close
Sayahna Sayahna
Search

സര്‍വ്വരാജ്യ മര്‍ദ്ദകരേ സംഘടിക്കുവിൻ


സര്‍വ്വരാജ്യ മര്‍ദ്ദകരേ സംഘടിക്കുവിൻ
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ഏതെങ്കിലും ഒരവസ്ഥ അത്യന്തതയിലെത്തിയാല്‍ അതിന്റെ വിപരീതഭാവം ഉണ്ടാകുമെന്നു് ചൈനയിലെ പ്രാചീന തത്ത്വചിന്തകര്‍ പറഞ്ഞിട്ടുണ്ടു്. അതു ശരിയാണുതാനും. ഏറെ കിഴക്കോട്ടു പോകൂ; ചെന്നു നില്‍ക്കുന്നതു പടിഞ്ഞാറായിരിക്കും. സ്വത്ത് അതിരില്ലാതെ വർദ്ധിപ്പിക്കുന്നവൻ ദരിദ്രനായിത്തീരുന്നു. പാശ്ചാത്യദേശത്തേക്കു നോക്കുക. വൈയവസായികത്വം ജീവിതത്തിന്റെ തോത് ഉയര്‍ത്തുന്നുവെന്നാണു് പലരുടേയും സങ്കല്പം. പക്ഷേ അതു കൂടിയപ്പോള്‍ ജീവിതത്തിന്റെ മൂല്യങ്ങള്‍ നശിച്ചു. അതുപോലെ ഭൗതികചിന്താഗതി അത്യന്താവസ്ഥയിലെത്തിയാല്‍ ആധ്യാത്മികത്വം ആവിര്‍ഭവിക്കും. കമ്മ്യൂണിസം നിലവിലിരിക്കുന്ന രാജ്യങ്ങളില്‍ ആധ്യാത്മികത്വത്തിന്റെ മയൂഖമാലകള്‍ പ്രസരിച്ചു തുടങ്ങിയിരിക്കുന്നു. റഷ്യയില്‍ പസ്റ്റര്‍നക്കിന്റെ “ഡോക്ടര്‍ ഷിവാഗോ” എന്ന നോവല്‍ പ്രത്യക്ഷമായി. അതു ആധ്യാത്മികമൂല്യങ്ങളെ പ്രത്യക്ഷ്‌മായും പരോക്ഷമായും വാഴ്ത്തുന്നു. ആന്ദ്രേസിന്യാഫ്‌സ്കിയുടെ കൃതികള്‍ക്കുള്ള സവിശേഷതയും അതു തന്നെ. റൂമെനിയയില്‍ Incognito എന്നൊരു നോവല്‍ രചിക്കപ്പെട്ടു. അതിന്റെ കര്‍ത്താവായ പെട്രു ദ്യുമിത്ര്യു (Petru Dumitriu)ആ രാജ്യത്തെ നിസ്തുലനായ കലാകാരനാണു്. ഭൗതികത്വത്തിന്റെ അന്ധകാരത്തില്‍ ആധ്യാത്മികത്വത്തിന്റെ ജ്വാലാഗ്നിപോലെ ശോഭിക്കുന്ന ഈ നോവല്‍ “ഡോക്ടര്‍ ഷിവാഗോ”യെപ്പോലും കലാസൗന്ദര്യത്തില്‍ പരാജയപ്പെടുത്തിയിരിക്കുന്നുവെന്നാണു് നിരൂപകരുടെ മതം. ആധ്യാത്മികത്വത്തെ സംബന്ധിച്ചിടത്തോളം ‘ഡോക്ടര്‍ ഷിവാഗോ’ ‘ഇന്‍കോഗ്നിറ്റോ’യുടെ പിറകിലേ നില്‍ക്കുന്നുള്ളു എന്നു് ഈ ലേഖകനും തോന്നുന്നു. അങ്ങനെ ഏതു രീതിയിലും ഉത്കൃഷ്ടമായ ഒരു കലാശില്പമാണു് പെട്രു ദ്യുമിത്ര്യുവിന്റെ ‘ഇന്‍ കോഗ്നിറ്റോ.’ സാര്‍ത്ര്, കമ്യൂ ഈ മഹാന്മാര്‍ക്കു ബന്ധമുള്ള Le Monde എന്ന മാസികയില്‍ ഈ നോവലിനെക്കുറിച്ചെഴുതിയ പ്രബന്ധത്തില്‍ നിന്നു് ഒരു വാക്യം ഇവിടെ എടുത്തെഴുതട്ടെ. Like the greatest novelists, Mr.Dumitriu has epic genius… Justifies the placing of Incognito not far from Dr. Zhivago on the shelf of great novels that have become integrated with the basic events of this century” ബിഷപ്പ് ജോണ്‍ റോബിന്‍സണ്‍ “One of the most remarkable books live come across” എന്നാണു് അതിനെ വാഴ്ത്തിയത്.

ഉജ്ജ്വലമായ ഈ കലാസൃഷ്ടിയുടെ നിര്‍മ്മാതാവായ പെട്രു ദ്യുമിത്ര്യു 1924-ല്‍ റൂമേനിയയില്‍ ജനിച്ചു. ആദ്യകാലത്ത് അദ്ദേഹം ആ രാജ്യത്തെ പ്രസിദ്ധനായ കമ്മ്യൂണിസ്റ്റ് സാഹിത്യകാരനായിരുന്നു. 1960-ല്‍ ദ്യുമിത്ര്യു ഒരു സാംസ്ക്കാരിക സംഘത്തിന്റെ അംഗമായി ബര്‍ലിനില്‍ ചെന്നു. ആ നഗരം വഴി അദ്ദേഹം പടിഞ്ഞാറന്‍ നാടുകളിലേക്കു പലായനം ചെയ്തു. പിന്നീടു് അദ്ദേഹം റൂമേനിയയിലേക്കു പോയതേയില്ല. ഇപ്പോള്‍ ഈ കലാകാരന്‍ ഫ്രാന്‍സിലോ ജര്‍മ്മനിയിലോ ആണു് താമസിക്കുന്നത്. സാഹിത്യത്തിനുള്ള പല സമ്മാനങ്ങളും നേടിയ ഈ മഹാന്റെ പേര് റുമേനിയയില്‍ ഒരിടത്തും പറയപ്പെടുന്നില്ല. ജര്‍ണ്ണലിസ്റ്റുകളെപ്പോലും സാഹിത്യകാരന്മാരായി ഉള്‍ക്കൊള്ളിച്ചിട്ടുള്ള റുമേനിയന്‍ എന്‍സൈക്ലോപീഡിയയില്‍ ദ്യുമിത്ര്യു എന്നൊരു പേരു കാണുകയില്ല. ഈ പ്രതിഭാശാലിയുടെ The Chronicle of a Family എന്ന ഉത്കൃഷ്ടമായ നോവല്‍ Family Jewels, the Pordigals എന്ന് പേരുകളില്‍ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. സമുദായത്തിന്റെ ഉന്നതതലങ്ങളെയും സമഗ്രാധിപത്യത്തേയും യഥാക്രമം വിമര്‍ശിക്കുന്ന ഈ രണ്ടു നോവലുകളും ഭുവന പ്രശസ്തിയാര്‍ജ്ജിച്ചിട്ടുണ്ടു്. ഇവയ്ക്കുശേഷമാണ് റുമേനിയയില്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിയാത്തതും ഫ്രഞ്ച് ഭാഷയിലെഴുതി ഫ്രാൻസിൽ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞതുമായ “ഇന്‍കോഗ്നിറ്റോ’യുടെ ആവിര്‍ഭാവം. 1962-ല്‍ ഫ്രാന്‍സില്‍ പ്രത്യക്ഷപ്പെട്ട ഈ നോവല്‍ ആ വര്‍ഷം തന്നെ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ടു. 1958-ലാണു് ‘ഡോക്ടര്‍ ഷിവാഗോ’ യുറോപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. നാലു വര്‍ഷം കഴിഞ്ഞ് ഫ്രാന്‍സില്‍ ആവിര്‍ഭവിച്ച് സഹൃദയരെ ആഹ്ലാദിപ്പിക്കുകയും സമഗ്രാധിപത്യത്തെ താലോലിക്കുന്നവരെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്ത ‘ഇന്‍കോഗ്നിറ്റോ’ ആ റഷ്യന്‍ നോവലിനെ ബഹുദൂരം അതിശയിച്ചിരിക്കുന്നു എന്നു പറയുന്നവരും ഇല്ലാതില്ല. അതൊരു അത്യുക്തിയല്ലയോ എന്നാണെന്റെ സംശയം. എങ്കിലും “ഇന്‍കോഗ്നിറ്റോ” മഹാപ്രതിഭയുടെ സന്തതിയാണെന്നതില്‍ ഒരു സംശയവുമില്ല. അതിനുള്ള ആധ്യാത്മിക സൗരഭ്യം “ഡോക്ടര്‍ ഷിവാഗോ”ക്ക് ഇല്ലെന്നുകൂടി ആവര്‍ത്തിച്ചെഴുതിക്കൊള്ളട്ടെ.

1940-നും 1960-നും ഇടക്കു റൂമേനിയയില്‍ നടക്കുന്ന സംഭവങ്ങളാണു് ഈ നോവലില്‍ വര്‍ണ്ണിക്കപ്പെട്ടിട്ടിള്ളത്. അവയുടെ ചരിത്രപശ്ചാത്തലം സത്യം. സംഭവങ്ങള്‍ സാങ്കല്പികങ്ങള്‍. പക്ഷേ പ്രതിഭയുടെ ശക്തികൊണ്ട് ഈ സാങ്കല്പിക സംഭവങ്ങള്‍ സത്യാത്മകങ്ങളായി ഭവിക്കുന്നു. നോവലിലെ പ്രധാന കഥാപാത്രം സെബാസ്റ്റിനാണു്.അദ്ദേഹത്തിന്റെ ആത്മകഥ കഥ പറയുന്ന ആളിന്റെ കൈയില്‍ കിട്ടുന്നു. (കഥ പറയുന്ന ആളിന്റെ പേര് നോവലില്‍ പറഞ്ഞിട്ടില്ല). അദ്ദേഹം അത് നമ്മുടെ അറിവിനുവേണ്ടി നമ്മുടെ മുന്‍പില്‍ വക്കുന്നു. നോവലിന്റെ ഭൂരിഭാഗവും ആത്മകഥ തന്നെയാണ്. ഇടക്കിടക്കു കഥ പറയുന്ന ആളിന്റെ ചില വിവരണങ്ങളും കാണാം. സെബാസ്റ്റിന്റെ പേരിലുള്ള ചില ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാന്‍വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയമിച്ചിരിക്കുന്ന വ്യക്തിയാണ് കഥ പറയുന്ന ആള്. എന്താണ് ആരോപണം? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും രാജ്യത്തിനുമെതിരായുള്ള ഉപജാപത്തില്‍ സെബാസ്റ്റിന്‍ ഭാഗഭാക്കായി എന്നതുതന്നെ. പക്ഷേ അദ്ദേഹത്തിന്റെ ഉപജാപം ഭൗതികശക്തിക്കെതിരായുള്ള ആധ്യാത്മികശക്തിയുടെ ഉപജാപമാണ്. അതു അസത്യത്തിനെതിരായുള്ള സത്യത്തിന്റെ ഉപജാപമാണ്. ദ്യുമിത്ര്യു ഈ ഉപജാപത്തിന്റെ സ്വഭാവം മനസ്സിലാക്കി നമ്മെ സത്യത്തിന്റേയും സൗന്ദര്യത്തിന്റേയും മണ്ഡലത്തിലേക്കു നയിക്കുന്നു എന്നതിലാണു് ഈ കലാസൃഷ്ടിയുടെ മഹനീയതയിരിക്കുന്നത്.

സെബാസ്റ്റിന്റെ കഥ ആരംഭിക്കുകയാണ്. ഡന്‍യൂബ് നദിയുടെ തീരത്തുള്ള ഒരെസ്റ്റേറ്റിലാണു് സെബാസ്റ്റിനും അദ്ദേഹത്തിന്റെ അച്ഛനമ്മമാരും സഹോദരന്മാരും സഹോദരിയും താമസിക്കുന്നത്. ഫോസ്മസും ക്രിസ്ത്യനും ഫിലിപ്പും സഹോദരന്മാര്‍; വാലന്‍റീന്‍ സഹോദരി. ഓരോ ജീവിക്കും അതിന്റേതായ മാര്‍ഗ്ഗമുണ്ട്. ആ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ പ്രേരണ നല്‍കുന്ന ആന്തരമാര്‍ഗ്ഗമുണ്ടു്. ചരിത്രപരങ്ങളും സാമൂഹികങ്ങളുമായ പരിതഃസ്ഥിതികളില്‍പ്പെട്ട് വ്യക്തി മാറിപ്പോകുമെന്ന് കരുതുന്നത് തെറ്റാണ്. ശൈശവത്തിന്റെ അനുഭവങ്ങള്‍ എന്തുമാകട്ടെ. ഇവയൊന്നും ജീവിയെ മാറ്റുകയില്ല. ആന്തരനിയമമനുസരിച്ച് അതു ജീവിക്കുന്നു. സെബാസ്റ്റിന്‍ മാര്‍ക്സിസ്റ്റ്–ലെനിനിസത്തില്‍ പ്രവര്‍ത്തിച്ചിട്ടും അദ്ദേഹത്തിന്റെ ആന്തരപ്രകൃതിക്ക് യോജിച്ചമട്ടില്‍ ജീവിച്ചു. നോവല്‍ അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന് യേശുകൃസ്തുവിന്റെ പാവനത്വവും ഔജ്ജ്വല്യവും ലഭിക്കുന്നു. യേശു കുരിശില്‍ക്കിടന്നു മരിച്ചു. സെബാസ്റ്റിന്‍ യാതനകളനുഭവിച്ചു് അങ്ങ് അപ്രത്യക്ഷനാകുന്നു.

സെബാസ്റ്റിന്റെ ആന്തരനിയമം അദ്ദേഹത്തെ മനുഷ്യപുത്രന് സദൃശനാക്കി. ഫിലിപ്പിന്റേയും വാലന്റീന്റേയും ആന്തരനിയമങ്ങള്‍ വിഭിന്നങ്ങളായതുകൊണ്ട് അവര്‍ വൈഷയികത്വത്തില്‍ വീണു നശിച്ചു. ആദ്യകാലം തൊട്ടു് അവര്‍ അത് പ്രദര്‍ശിപ്പിച്ചു. അതു അബദ്ധത്തിൽ കണ്ടുപോയ സെബാസ്റ്റിന്‍ അക്കാരണത്താല്‍ നാടുവിട്ടുപോയി. അദ്ദേഹം കണ്ട കാഴ്ച ഗ്രന്ഥകാരന്റെ വാക്കുകളിലൂടെത്തന്നെവായനക്കാരും ദര്‍ശിക്കട്ടെ. ഈ അഗമ്യഗമനത്തിന്റെ വര്‍ണ്ണന കണ്ട് ആരും ഞെട്ടേണ്ടതില്ല. ബിഷപ്പ് ജോണ്‍ റോബിന്‍സണ്‍ വാഴ്ത്തിയ വിശുദ്ധമായ ഒരു ഗ്രന്ഥത്തിലെ വര്‍ണ്ണനയാണിത്. മനുഷ്യന്‍ തന്റെ ആന്തരനിയമമനുസരിച്ച് പ്രവര്‍ത്തിച്ച് ദുഃഖത്തിലെത്തുന്നു എന്നു വ്യക്തമാക്കിത്തരാനുള്ള വര്‍ണ്ണനയാണിതു്.

“As I was in the act of forcing my way through a clump of withies thrusting aside the supple twigs exuding a sweet sap that made my hands stickly, I thought I caught the sound of a low voice speaking, or of a moan. I went towards it and then stopped dead but too late, if I had realised I would have gone the other way. Peering between two branches I saw Philip naked, stretched on the sand; and lying beside him Valentine, leaning against him with her head thorownback. They kissed and Valentine moaned softly…

ഇനി ഞാന്‍ ഉദ്ധരിക്കുന്നില്ല. ദ്യുമിത്ര്യു ഈ വേഴ്ചയുടെ പരകോടിയിലേക്ക് ചെല്ലുകയാണ് തുടര്‍ന്നുള്ള ഭാഗങ്ങളില്‍. പക്ഷേ സെബാസ്റ്റിന് വെറുപ്പ്. I stood rigidly gazing at them as I had gazed at the notting shells എന്നാണു് അദ്ദേഹം പറയുന്നത്.ഈ ജുഗുപ്സാവഹമായ കാഴ്ച സെബാസ്റ്റിനെ സ്വന്തം വീട്ടില്‍നിന്നു് ഓടിച്ചു. റുമേനിയയെ ആക്രമിക്കുന്ന റഷ്യക്കാരെ നാട്ടില്‍നിന്നു് തുരത്താനായി ജര്‍മ്മന്‍ പട്ടാളത്തിന്റെ സഹായത്തോടെ യത്നിക്കുന്ന റുമേനിയന്‍ പട്ടാളത്തില്‍ സെബാസ്റ്റിന്‍ ചേര്‍ന്നു. പക്ഷേ അവിശുദ്ധമായ ഒരു വേഴ്ച കണ്ടുണ്ടായ വെറുപ്പില്‍നിന്നു് രക്ഷനേടാനുള്ള ആ യജ്ഞം വിജയം കൈവരിച്ചോ? ഇല്ല. സംഭവപരമ്പരകളില്‍നിന്ന് ആര്‍ക്കും രക്ഷപ്രാപിക്കാന്‍ സാദ്ധ്യമല്ല. വിധിയില്‍നിന്നു മോചനം നേടാന്‍ ആര്‍ക്കും കഴിയുകയില്ല. ഈശ്വരനില്‍ നാം വിശ്വസിക്കുന്നുണ്ടെങ്കില്‍ “എന്റെ ദൈവമേ, അങ്ങ് എന്താണു് എന്നെ ഉപേക്ഷിച്ചത്?” എന്നു് ചോദിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകും.

റഷ്യക്കെതിരായി യുദ്ധം ചെയ്ത സെബാസ്റ്റിനെ റഷ്യന്‍ ഭടന്മാര്‍ തടവുകാരനാക്കി. അങ്ങനെ തടവില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിനു മാനസാന്തരം വന്നു. അദ്ദേഹം കമ്മ്യൂണിസം അംഗീകരിച്ചു. മുന്‍പ് ഡന്‍യൂബ് നദിയില്‍ നീന്തുമ്പോള്‍ പ്രവാഹം തന്നെ ഒഴുക്കിക്കൊണ്ടുപോകട്ടെയെന്നു വിചാരിച്ചു് സെബാസ്റ്റിന്‍ നദിയുടെ ഉപരിതലത്തില്‍ കിടക്കുമായിരുന്നു. സ്വപ്നത്തില്‍ ഒഴുകിപ്പോകുന്നതുപോലുള്ള പ്രതീതി. കമ്മ്യൂണിസ്റ്റ് വിശ്വാസം ഉണ്ടായാലും അനുഭവമിതാണു്. ആന്തരങ്ങളായ നിയന്ത്രണങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് അയാള്‍ ശൂന്യതയിലെക്കു ചാടുന്നു. അത് ആത്മഹത്യക്കു സദൃശമാണ്; രതിമൂര്‍ച്ഛക്കു തുല്യമാണ്. ഭ്രാന്തിനു സമാനമാണ്. പക്ഷേ സെബാസ്റ്റ്യന്‍ കമ്മ്യൂണിസം അംഗീകരിച്ചത് വിശുദ്ധി കണ്ടെത്താന്‍ വേണ്ടിയത്രേ. സെബാസ്റ്റിന്‍ കമ്മ്യൂണിസ്റ്റായപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്മാരും കമ്മ്യൂണിസ്റ്റുകളായി. സെബാസ്‌റ്റിന്‍ ഇന്നു പ്രമുഖനായ കമ്മ്യൂണിസ്‌റ്റ് നേതാവാണ്.

അദ്ദേഹത്തിന്റേയും കൂട്ടുകാരുടേയും പരിശ്രമത്തിന്റെ ഫലമായി റൂമേനിയയില്‍ കമ്മ്യൂണിസ്‌റ്റ് ഭരണസമ്പ്രദായം നിലവില്‍ വന്നു. വാലന്‍റീന്‍ മാത്രമേ പാര്‍ട്ടി അംഗം ആകാതിരുന്നുള്ളു. എങ്കിലും അവളുടെ ഭര്‍ത്താവ് പുതിയ കമ്മ്യൂണിസ്‌റ്റ് ഗവണ്‍മെന്റില്‍ സ്വാധീനശക്തിയുള്ള ബേസില്‍ ആയിരുന്നു.

വളരെക്കാലം സെബാസ്‌റ്റിനു കമ്മ്യൂണിസ്‌റ്റായി കഴിഞ്ഞുകൂടാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി അംഗങ്ങളുടെ യാഥാസ്ഥിതികത്വവും റഷ്യന്‍ ഭടന്മാരുടെ ക്രൂരതകളും അദ്ദേഹത്തെ ഞെട്ടിച്ചു. സോഷ്യലിസ്റ്റുകളാണെന്നു ഭാവിച്ചുകൊണ്ടു ഗുഹാജീവികളായി കഴിഞ്ഞുകൂടിയ അവരെ സെബാസ്‌റ്റിന്‍ വെറുത്തു.

Marxism is nothing but a collection of verbal symbols out of which you can make almost anything. It can be expressed mathematically and therefor it is’nt scientific. It’s based on a sound analysis of nineteenth century capitalism

എന്ന വാക്യങ്ങള്‍ ഇറാസ്മസിന്റേതാണു്. അത് സെബാസ്‌റ്റിന്റേയും ഗ്രന്ഥകാരനായ ദ്യുമിത്ര്യുവിന്റേയും വാക്യങ്ങളായി കരുതുന്നതില്‍ തെറ്റില്ല. Religion is the opium of the people and Politics the opium of the militant എന്ന വാക്യവും സെബാസ്‌റ്റിന്റേതല്ല. എന്നാല്‍ അതും തന്റേതായി തീരുന്ന വിധത്തിലുള്ള മോഹഭംഗം അദ്ദേഹത്തിനുണ്ടായി. വസ്തുക്കളുടേയും വസ്തുതകളുടേയും മുഖത്തുതന്നെ സെബാസ്‌റ്റിന്‍ നോക്കി. തന്റെ പിതാവിനെ കമ്മ്യൂണിസ്റ്റുകാര്‍ അറസ്റ്റു് ചെയ്തു് കാരാഗൃഹത്തിലാക്കിയപ്പോള്‍ ഈ മോഹഭംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. മര്‍ദ്ദനം ശാസ്ത്രമായി അംഗീകരിച്ച ഒരു വിഭാഗക്കാരെ ആധ്യാത്മികത്വത്തിലേക്കു വഴുതിവീഴുന്ന മനുഷ്യസ്നേഹിക്കു് എങ്ങനെ ആദരിക്കാന്‍ സാധിക്കും? തന്റെ സ്നേഹിതനായ റോമിയോയെ കമ്മ്യുണിസ്റ്റുകാര്‍ വെടിവച്ചുകൊന്നപ്പോള്‍ ‘സര്‍വരാജ്യമര്‍ദ്ദകരേ സംഘടിക്കുവിന്‍; എന്നു സെബാസ്‌റ്റിന്‍ വിളിച്ചുപോയി.

പാവപ്പെട്ട ജോലിക്കാരെ പിരിച്ചുവിടുന്നതിനു സെബാസ്‌റ്റിന്‍ നിയമിക്കപ്പെട്ടു. ആദ്യം ചിലരെ അദ്ദേഹം ജോലിയില്‍നിന്നു പിരിച്ചുവിടുകയും ചെയ്തു. തന്നെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയ ഒരുവനോടു് അദ്ദേഹം പറഞ്ഞത് ഞാനും നിങ്ങളുടെകൂടെ വരുന്നു എന്നാണു്. സെബാസ്‌റ്റിന്‍ ജോലി രാജിവച്ചു. പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. അതോടെ അദ്ദേഹം അറസ്റ്റ്ചെയ്യപ്പെട്ടു. എന്തെല്ലാം കഷ്ടപ്പാടുകളാണു് അദ്ദേഹത്തിനുണ്ടായത്! എത്രയെത്ര ദുരന്തസംഭവങ്ങള്‍ക്ക് അദ്ദേഹം അഭിമുഖീഭവിച്ചുനിന്നു! അങ്ങനെ അടിമയായി, തടവുകാരനായി ജോലി ചെയ്യുമ്പോള്‍ ‘പുതിയ നിയമം’ (New Testament) ഉള്‍ക്കൊള്ളുന്ന ദര്‍ശനം അദ്ദേഹത്തിനു ലഭിക്കുകയായി. ഒരു തൊഴില്‍ശാലയിലെ ഫര്‍നസ് പൊട്ടിത്തെറിച്ചത് സെബാസ്‌റ്റിന്റെ വിധ്വംസക പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടു.

‘ഏതു ഇംപീരിയലിസ്റ്റ് ഏജന്റുകളോടാണ് നീ ബന്ധപ്പെട്ടിരിക്കുന്നത്?’ പാര്‍ട്ടി നേതാവിന്റെ ചോദ്യം.

‘ആരോടുമില്ല. ഫര്‍നസ് കൂടുതല്‍ ചൂടുപിടിപ്പിച്ചതുകൊണ്ട് അത് പൊട്ടിത്തെറിച്ചതാണു്’. സെബാസ്‌റ്റിന്റെ സത്യാത്മകമായ ഉത്തരം. അദ്ദേഹം വധിക്കപ്പെടുമെന്നായി. പക്ഷേ വാലന്റിന്റെ ഭര്‍ത്താവ് ബേസിലിന്റെ സഹായത്തോടെ അദ്ദേഹം താല്ക്കാലികമായി രക്ഷപ്പെട്ടു. സെബാസ്‌റ്റിനെ പിന്നെ കാണുന്നില്ല. അദ്ദേഹംആത്മഹത്യ ചെയ്തോ? അതോ വല്ല സ്ഥലത്തേക്കും ഓടിപ്പോയോ? നമുക്കറിഞ്ഞുകൂടാ. അറിയേണ്ട ആവശ്യകതയുമില്ല. സെബാസ്‌റ്റിന്റെ ശരീരം വേദനിച്ചു, കുരിശില്‍ക്കിടന്ന യേശുവിന്റെ ശരീരംപോലെ. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മാവു് ആഹ്ലാദിച്ചു. ഈശ്വരനെ ദര്‍ശിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതില്‍ നിന്നു് ഉളവാകുന്ന ആഹ്ലാദം ക്രമാനുഗതമായി അദ്ദേഹത്തിന്റെ ആത്മാവില്‍ വികാസം കൊള്ളുകയായിരുന്നു. അപ്പോഴാണു് അദ്ദേഹം അപ്രത്യക്ഷനാകുന്നത്.

പസ്റ്റര്‍നക്കിന്റെ “ഡോക്ടര്‍ ഷിവാഗോ” മാസ്റ്റര്‍ പീസാണ്. അന്യൂനമായ കലാസൗഭഗം അതിനെ അനുഗ്രഹിച്ചിരിക്കുന്നു. മാനവചരിത്രത്തിലെ ഒരു മഹാസംഭവമായി ആ നോവലിന്റെ ആഭിര്‍ഭാവത്തെ കരുതുന്നതിലും തെറ്റില്ല. പക്ഷേ “ഡോക്ടര്‍ ഷിവാഗോ’ക്ക് ഇല്ലാത്ത സവിശേഷത ദ്യുമിത്ര്യുവിന്റെ ‘ഇൻ കോഗ്നിറ്റോ’ക്കു ഉണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല. അതു് ആ കലാശില്പത്തിന്റെ ആധ്യാത്മിക സൗരഭ്യം തന്നെയാണു്. 1903 തൊട്ട് 1943 വരെയുള്ള കാലഘട്ടമാണു് “ഡോക്ടര്‍ ഷിവാഗോ”യില്‍ ആലേഖനം ചെയ്യപ്പെടുന്നതു്; “ഇന്‍കോഗ്നിറ്റോ”യില്‍ 1940 തൊട്ടു 1960 വരെയുള്ള കാലവും. രണ്ടും യഥാക്രമം റഷ്യയിലും റൂമേനിയയിലും ഒതുങ്ങിനില്‍ക്കുന്നില്ല. നോവലിസ്റ്റുകളുടെ വൈദഗ്‌ദ്ധ്യംകൊണ്ട് ആ കാലങ്ങള്‍ സാര്‍വലൗകിക സ്വഭാവം ആവഹിക്കുന്നു. ‘ഇതു് ഞങ്ങളുടെ കഥയാണല്ലോ’ എന്നു് ഓരോ രാജ്യത്തിലേയും ജനതക്കു തോന്നത്തക്കവിധം സാര്‍വജനീന സ്വഭാവം രണ്ടു നോവലുകള്‍ക്കും കൈവന്നിരിക്കുന്നു. പക്ഷേ ഡോക്ടര്‍ ഷിവാഗോ എന്ന കഥാപാത്രം ദുര്‍ബലമാണു്. Man is born to live എന്നാണു് ഷിവാഗോയുടെ അഭിപ്രായം.മനുഷ്യന്‍ ജീവിച്ചാല്‍ മാത്രം പോരാ, പരമസത്യത്തെ സാക്ഷാത്ക്കരിക്കണം എന്നുകൂടി സെബാസ്‌റ്റിനു മതമുണ്ടു്. ഈ അഭിപ്രായം വരുത്തുന്ന മൂര്‍ത്ത്യന്തരീകരണം നോവലിന് ഉദാത്തത നല്‍കുന്നു. എന്തു മൂര്‍ത്ത്യന്തരീകരണം? സെബാസ്‌റ്റിന്‍ നോവലിന്റെ അവസാനത്തോട് അടുപ്പിച്ച് യേശുവായി മാറുന്നു. ഈ മൂര്‍ത്ത്യന്തരീകരണംകൊണ്ട് എന്തു നേടുന്നു എന്നു ചിലര്‍ ചോദിക്കുന്നത് എന്റെ ആന്തരശ്രോത്രം കേള്‍ക്കുന്നുണ്ടു്. നോവലിന്റെ “ഡൈമന്‍ഷന്‍” വളരെ കൂടുന്നു എന്നാണ് എന്റെ ഉത്തരം. ക്രിസ്തുമതത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും ഒരിക്കല്‍ കമ്മ്യൂണിസ്റ്റായിരുന്ന ദ്യുമിത്ര്യുവിന് ശരിയായ ധാരണയുണ്ടു്. അങ്ങനെ “നിത്യതയുടെ ഭിത്തിയില്‍ മനുഷ്യത്വം ചിത്രീകരിക്കപ്പെടുന്നു”. (Humanity is painted on the wall of eternity–Hesse) അക്കാരണത്താല്‍ അനുവാചകന് എന്തെന്നില്ലാത്ത മാനസികമായ ഔന്നത്യം ഉളവാകുന്നു.

സുവിശേഷങ്ങളിലെ ഉജ്ജ്വലതയാര്‍ന്ന വാക്യങ്ങള്‍ക്ക് സദൃശങ്ങളായ വാക്യങ്ങള്‍ ഈ നോവലില്‍ കാണാം. മനുഷ്യപുത്രന്റെ ജീവിതത്തിന് തുല്യമായ ജീവിതവും സെബാസ്‌റ്റിനുണ്ടു്. എങ്കിലും അവയ്ക്കു കലാപരമായ സത്യസന്നിഭത–Aesthetic plausibility–ലഭിച്ചിരിക്കുന്നു. അതില്ലായിരുന്നെങ്കില്‍ ഈ നോവലിനെക്കുറിച്ച് നാം അറിയുമായിരുന്നില്ല. വ്യക്തിത്വമോ സത്യതയോ മറച്ചുവച്ചുള്ള അസ്തിത്വത്തെയാണ് ‘ഇന്‍ കോഗ്നിറ്റോ’ എന്നു പറയുന്നത്. ഗ്രീസിലെ ഒരു ദേവാലയത്തില്‍ Deo lncog nito എന്നെഴുതിയിരിക്കുന്നതായി ഒരു കഥാപാത്രം പറയുന്നു. Deo എന്ന പദത്തിന് ഈശ്വരന്‍ എന്നര്‍ത്ഥം. മറഞ്ഞിരിക്കുന്ന ഈശ്വരനെ–അതു പരമ സത്യമാകട്ടെ–വ്യക്തമാക്കിത്തരുന്ന ഒരു ഉന്നത കലാസൃഷ്ടിയാണ് ദ്യുമിത്ര്യുവിന്റെ നോവല്‍. “ഗ്രന്ഥങ്ങള്‍ വിജയം കൈവരിക്കുന്നു–ജീവിതങ്ങള്‍ പരാജയപ്പെടുന്നു.” ദ്യുമിത്ര്യുവിന് റൂമേനിയയില്‍ നിന്ന് പലായനം ചെയ്യേണ്ടതായി വന്നു. എന്നാല്‍ത്തന്നെയെന്ത്? അദ്ദേഹത്തിന്റെ ഗ്രന്ഥം ഒരു വലിയ വിജയമാണല്ലോ.