close
Sayahna Sayahna
Search

ഉന്നതശൃംഗങ്ങള്‍ക്കൊപ്പം ഈ മനുഷ്യസ്നേഹി


ഉന്നതശൃംഗങ്ങള്‍ക്കൊപ്പം ഈ മനുഷ്യസ്നേഹി
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആത്മാവിന്റെ ദര്‍പ്പണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1991
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ആത്മാവിന്റെ ദര്‍പ്പണം

ഉറങ്ങുന്ന വേളയില്‍ നമ്മളെല്ലാവരും ഒരു പോലെയാണ് എന്നൊരു ചൊല്ലുണ്ട്. അതിന്റെ അര്‍ത്ഥം ഉണര്‍ന്നെഴുന്നേറ്റാല്‍ ആ സാദൃശ്യം അവസാനിക്കുമെന്നാണല്ലോ. ഉണര്‍ന്നിരിക്കുന്നവര്‍ക്കു തുല്യതയില്ലെങ്കില്‍ത്തന്നെയും ചിലര്‍ മേലേക്കിടയിലാണ് എന്നതും സത്യം തന്നെ. അങ്ങനെ ഔന്നത്യത്തില്‍ എത്തിയവര്‍ക്കാണു സമ്മാനങ്ങള്‍ കിട്ടുക.

ഇല്യസ് കനേറ്റി, ഗാര്‍സിആ മാര്‍കേസ് ഇവര്‍ക്കു സാഹിത്യത്തിലുള്ള നോബല്‍ സമ്മാനം ലഭിച്ചപ്പോള്‍ അവരുടെ ഉൽകൃഷ്ടതയില്‍ ആര്‍ക്കും സംശയമുണ്ടായില്ല. അതല്ലായിരുന്നു ഗോള്‍ഡിംഗിനും സ്റ്റെന്‍ബക്കിനും പേള്‍ബക്കിനും സമ്മാനം കിട്ടിയപ്പോള്‍ ഉണ്ടായ അവസ്ഥാവിശേഷം. അവര്‍ ജാഗദ്രവസ്ഥയില്‍ തന്നെയായിരുന്നു. എങ്കിലും മാര്‍കേസിനെ പോലെ, കനേറ്റിയെ പോലെ അവര്‍ സമ്പൂര്‍ണ്ണമായ ജാഗരിത സ്ഥിതിയിൽ അല്ലായിരുന്നുവെന്നു കരുതിയവരുടെ കൂട്ടത്തില്‍ ഈ ലേഖകനുമുണ്ട്. അടുത്ത കാലത്ത് സമ്മാനിതമായ കേമീലോ ഹോസേ തേല എന്ന സ്പാനിഷ് നോവലെഴുത്തുകാരനോ? അദ്ദേഹം മാര്‍കേസിനെ പോലെ, കനേറ്റിയെ പോലെ, കമ്യൂവിനെ പോലെ പ്രബോധിത സ്ഥിതിയില്‍ത്തന്നെ.

All..are equal, but some... are more equal than others എന്ന് ഒരാള്‍ പണ്ടു പറഞ്ഞില്ലേ? ആ “കൂടുതല്‍ സാദൃശ്യ”മാണു തേലയ്ക്കുള്ളത്. അതു മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും വായിക്കണം.

തേല 1916 മെയ് മാസം 11-നു സ്പെയിനിലെ തുറമുഖ പട്ടണമായ ലാ കൊറൂന്യായില്‍ (La Coruna) ജനിച്ചു. 1942-ല്‍ പ്രസിദ്ധപ്പെടുത്തിയ ‘The Family of Pascual Duarte’ എന്ന നോവല്‍ (പാസ്ക്കൂ അല്‍ ഡ്വാര്‍തയുടെ കുടുംബം). അദ്ദേഹത്തിനു രാഷ്ട്രാന്തരീയ പ്രശസ്തിയുണ്ടാക്കി. സ്പെയിനിലെ പ്രാചീന ‘പിക്കറെസ്ക്’ നോവലുകളിലെ കലാസങ്കേതം സ്വീകരിച്ച് അദ്ദേഹം ഒരു കൊലപാതകിയുടെ കഥ ആവിഷ്കരിച്ചപ്പോള്‍ സ്പെയിനിലെ ജനത പ്രകമ്പനം കൊണ്ടു (വിരുതന്മാരുടെയും തസ്കരന്മാരുടെയും കഥ പറയുന്ന നോവലാണു പിക്കറെസ്ക് നോവല്‍).

നോവലിലെ വര്‍ണനകളും സംഭവ സന്നിവേശങ്ങളും ആ പ്രകമ്പനത്തിനു കാരണങ്ങളാണെങ്കിലും സ്പെയിനിലെ സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലം കൂടി അതിനു ഹേതുവായി ഭവിച്ചു. 1936 തൊട്ട് 1939 വരെയായിരുന്നു സ്പെയിനിലെ ആഭ്യന്തര സമരം. ആ സമരം തന്നെ അടുത്തു ഉണ്ടാകാന്‍ പോകുന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒരു റിഹേഴ്സലായിരുന്നത്രേ. ഫ്രാങ്കോയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച ജര്‍മ്മന്‍ ഭടന്മാര്‍ സ്പെയിന്‍ ജനത യുദ്ധത്തില്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ വേണ്ടി അവിടത്തെ പ്രധാന നഗരങ്ങളില്‍ തുടര്‍ച്ചയായി ബോംബ് വര്‍ഷിച്ചു. ആശുപത്രികള്‍ പോലുള്ള ചില സ്ഥാപനങ്ങളെ ഒഴിവാക്കികൊണ്ടു ഫ്രാങ്കോയുടെ അറിവോടു കൂടി നടത്തിയ ഈ ബോംബാക്രമണത്തില്‍ ആയിരക്കണക്കിന് സ്പെയിന്‍കാര്‍ മരിച്ചു. ഇമ്മട്ടിലുള്ള കൂട്ടക്കൊലകള്‍ ആവര്‍ത്താവര്‍ത്തിച്ച് ഉണ്ടായി. 1937 ഏപ്രില്‍ 26-നു ജര്‍മ്മന്‍ സൈന്യം വടക്കന്‍ സ്പെയിനിലെ ഗേര്‍ണിക്കാ നഗരം ബോംബിട്ട് നശിപ്പിച്ചു. നാലു മണിക്കൂറായിരുന്നു ആക്രമണം. അപ്പോഴും ആയിരമായിരം ആളുകള്‍ മരിച്ചു. ഫാസിസ്റ്റുകള്‍, റിപ്പബ്ലിക്കുകാരെയും ഇടതുപക്ഷക്കാരെയും പരാജയപ്പെടുത്തി രാജ്യം കൈവശമാക്കി. സ്പെയിനിലുള്ളവര്‍ മാത്രമല്ല ലോകജനത തന്നെ ഞെട്ടിപ്പോയി. ഈ ഞെട്ടലും പേടിയുമാണു തേലയുടെ ആദ്യത്തെ നോവലുളവാക്കിയത്.

കൂട്ടക്കൊലപാതകങ്ങളും വിദ്വേഷങ്ങളും താണ്ഡവ നൃത്തം നടത്തുന്ന സ്പെയിന്‍. അതിന്റെ സൂക്ഷ്മാകാരമാര്‍ന്ന ഡ്വാര്‍ത കുടുംബം. ആ കുടുംബത്തിലെ പ്രധാനനായ അംഗം പാസ്ക്കൂഅല്‍ ഡ്വാര്‍ത തന്നെയാണ്. അയാള്‍ ജീസസ് ഗൊണ്‍ താലേത്ത് എന്നൊരു ജന്മിയെ കൊന്നു. കൊന്നതിനു വധശിക്ഷയാണു കിട്ടിയത്. ജയിലില്‍ കിടന്നു കൊണ്ട് അയാള്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്നു. ആ സ്മരണകളിലൂടെ വായനക്കാര്‍ നൃശംസതയുടേയും വിദ്വേഷത്തിന്റെയും ഭീകരകഥകള്‍ അറിയുന്നു.

നോവലിന്റെ തുടക്കത്തില്‍ തന്നെയുണ്ടായ ഭയാനകത്വം. ഡ്വാര്‍തയുടെ അച്ഛന്‍ പേപ്പട്ടി കടിച്ചു മരിച്ചു. അയാളുടെ അമ്മയ്ക്കു റാഫിയല്‍ എന്നൊരുത്തനോടു ലൈംഗികബന്ധമുണ്ട്. ക്രൂരനായ അയാള്‍ ഡ്വാര്‍തയുഇടെ സഹോദരന്‍ മാറിയോയുടെ ചെവിയുണ്ടായിരുന്ന ഭാഗത്തു ആഞ്ഞൊരു ചവിട്ടു കൊടുത്തു. ചെവി എവിടെ പോയി എന്ന ചോദ്യമുണ്ടാകാം. ഒരു പന്നി അവന്റെ ചെവികള്‍ കടിച്ചു മുറിച്ചു കളഞ്ഞിരുന്നു. ആ ഭാഗത്തായിരുന്നു റാഫില്‍ ചവിട്ടിയത്.

ഏതമ്മയ്ക്കും മകന് ഏല്‍ക്കേണ്ടിവരുന്ന പീഡനം വേദന ജനിപ്പിക്കുന്നതാണല്ലോ. പക്ഷേ, മാറിയോയുടെ അമ്മ ജാരപുരുഷന്റെ ചവിട്ടുകണ്ട് ആഹ്ലാദിക്കുകയാണു ചെയ്തത്. കുറെക്കാലത്തിനു ശേഷം മാറിയോ മരിച്ചിട്ടും അവള്‍ക്കു ദുഃഖമുണ്ടായില്ല. ആ ക്രൂരത കണ്ടപ്പോള്‍ ഡ്വാര്‍തയുടെ വിദ്വേഷം ആളിക്കത്തി. ആ ആളിക്കത്തലാണ് നോവലിലാകെയുള്ളത്. തുടര്‍ന്നു പല കൊലപാതകങ്ങളും ഡ്വാര്‍ത നടത്തി. തന്റെ ഭാര്യ ലോലയെ ഗര്‍ഭിണിയാക്കിയ ലോപസിനെ അയാള്‍ നിഗ്രഹിച്ചു. ശണ്ഠയുണ്ടായപ്പോള്‍ തന്റെ ഒരു മുലക്കണ്ണു കടിച്ചു പറിച്ച അമ്മയുടെ കഴുത്ത് അയാള്‍ മുറിച്ചു. അവളുടെ രക്തത്തിന് ആട്ടിന്‍ കുട്ടിയുടെ രക്തത്തിന്റെ സ്വാദുണ്ടായിരുന്നു എന്നാണു ഡ്വാര്‍ത പറഞ്ഞത്. അമ്മയുടെ രക്തത്തിലൂടെ വിദ്വേഷം കഴുകിക്കളയാന്‍ ശ്രമിക്കുന്ന ഡ്വാര്‍ത ഒന്നിനൊന്ന് എക്സിസ്റ്റെന്‍ഷ്യല്‍ ഔട്ട്സൈഡറായി അസ്തിത്വവാദത്തോടു ബന്ധപ്പെട്ട അന്യതയുള്ളവനായി മാറുന്നു.

ഫ്രാങ്കോയുടെ രാജ്യത്ത് ഓരോ പൗരനുമുണ്ടായ അന്യവത്ക്കരണ ബോധത്തിനു തുല്യം തന്നെയാണിത്. ഭരണത്തിന്റെ ക്രൂരത കൊണ്ടു തകര്‍ച്ചയുണ്ടാകുമ്പോള്‍ ഡ്വാര്‍തയെ പോലെ പ്രതികരിക്കേണ്ടതാണ് എന്നാണു തേല പരോക്ഷമായി സ്പെയിന്‍ ജനതയെ അറിയിച്ചത്. അധികാരികള്‍ക്ക് അതു മനസിലായി. അവര്‍ ആ സാഹിത്യ കൃതിക്കു നിരോധനം ഏര്‍പ്പെടുത്തി. തേലയുടെ നോവലിനെ Tremendista എന്നു നിരൂപകര്‍ വിളിച്ചു. ട്രിമന്‍ഡസ് ആയതിനെ — ഭീമാകാരമാര്‍ന്നതിനെ, ഭയജനകമായതിനെ — Tremendista എന്നു സ്പാനിഷ് ഭാഷയില്‍ പറയും. ആ പ്രസ്ഥാനം Tremendismo. തേലയുടെ ഈ നോവലാണു ട്രിമന്‍ഡിസ്മോ പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത്.

സൊള്‍ഷെനിറ്റ്സില്‍ ഒരിക്കല്‍ പറഞ്ഞു: “സമകാലിക സമുദായത്തിന്റെ പ്രാണവായുവല്ലാത്ത സാഹിത്യം ആ സമുദായത്തിന്റെ വേദനകളും പേടികളും പകര്‍ന്നു തരാത്ത സാഹിത്യം, സാന്മാര്‍ഗികവും സാമൂഹികവുമായ അപകടങ്ങളെപ്പറ്റി മുന്നറിയിപ്പു തരാത്ത സാഹിത്യം — അങ്ങനെയുള്ള സാഹിത്യത്തിനു സാഹിത്യമെന്ന പേരിന് അര്‍ഹതയില്ല. അത്തരം സാഹിത്യത്തെ സംബന്ധിച്ച് അതിന്റെ ആളുകള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നു. ആളുകള്‍ അതു വായിക്കുന്നില്ല. ചവറു കടലാസായിട്ടാണ് ആളുകള്‍ അതിനെ കാണുക. പീകാസോയുടെ ‘ഗേര്‍ണിക്ക’ എന്ന ചിത്രം അന്നത്തെ സമുദായത്തിന്റെ ഭയാശങ്കകളെ ആവിഷ്കരിച്ചു. തേല അനുഷ്ഠിച്ച കൃത്യവും അതു തന്നെ.

‘പാസ്ക്കൂഅല്‍ ഡ്വാര്‍തയുടെ കുടുംബ’മാണു തേലയുടെ മാസ്റ്റര്‍പീസെന്നു കരുതുന്നവരുണ്ട്. അതല്ല 1951-ല്‍ പ്രസിദ്ധപ്പെടുത്തിയ The Hive എന്ന നോവലിനാണ് ആ സ്ഥാനം നല്‍കേണ്ടതെന്നു വേറെ ചിലര്‍ അഭിപ്രായപ്പെടുന്നു. എതായാലും ശക്തിയാര്‍ന്ന കലാസൃഷ്ടി തന്നെയാണ് ഇതും. പക്ഷേ, ഈ കൃതിയില്‍ പ്രത്യക്ഷനാകുന്ന തേല ട്രിമന്‍ഡിസ്മോ പ്രസ്ഥാനത്തിന്റെ സ്തോതാവല്ല. വിശപ്പു കൊണ്ടു യാതന അനുഭവിക്കുന്ന മാഡ്രിഡ് നിവാസികളുടെ സുഹൃത്താണ്. ഇരുന്നൂറോളം കഥാപാത്രങ്ങളെക്കൊണ്ടു പ്രവര്‍ത്തിപ്പിക്കുകയും സംസാരിപ്പിക്കുകയും ചെയ്യുന്ന നോവലിസ്റ്റിന് ഇതിവൃത്തത്തെക്കുറിച്ച് ഒരു പരിഗണനയുമില്ല. ആഖ്യാനമാണു നോവലിനു ജീവന്‍ നല്കുന്നതെന്ന വിചാരവും അദ്ദേഹത്തിനില്ല.

ആഭ്യന്തരയുദ്ധത്തിനു ശേഷം നാലു വര്‍ഷം കഴിഞ്ഞുള്ള മാഡ്രിഡ് നഗരത്തെയാണു തേല ഈ നോവലിൽ ചിത്രീകരിക്കുന്നത്. പാവങ്ങള്‍ വിശപ്പു കൊണ്ടു പുളയുന്നു. പണമെവിടെ കിട്ടുമെന്ന് അന്വേഷിച്ചു പരക്കം പായുന്നു. പണമുള്ളവര്‍ പട്ടിണിപ്പാവങ്ങളെ ചൂഷണം ചെയ്യുന്നു. ഡോന്യ റോസ എന്ന കഥപാത്രം ചൂഷണം നടത്തുന്ന ആളുകളുടെ ശാശ്വത പ്രതീകമാണ്, ഒരു ഭക്ഷണശാലയുടെ ഉടമസ്ഥയാണ് അവള്‍. മാഡ്രിഡില്‍ അവള്‍ക്കു പല കെട്ടിടങ്ങളുമുണ്ട്. അവയില്‍ പാര്‍ക്കുന്നവരില്‍ നിന്നു റോസ വലിയ തുകകള്‍ വാടകയായി വാങ്ങിക്കുന്നു. എന്നിട്ടും അവരെ ഭീഷണിപ്പെടുത്തുന്നു.

മാഡ്രിഡ് പട്ടണം Hive — തേനീച്ചക്കൂടാണെങ്കില്‍ ആ തേനീച്ചക്കൂടിന്റെ സൂക്ഷ്മാകാരമാണു റോസയുടെ ഭക്ഷണശാലയെങ്കില്‍ — പാവപ്പെട്ട കൊച്ചു തേനീച്ചകള്‍ സംഭരിക്കുന്ന തേനിന്റെ ഉടമസ്ഥയാണു റോസ. ഉടമസ്ഥ പ്രവര്‍ത്തിക്കുന്നില്ല, അനങ്ങുന്നതേയില്ല. പക്ഷേ, അവള്‍ ധനത്തിന്റെയെല്ലാം ഉടമസ്ഥയാണ്. അവള്‍ ചൂഷണം ചെയ്യുന്നവരുടെയെല്ലാം പ്രതിനിധിയും. തേനീച്ചക്കൂട്ടില്‍ നിസഹായാവസ്ഥയില്‍ കഴിയുന്ന അനേകം തേനീച്ചകള്‍ക്കല്ല പ്രാധാന്യം അവയെ ഭരിക്കുന്ന രാജ്ഞിക്കാണ്. സ്പെയിനില്‍ കാപ്പിറ്റലിസ്റ്റുകള്‍ ചൂഷണം നടത്തുന്നു. സംഖ്യാബലം ഉണ്ടെങ്കിലും അശക്തരായ ജനങ്ങള്‍ പട്ടിണി കിടക്കുന്നു.

നോക്കൂ, ഫ്രാങ്കോ ഇതാണു നിങ്ങളുടെ ഭരണത്തിന്റെ ഫലം എന്നു തേല പറയുന്നതു നമ്മള്‍ കേള്‍ക്കുന്നു. ഫ്രാങ്കോയുടെ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ നോവല്‍ നിരോധിച്ചു. തേല നാടുവിട്ടു പോവുകയും ചെയ്തു. ആദ്യത്തെ നോവല്‍ കൊണ്ടു ട്രിമിന്‍ഡിസ്മോ പ്രസ്ഥാനം ഉദ്ഘാടനം ചെയ്ത് ഈ കലാകാരന്‍ ‘ദ് ഹൈവ്’ എന്ന നോവല്‍ കൊണ്ട് Objectivismo എന്നൊരു പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു. ഛായാഗ്രഹണ രീതിയില്‍ വസ്തുതകളെ ആവിഷ്കരിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ സവിശേഷത. ഫോട്ടോ എടുക്കുന്നവനെ ചിത്രത്തില്‍ കാണില്ലല്ലോ. അതുപോലെ ഈ പ്രസ്ഥാനത്തില്‍ പെട്ട നോവലില്‍ നോവലിസ്റ്റിനെയും കാണുകയില്ല. തേലയുടെ ആദ്യത്തെ നോവലില്‍ അദ്ദേഹം സ്പഷ്ടത ആവഹിച്ച് നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. രണ്ടാമത്തെ നോവലില്‍ അദ്ദേഹമുണ്ടെന്നു പോലും നമ്മള്‍ അറിയുന്നില്ല.

ഈ ടെക്നിക് — കലാസങ്കേതം — തന്നെയാണ് അദ്ദേഹത്തിന്റെ ചെറുകഥകളിലുമുള്ളത്. ലോകസാഹിത്യത്തിലെ ഉല്‍കൃഷ്ടങ്ങളായ ചെറുകഥകളില്‍ പെടും തേലയുടെ A Misunderstood Genius എന്നത്. തെറ്റിദ്ധരിക്കപ്പെട്ട കലാകാരന്‍ തിമോത്തിയോയാണ്. അയാളൊരു വ്യാജ കലാകാരനാണെന്നു പട്ടണത്തിലുള്ള എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു സ്ത്രീകള്‍ അയാളെ പരിഹസിച്ചു: “തിമോത്തിയോ, നിങ്ങള്‍ വല്ല പുണ്യവാളന്റെയും മറ്റോ പ്രതിമ നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണോ?” ഇങ്ങനെയുള്ള അധിക്ഷേപ വചനങ്ങള്‍ കേട്ടു കേട്ടു തിമോത്തിയോ നന്നേ വിഷമിച്ചു.

അങ്ങനെയിരിക്കെ അവിടെ ഒരു സ്വീഡന്‍കാരി വന്നെത്തി. അവള്‍ വീഞ്ഞു പുളിക്കാതിരിക്കാനുള്ള ‘കണ്‍സെര്‍വൊള്‍’ വില്‍ക്കുന്നവളായിരുന്നു. ‘Do you want to keep your wine from turning sour, from spoiling?’ എന്ന് ഓരോ കടയിലും ചെന്നു ചോദിക്കും. വ്യാപാരം ഫലപ്രദമായിരുന്നില്ല. എങ്കിലും അവള്‍ ‘കണ്‍സെര്‍വൊള്‍’ കൊണ്ടു നടന്നു. ഒരു ദിവസം തിമോത്തിയോയും അവരും കണ്ടുമുട്ടി. കാമത്തിന്റെ ഒരയസ്കാന്ത പ്രവാഹം രണ്ടുപേരുടെയും ഇടയ്ക്ക് ഒഴുകിത്തുടങ്ങി.

തിമോത്തിയോ: രണ്ടു ഹൃദയങ്ങള്‍ ഒരുമിച്ചു സ്പന്ദിക്കുന്നു.

അവള്‍: ഹു, ഹു.

തിമോ: ജീവിതത്തിന്റെ പാതയില്‍ തല ചായ്ക്കാന്‍ ഒരു തോള്.

അവള്‍: ഹു, ഹു.

ഒരു മൂട്ട അവളുടെ കഴുത്തിലൂടെ നീങ്ങുകയായിരുന്നു. ‘സൂക്ഷിക്കു, അത് അകത്തേക്കു വീഴും” എന്നു അയാള്‍ മുന്നറിയിപ്പു നല്‍കി. അവള്‍ മൂട്ടയെ പിടിച്ചു വിരലുകള്‍ക്കിടയില്‍ വച്ച അതിനെ അമര്‍ത്തി കൊന്നു. എന്നിട്ട് അതിന്റെ ശവം കസേരയുടെ താഴെ വച്ചു.

തിമോത്തിയോ: തേനേ കേള്‍ക്കു.

അവള്‍: എന്ത്?

തിമോ: ഒന്നുമില്ല. അതു കേള്‍ക്കാന്‍ എങ്ങനെയിരിക്കുമെന്ന് നോക്കുകയായിരുന്നു.

എന്തിനധികം പറയുന്നു? അവള്‍ അയാളുടെ ഭാര്യയായി. ഏതു ഭാര്യയും ഭര്‍ത്താവിനെ സമുദായത്തില്‍ മാന്യനാക്കാന്‍ യത്നിക്കുമല്ലോ. കലയെക്കുറിച്ച് ഒന്നുമറിഞ്ഞു കൂടാത്ത തിമോത്തിയേയെ അവള്‍ പ്രതിമാ നിര്‍മ്മാതാവാക്കി. അവള്‍ തന്നെയാണു പട്ടണത്തില്‍ നിന്നു കളിമണ്ണു വാങ്ങിക്കൊണ്ടു വന്നത്. അയാള്‍ അതു റൊട്ടിയുടെ മട്ടില്‍ ഉരുട്ടി വച്ചിട്ട്, Girl in street clothes എന്നു പേരിട്ടു. അങ്ങനെ പല പ്രതിമകൾ നിർമ്മിച്ചു. Girl in Evening clothes, Girl in bathing suit, Mother hood, father hood, പ്രതിമകള്‍ ഏറെയായപ്പോള്‍ ബഹുജനത്തിന്റെയും, നിരൂപകരുടെയും അംഗീകാരം നേടാനായി അവള്‍ ഒരു പ്രദര്‍ശനം ഏര്‍പ്പാടു ചെയ്തു. കാലത്ത് ഏഴു മണിക്കും ഒമ്പതു മണിക്കുമിടയ്ക്കാണു പ്രദര്‍ശനം നടക്കുക. ആ സമയത്താണു വിദ്യാര്‍ത്ഥികള്‍ അലക്കുകാരികളുമായി കൈകോര്‍ത്തു നടക്കുക. ആ സമയത്താണു പട്ടാളക്കാര്‍ വേലക്കാരികളുടെ പുറകെ പോകുക. അപ്പോഴാണു ഗുമസ്ഥന്‍മാര്‍ ടൈപ്പു ചെയ്യുന്ന പെണ്ണുങ്ങളെ കാപ്പി കുടിക്കാന്‍ കൊണ്ടു പോവുക. ആ സമയത്താണു പ്രായം കൂടിയ മാന്യന്‍മാര്‍ ബ്രാന്‍ഡിയും സോഡയും ചേർത്ത് കഴിക്കുക. പ്രദര്‍ശനം കാണാന്‍ ആരുമെത്തിയില്ല. തന്റെ കല മനസ്സിലാക്കാന്‍ ആളുകള്‍ക്കു കഴിവില്ല എന്നായിരുന്നു തിമോത്തിയോയുടെ പരാതി. പ്രദര്‍ശന സമയത്തു ഒരുത്തി വാതില്‍ തള്ളിത്തുറന്നു ചോദിച്ചു “Do you have any knit underwear? ”— തുന്നിയ അണ്ടര്‍വെയറുണ്ടോ?

പ്രദര്‍ശന സ്റ്റാള്‍ അടച്ചു. തെറ്റിദ്ധരിക്കപ്പെട്ട കലാകാരനും ഭാര്യയും അപ്രത്യക്ഷരായി. വീട്ടിലെ സാധനങ്ങളെല്ലാം അതുപോലെ ഇരിക്കുന്നു. അതുകൊണ്ട് അവര്‍ തിരിച്ചു വരുമെന്ന് എല്ലാവരും കരുതി പക്ഷേ തിരിച്ചെത്തിയില്ല. അവര്‍ ആത്മഹത്യ ചെയ്തോ! ചെയ്തെങ്കില്‍ പത്രത്തില്‍ വാര്‍ത്ത വരുമായിരുന്നല്ലോ. അതുമില്ല. കുറെ മാസത്തിനു ശേഷം അവരെക്കുറിച്ച് അറിവു കിട്ടി. തിമോത്തിയോയും ഭാര്യയും ഗ്രാമങ്ങളില്‍ കണ്‍സര്‍വൊള്‍ കൊണ്ടു നടന്ന് വില്‍ക്കുകയാണ്.

ഹാസ്യത്തിന്റെ പരകോടിയിലെത്തിയ ഈ നീണ്ട ചെറുകഥയില്‍ ചലച്ചിത്രങ്ങളിലെ രംഗങ്ങള്‍ പോലെയുള്ള നിരവധി രംഗങ്ങളുണ്ട്. ഓരോന്നും ഹാസ്യാത്മകം. ഓരോന്നും സമൂഹ വിമര്‍ശനപരം. ഓരോന്നും വസ്തുനിഷ്ഠം.

തേല അനുഗ്രഹീതനാണെന്നു മാത്രം പറഞ്ഞാല്‍ പോര. അസാധാരണമായ വിധത്തില്‍ അനുഗ്രഹീതനത്രേ. സ്വന്തം നാട്ടിലേക്കും സ്വന്തം ജനങ്ങളിലേക്കും കണ്ണുകളൂന്നി ‘തങ്കരേക്കുറ’ തൂലിക കൊണ്ട് എഴുതുകയാണു തേല.

അദ്ദേഹത്തിന്റെ Village Idiot എന്ന ചെറുകഥയെക്കുറിച്ചു കൂടി പറയേണ്ടതുണ്ട്.

അദ്ദേഹം മനുഷ്യസ്നേഹിയായും പ്രത്യക്ഷനാകുന്നു. സ്വീഡിഷ് അക്കാദമി അങ്ങനെയൊരു മഹാനെ കണ്ടെത്തിയതു ലോക ജനതയ്ക്കു ആഹ്ലാദദായകമായി ഭവിച്ചിരിക്കുന്നു.