ നിരാകരിച്ചവനല്ല, ആന്തരമായ പരിവര്‍ത്തനം സ്വയം ഉളവാക്കിയവനാണ് എന്നു് വാദിക്കുന്നവര്‍ ധാരാളമുണ്ടു്. ഈ ലേഖകന്‍ ഇതു നിഷേധാത്മകമായ നോവലാണെന്നു കരുതുന്നു. അതിനുള്ള കാരണങ്ങള്‍ സൂചിപ്പിച്ചുകഴിഞ്ഞു. നിഷേധാത്മകത്വം ഒരുതരത്തിലുള്ള സബ്കള്‍ച്ചര്‍ ആണു്. ഒരു ജനസമൂഹത്തിലെ ഒരു വിഭാഗം അതിന്റേതായ, പ്രത്യേകങ്ങളായ ആചാരങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ അതിനെ സബ്കള്‍ച്ചര്‍ എന്നു വിളിക്കുന്നു. ഈ വിഭാഗം ന്യൂനപക്ഷമാണു്; ഭൂരിപക്ഷമില്ല. സബ്കള്‍ച്ചറിനെ അവലംബിച്ച് നോവലുകള്‍ എഴുതുമ്പോള്‍, കാവ്യങ്ങള്‍ രചിക്കുമ്പോള്‍ അവ മഹനീയതയിലേക്കു എത്തുമോ? എത്തുകില്ലെങ്കില്‍ അനുകരിച്ച് കേരളത്തിലുണ്ടാകുന്ന കൃതികള്‍ക്ക് എന്തു വൈശിഷ്ട്യമാണുള്ളത്?
|
|
|