close
Sayahna Sayahna
Search

ഈ മഹാദ്ഭുതം കാണുക


ഈ മഹാദ്ഭുതം കാണുക
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

വിശ്വസാഹിത്യത്തിലെ മഹനീയങ്ങളായ “മാസ്റ്റര്‍ പീസു”കളില്‍ ഒന്നായിട്ടാണ് ലീയോ ടോള്‍സ്റ്റോയിയുടെ “ഇവാന്‍ ഇലീച്ചിന്റെ മരണം” (The Death of Ivan IIyich) എന്ന കൊച്ചു നോവല്‍ പരിഗണിക്കപ്പെടുന്നത്. റഷ്യന്‍ ഗാനരചയിതാവായ ചിക്കോഫ്‌സ്കി (Tchaikovsky) ഇത് വായിച്ച് അദ്ഭുതസ്തബ്ധനായി ടോള്‍സ്റ്റോയിയെ The greatest author painter എന്നു വിളിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ “അപ്രമേയത്വമാര്‍ന്നതും ദിവ്യവും ആയ പ്രാധാന്യം കണ്ടു് ചിക്കോഫ്‌സ്‌കി പുളകപ്രസരം അനുഭവിച്ചു. സ്റ്റാസോഫ് എന്ന റഷ്യനെഴുത്തുകാരന്‍ ഈ നോവലിനെക്കുറിച്ചു് പറഞ്ഞതിങ്ങനെയാണ്: — No nation anywhere in the world has a work as great as this. Everything is little and petty in comparison with these seventy pages. ലോകത്തെ മറ്റൊരു രാജ്യത്തിലും ഇതുപോലെ മഹത്ത്വമാര്‍ന്ന വേറൊരു കൃതിയില്ല. ഈ എഴുപതു പുറങ്ങളോടു തുലനം ചെയ്യുമ്പോള്‍ എല്ലാം അല്പത്വവും ക്ഷുദ്രത്വവും ആവഹിക്കുന്നു. അതിമഹത്വമുള്ള ഈ കലാസൃഷ്ടിയുടെ രാമണീയകം വായനക്കാര്‍ക്ക് അനുഭവപ്പെടുത്തിത്തരാന്‍ ഞാന്‍ അശക്തനാണു്. ഇവാന്‍ ഇലീച്ച് റഷ്യയിലെ സത്യസന്ധനായ ജഡ്ജിയായിരുന്നു. ഒരു ഗവര്‍ണ്ണറുടെ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം മജിസ്ട്രേട്ടായി; പിന്നീട് ജഡ്ജിയായി. ജനതയുടെ ആരാധനാപാത്രം. അദ്ദേഹം കൈക്കൂലി വാങ്ങുകയില്ല, കള്ളം പറയുകയില്ല; ഭാര്യയെ ചതിക്കുകയില്ല. പ്രേമവിവാഹമായിരുന്നു ഇവാന്‍ ഇലിച്ചിന്റേത്. പക്ഷേ ക്രമേണ അവരുടെ ദാമ്പത്യ ജീവിതം തകരാന്‍ തുടങ്ങി. ഭാര്യ എപ്പോഴും ശണ്ഠകൂടാന്‍ സന്നദ്ധയായപ്പോള്‍ കുടുംബബന്ധങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് അദ്ദേഹം ആ വീട്ടില്‍ത്തന്നെ ജീവിച്ചു.

പീറ്റർസ്ബര്‍ഗ് നഗരത്തില്‍ നല്ലൊരു വീടു കണ്ടുപിടിച്ച് താമസമായി ഇവാന്‍ ഇലീച്ചും കുടുംബവും. ഒരു ദിവസം ആ ഭവനത്തില്‍ കര്‍ട്ടന്‍ ഇട്ടുകൊണ്ടിരിക്കെ അദ്ദേഹം ഏണിയില്‍നിന്നും താഴെവീണു. ഇടതുവശം പന്നിടിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഉദരഭാഗത്ത് ഒരുതരത്തിലുള്ള വേദന. അതു് കൂടിക്കൂടി വന്നപ്പോള്‍ അദ്ദേഹം ഡോക്ടറെ വിളിച്ചു. ജഡ്ജി തന്റെ മുമ്പിലെത്തുന്ന കേസ്സുകളെ വസ്തുനിഷ്ടമായി, നിസ്സംഗമായി നോക്കുന്നപോലെ ഡോക്ടര്‍, ഇവാന്‍ ഇലീച്ചിന്റെ രോഗം പരിശോധിച്ച് മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. ജഡ്ജിക്കു ഉദരത്തിലെ ക്യാന്‍സറാണെന്ന് ഡോക്ടറൊട്ടു പറഞ്ഞതുമില്ല. ഡോക്ടര്‍ ആശ്വാസദായകങ്ങളായ വാക്കുകള്‍ ഇവാന്‍ ഇലീച്ചിനോടു പറയും. അത്തരത്തിലുള്ള സ്വാന്തനങ്ങള്‍ പോലും ഭാര്യയില്‍നിന്നോ മകളില്‍നിന്നോ ഉണ്ടായില്ല. രോഗം കൂടിയപ്പോള്‍ സ്പെഷ്യലിസ്റ്റുകള്‍ ജഡ്ജിയെ പരിശോധിക്കാനെത്തി. അവരുടേയും തന്റേയും നിസ്സഹായാവസ്ഥ അദ്ദേഹത്തിനു ബോധപ്പെട്ടു. ഒന്നേയുള്ളു സത്യമായി; മരണം. “ഞാന്‍ ജീവിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ എന്റെ ജീവിതം അപ്രത്യക്ഷമാകുന്നു. അതു പോവുകയാണു്. എനിക്കൊട്ട് തടയാന്‍ കഴിയുന്നുമില്ല… ഞാന്‍ ഇല്ലാതെയാകുമ്പോള്‍ എവിടെയായിരിക്കും?” ഭയജനകമായ ഈ ചോദ്യത്തിന്റേയും അതിലടങ്ങിയ സംശയത്തിന്റേയും തീവ്രതകൂട്ടി ഭാര്യയുടേയും മകളുടേയും പെരുമാറ്റം. അവര്‍ നാടകമഭിനയിക്കുന്നതുപോലെയാണു് പെരുമാറിയതു്. ഇവാന്‍ ഇലീച്ച് മരിക്കാന്‍ പോകുന്നില്ലെന്നായിരുന്നു അവരുടെ നാട്യം. അദ്ദേഹത്തിന്റെ പരിചാരകനായ ബാലന്‍ മാത്രമെ കാപട്യം കാണിക്കാതെ പരിചരണങ്ങള്‍ നിര്‍വ്വഹിച്ചുള്ളു. മരണം യഥാര്‍ത്ഥമാണെന്നും സ്വാഭാവികമാണെന്നും അവന്‍ തുറന്നു പറഞ്ഞു. ജഡ്ജി അവനെ സ്നേഹിച്ചു. തനിക്കു രോഗം കൂടിയിരിക്കുമ്പോള്‍ നാടകം കാണാന്‍വേണ്ടി മനോഹരമായി വസ്ത്രധാരണം ചെയ്തു പോകുന്ന ഭാര്യയേയും മകളേയും അവളുടെ കാമുകനേയും ഇവാന്‍ ഇലീച്ച് വെറുത്തു.

തന്റെ പഴയ ജീവിതം തിരിച്ചുകിട്ടിയാല്‍ കൊള്ളാമെന്നുണ്ട് അദ്ദേഹത്തിന്. പക്ഷേ എന്തുചെയ്യാനാണു്? ശൈശവകാലത്തെ ഓര്‍മ്മകള്‍ മാത്രമേ ഇന്നു ആഹ്ലാദം നല്‍കാനുള്ളു. എല്ലാം ശൂന്യം, വ്യര്‍ത്ഥം. തനിക്കു് ഈ ദുരന്തമെങ്ങിനെ സംഭവിച്ചുവെന്നാണ് ഇവാന്‍ ഇലീച്ചിന്റെ ചോദ്യം. തെറ്റായി ഒന്നും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. ഒരു ജീവിയെപ്പോലും വേദനിപ്പിച്ചിട്ടില്ല. ജീവിതത്തിന്റെ സത്യം അദ്ദേഹത്തിന്നറിഞ്ഞുകൂടായിരിക്കും. അതുപോലെ മരണത്തിന്റെ സത്യവും അദ്ദേഹത്തിനു അറിഞ്ഞുകൂടാ.

ഭര്‍ത്താവിന് ഇനി അധികം കാലമില്ല ജീവിതമെന്നു ഗ്രഹിച്ച ഭാര്യ ഒരു പാതിരിയെക്കൊണ്ടുവന്നു് അദ്ദേഹത്തിന് “അന്ത്യകൂദാശ” നല്‍കി. അത് ഇവാന്‍ ഇലീച്ചിന് ആശ്വാസം പ്രദാനം ചെയ്തെങ്കിലും ഭാര്യയുടെ സാന്നിദ്ധ്യം ജീവിതത്തിന്റെ കാപട്യം അദ്ദേഹത്തിനു ബോധ്യപ്പെടുത്തിക്കൊടുത്തു. അവിടെ നിന്നു അവള്‍ പോകണമെന്നു് അദ്ദേഹം ആവശ്യപ്പെട്ടു. മരണത്തോടു മല്ലിട്ടുകൊണ്ട് ഇവാന്‍ ഇലീച്ച് നിലവിളിച്ചു. പൊടുന്നനവെ എല്ലാം ശാന്തമായി. ഭാര്യയും മകനും തന്റെ മരണശയ്യയ്‌ക്ക് അടുത്തുനിന്നു കരയുന്നത് അദ്ദേഹം കണ്ടു. അവരെ വേദനിപ്പിക്കത്തക്കവിധത്തില്‍ താനൊന്നും പ്രവര്‍ത്തിക്കരുതെന്നു് ഇവാന്‍ ഇലീച്ച് കരുതി. ഈ യാതനയില്‍നിന്ന് അദ്ദേഹം അവരെ മോചിപ്പിക്കണം; സ്വയം മോചിതനാവണം. “വേദനേ! നീ എവിടെ?” എന്നായി അദ്ദേഹത്തിന്റെ ചോദ്യം. “മരണമേ നീ എവിടെ?” ഇപ്പോള്‍ മരണഭയമില്ല. മരണവുമില്ല. മരണത്തിനു പകരം പ്രകാശമേയുള്ളു. അടുത്തു നിന്ന ആരോ പറഞ്ഞു. “തീര്‍ന്നു”. അദ്ദേഹമതുകേട്ടു് ആത്മാവില്‍ ആവര്‍ത്തിച്ചു. “മരണം അവസാനിച്ചു. ഇനി അതില്ല”. ഒന്നു ദീര്‍ഘമായി ശ്വസിച്ചിട്ട് ഇവാന്‍ ഇലീച്ച് ചരമം പ്രാപിച്ചു.

ഫ്രാന്റ്സ് കാഫ്കായുടെ “രൂപാന്തരപ്രാപ്തി” (Metamorphosis) എന്ന നീണ്ടകഥ ടോള്‍സ്റ്റോയിയുടെ ഈ ‘മാസ്റ്റര്‍ പീസി’ന്റെ അനുകരണമാണെന്നു ഞാന്‍ വിചാരിക്കുന്നു. കാഫ്കായ്ക്കു ഏറ്റവും ഇഷ്ടപ്പെട്ട കഥയാണതെന്നു മാക്സ് ബ്രോഡ് എവിടെയോ എഴുതിയിരുന്നുവെന്നും എനിക്കോര്‍മ്മയുണ്ടു്. “രൂപാന്തരപ്രാപ്തി”യുടെ കഥ സാഹിത്യത്തില്‍ താല്പര്യമുള്ളവര്‍ക്കെല്ലാം അറിയാം. എങ്കിലും സംഗ്രഹിച്ചെഴുതട്ടെ. ഗേയോര്‍ഗസാംസ്സാ ഒരു കമ്പനിയുടെ പ്രതിനിധിയാണു്. പ്രതിനിധിയെന്ന നിലയില്‍ യാത്ര ചെയ്യുകയും അങ്ങനെ ‘ബിസിനസ്സ്’ നടത്തുകയുമാണ് അയാളുടെ ജോലി. അച്ഛനമ്മമാരോടും സഹോദരിയോടും കൂടിയാണ് അയാളുടെ താമസം. ഒരു ദിവസം കാലത്തുണര്‍ന്നപ്പോള്‍ താനൊരു വലിയ പാറ്റയായി (മൂട്ടയാണെന്നും ചിലര്‍; ഷട്പദമാണെന്നു് വേറെ ചിലര്‍) രൂപാന്തരപ്പെട്ടിരിക്കുന്നതായി അയാള്‍ കണ്ടു. പാറ്റയ്‌ക്കു് മനുഷ്യചേതനയുണ്ടു്. മറ്റുള്ളവര്‍ പറയുന്നതൊക്കെ അയാള്‍ക്കു കേള്‍ക്കാം; മനസ്സിലാക്കാം. എന്നാല്‍ അവരോടൊന്നും പറയാന്‍ അതിനു വയ്യ. ഭീമാകാരമാര്‍ന്ന ആ ജീവിയെക്കണ്ടു വീട്ടുകാര്‍ ഞെട്ടി. ആദ്യത്തെ ആ ഞെട്ടല്‍ കഴിഞ്ഞപ്പോള്‍ അവര്‍ അതിനെ ഒരു മുറിക്കുള്ളില്‍ ഇട്ടു പൂട്ടി. മൂന്നു തവണ അത് മുറിക്കു പുറത്തുവരാന്‍ ശ്രമിച്ചു. മൂന്നാമത്തെ തവണ ഒരാപ്പിളെടുത്ത് അയാള്‍ ആ ജീവിയെ എറിഞ്ഞു. അപ്പോഴുണ്ടായ ക്ഷതം അതിന്റെ മരണംവരെ ഉണങ്ങിയതുമില്ല ഗേയോര്‍ഗസ്സാംസ്സായ്ക്ക് ജോലിക്കു പോകാന്‍ നിവൃത്തിയില്ലാതായപ്പോള്‍ അവന്റെ അച്ഛന്‍ ആ ജോലിക്കു തന്നെ പോയി.

പണത്തിനുവേണ്ടി വീട്ടിന്റെ ഒരു ഭാഗം വാടകയ്ക്കു കൊടുത്തു. ഒരു ദിവസം പാറ്റയുടെ സഹോദരി വയലിന്‍ വായിച്ചു് വാടകക്കാരെ രസിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ജീവി മുറിയില്‍നിന്നു പുറത്തിറങ്ങി അവരുടെ അടുക്കലെത്തി. വാടകക്കാര്‍ അതുകണ്ടു ഭയന്നു. ജീവി തിരിച്ചു മുറിക്കുള്ളിലേക്കു് ഓടിക്കപ്പെട്ടു. ഏകാന്തത, ശരീരത്തിനേറ്റ ക്ഷതം ഇവയാല്‍ ഒരു രാത്രി ഉറങ്ങാതെ കിടന്നിട്ട് അത് ചരമമടഞ്ഞു. ഈ കഥയുടെ അര്‍ത്ഥമെന്താണെന്നു് വ്യക്തമാക്കാന്‍ പ്രയാസമുണ്ടു്. ഓരോ നിരൂപകന്റേയും മനോധര്‍മ്മമനുസരിച്ചു് ഓരോ വ്യാഖ്യാനമാണു് ഉണ്ടായിട്ടുള്ളത്. കഥയ്ക്ക് സ്പഷ്ടതയുണ്ടെന്നു തോന്നും. പക്ഷേ പ്രതീകങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍ നിരൂപകര്‍ കുഴങ്ങുന്നു; വായനക്കാരനു് അതേ അനുഭവം. ഫലമോ? കാഫ്ക ഈശ്വരവിശ്വാസിയാണു് എന്ന് ഒരു കൂട്ടര്‍; അദ്ദേഹം നിരീശ്വരനാണെന്നു് വേറൊരു കൂട്ടര്‍; ഫാസിസ്റ്റ് ചിന്താഗതിക്കാരനാണെന്നു മാര്‍ക്സിസ്റ്റുകാര്‍; അബ്സേഡിറ്റിയുടെ ഉദ്ഘോഷകനാണെന്നു് എക്സിസ്റ്റെന്‍ഷ്യലിസ്റ്റുകള്‍. പ്രഗല്ഭന്‍മാര്‍ തന്നെ പരാജയപ്പെട്ടിടത്ത് അപ്രഗല്ഭനായ ഞാന്‍ എന്തിനു കയറിച്ചെല്ലണം? എങ്കിലും ഒരു കാര്യം അസന്ദിഗ്ദ്ധമായി പറയാം. ടോള്‍സ്റ്റോയിയുടെ കഥ വായിച്ചിട്ടുതന്നെയാണു് കാഫ്ക “രൂപാന്തരപ്രാപ്തി” എഴുതിയത്. ജഡ്ജി ഒരു തെറ്റും ചെയ്യുന്നില്ല. സ്സാംസ്സയും അങ്ങനെതന്നെ. പക്ഷേ ജഡ്ജിക്ക് അര്‍ബുദം പിടിപെടുന്നു. സ്സാംസ്സ കാലത്തുണര്‍ന്നപ്പോള്‍ ഭീകരമായ ജീവിയായി മാറിപ്പോകുന്നു. രണ്ടുപേരും മരണത്തെ മുന്‍കൂട്ടിക്കണ്ട് തകര്‍ന്നടിയുന്നു. ജഡ്ജി രോഗമായി കിടക്കുമ്പോള്‍ ഭാര്യയോ മകളോ പരിചരിക്കാനെത്തുന്നില്ല. ഒരുകണക്കില്‍ അദ്ദേഹത്തിന്റെ മുറി കാരാഗൃഹംതന്നെ. സ്സാംസ്സയും മുറിക്കുള്ളില്‍ ബന്ധനസ്ഥന്‍. “എനിക്കെന്തു സംഭവിച്ചു?” എന്നു പാറ്റ സ്വയം ചോദിക്കുന്നു. “എനിക്ക് ഈ രോഗം വരാന്‍ കാരണമെന്ത്?” എന്നു് ജഡ്ജി തന്നോടുതന്നെ ചോദിക്കുന്നു. പാറ്റയെ അച്ഛനമ്മമാരും സഹോദരിയും വെറുക്കുന്നതുപോലെ ജഡ്ജിയെ ഭാര്യയും മകളും വെറുക്കുന്നു.

ഇവാന്‍ ഇലീച്ച് രോഗവിവശനായി കിടക്കുമ്പോള്‍ ഭാര്യയും മകളും കാമുകനും നാടകം കാണാന്‍ പോകുന്നു. സഹോദരന്‍ ഭീഷണാകാരമാര്‍ന്ന ജീവിയായി മുറിക്കുള്ളില്‍ കിടക്കുമ്പോള്‍ സഹോദരി വയലിന്‍ വായിച്ചു രസിക്കുന്നു. ജഡ്‌ജി വേദനകൊണ്ടു പുളയുമ്പോള്‍ മകള്‍ ശരീരത്തിന്റെ പല ഭാഗങ്ങളും നഗ്നമാക്കിയമട്ടില്‍ വസ്ത്രധാരണംചെയ്തു അദ്ദേഹത്തിന്റെ മുന്‍പില്‍ എത്തുകയാണു്. തികഞ്ഞ ആരോഗ്യം അവള്‍ക്ക്. അച്ഛന്‍ ഇങ്ങനെ ജീവിച്ചിരുന്നു് ഉപദ്രവിക്കാതിരുന്നെങ്കില്‍! അദ്ദേഹം കഴിയുന്നതും വേഗം അങ്ങു മരിച്ചെങ്കില്‍! സ്സാംസ്സയുടെ സഹോദരിയുടെ നിലയും വിഭിന്നമല്ല. എന്തൊരു സുന്ദരിയാണവള്‍! ജീവി ഒഴിഞ്ഞു. ഇനി അവള്‍ക്ക് അനുരൂപനായ ഭര്‍ത്താവിനെ കിട്ടും.

ഈ ലേഖനത്തിന്റെ ഹ്രസ്വതയെക്കരുതി സമാനങ്ങളായ അംശങ്ങള്‍ ഇനിയും എടുത്തുകാണിക്കുന്നില്ല. എങ്കിലും ഉള്‍ക്കാഴ്ചയില്‍ രണ്ടു കഥകളും വിഭിന്നങ്ങളത്രേ. പ്രപഞ്ചത്തില്‍ ലക്ഷ്യവും ക്രമവും കാണാന്‍ ശ്രമിക്കുന്ന മനുഷ്യന് അത് ദര്‍ശിക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ അവന്‍ ഈ ലോകത്ത് ഒരന്യനായി (Outsider) നില്‍ക്കുന്നുവെന്നും അസ്തിത്വവാദികള്‍ അഭിപ്രായപ്പെടുന്നു. ഏത് കലാകാരനേയും ഔട്ട് സൈഡറായി — അന്യനായി — കാണുവാന്‍ അവര്‍ക്കു കൗതുകമുണ്ടു്. അങ്ങനെ അസ്തിത്വവാദികള്‍ ഷേക്സ്പിയറെപ്പോലും ഔട്ട്സൗഡറാക്കിയിട്ടുണ്ട്. പാശ്ചാത്യസാഹിത്യത്തിലും നിരുപണത്തിലും കാണുന്നതൊക്കെ ശരിയാണെന്ന് കരുതുന്ന ചില കോളേജ് അധ്യാപകര്‍ കണ്ണശ്ശപ്പണിക്കര്‍ തൊട്ടു് ഇടപ്പള്ളി രാഘവന്‍പിള്ള വരെയുള്ള കവികള്‍ “എക്സിസ്റ്റെന്‍ഷ്യല്‍ ഔട്ട് സൈഡേഴ്സ്” ആണെന്നു വാദിക്കുന്നുണ്ടു്. താമസിയാതെ രാമകഥാപ്പാട്ടിന്റെ കര്‍ത്താവിനേയും അവര്‍ “ഔട്ട്സൈഡറാ”ക്കിയേക്കും. അതുകൊണ്ടു് ടോള്‍സ്റ്റോയിയേയും അദ്ദേഹത്തിന്റെ കഥാപാത്രമായ ഇവാന്‍ ഇലീച്ചിനേയും “അന്യന്മാരാക്കി”യതില്‍ നമുക്കു അത്ഭുതം തോന്നേണ്ടതില്ല. വില്യം ബാരറ്റ് മഹാനായ നിരൂപകനാണു്. അദ്ദേഹം പോലും ബൂര്‍ഷ്വാമൂല്യങ്ങള്‍ കണ്ട് മോഹഭംഗം വന്ന “ഔട്ട് സൈഡറാ”യി അദ്ദേഹത്തിന്റെ കഥാപാത്രമായ ഇവാന്‍ ഇലീച്ചിനെ ദര്‍ശിക്കുന്നു. (Time of Need എന്ന പുസ്തകം) ഇവരാരും കഥയുടെ പര്യവസാനം ശ്രദ്ധിക്കാത്തതെന്തേ? ”In place of death there was light” — മരണത്തിന്റെ സ്ഥാനത്ത് പ്രകാശം — എന്നാണു് ടോള്‍സ്റ്റോയി പ്രഖ്യാപിക്കുന്നത്. തന്റെ അതുവരെയുള്ള ജീവിതം കുറ്റമറ്റതാണെന്നു് ജഡ്ജിക്കു തോന്നിയിരുന്നെങ്കില്‍ അന്ത്യത്തോട് അടുത്തപ്പോള്‍ അത് തികച്ചും വ്യര്‍ത്ഥമായിരുന്നു എന്ന് അദ്ദേഹം ഗ്രഹിച്ചു. ഭൗതികങ്ങളായ നേട്ടങ്ങള്‍ ക്ഷുദ്രങ്ങള്‍. ഇവിടെ സ്നേഹവും സ്നേഹമില്ലായ്മയും അര്‍ത്ഥരഹിതങ്ങള്‍. ഒന്നേ സത്യമായുള്ളു, ആധ്യാത്മികമായ പ്രകാശം. മരിക്കാറായപ്പോള്‍ ഇവാന്‍ ഇലീച്ചിന് ആ പ്രകാശത്തില്‍ മുങ്ങിനില്ക്കാന്‍ സാധിക്കുന്നു. അതോടെ മരണത്തെക്കുറിച്ചുള്ള പേടി അദ്ദേഹത്തിന് ഇല്ലാതാകുന്നു. ഭാര്യയോടും മകളോടുമുള്ള വെറുപ്പ് മാറുന്നു. Spiritual Rebirth എന്ന് ഇംഗ്ലീഷില്‍ പറയാറില്ലേ? ആധ്യാത്മികമായ പുനര്‍ജന്മം. അതുണ്ടാവുകയാണ് ഇവാന്‍ ഇലീച്ചിന്. കഥ വായിച്ചവസാനിപ്പിക്കുന്ന അനുവാചകനും അതേ ആധ്യാത്മിക പ്രകാശത്തില്‍ മുങ്ങിനില്‍ക്കുന്നു.

നേരേ മറിച്ചാണു് “രൂപാന്തരപ്രാപ്തി”യുടെ സ്ഥിതി. ശൂന്യതയ്ക്ക് അടിമപ്പെട്ട് അച്ഛനേല്പിച്ച ക്ഷതത്തോടുകൂടി സ്സാംസ്സ മരിക്കുന്നു. വിഷാദാത്മകത്വമാണ് അക്കഥയുടെ മുദ്ര. നമ്മള്‍ അതു വായിച്ചു് ഞെട്ടുന്നു. കലയുടെ ശക്തികണ്ടു് അത്ഭുതപ്പെടുന്നു. പക്ഷേ ടോള്‍സ്റ്റോയിയുടെ കഥക്കുള്ള മഹത്വം അതിനില്ല. സംക്ഷേപണം കൊണ്ടുണ്ടാകുന്ന ശക്തി “ഇവാന്‍ ഇലീച്ചിന്റെ മരണ്”ത്തെ നിസ്തുലമാക്കിയിരിക്കുന്നു. അത് ശരീരത്തിന്റെയും ആത്മാവിന്റേയും അഗാധതകളിലേക്ക് ആഞ്ഞിറങ്ങുന്നു. അതു വായിച്ചു കഴിയുമ്പോള്‍ ആ റഷ്യന്‍ ഗാനരചയിതാവ് പറഞ്ഞതുപോലെ ടോള്‍സ്റ്റോയിയുടെ “ദിവ്യമായ പ്രാധാന്യം” നാമറിയുന്നു.

പ്രതിപാദനരീതിയിലും ഇക്കഥകള്‍ വിഭിന്നങ്ങളായിവര്‍ത്തിക്കുന്നു. സൈക്കോളജിക്കല്‍ റിയലിസമാണു് ടോള്‍സ്റ്റോയിക്കു ഇഷ്ടം. കാഫ്ക അസദൃശങ്ങളായ വസ്തുതകള്‍ സങ്കലനംചെയ്ത് “ഗ്രൊട്ടസ്കാ”യ ബീഭത്സമായ — കലയുടെ പ്രപഞ്ചം ആവിഷ്‌കരിക്കുന്നു. ഇവയില്‍ ഏത് ഉത്തമം എന്ന ചോദ്യത്തിനു് ഉത്തരം പറയാന്‍ വൈഷമ്യമുണ്ടു്. രണ്ടുപേരും — ടോള്‍സ്റ്റോയിയും കാഫ്കായും — തങ്ങളുടെ ലക്ഷ്യങ്ങളിലെത്തുന്നു, രീതിയില്‍ വിഭിന്നങ്ങള്‍ എന്നേയുള്ളു, ‘എ’ എന്ന സ്തലത്തുനിന്ന് ‘ബി’ എന്ന സ്ഥലത്തേക്കു പോകണമെങ്കില്‍ നടക്കാം, ഓടാം, ഇഴയാം, പൊയ്ക്കാലില്‍ കയറിയും പോകാം. ടോള്‍സ്റ്റോയി നടന്നു ലക്ഷ്യത്തിലെത്തുന്നു. കാഫ്ക പൊയ്ക്കാലിൽ കയറി ലക്ഷ്യത്തിലെത്തുന്നു. പൊയ്ക്കാലിലുള്ള നടത്തം എനിക്കിഷ്ടമല്ല; സാധാരണരീതിയിലുള്ള നടത്തത്തിനാണു് ഭംഗി. ഇനി ല്ക്ഷ്യങ്ങളെക്കുറിച്ചാണെങ്കിലോ? ടോള്‍സ്റ്റോയിയുടെ ലക്ഷ്യത്തിനു മഹത്വം കൂടും. ജലാശയത്തിലേക്കു് ഒരു കല്ലെടുത്തു എറിയൂ.ഒരു തരംഗം. ആ തരംഗം വേറൊരു തരംഗം സൃഷ്ടിക്കുന്നു. ഒടുവില്‍ ജലാശയം മുഴുവന്‍ തരംഗങ്ങള്‍. അവിടെയും തീരുന്നില്ല. വായുവില്‍ തരംഗങ്ങള്‍. അതു ലോകമാകെ വ്യാപിക്കുന്നു. ഈ പ്രക്രിയയ്‌ക്കു അസമര്‍ത്ഥമാണു് കാഫ്കയുടെ സര്‍ഗ്ഗശക്തി. ഒരത്യുക്തി പ്രയോഗിച്ചു കൊള്ളട്ടോ? ടോള്‍സ്റ്റോയി കഴിഞ്ഞാല്‍ ഈശ്വരനുമാത്രമേ “ഇവാന്‍ ഇലീച്ചിന്റെ മരണം” പോലൊരു കൃതി രചിക്കാന്‍ കഴിയുകയുള്ളു.