സാംസ്കാരിക ചക്രവാളം വികസിക്കുന്നു
സാംസ്കാരിക ചക്രവാളം വികസിക്കുന്നു | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍
നമ്മള് വ്യക്തിപരമായി അല്ല, സമൂഹപരമായിത്തന്നെ കുറ്റം ചെയ്തവരാണു്. നമ്മുടെ പിതാക്കന്മാരുടേയും പിതാമഹന്മാരുടേയും പാപങ്ങളില്‍ നമ്മള് സാകല്യേന കുരുങ്ങിക്കിടക്കുന്നു. നമ്മള് മറ്റു സന്താനങ്ങളുടെ സന്താനങ്ങള്‍ മാത്രം. അതു നമ്മുടെ കുറ്റമല്ല; ദൗര്‍ഭാഗ്യമാണു്. ഇതു പറഞ്ഞത് സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ നാടകകര്‍ത്താവായ ഫ്രീഡ്റിഹ് ഡൂറന്മറ്റാണ്. അദ്ദേഹം സ്വിറ്റ്സര്‍ലണ്ടിലെ സുപ്രധാനനായ നാടകക്കാരന് മാത്രമല്ല വിശ്വനാടകസാഹിത്യത്തിലെ മഹാപ്രഭാവനായ നാടകകര്‍ത്താവാണ്. കുറ്റത്തിനു മാത്രമല്ല, വിഷാദത്തിനും വ്യാപകസ്വഭാവമാണുള്ളതെന്നു് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടു് ഒരു വ്യക്തിയെ കുറ്റക്കാരനായി, വിഷാദമഗ്നനായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണു് അദ്ദേഹത്തിന്റെ മതം. ഡൂറന്‍മറ്റിന്റെ പല നാടകങ്ങളും ഈ വിശ്വാസത്തിനു നിദര്ശകങ്ങളായിരിക്കുന്നു. കുറ്റം ചെയ്യുന്ന സമൂഹത്തെ, വിഷാദമനുഭവിക്കുന്ന സമൂഹത്തെ ആ കൃതികളില്‍ നമ്മള്‍ക്കു കാണാം. അദ്ദേഹത്തിന്റെ “Incident At Twilight” എന്ന കൊച്ചു നാടകത്തിലെക്കു പേകാം. നോബല്‍സമ്മാനം നേടിയ ഗ്രന്ഥകാരന് കോര്‍ബസ്സ് താനാരാണെന്നു് പ്രേക്ഷകരോട് വ്യക്തമാക്കുമ്പോള്‍ നാടകമാരംഭിക്കുന്നു. “മാന്യരെ, ഏതാണ്ട് വിചിത്രവും എന്നാല്‍ മുഴുവന്‍ സത്യമായും ഉള്ള ഈ കഥയുടെ ദേശകാലസ്വഭാവത്തെ വിവരിക്കുക എന്നത് എന്റെ പ്രാഥമിക കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു. സത്യതയുള്ള കഥകള്‍ പറയുന്നതില്‍ ആപത്തിന്റെ നല്ലൊരംശമുണ്ട്, തീര്‍ച്ചതന്നെ. പോലീസില്നിന്നാരെങ്കിലും ഇവിടെ വന്നിരിക്കുന്നവരില്‍ ഉണ്ടാകാം… ശരി, ഒരു നിമിഷം മനസ്സിരുത്താന് ഞാന്‍ അഭ്യര്‍ത്ഥിക്കട്ടെ. നിങ്ങള്‍ ഒരു ഗ്രാന്‍ഡ് ഹോട്ടലിന്റെ സ്വീകരണമുറിയിലാണെന്ന് വിചാരിക്കൂ…” മഹയശസ്കനായ ഈ കോര്ബസ്സിനെ കാണാന്‍ ഒരാളെത്തിയിരിക്കുകയാണ്. അയാളുടെ പേര് ഹോഫര്‍. കോര്‍ബസ്സ് ഏഡല്ബോഡനിലായിരുന്നപ്പോള് ഹോഫര്‍ അവിടെയുണ്ടായിരുന്നു. ബേഡന്‍-ബേഡനില് കോര്‍ബസ്സ് താമസിച്ചപ്പോള്‍ ഹോഫര്‍ അവിടെയും ഉണ്ടായിരുന്നു. ഇത്രയും പറഞ്ഞപ്പോള്‍ കോര്‍ബസ്സ് അറിയിച്ചു. “ഹോഫര്‍, എനിക്ക് ആയിരക്കണക്കിന് ആളുകളോട് ഇടപെടേണ്ടതായിട്ടുണ്ടു്, അതുകൊണ്ടു് കാല്‍മണിക്കൂര്‍ സമയമേ നിങ്ങള്‍ക്കുവേണ്ടി അനുവദിക്കാനാവൂ. വളരെ ചുരുക്കിപ്പറയൂ നിങ്ങള്ക്കെന്തുവേണമെന്നു്”.
താന്‍ സാഹിത്യത്തില്‍ ഡിറ്റക്ടീവ് ജോലി നടത്തുകയാണെന്ന് ഹോഫര്‍ കോര്ബസ്സിനോടു് പറഞ്ഞു. അതാകട്ടെ അതിന്റെ (സാഹിത്യത്തിന്റെ) ക്രിമിനല്വശത്തെ ക്കുറിച്ചും. കോര്‍ബസ്സിന്റെ കൃതികള്‍ കാത്തലിക്, പ്രൊട്ടസ്റ്റന്റ്, എക്സിസ്റ്റെന്‍ഷ്യല്‍, മാര്‍ക്സിസ്റ്റ് ഈ വീക്ഷണഗതികളിലൂടെ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടു്. പക്ഷേ ‘ക്രിമിനോളജിക്കലാ’യി അന്നുവരെ ആരും അവയെ സമീപിച്ചിട്ടില്ല. അതു കൊണ്ടു് ഹോഫറുടെ ശ്രമം ആദരണീയമായി കോര്‍ബസ്സിനു തോന്നി. ആഗതന് സ്വന്തമായി രൂപംകൊടുത്ത ഒരു സിദ്ധാന്തമനുസരിച്ചാണു് കോര്‍ബസ്സിന്റെ കൃതികള്‍ വായിച്ചത്. നോവലുകളില്‍ ഉള്ളതെല്ലാം യഥാര്‍ത്ഥത്തില്‍ ഉള്ളതുതന്നെ.
കാരണം യഥാര്ത്ഥമല്ലാത്തതിനെ സങ്കല്പിക്കാന് സാദ്ധ്യമല്ല ഇതാണു് ഹോഫറുടെ സിദ്ധാന്തം. അങ്ങനെ കോര്‍ബസ്സിന്റെ നോവലുകളിലുള്ള കൊലപാതകങ്ങള്‍ അയാള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അന്വേഷിച്ചു തുടങ്ങി. വിശ്വസാഹിത്യത്തിലെ മനോഹരങ്ങളായ കൊലപാതക രംഗങ്ങള്‍ ചിത്രീകരിച്ച കലാകാരനാണു് കോര്‍ബസ്സ്. പതിനൊന്നു കൊല്ലം മുമ്പ് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ Rendezvous Abroad എന്ന നോവലാണു് ഹോഫര്‍ ആദ്യം പരിശോധിച്ചതു്. അതിലെ കഥ, ഒരു ഫ്രഞ്ച് സാഹസികന് (കോര്ബസ്സിനെപ്പോലെ തടിച്ചവനും കഷണ്ടിയുള്ളവനുമാണ് അയാള്‍) ഒരു ജര്‍മ്മന്‍ ഡിപ്ലോമറ്റിന്റെ ഭാര്യയെ അങ്കാറയിലെ ഒരു ഹോട്ടലില്‍ കൂട്ടിക്കൊണ്ടു ചെല്ലുന്നു. രണ്ടുപേരും ആത്മഹത്യക്കു തീരുമാനിക്കുന്നു. ലൈംഗികമായ ഹര്ഷമൂര്ച്ഛയില് അവള് ജീവിതം അവസാനിപ്പിക്കുമ്പോള്‍ ഫ്രഞ്ച് സാഹസികന് സിഗററ്റ് കത്തിച്ചു കൊണ്ടു് അവിടെനിന്നു രക്ഷപ്പെടുന്നു. ഒരു വാരിക ക്ഷുദ്രമായ കഥ എന്ന് ഇതിനെക്കുറിച്ചു് പറഞ്ഞെങ്കിലും സംക്ഷേപണസാമര്ത്ഥ്യത്തില് ഹെമിങ്വേക്കുപോലും ആയിരം നാഴിക പിറകെ നില്‍ക്കാനേ കഴിയുന്നുള്ളു. ഈ നോവല്‍ വായിച്ചുകഴിഞ്ഞതിനുശേഷം ഹോഫര്‍ അങ്കാറയില്ചെന്നു ഗവേഷണം നടത്തി. ജര്‍മ്മന്‍ ഡിപ്ലോമറ്റിന്റെയല്ല ഒരു സ്വീഡിഷ് ഡിപ്ലോമറ്റിന്റെ ഭാര്യയാണ് യഥാര്‍ത്ഥത്തില്‍ ആത്മഹത്യചെയ്തതു്. അവളുടെ കൂടെ ഹോട്ടലില്‍ ചെന്നതു് ഫ്രഞ്ച് സംസാരിക്കുന്നവനല്ല, ജര്‍മ്മന്‍ഭാഷ സംസാരിക്കുന്ന ആള്.
കോര്ബസിന്റെ രണ്ടാമത്തെ നോവല്‍ “Mr X Is Bored” എന്നതാണ്. മാസ്റ്റര്‍പീസാണ് അത്. പേരുള്ള ഒരെഴുത്തുകാരന് സെന്റ് ട്രോപ്സില്വച്ച് പതിനാറുവയസ്സുള്ള പെണ്‍കുട്ടിയെ കാണുന്നു. അവളുടെ സൗന്ദര്യം കണ്ട് ഉന്മത്തനായി അയാള്‍ അവളെ ബലാത്കാരവേഴ്ചയ്ക്കു വിധേയമാക്കുന്നു. പിന്നീടു് കൊലപാതകവും. ഗ്രീക്ക് ട്രാജഡിപോലെയാണ് നോവലിന്റെ പര്യവസാനം.
- സന്ദര്ശകന്
- പത്തുവര്‍ഷം മുമ്പ്-1957ല്‍-പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടി സെന്റ് ട്രോപസ്സില്വെച്ച് ബലാത്സംഗം ചെയ്യപ്പെട്ടു; കൊല്ലപ്പെട്ടു.
- കോര്‍ബസ്സ്
- കൊലപാതകി ആര്?
- സന്ദര്ശകന്
- അറിഞ്ഞുകൂടാ.
ഇങ്ങനെ ഇരുപത്തിരണ്ടു് കൊലപാതകങ്ങള്‍. കോര്‍ബസ്സ് എഴുതിയതും ഇരുപത്തിരണ്ടു നോവലുകള്‍തന്നെ.
- സന്ദര്ശകന് — ഹോഫര്‍ തുടര്‍ന്നു പറഞ്ഞു അയാളോട്
“സ്വീഡിഷ് സ്ത്രീ മരിച്ചപ്പോള്‍ നിങ്ങള്‍ അങ്കാറയില്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷുകാരി പെണ്‍കുട്ടി മരിച്ചപ്പോള്‍ നിങ്ങള്‍ സെന്റ് ട്രോപസ്സിലുണ്ടായിരുന്നു. ഈ ലിസ്റ്റിലെ മറ്റു ഇരുപതുപേര്‍ മരിച്ചപ്പോള്‍ നിങ്ങള്‍ ആ ഇരുപതു സ്ഥലങ്ങളിലുണ്ടായിരുന്നു”…
“അപ്പോള്‍ നിങ്ങള്‍ എന്തു കണ്ടുപിടിച്ചു?” എന്നു കോര്‍ബസ്സിന്റെ ചോദ്യം. “ഈ സംഭവങ്ങളിലെ കൊലപാതകികളെല്ലാം ഒറ്റക്കൊലപാതകിയാണെന്നു്” താന്‍ മനസ്സിലാക്കുന്നതായി സന്ദര്‍ശകന്റെ ഉത്തരം.
- കോര്‍ബസ്സ്
- “ശരി, ശരി ഞാന്‍ ഏതാണ്ട് ഇരുപത്തിരണ്ടുപേരെ കൊന്നുവെന്നു നിങ്ങള്‍ മറ്റൊരു വിധത്തില്‍ പറയുന്നു അല്ലേ?”
- സന്ദര്ശകന്.
- “അതുതന്നെയാണു് എന്റെ ഉറച്ച വിശ്വാസം. എഴുത്തുകാരില്‍ അദ്വിതീയനായ ഒരാളിന്റെ മുമ്പില്‍ മാത്രമല്ല ഞാന്‍ നില്‍ക്കുന്നത്. കൊലപാതകികളില്‍ അദ്വിതീയനായ ഒരാളിന്റെ മുന്പിലുമാണ്.”
സത്യമിതാണെങ്കിലും ഹോഫര്‍ക്ക് ആ സാഹിത്യകാരനെ പോലീസില്‍ ഏല്പിക്കേണമെന്നില്ല. കൊലപാതകിയെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും അയാളെ ഹോഫര്‍ക്ക് ബഹുമാനമാണ്. പിന്നെ ഹോഫര്‍ സാധുവാണ്. പ്രതിമാസം അറുന്നൂറോ എഴുന്നൂറോ സ്വിസ്ങ്ഫ്രാങ്ക് കോര്‍ബസ്സ് അയാള്‍ക്കു കൊടുത്താല്‍ മതി. എല്ലാം രഹസ്യമായിരിക്കും. അപ്പോള്‍ ഒരു യുവതി മുറിയിലേക്കു ഓടിവന്നിട്ട് തിരിച്ചോടിപ്പോയി. “നിങ്ങളുടെ അടുത്ത ബലിമൃഗമല്ലേ ഇവള്?” എന്നു് ഹോഫര്‍ ചോദിച്ചു. “എന്റെ അടുത്ത ബലിമൃഗം വേറൊരാളാണെ”ന്നു് കോര്‍ബസ്സ് മറുപടി നല്കി. പക്ഷേ തന്നെ വെടിവച്ചുകൊല്ലാന്‍ സാദ്ധ്യമല്ലെന്നു് ഹോഫര്‍ അറിയിച്ചു. അടുത്തു താമസിക്കുന്നവര്‍ അതറിയും, കോര്‍ബസ്സിനു ദുഷ്പേരുണ്ടാകും. അതുകൊണ്ട് വിഷമുപയോഗിക്കേണ്ടിയിരിക്കുന്നു അയാള്‍ക്ക്. അക്കാരണത്താലാണോ ഹോഫര്‍ മദ്യം കൊടുത്തിട്ട് കുടിക്കാഞ്ഞത്? അതുകൊണ്ടുതന്നെയാണോ കോര്‍ബസ്സ് നല്കിയ ചുരുട്ട് അയാള്‍ വലിക്കാതെ സ്വന്തം ചുരുട്ടു് എടുത്തതെന്നും അയാള്‍ക്ക് (കോര്‍ബസ്സിനു) അറിയേണ്ടതുണ്ട്. ഇന്ത്യയില്‍ കിട്ടുന്ന വിഷം പുകയിലയില്‍ ചേര്‍ത്ത ചുരുട്ടു ലോറന്‍സിന് നല്കിയാണു് കോര്‍ബസ്സ് അയാളെ കൊന്നതെന്നു് ഹോഫറിനു അറിയാം. അതിലൊക്കെ ഇത്ര അത്ഭുതപ്പെടാനൊന്നുമില്ലെന്നാണു് സാഹിത്യകാരന്റെ അഭിപ്രായം. ഗോയ്ഥേയും ബല്‍സാക്കും ബോദ്ലേറും വെര്‍ലേനും റാങ്ബോയും അല്ലന്‍പോയും രാക്ഷസന്മാരായിരുന്നു. താന്‍ കൊലപാതകിയല്ലായിരുന്നെങ്കില് തനിക്കു നോബല്‍സമ്മാനം ലഭിക്കുമായിരുന്നില്ല എന്നും കോര്‍ബസ്സിനു ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. വിലക്കപ്പെട്ടതെല്ലാം അയാളിലൂടെ അനുഭവിക്കാനായിരുന്നു ലോകജനതയുടെ ആഗ്രഹം. അങ്ങനെ കോര്‍ബസ്സ് കൂടുതല്‍ കൂടുതല്‍ കൊലപാതകം ചെയ്തു. നോവലിസ്റ്റ് കൈത്തോക്ക് ഹോഫറുടെ നേര്‍ക്കു ചൂണ്ടിപ്പറഞ്ഞു:
“ഒരു റേഡിയോ നാടകത്തിനുള്ള ആശയം നിങ്ങളെനിക്കു തന്നുകഴിഞ്ഞു അതുകൊണ്ട് നിങ്ങള്‍ ഇപ്പോള്‍ മരിക്കണം. ഞാന്‍ നേരിട്ടനുഭവിച്ചതേ എഴുതാറുള്ളു”. “രക്ഷിക്കണേ” എന്നു ഹോഫര്‍ നിലവിളിച്ചു. കാരുണ്യം കാണിക്കാന്‍ അയാള്‍ അപേക്ഷിച്ചു. “സാഹിത്യപ്രവര്‍ത്തനത്തില്‍ കാരുണ്യത്തിന് ഇടമില്ലെ”ന്നു് നോവലിസ്റ്റ് പ്രത്യുക്തി നല്കി. ഹോഫര്‍ കോര്‍ബസ്സിന്റെ വെടിയേറ്റ് മരിച്ചു. നാടകം അവസാനിക്കുന്നു. — “മാന്യരേ, ഏതാണ്ട് വിചിത്രവും എന്നാല്‍ മുഴുവന്‍ സത്യമായും ഉള്ള ഈ കഥയുടെ ദേശകാലസ്വഭാവത്തെ വിവരിക്കുക എന്നത് എന്റെ പ്രാഥമിക കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു…” നാടകത്തിന്റെ ആരംഭത്തില്‍ കോര്‍ബസ്സ് പറഞ്ഞ ഈ വാക്യങ്ങള്‍ അയാള്‍ അന്ത്യത്തിലും ആവര്‍ത്തിക്കുമ്പോള്‍ നാടകവേദിയില്‍ യവനിക പതുക്കെപ്പതുക്കെ വീഴുന്നു.
ഡൂറന്മറ്റിനു് ഏറ്റവും പ്രിയപ്പെട്ട ആശയം വ്യക്തിയല്ല സമൂഹമാണ് പാതകങ്ങളില്‍ മുഴുകിയിരിക്കുന്നത് എന്ന ആശയം — ഈ നാടകത്തിലൂടെ വ്യക്തമാക്കപ്പെടുന്നു. കോര്‍ബസ്സ് സമൂഹത്തിന്റെ ഒരു പ്രതിനിധി മാത്രം. സമൂഹത്തിനു വേണ്ടിയാണ് അയാൾ വ്യക്തികളെ വധിക്കുന്നത്. ആ വധങ്ങളെക്കുറിച്ച് സമുദായത്തിനു് അറിവുണ്ട്. സമുദായം വധകര്മ്മത്തിനു് സഹായം അരുളുകയും ചെയ്യുന്നു. ഏതാണ്ട് ഇതിനു സദൃശമായ സങ്കല്പം ഡൂറന്‍മറ്റിന്റെ “വിസിറ്റ്” എന്ന നാടകത്തിലുമുണ്ട്. യൂറോപ്പിലെവിടെയോയുള്ള ഒരു പട്ടണത്തില്‍ ഒരു വൃദ്ധ പന്നെത്തുന്നു അവര്‍ അവിടത്തുകാരിയായിരുന്നു. ചെറുപ്പത്തില്‍ അവരെ ഒരുത്തന് വ്യഭിചാരകര്മ്മത്തിനു പ്രേരിപ്പിച്ചു. അവര്‍ വഴങ്ങി. പിന്നീട് അയാള്‍ കൈ മലര്‍ത്തിയപ്പോള്‍ നാടുവിട്ടുപോകാന്‍ ആ സ്ത്രീ നിര്ബ്ബന്ധയായി. അവര്‍ തിരിച്ചുവരുന്നത് കോടീശ്വരിയായിട്ടാണ്. പട്ടണത്തിലുള്ള എല്ലാവരേയും — സത്യസന്ധന്മാരെപ്പോലും — പണം കൊടുത്തു് അവര്‍ വശത്താക്കുന്നു. എന്നിട്ട് അവരെക്കൊണ്ടുതന്നെ ചതിച്ച പുരുഷനെ കൊല്ലിക്കുന്നു. വധം കഴിയുമ്പോള്‍ അവര്‍ അവിടം വിട്ടുപോകുകയും ചെയ്യുന്നു. ‘വിസിറ്റ്’ എന്ന ഈ നാടകത്തിലും സമുദായത്തിന്റെ വധാഭിലാഷമാണു കാണുക. നിയമരാഹിത്യവും വധാഭിലാഷവും സമുദായത്തില്‍ തേര്‍വാഴ്ച നടത്തുന്നു എന്നാണു് ഡൂറന്‍മറ്റിന്റെ വിശ്വാസം. ഹോഫര്‍ സമുദായത്തിന്റെ ഈ മാലിന്യമറിയാതെയാണ് കോര്‍ബസ്സിന്റെ അടുക്കലെത്തുന്നത്. പക്ഷേ അയാള്‍ നടത്തുന്ന കൊലപാതകങ്ങള്‍ സമുദായത്തിന്റെ അനുഗ്രാഹകതയുള്ളതാണെന്നു മനസ്സിലാക്കുമ്പോള്‍ ഹോഫര്‍ ആ സമുദായത്തിന്റെ തന്നെ ഒരംഗമായി മാറി. പ്രതിമാസവേതനം പറ്റാനും അങ്ങനെ വധകര്മ്മത്തെ പരോക്ഷമായി നീതിമത്കരിക്കാനും സന്നദ്ധനാകുന്നു. സമുദായത്തിന്റെ അനുശാസനമനുസരിച്ചാണു് അല്ലെങ്കില്‍ അതിന്റെ ഇംഗിതത്തിനു് യോജിച്ച മട്ടിലാണു് കോര്‍ബസ്സ് വധങ്ങള്‍ നടത്തിയത്. അതു ഹോഫര്‍ മനസ്സിലാക്കുമ്പോള്‍ സമുദായത്തിനു് അയാളെ നശിപ്പിച്ചേ മതിയാകൂ.സ്വന്തം രഹസ്യം അറിയുന്ന വ്യക്തികളെ സമുദായം തുടര്‍ന്നു ജീവിക്കാന്‍ അനുവദിക്കുകയില്ലല്ലോ. അതിനാല്‍ സമുദായത്തിന്റെ പാവയായ കോര്‍ബസ്സ് ഹോഫറെ വെടിവെച്ചു കൊല്ലുന്നു. ഈ ചിന്താഗതികളും വധകര്മ്മങ്ങളും ആവര്ത്തനസ്വഭാവമുള്ളവയാണെന്നു കാണിക്കാനാണ് നാടകം തുടങ്ങുന്ന രീതിയില്‍ത്തന്നെ ഡൂറന്മറ്റ് അത് അവസാനിപ്പിക്കുന്നതും. നോവലിസ്റ്റ് നാടകാനുഭവത്തില്‍ പറയുന്ന വാക്യങ്ങള്‍തന്നെ അതിന്റെ അവസാനത്തിലും പറയുന്നു. അങ്ങനെ ഒരു വൃത്തം പൂര്‍ണ്ണമാകുന്നു. സമകാലികമായ സന്മാര്ഗ്ഗരാഹിത്യത്തിന്റെ നേര്‍ക്കു്, കപടമായ രാഷ്ട്ര വ്യവഹാരത്തിന്റെ നേര്‍ക്കു ശബ്ദമുയര്‍ത്തുന്ന ഡൂറന്‍മറ്റിന്റെ നാടകങ്ങള്‍ വിശ്വപൗരന്റെ സാംസ്കാരിക ചക്രവാളത്തെ വളരെയേറെ വികസിപ്പിച്ചിരിക്കുന്നു.
|
|
|