മഹനീയമായ കവിത
മഹനീയമായ കവിത | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍
സാഹിത്യത്തിന്റെ മൂല്യം നിര്‍ണ്ണയിക്കാനുള്ള ഉപാധികള്‍ ഭാവനാത്മകമായ മൗലികത്വം (imaginative originality), ആവിഷ്കരണശക്തി (expressive power), സര്‍ഗ്ഗാത്മകപ്രതിഭ (creative genius), പ്രതിപാദ്യവിഷയത്തിന്റെ വ്യാപ്തി എന്നിവയാണെണ് അരവിന്ദഘോഷ് പറഞ്ഞു. കവി പ്രധാനനായോ അപ്രധാനനായോ പരിഗണിക്കപ്പെടുന്നത് ഈ ഘടകങ്ങളെ അവലംബിച്ചിട്ടുള്ള പരിശോധനയ്ക്കു ശേഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നോ രണ്ടോ മനോഹരങ്ങളായ വരികള്‍ എഴുതി പ്രസിദ്ധരായ കവികള്‍ കാണുമായിരിക്കും. അവര്‍ക്കു സുന്ദരങ്ങളായ ആ വരികളുടെ ഉടമസ്ഥാവകാശം മാത്രമേ ഉള്ളുവെങ്കില്‍ അവര്‍ ആദരണീയരാകുന്നില്ല. അത്ര കണ്ടു ചേതോഹരങ്ങളായ വരികള്‍ എഴുതിയിട്ടില്ലെങ്കിലും വിപുലമായ ഒരു കാവ്യസമ്പത്തിന്റെ അധികാരം അവര്‍ക്കുണ്ടെങ്കില്‍ നിശ്ചയമായും അവര്‍ സുപ്രധാനരായി ബഹുമാനിക്കപ്പെടും. ഈ മതമാശ്രയിച്ചാണ് അരവിന്ദഘോഷ് പ്രമുഖരായ കവികളെ തരംതിരിക്കുന്നത്. അദ്ദേഹത്തിന്റെ വിഭജനം നോക്കുക:
- വാല്മീകി , വ്യാസന്, ഹോമര്‍, ഷേക്സ്പിയര്,
- ദാന്തേ, കാളിദാസന്, ഏസ്കിലസ്, സോഫോക്ലിസ്സ്, വെര്‍ജില്‍, മില്ട്ടന്.
- ഗേയ്ഥേ.
വാല്മീകിക്കും വ്യാസനും ഹോമറിനും ഷേക്സ്പിയറിനും മുകളില്‍പ്പറഞ്ഞ നാലു ഗുണങ്ങളുമുണ്ട്. എന്നാല്‍ രണ്ടാമത്തെ വരികളിലെ ദാന്തെ തുടങ്ങിയ ആറു കവികള്‍ക്ക് ഈ ഗുണങ്ങള്‍ എല്ലാമില്ല. ദാന്തെയും കാളിദാസനും ഭാവനാത്മകമായ മൗലികത്വം ഒട്ടും കുറവില്ല. വാല്മീകിയും വ്യാസനും ഹോമറും ഷേക്സ്പിയറും പ്രദര്‍ശിപ്പിച്ച മൗലികത്വംതന്നെ അവരും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആവിഷ്കരണശക്തിയിലും ദാന്തെയും കാളിദാസനും ആ നാലു മഹാകവികള്‍ക്കു സദൃശരായി വര്‍ത്തിക്കുന്നു. പക്ഷേ, വാല്മീകിപ്രഭൃതികള്ക്കുള്ള സര്‍ഗ്ഗാത്മകപ്രതിഭ അതേയളവില്‍ത്തന്നെ അവരില്‍ ദൃശ്യമല്ല. ദാന്തെയുടെ ഡിവൈന്‍ കോമഡിയിലെ മൂന്നു ലോകങ്ങളും സര്‍ഗ്ഗവൈഭവത്തെക്കാള്‍ നിര്മ്മാണവൈദഗ്ധ്യത്തെയാണു കാണിക്കുന്നത്. അതുല്യമായ സര്‍ഗ്ഗപ്രഭാവം പ്രദര്‍ശിപ്പിച്ചുകൊണ്ട് വാല്മീകിയും വ്യാസനും ഹോമറും ഷേക്സ്പിയറും നൂതനലോകങ്ങളെ സൃഷ്ടിക്കുമ്പോള്‍ ദാന്തെ തന്റെ ആലോകനസാമര്‍ത്ഥ്യമുള്ള കാവ്യമനസ്സിന്റെ അവലംബത്തോടുകൂടി മൂന്നു ലോകങ്ങളെയും (സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം)[1] നിര്മ്മിച്ചുവയ്ക്കുന്നതേയുള്ളൂ. കാളിദാസനെക്കുറിച്ചും അതുതന്നെയാണ് പറയാനുള്ളത്.[2] വിശ്വാമിത്രന് ത്രിശങ്കുവിനുവേണ്ടി ഒരു സ്വര്‍ഗ്ഗം സൃഷ്ടിച്ചുകൊടുത്തല്ലോ. ഷേക്സ്പിയറും ആ വിധത്തിലുള്ള ഒരത്ഭുത കര്‍മ്മമാണ് അനുഷ്ഠിച്ചത്. ആ സര്‍ഗ്ഗപ്രഭാവത്താല്‍ ദാന്തെയും കാളിദാസനും അനുഗ്രഹീതരായിരുന്നില്ല. നൂതനപ്രപഞ്ചങ്ങള്‍ സൃഷ്ടിക്കാനുള്ള ഈ കഴിവുകൂടി അവര്‍ക്കു ലഭിച്ചിരുന്നെങ്കില്‍ അവര്‍ വാല്മീകിപ്രഭൃതികള്‍ക്കു സദൃശരാകുമായിരുന്നു.
ഏസ്കിലസ് ദര്‍ശകനും സൃഷ്ടികര്‍ത്താവും ആണ്; പക്ഷേ ഒരു കുറഞ്ഞ തോതിലാണെന്നുമാത്രം. വെര്‍ജിലും മില്‍ട്ടനും ജീവിക്കാന്‍ പോകുന്നത് അവര്‍ എന്തു പറഞ്ഞു എന്നതിനെ ആശ്രയിച്ചാണ്; അവര്‍ എന്തു സൃഷ്ടിച്ചു എന്നതിന്റെ അവലംബിച്ചല്ല. കാവ്യപ്രജ്ഞയുടെ സഹായത്തോടെ കാവ്യമെഴുതിയ ഗേയ്ഥേയ്ക്ക് മൂന്നാമത്തെ വരിയിലേ സ്ഥാനമുള്ളു. കാവ്യ ശക്തിയിലോ കവിതയുടെ മാന്ത്രികപ്രഭാവത്തിലോ അദ്ദേഹം ഷേക്സ്പിയറിന്റെ അടുത്തുപോലും വരികയില്ല. അപ്പോള്‍ ആദ്യത്തെ വരിയിലെ നാലു മഹാകവികളും ഏതാണ്ടു സദൃശന്മാര്. രണ്ടാമത്തെ വരികയിലെ ആറു കവികളില്‍ ഏറ്റവും ശ്രേഷ്ഠന് ദാന്തെ. അദ്ദേഹം കഴിഞ്ഞാല്‍ കാളിദാസന്. പിന്നീട് യഥാക്രമം ഏസ്കിലസ്സും സോഫോക്ലിസ്സും വെര്‍ജിലും മില്‍ട്ടനും.
ഇവിടെ നമുക്കൊരു സംശയമുണ്ടാകാം. രാമായണമെഴുതിയ വാല്മീകിയും മഹാഭാരതമെഴുതിയ വ്യാസനും ഹോമറിനും ഷേക്സ്പിയറിനും സദൃശരാകുന്നതെങ്ങനെ? ഈ ഭാരതീയ കവികള്‍ കുറെക്കൂടി ഉന്നതന്മാരല്ലേ? അരവിന്ദഷോഷ് അതിനുസമാധാനം നല്‍കുന്നുണ്ട്: ‘മഹാഭാരതം’ ഹോമറിന്റെ ‘ഇലിയഡി’ നെക്കാളും ‘രാമായണം’ ഹോമറിന്റെ ‘ഒഡീസി’ യെക്കാളും മഹനീയങ്ങള്തന്നെ. പക്ഷേ, കവികളെന്ന നിലയില്‍ — ലയം, ഭാഷ, കാവ്യസൗന്ദര്യം എന്നിവയുടെ അധീശന്മാരെന്ന നിലയില്‍ — വ്യാസനും വാല്മീകിയും ഹോമറിനെക്കാളും ഷേക്സ്പിയറെക്കാളും ശ്രേഷ്ഠന്മാരല്ല. അങ്ങനെ നാം കവികളുടെ ആവിഷ്കരണവൈദ്ഗ്ധ്യത്തിലേയ്ക്കു വന്നുചേരുന്നു. അഞ്ചു തരത്തിലുള്ള കാവ്യശൈലികള്‍ ഉണ്ടെന്നാണ് അരവിന്ദഘോഷ് അഭിപ്രായപ്പെടുന്നത്. ആദ്യത്തേത് ‘പര്യാപ്തമായ ശൈലി’(adequate style) പ്രതിപാദ്യവിഷയം അല്ലെങ്കില്‍ കാവ്യവസ്തു കവിയിലുളവാക്കുന്ന ആഘാതത്തെ — കാവ്യവസ്തുവുമായി കവിക്കുണ്ടായ സമ്പര്‍ക്കത്തെ — അതേ രീതിയില്‍ ആവിഷ്ക്രിക്കുമ്പോഴാണ് പര്യാപ്തമായ ശൈലി ഉളവാകുന്നത്. ‘ചലനാതമകമായ ശൈലി’ (dynamic style) യാണ് രണ്ടാമത്തേത്. പ്രതിപാദ്യവിഷയത്തിന്റെ ചലനമാണ് ഇതാവിഷകരിക്കുക. വസ്തുവിന്റെ അവസ്ഥതി ഇവിടെ പരിഗണനാര്‍ഹമാകുന്നില്ല. മൂന്നാമത്തേത് ‘പ്രകാശപൂര്‍ണ്ണമായ ശൈലി’ യാണ് (illiminated style). കാവ്യവസ്തുവിന്റെ അവസ്ഥിതി, ചലനാതമകത്വം എന്നിവയെ വിട്ട് അതിന്റെ പരമപ്രധാന്യത്തിലേയ്ക്കു കവി കടന്നുചെല്ലുകയും അദ്ദേഹം കുറെക്കൂടി ഭാവനാസമ്പന്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ ഈ ശൈലി രൂപംകൊള്ളൂന്നു. അടുത്തത് ‘പ്രചോദനാത്മകമായ ശൈലി’ (inspired style) യാണ്. ശേഷ്ഠമായ എല്ലാ കവിതകളും പ്രചോദനാത്മകങ്ങളത്രെ. എങ്കിലും ഈ ശൈലിക്കൊരു സവിശേഷതയുണ്ട്. ഇതിലൊരു അന്തര്വീക്ഷണമുണ്ട്; ആന്തരശബ്ദമുണ്ട്. മാന്ത്രികപ്രഭാവമാണ് ഈ ശൈലിയുടെ സവിശേഷത. ഈ നാലു ശൈലികള്‍ക്കും ഉത്കൃഷ്ടരൂപമാര്‍ജ്ജിക്കാന്‍ കഴിയുമെന്നു പ്രസ്താവിച്ചതിനുശേഷം അരവിന്ദ്ഘോഷ് ‘ശ്രേഷ്ഠമായ കാവ്യഭാഷണം.’ (supreme poetic utterence) എന്ന അഞ്ചാമത്തെ കാവ്യശൈലിയെക്കുറിച്ചു പ്രതിപാദിക്കുന്നു. അസാധാരണമായ വിധത്തില്‍ വിശുദ്ധവും സത്യാത്മകവും അന്യൂനവുമായ കാവ്യഭാഷണമാണിത്. ഇതിനെ അപഗ്രഥിക്കാന്‍ വയ്യ. അത്രകണ്ട് ഉജ്ജ്വലമാണ് ഈ ശൈലി. ഒരു നിരൂപകന് ഈ അഞ്ചു ശൈലികളുടെയും വൈജാത്യങ്ങള്‍ നമുക്കു മനസ്സിലാക്കിത്തരാനായി ചില ദൃഷ്ടാന്തങ്ങള്‍ സ്വീകരിക്കുന്നു. കുറ്റമറ്റ ഒരു ഛായാഗ്രഹണചിത്രത്തിന് സദൃശമാണ് ‘പര്യാപ്തമായ ശൈലി’. ‘ചലനാത്മകശൈലി’ യെ ‘ടെക്നികളര്‍’ സിനിമയായി കരുതാം. അപ്പോള്‍ ‘പ്രചോദനാത്മകമായ ശൈലി’ നമ്മുടെ മുന്പില് അഭിനയിക്കപ്പെടുന്ന ഒരു നാടകത്തിനു തുല്യമാകും. ‘ശ്രേഷ്ഠമായ കാവ്യഭാഷണം’ അനവരതം സ്പന്ദിക്കുന്നതും വിവിധരൂപങ്ങലില് നമ്മെ സമാക്രമിക്കുന്നതുമായ ജീവിതം തന്നെയാണ്.
കവിതയെസ്സംബന്ധിച്ച് അരവിന്ദഘോഷിനുള്ള സങ്കല്പങ്ങള് തികച്ചും മൗലികങ്ങളാണ്. പ്രജ്ഞയോ ഭാവനയോ ശ്രോത്രമോ കാവ്യപരമായ ആനന്ദത്തിന് പ്രതിഗ്രാഹകരമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കാവ്യപാരായണം കൊണ്ടു പ്രജ്ഞയ്ക്കു കിട്ടുന്ന സംതൃപ്തിയും കാതിനു കിട്ടുന്ന സുഖവും ഉന്നതമായ കാവ്യാസ്വാദനത്തില്‍നിന്നു ജനിക്കുന്ന ആനന്ദത്തിനു തുല്യമായി കരുതാന്‍ പാടില്ലെന്നാണ് അതിന്റെ അര്‍ത്ഥം. ഭാവനയുടെ പ്രവര്‍ത്തനംകൊണ്ട് കാവ്യത്തിന് ആകര്‍ഷകത്വം ലഭിച്ചാലും പോരാ. അവ മൂന്നും പരമമായ ആനന്ദമനുഭവിക്കാനുള്ള മാര്‍ഗ്ഗങ്ങളേ ആകുന്നുള്ളൂ. അവ് ഒന്നിച്ചുചേര്‍ന്ന് ആത്മാവിന്റെ അഗാധമായ ആനന്ദമായി മാറുമ്പോഴാണ് കവിത മഹനീയമാവുക. കവിത പ്രജ്ഞയ്ക്കുമാത്രം ഒരിളക്കമുണ്ടാക്കിയിരിക്കട്ടെ; അത് ശ്രേഷ്ഠമായ കവിതയല്ല. ഭാവനയേയും വികാരങ്ങളേയും ഇളക്കിവിടട്ടെ; അതു ശ്രേഷ്ഠമായ കവിതയല്ല. കവി കാവ്യഭാഷണത്തിന്റെ തീക്ഷണതയിലേയ്ക്കു ചെല്ലണം; പ്രചോദനാത്മകമായ പദം കണ്ടെത്തണം; നമ്മുടെ ചൈതന്യത്തിന്റെ നീരുറവയില്‍നിന്നു കുതിച്ചുപൊങ്ങുന്ന അനന്തങ്ങളായ അര്‍ഥവിശേഷങ്ങളെ ദൈവികമായ ലയാത്മചലനത്തോടു കൂട്ടിയിണക്കണം; അപ്പോള്‍ ഉളവാകുന്ന കവിത അത്യുത്തമമാണ്. അതിനെ അരവിന്ദ്ഘോഷ് മന്ത്രം എന്നു വിളിക്കുന്നു.[3]
|
|
|