Difference between revisions of "സാഹിത്യവാരഫലം 1992 10 04"
(Created page with "Category:മലയാളം Category:എം കൃഷ്ണന് നായര്‍ Category:സാഹിത്യവാരഫലം Category:1992 {{MKN/SV...") |
(→ഒ.എന്‍.വി. കുറുപ്പ്) |
||
| Line 118: | Line 118: | ||
ആശുപത്രിയില്‍ രോഗംപിടിച്ചു കിടക്കുന്ന കുഞ്ഞ് കാവ്യത്തിലെ കഥാപാത്രത്തെക്കണ്ട് ‘അങ്കിള്‍’ എന്നു വിളിക്കുന്നു. അവള് മരിച്ചു കഴിഞ്ഞപ്പോള്‍ ആ വിളി അദ്ദേഹത്തെ അനുധാവനം ചെയ്തുകൊണ്ടിരുന്നു. ആ മനുഷ്യന് എന്തു ചെയ്യാന്‍ കഴിയും? നിരര്‍ത്ഥകമായ ഒരു വാക്യം മാത്രമേ അദ്ദേഹത്തിന്റെ നാവില്‍നിന്ന് ഉതിര്‍ന്നു വീഴുന്നുള്ളു “നിന്നാത്മാവിനു നന്ദി”. ധ്യാനാത്മകസ്വഭാവമാര്ന്നതാണ് ഒ. എന്‍. വി. യുടെ ഈ കാവ്യം. എന്നാലത് ഉദ്ബോധനാത്മകമല്ല. കവിതയ്ക്ക് ഉദ്ബോധനാംശം പാടില്ലെന്നാണ് എന്റെ വിചാരം. വേണമെങ്കില്‍ സെന്റിമെന്റല്‍ എന്നു വിളിക്കാവുന്ന ഒരു വികാരത്തെ ഹൃദയത്തിന്റെ അടിത്തട്ടോളം കൊണ്ടുചെന്നിട്ട് അവിടത്തെ അഗാധതന്ത്രികളെ സ്പന്ദിപ്പിക്കാന്‍ കവിക്കു കഴിയുന്നു. അതോടെ സെന്റിമെന്റ് ഉദാത്തവികാരമായി മാറുന്നു. | ആശുപത്രിയില്‍ രോഗംപിടിച്ചു കിടക്കുന്ന കുഞ്ഞ് കാവ്യത്തിലെ കഥാപാത്രത്തെക്കണ്ട് ‘അങ്കിള്‍’ എന്നു വിളിക്കുന്നു. അവള് മരിച്ചു കഴിഞ്ഞപ്പോള്‍ ആ വിളി അദ്ദേഹത്തെ അനുധാവനം ചെയ്തുകൊണ്ടിരുന്നു. ആ മനുഷ്യന് എന്തു ചെയ്യാന്‍ കഴിയും? നിരര്‍ത്ഥകമായ ഒരു വാക്യം മാത്രമേ അദ്ദേഹത്തിന്റെ നാവില്‍നിന്ന് ഉതിര്‍ന്നു വീഴുന്നുള്ളു “നിന്നാത്മാവിനു നന്ദി”. ധ്യാനാത്മകസ്വഭാവമാര്ന്നതാണ് ഒ. എന്‍. വി. യുടെ ഈ കാവ്യം. എന്നാലത് ഉദ്ബോധനാത്മകമല്ല. കവിതയ്ക്ക് ഉദ്ബോധനാംശം പാടില്ലെന്നാണ് എന്റെ വിചാരം. വേണമെങ്കില്‍ സെന്റിമെന്റല്‍ എന്നു വിളിക്കാവുന്ന ഒരു വികാരത്തെ ഹൃദയത്തിന്റെ അടിത്തട്ടോളം കൊണ്ടുചെന്നിട്ട് അവിടത്തെ അഗാധതന്ത്രികളെ സ്പന്ദിപ്പിക്കാന്‍ കവിക്കു കഴിയുന്നു. അതോടെ സെന്റിമെന്റ് ഉദാത്തവികാരമായി മാറുന്നു. | ||
| − | + | {{***}} | |
ഒരു പടിഞ്ഞാറന്‍ നേരമ്പോക്ക്. പുതിയ ജഡ്ജിയുടെ മുന്‍പില്‍നിന്ന് അവള് യാചിച്ചു കടുത്തശിക്ഷ നല്കരുതേയെന്ന്. ജഡ്ജിക്ക് അതുകേട്ടു ദുഃഖമുണ്ടായി. അദ്ദേഹം തല്കാലത്തേക്കു കോടതി നിറുത്തിയിട്ട് സീനിയര്‍ ജഡ്ജിയുടെ അടുത്തുചെന്നു ചോദിച്ചു: “അറുപതുവയസ്സായ ഒരു വേശ്യയ്ക്ക് അങ്ങ് എന്തു കൊടുക്കും?” അദ്ദേഹം മറുപടി പറഞ്ഞു: “പത്തു ഡോളര്‍.” പ്രായമനുസരിച്ചാണല്ലോ എവിടെയും നല്കല്. ഇരുപതു വയസ്സായ ആള് ഒരുമണിക്കൂര്‍ പ്രസംഗിച്ചാല്‍ ആളുകള്‍ അയാളെ കൂവിയിരുത്തും. എഴുപതു വയസ്സുള്ളവന് രണ്ടു മണിക്കൂര്‍ പ്രസംഗിച്ചാല്‍ അവര്‍ മിണ്ടുകയില്ല. നമ്മുടെ നാട്ടില്‍ അറുപതു വയസ്സു കഴിയുന്ന ഏതു പദ്യകര്‍ത്താവും മഹാകവിയാണ്. എന്നാല്‍ യുവാവായിരിക്കെ മരിച്ചുപോയ കുഞ്ചുപിള്ള ജീവിച്ചിരുന്നെങ്കില്‍ വളരെവേഗം മഹാകവിയാകുമായിരുന്നു എന്ന സത്യം ആരോര്‍മ്മിക്കുന്നു? | ഒരു പടിഞ്ഞാറന്‍ നേരമ്പോക്ക്. പുതിയ ജഡ്ജിയുടെ മുന്‍പില്‍നിന്ന് അവള് യാചിച്ചു കടുത്തശിക്ഷ നല്കരുതേയെന്ന്. ജഡ്ജിക്ക് അതുകേട്ടു ദുഃഖമുണ്ടായി. അദ്ദേഹം തല്കാലത്തേക്കു കോടതി നിറുത്തിയിട്ട് സീനിയര്‍ ജഡ്ജിയുടെ അടുത്തുചെന്നു ചോദിച്ചു: “അറുപതുവയസ്സായ ഒരു വേശ്യയ്ക്ക് അങ്ങ് എന്തു കൊടുക്കും?” അദ്ദേഹം മറുപടി പറഞ്ഞു: “പത്തു ഡോളര്‍.” പ്രായമനുസരിച്ചാണല്ലോ എവിടെയും നല്കല്. ഇരുപതു വയസ്സായ ആള് ഒരുമണിക്കൂര്‍ പ്രസംഗിച്ചാല്‍ ആളുകള്‍ അയാളെ കൂവിയിരുത്തും. എഴുപതു വയസ്സുള്ളവന് രണ്ടു മണിക്കൂര്‍ പ്രസംഗിച്ചാല്‍ അവര്‍ മിണ്ടുകയില്ല. നമ്മുടെ നാട്ടില്‍ അറുപതു വയസ്സു കഴിയുന്ന ഏതു പദ്യകര്‍ത്താവും മഹാകവിയാണ്. എന്നാല്‍ യുവാവായിരിക്കെ മരിച്ചുപോയ കുഞ്ചുപിള്ള ജീവിച്ചിരുന്നെങ്കില്‍ വളരെവേഗം മഹാകവിയാകുമായിരുന്നു എന്ന സത്യം ആരോര്‍മ്മിക്കുന്നു? | ||
{{MKN/SV}} | {{MKN/SV}} | ||
{{MKN/Works}} | {{MKN/Works}} | ||
Latest revision as of 10:07, 18 June 2014
| സാഹിത്യവാരഫലം | |
|---|---|
![]() എം കൃഷ്ണന് നായര്‍ | |
| പ്രസിദ്ധീകരണം | കലാകൗമുദി |
| തിയതി | 1992 10 04 |
| ലക്കം | 890 |
| മുൻലക്കം | 1992 09 27 |
| പിൻലക്കം | 1992 10 11 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
സെബാസ്റ്റിന് കുഞ്ഞുകുഞ്ഞു ഭാഗവതര്‍ ഉപഗുപ്തനായും ശിവപ്രസാദ് സി. വേലുക്കുട്ടി വാസവദത്തയായും അഭിനയിച്ച ‘കരുണ’ നാടകം ഞാന്‍ എത്ര തവണയാണു കണ്ടത്! ഓര്‍മ്മയില്ല. ഓരോ തവണ ആലപ്പുഴെ ദേവീവിലാസം കൊട്ടകയില്‍ ചെന്നിരുന്ന് ആ നാടകം കണ്ടുകഴിയുമ്പോള്‍ അടുത്ത തവണ അതു കാണണമെന്ന മോഹം. ഈ മോഹിപ്പിക്കലിന് പ്രധാനപ്പെട്ട കാരണം വേലുക്കുട്ടിയുടെ സ്ത്രീവേഷംതന്നെയായിരുന്നു. സൗന്ദര്യത്തില്‍ സാക്ഷാല്‍ സ്ത്രീപോലും അവളുടെ വേഷം കെട്ടിയ വേലുക്കുട്ടിയുടെ അടുത്തു വരില്ലായിരുന്നു. സ്ത്രീശരീരത്തിനു പ്രകൃതി നല്കിയ വളവുകള്‍ വേലുക്കുട്ടിക്കു കിട്ടിയിരുന്നു. പുരുഷന്റെ ‘നെടുനെടാ എന്നുള്ള കൈകളല്ലല്ലോ സ്ത്രീകള്‍ക്കുള്ളത്. കൈമുട്ട് തൊട്ട് അത് ഒരല്പം ഒരുവശത്തേക്കു ചരിഞ്ഞിരിക്കുമല്ലോ. കമിതാവിനെ ആലിംഗനം ചെയ്യാന്‍ (ഭര്‍ത്താവിനെയല്ല) പ്രകൃതി സ്ത്രീകള്‍ക്കു നല്കിയ സൗകര്യമാണ് അതെന്ന് ശരീരശാസ്ത്രജ്ഞന്മാര് പറയുന്നു. വേലുക്കുട്ടിക്ക് കൈമുട്ടുതൊട്ടുള്ള വളവും സ്ത്രീയുടെ ‘ഗജരാജ വിരാജിത മന്ദഗതി’ യുമൊക്കെ ഉണ്ടായിരുന്നു. ‘വരാന്‍ സമയമായില്ല’ എന്ന് ഉപഗുപ്തന് പറഞ്ഞെന്നു തോഴി വന്നറിയിക്കുമ്പോള്‍ ദുഃഖിച്ചു പുരികം കോട്ടി വാസവദത്ത കളിച്ചെണ്ട് വലിച്ചെറിയുന്ന ഒരു ‘രംഗം’ കരുണയിലുണ്ടല്ലോ. അതു വേലുക്കുട്ടി അഭിനയിച്ചത് എന്തെന്നില്ലാത്ത വൈദഗ്ദ്ധ്യത്തോടും സൗന്ദര്യത്തോടുംകൂടിയായിരുന്നു. സത്യം പറഞ്ഞാല്‍ അതു കാണാനാണ് ഞാന്‍ കൂടെകൂടെ ദേവീവിലാസം നാടകശാലയിലേക്കു ചെന്നത്. കളിച്ചെണ്ടു വലിച്ചെറിഞ്ഞു തല വെട്ടിക്കുമ്പോള്‍ വാസവദത്തയുടെ കുറുനിരകള്‍ കാമാതിശയമെന്നപോലെ വക്രരീതിയാര്ന്ന് അവളുടെ നെറ്റിയില്‍ ചിതറിവീഴും. എന്തൊരു ഭംഗി! അതു നാടകമല്ലായിരുന്നു. ഉത്തര മഥുരാപുരിയില്‍ നടന്ന ഒരു സംഭവംതന്നെ. എന്റെ ബാല്യകാലത്ത് ഞാനത് ബാഹ്യനേത്രങ്ങള്‍കൊണ്ടു കണ്ടു. ഇക്കാലത്ത് ആന്തരനേത്രങ്ങള്കൊണ്ടു കാണുന്നു.
ശിവപ്രസാദ് വേലുക്കുട്ടിയെ ഒന്നു നേരിട്ടു കാണണമെന്ന് എനിക്ക് അന്ന് ആഗ്രഹമുണ്ടായെങ്കില്‍ അതിലെന്താണു തെറ്റ്? നാടകാഭിനയത്തിന്റെ അടുത്ത ദിവസം ഞാന്‍ അദ്ദേഹം താമസിച്ച വീടിന്റെ മുന്‍വശത്തു ചെന്നുനിന്നില്ലെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ആലപ്പുഴ സനാതന ധര്‍മ്മവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്ന എം. കൃഷ്ണന് നായര്‍, എം. കൃഷ്ണന്‍നായര്‍ ആയിരുന്നില്ലെന്ന് ആ വ്യക്തി കരുതികൊള്ളണം. ഞാന്‍ ആ വീട്ടിന്റെ മുന്‍വശത്ത് എത്തിയതേയുള്ളു. വേലുക്കുട്ടി സൈക്കിള്‍ ഉന്തിക്കൊണ്ടു റോഡിലേക്കു പോരികയാണ്. കാമം അടിച്ചു പറത്തിയ കുറുനിരകള്‍ ഇല്ല. ഉഡുരാജമുഖിയെ, മൃഗരാജകടിയെ ഞാന്‍ കണ്ടില്ല. കണ്ടത് പാരുഷ്യമാര്‍ന്ന പുരുഷനെ മാത്രം. രാത്രിയിലെ ലീലാവിലാസങ്ങള്‍ എവിടെ? കോപനയുടെ തലവെട്ടിക്കല്‍ എവിടെ? ഒന്നുമില്ല; സാരള്യത്തിനു പകരം പാരുഷ്യം. മെയ്ക് അപ്പ് ആര്‍ട്ടിസ്റ്റാണു വേലുക്കുട്ടിയെ അതിസുന്ദരിയാക്കിയത്. എപ്പോള്‍ കൃത്രിമവേഷം ഇല്ലാതാവുന്നുവോ അപ്പോള്‍ മുതല്‍ പരുക്കന്‍ഭാവം. നമ്മുടെ നിരൂപകര്‍ മെയ്ക് അപ്പ ആര്‍ട്ടിസ്റ്റുകളാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പാരുഷ്യത്തില്‍ അവര്‍ വച്ചുകെട്ടലുകള്‍ നടത്തി സൗന്ദര്യമുണ്ടാക്കുന്നു. കവിതയിലും ചെറുകഥയിലും നോവലിലും അവര്‍ നടത്തുന്ന മെയ്ക് അപ്പ് ഭ്രമം ജനിപ്പിക്കുന്നു. ആ റൂഷ് തുടച്ചുകളയൂ. പൗഡര്‍ തട്ടിക്കളയൂ, ശിരസ്സിലെ കൃത്രിമമുടി എടുത്തുമാറ്റൂ. വൈരൂപ്യം നിങ്ങള്‍ക്ക് അഭിമുഖീഭവിച്ചു നില്ക്കും. നിരൂപകന്റെ സഹായമില്ലാതെ രചനകളെ നോക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. അതു നിര്‍വഹിച്ചില്ലെങ്കിൽ അഭിനേതാവിനെക്കൂറിച്ച് എനിക്കു പിന്നീടുണ്ടായ മോഹഭംഗം നമുക്കു സാഹിത്യരചനകളെക്കുറിച്ചും ഉണ്ടാവും.
Contents
പുനത്തില്‍ കുഞ്ഞബ്ദുള്ള
നമ്മുടെ നിരൂപകര്‍ മെയ്ക് അപ്പ ആര്‍ട്ടിസ്റ്റുകളാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പാരുഷ്യത്തില്‍ അവര്‍ വച്ചുകെട്ടലുകള്‍ നടത്തി സൗന്ദര്യമുണ്ടാക്കുന്നു. കവിതയിലും ചെറുകഥയിലും നോവലിലും അവര്‍ നടത്തുന്ന മെയ്ക് അപ്പ് ഭ്രമം ജനിപ്പിക്കുന്നു.
കാമദേവന് എയ്ത പുഷ്പബാണമേറ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേതല്ല അദ്ദേഹം സൃഷ്ടിച്ച കഥാപാത്രത്തിന്റെ നെഞ്ചില്‍ ഒരു പോറല്‍ ഉണ്ടായി. അമ്പ് നേരെ ഹൃദയത്തിലെക്കു ചെന്നിരുന്നെങ്കില്‍ പ്രഗല്ഭനായ ഡോക്ടേര്‍ കൂടിയായ പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്കു പോലും ഒന്നും ചെയ്യാന്‍ കഴിയാതെ വന്നേനേ. ഭാഗ്യംകൊണ്ടല്ല ഹൃദയം പിളര്ന്നുപോകാത്തത്. കാമദേവനു നെഞ്ചില്‍ ഒരു പോറലുണ്ടാകണമെന്നേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളു. ആ പോറല്‍ ഏതാനും മണിക്കൂര്‍കൊണ്ട് ഉണങ്ങിപ്പോകും. ആരെച്ചൊല്ലിയാണ് കാമദേവന് ഈ നേരമ്പോക്കു കാണിച്ചത്? ആടുകളെ മേയ്ക്കുന്ന ഒരു സുന്ദരി. കഥാപാത്രം (കഥ പറയുന്ന ആള്) കാറില്‍ പോകുന്നു. പാതവക്കില്‍ കണ്ട സുന്ദരിയോടു ഡ്രൈവര്‍ തെല്ലുനേരം സംസാരിക്കുന്നു. അവള് അയാളുടെ ഭാര്യയാണെന്ന വസ്തുത പിന്നീടേ കഥ പറയുന്ന ആള് അറിയുന്നുള്ളു. അവളുടെ സംസാരത്തിന്റെയും നോട്ടത്തിന്റെയും മന്ദഹാസത്തിന്റെയും ലയം മാംസനിബദ്ധമായ വികാരം അയാളില്‍ അങ്കുരിപ്പിക്കുന്നു. തിരിച്ചു താമസസ്ഥലത്തെത്തിയ അയാള്‍ തന്റെ സഹധര്‍മ്മിണിയെ സുന്ദരിയാക്കിക്കല്പിക്കാന് ശ്രമിക്കുന്നു. എത്ര ശ്രമിച്ചിട്ടും അതൊട്ടു സാധിക്കുന്നതുമില്ല. സ്വര്‍ണ്ണനിറമാര്‍ന്ന പ്രഭാതം വന്നെത്തുന്നതുപോലെ ഇത്തരം അനുഭവങ്ങള്‍ ഏതു പുരുഷനുമുണ്ടാകും. ഉണ്ടായിട്ടുണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. ആ സുവര്ണ്ണപ്രഭാതത്തെ സായാഹ്നത്തിനുശേഷം എത്തുന്ന ഇരുട്ടുമായി താരതമ്യപ്പെടുത്താനോ ആ അന്ധകാരംതന്നെയാണ് സ്വര്‍ണ്ണപ്രഭയാര്‍ന്ന വിഭാതമെന്നു സങ്കല്പിക്കാനോ പുരുഷന്മാര്ക്കു പ്രവണതയുണ്ടാകും. അതിനെ തന്റേതായ രീതിയില്‍ പ്രതിപാദിക്കുകയാണ് കഥാകാരന്. നല്ല ആഖ്യാനം; ഭംഗിയുള്ള വാക്യരചന. പക്ഷേ ഇതൊരു നൂതനാനുഭവമല്ലല്ലോ എന്ന പരാതി എനിക്ക്. പിന്നെ കഥയിലെ വ്യക്തി — പുഷ്പബാണമേറ്റ വ്യക്തി — സംസ്കാരസമ്പന്നനാണ്. അയാള്‍ ഒരാളെ മറ്റൊരാളായി കാണാനേ ശ്രമിക്കുന്നുള്ളു. സാഹസികം ഒന്നുമില്ല അയാള്‍ക്ക്. എനിക്ക് അറിയാവുന്ന ഒരാള്‍ റോഡിലിറങ്ങി സുന്ദരികളെ കണ്ടുപോയാല്‍ വീട്ടില്‍വന്നു പാവപ്പെട്ട ഭാര്യയെ “എടുത്തിട്ട്” ചവിട്ടും. ആ ചവിട്ടെല്ലാം മേടിച്ചുകൊണ്ട് അവള് ഞാനുള്‍പ്പെടെയുള്ള പലരോടും പറയും, ‘എന്റെ ഭര്‍ത്താവ് എന്നെ അത്യധികം സ്നേഹിക്കുന്നു’ വെന്ന്. സ്ത്രീയുടെ മാനസികമായ ഒരാവശ്യകത!
ചോദ്യം, ഉത്തരം
“വീട്ടില്‍ ഉറക്കെ സംസാരിച്ചു ബഹളമുണ്ടാക്കുന്ന സ്ത്രീകളെ എങ്ങനെ നിയന്ത്രിക്കാം?”
- “അതിനു നമ്മളാരും വിചാരിച്ചാല്‍ പറ്റില്ല. റ്റെലിവിഷന് അധികാരികള്‍ കനിയണം. ദിവസവും മൂന്നു പറട്ട മലയാളസിനിമകള്‍ കാണിച്ചാല്‍ മതി. അവര്‍ അതിന്റെ മുന്പില് മിണ്ടാതിരുന്നുകൊള്ളും. നല്ല സിനില കാണിച്ചാല്‍ മതിയാവുകയില്ല.”
“എന്റെ ഭാര്യ എന്നെ സ്നേഹിക്കുന്നുവെന്നു ഞാന്‍ എങ്ങനെ മനസ്സിലാക്കാനാണ്? അവള്‍ക്ക് എപ്പോഴും പുരുഷമായ സ്വഭാവമാണ്.”
- “‘നിങ്ങള്‍ ആപത്തുണ്ടാകാന്‍ സാദ്ധ്യതയുള്ള സ്ഥലത്ത് വലിയ ഏണിചാരി മുകളിലേക്കു കയറാന്‍ ശ്രമിക്കൂ. ഭാര്യ ഓടിയെത്തി ഏണി തറയില്‍നിന്നു വഴുതിപ്പോകാതിരിക്കാന്വേണ്ടി അതില്‍ ബലിപ്പിച്ചു പിടിച്ചുതരും നിങ്ങള്‍ ആവശ്യപ്പെടാതെ”.
- “കുത്തുവാക്കുകള്‍ പറഞ്ഞു നിങ്ങള്‍ക്കു അസ്വസ്ഥതയുളവാക്കുന്നവന് മാന്യനല്ല. നിങ്ങള്‍ അതേ നാണയത്തില്‍ തിരിച്ചു കൊടുക്കുന്നില്ലെങ്കില്‍ നിങ്ങള്‍ മാന്യനാണ്.”
“ജീവിതത്തില്‍ ആര്ത്തിയുള്ളവനെ തിരിച്ചറിയുന്നത് എങ്ങനെ?”
- “അയാള്‍ ആഹാരം കഴിക്കുന്ന രീതി നോക്കിയാല്‍ മതി.”
“നിങ്ങളുടെ ജീവിതത്തില്‍ ഉള്ളുതുറന്നു ചിരിച്ച സംഭവമേത്?”
- “വര്‍ഷങ്ങള്‍ക്കുമുമ്പ് സനകന്‍ എന്നു പേരുള്ള ഒരുദ്യോഗസ്ഥന് ഒരു സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി വന്നു. സ്വാഗതമാശംസിച്ചയാള് അദ്ദേഹത്തെ നോക്കി മി. ശുനകന് ഞാന്‍ സ്വാഗതം ആശംസിക്കുന്നുവെന്നു പറഞ്ഞു. ചിരിയടക്കാന്‍ എനിക്കു കഴിഞ്ഞില്ല.”
- “ഭാര്യയോടു തര്‍ക്കത്തിനു പോകാത്തവന് വിദ്വാന്. ഒരു വാക്കുപോലും പറയാത്തവന് വലിയ വിദ്വാന്.”
“എന്റെ കൂടെപ്പഠിച്ച്, എന്റെ കൂട്ടുകാരനായി നടന്ന ഒരാള്‍ ഇപ്പോള്‍ ഐ. എ. എസ് ഉദ്യോഗസ്ഥനാണ്. ആ മനുഷ്യന് എന്നെ റോഡില്‍വച്ചു കണ്ടപ്പോള്‍ മുഖംതിരിച്ചു നടന്നുകളഞ്ഞു. ഇതു മനുഷ്യത്വമാണോ?”
- “നിങ്ങള്‍ ആ മനുഷ്യനെ വലിയ ആളായി സങ്കല്പിക്കുന്നതുകൊണ്ടാണ് ഈ ചോദ്യം എന്നോടു ചോദിച്ചത്. ആ ഉദ്യോഗസ്ഥന് ചെറുപ്പത്തിലേ തന്റെ കഴിവുകളെ വികസിപ്പിച്ചെടുത്തു. നിങ്ങള്‍ക്ക് അതിനെക്കാള്‍ വലിയ കഴിവു കാണും. അതു നിങ്ങള്‍ വികസിപ്പിച്ചില്ല. അതുകൊണ്ട് നിങ്ങള്‍ക്കു ജോലിയുടെ കാര്യത്തില്‍ ഉയര്‍ച്ച ഉണ്ടായില്ല. ആര്‍ക്കും ആരാകണമെന്ന് ആഗ്രഹമുണ്ടോ ആ പദവിയിലെത്താം എന്നത് ഞാന്‍ പറയുന്നതല്ല. മഹാനായ സാര്‍ത്ര് പറഞ്ഞതാണ്.”
നക്ഷത്രങ്ങളെ കല്ലെറിയരുത്
തിരുവോണദിനം. മഴ തകര്‍ത്തു പെയൂന്നു. എന്റെ ഓര്‍മ്മയില്‍ ഒരു തിരുവോണത്തിനും മഴ പെയ്തിട്ടില്ല. ഇപ്പോള്‍ എല്ലാം കാലത്തിനൊത്തിരിക്കുന്നു. തണുപ്പ് സഹിക്കാനാവാത്തതു കൊണ്ടു സിഗരറ്റെടുത്തു ചുണ്ടുകള്ക്കിടയില്വച്ചു തീ പിടിപ്പിച്ചു. ഒന്നു വലിച്ചതേയുള്ളു. എതോ സ്വാദുകേട്. കയ്പ്. രണ്ടാമതു വലിച്ചപ്പോഴും അങ്ങനെതന്നെ. നോക്കിയപ്പോള്‍ ഫില്‍റ്റര്‍ വച്ച സ്ഥലത്താണ് ഞാന്‍ തീ പിടിപ്പിച്ചതെന്നു മനസ്സിലാക്കി. കവിതയുടെ തെറ്റായ അറ്റത്ത് എപ്പോഴും തീ കൊളുത്തുന്ന കവിയാണു ഒളപ്പമെണ്ണ. എങ്കിലും അദ്ദേഹം സര്‍ഗ്ഗാത്മകത്വത്തിന്റെ തീ കൊളുത്തുന്നതു ശരിയായ സ്ഥലത്തുതന്നെയാണെന്ന് അദ്ദേഹത്തിന്റെ കൂട്ടുകാര്‍ പറയുന്നു. പറഞ്ഞുകൊള്ളട്ടെ. എന്നാല്‍ മാതൃഭൂമി ഓണപ്പതിപ്പില്‍ അദ്ദേഹമെഴുതിയ “ഓണപ്പടി” എന്ന കാവ്യം ഫില്‍റ്ററില്‍ തീ പിടിപ്പിച്ചതിനു ശേഷമുള്ള ആഞ്ഞാഞ്ഞു വലിക്കലാണെന്നു ഞാന്‍ കരുതുന്നു. കവി ചുമയ്ക്കുന്നതു ഞാന്‍ കേള്‍ക്കുന്നു. കരിഞ്ഞ നാറ്റമുള്ള പുക ഉൾക്കൊൻട് ഞാനും ചുമയ്ക്കുന്നു. പക്ഷേ പാതത്തിന്റെ രോഗമില്ലാത്ത, നിഷ്പക്ഷതയുടെ ആരോഗ്യമുള്ള മറ്റു സഹൃദയരും ചുമയ്ക്കും. ഓണത്തിനു പച്ചക്കറി വില്പനക്കാരന് വാഴയ്ക്ക തുടങ്ങിയവ കൈവണ്ടിയില്‍ കയറ്റി വരുന്നു. ഒരു ഗൃഹനായിക അല്പമെന്തോ വാങ്ങിക്കൊണ്ട് ഭവനത്തിന്റെ അകത്തേക്കു പോകുന്നു. അതും കടമായിട്ട്, പച്ചക്കറി വേവുന്നു.തിരുവോണം തന്നെ വേവുന്നു. ലോകമാകെ വേവുന്നു. കടമായി എടുത്തതാണ് വില്പനക്കാരന്റെ കൈവണ്ടി. അതില്‍ വച്ച പച്ചക്കറികളും അവന് കടമായി വാങ്ങിയതാണ്. ഗൃഹനായിക കടക്കാരി. വില്പനക്കാരന് കടക്കാരന്.. ഈ ലോകത്ത് എല്ലാം കടം തന്നെ. എങ്കിലും പ്രത്യാശയാല്‍ വില്പനക്കാരന് വണ്ടിയുന്തി നീങ്ങുന്നു. അകലെ നിന്ന് അവന് വാഴയ്ക്ക, ചേന എന്നു വിളിക്കുന്നത് മറ്റുള്ളവര്‍ക്ക് കേള്‍ക്കാം. വിരസമായ, ഭാവനാദാരിദ്രമായ സമൂഹവിമര്ശനമല്ലാതെ ഈ കാവ്യാഭ്യാസത്തില് ഒന്നുമില്ല. സമുദായത്തിന്റെ ജീര്‍ണ്ണതയെ ഉത്കടവികാരമാക്കി മാറ്റി അതിനെ സാന്മാര്ഗ്ഗികാശയങ്ങളോടുകൂടി കൂട്ടിയിണക്കി ബിംബങ്ങളിലൂടെ ആവിഷ്കരിക്കാന്‍ ഒളപ്പമെണ്ണയ്ക്ക് അറിഞ്ഞുകൂടാ. അദ്ദേഹം വെറുതെ ‘സ്റ്റേയ്റ്റ്മെന്റ്സ്’ നടത്തുകയാണ്. വിരസങ്ങളായ പ്രസ്താവങ്ങള്‍ ഞാന്‍ ഇതെഴുതുന്ന ദിനം വരെ കവിതയായി അറിയപ്പെട്ടിരുന്നില്ല. നക്ഷത്രങ്ങളെ നോക്കി രസിക്കാം. അവയുടെ നേര്‍ക്കു കുട്ടികളെപ്പോലെ കല്ലെറിയരുത്.
എന്‍. മോഹനന്
വടക്കേയിന്ത്യയിലെ ഒരു മഠം. ഏതുമഠം ഏതുമതക്കാരുടെ എന്നൊന്നും ഞാന്‍ പറയുകയില്ല. അത് മതവികാരങ്ങളെ ക്ഷതപ്പെടുത്തും. ശില്പകലയുടെ പാരമ്യം ഞാന്‍ ആ സൗധത്തില്‍ കണ്ടു. വാസ്തുവിദ്യയില്‍ അഭിജ്ഞരായ ആളുകളുടെ പ്രാഗല്ഭ്യമാകെ ഞാനവിടെ ദര്‍ശിച്ചു. അതുവഴി കാറില്‍പോകുകയായിരുന്ന ഞാന്‍ ഡ്രൈവറോടു അപേക്ഷിച്ചു വാഹനമൊന്നു നിറുത്താന്‍. ഞാന്‍ കാറില്‍ നിന്നിറങ്ങി ആ മഠത്തിന്റെ സൗന്ദര്യമാസ്വദിച്ചുകൊണ്ടു കുറച്ചു നേരം റോഡില്‍ നിന്നു. കാറ് വരുന്നതിന്റെ ശബ്ദം കേട്ടിട്ടാവാം മഠത്തിനുള്ളില്‍ കഴിയുന്ന വ്യക്തികളില്‍ ഒരാള്‍ മുന്‍വശത്തുള്ള പൂന്തോട്ടത്തിലേക്കു വന്നു. (വന്നയാള്‍ സ്ത്രീയോ പുരുഷനോ എന്നു ഞാന്‍ പറയുന്നില്ല) ആ വ്യക്തി എന്നെ നോക്കിയില്ല. എങ്കിലും ആ മുഖത്ത് ലോകത്തിന്റെയാകെയുള്ള ദൈന്യം എനിക്കു കാണാന്‍ കഴിഞ്ഞു.“നോക്കു നിങ്ങള്‍ കാറില്‍ സഞ്ചരിച്ച് ജീവിതസുഖങ്ങളാകെ നുകര്‍ന്ന് ആഹ്ളാദിക്കുന്നു. ഞാനും എന്നെപ്പോലെയുള്ള മററനേകം പേരും ഈ കന്മതിലിനുള്ളില് ജീവിതം പാഴാക്കുന്നു. ഞങ്ങള്‍ക്കു സ്വപ്നങ്ങളില്ല. ചിട്ടയനുസരിച്ചുള്ള ജീവിതം. റ്റെംറ്റേബിളനുസരിച്ചുള്ള ആഹാരം.കാരഗൃഹജീവിതമാണ് ഞങ്ങളുടേത്. ഞങ്ങള്‍ കടല്‍ കണ്ടിട്ടില്ല. സിനിമ കാണുന്നില്ല. ആരെയും സ്നേഹിച്ചിട്ടില്ല. സ്നേഹത്തോടെ ഞങ്ങളെയാരും നോക്കുന്നുല്ല. ഞങ്ങള്‍ മനുഷ്യവംശത്തില്പെട്ടവരാണോ? അതോ മൃഗങ്ങളാ?” ആ വ്യക്തിയുടെ ഈ ചിന്തകള്‍ ഞാന്‍ മനസ്സിലാക്കിയിട്ടെന്നപോലെ ആ ആള് അകത്തേക്കു പോയി. എന്റെ മനസ്സുമാറി. അതോടെ വാസ്തുവിദ്യയുടെ മനോഹാരിത അപ്രത്യക്ഷമായി. ശില്പകലയുടെ ഭംഗി അന്തര്‍ദ്ധാനം ചെയ്തു. ഹായ് എന്തൊരു വൈരൂപ്യമാണ് ആ മഠത്തിന്. അല്പം മുന്‍പ് നയനാനന്ദകരമായി എനിക്കു തോന്നിയ അവിടത്തെ പ്രകൃതിയും ഭയജനകമായി.
എന്‍. മോഹനന്റെ “മറിയക്കുട്ടി” പ്രഥമദര്‍ശനത്തില്‍ മനസ്സു കവരുന്ന ശില്പമാണ്. (മാതൃഭൂമി ഓണപ്പതിപ്പിലെ നീണ്ടകഥ) പക്ഷേ അതിലെ കഥാപാത്രങ്ങളായ മറിയക്കുട്ടിയും ജയദേവനും പുരോഹിതനും നമ്മളോടു നേരിട്ടു സംസാരിക്കാതെ തങ്ങളുടെ ദൈന്യം വിളിച്ചോതുമ്പോള്‍ നമ്മള് അവര്‍ പാര്‍ക്കുന്ന മഠത്തെ വെറുക്കുന്നു. മനോഹാരിത മായുന്നു;പകരം വൈരൂപ്യം. പേഴ്സനലായ അനുഭവങ്ങള്‍ പറഞ്ഞ് സാഹിത്യകൃതിയെ അവയോടു കൂട്ടിയിണക്കുന്ന എന്റെ രീതി വിട്ടിട്ടു സാക്ഷാല്‍ നിരൂപണത്തിലേക്കോ വിമര്‍ശനത്തിലേക്കോ വരട്ടെ.
സാഹിത്യകാരന്മാര് എപ്പോഴും കൈകാര്യം ചെയ്യുന്നത് മരണം, പ്രേമം, സൗന്ദര്യം, അനന്തത ഈ വിഷയങ്ങളാണല്ലോ. അനന്തതയില്‍ മനുഷ്യനുള്ള സ്ഥാനം കുമാരാശന്റെ ‘വീണപൂ’ വും നാലപ്പാടന്റെ കണ്ണീര്‍ത്തുള്ളിയും സ്ഫൂടീകരിക്കുന്നു. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന ചെറുകഥ വിശാലമായ അര്‍ത്ഥത്തില്‍ മരണം പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ ‘ചെമ്മീനി’ല്‍ പ്രേമവും മരണവുമാണ് പ്രതിപാദ്യം. മോഹനന്റെ കഥയില്‍ മുകളില്‍പ്പറഞ്ഞ നാലംശങ്ങളൂണ്ട്. “ഹൈറേഞ്ചിന്റെ ഉച്ചിയില്‍” ഉള്ള ഒരു കലാലയത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കാനെത്തിയ ഒരു യുവാവ് അയാളെക്കാള്‍ പ്രായംകൂടിയ ഇംഗ്ലീഷധ്യാപികയെ സ്നേഹിക്കുന്നു. അവള്‍ക്കും അയാളോടു സ്നേഹം.
“മാന്യന്മാരെ എങ്ങനെ അറിയാം?” “കുത്തുവാക്കുകള്‍ പറഞ്ഞു നിങ്ങള്‍ക്കു അസ്വസ്ഥതയുളവാകുന്നവന് മാന്യനല്ല. നിങ്ങള്‍ അതേ നാണയത്തില്‍ തിരിച്ചു കൊടുക്കുന്നില്ലെങ്കില്‍ നിങ്ങള്‍ മാന്യനാണ്.”
പക്ഷേ അവള് വിദേശത്തു പോയ മറ്റൊരാളെ കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പും പ്രായക്കൂടുതലും വിജാതീയതയുംകൊണ്ട് അവള് അധ്യാപകന്റെ യഥാര്‍ത്ഥമായ പ്രേമത്തെ ബാഹ്യമായി നിരാകരിക്കുന്നു. നിരാശതയാല് അയാള്‍ അവിടം വിട്ടുപോയി. മത്സരപ്പരീക്ഷയില്‍ ജയിച്ച് വേറൊരു സുന്ദരിയെ വിവാഹം കഴിച്ച് സര്‍ക്കാര്‍ സെക്രട്ടറിയായി വിരാജിക്കുന്നു ജയദേവന്. വര്‍ഷങ്ങള്‍ കഴിഞ്ഞ് താന്‍ നവയുവാവായിരിക്കെ ജോലിചെയ്ത കലാലയത്തിലെത്തുന്നു അയാള്‍. പൂര്‍വകാമുകി — മറിയക്കുട്ടി — ഗര്‍ഭാശയത്തിലെ അര്‍ബ്ബുദം പിടിച്ച് മരിച്ചുപോയിയെന്ന് അയാള്‍ പുരോഹിതനില്‍ നിന്ന് അറിയുന്നു. അവളുടെ ശവക്കുഴിയില്‍ പോകാന്‍പോലും അയാള്‍ക്കു വയ്യ. സുന്ദരിയായ ഭാര്യ തെല്ലകലെ നില്ക്കുന്നു. അവളെക്കണ്ടു പുരോഹിതനുള്‍പ്പെടെയുള്ളവര്‍ അദ്ഭുതപ്പെടുന്നു. അവള്‍ക്കു മറിയക്കുട്ടിയുടെ ഛായ. മറിയക്കുട്ടിയുടെ സൗന്ദര്യം.“സ്നേഹത്തിനു ജന്മാന്തരങ്ങളില്‍ ആവര്‍ത്തനമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അപ്പോള്‍ വീണ്ടും വരാം. ..കാണാം” എന്നു പണ്ടു മറിയക്കുട്ടി പറഞ്ഞത് ഇരുപതുവയാസായ ആള് ഒരു മണിക്കൂര്‍ പ്രസംഗിച്ചാല്‍ ആളുകള്‍ അയാളെ കൂവിയിരുത്തും. എഴുപതുവയസ്സുള്ളവന് രണ്ടു മണിക്കൂര്‍ പ്രസംഗിച്ചാല്‍ അവര്‍ മിണ്ടുകയില്ല. നമ്മുടെ നാട്ടില്‍ അറുപതു വയസ്സു കഴിയുന്ന ഏതു പദ്യകര്‍ത്താവും മഹാകവിയാണ്. എന്നാല്‍ യുവാവായിരിക്കെ മരിച്ചുപോയ കുഞ്ചുപിള്ള ജീവിച്ചിരുന്നെങ്കില്‍ വളരെവേഗം മഹാകവിയാകുമായിരുന്നു എന്ന സത്യം ആരോര്‍മ്മിക്കുന്നു? സെക്രട്ടറി ഓര്‍മ്മിച്ചു. ഇതാണ് അനന്തത. മരണം, പ്രേമം, പ്രേമഭംഗം അനന്തത ഇവയ്ക്കു കൂട്ടെന്നപോലെ പ്രകൃതിയുടെ സൗന്ദര്യവും. എല്ലാമായി. എങ്കിലും ഉത്കൃഷ്ടമായ കലയുടെ ഉദാത്തത ഇതിനു ലഭിക്കാതെ പോയത് എന്തുകൊണ്ട്? ആത്മാവിന്റെ സങ്കീര്‍ണ്ണത ആവിഷ്കരിക്കാനോ ദാര്‍ശനികതലത്തിന്റെ പ്രൗഢത പ്രതിപാദിക്കാനോ മോഹനന്റെ അതിരുകടന്ന റൊമാന്റിസം സമ്മതിക്കുന്നുല്ല. പ്രേമത്തെയും പ്രേമഭംഗത്തെയും മരണത്തെയും നിസ്സാരങ്ങളാക്കിക്കൊണ്ടു സ്യൂഡോ-പൊയറ്റിക്കായ, പദസമൂഹംകൊണ്ടു നിര്‍മ്മിക്കുന്ന റൊമാന്റിസിസം പെരുവെള്ളപ്പാച്ചിലില്‍ നടത്തുന്നു എന്നതും കാരണമത്രേ. ഇടയ്ക്കു ഒരു രേഖയുണ്ട്. ആ രേഖയിലൂടെ മാത്രമേ സഞ്ചരിക്കാവൂ കലാകാരന്.. ഇപ്പുറത്തായിപ്പോയാല് യഥാര്‍ഥ്യത്തിന്റെ വൈരസ്യം. അപ്പുറത്തായിപ്പോയാല് റൊമാന്റിസത്തിന്റെ അവാസ്തവികത. ഈ അവാസ്തികതയില് ആവോളം അഭിരമിക്കുന്നതുകൊണ്ട് മോഹനന്റെ ഈ രചന വെറും ‘സെന്റിമെന്റാലിറ്റി’ യായി മാറിയിരിക്കുന്നു. അതിനാല്‍ പ്രഥമദര്ശനത്തിലുണ്ടാകുന്ന സൗന്ദര്യാനുഭൂതി പിന്നീടു വൈരൂപ്യാനുഭൂതിയായി പരിവര്‍ത്തനം ചെയ്യുന്നു. Wordy, over elaborate, showy. mawkish ഈ നാലു ഇംഗ്ലീഷ് പദങ്ങള്‍കൊണ്ട് ഞാന്‍ ഈ രചനയെ വിശേഷിപ്പിക്കുന്നു. ഇത്തരം ‘സെന്റിമെന്റല്‍ സ്റ്റഫി’ന്റെ കാലം കഴിഞ്ഞുവെന്നു മോഹനനെ വിനയപൂര്‍വം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
നിരീക്ഷണങ്ങള്‍
Edward Arnold (A division of Hodder and Stoughton) പ്രസാധനം, ചെയ്ത Carribbean Poetry Now എന്ന കാവ്യസമാഹാരഗ്രന്ഥത്തില്‍ (വില GBP 5.99) Edward Baugh രചിച്ച Truth and Consequences എന്നൊരു മനോഹരമായ കാവ്യമുണ്ട്. “ജനക്കൂട്ടം അയാളുടെ നേര്‍ക്കു തിരിഞ്ഞപ്പോള്‍ അയാള്‍ ആക്രന്ദനം ചെയ്തു. ‘നിങ്ങള്‍ അന്വേഷിക്കുന്ന ആള് ഞാനല്ല. ഞാന്‍ സിന്ന എന്ന കവിയാണ്. ഞാന്‍ രാഷ്രീയത്തില്‍ തലയിട്ടതേയില്ല’ ജനക്കൂട്ടത്തിന് അതിലും നന്നായി അറിയാമായിരുന്നു. അവര്‍ അയാളുടെ നേര്‍ക്ക് ആക്രോശിച്ചു: ‘എന്നാല്‍ അവനെ കിറൂ. അവന്റെ ദുഷ്ക്കവിതകളെ കരുതി കീറൂ’ അപ്പോഴാണ് അയാള്‍ വൈകി അറിഞ്ഞത് സാഹിത്യം മാത്രം (only literature)എന്നൊന്ന് ഇല്ലെന്ന്. ഓരോ വരിയും നിങ്ങള്‍ക്കു പ്രതിബദ്ധതയുണ്ടാക്കുന്നു. മരിച്ചു എന്നു നിങ്ങള്‍ സങ്കല്പിച്ചവര് എഴുന്നേറ്റു വന്നു നിങ്ങളെ കുറ്റപ്പെടുത്തും.” ഇനിയുള്ള ഭാഗം കവിയുടെ വാക്യത്തില്തന്നെയാകട്ടെ.
And if you plead
You never meant them-
then feel responsibility
break on you in a sudden sweat
as the beast bears down.
രാഷ്ട്രവ്യവഹാരത്തില്നിന്ന് ഒരു കവിക്കും ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നാണ് ഈ കാരീബിയന്‍ കവിയുടെ മതം. ഉപജാപകരിലൊരാളാണ് സിന്നയെന്നു വിചാരിച്ചു സീസറിന്റെ കാലത്തെ ജനത അയാളെ കീറിച്ചിതറാന് ചെന്നു. താന്‍ ഉപജാപകനായ സിന്നയല്ല കവിയായ സിന്നയാണ് എന്നു പറഞ്ഞിട്ടും അയാള്‍ക്കു രക്ഷ കിട്ടിയില്ല. ചീത്തക്കവിത എന്നതിന്റെ പേരില്‍ കൊല്ലാനാണ് ജനത ആക്രോശിച്ചത്. കവിത നല്ലതായാലും ചീത്തയായാലും രാഷ്ട്രവ്യവഹാരത്തെസംബന്ധിയായി പ്രതിബദ്ധതയുള്ളതായിരിക്കും എന്നു സൂചന. രാഷ്ട്രവ്യവഹാരത്തെസംബന്ധിച്ചതും പ്രതിബദ്ധതയുള്ളതുമായ കവിത കുപ്രസിദ്ധമായ വിധത്തില്‍ ചീത്തക്കവിതയായിരിക്കുമെന്നു ക്രോചെ പറഞ്ഞിട്ടുണ്ടെങ്കിലും ആ പ്രതിബദ്ധത കൂടിയേതീരു എന്ന് അനുശാസിക്കുന്ന ഈ കാരീബിയന്‍ കവിതയ്ക്ക് ആവിഷ്കാര ചാരുതയുണ്ട്.
2.Jean Goulbourne എന്ന കവയിത്രി Sunday Crosses എന്നൊരു കാവ്യമെഴുതിയിട്ടുണ്ട്. “റസ്റ്റമാന്‍ ഞായറാഴ്ചദിവസം വാതില്ക്കല് വന്ന് ‘ചൂല്’ എന്നു പറഞ്ഞു. ചൂടു വളരെക്കൂടിയ സൂര്യന്. വാതില്‍ കരിഞ്ഞു ധൂമ്രവര്ണ്ണമായിരുന്നു. ഞായറാഴ്ചസൂര്യന്റെ പ്രചണ്ഡമായ ചൂടില്‍ പുല്ല് ചാരനിറമാര്ന്നിരുന്നു…വിശപ്പ് മണിനാദമുയര്ത്തിപ്പോള് റസ്റ്റമാന്‍ സൂര്യന്വേവിച്ചു ധ്രൂമവര്ണ്ണമാക്കിയ വാതിൽക്കൽ വന്ന് ’ചൂൽ’ എന്നു പറഞ്ഞു. പ്രതീക്ഷ വാതിൽ തുറന്നു. ധൂമ്രവർണ്ണമുള്ള മനുഷ്യന്. ചുരുണ്ട മുടിയുള്ളവന്, പട്ടണത്തിലെ എല്ലാ ബാങ്കുകളിലും വന്‍ തുകകള്‍ ഇട്ടിട്ടുള്ളവര്‍ തല വെളിയിലേക്കിട്ടു. വിയര്‍പ്പുണ്ടാക്കുന്ന ഞായറാച്ഴസൂര്യന് ചുള്ളിച്ചുകളഞ്ഞ മൂക്കോടുകുടി ‘ചൂല് വേണ്ട’ എന്നു പറഞ്ഞു. വാതിലടഞ്ഞു. സൂര്യന് അസ്തമിച്ചു. പുല്ല് കൂടുതല്‍ ചാരനിറമാര്‍ന്നു. ഇരുണ്ട മേഘങ്ങള്‍ കൂടുതല്‍ നിറംമങ്ങി. ധ്രൂമവര്ണ്ണമുള്ള മുഖത്തിന്റെ ശൂന്യതയാണ് ഗൃഹനായകന്. സഹതാപരഹിതമായ, നിഷ്പ്രയോജനമായ മുഖമാണ് അയാള്‍ക്ക്. ചൂല് വില്പനക്കാരന് അയാളുടെ ആ മുഖത്തുനോക്കി തേങ്ങി. അഭിമാനിയായ അയാള്‍ ഓടയുടെ അടുത്തുകൂടെ നീങ്ങി. ഒന്നിലും വിജയം പ്രാപിക്കാത്ത മകനെ വളര്‍ത്തിക്കൊണ്ടു വരുന്ന ഭാര്യ കാത്തിരുന്നു; അവളുടെ അടുത്തേക്ക്. “ഇനി കവിവചനം [He] moves slowly cross concrete on a Sunday full of Crosses and calls ‘Broom’” ചൂലു വില്പനക്കാരന്റെ ‘ചൂല്’ എന്ന വിളി ഉയരുന്നത് ജമേക്കയില്നിന്ന് (Jamaica).പക്ഷേ ഞാനത് ഇവിടെയിരുന്നു കേള്‍ക്കുന്നു, കവിതയുടെ ശക്തികൊണ്ട്.
വായനക്കാര്‍ ചോദിക്കും ഇതുതന്നെയല്ലേ ഒളപ്പമെണ്ണയുടെ ‘ഓണപ്പടി’ യെന്ന്. അല്ലെന്ന് എന്റെ ഉത്തരം.രണ്ടിനുമുള്ള സാദൃശ്യം ആകസ്മികമെന്നോ യാദൃച്ഛികമെന്നോ കരുതിയാല്‍ മതി. മാത്രമല്ല ഒളപ്പമെണ്ണ മഹാകവിയല്ലേ? അദ്ദേഹത്തിന് കാവ്യവിഷയം തേടി ജമേക്കവരെ പോകേണ്ടതുണ്ടോ? അതും. ഒരു പെണ്ണിന്റെ കവിത! അദ്ദേഹത്തിന് അതു സ്വായത്തമാക്കേണ്ട ഒരാവശ്യകതയുമില്ല. ഒരു വ്യത്യാസം മാത്രം ചൂണ്ടിക്കാണിക്കാം. ഒളപ്പമെണ്ണയുടേതു കവിതയല്ല. ജമേക്കാക്കാരിയുടേത് ഒന്നാന്തരം കവിത.
[1950-ല്‍ ജമേക്കയില്‍ ആരംഭിച്ച റസ്റ്റഫറിയാനിസം അംഗീകരിച്ച ആള് സ്റ്റെമാന്. കറുത്ത വര്‍ഗ്ഗക്കാരാണ് ‘ഈശ്വരനാല്‍ അംഗീകരിക്കപ്പെട്ട ആളുകള്‍. എതിയോപ്പിയയാണ് വാഗ്ദത്ത ഭൂമി, ചക്രവര്‍ത്തിയായിരുന്ന Halie Selassie-യെ 1926 തൊട്ടു 1930 വരെ Ras Tafari എന്ന പേരിലാണ് അറിഞ്ഞിരുന്നത്. ആ പേരില്‍നിന്നാണ് റസ്റ്റഫറിയാനിസം എന്ന ചിന്താഗതി വന്നത്. ചൂല് വില്പനക്കാരന് റസ്റ്റമാന്‍ ആണെന്നു കവിയത്രി.]
ഒ.എന്‍.വി. കുറുപ്പ്
റൊമാന്റിസത്തിനും യഥാര്‍ഥ്യത്തിനും ഇടയ്ക്കുള്ള ഒരു രേഖയുണ്ട്. ആ രേഖയിലൂടെ മാത്രമേ സഞ്ചരിക്കാവൂ കലാകാരന്. ഇപ്പുറത്തായിപ്പോയാല് യഥാതഥ്യത്തിന്റെ വൈരസ്യം. അപ്പുറത്തായിപ്പോയാല് റൊമാന്റിസസത്തിന്റെ അവാസ്തികത.
സുന്ദരി പുഞ്ചിരിപൊഴിക്കുന്നത് മനോഹരമായ കാഴ്ചയാണ്. എന്നാല്‍ സുതാര്യമായ മുഖാവരണത്തിലൂടെയാണ് ആ പുഞ്ചിരി നമ്മള് കാണുന്നതെങ്കില്‍ അതിന് മനോഹാരിത കൂടും. കലയുടെ ലോലലോലമായ മുഖാവരണത്തിലൂടെ ഒ.എന്‍.വി. കുറുപ്പിന്റെ കവിതാകാമിനി പുഞ്ചിരിയിടുന്നു. (കേരളകൗമുദി ഓണപ്പതിപ്പില്‍ അദ്ദേഹമെഴുതിയ ‘ആസ്പത്രിയില്‍’ എന്ന കാവ്യം.) കാരുണ്യം, സ്നേഹം ഈ വികാരങ്ങളിലൂടെ അദ്ദേഹം മരണത്തിന്റെ മണ്ഡലത്തിലേക്കു പ്രവേശിക്കുകയും അവിടെനിന്ന് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മണ്ഡലത്തിലേക്കു തിരിച്ചുവരികയും ചെയ്യുന്നു. കവി ആ യാത്ര നിര്‍വഹിക്കുമ്പോള്‍ അനുവാചകരായ നമ്മളെയും കൂട്ടിക്കൊണ്ടു പോകുന്നു. ഫലമോ? നമ്മുടെ മനുഷ്യത്വം ഉണരുന്നു; അതു കൂടുതല്‍ ഉജ്ജ്വലമാകുന്നു. നല്ല കവിക്ക് ഇതില്‍ക്കൂടുതലായി ഒന്നും അനുഷ്ഠിക്കാനില്ലല്ലോ.
ആശുപത്രിയില്‍ രോഗംപിടിച്ചു കിടക്കുന്ന കുഞ്ഞ് കാവ്യത്തിലെ കഥാപാത്രത്തെക്കണ്ട് ‘അങ്കിള്‍’ എന്നു വിളിക്കുന്നു. അവള് മരിച്ചു കഴിഞ്ഞപ്പോള്‍ ആ വിളി അദ്ദേഹത്തെ അനുധാവനം ചെയ്തുകൊണ്ടിരുന്നു. ആ മനുഷ്യന് എന്തു ചെയ്യാന്‍ കഴിയും? നിരര്‍ത്ഥകമായ ഒരു വാക്യം മാത്രമേ അദ്ദേഹത്തിന്റെ നാവില്‍നിന്ന് ഉതിര്‍ന്നു വീഴുന്നുള്ളു “നിന്നാത്മാവിനു നന്ദി”. ധ്യാനാത്മകസ്വഭാവമാര്ന്നതാണ് ഒ. എന്‍. വി. യുടെ ഈ കാവ്യം. എന്നാലത് ഉദ്ബോധനാത്മകമല്ല. കവിതയ്ക്ക് ഉദ്ബോധനാംശം പാടില്ലെന്നാണ് എന്റെ വിചാരം. വേണമെങ്കില്‍ സെന്റിമെന്റല്‍ എന്നു വിളിക്കാവുന്ന ഒരു വികാരത്തെ ഹൃദയത്തിന്റെ അടിത്തട്ടോളം കൊണ്ടുചെന്നിട്ട് അവിടത്തെ അഗാധതന്ത്രികളെ സ്പന്ദിപ്പിക്കാന്‍ കവിക്കു കഴിയുന്നു. അതോടെ സെന്റിമെന്റ് ഉദാത്തവികാരമായി മാറുന്നു.
ഒരു പടിഞ്ഞാറന്‍ നേരമ്പോക്ക്. പുതിയ ജഡ്ജിയുടെ മുന്‍പില്‍നിന്ന് അവള് യാചിച്ചു കടുത്തശിക്ഷ നല്കരുതേയെന്ന്. ജഡ്ജിക്ക് അതുകേട്ടു ദുഃഖമുണ്ടായി. അദ്ദേഹം തല്കാലത്തേക്കു കോടതി നിറുത്തിയിട്ട് സീനിയര്‍ ജഡ്ജിയുടെ അടുത്തുചെന്നു ചോദിച്ചു: “അറുപതുവയസ്സായ ഒരു വേശ്യയ്ക്ക് അങ്ങ് എന്തു കൊടുക്കും?” അദ്ദേഹം മറുപടി പറഞ്ഞു: “പത്തു ഡോളര്‍.” പ്രായമനുസരിച്ചാണല്ലോ എവിടെയും നല്കല്. ഇരുപതു വയസ്സായ ആള് ഒരുമണിക്കൂര്‍ പ്രസംഗിച്ചാല്‍ ആളുകള്‍ അയാളെ കൂവിയിരുത്തും. എഴുപതു വയസ്സുള്ളവന് രണ്ടു മണിക്കൂര്‍ പ്രസംഗിച്ചാല്‍ അവര്‍ മിണ്ടുകയില്ല. നമ്മുടെ നാട്ടില്‍ അറുപതു വയസ്സു കഴിയുന്ന ഏതു പദ്യകര്‍ത്താവും മഹാകവിയാണ്. എന്നാല്‍ യുവാവായിരിക്കെ മരിച്ചുപോയ കുഞ്ചുപിള്ള ജീവിച്ചിരുന്നെങ്കില്‍ വളരെവേഗം മഹാകവിയാകുമായിരുന്നു എന്ന സത്യം ആരോര്‍മ്മിക്കുന്നു?
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||
