close
Sayahna Sayahna
Search

ഞാന്‍ വിപ്ലവമാണ്


ഞാന്‍ വിപ്ലവമാണ്
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

1964 എന്ന വര്‍ഷം വിശ്വനാടക സാഹിത്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണു്. അന്നു് ഒരു നവാഗതനെ കണ്ട് സഹൃദയര്‍ അത്ഭുതപ്പെട്ടു; അദ്ദേഹത്തിന്റെ നൂതന ശബ്ദം കേട്ട് അവര്‍ ആഹ്ലാദിച്ചു. ജര്‍മ്മന്‍ നാടകകര്‍ത്താവ് പീറ്റര്‍ വൈസ്സായിരുന്നു ആ നവാഗതന്‍ (Peter Weiss). അദ്ദേഹത്തിന്റെ മറാ സാദ് (Marat Sade) എന്ന നാടകത്തിലൂടെയായിരുന്നു അവര്‍ ആ നവ്യനാദം കേട്ടതു്. നാടകത്തിന്റെ പൂര്‍ണ്ണമായ പേരു് മറാ സാദ് എന്നല്ല. മര്‍ക്കി ദെസാക്കിന്റെ നിര്‍ദ്ദേശത്തിനു് അനുസരിച്ചു് സാറാങ്ദോങ് ഭ്രാന്താലയത്തിലെ നിവാസികള്‍ അഭിനയിക്കുന്ന മറായുടെ പീഡനവും വധവും (The Persecution and Assassination of Marat as Performed by the inmaates of the Asylum of Charenton under the Direction of Marquis de sade) എന്ന ദീര്‍ഘമായ പേരു് നാടകത്തിന്റെ സ്വഭാവവും അതുള്‍ക്കൊള്ളുന്ന തത്ത്വചിന്തയും പ്രേക്ഷകര്‍ക്കു് വ്യക്തമാക്കിക്കൊടുക്കുന്നു. ഇംഗ്ലീഷ് പരിഭാഷകന്‍ കൊടുത്ത മറാ-സാദ് എന്ന നാമധേയം അച്ചടിക്കാനും പരസ്യപ്പെടുത്താനും സൗകര്യം നല്‍കിയെങ്കിലും അതിനു സൂക്ഷ്മത പോരാ. ‘വിദ്യുന്മയമായ അനുഭവം’ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന നിസ്തുലമായ അനുഭവം’ എന്നും മറ്റും വാഴത്തപ്പെട്ട ഈ നാടകത്തിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് മറാ, സാദ് ഇവരെക്കുറിച്ചു് നമ്മള്‍ മനസ്സിലാക്കിയേ തീരൂ.

ഷാങ് പോള്‍ മറാ (Jean Paul Marat) ഫ്രഞ്ച് വിപ്ലവത്തിന്റെ ഒരു നേതാവായിരുന്നു. ബോര്‍ദോയിലും പാരീസിലും വൈദ്യശാസ്ത്രം അഭ്യസിച്ചതിനുശേഷം അദ്ദേഹം ലണ്ടനില്‍ പ്രാക്ടീസു നടത്തി. ശ്വാസകോശത്തിന്റെയും കണ്ണിന്റെയും ‘സ്പെഷലിസ്റ്റ്’ എന്ന നിലയില്‍ യശസ്സാര്‍ജ്ജിച്ചു മറാ. വിദ്യുച്ഛക്തി, പ്രകാശം ഇവയെക്കുറിച്ചു് ലേഖനങ്ങള്‍ എഴുതുന്നതിനും ന്യൂട്ടന്റെ സിദ്ധാന്തങ്ങളെ എതിര്‍ക്കുന്നതിനും വേണ്ട ശാസ്ത്രീയജ്ഞാനം മറായ്ക്കുണ്ടായിരുന്നു.

ഭേദമാകാത്ത ത്വഗ്രോഗത്താല്‍ കഷ്ടപ്പെട്ടിരുന്ന അദ്ദേഹം ആശ്വാസത്തിനുവേണ്ടി ചൂടുവെള്ളം നിറച്ച കുളിത്തൊട്ടിയില്‍ എപ്പോഴുമിരിക്കുമായിരുന്നു. അതിന്റെ കുറുകെ വച്ച പലകയില്‍ കടലാസ് വച്ച് അദ്ദേഹം ലേഖനങ്ങളെഴുതും. അഞ്ചടി പൊക്കം മാത്രമുണ്ടായിരുന്ന ഈ വിപ്ലവകാരിയുടെ ഒരു കണ്ണു് മറ്റേക്കണ്ണിനേക്കാള്‍ ഉയരത്തിലായിരുന്നത്രേ. ഇരുപത്തിനാലു മണിക്കൂറില്‍ രണ്ടുമണിക്കൂര്‍ മാത്രമേ അദ്ദേഹം ഉറങ്ങാനായി ഉപയോഗിച്ചിരുന്നുള്ളു.

‘സെപ്തംബര്‍ കൂട്ടക്കൊല’ എന്ന കുപ്രസിദ്ധമായ സംഭവത്തിനു കാരണക്കാരനായ മറായെ അത്യന്ത സുന്ദരിയും യുവതിയുമായ ഷാര്‍ലറ്റ് വെറുത്തു. വിഖ്യാതനായ ഫ്രഞ്ച് നാടകകര്‍ത്താവ് കോര്‍ണിയയുടെ കുടുംബത്തില്‍ ജനിച്ചവളും രാജപക്ഷീയയും ആയ ഷാര്‍ലറ്റ് പേനാക്കത്തിയുമായി അദ്ദേഹത്തെ കാണാന്‍ വന്നു. സന്ദര്‍ശനത്തിനുള്ള അനുവാദം നിഷേധിക്കപ്പെട്ടു. അവള്‍ പിന്മടങ്ങിയില്ല. രണ്ടാമത്തെ ദിവസം അവള്‍ മറായുടെ വീട്ടിലെത്തി. അപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിക്കാനൊക്കുകയില്ലെന്നു് ആരോ ഷാര്‍ലറ്റിനോട് പറഞ്ഞതാണു്. പക്ഷേ കുളിത്തൊട്ടിയിലിരുന്ന മറാ അവളുടെ ശബ്ദം കേട്ടു. അദ്ദേഹം അവളെ അകത്തേയ്ക്കു വിളിച്ചു. ശത്രുക്കളുടെ പേരുകള്‍ പറഞ്ഞുകൊടുക്കാനെന്ന മട്ടില്‍ അവള്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്നു് ഇരുന്നു. മറാ പേരുകളെഴുതി. ‘ഇവരെ ഗില്ലറ്റിന്‍ ചെയ്യുന്നതാണു്’ എന്നു് വിപ്ലവത്തിന്റെ നേതാവ് ഉദ്ഘോഷിച്ചു. ഈ സമയത്തു് ഷാര്‍ലറ്റ്, ഒളിച്ചുവച്ചിരുന്ന പേനാക്കത്തി എടുത്തു് അദ്ദേഹത്തിന്റെ നെഞ്ചില്‍ പിടിവരെ കുത്തിയിറക്കി. ‘അയോര്‍ട്ട’ എന്ന രക്തനാഡി പിളര്‍ന്നു് രക്തം ഒഴുകി. മറാ ഭാര്യ സീമോണിനെ വിളിച്ചു് കരഞ്ഞു. അദ്ദേഹം സീമോണിന്റെ കൈകളില്‍ കിടന്നു മരിച്ചു. ഓടാന്‍ തുടങ്ങിയ ഷാര്‍ലറ്റിനെ മറായുടെ വീട്ടിലുണ്ടായിരുന്ന ഒരാള്‍ കസേരയെടുത്തു് അടിച്ചുവീഴ്ത്തി. പോലീസ് വന്നപ്പോള്‍ ഷാര്‍ലറ്റ് പറഞ്ഞതു് ‘ഞാന്‍ എന്റെ ജോലി ചെയ്തു. അവര്‍ അവരുടെ ജോലി ചെയ്തുകൊള്ളട്ടെ’ എന്നാണു്.

ലൈംഗികമായ ആഹ്ലാദത്തിനു് സഹായം എന്ന മട്ടില്‍ അക്രമത്തെക്കണ്ട മക്കിദെസാദിന്റെ ശരിയായ പേരു് കോങ്ത് ദൊനാസ്യാങ് അല്‍ഫോന്‍സ് ഫ്രാങ്സ്വസാദ് (Comte Donation Alphonse Francois de Sade) എന്നായിരുന്നു (1740-1814). അത്യന്തസുന്ദരനായിരുന്നു ഈ വിപര്യാസകാരി (Pervert). യുവാവായ സാദിനെക്കണ്ട യുവതികള്‍ അത്ഭുതപരതന്ത്രരായി നിന്നുപോയി. അതിനാല്‍ സാദ് ആവശ്യപ്പെടാതെ തന്നെ യുവതികള്‍ അദ്ദേഹത്തെ വേഴചയ്ക്കായി സമീപിച്ചു. അക്കാരണത്താലും തനിക്ക് ഇഷ്ടപ്പെടാന്‍ കഴിയാത്ത സ്ത്രീയുടെ ഭര്‍ത്താവായിപ്പോയതിനാലും അദ്ദേഹം രാക്ഷസീയമായ ലൈംഗിക വ്യതിയാനത്തില്‍ വീണു. ഭാര്യയുടെ അനുജത്തിയുമായി ലൈംഗികവേഴ്ച നടത്തി. വേശ്യാലയങ്ങളില്‍ അദ്ദേഹം പതിവായി കയറിയിറങ്ങി. നഗ്നങ്ങളായ മുലകളിലും അനാവരണം ചെയ്ത നിതംബങ്ങളിലും ചാട്ടകൊണ്ടടിച്ച് രക്തം തെറിപ്പിക്കാനായി സാദ് യുവതികളെ ‘വാടകയ്ക്കെടുത്തു.’ ഈ ലൈംഗികമായ അതിരേകം സാദിനെ കാരാഗൃഹത്തിലേയ്ക്ക് നയിച്ചു. കാരാഗൃഹത്തില്‍നിന്നു് പുറത്തിറങ്ങിയിട്ടും അദ്ദേഹം ഇമ്മാതിരി നൈശികോത്സവങ്ങളിലും ദൈനികോത്സവങ്ങളിലും വ്യാപരിച്ചിരുന്നു. 1778-ല്‍ അദ്ദേഹം റോസ്കെല്ലര്‍ എന്ന യുവതിയെ അപഹരിച്ചുകൊണ്ടുപോയി. അവളെ നഗ്നയാക്കിയിട്ട് ശരീരം രക്തത്തില്‍ മുങ്ങുന്നതുവരെ ചാട്ടകൊണ്ടടിച്ചു. റോസ് നഗ്നയായി, ചോരയൊലിപ്പിച്ചുകൊണ്ട് പോലീസുകാരുടെ അടുക്കലേയ്ക്ക് ഓടി. സാദ് വീണ്ടും ജയിലിലായി. ഏഴാഴ്ച കഴിഞ്ഞു് അദ്ദേഹം മോചനം നേടി. പിന്നെയും ബലാല്ക്കാരവേഴ്ച; സ്വവര്‍ഗ്ഗസംഭോഗം. 1778 മുതല്‍ 1789 വരെ അദ്ദേഹം കാരാഗൃഹത്തിലായിരുന്നു. 1790-ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ സംക്ഷോഭത്തിനിടയില്‍ സാദ് ബന്ധനവിമുക്തനായി. പക്ഷേ 1801-ല്‍ നെപ്പോളിയന്‍ അദ്ദേഹത്തെ കാരാഗൃഹത്തിലാക്കി. നെപ്പോളിയനു് എതിരായി എന്തോ എഴുതിയതിനും ‘ഷ്യസ്തീന്‍’ ‘ഷ്യുലിയറ്റ്’ എന്നീ നോവലുകള്‍ രചിച്ചതിനും വേണ്ടിയാണു് അദ്ദേഹത്തിനു് കാരാഗൃഹത്തില്‍ പോകേണ്ടിവന്നതു്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ സാദിനെ ഷറാങ്ദോങ് ഭ്രാന്താലയത്തിലേയ്ക്ക് മാറ്റി. പതിനൊന്നുകൊല്ലം കൂടി അയാള്‍ ഭ്രാന്തനായി അവിടെ കഴിഞ്ഞുകൂടി. അപ്പോഴേയ്ക്കും പ്രകൃതി അദ്ദേഹത്തെ തിരിച്ചുവിളിക്കുകയായി.

മറാ, സാദ് ഇവരെക്കുറിച്ചുള്ള ചരിത്രപരങ്ങളായ വസ്തുക്കള്‍ മനസ്സിലാക്കിക്കൊണ്ട് നമ്മള്‍ പീറ്റര്‍വൈസ്സിന്റെ നാടകത്തിലേയ്ക്ക് പ്രവേശിക്കുകയാണു്. 1808 ജൂലായ് 13-ആം തിയതി ഷറാങ്ദോങ് ഭ്രാന്താലയത്തില്‍ ഭ്രാന്തന്മാര്‍ ചേര്‍ന്നു് ഒരു നാടകം അഭിനയിച്ചു. നാടകമെഴുതിയതും സംവിധാനം ചെയ്തതും സാദ്. നാടകത്തില്‍ ആവിഷ്കരിക്കുന്നതു് 1793-ലെ ഫ്രഞ്ച് വിപ്ലവത്തിനോട് ബന്ധപ്പെട്ട സംഭവങ്ങള്‍. പീറ്റര്‍ വൈസ്സാണു് യഥാര്‍ത്ഥത്തില്‍ നാടകമെഴുതിയതെന്നു് നമുക്കറിയാം. എങ്കിലും സാദാണു് അതെഴുതിയതെന്നു് നാം വിചാരിക്കുന്നു. വൈസ്സിന്റെ നാടകം ജീവിച്ചിരിക്കുന്ന നമ്മുടെ മുമ്പില്‍ അഭിനയിക്കുകയാണു് എന്നു് വിചാരിക്കുക. അപ്പോള്‍ 1793-ലെ സംഭവങ്ങള്‍ 1808-ലെ പ്രേക്ഷകര്‍ കണ്ടതെങ്ങനെയെന്നു് നാം നമ്മുടെ നേത്രങ്ങള്‍കൊണ്ട് ദര്‍ശിക്കുകയാണു്. നാടകവേദിയുടെ പിറകിലായി ഭ്രാന്താലയത്തിലെ മണി ശബ്ദിക്കുമ്പോള്‍ യവനിക ഉയരുന്നു. ഭ്രാന്താലയത്തിലെ കുളിമുറി. വലിയ ‘ഹാളാ’ണതു്. ഷറാങ്ദോങ് ചികിത്സാലയത്തിന്റെ ഡയറക്ടര്‍ കൂള്‍മ്യ പ്രേക്ഷകരെ സ്വാഗതം ചെയ്യുമ്പോള്‍ നാടകം ആരംഭിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും വിശേഷിച്ച് കലയിലൂടെ ഭ്രാന്തന്മാരെ ചികിത്സിച്ച് രോഗം ഭേദമാക്കുന്നതിലാണു് ഡയറക്ടര്‍ക്കും അദ്ദേഹത്തിന്റെ സഹചാരികള്‍ക്കും കൗതുകം. അതിനുവേണ്ടിയാനു് സാദ് ആ നാടകമെഴുതിയതും അതു് അവിടെ അപ്പോള്‍ അഭിനയിക്കുന്നതും. മറാ എങ്ങിനെ മരിച്ചെന്നും ഷാര്‍ലറ്റ് വന്നെത്തുന്നതുവരെ അദ്ദേഹമെങ്ങനെ കുളിത്തൊട്ടിയില്‍ കാത്തിരുന്നുവെന്നും സാദ് പ്രേക്ഷകര്‍ക്കുവേണ്ടി ചിത്രീകരിക്കും. കഥാപാത്രങ്ങളെ നോക്കൂ-അതാ അമ്പതു വയസ്സായ മറാ തലയില്‍ ബാന്‍ഡേജുമായി വെള്ളം നിറച്ച തൊട്ടിയിലിരിക്കുകയാണു്. മറായുടെ ഭാഗം അഭിനയിക്കാന്‍ ‘പാരണോയിയ’ എന്ന മാനസികരോഗമുള്ള ഒരുത്തനെയാണു് തിരഞ്ഞെടുത്തിട്ടുള്ളതു്. മറായെ കുത്തിക്കൊല്ലാന്‍ വരുന്ന ഷാര്‍ലറ്റിന്റെ വേഷം കെട്ടുന്നതു് ‘മെലങ്കോളിയയും സ്ലീപ്പിങ്ങു് സിക്ക്നസ്സും’ (Melancholia and Sleeping Sickness) ഉള്ള ഒരു പെണ്‍കുട്ടിയാണു്. അവള്‍ അഭിനയം മറന്നുപോകില്ലെന്നാണു് ഡയറക്ടറുടെ വിചാരം. ഷാര്‍ലറ്റിന്റെ കാമുകനായ ദ്യുപിറേയായി രംഗത്തെത്തുന്നതു് അതിരുകടന്ന കാമത്താല്‍ ഭ്രാന്തുവന്ന ഒരുത്തനാണു്. അയാളെ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടു്. ഇങ്ങനെ ബോധത്തിന്റെ പല തലങ്ങളിലുള്ള വ്യക്തികളെയാണു് അഭിനേതാക്കളായി തിരഞ്ഞെടുത്തിരിക്കുന്നതു്.

വിപ്ലവം കഴിഞ്ഞിട്ടു് നാലു വര്‍ഷമായി. രാജാവിനെ വധിച്ചിട്ടും ബാസ്തിയേ കാരാഗൃഹം വീണിട്ടും വര്‍ഷം നാലായി. എന്നിട്ടും മറാ ഭരണകര്‍ത്താക്കളെ നിന്ദിച്ചു് എഴുതിക്കൊണ്ടിരിക്കുകയാണു്. നാടകത്തില്‍ ഗായകസംഘത്തെ കൂടാതെ നാലു പാട്ടുകാരുണ്ടു്. മൂന്നു കുടിയന്മാരും ഒരു വേശ്യയും. ചില രോഗികളും നാടകവേദിയില്‍ വരുന്നുണ്ടു്. അവരില്‍ ചിലര്‍ ഹാരമെടുത്തു് മറായുടെ തലയില്‍ വച്ചിട്ടു് അദ്ദേഹത്തെ കളിത്തൊട്ടിയില്‍നിന്നു് ഉയര്‍ത്തിയെടുത്തു. അദ്ദേഹത്തേയുംകൊണ്ടു കുറെ നേരം ചുറ്റിനടന്നു. അതിനുശേഷം ബഹുമാനപൂര്‍വ്വം തൊട്ടിയില്‍ വീണ്ടും നിക്ഷേപിച്ചു. ഗായകസംഘവും മറ്റു നാലു പാട്ടുകാരും പാടി. ‘മറാ! ഞങ്ങള്‍ പാവങ്ങള്‍. പാവങ്ങള്‍ പാവങ്ങളായിത്തന്നെയിരിക്കും. മറാ! കൂടുതല്‍ കാത്തിരിക്കാന്‍ ഞങ്ങള്‍ക്കു് ഇടവരുത്തരുതു്. ഞങ്ങള്‍ക്ക് അവകാശങ്ങള്‍ നേടണം; എങ്ങനെയായാലും വേണ്ടില്ല. ഇപ്പോള്‍ത്തന്നെ ഞങ്ങള്‍ക്ക് വിപ്ലവം വേണം.’ ഇതുകേട്ട് നാടകത്തിലെ അഗ്രഗാമി (Herald) പറഞ്ഞു: ‘വിപ്ലവം വരികയും പോവുകയും ചെയ്തു, അസ്വസ്ഥതയ്ക്കു പകരം ഇപ്പോള്‍ അതൃപ്തി.’ നാടകത്തില്‍ റൂ എന്നൊരു കഥാപാത്രമുണ്ടു്. മുന്‍പു് അയാള്‍ പാതിരിയായിരുന്നു. അയാളുടെ ഷര്‍ട്ടിന്റെ കൈകള്‍ രണ്ടും കൂട്ടിക്കെട്ടിയിരിക്കുകയാണു്. ഇതിന്റെ പരിധിക്കുള്ളിലേ അയാള്‍ക്കു ചലനംകൊള്ളാന്‍ കഴിയുന്നുള്ളു. ഉടനെ വിപ്ലവം വേണമെന്നു പറഞ്ഞു് ബഹളം കൂട്ടിയ രോഗികളെ റൂ കൂടുതല്‍ ഇളക്കി വിട്ടു. അപ്പോള്‍ ഭ്രാന്താലയത്തിലെ ഡോക്ടര്‍ അവരെ പരിചാരകന്മാരെക്കൊണ്ടു് തള്ളി അകത്താക്കി.

ഷാര്‍ലറ്റ് ഈ സന്ദര്‍ഭത്തില്‍ രംഗത്തു് വന്നു. അവള്‍ മറായെ ലക്ഷ്യമാക്കി പറയുകയാണു്:‘മഹാനായ റൂസ്സോയുടെ ഗ്രന്ഥങ്ങളില്‍ നമ്മള്‍ വായിച്ചതുപോലെ ലോകം മാറണമെന്നു് നാം രണ്ടുപേരും കരുതി. പക്ഷേ മാറ്റമെന്നതിനു നിങ്ങള്‍ക്കൊരര്‍ത്ഥം. എനിക്കു വേറൊന്നു്… ഒരിക്കല്‍ നമ്മള്‍ രണ്ടുപേരും ഒരേ ഭാഷ സംസാരിച്ചു. സഹോദരസ്നേഹത്തെക്കുറിച്ചു് നമ്മള്‍ മധുരമായി പാടി. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം സ്നേഹത്തിനൊരര്‍ത്ഥം; നിങ്ങള്‍ക്കു മറ്റൊരര്‍ത്ഥം. അന്നു ഞാന്‍ അന്ധയായിരുന്നുവെന്നു് ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇപ്പോള്‍ എനിക്കു് നിങ്ങളുടെ മനസ്സ് എന്തെന്നു് കാണാം. അതുകൊണ്ടു് ‘ഇല്ല’ എന്നു ഞാന്‍ പറയുന്നു. മറാ! നിങ്ങളെ കൊല്ലാന്‍ ഞാന്‍ വരുന്നു: അങ്ങനെ മനുഷ്യരാശിയെ സ്വതന്ത്രമാക്കാനും.’

തൊട്ടിയിലിരിക്കുന്ന മറാ ചൊറിഞ്ഞു ചൊറിഞ്ഞു് രക്തമൊഴുക്കി. വെള്ളം ചുമപ്പു നിറമാകുന്നതു കണ്ടപ്പോള്‍ സീമോന്‍ മുന്നറിയിപ്പു നല്കി:‘ഷാങ്ങു്പോള്‍ ദയവുചെയ്തു് കുറേക്കൂടി സൂക്ഷിക്കൂ. വെള്ളം എങ്ങനെ ചുവക്കുന്നുവെന്നു നോക്കൂ.’ (Jean Paul please be more careful-look how red the water’s getting) വരാനിരിക്കുന്ന രക്തസ്നാനങ്ങളെക്കുറിച്ചു് ആലോചിക്കുമ്പോള്‍ ഈ കളിത്തൊട്ടിയില്‍ നിറയെ രക്തമായാലെന്തു് എന്നാണു് മറായുടെ ചോദ്യം. അദ്ദേഹം പ്രഖ്യാപിച്ചു ‘സീമോണ്‍, ഞാനാണു് വിപ്ലവം.’ ഷാര്‍ലറ്റ് കളിത്തൊട്ടിയുടെ നേരേ മുന്‍പില്‍ വന്നുനിന്നു് കഠാരയുയര്‍ത്തി. അതുകണ്ട സീമോന്‍ തളര്‍ന്നു. അപ്പോള്‍ സാദ് ഷാര്‍ലറ്റിനോടു് പറഞ്ഞു ‘സമയമായില്ല. നീ മൂന്നു തവണ അയാളുടെ വാതില്ക്കല്‍ വരേണ്ടിയിരിയ്ക്കുന്നു.’

ഷാര്‍ലറ്റ് മറായെ കൊല്ലാനുള്ള പേനാക്കത്തി വാങ്ങിയതു് ഗായകര്‍ പാടി അഭിനയിക്കുന്നതാണു് അടുത്ത രംഗം. ഒരു ഭാഗം ഇതാ:

ഷാര്‍ലറ്റ് കോര്‍ഡേ ഭംഗിയുള്ള സ്റ്റോറുകള്‍ കടന്നുപോയി.
സുഗന്ധ വസ്തുക്കള്‍, അംഗരാഗചൂര്‍ണ്ണങ്ങള്‍, കൃത്രിമ മുടികള്‍,
സിഫിലിസ്സ് വ്രണങ്ങളുണക്കുന്നതിനുള്ള കുഴമ്പുകള്‍,
നിന്റെ വ്രണങ്ങളുണക്കുന്നതിന്നുള്ള കുഴമ്പുകള്‍.
അവള്‍ ഒരു കഠാരി കണ്ടു. അതിന്റെ പിടി വെളുപ്പായിരുന്നു
കത്തിക്കച്ചവടക്കാരന്റെ വാതില്ക്കലേക്കു് ചെന്നു.
അവള്‍ കാണുമ്പോള്‍ കഠാരി തിളങ്ങിയിരുന്നു.


ഷാര്‍ലറ്റ് കണ്ടു. കഠാരി തിളങ്ങിയിരുന്നു. ആര്‍ക്കുവേണ്ടിയാണതെന്നു് ആ മനുഷ്യന്‍ ചോദിച്ചപ്പോള്‍ –നിങ്ങള്‍ ഓരോരുത്തര്‍ക്കും പൊതുവേ അതറിയാം–ഷാര്‍ലറ്റ് ചിരിച്ചു് അയാള്‍ക്കു് നാല്പതു് സൂ കൊടുത്തു. ഷാര്‍ലറ്റ് ചിരിച്ചു് അയാള്‍ക്കു് നാല്പതു് സൂ കൊടുത്തു.

നാടകത്തിലെ അടുത്ത രംഗത്തിനു ‘മരണത്തിന്റെ വിജയം’ എന്നാണു് പേരു്. വിപ്ലവത്തിലെ ക്രൂരങ്ങളായ ചില രംഗങ്ങള്‍ പുനരാവിഷ്കരിക്കുകയാണു് അവിടെ. വധകര്‍ത്താക്കള്‍ ഒരുത്തന്റെ കൈകള്‍ മുറിച്ചു, തല മുറിച്ചു. ആ തലയെടുത്തു ഭ്രാന്താലയത്തിലെ രോഗികള്‍ പന്താട്ടം നടത്തി. മറ്റു പ്രേക്ഷകരെ നോക്കി ബൂര്‍ഷാസിയെ ലക്ഷ്യമാക്കി പറയുന്നു:

‘നിങ്ങള്‍ക്കു് കുശാലാവാന്‍വേണ്ടി ജനങ്ങള്‍ തുടച്ചു നീക്കപ്പെടുമെന്നു് നിങ്ങളാശിക്കുന്നു.

അങ്ങനെ അവര്‍ തുടച്ചു നീക്കപ്പെടുമ്പോള്‍ നിങ്ങളുടെ വീര്‍ത്ത ബൂര്‍ഷാ മോന്തകളില്‍ ഒരു പേശിപോലും തുടിക്കില്ല!’

രോഗികള്‍ കൂടുതല്‍ ഇളകുന്നുവെന്നും അവരുടെ ഈ ക്രൂരമായ അഭിനയം ഉടനെ നിറുത്തേണ്ടതാണെന്നും ഡയറക്ടര്‍ സാദിനെ അറിയിച്ചു. പക്ഷേ സാദ് ഒന്നും മിണ്ടിയില്ല. തുടര്‍ന്നു വരുന്നതു മറായും സാദും തമ്മിലുള്ള ഉജ്ജ്വലമായ സംഭാഷണമാണു്. സാദിന്റെ അനശ്വരമായ ഒരു കൃതിയില്‍ എല്ലാ ജീവിതത്തിന്റേയും അടിസ്ഥാനം മരണമാണെന്നു് രേഖപ്പെടുത്തിയിട്ടുണ്ടെന്നു് മറാ ചൂണ്ടിക്കാണിച്ചു. സാദ് മറുപടി നല്കി: ‘ശരിയാണു് മറാ. പക്ഷേ മനുഷ്യന്‍ മരണത്തിനു് അയഥാര്‍ത്ഥമായ പ്രാധാന്യം നല്‍കിയിരിക്കുന്നു. ഏതു മൃഗവും സസ്യവും മനുഷ്യനും മരിക്കട്ടെ. അതു് പ്രകൃതിയുടെ കംപോസ്റ്റ് ആയി മാറുന്നു. ആ വളമില്ലാതെ ഒന്നിനും വളരാന്‍ വയ്യ. ഒന്നിനെയും സൃഷ്ടിക്കാനും വയ്യ. മരണം ഈ പ്രക്രിയയുടെ ഒരു ഭാഗം മാത്രം. എല്ലാ മരണവും-ക്രൂരമായ മരണംപോലും-പ്രകൃതിയുടെ അവഗണനയില്‍ മുങ്ങിപ്പോകുന്നു. മനുഷ്യരാശിയെ മുഴുവന്‍ നമ്മള്‍ കൊന്നൊടുക്കിയാലും പ്രകൃതി ചലനമില്ലാതെ നോക്കിനില്ക്കും. ഞാന്‍ പ്രകൃതിയെ വെറുക്കുന്നു.’ ഇതിനു മറാക്കു് സമാധാനം പറയാനുണ്ടു്. തന്റെ കാരുണ്യരാഹിത്യത്തെത്തന്നെയാണു് സാദ് പ്രകൃതിയുടെ അവഗണനയായി കാണുന്നതു്. മറാ അത്യന്തതയില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും അതു് സാദിന്റെ മട്ടിലല്ല. പ്രകൃതിയുടെ നിശ്ശബ്ദതയ്ക്കു് എതിരായി മറാ കര്‍മ്മത്തില്‍ മുഴുകുന്നു. അതിന്റെ വൈപുല്യമാര്‍ന്ന അവഗണനയില്‍ അദ്ദേഹം ഒരര്‍ത്ഥം കണ്ടെത്തുന്നു. ചലനരഹിതനായി നോക്കിനില്‍ക്കുകയല്ല മറാ. ഇതും ഇതും തെറ്റ് എന്നു് ചൂണ്ടിക്കാണിച്ചിട്ടു് അതിനെ മാറ്റാന്‍ ശ്രമിക്കുകയാണു് അദ്ദേഹം. ലോകത്തെ നൂതനങ്ങളായ നയനങ്ങള്‍ കൊണ്ടു നോക്കുകയാണു് വേണ്ടതു്. സാദിനു യാഥാര്‍ത്ഥ്യം ഭാവന മാത്രമാണു്. വിപ്ലവം അദ്ദേഹത്തിനു താല്പര്യജനകമേയല്ല. മറാ ഇതിനു മറുപടി കൊടുക്കുന്നു. ‘തെറ്റു്, സാദ്. തെറ്റു്. അസ്വസ്ഥമായ ചിന്തകള്‍ മതിലുകള്‍ ഇടിച്ചിടുന്നില്ല, തൂലികക്കും സ്ഥാപനങ്ങളെ നശിപ്പിക്കാനാവില്ല. അതുകൊണ്ടാണ് നാം വിപ്ലവം കണ്ടുപിടിച്ചതു്’. പാട്ടുകാരും ഗായകസംഘവും ഞങ്ങള്‍ക്കു വിപ്ലവം ഇപ്പോള്‍ വേണമെന്നു പറയുകയായി. സ്വദേശസ്നേഹത്തേയും ആദര്‍ശാത്മകത്ത്വത്തേയും നിന്ദിക്കുന്ന സാദ് ‘ഞാന്‍ എന്നില്‍മാത്രമേ വിശ്വസിക്കുന്നുള്ളു’ എന്നു പ്രഖ്യാപിച്ചു. അദ്ദേഹം വിപ്ലവത്തെക്കുറിച്ചു പറയാന്‍ തുടങ്ങി. അങ്ങനെ പറയുന്ന വേളയില്‍ ഷാര്‍ലെറ്റു് ചാട്ടകൊണ്ടു് അദ്ദേഹത്തെ അടിക്കണം എന്നാണു് ഏര്‍പ്പാടു്. അടിയേറ്റു് പുളഞ്ഞുകൊണ്ടു് സാദ് പറഞ്ഞു ‘ഞാന്‍ കോടതി മുറിയില്‍ ജഡ്ജിയായിരുന്നപ്പോള്‍ തടവുകാരെ ആരാച്ചാരെ ഏല്പിക്കാന്‍ എനിക്കു കഴിവില്ലാതെ വന്നു. (ചാട്ടയടി) അവരെ മോചിപ്പിക്കാനോ അവര്‍ക്കു രക്ഷപ്രാപിക്കാനോ വേണ്ടി കഴിയുന്നതെല്ലാം ഞാന്‍ ചെയ്തുകൊടുത്തു. (ചാട്ടയടി. കാസരോഗിയായ സാദ് ആര്‍ത്തനാദം പുറപ്പെടുവിക്കുന്നു) എന്റെ ജീവിതത്തിന്റെ അവസാനത്തെ തെളിവു് മരണമായിരുന്നിട്ടും കൊലപാതകം ചെയ്യാന്‍ ഞാന്‍ അശക്തനായിരുന്നു. (ചാട്ടയടി. സാദ് തേങ്ങിക്കൊണ്ടു് ആര്‍ത്തനാദം പുറപ്പെടുവിക്കുന്നു.)

മറാ നിരാശനായി വീണ്ടും എഴുതാനാരംഭിച്ചു. പാട്ടുകാരും ഗായകസംഘവും ഉടനെ വിപ്ലവം വേണമെന്നു് ആവശ്യപ്പെട്ടു. ഷാര്‍ലെറ്റു് മറായെ കാണാന്‍ രണ്ടാമത്തെ പ്രാവശ്യവും യത്നിച്ചപ്പോള്‍ സീമോണ്‍ അവളെ തടഞ്ഞു.

നാടകത്തിലെ അഗ്രഗാമി ഷാര്‍ലറ്റിന്റെ മൂന്നാമത്തെ സന്ദര്‍ശനത്തിനുവേണ്ടി ആഹ്വാനം ചെയ്തു. ‘ഷാര്‍ലറ്റ് ഉണരൂ. എഴുന്നേല്ക്കൂ. കഠാര കൈയിലെടുക്കൂ.’

ആരാലും സ്പര്‍ശിക്കപ്പെടാത്ത കന്യക മറായുടെ മുന്‍പില്‍ നില്ക്കുന്നതിന്റെ സൗന്ദര്യം സാദ് അദ്ദേഹത്തിനു ചൂണ്ടിക്കാണിച്ചുകൊടുത്തു. പ്രേമരംഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാനായി അവള്‍ കത്തി കൂടി കൊണ്ടുവന്നിട്ടുണ്ടാവണം. ഷാര്‍ലറ്റ് മറായെ ആലിംഗനം ചെയ്തു് കത്തിയുയര്‍ത്തി ഒറ്റക്കുത്തു്. മറാ മരിച്ചുവീണു. രോഗികള്‍ ബഹളം കൂട്ടി. ‘നെപ്പോളിയന്‍, രാഷ്ട്രം, വിപ്ലവം, സംഭോഗം’ എന്നു വിളിക്കുകയായി. ഡയറക്ടറുടെ കുടുംബം പലായനം ചെയ്തു. രോഗികളെ അമര്‍ച്ച ചെയ്യാന്‍ ഡയറക്ടര്‍ പരിചാരകന്മാരോടു് ആവശ്യപ്പെട്ടു. യവനിക വീഴ്ത്താന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കുമ്പോള്‍ സാദ് കസേരയിലെഴുന്നേറ്റ് നിന്നു് വിജയോന്മത്തനായി ചിരിക്കുകയാണു്. നാടകം ഇതോടെ അവസാനിക്കുന്നു.

പീരാന്തെല്ലോ എന്ന ഇറ്റാലിയന്‍ നാടകകര്‍ത്താവു് ഹെന്‍റി നാലാമന്‍ എന്നൊരു നാടകമെഴുതിയിട്ടുണ്ടു്. ഹെന്‍റി നാലാമന്റെ വേഷം കെട്ടി കുതിരപ്പുറത്തു കയറി ഘോഷയാത്രയില്‍ പങ്കുകൊണ്ട ഒരുവനെ അയാളുടെ പ്രതിയോഗി തള്ളിത്താഴെയിട്ടു. വീഴ്ചയുടെ ഫലമായി അയാള്‍ക്കു ബോധം നഷ്ടപ്പെട്ടു. ബോധം വീണ്ടുകിട്ടിയപ്പോള്‍ താന്‍ ഹെന്‍റി നാലാമന്‍ തന്നെയെന്നു് അയാള്‍ പറഞ്ഞു. അങ്ങനെ രാജാവായി അയാള്‍ പന്ത്രണ്ടു കൊല്ലം കഴിഞ്ഞു. ആ കാലഘട്ടം കഴിഞ്ഞപ്പോള്‍ താന്‍ രാജാവല്ലെന്നും സാധാരണനായ വ്യക്തിയാണെന്നും മനസ്സിലാക്കി. അപ്പോള്‍ താന്‍ രാജാവല്ലെന്നു പറഞ്ഞാല്‍ അതുവരെ ലഭിച്ചിരുന്ന രാജകീയങ്ങളായ സൗകര്യങ്ങള്‍ ഇല്ലാതെയാകും. അതിനാല്‍ അയാള്‍ പിന്നീടും രാജാവായി അഭിനയിച്ചുതുടങ്ങി. കഥയുടെ അവസാനത്തില്‍ അയാള്‍ പ്രതിയോഗിയെ കുത്തിക്കൊല്ലുന്നു. ഹെന്‍റി നാലാമനു് ഭ്രാന്തില്ലെന്നും അയാള്‍ ഭ്രാന്ത് അഭിനയിക്കുകയാണെന്നും പ്രതിയോഗി മരിക്കുന്ന സന്ദര്‍ഭത്തില്‍ വിളിച്ചു പറഞ്ഞു. അപ്പോള്‍ അറസ്റ്റില്‍നിന്നു് രക്ഷ പ്രാപിക്കാനായി അയാള്‍ രാജാവായിത്തന്നെ അഭിനയിച്ചുകൊണ്ടു് പരിചാരകരെ കൂട്ടിനു വിളിക്കുന്നു. തോന്നലും സത്യവുമാണു് ഈ നാടകത്തിലെ വിഷയങ്ങള്‍. ആദ്യം രാജാവാണെന്നു കരുതി കഴിഞ്ഞുകൂടിയ പന്ത്രണ്ടു വര്‍ഷമാണോ സത്യം, അതോ രാജാവായി അഭിനയിച്ച പിന്നീടുള്ള കാലമോ? അതു നിശ്ചയിക്കാന്‍ വയ്യെന്നു സൂചിപ്പിച്ചു് പരമസത്യത്തിന്റെ സന്ദിഗ്ദ്ധസ്വഭാവത്തെ വ്യക്തമാക്കാനാണ് പീരാന്തെല്ലോ ഈ നാടകമെഴുതിയത്. സത്യം വൈകല്പികമാണു്, ക്ഷണമാത്രസ്ഥായിയാണു്. ദ്രവരൂപമാണു് എന്നൊക്കെ പീരാന്തെല്ലോ വിശ്വസിക്കുന്നു. പീറ്റര്‍ വൈസ്സിന്റെയും സങ്കല്പം വിഭിന്നമല്ല. 1793-ലെ സംഭവങ്ങള്‍ ’808-ലെ ജനത കാണുമ്പോള്‍ ആ കാഴ്ചയ്ക്ക് സത്യത്തില്‍ നിന്നു് മാറ്റം വന്നിരിക്കും. 1808-ല്‍ ആ സംഭവങ്ങള്‍ ആവിഷ്കരിക്കുന്നതു് അവ്യവസ്ഥിത മനസ്സുള്ള സാദ്. അപ്പോള്‍ എന്തൊരു മാറ്റമായിരിക്കും വന്നത്! എന്നാല്‍ സാദാണോ നാടകമെഴുതുന്നതു്? അല്ല. ഇരുപതാം ശതാബ്ദത്തില്‍ ജീവിച്ചിരിക്കുന്ന പീറ്റര്‍ വൈസ് എന്ന നാടകകര്‍ത്താവ്. സാദ് സത്യം എങ്ങനെ കണ്ടുവെന്നു് വൈസ് സ്വയം തീരുമാനിക്കുന്നു. ആ തീരുമാനമാണു് നാടകമായി നമ്മുടെ മുന്‍പില്‍ വരുന്നതു്. നാടകം കാണുന്ന നമ്മള്‍ക്കു് വൈസിന്റെ സത്യസങ്കല്പത്തെക്കുറിച്ചു് ശരിയായ തോന്നല്‍ ഉണ്ടാവാനിടയില്ല. ഇങ്ങനെ സത്യത്തിന് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. സത്യത്തിന്റെ അന്യാപേക്ഷക സ്വഭാവം ഇങ്ങനെ പീറ്റര്‍വൈസ് ഭംഗിയായി സ്ഫുടീകരിക്കുന്നു. ഇവിടെ അദ്ദേഹം പീരാന്തെല്ലോയെ അനുകരിക്കുന്നുണ്ടാവാം. പക്ഷേ, പീരാന്തെല്ലോയുടെ സത്യസങ്കല്പം തന്നെ തികച്ചും മൗലികമല്ല. ഫ്രഞ്ച് തത്ത്വചിന്തകന്‍ ആങ്റി ബര്‍ഗ്സോങിന്റെ സിദ്ധാന്തം കടം വാങ്ങിയതേയുള്ളു ആ നാടകക്കാരന്‍. ബര്‍ഗ്സോങിന് മറ്റുള്ളവരോടുള്ള കടപ്പാടും വ്യക്തമാക്കാന്‍ പ്രയാസമില്ല. ഈ ചിന്ത ഇവിടെ നില്ക്കട്ടെ.

ഷറാങ്തോങ് ഭ്രാന്താലയത്തിലെ രോഗികളാണല്ലോ സാദ് എഴുതിയ നാടകം അഭിനയിക്കുന്നതു്. ഭ്രാന്തന്മാര്‍ തങ്ങള്‍ അഭിനയിക്കുന്നതു് നാടകമാണെന്ന വസ്തുത കൂടെക്കൂടെ മറന്നു് ക്ഷോഭിക്കുന്നതു് നാടകത്തില്‍ ചിത്രീകരിച്ചിട്ടുണ്ടു്. എന്താവാം വൈസ് ഉദ്ദേശിക്കുന്നതു്? നമ്മുടെ ബോധമനസ്സിനെക്കാള്‍ എത്രയോ വിപുലമാണു് അബോധമനസ്സെന്നു് നമ്മെ പഠിപ്പിച്ചത് സിഗ്മണ്ഡ് ഫ്രായ്ഡാണു്. ഈ അബോധമനസ്സാണു് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കു് കാരണം. നമ്മള്‍ പ്രത്യേക തരത്തിലുള്ള കലയെ ഇഷ്ടപ്പെടുന്നതും സവിശേഷമായ വിശ്വാസം വച്ചുപുലര്‍ത്തുന്നതും അബോധമനസ്സിന്റെ പ്രേരണയാലാണു്. ചിലര്‍ക്കു ചില സ്ത്രീകളില്‍ സൗന്ദര്യം ദര്‍ശിക്കാന്‍ കഴിയുന്നു. മറ്റുള്ളവര്‍ക്ക് ആ സുന്ദരികള്‍ സുന്ദരികളേയല്ല, വൈരൂപ്യമുള്ളവരാണു്. ഇവിടെയും അബോധമനസ്സിന്റെ പ്രേരണയാണുളളത്. അപ്പോള്‍ യുക്തി എന്നൊന്നു് ഇല്ല. അബോധമനസ്സിന്റെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍വേണ്ടി നാം സ്വയം നിര്‍മ്മിച്ചെടുക്കുന്ന ഒന്നത്രേ യുക്തി. അതിനാല്‍ മനുഷ്യന്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്കു് അവനു് ഒരുത്തരവാദിത്വവുമില്ല എന്നു് ഫ്രായ്ഡ് അഭിപ്രായപ്പെടുന്നു. അനിയത സ്വഭാവത്തോടുകൂടി നാടകത്തില്‍ പ്രത്യക്ഷരാകുന്ന ഭ്രാന്തന്മാര്‍ അബോധമനസ്സിന്റെ പ്രേരണകള്‍ക്കു് അനുസരിച്ചു് ജീവിക്കുന്ന നമ്മള്‍ക്കു് പ്രാതിനിധ്യം വഹിക്കുന്നു. ഇതു സത്യമാണെങ്കിലും പീറ്റര്‍വൈസ് ഇതിനെ അംഗീകരിക്കുന്നുവെന്നു കരുതാന്‍ പാടില്ല. ഇടതുപക്ഷ ചിന്താഗതിയുള്ള നാടകക്കാരന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന അദ്ദേഹം ഈ കൃതിയിലും തന്റെ പക്ഷപാതം വ്യക്തമാക്കിയിട്ടുണ്ടു്. അതിനുവേണ്ടി അദ്ദേഹം രണ്ടു പ്രധാന കഥാപാത്രങ്ങളുടെ -സാദിന്റെയും മറായുടെയും-സ്വഭാവം ചിത്രീകരിക്കുന്നു.

‘ഞാന്‍ വിപ്ലവമാണു്’ എന്നു മറാ പ്രഖ്യാപിക്കുമ്പോള്‍ ‘ഞാന്‍ വ്യക്തിവാദിയാണു്’ എന്നു് സാദ് ഉദ്ഘോഷിക്കുന്നു. എല്ലാം സഹിച്ച ജനങ്ങള്‍ പ്രതികാരം ചെയ്യാന്‍ നിര്‍ബ്ബന്ധിതരായി. അവര്‍ പ്രതിലോമകാരികളുടെ കഴുത്തുകള്‍ മുറിച്ചു. അതു കണ്ടു് ബൂര്‍ഷ്വാസി പ്രതിഷേധിച്ചതില്‍ ഒരര്‍ത്ഥവുമില്ലെന്നാണു് മറായുടെ വാദം. വിപ്ലവത്തിനു ശേഷമുള്ള കൊലപാതകങ്ങളില്‍ വധകര്‍ത്താക്കള്‍ക്കു് ഒരു വികാരവുമുണ്ടായിരുന്നില്ലെന്നാണു് സാദിന്റെ സമാധാനം. അങ്ങനെ മരണത്തെത്തന്നെ വിലയില്ലാതാക്കി വിപ്ലവകാരികള്‍. അദ്ദേഹത്തിനു് ഒന്നേ സത്യമായുള്ളു, ഭാവന. ഭാവനയുടെ ലോകമാകട്ടെ സാദിന്റെ അന്തരംഗത്തിലും. ഭാവനകൊണ്ടു് ഒന്നും സാദ്ധ്യമല്ല. വിപ്ലവമേ പോംവഴിയായുള്ളു എന്നു് മറായുടെ മതം. ഇവിടെ മറാ സമൂഹവാദിയാണു്; സാദ് വ്യക്തിവാദിയും. സമൂഹവാദിയായ മറായെ രാജപക്ഷത്തുള്ള ഷാര്‍ലറ്റ് കുത്തിക്കൊല്ലുമ്പോള്‍ പ്രേക്ഷകന്റെ സഹതാപനിര്‍ഝരി ആ വിപ്ലവകാരിയുടെ നേര്‍ക്കു് പ്രവഹിക്കുന്നു. അനിയത മാനസിക നിലയുള്ള സാദ് മറായുടെ മരണം നോക്കി ചിരിക്കുമ്പോള്‍ ആ സഹതാപം വര്‍ദ്ധിക്കുകയും ചെയ്യുന്നു. അങ്ങനെയാണു് വൈസ് പുരോഗമനവാദിയായി ഈ നാടകത്തില്‍ പ്രത്യക്ഷനാകുന്നതു്. നാടകത്തിന്റെ ദീര്‍ഘമായ പേരു നോക്കൂ. സമൂഹപരിഷ്കര്‍ത്താവിനെ പീഡിപ്പിക്കുകയും ഒടുവില്‍ വധിക്കുകയും ചെയ്യുന്ന ഉന്മാദം പിടിച്ച ബൂര്‍ഷ്വാസിയെ അതില്‍ കാണാം. പീറ്റര്‍ വൈസ് ജര്‍മ്മനിയില്‍ ബര്‍ലിനു് അടുത്തുള്ള ഒരു പട്ടണത്തിലാണു് ജനിച്ചതു്. അദ്ദേഹത്തിന്റെ അച്ഛന്‍ ജൂതനായതുകൊണ്ടു് ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നപ്പോള്‍ അവരെല്ലാം ജര്‍മ്മനി വിട്ടു പോകാന്‍ നിര്‍ബ്ബദ്ധരായി. അഞ്ചുകൊല്ലം യൂറോപ്പില്‍ അലഞ്ഞുനടന്നതിനുശേഷം അവര്‍ 1939-ൽ സ്വീഡനിലെത്തി. അന്നുതൊട്ടു് വൈസ് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലാണു് താമസം. ഈ ദേശാന്തരഗമനം അദ്ദേഹത്തിന് പ്രവാസദുഃഖമുളവാക്കിയിട്ടുണ്ടെന്നു തോന്നുന്നു. നാടകത്തില്‍ കാണുന്ന വിഷാദാത്മകത്വത്തിനു കാരണം അതാകാം. എങ്കിലും വാമപക്ഷ രാഷ്ട്ര വ്യവഹാരത്തില്‍തല്പരനാണ് വൈസ്. ‘ഞാനെഴുതുന്ന ഓരോ വാക്കും പൊളിറ്റ്ക്സ് ആണ്’ എന്നു് ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി.

മറ്റുള്ളവര്‍ തന്റെ ശത്രുക്കളാണെന്നു് എപ്പോഴും വിചാരിച്ചുകൊണ്ടിരിക്കുക എന്നതാണ് ‘പാരണോയിയ’ എന്ന മാനസിക രോഗത്തിന്റെ സവിശേഷത. ആ രോഗമുള്ള ഒരുവനെ മറായുടെ വേഷം കെട്ടാന്‍ തിരഞ്ഞെടുത്തതില്‍ ഔചിത്യമുണ്ടു്. മറാ രാഷ്ട്ര വ്യവഹാരത്തിലെ പ്രസിദ്ധനായ നേതാവണല്ലോ. ആ നേതാവിനു് ശത്രുക്കള്‍ ധാരാളമുണ്ടായിരിക്കും. ഈ തിരഞ്ഞെടുക്കലിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേര്‍ക്കു് ഒരു പരിഹാസ വീക്ഷണം വൈസ് നടത്തുന്നുണ്ടെങ്കിലും അദ്ദേഹം മറായുടെ പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളതു്. പൂര്‍വ്വഗാമികള്‍ വിസ്തൃതി വര്‍ദ്ധിപ്പിച്ച നാടക സാഹിത്യ മണ്ഡലത്തിനു് അവരുടെ ഉത്തരാധികാരികള്‍ കൂടുതല്‍ വ്യാപ്തി വരുത്തുമ്പോള്‍ അവരെ മാര്‍ഗ്ഗനിര്‍ദ്ദേശകന്മാരായി സഹൃദയര്‍ അംഗീകരിച്ചു തുടങ്ങും. അങ്ങനെയുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശകനാണ്–പയനിയര്‍ ആണ്–പീറ്റര്‍ വൈസ്. പീരാന്തെല്ലോ, ബുക്‍ഹ്നെര്‍, ബ്രെക്‍ഹ്ത്, ബക്കറ്റ്, സാര്‍ത്ര് ഈ സാഹിത്യനായകരുടെ സ്വാധീനശക്തിയില്‍ വൈസ് അമര്‍ന്നുപോയിട്ടുണ്ടെന്നതില്‍ സംശയമില്ല. എങ്കിലും അദ്ദേഹം ഈ മൗലികനാദം കേള്‍പ്പിച്ച നാടകകര്‍ത്താവാണെന്നു് മറാ സാദ് വിളംബരം ചെയ്യുന്നു.നാടകസാഹിത്യത്തില്‍ ബ്രെക്‍ഹ്ത്തിന്റേതു് ഒരപൂര്‍വ്വപ്രതിഭയാണ്. വൈസ് പലപ്പോഴും ബ്രെക്‍ഹ്ത്തിനെ അതിശയിപ്പിക്കുന്നു.