close
Sayahna Sayahna
Search

Difference between revisions of "സാഹിത്യത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍"


(Created page with "{{MKN/Prabandham}} {{MKN/PrabandhamBox}} മുന്‍പൊരു അമേരിക്കന്‍ പ്രസിഡന്റ് ഒരു പട്ടിക്കുട...")
 
(No difference)

Latest revision as of 06:12, 11 May 2014

സാഹിത്യത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

മുന്‍പൊരു അമേരിക്കന്‍ പ്രസിഡന്റ് ഒരു പട്ടിക്കുട്ടിയെ തലകീഴായി തൂക്കിയെടുത്തു. അതിന്റെ ചിത്രം വൃത്താന്ത പത്രങ്ങളില്‍ വന്നതോടെ പ്രസിഡന്റിന്റെ ‘ഇമേജ്’ — അദ്ദേഹത്തെക്കുറിച്ച് അമേരിക്കന്‍ ജനതയുടെ മനസ്സിലുണ്ടായിരുന്ന ചിത്രം — തകര്‍ന്നുപോയി. ആ പ്രസിഡന്റ് അടുത്ത തവണ തെരഞ്ഞെടുപ്പിനു നിന്നാല്‍ ജയിക്കുകയില്ലെന്നു് ഉറപ്പായി. അദ്ദേഹം മത്സരിച്ചതുമില്ല. തിരുവിതാംകൂറില്‍ മുഖ്യമന്ത്രിയായിരുന്ന മഹാവ്യക്തി കോപം വന്ന സമയത്ത് ദിനപ്പത്രങ്ങളെ ലക്ഷ്യമാക്കി “ഞാന്‍ ഈ കടലാസ്സുകള്‍ വായിക്കാറില്ല” എന്നു് പ്രഖ്യാപിച്ചു. വാര്‍ത്തകള്‍ ശരിയായി പരസ്യപ്പെടുത്തിയില്ല എന്നതില്‍ കോപിച്ചു പറഞ്ഞതാണു് അദ്ദേഹം ആ വാക്കുകള്‍. എങ്കിലും പത്രക്കാരുടെയും ബഹുജനത്തിന്റെയും മനസ്സിലുണ്ടായിരുന്ന ചിത്രത്തിനു മങ്ങലേറ്റു. അദ്ദേഹത്തെ കണ്ടപ്പോഴെല്ലാം ധിഷണാശാലികള്‍പോലും ‘പത്രം വായിക്കാത്ത മുഖ്യമന്ത്രി’ എന്നു പുച്ഛിച്ചു പറഞ്ഞത് ഞാന്‍ കേള്‍ക്കുകയുണ്ടായി.

1960-ലാണെന്നു തോന്നുന്നു റിച്ചാഡ് നിക്സണ്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കെന്നഡിയോടു മത്സരിച്ചു. നിക്സണ്‍ തോറ്റു. തോറ്റുപോയതിനുള്ള അനേകം കാരണങ്ങളില്‍ ഒന്നു രസാവഹമത്രേ. കനം കുറഞ്ഞ തൊലിയാണത്രേ നിക്സനു് ഉള്ളതു്. അതിനാല്‍ അദ്ദേഹമെത്ര വൃത്തിയായി മുഖക്ഷൗരം ചെയ്തു ടെലിവിഷന്‍ ക്യാമറയുടെ മുന്‍പില്‍ വന്നു നിന്നാലും എക്സറേ ശക്തിയുള്ള രശ്മികള്‍ തൊലികടന്നു ചെന്നു തൊലിക്കു താഴെയുള്ള രോമമൂലത്തെ (hair root) പ്രദര്‍ശിപ്പിക്കുമായിരുന്നു. ഫലമോ ടെലിവിഷന്‍ കണ്ടവര്‍ നിക്സനെ താടിവളര്‍ത്തിയവനായി ദര്‍ശിച്ചു. പ്രസിഡന്റ് ആകാന്‍ പോകുന്നയാള്‍ മുഖം ഷേവ് ചെയ്യാന്‍പോലും കൂട്ടാക്കാത്തവനാണെങ്കില്‍ അങ്ങനെയൊരുത്തന്‍ പ്രസിഡന്റാകുന്നതെന്തിനു്? നിക്സണ്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അടുത്ത തവണ മേക്കപ്പോടു കൂടിയായിരിക്കും അദ്ദേഹം ടെലിവിഷന്‍ ക്യാമറയുടെ മുന്‍പില്‍ വന്നതു്. മുഖക്ഷൗരം ശരിയായില്ലെങ്കില്‍ ഇമേജ് തകരും. ‘രാഷ്ട്രവ്യവഹാര’ത്തില്‍ (politic) പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ ‘ഇമേജ്’ തകരാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടു്. തകര്‍ന്നാല്‍ അവരുടെ ഭാവി നശിക്കുമല്ലോ. നേതാവ് മാത്രമല്ല ഇമേജിനെ സംരക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ കക്ഷിയില്‍പ്പെട്ട എല്ലാ പ്രവര്‍ത്തകരും ആ ഇമേജ് തകര്‍ന്നുപോകാതിരിക്കാന്‍ വേണ്ടതൊക്കെ ചെയ്യാറുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഉള്ളതുപോലെതന്നെ സാഹിത്യകാരന്‍മാര്‍ക്കും ഇമേജുകള്‍ ഉണ്ട്. ഒരു വ്യത്യാസം മാത്രം. സാഹിത്യകാരന്‍മാരെ സംബന്ധിച്ചു് ജനതയ്ക്കുണ്ടാകുന്ന ചിത്രം അവരുടെ കൃതികളില്‍ നിന്നു് ജനിക്കുന്നതാണു്. ‘നളിനി’യും ‘ലീല’യുമെഴുതിയ കുമാരനാശാന്‍ സ്നേഹത്തെ ആ കൃതികളിലൂടെ വാഴ്ത്തിയിട്ട് നിത്യജീവിതത്തില്‍ അന്യരോട് സ്നേഹമില്ലായ്മ പ്രദര്‍ശിപ്പിച്ചാലും ജനതയുടെ മനസ്സിലുള്ള അദ്ദേഹത്തിന്റെ ചിത്രത്തിനു് തകര്‍ച്ച ഉണ്ടാവുകയില്ല. “നീ ചേര്‍ക്കു തങ്കക്കുടമാവരുന്ന നീലിപ്പുലക്കള്ളിയില്‍ നിന്റെ നോട്ടം കണ്ണിനു നീണ്ടോതിടുവാന്‍ മറന്ന കാലേയകാലം കനിവറ്റതല്ല” എന്നു ഹരിജനബാലികയെ വാഴ്ത്തുകയും അസ്പൃശ്യതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുകയും ചെയ്ത ഉള്ളൂര്‍ പരമേശ്വരയ്യര്‍ പുലയിപ്പെണ്ണിനെ സ്വന്തം വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെങ്കില്‍ കവിയെന്ന നിലയില്‍ അദ്ദേഹം നിര്‍മ്മിച്ച ഇമേജിനു ഭംഗം വരില്ല. കവികളുടെ കൃതികള്‍ക്ക് മനോഹാരിത കൂടുന്തോറും അവരെക്കുറിച്ച് ജനങ്ങളുടെ മനസ്സിലുള്ള ചിത്രങ്ങള്‍ക്ക് ദാര്‍ഢ്യം കൂടിവരും.

ഈ സാമാന്യ നിയമത്തിനു് ഇന്നു് സാംഗത്യമില്ലാതെയായിരിക്കുന്നു. സംസ്കാരത്തിന്റെ എല്ലാ മണ്ഡലങ്ങളും ജീര്‍ണ്ണിക്കുകയും ആ മണ്ഡലങ്ങളുടെ അസ്തിവാരമായി വര്‍ത്തിച്ച സന്മാര്‍ഗികത്വം ഇടിഞ്ഞുപൊളിയുകയും ചെയ്തപ്പോള്‍ സാഹിത്യകാരനെ-കലാകാരനെ-സംബന്ധിച്ച ഇമേജ് സാഹിത്യ സൃഷ്ടിയില്‍ നിന്നോ കലാസൃഷ്ടിയില്‍നിന്നോ ആവാഹനം ചെയ്യേണ്ടതല്ല, സാഹിത്യകാരന്റെയോ കലാകാരന്റേയോ ശിങ്കിടികള്‍ നിര്‍മ്മിച്ചുവിടേണ്ടതാണ് എന്ന ഗതികേട് ഇന്നുണ്ടായിരിക്കുന്നു. ഇങ്ങനെ നിര്‍മ്മിച്ചുവിടുന്ന ചിത്രങ്ങള്‍-കപട ചിത്രങ്ങള്‍-യഥാര്‍ത്ഥചിത്രങ്ങള്‍ തന്നെയാണെന്നു് അവര്‍ ആണയിട്ടു പറയുകയും ചെയ്യുന്നു. ഈ വിധത്തിലുള്ള അനേകം കപടചിത്രങ്ങള്‍ ഒരുമിച്ചുചേര്‍ന്നു് ഒരു കപടസംസ്ക്കാരം ആവിര്‍ഭവിച്ചിരിക്കുന്ന കാലയളവിലാണു് നമ്മള്‍ ജീവിക്കുന്നതു്. നമ്മുടെ സഹജാവ ബോധങ്ങളെയും നിരീക്ഷണ ശക്തികളെയും നശിപ്പിക്കത്തക്കവിധത്തില്‍ ഈ അയഥാര്‍ത്ഥ സംസ്കാരം സുശക്തമായി ഭവിച്ചിരിക്കുന്നു.

നവീന സാഹിത്യം അയുക്തികമാണു്; ഭ്രംശം സംഭവിച്ചതാണു്; വ്യര്‍ത്ഥതാബോധം ഉളവാക്കുന്നതാണു്. അമൂര്‍ത്തവും ഇരുണ്ടതും ബന്ധദാര്‍ഢ്യം ഇല്ലാത്തതുമായ ഈ കൃതികള്‍ വായിക്കുമ്പോള്‍ അനുവാചകനു തളര്‍ച്ച മാത്രമേ ഉണ്ടാകുന്നുള്ളു. നവീന സാഹിത്യം എന്ന പേരില്‍ ആവിര്‍ഭവിക്കുന്നവയില്‍ നൂറിനു തൊണ്ണൂറ്റിയൊന്‍പതും ‘ജാട’കളാണു് എന്നിട്ടും ഈ സാഹിത്യകാരന്‍മാരും അവരുടെ ശിങ്കിടികളും ഉത്കൃഷ്ട സാഹിത്യമാണ് ഇതെന്നു് പ്രചരിപ്പിച്ച് കപടമായ മാനസിക ചിത്രം അനുവാചകര്‍ക്കു നല്കുന്നു. ഈ കാപട്യം കാപട്യമാണെന്നു് അവരറിയുന്നില്ല. ഈ ചിത്രങ്ങളെ തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ശിങ്കിടികള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നു. തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ സ്വഭാവം ഹനനം ചെയ്യുന്നു.

സി.വി. രാമന്‍പിള്ളയുടെയും ചന്തുമേനോന്റെയും നോവലുകള്‍ വിഭിന്നങ്ങളാണ്, പ്രതിപാദ്യവിഷയത്തിന്റെ സ്വീകാര്യത്തില്‍. ഭൂതകാല ജീവിതത്തെ ചരിത്രത്തിന്റെ ‘മാദ്ധ്യമ’ത്തിലൂടെ ആവിഷ്കരിക്കുന്ന സി.വി.യുടെ കൃതികള്‍ അടിസ്ഥാനപരമായി മാനുഷിക വികാരങ്ങളെയാണ് സ്ഫുടീകരിക്കുന്നതെങ്കിലും സമകാലിക ജീവിതത്തോടു അവയ്ക്കു വലിയ ബന്ധമില്ല. അതല്ല ചന്തുമേനോന്റെ നോവലുകളുടെ സ്ഥിതി-അവയില്‍ സമകാലിക ജീവിതത്തിന്റെ സ്ഫുരണം കൂടുതലായുണ്ടു്. സി.വി. രാമന്‍പിള്ള ചന്തുമേനോനെക്കാള്‍ വലിയ കലാകാരനാണ്. എങ്കിലും രണ്ടുപേരും ചെന്നു കയറുന്നതു് ആധ്യാത്മികതയുടെ ഭവനത്തിലാണ്. അവര്‍ അവിടെ ബന്ധുക്കളെപ്പോലെ പെരുമാറുന്നു. കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ ഈ കവികളെക്കുറിച്ചും ഇതുതന്നെയാണ് പറയാനുള്ളതു്. പ്രതിപാദ്യവിഷയത്തിലും പ്രതിപാദനരീതിയിലും വൈവിധ്യം പുലര്‍ത്തിയ അവര്‍ സി.വിയും ചന്തു മേനോനും ചെന്നുകയറിയ അതേ ഭവനത്തിന്‍ തന്നെയാണ് കയറിപ്പാര്‍ക്കുന്നതു്. എല്ലാവരും ബന്ധുക്കള്‍ അല്ലെങ്കില്‍ സുഹൃത്തുക്കള്‍. ഇതു നവീന സാഹിത്യത്തില്‍ കാണാനില്ല. വിലക്ഷണമായ സ്വന്തം ഭവനങ്ങളിലിരുന്നുകൊണ്ട് അവര്‍ അന്യോന്യം കൊഞ്ഞനംകാട്ടുന്നു. അവരുടെ ആരാധകര്‍മാത്രം തെറ്റായ ‘ഇമേജസ്’ ജനതയുടെ മനസില്‍ ഉളവാക്കുന്നു. യാഥാര്‍ത്ഥ സാഹിത്യം പുരോഗമനാത്മകമാണ്. നവീന സാഹിത്യം കാടുകയറ്റമാണ്.

ഞാന്‍ ഈ ലേഖനമെഴുതാന്‍ ഉപയോഗിക്കുന്ന കടലാസ് എന്റെ മേശയുടെ പുറത്തുവെച്ചാണു് ഞാന്‍ എഴുതുന്നതു്. എന്നെസംബന്ധിച്ചിടത്തോളം മേശ യാഥാര്‍ത്ഥ്യമാണു്. മേശയും എനിക്കുചുറ്റും കാണുന്ന പ്രകൃതിയും മായയാണെന്നുപറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. എന്റെ ഉള്ളില്‍ തിളങ്ങുന്ന ചൈതന്യംമാത്രം സത്യം; മറ്റെല്ലാം മായ എന്നു പറഞ്ഞാല്‍ എന്ത് അര്‍ത്ഥമാണു്? അങ്ങനെയാണെങ്കില്‍ ചൈതന്യവും മായയാണെന്നു കരുതേണ്ടതല്ലേ. ഈശ്വരസൃഷ്ടിയാണു് ഞാനും എന്റെ ചൈതന്യവും ബാഹ്യപ്രകൃതിയും. ഒന്നും മായയല്ല. അതിരിക്കട്ടെ. ‘ഒബ്ജക്ടീവ് റിയാലിറ്റി’യായ മേശയുടെ ചിത്രം എനിക്കു വരയ്ക്കാം, ഞാന്‍ ചിത്രകാരനാണെങ്കില്‍. വാക്കുകള്‍കൊണ്ടു് മേശയുടെ വര്‍ണ്ണനം നിര്‍വ്വഹിക്കാം, ഞാന്‍ എഴുത്തുകാരനാണെങ്കില്‍. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ ചിത്രവും വര്‍ണ്ണനവും മേശയുടെ സാമാന്യമായ പ്രതികൃതി-general pattern നല്‍കും. അത് എന്നെ സംബന്ധിച്ചിടത്തോളം റിയാലിറ്റി-സത്യം-തന്നെ.

ഇനി മേശയെ അപഗ്രഥിച്ച് അപഗ്രഥിച്ച് നമുക്ക് പരമാണുവിലെത്താം. പരമാണുവിനെ അപഗ്രഥിച്ചാല്‍ ഇലക്ട്രോണ്‍, പ്രോട്ടോണ്‍ ഇവയിലെത്താം. മേശയെ സാകല്യാവസ്ഥയില്‍ ചിത്രീകരിച്ച് ജനറല്‍പാറ്റേണ്‍ ആവിഷ്കരിക്കുന്നതിനുപകരം എനിക്കു ഇലക്ട്രോണ്‍, പ്രോട്ടോണ്‍ ഇവയേയും ആവിഷ്ക്കരിക്കാം. അതും റിയാലിറ്റിയാണല്ലോ. ഈ രണ്ടു സത്യാവിഷ്കാരങ്ങളില്‍ ഏതാണു് ശ്രേഷ്ടം? അതു ഭ്രഷ്ടാവിന്റെ മാനസികനിലയെ ആശ്രയിച്ചിരിക്കും. തോമസ് മനിന്റെ ‘മാജിക് മൗണ്ടന്‍’ എന്ന നോവല്‍ ജീവിതത്തിന്റെ ജനറല്‍ പാറ്റേണിനെ ചിത്രീകരിക്കുന്നു. ജോയിസിന്റെ ‘യൂലിസസ്സ്’ എന്ന നോവല്‍ ഇലക്‍ട്രോണിനും പ്രോട്ടോണിനും സദൃശ്യങ്ങളായ മാനസിക ബിന്ദുക്കളെ ചിത്രീകരിക്കുന്നു. കാളിദാസന്‍ ജീവിതത്തിന്റെ ജനറല്‍പാറ്റേനാണു് ആലേഖനം ചെയ്തതു്. ആധുനികകവി മാനസികബിന്ദുക്കളെ അല്ലെങ്കില്‍ കണങ്ങളെ ആലേഖനംചെയ്യുന്നു. തോമസ് മന്നാണോ ശ്രേഷ്ടകലാകാരന്‍, അതോ ജോയിസോ? കാളിദാസനാണോ നല്ല കവി, അതോ ആധുനികനോ? ഉത്തരം സ്പഷ്ടമാണു് ഹോമര്‍, വാല്മീകി, വ്യാസന്‍, കാളിദാസന്‍, ഷേക്സ്പിയര്‍, ടോള്‍സ്റ്റോയി ഇവരൊക്കെ ജീവിതത്തിന്റെ ജനറല്‍പാറ്റേണ്‍മാത്രം ചിത്രീകരിച്ചവരാണു്. മാനസിക ബിന്ദുക്കളെ ആവിഷ്കരിച്ച സാമുവല്‍ ബക്കറ്റിനോ മെറസ്കോക്കോ അവരുടെ സമീപത്തുപോലും ചെല്ലാനുള്ള അര്‍ഹതയില്ല. അതിനാല്‍ സബ് അറ്റോമിക് കണങ്ങളെ ചിത്രീകരിക്കുന്ന നവീന സമ്പ്രദായം ഒരു താല്‍ക്കാലിക “പ്രതിഭാസം” മാത്രമാണെന്നു കരുതേണ്ടിയിരിക്കുന്നു. അത് ഉളവാക്കുന്ന താല്പര്യവും താല്‍ക്കാലികം മാത്രമാണു്. എന്നാല്‍ ഈ മാര്‍ഗ്ഗമാണ് ഉത്കൃഷ്ടമെന്നു പലരും-വിശേഷിച്ചു യുവാക്കന്മാര്‍-ധരിച്ചുവച്ചിരിക്കുന്നു. ഇതു സാഹിത്യാസ്വാദനത്തില്‍, കലാസ്വാദനത്തില്‍ ഒരു ഉത്ക്രമമോ വിക്രഗമനമോ ഉണ്ടാക്കിയിട്ടുണ്ടു്.

പാര്‍വതിയും പരമേശ്വരനും തമ്മിലുള്ള ബന്ധംപോലെ വാക്കും അര്‍ത്ഥവും ഇണങ്ങിയിരിക്കണമല്ലോ. ഭാഷയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ ബന്ധത്തിനു ക്രമാനുഗതമായ തകര്‍ച്ച വന്നിട്ടുണ്ടെന്നു കാണാം. ഈ കാലയളവില്‍ ആ തകര്‍ച്ച ഏറ്റവും കൂടുതലായിരിക്കുന്നു. അതിന്റെ ഫലം സംസ്കാരത്തിന്റെ തകര്‍ച്ചതന്നെയാണു്. ശിവശക്തി സംയോഗം പോലെ അര്‍ത്ഥവും വാക്കും ഇണങ്ങുന്നു എന്നു പറയുമ്പോള്‍ രണ്ടിനും തുല്യപ്രാധാന്യമുണ്ടെന്നു വ്യക്തമാകുന്നു. നവീന സാഹിത്യകാരന്മാര്‍ ഇതംഗീകരിക്കുന്നില്ല. ചിത്രത്തിന്റെ വിഷയത്തേക്കാള്‍ പ്രാധാന്യം ചിത്രത്തിനാണെന്നു പീകാസ്സോ പറഞ്ഞപ്പോള്‍ അദ്ദേഹം വാക്കും അര്‍ത്ഥവും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുകയായിരുന്നു. ഒരംഗത്തേക്കാള്‍ മറ്റൊരംഗത്തിനു പ്രാധാന്യം നല്‍കുകയായിരുന്നു. ഫ്രാന്‍സില്‍ താമസിച്ചിരുന്ന ഗര്‍ട്രൂഡ് സ്റ്റൈൻ എന്ന അമേരിക്കന്‍ എഴുത്തുകാരി വാക്കുകള്‍ വസ്തുക്കള്‍തന്നെയാണെന്നും എന്നാല്‍ അര്‍ത്ഥം അധികപ്പറ്റാണെന്നും (over tone) വ്യക്തമാക്കിക്കൊണ്ടു് Rose is a rose is a rose is a rose എന്നു പറഞ്ഞപ്പോള്‍ വാക്കും അര്‍ത്ഥവും തമ്മിലുള്ള ബന്ധത്തെ മറ്റൊരുവിധത്തില്‍ തകര്‍ക്കുകയായിരുന്നു. ഈ തകര്‍ച്ച നവീന സാഹിത്യത്തില്‍ ഞാന്‍ കാണുന്നു. തൊഴിലാളികള്‍ തങ്ങളെ നശിപ്പിക്കുന്നവരെ മുതലാളികള്‍ എന്നുവിളിക്കുന്നു; മുതലാളികള്‍ തങ്ങളെ നശിപ്പിക്കുന്നവരെ തൊഴിലാളികള്‍ എന്നുവിളിക്കുന്നു. “അവന്‍ തൊഴിലാളി; അതു കൊണ്ട് അവനെ ഇല്ലാതാക്കാം” എന്നു മുതലാളി. “അവര്‍ മുതലാളി; അതുകൊണ്ട് അവനെ ഇല്ലാതാക്കാം” എന്നു തൊഴിലാളി. എന്നാല്‍ തൊഴിലാളി മനുഷ്യനാണെന്നു് മുതലാളിയും മുതലാളി മനുഷ്യനാണെന്നു തൊഴിലാളിയും ഓര്‍മ്മിക്കുന്നില്ല. ഇവിടെ വാക്കുകള്‍ക്കുള്ള അര്‍ത്ഥത്തെ ഹനിക്കുകയാണ് രണ്ടുപേരും. നവീന സാഹിത്യത്തില്‍ വേറൊരുതരത്തിലുള്ള ഹനനമാണു് കാണുന്നത്. മനുഷ്യനെ മനുഷ്യനായി കാണുമ്പോള്‍ പൃഥക്കരണം-ആബ്സ്റ്റ്രാക്ഷന്‍-ഇല്ല. എന്നാല്‍ മനുഷ്യനെ തൊഴിലാളിയായിമാത്രം കാണുമ്പോള്‍ പൃഥക്കരണം സംഭവിക്കുന്നു. അതു സംഭവിക്കുമ്പോള്‍ അര്‍ത്ഥം ദൂരെ തെറിക്കുന്നു. അര്‍ത്ഥം നശിച്ചാല്‍ സംസ്കാരം നശിക്കും. അങ്ങനെ സംസ്കാരം നശിച്ച കാലഘട്ടമാണിത്. ഇന്നത്തെ സാഹിത്യകാരന്മാരാണ് ഇതിനു കാരണക്കാര്‍.

“യമരാജ സഹോദരനായ വൈദ്യരാജനു നമസ്കാരം യമന്‍ പ്രാണനെ മാത്രമേ അപഹരിക്കുന്നുള്ളു. വൈദ്യന്‍ പ്രാണനെയും ധനത്തെയും അപഹരിക്കുന്നു” എന്ന അര്‍ത്ഥത്തില്‍ സംസ്കൃതത്തില്‍ ഒരു ശ്ളോകമുണ്ടു്. ചികിത്സയില്‍ അവിദഗ്ദ്ധനായിരുന്നു കൊണ്ട് പണംകൂടി അപഹരിക്കുന്ന വൈദ്യനെ പരിഹസിക്കുകയാണു് ഇതില്‍. സമുദായത്തിനു് ദ്രോഹം ചെയ്യുന്നവരെ ഇങ്ങനെ അധിക്ഷേപിക്കാറുണ്ടു്. അതു വേണംതാനും. ഷേക്‍സ്പിയറിന്റെ ‘ജൂലിയസ് സീസര്‍’ എന്ന നാടകത്തിലെ ഒരു ഭാഗം ഓര്‍മ്മയിലെത്തുന്നു. സിന്ന എന്ന ഒരാള്‍ പോയപ്പോള്‍ അയാള്‍ ഉപജാപകനാണെന്നു വിചാരിച്ച് ‘അവനെ കൊല്ലുക, അവനെ കൊല്ലുക, എന്നു് ആളുകള്‍ വിളിച്ചുപറഞ്ഞു. അപ്പോള്‍ താന്‍ സിന്ന എന്ന ഉപജാപകനല്ലെന്നും സിന്ന എന്ന

കവിയാണെന്നും അയാള്‍ അറിയിച്ചു. ഉടനെ ജനക്കൂട്ടം Tear him for his bad verses-ദുഷ്കവിത എഴുതുന്ന അവനെ പിച്ചിച്ചീന്തി കളയുക-” എന്നു് ആക്രോശിച്ചു. ദുഷ്ടമായ കാവ്യരചന സമുദായത്തെ നശിപ്പിക്കും എന്നതു പണ്ടേയുള്ള അഭിപ്രായമാണു്. അര്‍ത്ഥത്തെ ഗളഹസ്തം ചെയ്തിട്ട് വാക്കുകള്‍ ക്രമരഹിതമായി സന്നിവേശം ചെയ്യുന്ന നവീന കവികള്‍ യഥാര്‍ത്ഥത്തില്‍ സമുദായത്തെ ദ്രോഹിക്കുന്നവരാണ്. കേരളീയര്‍ കാരുണ്യം കൂടിയവരായതുകൊണ്ട് I can them for their bad verses എന്നു് വിളിക്കുന്നില്ലെന്നേയുള്ളു.

കുറെ അക്കാഡമിഷന്‍സ് (accadamicians) സര്‍വകലാശാലാംഗങ്ങള്‍ ധിഷണാശാലികളെന്നു ഭാവിച്ചുകൊണ്ടു് നവീന സാഹിത്യത്തിന്റെ ഉദ്ഘോഷകരായി വര്‍ത്തിക്കുന്നു. അവര്‍ പഠിപ്പിച്ചുവിടുന്ന കുറേയാളുകള്‍ ‘ഹിസ് മാസ്റ്റേഴ്സ് വോയ്സ്’ എന്ന കണക്കിനു് ക്ലാസുമുറിയില്‍ കേട്ട അഭിപ്രായങ്ങള്‍ ബഹുജനത്തിന്റെ മുന്‍പില്‍ വയ്ക്കുന്നു. ആകെക്കൂടി അവ്യവസ്ഥയും കലാപവുമാണിപ്പോള്‍. ഇതു മാറണമെങ്കില്‍ യാഥാര്‍ത്ഥത്തിലുള്ള ധിഷണാശാലികള്‍ മുന്നോട്ടു വരണം. അവര്‍ ബുദ്ധി ഒളിച്ചുവച്ച് ശരീരം ഒളിച്ചുവച്ച് സ്വന്തം ഭവനങ്ങളില്‍ വസിക്കുകയാണു്. ഇക്കിള്‍ വന്നാല്‍, കോട്ടുവായിടണമെന്നു തോന്നിയാല്‍ അവ രണ്ടും നിയന്ത്രിക്കാം. പക്ഷേ ബുദ്ധിശക്തിയെ ഒളിച്ചുവയ്ക്കാന്‍ പറ്റില്ല. ഇന്നല്ലെങ്കില്‍ നാളെ ബുദ്ധിയുള്ളവര്‍ ‘രംഗത്ത്’ ഇറങ്ങുമെന്നും ഇന്നു കാണുന്നതൊക്കെ കാപട്യമാണെന്നു് ഉദ്ഘോഷിക്കുമെന്നും നമുക്കു പ്രതീക്ഷിക്കാം.