Difference between revisions of "സാഹിത്യവാരഫലം 1988 01 31"
(→സാറാ ജോസഫ്) |
(→പലരും പലതും) |
||
Line 105: | Line 105: | ||
എന്ന് കഴക്കൂട്ടം മുരളി (കാണാത്തപൂരം, എക്സ്പ്രസ് വാരിക, ലക്കം 41). മരാള ദൗർബ്ബല്യം! അതെന്തൊരു ദൗർബ്ബല്യമാണ്? ആ മരാളങ്ങൾ കുർബാന ചൊല്ലുമോ? കൈതവ കൈകൾ! അവ വിശേഷപ്പെട്ട കൈകൾ തന്നെ. ആ കൈകളിലോ പൂരത്തിന്റെ അന്ത്യരംഗവും. ഇമ്മാതിരി കാവ്യങ്ങൾ ഉണ്ടായില്ലങ്കിൽ നല്ല കാവ്യങ്ങളെ നമ്മളെങ്ങനെ തിരിച്ചറിയും. അതുകൊണ്ട് കഴക്കൂട്ടം മുരളി അവർകൾ എഴുതട്ടെ. ധാരാളമെഴുതട്ടെ. | എന്ന് കഴക്കൂട്ടം മുരളി (കാണാത്തപൂരം, എക്സ്പ്രസ് വാരിക, ലക്കം 41). മരാള ദൗർബ്ബല്യം! അതെന്തൊരു ദൗർബ്ബല്യമാണ്? ആ മരാളങ്ങൾ കുർബാന ചൊല്ലുമോ? കൈതവ കൈകൾ! അവ വിശേഷപ്പെട്ട കൈകൾ തന്നെ. ആ കൈകളിലോ പൂരത്തിന്റെ അന്ത്യരംഗവും. ഇമ്മാതിരി കാവ്യങ്ങൾ ഉണ്ടായില്ലങ്കിൽ നല്ല കാവ്യങ്ങളെ നമ്മളെങ്ങനെ തിരിച്ചറിയും. അതുകൊണ്ട് കഴക്കൂട്ടം മുരളി അവർകൾ എഴുതട്ടെ. ധാരാളമെഴുതട്ടെ. | ||
|‘ചിരി വീണ്ടും ചിരി’ എന്ന വിനോദ മാസികയിൽ മുണ്ടശ്ശേരിയെസ്സംബന്ധിച്ച് ഒരു ലേഖനമുണ്ട്; ജോൺസൺ ഐരൂർ എഴുതിയത്. എറണാകുളം മഹാരാജാസ് കോളേജിൽ വച്ചുള്ള ഒരു സമ്മേളനത്തിൽ പ്രസംഗിക്കാനെഴുന്നേറ്റ മുണ്ടശ്ശേരി സദസ്സിനെ നോക്കി ‘സ്നേഹിതരേ’ എന്നു അഭിസംബോധന ചെയ്തു. ഉടനെ പിറകിൽ നിന്നൊരു ശബ്ദം “എന്തോ ഓഓഓ”. മുണ്ടശ്ശേരി ശബ്ദം വന്ന ഭാഗത്തേക്കു നോക്കിയിട്ടു ചോദിച്ചു: “തന്തയില്ലാത്തവനേ എന്നല്ലല്ലോ വിളിച്ചത് പിന്നെന്തിനാ വിളികേട്ടത്?” | |‘ചിരി വീണ്ടും ചിരി’ എന്ന വിനോദ മാസികയിൽ മുണ്ടശ്ശേരിയെസ്സംബന്ധിച്ച് ഒരു ലേഖനമുണ്ട്; ജോൺസൺ ഐരൂർ എഴുതിയത്. എറണാകുളം മഹാരാജാസ് കോളേജിൽ വച്ചുള്ള ഒരു സമ്മേളനത്തിൽ പ്രസംഗിക്കാനെഴുന്നേറ്റ മുണ്ടശ്ശേരി സദസ്സിനെ നോക്കി ‘സ്നേഹിതരേ’ എന്നു അഭിസംബോധന ചെയ്തു. ഉടനെ പിറകിൽ നിന്നൊരു ശബ്ദം “എന്തോ ഓഓഓ”. മുണ്ടശ്ശേരി ശബ്ദം വന്ന ഭാഗത്തേക്കു നോക്കിയിട്ടു ചോദിച്ചു: “തന്തയില്ലാത്തവനേ എന്നല്ലല്ലോ വിളിച്ചത് പിന്നെന്തിനാ വിളികേട്ടത്?” | ||
− | ഇതു വായിച്ചപ്പോൾ തിരുവനന്തപുരത്തെ ടൗൺഹാളിൽ നടന്ന ഒരു സംഭവം ഓർമ്മയിലെത്തുന്നു എനിക്ക്. അഭിനയകലയിൽ അതിവിദഗ്ദ്ധനായ ഒരാൾ (പേരെഴുതുന്നത് ശരിയല്ല). നായകന്റെ വേഷം കെട്ടിയിരിക്കുകയാണ്. അദ്ദേഹം പല്ലുകടിച്ചുകൊണ്ട് നാടകത്തിലെ ഒരു വാക്യം പറഞ്ഞു: “എനിക്കവളെ വേണം” അപ്പോൾ പിറകുവശത്തിരുന്ന വിദ്യാർത്ഥികളിൽ ഒരുത്തൻ അതേ രീതിയിൽ പല്ലുകടിച്ചുകൊണ്ട് “ആരെ?” എന്നു ചോദിച്ചു. അഭിനേതാവിനോടു ബഹുമാനവും സ്നേഹവുമുള്ള പ്രേഷകർക്ക് അത് ഒട്ടും രസിച്ചില്ല. അവർ പ്രതിഷേധിച്ചു പിറകോട്ടു നോക്കി. അഭിനേതാവും അങ്ങോട്ടുനോക്കി. ഒരു സെക്കൻഡ് മിണ്ടാതെനിന്നിട്ട് അദ്ദേഹം പറഞ്ഞു: “നിന്റെ തള്ളയെ.” | + | ഇതു വായിച്ചപ്പോൾ തിരുവനന്തപുരത്തെ ടൗൺഹാളിൽ നടന്ന ഒരു സംഭവം ഓർമ്മയിലെത്തുന്നു എനിക്ക്. അഭിനയകലയിൽ അതിവിദഗ്ദ്ധനായ ഒരാൾ (പേരെഴുതുന്നത് ശരിയല്ല). നായകന്റെ വേഷം കെട്ടിയിരിക്കുകയാണ്. അദ്ദേഹം പല്ലുകടിച്ചുകൊണ്ട് നാടകത്തിലെ ഒരു വാക്യം പറഞ്ഞു: “എനിക്കവളെ വേണം” അപ്പോൾ പിറകുവശത്തിരുന്ന വിദ്യാർത്ഥികളിൽ ഒരുത്തൻ അതേ രീതിയിൽ പല്ലുകടിച്ചുകൊണ്ട് “ആരെ?” എന്നു ചോദിച്ചു. അഭിനേതാവിനോടു ബഹുമാനവും സ്നേഹവുമുള്ള പ്രേഷകർക്ക് അത് ഒട്ടും രസിച്ചില്ല. അവർ പ്രതിഷേധിച്ചു പിറകോട്ടു നോക്കി. അഭിനേതാവും അങ്ങോട്ടുനോക്കി. ഒരു സെക്കൻഡ് മിണ്ടാതെനിന്നിട്ട് അദ്ദേഹം പറഞ്ഞു: “നിന്റെ തള്ളയെ.” പില്ക്കാലത്ത് അദ്ദേഹവും ഞാനും ചങ്ങനാശ്ശേരി എൻ. എസ്. എസ്. കോളേജിൽ ഒരു സമ്മേളനത്തിനു പോയി. കാറിലിരുന്നു പലതും സംസാരിച്ചപ്പോൾ ഈ പഴയ സംഭവം ഞാൻ ഓർമ്മിപ്പിച്ചു. എന്നിട്ടു ഞാൻ ചോദിച്ചു: “സാർ അവന്മാർ ലഹളയ്ക്കു വന്നിരുന്നെങ്കിലോ?” അദ്ദേഹം ചിരിച്ചുകൊണ്ടു ചോദിച്ചു: “കൃഷ്ണൻനായരേ ലഹളയുണ്ടാകുമെന്നു കരുതി നമുക്കു പറയാനുള്ളത് പറയാതിരിക്കാൻ പറ്റുമോ?” |
}} | }} | ||
Latest revision as of 14:04, 29 November 2014
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര് | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1988 01 31 |
ലക്കം | 646 |
മുൻലക്കം | 1988 01 24 |
പിൻലക്കം | 1988 02 07 |
വായനക്കാരുടെ പ്രതികരണങ്ങള് | ഇവിടെ നൽകുക |
നമുക്ക് ഏതെങ്കിലും വസ്തുവിനെ കാണണമെങ്കിൽ നേത്രേന്ദ്രിയത്തിനു സവിശേഷമായ സംവിധാനം ഉണ്ടാക്കിയേ തീരൂ. ആ സംവിധാനം വരുത്തിയില്ലെങ്കിൽ വസ്തുവിനെ അവ്യക്തമായി മാത്രമേ കാണുകയുള്ളൂ. ചിലപ്പോൾ തീരെ കണ്ടില്ലെന്നുമിരിക്കും. ജന്നലിന്റെ കണ്ണാടിയിലൂടെ കാണുന്ന പൂന്തോട്ടം ഉദാഹരണമാവട്ടെ. ആ ഉദ്യാനം കാണാൻ വേണ്ടി നമ്മൾ കണ്ണുകളെ സവിശേഷമായ രീതിയിലാക്കി നോക്കുന്നു. അപ്പോൾ രശ്മികൾ ജന്നൽ കണ്ണാടിയിലൂടെ കടന്നു പൂക്കളിലും ചെടികളിലും വീഴുന്നു. ദർശന രശ്മികളെ കരുതിക്കൂട്ടി പൂന്തോട്ടത്തിൽ വീഴ്ത്തുന്നതു കൊണ്ട് നമ്മൾ കണ്ണാടിയെ കാണുന്നില്ല. കണ്ണാടിക്കു നൈർമല്യം ഏറുന്തോറും നമ്മൾ അതിനെ ശ്രദ്ധിക്കുന്നതേയില്ല. ഇനി ദർശന രശ്മികളെ പൂന്തോട്ടത്തിൽ വീഴ്ത്താതെ ജന്നലിന്റെ കണ്ണാടിയിൽ പതിപ്പിക്കാം. അപ്പോൾ ഉദ്യാനത്തെ നമ്മൾ കാണുന്നില്ല. ഇങ്ങനെ പൂന്തോട്ടം കാണുന്നതും കണ്ണാടി കാണുന്നതും രണ്ടു പ്രക്രിയകളായി മാറുന്നു. നേത്രേന്ദ്രിയത്തിനു വരുത്തുന്ന സംവിധാനം അനുസരിച്ചാണ് ഇതുണ്ടാവുക.
നീച്ചേക്കു ശേഷം യൂറോപ്പ് കണ്ട മഹാനായ ദാർശനികൻ എന്ന് അൽബേർ കമ്യൂ വാഴ്ത്തിയ ഒർട്ടേഗ ഈ ഗാസ്റ്റ് (Ortega Y Gasset, 1883–1955) എഴുതിയ കലയുടെ അപമാനവീകരണം — The Dehumanization of Art എന്ന പ്രബന്ധത്തിൽ ഉള്ളതാണിത്. ഇവിടെ കലാസൃഷ്ടിയെ ജന്നലിലെ കണ്ണാടിക്കു സദൃശമാക്കിയിരിക്കുന്നു ഒർട്ടേഗാ. ജീവിതമാകുന്ന ഉദ്യാനത്തെ കാണാൻ സഹായിക്കുന്ന സ്ഫടിക പാളിയാണ് കലാസൃഷ്ടി. ആ പൂന്തോട്ടം കാണാൻ ശ്രമിക്കുന്നയാൾ കണ്ണാടിയുടെ നിറമെന്ത്, സുതാര്യാവസ്ഥ എങ്ങനെ എന്നൊന്നും ചിന്തിക്കാറില്ല (ആർ നൊൾറ്റ് ഹൗസർ). ‘ജീവിതമെന്തെന്ന് എനിക്കറിയേണ്ടതില്ല’ എന്നാണു വിചാരമെങ്കിൽ കലാസൃഷ്ടിയിൽ മാത്രം ശ്രദ്ധിക്കാം. ആ സന്ദർഭത്തിൽ ആ കലാസൃഷ്ടിയുടെ ഘടന, ഉപരിതല സ്വഭാവം ഇവയെക്കുറിച്ചായിരിക്കും ചിന്തിക്കുക. വിമർശനത്തിന്റെ അല്ലെങ്കിൽ നിരൂപണത്തിന്റെ ദ്വന്ദ്വസ്വഭാവം ഇവിടെ സ്പഷ്ടമായി കഴിഞ്ഞു. ചില നിരൂപകർ ജീവിതം ദർശിക്കാനുള്ള ഉപകരണമായി മാറ്റുന്നു കലാസൃഷ്ടിയെ (മുണ്ടശ്ശേരി, കുട്ടിക്കൃഷ്ണമാരാർ). മറ്റു ചിലർ ജീവിതത്തെ അവഗണിച്ച് കലാസൃഷ്ടിയെ മാത്രം നോക്കുന്നു (നവീന നിരൂപകർ). ഈ സംവീക്ഷണത്തിൽ ഏതിന് മേന്മയേറും? ഒരു സംശയവുമില്ല. ആദ്യത്തേതിനു തന്നെ. മഹനീയങ്ങളായ എല്ലാ കലാസൃഷ്ടികളും ജീവിത ദർശനത്തിനു സഹായിക്കുന്ന ഉപകരണങ്ങൾ മാത്രമാണ്. അതല്ലാതെ സ്റ്റൈലിസ്റ്റിക്സ് എന്നും സ്ട്രക്ചറലിസമെന്നും പറഞ്ഞ് കലാസൃഷ്ടികൾക്ക് ഊന്നൽ നൽകുന്നതു കൊണ്ട് ഒരു പ്രയോജനവും കിട്ടാനില്ല (ഹൗസറുടെ The Social History of Art എന്ന ഗ്രന്ഥം കൂടി നോക്കുക).
Contents
സാറാ ജോസഫ്
ഞാൻ അന്ധവിശ്വാസം പ്രചരിപ്പിക്കുയാണെന്നു വായനക്കാർ കരുതരുതെന്ന് അപേക്ഷ. പ്രശസ്തയായ ഒരു എഴുത്തുകാരിയെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തു കൊണ്ട് ഒരു വാരിക ഒരു നോവൽ അനുക്രമമായി പ്രസിദ്ധീകരിച്ചു തുടങ്ങി. സംസ്ക്കാരത്തിന്റെ സീമകളെ ലംഘിച്ചു കൊണ്ടുള്ള ആ രചനയും അതിന്റെ പ്രസിദ്ധീകരണവും പ്രതിഷേധാർഹങ്ങളായി കരുതി കേരളത്തിലെ വിവേകശാലികൾ. കത്തുകൾ ഏറെ ചെന്നിട്ടും പത്രാധിപർ കൂട്ടാക്കിയില്ല. എഴുത്തുകാരി ഏറെ ക്ഷമിച്ചു. ക്ഷമിക്കാൻ വയ്യാതെ ആയപ്പോൾ അവർ പത്രമാപ്പീസിന്റെ മുറ്റത്തു ചെന്നു നിന്നു. അവരുടെ തലമുടി അഴിഞ്ഞുലഞ്ഞു കിടന്നു. മുറ്റത്തു നിന്ന് ഒരു പിടി മണ്ണുവാരി ആപ്പീസിനെ ലക്ഷ്യമാക്കി എറിഞ്ഞിട്ട് അവർ ശാപവാക്ക് ഉച്ചരിച്ചു. നാല്പത്തിയൊന്നു ദിവസത്തിനകം അവിടം നശിക്കുമെന്നാണ് ഹൃദയ താപത്തോടെ അവർ പറഞ്ഞത്. വിചിത്രമായ സംഭവ സന്നിപാതമെന്നാണ് കരുതേണ്ടതെങ്കിൽ ആയിക്കൊള്ളട്ടെ. നാല്പത്തിയൊന്നു ദിവസത്തിനകം ആ ആപ്പീസ് അടച്ചു. വാരിക നിന്നുവെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. സ്ത്രീയുടെ അഴിച്ചിട്ട തലമുടി കോപത്തിന്റെ പ്രതീകമാകുമ്പോൾ ആ കോപം ജനിപ്പിച്ച വ്യക്തിയോ വസ്തുവോ നശിക്കും. ദ്രൗപതിയുടെ വിശ്ലഥ വേണിയാണ് ദുര്യോധനാദികളുടെ ദുരന്തത്തിന് കാരണമായി തീർന്നത്.
ചിന്തകർ മുടിയെ പല വിധത്തിൽ കാണുന്നു. കനമുള്ളതു കൊണ്ട് അതു ഭൂമിയോടു ബന്ധപ്പെട്ടതാണത്രേ. അഴിഞ്ഞു വീഴുമ്പോൾ തരംഗ പരമ്പരകൾ ഉണ്ടാക്കുന്നതിനാൽ മുടി ജലത്തോടും ബന്ധപ്പെട്ടിരിക്കുന്നു പോലും. മുടിക്കു ജീവനുണ്ടോ? ഉണ്ട്. അതു വളരുന്നല്ലോ. തൊട്ടാൽ വ്യക്തി അറിയാത്തതു കൊണ്ട് അതു ‘മൃത’ മല്ലേ? അതേ. അങ്ങനെ ജീവനുള്ളതും മരിച്ചതുമാണ് മുടി (The Unconscious Significance of Hair എന്ന പുസ്തകം നോക്കുക. Charles Berg എഴുതിയത്). ഈ മുടിക്കു ലൈംഗികമായ ആകർഷകത്വം വളരെ കൂടുതലാണ്. സുന്ദരിയുടെ നീണ്ടു ചുരുണ്ട മുടി പോലെ ഭംഗിയാർന്ന വേറൊരംശം സ്ത്രീ ശരീരത്തിലില്ല. ഇപ്പറഞ്ഞതിന്റെ പരമാർത്ഥം ബോധപ്പെടണമെങ്കിൽ ഒരതി സുന്ദരിയെ മൊട്ടയടിച്ചതിനു ശേഷം അവളെ നോക്കിയാൽ മതി. ആ അത്യന്ത സുന്ദരി അപ്പോൾ ‘വൈരൂപ്യത്തിനൊരാസ്പദമായി’ പ്രത്യക്ഷയാകും. തലമുടിയുടെ ലൈംഗിക ശക്തി മനസ്സിനു പരിപാകം വന്നവർ ഗ്രഹിച്ചതു കൊണ്ടാണ് ദേവാലയങ്ങളിൽ പ്രവേശിക്കുന്ന സ്ത്രീകൾ തലമുടി മറയ്ക്കേണ്ടതാണെന്ന നിയമം ഉണ്ടായത്. ഊർജ്ജത്തിന്റെയും ഫലപുഷ്ടിയുടെയും പ്രതീകമായ തലമുടിയെ അമ്മട്ടിൽ ആവിഷ്കരിച്ച് ലൈംഗികത്വത്തിന്റെ മണ്ഡലത്തിലേക്കു നയിച്ച് ശുദ്ധമായ കലയുടെ ചാരുത പ്രത്യക്ഷപ്പെടുത്തുന്നതു കാണണമെങ്കിൽ സാറാജോസഫിന്റെ “മുടിത്തെയ്യമുറയുന്നു” എന്ന ചെറുകഥ വായിക്കണം (മാതൃഭൂമി ആഴ്ച്ച്പ്പതിപ്പ് — ലക്കം 44). വിഷയത്തിന് അനുരൂപമായ ശീഘ്ര ഗതിയാർന്ന ലയം പ്രയോഗിച്ച് രചിക്കപ്പെട്ട ഇക്കഥ ഭാവഗീതം പോലെ മനോഹരമായിരിക്കുന്നു. സാറാജോസഫ് അനുഗൃഹീതയായ കഥാകാരിയാണെന്നതിൽ ഒരു സംശയവുമില്ല.
ചില വർഗ്ഗത്തിൽപ്പെട്ടവർ തലമുടി മുഴുവൻ ഷേവു ചെയ്തു കളഞ്ഞിട്ട് മൂന്നു മുടിമാത്രം തലയിൽ വച്ചിരിക്കുന്നത് എന്തിനാണ്?
- നരനായി ജനിച്ചാൽ നരകത്തിൽ വീഴും എന്നതു തീർച്ച. അങ്ങനെ അവിടെക്കിടന്ന് കഷ്ടപ്പെടുമ്പോൾ ഈശ്വരന് ദയ തോന്നി സ്വർഗ്ഗത്തിലേക്ക് അയാളെ പൊക്കിയെടുക്കണമെങ്കിൽ പിടിക്കാൻ എന്തെങ്കിലും വേണ്ടേ? അതിനാണ് മൂന്നുമുടി ശിരസ്സിൽ വയ്ക്കുന്നത്. അതുകൊണ്ട് കഷണ്ടിക്കാർ എന്നും നരകത്തിൽ കിടക്കും. ഈശ്വരന് കാരുണ്യമുണ്ടായാലും പിടിച്ചെടുക്കാൻ തലയിൽ രോമമില്ലല്ലോ.
നർമ്മം
രണ്ടു സ്ത്രീകൾ റോഡിൽ വച്ച് കണ്ടുമുട്ടുകയായി.
- ഒരു സ്ത്രീ ചോദിച്ചു
- മകളെങ്ങനെ?
- മറുപടി
- സുഖമായിക്കഴിയുന്നു. കാലത്ത് പത്തു മണിക്കേ അവളുണരൂ. പല്ലൊക്കെ തേയ്ച്ച് കിടക്കയിൽ വീണ്ടും വന്നു കിടന്നാൽ കാപ്പിയും പലഹാരവും വേലക്കാരി കൊണ്ടു കൊടുക്കും. അവിടിരുന്ന് അവ കഴിക്കും. ഉച്ചയ്ക്ക് സുഖമായ ഭക്ഷണം. ഉച്ചയ്ക്കു ശേഷം സിനിമ കാണാൻ പോകും. സിനിമയ്ക്ക് പോകാത്ത ദിവസം കടപ്പുറത്തു ചെല്ലും. ഭർത്താവുമൊരുമിച്ച് തിരിച്ച് പോരുമ്പോൾ ഏതെങ്കിലും നല്ല ഹോട്ടലിൽ കയറി ആഹാരം കഴിക്കും. വീട്ടിൽ വന്നാൽ പത്തര മണിവരെ ടെലിവിഷൻ കാണും. പിന്നീട് ഉറക്കം. ഭാഗ്യം ചെയ്ത പെണ്ണ്. നല്ല ഭർത്താവിനെയാണ് അവൾക്ക് കിട്ടിയത്.
- ഇതുകേട്ട് ആ സ്ത്രീ വീണ്ടും ചോദിച്ചു
- മരുമകൾ എങ്ങനെ?
- മറുപടി ഉടനെ കിട്ടി
- ഹായ്! വൃത്തികെട്ടവൾ. പത്തുമണിയാകണം കാലത്ത്, എങ്കിലേ അവൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കൂ. വേലക്കാരി അവിടെക്കൊണ്ടു കൊടുക്കണം കാപ്പിയും പലഹാരവും. ശവം, അവിടിരുന്ന് അത് കഴിക്കും. ഉച്ചയ്ക്ക് സുഖമായ ഭക്ഷണം വേണം അവൾക്ക്. പിന്നീട് സിനിമയ്ക്ക് പോക്കാണ്. അല്ലെങ്കിൽ കടപ്പുറത്തേക്ക്. തിരിച്ചു വരുമ്പോൾ വലിയ ഹോട്ടലിൽ കയറി വിലകൂടിയ ഭക്ഷണസാധനങ്ങൾ കഴിച്ചേ വരൂ. വീട്ടിൽ വന്നാൽ കിടന്നുറങ്ങുമോ? ഇല്ല. ടെലിവിഷൻ സെറ്റിന്റെ മുൻപിൽ നിന്ന് എഴുന്നേൽക്കില്ല. അല്ല, ഇതൊക്കെ എന്റെ മോന്റെ തകരാറുകൊണ്ട് കൂടിയാണ്. ശപ്പൻ. [ഈ നേരമ്പോക്കിന് മൗലികസ്വഭാവമില്ല. പരകീയമാണിത്.]
ജീവിത സത്യത്തിന്റെ തോളിൽ ചവിട്ടിക്കൊണ്ട് ജീവിതസത്യാത്മകതയിലേക്ക് നോക്കാൻ നമ്മുടെ ചില കഥാകാരന്മാർക്ക് കഴിഞ്ഞു. അവരെ അനുകരിക്കാൻ ശ്രമിക്കുന്ന ഭൂരിപക്ഷം കഥാകാരന്മാരും പേനുകളാണ്. അവർക്ക് ഒന്നും കാണാൻ കഴിയുന്നില്ല.
ഇതിനെ ഇംഗ്ലീഷിൽ ജോക്ക് — joke — എന്നു വിളിക്കുന്നു. ഇതിൽനിന്ന് വിഭിന്നമാണ് ‘കോമിക്’ അല്ലെങ്കിൽ ‘ഹാസ്യജനകമായത്’. കോമിക് എല്ലാവരെയും ചിരിപ്പിക്കണമെന്നില്ല. വൃദ്ധനും മകളും റോഡിലൂടെ നടക്കുകയാണെന്ന് കരുതൂ. വൃദ്ധൻ പഴത്തൊലിയിൽ ചവിട്ടി വീഴുന്നുവെന്നു വിചാരിക്കൂ. അതു കാണുന്നവർ ചിരിക്കും. പക്ഷേ, മകൾ ചിരിക്കില്ല. അച്ഛന് ആപത്ത് പറ്റിയെന്ന് മനസ്സിലാക്കി അവൾ വിഷാദിക്കുകയേയുള്ളൂ. അദ്ധ്യാപകന്റെ ചോദ്യത്തിനുത്തരമായി ശിഷ്യൻ തെറ്റു പറഞ്ഞാൽ അദ്ധ്യാപകന് ചിരി വരില്ല. ശിഷ്യന്റെ കൂട്ടുകാർ ചിരിക്കും. ജോക്കിൽ നിന്നും കോമിക്കിൽ നിന്നും വിഭിന്നമാണ് ഹ്യൂമർ (Humour). ഈ വാക്കിന് ‘നർമ്മം’ എന്ന് തർജ്ജമ നൽകാം. ഹ്യൂമർ അല്ലെങ്കിൽ നർമ്മം ഒരു മാനസിക നിലയാണ്. തൂക്കിക്കൊല്ലാനായി ഭൂട്ടോയെ കൊണ്ടുപോയപ്പോൾ അദ്ദേഹം പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥനോടു പറഞ്ഞു: “നിങ്ങൾ എന്റെ കൈകൾ കൂട്ടിക്കെട്ടിയത് കൂടുതൽ മുറുകിപ്പോയി. ഒന്നയച്ചുകെട്ടൂ.” ഏതാനും നിമിഷങ്ങൾക്കകം താൻ മരിക്കുമെന്ന് ഭൂട്ടോയ്ക്കറിയാം. എങ്കിലും ഏതാണ്ടൊരു നർമ്മബോധത്തോടെ അദ്ദേഹം സ്വന്തം വേദനയെക്കുറിച്ച് അധികാരികളോടു സംസാരിക്കുന്നു. പണ്ടൊരു നിഷ്കളങ്കനെ വധിക്കാൻ രാജാവ് ആജ്ഞാപിച്ചു. തടിക്കഷണത്തിൽ തലവച്ചിട്ട് വെട്ടുകത്തി ഓങ്ങി നിൽക്കുന്നവനോട് അദ്ദേഹം ചോദിച്ചു: “എന്റെ താടിരോമം ഇടതുവശത്തു വയ്ക്കണോ അതോ വലതു വശത്തോ?” ഇത്തരം നർമ്മങ്ങൾ ശ്രോതാക്കളായ നമുക്ക് മാനസികോന്നമനം ഉളവാക്കുന്നു. നർമ്മഭാഷണങ്ങൾ നടത്തുന്നവർ ഉള്ളാലെ ഒന്നു ചിരിക്കും. പക്ഷേ, ജോക്കിന്റെയും കോമിക്കിന്റെയും പ്രയോക്താക്കൾ സ്വയം ചിരിക്കുകയില്ല. ഭ്രഷ്ടാക്കളോ ശ്രോതാക്കളോ മാത്രമേ ചിരിക്കുകയുള്ളൂ. കെ. എൽ. മോഹനവർമ്മയുടെ ‘പ്രൊഫസ്സർ’ ജീവനുള്ള കഥാപാത്രമാണ്. അയാളുടെ വിഡ്ഢിത്തരങ്ങൾ ചിരിപ്പിക്കുന്നതു നമ്മളെയാണ്, അയാളെയല്ല. (കലാകൗമുദിയിലെ ‘നക്രം’ എന്ന കഥ നോക്കുക.) ആത്മകഥാരചന ഉപേക്ഷിച്ചിട്ട് മുതലത്തോൽ വ്യവസായം നടത്താൻ വേണ്ടി മുതലകളെ വളർത്തി പരാജയപ്പെടുന്ന പ്രൊഫസ്സറുടെ ചിത്രം ആകർഷകത്വമുള്ളതാണ്. ഈ കോമിക് കഥാപാത്രം രാജരാജവർമ്മയുടെ പഞ്ചുമേനോനെപ്പോലെ സാഹിത്യത്തിൽ സ്ഥായിത്വമാർജ്ജിച്ചേക്കും.
ശവമടക്കിയതിന് അടുത്തുനിന്ന് ഒരാൾ പതുക്കെ പറയുകയാണ്: “മരിക്കരുതായിരുന്നു, മരിക്കരുതായിരുന്നു.”
- അതിലേപോയ മറ്റൊരാൾ അതുകേട്ട് ദുഃഖത്തോടെ ചോദിച്ചു
- നിങ്ങളുടെ ഭാര്യയാണോ മരിച്ചത്?
- അയാൾ മറുപടി നൽകി
- അല്ല, അവളുടെ ആദ്യത്തെ ഭർത്താവ്.
പേൻ
ഫ്രായിറ്റിന്റെ ശിഷ്യന്മാരും സഹപ്രവർത്തകരുമായിരുന്നവർ ഓരോരുത്തരായി പിണങ്ങിപ്പിരിഞ്ഞു. യുങ്, ആഡ്ലർ ഇവരെല്ലാം സ്വന്തം സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചുകൊണ്ട് ഫ്രായിറ്റിൽ നിന്ന് അകന്നു. സ്വപ്നവ്യാഖ്യാനത്തിൽ താൻ ഫ്രായിറ്റിനെയും അതിശയിച്ചുവെന്ന് വേറൊരു സഹപ്രവർത്തകനായ ‘Wilhel Stekel’ ഉദ്ഘോഷിച്ചു. ഒരു ദിവസം അദ്ദേഹം ഫ്രായിറ്റ് കേൾക്കെ പറഞ്ഞു: “ഭീമാകാരമാർന്നവന്റെ തോളിൽ ചവിട്ടി നിൽക്കുന്ന മുണ്ടന് ആ ഭീമൻ കാണുന്നതിനുമപ്പുറം കാണാൻ കഴിയും.” ബാത്ത്റൂമിലേക്ക് പോകുന്ന വേളയിലാണ് ഫ്രായിറ്റ് ഇത് കേട്ടത്. ഉടനെ അദ്ദേഹം പറഞ്ഞു: “ങ്ഹും. അതു ശരിയാണ്. പക്ഷേ, ജ്യോതിശാസ്ത്രജ്ഞന്റെ തലയിലിരിക്കുന്ന പേനിന് ആ കാഴ്ച കിട്ടുകയില്ലല്ലോ.”
നമ്മുടെ പല കഥാകാരന്മാരും പേനുകളാണ്. ജീവിതസത്യത്തിന്റെ തോളിൽ ചവിട്ടിക്കൊണ്ട് ജീവിതസത്യാത്മകതയിലേക്ക് നോക്കാൻ നമ്മുടെ ചില കഥാകാരന്മാർക്ക് കഴിഞ്ഞു. അവരെ അനുകരിക്കാൻ ശ്രമിക്കുന്ന ഭൂരിപക്ഷം കഥാകാരന്മാരും പേനുകളാണ്. അവർക്ക് ഒന്നും കാണാൻ കഴിയുന്നില്ല. ഒരുദാഹരണം കുങ്കുമം വാരികയിലെ ‘മരം’ എന്ന കഥ തന്നെയാണ്. മരത്തിന്റെ വളർച്ചയിലൂടെ, അതിന്റെ കടപുഴകിയ വീഴ്ചയിലൂടെ മനുഷ്യ ജീവിതം ധ്വനിപ്പിക്കുന്ന മാർഗ്ഗം വർഷങ്ങളോളമായി, അല്ല, ശതാബ്ദങ്ങളോളമായി കഥാകാരന്മാർ അംഗീകരിച്ചിട്ടുള്ളതാണ്. “മര”ത്തിന്റെ കർത്താവായ എം. എ. തങ്കപ്പനും അതുതന്നെയാണ് ചെയ്യുന്നത്. ഇത്തരം ആവർത്തനങ്ങൾ കൊണ്ട് നമ്മളൊന്നും നേടുന്നില്ല. മനുഷ്യൻ ‘അതികായൻ’ ആവേണ്ടതില്ല. എല്ലാവർക്കും അതിന് സാധിക്കില്ലല്ലോ. ഹ്രസ്വകായനും ആവണമെന്നില്ല. പേനാകരുത്. ആയാൽ എല്ലാം കാണൂന്നുവെന്നു നടിക്കരുത്.
തത്ത്വങ്ങൾ
- പണം കൊണ്ട് എന്തും വാങ്ങാമെന്ന് അഹങ്കരിക്കരുത്. വിദേശത്തുനിന്ന് വരുന്ന പുസ്തകങ്ങൾ വാങ്ങാൻ ലക്ഷപ്രഭുക്കൾക്കും സാധിക്കുകയില്ല. അത്രയ്ക്ക് വില കൂടുതലാണ് അവയ്ക്ക്. വാങ്ങാൻ കഴിയുന്നത് ഇൻഡ്യയിലെ ‘പെൻഗ്വിൻ ബുക്ക്സ്’ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങൾ മാത്രം. അവ കീറി ഉമിക്കരി എടുക്കാനേ കൊള്ളൂ.
- ‘ചെമ്മീനി’നാണോ ‘ബാല്യകാലസഖി’ക്കാണോ കൂടുതൽ സൗന്ദര്യമെന്ന് ചോദിക്കരുത്. ഉദയസൂര്യനാണോ അസ്തമയസൂര്യനാണോ കൂടുതൽ സൗന്ദര്യമുള്ളത് എന്ന് എങ്ങനെ നിർണ്ണയിക്കും?
- പൊട്ടിയൊലിക്കുന്ന മന്തുള്ള വൈദ്യന്റെ കൈയിൽനിന്ന് കാലിലെ ചെറിയ മന്തിന് മരുന്നുവാങ്ങുന്നതുപോലെയാണ് സാഹിത്യകൃതിയുടെ മൂല്യം മനസ്സിലാക്കാൻ നവീന നിരൂപകന്റെ നിരൂപണം വായിക്കുന്നത്.
- പെണ്ണുകാണൽ, ജാതകംകൊട, വിവാഹം ഇവ മൂന്നും യഥാക്രമം മധുരം, മധുരതരം, മധുരതമം. വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ദിവസം അധമം രണ്ടാമത്തേത് അധമതരം മൂന്നാമത്തേത് അധമതമം. പിന്നിടുള്ള ഓരോ ദിവസവും നരകസദൃശ്യം.
ഉപരിതലശോഭ
പ്രശസ്തനായ നിരൂപകൻ എം. തോമസ് മാത്യു പറഞ്ഞ സംഭവമാണിത്. (തോമസ് മാത്യു വടക്കൊരു കോളേജിൽ പ്രൊഫസറാണ്. അദ്ദേഹത്തിന് മലയാളം ഇംഗ്ലീഷ് ഈ ഭാഷകളിലെ എല്ലാ അക്ഷരങ്ങളും അറിയാം. അതുകൊണ്ട് പ്രൊഫസർ എന്ന് ഞാനദ്ദേഹത്തെ വിശേഷിപ്പിക്കുന്നില്ല). തോമസ് മാത്യുവും കൂട്ടുകാരും പത്തനംതിട്ടയ്ക്കടുത്തുള്ള ഏതോ കാട്ടിൽ പോയി. കാട്ടിന്റെ ഉള്ളിലേക്കു കടന്നപ്പോൾ ഒരു ഇരമ്പൽ കേൾക്കാറായി. ആനയാണോ എന്നുപേടിച്ചു നോക്കിയപ്പോൾ പത്തു പന്ത്രണ്ടടി നീളത്തിൽ ഒരു കടന്നൽക്കൂട് മരത്തിൽ നിന്നും തൂങ്ങിക്കിടക്കുന്നു. ഒരു മരച്ചില്ല ഒടിഞ്ഞ് അതിൽ വീണാൽ മതി തോമസ് മാത്യുവിന്റെയും കൂട്ടുകാരുടെയും കഥ കഴിയും. ആ “വിഷമഘട്ട”ത്തിൽ വേണ്ടത് മനസ്സിന്റെ ഉറപ്പാണ്, ധൈര്യമാണ്. ആയിരം പവൻ കൈയിലിരുന്നാലും ഒരു കടന്നലിനെപ്പോലും തടയാനാവില്ല. ആ സമ്പത്ത് അപ്പോൾ അവർക്കുണ്ടായിരുന്നു. അതിനാൽ അവർ രക്ഷ പ്രാപിച്ചു. തടാകത്തിൽ കൊതുമ്പുവള്ളത്തിൽ അലസ സഞ്ചാരം നിർവഹിക്കുമ്പോൾ കൊടുങ്കാറ്റുണ്ടായാൽ നീന്താനറിയണം. ഒരു കെട്ടു കറൻസിനോട്ട് വള്ളത്തിൽ വച്ചിട്ടുണ്ടെങ്കിൽ അത് സഹായമരുളുകയില്ല. സമ്പത്തും പണവും തമ്മിലുള്ള വ്യത്യാസമിതാണ്. ഇതുതന്നെയാണ് ഭംഗ്യന്തരേണ നരിക്കുട്ടി മോഹനൻ ‘ഗഗാമ്മയും കുട്ടിയും’ എന്ന ചെറുകഥയിലൂടെ പറയുന്നത് (ദേശാഭിമാനി വാരിക — ലക്കം 29). കുട്ടിയുടെ വീട് രാജകൊട്ടാരത്തിനു സദൃശ്യം. ആധുനിക സൗകര്യങ്ങളെല്ലാം അവിടെയുണ്ട്. പക്ഷേ, കഞ്ഞിവെള്ളം കുടിക്കുന്ന മുത്തശ്ശിക്കാണ് യഥാർത്ഥത്തിൽ സമ്പത്ത്. മനുഷ്യത്വത്തിന്റെ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ സമ്പത്ത് അവർക്കുണ്ട്. കുട്ടിയുടെ അച്ഛനമ്മമാർ ലക്ഷപ്രഭുക്കളാണെങ്കിലും ഈ മൂല്യങ്ങളുടെ സമ്പത്ത് അവരെ അനുഗ്രഹിച്ചിട്ടില്ല. മുത്തശ്ശിയുടെ പ്രേരണയാൽ കുട്ടി ഭൗതികമൂല്യങ്ങളെ അവഗണിച്ച് ആദ്ധ്യാത്മിക മൂല്യങ്ങളെ സാക്ഷാത്കരിക്കാൻ തുടങ്ങുന്നത് കഥാകാരൻ കാണിച്ചുതരുന്നു. നല്ല വിഷയം. പക്ഷേ, കഥയ്ക്കു ഉപരിതല ശോഭയേയുള്ളു. ആഴത്തിലേക്കു ചെല്ലാൻ കഥാകാരനു സാധിച്ചിട്ടില്ല.
ദുശ്ശാസനാ, അരുത്
ഭക്ഷണം അന്വേഷിക്കാനുള്ള താല്പര്യം, സന്തത്യുൽപാദനത്തിനുള്ള അഭിവാഞ്ഛ, ശത്രുവിനെ ആക്രമിക്കാനുള്ള അഭിലാഷം ഇവയൊക്കെ ജന്മവാസനകളാണ്. ഇവയാണ് മനുഷ്യനെ ഭരിക്കുന്നത്. സാന്മാർഗ്ഗികമായി പ്രവർത്തിക്കാനുള്ള കൗതുകം ജന്മവാസനയല്ല. ജന്മവാസനകൾ മനുഷ്യനെ പ്രയാണം ചെയ്യിക്കുന്നു. സന്മാർഗ്ഗമെന്ന മൂല്യം ദൂരെനിന്നു മനുഷ്യനെ കൈകാണിച്ചു വിളിക്കുന്നതേയുള്ളു. വേണമെങ്കിൽ അയാൾക്ക് അങ്ങോട്ടുപോകാം. വേണ്ടങ്കിൽ വേണ്ട. എന്നാൽ അതല്ല ജന്മവാസനയുടെ സ്ഥിതി. മനുഷ്യനു അതിനെ എതിർക്കാൻ പ്രയാസമാണ്. പലപ്പോഴും അവൻ അതിന് അടിമപ്പെടുന്നു. സാഹിത്യത്തിന്റെ, കലയുടെ മൂല്യം നക്ഷത്രംപോലെ അകലെനിന്ന് തിളങ്ങുന്നു. കഴിവുള്ളവർ ആ തിളക്കം കണ്ട് അങ്ങോട്ടുപോകുന്നു. വള്ളത്തോളും കുമാരനാശാനും ചങ്ങമ്പുഴയും അങ്ങനെ ആ നക്ഷത്രത്തിൽ ആകർഷിക്കപ്പെട്ടവരാണ്. ഇതല്ല എടയാളി ഗോപാലകൃഷ്ണന്റെ അവസ്ഥ. കവിയാകണം, യശസ്സാർജ്ജിക്കണം എന്ന ആഗ്രഹത്താൽ പ്രേരിതനായി അദ്ദേഹം കലയുടെ മൂല്യമെന്ന നക്ഷത്രത്തെ ലക്ഷ്യമാക്കി ഓടുന്നു. വളരെക്കാലമായി ഓടുന്നു. ഒരു പ്രയോജനവുമില്ലതാനും. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ആ വ്യക്തി അദ്ദേഹം ദീപിക ആഴ്ചപ്പതിപ്പിൽ (ലക്കം 41) എഴുതിയ യാത്ര എന്ന കാവ്യം (!) വായിച്ചുനോക്കട്ടെ.
ഏതോ കിനാവിന്റെ തുണ്ടം കണക്കൊരു
ഭൂതോദയംപോൽ പിന്നെ, വളർന്നു ഞാൻ
ജന്മാന്തരകൃതപാപങ്ങളോ, സർവ്വ-
പാപവിമുക്തിയോ ജന്മത്തിൻ കാരണം.
ഇതിലെ ‘തുണ്ടം’ എന്ന പദംപോലെ ജുഗുപ്സാവഹമാണ് ഈ പദ്യമാകെ. ജന്മാന്തരകൃതപാപംകൊണ്ടാണ് ഇങ്ങനെ അദ്ദേഹം പദ്യം പടച്ചുവയ്ക്കുന്നത്. പാപവിമുക്തി വേണമെങ്കിൽ കവിതാദ്രൗപതിയെ ഇമ്മട്ടിൽ വസ്ത്രാക്ഷേപം ചെയ്യരുത്. മിണ്ടാതിരിക്കണം.
സംഭവങ്ങൾ
- 1950-ൽ ഞാനും കവി ചെറുതിട്ട നാരായണക്കുറുപ്പും സംസ്കൃത കോളേജിൽ അദ്ധ്യാപകരായിരുന്നു. ഏതു പൊട്ടപ്പദ്യം കിട്ടിയാലും നാരായണക്കുറുപ്പ് അവസാനം വരെ വായിക്കും. അതുകണ്ട് ഞാൻ ഒരു ദിവസം ചോദിച്ചു: “നാരായണക്കുറുപ്പ് എന്തിനാണ് ഈ ചവറൊക്കെ വായിച്ചു കൂട്ടുന്നത്?” അദ്ദേഹം പറഞ്ഞു: “പരമസുന്ദരിയെ കിട്ടുന്നതുവരെ വൈരൂപ്യമുള്ളവരെ തൊടില്ലെന്നു ശഠിച്ചാൽ സ്ത്രീയെ തൊടാതെ മരിക്കേണ്ടിവരും.”
- തിരുവനന്തപുരത്തെ ടൗൺഹാളിൽ കൂടിയ സമ്മേളനത്തിൽ ജി. ശങ്കരക്കുറുപ്പ് പ്രസംഗിച്ചു. അതു കഴിഞ്ഞ് എന്റെ പ്രഭാഷണം. മീറ്റിങ്ങ് കഴിഞ്ഞ് ശിവറാം സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കാൻ എത്തി. ജിയും ഞാനും അടുത്തു നിന്നു. ഫോട്ടോ എടുക്കുന്നതിനുമുമ്പ് ഫോട്ടോഗ്രാഫർ ജിയോടു പറഞ്ഞു: മാഷ് കൃഷ്ണൻനായരുടെ തോളിൽ കൈവച്ചുനിന്നാൽ നന്നായിരിക്കും. ജി അതിനു തയ്യാറായില്ല. ഫോട്ടോ എടുത്തുകഴിഞ്ഞ് പുറത്തേക്കു നടന്നപ്പോൾ ശെൽവരാജ് എന്ന മലയാളം എം. എ. ക്ലാസ് വിദ്യാർത്ഥി എന്നോടു രഹസ്യമായി പറഞ്ഞു: “ജിയും അരവിന്ദഘോഷും അടുത്തടുത്തുനില്ക്കുകയും ജി അരവിന്ദഘോഷിന്റെ പോക്കറ്റിൽ കൈയിട്ടുകൊണ്ട് മന്ദസ്മിതം പൊഴിക്കുകയും ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ.” (സി. ആർ. ദാസിന്റെ സാഗരഗീതം അരവിന്ദഘോഷ് ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തിട്ടുണ്ട്. ആ ഇംഗ്ലീഷ് തർജ്ജമയുടെ അനുകരണമാണ് ജിയുടെ സാഗരഗീതമെന്ന് അക്കാലത്ത് സുകുമാർ അഴീക്കോടു പറഞ്ഞു. അതിനെ ലക്ഷ്യമാക്കിയാണ് ശെൽവരാജിന്റെ ഫലിതോക്തി).
പലരും പലതും
പാടേ മറന്ന മരാളദൗർബ്ബല്യങ്ങൾ
പാതിരാകുർബാന ചൊല്ലിയപ്പോൾ
കാറ്റിന്റെ കൈതവ കൈകളിൽ കണ്ടു ഞാൻ
കാണാത്ത പൂരത്തിനന്ത്യരംഗം!എന്ന് കഴക്കൂട്ടം മുരളി (കാണാത്തപൂരം, എക്സ്പ്രസ് വാരിക, ലക്കം 41). മരാള ദൗർബ്ബല്യം! അതെന്തൊരു ദൗർബ്ബല്യമാണ്? ആ മരാളങ്ങൾ കുർബാന ചൊല്ലുമോ? കൈതവ കൈകൾ! അവ വിശേഷപ്പെട്ട കൈകൾ തന്നെ. ആ കൈകളിലോ പൂരത്തിന്റെ അന്ത്യരംഗവും. ഇമ്മാതിരി കാവ്യങ്ങൾ ഉണ്ടായില്ലങ്കിൽ നല്ല കാവ്യങ്ങളെ നമ്മളെങ്ങനെ തിരിച്ചറിയും. അതുകൊണ്ട് കഴക്കൂട്ടം മുരളി അവർകൾ എഴുതട്ടെ. ധാരാളമെഴുതട്ടെ.
- ‘ചിരി വീണ്ടും ചിരി’ എന്ന വിനോദ മാസികയിൽ മുണ്ടശ്ശേരിയെസ്സംബന്ധിച്ച് ഒരു ലേഖനമുണ്ട്; ജോൺസൺ ഐരൂർ എഴുതിയത്. എറണാകുളം മഹാരാജാസ് കോളേജിൽ വച്ചുള്ള ഒരു സമ്മേളനത്തിൽ പ്രസംഗിക്കാനെഴുന്നേറ്റ മുണ്ടശ്ശേരി സദസ്സിനെ നോക്കി ‘സ്നേഹിതരേ’ എന്നു അഭിസംബോധന ചെയ്തു. ഉടനെ പിറകിൽ നിന്നൊരു ശബ്ദം “എന്തോ ഓഓഓ”. മുണ്ടശ്ശേരി ശബ്ദം വന്ന ഭാഗത്തേക്കു നോക്കിയിട്ടു ചോദിച്ചു: “തന്തയില്ലാത്തവനേ എന്നല്ലല്ലോ വിളിച്ചത് പിന്നെന്തിനാ വിളികേട്ടത്?”
ഇതു വായിച്ചപ്പോൾ തിരുവനന്തപുരത്തെ ടൗൺഹാളിൽ നടന്ന ഒരു സംഭവം ഓർമ്മയിലെത്തുന്നു എനിക്ക്. അഭിനയകലയിൽ അതിവിദഗ്ദ്ധനായ ഒരാൾ (പേരെഴുതുന്നത് ശരിയല്ല). നായകന്റെ വേഷം കെട്ടിയിരിക്കുകയാണ്. അദ്ദേഹം പല്ലുകടിച്ചുകൊണ്ട് നാടകത്തിലെ ഒരു വാക്യം പറഞ്ഞു: “എനിക്കവളെ വേണം” അപ്പോൾ പിറകുവശത്തിരുന്ന വിദ്യാർത്ഥികളിൽ ഒരുത്തൻ അതേ രീതിയിൽ പല്ലുകടിച്ചുകൊണ്ട് “ആരെ?” എന്നു ചോദിച്ചു. അഭിനേതാവിനോടു ബഹുമാനവും സ്നേഹവുമുള്ള പ്രേഷകർക്ക് അത് ഒട്ടും രസിച്ചില്ല. അവർ പ്രതിഷേധിച്ചു പിറകോട്ടു നോക്കി. അഭിനേതാവും അങ്ങോട്ടുനോക്കി. ഒരു സെക്കൻഡ് മിണ്ടാതെനിന്നിട്ട് അദ്ദേഹം പറഞ്ഞു: “നിന്റെ തള്ളയെ.” പില്ക്കാലത്ത് അദ്ദേഹവും ഞാനും ചങ്ങനാശ്ശേരി എൻ. എസ്. എസ്. കോളേജിൽ ഒരു സമ്മേളനത്തിനു പോയി. കാറിലിരുന്നു പലതും സംസാരിച്ചപ്പോൾ ഈ പഴയ സംഭവം ഞാൻ ഓർമ്മിപ്പിച്ചു. എന്നിട്ടു ഞാൻ ചോദിച്ചു: “സാർ അവന്മാർ ലഹളയ്ക്കു വന്നിരുന്നെങ്കിലോ?” അദ്ദേഹം ചിരിച്ചുകൊണ്ടു ചോദിച്ചു: “കൃഷ്ണൻനായരേ ലഹളയുണ്ടാകുമെന്നു കരുതി നമുക്കു പറയാനുള്ളത് പറയാതിരിക്കാൻ പറ്റുമോ?”
മൂന്നു സിഗററ്റ് മാത്രം
ജർമ്മൻ നാടകകർത്താവാണ് റൊൾഫ് ഹോഹ് ഹൂറ്റ് (Rolf Hovhhuth, ജനനം 1931). The Representative (The Deputy എന്ന് അമേരിക്കയിൽ) എന്ന നാടകത്തിന്റെ രചനയോടുകൂടിയാണ് അദ്ദേഹം വിശ്വവിഖ്യാതനായത്. ഈശ്വരന്റെ Representative —പ്രതിനിധിയാണ് പോപ്പ്. ഹിറ്റ്ലർ ജൂതന്മാരെ ജീവനോടെ ദഹിപ്പിച്ചപ്പോൾ അതറിഞ്ഞ പോപ്പ് (Pius XII) എന്തുകൊണ്ട് മൗനം അവലംബിച്ചു എന്നാണ് നാടകകർത്താവിന്റെ ചോദ്യം. പോപ്പ് പ്രതിഷേധിക്കുമ്പോൾ ഹിറ്റ്ലർ അദ്ദേഹത്തിനെതിരായി പ്രവർത്തിച്ചാൽ യേശുവിനെപ്പോലെ പോപ്പും കുരിശിലേറേണ്ടതല്ലേ എന്നു ഹോഹ് ഹൂറ്റ് നാടകത്തിലൂടെ ചോദിച്ചു. പോപ്പിന്റെ സ്വഭാവത്തിനുള്ള ഗർഹണീയത കാണിക്കാനായി ഒരു പാതിരി ഔഷ്വിറ്റ്സിൽ (Auschwitz) മരണം വരിക്കുന്നത് നാടകകർത്താവ് ചിത്രീകരിച്ചു. റിക്കാർഡോ എന്നാണ് പാതിരിയുടെ പേര്. നാത്സികളുടെ വെടിയേറ്റു വീണ അദ്ദേഹത്തെ ജീവനോടെ ദഹിപ്പിക്കാൻ കൊണ്ടുപോകുമ്പോൾ നാടകം അവസാനിക്കുന്നു. നാടകവേദി ഇരുളുന്നു. മരിച്ച ഒരു പെൺകുട്ടിയെ അപ്പോഴും കാണാം. In this manner, the gas chambers functioned anothe whole year എന്നു കേൾക്കാറാകുന്നു. അസാധാരണമായ ശക്തിയുള്ള ഒരു ദുരന്തനാടകമാണ് The Representative.
ഹോഹ് ഹൂറ്റിന്റെ രണ്ടാമത്തെ നാടകം Soldiers എന്നതാണ്. പോളിഷ് നേതാവ് വ്ലാഡിസ്ലാഫ് സീക്കോർസ്കിയെ (Wlady slaw Sikorski) ചർച്ചിൽ കൊല്ലിച്ചുവെന്നാണ് നാടകകർത്താവിന്റെ പ്രഖ്യാപനം. സ്റ്റാലിനുമായി സഖ്യമുണ്ടാക്കാൻ സീക്കോർസ്കി തടസ്സമായി നിന്നതിനാൽ അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം ചർച്ചിലിന്റെ ആജ്ഞയാൽ ജിബ്രോൾട്ടറിൽ വച്ചു തകർക്കപ്പെട്ടുവെന്നാണ് ഹോഹ് ഹൂറ്റ് നാടകത്തിലൂടെ ധ്വനിപ്പിച്ചത്. (ഈ നാടകം ഞാൻ വായിച്ചിട്ടില്ല). അടുത്തകാലത്താണ് മഹാനായ ഈ നാടകകർത്താവിന്റെ A German Love Story എന്ന നോവൽ വായിച്ചത്. ഹിറ്റ്ലറുടെയും ഹിംലറുടെയും ക്രൂരതകെളെ വെല്ലുവിളിച്ചുകൊണ്ട് പ്രണയബദ്ധരായ ഒരു യുവതിയും യുവാവും ദുരന്തത്തിലേക്കു നീങ്ങുന്നത് ഈ നോവലിൽ വർണ്ണിച്ചിരിക്കുന്നു. ഒരു യഥാർത്ഥ സംഭവത്തെ അവലംബിച്ചുള്ളതാണ് ഇത്. നാത്സികളുടെ ക്രൂരത മുഴുവൻ ഇതിലുണ്ട്. മനുഷ്യന്റെ ജീവന് നാത്സികൾ എന്തുവില കല്പിച്ചിരുന്നുവെന്നതിന് താഴെച്ചേർക്കുന്ന നിർദ്ദേശം തെളിവുനല്കും. ജർമ്മൻ പോലീസ് ചീഫിന്റെ നിർദ്ദേശമാണിത്: Hanging is to be carried out by detainees wherever possible, in the case of foreign workers, by members of the same ethnic group. Detainees will each receive three cigarettes per execution.
|
|