Difference between revisions of "സാഹിത്യവാരഫലം 1985 05 19"
(→റ്റി. വി) |
|||
| Line 65: | Line 65: | ||
==റ്റി. വി== | ==റ്റി. വി== | ||
| − | വടക്കൊരു കോളേജിലെ ഈക്കനോമിക്സ് ഡിപ്പാർട്ട്മെന്റിൽ നിന്നു് ഒരു പെൺകുട്ടി ഇറങ്ങി വരാന്തയിലേക്കു പോന്നപ്പോൾ പ്രൊഫസ്രുടെ കവിളിൽ ഒരു സിന്ദൂരപ്പൊട്ട്. (സത്യം) എന്റെകൂടെ താമസിച്ചിരുന്ന ഒരു ഗണിതശാസ്ത്ര വിദ്യാർത്ഥി എന്റെ മേശയുടെ പുറത്തുവച്ചിരുന്ന ഡിജോൺസ് കോഡ്ലിവർ ഓയിൽ കൈയിലൊഴിച്ചു് തലയിലും മുഖത്തും തേച്ചുകൊണ്ടു് കുളിക്കാനായി പോയി. അയാളുടെ മേശയുടെ പുറത്തു് കുപ്പിയിൽ നീലിഭൃംഗാദി എണ്ണ ഉണ്ടായിരുന്നു.(സത്യം) കാമുകിയെ ആർത്തിയോടെ ഇരുട്ടത്തു ചുംബിക്കുമ്പോൾ അവളിടെ ജലദോഷമാർന്ന മൂക്കു് കാമുകന്റെ വായ്ക്കകത്തു് ആയിപ്പോകും. (നൂറു ശതമാനവും സത്യമാകുന്ന സങ്കൽപം) ഉറങ്ങിക്കിടക്കുമ്പോൾ ടെലഫോൺ ബല്ല് കേട്ടാൽ ചാടിയെഴുന്നേറ്റ് സംസാരിക്കനുള്ള ഭാഗം കാതിൽ വയ്ക്കും. (എന്റെ സത്യാത്മകമായ അനുഭവം.) ഇതൊക്കെ പ്രമാദങ്ങൾ. എന്നാൽ ഒരിക്കലും പ്രമാദം സംഭവിക്കാത്ത ഒരു കാര്യം പറയാം. നമ്മൾ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുന്നു. പെട്ടെന്നു് കറന്റൂ പോയി. ഇരുട്ടത്തു കൈ ഓഫ് സ്വിച്ചിലേക്കുതന്നെ പോകും. തെറ്റ് പറ്റുകയേയില്ല. നമ്മെ പീഡിപ്പിക്കുന്ന | + | വടക്കൊരു കോളേജിലെ ഈക്കനോമിക്സ് ഡിപ്പാർട്ട്മെന്റിൽ നിന്നു് ഒരു പെൺകുട്ടി ഇറങ്ങി വരാന്തയിലേക്കു പോന്നപ്പോൾ പ്രൊഫസ്രുടെ കവിളിൽ ഒരു സിന്ദൂരപ്പൊട്ട്. (സത്യം) എന്റെകൂടെ താമസിച്ചിരുന്ന ഒരു ഗണിതശാസ്ത്ര വിദ്യാർത്ഥി എന്റെ മേശയുടെ പുറത്തുവച്ചിരുന്ന ഡിജോൺസ് കോഡ്ലിവർ ഓയിൽ കൈയിലൊഴിച്ചു് തലയിലും മുഖത്തും തേച്ചുകൊണ്ടു് കുളിക്കാനായി പോയി. അയാളുടെ മേശയുടെ പുറത്തു് കുപ്പിയിൽ നീലിഭൃംഗാദി എണ്ണ ഉണ്ടായിരുന്നു. (സത്യം) കാമുകിയെ ആർത്തിയോടെ ഇരുട്ടത്തു ചുംബിക്കുമ്പോൾ അവളിടെ ജലദോഷമാർന്ന മൂക്കു് കാമുകന്റെ വായ്ക്കകത്തു് ആയിപ്പോകും. (നൂറു ശതമാനവും സത്യമാകുന്ന സങ്കൽപം) ഉറങ്ങിക്കിടക്കുമ്പോൾ ടെലഫോൺ ബല്ല് കേട്ടാൽ ചാടിയെഴുന്നേറ്റ് സംസാരിക്കനുള്ള ഭാഗം കാതിൽ വയ്ക്കും. (എന്റെ സത്യാത്മകമായ അനുഭവം.) ഇതൊക്കെ പ്രമാദങ്ങൾ. എന്നാൽ ഒരിക്കലും പ്രമാദം സംഭവിക്കാത്ത ഒരു കാര്യം പറയാം. നമ്മൾ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുന്നു. പെട്ടെന്നു് കറന്റൂ പോയി. ഇരുട്ടത്തു കൈ ഓഫ് സ്വിച്ചിലേക്കുതന്നെ പോകും. തെറ്റ് പറ്റുകയേയില്ല. നമ്മെ പീഡിപ്പിക്കുന്ന |
ഉപകരണത്തിന്റെ ഓഫ് സ്വിച്ച് മാറിപ്പോകുന്നതെങ്ങനെ? | ഉപകരണത്തിന്റെ ഓഫ് സ്വിച്ച് മാറിപ്പോകുന്നതെങ്ങനെ? | ||
Revision as of 12:21, 16 September 2014
| സാഹിത്യവാരഫലം | |
|---|---|
![]() എം കൃഷ്ണന്‍ നായര്‍ | |
| പ്രസിദ്ധീകരണം | കലാകൗമുദി |
| തിയതി | 1985 05 19 |
| ലക്കം | 505 |
| മുൻലക്കം | 1985 05 12 |
| പിൻലക്കം | 1985 05 26 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
കാറൽ മാർക്സിന്റെ ഏതു പ്രബന്ധവും വായിക്കാൻ രസമാണു്. വിശേഷിച്ചും അദ്ദേഹത്തിന്റെ The Eighteenth Brumaire of Loius Bonaparte എന്ന പ്രബന്ധം. ഫ്രഞ്ച് വിപ്ലവപ്പഞ്ചാംഗമനുസരിച്ചു രണ്ടാമത്തെ മാസമാണു ബ്രൂമർ.[1]
ലോകചരിത്രത്തിലെ എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും മഹാവ്യക്തികളും രണ്ടു തവണയുണ്ടാകുന്നു എന്നു ഹേഗൽ എവിടെയോ പറഞ്ഞതു എടുത്തെഴുതിക്കൊണ്ടാണു മാർക്സ് ആ പ്രബന്ധം ആരംഭിക്കുന്നതു്. ആദ്യത്തേതു ‘ട്രജഡി’ രണ്ടാമത്തേതു ‘ഫാഴ്സ്’ എന്നുകൂടെ ചേർക്കാൻ ഹേഗൽ മറന്നുപോയിയെന്നു മാർക്സ് പരിഹാസപൂർവ്വം പറയുന്നു. റൊബസ്പ്യേർ എന്ന വിപ്ലവകാരിക്കു ശേഷം ലൂയിബ്ലാങ്. 1793-ലെ വിപ്ലവത്തിനുശേഷം 1848-ലെ വിപ്ലവം. നെപ്പോളിയനുശേഷം അദ്ദേഹത്തിന്റെ അനന്തരവനായ ലൂയിബോണപ്പാർട്ട്. ട്രാജഡി എന്നു മാർക്സ് പറയുന്നതു വ്യക്തിയുടെയും സംഭവത്തിന്റെയും ഉദാത്ത സ്വഭാവം സൂചിപ്പിക്കാനാണു്. മാർക്സ് നൽകിയ ഉദാഹരണങ്ങളിൽ രണ്ടാമത്തേതു എപ്പോഴും ഫാഴ്സാണു അല്ലെങ്കിൽ പരിഹാസ ചിത്രമാണു്. മാർക്സിന്റെ ഈ മതം കടം വാങ്ങിപ്പറഞ്ഞാൽ വള്ളത്തോൾ ട്രാജഡിയും വെണ്ണീക്കുളം ഫാഴ്സുമാണു്. ചങ്ങമ്പുഴ ട്രാജഡി; അദ്ദേഹത്തിന്റെ അനുകർത്താക്കൾ പരിഹാസ ചിത്രങ്ങൾ.
മൗലികതയേയും ഹാസ്യാനുകരണത്തേയും ഇങ്ങെനെ അവതരിപ്പിക്കുന്നതിനിടയിൽ മാർക്സ് ഭാഷയെക്കുറിച്ചും പറയുന്നുണ്ടു്. നമ്മൾ ഒരു പുതിയ ഭാഷ പഠിക്കുകയാണെന്നു വിചാരിക്കു. ഓരോ വാക്കു പഠിക്കുമ്പോഴും നമ്മൾ മാതൃഭാഷയിലേക്കു അതിനെ രൂപാന്തരീകരണം ചെയ്യും (re-translate). ഒടുവിൽ സ്വന്തം ഭാഷയുടെ ചൈതന്യം സ്വായത്തമാകുമ്പോൾ റീ ട്രാൻസലേയ്ഷൻ വേണ്ടെന്നാകും. മാതൃഭാഷയെ അപ്പോൾ മറക്കുകയും ചെയ്യും. കാവ്യ ജീവിതം ആരംഭിച്ച കാലത്തു വള്ളത്തോൾ വെണ്മണിക്കവിതയിലേക്കു എന്തും രൂപാന്തരീകരണം നടത്തിയിരുന്നു. ചൈതന്യം സ്വായത്തമായ കാലയളവിൽ അദ്ദേഹം മഗ്ദലന മറിയം രചിച്ചു. വെണ്മണിക്കവിതയെ മറന്നു. ജി. ശങ്കരക്കുറുപ്പു ആദ്യ കാലയളവിൽ ‘റീട്രാൻസലേയ്ഷൻ നടത്തിയതു വള്ളത്തോൾക്കവിതയിലേക്കായിരുന്നു. സാഹിത്യകൗതുകം നാലുഭാഗങ്ങളും ആ പ്രക്രിയയ്ക്കു ഉദാഹരണങ്ങൾ. ‘വിശ്വദർശനം’ രചിച്ച കവിക്കു രൂപന്തരീകരണം വേണ്ട. അവിടെ അദ്ദേഹം ഭാഷയുടെ ചൈതന്യം സ്വായത്തമാക്കിക്കഴിഞ്ഞു.
ഈ പുനരവതരണം — re-translation — കഥാകാരന്മാർ നടത്തുന്നുവെന്നു സംശയമുണ്ടാകുമ്പോൾ എനിക്ക് വല്ലാത്ത വൈഷമ്യമാണു്. രണ്ടു കാരണങ്ങളാലാണു് ആ വൈഷമ്യമുണ്ടാകുന്നതു്. ‘ഇക്കഥ പരകീയം’ എന്നു ഞാൻ ഉറപ്പിച്ചു പറയുമ്പോൾ അതു അസത്യമാണെങ്കിൽ രചയിതാവിനെ വേദനിപ്പിക്കുമല്ലോ എന്നതു ഒരു കാരണം. സത്യമാണു എന്റെ പ്രസ്താവമെങ്കിലും കഥാകാരനു വേദന തോന്നും. അങ്ങനെ വേദനിപ്പിക്കുന്നതു എനിക്കിഷ്ടമല്ല എന്നതു മറ്റൊരു കാരണം. എന്നാലും തോന്നുന്നതു തുറന്നു പറയാൻ ഞാൻ നിർബ്ബന്ധനാണു്. അതുകൊണ്ടു പറയട്ടെ. എൻ.പി. ഹാഫീസ് മുഹമ്മദ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ചുവന്ന പൂവ്’ എന്ന കഥയ്ക്കു റഷ്യൻ സാഹിത്യകാരൻ ഗാർഷിന്റെ Red Flower എന്ന കഥയോടു സാദൃശ്യമുണ്ടു്. ഹാഫീസ് മുഹമ്മദിന്റെ കഥയിൽ മുഹമ്മദ് എന്നൊരാൾ ഒരാശുപതിയിൽ വരുന്നതായി വർണ്ണിക്കുന്നു. ഒരുകാലത്ത് അയാളുടെ കാമുകിയായിരുന്ന വിജയമാണു അവിടത്തെ പ്രധാനപ്പെട്ട ഡോക്ടർ. ഹ്രദയത്തിൽ ശസ്ത്രക്രിയ നടത്തുന്നവളാണു വിജയം. പക്ഷേ അവിടെ കിടക്കുന്നവരിൽ ചിലർക്കു ഹൃദയമില്ല. ഹൃദയമില്ലാത്തവരെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കിയിട്ട് എന്തു നേടാൻ? മറ്റു പലരും മരിക്കാനുള്ളവർ. അവരേടു ആ രഹസ്യം പറയുന്നില്ല ഡോക്ടർ. അവർ മുഹമ്മദിനെ മേശമേൽ കിടത്തി ശസ്ത്രക്രിയ നടത്തുന്നു. ഓപ്പറേഷൻ കഴിഞ്ഞു വാരിയെല്ലുകളുടെ താഴെ നിന്നു ഉയർത്തിയെടുക്കുന്നതു ഒരു ചുവന്ന പനിനീർപ്പൂവ്.
ഗാർഷിന്റെ ആത്മകഥാപരമായ ‘ചുവന്ന പൂവ്’ എന്ന കഥയിൽ ഒരു ഭ്രാന്തനെ ഒരു ഭ്രാന്താലയത്തിൽ കൊണ്ടു വരുന്നതായിട്ടാണു വർണ്ണന. അവിടെ അനേകം ഭ്രാന്തന്മാർ. വന്നെത്തിയ ഭ്രാന്തൻ വിചാരിക്കുന്നു ആ കെട്ടിടത്തിന്റെ പിറകുവശത്തു വിടർന്നു നിൽക്കുന്ന ചുവന്ന പൂക്കളിലാണു ലോകത്തിന്റെ തിന്മ മുഴുവൻ ഇരിക്കുന്നതെന്ന്. അയാൾ ആ പൂക്കൾ ആരും കാണാതെ പറിച്ചെടുത്തു ഉടുപ്പിനകത്തു ഹൃദയത്തോടു ചേർത്തുവയ്ക്കുന്നു. താൻ അതുകൊണ്ടു മരിക്കുമെന്നു അയാൾക്കറിയാം. എങ്കിലും ലോകം തിന്മയിൽ നിന്നു മോചനം നേടുമല്ലോ എന്നാണു ഭ്രാന്തന്റെ വിചാരം. കഥയുടെ അവസാനമിങ്ങനെ: “അവർ അയാളെ സ്ട്രെച്ചറിൽ വച്ചിട്ട് മുറുക്കിവച്ച അയാളുടെ കൈ വിടർത്തി ചുവന്ന പൂവ് എടുക്കാൻ ശ്രമിച്ചു. പക്ഷേ, മരണം കൊണ്ടു ആ കൈ മുറുകിവലിഞ്ഞു പോയി. അയാൾ ആ വിജയ ചിഹ്നം ശവക്കുഴിയിലേക്കു തന്നെ കൊണ്ടുപോയി.” തിന്മയുടെ നേർക്കുള്ള ഗാർഷിന്റെ മനോഭാവം ഇവിടെ പ്രകടമാണ്. ഹാഫീസ് മുഹമ്മദിന്റെ കഥയിലെ പ്രമേയം വിഭിന്നമാണ്. ഗാർഷിന്റെ ചുവന്ന പൂവ് തിന്മയുടെ പ്രതീകമാണെങ്കിൽ ഹാഫീസ് മുഹമ്മദിന്റെ ചുവന്ന പൂവ് സ്നേഹത്തിന്റെ പ്രതിരൂപമാണ്. പക്ഷേ മറ്റ് അംശങ്ങളിൽ അവ വിഭിന്നങ്ങളാണെന്ന് എഴുതാൻ എനിക്ക് ധൈര്യം പോരാ. അന്തരീക്ഷസൃഷ്ടിയിൽ, ആഖ്യാനരീതിയിൽ, കഥയുടെ പേരുകളിൽ ഒക്കെ സാദൃശ്യം. റഷ്യൻ കഥകളിൽ ചുവന്ന പൂക്കൾ പോപ്പിച്ചെടികളിൽ വിടർന്നു നിൽക്കുന്നു. മലയാള കഥകളിൽ ചുവന്ന പനിനീർപ്പൂവിന്റെ ചിത്രം ചുവരിൽ. “മുഖം മൂടി, ശരീരം മൂടി, അനസ്തേഷ്യ കൊടുത്തു. വാരിയെല്ലുകൾക്കിടയിൽ അടയാളം വരച്ചു. സമയമേറെക്കഴിഞ്ഞിട്ടും അവർ മയക്കത്തിലേക്കു വീഴുന്നില്ല. മരുന്നു കുത്തിവച്ചു. ബോധം വിടുന്നില്ല. കുഴഞ്ഞ ശരീരത്തിൽ വീണ്ടും മയക്കുമരുന്നു കുത്തിക്കേറ്റി” എന്ന ഭാഗത്ത് ഹാഫീസ് മുഹമ്മദ് സ്പഷ്ടമാക്കുന്ന അനസ്തേഷ്യയുടെ നിഷ്പ്രയോജനത്വം ഗാർഷിനും സ്പഷ്ടമാക്കുന്നുണ്ട്.
“Morphine? Chloral? he said half questioningly. The morphine did not work yesterday.”
ഗാർഷിന്റെ കഥ മാസ്റ്റർപീസാണ്. സാന്ദ്രതയാർന്ന ആ കഥ പേടിസ്വപ്നത്തിന്റെ പ്രതീതി ഉളവാക്കുന്നു. ഹാഫിസ് മുഹമ്മദിന്റെ കഥ ശിഥിലമാണ്. പ്രമേയം ജനിപ്പിക്കുന്ന അർഥനകൾക്കു യോജിച്ച രീതിയിലല്ല അതിലെ സംഭവ സന്നിവേശങ്ങൾ. കഥാകാരൻ കോപിക്കരുത്. അദ്ദേഹത്തിൽ ഞാൻ ആരോപിക്കുന്ന പുനരവതരണം മിഥ്യാകല്പമാണെങ്കിൽ അങ്ങനെ തന്നെ പറയൂ. ആ ‘ഇന്റലക്ച്ച്വൽ ഓണിസ്റ്റിയിൽ’ വിശ്വാസമർപ്പിക്കാൻ ഞാൻ സന്നദ്ധനാണ്.
Contents
അടുത്ത ജന്മത്തിലെങ്കിലും
ഇതെഴുതുന്ന ആളിന് മഹാവ്യക്തികളെ പരിചയമില്ല. അറിയാവുന്നവർ ഒന്നോ രണ്ടോ പേർ. അതുകൊണ്ടാണ് കൂടക്കൂടെ ചില വ്യക്തികളുടെ പേരുകൾ മാത്രം പറയുന്നത്. സ്ഥലങ്ങളും ഞാൻ കണ്ടിട്ടില്ല. കേരളത്തിൽ തൃശൂരിനു വടക്കോട്ടുള്ള ഒരു സ്ഥലത്തും എനിക്കു പോകാൻ കഷിഞ്ഞിട്ടില്ല. കോഴിക്കോടും കൊയിലാണ്ടിയും കാണാതെ തന്നെ ഞാൻ ജീവിതം അവസാനിപ്പിക്കുമെന്നു തോന്നുന്നു. അതുപോലെ മഹാനഗരങ്ങളും. ബോംബെ, ഡൽഹി, കൽക്കട്ട ഈ പട്ടണങ്ങളും എന്റെ പാദപാംസുക്കൾ അണിഞ്ഞ് അവിശുദ്ധമായിട്ടില്ല, ആകുകയുമില്ല. അതുകൊണ്ട് മഹാവ്യക്തികളെക്കുറിച്ച് എപ്പോഴും പറയുന്ന, അവരോടു ഗാഢസമ്പർക്കം പുലർത്തുന്ന ഡി. സി. കിഴക്കേമുറിയെ എനിക്കിഷ്ടമാണ്, ബഹുമാനമാണ്. ഇത്തവണത്തെ കുങ്കുമം വാരിക നോക്കുക. ഡി. സി എഷുതുന്നു: “ഇന്ന് എൻ. വി. കൃഷ്ണവാര്യരും ഞാനും കൂടി ഡൽഹിക്കു പുറപ്പെടുകയാണ്. ഞങ്ങൾക്കു രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കണ്ടു സ്വല്പം ചർച്ച നടത്തേണ്ട കാര്യമുണ്ട്.” എന്തു ഭാഗ്യം! ‘ഹന്ത ഭാഗ്യം ജനാനാം.’ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ തിരുവനന്തപുരത്തു വന്നാൽ എനിക്കു റോഡിലെ ആൾക്കൂട്ടത്തിനിടയിൽ ചെന്നു നിന്ന് തലപൊക്കി ഒന്നു നോക്കാം. കണ്ടാലായി, കണ്ടില്ലെങ്കിലായി. അതാണോ ഡി. സി യുടെ നില. അപ്പോയ്മെന്റ് ഫിക്സ് ചെയ്യുന്നു. പറക്കുന്നു. ചെല്ലുന്നു. ഹസ്തദാനം നടത്തുന്നു. ചർച്ച നടത്തുന്നു. ഇടയ്ക്കു ചായ കുടിക്കുന്നു. സന്തോഷത്തോടെ മടങ്ങുന്നു.
ഇതിനൊക്കെ പ്രഭാവവും പ്രാഭവവും ഉള്ള ഡി. സി. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ അംഗമായിരുന്ന, ഇപ്പോൾ പാർലമെന്റംഗമായ കൃഷ്ണകുമാറിനെ “നമ്മുടെ കൃഷ്ണകുമാർ” എന്നു വിശേഷിപ്പിച്ചാൽ ക്ഷുദ്രജീവിയായ ഞാനെന്തിനു് അദ്ഭുതപ്പെടണം? [“കുറെ വർഷങ്ങൾക്കു മുൻപ് നമ്മുടെ കൃഷ്ണകുമാറിന്റെ (അന്നു കളക്ടർ, ഇന്നു് എം. പി.) കല്യാണം കനകക്കുന്നു കൊട്ടാരത്തിൽ വച്ചു്” —എന്നു ഡി. സി. ലേഖനത്തിൽ] എനിക്കു കൃഷ്ണകുമാറിനെ ഒന്നു കാണണമെന്നുണ്ടായിരുന്നു. സാധിച്ചില്ല. തിരുവനന്തപുരത്തെ ആയുർവേദകോളേജിനടുത്തു് ബസ്സ് കാത്തു നിൽക്കുമ്പോൾ ആകൃതി സൗഭഗമുള്ള ഒരു യുവാവ് ജാഥ നയിക്കുന്നതു കണ്ടു. ആരാണു് അദ്ദേഹമെന്നു ചോദിച്ചപ്പോൾ ‘കൃഷ്ണകുമാർ’ എന്നു ആരോ പറഞ്ഞു. അങ്ങനെ ഒരിക്കൽ മാത്രം ഞാനദ്ദേഹത്തെക്കണ്ടു. ഡി. സിക്കാണെങ്കിൽ ‘നമ്മുടെ’ എന്നു വിശേഷിപ്പിക്കാൻ തക്ക വിധത്തിൽ അദ്ദേഹത്തെ പരിചയമുണ്ട്. അദ്ദേഹത്തോടു ബന്ധമുണ്ടു്. ഇവിടെയും തീർന്നില്ല. “എന്റെ അടുത്തുണ്ടായിരുന്നതു് എം. കെ. കെ. നായരാണു്” എന്നു് അടുത്ത വാക്യം. മഹാവ്യക്തികളെക്കുറിച്ചുള്ള പരാമർശം തീരുന്നില്ല. എം. പി. ഉദയഭാനുവിലേയ്ക്കു് അതു ചെല്ലുന്നു. ഡി. സി. യുടെ മുൻപുള്ള പല ലേഖനങ്ങളിലും ഇമ്മട്ടിൽ മഹാവ്യക്തികളോടുള്ള അദ്ദേഹത്തിന്റെ ബന്ധം സാധാരണ സംഭവമെന്ന മട്ടിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടു്. ഇതൊക്കെ കണ്ടിട്ടാണു് ‘വിധി’ എന്നതിൽ ഞാൻ വിശ്വസിക്കുന്നതു്. ചിലർ ഡി. സി. യെപ്പോലെ ജനിക്കുന്നു. മറ്റുചിലർ എന്നെപ്പോലെയും. എന്റെ കൈകൊണ്ടു് ഉത്തരക്കടലാസിൽ മാർക്കിട്ടതിന്റെ പേരിൽ ക്ലാസ്സ് വാങ്ങിച്ചു്, അതിന്റെ പേരിൽ ഐ. എ. എസ്സ് പരീക്ഷയിൽ കടന്നുകൂടി ജയിച്ച ഒരു യുവാവ് അടുത്ത കാലത്തു ഒരു മീറ്റിംഗിൽ ആദ്യം പ്രസംഗിച്ച എന്നെ നിന്ദിച്ചു പ്രസംഗിച്ചു. ഭാഗ്യദോഷം! വിധി! എനിക്കു് ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ഡി. സിയായി ജനിക്കാനാണു് ആഗ്രഹം.
സായ്പ് പറഞ്ഞ കഥയാണ്. ഒരാപ്പിൾ മരത്തിന്റെ ചുവട്ടിൽ ഒരു പനിനീർച്ചെടിയുണ്ടായിരുന്നു. അതിൽ ചേതോഹരങ്ങളായ പൂക്കളും. ആളുകൾ ചെടിയെ അഭിനന്ദിച്ചപ്പോൾ അതു് അഹങ്കരിച്ചു: “എന്റെ പൂക്കൾ കൊണ്ടു ഞാൻ എല്ലാവരെയും സന്തോഷിപ്പിക്കുന്നു. ആരും എന്നെപ്പോലെയല്ല.” ഇതു കേട്ട് ആപ്പിൾ മരം പറഞ്ഞു: “നീ പൂക്കൾ കൊടുക്കുന്നതിനു മുൻപ് അവ അടർത്തിയെടുക്കാൻ എത്തുന്നവരുടെ വിരലുകൾ മുറിക്കുന്നു, ഞാനാണെങ്കിൽ എന്റെനേർക്കു കല്ലെറിയുന്നവർക്കും ആപ്പിൾപ്പഴങ്ങൾ കൊടുക്കുന്നു.”
“വാരാണസി (കാശി)യിൽ പേപ്പട്ടി വേണമെന്നില്ല. അവിടത്തെ പുരോഹിതന്മാരുടെ പട്ടി കടിച്ചാൽത്തന്നെ മരിക്കും മനുഷ്യൻ” എന്നു ഡി. സി. മനോരാജ്യം വാരികയിൽ. വാരാണസി എന്ന ഡി. സി-യുടെ പ്രയോഗം ശരി. വാണാരസി, വരാണസി, വാരണസി എന്ന പേരുകളും ശരി. വരണ, അസി ഈ രണ്ടു നദികൾ ചേരുന്ന സ്ഥലമാണിതു്.
മലബാർ സുകുമാരനെ നോക്കി
ഭാര്യയും ഭർത്താവും കൂനെയുടെ ചികിത്സ നടത്താൻ തീരുമാനിച്ചു് പട്ടിണി കിടക്കുന്നതായി ഭാവിക്കുന്നു. എന്നാൽ രണ്ടു പേരും രഹസ്യമായി ഭക്ഷണം കഴിക്കുന്നു. ഭാര്യയറിയാതെ ഉണ്ണാൻ ഭർത്താവ് ചെല്ലുമ്പോൾ അവൾ ഊണു കഴിച്ചുകൊണ്ടിരിക്കുന്നു. ഇതു് മലബാർ കെ. സുകുമാരൻ എഴുതിയ ഒരു കഥയുടെ സാരം. തീവണ്ടിയാപ്പീസിൽ വച്ചു് ഒരുത്തി ഏൽപ്പിച്ചുകൊടുക്കുന്ന കുട്ടിയുടെ പേരിൽ ഉണ്ടാകുന്ന വൈഷമ്യങ്ങളാകെ അദ്ദേഹം ‘ആരാന്റെ കുട്ടി’ എന്ന കഥയിൽ ഹൃദ്യമായി വർണ്ണിക്കുന്നു. അപ്രതീക്ഷിതമായതിനെ ആവിഷ്കരിച്ച് വായനക്കാരെ ആഹ്ലാദിപ്പിക്കാൻ സുകുമാരനു വല്ലാത്ത വൈദഗ്ദ്ധ്യമാണു്. ‘ജഡ്ജിയുടെ കോട്ടു്’ എന്ന കഥയും ഓർമ്മയിലെത്തുന്നു. കളഞ്ഞുകിട്ടിയ രണ്ടു പവൻ പഴയ കോട്ടിന്റെ പോക്കറ്റിൽ ഇടുന്നു. അതു പിന്നെക്കാണുന്നില്ല. നിരാശനായി വീട്ടിലെത്തുമ്പോൾ കോട്ടിന്റെ ലൈനിങ്ങിനു് അകത്തു് പവൻ കിടക്കുന്നതായി കാണുന്നു. സന്തോഷം. ഇമ്മാതിരി കഥകൾ വായിച്ചു ശീലിച്ചിട്ടുള്ള നമ്മളെ സുധാകരൻ തൃശ്ശിലേരി ‘പപ്പായ’ എന്ന കഥ എഴുതി മെനക്കെടുത്തേണ്ടിയിരുന്നില്ല. കപ്പയ്ക്ക (തിരുവനന്തപുരത്തു അതാണു പേരു്) അടർത്തിയെടുക്കാൻ ഒരുത്തൻ ചെല്ലുമ്പോൾ എല്ലാവരെയും പുച്ഛിക്കുന്ന ഒരു പോലീസ് ഇൻസ്പെക്ടർ അതു പറിക്കാനായി കപ്പ മരത്തിൽ കേറിയിരിക്കുന്നതായി കാണുന്നു. ഒട്ടും ഹാസ്യമില്ലാതെ, ഹാസ്യത്തിന്റെ നാട്യത്തോടെ രചിച്ച ഇക്കഥ അനുഗൃഹീതനായിരുന്ന മലബാർ കെ. സുകുമാരനെ നോക്കി കൊഞ്ഞനം കുത്തുന്നു. (സുധാകരന്റെ കഥ മനോരാജ്യം വാരികയിൽ.)
ഈറ്റാലോ കാൽവീനോ
ചേതോഹരമായ ഒരു നോവൽ വായിച്ചു. ഈറ്റാലോ കാൽവീനോയുടെ Invisible Cities. മംഗോൾ ചക്രവർത്തിയായിരുന്ന കൂബ്ലി കാനിനെയും അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ വെനീഷ്യൻ സഞ്ചാരി മാർകോപോളോവിനെയും കുറിച്ചാണു് ആ നോവൽ. മഹാനായ ചക്രവർത്തിയായിരുന്നല്ലോ കൂബ്ലി കാൻ. സാമ്രാജ്യത്തിന്റെ അതിരുകൾ വർദ്ധിപ്പിച്ച അദ്ദേഹം കലാ തല്പരനായി സുഖാസക്തനായി കഴിഞ്ഞു കൂടി. എങ്കിലും ഏതു മനുഷ്യനും ജീവിതത്തിന്റെ ക്ഷണികസ്വഭാവത്തെക്കുറിച്ചു്, താൻ നേടിയതിന്റെയൊക്കെ അസ്ഥിരത്വത്തെകുറിച്ചു് തോന്നലുണ്ടാവും. ഈ തോന്നലിനു് സാന്ദ്രീകൃതാവസ്ഥ പ്രദാനം ചെയ്യുന്നു മാർക്കോപോളോ കണ്ട സ്ഥലങ്ങളുടെ വിവരണങ്ങൾ. ഓരോ തവണ പോളോ മടങ്ങിയെത്തുമ്പോഴും ചക്രവർത്തി അദ്ദേഹത്തിന്റെ വർണ്ണനങ്ങൾ കേൾക്കുന്നു. അവ കേൾക്കുമ്പോഴെല്ലാം തന്റെ മഹനീയമായ സാമ്രാജ്യത്തിന്റെ ജീർണ്ണതയെക്കുറിച്ചു് അദ്ദേഹത്തിനു് ഓർമ്മ വരും. ഈ ലോകത്തു് “ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചവരാണല്ലോ” ഉള്ളതു് എന്നു ഗ്രഹിക്കും. ആവിഷ്കരണരീതികൊണ്ടും അന്യാദൃശമായ ഉൾക്കാഴ്ചകൊണ്ടും കാവ്യാത്മകമായ ഈ നോവലിനു സാർവ്വലൗകീകസ്വഭാവം കൈവരുന്നു. നോബൽസമ്മാനത്തിനു് അർഹനാണു് കാൽവീനോ എന്നതിൽ ഒരു സംശയവുമില്ല.
മനുഷ്യനോ ചിത്രശലഭമോ
ചൈനീസ് മിസ്റ്റിൿ ജ്വാങ്ദ്സുവിന്റെ (Chuang Tzu) ആ പേരുള്ള പുസ്തകത്തിൽ പറയുന്നു:
- “ഒരിക്കൽ ജ്വാങ്ദ്സു എന്ന പേരുള്ള ഞാൻ ചിത്രശലഭമായി മാറിയെന്നു സ്വപ്നം കണ്ടു. അങ്ങുമിങ്ങും പാറിപ്പറക്കുന്ന ചിത്രശലഭം. ചിത്രശലഭമെന്ന നിലയിൽ ഉണ്ടായ സങ്കല്പങ്ങളെക്കുറിച്ചേ എനിക്കു് അറിവുണ്ടായിരുന്നുള്ളൂ; മനുഷ്യനെന്ന നിലയിൽ എനിക്കുള്ള വ്യക്തിത്വത്തെക്കുറിച്ചു് എനിക്കറിവില്ലായിരുന്നു. പെട്ടെന്നു ഞാന്നുണർന്നു. അതാ അവിടെ ഞാൻ ഞാനായിത്തന്നെ കിടക്കുന്നു. മനുഷ്യനായ ഞാൻ അന്നു ചിത്രശലഭമായിയെന്നു സ്വപ്നം കണ്ടോ? അതോ ഇപ്പോൾ ചിത്രശലഭമായ ഞാൻ മനുഷ്യനാണെന്നു സ്വപ്നം കാണുന്നുവോ? അക്കാര്യം ഇപ്പോൾ എനിക്കറിഞ്ഞുകൂടാ. മനുഷ്യനും ചിത്രശലഭത്തിനുമിടയ്ക്കു് ഒരു വേലിയുണ്ട്.”
(Translated by H. A. Giles.)
ഒന്നു്, രണ്ടായോ മൂന്നായോ കാണപ്പെടും എന്നു സ്ഥാപിക്കാനാവാം ജ്വാങ്ദ്സു ഇങ്ങനെ പറയുന്നതു്. ചിത്രശലഭം സ്വപ്നമാണോ? അതോ മനുഷ്യനെന്ന അവസ്ഥ സ്വപ്നമോ? ജ്വാങ്ദ്സു തന്നെ വേറെ ആരുടെയെങ്കിലും സ്വപ്നമായിക്കൂടേ? അനുഭവങ്ങളുടെയും വിശാലമായ അർത്ഥത്തിൽ ജീവിതത്തിന്റെയും. ഈ സ്വപ്നാത്മകതയെ, അസ്ഥിരതയെ കലാകൗമുദിയിലെ കഥാകാരൻ എം. രാഘവൻ ‘സിംഹത്തിന്റെ വായ്’ എന്ന കഥയിലൂടെ സ്ഫുടീകരിക്കുന്നു. അസ്ഥിരത്വമുണ്ടെങ്കിലും സ്വപ്നത്തിന്റെ അവ്യക്‌തതയുണ്ടെങ്കിലും ജീവിതം പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു.
കുരങ്ങു കുരങ്ങുമായി ഇണ ചേരുന്നു. മാൻ മാൻപേടയോടുകൂടി ചേരുന്നു. വ്‌ളാങ്ക് മത്സ്യത്തോടും. പുരുഷന്മാർ മവോചിയാങ്ങിനെയും ലീച്ചിയേയും സ്നേഹിക്കുന്നു. [പ്രാചീനചൈനയിലെ രണ്ടു സുന്ദരികൾ — ലേഖകൻ]. ഇതിൽ സൗന്ദര്യത്തിന്റെ ശരിയായ മാനദണ്ഡമേതു്? ജ്വാങ്‌ദ്സുവിന്റെ തുടർന്നുള്ള ചോദ്യമാണിതു്. ചൈനാക്കാരൻ എത്ര കണ്ടു കാമത്തോടു കൂടി ചൈനീസ്‌സുന്ദരിയെ വീക്ഷിച്ചിരിക്കുമോ അത്രകണ്ടു കാമത്തോടു കൂടിത്തന്നെ ആൺ കുരങ്ങു പെൺകുരങ്ങിനെ നോക്കിയിരിക്കും എന്നു് എന്റെ വിചാരം. സൗന്ദര്യത്തിനു് ഞാൻ കല്പിക്കുന്ന മാനദണ്ഡമല്ല രാഘവന്റെ മാനദണ്ഡം. എന്നാൽ എന്റെ മാനദണ്ഡം ശരിയാണെന്നു് ഞാനും രാഘവന്റേതു് ശരിയാണെന്നു അദ്ദേഹവും വിചാരിക്കുന്നു.
റ്റി. വി
വടക്കൊരു കോളേജിലെ ഈക്കനോമിക്സ് ഡിപ്പാർട്ട്മെന്റിൽ നിന്നു് ഒരു പെൺകുട്ടി ഇറങ്ങി വരാന്തയിലേക്കു പോന്നപ്പോൾ പ്രൊഫസ്രുടെ കവിളിൽ ഒരു സിന്ദൂരപ്പൊട്ട്. (സത്യം) എന്റെകൂടെ താമസിച്ചിരുന്ന ഒരു ഗണിതശാസ്ത്ര വിദ്യാർത്ഥി എന്റെ മേശയുടെ പുറത്തുവച്ചിരുന്ന ഡിജോൺസ് കോഡ്ലിവർ ഓയിൽ കൈയിലൊഴിച്ചു് തലയിലും മുഖത്തും തേച്ചുകൊണ്ടു് കുളിക്കാനായി പോയി. അയാളുടെ മേശയുടെ പുറത്തു് കുപ്പിയിൽ നീലിഭൃംഗാദി എണ്ണ ഉണ്ടായിരുന്നു. (സത്യം) കാമുകിയെ ആർത്തിയോടെ ഇരുട്ടത്തു ചുംബിക്കുമ്പോൾ അവളിടെ ജലദോഷമാർന്ന മൂക്കു് കാമുകന്റെ വായ്ക്കകത്തു് ആയിപ്പോകും. (നൂറു ശതമാനവും സത്യമാകുന്ന സങ്കൽപം) ഉറങ്ങിക്കിടക്കുമ്പോൾ ടെലഫോൺ ബല്ല് കേട്ടാൽ ചാടിയെഴുന്നേറ്റ് സംസാരിക്കനുള്ള ഭാഗം കാതിൽ വയ്ക്കും. (എന്റെ സത്യാത്മകമായ അനുഭവം.) ഇതൊക്കെ പ്രമാദങ്ങൾ. എന്നാൽ ഒരിക്കലും പ്രമാദം സംഭവിക്കാത്ത ഒരു കാര്യം പറയാം. നമ്മൾ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുന്നു. പെട്ടെന്നു് കറന്റൂ പോയി. ഇരുട്ടത്തു കൈ ഓഫ് സ്വിച്ചിലേക്കുതന്നെ പോകും. തെറ്റ് പറ്റുകയേയില്ല. നമ്മെ പീഡിപ്പിക്കുന്ന ഉപകരണത്തിന്റെ ഓഫ് സ്വിച്ച് മാറിപ്പോകുന്നതെങ്ങനെ?
പീഡനങ്ങളും മറ്റും
പഴയ രീതിയിലുള്ള കവിതയ്ക്കു കെ. ജി. മേനോൻ ചെയ്യുന്ന ദോഷം പുതിയ രീതിയിലുള്ള കവിതയ്ക്കു നവീനന്മാർ ചെയ്യുന്ന ദോഷത്തെക്കാൾ വലുതാണു്. അതിനു തെളിവുണ്ടു് ജനയുഗം വാരികയിൽ. അദ്ദേഹമെഴുതിയ ‘അപഭംഗ’ ത്തിന്റെ ആദ്യത്തെ ചില വരികൾ കേട്ടാലും:
കുഞ്ഞുമോളുടെ കുട്ടിക്കാലങ്ങൾ
ചിരിപ്പിക്കാൻ
വന്നുനില്‌ക്കുന്നൂ കാവ്യച്ചിലങ്ക
ക്കാലിൽക്കെട്ടി.
നർമ്മബോധങ്ങളെന്നിൽ
വറ്റിപ്പോയെന്നാകിലും
ഓർമ്മതൻ ഒരു മുത്തെഞ്ചിപ്പിയിൽ
ജനിക്കുന്നൂ.
കവിതകുറിക്കുമെൻ പഴഞ്ചൻ
ശൈലിക്കുള്ളിൽ
പുതുമക്കാർക്കിന്നൊന്നും കാണില്ല
രസിക്കുവാൻ.
ആഴമാർന്ന വികാരമില്ല എന്നല്ല പറയേണ്ടത്. വികാരമേയില്ല.മാന്ത്രികത്വമാർന്ന പദവിന്യാസമില്ല എന്നല്ല പറയേണ്ടതു്. കവിതയ്ക്കു യോജിച്ച പദവിന്യാസമില്ല. ചുരുക്കത്തിൽ ഒന്നുമില്ല. വലിയ ഒരു പീഡനമാണു് ഈ കാവ്യം നിർവഹിക്കുന്നതു്.
ഹംഗറിയിലെ കെട്ടുകഥകൾ അടുത്ത കാലത്തു വായിച്ചു. ഒരു കഥയിൽ ഞെട്ടാനറിയാത്ത ഒരു കൊച്ചു കുട്ടിയെ അവതരിപ്പിച്ചിരിക്കുന്നു. അവൻ തിരുവനന്തപുരത്തേക്കു പോന്നാൽ മതി. ഞെട്ടാൻ പഠിച്ചുകൊള്ളും. എസ്കോർട്ട് കാറുകൾ പാവങ്ങളെ കാലപുരിയിലേക്കു് അയയ്ക്കന്നതു് കണ്ടാൽ, ഈ കടുത്ത ഉഷ‌്ണകാലത്തു് വിദ്യുച്ഛക്തി ഇല്ലാതാക്കി അധികാരികൾ ജനങ്ങളെ കഷ്ടപ്പെടുത്തുന്നതു് കണ്ടാൽ, ടാപ്പു് തിരിക്കുമ്പോൾ വെള്ളം ഒരു തുള്ളിപോലും ഇല്ലാതിരിക്കുന്നതു് കണ്ടാൽ, ഭീമമായ തുക അറുപതു ദിവസത്തിലൊരിക്കൽ വാങ്ങിച്ചിട്ടു് ടെലിഫോൺ എന്ന ഉപകരണത്തെ മിക്കവാറും മരിപ്പിച്ചിരുത്തിയിരിക്കുന്നതു് കണ്ടാൽ കൊച്ചുകുട്ടി മാത്രമല്ല ഗർഭസ്ഥശിശുപോലും ഞെട്ടും. കുമാരി വാരികയിൽ കാഞ്ഞാവെളി വിജയകുമാർ എഴുതിയ ‘അബുദാബിയിലെ മഴ’ എന്ന കഥ വായിച്ചാൽ ഞെട്ടി ഞെട്ടി ബോധം കെടും. മഴ പെയ്യുമ്പോൾ അതു് അവസാനിക്കുന്ന സ്ഥലം കണ്ടുപിടിക്കാൻ ചിലർ പോയിപോലും. ഹംഗറിയിലെകൊച്ചുകുട്ടീ, ഞങ്ങളുടെ ഈ പട്ടണത്തിലേക്കു പോരൂ. ഞെട്ടാൻ പഠിക്കൂ.
ചെക്കോവു് നാലു വാക്യമെഴുതിയാൽ മതി, ഒരു കൊച്ചു കലാശില്‌പമുണ്ടാകും. കെ.പി. തമ്പി നാലായിരം വാക്യമെഴുതിയാലും സാഹിത്യമാവുകയില്ലെന്നു് ‘ചിറ്റ’ എന്നൊരു ബോറൻ കഥ രചിച്ചു സ്പഷ്ടമാക്കിത്തരുന്നു (കഥ ചന്ദ്രിക വാരികയിൽ).
രാത്രി വൈകിയെത്തുന്ന മകനു് വഴി കാണിച്ചുകൊടുക്കാൻ അച്ഛന്റെ പ്രേതം ടോർച്ചുമായ് എത്തുന്നു. ജനാർദ്ദനൻ എരമം ദേശം പൗരധ്വനി വാരികയിലെഴുതിയ ഒരു മിനിക്കഥയിൽ. അച്ഛൻ മാത്രമല്ല ഇക്കഥയും ഗോസ്റ്റ്‌തന്നെയാണേ.
രാജു നായർ നായരായതുകൊണ്ടാണോ അദ്ദേഹത്തെ കൂടെക്കൂടെ വാഴ്ത്തുന്നതെന്നു് ഒരു കാർട്ടൂണിസ്റ്റ് എഴുതി ചോദിക്കുന്നു. അവനവനിൽ ഉള്ളതേ മറ്റുള്ളവരിലും ചിലർ കാണൂ. രാജു നായർ ഏതു വർഗ്ഗത്തിൽപ്പെട്ട ആളായാലും ഹാസ്യചിത്രം വരയ്ക്കാൻ അറിയാം അദ്ദേഹത്തിനു്. ദീപികയിലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ലക്ഷ്യവേധികളും രസകരങ്ങളാണു്.
- ചുംബനം
- (റഷ്യൻ മെഡിക്കൽ ഡിക്ഷനറിയിൽ) ശരീരത്തിനകത്തേക്കു ഭക്ഷണം കൊണ്ടുപോകാനുള്ള അവയവങ്ങളുടെ കൂട്ടിമുട്ടൽ.
- ഓക്‌സ്ഫോഡ് ഡിക്ഷനറിയിൽ
ചുണ്ടുകൾകൊണ്ടുള്ള ഓമനിക്കൽ.
- പ്രായംകൂടിയവരുടെ ഡിക്ഷനറിയിൽ
- തീർച്ചയായും രോഗം പകരുമെന്നതുകൊണ്ടു് എപ്പോഴും വർജ്ജിക്കേണ്ടതു്.
- ↑ വാങ്ഭേമൈയീർ — Vendimiaire (മുന്തിരിപ്പഴം), ബ്രൂമർ — Brumaire (മൂടൽമഞ്ഞ്), ഫ്രീമെർ — Frimaire (മഞ്ഞും ആലിപ്പഴവും), നീവോസ് — Nivose (ഹിമം), പ്ലുവവ്യോസ് — Pluviose (മഴ), വാങ്തോസ് — Ventose (കാറ്റ്), ഷെർമീനൽ — Germinal (വിത്ത്), ഫ്ലോറേയൽ — Floreal (പൂവ്), പ്രീറിയേൽ — Prairial (പുൽത്തകിടി), മെസ്സിഡോർ — Messidor (കൊയ്ത്ത്), തെർമിഡോർ — Thermidor (ചൂട്), ഫ്രൈക്റ്റിഡോർ — Fructidor (ഫലം) എന്നു മാസങ്ങൾ. നാടകകർത്താവും വിപ്ലവകാരിയുമായിരുന്ന ഫേബ്ര ദാഗ്ലാങ്തീൻ (Fabre D’eglantine) ആണു ഈ പഞ്ചാംഗത്തിന്റെ കണ്ടുപിടിത്തക്കാരൻ. അദ്ദേഹത്തെ മറ്റു വിപ്ലവകാരികൾ ഗിലറ്റിനിൽ വധിച്ചു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||
