വാക്കുകള്‍ കേവലസത്യത്തിലേക്ക്
വാക്കുകള്‍ കേവലസത്യത്തിലേക്ക് | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | ആത്മാവിന്റെ ദര്‍പ്പണം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാത് |
വര്‍ഷം |
1991 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 108 (ആദ്യ പതിപ്പ്) |
ഓസ്റ്റ്രിയയിലെ നാടകകര്‍ത്താവും നോവല്‍ രചയിതാവുമായ പേറ്റര്‍ ഹാന്‍ഡ്കെയുടെ (Peter Handke) Repetition എന്ന മഹനീയമായ നോവലിലെ പ്രധാന കഥാപാത്രമായ ഫിലിപ്പ് കോബല്‍ ഒരു ‘ബാറി’ല്‍ ഇരിക്കുകയായിരുന്നു. അവിടെ മാര്‍ഷല്‍ ടീറ്റോയുടെ ഒരു വലിയ പടമുണ്ട്. എല്ലാ അലങ്കാരങ്ങളും കൂടിയ ‘യൂനിഫോം’ ധരിച്ചിരിക്കുന്നു പ്രസിഡന്റ് ടീറ്റോ. മേശയ്ക്കരികിലേക്കു ചാഞ്ഞ് മുഷ്ടി മേശപ്പുറത്ത് അമര്‍ത്തി അദ്ദേഹം തിളക്കമാര്‍ന്ന കണ്ണുകള്‍ കൊണ്ട് ഫിലിപ്പിനെ നോക്കി. “എനിക്കു നിന്നെ അറിയാം” എന്നു ചിത്രത്തിലെ ടീറ്റോ. പറയുന്നതു ഫിലിപ്പ് ഏതാണ്ടു കേട്ടു. “പക്ഷേ എനിക്ക് എന്നെത്തന്നെ അറിഞ്ഞുകൂടല്ലോ” എന്നു അയാള്‍ക്കു മറുപടി നല്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇതാണ് കാതലായ വാക്യം. “നിന്നെത്തന്നെ നീ അറിയുക” എന്നു മഹാനായ ചിന്തകന്‍ ഉദ്ഘോഷിച്ചെങ്കിലും നമുക്കു നമ്മെ അറിയാമോ? ഒരിക്കലും അറിഞ്ഞുകൂടാ. നമ്മുടെ യത്നങ്ങളെല്ലാം നമ്മെത്തന്നെ അറിയാനാണ്. വിശേഷിച്ചും ഈ കാലയളവില്‍ നമ്മുടെ ആത്മത — ഐഡന്‍റിറ്റി — നഷ്ടപ്പെട്ടിരിക്കുന്നു. നമുക്കു മാത്രമായുള്ള ഗുണങ്ങളുണ്ട്. വിശ്വാസങ്ങളുണ്ട്, ആശയങ്ങളുണ്ട്. ഇവയാണ് നമ്മളെ മറ്റുള്ളവരില്‍ നിന്നു വിഭിന്നരായി നിറുത്തുന്നത്. ഇവയുടെ ആകത്തുകയാണ് ആത്മഥ അല്ലെങ്കില്‍ ഐഡന്‍റിറ്റി. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ കൊണ്ട് അതു നമുക്കു നഷ്ടമായി ഭവിച്ചിരിക്കുന്നു. ആത്മത നഷ്ടപ്പെട്ട ഫിലിപ്പ് അതു വീണ്ടെടുക്കാനായി ഒരു യാത്ര പോകുന്നു. അപ്പോഴാണ് മനുഷ്യന്റെ ഐഡന്‍റിറ്റിയുടെ നാശത്തിന് കാരണമായ രാഷ്ടവ്യവഹാരത്തിന്റെ പ്രതീകം “എനിക്കു നിന്നെ അറിയാം” എന്നു പറയുന്നതും “എനിക്കു എന്നെത്തന്നെ അറിഞ്ഞുകൂടല്ലോ” എന്നു മറുപടി നല്കാന്‍ ഫിലിപ്പ്; ആഗ്രഹിച്ചു പോയതും. ആത്മതയെ അന്വേഷിച്ചുള്ള പ്രയാണത്തിന്റെ കലാത്മകമായ ചിത്രീകരണമാണ് ഹന്‍ഡ്കെയുടെ ഈ നോവല്‍. ഇതു ഉജ്ജ്വലമാണെന്നു മാത്രം പറഞ്ഞാല്‍ മതിയാവില്ല. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ യൂറോപ്യന്‍ സാഹിത്യത്തില്‍ ആവിര്‍ഭവിച്ച മാസ്റ്റര്‍ പീസുകളില്‍ സുപ്രധാനമായ സ്ഥാനമുണ്ട് ഈ നോവലിന്.
1960-ലാണ് ഫിലിപ്പ് ഓസ്റ്റ്രിയയിലെ സ്വന്തം ഗ്രാമത്തില്‍ നിന്നു യാത്ര ആരംഭിക്കുന്നത്. അക്കാലത്ത് അയാള്‍ക്ക് ഇരുപതു വയസ്സു പോലുമില്ല. ലോകമഹായുദ്ധം നടന്ന സമയത്ത് യൂഗോസ്ലാവിയായിലെ സൊള്‍വേനിയ പ്രദേശത്തു വച്ച് അപ്രത്യക്ഷനായ സഹോദരന്‍ ഗ്രിഗറിനെക്കുറിച്ച് ലഭിക്കാവുന്ന അറിവുകള്‍ക്കു വേണ്ടിയാണ് ഫിലിപ്പിന്റെ യാത്ര. വെറൊരു ഉദ്ദേശ്യവുമുണ്ട് അയാള്‍ക്ക്. സൊള്‍വേനിയയില്‍ 1713-ല്‍ ഒരു കര്‍ഷക വിപ്ളവമുണ്ടായി. അതിന്റെ നേതാവായ ഗ്രിഗര്‍ കോബലിനെ ചക്രവര്‍ത്തി വധിച്ചതിനു ശേഷം അയാളുടെ ബന്ധുക്കളെ അവിടെ നിന്നു ബഹിഷ്കരിച്ചു. തന്റെ പൂര്‍വികനെക്കുറിച്ചു കാര്യങ്ങള്‍ ഗ്രഹിക്കാനും ഫിലിപ്പിനു കൗതുകമുണ്ട്. അങ്ങനെ തന്റെയും സഹോദരന്റെയും പൂര്‍വ കുടുംബത്തിന്റെയും ആത്മാവറിയാന്‍ വേണ്ടിയുള്ള യാത്രയാണ് അയാളുടേത്.
ആ യാത്ര കഥയായി ആവിഷ്കരിക്കപ്പെടുന്നു. യാത്ര കഴിഞ്ഞ ഉടനെയല്ല അതിന്റെ ആഖ്യാനം. ഇരുപത്തിയഞ്ചു സംവത്സരങ്ങള്‍ കഴിഞ്ഞ് താന്‍ മധ്യവയസ്കനായപ്പോഴാണ് ഫിലിപ്പ് അതിലേക്കു വേണ്ടി തൂലികയെടുത്തത്. “കഥയുടെ നേത്രമേ, എന്നെ പ്രതിഫലിപ്പിക്കൂ, നീ മാത്രമേ, എന്നെ അറിയുന്നുള്ളു. അന്തരീക്ഷത്തിന്റെ നീലിമേ, എന്റെ ആഖ്യാനം കൊണ്ടു സമതലത്തിലേക്ക് അവരോഹണം ചെയ്യൂ. ആഖ്യാനമേ, സഹതാപത്തിന്റെ സംഗീതമേ ഞങ്ങളോടു ക്ഷമിക്കൂ. കഥയേ, അക്ഷരങ്ങള്‍ക്കു പ്രകമ്പനം നല്‍കൂ... എന്റെ ആഖ്യാനം ദീര്‍ഘകാലം ജീവിച്ചിരിക്കട്ടെ. അതു മുന്നോട്ടു പോയേ തീരു. എന്റെ ആഖ്യാന സൂര്യന്‍ ഒന്‍പതാമത്തെ രാജ്യത്തിന്റെ മുകളില്‍ എന്നെന്നും നില്‍ക്കട്ടെ. കഥ പറയുന്നവനേ രൂപം കെട്ട കുടിലില്‍ തദ്ദേശ ബോധത്തോടെ നിശബ്ദനായി ഇരുന്നു കൊള്ളൂ വേണമെങ്കില്‍. ശതാബ്ദങ്ങളിലൂടെ നിശബ്ദനായി ഇരുന്ന്, ബാഹ്യ ലോകത്തേക്കു ശ്രദ്ധിച്ചതു കൊണ്ട് ആത്മാവില്‍ ആമജ്ജനം ചെയ്തു കൊണ്ട് ഇരിക്കു അതാണിഷ്ടമെങ്കില്‍.” എങ്കിലും “എന്നിട്ട്, പിന്നീട്” എന്നു കഥ തുടങ്ങും. ആഖ്യാനത്തിന്റെ, കഥ പറയുന്നതിന്റെ സ്വഭാവത്തെ വ്യക്തമാക്കിക്കൊണ്ട് പേറ്റര്‍ ഹന്‍ഡ്കേ അങ്ങനെയാണ് നോവല്‍ അവസാനിപ്പിക്കുന്നത്. ആഖ്യാനമെന്നാല്‍ വാക്യങ്ങളുടെ ഘടനയാണ്. വാക്യങ്ങള്‍ പദവിന്യാസ ക്രമവും. പദവിന്യാസ ക്രമം സത്യം പ്രതിഫലിപ്പിക്കുന്നു എന്ന തത്വത്തില്‍ ഹന്‍ഡ്കേ വിശ്വസിക്കുന്നു. ദാര്‍ശനികനായ വിറ്റ്ഗര്‍ ഷ്ടൈനും ആ വിശ്വാസമാണുള്ളത്. പ്രാപഞ്ചിക സംഭവങ്ങളെ വിവിധങ്ങളായ വീക്ഷണ പഥങ്ങളില്‍ നിന്നു ഭാഷയിലൂടെ നോക്കിയാല്‍ കേവല സത്യത്തില്‍ എത്താമെന്നും വിറ്റ്ഗര്‍ ഷ്ടൈന് അഭിപ്രായമുണ്ടായിരുന്നു. പദങ്ങള്‍ കൊണ്ടു കേവല സത്യത്തില്‍ എത്തുകയാണ് ഹന്‍ഡ്കേ. അതോടെ അദ്ദേഹത്തിന്റെ കഥാപാത്രം ആത്മത എന്താണെന്ന് അറിയുന്നു.
“ബേബല്‍ ഗോപുരം യഥാര്‍ത്ഥത്തില്‍ നിര്‍മ്മിക്കപ്പെട്ടില്ലേ. രഹസ്യമായിട്ടെങ്കിലും? അത് എന്തായാലും സ്വര്‍ഗ്ഗം വരെ ചെന്നതുമില്ലേ?” എന്നാണ് ഹന്‍ഡ്കേയുടെ കഥാപാത്രം ചോദിക്കുക. ഒരു ഭാഷ സംസാരിച്ചിരുന്നവര്‍ സ്വര്‍ഗ്ഗത്തെത്താന്‍ ഗോപുരം നിര്‍മ്മിച്ചപ്പോള്‍ ഭാഷയ്ക്കു ദുര്‍ഗ്രഹത വരുത്തി ആ യത്നത്തെ പരാജയപ്പെടുത്തി ഈശ്വരന്‍. പക്ഷേ നമ്മുടെ സമകാലികരില്‍ പ്രതിഭയുള്ളവര്‍ ഭാഷയിലൂടെ സ്വര്‍ഗ്ഗത്ത് കേവല സത്യത്തില്‍ എത്തും എന്നാണ് ഹന്‍ഡ്കേയുടെ മതം. ഈ മതത്തെ സാധൂകരിക്കാന്‍ ഹന്‍ഡ്കേ തന്റെ കഥാപാത്രത്തെ നിയത മാനസിക നിലയുള്ളവനാക്കി അവതരിപ്പിച്ചിട്ട് അനിയത സ്വഭാവമുള്ള പരിതഃസ്ഥിതികളിലൂടെ സഞ്ചരിപ്പിക്കുന്നു; പ്രവര്‍ത്തിപ്പിക്കുന്നു. അതു കാണുമ്പോള്‍ നമുക്കുണ്ടാകുന്ന ആഹ്ലാദം നിസ്തുലമെന്നേ പറയാനാവൂ.
യൂഗോസ്ലാവിയ എന്ന അന്യരാജ്യത്ത് ആദ്യത്തെ രാത്രി. ഇരുപതു വയസുള്ള യുവാവ് ഹോട്ടലില്‍ പോയില്ല. താന്‍ കണ്ട ഒരു റെയില്‍വേ തുരങ്കത്തിനകത്തുള്ള ഹ്രസ്വകാല താമസം ഉന്മാദമാര്‍ന്ന ആശയമാണെന്ന് അയാള്‍ക്കു തോന്നിയില്ല. അവിടെ ഇരുട്ടത്തിരുന്ന് ഒരു കഷണം റൊട്ടിയും ഒരു ആപ്ളും അയാള്‍ കഴിച്ചു. കുറ്റബോധം; കുടുംബത്തെ പ്രയാസപ്പെടുത്തി എന്നതു കൊണ്ടല്ല; ആ തുരങ്കത്തില്‍ ഏകാന്തത അനുഭവിച്ച് ഇരുന്നല്ലോ എന്നതുകൊണ്ട്. അവിടെ കഴിഞ്ഞു കൂടിയ ഫിലിപ്പിന് ഒരു വാക്യമെങ്കിലും രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചില്ല. ആഖ്യാനം എത്ര രോഗാര്‍ത്തം! ദീര്‍ഘ സമയത്തിനു ശേഷം രണ്ടു വാക്യങ്ങള്‍ക്ക് അയാള്‍ രൂപം നല്‍കി. അതോടെ ഫിലിപ്പിന്റെ പിരിമുറുക്കത്തിന് അയവു വന്നു. തുരങ്കത്തിലെ താമസം മതിയാക്കി അയാള്‍ യൂഗോസ്ലാവിയയിലെ ജീവിതത്തില്‍ മുഴുകി. തന്റെ യാത്രയും കഥയും കെട്ടുകഥ പോലെ തോന്നി ഫിലിപ്പിന്. ആ തോന്നലിന് സാന്ദ്രതയുണ്ടായത് അയാള്‍ കൂടെക്കൊണ്ടുവന്ന രണ്ടു പുസ്തകങ്ങള്‍ നോക്കിയപ്പോഴാണ്. രണ്ടു പുസ്തകങ്ങളും അപ്രത്യക്ഷനായ ചേട്ടന്റേതാണ്. ഒന്നു പഴവര്‍ഗ്ഗങ്ങളെ കുറിച്ചുള്ള ഗവേഷണത്തിന്റേതാണ്. രണ്ടാമത്തേത് സൊള്‍വേനിയന്‍ — ജര്‍മ്മന്‍ നിഘണ്ടു. അതില്‍ പല വാക്കുകളും സഹോദരന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ആ വാക്കുകള്‍ ഒരത്ഭുതാവഹമായ ലോകം ഫിലിപ്പിനു തുറന്നു കൊടുത്തു. അയാള്‍ക്കു പുതിയ ദര്‍ശനങ്ങള്‍ ഉണ്ടായി. Seen as a collection of one-word fairy tales, the dictionary did the same thing for me: it gave me images of the world, even when, as in the case of strawberries strung on their blade of grass, I had not actually experienced them. Around every world I came across in my rumination a world took shape...” (Page 149). ഒരു ഫസാഡില്‍ (facade) തന്റെ സഹോദരന്റെ പേര് അയാള്‍ തന്നെ എഴുതിയത് ഫിലിപ്പ് കണ്ടു. മനോഹരമായ കൈയക്ഷരം. യാത്രയുടെ പരകോടി. ഫിലിപ്പ് തിരിച്ച് നാട്ടിലേക്കു പോന്നു. തന്നെ ലോകത്തേക്കു കൊണ്ടു വന്ന അമ്മയെ അയാള്‍ പലപ്പോഴും കുറ്റം പറഞ്ഞിട്ടുണ്ട്. തിരിച്ചെത്തിയപ്പോള്‍ ആ മാനസിക നിലയല്ല അയാള്‍ക്ക് അച്ഛനമ്മമാരോടു സ്നേഹം. തനിക്കു ജന്‍മം നല്‍കിയ അവരോടു നന്ദി. കഥകള്‍ വീണ്ടും കണ്ടുപിടിക്കലുകളാണ്. അവ ആവര്‍ത്തിച്ചു വരുന്നു. സ്വയം നവീകരിക്കുന്നു.
മുന്‍പ് സ്ഫുടീകരിച്ച ഒരാശയം വീണ്ടും ആവിഷ്കരിച്ചു കൊള്ളട്ടെ. കഥകള്‍ പദങ്ങളാണ്. പദങ്ങള്‍ അത്ഭുത പ്രപഞ്ചങ്ങള്‍ തുറക്കുന്നു. അവ ബേബല്‍ ഗോപുരം പോലെ സ്വര്‍ഗ്ഗാഭിമുഖമായി ഉയരുന്നു. ആ ഗോപുരം നിര്‍മ്മിച്ച ഹന്‍ഡ്കേ കേവലസത്യം — സ്വര്‍ഗ്ഗം — സാക്ഷാത്കരിക്കുന്നു. സാഹിത്യ ജീവിതത്തിന്റെ പ്രാരംഭ കാലത്ത് അദ്ദേഹം പ്രതിഷേധം മാത്രമേ പ്രകടിപ്പിച്ചിരുന്നുള്ളു. ക്രമേണ ആ മാനസിക നില മാറി അദ്ദേഹത്തിന്. Repetition എന്ന നോവലെഴുതിയ ഹന്‍ഡ്കേ ഇന്ന് ആധ്യാത്മികത്വത്തിന്റെ അന്വേഷകനാണ്. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം പ്രവാചകനായി അംഗീകരിക്കപ്പെടും.
ഹന്‍ഡ്കേയുടെ ഈ നോവല്‍ വെറും വര്‍ണ്ണനമല്ല. സാമൂഹിക സത്യങ്ങള്‍ക്ക് നല്‍കുന്ന വ്യാഖ്യാനമല്ല. കവിതയിലൂടെ ലോകത്തെ നവീകരിക്കുകയും വീണ്ടും സൃഷ്ടിക്കുകയും ചെയ്യുന്നവനാണ് പ്രതിഭാശാലി. സമുന്നതമായ ആ പ്രതിഭ കൊണ്ട് വാക്കുകളിലൂടെ കേവല സത്യത്തെ സാക്ഷാത്കരിക്കുന്ന മഹാദ്ഭുതം കാണാന്‍ കൗതുകമുള്ളവര്‍ Repetition — ആവര്‍ത്തനം — എന്ന നോവല്‍ വായിക്കണം. വീണ്ടും വീണ്ടും വായിക്കണം (Repetition, Translated by Ralph Manheim, Methueun).
|