close
Sayahna Sayahna
Search

Difference between revisions of "സാഹിത്യവാരഫലം 1985 07 07"


 
Line 77: Line 77:
 
1946. വക്കം അബ്ദുൾ ഖാദർ എസ്.കെ. പൊറ്റക്കാടുമായി ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ വന്നു. “ദ ഗ്രേറ്റ് പൊറ്റക്കാട്” എന്ന് അബ്ദുൾ ഖാദർ പരിചയപ്പെടുത്തി. “ഞാനൊരു പാവപ്പെട്ട സാഹിത്യകാരൻ” എന്നു പൊറ്റക്കാട് പറഞ്ഞു. “പാവപ്പെട്ട” എന്ന വിശേഷണം മറ്റൊരർത്ഥത്തിലാവാം അദ്ദേഹം പ്രയോഗിച്ചത്. സിൽക്ക് കോട്ട്, സിൽക്ക് ഷർട്ട്, സിൽക്ക് ട്രൗസേഴ്സ് ഇങ്ങനെ പട്ടിൽ പൊതിഞ്ഞായിരുന്നു പൊറ്റക്കാടിന്റെ നില. സന്മാർഗ്ഗത്തേയും കലയുടെ കഞ്ചുകമണിയിപ്പിച്ച് പ്രത്യക്ഷമാക്കിയ പൊറ്റക്കാട് സിൽക്കിൽ പൊതിഞ്ഞു നിന്നതിൽ എനിക്ക് അത്ഭുതം തോന്നിയില്ല.
 
1946. വക്കം അബ്ദുൾ ഖാദർ എസ്.കെ. പൊറ്റക്കാടുമായി ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ വന്നു. “ദ ഗ്രേറ്റ് പൊറ്റക്കാട്” എന്ന് അബ്ദുൾ ഖാദർ പരിചയപ്പെടുത്തി. “ഞാനൊരു പാവപ്പെട്ട സാഹിത്യകാരൻ” എന്നു പൊറ്റക്കാട് പറഞ്ഞു. “പാവപ്പെട്ട” എന്ന വിശേഷണം മറ്റൊരർത്ഥത്തിലാവാം അദ്ദേഹം പ്രയോഗിച്ചത്. സിൽക്ക് കോട്ട്, സിൽക്ക് ഷർട്ട്, സിൽക്ക് ട്രൗസേഴ്സ് ഇങ്ങനെ പട്ടിൽ പൊതിഞ്ഞായിരുന്നു പൊറ്റക്കാടിന്റെ നില. സന്മാർഗ്ഗത്തേയും കലയുടെ കഞ്ചുകമണിയിപ്പിച്ച് പ്രത്യക്ഷമാക്കിയ പൊറ്റക്കാട് സിൽക്കിൽ പൊതിഞ്ഞു നിന്നതിൽ എനിക്ക് അത്ഭുതം തോന്നിയില്ല.
 
{{MKN/SV}}
 
{{MKN/SV}}
{MKN/Works}}
+
{{MKN/Works}}

Revision as of 10:51, 24 July 2014

സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 07 07
ലക്കം 512
മുൻലക്കം 1985 06 30
പിൻലക്കം 1985 07 14
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

‘നിങ്ങളുടെ സ്നേഹിതൻ ആരാണെന്ന് എന്നോട് പറയൂ, നിങ്ങൾ ആരാണെന്നു ഞാൻ പറയാം’ എന്നത് പഴഞ്ചൊല്ലാണ്. ‘നിങ്ങൾ ആരോടൊരുമുച്ചു പോകുന്നുവെന്ന് എന്നോടു പറയൂ, നിങ്ങൾ എന്തു ചെയ്യുമെന്ന് ഞാൻ പറയാം.’ എന്ന പഴഞ്ചൊല്ല് ഇതിന്റെ വേറൊരു രൂപമാണ്. ‘നിങ്ങൾ വായിക്കുന്ന പുസ്തകമെന്താണെന്ന് എന്നോടു പറയൂ, നിങ്ങളാരണെന്നു ഞാൻ പറയാം’ എന്നതും ഇപ്പറഞ്ഞ ചൊല്ലുകളുടെ രൂപാന്തരമത്രേ. എന്നാൽ ‘ നിങ്ങളുടെ വീട്ടിന്റെ സ്വഭാവം എന്തെന്ന് എന്നെ അറിയിക്കൂ, നിങ്ങൾ ആരാണെന്ന് ഞാൻ പറയാം’ എന്ന് ആരെങ്കിലും പ്രസ്താവിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് എന്റെ ഓർമ്മ. ഓർമ്മ തെറ്റാണെങ്കിലും സാരമില്ല. ഇതു ശരിതന്നെ. ചെന്നു കയറുമ്പോൾ ഇടുങ്ങിയ മുറി; വളരെ താണ മേൽത്തട്ട്; കൊച്ചു ജന്നലുകൾ; തലതട്ടുന്ന വിധത്തിലുള്ള വാതിലുകൾ ഇമ്മട്ടിലുള്ള ഭവനത്തിന്റെ ഉടമസ്ഥൻ സങ്കുചിതമനസ്സുള്ളവനാണെന്നതിൽ ഒരു സംശയവും വേണ്ട. വലിയ ധനികന്മാർ പോലും ഈ രീതിയിലുള്ള വീടുകൾ വച്ച് താമസിക്കാറുണ്ട്. അവർ അല്പത്വമാർന്ന മനസ്സുള്ളവരാണ്. എഞ്ചീനീയർ വരച്ച പ്ലാൻ അനുസരിച്ചല്ലേ കെട്ടിടം വച്ചത്? എന്ന ചോദ്യമുണ്ടാകാം. അപ്പോൾ ആ എഞ്ചിനീയറും പ്ലാൻ അംഗീകരിച്ച ഉടമസ്ഥരും ക്ഷുദ്രമനസ്കരാണെന്ന് ഉത്തരം. നിർമ്മാണവിദ്യാശില്പത്തോട് ബന്ധപ്പെട്ട സങ്കുചിതത്വം അയാളുടെ എല്ലാ പ്രവർത്തനങ്ങളിലും കാണും. മരസ്സാമാനങ്ങൾ ഉണ്ടാക്കേണ്ടിവന്നാൽ, കൊച്ചു കസേര, കൊച്ചുമേശ, കൊച്ചു ഷെൽഫ് ഇവയൊക്കെയായിരിക്കും അയാൾ ഉണ്ടാക്കിക്കുക. സംസാരിച്ചു നോക്കൂ അയാളോട്. ക്ഷുദ്രചിന്തകളേ അയാൾക്കുള്ളു എന്ന് നിങ്ങൾക്കു മനസ്സിലാക്കാം. ധനികരാണെങ്കിലും നിർമ്മാണവിദ്യാസംബന്ധിയായ ഈ അല്പത സാഹിത്യത്തിലും പ്രദർശിപ്പിക്കുന്നവർ പലരുണ്ട്. ചിലർക്കു മനുഷ്യനെ തൊഴിലാളിയായി വെട്ടിച്ചുരുക്കിയാലേ സ്വസ്ഥതയുള്ളൂ. വേറെ ചിലർ മുതലാളിയായി മാത്രമേ മനുഷ്യനെ കണൂ. സ്ത്രീയെ കണ്ടാൽ വിരലുകൾ, കണങ്കാല്, മുളങ്കാല്, കാൽമുട്ട് എന്നിങ്ങനെ മേല്പോട്ടുമേല്പോട്ടു മാത്രം കണ്ണോടിച്ച് രസിക്കാനാണ്, വർണ്ണിക്കാനാണ് മറ്റു ചിലർക്കു കൗതുകം. “സർവത്ര വിശദാംശങ്ങളും അടങ്ങിയതു മാത്രമേ താല്പര്യജനകമാകൂ” എന്ന് ഒരു മഹാൻ പറഞ്ഞത് ഇവർക്കു അംഗീകരിക്കാൻ വയ്യ. അംഗീകരിക്കണമെങ്കിൽ ഇവർ ജന്മനാ ഹൃദയവിശാലതയുള്ളവരായിരിക്കണമല്ലോ.

പൂവും മനുഷ്യനും

തെല്ലകലെ വിടർന്നു നില്ക്കുന്ന റോസാപ്പൂവിനെ കാണുമ്പോൾ അതിന്റെ ജീവിതവും എന്റെ ജീവിതവും ഒന്നായി തീരുന്നു. എന്റെ ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടെന്ന് എനിക്കു തൊന്നുന്നുവെങ്കിൽ അതിനു കാരണം ആ പുഷ്പമാണ്. അങ്ങനെ ഞാനും റോസാപ്പൂവും ഒന്നായി നില്ക്കുമ്പോൾ ശാസ്ത്രം അല്ലെങ്കിൽ പ്രജ്ഞ കടന്നുവരുന്നു. അത് എന്നോട് പറയുന്നു. ‘ചെടിയുടെ ഉല്പാദനകൃത്യത്തിനു സഹായിക്കുന്നത് പൂവാണ്. അതിനു പെറ്റൽ, സ്റ്റേമൻ, പിസ്റ്റിൽ ഇവയൊക്കെ ഉണ്ട്. പിസ്റ്റിൽ ഇല്ലാത്ത പൂക്കളുണ്ട്. അവയെ സ്റ്റേമിനേറ്റ് എന്നാണ് പറയുക.’ ഇങ്ങനെ പലതും. കണ്ണിനെക്കുറിച്ച് അതു വീണ്ടും പറയുന്നു: ‘ഐറിസ്, കോർണിയ, ലെൻസ് ഇതെല്ലാം കണ്ണിന്റെ ഭാഗമാണ്. രോഗം കൊണ്ടോ, അപകടം കൊണ്ടോ ക്ഷതം പറ്റിയ കോർണിയ മാറ്റിവയ്ക്കാം’, ഇത്യാദി. പ്രജ്ഞയുടെ ഈ ഉദീരണങ്ങൾ കേട്ടതോടെ എന്റെ ആഹ്ലാദാനുഭൂതി നശിക്കുന്നു. പുഷ്പം ഒരു നിശ്ചേതന വസ്തുവായി മാറുന്നു; എന്റെ കണ്ണും. ആയിരമായിരം വർഷങ്ങളായി മനുഷ്യനും പൂവിനും തമ്മിലുണ്ടായിരുന്ന ബന്ധത്തെ പ്രജ്ഞ തകർക്കുന്നു. ജി. അശോക്‌കുമാർ കർത്താവിന്റെ ‘സ്മാരകം’ എന്ന ചെറുകഥയും എ. അയ്യപ്പന്റെ ‘വാതിൽക്കുറിപ്പ്’ എന്ന കാവ്യവും ഈ ഐക്യം തകർക്കുന്ന നിശ്ചേതന ‘വസ്തു’ക്കളാണ്. അയ്യപ്പൻ ദുർഗ്രഹമായി എന്തോ ചിലത് എഴുതുന്നു. അശോക്‌കുമാർ കർത്താ ലളിതങ്ങളും കാവ്യാത്മകങ്ങളുമായ വാക്യങ്ങൾ ചേർത്തുവച്ച് ദുർഗ്രഹതയുടെ അന്ധകാരം സൃഷ്ടിക്കുന്നു. ഒരുത്തൻ ഒരു സ്മാരകമന്ദിരത്തിൽ ചെല്ലുന്നു. അവിടെ പല മുറികൾ. ഒരു പെണ്ണുമുണ്ട് അവിടെ. അവളുടെ ചേട്ടൻ വന്നു തീവണ്ടിയുടെ സമയം അറിയിക്കുമ്പോൾ കഥ പരിസമാപ്തിയിലെത്തുന്നു. ഈ ഖണ്ഡികയുടെ തുടക്കത്തിൽ സൂചിപ്പിച്ച ഐക്യം — പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഐക്യം — സ്പഷ്ടമാക്കുന്നതാണ് പ്രതിരൂപാത്മകത്വം. അതിനു ഖണ്ഡമയത്വം (fragmentation) വരുത്തുമ്പോൾ കലാവസ്തുവും സഹൃദയനും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നു. അയ്യപ്പന്റെയും അശോക്‌കുമാർ കർത്തായുടെയും രചനകൾ നിഷ്പ്രയോജനങ്ങളാണ്.

* * *

“നിന്റെ കണ്ണുകളുയർത്തൂ; നിന്റെ സ്വപ്നമെന്താണെന്നു ഞാൻ കാണട്ടെ” എന്നു ഷെല്ലി എഴുതുമ്പോൾ ജീവിതം അതിന്റെ ചേതോഹരമായ രൂപത്തിൽ പ്രത്യക്ഷമാകുന്നു. ഇതാണ് കല.

ഉദ്ദേശ്യ ശുദ്ധിയാൽ

വാതിൽ തുറന്നിട്ടാൽ പട്ടി കയറിവരും. വാലു താഴ്ത്തി കാതരഭാവത്തിൽ കയറിവരുന്ന ഈ ശ്വാനൻ, ഞാൻ ദേഷ്യപ്പെട്ടു നോക്കിയപ്പോൾ നനഞ്ഞ ശരീരം കുടയുന്നു. ചെള്ളുകൾ തെറിപ്പിക്കുന്നു. നാറ്റം വ്യാപിപ്പിക്കുന്നു. ‘ഓളങ്ങൾ — ഒഴുക്കുകൾ’ എന്ന കഥാശ്വാനനാണ് മലർക്കെ തുറന്നിട്ട എന്റെ സഹൃദയത്വത്തിന്റെ ഭവനത്തിൽ കേറിവന്ന് ഉപദ്രവിക്കുന്നത്. പാരുഷ്യത്തോടെയാണ്, സജനമര്യാദ ലംഘിച്ചാണ് ഞാൻ എഴുതുന്നതെന്ന് മാന്യവായനക്കാർ കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ എന്റെ ഉദ്ദേശ്യ ശുദ്ധിയെ വിചാരിച്ച് ക്ഷമിക്കണം. ഇത്തരം കഥകളുടെ നേർക്ക് എത്ര കോരിചൊരിഞ്ഞാലും അത് അധികമാവുകയില്ല. കുത്സിതസാഹിത്യം സമുദായത്തെ അധഃപതിപ്പിക്കുമെന്ന് ഞാൻ പല പരിവൃത്തി എഴുതിയിട്ടുണ്ടല്ലോ. നമ്മുടെ ഇന്നത്തെ ജീർണ്ണതയ്ക്കുള്ള അനേകകാരണങ്ങളിൽ ഒന്ന് ഇത്തരം കഥകളുടെ ആവിർഭാവമാണ്. അമ്മായി അമ്മയുടെ ചാരിത്രശുദ്ധിയെ ചോദ്യം ചെയ്തതിന്റെ പേരിൽ മരുമക്കൾക്കു വീട്ടിൽ പോകേണ്ടി വരുന്നു. വിവാഹമോചനം വരെ അതെത്തുന്നു. സബ്ബ് രജിസ്ട്രാറുടെ ഓഫീസിൽ വച്ച് തെറ്റിദ്ധാരണകൾ ഇല്ലാതാവുന്നു. യഥാർത്ഥമായ നാനുഷികാനുഭവത്തെ അയഥാർത്ഥീകരിക്കുന്ന ഈ കഥയ്ക്ക് സാഹിത്യവുമായി ഒരു ബന്ധവുമില്ല (കഥ ദീപിക ആഴ്ചപ്പതിപ്പിൽ. എഴുതിയ ആൾ ഉഷാ. റ്റി. സാവിത്രി). തെരച്ചിവാലെവിടെ? ഇല്ല. ചാട്ടയുണ്ടോ? ഇല്ല. എന്നാൽ കമ്പെവിടെ? ഇല്ല. ഇല്ലെങ്കിൽ കാലുമതി. ഞാൻ ശ്വാനനെ കാലുകൊണ്ടു തള്ളുന്നു വാതിലിലേക്ക്. പൊകുന്നില്ല. എന്റെ മേശയുടെ താഴെവന്ന് അതു ചുരുണ്ടുകൂടി കിടക്കുന്നു. Give a dog a bad name and hang him എന്ന് ഇംഗ്ലിഷിൽ ശ്വാനനെ കൊല്ലാൻ വേണ്ടി ഞാനതിനു ചീത്തയായ പേരുനൽകിയില്ല എന്നു വായക്കാരെ സവിനയം അറിയിക്കട്ടെ.

* * *

അനിഭവത്തിൽ പ്രകാശം വീഴ്ത്തുന്നതാണു കല. ആ പ്രകാശം മനസിലേക്കു വ്യാപിക്കുമ്പോൾ വസ്തുക്കളെയും വസ്തുതകളെയും അവയുടെ ഉണ്മയിൽത്തന്നെ നമുക്കു കാണാൻ കഴിയുന്നു. അപ്പോഴുണ്ടാകുന്ന ഉന്നമനം നമ്മളെ മറ്റൊരാളാക്കി മാറ്റും. ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇലിച്ചിന്റെ മരണം’ എന്ന ചെറിയ നോവൽ വായിക്കൂ. പാരായണം കഴിയുമ്പോൾ ഈ പരിവർത്തനം സംഭവിച്ചിരിക്കും.

പാവം ഷൗക്കർ ജാനകി

പട്ടം താണുപിള്ള പ്രധാനമന്ത്രിയയിരുന്ന മന്ത്രിസഭ രാജിവച്ചു. അതിനു ശേഷം വന്ന മന്ത്രിസഭയിലെ ഒരു മന്ത്രി ഒരു കടലാസ്സിൽ Consider the Finance Secretary എന്നെഴുതി. നിർദ്ദേശം എനിക്കാണോ എന്നു സംശയം. ഞാൻ ഒഫീസിൽ വന്നാൽ ആരും കാണാതെ ഫ്രായിറ്റിന്റെ പുസ്തകം വായിച്ചുകൊണ്ടിരിക്കും. അതു മന്ത്രി അറിഞ്ഞിരിക്കും. ഫ്രായിറ്ററിനെക്കുരുച്ചു മാത്രം ആലോചിച്ചുകൊണ്ടിരുന്നാൽ മതിയാവുകയില്ല വല്ലപ്പോഴും ഫിനാൻസ് സെക്രട്ടറിയെക്കുറിച്ചും പര്യാലോചിക്കണം എന്നാവാം കല്പന. ഏതായാലും Forwarded to the Finance Secretary for remarks എന്നെഴുതി അസിസ്റ്റന്റ് സെക്രട്ടറിയെക്കൊണ്ട് ഒപ്പിടുവിച്ച് ഞാൻ ഫയൽ അദ്ദേഹത്തിന് അയച്ചു കൊടുത്തു. പിന്നീട് അന്ന് ഫിനാൻസ് സെക്രട്ടറിയായിരുന്ന സി. എ. എബ്രഹാമിനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരുന്നു. അക്കാര്യം സെക്ഷൻ സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തു. അക്കാലത്താണ് പ്രമുഖനായ ഒരു സൈനികോദ്യോഗസ്ഥൻ ഫയലിൽ ഒരു വാക്യമെഴുതിയ വിവരം ഞാനറിഞ്ഞത്. ക്ലാർക്ക് അവധിയിലായിരുന്നതുകൊണ്ട് പതിമൂന്നു ദിവസം കഴിഞ്ഞാണ് ഫയൽ പട്ടാള മേധാവിക്ക് അയച്ചത്. പതിമൂന്നു ദിവസം ‘ഡിലേ’ ചെയ്തിട്ടാണോ ഇ ഫയൽ തനിക്ക് അയക്കുന്നതെന്ന് അദ്ദേഹം കോപത്തോടെ ചോദ്യരൂപത്തിൽ എഴുതിയത് Put up after thirteen days എന്നാണ്. ഇംഗ്ലീഷ് അറിയാവുന്ന ക്ലാർക്ക് പതിമൂന്നു ദിവസം കൂടി ഫയൽ തന്റെ മേശയുടെ പുറത്തു വച്ചിരുന്നു. അസത്യമെന്നു തോന്നുന്നുണ്ടോ വായനക്കർക്ക്? സെക്രട്ടേറിയറ്റിൽ കുറേക്കാലം വിദഗ്ദ്ധ സേവനം അനുഷ്ടിച്ചതിനു ശേഷം ഇങ്കം ടാക്സ് ഡിപ്പാർട്ടുമെന്റിൽ വലിയ ഉദ്യോഗസ്ഥനായിപ്പോയ ചന്ദ്രചൂഡൻ നയരോട് പട്ടാള ഡിപ്പാർട്ടുമെന്റിലെ ആ ക്ലാർക്ക് പരഞ്ഞതാണിത്. ചന്ദ്രചൂഡൻ നായരോട് എഴുതിച്ചോദിച്ചാൽ ഞാൻ ഇവിടെ എഴുതിയത് സത്യമാണെന്ന് അദ്ദേഹം പറയും. മന്ത്രിയുടെയും സൈനിക ഉദ്യോഗസ്ഥന്റെയും ഈ സ്കൂൾബോയ് ഹൗളേഴ്സ് തന്റെ ഓർമയിലെത്തിയത് ഗൃഹലക്ഷ്മി മാസികയിൽ എ.സ് വരച്ച ഹാസ്യ ചിത്രം കണ്ടപ്പോഴാണ്. “കുടിവെള്ളത്തിന്റെ വില വർദ്ധിച്ചാൽ ഹോട്ടലുകലുടെയും ലോഡ്ജുകളുടെയും വാടകയും വർദ്ധിക്കാനിടയില്ലേ?” എന്നു പത്ര പ്രതിനിധിയുടെ ചോദ്യം. അതിനു മന്ത്രിയുടെ മറുപടി: “ഉണ്ട് കാരണം ഹോട്ടലുകളും ലോഡ്ജുകളുമാണല്ലോ കൂടുതൽ വെള്ളമടിക്കുന്ന സ്ഥലം.” സാംസ്കാരിക കാര്യങ്ങളിൽ പിടിയില്ലായിരുന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച് അടൂർ ഭാസി ഉണ്ടാക്കിയ ഒരു നേരമ്പോക്കു കൂടി എഴുതാം. ഷൗക്കർ ജാനകിയെക്കുറിച്ചു മുഖ്യമന്ത്രി പറയുന്നതായി സങ്കല്പം. “മദ്രാസിൽ വെറുമൊരു ഷൗരക്കാരിയായ ജാനകി പണം വാരിക്കൂട്ടുന്നു.”

ഇരുട്ട്

ദിനമ്പ്രതി മനുഷ്യന്റെ വൈരസ്യം കൂടിവരുന്നു. ഈ ‘ബോർഡമി’ൽ നിന്നു രക്ഷപ്പെടാനായി അവൻ കൊലപാതകങ്ങൾ ചെയ്യുന്നു; ബലാൽസംഗങ്ങൾ നടത്തുന്നു. കൊലപാതകവും ധർഷണവും കൂടി വരുന്നതിന്റെ ഹേതു അതാണ്. മുൻപുള്ള കാലത്തെക്കാൾ ഇക്കാലത്തു പെൺകുട്ടികൾ സെക്സിൽ കൂടുതൽ തല്പരരാണ്. ആ താല്പര്യത്തിനു യോജിച്ച ധൈര്യവും അവർ പ്രദർശിപ്പിക്കുന്നു. പ്രായം കൂടിയവർ, അച്ഛനമ്മമാർ, ഗുരുനാഥന്മാർ ഇവരുടെ മുൻപിൽ വച്ച് പ്രേമനാടകമാടുന്നതിന് അവർക്കു മടിയില്ല. ഈ ധൈര്യം എങ്ങനെ ലഭിച്ചു? പെൺകുട്ടികൾ പുരുഷന്മാരുടെ മാനസിക നില ആർജ്ജിച്ചിരിക്കുന്നു എന്നതു തന്നെ. പുരുഷനെന്നു തോന്നുന്ന മട്ടിൽ അവർ വേഷം ധരിക്കുന്നത് ഈ മാനസിക നിലയുടെ ഫലമാണ്. പുരുഷൻ ബോർഡമിൽ നിന്നു രക്ഷപ്പെടാൻ അതിരു കടന്ന ലൈംഗിക പ്രവർത്തനങ്ങളിൽ മുഴുകുന്നതുപോലെ പുരുഷന്റെ മാനസികനില നേടിയ സ്ത്രീകളും അങ്ങനെ തന്നെ ചെയ്യുന്നു. ലജ്ജിക്കുന്ന സ്ത്രീയെ വല്ല ഗ്രാമപ്രദേശത്തോ മറ്റോ കണ്ടാലായി. അത്രേയുള്ളൂ. നഗരത്തിലെ സ്ത്രീ ലജ്ജിക്കുന്നവളല്ല. മുഴക്കം എന്ന കഥയിലെ പെൺകുട്ടിയെപ്പോലെ ഒരു പെഗ്ഗ് കഴിക്കാൻ കാമുകനെ ക്ഷണിക്കുന്നവളാണ് (കഥ മനോരാജ്യത്തിൽ. വിശ്വരാജ് കണ്ണപുരം എഴുതിയത്). ഈ നിന്ദ്യമായ തലമുറയെ ചിത്രീകരിച്ച് ആദ്ധ്യത്മക ജീവിതത്തിന്റെ വിശുദ്ധിയെ ധ്വനിപ്പിക്കാനാണ് കഥാകാരന്റെ ശ്രമം. പക്ഷേ സർഗ്ഗാത്മകമായ മനോഭാവം വേറെ, പ്രബന്ധ രചനയോടു ബന്ധപ്പെട്ട മനോഭാവം വേറെ എന്ന സത്യം ഈ കഥാകാരൻ ഗ്രഹിച്ചിട്ടില്ല. കഥയല്ല, പ്രബന്ധമാണ് വിശ്വരാജ് എഴുതിയിട്ടുള്ളത്. ഓരോ കലാസൃഷ്ടിയും പുതിയ ലോകം തുറക്കുന്നു. ഉള്ള ലോകത്തെ അന്ധകാരമയമാക്കിയിരിക്കുന്നു നമ്മുടെ കഥാകാരൻ.

* * *

സഹജാവബോധം — ഇൻറ്യൂഷൻ — സ്ത്രീക്കു കൂടുതലായുണ്ട്. പുരുഷന്റെ സ്വഭാവം ഒറ്റ നോട്ടത്തിൽ ഗ്രഹിക്കാൻ അവൾക്കു പ്രയാസമില്ല. ജന്മവാസന സ്ത്രീക്കും പുരുഷനും ഉണ്ടെങ്കിലും സ്ത്രീക്കാണ് അതു കൂടുതൽ. സഹജാവബോധം, ജന്മവാസന ഇവയുടെ സഹായത്തോടെ അവൾ പുരുഷന് അപ്രാപ്യങ്ങളായ മണ്ഡലങ്ങളിൽ അനായാസമായി ചെല്ലും. ഇന്നത്തെ സ്ത്രീ സഹജാവബോധത്തെയും ജന്മവാസനയെയും ദുർബലമാക്കി പുരുഷന് സദൃശയായി മാറിയിരിക്കുന്നു. അതുകൊണ്ട് അവളുടെ ശാലീനതയ്ക്കും സൗന്ദര്യത്തിനും മങ്ങലേറ്റിരിക്കുന്നു. സ്ത്രീയുടെ സ്വഭാവം മനസ്സിലാക്കണമെങ്കിൽ സ്ത്രീ അവളെ കുറിച്ചെഴുതിയ പുസ്തകങ്ങൾ വായിക്കണം. പുരുഷനെഴുതിയ ഗ്രന്ഥങ്ങൾ പ്രയോജനരഹിതങ്ങളാണ്. ഡി. എച്ച്. ലോറൻസിന്റെ ‘ലേഡി ചാറ്റർലീസ് ലൗവർ’ എന്ന നോവൽ സ്ത്രീ സ്വഭാവത്തിന്റെ അസത്യാത്മകമായ ചിത്രമാണ് നൽകുന്നത്. സ്ത്രീ ആരാണെന്നു ഹെൻട്രി മില്ലർ വിചാരിക്കുന്നുവോ അവളുടെ ചിത്രമാണ് അദ്ദേഹത്തിന്റെ നോവലുകൾ പ്രദാനം ചെയ്യുക. യഥാർത്ഥ സ്ത്രീയുടെ ചിത്രമല്ല അവയിലുള്ളത്.

പൊക്കിളിനു വന്ന മാറ്റം

ഭ്രൂണത്തിന്റെ വികസന വേളയിൽ ഗർഭാശയത്തിന്റെ ‘ഭിത്തി’ കൾക്കകത്തായി ‘പ്ലാസെന്റ’ — മാച്ച് — രൂപം കൊള്ളുന്നു. ഭ്രൂണത്തിനു പോഷണം നൽകാനായി അതിനോടു ചേർന്നുണ്ടാകുന്ന കനം കുറഞ്ഞ വള്ളിയെ പൊക്കിൾക്കൊടി എന്നു വിളിക്കുന്നു. അതിൽ രക്തധമനികളുണ്ട്. കുഞ്ഞ് ഗർഭാശയത്തിൽ നിന്നു പുറത്തു പോന്നതിനു ശേഷം അതിന്റെ വയറ്റിൽ ശേഷിച്ചിരിക്കുന്ന പൊക്കിൾക്കൊടിയുടെ ഭാഗം ഉണങ്ങി വരണ്ട് നാലോ അഞ്ചോ ദിവസം കൊണ്ട് വീണു പോകുന്നു. അപ്പോൾ ശിശുവിന്റെ വയറ്റിലുണ്ടാകുന്ന പാടാണ് പൊക്കിൾ. ശിശു പെണ്ണാണെങ്കിൽ അത് വളർന്ന് കഴിയുമ്പോൾ ഈ പൊക്കിളെന്ന തഴമ്പു കൊണ്ടു കാണിക്കുന്ന പ്രക്രിയകൾക്ക് അന്തമില്ല. സുന്ദരികൾ അതു പ്രദർശിപ്പിച്ചോട്ടെ. നാലും അഞ്ചും പെറ്റതിന്റെ ഫലമായി ഒരു തരം വെളുത്ത പാടുകൾ വന്നു കൂടിയ ചാടിയ വയർ ചില വൃദ്ധകൾ പ്രദർശിപ്പിക്കുന്നതിന്റെ ഔചിത്യം എന്താണാവോ? ദ്രഷ്ടാക്കളായ പുരുഷന്മാർക്ക് അവ, വമനേച്ഛയേ ഉളവാക്കൂ. അതിരിക്കട്ടെ, പൊക്കിൾ കാണിക്കുന്നതിന്റെ പിന്നിലുള്ള മനഃശാസ്ത്രം എന്താണ്? പൊക്കിൾ ഒരു ചെറിയ സ്ത്രീ ജനനേന്ദ്രിയമാണ്. ജനനേന്ദ്രിയം കാണിച്ചാൽ സ്റ്റേഷനകത്താകും പെണ്ണ്. അതുകൊണ്ട് അതിനോടു സദൃശമായ പൊക്കിൾ കാണിക്കുന്നു. വീതിവശമാർന്ന (breadthwise) പൊക്കിളുകളെ ലംബമാക്കി (vertical) യോനിയുടെ ആകൃതിയിലാക്കാനുള്ള ശസ്ത്രക്രിയകൾ പോലും പടിഞ്ഞാറൻ നാടുകളിൽ നടക്കുന്നുണ്ട് (ഡെസ്മണ്ട് മോറീസിന്റെ ഏതോ ഗ്രന്ഥം വായിച്ച ഓർമ്മയിൽ നിന്ന്. ഈ ആശയങ്ങൾ സ്വന്തമല്ല). സ്ത്രീയുടെ ഈ നാഭീദേശ പ്രദർശന തല്പരത്വത്തെ എൻ. കൃഷ്ണൻനായർ ഐ.പി.എസ്. ഒരു മിനിക്കഥയിലൂടെ പരിഹസിക്കുന്നു. ഹൃദ്യമായ പരിഹാസമാണത് (കഥ ജനയുഗം വാരികയിൽ).

മത്സ്യം എവിടെ?

മൂല്യങ്ങളെ സംബന്ധിച്ച് ഇന്നുണ്ടായിരിക്കുന്ന പ്രതിസന്ധി ‘ഘട്ട’ത്തെ കഥയിലൂടെ ആവിഷ്കരിക്കുകയാണ് കാക്കനാടൻ (പാതാളം വിട്ട് എന്ന ചെറുകഥ — കലാകൗമുദിയിൽ). മദ്യപാനം, വ്യഭിചാരം, ആലസ്യം ഇവയൊക്കെ നവീന സമുദായത്തിന്റെ പ്രത്യേകതകളാണെന്നു കാണിക്കാൻ വേണ്ടി അതിന്റെ ഒരു പരിച്ഛേദമെടുത്ത് അദ്ദേഹം പ്രദർശിപ്പിക്കുന്നു. എന്നിട്ട് കുന്തിപ്പുഴയുടെ വിശുദ്ധിയെ സൂചിപ്പിച്ച് ആ വിശുദ്ധി മനുഷ്യ ജീവിതത്തിലുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ ധ്വനിപ്പിക്കുന്നു. ചതുരംഗക്കളിയിൽ കരുക്കളെടുത്തു പലകയിൽ നീക്കുന്നതു പോലെ കഥാകാരൻ ചില കഥാപാത്രങ്ങളെയെടുത്ത് അങ്ങോട്ടുമിങ്ങോട്ടും നീക്കുന്നത് കാണാൻ രസമുണ്ട്. കാക്കനാടന്റെ ശൈലിക്കുള്ള ശക്തിയും ഭംഗിയും പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ടല്ലോ. ആ ഗുണങ്ങൾ ഈ കഥയിലുമുണ്ട്. പക്ഷേ, കലാസൃഷ്ടി അതിന്റെ സാകല്യാവസ്ഥ കൊണ്ട് ഉളവാക്കുന്ന ചാരുത അദ്ദേഹത്തിന്റെ കഥയ്ക്ക് ഇല്ല. വല കൊണ്ടു പിടിച്ചെടുത്ത മത്സ്യം അതിൽ കിടന്നു പിടയുമ്പോൾ ഇനി അതു രക്ഷപ്പെടില്ല എന്നു നമ്മൾ വിചാരിക്കുന്നു. പക്ഷേ നമ്മുടെ കണ്ണു വെട്ടിച്ചു കൊണ്ട് വലയുടെ ഒരു കണ്ണിയിലൂടെ അതു ചാടിപ്പോകുന്നു. പോയതിനു ശേഷമേ മത്സ്യം വലയിലില്ല എന്ന സത്യം നമ്മൾ അറിയുന്നുള്ളൂ. കാക്കനാടൻ പിടിച്ചിട്ട കലാമത്സ്യം എപ്പോഴാണ് ചാടിപ്പോയത്?

* * *

ചാലക്കടയിലെ വില്പന വസ്തുക്കളെല്ലാമെടുത്ത് പുത്തരിക്കണ്ടം മൈതാനത്തിലെ ഷെഡ്ഡുകളിലാക്കി അതിനു എക്സിബിഷൻ എന്നു കോർപ്പറേഷൻ പേരിടുന്നതു പോലെ സമുദായത്തെ മുഴുവൻ ഗ്രന്ഥങ്ങളിലാക്കി പ്രദർശിപ്പിച്ച് സമുദായ ചിത്രീകരണം എന്ന് പേരിടുകയാണ് നമ്മുടെ റിയലിസ്റ്റ് നോവലിസ്റ്റുകൾ (ഈ വാക്യം വികലമാണ്. തിരുത്താൻ സമയമില്ലാത്തതു കൊണ്ട് അത് അങ്ങനെ തന്നെ കിടക്കട്ടെ. ഭാഷയിലെ ശാസ്ത്രിമാർ കുറ്റം പറഞ്ഞാലും തരക്കേടില്ല). കാക്കനാടനും കൂട്ടുകാരും എക്സിബിഷനിൽ തല്പരരല്ല. അവർ അത് നടക്കുന്ന സ്ഥലത്തു നിന്ന് — പുത്തരിക്കണ്ടം മൈതാനത്തിൽ നിന്ന് — വളരെ ദൂരം മാറി നടക്കുകയാണ്. ആ നടത്തം ഭംഗിയുള്ളതാവട്ടെ.

ജർണ്ണലിസം

മൂടുപടത്തിനപ്പുറത്തുള്ള സൗന്ദര്യത്തിനു കൂടുതൽ സൗന്ദര്യമുണ്ടെന്നു തോന്നും. ചലച്ചിത്രം ഒരു തരത്തിലുള്ള മൂടുപടമാണ്. അതിനു പിന്നിൽ നിൽക്കുന്ന ചലച്ചിത്ര താരങ്ങൾക്കു ശോഭ അധികമുണ്ടെന്നു തോന്നും. അതുകൊണ്ടാണ് അവർ ബഹുജനത്തിന്റെ മുമ്പിൽ വരരുതെന്ന് പറയാറുള്ളത്. ധവളാഭമായ യവനികയിൽ മമ്മൂട്ടിയെക്കണ്ട് നിദ്രാരഹിതങ്ങളായ യാമിനികൾ കഴിച്ചു കൂട്ടുന്ന തരുണികൾക്കു തിരുവനന്തപുരത്തെ അവാർഡ് നൈറ്റിൽ അദ്ദേഹത്തെ കണ്ടപ്പോൾ എന്തൊരു നൈരാശ്യം. ‘മമ്മൂട്ടി കാണാൻ ഒട്ടും കൊള്ളുകില്ലെ’ന്നു പല സ്ത്രീകളും പറയുന്നതു ഞാൻ കേട്ടു. സുന്ദരികളായി സിനിമയിൽ പ്രത്യക്ഷപ്പെടാറുള്ള താരങ്ങൾ അന്നു സമ്മാനം വാങ്ങാൻ വന്നപ്പോഴാണ് സൗന്ദര്യവുമായി അവർക്കു ഒരു ബന്ധവുമില്ലെന്ന് ചിലർക്കു തോന്നിയത്. ചലചിത്ര താരങ്ങളേ, ജനങ്ങളുടെ വ്യാമോഹത്തെ നിലനിർത്തിക്കൊണ്ടു നിങ്ങൾ സ്റ്റുഡിയോയുടെ അകത്തിരിക്കു. അടച്ചുപൂട്ടിയ കാറിൽ സഞ്ചരിക്കു. ഞങ്ങൾക്കു മോഹഭംഗം ഉണ്ടാകാതിരിക്കു.

ഇനി വേറൊരു ചിന്ത. ഈ ലോകത്ത് അനന്യസ്വഭാവമാർന്നതായി ഒന്നുമില്ല. അതിസുന്ദരമായ പൂവിലും ഒരു ദോഷാംശം കാണും. സ്ഫടികതുല്യമായി പ്രശോഭിക്കുന്ന പുഴുയുടെ ഒരു ഭാഗത്തെങ്കിലും ലേശം ചെളി കാണും. താജ്മഹൽ സുന്ദരമല്ലെന്ന് അൽഡസ് ഹക്സിലി എഴുതിയിട്ടുണ്ട്. അത് ഒറ്റപ്പെട്ട അഭിപ്രായമായി കരുതിയാൽ മതി. ആ ചരമ സ്മാരകമന്ദിരം രമണീയമാണെന്നാണ് പൊതുവെയുള്ള സങ്കല്പം. അങ്ങനെ ഭംഗിയുള്ള താജ്മഹലിലും കാണും വൈരൂപ്യത്തിന്റെ പാടുകൾ. പക്ഷേ, ഒരു അപവാദം (exception) മാത്രമുണ്ട് ഇപ്പറഞ്ഞ സാമാന്യനിയമത്തിന്. അത് സാഹിത്യത്തിന്റെ പേരിൽ ആവിർഭവിക്കുന്ന ജർണ്ണലിസത്തെ സംബന്ധിച്ചതാണ്. ജർണ്ണലിസം വിരൂപമല്ല. അത് സാഹിത്യത്തിന്റെ മട്ടിൽ അവതരിക്കുമ്പോഴാണ് വൈരൂപ്യം. ആ വൈരൂപ്യമാണ് ഇരിങ്ങൽ കൃഷ്ണൻ ദേശാഭിമാനി വാരികയിലെഴുതിയ ‘വസൂരി മലത്ത്മ്പുരാട്ടി’ എന്ന കഥയ്ക്കുള്ളത്. വെട്ടുവാതം പിടിച്ച ഒരുത്തനോടു് വൈദ്യൻ നിർദ്ദേശിച്ചു തിറയുത്സവത്തിന് ആടാൻ പോകരുതെന്ന്. അയാൾ ആ നിർദ്ദേശം വകവെച്ചില്ല. പോയി, ആടി, മരിച്ചുവീണു. ഒരു നിത്യജീവിത സംഭവത്തെ അതേപടി പകർത്തിവച്ച ജർണ്ണലിസം മാത്രമാണിത്. ആ സംഭവത്തിനു പിറകിലുള്ള പരോക്ഷസത്യങ്ങളെ കാണാൻ കഥാകാരനു കഴിയുന്നില്ല. ഉൾക്കഴ്ചകൂടാതെയുള്ള ജീവിതാവിഷ്കാരം ജർണ്ണലിസമാണ്; വിരൂപമായ ജർണ്ണലിസം.

സ്ത്രീസൗന്ദര്യം

തിരുവനന്തപുരത്ത് കോട്ടയ്ക്കടുത്തുള്ള ഒരു കാപ്പിക്കടയിലിരുന്ന് കാപ്പികുടിക്കുകയായിരുന്നു ഞാൻ; വർഷങ്ങൾക്കു മുൻപ്. അപ്പോൾ എന്റെ അഭിവന്ദ്യ സുഹൃത്തായ പാറശ്ശാല ദിവാകരനും (നോവലിസ്റ്റ്, ഫിലിം നിർമ്മിതാവ്) ഒരു വൃദ്ധനും ഒരു കൊച്ചുസുന്ദരിയും അവിടെ വന്നു കയറി. പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ടു ദിവാകരൻ പറഞ്ഞു: “ സാർ ഇതാണ് ഫിലിംസ്റ്റാർ അംബിക.” വിനയത്തോടെ കുട്ടി കൈകൂപ്പി. “എഴുത്തുകാരൻ എം. കൃഷ്ണൻനായർ” എന്ന് അങ്ങോട്ടു പരിചയപ്പെടുത്തൽ. “പതിവായി വായിക്കാറുണ്ട്” എന്നു പെൺകുട്ടി. അവർ കാപ്പികുടിച്ചു. സുന്ദരിക്കു വലിയ വിശപ്പായിരുന്നു. കാലം കഴിഞ്ഞു. കഴിഞ്ഞമാസത്തിൽ പാറശ്ശാല ദിവാകരനെ ഞാൻ റോഡിൽവച്ചു കണ്ടു. കാറുണ്ട്. സമ്പന്നനാണ്. എങ്കിലും പഴയ ദിവാകരൻ തന്നെ. ഒരു മാറ്റവുമില്ല. ഞാൻ ചോദിച്ചു: “ദിവാകരൻ അന്ന് എനിക്കു പരിചയപ്പെടുത്തിതന്ന പെൺകുട്ടിയാണോ ഇന്നത്തെ പ്രസിദ്ധയായ ചലചിത്രതാരം അംബിക?” ദിവാകരൻ: അതേ. ആ അംബികയെ ഞാനിപ്പോൾ കുങ്കുമം വാരികയുടെ പുറന്താളിൽ കാണുന്നു. മൂടുപടത്തിനപ്പുറമുള്ള സൗന്ദര്യമല്ല അംബികയ്ക്കുള്ളത്. യഥാർത്ഥമായ സൗന്ദര്യം. ഞാൻ അദ്ഭുതപ്പെടുന്നു സ്ത്രീക്ക് ഇത്ര സൗന്ദര്യം വരുന്നതെങ്ങനെ? What makes a woman beautiful എന്ന് ഹാവ്‌ലക്ക്എലിസ് ഒരു പ്രബന്ധം എഴുതിയിടുണ്ട്. ഞാനതു കണ്ടുപിടിക്കട്ടെ. അതുവരെ ക്ഷമിക്കു, പ്രിയപ്പെട്ട വായനക്കാരേ.

നിരീക്ഷണങ്ങൾ

അന്യരെ അപവദിക്കരുതെന്ന് ഊന്നിപ്പറഞ്ഞത് നാരയണ ഗുരുസ്വാമികളാണ്. ‘അടുത്ത വീട്ടിലെ പെണ്ണുണ്ടല്ലോ. മഹാ ചീത്തയാണ്. ലോഡ്ജിലും മറ്റും പോയി വ്യഭിചരിക്കുകയാണ് അവളുടെ പതിവ്’ എന്ന് പതിവായി പറഞ്ഞുകൊണ്ടിരിക്കുന്ന ചിലരെ എനിക്കറിയാം. നൂറിന് തൊണൂറ്റിയൊൻപതും ഇതു കള്ളമായിരിക്കും. ഇനി ഒരു ശതമാനം സത്യമാണെന്നിരിക്കട്ടെ. എന്നാലും അങ്ങനെ പറയരുതെന്ന് ശ്രീനാരായണൻ അഭിപ്രായപ്പെട്ടതായി കൈനിക്കര പത്മനാഭപിള്ളയും മഹാപണ്ഡിതനായിരുന്ന ഇ. വി. ദാമോദരനും എന്നോടു പറഞ്ഞിട്ടുണ്ട്. ആ വിധത്തിൽ അപവാദം പ്രചരിപ്പിച്ചാൽ വേറൊരാൾ നമ്മുടെ വീട്ടിലെ നിഷ്ക്കളങ്കയായ പെൺകുട്ടിയെക്കുറിച്ച് അതേ അപവാദം പ്രചരിപ്പിക്കും. മനുഷ്യന്റെ ഈ കുത്സിതവാഞ്ഛയ്ക്ക് എതിരേ പ്രൊഫസർ കെ. എം. തരകൻ ശബ്ദമുയർത്തുന്നു. നന്നി (മനോരമ ആഴ്ചപ്പതിപ്പ്).

പണ്ടു വെമ്പായത്തു ഒരു വിവാഹത്തിനു പോയിരുന്നു ഞാൻ. കല്യാണമാല എല്ലാവരും കാണാൻവേണ്ടി വരന്റെ അച്ഛൻ എടുത്തുയർത്തി.

‘കാണട്ടെ’ എന്നു പറഞ്ഞ് വേറൊരാൾ വാങ്ങിച്ചു അത്. അയാളുടെ കൈയിൽ നിന്നു മറ്റൊരാൾ. മാല കൈ മറഞ്ഞുപോയി. കല്യാണമാലയില്ലാതെ വിവാഹം നടന്നു.

അങ്ങ് തെക്ക് ഒരു വിവാഹത്തിനു പോയി. മനോഹരമായ കല്യാണമാല — പത്തു പവനെങ്കിലും വരും — വരൻ വധുവിന്റെ കഴുത്തിലിട്ടു. ഒരുമാസം കഴിഞ്ഞില്ല. വധു അവളുടെ വീട്ടിൽ. വരൻ അയാളുടെ വീട്ടിലും. കാര്യം ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞു വിവാഹത്തിനിട്ട മാല മുക്കുപണ്ടമായിരുന്നെന്ന്. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ സുബൈദ എഴുതിയ ‘ചമ്ഡി’ എന്ന കഥയിൽ ഇതുപോലെ മുക്കുപണ്ടം കൊണ്ട് കബളിപ്പിക്കുന്ന സംഭവം വർണ്ണിച്ചിരിക്കുന്നു. സത്യവും സങ്കല്പവും ഒരേ മട്ടിൽ വിചിത്രം തന്നെ.

* * *

1946. വക്കം അബ്ദുൾ ഖാദർ എസ്.കെ. പൊറ്റക്കാടുമായി ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ വന്നു. “ദ ഗ്രേറ്റ് പൊറ്റക്കാട്” എന്ന് അബ്ദുൾ ഖാദർ പരിചയപ്പെടുത്തി. “ഞാനൊരു പാവപ്പെട്ട സാഹിത്യകാരൻ” എന്നു പൊറ്റക്കാട് പറഞ്ഞു. “പാവപ്പെട്ട” എന്ന വിശേഷണം മറ്റൊരർത്ഥത്തിലാവാം അദ്ദേഹം പ്രയോഗിച്ചത്. സിൽക്ക് കോട്ട്, സിൽക്ക് ഷർട്ട്, സിൽക്ക് ട്രൗസേഴ്സ് ഇങ്ങനെ പട്ടിൽ പൊതിഞ്ഞായിരുന്നു പൊറ്റക്കാടിന്റെ നില. സന്മാർഗ്ഗത്തേയും കലയുടെ കഞ്ചുകമണിയിപ്പിച്ച് പ്രത്യക്ഷമാക്കിയ പൊറ്റക്കാട് സിൽക്കിൽ പൊതിഞ്ഞു നിന്നതിൽ എനിക്ക് അത്ഭുതം തോന്നിയില്ല.