Difference between revisions of "സാഹിത്യവാരഫലം 2002 01 04"
(Created page with "{{MKN/SV}} Category:മലയാളം Category:എം കൃഷ്ണന്‍ നായര്‍ Category:സാഹിത്യവാരഫലം Category:സ...") |
|||
Line 22: | Line 22: | ||
1887 സെപ്റ്റംബര്‍ ഒന്നിന് സ്വിറ്റ്സര്‍ലണ്ടില്‍ ജനിച്ച സോസ്സയാണ് (Frederic Sausser, 1877–1961) പില്ക്കാലത്ത് ബ്ലെയ്സ് സാങ്ദ്രാര്‍ (Blaise Cendrars) എന്ന ഫ്രഞ്ച് സാഹിത്യകാരനായി മഹായശസ്സാര്‍ജ്ജിച്ചത്. അദ്ദേഹം നോവലിസ്റ്റായിരുന്നു, കവിയായിരുന്നു. രണ്ടു നിലകളിലും മൗലികപ്രതിഭ പ്രദര്‍ശിപ്പിച്ച സാഹിത്യകാരന്‍. പാരീസിലെ ‘അവൊങ് ഗാര്‍ദ്’ മണ്ഡലങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ക്യൂബിസം എന്ന കലാസങ്കേതം സ്വീകരിച്ച് കാവ്യങ്ങള്‍ രചിച്ച ആളാണ് സാങ്ദ്രാര്‍. (പുതിയ ആശയങ്ങളും പുതിയ കലാസങ്കേതങ്ങളും കലയില്‍ നിവേശിപ്പിച്ച സംഘമാണ് അവൊങ് ഗാര്‍ദ്. ഒരു വസ്തുവിന്റെ വിവിധാംശങ്ങള്‍ ഒരേ സമയത്തുതന്നെ ആവിഷ്കരിക്കുന്ന പ്രസ്ഥാനം ക്യൂബിസം. ധിഷണയില്‍നിന്നു വരുന്ന പ്രതീകങ്ങളായി വാക്കുകളെ സങ്കലനം ചെയ്തു കവിതയില്‍ കൊണ്ടുവരുന്നതാണ് ഇതിന്റെ രീതി.) | 1887 സെപ്റ്റംബര്‍ ഒന്നിന് സ്വിറ്റ്സര്‍ലണ്ടില്‍ ജനിച്ച സോസ്സയാണ് (Frederic Sausser, 1877–1961) പില്ക്കാലത്ത് ബ്ലെയ്സ് സാങ്ദ്രാര്‍ (Blaise Cendrars) എന്ന ഫ്രഞ്ച് സാഹിത്യകാരനായി മഹായശസ്സാര്‍ജ്ജിച്ചത്. അദ്ദേഹം നോവലിസ്റ്റായിരുന്നു, കവിയായിരുന്നു. രണ്ടു നിലകളിലും മൗലികപ്രതിഭ പ്രദര്‍ശിപ്പിച്ച സാഹിത്യകാരന്‍. പാരീസിലെ ‘അവൊങ് ഗാര്‍ദ്’ മണ്ഡലങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ക്യൂബിസം എന്ന കലാസങ്കേതം സ്വീകരിച്ച് കാവ്യങ്ങള്‍ രചിച്ച ആളാണ് സാങ്ദ്രാര്‍. (പുതിയ ആശയങ്ങളും പുതിയ കലാസങ്കേതങ്ങളും കലയില്‍ നിവേശിപ്പിച്ച സംഘമാണ് അവൊങ് ഗാര്‍ദ്. ഒരു വസ്തുവിന്റെ വിവിധാംശങ്ങള്‍ ഒരേ സമയത്തുതന്നെ ആവിഷ്കരിക്കുന്ന പ്രസ്ഥാനം ക്യൂബിസം. ധിഷണയില്‍നിന്നു വരുന്ന പ്രതീകങ്ങളായി വാക്കുകളെ സങ്കലനം ചെയ്തു കവിതയില്‍ കൊണ്ടുവരുന്നതാണ് ഇതിന്റെ രീതി.) | ||
− | ഗുണവിഭിന്നതയുള്ള | + | ഗുണവിഭിന്നതയുള്ള — വിജാതീയങ്ങളായ — വസ്തുതകളെയോ വസ്തുക്കളെയോ അടുത്തടുത്തുവച്ച് സ്ഫോടനാത്മകത ഉളവാക്കുന്നതും അവൊങ് ഗാര്‍ദിന്റെ രിതിയാണ്. ഇതില്‍ ആപൊളിനെറും (Apollinaire, 1880–1918) വിദഗ്ദ്ധനാണ്. ഈ സമീപസ്ഥസ്വഭാവം വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്നു. കവിയുടെ സ്വത്വത്തെ പ്രദര്‍ശിപ്പിക്കുന്നു എന്നാണ് അവരുടെ വാദം. 1913-ല്‍ സാങ്ദ്രാര്‍ എഴുതിയ “Contrasts” എന്ന കവിതയില്‍ ഇതു ദര്‍ശിക്കാം. അതിന്റെ ഒടുവിലത്തെ ഭാഗം എടുത്തെഴുതട്ടെ: |
<poem> | <poem> | ||
:It’s raining light bulbs | :It’s raining light bulbs |
Latest revision as of 14:15, 9 January 2015
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | സമകാലികമലയാളം |
തിയതി | 2002 01 04 |
മുൻലക്കം | 2001 12 28 |
പിൻലക്കം | 2002 01 11 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
1887 സെപ്റ്റംബര്‍ ഒന്നിന് സ്വിറ്റ്സര്‍ലണ്ടില്‍ ജനിച്ച സോസ്സയാണ് (Frederic Sausser, 1877–1961) പില്ക്കാലത്ത് ബ്ലെയ്സ് സാങ്ദ്രാര്‍ (Blaise Cendrars) എന്ന ഫ്രഞ്ച് സാഹിത്യകാരനായി മഹായശസ്സാര്‍ജ്ജിച്ചത്. അദ്ദേഹം നോവലിസ്റ്റായിരുന്നു, കവിയായിരുന്നു. രണ്ടു നിലകളിലും മൗലികപ്രതിഭ പ്രദര്‍ശിപ്പിച്ച സാഹിത്യകാരന്‍. പാരീസിലെ ‘അവൊങ് ഗാര്‍ദ്’ മണ്ഡലങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ക്യൂബിസം എന്ന കലാസങ്കേതം സ്വീകരിച്ച് കാവ്യങ്ങള്‍ രചിച്ച ആളാണ് സാങ്ദ്രാര്‍. (പുതിയ ആശയങ്ങളും പുതിയ കലാസങ്കേതങ്ങളും കലയില്‍ നിവേശിപ്പിച്ച സംഘമാണ് അവൊങ് ഗാര്‍ദ്. ഒരു വസ്തുവിന്റെ വിവിധാംശങ്ങള്‍ ഒരേ സമയത്തുതന്നെ ആവിഷ്കരിക്കുന്ന പ്രസ്ഥാനം ക്യൂബിസം. ധിഷണയില്‍നിന്നു വരുന്ന പ്രതീകങ്ങളായി വാക്കുകളെ സങ്കലനം ചെയ്തു കവിതയില്‍ കൊണ്ടുവരുന്നതാണ് ഇതിന്റെ രീതി.)
ഗുണവിഭിന്നതയുള്ള — വിജാതീയങ്ങളായ — വസ്തുതകളെയോ വസ്തുക്കളെയോ അടുത്തടുത്തുവച്ച് സ്ഫോടനാത്മകത ഉളവാക്കുന്നതും അവൊങ് ഗാര്‍ദിന്റെ രിതിയാണ്. ഇതില്‍ ആപൊളിനെറും (Apollinaire, 1880–1918) വിദഗ്ദ്ധനാണ്. ഈ സമീപസ്ഥസ്വഭാവം വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്നു. കവിയുടെ സ്വത്വത്തെ പ്രദര്‍ശിപ്പിക്കുന്നു എന്നാണ് അവരുടെ വാദം. 1913-ല്‍ സാങ്ദ്രാര്‍ എഴുതിയ “Contrasts” എന്ന കവിതയില്‍ ഇതു ദര്‍ശിക്കാം. അതിന്റെ ഒടുവിലത്തെ ഭാഗം എടുത്തെഴുതട്ടെ:
It’s raining light bulbs
Montrouge Gare de I’Est
Metro Nord-Sud seine
Omni bus people
One big halo
Depth
Rue de Beci they yell
‘L’ Intransigeant’ and ‘Paris Sports’
The aerodrome of the sky
is now, all fiery, a picture by cimabue
And infront
The men are
Tall
Dark
Sad
And smoking, factory stacks
(Montrouge- പാരീസിന്റെ തെക്കുഭാഗത്തുള്ള പ്രദേശം. Gare de I’Est-റെയില്‍വേ സ്റ്റേയ്ഷന്‍ Nord-Sud-ഭൂഗര്‍ഭത്തിലൂടെയുള്ള വഴി ‘L’Intransigenant’-വര്‍ത്തമാനപ്പത്രം ‘Paris Sports’- സ്പോര്‍ട്സ് ജേണല്‍. Cimabue ചിത്രകാരന്‍.)
വിജാതീയങ്ങളായ ഈ അംശങ്ങളെ അടുത്തടുത്തുവച്ച് റൊമാന്റിക് കലയ്ക്കു വിരുദ്ധമായ കല സൃഷ്ടിക്കുകയാണ് സാങ്ദ്രാറെന്ന് നിരൂപകമതം. ഇറ്റലിയിലെ ചിത്രകാരന്‍ ചീമാബ് വായുടെ ചിത്രംപോലെയുള്ള ആകാശം. ഇരുണ്ട, കറുത്ത, വിഷാദമാര്‍ന്ന മനുഷ്യര്‍, ബള്‍ബുകളുടെ അനവരത പ്രകാശം ഇവയെയെല്ലാം അടുത്തടുത്തുവച്ച് പാരമ്പര്യത്തില്‍നിന്ന്-കാല്പനികതയില്‍നിന്ന്-അകന്നുനില്ക്കുന്ന അവസ്ഥാവിശേഷം സൃഷ്ടിക്കുകയാണ് സാങ്ദ്രാറെന്നും നിരൂപകൻ പറയുന്നു.
ഇതുപോലെയാണ് ഈ കവിയുടെ എല്ലാക്കവിതകളും. അങ്ങനെ അദ്ദേഹം കാവ്യപഥത്തില്‍ നൂതനത്വം ഉളവാക്കുന്നു.
1918-ല്‍ മരിച്ച ആപൊളിനെറിനെക്കുറിച്ച് 1919-ല്‍ സാങ്ദ്രാര്‍ എഴുതിയ കവിത മാസ്റ്റര്‍പീസാണ്. ചില ഭാഗങ്ങള്‍ കാണുക:
“അവിടെയുണ്ടായിരുന്ന കവികളെ ഞാന്‍ അഭിസംബോധന ചെയ്യുകയാണ് സുഹൃത്തുക്കളേ, ആപൊളിനര്‍ മരിച്ചില്ല. നിങ്ങള്‍ ഒഴിഞ്ഞ ശവവണ്ടിയുടെ പിറകേ പോരികയായിരുന്നു. ആപൊളിനര്‍ ഒരു ‘മെയ്ഗസാ’യിരുന്നു. (പ്രകൃത്യതീതശക്തിയുള്ള പുരോഹിതന്‍. ഉണ്ണിയേശുവിനെ കാണാന്‍ ചെന്ന മൂന്നുപേരെ ഓര്‍മ്മിക്കുക-ലേഖകന്‍) ജാലകങ്ങളിലെ പട്ടുകൊടികളില്‍ ഇരുന്ന് അദ്ദേഹം മന്ദഹാസം തൂകുകയായിരുന്നു. ശവവാഹനത്തിന്റെ പിറകേ നിങ്ങള്‍ നടന്നപ്പോള്‍ അദ്ദേഹം നിങ്ങള്‍ക്കായി പൂക്കളും പുഷ്പചക്രങ്ങളുമെറിഞ്ഞ് ആഹ്ലാദിക്കുകയായിരുന്നു. അവരെല്ലാവരും ആപൊളിനറുടെ ഭാഷ സംസാരിക്കുകയായിരുന്നു.”
മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്ത അവസാനത്തെ ഭാഗം ആശയവിശദീകരണത്തിന് അസമര്‍ത്ഥമാകയാല്‍ ഇംഗ്ലീഷില്‍നിന്നു കുറെ വരികള്‍ അതുപോലെ കൊടുക്കട്ടെ:
“Among them, Apollinaire, like that
statue of the Nile, the father of the
waters, stretched out with
kids that flow all over him
Between his feet, under his arms,in his beard
They look like their father and go their own way
And they all speak the language of Appollinaire.”
ആപൊളിനര്‍, സാങ്ദ്രാറുടെ ഈ വാക്കുകളിലൂടെ നമ്മുടെ മുന്‍പില്‍ ജീവനാര്‍ന്നു നില്ക്കുന്നു. ഒഴിഞ്ഞ ശവവാഹനമാണ് പോയതെന്ന് നമ്മളും പറയുന്നു. വാങ്മയ ചിത്രങ്ങളുടെ ഐക്യം കാല്പനിക കവിത പ്രദാനം ചെയ്യുന്നു. അതിനെക്കാള്‍ ദൃഢതയുണ്ട് വിജാതീയങ്ങളായ അംശങ്ങളുടെ സമീപസ്ഥ സ്വഭാവത്തിന് എന്നു തെളിയിച്ച മഹാകവിയാണ് സാങ്ദ്രാര്‍.
ഇന്ത്യയില്‍ ഒരിടത്തും കിട്ടാത്ത ഇപ്പുസ്തകം ഇന്റര്‍നെറ്റിലൂടെ അമേരിക്കയില്‍നിന്നു വരുത്തി സൗജന്യമാധുര്യത്തോടെ എനിക്കു വായിക്കാന്‍തന്ന വൈക്കം മുരളി എന്ന സഹൃദയന് നന്ദി.
(Complete Poems, Blaise-Cendrars, Translated by Ron Padgett, University of California Press, Pages 392.)
ആഖ്യാനം-പിറകോട്ട്
ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ‘സ്മരണ’ എന്ന ലളിതകാവ്യം ഞാന്‍ എത്ര പരിവൃത്തിയാണ് വായിച്ചത്. ഇപ്പോള്‍ ഇതെഴുതാന്‍ വേണ്ടി വീണ്ടും വായിച്ചു. ആവര്‍ത്തിച്ച പാരായണം ഓരോ വേളയിലും അനുഭൂതിയുണ്ടാക്കുന്നു. വായനക്കാര്‍ക്ക് കുറെ വരികള്‍ കേള്‍ക്കാന്‍ കൗതുകമുണ്ടോ?
“ഓര്‍പ്പൂ ഞാനോമലിന്‍ മേനിയില്‍ താരുണ്യം
പൂക്കളണിയിക്കും ചൈത്രകാലം!
ഏകനായ് വായനമച്ചിലിരുന്നു ഞാ-
ഞാനേകാന്തതയുമായ് സല്ലപിക്കേ
മന്ദമക്കോലായിലങ്ങിങ്ങൊരു പാദ
വിന്യാസം ഖേട്ടു ഞാന്‍ പിന്തിരിയും
തങ്കരത്തങ്കലതികയില്‍ തത്തിടും
കങ്കണ പൈങ്കിളിക്കൊഞ്ചലിനാല്‍
ബന്ധമഴിഞ്ഞതാം കുന്തളപ്പച്ചില്ല
പ്പൊന്തയ്ക്കൊരുക്കിളിയേറ്റിയേറ്റി
നാണം കുണുങ്ങിയത്തൂണിന്‍മറവിലായ്
വാണിടും വാരൊളി മേനി കാണും
തെല്ലിട ഞങ്ങളറിയാതെ കണ്മുന
ത്തെല്ലുകളന്യോന്യം കൂട്ടിമുട്ടും.”
ചിത്തത്തുടിപ്പോലെ കവി ചോദിക്കും എന്തിനു വന്നതെന്ന്. ഒന്നുമില്ലെന്ന് ഉത്തരം പറഞ്ഞ് ഓമലാള്‍ തിരിച്ചുപോകും. കവി പറയുന്നു:
“ഒന്നുമില്ലെന്നുള്ള വാക്കിന്റെയര്‍ഥങ്ങ
ളൊന്നു രണ്ടല്ലെന്നന്നോര്‍ത്തില്ല ഞാന്‍.”
അര്‍ത്ഥവും ശബ്ദവും (ഒച്ച എന്ന അര്‍ത്ഥത്തില്‍) ഈ വരികളില്‍ ഒന്നാവുകയാണ് ചങ്ങമ്പുഴക്കവിതപോലെ വാക്കുകളല്ല അനുവാചകന് ത്രുടനമുളവാക്കുന്നത്. കവിതയിലെ കാമുകിയും കാമുകനുമാണ്. സാമാന്യപദങ്ങളേ ഇടപ്പള്ളി പ്രയോഗിക്കുന്നുള്ളു. അദ്ദേഹത്തിന്റെ അലങ്കാരങ്ങളും ചിരപരിചിതങ്ങള്‍ എങ്കിലും എന്തൊരനുഭൂതിജനകത്വമാണ് ഈ വരികള്‍ക്ക്!
എല്ലാ ഭൂതകാലസ്മരണകളും പ്രതിഭാശാലികള്‍ പ്രത്യാനയിക്കുമ്പോള്‍ ഈ അനുഭൂതിവിശേഷമുണ്ടാകും. അതിനാലാണ് കിര്‍ക്കഗോര്‍ എന്ന തത്ത്വചിന്തകന്‍ പറഞ്ഞത് നമ്മള്‍ മുന്നോട്ടു ജീവിക്കുന്നു. പിറകോട്ടു ചെന്നു കാര്യങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് ഈ ഗതകാലാവലോകനം സാന്ദ്രതയിലെത്തിച്ചാല്‍ ക്യൂബന്‍ നോവലിസ്റ്റ് കാര്‍പെന്‍ത്യേറിന്റെ (Carpentier, 1904–1980) Journey Back to the Source എന്ന ചെറുകഥയുണ്ടാവും. ഒരാളിന്റെ മരണംതൊട്ട് ജനനംവരെയുള്ള ജീവിതം വിപര്യസ്തനിലയില്‍ (reverved) വിവരിക്കുന്നു ഈ ചെറുകഥ. ഇതിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ കാര്‍പെന്‍ത്യേര്‍ പറയുന്നു. “He did not know his own name. The unpleasantness of the christening over, he had no desire for smells, sound or even sights.”
വിപര്യസ്തനിലയിലുള്ള ആഖ്യാനം നിര്‍വഹിക്കുന്ന ഒരു നോവലും ഞാന്‍ വായിച്ചിട്ടുണ്ട്. Martin Amis എഴുതിയ ‘Times Arrow’ നാസ്തികളുടെ കാലയളവില്‍ ഒരു ജര്‍മ്മന്‍ ഡോക്ടര്‍ ചെയ്ത ക്രൂരകൃത്യങ്ങളാണ് ഏമിസ് വിപരീതാഖ്യാനത്തിലൂടെ ആവിഷ്കരിക്കുന്നത്. ഭക്ഷണം കഴിഞ്ഞതിനുശേഷം നമ്മള്‍ പ്ലെയ്റ്റുകള്‍ കഴുകിവയ്ക്കും. തുടക്കത്തിലേ എച്ചില്‍ ഉള്ളവയായി കരുതിയിട്ട് ആ പ്ലെയ്റ്റുകള്‍ കഴുകാന്‍ തുടങ്ങിയാലോ. അതാണ് വിപര്യസ്തനില. “then you select a soiled dish, collect some scraps from the garbage, and settle down for a short wait. Various items get gulped up into my mouth and after skilful massage with tongue and teeth I transfer them to the plate for additional sculpture with knife and fork and spoon” എന്ന ഭാഗത്തു കാണുന്ന ഈ വിപരീതാഖ്യാനം നോവലിലാകെയുണ്ട്.
ഇതൊക്കെ വായിച്ചതുകൊണ്ട് എനിക്കു മോഹന്‍ദാസ് ശ്രീകൃഷ്ണപുരം ദേശാഭിമാനി വാരികയില്‍ എഴുതിയ ‘സമയമാപിനി പിറകോട്ട്’ എന്ന reversed narration വായിച്ച് കമന്റ് ചെയ്യണമെന്നു തോന്നിയതേയില്ല. പ്രായം കൂടിയ ഗൃഹനായകന്‍ ചെറുപ്പക്കാരനായി വരുന്നു. അടുത്ത മുറിയില്‍ മകളുണ്ടെന്നത് ഓര്‍മ്മിക്കാതെ ഭാര്യയുമായി ശയിക്കുന്ന അയാള്‍ എന്തൊക്കെയോ പ്രവര്‍ത്തിക്കുന്നു. മകളുടെ കൂടുകാരിയെ നോക്കി അയാള്‍ “കണ്ണടിക്കുന്നു” അവളുടെ പിറകെ നടന്നു ചൂളമടിക്കുന്നു. ഗൃഹനായകന്‍ സമയമാപിനിയെ നോക്കി അഭ്യര്‍ത്ഥിക്കുന്നു തന്നെ കാലത്തേക്കു തിരിച്ചുകൊണ്ടുപോകാന്‍. അതോടെ വൃദ്ധന്റെ കഷണ്ടി അയാള്‍ക്കു തിരിച്ചുകിട്ടുന്നു. ഈ അംശമില്ലാതിരുന്നെങ്കില്‍ പടിഞ്ഞാറന്‍ രചനകള്‍ വായിക്കാത്തവര്‍ ഈ കഥാകാരനെ അഭിനന്ദിച്ചേനെ. ഇപ്പോള്‍ ഈ നിലയില്‍ ഇതൊരു ദുര്‍ബ്ബലരചനയായിപ്പോയി. മോഹന്‍ ദാസിനെ ഞാന്‍ പ്ലേജിയറൈസത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുകയല്ല. പടിഞ്ഞാറന്‍ സാഹിത്യം വായിക്കാതെ തന്നെ ഇവിടെയുള്ള ഒരെഴുത്തുകാരന് ഇങ്ങനെ എഴുതാന്‍ തോന്നും. ഒന്നുകൂടെ പറയുന്നു. സാഹിത്യചോരണമെന്ന് ഞാന്‍ കരുതിയിട്ടില്ല.
ചോദ്യം, ഉത്തരം
- “വലിയ പ്രയാസമായിരിക്കും. തീസിസ് എഴുതുന്നവര്‍ ഏറെ ഉപദ്രവിക്കും.”
- “കൂടട്ടെ. കുളിമുറികളും അതനുസരിച്ചു കൂടും. പക്ഷേ ചലച്ചിത്രതാരങ്ങള്‍ക്കു (സ്ത്രീകള്‍ക്ക്) കുളിമുറികള്‍ വേണ്ട. അവര്‍ ബാത്ത്റൂമില്ലാതെ കുളിച്ചുകൊള്ളും.”
“എല്ലാ സ്ത്രീകളും നല്ലവരല്ലേ?”
- “അവര്‍ വിവാഹം ചെയ്യാതിരിക്കുന്നിടത്തോളംകാലം നല്ലവര്‍. വിവാഹം കഴിഞ്ഞാല്‍ ഒരു നിമിഷംകൊണ്ടു ചീത്ത സ്ത്രീയായി മാറും. പുരുഷന്മാര്‍ വിവാഹത്തിനുമുന്‍പും പിന്‍പും ചീത്ത ആളുകള്‍.”
വാങ്മയ ചിത്രങ്ങളുടെ ഐക്യം കാല്പനിക കവിത പ്രദാനം ചെയ്യുന്നു. അതിനെക്കാള്‍ ദൃഢതയുണ്ട് വിജാതീയങ്ങളായ അംശങ്ങളുടെ സമീപസ്ഥ സ്വഭാവത്തിന് എന്നു തെളിയിച്ച മഹാകവിയാണ് സാങ്ദാര്‍.
“നിങ്ങളുടെ ചങ്ങമ്പുഴ ‘ചിന്താവിഷ്ടയായ സീത’ പോലെ ഒരു കാവ്യമെഴുതാത്തതെന്ത്?”
- “എഴുത്തച്ഛനു ഐന്‍സ്റ്റെന്റെ തീയറി ഒഫ് റിലേറ്റിവിറ്റി അറിഞ്ഞുകൂടാത്തതുകൊണ്ട് അയാള്‍ മണ്ടനല്ലേ എന്നു നിങ്ങള്‍ ചോദിച്ചില്ലല്ലോ. ഭാഗ്യം.”
“രാജവാഴ്ച വീണ്ടും വരികയും നിങ്ങളെ കേരളത്തിന്റെ മഹാരാജാവാക്കുകയും ചെയ്താല്‍?”
- “വീരശൃംഖലകള്‍ നല്കുന്ന ഏര്‍പ്പാട് വീണ്ടും തുടങ്ങും. വൈരൂപ്യമുള്ള ഭാര്യയെ കൊണ്ടുനടക്കുന്ന ഭര്‍ത്താവിന് മഹാരാജാവായ ഞാന്‍ വീരശൃംഗല കൊടുക്കും.”
“ ഡോക്ടര്‍ ചികിത്സിക്കുന്നതിനു മിടുക്കന്‍ എന്നു തീരുമാനിക്കുന്നത് എങ്ങനെ?”
- “തീരുമാനിക്കാന്‍ മാര്‍ഗ്ഗമില്ല. കണ്ടമാനം ഗുളികകളും ആന്റിബയോട്ടിക്ക്സും എഴുതി രോഗിക്കു കൊടുക്കുന്ന ഡോക്ടര്‍ക്കു രോഗമെന്തെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്ന് കരുതുന്നതില്‍ തെറ്റില്ല.”
“നിങ്ങള്‍ ഗ്രന്ഥകാരന്മാരോട് അവരുടെ പുസ്തകത്തെക്കുറിച്ചെഴുതാമെന്നു പറഞ്ഞിട്ട് അതു ചെയ്യുന്നില്ല. ഇതു കള്ളത്തരമല്ലേ?”
- “അതേ. കള്ളം പറയാതെ മറ്റു മാര്‍ഗ്ഗമില്ല. ഗ്രന്ഥകാരനോടു വാക്കു പറഞ്ഞതനുസരിച്ച് സത്യവിരുദ്ധമായി പുസ്തകം നല്ലതാണെന്നു എഴുതിയാല്‍ കോളത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും. സത്യം പറയാതിരിക്കാന്‍ ഒക്കുകയുമില്ല. കാരണം നിരൂപണം ചെയ്യുന്നവനെക്കാള്‍ ബുദ്ധിയുള്ളവരാണ് വായനക്കാര്‍ എന്നതുതന്നെ. അവര്‍ കള്ളം കണ്ടുപിടിക്കും.
വാക്കു പരിപാലിക്കാന്‍ വയ്യെങ്കില്‍ അതു ഗ്രന്ഥകാരനോടു നേരിട്ടു പറയരുതോ എന്ന ചോദ്യമുണ്ടാകാം. ആളുകളുടെ മുഖത്തുനോക്കി അവര്‍ക്ക് അസുഖദായകമായ സത്യം പറയാന്‍ എനിക്ക് മടിയാണ്.
മഹനീയമായ ഒരു മാതൃക പശ്ചാത്തലത്തില്‍ വച്ചാണ് ഇതിലെ നിരൂപണം. ബ്ളെസ് സാങ്ദ്രാറിന്റെ കവിതയാണ് ഉത്കൃഷ്ടമെന്നു എഴുതുന്ന ഈ കോളത്തില്‍ ‘ഭാഷാപോഷിണി’യിലും ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലും വരുന്ന കവിതകളാണ് നല്ലതെന്ന് പറയുന്നതെങ്ങനെ?
- പെസ്സോ ആയുടെ കവിതയെ ജയിക്കാന്‍ മറ്റു കവിതയില്ല എന്നുപറയുന്ന ഞാന്‍ ഭാഷാപോഷിണി വാഴ്ത്തുന്ന രാമന്റെ കവിതയാണ് കേമം എന്നു എഴുതുമോ? ചാരിത്രമാണ് ഈ കോളത്തിന്റെ സവിശേഷത എന്നു വിനയപൂര്‍വ്വം ചൂണ്ടിക്കാണിക്കട്ടെ.”
ധര്‍മ്മച്യുതി
ഞാന്‍ തേഡ്ഫോമില്‍ പഠിക്കുന്ന കാലം. (ഇന്നത്തെ ഏഴാം ക്ലാസ്) ശംഖുമുഖം കടപ്പുറത്തുവച്ച് ഇടപ്പള്ളി രാഘവന്‍പിള്ളയെ കണ്ടു. രാഘവന്‍പിള്ളയ്ക്കു എന്റെ കടന്നുകയറ്റം ഇഷ്ടപ്പെട്ടില്ല. ഒരൊഴിഞ്ഞ കോണില്‍ വന്നിരിക്കുന്ന തന്നെ ശല്യപ്പെടുത്താന്‍ ഒരു ചെറുക്കന്‍ എത്തിയതു കഷ്ടകാലംകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ മുഖഭാവം വ്യക്തമാക്കി. എങ്കിലും ആരാധനയോളം ചെന്ന മനസ്സിന്റെ പ്രേരണയാല്‍ ഞാന്‍ അദ്ദേഹത്തെ വിട്ടുപോയില്ല. ചോദ്യങ്ങള്‍ ചോദിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്നില്‍നിന്നു രക്ഷപ്പെടാന്‍ അദ്ദേഹം എഴുന്നേറ്റു നടന്നു. ഞാനുണ്ടോ ഒഴിയുന്നു. അദ്ദേഹത്തിനൊപ്പം നടന്നു. നടന്നുനടന്ന് ഒരു ജങ്ഷനില്‍ വന്നപ്പോള്‍ ഒരു രണ്ടുനിലക്കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയുടെ ഒരു ഭാഗത്ത് സുന്ദരിയായ ഒരു പെണ്‍കുട്ടി ക്രിസ്മസ് വിളക്കു തൂക്കുന്നതു കണ്ടു. വര്‍ണ്ണോജ്ജ്വലമായ കടലസ്സ്ക്കൂടിനകത്ത് ദീപം. മെഴുകുതിരിയാവാം; ബള്‍ബ് ആകാം. ആ ദീപത്തിന്റെ രശ്മികള്‍ അവളുടെ മുഖത്തുതട്ടി. മുഖം കൂടുതല്‍ സുന്ദരമായി. ഇടപ്പള്ളിയുടെ കവിത ആ ക്രിസ്മസ് വിളക്കുപോലെയാണെന്ന് എനിക്കു തോന്നി. ദീപം അകത്തുണ്ടെന്നു കാണാന്‍ വയ്യ. അകത്തിരിക്കുന്ന ബള്‍ബിന്റെയോ മെഴുകുതിരിയുടെയോ ശോഭ ബഹിര്‍ഗമിച്ച് കടലാസ്സ്കൂടിന് തിളക്കം നല്കുമ്പോള്‍ മാത്രമേ അകത്തുള്ള ദീപപ്രഭവകേന്ദ്രത്തെക്കുറിച്ച് അനുമാനിക്കാന്‍ സാധിക്കൂ. ഇടപ്പള്ളിയുടെ കവിത ആന്തരശോഭയാല്‍ രൂപശില്പത്തിനാകെ തിളക്കം പ്രദാനം ചെയ്യുന്നു. ഉള്ളിലെ പ്രകാശ കേന്ദ്രത്തെ എടുത്തുമാറ്റി നോക്കൂ. ക്രിസ്മസ് വിളക്കില്ലാതെയാവുന്നു. കടലാസുകൂടിനെ മാറ്റൂ. ദീപം മാത്രമേയുള്ളൂ. അപ്പോഴും ക്രിസ്മസ് വിളക്കില്ല. എല്ലാ ഉത്കൃഷ്ടമായ കവിതകളും ചെറുകഥകളും ക്രിസ്മസ് വിളക്കുകളാണ്. ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന കഥയില്‍ ആന്തരശോഭയുണ്ട്. ബഹിര്‍ഭാഗശോഭയുമുണ്ട്. യു.കെ. കുമാരന്റെ ‘ചില്ല് പൊട്ടിയ ദിവസം’ എന്ന കഥ (മലയാളം വാരിക) ആന്തരമായ പ്രകാശകേന്ദ്രമില്ലാത്ത കടലാസ്സുകൂടു മാത്രമാണ്. ഒരുത്തന്റെ വീട്ടിലെ ഒരു കണ്ണടിയില്‍ (ചില്ലില്‍) കാക്ക കൊത്തുന്നു. അനവരതമായ പ്രക്രിയയാണത്. ഒരു ദിവസം കാക്ക കണ്ണാടി കൊത്തിപ്പൊട്ടിച്ചു. കാക്കയും അതിന്റെ കൊത്തലും ഏതോ സിംബോളിക് പ്രക്രിയ. അത് എന്താണെന്ന് ഗ്രഹിക്കാന്‍ വൈഷമ്യം. സൂചകപദങ്ങള്‍ പ്രയോഗിക്കാതെ സിംബലുകള്‍ രചനകളില്‍ തിരുകുന്നത് ഫാഷനായിരിക്കുന്ന കാലയളവിലാണ് നമ്മള്‍ ജീവിക്കുന്നത്. കുമാരന്റെ സിംബോളിക് പ്രക്രിയ അനുവാചകനെ പീഡിപ്പിക്കുന്നു. ഇത്തരം contrived symbolism ചെറുകഥയെ ജീര്‍ണ്ണതയിലേക്കു കൊണ്ടുചെല്ലുന്നു. (contrived symbolism=പ്രചിന്തിത പ്രതിരൂപാത്മകത്വം) കലാനുഭൂതിയെ ധര്‍മ്മഭ്രഷ്ടമാക്കാനേ ഇത്തരം കൃത്രിമത്വം പ്രയോജനപ്പെടൂ.
പല വിഷയങ്ങള്‍
സ്വാഭാവികതയില്ലാത്ത, കൃത്രിമത്വം കൂടിയ പ്രതിരൂപാത്മകതയാണ് ജിയുടെ കവിതകളിലുള്ളത്. വസ്തുക്കള്‍ തമ്മിലുള്ള ആനുരൂപ്യം ഉണ്ടാക്കാനേ അദ്ദേഹത്തിനറിയൂ.
- ആകാശവാണിയിലെ ഉദ്യോഗസ്ഥനായിരുന്ന ഇ. എം. ജെ. വെണ്ണിയൂര്‍ ജി. ശങ്കരക്കുറുപ്പിന്റെ കവിതയുടെ ആരാധകനല്ലായിരുന്നു. ജി.യെ നമ്മുടെ സിംബോളിക് കവി എന്ന് ആരെങ്കിലും വിശേഷിപ്പിച്ചാല്‍ വെണ്ണിയൂര്‍ കോപാകുലനാകും. ശങ്കരക്കുറുപ്പിന്റെ സിംബലിസം കൃത്രിമമാണെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. ജി. വലിയ കവിയാണ് എന്ന വിശ്വാസം എനിക്കിപ്പോഴുമുണ്ടെങ്കിലും ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ കവിതയുടെ അന്ധനായ ആരാധകനായിരുന്നു ഞാന്‍. വെണ്ണിയൂര്‍ പ്രഭാഷണമദ്ധ്യേ ശങ്കരക്കുറുപ്പിന്റെ സിംബലിസത്തെ കൃത്രിമസിംബലിസം എന്നു വിശേഷിപ്പിക്കുമ്പോള്‍ എനിക്കു രസിക്കുമായിരുന്നില്ല. ഞാന്‍ രണ്ടാമത്തെ പ്രഭാഷകനാണെങ്കില്‍ അതിനു മറുപടി നല്കിയതുതന്നെ. ഇന്ന് എനിക്കു തോന്നുന്നു ഞാന്‍ അന്ന് ‘ഫൂളിഷാ’യി പെരുമാറിയെന്ന്. സ്വാഭാവികതയില്ലാത്ത, കൃത്രിമത്വംകൂടിയ പ്രതിരൂപാത്മകതയാണ് ജിയുടെ കവിതകളിലുള്ളത്. വസ്തുക്കള്‍ തമ്മിലുള്ള ആനുരൂപ്യം ഉണ്ടാക്കാനേ അദ്ദേഹത്തിനറിയൂ. ആനുരൂപ്യനിര്‍മ്മിതി എളുപ്പമാണുതാനും. സിംബലിസം ആനുരൂപ്യമല്ല. അവിടെ വസ്തുവും പ്രതീകവും ഒന്നായിത്തീരുകയാണ്. ഈ ഐക്യം ജി.യുടെ പ്രതിരൂപാത്മകത കവിതകളില്‍ ഇല്ലേയില്ല. പ്രസിദ്ധമായ ‘ചന്ദ്രക്കല’, ‘ഇന്നു ഞാന്‍ നാളെ നീ’ ഈ കാവ്യങ്ങള്‍ നോക്കുക. അവയിലെ ഹൃദയഹാരിയായ കലാംശം സ്യുഡോസിംബലിസംകൊണ്ട് നിഷ്പ്രഭമാകുന്നതു കാണാം. ഇത്രയും എഴുതിയതുകൊണ്ടു ജി. കോസ്മിക്ജീവനുള്ള മഹാകവിയാണെന്ന എന്റെ വിനീതാഭിപ്രായത്തിന് മങ്ങല്‍ ഉണ്ടാകുന്നില്ല.
- പ്രഭാഷണം നിര്‍വഹിക്കുന്നവനെ തോണ്ടിവിളിച്ചിട്ട് എന്തെങ്കിലും പറയുക എന്നത് ചില അദ്ധ്യക്ഷന്മാരുടെ പതിവാണ്. ആ പ്രതിബന്ധപ്രക്രിയകൊണ്ട് എന്റെ പ്രഭാഷണങ്ങള്‍ പലതും തകര്‍ന്നുപോയിട്ടുണ്ട്. പിന്നീട് തോണ്ടുന്നവനാണ് അധ്യക്ഷനെന്ന് അറിഞ്ഞാല്‍ ഞാന്‍ മീറ്റിങ്ങിനു പോകാതെയായി. ഒരിക്കല്‍ മയ്യനാട്ട് ഒരു സമ്മേളനം. ഞന്‍ ഒരു വിഷയത്തെക്കുറിച്ച് വാക്യങ്ങളുടെ സമന്വയത്തില്‍ മനസ്സിരുത്തി പ്രസംഗിക്കുകയായിരുന്നു. പൊടുന്നനെ ആരോ ഷേര്‍ടില്‍ പിടിച്ചുവലിച്ചു. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അധ്യക്ഷനാണ് ആ ഹീനകൃത്യം ചെയ്തതെന്ന് മനസ്സിലാക്കി. തെല്ലു നീരസത്തോടെ ‘എന്ത് എന്നു ചോദിച്ച എന്നോടു ജിയുടെ ‘ഇന്നു ഞാന്‍ നാളെ നീ’ ഒന്നു ചൊല്ലൂ എന്നു അയാള്‍ പറഞ്ഞു. എന്റെ പ്രഭാഷണവിഷയത്തിനു യോജിക്കില്ല ആ കവിത. ഇതുപോലെ മുന്‍പു പലതവണയും അയാള്‍ പ്രഭാഷണത്തിന് ഭംഗം ഉണ്ടാക്കിയിട്ടുണ്ട്. പിന്നീട് അയാള്‍ ഉപസംഹാരപ്രസംഗം നടത്തുമ്പോള്‍ ജിയെക്കൂറിച്ചു പറയണം. അതിനു വേണ്ടിയാണ് എന്നെ അയാള്‍ ഉപദ്രവിച്ചത്. ഏതായാലും എന്റെ പ്രഭാഷണം തകര്‍ന്നുവെന്നുകണ്ട് ഞാന്‍ ആ കവിത ചൊല്ലാതെ കസേരയിലിരുന്നു. അധ്യക്ഷന്‍ വിളറിവെളുത്തു. ശ്രോതാക്കള്‍ ‘തുടര്‍ന്നു പ്രസംഗിക്കണം’ എന്നു വിളിച്ചുപറഞ്ഞുവെങ്കിലും ഞാന്‍ അനങ്ങിയതേയില്ല.
സാക്ഷാല്‍ കമ്മ്യൂണിസ്റ്റായിരുന്നു അച്യുതമേനോന്‍. ഇന്ന് ഇങ്ങനെയുള്ളവരെ കാണാനില്ല. കാണാനില്ലെന്നു മാത്രമല്ല കമ്യൂണിസ്റ്റായി ഭാവിക്കുന്നവരില്‍ പലരും പിന്തിരിപ്പന്മാരാണുതാനും.
- ഈ പ്രഭാഷണവിഘനകാരിയെയാണ് ഞാന്‍ ഈ കോളത്തില്‍ അടുത്തകാലത്ത് എഴുതിയിരുന്നത്. അത് ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം ഒരു കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. ആ സ്ഥാനം വഹിച്ചുകൊണ്ട് അദ്ദേഹത്തിന് ചിലതൊക്കെ ചെയ്യാമായിരുന്നു. ഒരു ദിവസം മുഖ്യമന്ത്രി അദ്ദേഹത്തിന്റെ അധികാരമണ്ഡലത്തില്‍ കൈകടത്തി എന്തോ ഓര്‍ഡറിട്ടു. പ്രഭാഷണത്തിന് പ്രതിബന്ധമുണ്ടാക്കുന്ന ആളിന് അതു രസിച്ചില്ല. അദ്ദേഹം മുഖ്യമന്ത്രിയുടെ ഈ അനൗചിത്യത്തെ വിമര്‍ശിച്ചുകൊണ്ട് എന്നോടു ചോദിച്ചു “കൃഷ്ണന്‍നായരേ, എന്റെ ഭാര്യയുടെകൂടെ കിടക്കാന്‍ എനിക്കാണോ അവകാശം? അതോ നിങ്ങള്‍ക്കോ?” ഞാന്‍ മറുപടി പറഞ്ഞില്ല. എങ്കിലും മനസ്സില്‍ മൂന്നുതവണ പറഞ്ഞു. “അതു നിങ്ങള്‍ക്കു തന്നെ, അതു നിങ്ങള്‍ക്കുതന്നെ, അതു നിങ്ങള്‍ക്കുതന്നെ” ഇറ്റലിയിലെ ജ്യോതിഃശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ ഗലീലിയോ കോപന്‍നിക്കസിന്റെ സിദ്ധാന്തമാണ് ശരിയെന്നു പറഞ്ഞപ്പോള്‍ കാതലിക് പള്ളി ഭീഷണിപ്പെടുത്തി അദ്ദേഹത്തെ ഇന്‍ക്വിസിഷനെക്കൊണ്ട് പീഡിപ്പിക്കുമെന്ന് ശാസ്ത്രജ്ഞന്‍ പേടിച്ചു. അദ്ദേഹം വാക്കുകള്‍ പരസ്യമായി പിന്‍വലിച്ചു. ആ പിന്‍വലിക്കല്‍ നടത്തുന്ന സന്ദര്‍ഭത്തില്‍തന്നെ ഭൂമി സൂര്യനെ ചുറ്റുന്നു എന്ന അര്‍ത്ഥത്തില്‍ Eppur si muove- But it does move എന്നു മൂന്നുതവണ മനസ്സില്‍ പറഞ്ഞു. ഞാനും ഗലീലിയോ ആയി മാറി ആ നിമിഷത്തില്‍.
- സദാചാരതല്‍പരനല്ലാത്ത, കാണാന്‍ കൊള്ളുകില്ലാത്ത, പെരുമാറാന്‍ അറിഞ്ഞുകൂടാത്ത ഭര്‍ത്താവിനെ ഒഴിവാക്കാനാണ് ഭാര്യ എന്നും വൈകുന്നേരം മീറ്റിങ്ങുകള്‍ക്കു പോകുന്നതും അര്‍ദ്ധരാത്രി തിരിച്ചു വീട്ടിലെത്തുന്നതും. അതു ഗ്രഹിച്ച ഭര്‍ത്താവ് പ്രതിഷേധിക്കും, ദേഷ്യപ്പെടും. ഒരു ദിവസം ഞാന്‍ തെക്കന്‍ തിരുവിതാംകൂറിലൊരിടത്ത് മീറ്റിങ്ങിനുപോയി. എന്റെ കൂടെ പ്രസംഗിക്കാന്‍ രണ്ടു സ്ത്രീകളും ഒരു പുരുഷനും. സമ്മേളനം കഴിഞ്ഞു തിരുവനന്തപുരത്തെത്തിയപ്പോള്‍ രാത്രി ഒരു മണിക്കു കഴിഞ്ഞു. സ്ത്രീകളെ ആദ്യം വീട്ടിലെത്തിക്കുകയാണ് മര്യാദയെന്നു കരുതി ഒരു സ്ത്രീയുടെ വീട്ടിലേക്കു കാര്‍ പോകട്ടെയെന്ന് ഞാന്‍ ഡ്രൈവറോടു പറഞ്ഞു. അവരുടെ വീട്ടുനടയില്‍ എത്തി. ഗെയ്റ്റ്പോലും പൂട്ടിയിരിക്കുന്നു. വീടിന്റെ കാര്യം പിന്നെ പറയാനെന്തിരിക്കുന്നു? ഞങ്ങള്‍ ഗെയ്റ്റില്‍ മെല്ലെ തട്ടി. അതു ക്രമേണ ഊറ്റം കൂടിയ മട്ടിലായി. ങ്ഹേ, ഗെയ്റ്റ് തുറക്കുന്നതേയില്ല. ഉച്ചത്തിൽ വിളിച്ചു. അടുത്ത വീട്ടുകാര്‍ ഉണര്‍ന്ന് എത്തിനോക്കി. ഒരു മണിക്കൂര്‍ ഞങ്ങള്‍ ശ്രമിച്ചു ഗെയ്റ്റ് ഭര്‍ത്താവിനെക്കൊണ്ടു തുറപ്പിക്കാന്‍. ഫലമില്ലെന്നുകണ്ട് സ്ത്രീ പറഞ്ഞു. “കരുതിക്കൂട്ടി തുറക്കാത്തതാണ്.” അവര്‍ നിലവിളി തുടങ്ങി. വേറെ, മാര്‍ഗ്ഗമില്ലെന്നു കണ്ടു ഞാന്‍ മറ്റേ സ്ത്രീയോടു പറഞ്ഞു. “ഇവരെക്കൂടി നിങ്ങള്‍കൊണ്ടുപോകു. നേരം വെളുത്തിട്ട് കാര്യങ്ങള്‍ ശരിയാക്കാം.” അതനുസരിച്ച് ഉച്ചത്തില്‍ കരയുന്ന സ്ത്രീയെ അവര്‍ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. സ്വന്തം വീട്ടില്‍ കയറാന്‍ സാധിക്കാത്ത സ്ത്രീ പഠിക്കുന്ന കാലത്ത് കോളേജ് ബ്യൂട്ടിയായിരുന്നു. അവര്‍ക്കു ദൗര്‍ഭാഗ്യത്താല്‍ കിട്ടിയത് പരമവിരൂപനും കഷണ്ടിക്കാരനുമായ ഭര്‍ത്താവിനെയാണ്. അയാള്‍ ഗെയ്റ്റ് തുറക്കാതെ താനാണ് വീട്ടിന്റെ master എന്നു തെളിയിച്ചു. ഈ മാസ്റ്റര്‍ഷിപ്പ്- അധികാരിത്വം- എല്ലായിടങ്ങളിലും ദോഷമായേ ഭവിക്കൂ. പക്ഷേ സാഹിത്യരചനയുടെ കാര്യത്തില്‍ അതു ഗുണമാണ്. എഴുത്തുകാരന്‍ കവിതയെഴുതുട്ടെ, കഥയെഴുതട്ടെ ഈ അധികാരിത്വം കൈവിട്ടാല്‍ രചന പരാജയപ്പെടും. പരമാവധി നിയന്ത്രണം പാലിച്ചു വേണം രചന നിര്‍വഹിക്കാന്‍ ആ ആധിപത്യമില്ല. ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ ‘അന്തര്‍വിഷയകവും ബഹുവിഷയകവുമായ കാര്യങ്ങള്‍’ എന്ന കഥയെഴുതിയ ഗീതയ്ക്ക്. ബ്രാഹ്മണജാതിയില്‍പ്പെട്ട കാവേരി കോളേജിലെ പ്രഫെസര്‍. അവരുടെ ഭര്‍ത്താവ് സുബ്രഹ്മണിക്കു മീനില്ലാതെ ഉണ്ണാന്‍ വയ്യ. അതും മത്തിതന്നെ വേണം. കാവേരി ഒരു വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച് മീന്‍കൂട്ടാന്‍ തയ്യാറാക്കി ഭര്‍ത്താവിന് നല്കുന്നുപോലും. വിഷയത്തില്‍ ഒരാധിപത്യവും കാണിക്കാതെ ഗീത ശുദ്ധഅലവലാതി വര്‍ത്തമാനം നിര്‍വഹിക്കുന്നു. ഇതു കഥയാണെന്നറിയാന്‍ പത്രാധിപര്‍ രചനയുടെ മുകളില്‍ അച്ചടിച്ച ‘കഥ’ എന്ന വാക്കേ സഹായിക്കുന്നുള്ളു. ഈ രചനയില്‍ സാഹിത്യം കാണാനുള്ള അനുവാചകയത്നം വിഫലീഭവിക്കുകയേയുള്ളു. വിനാശാത്മകതയുടെ ജുഗുപ്സാവഹമായ ചിത്രം ഗീതയുടെ കഥ നല്കുന്നു.
- ‘മലയാളനാട്’ വാരികയുടെ എഡിറ്റര്‍ എസ്. കെ. നായര്‍ ആത്മകഥയുടെ ഒരു ഭാഗം സി. അച്യുതമേനോനെ വായിച്ചുകേള്‍പ്പിക്കുമ്പോള്‍ ഞാനുംകൂടി ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയനെയും കമ്യൂണിസത്തെയും വിമര്‍ശിക്കുന്ന രചനയായിരുന്നു എസ്. കെ. നായരുടേത്. അതു കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍തൊട്ട് അച്യുതമേനോന്റെ മുഖം ചുവന്നുതുടങ്ങി. അസഹിഷ്ണുതയുടെ ഉടലെടുത്ത രൂപമായി അദ്ദേഹം ഒടുവില്‍ അച്യുതമേനോന്‍ കാതു രണ്ടും പൊത്തിക്കൊണ്ട് “നിറുത്തൂ, നിറുത്തൂ, ഇതാണ് നിങ്ങള്‍ എഴുതിവച്ചിരിക്കുന്നതെന്ന് ഞാന്‍ നേരത്തെ അറിഞ്ഞെങ്കില്‍ കേള്‍ക്കേണ്ടതില്ല എന്നു പറയുമായിരുന്നു” എന്ന് അറിയിച്ചു. ‘കേട്ടുപോയല്ലോ’ എന്നുംകൂടി അദ്ദേഹം വ്യാകുലചിത്തനായി എസ്. കെ. നായരോടു പറഞ്ഞു. സാക്ഷാല്‍ കമ്യൂണിസ്റ്റായിരുന്നു അച്യുതമേനോന്‍. ഇന്ന് ഇങ്ങനെയുള്ളവരെ കാണാനില്ല. കാണാനില്ലെന്നു മാത്രമല്ല കമ്യൂണിസ്റ്റായി ഭാവിക്കുന്നവരില്‍ പലരും പിന്തിരിപ്പന്മാരാണുതാനും. സംസാരത്തില്‍, പ്രവൃത്തിയില്‍, എഴുത്തില്‍ തനി പിന്തിരിപ്പന്മാര്‍. ബൂര്‍ഷ്വാസിയുടെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിച്ചുകൊണ്ട് മാലോകരെ പറ്റിക്കാനായി അവര്‍ കമ്മ്യൂണിസ്റ്റുകളായി ഭാവിക്കുന്നു.
|
|