ഭൂമിയെന്ന നക്ഷത്രത്തില്‍നിന്ന് അന്തരീക്ഷത്തിലെ നക്ഷത്രത്തിലേക്ക്
ഭൂമിയെന്ന നക്ഷത്രത്തില്‍നിന്ന് അന്തരീക്ഷത്തിലെ നക്ഷത്രത്തിലേക്ക് | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്‌ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
‘ആണി മന്ത്രിക്കുന്നു; എന്നെ നിങ്ങളുടെ ഹൃദയത്തില്‍ കുത്തിയിറക്കൂ. രക്തമിറ്റിറ്റു വീഴുന്നത് നിങ്ങളെ പേടിപ്പിക്കേണ്ട കാര്യമില്ല.’ പേനാക്കത്തി സൂചിപ്പിക്കുന്നു ‘എന്റെ കത്തിക്ക് ഒരിക്കലും തെറ്റുപറ്റില്ല; ഒരു നിമിഷത്തെ തീരുമാനം മതി കഷ്ടപ്പാടിനെയും കുറച്ചിലിനെയും നിങ്ങള്‍ പരാജയപ്പെടുത്തിയിരിക്കും.’ ജനല്‍ തനിയെ തുറന്നു് നിശബ്ദതയില്‍ കറകറ ശബ്ദം കേള്‍പ്പിക്കുന്നു. ‘സാധുക്കളോടൊരുമിച്ചു് നിങ്ങള്‍ക്കു പട്ടണത്തിന്റെ ഔന്നത്യം പങ്കുവെയ്ക്കാം. എടുത്തു പുറത്തുചാടൂ. എന്റെ നിര്‍ദ്ദേശം ഔദാര്യം കലര്‍ന്നതാണു്; ഇമ ചിമ്മുന്നതിന്നു മുമ്പു് ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥരാഹിത്യമോ മനസ്സിലാക്കികൊണ്ടു് നിങ്ങള്‍ തെരുവില്‍ വന്നു് പതിച്ചിരിക്കും.’ അഭ്യര്‍ത്ഥിക്കുന്ന ശക്തിയുടെ നാദം കടംവാങ്ങിക്കൊണ്ടു് ഏതോ ആദര്‍ശാത്മകമായ ഗളനാളത്തിനു് ചുറ്റുമെന്നപോലെ കയറ് ചുരുണ്ടുകൊണ്ടിരിക്കുന്നു. ഞാന്‍ എല്ലാക്കാലത്തേക്കുമായി നിങ്ങളെ കാത്തിരിക്കുകയാണു്. നിങ്ങളുടെ ഭീതികളും നിങ്ങളുടെ കഷ്ടപ്പാടുകളും നിങ്ങളുടെ രോഷങ്ങളും ഞാന്‍ കണ്ടുകഴിഞ്ഞു. ചുളിവുകള്‍ വീണ നിങ്ങളുടെ കിടക്കവിരിപ്പുകള്‍ ഞാന്‍ കണ്ടുകഴിഞ്ഞു. നിങ്ങളുടെ ദേഷ്യം കരണ്ടെടുത്ത തലയിണ ഞാന്‍ ദര്‍ശിക്കുന്നു. നിങ്ങളുടെ ഈശ്വരന്മാരെ തൃപ്തിപ്പെടുത്താനുള്ള ആണയിടലുകള്‍ ഞാന്‍ കേട്ടിരിക്കുന്നു. ദരിദ്ര വത്സലതയോടെ ഞാന്‍ സഹതപിച്ചുകൊണ്ടു് എന്റെ സേവനങ്ങള്‍ നിങ്ങള്‍ക്കായി അര്‍പ്പിക്കുന്നു. തൂങ്ങിച്ചാകാനാണു് നിങ്ങള്‍ ജനിച്ചതു്…
റുമേനിയയില്‍ ജനിച്ച ഈ.എം. സിയോറന്‍ എന്ന തത്വചിന്തകന്റെ A short History of Decay എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥത്തില്‍ ഉള്ളതാണു് മുകളില്‍ ചേര്‍ത്ത വാക്യങ്ങള്‍. ഇപ്പോള്‍ അദ്ദേഹം ഫ്രാന്‍സില്‍ താമസിക്കുന്നു. കഴിഞ്ഞ 25 കൊല്ലമായി അദ്ദേഹം തത്ത്വചിന്താത്മകങ്ങളായ ഗ്രന്ഥങ്ങള്‍ ഫ്രഞ്ച് ഭാഷയില്‍ എഴുതുന്നു. ആ ഗ്രന്ഥങ്ങളെല്ലാം ഇംഗ്ലീഷിലേക്കു തര്‍ജമ ചെയ്തിട്ടുണ്ടു്. ഭുവനപ്രശസ്തിയാര്‍ജ്ജിച്ച സൂസന്‍ സൊണ്‍ടാഗ് സിയോറന്റെ ഈ തത്വവിചാരത്തെ പ്രശംസിച്ചിട്ട് ഇത്തരം ചിന്താമാര്‍ഗ്ഗങ്ങള്‍ കീര്‍ക്കേഗോറിലും നീഷേയിലും വിറ്റ്ഗൻടൈനിലും മാത്രമേ കണ്ടിട്ടുള്ളു എന്നു് രേഖപ്പെടുത്തിയിരിക്കുന്നു.
സിയോറന്റെ രചനാവിശേഷത്തെ അഭിനന്ദിച്ചുകൊണ്ടു് ഈ ലേഖകന്‍ ഒന്നു ചോദിക്കട്ടെ. ഈ ലോകത്തുള്ളവരെല്ലാം ഇങ്ങനെ ആണി ഹൃദയത്തില്‍ കുത്തിയിറക്കിയും പേനാക്കത്തി ശരീരത്തില്‍ കടത്തിവിട്ടും ജനലില്‍ക്കൂടി അഗാധതയിലേക്ക് ചാടിയും കയറില്‍ തൂങ്ങിയും ജീവിതമവസാനിപ്പിച്ചാല്‍ ഇവിടത്തെ സ്ഥിതി എന്തായിരിക്കും? ഈ ഉപദേശം നല്‍കുന്ന സിയോറന്‍ മാത്രമല്ലേ പിന്നെ ഈ ലോകത്തുണ്ടായിരിക്കു? സിയോറന്റെ പടം ഗ്രന്ഥത്തിലുണ്ടു്. ആകൃതിസൗഭഗമുള്ള ഒരു മദ്ധ്യവയസ്കന്‍. അദ്ദേഹം തലമുടി ഭംഗിയായി ചീകിവച്ചിരിക്കുന്നു. ജീവിതസുഖങ്ങള്‍ എല്ലാം അനുഭവിച്ചതിന്റെ ആഹ്ലാദം അദ്ദേഹത്തിന്റെ മുഖത്തുണ്ടു്. നല്ല വേഷം ധരിച്ചിരിക്കുന്നു ആത്മഹത്യയുടെ ഈ ഉപദേശകന്‍. താന്‍ നല്കുന്ന ഉപദേശം തനിക്കുംകൂടി ചേരേണ്ടതാണെന്നു് അദ്ദേഹം ഓര്‍മിക്കാഞ്ഞതെന്തേ? കാര്യം വ്യക്തമാണു്. ബഹുജനത്തെ വഴിതെറ്റിക്കാനുള്ള നിര്‍ദ്ദേശങ്ങളാണിവയെല്ലാം. മൂഢന്മാര്‍ ഇവ വിശ്വസിച്ചു് ആത്മഹത്യ ചെയ്യുന്നു. ഉപദേശകര്‍ മാളികയില്‍ വസിച്ചും നല്ല ആഹാരം കഴിച്ചും വിലകൂടിയ കാറില്‍ സഞ്ചരിച്ചും ബാങ്കു് ബാലന്‍സ് അനുദിനം വര്‍ദ്ധിപ്പിച്ചും സുഖമായി കഴിഞ്ഞുകൂടുന്നു. ജലദോഷം വന്നാല്‍മതി അവര്‍ വിദഗ്ദ്ധന്മാരായ ഡോക്ടര്‍മാരെ കാണാന്‍ അമേരിക്കയിലേക്കു പറക്കുന്നു.
എന്റെ ഈ ഉപാലംഭം ബുദ്ധിശൂന്യതയെ കാണിക്കുന്നുവെന്നു ചിലര്‍ പറയാതിരിക്കില്ല. പ്രപഞ്ചത്തിലാകെ ആത്മാവു് നടത്തുന്ന സാഹസികതയാര്‍ന്ന സഞ്ചാരമാണു് തത്വചിന്തയെന്നും അതു് നടത്തുന്നവര്‍ സാധാരണ മനുഷ്യരെപ്പോലെ കരയുകയും ചിരിക്കുകയും ചെയ്യുന്നവരാണെന്നും അവര്‍ ചൂണ്ടിക്കാണിക്കും. അതുകൊണ്ടു് ആ സത്യാന്വേഷകരുടെ സത്യദര്‍ശനത്തെ പ്രായോഗിക ജീവിതവുമായി ബന്ധപ്പെടുത്തുന്നതു് ഭോഷത്തമാണെന്നു് അവര്‍ വാദിക്കും. വേദന മറക്കണമെന്നും അതുണ്ടായാല്‍ ദുഃഖിക്കരുതെന്നും ഉപദേശിച്ച തത്വചിന്തകന്റെ കാലൊടിഞ്ഞാല്‍ അയാള്‍ നിലവിളിക്കില്ലേ? വസ്തുത അതായതുകൊണ്ട് തത്വചിന്തകരുടെ ജഗത്സംബന്ധീയമായ കാഴ്ചപ്പാടുകള്‍ക്കു് യോജിച്ച മട്ടില്‍ അവര്‍ ജീവിക്കണമെന്നു് പറയുന്നതു് ശരിയല്ലെന്നു് അവര്‍ എന്നോടു പറയും. അതിരിക്കട്ടെ. സിയോറന്‍ മാത്രമല്ല വിഷാദത്മകത്വം പ്രചരിപ്പിച്ചതു്. ഈ ശതാബ്ദത്തിലെ എല്ലാ എക്സിസ്റ്റെന്‍ഷ്യല്‍ ചിന്തകരും എക്സിസ്റ്റെന്‍ഷ്യല്‍ സാഹിത്യകാരന്മാരും ഇക്കാര്യത്തില്‍ കുറ്റക്കാരാണു്. ഇതു് ഉത്കണ്ഠയുടെ കാലമാണു്, അണ്വായുധത്തിന്റെ കാലമാണു്, വിശ്വാസതകര്‍ച്ചയുടെ കാലമാണു്, എന്നൊക്കെ ഉദ്ഘോഷിച്ച ജനതയെ ആലസ്യത്തിലേക്കും ജാഡ്യത്തിലേക്കും നയിക്കുന്നതു് അവര്‍തന്നെയാണു്. പല എക്സിറ്റെന്‍ഷ്യല്‍ സാഹിത്യകൃതികളും ചേതോഹരങ്ങളാണു്, സുശക്തങ്ങളാണു്. എക്സിസ്റ്റെന്‍ഷ്യല്‍ ചിന്തകര്‍ ബഹുജനത്തില്‍ സ്വാധീനശക്തി ചെലുത്താന്‍ കഴിവുള്ളവരാണു്. അതിനാല്‍ അവര്‍ ചെയ്യുന്ന ദ്രോഹം അനിര്‍വാച്യമായിബ്ഭവിച്ചിരിക്കുന്നു.
എക്സിസ്റ്റെന്‍ഷ്യലിസം (അസ്തിത്വവാദം) ശക്തിയാര്‍ജിക്കുന്നതു് ഇരുപതാം ശതാബ്ദത്തിലാണു്. എങ്കിലും പത്തൊന്‍പതാം ശതാബ്ദത്തിന്റെ ആരംഭത്തില്‍ത്തന്നെ ഇതിലേക്കു നയിക്കുന്ന ചിന്താഗതികള്‍ പാശ്ചാത്യദേശത്തു് ആവിര്‍ഭവിച്ചു. ജീവിതം യുക്തിക്കു് വിരുദ്ധമാണെന്നാണു് ഷോപന്‍ ഹൗവര്‍ വാദിച്ചതു്. എല്ലാ അസ്തിത്വങ്ങളുടെയും പിറകില്‍ അന്ധവും അര്‍ത്ഥരഹിതവുമായ ജീവിതേച്ഛ പ്രവര്‍ത്തിക്കുന്നു; അതിനു് ലക്ഷ്യമില്ല. പൂര്‍വ്വ സങ്കല്പങ്ങളില്ല. ഈ ജീവിതേച്ഛ — Will to life — യാദൃച്ഛികമായി സംഭവങ്ങളുണ്ടാക്കുന്നു. ജീവിതമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്നു. മനുഷ്യനെ മുന്നോട്ടു നയിക്കുന്നതു് യുക്തിയല്ല അന്ധമായ ജീവിതേച്ഛ തന്നെയാണു്. ഷോപന്‍ ഹൗവറുടെ ശിഷ്യനാണു് നീഷേ. പക്ഷേ ചിന്താഗതിയില്‍ അദ്ദേഹം ഗുരുനാഥനില്‍ നിന്നു് വിഭിന്നനായിരുന്നു.
നീഷേ ജനിക്കുന്നതിനു മുപ്പതു കൊല്ലം മുന്‍പ് ജനിച്ച ഡാനിഷ് തത്ത്വചിന്തകന്‍ കീര്‍ക്കേഗോര്‍ ഇന്നത്തെ എക്സിസ്റ്റെന്‍ഷ്യലിസത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രധാനനാണു്. ജീവിതം അര്‍ത്ഥശൂന്യമാണെന്ന ബോധം മനുഷ്യനുണ്ടാകുമെന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല അവന്‍ സന്ത്രാസത്തിനു് (ഈ പ്രയോഗത്തിനു് ശ്രീ.എന്‍.വി. കൃഷ്ണവാരിയരോടു് കടപ്പാടുണ്ടെനിക്കു്) വിധേയനാണെന്നും കീര്‍ക്കേഗോര്‍ പറഞ്ഞു. സന്ത്രാസത്തിനു് നിത്യജീവിതത്തിലെ പേടിയില്‍ നിന്നു് വിഭിന്നതയുണ്ടു്. ഒരാന മദമിളകി നമ്മുടെ നേരെ ഓടി വന്നാല്‍ നമ്മള്‍ പേടിക്കും. ആ ആനയെ ആരെങ്കിലും പിടിച്ചുകെട്ടിക്കഴിഞ്ഞാല്‍ ഭയവും തീരും. അതല്ല എക്സിസ്റ്റെന്‍ഷ്യല്‍ ആയ സന്ത്രാസത്തിന്റെ സ്വഭാവം. കാരണംകൂടാതെ അതു് മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടാകുന്നു. മനുഷ്യന്‍ തന്നെ സാക്ഷാത്കരിക്കുന്നതുകൊണ്ടാണു് സന്ത്രാസം ജനിക്കുന്നതു്. അവന്‍ പ്രധാനമന്ത്രിയായിരിക്കും ജഡ്ജിയായിരിക്കും ലോകമാരാധിക്കുന്ന ഡോക്ടര്‍ ആയിരിക്കും എങ്കിലും സന്ത്രാസത്തിനു് വിധേയനാണു്. സ്വന്തം അസ്തിത്വത്തെ കാണുകയും അതിന്റെ ഉപാദികളെ സ്വീകരിക്കുകയും അതിന്റെ ഉത്തരവാദിത്വത്തെ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അവന്‍ മനുഷ്യനായിത്തീരുന്നുള്ളു. അപ്പോള്‍ മാത്രമേ സന്ത്രാസത്തെ ഒഴിവാക്കാന്‍ പറ്റൂ.
കീര്‍ക്കേഗോറിന്റെ ഈ ആശയത്തെയും ഇവിടെ പ്രതിപാദിക്കാത്ത മറ്റുപല ആശയങ്ങളെയും സാര്‍ത്രും കൂട്ടുകാരും വികസിപ്പിച്ചുകൊണ്ടു വന്നതിനെയാണു് ഇന്നത്തെ എക്സിസ്റ്റെന്‍ഷ്യലിസമായി ലോകജനത അംഗീകരിച്ചിട്ടുള്ളതു്. അസ്തിത്വത്തെ (existence) പരിതഃസ്ഥിതികള്‍ ഒരു ലക്ഷ്യവും കൂടാതെ സൃഷ്ടിക്കുന്നുവെന്നും ആഴത്തില്‍ പരിശോധിക്കുമ്പോള്‍ അതു് പൊരുത്തക്കേടുള്ളതാണെന്നും എക്സിസ്റ്റെന്‍ഷ്യലിസം — അസ്തിത്വവാദം — സ്ഥാപിക്കുന്നു. മനുഷ്യന്‍ സങ്കല്പിക്കുന്ന മൂല്യങ്ങളും ആദര്‍ശങ്ങളും യഥാര്‍ത്ഥത്തില്‍ ഇല്ലെന്നാണു് ആ തത്ത്വചിന്ത പ്രഖ്യാപിക്കുന്നതു്. ഇക്കാര്യത്തില്‍ നീഷേയുടെ അഭിപ്രായങ്ങളോടാണു് അസ്തിത്വവാദം യോജിക്കുക. കിര്‍ക്കേഗോര്‍ സ്പഷ്ടമാക്കിത്തന്ന സന്ത്രാസം (dread) യാദൃശ്ചികമായി വന്നുചേര്‍ന്ന ഒരാശയമല്ല. തികച്ചും അടിസ്ഥാനപരമായ ഒരാശയമാണ് അതെന്നു് അസ്തിത്വവാദികള്‍ പ്രഖ്യാപിക്കുന്നു.
ജീവിതം അബ്സേഡാണു് — പൊരുത്തക്കേടുള്ളതാണു് — എന്ന തത്ത്വം എക്സിസ്റ്റെന്‍ഷ്യല്‍ സാഹിത്യകാരന്മാര്‍ തങ്ങളുടെ കൃതികളിലൂടെ സ്ഫുടീകരിക്കുന്ന കാലമാണിതു്. മാനുഷികമൂല്യങ്ങളുടെ തകര്‍ച്ചയും അവര്‍ ചിത്രീകരിക്കുന്നു. വളരെക്കാലം രോഗമായി കിടന്നവന്റെ ശരീരത്തിലെ വ്രണങ്ങള്‍ ദുര്‍ഗന്ധം വ്യാപിപ്പിക്കുമ്പോള്‍ ശുചിത്വം എന്ന മൂല്യത്തിനു് എന്തു് സ്ഥാനം? തീപിടിക്കുന്ന വീട്ടില്‍നിന്നു് രക്ഷപ്പെടുമ്പോള്‍ അമ്മാവന്റെ മുഖത്തു ചവിട്ടിക്കൊണ്ടേ വാതിലിലൂടെ കടന്നുപോകാന്‍ കഴിയുകയുള്ളൂ എന്നുവന്നാല്‍ ആ അമ്മാവനോട് അതുവരെ കാണിച്ച വിനയത്തിനു് എന്ത് വിലയിരിക്കുന്നു? മരണത്തിന്റെയും ജീവിതത്തിന്റെയും പ്രതിസന്ധിഘട്ടങ്ങളില്‍വച്ചു പരിശോധിക്കുമ്പോള്‍ എല്ലാ മൂല്യങ്ങള്‍ക്കും വിലയില്ലാതായിത്തീരുന്നു. അപ്പോള്‍ മനുഷ്യന്റെ ഓരോ പ്രവര്‍ത്തനവും അര്‍ത്ഥരഹിതം തന്നെ. സാര്‍ത്ഥകം എന്നു പറഞ്ഞുകൊണ്ടാണു് നാമോരോ പ്രവൃത്തിയും ചെയ്യുന്നതു്. പക്ഷേ എല്ലാം ശൂന്യതയിലും മരണത്തിലും പര്യവസാനിക്കുന്നതിനാല്‍ പ്രവര്‍ത്തനങ്ങളാകെ അര്‍ത്ഥരഹിതങ്ങളത്രെ.
അര്‍ത്ഥരാഹിത്യവും (meaning less) പൊരുത്തക്കേടും (absurdity) വിഭിന്നങ്ങളായ ആശയങ്ങളാണു്. വ്യവസ്ഥ, ക്രമം, ലക്ഷ്യം, മൂല്യബോധം ഇവയോടുകൂടിയാണു് മനുഷ്യന്‍ അസ്തിത്വത്തെ സമീപിക്കുന്നതു്. അസ്തിത്വത്തിലാകട്ടെ ഇതൊന്നുമില്ലതന്നെ. രണ്ടുംകൂടി ഏറ്റുമുട്ടുമ്പോള്‍ പൊരുത്തക്കേടു് ഉണ്ടാകുന്നു. ഈ പൊരുത്തക്കേട് കൊണ്ടു് താന്‍ അന്യനാണു് ഈ ലോകത്തു് എന്നു് മനുഷ്യനു് തോന്നുന്നു. ഇതിനെയാണു് അന്യവത്കരണം (alienation) എന്നു് എക്സിസ്റ്റെന്‍ഷ്യലിസ്റ്റുകള്‍ — അസ്തിത്വവാദികള്‍ — വിളിക്കുന്നതു്.
അസ്തിത്വവാദത്തിന്റെ പ്രധാനപ്പെട്ട തത്ത്വങ്ങളെല്ലാം ഞാന്‍ പറഞ്ഞുകഴിഞ്ഞുവെന്നു തോന്നുന്നു. സാര്‍ത്രിന്റെയോ കമ്യുവിന്റെയോ ഏതു കൃതിയും പരിശോധിക്കൂ. ഈ തത്ത്വങ്ങളുടെ ആവിഷ്കാരം കാണാം. അവരുടെ നോവലുകളെക്കുറിച്ചു് പലവട്ടം പറഞ്ഞുകഴിഞ്ഞതുകൊണ്ടു് കേരളീയര്‍ക്കു് അത്രകണ്ടു് പരിചയമില്ലാത്ത ഒരു ഇറ്റാലിയന്‍ സാഹിത്യകാരന്റെ ഒരു ചെറുകഥയെക്കുറിച്ചു് എഴുതാം.
ഡിനോ ബുറ്റ്സാറ്റി (Dino Buzzati. മരനം 1972-ല്‍) എന്നാനു് അദ്ദേഹത്തിന്റെ പേര്. കഥ പറയുന്ന ആള്‍ പത്തു മണിക്കൂര്‍ നേരത്തേക്കു് ഒരിടത്തും നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിലെ യാത്രക്കാരനാനു്. ട്രെയിന്‍ കുറച്ചു ദൂരം പോയതേയുള്ളു. അയാള്‍ തല വെളിയിലേക്കിട്ടു നോക്കിയപ്പോള്‍ ലവല്‍ക്രോസിങ്ങില്‍ ഒരു ചെറുപ്പക്കാരി നില്‍ക്കുന്നു. വടക്കന്‍ എക്സ്പ്രസ്സ് ട്രെയിനിനെ നോക്കാനെന്ന മട്ടിലാണു് അവളുടെ നില്‍പു്. പക്ഷേ അവള്‍ തീവണ്ടിയെ നോക്കിയതേയില്ല. അവള്‍ ശ്രദ്ധിച്ചതു് തന്റെ അടുക്കലേക്ക് എന്തോ ഉറക്കെ പറഞ്ഞുകൊണ്ടു് ഓടിയെത്തുന്ന ഒരുത്തനെയാണു്. വരാന്‍ പോകുന്ന ഏതോ ആപത്തിനെക്കുറിച്ചു് അയാള്‍ അവള്‍ക്കു മുന്നറിയിപ്പു നല്‍കുകയാണെന്നു തോന്നി. ഇതെല്ലാം ഏതാനും സെക്കന്റുകൊണ്ടു് കഴിഞ്ഞു. തീവണ്ടി വളരെ വേഗത്തില്‍ ഓടുകയാണു്. പൊക്കം കുറഞ്ഞ ഒരു മതിലില്‍ നിന്നുകൊണ്ടു് ഒരു കര്‍ഷകന്‍ എന്തോ കാതടപ്പിക്കുന്ന ശബ്ദത്തില്‍ പറയുന്നതു് കഥ പറയുന്ന ആള്‍ കേട്ടു. ഇതും ഏതാനും നിമിഷങ്ങള്‍ക്കകം സംഭവിച്ചു. വയലിലെ ചെടികളെ ചവിട്ടിച്ചതച്ചുകൊണ്ടു് ചിലര്‍ ഓടിയെത്തുന്നതും അയാള്‍ക്കു കാണാന്‍ കഴിഞ്ഞു. ഉന്‍മാദമാര്‍ന്ന പ്രവര്‍ത്തനമായിരുന്നു അവരുടേതു്. നിരീക്ഷിക്കാന്‍ കൂടുതല്‍ സമയമില്ല. എല്ലാം നിമിഷങ്ങള്‍കൊണ്ടു മറഞ്ഞു. ഈ രണ്ടു് സംഭവങ്ങള്‍ക്കും പൊതുവായ ഒരു കാരണമുണ്ടായിരിക്കുമെന്നു് അയാള്‍ കരുതി. എന്തോ സംഭവിച്ചിരിക്കണം. തീവണ്ടിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് അതറിയാന്‍ കഴിയുമോ? മറ്റു യാത്രക്കാരും വെളിയിലുള്ള ഈ ഉന്മാദങ്ങള്‍ അറിയുന്നുണ്ടോ? കഥ പറയുന്ന ആള്‍ നോക്കിയപ്പോള്‍ അയാളുടെ മുന്‍പിലിരുന്ന സ്ത്രീ പകുതി അടഞ്ഞ കണ്ണുകള്‍കൊണ്ടു് അയാളെ നോക്കുകയാണു്; അയാള്‍ ബാഹ്യലോകത്തെ സംഭവവിശേഷങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ എന്നറിയാനായിട്ടായിരുന്നു അവരുടെ നോട്ടം.
നേപ്പിള്‍സ് തീവണ്ടികള്‍ അവിടെ നിറുത്താറുണ്ടു്. വടക്കന്‍ എക്സ്പ്രസ്സ് നിര്‍ത്താറില്ല. പഴയ വീടുകള്‍ പാഞ്ഞു പോകുന്നു. സ്ത്രീകളും പുരുഷന്മാരും കെട്ടുകള്‍ കെട്ടുന്നു. പെട്ടികള്‍ അടയ്ക്കുന്നു. അവരൊക്കെ എവിടെയോ പോകാന്‍ ഭാവിക്കുകയാണു്. വണ്ടി വടക്കോട്ടു് പോകുന്തോറും ആളുകള്‍ കൂട്ടംകൂട്ടമായി തെക്കോട്ടു് പോകുന്നു. യുദ്ധം, വിപ്ലവം, പ്ലേഗ്, അഗ്നി ഇങ്ങനെയുള്ള ആപത്തുകളെ പേടിച്ചിട്ടാവാം അവരുടെ ഓട്ടം. തീവണ്ടിയിലെ എല്ലാ യാത്രക്കാരും പേടിച്ചിരിക്കുകയാണു്. ഈ സമയംകൊണ്ടു് തെക്കോട്ടു് പോകുന്ന ആളുകളെക്കൊണ്ടും വാഹനങ്ങളെക്കൊണ്ടും റോഡു് നിറഞ്ഞു കഴിഞ്ഞു. വടക്കോട്ടു് പാഞ്ഞുപോകുന്ന തീവണ്ടിയെക്കണ്ടു് വഴിവക്കില്‍ നിന്നവര്‍ അത്ഭുതപ്പെട്ടു. ട്രെയിന്‍ ഒരു സ്റ്റേഷനിലേക്കു ചെല്ലാന്‍ വേഗം ഒന്നു കുറച്ചപ്പോള്‍ എല്ലാവരും വിചാരിച്ചു. ഡ്രൈവര്‍ അതു് നിറുത്തുമെന്നു്. ഇല്ല, കൊടുങ്കാറ്റ് പോലെ ട്രെയിന്‍ പ്ലാറ്റ്ഫോമിനടുത്തുകൂടെ അട്ടഹസിച്ചുകൊണ്ടു് കടന്നുപോയി. ഒരു പയ്യന്‍ ഉയര്‍ത്തിപ്പിടിച്ച പത്രം തീവണ്ടിയിലെ ഒരു യാത്രക്കാരി പിടിച്ചെടുക്കാന്‍ ശ്രമിച്ചു. പക്ഷേ കൈയ്യില്‍ കിട്ടിയതു് ഒരു ചെറിയ കഷണം മാത്രം. അതില്‍ TION എന്ന വലിയ അക്ഷരങ്ങള്‍ മാത്രമുണ്ടു്. TION എന്ന് അവസാനിക്കുന്ന ഏതോ ഒന്നില്‍ തീവണ്ടിയാത്രക്കാര്‍ ഇരച്ചുകയറുകയായിരിക്കാം. ശത്രുക്കള്‍ പാര്‍ക്കുന്നിടത്ത് ഓടി ചെല്ലുന്ന സത്യസന്ധനായ ഭടനെപ്പോലെ തീവണ്ടി ആപത്തില്‍ ചെന്നു ചേരുകയാവാം. ട്രെയിന്‍ നിന്നു. പ്ലാറ്റ്ഫോമിലൂടെ യാത്ര. ‘എക്സിറ്റി’ ലേക്കു് ഓടി. പക്ഷേ ഒരിടത്തും ഒരാളുപോലുമില്ല. പട്ടണത്തില്‍ ഒരാളുമില്ലേ? പെട്ടെന്നു് വെടിപൊട്ടുന്നതുപോലെ ഒരു സ്ത്രീയുടെ ശബ്ദം. അത് കേട്ടു് യാത്രക്കാര്‍ ഞെട്ടി. സഹായത്തിനുവേണ്ടിയുള്ള നിലവിളിയായിരുന്നു അതു്. ആ ശബ്ദം സ്ഫടിക നിര്‍മ്മിതമായ ആര്‍ച്ചുകളില്‍ പ്രതിധ്വനിച്ചു. എന്നന്നേക്കുമായി ഉപേക്ഷിക്കപ്പെട്ട ആ സ്ഥലത്തെ അനുനാദങ്ങളോടുകൂടി ആ പ്രതിധ്വനികള്‍ ഒരുമിച്ചു ചേര്‍ന്നു. കഥ തീര്‍ന്നു.
ഈ കഥയെഴുതിയ ഡിനോ ബുറ്റ്സാറ്റി കാഫ്കയുടെ അനുകര്‍ത്താവാണു്. പക്ഷേ ബ്രിട്ടീഷ് നോവലിസ്റ്റ് റേക്സ് വാര്‍നറെ പോലെയുള്ള അനുകര്‍ത്താവല്ല. വാര്‍നര്‍ക്കു കാഫ്കയുടെ നോവലുകളിലെ ആന്തരശക്തി പിടികിട്ടിയിട്ടില്ല. അതല്ല ബുറ്റ്സാറ്റിയുടെ അവസ്ഥ. അദ്ദേഹത്തിന്റെ കഥകള്‍ ആവേശജനകങ്ങളാണു്. എങ്കിലും കാഫ്കയുടെ ‘വിഷന്‍’ — ജീവിത വീക്ഷണരീതി — കടം വാങ്ങുന്ന ബുറ്റ്സാറ്റിയെ രണ്ടാം തരം എഴുത്തുകാരനായേ ഞാന്‍ കാണുന്നുള്ളു. മലയാളത്തിലെ കാഫ്കാ അനുകര്‍ത്താക്കള്‍ റെക്സ്‌വാര്‍നറെക്കാള്‍ മോശപ്പെട്ട എഴുത്തുകാരാണു്. ക്ലിക്കുകളാണു് അവരെ ഉയര്‍ത്തിക്കൊണ്ടു നടക്കുന്നത്. പ്രകൃതത്തോടു ബന്ധമില്ലാത്ത ഈ വിചാരം ഇവിടെ നില്‍ക്കട്ടെ.
കഫ്ക എക്സിസ്റ്റെന്‍ഷ്യലിസ്റ്റ് — അസ്തിത്വവാദി — അല്ലെങ്കിലും ആ ചിന്താഗതി ഉള്ള എഴുത്തുകാരനാണു്. അദ്ദേഹത്തിന്റെ കൃതികളില്‍ കാണുന്ന സന്ത്രാസവും ശൂന്യതാബോധവും അനുകര്‍ത്താവായ ബുറ്റ്സാറ്റിയുടെ കഥകളിലും കാണുന്നു. ഈ കഥയിലെ ട്രെയിന്‍ ജീവിതമാണു്. അതു് ശൂന്യതയിലേക്കു് — മരണത്തിലേക്കു് — കുതിക്കുന്നു. മാര്‍ഗ്ഗത്തിലുള്ള അജ്ഞാതങ്ങളായ സംഭവങ്ങള്‍ ജീവിതമാര്‍ഗ്ഗത്തില്‍ നമ്മെ പേടിപ്പിക്കുകയും പ്രകമ്പനം കൊള്ളിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ തന്നെ. ബുറ്റ്സാറ്റിയുടെ കഥ നമുക്കു ഞെട്ടലുണ്ടാക്കുന്നു. (എന്റെ സംഗ്രഹം ദുര്‍ബലമാണെന്നു് എനിക്കറിയാം). ഇവിടെയാണു് എനിക്ക് എക്സിസ്റ്റെന്‍ഷ്യലിസ്റ്റുകളോടു യോജിക്കാന്‍ കഴിയാത്തതു്.
സന്ത്രാസവും ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയും അബ്സേഡിറ്റിയും (പൊരുത്തക്കേടു്) അസ്തിത്വവാദികള്‍ പറയുന്നതുപോലെ പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടനയില്‍ ഉള്ളതുതന്നെയാവട്ടെ. എങ്കിലും ജീവിതത്തിനു് ഒരര്‍ത്ഥം കല്പിച്ചു് അതിനെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നതില്‍ എന്താണു് തെറ്റു്? അകലെക്കാണുന്ന നക്ഷത്രത്തിലേക്കു് ചെല്ലാന്‍ മനുഷ്യന്‍ കൊതിച്ചുകൂടേ? ഭൂമി തന്നെ ഒരു നക്ഷത്രമായതുകൊണ്ടു് ആ അഭിലാഷത്തിനു് അര്‍ത്ഥമില്ലെന്നു് അസ്തിത്വവാദികള്‍ പറഞ്ഞേക്കും. നക്ഷത്രമായ ഭൂമിയിലിരുന്നുകൊണ്ടു് അന്തരീക്ഷത്തിലെ നക്ഷത്രത്തിലെത്താന്‍ ശ്രമിക്കണമെന്നാണു് ഇന്നത്തെ എക്സിസ്റ്റെന്‍ഷ്യലിസ്റ്റുകളെക്കാള്‍ പ്രഗല്ഭരായ ചിന്തകര്‍ പറഞ്ഞിട്ടുള്ളതു്. മനഃശാസ്ത്രത്തിലെ ഒരു വിഭാഗമായ ‘ലോഗോതെറാപ്പി’യുടെ ഉദ്ഘോഷകനായ ഈ. ഫ്രാങ്കല്‍ മൂന്നു വിധത്തില്‍ ജീവിതത്തെ സാര്‍ത്ഥകമാക്കണമെന്നു് അഭിപ്രായപ്പെട്ടിട്ടുണ്ടു്. 1) നമ്മള്‍ ജീവിതത്തിനു് നല്‍കുന്നതിലൂടെ 2) നമ്മള്‍ ജീവിതത്തില്‍നിന്നു് സ്വീകരിക്കുന്നതിലൂടെ. 3) വിധിയുടെ നേര്‍ക്ക് നമ്മള്‍ സ്വീകരിക്കുന്ന നിലപാടിലൂടെ. ജീവിതമെന്നതു് ടാഗോറിന്റെ ഒരു കവിതയില്‍ പറയുന്നതുപോലെ ചില ചോദ്യങ്ങളാണു്. ആ ചോദ്യങ്ങള്‍ക്ക് നമ്മള്‍ ഉത്തരങ്ങള്‍ വെറുതെ തോന്നിയമട്ടിലല്ല നല്‍കുന്നതു്. ഉത്തരവാദിത്വത്തോടെ ശരിയായ ഉത്തരങ്ങള്‍ നല്‍കുമ്പോള്‍ നമ്മുടെ ജീവിതത്തിനു് അര്‍ത്ഥമുണ്ടാകുന്നു. ആ അര്‍ത്ഥമുണ്ടായിക്കഴിഞ്ഞാല്‍ എക്സ്റ്റെന്‍ഷ്യല്‍ വാക്വം — അസ്തിത്വസംബന്ധിയായ ശൂന്യത — ഇല്ലാതാവുന്നു. പാലത്തില്‍നിന്നു് നദിയിലേക്കു് ചാടാന്‍ പോകുന്ന തരുണിയെ കമ്യുവിന്റെ കഥാപാത്രത്തിനു് (Fall എന്ന നോവല്‍) വേണമെങ്കില്‍ രക്ഷിക്കാമായിരുന്നു. അയാളതു ചെയ്തില്ല. ചെയ്യാത്തതുകൊണ്ടു് മനഃസാക്ഷിയുടെ വേദന പൊട്ടിച്ചിരിയായി അയാള്‍ കേട്ടിരുന്നു. പാലത്തില്‍നിന്നു് താഴോട്ടു ചാടാന്‍ പോകുന്നവളെ രക്ഷിക്കണോ എന്നതാണു് ചോദ്യം. രക്ഷിക്കണം എന്നു് ഉത്തരം. ആ ഉത്തരം നല്‍കിയാല്‍ ജീവിതത്തിനു് അര്‍ത്ഥമുണ്ടാകും. അത്രേയുള്ളു.
അര്‍ബുദം പിടിച്ചു് മരിക്കാന്‍ പോകുന്നവനുപോലും ജീവിതം സാര്‍ത്ഥകമാക്കാം. അയാള്‍ക്ക് ഒരു ഗ്രന്ഥമെഴുതിത്തീര്‍ക്കാനുണ്ടെങ്കില്‍, ആരെയെങ്കിലും പഠിപ്പിച്ചു് നല്ല നിലയില്‍ എത്തിക്കാനുണ്ടെങ്കില്‍, റബ്ബര്‍ത്തൈകള്‍ നടാനുണ്ടെങ്കില്‍ അതു ചെയ്യട്ടെ. അപ്പോള്‍ വേദന മാറുമെന്നല്ല. ജീവിതം അര്‍ത്ഥരഹിതമാണെന്നു തോന്നുകയില്ല. മനുഷ്യന്‍ ആരാണു്? അവന്‍ എന്തു ചെയ്യണം? ഇവ രണ്ടും തമ്മില്‍ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും നടന്നിട്ടു് സംഹതത്വത്തിന്റെ മണ്ഡലം (Sphere of tension) സംജാതമാക്കുന്നുവെന്നു് ഫ്രാങ്കല്‍ പറയുന്നു. ഈ മണ്ഡലമാണു് മനുഷ്യനു് അഭികാമ്യം. വാല്മീകിയുടെ രാമായണവും വ്യാസന്റെ മഹാഭാരതവും ഹോമറിന്റെ ഇലിയഡും ഷേക്സ്പിയറിന്റെ നാടകങ്ങളും ടോള്‍സ്റ്റോയിയുടെ വാര്‍ ആന്റ് പീസും ഈ വിധത്തിലുള്ള ഉത്കൃഷ്ടമായ ജീവിതത്തെയാണു് ചിത്രീകരിച്ചതു്. അവ മനുഷ്യനു് പ്രകാശപൂര്‍ണ്ണമായ ലോകം അനാവരണം ചെയ്തുകൊടുക്കുന്നു. ബക്കറ്റിന്റെയും യനസ്കൊയുടേയും നാടകങ്ങള്‍ രമണീയങ്ങള്‍ തന്നെ. പക്ഷേ കറുത്ത വിഷാദാത്മകത്വമാണു് അവ പ്രചരിപ്പിക്കുക. അതു മനുഷ്യനെ ഉയര്‍ത്തുന്നില്ല, തളര്‍ത്തുന്നതേയുള്ളു. “ഭൂമിയെന്ന നക്ഷത്രത്തില്‍നിന്നു് അന്തരീക്ഷത്തിലെ നക്ഷത്രത്തിലേയ്ക്ക് ഉയരു” എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.
|
|
|