close
Sayahna Sayahna
Search

Difference between revisions of "പലവക"


(സാഹിത്യവാരഫലം 1987 03 08)
 
Line 26: Line 26:
 
===[[സാഹിത്യവാരഫലം 1987 03 08]]===
 
===[[സാഹിത്യവാരഫലം 1987 03 08]]===
 
{{#lsth:സാഹിത്യവാരഫലം_1987_03_08|സംഭാഷണം}}
 
{{#lsth:സാഹിത്യവാരഫലം_1987_03_08|സംഭാഷണം}}
 +
 +
===[[സാഹിത്യവാരഫലം 1997 12 26]]===
 +
{{#lsth:സാഹിത്യവാരഫലം_1997_12_26|നാനാവിഷയകം}}
  
 
{{MKN/SV}}
 
{{MKN/SV}}
 
{{MKN/Works}}
 
{{MKN/Works}}

Latest revision as of 02:55, 12 October 2014

1985

സാഹിത്യവാരഫലം 1985 11 24

  1. അടിപതറുന്നൂയിനിനടക്കുവാന്‍
    വടിയുണ്ടായാലുമിടയ്ക്കിടറുന്നൂ
    തനു കുഴയുന്നൂ മനം കലങ്ങുന്നൂ
    ചെകിടടയുന്നൂ നയനം മങ്ങുന്നു.

    കുറ്റിക്കോല്‍ ശങ്കരന്‍ എമ്പ്രാന്തിരി മംഗളം വാരികയിലെഴുതിയ ‘ശാക്തേയം’ എന്ന ‘കാവ്യ”ത്തിന്റെ ആരംഭം ഇങ്ങനെ. ഇത് നോവലല്ല. ചെറുകഥയല്ല, ആത്മകഥയല്ല, പ്രബന്ധമല്ല, ഹാസ്യരചനയല്ല, ഒന്നു മല്ലാത്തതുകൊണ്ടു കവിത തന്നെ, തന്നെ തന്നെ.

  2. ഏതു ബന്ധു എന്നെ കാണാത്ത മട്ടില്‍പോയാലും എനിക്കു് ഒരു വൈഷമ്യവുമില്ല. കാരണം അങ്ങനെയുള്ളവരെ നോവലിലെ കഥാപാത്രങ്ങളെപ്പോലെ ഞാന്‍ പരിഗണിക്കുന്നു എന്നതാണു് എന്നാല്‍ രചനകളിലെ വ്യക്തികള്‍ എന്റെ ബന്ധുക്കളും മിത്രങ്ങളുമാണു് അതുകൊണ്ടു് മിസ്സിസ് റെയ്‌ച്ചല്‍ തോമസ് അവതരിപ്പിക്കുന്ന “നീലക്കണ്ണുകളും സ്വര്‍ണ്ണത്തലമുടിയും ഉള്ള ബ്രിട്ടീഷ് സുന്ദരി” എന്റെ ബന്ധുതന്നെ. ആ പെണ്‍കുട്ടിയെ നേരിട്ടു കാണാന്‍ കഴിഞ്ഞെങ്കില്‍! (മനോരാജ്യംവാരിക)
  3. ഇടതുപക്ഷ ചിന്താഗതിയുള്ള വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഇന്ദിരാ ഗാന്ധിയെക്കുറിച്ചു കുമാരി വാരികയില്‍ എഴുതിയതു നന്നായി. നക്ഷത്ര യുദ്ധം നടത്താന്‍ തയ്യാറായി നിൽക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിറത്തില്‍ കാണിച്ചുതരികയും പുരോഗമനാത്മകങ്ങളായ ആശയസംഹിതകള്‍ പുലര്‍ത്തിക്കൊണ്ടു പൊരുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഇന്ദിരാ ഗാന്ധി ഇടതുപക്ഷക്കാര്‍ക്കു പോലും ആദരണീയയാണല്ലോ.
  4. “എറണാകുളത്തു സര്‍ക്കാര്‍ റോഡിലെ കുഴിയില്‍വീണു് രണ്ടു സ്കൂട്ടര്‍യാത്രക്കാര്‍ മരണമടഞ്ഞു.
  5. തിരുവനന്തപുരത്തു് സര്‍ക്കാരിന്റെ റോഡരികില്‍ ഇട്ടിരുന്ന പൊതുമരാമത്തുവക റോഡ്റോളറില്‍ ചെന്നിടിച്ചതിന്റെ ഫലമായി ഒരു സ്ക്കൂട്ടര്‍ യാത്രക്കാരന്‍ മരണമടഞ്ഞു. ഈ രാജ്യത്തു് ഭരണം കൊണ്ടുപിടിച്ചു നടക്കുന്നു. ഇവിടെ ചോദിക്കാനും പറയാനും ആളുകള്‍ ഉണ്ടു് എന്നതിനു് ഇതില്‍കൂടുതല്‍ തെളിവുവേണോ...?
  6. മഹത്തായ ഈ രാജ്യത്തുനിന്നു്, ഈ യോഗക്ഷേമരാഷ്ട്രത്തില്‍നിന്നു് എന്നേക്കും എന്നെന്നേക്കുമായി സലാം പറഞ്ഞുപോയവരെ, നിങ്ങള്‍ ഭാഗ്യവാന്മാര്‍....!”
  7. ഇതു് തോമസ് പാല പറഞ്ഞതാണു് (മാമാങ്കം വാരിക). മൂര്‍ച്ചയുള്ള സറ്റയര്‍ മാംസപേശികള്‍ പിളര്‍ന്നു് അതു് അങ്ങു് അകത്തുചെന്നിട്ടും അധികാരികള്‍ അറിയാത്തതു് അവരുടെ കാഠിന്യം കൊണ്ടാവാം. വാസവദത്തയുടെ നഗ്നത മറയ്ക്കപ്പെട്ടു. “മഹിളമാര്‍ മറക്കാമാനം” എന്നു കവി. ലൂയി പതിനാറാമന്റെ സഹോദരി ഇലിസബത്തിനെ കഴുത്തുമുറിച്ചു കൊന്നു വിപ്ലവാകാരികള്‍. മരിക്കുന്നതിനുമുന്‍പ് In the name of modesty cover my bosom എന്നു് അവര്‍ ആവശ്യപ്പെട്ടു. വേശ്യക്കും ജനദ്രോഹം ചെയ്തവള്‍ക്കും ഉണ്ടായിരുന്ന മാന്യതയുടെ ബോധം റോഡിലെ കുഴിമൂടാത്തവര്‍ക്കും റോഡരികില്‍ റോളര്‍ ഇടുന്നവര്‍ക്കും ഇല്ലല്ലോ.
* * *

കേരളത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും ഇവിടത്തെ അനീതികള്‍കണ്ടു് “ഈശ്വരാ ഞാന്‍ മരിക്കാറായി” എന്നു സന്തോഷത്തോടെ പറയുന്നദിനം സമാഗതമാകാന്‍ പോകുന്നു.


സാഹിത്യവാരഫലം 1985 12 01

  1. മുണ്ടശ്ശേരിയുടെ ഷഷ്ട്യബ്ദപൂര്‍ത്തി തൃശൂരുവച്ചു് ആഘോഷിക്കുന്ന സന്ദര്‍ഭം. കാലത്തു് ഏഴു മണിക്കു തുടങ്ങിയ സമ്മേളനം രാത്രി പതിനൊന്നുമണിക്കാണു് തീര്‍ന്നതു്. ഉച്ചയ്ക്കു ഇടവേള ഒരുമണിക്കൂര്‍ നേരം. ഇവ ദീര്‍ഘസമയം മുഴുവന്‍ ഒരു സദസ്സുതന്നെയാണു് അതില്‍ പങ്കുകൊണ്ടിരുന്നതു്. ആളുകള്‍ ഇരിപ്പിടങ്ങള്‍പോലും മാറിയില്ല. അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കിയതുമില്ല. ഏകാഗ്രതയോടുകൂടിയുള്ള ഇരിപ്പാണു് ഒരോ വ്യക്തിയുടേതും. ഈ വിധത്തില്‍ ഡിസിപ്ലിന്‍ ഉള്ള ശ്രോതാക്കള്‍ മറ്റു സ്ഥലങ്ങളില്‍ ഉണ്ടായിരിക്കുക പ്രയാസം.
  2. മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ഒരു ദിവസം കാലത്തു് എന്റെ വീട്ടില്‍വന്നു. “ചങ്ങമ്പുഴയെയാണു് ഏറ്റവും ഇഷ്ടം അല്ലേ?” എന്നു് അദ്ദേഹം എന്നോടു ചോദിച്ചു. “അല്ല” എന്നു ഞാന്‍ മറുപടി നല്കി. അക്കാലത്തു് കോളേജില്‍ പഠിച്ചിരുന്ന എന്റെ മകള്‍ ഓട്ടോഗ്രാഫിനു് വേണ്ടി കൊച്ചുപുസ്തകം കവിയുടെ കൈയില്‍ കൊടുത്തു അദ്ദേഹം എഴുതി: “പ്രഭാതം തെല്ലകലെ നിൽക്കുന്നു, വരണമാലയുമായി.” ഇതെഴുതി ഒരു മാസം കഴിഞ്ഞപ്പോള്‍ അവളുടെ വിവാഹം നടന്നു.
  3. കാഞ്ഞിരംകുളത്തു സ്ക്കൂളിലൊരു സമ്മേളനം, പ്രഭാഷകനായിരുന്ന പവനന്‍ പറഞ്ഞു. “വിശന്നുകൊണ്ടു ഞാന്‍ മദ്രാസ് കടപ്പുറത്തു കിടക്കുമ്പോള്‍ പൂര്‍ണ്ണചന്ദ്രന്‍ പ്രകാശിക്കുന്നു. അതൊരു ദോശയായി അടുത്തു വീണെങ്കിലോ എന്നു ഞാന്‍ ആഗ്രഹിച്ചുപോയി”. അദ്ധ്യക്ഷനായിരുന്ന ഡോക്ടര്‍ പി. കെ. നാരായണപിള്ള ഉപസംഹാര പ്രസംഗത്തില്‍: “അങ്ങനെ പലതും തോന്നും. ബീഡി കൈയിലുണ്ടായിരിക്കുകയും അതു കത്തിക്കാന്‍ തീപ്പെട്ടി ഇല്ലാതിരിക്കുകയും ചെയ്താല്‍ ആ ചന്ദ്രന്‍ ഇങ്ങടുത്തുവന്നെങ്കില്‍ ഇതൊന്നു കൊളുത്താമെന്ന പവനന്നു തോന്നും.” സമ്മേളനം കഴിഞ്ഞു. തിരിച്ചു പോരുമ്പോഴും ഡോക്ടര്‍ പി. കെ, പവനന്റെ ആശയങ്ങളെ വിമര്‍ശിച്ചുകൊണ്ടിരുന്നു ഉറക്കെ ചിരിച്ചിട്ടു് പവനന്‍ പറഞ്ഞു: “ഇപ്പോഴും അദ്ധ്യക്ഷനായി തുടരുകയാണു്.”
  4. സാഹിത്യപരിഷത്തിന്റെ സമ്മേളനം. തായാട്ടു ശങ്കരനെ ആദ്യമായികണ്ടു “നല്ല മനുഷ്യന്‍’”എന്നു ഞാന്‍ ഉള്ളില്‍ പറഞ്ഞു. ശ്രോതാക്കളുടെ കൂട്ടത്തില്‍ ഒരാള്‍ ഒറ്റമുണ്ടുടുത്തുകൊണ്ടു് തിടുക്കത്തില്‍ അങ്ങുമിങ്ങും നടക്കുന്നു. ഷര്‍ട്ടില്ല, ബനിയന്‍പോലുമില്ല. ഞാന്‍ ശങ്കരനോടു ചോദിച്ചു: ആരാണദ്ദേഹം?” ശങ്കരന്‍: “അറിയില്ലേ. കവി കെ. കെ. രാജാ.


സാഹിത്യവാരഫലം 1985 12 08

  1. കെ.സി. പീറ്റര്‍ പ്രൊഫസര്‍ എന്ന വിശേഷണം ചേര്‍ക്കുന്നില്ല പീറ്റർക്കു്. (അദ്ദേഹത്തിനു് മലയാളം ഇംഗ്ലീഷ് ഈ ഭാഷകളിലെ എല്ലാ അക്ഷരങ്ങളും അറിയാമെന്നു് എനിക്കറിയാം) കുങ്കുമത്തിലെഴുതുന്ന ‘സ്നേഹം’ എന്ന പംക്തി ഞാന്‍ വായിക്കാറുണ്ടു്. എന്റെ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന ഒന്നും അതിലില്ല. നേരെ മറിച്ചു് റൊളാങ് ബാര്‍തേഷിന്റെ A Lover’s Discourse വായിക്കുമ്പോള്‍ ചിന്താരത്നങ്ങളുടെ കാന്തികണ്ടു് എന്റെ കണ്ണു് അഞ്ചുന്നു. ഒരുദാഹരണം നല്കാം:

    വെര്‍റ്റര്‍ (werther) — സുഖത്തിന്റെയോ നൈരാശ്യത്തിന്റെയോ ചെറുതായ കാമവികാരംപോലും വെര്‍റ്ററെ കരയിപ്പിക്കും. വെര്‍റ്റര്‍ പലപ്പോഴും കരയും. പെരുവെള്ളപ്പാച്ചില്‍പോലെ മിക്കവാറും കരയും. വെര്‍റ്ററിലെ കാമുകനാണോ കരയുന്നതു്? അതോ റൊമാന്‍റിക്കോ? (A Lover’s Discourse, Hill & Wang 1928).

  2. വൈ. എ. റഹിം കുങ്കുമം വാരികയില്‍ വരച്ചു “കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ കോട്ടയ്ക്കലില്‍” എന്ന കാര്‍ട്ടൂണ്‍ — ഇതില്‍ ഹാസ്യമില്ല. മഹാനായ ഒരു കലാകരനെ — ശങ്കറെ — അപമാനിക്കുന്നു. മഹാന്മാരായ കോട്ടയ്ക്കല്‍ വൈദ്യന്മാരെ അപമാനിക്കുന്നു. കരുതിക്കൂട്ടിയുള്ള അപമാനനവും നിന്ദനവുമല്ല ഇതു്. ഭാവനാരാഹിത്യമാണു് ഇതിന്റെ പിറകിലുള്ളതു്. അതുകൊണ്ടു് ക്ഷമിക്കാം — വായനക്കാര്‍ക്കും ശങ്കറിനും ഭിഷഗ്വരന്മാര്‍ക്കും ക്ഷമിക്കാം.
  3. എയ്ഡ്സ് കൊതുകുകടിച്ചും പകരുമത്രേ അതുകേട്ടു് കാര്‍ട്ടൂണിസ്റ്റ് കൃഷ്ണന്റെ സുന്ദരി ‘രക്ഷപ്പെട്ടു’ എന്നു പറയുന്നു. രക്ഷപ്പെട്ടതു നാണക്കേടില്‍ നിന്നാണെന്നു തത്ത്വചിന്തകനായ കഥാപാത്രം. ചീന്തോദ്ദീപകവും ഹാസ്യാത്മകവും ആയ കാര്‍ട്ടൂണ്‍ (കുങ്കുമം).
  4. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ആ ആക്രമണത്തെ നിന്ദിച്ചുകൊണ്ടു് ഇവിടെ കുറെ കാവ്യങ്ങളുണ്ടായി, വഞ്ചനാത്മകവും ക്രൂരമായ ആ ആക്രമണത്തെക്കാള്‍ ജുഗുപ്ലാവഹങ്ങളായിരുന്നു ആ കാവ്യങ്ങള്‍ . തോപ്പില്‍ ഭാസിയുടെ അനന്തരവള്‍ സര്‍പ്പദംശനമേറ്റു മരിച്ചപ്പോള്‍ ആ കുട്ടിയെ കണ്ടിട്ടില്ലാത്ത ഞാന്‍ ദുഃഖിച്ചു. ആ ദുഃഖത്തിനു ശമനമുണ്ടായതു് എന്റെ ഒരഭിവന്ദ്യമിത്രം ജനയുഗം വാരികയുടെ ആദ്യത്തെ പുറത്തു് ഒരു ‘നാൽക്കാലി’ പടച്ചു വച്ചതുകണ്ടപ്പോഴാണു്. ബഞ്ചമിന്‍ മോളോയിസിനെ തൂക്കിക്കൊന്നതിലുള്ള എന്റെ ദുഃഖം ചേപ്പാട്ടു രാജേന്ദ്രന്‍ ജനയുഗം വാരികയിലെഴുതിയ (ലക്കം 48) കാവ്യാഭാസം വായിച്ചതോടെ വളരെ കുറഞ്ഞിരിക്കുന്നു.
  5. പെണ്ണുകാണല്‍ എന്ന ചടങ്ങു ബന്ധുക്കള്‍ നടത്തി. വിവാഹമുറച്ചു. അതു കഴിഞ്ഞു. രണ്ടു സ്ത്രീകള്‍ അവളെ ഉന്തിത്തള്ളി ഒരു മുറിയില്‍ കൊണ്ടാക്കി. അവള്‍ വല്ലാതെ പേടിച്ചു. പക്ഷേ കട്ടിലില്‍ ഇരിക്കുന്നു നവവരന്‍. അയാള്‍ ‘സുറാബി’ എന്നു് അവളെ വിളിച്ചു. ഇതാണു് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരി എഴുതിയ ‘നാളെ അയാള്‍ വരുമോ?’ എന്ന കഥ. ഭാഗ്യംകൊണ്ടു് ഉസ്മാന്‍ മണവറയിലെ പ്രഥമ സന്ദര്‍ശനത്തില്‍ വച്ചു് കഥ അവസാനിപ്പിച്ചു. അവിടെ പിന്നീടു് നടന്നതൊക്കെക്കൂടി അദ്ദേഹം വിവരിക്കാന്‍ ചങ്കൂറ്റം കാണിച്ചിരുന്നങ്കില്‍? അതും നമുക്കു വായിക്കേണ്ടി വന്നേനെ. ഇത്തരം വിഷ്ഫുള്‍ തിങ്കിങ് സാഹിത്യമല്ല.
  6. മുകുന്ദന്‍ ശ്രീരാഗം മാസികയിലെഴുതുന്നു: “കൃഷ്ണന്‍നായരെ ഞാനൊരിക്കലും ഒരു വിമര്‍ശകനായി കണ്ടിരുന്നില്ല ആരും ഇന്നു് അങ്ങനെ അംഗീകരിക്കുമെന്നും കരുതുന്നില്ല” — മുകുന്ദന്‍ എഴുതിയതു് ശരിയാണു്. ഞാന്‍ നിരൂപകനല്ല. ലിറ്ററി ജര്‍ണ്ണലിസ്റ്റ് മാത്രം. ഇക്കാര്യം പല തവണ ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ടു്. അവസാനമായി ഇപ്പോഴും അതു പറയുകയാണു്. തുടര്‍ന്നും മുകുന്ദന്‍ എഴുതുന്നു: “കൃഷ്ണന്‍ നായയുടെ ടൈപ്പ് ജേര്‍ണലിസം എല്ലാ ഭാഷയിലുമുണ്ടു്. സിനിമയിലെ ഒരു ഗോസിപ്പ് കോളം — അത്രയും പ്രസക്തിയേ വാരഫലത്തിനുള്ളു” — ഇതു് അത്ര കണ്ടു ശരിയല്ല ഗോസിപ്പ് എന്നാല്‍ അപവാദം പറച്ചില്‍ എന്നല്ലേ അര്‍ത്ഥമാക്കേണ്ടതു് ഞാനതു് ചെയ്യാറില്ല. പിന്നെ ഈ ടൈപ്പ് ജര്‍ണ്ണലിസം എല്ലായിടത്തുമുണ്ടു് എന്ന മതത്തെക്കുറിച്ചു്: മലയാളനാടു് വാരികയില്‍ ഈ പംക്തി എഴുതിയിരുന്ന കാലത്തു് എസ്.കെ. നായര്‍ ഒരു സാഹിത്യവാരഫലത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടുത്ത ബന്ധുവും പ്രശസ്ത നോവലിസ്റ്റും ആയ നയന്‍താരയ്ക്ക് കൊണ്ടുകൊടുത്തു. “ഇതുപോലെ രസകരവും വിജ്ഞാനപ്രദവുമായ ഒരു കോളം അവര്‍ കണ്ടിട്ടില്ലെന്നു പറഞ്ഞു. അവരുടെ അഭിപ്രായങ്ങൾ എന്നും മലയാള നാട്ടില്‍ പരസ്യപ്പെടുത്തിയിരുന്നു. മുകുന്ദന്‍, താങ്കളുടെ ശകാരം നന്നായി. പക്ഷേ, അതില്‍ പകുതിയേ സത്യമുള്ളൂ. പിന്നെ ഒന്നു കൂടി ചോദിക്കട്ടെ, താങ്കള്‍ ഒരു മാസം മുന്‍പു് എന്റെ വീട്ടില്‍ വന്നല്ലോ. യാത്ര പറഞ്ഞ സമയത്തു് “സാറ് ഞങ്ങളെയൊക്കെ അനുഗ്രഹിക്കണം” എന്നു് അപേക്ഷിച്ചല്ലോ അതു കേട്ട് “ഞാനാരു നിങ്ങളെയൊക്കെ അനുഗ്രഹിക്കാന്‍?” എന്നു ചോദിച്ചില്ലേ? നേരിട്ടു കാണുമ്പോൾ ഒരു വിധം അല്ലാത്തപ്പോൾ മറ്റൊരു വിധം, ഇതു ശരിയോ സുഹൃത്തേ.
    * * *
  7. ജുബയും മുണ്ടും ഒട്ടും ഉടയാതെ വടിപോലെ നിര്‍ത്തിക്കൊണ്ടു് ക്ലാസ്സിലെത്തുന്ന ഒരു ഗുരുനാഥന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേഷം കണ്ടു് ഒരു കൂട്ടുകാരന്‍ പറയും. “സാറ് ആദ്യം മുണ്ടുടുക്കും, ജുബയിടും. പിന്നീടാണു് ഭാര്യ ഇസ്തിരിപ്പെട്ടി ചൂടാക്കി അതു തേച്ചുകൊടുക്കുന്നതു്.” നവീനസാഹിത്യത്തിലെ ആശയങ്ങള്‍ ഗാത്രത്തോടു് ഇണങ്ങിച്ചേരുന്നില്ല. വടിപോലെ നില്ക്കുന്നു.


1986

സാഹിത്യവാരഫലം 1986 01 12

  1. വയറുവേദന സഹിക്കാനാവാതെ ഒരുത്തന്‍ ഡോക്ടര്‍ കല്യാണിക്കുട്ടിയുടെ വീട്ടില്‍ ചെല്ലുന്നു. അവള്‍ പി. എച്ച്. ഡിക്കാരിയാണു്. പിന്നീടു് ഡോക്ടര്‍ ശുഭലക്ഷ്മിയുടെ വീട്ടിലെത്തി. അവള്‍ പാട്ടുകാരിയാണു്. ഡോക്ടര്‍ എബ്രഹാം തോമസിനെ സമീപിച്ചു, അതിനുശേഷം. അയാള്‍ മനഃശാസ്ത്രജ്ഞനത്രേ. ഇതാണു് ബിന്ദു തുറവൂര്‍ കുമാരി വാരികയിലെഴുതിയ ‘പാവം മനുഷ്യന്‍’ എന്ന കഥയുടെ സാരം. അടുത്തകാലത്തു് തിരുവനന്തപുരത്തു സര്‍ക്കസ്സ് വന്നപ്പോള്‍ കാണാന്‍പോയി. ഭയങ്കരനായ ഒരു കരടിയെ സര്‍ക്കസ്സുകാരന്‍ കൊണ്ടുനടന്നു് ആളുകളെ സലാം ചെയ്യിക്കുന്നതു കണ്ടു. കരടിക്കു സദൃശകളായ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ‘സൊസൈറ്റി’യില്‍ കൊണ്ടുനടന്നു് അവര്‍ക്കിഷ്ടമുള്ളവരെ സലാം ചെയ്യിക്കുന്നതു് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ടു്. ബിന്ദു തുറവൂരിനെ സാഹിത്യമെന്ന പെണ്‍കരടി കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ടു് കാലമേറെയായി. അദ്ദേഹം എന്നാണാവോ ആ ബന്ധനം വിടര്‍ത്തുന്നതു്? ‘ദ സൂണര്‍ ദ ബെറ്റര്‍.’
  2. അമേരിക്കയില്‍ വളരെക്കാലം താമസിച്ചിട്ടു നാട്ടില്‍ വരാന്‍ കൊതിക്കുന്ന ചേച്ചി നാട്ടിലെ അനിയത്തിക്കു കത്തെഴുതുന്നു. കത്തില്‍ നാട്ടിലെ സാന്ദര്യം മുഴുവന്‍ വര്‍ണ്ണിക്കുന്നുണ്ടു്. അനുജത്തി അങ്ങോട്ടയച്ച കത്തില്‍ ചേച്ചിയുടെ സങ്കല്പം മുഴുവന്‍ തെറ്റാണെന്നു വിശദമാക്കുന്നു. നാട്ടിലെ കൊള്ളരുതായ്മകള്‍ എല്ലാം എണ്ണിയെണ്ണിപ്പറയുന്നു. അവയുടെ കൂടെ “സര്‍ക്കാര്‍ ഖജനാവു് മോഷ്ടിച്ചു നാലും അഞ്ചും മാളികകള്‍ കയറ്റി മിടുക്കരായ മന്ത്രിമാരെക്കുറിച്ചും പറയുന്നു. ഇതാണു് മനോരാജ്യം വാരികയില്‍ കെ. അരവിന്ദന്‍ എഴുതിയ ‘മാറ്റങ്ങള്‍’ എന്ന ചെറുകഥ. ഇതു കഥയല്ല റിപ്പോര്‍ട്ടാണു്. ഈ രചനയിലെ സംഭവങ്ങളുടെ സത്യാത്മകത ആര്‍ക്കും പരിശോധിക്കാം. ചിലപ്പോള്‍ അതു ശരിയാണെന്നു തെളിയും; മറ്റുചിലപ്പോള്‍ തെറ്റാണെന്നും സാഹിത്യസൃഷ്ടിയിലെ സംഭവങ്ങളെ അങ്ങനെ ദൈനംദിന ജീവിതയാഥാര്‍ത്ഥ്യങ്ങളോടു് തട്ടിച്ചു നോക്കാനാവില്ല. ഭാവനാത്മക സത്യമാണു് സാഹിത്യത്തിലുള്ളതു്. വസ്തു നിഷ്ഠമായ സത്യം റിപ്പോര്‍ട്ടിലും അനിയത്തി ചേച്ചിക്കെഴുതുന്ന കത്തില്‍ കെ. അരവിന്ദന്‍ കഥയെന്ന മട്ടില്‍ റിപ്പോര്‍ട്ട് എഴുതുന്നു എന്നൊരു ദോഷം കൂടി ചേര്‍ക്കേണ്ടിയിരുന്നു. അതും നാട്ടിന്റെ ജീര്‍ണ്ണതയില്‍ പെടുമല്ലോ.
  3. പുലയി എന്നതിന്റെ ബഹുവചനം പുലയാടികള്‍ ആണെന്നു ധരിച്ച ഒരു ചലച്ചിത്രതാരം പീരുമേട്ടില്‍ വച്ചു് അവരെ കാണാനെത്തിയ ഹരിജന യുവതികളെ അമ്മട്ടില്‍ അഭിസംബോധന ചെയ്തപ്പോള്‍ ബഹളമുണ്ടായതിനെ വര്‍ണ്ണിക്കുകയാണു് എന്റെ ഒരു പഴയ സുഹൃത്തും പ്രസിദ്ധനായ അഭിനേതാവുമായ കെ.പി. ഉമ്മര്‍ (ചന്ദ്രിക ആഴ്ചപ്പതിപ്പു്). ആ സ്ത്രീയെക്കുറിച്ചു് അദ്ദേഹം പറയുന്നതിനിടയില്‍ ഇങ്ങനെയും ഒരു വാക്യം. “ആ പടത്തിലെ നായിക അഡ്വാന്‍സായി ഒരു വലിയ തുക കിട്ടിയതുകൊണ്ടോ അതല്ലെങ്കില്‍ കാമുകനുമായി ഫോണില്‍ സംസാരിച്ചതുകൊണ്ടോ എന്താണെന്നു് അറിയല്ല വളരെ ഉല്ലാസവതിയായി കാണപ്പെട്ടു.” സ്വര്‍ണ്ണാഭരണത്തില്‍ രത്നം വച്ചതു പോലെ ചില വാക്യങ്ങള്‍ രചനയില്‍ ചേര്‍ക്കാം. നടക്കുന്ന വഴിയില്‍ വിഷക്കല്ലിടുന്നതു പോലെയും വാക്യങ്ങള്‍ ചേര്‍ക്കാം. അഭിനേത്രിയുടെ കാമുകപ്രീതിയെക്കുറിച്ചു് പറയുന്ന ഉമ്മര്‍ ഒരുകൊച്ചു വിഷക്കല്ലെടുത്തു് വഴിയില്‍ ഇടുകയാണു്. അവര്‍ അതു ചവിട്ടി വേദനിക്കും. കഴിയുമെങ്കില്‍ നമ്മള്‍ വിഷക്കല്ല് ഇടരുതു്.
  4. “ഇതു നാടല്ല, കള്ളപ്പണത്തിന്റെ മലയാണെന്നു തോന്നിപ്പോകും.” ബീരേന്ദ്ര ചതോപാദ്ധ്യായ എഴുതിയ ഒരു കാവ്യത്തിന്റെ തുടക്കമാണിതു് (തര്‍ജ്ജമ കെ. രാധാകൃഷ്ണന്‍ അയിരൂര്‍-ജനയുഗം വാരിക). ബീരേന്ദ്ര ചതോപാദ്ധ്യായയുടെ ശത്രു അദ്ദേഹത്തിന്റെ കവിത തന്നെയാണു്. ആ അംഗന പൂതനയുടെ രൂപമാര്‍ന്നു് അദ്ദേഹത്തോടു് അടുക്കുന്നു. അതോ തര്‍ജ്ജമക്കാരന്‍ അവളെ പൂതനയാക്കിയോ?
  5. ലക്ഷ്മീഭായിക്കു് മൂന്നു കാമുകന്മാര്‍. ആരോടുകൂടിയെങ്കിലും അവള്‍ക്കു ഒളിച്ചോടണം. ഓടുന്നു. ഒരു ‘ത്രില്‍’ അനുഭവിക്കുന്നു അവള്‍. കടവില്‍ ശശി എക്സ്പ്രസ്സ് വാരികയിലെഴുതിയ കഥയാണിതു്. ഒരു വിഷയവും ക്ഷുദ്രമല്ല. വിഷയത്തിന്റെ ആവിഷ്കാരമാണു ചിലപ്പോള്‍ ക്ഷുദ്രമാകുന്നതു്. ക്ഷുദ്രമായ ആവിഷ്കാരത്തിലൂടെ തന്റെ അവിദഗ്ദ്ധത വിളംബരം ചെയ്യുന്നു കടവില്‍ ശശി.
  6. മോപസാങ്ങിന്റെ കഥകളുടെ സ്വഭാവം വിശദീകരിക്കുകയും അദ്ദേഹത്തിന്റെ ചുലില്‍ കെട്ടിവച്ച വിരൂപങ്ങളായ കഥകള്‍ ഏവ എന്നു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു എം.ടി. വാസുദേവന്‍ നായര്‍ (കഥാദ്വൈവാരിക). കവി കവിത ചൊല്ലിയതു കേട്ടു് ശ്രോതാക്കള്‍ കൈയടിക്കുന്നു. കവിക്കു സന്തോഷം. അന്നു് ഏകാന്തത്തില്‍ കവിയുടെ പ്രണയിനി അദ്ദേഹത്തോടു പറയുന്നു. ‘അങ്ങയുടെ കവിത എത്ര സുന്ദരം!’ കരഘോഷം കേട്ടുണ്ടായ ആഹ്ലാദത്തെക്കാള്‍ ആയിരം മടങ്ങു് ആഹ്ലാദം നല്കും അദ്ദേഹത്തിനു് അവളുടെ ആ നാലു വാക്കുകള്‍. ഏകാന്തത്തില്‍ നാലു വാക്കും നാല്പതു വാക്കും നാലായിരം വാക്കും പറഞ്ഞു സഹൃദയനെ രസിപ്പിക്കുന്ന സുന്ദരിയാണു് മോപസാങ്ങിന്റെ കലാംഗന.
* * *

കുട്ടിക്കൃഷ്ണമാരാര്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവരുടെ കൃതികള്‍ വിമര്‍ശിക്കുകയേ അരുതു്” ആ മഹാനുഭാവന്റെ ഉപദേശം സ്വീകരിക്കാതെ ഞാൻ അദ്ദേഹത്തിന്റെ ആത്മാവിനെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.


സാഹിത്യവാരഫലം 1986 03 16

“നേതാക്കന്മാരേ നിങ്ങള്‍ ആത്മഹത്യ ചെയ്യൂ. എന്തുകൊണ്ടെന്നാല്‍ എനിക്കു നിങ്ങളെ കൊല്ലാനുള്ള കഴിവില്ല” — കുഞ്ഞുണ്ണി ട്രയല്‍ വാരികയില്‍.

“ഭൂട്ടാസിങ്ങിന്റെ പ്രസംഗം വായിക്കുന്നതിനെക്കാള്‍ എനിക്കു താല്പര്യം ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയിലെ പ്രകൃതിചികിത്സയെപ്പറ്റി ഈയിടെ വന്ന റിപ്പോര്‍ട്ടാണു്” — എം. പി. നാരായണപിള്ള ട്രയല്‍ വാരികയില്‍.

“ഇന്നത്തെ കവികള്‍ റെഡിമെയ്ഡ് ആരാധകരെയും കൊണ്ടാണു് അരങ്ങേറുന്നതു്” — ഡോക്ടര്‍ ജോര്‍ജ്ജ് ഇരുമ്പയം ദീപിക ദിനപത്രത്തില്‍.

“തമ്പ്രാന്റെ വീട്ടിലെ വേലക്കാരനായ കുട്ടിരാമന്‍ ഒരിക്കല്‍ സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിച്ചു് തമ്പ്രാനെ മുഖം കാണിക്കാന്‍ ചെന്നപ്പോള്‍ അരുളപ്പാടിങ്ങനെയായിരുന്നു. “എടാ കുട്ടിരാമ, നിന്റെ പെണ്ണു രസികത്തി തന്നെ. അവള്‍ ഇവിടെ നില്ക്കട്ടെ. നീ തൊഴുത്തില്‍ നിന്നു് ഒരാടിനെ അഴിച്ചു കൊണ്ടു പൊയ്ക്കോ. നിനക്കതുമതി” — പി. ഗോവിന്ദപ്പിള്ള ട്രയല്‍ വാരികയില്‍.


സാഹിത്യവാരഫലം 1986 05 18

‘പ്രതിപാത്രം ഭാഷണഭേദം’ എന്ന എന്‍. കൃഷ്ണപിള്ളയുടെ വിമര്‍ശനഗ്രന്ഥം തികച്ചും ഉജ്ജ്വലമാണു്. …ഈ ഗ്രന്ഥം കൃഷ്ണപിള്ളസ്സാറിന്റെ ‘മാഗ്നം ഓപസ്’ ആണെന്നുമാത്രം പറഞ്ഞാല്‍ പോരാ. മലയാള നിരൂപണസാഹിത്യത്തിലെ അദ്വിതീയമായ ഗ്രന്ഥമാണതു്. മറ്റു ഭാരതീയ ഭാഷകളിലും ഇതുപോലൊരു കൃതി കാണുമോ എന്നു സംശയം.

താഴെ പേരെഴുതിയിട്ടുള്ള വ്യക്തികള്‍ എന്നോടു പറഞ്ഞു:

ജി. ശങ്കരക്കുറുപ്പു്
ഉത്സവസ്ഥലത്തു് പോകുമ്പോള്‍ ആകസ്മികമായി കിട്ടുന്ന സ്പര്‍ശം അതു ലഭിച്ചയാളിനെ ആഹ്ലാദിപ്പിക്കും. ആ ആഹ്ലാദമാണു് കവിതയും നല്കുന്നതെന്നു് നിങ്ങള്‍ വിചാരിക്കരുതു്.
ചങ്ങമ്പുഴ
കവിതയ്ക്കു “മോറല്‍ അതോറിറ്റി” ഇല്ല. സാന്മാര്‍ഗ്ഗികമായ പ്രഭാവം വന്നാല്‍ കവിത തകരും.
വെണ്ണിക്കുളം
പലപ്പോഴും, പറയാനുള്ളതു് ആദ്യം ഗദ്യത്തിലെഴുതിയിട്ടാണു് ഞാന്‍ പദ്യമാക്കി മാറ്റുന്നതു്.
പി. കുഞ്ഞിരാമന്‍നായര്‍ 
ഞാനയച്ച സ്വകാര്യക്കത്തു് നിങ്ങള്‍…നായര്‍ എന്ന കവിയെ കാണിച്ചില്ലേ? നിങ്ങള്‍ നല്ല മനുഷ്യനാണോ?
ഡോക്ടര്‍ കെ. ഭാസ്കരന്‍നായര്‍ 
കാമവികാരത്തില്‍ ആറാട്ടു നടത്തുന്ന പീറക്കഥകളെക്കുറിച്ചെഴുതി നിങ്ങള്‍ ജീവിതം പാഴാക്കരുതു്. ഭാരതീയ സംസ്കാരത്തെക്കുറിച്ചു് എഴുതൂ.
വള്ളത്തോള്‍ 
നിങ്ങളുടെ കവിതയില്‍ മൗലികതയില്ല. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഹൃദിസ്ഥമാക്കൂ. എന്നിട്ടു് എഴുതാന്‍ ശ്രമിക്കൂ.
പുത്തേഴത്തു രാമന്‍മേനോന്‍ 
സംസ്കൃതപാണ്ഡിത്യം കൂടുതല്‍ കൂടുതല്‍ ആര്‍ജ്ജിക്കുന്തോറും അതാര്‍ജ്ജിക്കുന്നവന്റെ മനസ്സു് സങ്കുചിതമായി വരും.
എ. ബാലകൃഷ്ണപിള്ള
മനുഷ്യനു സര്‍ക്കാരില്ലാതെ സുഖമായി കഴിഞ്ഞു കൂടാന്‍ സാധിക്കും.
വക്കം അബ്ദുള്‍ഖാദര്‍ 
നിങ്ങളെപ്പോലെ ലേഖനങ്ങളെഴുതി ബഹളം ഉണ്ടാക്കിക്കൊണ്ടു നടന്നാലേ ജീവിതമാകുകയുള്ളോ? നിശ്ശബ്ദനായി ജീവിക്കുന്നതും ജീവിതമല്ലേ?
കെ. ബാലകൃഷ്ണന്‍ : എനിക്കെന്റെ ഈ ശിപായിയെ നോവലിസ്റ്റാക്കിയാല്‍ കൊള്ളാമെന്നുണ്ടു്. കഴിയുമോ എനിക്കതിനു്?

ജി. വിവേകാനന്ദനെക്കൊണ്ടു് എനിക്കു ‘കള്ളിച്ചെല്ലമ്മ’ എഴുതിക്കാം. ഒ.എന്‍.വി. കുറുപ്പിനെക്കൊണ്ടു് ‘ദാണ്ടെയൊരു തീമല’ എന്ന കവിതയെഴുതിക്കാം. എന്നാല്‍ ശിപായിയെ നോവലിസ്റ്റാക്കാന്‍ പറ്റില്ല.

വയലാര്‍ രാമവര്‍മ്മ 
നിങ്ങള്‍ മുട്ടത്തു വര്‍ക്കിയെക്കുറിച്ചെഴുതിയതു നന്നായി. എന്നാല്‍ അതുപോലെ എന്നെക്കുറിച്ചെഴുതുമ്പോള്‍ എനിക്കു ഖേദമാണു്.
വയലാര്‍ രാമവര്‍മ്മയുടെ അമ്മ 
നിങ്ങളെ എനിക്കിഷ്ടമില്ല. നിങ്ങള്‍ കുട്ടന്റെ കവിത മോശമാണെന്നു പറയുന്ന ആളല്ലേ?
ഞാന്‍ എന്നോടു്
എല്ലാ അഭിനേതാക്കളും നന്നായി പെരുമാറും. അവര്‍ അഭിനയത്തില്‍ പ്രഗല്ഭരാണല്ലോ.


1987

സാഹിത്യവാരഫലം 1987 03 01

  1. കൊല്ലത്തുനിന്ന് ഞങ്ങള്‍ പി. കേശവദേവ്, കെ. ബാലകൃഷ്ണന്‍, ഞാന്‍ — തിരുവനന്തപുരത്തേക്കു വരികയാണ്. മദ്യനിരോധനം ഉള്ള കാലം. പാരിപ്പള്ളിയില്‍ കാറുനിന്നു. എക്സൈസുകാര്‍‌ പരിശോധിക്കാനെത്തി. മുന്‍ സീറ്റിലിരുന്ന ഞാന്‍ അവരോടു പറഞ്ഞു: “പിറകിലിരിക്കുന്നതു കെ. ബാലകൃഷ്ണനാണ്. കൗമുദി പത്രാധിപര്‍.” എക്സൈസുകാര്‍ വിനയസമ്പന്നരായി പോകാം എന്ന് അറിയിച്ചു. അല്ലെങ്കില്‍ അവര്‍ ഓരോയിഞ്ചും പരിശോധിക്കും. കാറി നീങ്ങിയതേയുള്ളു. കേശവദേവ് കൊല്ലത്തെ സേവിയേഴ്സില്‍ നിന്നു വാങ്ങിച്ച ഒരു കുപ്പി വിസ്കിയെടുത്ത് പുറത്തേക്കു വീശിക്കൊണ്ട് ‘കണ്ടോടാ ഞങ്ങള്‍ കൊണ്ടുപോകുന്നത്’ എന്ന് ഉറക്കെപ്പറഞ്ഞു. വിസില്‍, വീണ്ടും വിസില്‍. വിസിലോടു വിസില്‍. ഞങ്ങളുടെ കാറ് വേഗം കൂട്ടി. ജീപ്പ് ഇല്ലാത്തതുകൊണ്ടാവണം എക്സൈസുകാര്‍ പിറകെ വന്നില്ല. കാറിന്റെ നമ്പര്‍ കുറിച്ചെടുക്കാനും അവര്‍ക്കു കഴിഞ്ഞിരിക്കില്ല. നല്ല ഇരുട്ടായിരുന്നു അപ്പോള്‍.
  2. കൊച്ചി സര്‍വകലാശാലയിലെ ഹിന്ദി ഡിപ്പാര്‍ട്ടുമെന്റില്‍ പ്രഭാഷണത്തിനു പോയിട്ട് എറണാകുളത്തേക്കു തിരിച്ചു വരികയായിരുന്നു ഞാന്‍. ഇടപ്പളളിയിലെത്തിയപ്പോള്‍ ചങ്ങമ്പുഴയുടെ വീട്ടില്‍ കയറിയാലെന്തെന്നു വിചാരം. കയറി. കവിയുടെ സഹധര്‍മ്മിണി മുറ്റത്തെ വാഴയ്ക്കു വെള്ളമൊഴിക്കുകയായിരുന്നു. ഞാന്‍ എന്റെ പേരു പറഞ്ഞു. “സാഹിത്യവാരഫലം എഴുതുന്ന ആളാണോ?” എന്നു ചോദ്യം. ‘അതേ’. “വരു അകത്തു കയറിയിരിക്കൂ”. ഞാന്‍ ഇരുന്നു. ഒരു തൂണില്‍ ചങ്ങമ്പുഴയുടെ വലിയ പടം. അതു നോക്കി ഞാന്‍ പറഞ്ഞു: “മഹാനായ കവിയാണ്. എനിക്കു നേരിട്ടറിയാമായിരുന്നു”. ശ്രീദേവി ചങ്ങമ്പുഴ “എന്തു ചെയ്യാം?” എന്നു പറഞ്ഞിട്ടു തേങ്ങിക്കരഞ്ഞു. മുപ്പത്തിരണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒട്ടും കുറയാത്ത ദുഃഖം. അഭിജാതയാണ് ശ്രീദേവി ചങ്ങമ്പുഴ.
  3. ചെങ്കോട്ടയില്‍ നിന്നു തിരുവനന്തപുരത്തേക്കു തീവണ്ടിയില്‍ വരികയായാരുന്നു ഞാന്‍. അശ്ലീല കഥകള്‍ അടങ്ങിയ ഒരു പുസ്തകം — സാര്‍ത്രിന്റെ ഇന്റിമസി — കുറെ പുറങ്ങള്‍ വായിച്ചിട്ട് ഞാന്‍ താഴെ വച്ചു. ആ പുസ്തകം ആര്‍ത്തിയോടെ നോക്കിക്കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരി ‘ഒന്നു നോക്കട്ടെ’ എന്നു പറഞ്ഞ് അതു കൈയിലെടുത്തു. വായനയും തുടങ്ങി. കണ്ണുകള്‍ തിളങ്ങുന്നു, ചുണ്ടില്‍ പുഞ്ചിരി പരക്കുന്നു. വായന തന്നെ വായന. തമ്പാനൂരെത്തിയപ്പോള്‍ വായിച്ചു തീര്‍ക്കാത്ത പുസ്തകം തിരിച്ചു നീട്ടി എന്റെ നേര്‍ക്ക്. ‘വേണ്ട കൊണ്ടു പൊയ്ക്കൊള്ളു’ എന്നു ഞാന്‍. ‘അയ്യോ വേണ്ട’ എന്നു യുവതി. “എനിക്കു വായിക്കണമെന്നില്ല. എടുത്തു കൊള്ളു” എന്നു പറഞ്ഞിട്ടു മറുപടി ഉണ്ടാകുന്നതിനു മുന്‍പ് ഞാന്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി. തെല്ലുദൂരം നടന്നിട്ടു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ചെറുപ്പക്കാരി ആഹ്ലാദവിവശയായി പുസ്തകത്തിന്റെ പുറം ചട്ട നോക്കിക്കൊണ്ടു നില്‍ക്കുന്നതു കണ്ടു. അശ്ലീലം ആണുങ്ങളെക്കാള്‍ ഇഷ്ടപ്പെടുന്നത് പെണ്ണുങ്ങളാണ്. എന്റെ വായനക്കാരികള്‍ പ്രതിഷേധിക്കരുതേ.

സാഹിത്യവാരഫലം 1987 03 08

സാഹിത്യക്ഷേത്രത്തിന്റെ അടഞ്ഞ വാതിലില്‍ തട്ടു കേള്‍ക്കുന്നു. നോക്, നോക്.

പൂജാരിയുടെ ചോദ്യം
ആരത്?
ഉത്തരം
ഞാന്‍ തന്നെ. എടത്വാ പരമേശ്വരന്‍.
ചോദ്യം
എന്തുവേണം നിങ്ങള്‍ക്ക്?
ഉത്തരം
കുങ്കുമം വാരികയില്‍ ‘വേഴാമ്പല്‍’ എന്ന കഥ ഞാന്‍ എഴുതിയിട്ടുണ്ട്. എനിക്കും ക്ഷേത്രത്തിനകത്തു കടക്കണം.
പൂജാരി
ആ സാഹിത്യം ഞാന്‍ കണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു കാലത്തും ഇവിടെ പ്രവേശനമില്ല. ഭര്‍ത്താവിനും ഭാര്യയ്ക്കും ജോലി രണ്ടു സ്ഥലങ്ങളില്‍. അവരുടെ രണ്ടു ആണ്‍ മക്കള്‍ വേറൊരിടത്ത്. കുഞ്ഞുങ്ങളെക്കുറിച്ചു ദുസ്സ്വപ്നമുണ്ടാകുന്നു അമ്മയ്ക്ക്. ഇതല്ലേ നിങ്ങളുടെ കഥ. ആശാരി മരക്കഷണങ്ങള്‍ ചേര്‍ത്തു വയ്ക്കുന്നതു പോലെ പദങ്ങള്‍ യോജിപ്പിക്കുകയല്ലാതെ നിങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ അക്കഥയില്‍. നിങ്ങള്‍ക്കു ജീവിത വീക്ഷണമുണ്ടോ? കഥ പറയാനുള്ള പാടവമുണ്ടോ? ആകര്‍ഷകത്വമുള്ള ഒരു രംഗം ചിത്രീകരിക്കാനറിയുമോ? ഏതു കോടാലികൊണ്ടു വെട്ടിയാലും വെട്ടേല്ക്കാത്ത ഒരു വിറകു മുട്ടിയല്ലേ നിങ്ങളുടെ കഥ. അതുംകൊണ്ട് ഈ പാവന ദേവാലയത്തില്‍ കടക്കാനാണോ ഭാവം?
കഥാകാരന്‍
എങ്കിലും!
പൂജാരി
ഒരെങ്കിലുമില്ല. സത്യം ഒന്നേയുള്ളു. അതാണ് ജീവിതം. ടെക്നിക് ഒന്നേയുള്ളു. അതാണ് ആവിഷ്കരണമാര്‍ഗ്ഗം. രണ്ടിലും നിങ്ങള്‍ അവിദഗ്ദധനാണ്.
* * *

“സൂക്ഷ്മമായ പഠനത്തിനു സൂക്ഷ്മമായ ഭാഷ വേണം” — ഗര്‍ദ്യേവ്.


സാഹിത്യവാരഫലം 1997 12 26

  1. സ്ഥലം ചിറ്റൂർ. വർഷം 1969 അല്ലെങ്കിൽ 1970. പി. കുഞ്ഞിരാമൻ നായരുടെ ഒരു കാവ്യം കോളേജ് ക്ലാസ്സിൽ പഠിപ്പിച്ചിട്ടു ഞാൻ വീട്ടിലേക്കു പോരാൻ റോഡിൽ എത്തി. അദ്ഭുതാവഹം. സാക്ഷാൽ കവി കുഞ്ഞിരാമൻ നായർ റോഡിൽ നിൽക്കുന്നു. എന്നെക്കണ്ടയുടനെ അദ്ദേഹം ചോദിച്ചു. “ചങ്ങമ്പുഴയെയാണ് ഏറെയിഷ്ടം അല്ലേ?” ഞാൻ ആ ചോദ്യത്തിന് ഉത്തരം പറയാതെ അദ്ദേഹത്തെ അറിയിച്ചു. “ഞാൻ അങ്ങയുടെ ഒരു കവിത പഠിപ്പിച്ചിട്ടു വരികയാണ്” കവി അതു കേട്ടെന്നു ഭാവിക്കാതെ പറഞ്ഞു: “അല്ല ചില വിദ്യാർത്ഥികൾ എന്നോടു പറഞ്ഞു നിങ്ങൾക്കു ചങ്ങമ്പുഴക്കവിതയാണിഷ്ടമെന്നെ്.” ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. അന്നത്തെ അദ്ദേഹത്തിന്റെ രൂപം ഇപ്പോഴും എന്റെ മനസ്സിന്റെ ദർപ്പണത്തിൽ പ്രതിഫലിച്ചുകൊണ്ടിരുന്നു.
  2. പി.കെ. വിക്രമൻ നായർ സസ്‌പെൻഷനിൽ കഴിയുന്ന കാലം. അദ്ദേഹം എക്സിക്യൂട്ടീവ് എഞ്ചിനിയറായിരുന്നു. ശബരിമലയിൽ ഏതോ ജോലിക്കു പൈപ്പ് വാങ്ങിയതു രണ്ടാം തരം പൈപ്പായിപ്പോയി എന്നതിന്റെ പേരിൽ സസ്‌പെൻഷൻ ഉണ്ടായി. ഒരു ദിവസം വൈകുന്നേരം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നു. പ്രസിദ്ധനായ ആ അഭിനേതാവിന്റെ വീട്ടിൽ ആരാധകരുടെ ബഹളം. ഞാൻ വിക്രമൻ നായരോടു ചോദിച്ചു: “ചേട്ടന്റെ പേരിൽ ഒരു കുറ്റവുമില്ലെന്നു ചീഫ് എഞ്ചിനീയർ എഴുതിയല്ലോ. പിന്നെ എന്താണ് റീയിൻസ്‌റ്റേറ്റ് ചെയ്യാൻ ഈ താമസം” വിക്രമൻ നായർ മറുപടി പറഞ്ഞു: “മന്ത്രി പി.ടി. ചാക്കോ എന്നെസ്സംബന്ധിച്ച ഫയലിൽ, He cannot be reinstated because he is a fellow traveller of the Communist Party. He writes for the Janayugam weekly regularly, എന്നെഴുതിയിരിക്കുന്നു. ജനയുഗം വാരികയിൽ എഴുതിയാൽ കമ്മ്യുണിസ്റ്റാകുമോ? പിന്നീട് ആരോ ഇടപെട്ടു വിക്രമൻ നായരുടെ സസ്‌പെൻഷൻ റദ്ദാക്കി.
  3. കോളേജിൽ ജോലിയുള്ളവരും സാഹിത്യത്തിൽ താല്‌പര്യമുള്ളവരുമായ കുറേപ്പേരെ പി. കേശവദേവ് ശംബള പണ്ഡിതന്മാർ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്ന കാലം അക്കാലത്ത് മയ്യനാട്ടു വച്ച് ഒരു സാഹിത്യ സമ്മേളനം കൂടി. എൻ. കൃഷ്ണപിള്ള, പി. കേശവദേവ്, കെ. ബാലകൃഷ്ണൻ എന്നിവർ പ്രഭാഷകർ. അവരുടെ കൂടെ ഞാനുമുണ്ടായിരുന്നു. “ആരോഗ്യനികേതന”മെന്ന ബംഗാളി നോവൽ പോലെ ഒരു നോവൽ മലയാളത്തിൽ ഇല്ല എന്ന സത്യം കൃഷ്ണപിള്ള പറഞ്ഞു. സാഹിത്യകാരന്മാർ ഒന്നും വായിക്കാത്തവരാണെന്നു കൂടി അദ്ദേഹം പ്രസ്താവിച്ചു. രണ്ടും ദേവിനെ ചൊടിപ്പിച്ചു. വായിക്കാത്തതിനു കാരണവും കൃഷ്ണപിള്ള വ്യക്തമാക്കി. വെള്ളായണി പരമു വിവാഹങ്ങൾക്കു ക്ഷണിച്ചാൽ പോവുകയില്ലായിരുന്നു. കാരണമന്വേഷിച്ചപ്പോൾ പരമു പറഞ്ഞു:“ഞാൻ തിരിച്ചു പോരുമ്പോൾ വല്ല ചരുവമോ മൊന്തയോ കിണ്ടിയോ ഞാനറിയാതെ തന്നെ എന്റെ കക്ഷത്ത് ഇരുന്നുവെന്നു വരും” ആ പേടിയാണ് മലയാളത്തിലെ എഴുത്തുകാർക്ക് എന്ന് കൃഷ്ണപിള്ള പറഞ്ഞപ്പോൾ ദേവ് പ്ലാറ്റ് ഫോമിലിരുന്ന് നിറുത്തെടാ തന്റെ പ്രസംഗം. ശംബളപ്പണ്ഡിതാ നിറുത്ത് എന്ന് ആക്രോശിച്ചു. കൃഷ്ണപിള്ള ക്ഷോഭിച്ചില്ല. പ്രസംഗം നിറുത്തിയതുമില്ല. കേശവദേവ് കൂടുതൽ അക്രമാസക്തനായപ്പോൾ ശ്രോതാക്കൾ ഇടപെട്ടു. അവരിൽപ്പലരും കേശവദേവിനോടു മര്യാദ പാലിക്കാൻ രൂക്ഷസ്വരത്തിൽ ആവശ്യപ്പെട്ടു. അടിയുണ്ടാകുമെന്നു കരുതി ഞാൻ വേദിയിൽ നിന്നിറങ്ങിയോടി. കെ. ബാലകൃഷ്ണന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്ന് ഇരുന്നു. അവിടെയുണ്ടായിരുന്നു സി. കേശവൻ. കാറ്റിൽപ്പെടാദീപമെന്ന പോലെ ആ മഹാൻ പ്രശാന്തനായി ഇരിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നു. എന്റെ അസ്വസ്ഥത ആ മഹാന്റെ സാന്നിദ്ധ്യം കൊണ്ട് ഇല്ലാതെയായി.
  4. ധിഷണയ്ക്ക് ആഹ്ലാദവും സംതൃപ്തിയും നൽകാൻ വിയറ്റ്നാമിലെ സെന്മാസ്റ്റർ (Thich Nhat Hanh) എഴുതിയ ഗ്രന്ഥങ്ങൾക്കു കഴിയും. (പാരീസിലാണ് അദ്ദേഹം താമസിക്കുന്നത്.) ഒരു ഗ്രന്ഥത്തിൽ ഈ മഹാൻ പറയുന്നു:“എച്ചിൽക്കൂമ്പാരം വല്ലാത്ത നാറ്റമുണ്ടാക്കും. വിശേഷിച്ചും അഴുകുന്ന വസ്തുക്കൾ. എന്നാൽ പൂന്തോട്ടത്തിനു പ്രയോജപ്പെടുന്ന കൂട്ടുവളവുമാകുമത്. പരിമളമർന്ന പനിനീർപ്പൂവും നാറുന്ന എച്ചിൽക്കൂമ്പാരവും ഒരേ അസ്തിത്വത്തിന്റെ രണ്ടു വശങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്നിനു നിലനില്പില്ല. എല്ലാം പരിവർത്തനത്തിനു വിധേയങ്ങൾ. ആറു ദിവസം കഴിഞ്ഞു വാടുന്ന പനിനീർപ്പൂ എച്ചിലിന്റെ ഭാഗമാകും. ആറു മാസം കഴിയുമ്പോൾ ആ ഉച്ഛിഷ്ടക്കൂമ്പാരം പനിനീർപ്പൂവായി മാറും”
  5. പ്രോ വൈസ് ചാൻസലറായിരുന്ന പി. ആർ. പരമേശ്വരപ്പണിക്കരോടൊരുമിച്ച് ഞാൻ പല മീറ്റിങ്ങുകൾക്കും പോയിട്ടുണ്ട്. ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞു: സായ്പ് അതു പറഞ്ഞിട്ടുണ്ട് ഇതു പറഞ്ഞിട്ടുണ്ട് എന്നു പറയുന്നതിനെക്കാൾ നല്ലതു നിങ്ങളുടേതായ വിചാരങ്ങൾ പ്രകാശിപ്പിക്കുന്നതാണ്. അവയ്ക്കു പ്രൗഢത ഇല്ലെങ്കിലും സായ്പ്പിന്റെ വിചാരങ്ങൾക്കു പ്രൗഢത ഉണ്ടെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാനാണ് എനിക്കു കൗതുകം.
  6. ഡിസംബർ ഒൻപതാം തീയതി അന്തരിച്ച വലിയ സാഹിത്യകാരനായ ശിവരാമകാരന്തിനെ ഞാൻ കണ്ടിട്ടുണ്ട്. കുറച്ചുനേരം സംസാരിച്ചിട്ടുണ്ട്. ഡൽഹി എയർപോർട്ടിലെ ബഞ്ചിൽ അദ്ദേഹം ഒറ്റയ്ക്കിരിക്കുകയായിരുന്നു. ഞാൻ അടുത്തുചെന്ന് എന്നെ പരിചയപ്പെടുത്തി. ആ മഹാവ്യക്തിയുടെ അടുത്തിരിക്കാൻ എനിക്കു ധൈര്യമുണ്ടായില്ല. പക്ഷേ പുഞ്ചിരി പൊഴിച്ചുകൊണ്ട് അദ്ദേഹം ബഞ്ചിൽ കൈ കൊണ്ടു തട്ടി ‘ഇവിടിരിക്കു’ എന്ന് ഇംഗ്ലീഷിൽ പറഞ്ഞു. ഞാൻ ഇരുന്നു. കുറച്ചുനേരം സാഹിത്യത്തെക്കുറിച്ചു സംസാരിച്ചു. യാത്ര പറഞ്ഞ് ഞാൻ വിമാനത്തിൽ കയറാൻ പോകുകയും ചെയ്തു. ദൂരെച്ചെന്നു തിരിഞ്ഞു നോക്കി. അദ്ദേഹം അനങ്ങാതിരിക്കുകയാണ്. മഹാപുരുഷനാണ് ശിവരാമകാരന്ത് എന്ന് എനിക്കു തോന്നി.
  7. യാസുനാരി കാവാബാത്താ (1899–1972, നോബൽ സമ്മാനം 1970). യൂക്കിയോ മീഷീമ (Yukio Mishima, 1925–1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886–1965), കെൻസാബൂറാ ഓവേ (Kenzaburo Oe ജനനം 1935. നോബൽ സമ്മാനം 1994) ഈ ജാപ്പനീസ് നോവലിസ്റ്റുകൾക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവൽ ഞാൻ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാൻ ഒന്നുരണ്ടു വാക്യങ്ങൾ എടുത്തെഴുതാം:
    “Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.
    Even among young, beautiful fat women, there are distinction to be made. Fleshed out one way, they’ll leave you lost, trivial, confused.
    In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.”

    മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേർൺ തരിശുഭൂമിയായി ജപ്പാനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗ സ്പർശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകൻ. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവൽ വാങ്ങാൻ.