close
Sayahna Sayahna
Search

ശൂന്യതയുടെ ദീപ്‌തി


ശൂന്യതയുടെ ദീപ്‌തി
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ശ്രീരാമകൃഷ്ണപരമഹംസനെ ”എക്സിസ്റ്റെന്‍ഷ്യല്‍ ഔട്ട് സൈഡറാ”യി (existential outsider) കാണുന്ന ബ്രിട്ടീഷ് എഴുത്തുകാരനാണു് കോളിന്‍ വിത്സന്‍. അദ്ദേഹത്തിന്റെ “The Outsider” എന്ന ഗ്രന്ഥത്തിലാണു് ഈ അസംബന്ധം എഴുന്നള്ളിച്ചിട്ടുള്ളതു്. ജീവിതം വ്യര്‍ത്ഥമാണെന്നും സമുദായത്തിന്റെ സവിശേഷമായ ഘടന ഭയജനകമായ ഈ സത്യം മറച്ചുവെച്ചിരിക്കുകയാണെന്നും കണ്ടുപിടിക്കുന്നവനെ വില്‍സന്‍ “ഔട്ട് സൈഡര്‍” എന്നു വിളിക്കുന്നു. മിസ്റ്റിക്കുകളില്‍ മിസ്റ്റിക്കായ ശ്രീരാമകൃഷ്ണനെയാണു്, ക്രിസ്തുവിനെയും മുഹമ്മദിനെയും ആരാധിച്ച് മിസ്റ്റിസിസത്തിന്റെ അനുഭൂതികള്‍ക്കു വിധേയനായ ശ്രീരാമകൃഷ്ണനെയാണു് ഈ ബ്രിട്ടീഷ് എഴുത്തുകാരന്‍

“അന്യനാ”യി (Outsider)ദര്‍ശിക്കുന്നതു്. 1956-ലായിരുന്നു ഈ ഗ്രന്ഥത്തിന്റെ ആവിര്‍ഭാവം. കോളിന്‍ വിത്സന് അന്നു വയസ്സ് ഇരുപത്തിയഞ്ചുമാത്രം. പതിനാറു വയസ്സില്‍ സ്ക്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച ഒരു ചെറുപ്പക്കാരന്റെ നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതിയെ പുതുമയ്ക്കുവേണ്ടി കൊതിച്ചിരുന്ന യുവാക്കന്മാർ സ്വാഗതം ചെയ്തതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ശ്രീരാമകൃഷ്ണനെപ്പോലും “ഔട്ട് സൈഡറാ”ക്കിയ ഈ ഗ്രന്ഥകാരന്‍ ബ്ലേക്കിനെയും ടോള്‍സ്റ്റോയിയേയും ദസ്തെയെവ്സ്കിയെയും “അന്യന്‍മാ”രാക്കാതെ വിട്ടുകളഞ്ഞാലേ നമ്മള്‍ വിസ്മയിക്കേണ്ടതുള്ളു. വിത്സന്‍ അവരെയും ഉപേക്ഷിച്ചിട്ടില്ല. കേരളത്തിലുള്ള ചില നിരൂപകന്മാരും ഇതുപോലെ തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടു്. അവരുടെ ദൃഷ്ടിയില്‍ എഴുത്തച്ഛന്‍ പോലും “ഔട്ട് സൈഡറാ”ണ്. കോളിന്‍ വിത്സന്റെ ഗ്രന്ഥം കൊട്ടുവടിയാക്കിവച്ചുകൊണ്ട് അവര്‍ ഇടപ്പള്ളി രാഘവന്‍ പിള്ളയെയും ചങ്ങമ്പുഴയേയും മറ്റും അതുകൊണ്ടുതന്നെ തലയ്ക്കടിക്കുന്നു. അവര്‍ താഴെവീണു കിടന്നുപിടയ്ക്കുന്നു. ഇമ്മട്ടിലുള്ള മറിമായങ്ങള്‍ ലോകമാകെ നടക്കുന്നുണ്ടെങ്കിലും “ഔട്ട് സൈഡര്‍” എന്ന സങ്കല്പത്തെയും അത് ആശ്രയസ്ഥാനമാക്കിയിട്ടുള്ള എക്സിസ്റ്റെന്‍ഷ്യലിസത്തെയും അവലംബിച്ചുകൊണ്ടു ചേതോഹരങ്ങളായ കൃതികള്‍ ഉണ്ടായിട്ടുണ്ടു്. ഉണ്ടാകുകയും ചെയ്യുന്നു,

എക്സിസ്റ്റെന്‍ഷ്യലിസത്തില്‍നിന്നു ജനനംകൊണ്ട ഒരു പ്രധാനപ്പെട്ട ആശയമാണു് “അബ്സേഡിസം”. പരിതഃസ്ഥിതികളുമായി ഒരിക്കലും യോജിക്കാന്‍ കഴിയാത്ത മനുഷ്യനു് ജീവിതത്തിന്റെ ലക്ഷ്യമില്ലായ്മയെക്കുറിച്ച് ആത്മധര്‍മ്മവിഷയകമായ വേദന (metaphsyical anguish) ഉണ്ടാകുന്നു. ഇതാണു് അബ്സേഡിസത്തിന്റെ പ്രധാന ഘടകം. ഇതിനെ അവലംബിച്ചാണു് സാമുവല്‍ ബക്കറ്റും ഷാങ്ഷെനയും യനസ്കോയും നാടകങ്ങള്‍ രചിച്ചിട്ടുള്ളതു്. അമ്മട്ടില്‍ രൂപം കൊണ്ട ഭംഗിയാര്‍ന്ന ഒരു നാടകത്തെക്കുറിച്ചാണു് ഞാന്‍ വായനക്കാരോടു പറയുന്നതു്. യനസ്കോയുടെ “The New Tenant” — “പുതിയ താമസക്കാരന്‍.” യവനിക ഉയരുമ്പോള്‍ ഒഴിഞ്ഞ മുറിയാണു് പ്രേക്ഷകന്‍ കാണുന്നതു്. വീടുസൂക്ഷിപ്പുകാരി ആദ്യമായും പുതിയ താമസക്കാരന്‍ രണ്ടാമതായും പ്രവേശിക്കുന്നു. വിശേഷിച്ചൊരര്‍ത്ഥവും കൂടാതെ അതുമിതും പറയുകയാണു് വീടുസൂക്ഷിപ്പുകാരി. “സര്‍, തീര്‍ച്ചയായും നിങ്ങള്‍ വീട്ടിലെത്തിയിരിക്കുകയാണു്, അല്ലേ? കഴിഞ്ഞയാഴ്ച ഇതു നിങ്ങളുടെ വീടായിരുന്നില്ല — എപ്പോഴും മാറ്റമുണ്ട് — ഇതു് അവരുടെ വീടായിരുന്നു — ശരി വേറെ മാര്‍ഗ്ഗമില്ല — നിങ്ങള്‍ക്കു പ്രായം കൂടിക്കൂടി വന്നേ പറ്റൂ — വയസ്സിന്റെ പ്രശ്നം മാത്രമാണത് — ഇപ്പോള്‍ ഇതു നിങ്ങളുടെ വീട് — ” ഇമ്മട്ടിലാണു് അവളുടെ സംസാരം. അവരങ്ങനെ സംഭാഷണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കൂലിക്കാരന്‍ രണ്ടു ചെറിയ സ്റ്റൂളുമായി കടന്നുവന്നു് “ഇവ എവിടെയാണു് ഇടേണ്ടതു്?” എന്നു ചോദിച്ചു. താമസക്കാരന്റെ നിര്‍ദ്ദേശമനുസരിച്ചു് വാതിലിനു് ഇടത്തും വലത്തുമായി അയാള്‍ സ്റ്റൂളുകള്‍ വച്ചു. കൂലിക്കാരന്‍ വച്ച സ്റ്റൂളുകളെ പരസ്പരം മാറ്റിയിട്ടിട്ട് അതിനു ഭംഗിയുണ്ടോ എന്നു പരിശോധിച്ചു താമസക്കാരന്‍. വിശേഷിച്ചൊരു ഫലവും അതുകൊണ്ടുണ്ടാകാനില്ലെന്നു കണ്ടപ്പോള്‍ അയാള്‍ അവയെ പഴയ മട്ടില്‍ത്തന്നെയിട്ടു. അതുകഴിഞ്ഞ് കൂലിക്കാരന്‍ കൊണ്ടുവന്ന ഒരു പാത്രം അയാള്‍ ചൂണ്ടിക്കാണിച്ചു കൊടുത്ത സ്ഥലത്തുവച്ചു. അപ്പോഴേക്കും രണ്ടാമത്തെ കൂലിക്കാരന്‍ എത്തി. രണ്ടു കൂലിക്കാരന്മാരും ചേര്‍ന്നു് ഒഴിഞ്ഞ ഒരു പാത്രം താങ്ങിപ്പിടിച്ചു കൊണ്ടുവന്നു. ഒട്ടും ഭാരമില്ലാത്തതാണ് അതെങ്കിലും വലിയ ഭാരമുള്ള ഏതോ വസ്തു ചുമക്കുന്ന മട്ടിലാണു് അവര്‍ അതു എടുത്തുകൊണ്ടുവന്നത്. അവര്‍ അതു താഴെ വച്ചിട്ട് നിവര്‍ന്നുനിന്നു് ദീര്‍ഘശ്വാസം പൊഴിച്ചു. കൈയും മുതുകും തിരുമ്മി.തൊപ്പിയെടുത്ത് നെറ്റിയിലെ വിയര്‍പ്പു തുടച്ചു. മഹാഭാരമാര്‍ന്ന മരസ്സാമാനങ്ങള്‍ അനായാസമായി അവര്‍ മുറിയിലേക്കു കൊണ്ടുവരും. ഭാരമില്ലാത്തവ കൊണ്ടു വരുമ്പോള്‍ അവര്‍ വേച്ചുവേച്ച് നടക്കുന്നതു കാണാം.

സൂട്ട്കേസ്, മേശ ഇവ മുറിയില്‍ കൊണ്ടുവച്ചു കൂലിക്കാര്‍. അതിനുശേഷം വേറൊരു മേശ. പിന്നീടു് അനേകം മേശകള്‍, കസേരകള്‍, സ്ക്രീനുകള്‍, മേശവിളക്കുകള്‍, പുസ്തകങ്ങള്‍ ഇവയെല്ലാം വന്നുചേര്‍ന്നു. കൂലിക്കാര്‍ ഒരേണി കൊണ്ടുവന്നു ചുവരില്‍ ചാരിവച്ചിട്ട് പടങ്ങള്‍ എടുത്തു കൊണ്ടുവരികയായി. ഏണിയില്‍ കയറിനിന്നു അവര്‍ ചുവരില്‍ പടങ്ങള്‍ തൂക്കി. ഇനിയാണു് ഏറ്റവും ഭാരം കൂടിയ മരസ്സാമാനങ്ങള്‍ വരുന്നതു്. ആദ്യമായി സൈഡ്ബോര്‍ഡ് “എവിടെവയ്ക്കണം?” എന്നു കൂലിക്കാരന്റെ ചോദ്യം. ‘അതാ അവിടെത്തന്നെ” എന്നു് താമസക്കാരന്റെ ഉത്തരം. ജനല്‍ മറഞ്ഞ് ‘വെളിച്ചം തടയുകയില്ലേ” എന്ന കൂലിക്കാരന്റെ വീണ്ടുമുള്ള ചോദ്യം. ഇലക്ട്രിക് ലൈറ്റ് ഉള്ളതുകൊണ്ട് സാരമില്ല എന്നു് അയാളുടെ സമാധാനം. ഇതിനുശേഷം കൈയുള്ള കസേരകള്‍ എത്തി. നാലു വാര്‍ഡ്‌റോബുകള്‍ തിക്കി ഞെരുക്കി അകത്തിട്ടു. ഇങ്ങനെ മരസ്സാമാനങ്ങള്‍ ഒഴുകുകയാണു് മുറിയുടെ ഉള്ളിലേക്ക്. ഓരോന്നു കൊണ്ടുവരുമ്പോഴും “അവിടെ... അവിടെ... അവിടെ... അവിടെ” എന്നു് താമസക്കാരന്‍ നിര്‍ദ്ദേശങ്ങള്‍ നല്കും. ഒടുവില്‍ കൊണ്ടുവരുന്നതു് പ്രവര്‍ത്തിക്കാത്ത റേഡിയോയാണു്. അതും അവിടെവച്ചു. താമസക്കാരന്‍ കൈയുള്ള കസേരയില്‍ കയറിയിരിപ്പായി. അയാള്‍ തൊപ്പി തലയില്‍വച്ചിട്ടുണ്ട്. പ്രേക്ഷകരെ നോക്കിയിരിക്കുന്ന അയാളോടു് തട്ടികളാല്‍ മറഞ്ഞ കൂലിക്കാരന്മാര്‍ “നിങ്ങള്‍ക്ക് ഇപ്പോള്‍ സുഖസൗകര്യങ്ങളുണ്ടോ” എന്നു ചോദിക്കുകയാണു്. “വീട്ടിലെത്തിയ സുഖ”മെന്നു് അയാളുടെ പ്രത്യുക്തി. ഇനിയും മരസ്സാമാനങ്ങള്‍ പുറത്തുണ്ടു്. പക്ഷേ വാതിലിനെക്കാള്‍ ഉയരവും വീതിയും കൂടിയ അവ അകത്തേക്ക് കൊണ്ടുവരാന്‍ വയ്യ. അകത്താണെങ്കില്‍ സ്ഥലവുമില്ല. കോണിപ്പടികള്‍ നിറഞ്ഞിരിക്കുകയാണു് മരസ്സാമാനങ്ങള്‍കൊണ്ട്. ആര്‍ക്കും മുകളിലേക്കു കയറാന്‍ വയ്യ. താഴോട്ടു പോരാനും വയ്യ. മാത്രമല്ല മുറ്റം നിറയെ ഫര്‍ണിച്ചര്‍. റോഡിലും അങ്ങനെത്തന്നെ. പട്ടണത്തിലെ ‘ട്രാഫിക്’ മരസ്സാമാനങ്ങളുടെ ആധിക്യം കൊണ്ട് തടസ്സപ്പെട്ടുപോയി. ഭൂമിക്കടിയിലുള്ള പാതകളിലും ഫര്‍ണിച്ചര്‍, നദി ഒഴുകുന്നില്ല. അതു നിറയെ മരസ്സാമാനങ്ങള്‍. നദിയുടെ പ്രവാഹം നിലച്ചതുകൊണ്ട് ആളുകള്‍ക്ക് വെള്ളവും കിട്ടുന്നില്ല. “നിങ്ങള്‍ക്ക് എല്ലാ വിധത്തിലും സൗകര്യമുണ്ടോ എന്നു് കൂലിക്കാരന്റെ ചോദ്യം വീണ്ടും ഉയര്‍ന്നു. ഫര്‍ണിച്ചറിന്റെ നടുക്കിരുന്നുകൊണ്ട് താമസക്കാരന്‍ മറുപടി നല്കി. “എനിക്കു പരമസുഖം” കൂലിക്കാര്‍ക്കു് അവിടെനിന്നു് രക്ഷപ്പെടണം. പ്രകാശമില്ല. അവര്‍ തപ്പിയും തടഞ്ഞും നീങ്ങി. എങ്ങോട്ടാണ് അവര്‍ പോകുന്നതെന്നു് ഈശ്വരനു മാത്രമെ അറിയാവൂ. നാടകം അവസാനിക്കുന്നു. രണ്ടാമത്തെ കൂലിക്കാരന്‍: — ഇനി നിങ്ങള്‍ക്ക് വേറെ എന്തെങ്കിലും വേണോ? താമസക്കാരന്റെ ശബ്ദം:(കുറെ നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം വേദിയില്‍ ഒരു ചലനംപോലുമില്ല) വിളക്ക് കെടുത്തിയേക്കൂ. (പൂര്‍ണ്ണമായ അന്ധകാരം) നിങ്ങള്‍ക്കു നന്ദി.

ഫ്രഞ്ച് നിയോ തോമിസ്റ്റ് തത്ത്വചിന്തകന്‍ ഷക്ക്മാറീതാങ് (Jacques Maritain 1882-1973) എഴുതിയ Creative Intuition in Art and Poetry എന്ന ഗ്രന്ഥത്തില്‍ ‘ശൂന്യതയുടെ അന്ധമായ ദീപ്തി’ (The blind glitter of nothingness-passage 189) എന്നൊരു പ്രയോഗം കാണുന്നു. മാറീതാങ് വ്യക്തമാക്കിത്തരുന്ന ശൂന്യതയ്ക്കും യനസ്കോ പറയുന്ന ശൂന്യതയ്ക്കും തമ്മില്‍ വ്യത്യാസമുണ്ട്. എങ്കിലും ഈ നാടക കര്‍ത്താവിന്റെ നാടകം ശൂന്യതയുടെ കലാപരമായ തിളക്കമാണെന്നതില്‍ സംശയമില്ല. എന്തു ശൂന്യത? ജീവിതം സംജ്ഞാരഹിതമാണ് (Anonymous) ഓരോ വ്യക്തിക്കും. ഏകാന്തതയുടെ ദുഃഖം ചേര്‍ന്ന ഒരസ്തിത്വമാണു് ഓരോ വ്യക്തിക്കുമുള്ളതു്. എല്ലാം നഷ്ടമായി എന്നൊരു തോന്നല്‍. അടുത്തിരിക്കുന്ന സ്നേഹിതന്മാരേയോ ബന്ധുക്കളേയോ നാമറിയുന്നില്ല. കാറല്‍ യാസ്പേഴ്സ് (Karl Jaspers 1883-1969) എന്ന ജര്‍മ്മന്‍ ദാര്‍ശനികന്‍ പറയുന്ന ശൂന്യതയുടെ പേരില്ലാത്ത ശക്തിവിശേഷങ്ങള്‍ — the nameless powers of Nothingness — മനുഷ്യനെ ആക്രമിച്ചു തളര്‍ത്തുന്നു. അപ്പോള്‍ നീച്ചേയോടൊപ്പം “ഈശ്വരന്‍ മരിച്ചു” എന്നു് ഈ ശതാബ്ദത്തിലെ മനുഷ്യന്‍ പ്രഖ്യാപിക്കുന്നു. The desert is in the heart of your brother എന്നു് ടി.എസ്.എല്യറ്റ് പറയുന്നില്ലേ? ആ മണല്‍ക്കാട് അല്ലെങ്കില്‍ ആ ശൂന്യത തന്നെയാണു് യനസ്കോ ഈ നാടകത്തില്‍ ആവിഷ്കരിക്കുന്നതു്. നാടകത്തിലെ ശൂന്യമായ മുറി ഈ ലോകത്തിന്റെ, ഈ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള ശൂന്യതയെ കാണിക്കുന്നു. ആ ശൂന്യത കണ്ടാല്‍ മനുഷ്യനു പേടിയാണു്. ഫ്രഞ്ച് തത്വചിന്തകന്‍ ബ്ലേസ് പസ്കൽ (Blaise Pascal 1623-1662) ല്‍ ‘അനന്തങ്ങളായ ഈ ശൂന്യാകാശങ്ങളുടെ ശാശ്വതമായ നിശ്ശബ്ദത എന്നെ പേടിപ്പിക്കുന്നു’ എന്നു പറഞ്ഞു. ഇന്നു് ആ പേടി വളരെ കൂടിയിരിക്കുന്നു. ശാസ്ത്രം പുരോഗമിച്ചപ്പോള്‍ ഭയം വര്‍ദ്ധിച്ചു. മുമ്പെങ്ങുമുണ്ടാകാത്ത ഒരു അരക്ഷിതാവസ്ഥ ഉണ്ടായിരിക്കുന്നു. ഈ ശൂന്യതയില്‍ നിന്നു് രക്ഷ പ്രാപിക്കാനായി മനുഷ്യന്‍ ഭൗതിക വസ്തുക്കള്‍ ചുറ്റുംകൊണ്ടുവയ്ക്കുന്നു. ശൂന്യതയെ അത്തരം വസ്തുക്കളും വസ്തുതകളും കൊണ്ടു നിറയ്ക്കാന്‍ ശ്രമിയ്ക്കുന്നു എന്നു പറയാം.മറ്റു മനുഷ്യരില്‍ നിന്നു രക്ഷ നേടാന്‍ കൂടിയാണു് നാടകത്തിലെ താമസക്കാരന്‍ എന്ന കഥാപാത്രം തനിക്കു ചുറ്റും ഫര്‍ണിച്ചര്‍ കൊണ്ടു വയ്ക്കുന്നത്. പ്രകാശവും അയാള്‍ക്കു വേണ്ട. മരസ്സാമാനം കൊണ്ട് അയാള്‍ ജനല്‍ മറച്ചുവയ്ക്കുന്നു. ശബ്ദവും കേള്‍ക്കേണ്ടതില്ല. പ്രവര്‍ത്തിക്കാത്ത റേഡിയോ തൊട്ടടുത്തിരിക്കുമ്പോള്‍ അയാള്‍ക്കു സംതൃപ്തി. ആധ്യാത്മികത്വത്തിന്റെ ശൂന്യതയാണത്. അതില്‍ കയറിയിരുന്ന് ഭൗതിക വസ്തുക്കളുടെ സാമീപ്യംകൊണ്ടു ശ്വാസം മുട്ടുമ്പോള്‍ അയാള്‍ക്കു പ്രകാശവും വേണ്ട. വിളക്കണയ്ക്കാന്‍ അയാള്‍ നിര്‍ദ്ദേശം നല്‍കുന്നു കൂലിക്കാര്‍ക്കു്. ഇത് ഒരു തരത്തിലുള്ള അമാനവീകരണ പ്രവര്‍ത്തനമാണു് — dehumanizing process. ആ മുറിയില്‍ മാത്രം അത് ഒതുങ്ങിനില്ക്കുന്നില്ലെന്നും നമ്മള്‍ മനസ്സിലാക്കണം. മുറ്റത്തും തെരുവുകളിലും നദിയിലും ഫര്‍ണിച്ചര്‍ എന്നു യനസ്കോ പറയുമ്പോള്‍ ലോകത്തെമ്പാടും അമാനവീകരണ പ്രവര്‍ത്തനം നടക്കുന്നുവെന്നാണു് സൂചന. ശൂന്യതയെ, അധിദൈവികമായ ശൂന്യതയെ — ഭൗതിക വസ്തുക്കള്‍ കൊണ്ട് നിറച്ച് അതിനെ ഇല്ലാതാക്കാന്‍ മനുഷ്യന്‍ വിഫലയത്നം നടത്തുന്നു എന്നാണു് ഈ നാടകക്കാരന്‍ ഉദ്ഘോഷിക്കുന്നതു്. ശൂന്യത എന്ന എക്സിസ്റ്റെന്‍ഷ്യല്‍ അനുഭവത്തെ കലാത്മകമായി സ്ഫുടീകരിക്കുന്ന നാടകമാണു് ഇത്. സര്‍വസാധാരണങ്ങളായ എക്സിസ്റ്റെന്‍ഷ്യല്‍ നാടകങ്ങളില്‍ കാണുന്ന നിഷേധാത്മകത്വവും മൂല്യനിരാസവും യനസ്കോയുടെ കൃതിയില്‍ ഉണ്ടെന്നു് എനിക്ക് തോന്നുന്നില്ല.

ഭൗതിക വസ്തുക്കള്‍ കൊണ്ട് അധിദൈവികമായ ശൂന്യതയെ നിറയ്ക്കുകയെന്നു പറഞ്ഞാല്‍ ഭൗതികത്വത്തെ മനുഷ്യന്‍ ആദരിക്കുന്നു എന്നാണല്ലോ അര്‍ത്ഥം. പ്രധാന കഥാപാത്രത്തെ ഇരുട്ടില്‍ ഇരുത്തി അതുതന്നെ സുഖപ്രദം എന്ന് അയാളെക്കൊണ്ട് ഉദീരനം ചെയ്യിക്കുന്ന യനസ്കോ ഭൗതികത്വത്തിന് ആഘാതമേല്പിക്കുകയാണു്.

ഇത് നന്മ; ഇതു തിന്മ എന്നു നമ്മള്‍ ഉദ്ഘോഷിക്കുന്നതിനു ഹേതുവെന്താണു്? ആസ്റ്റ്രോ–ഹംഗേറിയന്‍ സോഷ്യോളജിസ്റ്റ് കാറല്‍ മന്‍ഹീം (Karl Mannheim 1893-1947) അതു വിശദമാക്കിയിട്ടുണ്ടു്. ചില അടിസ്ഥാനപരങ്ങളായ അനുഭവങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഉണ്ടെന്നാണു് മന്‍ഹീമിന്റെ വാദം. അവയെ അദ്ദേഹം paradigmatic experiences എന്നു വിളിക്കുന്നു. ഇത്തരം അനുഭവങ്ങള്‍ക്കു ക്ഷണികങ്ങളായ മറ്റനുഭവങ്ങളെക്കാള്‍ പ്രാധാന്യമുണ്ടു്. മനുഷ്യര്‍ക്കു സ്ഥിരമായ സ്വഭാവവും സ്ഥിരമായ പെരുമാറ്റവും ഉണ്ടാകുന്നത് അടിസ്ഥാനപരങ്ങളായ ഈ അനുഭവങ്ങളാലാണു്. യൂങിന്റെ “ആര്‍ക്കിട്ടൈപ്പു”കളുമായി ഇവയ്ക്കു വലിയ വ്യത്യാസമില്ലെന്നു തോന്നുന്നു. ഈ അടിസ്ഥാനപരങ്ങളായ അനുഭവങ്ങളാണു് മനുഷ്യനെ മനുഷ്യനാക്കി ഉയര്‍ത്തുന്നതു്. അവയുടെ അനുശാസനങ്ങള്‍ ശ്രവിച്ചാണു് മനുഷ്യന്‍ ഇതു നന്മ, ഇതു തിന്മ എന്നു പ്രഖ്യാപിക്കുന്നതു്. മനുഷ്യനു് സന്മാര്‍ഗ്ഗികമായ ഔന്നത്യവും ഭാവനയും പ്രദാനം ചെയ്യുന്ന ഈ അനുഭവങ്ങള്‍ ഇരുപതാം ശതാബ്ദത്തിലെ സങ്കീര്‍ണ്ണതകളാല്‍ നഷ്ടപ്പെട്ടുപോയിയെന്നു് മന്‍ഹീമിനു് അഭിപ്രായമുണ്ടു്. അങ്ങനെ നഷ്ടം സംഭവിച്ച് തന്നിലേക്കു മാത്രം ചുരുണ്ടുകൂടുന്ന മനുഷ്യനാണു് യനസ്കോയുടെ നാടകത്തിലെ പ്രധാന കഥാപാത്രം. അയാള്‍ ഇരുളടഞ്ഞ മുറിയില്‍ ബന്ധനസ്ഥനായിരിക്കുന്നു; സ്വന്തം വ്യക്തിത്വത്തിന്റെ കാരാഗൃഹത്തിലകപ്പെട്ടവനാണു് അയാള്‍. അടിസ്ഥാനപരങ്ങളായ അനുഭവങ്ങള്‍ തകര്‍ന്നാല്‍ ഭാഷയും തകരും. അര്‍ത്ഥശൂന്യങ്ങളായ വാക്കുകള്‍ ഉദീരണം ചെയ്യുന്ന വീടു സൂക്ഷിപ്പുകാരി ഈ തകര്‍ച്ചയെ വ്യക്തമാക്കിത്തരുന്നു. റഷ്യൻ–അമേരിക്കന്‍ നോവലിസ്റ്റായ വ്ലാഡ്മീര്‍ നബോക്കോഫ് പറഞ്ഞതായിട്ടാണു് എന്റെ ഓര്‍മ്മ. ആരോ അദ്ദേഹത്തിന്റെ കൃതികളില്‍ സന്ദേശങ്ങളില്ലെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ പ്രത്യുല്പന്നമതിത്വം കാണിക്കുന്ന പ്രത്യുക്തി ഉണ്ടായി. നബോക്കോഫ് പറഞ്ഞു: — “ഞാന്‍ കലാകാരനാണു്. പോസ്റ്റ്മാനല്ല.” സന്ദേശം കൊണ്ടുവരുന്നയാള്‍ പോസ്റ്റ്മാന്‍ തന്നെ. യനസ്കോ കലാകാരനായി വര്‍ത്തിച്ചുകൊണ്ടു് ഉത്കൃഷ്ടമായ സന്ദേശം അനുവാചകര്‍ക്കു നല്കുന്നു.