Difference between revisions of "സാഹിത്യവാരഫലം 1984 09 02"
(Created page with "{{MKN/SV}} Category:മലയാളം Category:എം കൃഷ്ണന്‍ നായര്‍ Category:സാഹിത്യവാരഫലം Category:ക...") |
|||
Line 13: | Line 13: | ||
| date = 1984 09 02 | | date = 1984 09 02 | ||
| volume = | | volume = | ||
− | | issue = | + | | issue = 468 |
| previous = 1984 08 26 | | previous = 1984 08 26 | ||
| next = 1984 09 09 | | next = 1984 09 09 |
Revision as of 08:55, 15 August 2014
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1984 09 02 |
ലക്കം | 468 |
മുൻലക്കം | 1984 08 26 |
പിൻലക്കം | 1984 09 09 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
ദാമ്പത്യ ജീവിതത്തിലെ കള്ളത്തരത്തെ കുറിച്ച് ഈ ലേഖന പരമ്പരയിൽ കൂടെക്കൂടെ എഴുതാറുണ്ടല്ലോ. അതിൽ പ്രതിഷേധിച്ചും വിപ്രതിപത്തി പ്രദർശിപ്പിച്ചും സ്ത്രീകൾ എനിക്ക് എഴുത്തുകൾ അയയ്ക്കാറുണ്ട്. “എന്റെ ഭർത്താവിനെ ഞാൻ സ്നേഹിക്കുന്നു, അദ്ദേഹം എന്നേയും, നിങ്ങൾ എഴുതുന്നതൊക്കെ കള്ളമാണ്” എന്ന മട്ടിലാണ് പലരും അറിയിക്കാറുള്ളത്. സാമാന്യ നിയമത്തിൽ നിന്നു ഒറ്റപ്പെട്ടു നിൽക്കുന്ന ജീവിതങ്ങൾ ഇല്ലെന്നു ഞാൻ പറയുന്നില്ല. ഒരു വികാരത്തിനും ശാശ്വത സ്വഭാവമില്ലാത്തതു കൊണ്ട് ജീവിതകാലമത്രെയും സ്ത്രീക്കു പുരുഷനെയും പുരുഷനു സ്ത്രീയെയും നിരന്തരം സ്നേഹിച്ചു കൊണ്ടിരിക്കാൻ വയ്യ എന്ന സത്യത്തിൽ സത്യമായതിനെ മാത്രമേ ഞാൻ ആവർത്തിച്ച് ആവിഷ്കരിച്ചിട്ടുള്ളൂ. സമുദായം ഭ്രഷ്ട് കല്പിക്കുമെന്നതിനെയും നിയമം വെറുതെ വിടില്ല എന്നതിനെയും ഭയന്നാണ് ദമ്പതികൾ തങ്ങളുടെ ജീവിതാന്ത്യം വരെയും ഒരുമിച്ചു കഴിയുന്നത്. തങ്ങൾക്കു ജനിച്ചു പോയ കുഞ്ഞുങ്ങളെ നല്ല നിലയിലെത്തിക്കണമെന്ന വിചാരവും ദാമ്പത്യ ജീവിതത്തിന്റെ ഇടവിടാത്ത ക്ലേശം സഹിക്കുന്നതിന് ഭാര്യാഭർത്താക്കന്മാരെ പ്രേരിപ്പിക്കുന്നു. ദമ്പതികളുടെ ജീവിതവും അത് അടിയുറച്ചിരിക്കുന്നുവെന്നു സങ്കല്പിക്കപ്പെടുന്ന സ്നേഹവും അന്യൂനങ്ങളാണ് എന്ന മിഥ്യാബോധത്തിൽ നിന്നാണ് ദാമ്പത്യജീവിതത്തിന്റെ ഉത്കൃഷ്ടതയെക്കുറിച്ചുള്ള ഉദീരണങ്ങൾ ആവിർഭവിക്കുക. ഒന്നിനും അന്യൂനാവസ്ഥയില്ല. കാമമെന്ന ജന്മവാസനയ്ക്കു സംതൃപ്തി ഉണ്ടാകുമ്പോൾ മറ്റൊരു ഭാജനത്തിലേക്ക് കണ്ണ് അയയ്ക്കാനുള്ള പ്രവണത സ്ത്രീക്കും പുരുഷനുമുണ്ടാകും. ചിലർ ആ അഭിലാഷത്തിന് സാഫല്യം വരുത്തുന്നു. വേറെ ചിലർ സമുദായത്തെയും നിയമത്തെയും ഭയന്നു മിണ്ടാതിരിക്കുന്നു. അത്രേയുള്ളൂ. അപ്പോൾ ഈ വൈരസ്യത്തിൽ നിന്നു രക്ഷ നേടാൻ എന്താണു മാർഗ്ഗം? മാർഗ്ഗം ഒന്നേയുള്ളൂ. അതു പറയാം. ഭർത്താവ് കാമുകനായും ഭാര്യ കാമുകിയായും അഭിനയിക്കണം. സന്ധ്യയോട് അടുപ്പിച്ച് അയാൾ വീട്ടിൽ നിന്ന് പോകണം. രാത്രി പന്ത്രണ്ടുമണി കഴിയുമ്പോൾ കാമുകനെപ്പൊലെ പാത്തും പതുങ്ങിയും വീട്ടിലെത്തണം. ഭാര്യ കാമുകിയായി സ്വയം സങ്കല്പിച്ച് ഉറങ്ങാതെ കിടക്കുകയാണല്ലോ. അയാൾ പതുക്കെ വാതിലിൽ തട്ടണം. അവൾ സാക്ഷ ശബ്ദം കേൾപ്പിക്കാതെ മാറ്റി കതകു മെല്ലെ തുറക്കണം. “ഞാൻ വൈകിയോ?” എന്ന് കാമുകന്റെ (ഭർത്താവ് എന്ന തടിമാടന്റെ) ചോദ്യം. “ശ്ശ്. അടുത്ത മുറിയിൽ അച്ഛൻ കിടക്കുന്നു. പതുക്കെപ്പറയൂ. അച്ഛനുണർന്നാൽ ആപത്താകും” എന്ന് അവൾ. കാമുകിയല്ലേ! ആവേശത്തോടുള്ള ആലിംഗനം. നിരന്തരം വീട്ടുജോലി ചെയ്തും ആണ്ടുതോറും പെറ്റും വൈരൂപ്യത്തിനാസ്പദമായ അവളെ മധുരപ്പതിനേഴുകാരിയെ എന്ന പോലെ അയാൾ തടവുന്നു, തലോടുന്നു. പ്രസവത്തിന്റെ ഫലമായി മാംസപേശികൾ ഉലഞ്ഞ് വെള്ളപ്പാടുകൾ വീണ് മടക്കുകളുള്ള ഉദരം ആലിലയ്ക്കു തുല്യമായ ഉദരമാണെന്നു വിചാരിച്ച് അയാൾ മുഖം അമർത്തുന്നു. മധുരങ്ങളായ സംബോധനകൾ കാതിൽ മൊഴിയുന്നു. അവളും വിടുന്നില്ല. പണ്ടു കോളേജിൽ പഠിക്കുമ്പോൾ സൈക്കിളിൽ പിറകേ നടന്ന നവയുവാവായി അയാളെക്കരുതി ഒട്ടിയ കവിൾ അയാളുടെ ഷേവ് ചെയ്യാത്ത മുഖത്ത് അമർത്തുന്നു. എങ്കിലും അത് കണ്ണാടിക്കവിളാണെന്നു അവളുടെ സങ്കല്പം. ഇപ്പോൾ അയാളുടെ വായ്ക്കകത്തു നിന്നു വരുന്ന മദ്യത്തിന്റെയും ബീഡിയുടെയും വാട വാടയല്ല പണ്ടത്തെ താമരപ്പൂവിന്റെ സുഗന്ധമാണ്… എല്ലാം കഴിഞ്ഞ് അയാൾ അവിടെ നിന്നു നിഷ്ക്രമിക്കുമ്പോൾ “അച്ഛനുണരും, ഒട്ടും ശബ്ദം കേൾപ്പിക്കാതെ പോണേ, നാളെയും വരണേ” എന്ന് അടക്കിയ ശബ്ദത്തിൽ മൊഴിയാടുന്നു. ‘കാമുകൻ’ അവിടെ നിന്നിറങ്ങി പത്താം തരത്തിൽ പഠിക്കുന്ന ആഗതശ്മശ്രുവായ മകൻ കിടന്നുറങ്ങുന്ന അടുത്ത മുറിയിൽ വന്നു കിടക്കുന്നു. പെട്ടെന്ന് ഉറങ്ങുന്നു. നേരം വെളുക്കുമ്പോൾ തലേദിവസത്തെ കാമുകി “വിറകൊട്ടുമില്ല, ഒരു തൂക്കു വിറകു വാങ്ങിക്കൊണ്ടു വരൂ.” എന്നു പറഞ്ഞ് തലേദിവസത്തെ കാമുകന്റെ മുൻപിൽ വന്നു നിൽക്കുന്നു. “പോടീ ഉപദ്രവിക്കാതെ” എന്ന് അയാൾ. അന്നു രാത്രി പന്ത്രണ്ടു മണിക്കു ശേഷം കഴിഞ്ഞ രാത്രിയിലെ നാടകം ആടിക്കൊള്ളണം.
Contents
ജി
ഒരിക്കൽ കൻഫ്യൂഷസ് വനത്തിലൂടെ നടക്കുകയായിരുന്നു. അദ്ദേഹത്തിനു ദാഹം കൂടിയപ്പോൾ ശിഷ്യനോടു വെള്ളം കൊണ്ടുവരാൻ ആജ്ഞാപിച്ചു. ശിഷ്യൻ കാട്ടിനുള്ളിലേക്കു കടന്നപ്പോൾ കുളത്തിനരികെ ഒരു കടുവ ഇരിക്കുന്നതു കണ്ടു. തന്റെ ജീവനൊടുക്കാൻ വേണ്ടി ഗുരുനാഥൻ കണ്ടുപിടിച്ച ഒരു ഉപായമാണ് അതെന്ന് കരുതിയ ശിഷ്യൻ കടുവയുടെ വാലിൽ പിടിച്ചെടുത്ത് അതിനെ തലയ്ക്കു മുകളിൽ ചുറ്റി കല്ലിൽ അടിച്ചു കൊന്നു. മൃഗത്തിന്റെ വാല് വിജയചിഹ്നമായി മുറിച്ചെടുത്തു കൊണ്ട്
- അയാൾ കൻഫ്യൂഷസിന്റെ അടുക്കലെത്തി ചോദിച്ചു
- ഗുരോ, ഉത്കൃഷ്ട പുരുഷൻ കടുവയെ കൊല്ലുന്നതെങ്ങനെ?
- ഗുരു മറുപടി പറഞ്ഞു
- ഉത്കൃഷ്ട പുരുഷൻ കടുവയുടെ മുഖത്ത് അടിച്ചു കൊല്ലും
- ശിഷ്യൻ
- മദ്ധ്യമപുരുഷൻ?
- ഗുരു
- മദ്ധ്യമപുരുഷൻ കടുവയുടെ പള്ളയിൽ അടിച്ചു കൊല്ലും.
- ശിഷ്യൻ
- അധമപുരുഷനോ?
- ഗുരു
- അധമപുരുഷൻ കടുവയുടെ വാലിൽ പിടിച്ചു തലയ്ക്കു മുകളിൽ ചുഴറ്റി കല്ലിൽ അടിച്ചു കൊല്ലും.
ശിഷ്യൻ വീണ്ടും കാട്ടിനകത്തേക്കു ചെന്ന് വലിയ കല്ലെടുത്തു കൊണ്ട് തിരിച്ചെത്തി.
- എന്നിട്ടു ചോദിച്ചു
- ഗുരോ, അധമമനുഷ്യൻ പ്രതിയോഗിയെ കൊല്ലുന്നതെങ്ങനെ?
- ഗുരു
- അധമമനുഷ്യൻ കല്ലു കൊണ്ടിടിച്ച് പ്രതിയോഗിയെ കൊല്ലും.
- ശിഷ്യൻ
- മദ്ധ്യമപുരുഷനോ?
- ഗുരു
- മദ്ധ്യമപുരുഷൻ നാവു കൊണ്ടു കൊല്ലും [ഭാഷണത്തിലൂടെ എന്നർത്ഥം — ലേഖകൻ]
- ശിഷ്യൻ
- ഉത്കൃഷ്ടപുരുഷനോ?
- ഗുരു
- ഉത്കൃഷ്ടപുരുഷൻ തൂലിക കൊണ്ടു കൊല്ലും.
ശിഷ്യൻ കല്ലു ദൂരെയെറിഞ്ഞു. തൂലിക കൊണ്ടു പോലും ആരെയും വധിച്ചിട്ടില്ലാത്ത ഉത്കൃഷ്ടനായ കവിയായിരുന്നു ജി. ശങ്കരകുറുപ്പ് (വ്യക്തിയായ ശങ്കരകുറുപ്പിനെ കുറിച്ചല്ല ഞാനെഴുതുന്നത്). അദ്ദേഹത്തിന്റെ ജീവചരിത്ര വിഷയകമായ പ്രബന്ധം മാതൃഭൂമി ആഴ്ച്ചപതിപ്പിൽ വായിക്കാം. “അന്വേഷണം” എന്ന ചേതോഹരമായ കാവ്യത്തിന്റെ പ്രഭവകേന്ദ്രത്തെ കവി തനിക്കു മാത്രം കഴിയുന്ന മട്ടിൽ സ്പഷ്ടമാക്കിത്തരുന്നു. കാവ്യാസ്വാദനത്തിന് ഭാവുകനു സഹായമരുളുന്നതാണ് ഈ ശ്രേഷ്ഠമായ പ്രബന്ധം. നിരൂപകൻ കാടു കയറുന്ന സന്ദർഭത്തിൽ മഹാകവി നക്ഷത്രം പോലെ വെള്ളിവെളിച്ചം വിതറി നമുക്ക് ശരിയായ മാർഗ്ഗം കാണിച്ചു തരുന്നു.
ഡബ്ല്യൂ.ബി. യേറ്റ്സിന്റെ ഒരു കാവ്യമുണ്ട് Long-Legged Fly എന്ന പേരിൽ. ഭൂപടങ്ങൾ നിവർത്തിയിട്ട് അവയ്ക്കരികിലായി മഹാനായ സീസർ കൂടാരത്തിൽ കിടക്കുന്നു. തലയ്ക്കു താഴെ കൈവച്ച് ഒന്നിലും നോട്ടം അർപ്പിക്കാതെ കിടക്കുകയാണ് അദ്ദേഹം. നീണ്ട കാലുള്ള ഈച്ച നദിക്കുമുകളിലെന്നപോലെ അദ്ദേഹത്തിന്റെ മനസ്സ് നിശ്ശബ്ദതയുടെ മുകളിലായി നീങ്ങുന്നു. ട്രോയിയിലെ ഹെലൻ ഏകാന്തത നിറഞ്ഞ സ്ഥലത്ത് വർത്തിക്കുന്നു. നൃത്തത്തിന്റെ പാറ്റേണിനൊത്ത് അവളുടെ കാലുകൾ ചലനം കൊള്ളുന്നു. ഗോപുരങ്ങൾ അഗ്നിക്കിരയാക്കാനും, വരുന്ന തലമുറ തന്നെ ഓർമ്മിക്കാനും വേണ്ടി അഭിലഷിക്കുകയണ് അവൾ. ഹെലന്റെ മനസ്സ് നിശ്ശബ്ദതയുടെ മുകളിലായി നീങ്ങുന്നു, നീണ്ട കാലുള്ള ഈച്ച നദിക്കുമുകളീലെന്നപോലെ. മീക്കലാഞ്ചലോ (Scaffolding) ചാരിയിരിക്കുന്നു. മനസ്സിലെ ചിത്രങ്ങൾക്ക് അനുരൂപങ്ങളായ ചിത്രങ്ങൾ അദ്ദേഹത്തിന്റെ കൈ ആലേഖനം ചെയ്യുകയാണ്. അദ്ദേഹത്തിന്റെ മനസ്സും നിശ്ശബ്ദതയുടെ ഉപരിതലത്തിലൂടെ നീങ്ങുന്നു, നീണ്ട കാലുള്ള ഈച്ച നദിക്കുമുകളിൽ നീങ്ങുന്ന പോലെ. സീസറിന്റെയും ഹെലന്റെയും മീക്കലാഞ്ചലോയുടെയും വിഭിന്നമനസ്സുകളെ യേറ്റ്സ് കൂട്ടിയിണക്കുന്ന വൈദഗ്ധ്യം കാവ്യം വായിച്ചു തന്നെ മനസ്സിലാക്കണം. നമ്മുടെ കവിയും ഇതുപോലെ വിഭിന്നങ്ങളായ മാനസിക നിലകളെ കൂട്ടിച്ചേർത്ത് “അന്വേഷണ” മെന്ന കാവ്യത്തിന് രൂപം നൽകിയതെങ്ങനെയെന്ന് ഈ പ്രബന്ധത്തിൽ നിന്ന് മനസ്സിലാക്കാം. ജി യുടെ കനകതൂലികയുടെ ചലനം നിന്നുപോയല്ലോ. ഇല്ലെങ്കിൽ ഇതുപോലെ എത്രയെത്ര മനോഹരങ്ങളായ രചനകൾ നമുക്കു കിട്ടുമായിരുന്നു!
ചക്രവാളത്തിനുമപ്പുറം
വിദൂരദേശത്തു ചെല്ലാനും ധ്രുവനക്ഷത്രത്തെ കാണാനും കൊതിക്കുന്ന അമലിനെപ്പോലെ (ടാഗോറിന്റെ കഥാപാത്രം), ചക്രവാളത്തിനപ്പുറത്തുള്ള മഹാരഹസ്യം തേടുന്ന കവി റോബർട്ടിനെപ്പോലെ (യൂജീൻ ഓ നീലിന്റെ കഥാപാത്രം), യാനപാത്രത്തിൽ കിടന്ന് വിദൂരതയിൽ നിന്നാഗമിക്കുന്ന മരണത്തെ കാണാൻ അഭിലഷിക്കുന്ന വെർജിലിനെപ്പോലെ (ഹെർമാൻ ബ്രോഹിന്റെ ‘Death of Vergil’ എന്ന നോവലിലെ കഥാപാത്രം) ഒരു മഹാരഹസ്യം തേടുകയാണ് കെ. കെ. സുജാതയുടെ വസുമതി. ആ കഥാപാത്രം അന്വേഷിക്കുന്ന മഹാരഹസ്യം മരണം തന്നെ. കാക്കകളുടെ രൂപത്തിൽ എത്തുന്ന മരണം. കാലുകൾ തളർന്ന ആ രോഗിണിയോട് സഹതപിക്കാൻ ആരുമില്ല. ആവൾക്ക് സഹായം നൽകാൻ ആരുമില്ല. ഹരിതാഭമായ ജീവിതത്തിന്റെ പ്രതീകങ്ങളായ പച്ചക്കിളികളെ കണ്ട് തെല്ലൊരാശ്വാസം നേടാനേ അവൾ യത്നിക്കുന്നുള്ളൂ. അതിനും പ്രതിബന്ധം സൃഷ്ടിക്കുന്നു മറ്റൊരാൾ. ഇനി അവൾക്ക് മരണത്തെ സാക്ഷാൽക്കരിച്ചാൽ മതി. വസുമതിയുടെ ദുഃഖത്തെയും നിസ്സഹായാവസ്ഥയെയും ചിത്രീകരിക്കുന്നതിൽ സുജാത വിജയം പ്രാപിച്ചിരിക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു പരസ്യത്തിൽ “അനുയോജ്യരായ യുവാക്കളീൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു” എന്നുകണ്ടു. “അനുയോജ്യ”ത്തിന് പരിശോധിക്കേണ്ടത്, ചോദ്യം ചെയ്യപ്പെടേണ്ടത് എന്നൊക്കെയാണ് അർഥം. കന്യകയ്ക്ക് യോജിച്ച വരനെയാണ് വേണ്ടതെങ്കിൽ “അനുരൂപനായ” വരൻ എന്നു വേണം. Questionable character വരനുണ്ടെങ്കിൽ അയാളെ വീട്ടിൽ കയറ്റരുതല്ലോ.
“പത്രലോകത്തിലെ പ്രഗത്ഭകൾ” എന്ന് വിമെൻസ് മാഗസിനിൽ കാണുന്നു. “പ്രഗല്ഭകൾ” എന്നു വേണം. (പ്ര + ഗല്‌ഭ് + അച്)
ജാർഗൺ
കോഫി ഹൗസിൽ നിന്ന് കാപ്പികുടിച്ചിട്ട് പണം കൊടുക്കാനുള്ള കൗണ്ടറിനടുത്ത് ചെന്നു നിന്നാൽ വെള്ളക്കാലുറയും, വെള്ളക്കോട്ടും, വെള്ളത്തലപ്പാവും അണിഞ്ഞ ജോലിക്കാർ ബില്ല് എഴുതുന്ന ആളിനോട് ഇങ്ങനെ പറയുന്നത് കേൾക്കാം. “രണ്ട് വി.സി., നാല് എം.സി., ഒരു എസ്സ്. ഇ.” നമ്മൾ കറങ്ങിപ്പോകും. വി.സി. വെജിറ്റബിൾ കട്‌ലറ്റാണ്; എം.സി. മട്ടൺ കട്‌ലറ്റ്; എസ്സ്.ഇ. സ്ക്രാംബിൾഡ് എഗ്ഗ്.
ടെലിഫോൺ കേടായാൽ അതു നന്നാക്കാൻ ആളു വരും. ആ ആളിനോട് ഒരിക്കൽ ഞാൻ ചോദിച്ചു:“എന്താണ് കേട്?” ആ മനുഷ്യൻ അഞ്ച് വാക്യം പറഞ്ഞു. അതഞ്ചും എനിക്ക് മനസ്സിലായില്ല. ചിലപ്പോൾ ബസ്സിൽ കേൾക്കാം. പി. എല്ലിന്, എം. സി. ഇല്ലാതെ അപേക്ഷ വന്നു. ഞാൻ അഡ്‌വേഴ്സായ നോട്ട് പുട്ടപ്പ് ചെയ്തു. സീ. എസ്സിനു പോലും ഒന്നും ചെയ്യാൻ സാധിച്ചില്ല. പി. എൽ. എന്നാൽ പ്രിവിലിജ് ലീവ്., എം. സി. മെഡിക്കൽ സർട്ടിഫിക്കറ്റ്, സി. എസ്സ്. എന്ന രണ്ടക്ഷരത്തിൽ പത്തിയൊതുക്കിക്കിടക്കുന്നത് ചീഫ് സെക്രട്ടറിയാണ്.
- എന്താണ് ഡോക്ടർ അദ്ദേഹത്തിന് സുഖക്കേട്?
- മൈയോകാർഡിയൽ ഇൻഫാർക്ഷൻ
എനിക്ക് മനസ്സിലായില്ല ഡോക്ടർ എന്നു ഞാൻ. അദ്ദേഹം തിടുക്കത്തിൽ അങ്ങു നടന്നു, മറുപടി പറയാതെ. തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ ആർട്സ് കോളേജിൽ വച്ചു പഠിപ്പിച്ച ഒരു പയ്യൻ ഹൗസ് സർജനായി നിൽക്കുന്നതു കണ്ടു.
- ഞാൻ അയാളോടു ചോദിച്ചു
- ‘മയോകാർഡിയൽ ഇൻഫാർക്ഷൻ’ എന്നു പറഞ്ഞാൽ എന്താണ്?
- ആ യുവാവിന്റെ മറുപടി
- Sir, it is a mecrosis caused by blood deprivation of the myocardium.
ആദ്യത്തെ മറുപടിയേക്കാൾ പ്രയാസം ഇതു മനസ്സിലാക്കാൻ. എന്നാൽ ശിഷ്യന്റെ മുൻപിൽ മണ്ടനാകാമോ? എല്ലാം മനസ്സിലായി എന്ന മട്ടിൽ തല കുലുക്കിക്കൊണ്ട് ഞാൻ വേഗം നടന്ന് കോഫി ഹൗസിൽ കയറി. രണ്ടു വി.സി. ക്ക് ഓർഡർ കൊടുത്തു.
ഇതിനെയെല്ലാമാണ് ജാർഗൺ (jargon) എന്ന് സായ്പ് വിളിക്കുന്നത്. സാഹിത്യത്തോട് ഒരു ബന്ധവുമില്ലാത്ത പൈങ്കിളിക്കഥ എഴുതുന്നവർക്ക്, ഈ അനർത്ഥക ഭാഷയുണ്ട്. അതെടുത്തങ്ങ് നിരത്തിയാാൽ മതി. കഥയായി. വിമൻസ് മാഗസിനിൽ “പിന്നെയും ഒരു നാൾ”എന്ന ചെറുകഥയെഴുതിയ ബാലകൃഷ്ണൻ മാങ്ങോട് ഈ വിധത്തിൽ ജാർഗനിസ്റ്റാണ്. പഴയ കാമുകിയും കാമുകനും (അങ്ങനെ കാമുകിയും കാമുകനും അല്ല അവർ. എങ്കിലും ആ വിധത്തിൽ എഴുതട്ടെ.). കാമുകി വേറൊരുത്തനെ വിവാഹം കഴിക്കുന്നു. കാമുകൻ മറ്റൊരുത്തിയെയും. വർഷങ്ങൾ കഴിഞ്ഞു. അവൾക്ക് ഓഫീസിൽ നിന്ന് രണ്ട് ചോക്ക്ലേറ്റ് കിട്ടുന്നു. ഒന്നവൾ തിന്നു, രണ്ടാമത്തേത് സൂക്ഷിച്ചു വയ്ക്കുന്നു. പൂർവകാമുകനെ കണ്ടാൽ കൊടുക്കാം. അല്ലെങ്കിൽ ഭർത്താവിനു കൊടുക്കാം. റോഡിലിറങ്ങിയപ്പോൽ പഴയ കാമുകൻ നിൽക്കുന്നു. അയാളും അവളും അവളുടെ വീട്ടിലെത്തി. ഭർത്താവിനെ പരിചയപ്പെടുത്തി. ചായ കുടിച്ചിട്ട് അയാൾ യാത്ര പറഞ്ഞു. ചോക്ക്ലറ്റ് അവൾ സൂക്ഷിച്ചു വച്ചു. ഭർത്താവിനും കൊടുത്തില്ല, പൂർവകാമുകനും കൊടുത്തില്ല. എന്തൊരു ആന്റി ഡില്യൂവിയൻ കഥ! (മഹാപ്രളതത്തിനുമുൻപുള്ള കഥ) ഈ ജാർഗണെടുത്തു വിളമ്പുന്ന ബാലകൃഷ്ണൻ മാങ്ങാടിന്റെ ധൈര്യം അസാധാരണം തന്നെ. പണ്ടു സാഹിത്യപരിഷത്തിന്റെ ഒരു സമ്മേളനത്തിൽ എം.ആർ. വേലുപ്പിള്ള ശാസ്ത്രി ‘മയൂരസന്ദേശ’ത്തിലെ ഒരു ശ്ലോകം ചൊല്ലിയ രീതിയിലാണെങ്കിൽ “സൗജന്യത്തെപ്പറകിലത സാധാരണം തന്നെയാ ണേേേേ രാജന്യ സ്ത്രീമണിയുടെ ഗുണൗഘങ്ങളന്യാദൃശങ്ങൾ” (കേരളവർമ്മയുടെ പത്നിയെക്കുറിച്ചുള്ള ദുഷ്പ്രവാദങ്ങളാണു വേലുപ്പിള്ളശ്ശാസ്ത്രിയുടെ ആണേേേേ എന്ന നീട്ടലിൽ നിന്ന് ധ്വനിച്ചതു).
വധം
കൊല്ലാൻ പല മാർഗ്ഗങ്ങളുണ്ടു. വധ കർത്താവിന്റെ ക്രൂരതയെ ആശ്രയിച്ചിരിക്കും വധമാർഗ്ഗം — ഗുരു ഗോപിനാഥ് എന്നോടു പറഞ്ഞ ഒരു യഥാർത്ഥസംഭവം. അമേരിക്കയിലെ ഒരു നഗരത്തിൽ നാടകം കഴിഞ്ഞു. നാടക കർത്താവിനെ കാണണമെന്ന മുറവിളി സദസ്സിൽ നിന്നുയർന്നു. അഭിനന്ദിക്കാനായിരിക്കുമെന്നു വിചാരിച്ചു അയാൾ നാടകവേദിയിൽ വന്നു തലകുനിച്ചു. പ്രേക്ഷകരിൽ ഒരാൾ റിവോൾവറെടുത്തു അയാളുടെ നേർക്കു നിറയൊഴിച്ചു. നാടക കർത്താവു ചത്തു വീണു. ഒരപരാധവും ആർക്കും ചെയ്യാതെ ചുമ്മാ റോഡിലൂടെ നടന്നുപോകുന്നവന്റെ മുതികിൽ കത്തിയിറക്കി കൊല്ലാം. പിന്നെയുണ്ടു വേറെയും ചില മാർഗ്ഗങ്ങൾ. പരിഹാസച്ചിരി ചിരിച്ചു കൊല്ലാം. കടുത്ത വാക്കു പ്രയോഗിച്ചു കൊല്ലാം. അപമാനിച്ചു കൊല്ലാം. ഈ കൊലപാതകങ്ങളാണു ആദ്യം പറഞ്ഞവയെക്കാൾ അധർമ്മങ്ങൾ. ഇതുമല്ല, കഥയെഴുതിയും ആളുകളെ കൊല്ലാം. അതാണേറ്റവും ഹീനം. “ഒരു കാഴ്ചയ്ക്കു ശേഷം” എന്ന കഥ മനോരമ ആഴ്ചപതിപ്പിലെഴുതി കൊഴുവനാൽ ജോസ് വായനക്കാരെ കൊല്ലുന്നു.
മൂന്നിന്റെ നന്മ
അന്ധവിശ്വാസങ്ങൾ ഓരോ രാജ്യത്തിന്റെയും സംസ്ക്കാരത്തിന്റെ ഭാഗമാണു; ഇതിഹാസങ്ങളും പുരാണങ്ങളും കെട്ടുകഥകളും സംസ്കാരത്തിന്റെ ഭാഗമായിരിക്കുന്നതുപോലെ. അവയെ ശാസ്ത്ര സിദ്ധാന്തങ്ങൾ കൊണ്ടു എതിർക്കുന്നതിൽ ഒരർത്ഥവുമില്ല. അന്ധവിശ്വാസത്തെ പ്രഗൽഭമായി അപഗ്രഥിച്ചാൽ അതിനു മിസ്റ്റിസിസത്തോടുള്ള ബന്ധം വ്യക്തമാകും. ഓരോ രാജ്യത്തിനും അതിന്റേതായ അന്ധവിശ്വാസങ്ങളുണ്ടു. എങ്കിലും പലപ്പോഴും അവ സദൃശങ്ങളായിരിക്കുകയും ചെയ്യും. മിന്നമിനുങ്ങു രാത്രി സമയത്തു വീട്ടിനുള്ളിൽ കടന്നാൽ അപരിചിതനായ ഒരാൾ അവിടെ വരുമെന്നു പല രാജ്യക്കാരും വിശ്വസിക്കുന്നു. നമ്മുടെ വിശ്വാസം വീട്ടിൽ കള്ളൻ കയറുമെന്നാണു. കള്ളനും അപരിചിതനും തമ്മിൽ അല്‌പമായ വ്യത്യാസമേയുള്ളൂ, രണ്ടു പേരും ആശങ്ക ഉളവാക്കുമല്ലോ.
“ഒന്നിൽ പിഴച്ചാൽ മൂന്നു്” എന്ന നമ്മുടെ വിശ്വാസം ശുഭത്തെ സൂചിപ്പിക്കുന്നു. വെള്ളക്കാരും മൂന്നിന്റെ അനുഗ്രാഹിക ശക്തിയിൽ വിശ്വസിക്കുന്നുണ്ടു്. ആവർക്കു The Father, the Son, The Holy Ghost എന്നു വ്യക്തിത്രയാത്മക ദേവതാസങ്കല്പമുണ്ട് (Trinity) നമ്മുടെ “ബ്രഹ്മാവിഷ്ണു മഹേശ്വര” സങ്കല്‌പങ്ങളിൽനിന്നു് ഇതു വിഭിന്നമല്ല. അതുകൊണ്ടാവണം മൂന്നിനും പാവനത്വം സിദ്ധിച്ചതു്. ഏതു പ്രവൃത്തിക്കും ആരംഭം, മദ്ധ്യമം, പര്യവസാനം എന്നു മൂന്നു് അവസ്ഥകളുണ്ടല്ലോ. പര്യവസാനം എപ്പോഴും നന്നായിരിക്കുമെന്ന വിചാരത്തിലും മൂന്നിനു് പാവനത്വം വന്നു കൂടിയിരിക്കാം.
പാലം നിർമ്മിക്കുമ്പോൾ അതുറയ്ക്കണമെങ്കിൽ നരബലിനടത്തണമെന്ന അന്ധവിശ്വാസം പല രാജ്യങ്ങളിലുമുണ്ട്. കേരളത്തിലുമുണ്ടു്. ആ വിശ്വാസത്തെ ചെറുകഥയിലൂടെ സ്ഫുടീകരിച്ച് മനുഷ്യന്റെ നൃശംസതയുമായി അതിനെ കൂട്ടിയിണക്കുന്നു വഴിത്തല രവി. (മനോരാജ്യത്തിലെ ’ഉറച്ചപാലം’ എന്ന കഥ) ആരാണോ പാലത്തിന്റെ നിർമ്മാണത്തിനുവേണ്ടി ശ്രമിച്ചതു് അയാളെത്തന്നെ സമുദായം ബലികൊടുക്കുന്നു. ക്രൂരത വ്യഞ്ജിക്കുന്നു. നല്ല കഥയാണിതു്.
ഇതെഴുതുന്ന ആൾ എറണാകുളത്തു് ലൂസിയ ഹോട്ടലിൽ താമസിക്കുന്ന കാലം. കോളേജിലേക്കു പോകാൻബസ്സ് കാത്തുനിൽക്കുമ്പോൾ ഒരാഫീസ് ജോലിക്കാരിയും സുന്ദരിയുമായ തരുണി എന്റെ അടുത്തെത്തി ചോദിച്ചു: “കൃഷ്ണൻനായർസ്സാറണോ?” “അതേ” എന്നു മറുപടി നല്‌കി. പതിവായി അവളെ ബസ്സ് സ്റ്റാൻഡിൽ കാണുമായിരുന്നു. ഒരു ദിവസം കാലത്തു് ഞാൻ താമസിക്കുന്ന അഞ്ചാമത്തെ നിലയിലെ മുറിയിൽ അവൾ കയറിവന്നു. ദുഷ്പേരുണ്ടാകുമെന്നു കരുതി ഞാൻ പേടിച്ചെങ്കിലും ആ പേടി പ്രകടിപ്പിച്ചില്ല. ആ ചെറുപ്പക്കാരിക്കു കാപ്പികൊടുത്തതിനുശേഷം “ ഇതു ഹോട്ടലല്ലേ? കുട്ടി സാഹിത്യത്തിലുള്ള താല്‌പര്യം കൊണ്ടാണു് വരുന്നതെന്നു് എനിക്കറിയാം. എങ്കിലും നമുക്കു രണ്ടുപേർക്കും ദോഷം വരും” എന്നു ഞാൻ മൃദുലഭാഷയിൽ പറഞ്ഞു. എന്റെ ആ വിലക്കു് അവൾ കൂട്ടാക്കിയില്ല. രണ്ടാമത്തെ തവണ അവൾ വന്നപ്പോൾ എന്റെ മുറിയിൽ കഥാകാരൻ മോഹനവർമ്മയുണ്ടായിരുന്നു. മറ്റൊരാളിന്റെ മുൻപിൽവച്ച് സ്ത്രീയെ വേദനിപ്പിക്കുന്നതു ശരിയല്ലാത്തതുകൊണ്ടു് ഞാൻ ഒന്നും പറഞ്ഞില്ല അവളോടു്. മൂന്നാമത്തെ തവണ അവളെത്തിയപ്പോൾ മുറിയിൽ കഥാകാരൻ ടി. ആറും എക്സ്പ്രസ്സ് പത്രത്തിന്റെ സിറ്റി എഡിറ്ററുമുണ്ടായിരുന്നു. “പൊയ്ക്കോളൂ. ഞാൻ ഇപ്പോൾ തിരുവനന്തപുരത്തേക്കു പോകുകയാണു്” എന്നു ഞാൻ അവളോടു പറഞ്ഞു. അവൾ അതു കേട്ടില്ലെന്നു ഭാവിച്ചു. ഞാൻ ബാഗുമെടുത്തു് കൂട്ടുകാരോടുകൂടി പുറത്തേക്കുപോയപ്പോൾ ആ കനംകൂടിയ ബാഗ് കൈയിൽ വാങ്ങിക്കൊണ്ടു് അവൾ എന്റെകൂടെ ബസ്സ് സ്റ്റാൻഡ് വരെ വന്നു. ബസ്സ് പോയപ്പോൾ അവർ മൂന്നുപേരും പോയി. നാലാമത്തെ തവണ അവൾ എത്തിയപ്പോൾ ആരുമില്ലായിരുന്നു. അപമാനഭീതികൊണ്ട് ഞാൻ കോപിച്ചു. മുറിയിൽനിന്നു് ചാടിയിറങ്ങി അതു വലിച്ചടച്ചുകൊണ്ടു ഞാൻ പറഞ്ഞു. “വരൂ താഴെ കൊണ്ടാക്കാം. കുട്ടി ഇവിടെ വരരുതെന്നു് ഞാൻ പറഞ്ഞിട്ടില്ലേ” “സാറിനെന്താ ഇത്രയ്ക്കുപേടി?” എന്നുചോദിച്ചുകൊണ്ടു് അവൾ കൂടെ വന്നു. ലിഫ്റ്റ്ബോയ് ഇല്ലാത്തതുകൊണ്ടു് ഞാൻതന്നെ ബട്ടൺ അമർത്തി ലിഫ്‌റ്റ് പ്രവർത്തിപ്പിച്ചു. അഞ്ച്, നാലു് മൂന്നു് എന്ന അക്കങ്ങൾ ചുവന്ന നിറത്തിൽ കാണിച്ചുകൊണ്ടു് ലിഫ്‌റ്റ് താഴത്തേക്കു പോകുകയാണു്. തന്റെ ശരീരകാന്തിയിലും അതിന്റെ വശീകരണ ശക്തിയിലും ഉറച്ച വിശ്വാസമുള്ള അവൾ എന്റെ അടുത്തേക്കു നീങ്ങി വന്നു. ശരീരങ്ങൾ തൊട്ടുതൊട്ടില്ല എന്നായപ്പോൾ ലിഫ്‌റ്റ് താഴെയെത്തി. റിസപ്ഷനിസ്‌റ്റ് സെബാസ്‌റ്റിൻ തെല്ലൊരു പരിഹാസത്തോടെ “എന്തെല്ലാം സാറേ” എന്നു ചോദിച്ചു. സാഹിത്യം ഈ തരുണിയെപ്പോലെയാകണം. നമ്മളെ കടന്നുകയറി ആക്രമിക്കണം. അപ്പോൾ പേടിയുടെ പേരിൽ ‘മോറലിസ്‌റ്റ്” ആകേണ്ടതായി വരില്ല.
തിരുവനന്തപുരത്തെ ഹജൂർകച്ചേരിയുടെ മുൻപിൽ. റോഡിനരികിൽ ഒരു മരം നില്‌ക്കുന്നു. നോക്കിയപ്പോൾ ‘വേപ്പു്’ എന്നു് അതിൽ എഴുതിവച്ചിരിക്കുന്നു. തൊട്ടടുത്തുള്ള മരങ്ങൾ ഓരോന്നായി നോക്കി. ഒന്നിലും പേരില്ല. എനിക്കു പേരറിയാൻ കഴിയാത്തതുകൊണ്ടു് നിരാശതയുണ്ടായി. പരുക്കൻ മരങ്ങളുടെ പേരെങ്കിലും അറിഞ്ഞാലേ ഫലമുള്ളൂ. കാരണം അവയുടെ വൈരൂപ്യം നമ്മളിൽ ഒരു ‘ഇംപാക്‌റ്റും’ ഉണ്ടാക്കുന്നില്ല എന്നതുതന്നെ. അങ്ങനെ വേപ്പിനടുത്തു നിൽക്കുമ്പോൾ സൗന്ദര്യമൊട്ടുമില്ലാത്ത ഒരു സ്ത്രീ കാറോടിച്ചു പോയി. അവരുടെ പേരെന്താവാമെന്നു് ഞാൻ ആലോചിച്ചുനോക്കി. കുറച്ചു കഴിഞ്ഞപ്പോൾ സൗന്ദര്യമുള്ള ഒരു തരുണി ബസ്സിൽനിന്നിറങ്ങി വടക്കോട്ടു നടന്നു. അവരെക്കണ്ടപ്പോൾ പേരറിയാൻ കൗതുകമുണ്ടായില്ല. മധുരാനുഭൂതിയിൽ ഹൃദയം വിലയംകൊള്ളുമ്പോൾ മാധുര്യം എന്ന അവസ്ഥയേ അതിനുള്ളൂ. അപ്പോൾ ബുദ്ധിശക്തി പ്രവർത്തിക്കുന്നില്ല. ജിജ്ഞാസ ഉണരുകയില്ല. “കന്യകമാർക്കു നവാനുരാഗങ്ങൾ കമ്രശോണ സ്ഫടിക വളകൾ – ഒന്നു പൊട്ടിയാൽ മറ്റൊന്നു് … ” എന്നു വായിക്കുമ്പോൾ സൗന്ദര്യത്തിന്റെ പ്രതീതി. ആരെഴുതിയതു് എന്ന ചോദ്യമില്ല. കവിതയുടെ പേരെന്ത് എന്നു ചോദിക്കില്ല.
ചേംബർപോട്ട്
കേശവന്റെ ഏമാനു് കുറെ സായ്‌പന്മാർ കൂട്ടുകാരായി ഉണ്ടായിരുന്നു. അവർ വീട്ടിൽ വരുമ്പോൾ തൈരു കൊടുക്കണമെന്ന് ഏമാൻ നിർദ്ദേശിച്ചു. തൈരു് ഭംഗിയായി വിളമ്പാമെന്നു തീരുമാനിച്ചു് കേശവൻ തൃശ്ശൂർ റൗണ്ടിനടുത്തുള്ള കടയിൽനിന്ന് ലോഹനിർമ്മിതമായ ഒരു കലം വാങ്ങിച്ചു. ഒപ്പം കപ്പുകളും സോസറുകളും. സായ്‌പന്മാർ വന്നപ്പോൾ കേശവൻ കലമെടുത്തുകൊണ്ടൂ വന്നു് അവരുടെ മുൻപിൽ വച്ചു പുഞ്ചിരിയോടെ. അതു കണ്ടയുടനെ സായ്‌പന്മാർ ഒറ്റയോട്ടം. കേശവൻ പിന്നീട് അവരോടു് മാപ്പുചോദിച്ചിട്ടു പറഞ്ഞു: “അങ്ങനെയൊരു കാര്യത്തിനു് ഞാൻ ആ കലം ഒരിക്കലും ഉപയോഗിക്കില്ല എന്നു നിങ്ങൾ വിചാരിച്ചു. അതുപോലെ അങ്ങനെയൊരു കാര്യത്തിന് നിങ്ങൾ കലം ഉപയോഗിക്കില്ല എന്നു ഞാനും വിചാരിച്ചു. [സായ്പന്മാർ മൂത്രവിസർജ്ജനത്തിനുവേണ്ടി കലം ശയനമുറിയിൽ വയ്ക്കാറുണ്ട് — ലേഖകൻ.] ചെറുകഥയെന്ന കലാരൂപം ഇങ്ങനെയൊരു കാര്യത്തിന് ബേബികുര്യൻ ഉപയോഗിക്കുമെന്ന് കുങ്കുമം വാരികയിലെ “ഉണ്ണിക്കോരൻനായരുടെ അപ്രന്റീസ്” എന്ന കഥ വായിക്കുന്നതുവരെ ഞാനും വിചാരിച്ചില്ല. നർമ്മബോധം ബേബികുര്യന് ഉണ്ട് എന്നതു വിസ്മരിച്ചുകൊണ്ടല്ല ഞാനിങ്ങനെ എഴുതുന്നത്. ആ നർമ്മബോധം അദ്ദേഹം മലയാള നാട്ടിലെഴുതിയ “കാഫ്ക മലയാളത്തിൽ” എന്ന കഥയിലുമുണ്ട്. മകൻ അച്ഛനെ തല്ലുന്നു. അവനെ അഭിനന്ദിക്കാൻ ചെറുപ്പക്കാരായ പത്രറിപ്പോർട്ടർമാർ വരുമ്പോൾ പോലീസുകാരാണ് അവരെന്നു കരുതി അവൻ ഓടുന്നു. തന്തയെ തല്ലിയവന്റെ പടം പത്രത്തിൽ വരുന്നു. കാഫ്കയ്ക്ക് അച്ഛനോട് വിരോധമായിരുന്നല്ലോ. അതറിഞ്ഞ് ഇവിടെയും കുറെപ്പേർ തന്തയോട് വിരോധമെന്നുപറഞ്ഞു നടക്കുന്നുണ്ട്. അവരെ കളിയാക്കുകയാണ് ബേബികുര്യൻ. ഫലിതം പരുക്കനാവുമ്പോൾ എനിക്കിഷ്ടം തോന്നാറില്ല. അതുകൊണ്ടാണ് ഈ ഖണ്ഡികയിലെ ആദ്യഭാഗത്തെ ശകാരം.
രണ്ട് എട്ടുകാലികൾ
Jan Gerhard Toonder ഡച്ച് നോവലിസ്റ്റാണ്. അദ്ദേഹത്തിന്റെ പ്രഖ്യാപിതമായ കഥയാണ് The spider. ഇക്കഥയിലെ പ്രധാന കഥാപാത്രമാണ് എട്ടുകാലി. അത് ആദ്യമായി വിക്ടറിന്റെ ഭാര്യയെ പേടിപ്പിക്കുന്നു. പ്രാവിന്റെ മുട്ടയോളം വരുന്ന എട്ടുകാലി. രോമാവൃതമായ കാലുകളോടു കൂടി അത് പെട്ടെന്നു പ്രത്യക്ഷമാകും. അതുപോലെ അപ്രത്യക്ഷമാവുകയും ചെയ്യും. രണ്ടാമത് അത് വിക്ടറെ പേടിപ്പിക്കാൻ തുടങ്ങി. നൂലുപോലുള്ള എട്ടു കാലുകൾ. അവയിലെല്ലാം രോമങ്ങൾ. ആദ്യം മുഷ്ടിയോളം ഉണ്ടായിരുന്ന അത് വലുതാകാൻ തുടങ്ങി. ഒരു ദിവസം ആ എട്ടുകാലി ഭാര്യയുടെ വായ്ക്കകത്തു കയറി തൊണ്ടയിലേക്കു നീങ്ങുന്നത് അയാൾ കണ്ടു. വിക്ടർ കത്തിയെടുത്ത് എട്ടുകാലിയെ ലക്ഷ്യമാക്കി ഒറ്റക്കുത്ത്. ഭാര്യയുടെ മൃതദേഹം പോലീസറിയാതെ മറവുചെയ്യാൻ കൊണ്ടുപോകുമ്പോഴും അത് പറഞ്ഞുകൊണ്ടിരുന്നു: “അങ്ങയ്ക്കു നന്ദി. ഇനി കുഞ്ഞ് എന്നോടൊരുമിച്ച് എന്നും ഉണ്ടായിരിക്കുമല്ലോ.” പേടിച്ച് വിക്ടർ നിലവിളിച്ചു. “എട്ടുകാലിയാണത്. എട്ടുകാലി ജീവിച്ചിരിക്കുന്നു.” ഈ കഥ ദേശാഭിമാനി വാരികയിൽ “വെള്ളിനൂലുകൾക്കിടയിൽ” എന്നു കഥയെഴുതിയ വി. എസ്. അനിൽകുമാർ വായിച്ചോ? “രോമാവൃതമായ എട്ടുകാലുകളും അകത്തിവച്ചുകൊണ്ട് എന്നും വിശ്രമിക്കുന്നു എന്നു തോന്നിക്കുന്ന എട്ടുകാലി” കഥ പറയുന്ന ആളിനെ പേടിപ്പിക്കുന്നല്ലോ. രണ്ടു കഥകളുടെയും സാദൃശ്യം എന്നെയും പേടിപ്പിക്കുന്നല്ലോ.
കുഞ്ചുപിള്ള
ലോകത്തിന്റെ ദുഃഖവും മരണത്തിന്റെ ഭീതിദാവസ്ഥയും ഭാവനകൊണ്ടു ചിത്രീകരിച്ച കുഞ്ചുപിള്ള അസുലഭസിദ്ധികളുള്ള കവിയായിരുന്നു. സമകാലികജീവിതത്തെയും പൂർവകാലജീവിതത്തെയും അദ്ദേഹം കവിതയെസ്സംബന്ധിച്ച സവിശേഷമായ കൺസെപ്ഷനിലൂടെ നോക്കി. രണ്ടും കൂട്ടിയിണക്കി. ശംഖചൂഡനെയും മണ്ഡോദരിയെയും കുറിച്ചു അദ്ദേഹം രചിച്ച കാവ്യങ്ങൾ ഇതിനു നിദർശകങ്ങളാണ്. കുഞ്ചുപിള്ളയുടെ ഓർമ്മ നിലനിർത്താൻവേണ്ടി കൂടിയ സമ്മേളനത്തെക്കുറിച്ച് ചുള്ളിക്കാട് ബാലചന്ദ്രൻ കലാകൗമുദിയിലെഴുതുന്നു. ഉചിതജ്ഞതയുള്ള പ്രവൃത്തിയാണത്.
എന്റെ ബന്ധുക്കളായ ഒരു ചെറുപ്പക്കാരിയും ഒരു കൊച്ചുപെൺകുട്ടിയും ബ്യൂട്ടിപാർലറിൽ ചെന്നു മുഖസൗന്ദര്യം കൂട്ടാൻ എന്തോ ചെയ്തു. അവിടെ തൊലി ബ്ലീച്ച് ചെയ്യുന്ന ഏർപ്പാടുണ്ടുപോലും. എന്തായാലും ഇപ്പോൾ രണ്ടുപേരുടേയും മുഖം വിരൂപമായിരിക്കുന്നു. പിഗ്മെന്റേഷൻ നശിച്ച് ശ്വേതകുഷ്ഠം മുഖത്തു വരാതിരുന്നാൽ ഭാഗ്യം. സ്വാഭാവികമായതെന്തും സുന്ദരമാണ്. കൃത്രിമമായതെന്തും തിന്മയാണ്. സാഹിത്യത്തിലും ഇതാണ് ശരി.
|
|