close
Sayahna Sayahna
Search

സ്മിതം, സ്മൃതി, വിസ്മൃതി


സ്മിതം, സ്മൃതി, വിസ്മൃതി
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

“ശുഭാപ്തിവിശ്വാസം ജനങ്ങളുടെ കറുപ്പാണ്! സ്വസ്ഥതയുള്ള അന്തരീക്ഷം ദുര്‍ഗന്ധം വമിക്കുന്നു! ട്രോട്‌സ്കി വളരെക്കാലം ജീവിച്ചിരിക്കട്ടെ”. യാന്‍ലൂട്ട് വീഹ് എന്ന ചെറുപ്പക്കാരനായ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി അയാളുടെ കൂട്ടുകാരിക്ക് നേരമ്പോക്കായി പോസ്റ്റ് കാര്‍ഡില്‍ എഴുതി അയച്ച ഈ മൂന്ന് വാക്യങ്ങള്‍ അയാളെ ആപത്തിലാക്കി. പെണ്‍കുട്ടി വിപ്ലവത്തെസ്സംബന്ധിച്ച പരിശീലനത്തിനായി പോയപ്പോഴാണ് അയാള്‍ തികച്ചും വിനോദാത്മകമായ രീതിയില്‍ ഈ കാര്‍ഡ് അയച്ചത്. സഖാക്കള്‍ അതറിഞ്ഞു. അവര്‍ പെണ്‍കുട്ടിയെ വിളിച്ച് കാര്‍ഡിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചു. അവള്‍ക്ക് സത്യം പറയാതിരിക്കാന്‍ വയ്യാതെയായി. “അപ്പോള്‍ നീ എന്റെ എഴുത്തുകള്‍ അവരെ കാണിച്ചോ” എന്ന് അയാള്‍ പെണ്‍കുട്ടിയോട്: “അതല്ലാതെ എനിക്കെന്തുകഴിയും?” എന്ന അവള്‍ അയാളോട്. യുവാവ് കുറ്റക്കാരനാണെന്ന് വിദ്യാര്‍തിഥികളുടെ ട്രൈബ്യൂണല്‍ വിധിച്ചു. “എന്നെ മണ്ടനാക്കാന്‍ നീ ശ്രമിച്ചതെന്തിന്? അവര്‍ നിന്നെക്കുറിച്ച് എല്ലാം എന്നോടു പറഞ്ഞു. പേരുകേട്ട ട്രോട്‌സ്കി പക്ഷക്കാരനാണ് നീ” എന്നാണ് കൊമിസ്സാര്‍ അയാളെ അറിയിച്ചത്. യുവാവ് പാര്‍ട്ടിയില്‍നിന്ന് ബഹിഷ്കരിക്കപ്പെട്ടു. ഏഴു വര്‍ഷം കല്ക്കരിഖനികളില്‍ ജോലിചയ്യാന്‍ അയാള്‍ നിര്‍ബന്ധനയി. ചിരിക്കാന്‍ അറിഞ്ഞുകൂടാത്ത ഒരു രാഷ്ടത്തിന്റെ ഹൃദയകാഠിന്യമാണ് യാന്‍ലൂട്ട് വിഹിന്റെ സ്വാതന്ത്യം അപഹരിച്ചത്. ഇതാണ് രാഷ്ടാന്തരീയ പ്രശസ്തിയാര്‍ജ്ജിച്ച ചെക്ക് നോവലിസ്റ്റ് മിലാന്‍ കുന്ദേരയുടെ ‘ദ ജോക്ക്’ (The Joke’) എന്ന നോവലിന്റെ വിഷയം. വ്യക്തിവാദം, ധിഷണാപരത്വം ഇവ കണ്ട്, സമഗ്രാധിപത്യത്തിന്ന് ചിരിക്കാന്‍ വയ്യ. അവ പ്രദര്‍ശിപ്പിക്കുന്നവന്‍ രാഷ്ടത്തിന്റെ ശത്രുക്കളാണ്. ചിരിക്കുന്ന കുന്ദേര ചെക്കസ്ലോവാക്യയില്‍നിന്ന് നിഷ്ക്കാസിതനായി. പ്രശസ്തനായ അമേരിക്കന്‍ നോവലിസ്റ്റ് ഫിലിപ്പ് റോത്ത് അദ്ദേഹത്തോട് ചോദിച്ചു: “ചിരി എപ്പോഴും താങ്കളോട് അടുത്താണല്ലോ. നേരമ്പോക്കിലൂടെ അല്ലെങ്കില്‍ വ്യാജോക്തിയിലൂടെ താങ്കളുടെ പുസ്തകങ്ങള്‍ ചിരി ഉദ്ദീപിപ്പിക്കുന്നു. താങ്കളുടെ കഥാപാത്രങ്ങള്‍ ദുഃഖത്തില്‍ വീഴുന്നത് നര്‍മ്മബോധം നഷ്ടപ്പെട്ട ലോകത്തോട് ആഞ്ഞ് മുട്ടുമ്പോഴാണ്. അല്ലേ?” കുന്ദേര മറുപടി നല്‍കി: “…നര്‍മ്മബോധം നഷ്ടപ്പെട്ട ലോകം എന്നെ പേടിപ്പിക്കുന്നു.” ഉത്കൃഷ്ടമായ ഈ നര്‍മ്മബോധത്തിന്റെ ആവശ്യകതയെക്കുറിച്ചു കുന്ദേര തന്റെ എല്ലാ നോവലുകളിലും പ്രതിപാദിക്കാറുണ്ട്. ആ പ്രതിപാദനം സന്ദേശത്തിന്റെയോ ഉദ്ബോധനത്തിന്റെയോ രീതിയിലുള്ളതല്ല. ലോകത്തും മനുഷ്യന്റെ അന്തരംഗത്തിലും ഉള്ളതും എന്നാല്‍ അയാള്‍ക്കു കാണാന്‍ കഴിയാത്തതുമായ വസ്തുക്കളെ പ്രകാശിപ്പിക്കുന്നവനാണ് കലാകാരന്‍. അങ്ങനെയുള്ള കലാകാരൻ പ്രചാരണത്തിനു എതിരാണ്. അയാള്‍ കലയുടെ മാത്രം ഉപാസകനത്രേ. ശുദ്ധമായ കലയുടെ ഉപാസകനായി മിലാന്‍ കുന്ദേര വിരാജിക്കുന്നു.

ഷാങ്ങ് പോള്‍ സാര്‍ത്രും ലൂയി എറാങ്ങും പ്രശംസിച്ച ഈ സാഹിത്യകാരന്‍ 1929-ല്‍ ചെക്കോസ്ലോവാക്യയില്‍ ജനിച്ചു. 1975-ല്‍ അദ്ദേഹം ഫ്രാന്‍സിലേക്കു പോന്നു. മുകളില്‍ പറഞ്ഞ ‘ദ ജോക്ക്’ എന്ന നോവല്‍ 1969-ലാണ് പ്രസിദ്ധപ്പെടുത്തിയത്. അതിന്റെ പ്രസിദ്ധീകരണത്തോടുകൂടി അദ്ദേഹം വിശ്വവിഖ്യാതനായി. 1979-ല്‍ കുന്ദേരയുടെ മാസ്റ്റര്‍പീസായി പരിഗണിക്കപ്പെട്ടുവരുന്ന‘ The book of Laughter and Forgetting, എന്ന നോവല്‍ പുറത്തുവന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവല്‍ The unbearable lightness of being എന്നതാണ്. ചെക്ക് ഭാഷയില്‍ രചിക്കപ്പെട്ട ഈ നോവല്‍ ഫ്രഞ്ച് ഭാഷയിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് തര്‍ജ്ജമ കിട്ടാത്തതുകൊണ്ട് ഈ ലേഖകന് അതു വായിക്കാന്‍ കഴിഞ്ഞില്ല റഷ്യ, ചെക്കോസ്ലൊവാക്യ ആക്രമിച്ചതിനുശേഷം ഫിലിം അക്കാദമയില്‍ അധ്യാപകനായിരുന്ന കുന്ദേര ഡിസ്മിസ് ചെയ്യപ്പെട്ടു. ഗ്രന്ഥശാലകളിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും എടുത്തു മാറ്റി. ഏഴു വര്‍ഷം കഴിഞ്ഞ് കുന്ദേരയും ഭാര്യയും ഫ്രാന്‍സിലേക്കു പോന്നു. അവര്‍ അവിടെ സുഖമായി കഴിയുന്നു. ജന്മനാടിനെക്കുറിച്ച് അദ്ദേഹത്തിന് ഉത്കണ്ഠയില്ലേ? കാണുമായിരിക്കും. എങ്കിലും ചിരിക്കാന്‍ കഴിയുന്ന കുന്ദേര നര്‍മ്മബോധത്തോടെ ജീവിക്കുന്നു. ഈ ചിരി രണ്ടു വിധത്തിലാണെന്ന് അദ്ദേഹത്തിനു അഭിപ്രായമുണ്ട്. ആദ്യത്തെ ചിരിയുടെ സ്വഭാവം വ്യക്തമാക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ The book of laughter and forgetting എന്ന നോവലിലേക്കു പോകുകയാണ്. തുറന്ന ശവക്കുഴിയുടെ ചുറ്റും ദുഃഖത്തോടെ ആളുകള്‍ നില്ക്കുന്നു. ശവം നാലാമത്തെ പ്രഭാഷണത്തില്‍ നിന്നെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതി ശവക്കുഴി തോണ്ടിയവര്‍ ശവപ്പെട്ടി പതുക്കെ കുഴിയിലേക്കു കയറുകൊണ്ടു കെട്ടിത്താഴ്ത്തി. അപ്പോള്‍ കാറ്റടിച്ച് ഒരുത്തന്റെ തൊപ്പി ശവക്കുഴിയുടെ അടുത്തു വീണു. തൊപ്പിയുടെ ഉടമസ്ഥന്‍ അതെടുക്കാന്‍ ഭാവിച്ചപ്പോള്‍ വീണ്ടും കാറ്റടിച്ച് അതു ശവക്കുഴിക്കകത്തുവീണു. അപ്പോള്‍ പ്രഭാഷണം നടത്തിക്കൊണ്ടിരുന്നവര്‍ പറഞ്ഞു: “Victor Passer those who loved you will never forget you. May the earth not weigh heavily up on you. വിക്റ്റര്‍ പാസ്സര്‍ നിങ്ങളെ സ്നേഹിച്ചവര്‍ നിങ്ങളെ മറക്കില്ല. ഭൂമി നിങ്ങളില്‍ കനമാര്‍ന്നു പതിക്കാതിരിക്കട്ടെ.” വിഷാദിച്ചു നിന്നവരൊക്കെ നിശ്ശബ്ദരായി ചിരിച്ചു. ശവം ശവപ്പെട്ടിയില്‍. അതിന്റെ മുകളില്‍ തൊപ്പി. അതു കണ്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ? ഇതു നിര്‍ദ്ദോഷമായ ചിരിയാണെന്നു കുന്ദേര കരുതുന്നു. എന്നാല്‍ ദോഷഗ്രസ്തമായ ചിരിയുമുണ്ട്. അത് നൃശംസതയുടെ ചിരിയാണ്. ആ ചിരിക്ക് ഉദാഹരണം കുന്ദേരയുടെ “The book of Laughter and Forgetting” എന്ന നോവലിലുണ്ട്. ചെക്ക് സറിയലിസ്റ്റായിരുന്ന സാവീസ് കാലാന്‍ഡ്രായെ സര്‍ക്കാര്‍ തൂക്കിക്കൊന്നു. വിശ്വവിഖ്യാതയായ സറീയലിസ്റ്റ് കവി പോള്‍ ഏലൂആന്റെ (Paul Eluard) കൂട്ടുകാരനായിരുന്നു കാലാന്‍ഡ്ര. അദ്ദേഹത്തോടൊരുമിച്ച് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നാഷനല്‍ അസംബ്ളിയിലെ അംഗമായിരുന്ന മീലാദ ഹോറകോവയെയും തൂക്കിക്കൊന്നു. 1950 ജൂണ്‍ മാസത്തില്‍, രണ്ടുപേരെയും വധിച്ചതിന്റെ അടുത്ത ദിവസം ചെക്ക് യുവാക്കള്‍ നിരന്തരം നൃത്തം ചെയ്തു. സറിയലിസ്റ്റായ ആങ്ങ്ദ്രേ ബ്രതോങ്ങിനു (Andre Breton) കലാന്‍ഡ്രായുടെ നിഷ്കളങ്കതയില്‍ നല്ല വിശ്വാസമായിരുന്നു. ആ വധത്തില്‍ പ്രതിഷേധിക്കാന്‍ ബ്രതോങ്ങ് ഏലൂആയോടു ആവശ്യപ്പെട്ടു. പക്ഷേ, ആ കവി എഴുത്തു വായിച്ചതിനുശേഷം കൂടുതല്‍ ആഹ്ലാദത്തോടെ നൃത്തം ചെയ്യുകയാണുണ്ടായത്. ജനവഞ്ചകനായ കാലാന്‍ഡ്രായുടെ മരണത്തില്‍ അദ്ദേഹത്തിനു ഹര്‍ഷോന്മാദമേ ഉണ്ടായുള്ളു. (പുറം 66). നിഷ്കളങ്കമായ ചിരി നന്മ; വധോദ്യതന്റെ ചിരി തിന്മ.

ചിരിക്ക് കുന്ദേര എത്ര പ്രാധാന്യം കല്പിക്കുന്നുവോ അത്രയും പ്രാധാന്യം സ്മരണയും നല്കന്നുണ്ട്. അതും രണ്ടു വിധത്തില്‍. സ്മരണയും സ്മരണയില്ലായ്മയും. “ചിരിയുടെയും മറവിയുടെയും ഗ്രന്ഥം” എന്ന നോവലിലെ ഒരു കഥാപാത്രമായ റ്റാമിനയ്ക്ക് അവര്‍ ഭര്‍താവിനെഴുതിയതും അദ്ദേഹം അവള്‍ക്കെഴുതിയതുമായ കത്തുകള്‍ തിരിച്ചുവേണം. റഷ്യനാക്രമണം നടന്ന കാലത്ത് പ്രേഗില്‍നിന്ന് അവളും ഭര്‍ത്താവും ഓടിപ്പോകുന്നതുകൊണ്ട് പ്രേമലേഖനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവു മരിച്ചു. അയാളുടെ പേരു പോലീസ് ഫയലില്‍ ഉണ്ട്. (Police files are our claim to immortality എന്നു കുന്ദേര). അതുകൊണ്ട് പോസ്റ്ററില്‍ ആ കത്തുകള്‍ വരുത്താന്‍ വയ്യ. റ്റാമിന വളരെ ശ്രമിച്ചെങ്കിലും കത്തുകള്‍ കിട്ടിയില്ല. സ്മരണകളെ പ്രത്യാനയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവള്‍ മുങ്ങിച്ചത്തു. സ്മരണമില്ലായ്മ ആര്‍ക്ക്? സമഗ്രാധിപതികള്‍ക്ക് വിസ്മൃതിയാണ് ഏറ്റവും പ്രധാനം. കഴിഞ്ഞ കാലവും അതിന്റെ ചരിത്രവും ഇല്ലാതാക്കാന്‍ ശ്രമിച്ച ചെക്ക് പ്രസിഡന്‍റാണ് ഗുസ്താഫ് ഹുസാക്ക്. അദ്ദേഹം ജനതയുടെ സ്മരണകളെയാകെ നശിപ്പിച്ചു. സ്മരണകള്‍ ഇല്ലാതവുമ്പോള്‍ വ്യക്തി മരിക്കും. വ്യക്തികളടങ്ങിയ സമൂഹം മരിക്കും. സമൂഹങ്ങളടങ്ങിയ രാഷ്ടം മരിക്കും. കുന്ദേര പറയുന്നതു കേട്ടാലും: The basic event of the book is the story of totalitarianism, which deprives people of memory and thus retools them into a nation of children (page 235). ആളുകളുടെ സ്മരണകളെ നശിപ്പിച്ച് അവരെ ശിശുക്കളാക്കി മാറ്റുന്ന വ്യവസ്ഥതിയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുകയാണ് കുന്ദേര. ഈ ഉപാലംഭം കലയുടെ രൂപത്തിലാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ദര്‍ശനത്തോടു യോജിക്കാത്തവര്‍ക്കും നോവലിന്റെ രസനീയതയെ നിന്ദിക്കാനാവില്ല.

The Unbearable Lightness of Being എന്ന നോവല്‍ എനിക്കു വായിക്കാന്‍ സാധിക്കാത്തതുകൊണ്ട് നിരൂപകര്‍ പറയുന്നതിനെ ആവര്‍ത്തിക്കാന്‍ മാത്രമേ കഴിയുന്നുള്ളു. റ്റോമാസ് ഡോക്ടറാണ്, സ്ത്രീലമ്പടനാണ്. റ്റെറീസ അയാളുടെ പ്രേമഭാജനം. റഷ്യ ചെക്കസ്ലോവാക്യ ആക്രമിച്ചപ്പോള്‍ അവിടെ നിന്ന് രണ്ടുപേരും സ്വറ്റ്സര്‍ലണ്ടിലേക്ക് പലായനം ചെയ്തു. പക്ഷേ റ്റെറീസ തിരിച്ചു ചെക്കോസ്ലൊവാക്യയിലേക്കു പോയപ്പോള്‍ റ്റോമാസും ഡോക്ടര്‍ പദവിയില്‍നിന്നു തരം താഴ്ത്തപ്പെട്ടു. അയാള്‍ക്കു കൊടുത്ത ജോലി ജനലുകള്‍ തുടച്ചു വൃത്തിയാക്കുക എന്നതായിരുന്നു. റ്റോമാസും റ്റെറീസയം ട്രക്ക് മറിഞ്ഞു മരിക്കുന്നു. പ്രധാനപ്പെട്ട മറ്റു രണ്ടു കഥാപാത്രങ്ങളാണ് സാബിനയും ഫ്രാങ്ങ്സും. സാബിന റഷ്യനാക്രമണത്തിനു ശേഷം അവിടെനിന്നു ഒളിച്ചോടിയവളാണ്. ഫ്രാങ്ങ്സ് എന്ന അവളുടെ കാമുകന്‍ ഫ്രഞ്ച് ധിഷണാശാലിയത്രേ. സാബിന ഫ്രാങ്ങ്സിനെ ഉപേക്ഷിച്ചിട്ടു പോകുന്നു. Lightness എന്ന നോവliനെസ്സംബന്ധിച്ചിടത്തോളം ഈ ലേഖകന് നിരൂപകരോടുള്ള ആധമര്‍ണ്യം ഇവിടെ അവസാനിക്കുന്നു. ഈ ഇതിവൃത്തത്തില്‍നിന്ന് നമുക്കു തെറ്റുകൂടാതെ ഉറപ്പിക്കാന്‍ കഴിയുന്നത് കുന്ദേര മറ്റൊരു നാദം കേള്‍പ്പിക്കുന്നു എന്നതുതന്നെ. ആ നാദം ഫ്രഞ്ച് മോളിക്യുലര്‍ ബയോളഗിസ്റ്റ് ഷാക്ക്മോണോയുടെ (Jacques Monod 1910 — 76) ‘യാദൃച്ഛികത്വവും ആവശ്യകതയും” (‘Chance and Necessity”) എന്ന സിദ്ധാന്തത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ജീവിതമാകെ ചാന്‍സാണ് — യാദൃച്ഛികത്വമാണ് — അതിനു ലക്ഷ്യമില്ല, ഉദ്ദേശമില്ല എന്ന വാദമാണ് മോണോയുടേത്.

അദ്ദേഹം ഷര്‍ദങ്ങിന്റെ (Chardin) ജഗത്സംബന്ധമായ പരിണാമം (Cosmic evoluation) എന്ന വാദം അസംബന്ധമാനെന്ന് പ്രഖ്യാപിച്ചു (Personally I am shocked by the intellectual spinelessness of this (Chardin’s) philosophy, page 39 Chance and Necessity. Translated by a Wainhouse). ഷര്‍ദാങ്ങിന്റെ തത്ത്വചിന്തയുടെ ധിഷണാപരമായ നട്ടെല്ലില്ലായ്മകണ്ട് മോണോ ഞെട്ടുകയാണ്. മാര്‍ക്സിന്റെ ഡയലക്ടിക്കല്‍ മെറ്റീരിയലിസം സത്യമല്ലെന്നും മോണോ പറയുന്നു (..[it] admits no permanent and authentic reality, പേജ് 41) നോബല്‍ സമ്മാനം നേടിയ മോണോയുടെ ആ വാദങ്ങള്‍ കുന്ദേരയെ സ്വാധീനിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. റ്റോമാസിന്റെയും റ്റെറ്റിസയുടെയും മരണം തികച്ചും യാദൃച്ഛികമാണ്. മോണോയും കുന്ദേരയും ഒരു തരത്തിലുള്ള നിരീശ്വരവാദത്തോട് ബന്ധപ്പെട്ട ഹ്യൂമനിസത്തില്‍ ചെന്ന് നില്ക്കുന്നു.

വിപുലീകരണ കാചത്തിലൂടെ നോക്കിയാല്‍ വസ്തുവിന്റെ വിശദാംശങ്ങള്‍ സ്ഥൂലികരിച്ചമട്ടില്‍ കാണാം. ഭാഷയുടെ കാചത്തിലൂടെ നോക്കി രാഷ്ട്രവ്യവഹാരത്തിന്റെ സത്യങ്ങള്‍ കാണുകയും നമുക്ക് അത് കാണിച്ചുതരുകയും ചെയ്യുന്ന മഹാനായ കലാകാരനാണ് കുന്ദേര. ആ കാഴ്ചയ്ക്ക് ചിരിയും സ്മരണയും മറവിയും സഹായമരുളുന്നു. അദ്ദേഹത്തിന് നോബൽ സമ്മാനം കിട്ടുന്നകാലം അത്ര വിദൂരമല്ലെന്ന് എനിക്ക് തോന്നുന്നു.