close
Sayahna Sayahna
Search

Difference between revisions of "സാഹിത്യവാരഫലം 1999 03 26"


(പലരും പലതും)
(പലരും പലതും)
 
(One intermediate revision by the same user not shown)
Line 115: Line 115:
 
| ടോൾസ്റ്റോയിയുടെ ’വാർ ആൻഡ് പീസി’ലാണെന്നാണ് എന്റെ ഓർമ്മ. തനിക്കു രസകരമായ കഥ പറയാനുണ്ടെന്ന് അറിയിച്ചിട്ട് ഒരു കഥാപാത്രം ആഖ്യാനം ആരംഭിക്കുന്നു. പക്ഷേ രണ്ടോ മൂന്നോ വാക്കുകൾ പറഞ്ഞിട്ട് അയാൾ അതു നിറുത്തുന്നു. പിന്നെയും തുടങ്ങുന്നു. കഥ പറയാനാവാതെ പരിഹാസപാത്രമായിത്തീരുന്നു അയാൾ. ആഖ്യാനം അത്ര എളുപ്പമുള്ള കാര്യമല്ല. വിശേഷിച്ചും ചെറുകഥയെസ്സംബന്ധിച്ച്. കാര്യകാരണ ബന്ധത്തോടെ സംഭവങ്ങൾ വിവരിക്കുമ്പോൾ അനിവാര്യമായ പര്യവസാനം ഉണ്ടാകുന്നു. അടിസ്ഥാനപരങ്ങളായ അംശങ്ങളേയും നിരീക്ഷീരന്യായമനുസരിച്ച് കൂട്ടിയിണക്കണം. അങ്ങനെ സാംഗോപാംഗമായ ഘടനയുണ്ടാകുമ്പോൾ കഥാപാത്രങ്ങളൂം സംഭവങ്ങളും അർക്കകാന്തിയോടെ പരിലസിക്കും.
 
| ടോൾസ്റ്റോയിയുടെ ’വാർ ആൻഡ് പീസി’ലാണെന്നാണ് എന്റെ ഓർമ്മ. തനിക്കു രസകരമായ കഥ പറയാനുണ്ടെന്ന് അറിയിച്ചിട്ട് ഒരു കഥാപാത്രം ആഖ്യാനം ആരംഭിക്കുന്നു. പക്ഷേ രണ്ടോ മൂന്നോ വാക്കുകൾ പറഞ്ഞിട്ട് അയാൾ അതു നിറുത്തുന്നു. പിന്നെയും തുടങ്ങുന്നു. കഥ പറയാനാവാതെ പരിഹാസപാത്രമായിത്തീരുന്നു അയാൾ. ആഖ്യാനം അത്ര എളുപ്പമുള്ള കാര്യമല്ല. വിശേഷിച്ചും ചെറുകഥയെസ്സംബന്ധിച്ച്. കാര്യകാരണ ബന്ധത്തോടെ സംഭവങ്ങൾ വിവരിക്കുമ്പോൾ അനിവാര്യമായ പര്യവസാനം ഉണ്ടാകുന്നു. അടിസ്ഥാനപരങ്ങളായ അംശങ്ങളേയും നിരീക്ഷീരന്യായമനുസരിച്ച് കൂട്ടിയിണക്കണം. അങ്ങനെ സാംഗോപാംഗമായ ഘടനയുണ്ടാകുമ്പോൾ കഥാപാത്രങ്ങളൂം സംഭവങ്ങളും അർക്കകാന്തിയോടെ പരിലസിക്കും.
  
അക്‌ബർ കക്കട്ടിൽ ദേശാഭിമാനി വാരികയിലെഴുതിയ ’ഈ കഥ ആരെഴുതും’ എന്ന കഥയും ഭാഷാപോഷിണി മാസികയിൽ ടി. എൻ. പ്രകാശ് എഴുതിയ ‘ജനങ്ങളുടെ മുൻപാകെ’ എന്ന കഥയും വായനക്കാരന് അന്തരംഗസ്‌പർശികളാവാത്തത് ആഖ്യാനത്തിന്റെ ശൈതില്യത്താലാണ്. അമയുടെ മരണത്തിനു ഉത്തരവാദി എന്നു കരുതപ്പെടുന്ന മകന്റെ ആത്‌മകഥാരൂപത്തിലുള്ള രചനയാണ്ടി.എൻ. പ്രകാശിന്റേത്. സംഭവ വിവരണങ്ങൾക്കു വേണ്ട ക്രമമോ വ്യ്വസ്ഥയോ പരിപാലിക്കാത്തതുകൊണ്ട് കുറ്റക്കാരനെന്നു കരുതപ്പെടുന്ന അക്‌ബർ കക്കട്ടിലിന്റെ കഥ ഇറ്റിനെക്കാൾ ദുർബ്ബലമാണ്. കൃത്രിമവുമാണ്. മറ്റൊരുതരത്തിൽ പറയാം. രണ്ടു കഥകളും അനുഭൂതി ജനകങ്ങളല്ല. അതിനാൽ കലയുടെ മണ്ഡലത്തിൽ അവ പ്രവേശിക്കുന്നുമില്ല.
+
| അക്‌ബർ കക്കട്ടിൽ ദേശാഭിമാനി വാരികയിലെഴുതിയ ‘ഈ കഥ ആരെഴുതും’ എന്ന കഥയും ഭാഷാപോഷിണി മാസികയിൽ ടി.എൻ. പ്രകാശ് എഴുതിയ ‘ജനങ്ങളുടെ മുൻപാകെ’ എന്ന കഥയും വായനക്കാരന് അന്തരംഗസ്‌പർശികളാവാത്തത് ആഖ്യാനത്തിന്റെ ശൈതില്യത്താലാണ്. അമയുടെ മരണത്തിനു ഉത്തരവാദി എന്നു കരുതപ്പെടുന്ന മകന്റെ ആത്‌മകഥാരൂപത്തിലുള്ള രചനയാണ്ടി.എൻ. പ്രകാശിന്റേത്. സംഭവ വിവരണങ്ങൾക്കു വേണ്ട ക്രമമോ വ്യ്വസ്ഥയോ പരിപാലിക്കാത്തതുകൊണ്ട് കുറ്റക്കാരനെന്നു കരുതപ്പെടുന്ന അക്‌ബർ കക്കട്ടിലിന്റെ കഥ ഇറ്റിനെക്കാൾ ദുർബ്ബലമാണ്. കൃത്രിമവുമാണ്. മറ്റൊരുതരത്തിൽ പറയാം. രണ്ടു കഥകളും അനുഭൂതി ജനകങ്ങളല്ല. അതിനാൽ കലയുടെ മണ്ഡലത്തിൽ അവ പ്രവേശിക്കുന്നുമില്ല.
 
{{***}}
 
{{***}}
സാഹിത്യകാരനും ചലച്ചിത്രസവിധായകനുമായ പദ്‌മരാജൻ മാർകേസിന്റെ രാജ്യത്ത് ചെന്ന് ഇമേൾഡ് എന്ന് പറഞ്ഞപ്പോൾ പൊലീസുകാർ അദ്ദേഹത്തിന്റെ ചുറ്റും കൂടി Say First Lady. Since youare a foreigner we don’t arrest you എന്നു ഭീഷണിപ്പെടുത്തിയത് ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു. സ്വേച്ഛാധിപത്യം നിലവിലുള്ള രാജ്യങ്ങളിൽ പുരപ്പുറത്തു കയറിനിന്നു ഭരണാധികാരിയെ അസഭ്യം വരെ പറയാം.അതിന്റെ ഫലം ആ രാജ്യങ്ങളിൽ ജനങ്ങൾ തമ്മിലുള്ള അടികലശലാണ്. അതാണ് ഇന്ത്യയിൽ നാമിന്നു കാണുന്നത്.
+
|സാഹിത്യകാരനും ചലച്ചിത്രസംവിധായകനുമായ പദ്‌മരാജൻ മാർകേസിന്റെ രാജ്യത്ത് ചെന്ന് ഇമേൾഡ് എന്ന് പറഞ്ഞപ്പോൾ പൊലീസുകാർ അദ്ദേഹത്തിന്റെ ചുറ്റും കൂടി Say First Lady. Since you are a foreigner, we don’t arrest you എന്നു ഭീഷണിപ്പെടുത്തിയത് ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു. സ്വേച്ഛാധിപത്യം നിലവിലുള്ള രാജ്യങ്ങളിൽ പുരപ്പുറത്തു കയറിനിന്നു ഭരണാധികാരിയെ അസഭ്യം വരെ പറയാം. അതിന്റെ ഫലം ആ രാജ്യങ്ങളിൽ ജനങ്ങൾ തമ്മിലുള്ള അടികലശലാണ്. അതാണ് ഇന്ത്യയിൽ നാമിന്നു കാണുന്നത്.
 
}}
 
}}
 
{{MKN/SV}}
 
{{MKN/SV}}
 
{{MKN/Works}}
 
{{MKN/Works}}

Latest revision as of 09:14, 16 January 2015

സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1999 03 26
മുൻലക്കം 1999 03 19
പിൻലക്കം 1999 04 02
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


പുരാവൃത്ത ശാസ്ത്രപഠനത്തിൽ നൂതനയുഗം നിർമ്മിച്ച ഗ്രന്ഥമാണ് ജോസഫ് കാംബെലിന്റെ (Joseph Campbell) “The Hero With A Thousand Faces” എന്നത്. അതിന്റെ ആരംഭത്തിൽ ഒരമേരിക്കൻ യുവാവിനുണ്ടായ സ്വപ്നത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. അയാൾ വീട്ടിന്റെ മേൾക്കൂരയിൽ ചെറിയ പലകക്കഷ്ണങ്ങൾ ചേർത്തു വച്ചു ഭംഗി വരുത്തുകയായിരുന്നു. പൊടുന്നനെ തന്നെ വിളിക്കുന്ന അച്ഛന്റെ ശബ്ദം അയാൾ കേട്ടു. അച്ഛൻ പറയുന്നതു വ്യക്തമായി കേൾക്കാൻ മകനൊന്നു തിരിഞ്ഞു. അയാളുടെ കൈയിലിരുന്ന ചുറ്റിക വഴുതി വീണ് ചരിഞ്ഞ മേൽക്കൂരയുടെ അരികിലൂടെ അപ്രത്യക്ഷമായി. ശരീരം മറിഞ്ഞു വീഴുന്നതു പോലെ കനമാർന്ന ഒരു ശബ്ദം. പേടിച്ച് അയാൾ ഏണിയിലൂടെ താഴെയിറങ്ങി. തല മുഴുവൻ ചോരയിൽ മുങ്ങി അച്ഛൻ മരിച്ചു കിടക്കുന്നു. ഹൃദയം തകർന്നു നിലവിളിയോടെ അയാൾ അമ്മയെ വിളിച്ചു. അവർ വീട്ടിൽ നിന്നും പുറത്തുവന്നു മകനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു: “സാരമില്ല മോനേ, ഇതൊരു അപകടം മാത്രം. അദ്ദേഹം പോയെങ്കിലും നീ എന്നെ സംരക്ഷിച്ചു കൊള്ളുമെന്നു എനിക്കറിയാം”, അമ്മ മകനെ ചുംബിക്കുമ്പോൾ അവൻ ഉണരുകയായി.

ഇതു സ്വപ്നമാണെങ്കിലും ഇതിനു തുല്യമായ കഥ കേരളത്തിൽ പ്രചരിക്കുന്നുണ്ട്. അതാണു മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ‘പെരുന്തച്ചൻ’ എന്ന മനോഹരമായ കാവ്യത്തിന്റെ വിഷയം. പെരുന്തച്ചനെക്കാൾ പ്രഗൽഭൻ മകൻ. അച്ഛൻ പാലത്തിന്റെ ചുവട്ടിൽ ഒരു യന്ത്രപ്പാവയെ ഘടിപ്പിച്ചു. പാലത്തിൽ ആരെങ്കിലും കയറി അതിന്റെ മദ്ധ്യഭാഗത്തു എത്തുമ്പോൾ ആ പാവ വാ തുറന്നു തുപ്പും. അതുകണ്ട് ആളുകൾ അദ്ഭുതപ്പെട്ടപ്പോൾ മകനും മിടുക്ക് കാണിച്ചു. അയാൾ മറ്റൊരു പാവ വേറൊരു ഭാഗത്തു ഘടിപ്പിച്ചു. അച്ഛന്റെ പാവ തുപ്പാൻ ഭാവിക്കുമ്പോൾ മകന്റെ പാവ അതിന്റെ ചെകിടത്തു കൈനീട്ടി അടിക്കും. ഒരു ദിവസം കോവിലിന്റെ ആനപ്പന്തലിൽ മുകളിരുന്ന് അച്ഛൻ പണി ചെയ്യുകയായിരുന്നു. താഴെ മകനും. പിതാവിന്റെ കൈയിലിരുന്ന വിതുളി മകന്റെ കഴുത്തിൽപ്പതിച്ചു കഴുത്തറ്റ് മകൻ മരിച്ചു. കൈപ്പിഴ എന്ന് അതു വ്യാഖാനിക്കപ്പെട്ടു. മരിക്കുന്ന വ്യക്തികൾക്കു മാറ്റമുണ്ടെങ്കിലും രണ്ടു കഥകൾക്കും സാദൃശ്യമുണ്ട്. മറ്റു രാജ്യങ്ങളിലും ഇതുപോലെയുള്ള കഥകൾ പ്രചരിക്കുന്നുണ്ടാകും. ഞാൻ ആദ്യം എഴുതിയ കഥ സ്വപ്നമാണെങ്കിലും രണ്ടാമത്തെ കഥയ്ക്കു പുരാവൃത്തത്തിന്റെ സ്വഭാവമുണ്ട്. സ്വപ്നം അബോധമനസ്സിൽ നിന്നുണ്ടാകുന്നു. പുരാവൃത്തം - മിത്ത് - ബോധപൂർവം നിർമ്മിക്കപ്പെടുന്നു എന്നു അവയ്ക്കു തമ്മിൽ വ്യത്യാസം (അച്ഛന്റെ അബോധമനസ്സിന്റെ പ്രേരണകൊണ്ടു വീതുളി മകന്റെ കഴുത്തിൽ വീണു എന്നു ശങ്കരക്കുറുപ്പ് എഴുതിയിരുന്നെങ്കിൽ കവിതയ്ക്കു കൂടുതൽ ഹൃദ്യത കൈവരുമായിരുന്നു).

ഒരു രാജ്യത്തിലെ പുരാവൃത്തങ്ങൾക്ക് (മിത്തുകൾക്ക്) സമാന്തരങ്ങളായി മറ്റു രാജ്യങ്ങളിൽ പുരാവൃത്തങ്ങൾ ഉണ്ടെന്നു തെളിയിക്കുന്ന ഗ്രന്ഥമാണ് കാംബെലിന്റെ ‘The Power of Myth’ എന്നത് (Anchor Books, Pages 293). മനുഷ്യർക്കു ഒരേ ശരീരം. വിഭിന്നങ്ങളല്ലാത്ത അവയവങ്ങൾ, വ്യത്യസ്തതകളില്ലാത്ത ശക്തിവിശേഷങ്ങൾ. മുപ്പതിനായിരം വർഷങ്ങൾക്കു മുൻപുള്ള മനുഷ്യൻ തന്നെയാണ് ഇന്നത്തെ മനുഷ്യൻ. അവൻ ന്യൂയോർക്ക് നഗരത്തിൽ വസിച്ചാലും ഗുഹകളിൽ താമസിച്ചാലും ഒരേ ജീവിതം. ശൈശവം, ലൈംഗിക പരിപാകം. ശൈശവത്തിൽ നിന്നു പുരുഷത്വത്തിലേക്കും അല്ലെങ്കിൽ സ്ത്രീത്വത്തിലേക്കുമുള്ള മാറ്റം. വിവാഹം, ശരീരത്തിന്റെ പരാജയം, മരണം ഇവയെല്ലാം ഒരേ മട്ടിൽ. പുരുഷനും സ്ത്രീയും, ജീവിതവും മരണവും, നന്മയും തിന്മയും, സത്യവും അസത്യവും ഓരോന്നിനും അതിന്റെ വിപരീത ഭാവങ്ങളുണ്ട്. ഈ വിഭിന്നതകൾക്കപ്പുറത്ത് ഏകത്വമുണ്ടെന്നും അതു പുരാവൃത്തങ്ങളിൽ കാണാമെന്നുമാണ് കാംബെലിന്റെ വാദം (പുറം 57). അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കേൾക്കുക:

“Now, what is a myth? The dictionary definition of a myth would be stories about gods. So then you have to ask the next question: what is a god? A god is a personification of a motivating power or a value system that functions in human life and in the universe. the powers of your own body and of nature. The myths are metaphorical of spiritual potentiality in the human being and the same powers that animate our life animate the life of the world”

കാംബെൽ പറയുന്ന ഒരുകഥയെക്കുറിച്ചുകൂടി എഴുതിയിട്ട് ഞാനിത് അവസാനിപ്പിക്കാം. ഒരു കൊച്ചാൺകുട്ടി വനത്തിൽ നിന്ന് മധുരമായി പാടുന്ന ഒരു പക്ഷിയെ വീട്ടിൽ കൊണ്ടുവന്നു. അവൻ അച്ഛനോട് ആവശ്യപ്പെട്ടു, അതിന് തീറ്റകൊടുക്കാൻ. പക്ഷിക്ക് ആഹാരം കൊടുക്കാൻ സമ്മതമില്ലാതിരുന്ന അച്ഛൻ അതിനെ കൊന്നു. പക്ഷിയെ കൊല്ലുന്നതോടൊപ്പം അയാൾ അതിന്റെ ഗാനത്തെയും കൊന്നു. അയാളും അപ്പോൾ മരിച്ചു. മനുഷ്യൻ പരിത:സ്ഥികളെ കൊല്ലുമ്പോൾ ലോകത്തെയാകെ നിഗ്രഹിക്കുന്നു. പ്രകൃതിയുടെ ആവിഷ്കരണത്തെ സമ്പൂർണ്ണമായും കൊല്ലുന്നു. ഗാനത്തെ വധിക്കുന്നു. പുരാവൃത്തം ഗാനമാണ്. ആ ഗാനത്തെ നിലനിറുത്തേണ്ടതിന്റെ ആവശ്യകതയെ യുക്തിപൂർവ്വം സ്പഷ്ടമാക്കിത്തരുന്ന ഗ്രന്ഥമാണിത്. പുരാവൃത്തങ്ങളുടെ ആന്തരതത്വം ഗ്രഹിച്ചാൽ മനുഷ്യന്റെ ശക്തിവിശേഷങ്ങൾക്ക് തീക്ഷ്ണതയുണ്ടാകുമെന്നാണ് കാംബെലിന്റെ അഭിപ്രായം.

ബലാത്കൃതരചനകൾ

മനുഷ്യൻ പരിത:സ്ഥികളെ കൊല്ലുമ്പോൾ ലോകത്തെയാകെ നിഗ്രഹിക്കുന്നു. പ്രകൃതിയുടെ ആവിഷ്കരണത്തെ സമ്പൂർണ്ണമായും കൊല്ലുന്നു.

എന്റെ പേരക്കുട്ടികളുടെ പ്രായമുള്ള രണ്ടു പെൺകുട്ടികൾ എന്നെ റോഡിൽ വച്ചുകാണുമ്പോൾ സ്നേഹപൂർവ്വം സംസാരിക്കാറുണ്ട്. ഒരു കുട്ടി നാട്യത്തിലെന്നപോലെ പുരികങ്ങളൂയർത്തും, കൃഷ്ണമണികൾ ചലിപ്പിക്കും, താമരയുടെ ആകൃതിയിൽ കൈകൾ വയ്ക്കും, നൃത്തത്തിന് വേണ്ട മെയ്‌വഴക്കം കാണിക്കും, എപ്പോഴും കാലുകൾ ചലിപ്പിച്ചുകൊണ്ടിരിക്കും. മറ്റേക്കുട്ടി തലയുയർത്തും, തല വെട്ടിക്കും. കൃത്രിമമായി സംസാരിക്കും, ഏതുവിഷയത്തെക്കുറിച്ച് പറഞ്ഞാലും അതിനോട് പരമപുച്ഛമാണെന്ന് സ്പഷ്ടമാക്കും. എനിക്ക് രണ്ടുപേരോടും വാൽസല്യമുണ്ടെങ്കിലും അവരുടെ നാട്യങ്ങൾ എനിക്ക് രസിക്കാറില്ല.

പ്രശസ്തനായ അഭിനേതാവ് പി. കെ. വിക്രമൻ നായരുടെ ഒരു പരിചാരകൻ മുരിങ്ങയ്ക്ക കീറി കുരുവെല്ലാം എടുത്തുകളഞ്ഞിട്ട്, കൊഞ്ച് അവിച്ച് മസാല ചേർത്ത് അതിനകത്ത് വച്ചിട്ട് വീണ്ടും പാചകം ചെയ്ത് ഞങ്ങളുടെ മുൻപിൽ കൊണ്ടുവയ്ക്കുമായിരുന്നു. സസ്യഭോജനസിദ്ധാന്തത്തിൽ മാത്രം വിശ്വസിച്ചിരുന്ന ഞാനത് തൊടുമായിരുന്നില്ല. കൊഞ്ചിനോടുള്ള അറപ്പുകൊണ്ടല്ല, ആ പാചകവിദ്യയോടുള്ള അറപ്പുകൊണ്ടായിരുന്നു അത്. വിക്രമൻ നായർ ‘നല്ല രുചി, നല്ല രുചി’ എന്നു പറഞ്ഞുകൊണ്ട് മുരിങ്ങയ്ക്ക എടുത്ത് ചവയ്ക്കുമായിരുന്നു. പണ്ട് ഞാൻ മഹാരാഷ്ട്ര സ്റ്റേറ്റിൽ ഒരിടത്ത് രണ്ടുമാസത്തോളം താമസിച്ചിരുന്നു. ഞാൻ താമസിച്ച വീട്ടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ താമസിച്ചിരുന്ന ഒരു യുവതി എന്റെ വീട്ടുകാർക്കു വേണ്ടിയും സ്വന്തം ചാതുര്യപ്രദർശനത്തിനുവേണ്ടിയും തമ്മിൽ ചേരാത്ത ഭക്ഷണ സാധനങ്ങൾ ചേർത്ത് പാചകം ചെയ്ത് വീട്ടിൽ കൊണ്ട് വരുമായിരുന്നു. കോഴിമുട്ട പുഴുങ്ങി അതിനകത്ത് വേകിച്ച ആട്ടിറച്ചിക്കഷണം വയ്ക്കുക, ആട്ടിറച്ചിക്കഷണത്തിനകത്ത് ഓംലറ്റിന്റെ തുണ്ട് വയ്ക്കുക, ഇതൊക്കെ അവരുടെ പരിപാടികളായിരുന്നു. സ്വാഭാവികമായതേ എനിക്ക് രസിക്കൂ. ഫ്രൂട്ട് സാലഡിന്റെ മുകളിൽ കുറച്ച് ഐസ്ക്രീം വച്ച് മുൻപിൽ കൊണ്ടു വയ്ക്കുന്ന ഏർപ്പാട് പോലും എനിക്കിഷ്ടമല്ല.

ഇതുകൊണ്ടാവണം സാഹിത്യത്തിലെ കൃത്രിമരചനകളെ ഞാൻ വെറുക്കുന്നത്. ‘Proper art’ എന്നും ’Improper art’ എന്നും കലയെ വിഭജിച്ചത് ആരാണെന്ന് ഇപ്പോൾ ഓർമ്മിക്കുന്നില്ല. കല കലാബാഹ്യമായതിന് സേവനമനുഷ്ഠിക്കുന്നത് ഉചിതമല്ലാത്ത കലയാണ്. തകഴി ശിവശങ്കരപ്പിള്ളയോ, മുഹമ്മദ് ബഷീറോ, കാരൂർ നീലകണ്ഠപ്പിള്ളയോ കഥയെഴുതുമ്പോൾ എന്തെങ്കിലും കൃത്രിമത്വമുണ്ടോയെന്ന് നോക്കൂ. അനിയൻ ‘ചേട്ടാ, കഥ പറഞ്ഞുതരൂ’ എന്ന് അപേക്ഷിച്ചാൽ എങ്ങനെ ചേട്ടൻ കഥ പറയുമോ അതുപോലെയാണ് അവരൊക്കെ കഥ പറയുന്നത്. പക്ഷേ ജന്മനാ കഥയെഴുത്തുകാരല്ലാത്തവർ കൃത്രിമരചനയിലൂടെ പരകോടിയിലേക്ക് നമ്മെ വലിച്ചിഴയ്ക്കുന്നു. ഫലപ്രാപ്തിക്കുവേണ്ടി അശ്രാന്തപരിശ്രമം ചെയ്യുന്നു. ഞാൻ ഈയിടെ വായിച്ചതും വിശദാംശങ്ങൾ മറന്നുപോയതുമായ ഒരു കഥയെക്കുരിച്ച് രണ്ടു വാക്കെഴുതാം. പെരിനാട്ടെ തീവണ്ടിയപകടത്തിന്റെ പശ്ചാത്തലത്തിലുള്ള രചനയാണിത്. കഷ്ടപ്പെടുന്ന ഒരു സ്ത്രീ ആത്മഹത്യയ്ക്ക് തീരുമാനിക്കുന്നു. അത് ആത്മഹത്യയല്ല സ്വാഭാവികമരണമാണെന്ന് മറ്റുള്ളവർക്ക് തോന്നാൻ വേണ്ടി അവൾ കടകളിൽ പോയി പലതും വാങ്ങുന്നു. അവയുടെ ബിൽ പോലും അവൾ അവയുടെ കൂടെ വയ്ക്കുന്നു. തീവണ്ടികൾ നാലെണ്ണം കടന്നുപോയി. അഞ്ചാമത്തെ തീവണ്ടിയുടെ മുൻപിൽ ചാടാനായിരുന്നു അവളുടെ ഉദ്ദേശ്യം. പക്ഷേ അത് പാലത്തിൽ കയറിയപ്പോൾ ഒരു ഇളങ്കാറ്റുപോലും വീശിയില്ലെങ്കിലും കേന്ദ്രമന്ത്രിയുടെ കൊടുങ്കാറ്റു വന്നു. തീവണ്ടി നദിയിലേക്ക് വീണു. നൂറ്റുകണക്കിന് ആളുകൾ മരിച്ചു. ആത്മഹത്യ ചെയ്യാനെത്തിയവൾ മരിച്ചോ എന്നെനിക്ക് ഓർമ്മയില്ല. എന്തായാലും ഈ പരകോടിയിലേക്ക് തീവണ്ടിയുടെ വേഗത്തിൽ വായനക്കാരെ ഓടിക്കുകയാണ് കഥയെഴുതിയ ആൾ. ‘Forcing the climax’ എന്ന് ഇംഗ്ലീഷിൽ പറഞ്ഞാൽ ഞാൻ ഉദ്ദേശിക്കുന്നത് കൂടുതൽ വ്യക്തമാകുമെന്ന് തോന്നുന്നു.

ദൗർഭാഗ്യത്താൽ നമ്മുടെ പല കഥകളും ഇത്തരത്തിലാണ്. ‘Proper art’ അല്ല ഇത്. ‘Improper art’ ആണ്. കുങ്കുമം വാരികയിൽ കൊളത്തോൾ രാഘവൻ എഴുതിയ ‘വാണിഭദുരന്തങ്ങൾ’ എന്ന കഥയ്ക്കും സ്വാഭാവികതയില്ല. വ്യഭിചാരകർമ്മത്തിനുവേണ്ടി ഒരുത്തൻ കൊണ്ടുവന്ന ഒരു പെൺകുട്ടി ആളൂകൾ അടുക്കാതിരിക്കൻ വേണ്ടി സ്വയം നാറ്റിച്ചുനടക്കുന്നതും ഒടുവിൽ അവൾ ആത്മഹത്യ ചെയ്യുന്നതുമാണ് കഥയുടെ വിഷയം. അവൾ ചാടിച്ചത്ത നദിയിലെക്ക് അവളെ താൽക്കാലികമായി നേർവഴി കാണിച്ചുകൊടുത്ത ഒരുത്തനും ചാടുന്നു. ഇതാണ് ബലാത്കൃതരചന. താജ്‌മഹൽ നോക്കൂ. തകഴിയുടെ ‘ചെമ്മീൻ’ നോക്കൂ. ഓ.വി. വിജയന്റെ ‘കടൽത്തീരത്ത്’ എന്ന ചെറുകഥ നോക്കൂ. എവിടെയെങ്കിലും ധർഷണച്ഛായയുണ്ടോ? ഇല്ല. നവീന കഥകളിൽ ധർഷണമല്ലാതെ വേറൊന്നുമില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png താങ്കളുടെ കുട്ടിക്കാലത്തെ ദമ്പതികളും ഇപ്പോഴത്തെ ദമ്പതികളൂം തമ്മിലെന്തേ വ്യത്യാസം?

എന്റെ ബാല്യകാലത്ത് വീട്ടിന്റെ കതകിൽ ആരെങ്കിലും വന്നു തട്ടിയാൽ തുറക്കുന്നത് പുരുഷനായിരിക്കും. ഇന്ന് ആ കൃത്യം ചെയ്യുന്നത് സ്ത്രീയാണ്. ഭാര്യയും ഭർത്താവും കാപ്പിക്കടയിൽ കയറി കാപ്പി കുടിച്ചിട്ട് ബിൽ കൊണ്ടു വരുമ്പോൾ പണ്ട് ഭർത്താവ് പോക്കറ്റിൽ നിന്ന് പണമെടുത്തുകൊടുക്കുമയിരുന്നു. ഇന്ന് ബിൽ കൈയിൽ വാങ്ങുന്നതും പണം കൊടുക്കുന്നതും ഭാര്യയാണ്. കാലം മാറിപ്പോയി.

Symbol question.svg.png സാഹിത്യകാരൻ — പണ്ടും ഇന്നും?

പണ്ടത്തെ സാഹിത്യകാരൻ എഴുതുന്നതെന്തും വായനക്കാർക്ക് മനസ്സിലാകുമായിരുന്നു. അയാളെ ബഹുജനം ബഹുമാനിച്ചിരുന്നു. ഇന്നത്തെ സാഹിത്യകാരൻ എന്തെഴുതിയാലും ആർക്കും ഒന്നും മനസ്സിലാവുകയില്ല. ഇന്നത്തെ സാഹിത്യകാരനെ ആളുകൾ പുച്ഛിക്കുന്നു. ‘ആ പട്ടിയെ അടിച്ചുകൊല്ല്’ എന്നു സാഹിത്യകാരനെ നോക്കി ആളുകൾ ഉച്ചത്തിൽ പറയാൻ പോകുന്ന കാലം അത്ര വിദൂരമല്ല.”

എന്റെ ബാല്യകാലത്ത് വീട്ടിന്റെ കതകിൽ ആരെങ്കിലും വന്നു തട്ടിയാൽ തുറക്കുന്നത് പുരുഷനായിരിക്കും. ഇന്ന് ആ കൃത്യം ചെയ്യുന്നത് സ്ത്രീയാണ്.


Symbol question.svg.png സ്ത്രീയുടെ നഗ്നചിത്രം കണ്ടാൽ കാഴ്ചക്കാരനുണ്ടാകുന്നത് കാമവികാരം മാത്രമല്ലേ?

അല്ല. നഗ്നചിത്രം കാണുമ്പോൾ അതു കാലാസൃഷ്ടിയാണെന്നു തോന്നിയാൽ കലാസ്വാദനം നടക്കുന്നു. നേരെമറിച്ച് അതിന്റെ ദർശനം കാമവികാരമിളക്കിയാൽ അശ്ശീലത ആധിപത്യം പുലർത്തുന്നു എന്നത് സ്പഷ്ടം.

Symbol question.svg.png ഡോക്ടർമാർ സുന്ദരന്മാരും സുന്ദരികളുമായിരുന്നാൽ ചികിത്സ മെച്ചപ്പെടുമോ?

സൗന്ദര്യമുള്ള ഡോക്ടർമാർ അവിദഗ്ദ്ധരാണെങ്കിലും രോഗം ഭേദമാകും വൈകാതെ. കാരണം രോഗികളും രോഗിണികളും ചികിത്സിക്കുന്നവരുടെ സൗന്ദര്യം കണ്ടു കൂടുതലായി അവരെ വിശ്വസിക്കുമെന്നതാണ്. ഡോക്ടറിൽ വിശ്വാസമുണ്ടെങ്കിൽ രോഗം വളരെ വേഗം ഭേദമാകും. സുന്ദരിയായ ഡെന്റൽ ഡോക്ടർ പല്ലുവേദനക്കാരന്റെ പല്ലെടുത്താൽ വേദന അത്രകണ്ട് അറിയുകയില്ല. മെഡിക്കൽ കോളേജിൽ അഡ്മിഷന് സൗന്ദര്യം കൂടി പരിഗണിക്കുന്നത് നന്നായിരിക്കും.

Symbol question.svg.png ദയനീയം എന്നു നിങ്ങൾ പറയുന്നത് എന്തു കാണുമ്പോഴായിരിക്കും?

ഭാര്യയോടു ശണ്ഠകൂടി ഭർത്താവ് ഉണ്ണാതെ എഴുന്നേറ്റു പോകുന്നു. അയാളെ അവൾ ചെന്നു വിളിക്കുന്നില്ല. ഒരു മണിക്കൂർ കഴിയുന്നു. വിശന്നിട്ടു സഹിക്കാൻ മേലാ. അപ്പോൾ മകളെ വിളിച്ച് ‘ചോറു വിളമ്പെടീ’ എന്ന് അധികാരസ്വരത്തിൽ പറയുന്നു. ചോറിന്റെ മുൻപിലിരുന്ന് ഉരുളയുരുട്ടി ദേഷ്യം വിടാതെ അതു വായ്ക്കകത്തേക്കു നിക്ഷേപിക്കുന്ന ഭർത്താവാണ് ഏറ്റവും ദയനീയത ഉളവാക്കുന്നത് കാഴ്ചയ്ക്ക്.

Symbol question.svg.png പുരുഷൻ അധമനാകുന്നത് എപ്പോൾ?

താൻ വെറുക്കുന്ന സ്ത്രീയോടു പഞ്ചാര വാക്കുകൾ പറഞ്ഞ് അവളെ അവ വിശ്വസിപ്പിക്കുന്നവൻ അധമൻ.

അച്ചടിച്ച വാക്കുകൾ മാത്രം

ഉത്കൃഷ്ടങ്ങളായ കഥകൾ ഉദാഹരണങ്ങളായി നമ്മളിപ്പോൾ സ്വീകരിക്കേണ്ടതില്ല. മദ്ധ്യവർത്തികളായ കഥകൾ മതി. അവയിൽപ്പോലും സങ്കീർണ്ണമായ വികാരത്തെ നേർപ്പിച്ചു കൊണ്ടുവന്ന് ശുദ്ധവികാരമാക്കി കഥാകാരൻ മാറ്റുന്നതു കാണാം. അപ്പോഴാണ് കഥ ഭാവതലത്തിൽ ചെന്നു നിൽക്കുന്നത്. ഭാവത്തിന്റെ ശക്തിയിൽ ശോഭിക്കുന്ന കഥ വായിക്കുമ്പോൾ വാക്കുകൾ ഉണ്ടെന്നു തോന്നുകില്ല അനുവാചകന്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ശിവേന സഹനർത്തനം’ എന്ന കഥയെഴുതിയ ആഷിതയ്ക്ക് ഈ സാരസ്വതരഹസ്യം അറിഞ്ഞുകൂടാ. അവർ ഭാവതലത്തെ നിഷ്കാസനം ചെയ്തിട്ട് വാചികാതലത്തിൽ ഹർഷോന്മാദത്തോടെ പ്രവേശിക്കുന്നു. വാവദൂകതയുമായി അഭിരമിക്കുന്നു. അമ്മ, മകൾ, മകളുടെ ഭർത്താവ് ഈ മൂന്നുപേരെ കഥയിൽ കൊണ്ടുവന്നു ദാമ്പത്യ ജീവിതത്തിന്റെ സങ്കീർണതകൾ ആലേഖനം ചെയ്യാനാണ് അഷിതയുടെ ശ്രമം. പക്ഷേ വാക്കുകളേ നമ്മളെ പൊതിയുന്നുള്ളു. ഒരു കഥാപാത്രത്തിന്റെയും അന്തരംഗത്തിലേക്കു പ്രവേശിക്കാൻ ശ്രീമതിക്കു കഴിയുന്നില്ല. ഒരു കഥാപാത്രത്തിന്റേയും വികാരം സ്ഫുടീകരിക്കാൻ കഥാകാരിക്കു സാധിക്കുന്നില്ല. ഫലമോ? അച്ചടി മഷി പുരട്ടിവച്ച ഏതാനും വാക്കുകളായി മാത്രം ആഷിതയുടെ രചന ആഴ്ചപ്പതിപ്പിന്റെ പുറങ്ങളിൽ കാണപ്പെടുന്നു.

ബലൂൺ വീർപ്പിക്കൽ

സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും അവഗാഹമുള്ള ഒരു മാന്യൻ എന്റെ വീട്ടിൽ വന്നപ്പോൾ പറഞ്ഞതാണിത്. “പ്രഭാഷണപരമ്പര ശ്രവിക്കാനും ജ്ഞാനിയാകാനും ഇവിടെ വന്നതാണ് ഞാൻ. ആദ്യത്തെ പ്രഭാഷകൻ വക്രോക്തിയെക്കുറിച്ചാണു സംസാരിക്കേണ്ടത്. അദ്ദേഹം തുടങ്ങി: ‘വക്രോക്തിയാണ് എന്റെ വിഷയം. വക്രോക്തിയെന്നാൽ ഡികൺസ്റ്റ്രക്ഷൻ തന്നെയാണ്’. അതിനെക്കുറിച്ച് പ്രഭാഷകൻ പ്രഭാഷണം തകർത്തു. ശ്രോതാക്കളായ അഭ്യസ്തവിദ്യർ നന്നേ കഷ്ടപ്പെട്ടു. രണ്ടാമത്തെ ദിവസം വേറൊരു പ്രഭാഷകൻ എത്തി. തലേദിവസത്തെ കയ്‌പേറിയ അനുഭവങ്ങളോടെ ഇരിക്കുന്ന പണ്ഡിതന്മാരായ ശ്രോതാക്കളെ നോക്കി അദ്ദേഹവും മൊഴിയാടി. ‘രീതി’യെക്കുറിച്ചാണ് ഞാൻ നിങ്ങളോടു സംസാരിക്കേണ്ടത്. രീതി എന്നാൽ ഡികൺസ്റ്റ്രക്ഷൻ തന്നെ. അതുകൊണ്ട് ഞാൻ ഡികൺസ്റ്റ്രക്ഷനെക്കുറിച്ച് പ്രസംഗിക്കാം.

പ്രീയപ്പെട്ട വായനക്കരേ നമ്മൾ എന്തൊരാകുലാവസ്ഥയിലാണ്! പടിഞ്ഞാറുള്ള ചില പിന്തിരിപ്പൻ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചിട്ടു കുറെയൊക്കെ ഗ്രഹിച്ചും ഏറെ ഗ്രഹിക്കാതെയും ഏതാനും പണ്ഡിതന്മാന്യന്മാർ ഇവിടെ സർവജ്ഞപീഠം കയറിയവരെന്ന മട്ടിൽ നടക്കുകയാണ്. ആഴ്ചപ്പതിപ്പുകളിലാകെ ഈ വിഷയങ്ങളാണ് പ്രതിപാദിക്കപ്പെടുന്നത്. സ്കൂൾ കുട്ടികളും കോളേജ് കുട്ടികളും ഇവയൊക്കെകണ്ട് അഹോരൂപം. അഹോസ്വരം എന്ന് അദ്ഭുതപരവശരായി മുറയിടുന്നു.

എന്നാൽ ഇവയൊന്നും വായിക്കാതെയും കേൾക്കാതെയും ഈ കോളമെഴുതാൻ വേണ്ടി ചെറുകഥകൾ വായിക്കുമെന്ന് വിചാരിച്ചാൽ നളിനി ബേക്കൽ മലയാളം വാരികയിൽ എഴുതിയ ‘പ്രകാശവർഷങ്ങൾ’ എന്ന കഥ വായിക്കേണ്ടതായി വരുന്നു. മുത്തശ്ശിക്കു മുട്ടുവേദന. ഉത്രാടം നാൾ. അന്യ ദേശത്തുള്ള മക്കളും മരുമക്കളും പേരക്കുട്ടികളും വരുമെന്ന് അവർക്കു പ്രതീക്ഷ. ആരും വരുന്നില്ല. ദുഃഖിച്ച് അവർ അമ്പലത്തിൽ പോകുന്നു. അവിടെനിന്നു അപരിചിതമായ സ്ഥലത്തു പോയി ഒരു അപരിചിതനെ പരിചയപ്പെടുന്നു. തിരുവോണത്തിന്റെ ഉച്ചയൂണ് അയാളോടൊരുമിച്ച്. അടുത്ത ദിവസം നല്ലവനായ അയാൾ അവരെ തീവണ്ടി കയറ്റി വിടുന്നു. ഏതു വെള്ളരിക്കാപ്പട്ടണത്തിലാണ് ഈ കഥ നടക്കുന്നതെന്നു ഞാൻ ചോദിക്കുന്നതു. ലൗകിക സത്യവും കലാസത്യവും വേറെ വേറെ എന്നറിഞ്ഞുകൂടാത്തതുകൊണ്ടല്ല. കലയുടെ സത്യം കലയുടെ ലോകത്തുള്ള വിശ്വാസ്യത ജനിപ്പിക്കണമെന്ന് അറിഞ്ഞതുകൊണ്ടാണ്. നളിനി ബേക്കലിന്റെ ഈ കഥ വായിച്ചപ്പോൾ എന്റെ പട്ടണത്തിലെ മ്യൂസിയത്തിനു മുൻപിൽ നിന്ന് ഒരുത്തൽ കുഴലുപോലുള്ള ഒരു ബലൂൺ ഊതിവീർപ്പിക്കുന്നതാണ് ഞാൻ ഓർമ്മിച്ചു പോയത്. ഞാഞ്ഞൂലിന്റെ നീളമുള്ള ഒരു റബർ തുണ്ട് അയാൾ ഊതി വീർപ്പിക്കാൻ തുടങ്ങി. അത് ഒരടിയായി നീണ്ടു. രണ്ടടിയായി നീണ്ടു. മൂന്നടിയായി നീണ്ടു. നാലടിയായി നീണ്ടു. അറ്റം ചുരുട്ടികെട്ടി പാമ്പിന്റെ പത്തിപോലെയാക്കി അയാളിത്. പിള്ളേർ ചാടിച്ചെന്നു വാങ്ങിച്ചു. രണ്ടു ഖണ്ഡികകളിലാക്കി പ്രതിപാദിക്കാവുന്ന പഴഞ്ചനിൽ പഴഞ്ചനായ വിഷയം ഈ ബലൂൺ വില്പനക്കാരനെപ്പോലെ കഥകാരി ഊതിവീർപ്പിക്കുന്നു. അതു കാണുന്ന വായനക്കാരനായ എനിക്കു വീർപ്പുമുട്ടുന്നു. കൈകാര്യം ചെയ്യുന്ന വിഷയമേതുമാകട്ടെ: കലാസൃഷ്ടി ഒരു പുതിയ അന്തരീ

ക്ഷവും ക്രമവും ഭംഗിയും സൃഷ്ടിക്കണം. ആസൃഷ്ടി ഒരു നിമിഷത്തേക്കു മാത്രമേ നമ്മൾ കാണുന്നുള്ളൂവെന്നിരിക്കട്ടെ. ആ നിമിഷം നിസ്തുലമായി ഭവിക്കും. ചെക്കോവിന്റെ The Darling എന്ന കഥ വായിച്ചപ്പോൾ ആ നിമിഷം പ്രദാനം ചെയ്ത ധന്യത എനിക്കു കിട്ടി. ഇതില്ലെങ്കിൽ കഥാരചന കൊണ്ടെന്തു പ്രയോജനം?

പലരും പലതും

  1. തക്കല തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കാലം. ഇതെഴുതുന്ന ആൾ അന്നു അവിടത്തെ പ്രാഥമിക വിദ്യാലയത്തിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഒരുദിവസം അച്ഛനമ്മമാരോടൊത്തു തക്കല നിന്നു തിരുവനന്തപുരത്തേക്കു ഞാൻ ബസ്സിൽ പോരുമ്പോൾ കുഴിത്തുറ എന്ന സ്ഥലത്തിനടുത്തുള്ള ഒരു പാലം കടന്നയുടനേ ഒരമ്പലത്തിലെ ദേവതയെ പ്രീണിപ്പിക്കാനായി ഒരുത്തൻ കതിന ഉപയോഗിച്ചുവെടിവച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത നീർഘോഷം. ഞാൻ ഞെട്ടി. എന്റെ ഈയർഡ്രം തകരുകയും ചെയ്തു. ഇന്നും എനിക്കു വലതുകാതു കേട്ടുകൂടാ. തിരുവനന്തപുരത്തെ ഒരമ്മങ്കോവിലിന്റെ മുൻപിൽ കൂടി ഞാൻ ഒരിക്കലും പോകാറില്ല. വിചാരിച്ചിർക്കാത്ത വേളയിൽ കതിനാ വെടി മുഴങ്ങും. എന്റെ ഇടതുകാതിന്റെ ഡ്രം കൂടി പൊട്ടും. ഈ ദുഷ്ടതയ്ക്കും അതുളവാക്കുന്ന കൊടിയ വേദനയ്ക്കും പൂർണ്ണവിരാമം ഇടേണ്ടിയിരിക്കുന്നു. ഒരു പൗരന് മറ്റൊരു പൗരന് ഞെട്ടലുണ്ടാക്കാൻ അധികാരമില്ലാത്തതുകൊണ്ട് ഈ വെടിവയ്ക്കൽ മനുഷ്യാവകശലംഘനമാണ്. ഇതുപോലെതന്നെയാണ് ദേവാലയങ്ങളിൽ നിന്നുണ്ടാകുന്ന ഉച്ചഭാഷിണിയിലൂടെയുള്ള കർണ്ണകഠോരമായ പാട്ടുകളും. ഒരാൾ വിചാരിച്ചാൽ ഭാരതമാകെ ബന്തും ഹർത്താലും ഉണ്ടാക്കാം. ഒരാളിന്റെ ഇച്ഛയ്‌ക്കൊത്ത വിധത്തിലാണ് കതിനാവെടി പൊട്ടിക്കലും ഉച്ചഭാഷിണികളിലൂടെയുള്ള പാട്ടു കേൾപ്പിക്കലും. ഇവ നിരോധിക്കേണ്ട കാലം എന്നേ കഴിഞ്ഞിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് പ്രെഫസർ എസ്. ഗുപ്‌തൻ നായർ മാർച്ച് 11-ലെ മലയാള മനോരമ ദിനപത്രത്തിലെഴുതിയ ലേഖനത്തിലേക്ക് ഞാൻ മാന്യ വായനക്കാരുടെ ശ്രദ്ധ സാദരം ക്ഷണിക്കുന്നു.
  2. വൈഷ്ണവകവി വിദ്യാപതി ശ്രീകൃഷ്ണനെയും രാധയെയും കുറിച്ചെഴുതിയ കവിതകൾ വിശ്വവിഖ്യാതനായ ആനന്ദ കുമാരസ്വാമി ഇംഗ്ലീഷിലേക്കു തർജ്ജമ തെയ്തത് അടുത്ത കാലത്താണ് ഞാൻ വായിച്ചതു. മഹാപണ്ഡിതനും വലിയ നിരൂപകനുമായ കുമാരസ്വാമി അസുലഭസിദ്ധികളുള്ള കവി കൂടിയാണെന്ന് ഈ തർജ്ജമ സ്‌പഷ്ടമാക്കുന്നു. കവിതയുടെ വൈഷയികസ്സ്വഭാവവും ആധ്യാത്‌മിക പരിമളവും നഷ്ടപ്പെടുത്താതെ അദ്ദേഹം ഭാഷാന്തരീകരണം നിർവഹിക്കുന്നതു നോക്കുക:

    രാധ: My buttocks broad were plain to see
    I turned around and hid them with mu hair
    And when he fixed his gaze upon my breasts,
    I turned my back on Hari and sat me down.
    But cunning Madhava scanned my body with smiling face,
    The body I sought to hide would not be hidden
    (Page 157)

    (Vidyapati: Padavali Published by Indira Gandhi National Centre for Arts, Janpath, NewDelhi 110001, Rs. 550, Pages 360)

  3. വർഷങ്ങൾക്കുമുൻപ് ഞാൻ വടക്കൻ തിരുവിതാംകൂറിലൊരിടത്തു താമസിക്കുന്ന കാലം. പഠിച്ചുകൊണ്ടിരുന്ന ഞാൻ മുറിയുടെ ജന്നലിൽക്കൂടി പുറത്തേക്കു നോക്കി. നേരിയ നിലാവ്. അടുത്ത വീട്ടിന്റെ പൂമുഖത്ത് ആകാക്ഷാഭരിതയായി ഗിരിജ എന്ന യുവതി നിൽക്കുന്നു. അവളുടെ അച്ഛനമ്മമാർ ഉറങ്ങുകയാണ്. തീർച്ച.അല്‌പം കഴിഞ്ഞപ്പോൾ ഒരെഴുത്തു മതിലിനു മുകളിൽക്കൂടി അവളുടെ വീട്ടുമുറ്റത്തേക്ക് ആരോ ഇട്ടു. ശ്ബ്‌ദം കേൾപ്പിക്കാതെ. എങ്കിലും തിടുക്കത്തിൽ അവൾ വന്ന് എഴുത്തെടുത്തു. മുറിയിൽ കൊണ്ടുപോയി വിളക്കിന്റെ മുൻപിലിരുന്ന് അതു വായിച്ചുകൊണ്ടു നടക്കുന്നതു ഞാൻ കണ്ടു. അവ്യക്‌തങ്ങളായ അക്ഷരങ്ങളേ അവൾ കണ്ടിരിക്കാനിടയുള്ളൂ. എങ്കിലും പ്രേമത്തിന്റെ ശക്‌തികൊണ്ട് അവൾ അതു വായിക്കുകയായിരുന്നു. ഞാൻ കണ്ട മനോഹരങ്ങളായ കാഴ്ചകളിൽ ഒന്നായിരുന്നു അത്. (ഗിരിജ മരിച്ചിട്ടു പതിനഞ്ചുവർഷം കഴിഞ്ഞിരിക്കുന്നു.)

    സ്ത്രീയുടെ നഗ്നചിത്രം കണ്ടാൽ കഴ്ചക്കാരനുണ്ടാകുന്നത് കാമവികാരം മാത്രമല്ലേ? അല്ല. നഗ്നചിത്രം കാണുമ്പോൾ അതു കലാസൃഷ്ടിയാണെന്നു തോന്നിയാൽ കലാസ്വാദനം നടക്കും.

  4. ടോൾസ്റ്റോയിയുടെ ’വാർ ആൻഡ് പീസി’ലാണെന്നാണ് എന്റെ ഓർമ്മ. തനിക്കു രസകരമായ കഥ പറയാനുണ്ടെന്ന് അറിയിച്ചിട്ട് ഒരു കഥാപാത്രം ആഖ്യാനം ആരംഭിക്കുന്നു. പക്ഷേ രണ്ടോ മൂന്നോ വാക്കുകൾ പറഞ്ഞിട്ട് അയാൾ അതു നിറുത്തുന്നു. പിന്നെയും തുടങ്ങുന്നു. കഥ പറയാനാവാതെ പരിഹാസപാത്രമായിത്തീരുന്നു അയാൾ. ആഖ്യാനം അത്ര എളുപ്പമുള്ള കാര്യമല്ല. വിശേഷിച്ചും ചെറുകഥയെസ്സംബന്ധിച്ച്. കാര്യകാരണ ബന്ധത്തോടെ സംഭവങ്ങൾ വിവരിക്കുമ്പോൾ അനിവാര്യമായ പര്യവസാനം ഉണ്ടാകുന്നു. അടിസ്ഥാനപരങ്ങളായ അംശങ്ങളേയും നിരീക്ഷീരന്യായമനുസരിച്ച് കൂട്ടിയിണക്കണം. അങ്ങനെ സാംഗോപാംഗമായ ഘടനയുണ്ടാകുമ്പോൾ കഥാപാത്രങ്ങളൂം സംഭവങ്ങളും അർക്കകാന്തിയോടെ പരിലസിക്കും.
  5. അക്‌ബർ കക്കട്ടിൽ ദേശാഭിമാനി വാരികയിലെഴുതിയ ‘ഈ കഥ ആരെഴുതും’ എന്ന കഥയും ഭാഷാപോഷിണി മാസികയിൽ ടി.എൻ. പ്രകാശ് എഴുതിയ ‘ജനങ്ങളുടെ മുൻപാകെ’ എന്ന കഥയും വായനക്കാരന് അന്തരംഗസ്‌പർശികളാവാത്തത് ആഖ്യാനത്തിന്റെ ശൈതില്യത്താലാണ്. അമയുടെ മരണത്തിനു ഉത്തരവാദി എന്നു കരുതപ്പെടുന്ന മകന്റെ ആത്‌മകഥാരൂപത്തിലുള്ള രചനയാണ്ടി.എൻ. പ്രകാശിന്റേത്. സംഭവ വിവരണങ്ങൾക്കു വേണ്ട ക്രമമോ വ്യ്വസ്ഥയോ പരിപാലിക്കാത്തതുകൊണ്ട് കുറ്റക്കാരനെന്നു കരുതപ്പെടുന്ന അക്‌ബർ കക്കട്ടിലിന്റെ കഥ ഇറ്റിനെക്കാൾ ദുർബ്ബലമാണ്. കൃത്രിമവുമാണ്. മറ്റൊരുതരത്തിൽ പറയാം. രണ്ടു കഥകളും അനുഭൂതി ജനകങ്ങളല്ല. അതിനാൽ കലയുടെ മണ്ഡലത്തിൽ അവ പ്രവേശിക്കുന്നുമില്ല.
    * * *
  6. സാഹിത്യകാരനും ചലച്ചിത്രസംവിധായകനുമായ പദ്‌മരാജൻ മാർകേസിന്റെ രാജ്യത്ത് ചെന്ന് ഇമേൾഡ് എന്ന് പറഞ്ഞപ്പോൾ പൊലീസുകാർ അദ്ദേഹത്തിന്റെ ചുറ്റും കൂടി Say First Lady. Since you are a foreigner, we don’t arrest you എന്നു ഭീഷണിപ്പെടുത്തിയത് ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു. സ്വേച്ഛാധിപത്യം നിലവിലുള്ള രാജ്യങ്ങളിൽ പുരപ്പുറത്തു കയറിനിന്നു ഭരണാധികാരിയെ അസഭ്യം വരെ പറയാം. അതിന്റെ ഫലം ആ രാജ്യങ്ങളിൽ ജനങ്ങൾ തമ്മിലുള്ള അടികലശലാണ്. അതാണ് ഇന്ത്യയിൽ നാമിന്നു കാണുന്നത്.