പോയ്പോയത് വസന്തകാലം
പോയ്പോയത് വസന്തകാലം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | ആത്മാവിന്റെ ദര്‍പ്പണം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാത് |
വര്‍ഷം |
1991 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 108 (ആദ്യ പതിപ്പ്) |
മതനിന്ദകരെ വിചാരണ ചെയ്തു കുറ്റിയില്‍ കെട്ടി എരിച്ചിരുന്നു സ്പെയിനില്‍ ഇന്‍ക്വിസിഷന്‍ കാലത്ത്. ഇങ്ങനെ എരിക്കുന്നതിനെ സ്പാനിഷ് ഭാഷയില്‍ ‘ഔട്ടോ ദഫേ’ എന്നു പറയാം. ഇന്‍ക്വസിഷന്‍ നടക്കുന്ന കാലയളവിനോട് അനുബന്ധിച്ച് ഒരു കഥ നിര്‍മ്മിച്ചിട്ടുണ്ട്. മഹാനായ ദസ്തെയെവ്സ്കി. അദ്ദേഹത്തിന്റെ ‘കാരമാസോവ് സഹോദരന്മാര്‍’ എന്ന നോവലിലെ ഒരു കഥാപാത്രമാണ് ആ കഥ മറ്റൊരു കഥാപാത്രത്തോടു പറയുന്നത്. സ്പെയിനിലെ സെവിന്‍ പട്ടണത്തിലാണു കഥ നടക്കുക. കുറ്റികളില്‍ മനുഷ്യര്‍ വെന്തെരിയുന്ന കാലം. യേശു ക്രിസ്തുവിന് അവിടെ വരണമെന്നു തോന്നി. തീർച്ചയായും അതു ദ്വയാഗമനമല്ലായിരുന്നു. കിഴക്കന്‍ ദിക്കില്‍ നിന്നു മിന്നല്‍ പോലെ വന്നു പടിഞ്ഞാറന്‍ ദിക്കിനെയും പ്രശോഭിപ്പിക്കും എന്നമ ട്ടില്‍ താനാഗമിക്കുമെന്നാണല്ലോ യേശു പറഞ്ഞത്. പക്ഷേ, അത് അത്തരത്തിലൊരു സന്ദര്‍ശനമായിരുന്നില്ല. തന്റെ കുഞ്ഞുങ്ങളെ കാണാന്‍ അദ്ദേഹം സെവിൽ നഗരത്തില്‍ വന്നു എന്നേയുള്ളൂ. പതിനഞ്ചു ശതാബ്ദങ്ങള്‍ക്കു മുന്‍പു താന്‍ എങ്ങനെ നടന്നുവോ അതുപോലെ അദ്ദേഹം സെവിൽ നഗരത്തിലെ തെരുവിലൂടെ നടന്നു. തലേ ദിവസം അവിടെ ഗ്രാന്റ് ഇന്‍ക്വിസിറ്ററായ കാര്‍ഡിനലിന്റെ ആജ്ഞയനുസരിച്ചു നൂറു പേരെ എരിച്ചതേയുള്ളൂ.
യേശുവിനെ കണ്ട മാത്രയില്‍ ആളുകള്‍ തിങ്ങിക്കൂടി. അനന്തമായ കാരുണ്യത്തോടെ മന്ദസ്മിതത്തോടെ നിശബ്ദനായി അദ്ദേഹം നടന്നു. കൈകള്‍ നീട്ടി ആളുകളെ അനുഗ്രഹിച്ചു. യേശു അങ്ങനെ നടന്നപ്പോള്‍ ജന്മനാ അന്ധനായ ഒരു വൃദ്ധന്‍ ‘പ്രഭോ എനിക്കു കാഴ്ച തരൂ’ എന്നു വിളിച്ചു പറഞ്ഞു. പെട്ടെന്ന് അയാളുടെ കണ്ണുകളുടെ മറവു മാറി. അയാള്‍ യേശുദേവനെ കണ്ടു. നിലവിളിച്ചു കൊണ്ട് ആളുകള്‍ അദ്ദേഹം നടന്ന വഴിയെ ചുംബിച്ചു. അദ്ദേഹം സെവില്‍ നഗരത്തിലെ ഭദ്രാസനപ്പള്ളിയുടെ പടിക്കെട്ടില്‍ നിന്നപ്പോള്‍ ഏഴു വയസ്സായ ഒരു കുഞ്ഞിന്റെ മൃതദേഹം ശവപ്പെട്ടിയില്‍ വച്ചു കൊണ്ടു വന്നു. “അദേഹം നിന്റെ കുഞ്ഞിനെ ഉയര്‍ത്തെഴുന്നേല്പിക്കും” എന്നു ജനങ്ങള്‍ വിലപിക്കുന്ന അമ്മയോടു വിളിച്ചു പറഞ്ഞു. അമ്മയാകട്ടെ അദ്ദേഹത്തോട് ‘അങ്ങ് യേശു തന്നെയാണെങ്കില്‍ എന്റെ കുഞ്ഞിനെ ജീവിപ്പിക്കൂ’ എന്ന് അപേക്ഷിച്ചു. ദയയോടു കൂടി ഭഗവാന്‍ ആ മൃതദേഹത്തെ നോക്കി, ‘എഴുന്നേല്‍ക്കു കുഞ്ഞേ’ എന്നു പറഞ്ഞു. അവള്‍ ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നു നാലു പാടും നോക്കി പുഞ്ചിരി തൂകി. അവളുടെ കൈയ്യില്‍ ശവപ്പെട്ടിയിലുണ്ടായിരുന്ന വെള്ള റോസാപ്പൂക്കള്‍. ആ സമയത്തു കാര്‍ഡിനല്‍ അതിലേ വന്നു. അദ്ദേഹം അംഗരക്ഷകരെക്കൊണ്ടു യേശുവിനെ അറസ്റ്റ് ചെയ്യിച്ചു തടവറയിലേക്കു കൊണ്ടു പോയി. ജനക്കൂട്ടം ബഹുമാനത്തോടെ കാര്‍ഡിനലിന്റെ മുന്‍പില്‍ നമസ്കരിച്ചു. രാത്രി. പുന്നകളും നാരകങ്ങളും പൂത്തു പരിമളം പ്രസരിപ്പിക്കുന്നു. തടവറയുടെ ഇരുമ്പു വാതില്‍ തുറന്നു കാര്‍ഡിനല്‍ വിളക്കോടു കൂടി അകത്തു കയറി. വിളക്ക് മേശപ്പുറത്തു വച്ചിട്ട് അയാള്‍ യേശുവിനെ സമീപിച്ച് ‘അങ്ങു തന്നെയോ. അങ്ങാണോ?’ മറുപടി കിട്ടുന്നില്ലെന്നു കണ്ട് അയാള്‍ പറഞ്ഞു:‘മറുപടി പറയരുത്. നിശബ്ദനായിരിക്കൂ. അല്ലെങ്കിലും അങ്ങേയ്ക്കു പണ്ടു പറഞ്ഞതില്‍ക്കവിഞ്ഞ് ഒന്നും പറയാനുമില്ല. അങ്ങ് എന്തിനാണു ഞങ്ങള്‍ക്കു തടസം സൃഷ്ടിക്കുന്നത്. അങ്ങ് യഥാര്‍ത്ഥത്തില്‍ അങ്ങാണെങ്കിലും അല്ലെങ്കിലും ഞാന്‍ നാളെ രാവിലെ ഏറ്റവും കുല്‍സിതത്ത്വമുള്ള മതനിന്ദകനായി അങ്ങയെ മുദ്രകുത്തി കുറ്റിയില്‍ കെട്ടി എരിക്കും. ഇന്ന് അങ്ങയുടെ കാലുകള്‍ ചുംബിച്ച ജനങ്ങള്‍ തന്നെ നാളെ കല്‍ക്കരികള്‍ വാരി കുറ്റിയുടെ ചുവട്ടിലേക്ക് എറിയും. അങ്ങേയ്ക്കത് അറിയാമല്ലോ.”
കാര്‍ഡിനല്‍ തുടര്‍ന്നു: “അങ്ങ് എല്ലാം പോപ്പിനെ ഏല്പിച്ചല്ലോ. അങ്ങേയ്ക്കു തിരിച്ചു വരേണ്ട കാര്യമില്ല. ഞങ്ങളെ തടസ്സപ്പെടുത്തരുത്. ജനങ്ങള്‍ ഇപ്പോള്‍ സ്വതന്ത്രരാണ്. പോകൂ. ഇനി ഒരിക്കലും വരാതിരിക്കൂ. ഒരിക്കലും, ഒരിക്കലും. വാതില്‍ തുറന്നു. യേശു ഇരുട്ടിലേക്ക് ഇറങ്ങി.
സ്പന്ദനം നിലച്ച ഹൃദയങ്ങളെ സ്പന്ദിപ്പിക്കുകയും അന്തര്‍ദൃഷ്ടി വ്യാപാരം ഇല്ലാതായവര്‍ക്ക് അന്തര്‍ലോചനം നല്‍കുകയും ചെയ്ത കുമാരനാശാനെ നവീനന്മാരെന്ന ഗ്രാന്‍ഡ് ഇന്‍ക്വിസിറ്റേഴ്‌സ് തങ്ങളുടെ രചനകള്‍ കൊണ്ടു പീഡിപ്പിച്ച് അന്ധകാരത്തിലേക്കു തള്ളിവിടാന്‍ ശ്രമിക്കുന്ന കാലമാണിത്.
ഫ്രഞ്ച് തത്ത്വചിന്തകന്‍ ബര്‍ഗ്സോങ്ങിന്റെ ഫിലോസഫിക്കു ബര്‍നാഡ് ഷാ വിശദീകരണം നല്‍കിയപ്പോള്‍ അതൊന്നും അതിന്റെ തത്ത്വചിന്തയിലില്ലെന്നു ബര്‍ഗ്സോങ്ങ് പറഞ്ഞു. അപ്പോള്‍ ഷാ എഴുതി My dear fellow, I understood your philosophy much better than you do. സ്പെയിനില്‍ ഊനാമുനോ എന്നൊരു തത്ത്വചിന്തകന്‍ ഉണ്ടായിരുന്നു. തെര്‍വാന്റസിന് അദ്ദേഹത്തിന്റെ ഡോണ്‍ ക്വിക്സോട്ടിനെ വേണ്ട പോലെ മനസിലായിട്ടില്ലെന്ന് ഊനാമുനോ പറഞ്ഞു. ‘എന്റെ ചിത്രമല്ല ഇത്’ എന്ന് ഒരാള്‍ ചിത്രകാരനോടു പറഞ്ഞപ്പോള്‍ ‘നിങ്ങള്‍ എങ്ങനെയാണോ, അതില്‍ക്കവിഞ്ഞ് ഈ ചിത്രത്തിനു നിങ്ങളോടു സാദൃശ്യമുണ്ടെ’ന്നു ചിത്രകാരന്‍ മറുപടി നല്‍കി. കലാസൃഷ്ടിയിലുള്ള ഒരംശത്തെ എടുത്തു കാണിച്ച് അതിന് ഒരു പുതിയ ‘ഡൈമന്‍ഷന്‍’ നല്‍കുകയാണു നിരൂപകന്‍. പക്ഷേ, ഉള്ള അംശത്തെ മാത്രമേ എടുത്തുകാണിക്കാവൂ.
ഓമലാള്‍ മുഖമതീന്നു നിര്‍ഗമി-
ച്ചോമിതി ശ്രുതി നിഗൂഢവൈഖരി
ധാമമൊന്നുടനുയര്‍ന്നു മിന്നല്‍പോല്‍
വ്യോമമണ്ഡലമണഞ്ഞു മാഞ്ഞിതേ
എന്നതില്‍ ഓം എന്നതിന് ഒരര്‍ത്ഥമേയുള്ളൂ. ഓം എന്നതു പ്രണവശബ്ദമല്ല’ ഓമനേ എന്നുപറയാന്‍ നായകന്‍ ഭാവിച്ചപ്പോള്‍ ‘മ’ ‘ന’ എന്ന അക്ഷരങ്ങള്‍ പുറത്തു വന്നില്ല എന്ന് ആരും പറയരുത്. അതു പറഞ്ഞ സര്‍വകലാശാലയിലെ അദ്ധ്യാപകന്‍ ശ്രുതി നിഗൂഢ വൈഖരിക്ക് കാതിലെ‘ഡ്രം’ പിളര്‍ന്നു പോകുന്ന ശബ്ദം എന്നും അര്‍ത്ഥം പറയാന്‍ മടിക്കില്ല. കാരണം ഓം എന്നതിന് ഓമനേ എന്ന് അര്‍ത്ഥം നല്‍കി എന്നതു തന്നെ; തത്പരത്വമവനാര്‍ന്നിരുന്നു എന്നതിന് അപ്പുറത്തു നില്‍ക്കുന്ന നളിനിയെക്കണ്ടു കാമമുണ്ടായി എന്ന അര്‍ത്ഥം പറഞ്ഞതു തന്നെ. അതിരിക്കട്ടെ.
മനുഷ്യ ജീവിതം പരിണാത്മകമാണല്ലോ. ജഡവസ്തുവില്‍ നിന്നു ജീവനിലേക്കു ജീവനില്‍ നിന്നു മനസ്സിലേക്കു മനസ്സില്‍ നിന്നു ചൈതന്യത്തിലേക്ക് ഇതാണു പുരോഗമനമെന്ന് അരവിന്ദ ഘോഷ് പറയുന്നു. ഈ പുരോഗമനം അല്ലെങ്കില്‍ പരിണാമം ചാക്രികമാണ്. അതുകൊണ്ടു ചൈതന്യത്തില്‍ നിന്നു മനസിലേക്കും മനസ്സില്‍ നിന്നു ജിവനിലേക്കും ജീവനില്‍ നിന്നു ജഡവസ്തുവിലേക്കും വിപരീതഗതിയുണ്ടാവും. ഇത് ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
സാഹിത്യത്തിലും ഇതുകാണാം. നമുക്ക് എഴുത്തച്ഛനില്‍ തുടങ്ങാം. ചൈതന്യാത്മകമായ കവിതയാണ് അദ്ദേഹത്തിന്റേത്. പരിണാമത്തിനു പകരം വിപരീതഗതിയാണ് പിന്നീട്. ചൈതന്യാത്മകമായതു ചമ്പുക്കളിലും ആട്ടക്കഥകളിലും മാനസികമാകുന്നു. മാനസികമായതു വെണ്‍മണി കവിതകളില്‍ ജാഡ്യമായി ഭവിക്കുന്നു. മറ്റൊരു രീതിയില്‍ പറയാം. അദ്ധ്യാത്മികമായതു ചിന്താപ്രധാനമാകുന്നു. ചിന്താപ്രധാനമായതു വൈഷയികമായിത്തീരുന്നു. വെണ്മണിക്കവിത വൈഷയികമത്രേ. വീണ്ടും പരിണാമം. വൈഷയികത്വം ചിന്താപ്രധാനമായി ഭവിക്കുന്നു. ചിന്താപ്രധാനമായത് അദ്ധ്യാത്മികമാകുന്നു. കുമാരനാശാന്റെ കവിത അങ്ങനെ കലാപരിണാമത്തിന്റെ പരകോടിയിലെത്തി. സ്വാഭാവികമായും അതിനു വിപരീതഗതി ഉണ്ടായേ പററു. അദ്ധ്യാത്മികത്വം നാലപ്പാടന്റെയും വൈലോപ്പിള്ളിയുടെയും ചിന്താപ്രധാനമായ കവിതയായി പരിണമിച്ചു. ചിന്തയില്‍ നിന്നു വൈഷയികത്വത്തിലേക്കാണു പോവുക. വൈലോപ്പിള്ളിയുടെ സമകാലികനാണ് ചങ്ങമ്പുഴയെങ്കിലും വൈഷയികത്വമാണു ചങ്ങമ്പുഴക്കഴിതയുടെ മുദ്ര.
ഈ വിഭജനത്തിനു വേറെയും പേരുകള്‍ നല്‍കാം. സൗന്ദര്യതലം, ചിന്താതലം, അദ്ധ്യാത്മികതലം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും ഇടപ്പള്ളി രാഘവന്‍ പിള്ളയുടെയും കവിത സൗന്ദര്യതലത്തില്‍ വര്‍ത്തിക്കുന്നവയാണ്. സൗന്ദര്യതലമെന്നു പറയുമ്പോള്‍ ശുദ്ധമായ സൗന്ദര്യതലമാണ്. വെണ്‍മണിയുടെ കുല്‍സിതമായ വൈഷയികത്വത്തിന്റെ സംശോധിത രൂപമാണത്. വെണ്‍മണി രാത്രിയെ വര്‍ണിക്കുമ്പോഴും വൈഷയികത്വത്തിന്റെ അധമതലത്തിലേ നില്‍ക്കൂ.
താരാഗാരമലങ്കരിച്ചുതിമിര-
പ്പുഞ്ചായല്‍പിന്നോക്കമി-
ട്ടാരാകേന്ദുമുഖത്തില്‍നിന്നു കിരണ-
സ്മേരം ചൊരിഞ്ഞങ്ങനെ
ആരോമല്‍ക്കനകാബ്‌ജകോരകകുചം
തുള്ളിച്ചൊരാമോദമോ
ടാരാലംഗനയെന്നപോലെ നിശയും
വന്നാളതന്നാളഹോ.
ഇതില്‍ നിന്ന് ഏറെ വിഭിന്നമല്ല വള്ളത്തോളിന്റെ
വീണക്കമ്പി മുറുക്കിയിടുന്നു മൃദുകൈ-
ത്താരാലൊരാരോമലാള്‍
ചാണക്കല്ലിലൊരുത്തി ചന്ദനമര-
യ്ക്കുന്നു ചലശ്രോണിയായ്
ശോണശ്രീചഷകത്തില്‍നന്മധുനിറ-
യ്ക്കുന്നു ശരിക്കന്യയാ-
മേണപ്പെണ്‍മിഴിസര്‍വതോമധുരമീ
മണ്ഡോദരീമന്ദിരം
പക്ഷേ, സൗന്ദര്യതലത്തില്‍ മാത്രം നില്‍ക്കുന്ന ചങ്ങമ്പുഴക്കവിതയ്ക്ക് അത്രത്തോളം വൈഷയികത്വം വേണ്ട. കവി മരിച്ചാല്‍ പഞ്ചഭൂതാത്മകമായ ശരീരം പ്രേയസിയോടു ബന്ധപ്പെട്ട ഓരോ അംശത്തോടും ചേരണമെന്ന് അഭിലഷിക്കുന്ന ഒരു കാവ്യമുണ്ട് ചങ്ങമ്പുഴയുടേതായി.
പഞ്ചഭൂതാഭിയുക്തമെന്‍ ഗാത്രം
നെഞ്ചിടിപ്പററടിയുമക്കാലം
ആദിമൂലത്തില്‍ വീണ്ടും തിരിച്ചെന്‍
ഭൂതപഞ്ചകം ചേരുന്നനേരം
ഉജ്ജ്വലാംഗി നിന്‍ക്രീഡാസരസ്സില്‍
മുജ്ജലാംശം ലയിച്ചിരുന്നെങ്കില്‍
അത്തളിരെതിര്‍പ്പൊന്‍കുളിര്‍ കൈയില്‍
തത്തിടും മണിത്താലവൃന്തത്തില്‍
മത്തടിച്ചാര്‍ത്തു മദ്വാതഭൂതം
എത്തിനിന്നു ലസിച്ചിരുന്നെങ്കില്‍
ഉദ്രസസ്വപ്ന സുസ്മേരയായ് നീ
നിദ്രചെയ്യുമപ്പൂമച്ചിനുള്ളില്‍
പ്രേമസാന്ദ്രതനിത്യം വഴിഞ്ഞെന്‍
വ്യോമഭൂതം ത്രസിച്ചിരുന്നെങ്കില്‍
നിന്മണിമച്ചില്‍നിത്യം നിശയില്‍
നിന്നിടും സ്വര്‍ണദീപനാളത്തില്‍
ചെന്നണഞ്ഞു ചേര്‍ന്നെന്നനലാംശം
മിന്നിമിന്നിജ്ജ്വലിച്ചിരുന്നെങ്കില്‍
ദേവിനിന്‍പദസ്പര്‍ശനഭാഗ്യം
താവി നില്‍ക്കുമപ്പൂങ്കാവനത്തില്‍
വിദ്രുമദ്രുമച്ഛായയില്‍ വീണെന്‍
മൃദ്വിഭാഗം ശയിച്ചിരുന്നെങ്കില്‍
ചങ്ങമ്പുഴക്കവിത നില്‍ക്കുന്ന ഈ സൗന്ദര്യതലത്തെ ഏററവും താഴത്തെ നിലയില്‍ ഞാന്‍ കണ്ടെങ്കിലും അതില്ലാതെ കവിതയ്ക്കു നിലനില്‍പില്ല. ചിന്താതലത്തിലും ആധ്യാത്മികതലത്തിലും കാവ്യം പ്രവേശിക്കുമ്പോള്‍ മൂന്നാമത്തെ തലത്തോട് അതിനു ബന്ധമുണ്ടായിരുന്നേ മതിയാവൂ. നാലപ്പാട്ടു നാരായണ മേനോന്റെ കവിതയ്ക്കു ചിന്താതലത്തില്‍ സ്ഥാനമുണ്ടെങ്കിലും അതിനു സൗന്ദര്യതലത്തോടു ബന്ധമില്ല.
ഞാനിങ്ങു ചിന്താശകലങ്ങള്‍ കണ്ണു
നീരില്‍പ്പിടിപ്പിച്ചൊരു കോട്ടകെട്ടി
അടിച്ചുടച്ചാന്‍ ഞൊടികൊണ്ടതാരോ
പ്രപഞ്ചമേ നീയിതുതന്നെയെന്നും
കടല്‍പ്പുറത്തെ പൊടിമണ്ണിടിച്ചു
തട്ടുന്നു കൂട്ടിക്കളയുന്നിതൊപ്പം
സനാതനം മാരുതനീശ്വരന്റെ
സര്‍ഗക്രമം കണ്ടുകുറിക്കയാമോ
എന്നൊക്കെപ്പറഞ്ഞ്
അല്ലെങ്കിലേതോ ദുരപായ ദുഃഖം
വരട്ടെ വന്നാലുമതിന്റെ കൂടെ
അതും സഹിക്കുന്ന മനക്കരുത്തു
ണ്ടാകുന്നതല്ലോ ഭുവനസ്വഭാവം
എന്നുവരെ എത്തുമ്പോള്‍ നമ്മള്‍ ഭേഷ്, ഭേഷ് എന്നു പറയും. പക്ഷേ, കവിത ഇവിടെ ഭാവനാത്മകമല്ല, സര്‍ഗാത്മകമല്ല. ചിന്ത ഇവിടെ നിരൂപണപരവും അപഗ്രഥനപരവും മാത്രമാണ്. ചിന്ത Images ആകുമ്പോഴേ കവിത ഉദിക്കൂ.’
എത്ര സങ്കേതത്തിലാത്തരാഗ
മുത്തമേ നിന്നെത്തിരിഞ്ഞുപോയ് ഞാന്‍
രാവിലെ തൊട്ടു ഞാനന്തിയോളം
പൂവനം തൊറുമലഞ്ഞുപോയി.
ദ്യോവില്‍ നിന്‍ കാലടിപ്പാടുനോക്കി
രാവില്‍ ഞാന്‍ പിന്നെയും സഞ്ചരിച്ചു
കണ്ടില്ല കണ്ടില്ലെന്നെന്നോടോരോ
ചെണ്ടും ചിരിച്ചു തലകുലുക്കി
അക്ഷമനായൊരെന്‍ ചോദ്യം കേട്ട
നക്ഷത്രമൊക്കെയും കണ്ണുചിമ്മി
കഷ്ടമെന്നെന്നെ പരിഹസിച്ചു
പക്ഷികളെല്ലാം പറന്നുപോയി
കാണില്ല, കാണില്ലെന്നോതിയോതി
കാനനച്ചോലക്കുണുങ്ങിയോടി
ആരോമലേ ഹാ നീയെങ്ങുപോയെന്‍
തീരാവിരഹമിതെന്നു തീരും
നീയെന്നില്‍ത്തന്നെ ലയിച്ചിരിക്കെ
ഞാനെന്തേ നിന്നെത്തിരിഞ്ഞുപോവാന്‍
ഗഹനമായ വേദാന്തതത്ത്വമാണ് കവി ഇവിടെ ആവിഷ്കരിക്കുന്നത്. പക്ഷേ, അതിനു നാലപ്പാടന്റെ ധൈഷണികത്വമില്ല. കാവ്യം എപ്പോള്‍ ധിഷണാപരമായ പ്രയോജനത്തെ ലക്ഷ്യമാക്കി പ്രത്യക്ഷമാകുമോ അപ്പോള്‍ കവിത ഇല്ലാതാകും. നവീന കവിതയുടെ ന്യൂനത ഇതാണ്. അയ്യപ്പപ്പണിക്കരും കെ.ജി. ശങ്കരപിള്ളയും ആററൂര്‍ രവിവര്‍മ്മയും ചിന്തകളെ പദ്യത്തിലാക്കി വയ്ക്കുമ്പോള്‍ എന്റെ പ്രജ്ഞയ്ക്കു സംതൃപ്തി കിട്ടുന്നു. പക്ഷേ, അത് ഉന്നത തലങ്ങളില്‍ എന്നെക്കൊണ്ടു ചെല്ലുന്നില്ല. പീകാസ്സോയെക്കുറിച്ച് ഞാനൊരു കഥ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുക്കല്‍ ഒരാസ്വാദകൻ എത്തി രണ്ടു ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. പക്ഷേ, സ്റ്റുഡിയോയില്‍ ഒരു ചിത്രമേ ഉണ്ടായിരുന്നുള്ളൂ. ആറടി നീളമുള്ള ഒരു ചിത്രം. പീകാസോ മൂന്നടി അളന്ന് അവിടെ വച്ചു മുറിച്ചു രണ്ടു കഷ്ണങ്ങളുണ്ടാക്കി. എന്നിട്ടു രണ്ടു ചിത്രങ്ങള്‍ എന്നു പറഞ്ഞ് അവ വിററു. അദ്ദേഹം നൂറു കഷണങ്ങളാക്കി വിററാലും കുഴപ്പമില്ല. പക്ഷേ, ഡാവിഞ്ചിയുടെ ചിത്രം മുറിക്കാനൊക്കുകയില്ല ‘കുരുക്ഷേത്ര’മെന്ന കാവ്യം മുറിച്ച് ഓരോ വാരികക്കാര്‍ക്ക് കൊടുക്കാം. ‘ചിന്താവിഷ്ടയായ സീത’ മുറിക്കാനൊക്കുകയില്ല. ഇങ്ങനെ കവിതയെ ചിന്താപ്രധാനമാക്കിക്കൊണ്ടിരിക്കുമ്പോള് ഒളപ്പമണ്ണ എന്നൊരു കവി അതിനെ ശരീരത്തോടു ബന്ധിപ്പിക്കുന്നു.
നീചേയുടെ ‘റ്റെവലൈറ്റ് ഓഫ് ഐഡല്‍സ്’ എന്ന ഗ്രന്ഥത്തില്‍ മൂക്കിനു ദാര്‍ശനികന്‍മാര്‍ പ്രാധാന്യം നല്‍കുന്നില്ലെന്നു പരാതിപ്പെട്ടിട്ടുണ്ട്. The nose for example of which no Philosopher has hither to spoken with respect and gratitude. എന്തിന് മൂക്കിനോടു ബഹുമാനവും നന്ദിയും വേണം? അതു സൂക്ഷ്മസൂക്ഷ്മങ്ങളായ വ്യത്യാസങ്ങളെ കണ്ടറിയുന്നു. മൂക്കിനോടു മാത്രമല്ല മനുഷ്യരുടെ എല്ലാ അവയവങ്ങളോടും നന്ദിയും ബഹുമാനവുമുള്ള കവിയാണ് ഒളപ്പമെണ്ണ. ‘കക്ഷം കാട്ടിമലര്‍ന്നു കിടക്കുന്നിതോമലാള്‍’ എന്നു നന്ദിയും ബഹുമാനവുമുള്ളവര്ക്കേ പറയാന്‍ കഴിയൂ. ഇങ്ങനെ വൈഷയികത്വവും ചിന്തയും കലാലോകത്തു ചെങ്കോലു നടത്തുമ്പോള്‍ അദ്ധ്യാത്മികതയിലേക്കുയര്ന്ന കുമാരനാശാന്റെ കവിത വിരാജിച്ചു കൊണ്ടിരിക്കുന്നു.
ലോകത്തെജ്ജഡമാക്കിനിര്‍ഭരനിശീഥത്തിന്റെ സന്താനമാം
മൂകത്വത്തെ മുതിര്‍ന്നുതന്‍മുല കുടിപ്പിക്കും മഹത്വത്തൊടും
ഹാ കര്‍ണ്ണങ്ങളിലുഗ്രശംഖമുരജധ്വാനങ്ങളേല്‍ക്കാതെയും
ഭൂകമ്പിക്കലനങ്ങിടാതെയുമിതാ പൊങ്ങുന്നു നിശബ്ദത.
ഇവിടെ സൗന്ദര്യവും ചിന്തയും ചൈതന്യവും സമ്മേളിക്കുന്നു. അത്ര വിശ്വാസം വന്നില്ലെങ്കില്‍ വേറൊരു ശ്ളോകം ആകട്ടെ.
ഹേമഷ്മാധരകൂടകല്‍പക മലര്‍
ക്കാവിന്റെ ഭാഗങ്ങളില്‍
പ്രേമത്തിന്റെ സുരയൗവനങ്ങളനിശം
പാടുന്നു മദ്വാണികള്‍
സാമഞ്ജസ്യമെഴും ഭവല്‍
ഫണിതിയില്‍
സഹ്യാദ്രിസാനുക്കളില്‍
ശ്രീമന്‍ ഭൗമകുമാരരോതുവ
തെനിക്കേകുന്നു രോമോദ്ഗമം.
ദീര്‍ഘതയാര്‍ന്ന സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രഭവ സ്ഥാനങ്ങളിലേക്കു ചെന്നിട്ടു ഭാവന കൊണ്ടും വികാരം കൊണ്ടും ‘സ്പിരിച്ച്വല്‍ ഡലിക്കസി’ കൊണ്ടും ഒരാശയത്തെ രൂപവത്കരിക്കുന്ന ഈ ശ്ലോകം അന്യാദൃശമാണ്; യൂണിക്കാണ്. ഇത് ഒന്നോ രണ്ടോ ശ്ലോകങ്ങള്‍ അടര്‍ത്തിയെടുത്തിട്ട് ഒരു ‘ജനറലൈസേഷന്‍’ നടത്തുകയല്ല. ‘നളിനി’യും ‘ലീല’യും ‘ചണ്ഡാലഭിക്ഷു’കിയും ‘പ്രരോദന’വും വായിച്ചു കഴിഞ്ഞാല്‍ ജനിക്കുന്ന അനുഭൂതി മലയാളത്തിലെ മറ്റേതൊരു കവിയുടെ കാവ്യം വായിച്ചാലും ഉണ്ടാവുകയില്ല.
ശ്രീകൃഷ്ണനായിരുന്നല്ലോ അര്‍ജുനന്റെ തേരാളി. രഥമൊന്നു നിറുത്തിയിട്ടു മുന്നോട്ടു പോകുന്നതിനു മുമ്പ് അദ്ദേഹം അല്‍പമൊന്നു പിറകോട്ടു കൊണ്ടു ചെല്ലും. മുമ്പോട്ടുള്ള പോക്കിന് ആക്കം കൂട്ടാനാണ് ഈ പിറകോട്ടു പോകല്‍ (ആശയം അരവിന്ദന്റേത്).
“ലോലമോഹനമായ്ത്തങ്കപ്പങ്കജത്തെ വെല്ലും വലം
കാലിടത്തുതുടക്കാമ്പില്‍ കയറ്റിവച്ചും
രാമച്ചവിശറി പനിനീരില്‍ മുക്കിത്തോഴിയെക്കൊ
ണ്ടോമല്‍കൈവള കിലുങ്ങെയൊട്ടുവീശിച്ചും
കഞ്ജബാണന്‍തന്റെ പട്ടം കെട്ടിയ രാജ്ഞിപോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി”
എന്ന വര്‍ണ്ണന പശ്ചാദ്ഗമനമാണ്.
“യമുനയിലിളംകാറ്റ് തിരതല്ലിശാഖ ചലി
ച്ചമരസല്ലാപം കേള്‍ക്കായരയാലിന്മേല്‍
താണുടനേ രണ്ടു നീണ്ട ഭാനുകിരണങ്ങളങ്ങു
ചേണിയന്ന കനക നിഃശ്രേണിയു ണ്ടാക്കി
അതു നോക്കിക്കുതുകമാര്‍ന്ന മല വിസ്മയസ്മേര
വദനയാമവള്‍ക്കഹോ ശാന്തശാന്ത മായ്
അര്‍ദ്ധനിമീലിതങ്ങളായുപരിപൊങ്ങീമിഴിക
ളുര്‍ദ്ധ്വലോക ദ്വിദ്യക്ഷയാലെന്നപോലെതാന്‍.”
സ്ഫടികക്കുപ്പിയിലിട്ട പരല്‍മീനു പോലുള്ള കണ്ണുകള്‍ എന്നു പറയുമ്പോള്‍ പശ്ചാദ്ഗമനമാണ് അവയ്ക്കു. ഊര്‍ദ്ധ്വലോക ദ്വിദൃക്ഷയുണ്ടായെന്നു പറയുമ്പോള്‍ പുരോഗമനം ലക്ഷ്യത്തിൽ എത്തിക്കഴിഞ്ഞു.
കുമാരനാശന്റെ കവിത ചിത്തശുദ്ധി ജനിപ്പിക്കുന്നു. ആ വിമലീകരണ ശക്തി എഴുത്തച്ഛന്റെ കവിതയ്ക്കു മാത്രമേയുള്ളു. അതുകൊണ്ടു രണ്ടുപേരും സദൃശ്യരാണെന്നു പറയാം. രചനാ രീതിയിലും അവര്‍ ഉദാത്തത പുലര്‍ത്തുന്നു.
“വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടു
വനജേക്ഷണയായ സീതയെ സത്യം ചൊല്‍വിന്‍
മൃഗസഞ്ചയങ്ങളെ! നിങ്ങളുമുണ്ടോ കണ്ടു
മൃഗലോചനയായ ജനകപുത്രിതന്നെ
പക്ഷിസഞ്ചയങ്ങളെ! നിങ്ങളുമുണ്ടോ കണ്ടു
പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം.
പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടു”
എന്ന ശൈലിയിലെ ഉദാത്തത
“അന്തശ്ചന്ദ്രശരദ്ഘനാഭ തടവി
പ്പൊങ്ങിപ്രദീപാംശുവാല്‍
പ്രാന്തസ്ഫൂര്‍ത്തികലര്‍ന്നമാളിക
യിലശ്ശയ്യാതലത്തില്‍ ക്ഷണം
സ്വന്തം ദീപ്തിനശിച്ചഹോര ജതപാത്രം
പോല്‍തണുത്തേറ്റവും
ശാന്തം ഹന്ത! ശയിച്ചിരുന്നു ശിവനേ
യബ്ഭാനുവിൻ മണ്ഡലം”
എന്ന ശ്ലോകത്തിലുമുണ്ട്.
കുമാരനാശാന്റെ കവിത ഔന്നത്യങ്ങളെ സമാശ്ലേഷിക്കുന്നു. മനുഷ്യന്റെ ശരീരവും മനസ്സും ഹൃദയവും ചൈതന്യത്തെ സ്പര്‍ശിക്കുമ്പോള്‍ അത് മഹനീയമായ പ്രക്രിയയായി തീരുന്നു. പ്രകൃതി എന്ത്, മനുഷ്യൻ ആര്, ഈശ്വരൻ ആര് എന്ന ചോദ്യത്തിനു മലയാള പദങ്ങള്‍ ഉചിതങ്ങളായ രീതികളില്‍ നിരത്തി വ്യക്തമാക്കിത്തന്ന മഹാകവിയാണ് കുമാരനാശാന്‍.
|