close
Sayahna Sayahna
Search

Difference between revisions of "കറുത്ത മഴ"


(Created page with "{{MKN/Darpanam}} {{MKN/DarpanamBox}} ഇംഗ്ലീഷ് നോവലെഴുത്തുകാരിയായ ഐറിസ് മര്‍ഡോക്കിന്റെ...")
(No difference)

Revision as of 05:09, 8 May 2014

കറുത്ത മഴ
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആത്മാവിന്റെ ദര്‍പ്പണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1991
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ആത്മാവിന്റെ ദര്‍പ്പണം

ഇംഗ്ലീഷ് നോവലെഴുത്തുകാരിയായ ഐറിസ് മര്‍ഡോക്കിന്റെ The bell എന്ന നോവലില്‍ ആകര്‍ഷകമായ ഒരു സംഭവം വര്‍ണ്ണിച്ചിട്ടുണ്ട്. കഥാനായിക ഡോറ തീവണ്ടിയില്‍ സഞ്ചരിക്കുകയാണ്. അവളുടെ ഇരിപ്പിടത്തിനു നേരെ എതിരേയുള്ള സീറ്റിന് താഴെയായി ഒരു ചിത്രശലഭം തറയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. അതിനെക്കുറിച്ചുള്ള ചിന്തയല്ലാതെ വേറൊരു ചിന്തയും ഡോറയ്ക്ക് അപ്പോഴില്ല. ആ ചിത്രശലഭം നീങ്ങി നീങ്ങി അവിടെയിരുന്ന യാത്രക്കാരന്റെ കാലിനടുത്തേക്കു അപകടകരമായ വിധത്തില്‍ ചെല്ലുകയാണ്. അവള്‍ക്കു പരിഭ്രമമായി. പെട്ടെന്ന് കുനിഞ്ഞ് അവള്‍ അതിനെ ഉള്ളം കൈയിലെടുത്തു. അത് അവിടെയിരുന്ന ചലനം കൊള്ളുന്നത് ഡോറയറിയുന്നുണ്ട്. തീവണ്ടി അവള്‍ക്കിറങ്ങേണ്ട സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ എത്തി. ചിത്രശലഭത്തെ ഉള്ളം കൈയില്‍ ഒതുക്കിപ്പിടിച്ചുകൊണ്ട് അവള്‍ താഴത്തേക്കിറങ്ങി. തീവണ്ടി മെല്ലെ യാത്ര തിരിക്കുകയായി. അവളെ കൂട്ടിക്കൊണ്ടു പോകാന്‍ വന്ന ഭര്‍ത്താവ് ചോദിച്ചു;- “നിന്റെ സൂട്ട്കെയ്സ് എവിടെ?” “ഈശ്വരാ’. അവള്‍ വാ തുറന്നു. അത് എടുത്തില്ല ഡോറ. “നീ കൈകള്‍ ഇങ്ങനെ വച്ചിരിക്കുന്നതെന്തിന്? പ്രാര്‍ത്ഥിക്കുകയാണോ?” എന്ന് അയാള്‍ ചോദിച്ചു. ഡോറ ചിത്രശലഭത്തെയും മറന്നു പോയിരുന്നു. അവള്‍ കൈകള്‍ വിടര്‍ത്തി, പൂവെന്ന പോലെ. ചിത്രശലഭം പറന്നുയര്‍ന്നു. വൃത്തങ്ങള്‍ രചിച്ചിട്ട് അത് ദൂരത്തേക്കു ഉയര്‍ന്നു പോയി. ഒരു നിമിഷത്തേക്ക് അത്ഭുതം കലര്‍ന്ന നിശബ്ദത.

ഇനി മറ്റൊരു സംഭവം ഓര്‍മ്മയില്‍ നിന്നു കുറിക്കുകയാണ്. വിശ്വവിഖ്യാതനായ ഫ്രെഞ്ചെഴുത്തുകാരന്‍ ഷാങ് ഷെനെ തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുൻപിൽ ഒരുത്തൻ ഇരിക്കുന്നുണ്ട്. വടി പോലെ നില്ക്കുന്ന മീശ. വൃത്തികെട്ട വായ്. അയാള്‍ രണ്ടു കാലുകള്‍ക്കിടയിലൂടെ തറയിലേക്കു കഫം തുപ്പുന്നു. ഷെനെ അയാളുടെ കണ്ണുകളിലേക്കു നോക്കി. ഷെനെയുടെ കണ്ണുകളിലേക്കു അയാളും. അപ്പോള്‍ ഷെനെയുടെ ഉള്ളില്‍ നിന്ന് അദ്ദേഹം തന്നെ ഉയര്‍ന്ന് അദ്ദേഹത്തിന്റെ നേത്രങ്ങളിലൂടെ ബഹിര്‍ഗ്ഗമിച്ച് ആ വൃത്തികെട്ടവന്റെ കണ്ണുകളിലൂടെ കടന്ന് അയാളുടെ ഉള്ളില്‍ പ്രവേശിച്ചു. അതുപോലെ ഒരു പ്രക്രിയ അയാളെ സംബന്ധിച്ചും ഉണ്ടായിയെന്നതു തീര്‍ച്ച. ഇതു കഴിഞ്ഞപ്പോള്‍ താന്‍ അയാള്‍ തന്നെയാണെന്നു ഷെനെയ്ക്കു തോന്നി. ഈ തോന്നല്‍ — എല്ലാ ആളുകളും വൃത്തികെട്ടവരാണെന്ന തോന്നല്‍ — ഷെനെയ്ക്കു ചെകിട്ടിലേറ്റ അടിപോലെയായിത്തീര്‍ന്നു.

ആദ്യത്തെ സംഭവം — ചിത്രശലഭത്തെ സംബന്ധിച്ചത് — പ്രസാദാത്മകം. രണ്ടാമത്തേത് വിഷാദാത്മകം. ജീവിതത്തെ ദൃഢീകരിക്കുന്നു ആദ്യത്തേത്. രണ്ടാമത്തെ സംഭവം ജീവിതത്തെ നിഷേധിക്കുന്നു. ജീവിതത്തെ ദൃഢീകരിക്കുന്ന സാഹിത്യമാണ് ഉത്കൃഷ്ടം. കാരണം ദുസ്സഹമായ ഈ ജീവിതത്തില്‍ അത് മനുഷ്യന് ജീവിക്കാന്‍ മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നു എന്നതാണ്. ആറ്റം ബോംബിട്ട ഹിരോഷീമായിലെയും നാഗസാക്കിയിലെയും ജനങ്ങള്‍ക്കു പിന്നീടും ജീവിച്ചിരിക്കണമെന്നു തോന്നുമോ? കണ്ണും കാതും പോയി, ശരീരമാകെ കരുവാളിച്ച്, നടക്കാനാവാതെ ഇഴഞ്ഞു നീങ്ങുന്നവര്‍ ജീവിച്ചിരിക്കേണ്ടതുണ്ടോ അതോ ആത്മഹത്യ ചെയ്യണോ? പ്രകൃതി എപ്പോഴും നവീകരണ പ്രക്രിയയിലാണ്. അതുകൊണ്ട് ജീവിതത്തെ നവീകരിച്ച് ജീവിക്കാനുള്ള കാലമത്രയും ജീവിച്ചു തീര്‍ക്കൂ എന്നാണ് മഹാനായ ഒരു ജപ്പനീസ് കലാകാരന്റെ സന്ദേശം. മാസൂജി ഇബൂസേയാണ് ആ കലാകാരന്‍. അദ്ദേഹത്തിന്റെ നോവല്‍ “കറുത്തമഴ” — Black Rain — ഈ സന്ദേശം കലാപരമായി ആവിഷ്കരിക്കുന്നു. അത് ആദ്യമേ സൂചിപ്പിച്ചിട്ടാകാം മറ്റു വിശദാംശങ്ങളിലേക്കുള്ള പ്രവേശം.

അമേരിക്കന്‍ സര്‍ക്കാര്‍ ബോംബ് ഇട്ടപ്പോള്‍ അത് എണ്ണ ബോംബാണെന്ന് ജാപ്പനീസ് ജനത വിചാരിച്ചു. പിന്നീട് അതിനെ പുതിയ രീതിയിലുള്ള ബോംബായി സങ്കല്പിച്ചു. അതില്‍ പിന്നീട് രഹസ്യായുധമായും സവിശേഷതയുള്ള പുതിയ ടൈപ്പ് ബോംബായും ഒക്കെ കരുതി. ഒടുവിലാണ് അതിനെ അറ്റൊമിക് ബോംബായി ആളുകള്‍ കണ്ടത്. അതു വീണപ്പോള്‍ കോടിക്കണക്കിന് ആളുകള്‍ ഭസ്മമായി ഭവിച്ചു. പലരും കരിഞ്ഞശരീരവുമായി നടന്നു. ചിലര്‍ക്ക് ഇഴയാനേ ആവൂ. മറ്റു ചിലര്‍ക്കു റേഡിയേഷന്‍ രോഗം. എങ്കിലും മള്‍ബെറി മരങ്ങള്‍ അവയുടെ മുറിച്ചു കളഞ്ഞ കുറ്റികളില്‍ നിന്നു പുതിയ പൊടിപ്പുകൾ ഉണ്ടാക്കി. അവയില്‍ പുതിയ ഇലകള്‍ ഉണ്ടാക്കി. ഹിരോഷീമയിലെ നദിയില്‍ നിന്നു നീന്തിത്തുടിച്ച് ആരല്‍ മീനുകള്‍ മേലോട്ടു വന്നു. New born eels usually swim into the rivers swim into the rivers from the sea in mid-May. ഓഗസ്റ്റ് 6-ന് ഹിരോഷീമയില്‍ ബോംബ് ഇട്ടപ്പോള്‍ ഇവ എവിടെയായിരുന്നു? ഈ പ്രസാദാത്മകത്വവും ജീവിത നവീകരണ ചിത്രീകരണവുമാണ് ഉത്കൃഷ്ടമായ ഈ നോവലിന്റെ മുദ്ര.

1966-ലാണ് മസൂജി ഇബൂസേ ഈ നോവല്‍ പ്രസിദ്ധപ്പെടുത്തിയത്. 1945 ഓഗസ്റ്റിലാണല്ലോ ഹിരോഷിമയില്‍ ആറ്റം ബോംബ് ഇട്ടത്. ഇരുപത്തൊന്നു കൊല്ലം കഴിഞ്ഞിട്ട് പ്രസിദ്ധപ്പെടുത്തിയ ആ നോവലില്‍ ബോംബാക്രമണത്തെ നിസ്സംഗതയോടെ ആവിഷ്കരിക്കാന്‍ കഴിഞ്ഞു നോവലിസ്റ്റിന്. മസ്തിഷ്കം കൊണ്ടു പ്രവര്‍ത്തിക്കുന്ന ഷിഗേമാസ്തുവിന്റെയും അയാളുടെ അനന്തരവാള്‍ യാസൂക്കോയുടെയും ഡയറികളിലൂടെ കഥ പറയുകയാണ് ഇബൂസെ. ഇടയ്ക്കിടയ്ക്ക് ആഖ്യാനവും. ഈ ഡയറിക്കുറിപ്പുകളും ആഖ്യാനവും ജപ്പാന്റെ ദുരന്തത്തെ ഹൃദയം ദ്രവിപ്പിക്കുമാറ് ചിത്രീകരിക്കുന്നു.

ഷിഗേമാസ്തുവിന്റെ മനസ്സിനൊരു ഭാരമാണ് അനന്തരവള്‍ യാസൂക്കോ. ആ ഭാരം വരും കാലത്തുമുണ്ടായിരിക്കും. ആരും അവളെ വിവാഹം കഴിക്കാനെത്തുന്നില്ല. വരുന്നവര്‍ വേണ്ടെന്നു പറഞ്ഞു പോകുകയും ചെയ്യുന്നു. കാരണം അവള്‍ക്കുള്ള റേഡിയേഷന്‍ രോഗം തന്നെയാണ്. യുദ്ധത്തിന്റെ അവസാനത്തെ കാലയളവില്‍ യാസൂക്കോ ഹിരോഷീമാ പട്ടണത്തില്‍ ജോലി നോക്കുകയായിരുന്നു. ബോംബ് വീണപ്പോള്‍ ഷിഗേമാസ്തു യേക്കോഗാവ സ്റ്റേഷനിലായിരുന്നു. അദ്ദേഹത്തിന്റെ ഇടത്തേക്കവിളിനു മുറിവു പറ്റി. യാസൂക്കോയുടെ ശരീരം മുഴുവന്‍ ചെളി പറ്റിയതു പോലെയിരിക്കുന്നുവന്ന് ഷിഗേമാസ്തു പറഞ്ഞപ്പോള്‍ മാത്രമേ അവളത് അറിഞ്ഞുള്ളൂ. ബോംബ് വീണ് അല്പം കഴിഞ്ഞപ്പോള്‍ കറുത്ത നിറത്തില്‍ മഴപെയ്തത് അവള്‍ ഓര്‍മ്മിച്ചു. ഫൗണ്ടന്‍ പേനയുടെ വണ്ണത്തിലുള്ള കറുത്ത മഴ. അതു ഉടനെ അവസാനിച്ചെങ്കിലും എന്തൊരു ചതിയാണ് ചെറിയ സമയം കൊണ്ട് അതു ചെയ്തത്! സോപ്പ് തേച്ച് അവള്‍ ആ പാടുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഒരു ഫലവുമുണ്ടായില്ല. പിന്നെയും പല തവണ അവള്‍ കഴുകി നോക്കി. ഇല്ല. കറുത്ത മഴയുടെ പാടുകള്‍ പോകുന്നതേയില്ല.

ഷിഗോമാസ്തുവിന്റെ ഡയറിയിലെ ഒരു ഭാഗം അണ്വായുധം വിതച്ച വിനാശാത്മകതയെ സ്പഷ്ടമാക്കിത്തരും. യോക്കോഗാവ റെയില്‍വേ പാലത്തില്‍ അയാള്‍ ചെന്നപ്പോള്‍ രണ്ടായിരത്തോളം ശരണാര്‍ത്ഥികള്‍ പുല്‍ത്തകിടിയില്‍ ഇരിക്കുന്നതു കണ്ടു. ചെറുപ്പക്കാരൊഴിച്ച് ആരും നീങ്ങാന്‍ പോലും കൂട്ടാക്കുന്നില്ല. നൂറടി പൊക്കമുള്ള പാലത്തിനു താഴെയാണ് നദി. അതു കണ്ടാല്‍ മനുഷ്യന്‍ പരിക്ഷീണരാകും. മുറിവേറ്റ് ആ പുല്‍ത്തകിടിയില്‍ ഇരുന്നവര്‍ക്കു ഇച്ഛാശക്തി പോലുമില്ല. ആകാശത്ത് ഒരു ബിന്ദുവില്‍ കണ്ണുറപ്പിച്ചുകൊണ്ട് അവര്‍ നിശബ്ദരായി ഇരുന്നതേയുള്ളു. കുമിളു പോലുള്ള മേഘം — ആറ്റം ബോംബ് ഉയര്‍ത്തിയ ധൂമപടലം — മുകളിലുണ്ട്. ആരും അതിലേക്കു നോക്കിയതു പോലുമില്ല ഒരു സ്ത്രീ മാത്രം മുകളിലേക്കു നോക്കി കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിച്ചു “രാക്ഷസമേഘമേ! പോ, ദൂരെപ്പോ. ഞങ്ങള്‍ യുദ്ധക്കൊതിയരല്ല. നീ കേട്ടോ. ദൂരെപ്പോ” അവളും പാലം കടക്കാൻ യത്നിച്ചില്ല. ഷിഗോമാസ്തു കമിഴ്ന്നു കിടന്നു മുഖമുരച്ചു ഇഴഞ്ഞു നീങ്ങി. ഒരു തീവണ്ടി ചരിഞ്ഞു കിടക്കുന്നുണ്ട് അവിടെ. താഴെ നദിയില്‍ വെള്ളം കുറവായിരുന്ന സ്ഥലത്ത് ഉള്ളി കുന്നുകൂടിക്കിടക്കുന്നു.

ആളുകള്‍ക്കും പട്ടണത്തിനും വന്ന ദുരന്തത്തെ അതിവിദഗ്ദ്ധമായി വര്‍ണ്ണിച്ചു കൊണ്ട് അണ്വായുധ ദുരന്തത്തെ അനുവാചകന് പ്രകമ്പനമുളവാകുമാറ് ഇബൂസേ ആവിഷ്കരിക്കുന്നു. ഓരോ സംഭവ വര്‍ണ്ണനവും ക്ഷതവര്‍ണ്ണനവും നമ്മളെ ഭയപ്പെടുത്തും. മനുഷ്യരുടെ വയറും കുടലും കരളും രോഗവിവശമായി.

പല്ലുകള്‍ കൊഴിഞ്ഞു പോയി. ചിലര്‍ രക്തവിസര്‍ജ്ജനം നടത്തി. വേറെ ചിലര്‍ക്കു വയറ്റിളക്കം. മറ്റു ചിലര്‍ക്കു മലബന്ധമാണ്. യാസൂക്കോ മരണത്തിന്റെ വക്കിലെത്തി ആശുപത്രിയില്‍ കിടന്നു. നോവല്‍ അവസാനിക്കുകയാണ്. “ആ കുന്നുകള്‍ക്കു മുകളിലായി മഴവില്ലുണ്ടാകുമെങ്കില്‍ ഒരത്ഭുതം ജനിക്കും. വിവിധ വര്‍ണ്ണങ്ങളാര്‍ന്ന ഒരു മഴവില്ല് വരട്ടെ. യാസൂക്കോയുടെ രോഗം ഭേദമാകും” കുന്നുകളിലേക്കു നോക്കിക്കൊണ്ട് ഷിഗേ മാസ്തു പറഞ്ഞു. പക്ഷേ അതു സത്യമായി വരികയില്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.

ചൈനീസ് ചിത്രകാരന്‍മാര്‍ ഒന്നോ രണ്ടോ രേഖകള്‍ വരച്ച് വസ്തു പ്രതീതി ഉളവാക്കുന്നതു പോലെ ഇബൂസേ ഒന്നോ രണ്ടോ വാക്യങ്ങള്‍ എഴുതി അതേ പ്രതീതി ജനിപ്പിക്കുന്നു. ബന്ധുക്കളും സ്നേഹിതരും നഷ്ടപ്പെട്ടവര്‍ പാലത്തിന്റെ കാല്‍നിരകളില്‍ എഴുതി വച്ചിരിക്കുന്നു: കോണോസൂക്കേയ്ക്ക്: നിന്റെ അമ്മായിയുടെ വീട്ടില്‍ വരൂ — അച്ഛന്‍.

അച്ഛന്: അങ്ങ് എവിടെയാണെന്നറിയാതെ കുഞ്ഞ് ദുഃഖിക്കുകയാണ് — ഹാസുവേ c/o യയ്ച്ചീ, ഹപോണ്‍മസ്തു ഈ സന്ദേശങ്ങളെല്ലാം വിഫലങ്ങളാണെന്നു മനസ്സിലാക്കുമ്പോള്‍ നമ്മള്‍ ജപ്പാന്‍ ജനതയോടൊരുമിച്ച് കണ്ണീര്‍ പൊഴിക്കുന്നു. എങ്കിലും ആ വിഷാദത്തില്‍ ഇച്ഛാശക്തിയുടെയും ജിവിത നവീകരണത്തിന്റെയും മയൂഖമാലകള്‍ വീഴുന്നു. അവിടെയാണ് കലാകാരനായ മാസൂജി ഈബൂസേ വിജയം പ്രാപിക്കുന്നത്. അണ്വായുധം ജപ്പാനിലെ ജനതയുടെ ശരീരം കരിച്ചു. അവയുടെ ആത്മാക്കളില്‍ പാടുകളുണ്ടാക്കി. എങ്കിലും ശത്രുവിനെതിരായി അവര്‍ ഒരുവാക്കു പോലും പ്രയോഗിക്കുന്നില്ല. എന്തേ അതിനു കാരണം? പ്രകൃതിയുമായി വിലയം കൊണ്ടവരാണ് അവര്‍. ഉള്ളിക്കൂമ്പാരവും നദിയിലൂടെ നീന്തിവരുന്ന മത്സ്യങ്ങളും പ്രകൃതിയുടെ പ്രതിരൂപങ്ങളാണ്. എതു ദൗര്‍ഭാഗ്യമുണ്ടായാലും ‘ജീവിക്കൂ’ എന്ന് അവ ഉദ്ബോധിപ്പിക്കുന്നു. ആ ഉദ്ബോധനംതന്നെയാണു നോവലിസ്റ്റിന്റേയും. ഈ നോവലിന്റെ പാരായണം എനിക്കു ആത്മധൈര്യം നല്കി. അപ്പോള്‍ ജപ്പാനിലെ ജനതയ്ക്ക് ഇത് എത്രകണ്ട് ആത്മധൈര്യം പകര്‍ന്നിരിക്കില്ല!