Difference between revisions of "സാഹിത്യവാരഫലം 1988 08 28"
(Created page with "{{MKN/SV}} Category:മലയാളം Category:എം കൃഷ്ണന് നായര്‍ Category:സാഹിത്യവാരഫലം Category:ക...") |
(→ലാ ഫൊര്ഗ്) |
||
Line 102: | Line 102: | ||
==ലാ ഫൊര്ഗ്== | ==ലാ ഫൊര്ഗ്== | ||
− | ഹാസ്യാനുകരണം കലയായി മാറുന്നതു കാണണമെങ്കില്‍ ഫ്രഞ്ച് പ്രതിരൂപാത്മക കവി ഷൂള്‍ ലാഫൊര്ഗ് Jules Laforgue, 1860–87) എഴുതിയ Moral Tales വായിക്കണം. ആറു വിശിഷ്ടങ്ങളായ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. അവയില്‍ പ്രഥമസ്ഥാനം Hamlet on the Consequences of Filial Piety എന്നതിനാണ്. ഷെയ്ക്സ്പിയര്‍ നാടകത്തിലെ രണ്ടു രംഗങ്ങളെ മാത്രം അവലംബിച്ച് എഴുതിയ ഈ കഥയില്‍ ഹാംലിറ്റിനെ ലെയേര്ട്ടിസ് കൊല്ലുന്നതായിട്ടാണു കാണിച്ചിരിക്കുന്നത്. ഇരുപതാം ശതാബ്ദത്തിലെ ഹാംലിറ്റിനെ ലാഫൊര്ഗ് നേരത്തേ സൃഷ്ടിച്ചുവെന്നാണ് നിരൂപകരുടെ വാദം. ഓരോ ശതാബ്ദത്തിലും മുന്‍പുള്ള ശതാബ്ദത്തിലെ ആളുകള്‍ പുതിയ രീതിയില്‍ അവതരിക്കുമത്രേ. അതെന്തായാലും ഇക്കഥകളുടെ കലാസൗഭഗം നിഷേധിക്കാന്‍ വയ്യ. ഇരുപത്തേഴാമത്തെ വയസ്സില്‍ മരിച്ച ലാഫൊര്ഗിന്റെ ഈ കഥകളാണ് ജോയിസിനെ Ulysses എഴുതാന്‍ പ്രേരിപ്പിച്ചതെന്നു ചിലര്‍ക്ക് അഭിപ്രായമുണ്ട്. (Without Laforgue’s “Moral Tales” Joyce’s “Ulysses” would not have been possible) | + | ഹാസ്യാനുകരണം കലയായി മാറുന്നതു കാണണമെങ്കില്‍ ഫ്രഞ്ച് പ്രതിരൂപാത്മക കവി ഷൂള്‍ ലാഫൊര്ഗ് Jules Laforgue, 1860–87) എഴുതിയ Moral Tales വായിക്കണം. ആറു വിശിഷ്ടങ്ങളായ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. അവയില്‍ പ്രഥമസ്ഥാനം Hamlet on the Consequences of Filial Piety എന്നതിനാണ്. ഷെയ്ക്സ്പിയര്‍ നാടകത്തിലെ രണ്ടു രംഗങ്ങളെ മാത്രം അവലംബിച്ച് എഴുതിയ ഈ കഥയില്‍ ഹാംലിറ്റിനെ ലെയേര്ട്ടിസ് കൊല്ലുന്നതായിട്ടാണു കാണിച്ചിരിക്കുന്നത്. ഇരുപതാം ശതാബ്ദത്തിലെ ഹാംലിറ്റിനെ ലാഫൊര്ഗ് നേരത്തേ സൃഷ്ടിച്ചുവെന്നാണ് നിരൂപകരുടെ വാദം. ഓരോ ശതാബ്ദത്തിലും മുന്‍പുള്ള ശതാബ്ദത്തിലെ ആളുകള്‍ പുതിയ രീതിയില്‍ അവതരിക്കുമത്രേ. അതെന്തായാലും ഇക്കഥകളുടെ കലാസൗഭഗം നിഷേധിക്കാന്‍ വയ്യ. ഇരുപത്തേഴാമത്തെ വയസ്സില്‍ മരിച്ച ലാഫൊര്ഗിന്റെ ഈ കഥകളാണ് ജോയിസിനെ Ulysses എഴുതാന്‍ പ്രേരിപ്പിച്ചതെന്നു ചിലര്‍ക്ക് അഭിപ്രായമുണ്ട്. (Without Laforgue’s “Moral Tales” Joyce’s “Ulysses” would not have been possible.) |
{{***}} | {{***}} | ||
നിലവിലിരിക്കുന്ന കലാസങ്കല്പത്തെ തകര്‍ക്കുന്നവനെ ആളുകള്‍ ആദ്യം ശത്രുവായി കരുതും. പിന്നീട് മിത്രമായും ഇന്നത്തെ ശത്രുക്കള്‍ നാളെ മിത്രങ്ങളാകുമോ? | നിലവിലിരിക്കുന്ന കലാസങ്കല്പത്തെ തകര്‍ക്കുന്നവനെ ആളുകള്‍ ആദ്യം ശത്രുവായി കരുതും. പിന്നീട് മിത്രമായും ഇന്നത്തെ ശത്രുക്കള്‍ നാളെ മിത്രങ്ങളാകുമോ? | ||
{{MKN/SV}} | {{MKN/SV}} | ||
{{MKN/Works}} | {{MKN/Works}} |
Revision as of 07:11, 20 July 2014
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1988 08 28 |
ലക്കം | 676 |
മുൻലക്കം | 1988 08 21 |
പിൻലക്കം | 1988 09 04 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
1946-ലെ ഒരു രാത്രി. ഞങ്ങള്‍ മൂന്നുപേര്‍ സിനിമ കാണുകയായിരുന്നു. സ്വീഡിഷ് ചലച്ചിത്രതാരം ഇംഗ്രീഡ് ബര്ഗ്ഗ്മാന് അഭിനയിച്ച ‘ഗ്യാസ് ലൈറ്റ്’ എന്ന സിനിമയായിരുന്നു അത്. ചലച്ചിത്രം കണ്ടിട്ട് സിനിമാശാലയില്നിന്നു പുറത്തേക്കുപോന്ന ഓരോ വ്യക്തിയും ആഹ്ളാദിക്കുന്നുണ്ടായിരുന്നു. അത്രയ്ക്കു മനോഹരമായിരുന്നു ആ ചിത്രം ഇംഗ്രീഡ് ബര്ഗ്ഗ്മാന് അക്കാഡമി അവാര്‍ഡ് ലഭിച്ച സിനിമയാണ് അതെന്ന് എനിക്കു തോന്നുന്നു. ഞങ്ങള്‍ മൂന്നുപേരും — ഇപ്പോള്‍ നെടുമങ്ങാട്ടെ എം.എല്‍.എ ആയ കെ.വി. സുരേന്ദ്രനാഥ്, ഏഴുവര്‍ഷം മുന്‍പ് അന്തരിച്ചുപോയ ഒരു മുസ്ലിം സഹോദരന് അയ്യൂബ്. ഞാന്‍ ഇവര്‍ — കുറച്ചുനേരത്തേക്കു നിശ്ശബ്ദരായി നടന്നു. പെട്ടെന്നു ഞാന്‍ പറഞ്ഞു: “ഇംഗ്രീഡ് ബര്ഗ്ഗ്മാനെക്കാള് സൗന്ദര്യമുള്ള ചലച്ചിത്രതാരങ്ങള്‍ പലരുമുണ്ട്. പക്ഷേ, ഇവളുടെ ആകര്‍ഷകത്വം മറ്റാര്‍ക്കുമില്ല.” സുരേന്ദ്രനാഥ് അതിനു മറുപടി നല്കി: “അങ്ങനെ തോന്നുന്നതിനു കാരണം ഇംഗ്രീഡ് ബര്ഗ്ഗ്മാന് ‘ഇന്ത്യന്ലുക്ക്’ ഉണ്ട് എന്നതാണ്. “ശരിയാണ് ആ അഭിപ്രായമെന്ന് അന്നെനിക്കുതോന്നി. ഇന്നും അങ്ങനെ തോന്നുന്നു. ഇതിനെ ഞാന്‍ സാര്‍വലൗകിക സൗന്ദര്യം എന്നു വിളിച്ചു കൊള്ളട്ടെ. ഡൊറോത്തിലാമറിന് മദാമ്മയുടെ സൗന്ദര്യമുണ്ട്. പക്ഷേ, ഭാരതീയന് ഇഷ്ടം ഇംഗ്രീഡ് ബര്ഗ്ഗ്മാന്റെ സൗന്ദര്യമാണ്. ചില പുരുഷന്മാരും ഈ രീതിയിലുള്ള സാര്‍വലൗകിക സൗന്ദര്യത്താല്‍ അനുഗൃഹീതരായിരിക്കും. ജെ. കൃഷ്ണമൂര്‍ത്തിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്‍ഡ്യയിലെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നതുപോലെ മറ്റേതു രാജ്യത്തെയും സ്ത്രീകള്‍ ഇഷ്ടപ്പെടും. സ്ത്രീകളെയും പുരുഷന്മാരെയും സംബന്ധിച്ച ഈ പരമാര്‍ത്ഥം തന്നെ. കാവാബാത്തയുടെ Snow Country എന്ന നോവല്‍ എത്ര സുന്ദരമാണെങ്കിലും അത് ജപ്പാന്‍കാരന്റെ നോവലാണ്. പക്ഷേ ടോള്‍സ്റ്റോയിയുടെ ‘അന്ന കരേനിന’ റഷ്യാക്കാരിയുടെ കഥ മാത്രമല്ല, ഭാരതത്തിലെ സ്ത്രീയുടെയും കഥ തന്നെയാണ്. സാഹിത്യ സൃഷ്ടികള്‍ക്ക് ഇമ്മട്ടില്‍ സാര്‍വലൗകിക സൗന്ദര്യം വരുമ്പോഴാണ് അവ മഹനീയതയിലേക്കു ചെല്ലുന്നത്. ദൗര്‍ഭാഗ്യം കൊണ്ട് നമ്മുടെ നവീനങ്ങളായ നോവലുകള്‍ക്കും ചെറുകഥകള്‍ക്കും കാവ്യങ്ങള്‍ക്കും’ അന്യ ദേശീയ സ്വഭാവം’ വന്നുചേര്‍ന്നിരിക്കുന്നു. കേരളീയത ഒട്ടുമില്ലാത്ത ‘വിജ്ഞാതീയ’ങ്ങളായ കൃതികള്‍. അവയ്ക്കു സാര്‍വലൗകിക സൗന്ദര്യവുമില്ല, കേരളീയ സൗന്ദര്യവുമില്ല.
Contents
അടിമയാക്കരുത്
ദാമ്പത്യജീവിതത്തിന്റെ ദൃഢതയില്‍ വിശ്വാസമര്‍പ്പിക്കുന്ന സംസ്കാരമാണ് നമ്മുടേത്. ജനകന് സീതയെ രാമനു നല്കുമ്പോള് “ഇവള് എന്റെ മകളാണ്, നിന്റെ സഹധര്‍മ്മചാരിണിയാണ്” എന്നാണു പറഞ്ഞത്. ജനകന്റെ മകള്‍ തെറ്റു ചെയ്യില്ലെന്നും അവള് രാമന്റെ എല്ലാ ധര്മ്മങ്ങളോടൊത്ത് ചരിക്കുമെന്നും ധ്വനി. പക്ഷേ അക്കാലത്തും ദാമ്പത്യജീവിതത്തെ അതിന്റെ തനിനിറത്തില്‍ കണ്ടിരുന്നില്ലെന്ന് രാമന്റെയും സീതയുടെയും പില്ക്കാലത്തെ ജീവിതം തെളിയിക്കുന്നു. അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. വിവാഹം കൃത്രിമത്വം ഉള്ള ഏര്‍പ്പാടാണ്. രണ്ടുപേരെ ബലാല്‍ക്കാരമായി ബന്ധിപ്പിക്കുകയാണത്. അവര്‍ ശാശ്വതമായി സ്നേഹിച്ചുകൊള്ളണമെന്നു സമുദായം അനുശാസിച്ചാല്‍ ജന്മവാസനകളും മനുഷ്യരുടെ സ്വഭാവ സവിശേഷതകളും കൂട്ടാക്കുകയില്ല. സംഘട്ടനമുണ്ടായേ മതിയാകൂ. സമകാലിക ലോകത്ത് ജീവിതം സങ്കീര്‍ണ്ണമായി ഭവിച്ചതുകൊണ്ട് സംഘട്ടനം കൂടുതലാണ്. ഭര്‍ത്താവ് മദ്യപനാണെങ്കില്‍, വ്യഭിചാരിയാണെങ്കില്‍ ഈ സംഘട്ടനം മൂര്‍ദ്ധന്യാവസ്ഥയിലെത്തും. അപ്പോള്‍ സ്ത്രീ എല്ലാം സഹിച്ച് അടിമയായി കഴിയും. അല്ലെങ്കില്‍ ഭര്‍ത്താവെന്ന നാരാധമനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്കു പോരും; അതുമല്ലെങ്കില്‍ സാരിയില്‍ മണ്ണെണ്ണയൊഴിച്ചു തീ കത്തിക്കും. വെന്തുമരിക്കും, അടിമയായി കഴിഞ്ഞുകൂടുന്നതിനാണ് പെണ്ണിന്റെ അച്ഛനമ്മമാര്‍ മിക്കവാറും അവളെ പ്രേരിപ്പിക്കുക. “മോളേ ഭര്‍ത്താവു കാണപ്പെട്ട ദൈവമാണ്. നീ അയാളെ അനുസരിക്കണം. കുറച്ചു കുടിച്ചാലെന്ത്? അയാളുടെ ശരീരത്തിനല്ലേ കേട്” എന്നാവും അമ്മയുടെ ഉപദേശം ഇങ്ങനെ രഹസ്യമായി ഉപദേശിച്ചിട്ട് അന്യരോട് “ഏയ്, എന്റെ മരുമോന് ഒരുതുള്ളി തൊടില്ല” എന്നു പറയുകയും ചെയ്യും. “എന്നാല്‍പ്പിന്നെ ഒരുകാലത്ത് കാണാന്‍ കൊള്ളാമായിരുന്ന നിങ്ങളുടെ മോള് ഇന്ന് പേക്കോലമായതെങ്ങനെ? നിങ്ങളുടെ മരുമകന് ക്ഷയരോഗിയെപ്പോലായതെങ്ങനെ?” എന്ന് അവര്‍ അങ്ങോട്ടു ചോദിക്കയുമില്ല. മാന്യതയുടെയും മര്യാദയുടെയും പേരിലുള്ള അന്യരുടെ മൗനമാണത്.
കാല്പനിക പ്രേമവും മറ്റും ദാമ്പത്യ ജീവിതത്തിലില്ല. അതുള്ളവര്‍ വിവാഹം കഴിച്ചാല്‍ പതിനഞ്ചുദിവസംകൊണ്ട് ആ പ്രേമം ഇല്ലാതാവുകയും ചെയ്യും. പിന്നീട് വെറുപ്പോടുകൂടിയാണ് രണ്ടുപേരുടെയും ജീവിതം. ഈ നരകത്തില്‍നിന്ന് (ഷായുടെ ഭാഷയില്‍ പറഞ്ഞാല്‍ Perpetual misery of wedlock) രക്ഷ നേടണമെങ്കില്‍ വിവാഹമോചനം എളുപ്പമുള്ളതാകണം. സന്താനങ്ങളെക്കരുതി സ്റ്റേറ്റ് വിവാഹമോചനത്തിനു പ്രതിബന്ധ സഹസ്രങ്ങള്‍ നിര്‍മ്മിച്ചുവച്ചിരിക്കുന്നു. യാതന അനുഭവിക്കുന്ന ഒരു സ്ത്രീക്കും പെട്ടെന്നു മോചനം കിട്ടാത്ത വിധത്തിലാണ് ഇന്നത്തെ നിയമം. വെറും മനുഷ്യത്വത്തിന്റെ പേരില്‍ ഇതിന് അയവുവരുത്തേണ്ടിരിക്കുന്നു. മാത്രമല്ല, കഷ്ടപ്പെടുന്ന മകള്‍ കഷ്ടപ്പെടുന്നില്ലെന്നും അവള് സ്വര്‍ഗ്ഗീയസുഖം അനുഭവിക്കുകയാണെന്നും അവളുടെ അച്ഛനമ്മമാര്‍ പ്രചരിപ്പിക്കുന്നതും നിറുത്തേണ്ടതാണ്. എങ്കിലേ സമുദായം മദ്യപാനിയും വ്യഭിചാരിയുമായ ഭര്‍ത്താവിനെ നിലയ്ക്കു നിറുത്തുകയുള്ളു.
നിലവിലിരിക്കുന്ന കലാ സങ്കല്പത്തെ തകര്‍ക്കുന്നവനെ ആളുകള്‍ ആദ്യം ശത്രുവായി കരുതും. പിന്നീട് മിത്രമായും. ഇന്നത്തെ ശത്രുക്കള്‍ നാളെ മിത്രങ്ങളാകുമോ?
ടി.വി. സെറ്റില്ലാത്ത, ടെലിഫോണില്ലാത്ത ഫ്രിഡ്ജില്ലാത്ത, ഇരിക്കാന്‍ മനോഹരങ്ങളായ കസേരകളില്ലാത്ത എന്റെ വീട്ടില്‍ ധനികര്‍ വരുമ്പോള്‍ എന്നെക്കുറിച്ച് അവരെന്തു വിചാരിക്കും എന്ന് എനിക്കുപേടി. വേണ്ടപോലെ പരിശോധിക്കാതെ ഷര്‍ട്ടിട്ടുകൊണ്ട് റോഡിലേക്ക് ചെന്നപ്പോഴാണ് അതിലെ കീറല്‍ ഞാന്‍ കാണുന്നത്. മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നാലോചിച്ച് ഞാന്‍ പേടിക്കുന്നു. ഈ പേടി എല്ലാ മണ്ഡലങ്ങളിലുമുണ്ട്. ദുര്‍വൃത്തനായ മകനെയോ മരുമകനെയോ നല്ലവനാക്കി മറ്റുള്ളവരുടെ മുന്പില് യഥാക്രമം അച്ഛനമ്മമാരും അമ്മാവനും അമ്മായിയും അവതരിപ്പിക്കുന്നത് ഈ ഭയത്താലാണ്. കുടുംബരഹസ്യങ്ങള്‍ പുരപ്പുറത്തു കയറിനിന്നു വിളിച്ചുകൂവണമെന്നല്ല ഞാന്‍ പറയുന്നത്. ദോഷത്തെ ദോഷമായി കാണണമെന്നാണ്. തീ തിന്നുന്ന മകളെ അമ്മ കൂടുതല്‍ തീ തീറ്റിക്കരുത് എന്നാണ്. അതു ചെയ്തില്ലെങ്കില്‍? അതിനുള്ള ഉത്തരമാണ് കലാകൗമുദിയില്‍ ബി. ഹരികുമാര്‍ എഴുതിയ “ഒരിക്കലും മരിക്കാത്തവര്‍” എന്ന ചെറുകഥ.
മകന്റെയോ മരുമകന്റെയോ തിന്മ മറ്റുള്ളവരെ അറിയിക്കുന്നത് തന്റെ തിന്മയെ വിളംബരം ചെയ്യലാണെന്ന് ഫ്രഞ്ചെഴുത്തുകാരന്‍ ആങ്ത്വാന്‍ ദ സാങ് തേഗ്സ്യൂ പേരി (Antoine de Saint Exupery, 1900–1944) പറഞ്ഞിട്ടുണ്ട്. കാരണം അവര്‍ കുറ്റപ്പെടുത്തുന്നവന്റെ ആത്മാവിന്റെ ഭാഗമാണ് എന്നതത്രേ. അവരെ തിന്മയുള്ളവരായി കാണിച്ചുകൊടുക്കുമ്പോള്‍ അയാള്‍ തന്നെത്തന്നെ വിമര്‍ശിക്കുകയാണ്. തന്റെ കൊള്ളരുതായ്മയെ പരോക്ഷമായി പ്രഖ്യാപിക്കുകയാണ്. (സാങ്തേഗ്സ്യൂ പേരിയുടെ പുസ്തകത്തിന്റെ പേരു ഞാന്‍ മറന്നുപോയിരിക്കുന്നു) ഈ ഫ്രഞ്ചെഴുത്തുകാരനോട് ഞാന്‍ യോജിക്കുന്നില്ല. ഞാന്‍ എന്റെ തന്നെ ആത്മാവിനെ അനാവരണം ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ മറ്റുള്ളവരോട് കാരുണ്യം കാണിക്കുന്നതെന്തിനാണ്? കീറിയ ഉടുപ്പ് ഇടുന്നതില്‍ അഭിമാനഭംഗത്തിനു ഒരു ഹേതുവുമില്ലെന്നു വിശ്വസിക്കുന്ന എന്നെ ആരെങ്കിലും അതിന്റെ പേരില്‍ കളിയാക്കിയാല്‍ എനിക്കു വൈഷമ്യമില്ല. ജൂലൈ 22 നു. തോളിന്റെ ഒരുഭാഗം കീറിയ ഖദര്‍ഷര്‍ട്ടു ധരിച്ചുകൊണ്ട് ഞാന്‍ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്‍ എറണാകുളം സ്റ്റേഷന് പിളാറ്റ്ഫോമില് നിന്നപ്പോള്‍ സുന്ദരനായ ഒരു യുവാവ് എന്റെ അടുത്തെത്തി ‘ഓര്‍മ്മയുണ്ടോ?’ എന്നുചോദിച്ചു. ‘മറന്നുപോയല്ലോ’ എന്ന് ഞാന്‍ ദുഃഖത്തോടെ പറഞ്ഞു. താനാരെന്ന് യുവാവ് വ്യക്തമാക്കിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കരതലം ഗ്രഹിച്ചു. കഥാകാരനാണ് ഞാന്‍ അദ്ദേഹത്തിന്റെ രചനകളെക്കുറിച്ച് അധികമൊന്നും നന്മ പറഞ്ഞിട്ടില്ല. ദോഷമേറെ സ്പഷ്ടമാക്കിയിട്ടുണ്ടുതാനും. യുവാവിന്റെ അടുത്ത ചോദ്യം: “എന്നാണ് ഖദറാക്കിയത്?” എന്റെ മറുപടി: “ഖദറാക്കിയതല്ല. വില കുറവാണ്. റെഡിമെയ്ഡ് ഷര്‍ട്ട് വേഗം വാങ്ങാം. സമയത്തിന് ഉപകരിക്കും.” ഇത്രയും അറിയിച്ചിട്ട് എം.പി. പോളിന്റെ ഒരു നേരമ്പോക്കു ഞാന്‍ പറഞ്ഞു: പോള്‍ ഖദര്‍ ധരിച്ച് തീവണ്ടിയിലിരിക്കുകയായിരുന്നു. ആരോ ചോദിച്ചു: “അല്ല മാഷ് ഖദറാക്കിയോ?” പോള്‍ മറുപടി നല്കി: “ഓര്‍ക്കായ്കയല്ല. വല്ല കള്ളക്കടത്തുകാരനായോ കരിഞ്ചന്തക്കാരനായോ എന്നെ തെറ്റിദ്ധരിച്ചേക്കുമെന്ന് എനിക്കറിയാം.” യുവാവ് ഉടനെ പറഞ്ഞു: “വേറൊരു സൗകര്യമുണ്ട്. ഖദര്‍ഷര്‍ട്ട് കീറിയാലും ധരിക്കാം.” ഇതുകേട്ട് ഞാനങ്ങു ബോധംകെടുമെന്നാണ് പാവം ചെറുപ്പക്കാരന് വിചാരിച്ചത്. കീറിയ വസ്ത്രം ധരിച്ചാല്‍ അഭിമാനത്തിന് മുറിവേല്ക്കുകയില്ല എന്ന വിചാരം ആ കീറിയ ഷര്‍ട്ടിലൂടെ അനാവരണം ചെയ്യുകയായിരുന്നു ഞാന്‍. അങ്ങനെ പ്രവര്‍ത്തിക്കുന്ന എനിക്ക് മകന്റെയോ മറ്റു ബന്ധുക്കളുടെയോ മാനസിക നിലയെ അനാവരണം ചെയ്യാന്‍ അധികാരമുണ്ട്.
മരണവും നാട്യവും
മഹാന്മാര്പോലും കഷ്ടപ്പെട്ടാണു മരിക്കുക. ശ്രീരാമകൃഷ്ണ പരമഹംസന് തൊണ്ടയില്‍ അര്‍ബ്ബുദം വന്നുമരിച്ചു. രമണമഹര്‍ഷി രക്താര്ബ്ബുദത്താലാണ് അന്തരിച്ചത്.പ്രോസ്റ്റേറ്റ് ഗ്രന്ഥി ശസ്ത്രക്രിയ ചെയ്തു നീക്കിയതിനുശേഷംവന്ന രോഗത്താല്‍ രവീന്ദ്രനാഥ ടാഗോര്‍ ചരമം പ്രാപിച്ചു. ഫ്രായിറ്റിന് കവിളില്‍ അര്‍ബ്ബുദമായിരുന്നു. ആല്‍ഡസ് ഹക്സിലിക്കും അതുതന്നെയായിരുന്നു രോഗം. അപകടങ്ങളില്‍പ്പെട്ടു മരിക്കുന്നവര്‍ ധാരാളം. റൊളാങ് ബാര്‍ഥ് റോഡ് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു വാന്‍ വന്നിടിച്ചു. അല്പം കഴിഞ്ഞു മരിച്ചു. അല്‍ബേര്‍ കമ്യൂ കാറ് മരത്തിലിടിച്ചാണ് അന്ത്യശ്വാസം വലിച്ചത്. “നേരെ ചൊവ്വേ” മരിക്കുന്നവര്‍ വിരളം. അവരാണ് അനുഗൃഹീതര്‍. മരണം സംഭവിച്ചാല്‍ അടുത്ത ബന്ധുക്കള്‍ നാലുവിളി വിളിക്കും. അതിനപ്പുറമൊന്നുമില്ല. ഞാന്‍ ഉള്‍പ്പെട്ട മിത്രങ്ങള്‍ പൊള്ളയായ നാല് അനുശോചന വാക്യങ്ങളില്‍ എല്ലാമൊതുക്കും. തീര്‍ന്നു. അതോടെ മരിച്ച വ്യക്തി വിസ്മരിക്കപ്പെട്ടു.
മരണത്തില്‍ ബന്ധുക്കള്‍ കാണിക്കുന്ന ക്രൂരത മിത്രങ്ങള്‍ കാണിക്കാറില്ല. എനിക്കു പരിചയമുണ്ടായിരുന്ന ഒരു സ്ത്രീ പത്തു കൊല്ലത്തോളം ഗര്‍ഭാശയത്തിലെ കാന്‍സര്‍ കൊണ്ടു കഷ്ടപ്പെട്ടതിനുശേഷം മരിച്ചു. മൃതദേഹം കുളിപ്പിച്ച് ശ്മശാനത്തിലേക്ക് എടുക്കാന്‍ ഭാവിച്ചപ്പോള്‍ അതിനെ മൂടാന്‍ വേണ്ടി കസവുള്ള ഒരു നേരിയത് ആരോ എടുത്തുകൊണ്ടുവന്നു. അവരുടെ ഭര്‍ത്താവ് അതുകൊണ്ടുവന്നയാളിനെ ആ മൃതദേഹത്തിന്റെ മുന്പില് വച്ചുതന്നെ ശാസിച്ചു. “ഈ വിലകൂടിയ നേരിയതേയുള്ളോ ശവം മൂടാന്‍?” എന്നായിരുന്നു അയാളുടെ ആക്രോശം. അതു പിടിച്ചുവാങ്ങിക്കൊണ്ട് അയാള്‍ അകത്തേക്ക് ഓടി. തിരിച്ചുവന്നത് ഒരു പഴയ പുളിയിലക്കരയന്‍ നേരിയതുമായിട്ടാണ്. മൃതദേഹം രാത്രിയാണ് ശ്മശാനത്തിലേക്കു കൊണ്ടുപോയത്. നേരം വെളുത്തു. ഒന്‍പതുമണിക്ക് വീട്ടിന്റെ മുന്‍വശത്തുള്ള ഇടവഴിയില്‍ മീന്‍കാരി ‘പരവ, പരവ’ എന്നുവിളിച്ചു. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ഇടവഴിയിലേക്ക് ഓടിച്ചെന്ന് പരവമീന്‍ വാങ്ങിക്കൊണ്ടുവന്നു. ശ്മശാനത്തില്‍ പട്ടടയിലിരുന്ന ശരീരം പകുതിമാത്രമേ എരിഞ്ഞിരിക്കൂ. അതിന്റെ ഗന്ധം ശ്വസിച്ചുകൊണ്ട് പെണ്മക്കള് മീന്‍ അറുത്തുകഴുകി വൃത്തിയാക്കി പൊരിച്ചു. എല്ലാവരും ഉത്സാഹത്തോടെ ഉണ്ണാനിരുന്നപ്പോള്‍ പരേതയുടെ മൂത്തമകന് പറഞ്ഞു: “അമ്മയുടെ മൃതദേഹം എരിഞ്ഞുതീര്ന്നിട്ട് പോരായിരുന്നോ ഈ പൊരിച്ച മീന്തീറ്റി? കഷ്ടം!” ഇതുകേട്ട ഒരു മകള്‍ ദേഷ്യത്തോടെ: “ഒരാള്‍ മരിച്ചുവന്നു പറഞ്ഞ് ജീവിച്ചിരിക്കുന്നവര്‍ക്ക് ആഹാരം കഴിക്കണ്ടേ?” നാല്പതുദിവസം കഴിയുന്നതിനുമുമ്പ്, മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ഹൃദയാഘാതത്താല്‍ മരിച്ചു. ആ മനുഷ്യന്റെ സഞ്ചയനം നടക്കുന്ന വേളയില്‍ അയാളുടെ മൂന്നു സഹോദരികള്‍ അടുക്കളയില്‍ കയറിയിരുന്ന് മരച്ചീനിയും മീനും കഴിക്കുകയായിരുന്നു. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. ലോകമെമ്പാടും ഇങ്ങനെയാണ് മരണത്തോടു ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കുക.
മനുഷ്യനു പ്രായം കൂടിവരുമ്പോള്‍ എല്ലാം ക്ഷയിച്ചുതുടങ്ങും. തലച്ചോറു പ്രവര്‍ത്തിക്കില്ല. മാംസപേശികളും സിരകളും പണി മുടക്കും. ‘അപ്പോള്‍ മരിച്ചാല്‍ മതിയെന്ന് ആ വ്യക്തി വിചാരിക്കും ആ വിചാരത്തിനു ശക്തി കൂടിയാല്‍ മരണം എളുപ്പത്തില്‍ വന്നുചേരും. ഉറക്കഗുളിക അന്വേഷിക്കാതെ, കയറെടുക്കാതെ, കഠാര കൈയിലെടുക്കാതെ, അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ കയറാതെ മരണം പ്രാപിക്കാം. അഭിലഷിച്ചാല്‍ മതി. ‘മരിച്ചാല്‍ മതിയായിരുന്നു’ എന്നു രോഗിയോ വൃദ്ധനോ വൃദ്ധയോ പറയുന്നതില്‍ സത്യമുണ്ടെങ്കില്‍ മരണം പുഞ്ചിരി പൊഴിച്ചെത്തും.
ഈ സത്യമൊക്കെ എത്ര അനായാസമായി എം. രാഘവന് ‘പട്ടുതുണി’ എന്ന ചെറുകഥയില്‍ നിവേശിപ്പിച്ചിരിക്കുന്നു. വല്യ മൂത്തമ്മ മരിച്ചു. ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് ഒരു പുതപ്പിനോടു കമ്പം. മരിച്ചപ്പോള്‍ ആരോ ആ പുതപ്പുകൊണ്ടു അവരെ മൂടി. അവരുടെ ചേട്ടന് പണ്ടേ അതിനോട് അഭിനിവേശമുണ്ട്. അത് മൃതദേഹത്തില്‍നിന്ന് വലിച്ചെടുക്കാന്‍ അയാള്‍ ഭാവിച്ചപ്പോള്‍ അതിന്റെ (മൃതദേഹത്തിന്റെ) രണ്ടുവിരലുകള്ക്കിടയില് അതകപ്പെട്ടുപോയി. “ഇനി ആരു പിടിച്ചു വലിച്ചാലും വല്യ മൂത്തമ്മ വിടില്ല” എന്ന് വേറൊരാള് പറയുമ്പോള്‍ കഥ പര്യവസാനത്തിലെത്തുന്നു. നവീനന്മാരെപ്പോലെ, അമൂര്‍ത്തമായ തലത്തില്‍ വസ്തുതകളെ കോര്‍ത്തിണക്കാന്‍ കഥാകാരനു കൗതുകമില്ല. മൂര്‍ത്തമായ തലത്തിലാണ് ആ സംയോജനം നടക്കുക. എല്ലാം യോജിച്ചുകഴിയുമ്പോള്‍ ജീവിതസത്യം അര്‍ക്കകാന്തിയോടെ വിലസുന്നു. ഒരു നാട്യവുമില്ലാത്ത ചെറുകഥ. ലളിതമായ ആവിഷ്ക്കാരം. സാഹിത്യപരമായ ഭാഷയില്ല. സ്യൂഡോപൊയറ്റിക്കായ വാക്കുകളില്ല, വര്‍ണ്ണനകളില്ല. (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍)
ടെലിഫോണ്‍
‘സാഹിത്യവാരഫലം’ സാഹിത്യത്തെ മാത്രം സ്പര്‍ശിക്കുന്നതല്ല. ജീവിതമാണ് സാഹിത്യം. അതുകൊണ്ടു ജീവിതത്തെ സംബന്ധിക്കുന്ന പലതും ഞാനിതില്‍ എഴുതിയെന്നുവരും. ഇപ്പോള്‍ ടെലിഫോണിനെക്കുറിച്ചാണ് പറയാന്‍ തോന്നുന്നത്. ഒന്നാമതായി എഴുതാനുള്ളത് വീട്ടിലെ കുട്ടികളെക്കൊണ്ട് ഫോണ്‍ എടുപ്പിക്കരുത് എന്നാണ്. സര്‍വ്വകലാശാലയിലെ ഒരു റീഡറോടു അത്യാവശ്യമായി ചില കാര്യങ്ങള്‍ സംസാരിക്കാനുള്ളതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ ടെലിഫോണില്‍ വിളിച്ചു. മകന് പയ്യന് അറിയിച്ചു: “അച്ഛനിവിടെയില്ല.” അച്ഛന്റെ അവിടത്തെ സംസാരം എനിക്കു ഫോണില്ക്കൂടെ കേള്‍ക്കാമായിരുന്നു. അതു കൊണ്ടു അഞ്ചുമിനിട്ടുകഴിഞ്ഞ് ഞാന്‍ വീണ്ടും വിളിച്ചു. മകന് പയ്യന് മറുപടി പറഞ്ഞതിങ്ങനെയാണ് “അച്ഛന് ഇവിടെയില്ലെന്നു പറഞ്ഞില്ലേടാ.” പിന്നീട് ഇന്നുവരെ ഞാന്‍ അദ്ദേഹത്തെ ടെലിഫോണില്‍ വിളിച്ചിട്ടില്ല. ഒരു മരണവാര്‍ത്ത അറിയിക്കാനായി പുനയിലേക്കു മൂന്നുതവണ ഞാന്‍ S.T.D ആയി വിളിച്ചു. ആ മൂന്നുതവണയും അഞ്ചോ ആറോ വയസ്സുവരാവുന്ന ഒരു കുട്ടിയാണ് ഫോണെടുത്തത്. അന്യോന്യബന്ധമില്ലാതെ അവന് എന്തോ പറഞ്ഞതല്ലാതെ ഫോണില്‍ എനിക്കാവശ്യമുള്ള ആളിനു അവനതു കൊടുത്തതേയില്ല. മരണവാര്‍ത്ത കമ്പിസന്ദേശമായി കൊടുക്കേണ്ടിവന്നു. കൊച്ചുകുട്ടികള്‍ ഫോണില്‍ സംസാരിക്കുന്നതു കാണാന്‍ അച്ഛനമ്മമാര്‍ക്കും അപ്പൂപ്പന്മാര്ക്കും അമ്മൂമ്മമാര്‍ക്കും ഇഷ്ടമാണ്. പണം ചെലവാക്കി S.T.D. കാള്‍ നടത്തുന്നവര്‍ക്ക് അതിഷ്ടമുള്ള കാര്യമല്ല.
രണ്ട്: ആകര്ഷതക്വമുള്ള മുഖവും അതിലെ മധുരപ്പുഞ്ചിരിയുമുള്ളവള് നമ്മളോടു നേരിട്ടു സംസാരിക്കുമ്പോള്‍ ‘ങേ, ങേ’ എന്നു പറഞ്ഞാലും നമുക്കൊന്നും തോന്നുകയില്ല. മുഖത്തിന്റെ സൗന്ദര്യവും മന്ദസ്മിതത്തിന്റെ മാധുര്യവും ‘ങേ’ എന്ന ചോദ്യത്തിന്റെ പാരുഷ്യം ഇല്ലാതാക്കും. എന്നാല്‍ ഫോണില്‍ക്കൂടി നമ്മളെന്തെങ്കിലും പറയുമ്പോള്‍ മറ്റേയറ്റത്തുനിന്ന് ‘ങേ, ങേ’ എന്ന് അതിസുന്ദരി ചോദ്യരൂപത്തില്‍ ശബ്ദമെറിഞ്ഞാല് നമുക്കു വെറുപ്പുതോന്നും. നമ്മള് അപ്പോള്‍ മുഖം കാണുന്നില്ലല്ലോ. ടെലിഫോണ്‍ സംഭാഷണത്തില്‍ ‘ങേ’ എപ്പോഴും ഒഴിവാക്കണം.
മൂന്ന്: നമ്മള് ദേഷ്യപ്പെട്ടിരിക്കുമ്പോഴായിരിക്കും സ്നേഹിതന് ഫോണില്‍ വിളിക്കുന്നത്. നമ്മുടെ ദേഷ്യം ശബ്ദത്തിനു പാരുഷ്യം വരുത്തും അങ്ങനെ പരുഷമായി സംസാരിച്ചാല്‍ സ്നേഹിതന് തീര്‍ച്ചയായും തെറ്റിദ്ധരിക്കും. എന്നെ കുഞ്ഞന്‍പിള്ള എന്നൊരാള്‍ പലപ്പോഴും ഫോണില്‍ വിളിച്ചു ശല്യപ്പെടുത്താറുണ്ട്. വീട്ടില്‍ ഫോണെടുത്തയാള്‍ വന്നുപറഞ്ഞു “കുഞ്ഞന്‍പിള്ള വിളിക്കുന്നു”വെന്ന്. ‘ശല്യമായി’ എന്നുകരുതി ഞാന്‍ റിസീവറെടുത്ത് ‘എന്തുവേണം?’ എന്നു ചോദിച്ചു. എത്ര ശ്രമിച്ചിട്ടും എന്റെ ശബ്ദം പരുഷമായിത്തന്നെയിരുന്നു. അപ്പോഴാണ് വടകരയില്‍നിന്ന് ആ ശബ്ദം എന്റെ കാതിലെത്തിയത്. “സര് കുഞ്ഞബ്ദുല്ലയാണ് വിളിക്കുന്നത്. എന്താ വല്ല ജോലിയിലും ഏര്പ്പെട്ടിരിക്കുകയായിരുന്നോ? അതോ സുഖമില്ലേ?” എന്നൊക്കെ. പുനത്തില്‍ കുഞ്ഞബ്ദുല്ല എന്നെ തെറ്റിദ്ധരിച്ചുവെന്നതു സ്പഷ്ടം. സത്യം വ്യക്തമാക്കാന്‍ എനിക്കു സാധിച്ചതുമില്ല. അദ്ദേഹം പറയാനുള്ളതു പറഞ്ഞിട്ട് ഫോണ്‍ താഴെവച്ചു. അതുകൊണ്ട് ഗുണപാഠമിതാ. സ്വന്തം ക്ഷോഭത്തെ നിയന്ത്രിച്ചിട്ടേ ഫോണില്‍ മറുപടി പറയാവൂ. ഇല്ലെങ്കില്‍ തെറ്റിദ്ധാരണയുണ്ടാവും.
ഇനി ഒരു സംഭവം. ഒരു റിട്ടയേര്‍ഡ് ഗവ. സെക്രട്ടറിയുടെ വീട് വാടകയ്ക്ക് എടുക്കാനായി ഞാന്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. വീട് തരാമെന്നു സമ്മതിച്ചു സെക്രട്ടറി. അരമണിക്കൂര്‍ കഴിഞ്ഞ് മറ്റൊരു കാര്യം പറയാനായി ഞാന്‍ വീണ്ടും അദ്ദേഹത്തെ വിളിച്ചു. അപ്പോള്‍ ഫോണെടുത്തത് സെക്രട്ടറിയുടെ മകനാണ്. പിന്നീട് ഫോണില്‍ക്കൂടി ഞാന്‍ കേട്ടത്:
- മകന്
- അച്ഛാ വീട് വേണമെന്നു പറഞ്ഞ കൃഷ്ണന്‍നായര്‍ വിളിക്കുന്നു.
- ദൂരെനിന്നുള്ള ഒരു ശബ്ദം
- ഞാന്‍ ഇവിടെയില്ലെന്നു പറയെടാ. അയാളെന്തിന് എന്നെ ശല്യപ്പെടുത്തുന്നു! “ഞാന്‍ വടക്കന്‍ പറവൂരു പോയെന്നും മറ്റന്നാളേ വരികയുള്ളൂവെന്നും പറ. നാശം.” വീണ്ടും ഗുണപാഠം. രഹസ്യമായി വല്ലതും പറയണമെങ്കില്‍ ഫോണിന്റെ വക്ത്രഗഹ്വരം കൈകൊണ്ടു പൊത്തിപ്പിടിച്ചുവേണം അതു ചെയ്യാന്‍.
കുട്ടികളേ വരൂ
ഒരു മണ്ണാങ്കട്ടയും ഒരു കരിയിലയും കൂടി കാശിക്കു പുറപ്പെട്ടു. കുറച്ചുവഴി ചെന്നപ്പോള്‍ ഒരു കാറ്റുവന്നു. അപ്പോള്‍ മണ്ണാങ്കട്ട കരിയിലയുടെ മീതെ ഇരുന്നു കൂട്ടുകാരനെ രക്ഷിച്ചു. പിന്നെയും അവര്‍ യാത്ര തുടര്‍ന്നപ്പോള്‍ ഒരു മഴവന്നു. ഇത്തവന്ന കരിയില മണ്ണാങ്കട്ടയെ മൂടിയിരുന്ന് അതിനെ രക്ഷിച്ചു. പിന്നെയും അവര്‍ കുറെക്കൂടി വഴിപോയപ്പോള്‍ ഒരു കാറ്റും മഴയുംകൂടി വന്നു. മണ്ണാങ്കട്ട അലിഞ്ഞുപോയി, കരിയില അങ്ങു പറന്നും പോയി. അങ്ങനെ ഒരു കഥ (സാഹിത്യ സാഹ്യം, ഒ.വി. പ്രിന്റിംഗ് വര്‍ക്ക്സ്, പുറം 13). ഇതിനെ എ.ആര്. രാജരാജവര്‍മ്മ ധാത്രീകഥ എന്നുവിളിക്കുന്നു. ശിശുക്കള്‍ക്ക് അതിബാല്യത്തില്‍ കേട്ടുരസിക്കാനുള്ളവയാണ് ഇത്തരം കഥകള്‍. പ്രായമായവര്‍ പ്രായമായവര്‍ക്കുവേണ്ടി എഴുതുന്ന ചില കഥകളും ഇമ്മട്ടില്‍ ധാത്രീകഥകള്‍ ആയിപ്പോകാറുണ്ട്. ഒരുദാഹരണം മണിയൂര്‍ ഇ. ബാലന് ദേശാഭിമാനി വാരികയില്‍ എഴുതിയ ‘വഴികാട്ടി’ എന്ന കഥ തന്നെ. കഥയിലെ വഴികാട്ടി കോമ്പിയാണ്. കോമ്പിയും സാറും കൂടി കൊടുങ്കാടിലേക്കു കടന്നു. അവരെ ആന ഉപദ്രവിച്ചില്ല, നരി ഉപദ്രവിച്ചില്ല, പക്ഷേ, കാടുകൊള്ളയടിക്കാന് വേണ്ടി വന്നെത്തിയ ചിലര്‍ കോമ്പിയെ വെടിവച്ചു കൊന്നു. മൃഗങ്ങളെ പേടിക്കേണ്ട, കാട്ടു കള്ളന്മാരെ പേടിക്കണം എന്നുസാരം. മണ്ണാങ്കട്ടയും കരിയിലയും എന്ന കഥ പ്രാകൃതമായ ആഖ്യാനമായതുപോലെ മണിയൂര്‍ ഇ. ബാലന്റെ കഥയും പ്രാകൃതത്വം ആവഹിക്കുന്നു. സാഹിത്യമെന്ന്ത്, കലയെന്നത് ഇത്തരം ബാലിശത്വങ്ങളില്നിന്ന് എത്രയോ കാതം അകലെയാണ്.
എന്റെ വായനക്കാരില്‍ കുട്ടികളുണ്ടോ? ഉണ്ടെങ്കില്‍ വേറൊരു ധാത്രീകഥ കേള്‍ക്കൂ. ആലിബാബയുടെ സഹോദരന് കാസ്സിമിനെ കാണാനില്ല. കാസ്സിമിന്റെ ഭാര്യ വല്ലാതെ കരഞ്ഞു. അടുത്ത ദിവസം ആലിബാബ കാസ്സിമിന്റെ ശരീരാവശിഷ്ടങ്ങള്‍ കൊണ്ടു വന്നു. ഭാര്യ പിന്നെയും കരഞ്ഞു. അപ്പോള്‍ ആലിബാബ അവളോടു പറഞ്ഞു: ഞാന്‍ നിന്നെ വിവാഹം ചെയ്തുകൊള്ളാം. കരച്ചില് നിന്നു ദുഃഖവും മാറി. മാത്രമല്ല അവള് ആഹ്ളാദിക്കുകയും ചെയ്തു.
നന്മയും തിന്മയും
സാഹിത്യസൃഷ്ടികള്‍ക്ക് സാര്‍വലൗകിക സൗന്ദര്യം വരുമ്പോഴാണ് അവ മഹനീയതയിലേക്കു ചെല്ലുന്നത്. ദൗര്‍ഭാഗ്യം കൊണ്ട് നമ്മുടെ നവീനങ്ങളായ നോവലുകള്‍ക്കും ചെറുകഥകള്‍ക്കും കാവ്യങ്ങള്‍ക്കും അന്യദേശീയത വന്നു ചേര്‍ന്നിരിക്കുന്നു. കേരളീയത ഒട്ടുമില്ലാത്ത വിജാതീയങ്ങളായ കൃതികള്‍. അവയ്ക്കു സാര്‍വലൗകിക സൗന്ദര്യവുമില്ല, കേരളീയ സൗന്ദര്യവുമില്ല.
മനുഷ്യന്റെ ചരിത്രം പരിശോധിക്കൂ. സമാന്തരങ്ങളായ രണ്ടു പ്രവാഹങ്ങളുണ്ട്. ഒന്ന് നന്മയുടെ പ്രവാഹം; മറ്റൊന്ന് തിന്മയുടെ പ്രവാഹം. അലക്സാണ്ടര്‍ ചക്രവര്‍ത്തി ദിഗ്വിജയം എന്നതിന്റെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കിയപ്പോള്‍ അരിസ്റ്റോട്ടില്‍ മനുഷ്യനന്മയെ ലക്ഷ്യമാക്കി ദാര്‍ശനികപദ്ധതി രൂപവത്കരിക്കുകയായിരുന്നു. നെപ്പോളിയന് അപരാധം ചെയ്യാത്തവരെ നിഗ്രഹിച്ചപ്പോള്‍ ഗോയ്ഥേ, സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. ജൂതനായി ജനിച്ചോ? എങ്കില്‍ അയാള്‍ വധിക്കപ്പെടേണ്ടവരാണെന്നു കരുതി ലക്ഷക്കണക്കിന് ജൂതന്മാരെ ശ്വാസമംമുട്ടിച്ചു കൊന്നു ഹിറ്റ്ലര്‍. ആ മനുഷ്യമൃഗം അങ്ങനെ വധപരിപാടികളില് മുഴുകിയപ്പോള്‍ ഭാരതത്തില്‍ ഒരു അര്ദ്ധനഗ്നന് അക്രമ രാഹിത്യത്തിന്റെ മഹനീയത ഉദ്ഘോഷിക്കുകയായിരുന്നു. രഘുവംശം എഴുതിയ മനുഷ്യന്, താജ്മഹല്‍ നിര്‍മ്മിച്ച മനുഷ്യന് തന്നെയാണ് നൗഖാലിയില്‍ പിഞ്ചുകുഞ്ഞുങ്ങളെ കതകില്‍ ചേര്‍ത്തുവച്ചു ആണിയടിച്ചു കൊന്നത്. പെന്സിലിന് കണ്ടുപിടിച്ച മനുഷ്യന് ന്യൂക്ളിയര്‍ ബോംബും കണ്ടുപിടിച്ചു.
വ്യക്തിയിലുമുണ്ട് ദ്വന്ദ്വഭാവം. പട്ടിക്കുട്ടിയെ പാലുകൊടുത്തു വളര്‍ത്തുന്നയാള്‍ തന്നെ തോക്കെടുത്തു വേട്ടയ്ക്കുപോകുന്നു. പരുന്തുറാഞ്ചിയ കോഴിക്കുഞ്ഞിനെ തിരിച്ചു കിട്ടിയാല്‍ മഞ്ഞളരച്ചുതേച്ച് കിണ്ണംകൊണ്ടു മൂടി കമ്പികൊണ്ടു തട്ടി ശബ്ദമുണ്ടാക്കി അതിനെ ജീവിപ്പിക്കുന്ന വീട്ടമ്മ അതിഥിയെത്തിയാല്‍ കോഴിയുടെ കഴുത്തുകണ്ടിച്ചു ചിക്കന്‍ ഫ്രൈ ഉണ്ടാക്കും. മനുഷ്യനില്‍ എപ്പോഴും ഈ രണ്ടുഭാവങ്ങളും പ്രവര്‍ത്തിക്കും. ഒരുകുഞ്ഞ് കുളത്തില്‍വീണു ചാകാന്‍ പോകുന്നതു കണ്ടാല്‍ ചാടിവീണ് അതിനെ രക്ഷിക്കുന്ന ആള് മറ്റൊരു സന്ദര്‍ഭത്തില്‍ അതുപോലൊരു കുഞ്ഞ് ജലാശയത്തില്‍ വീഴുന്നതു കണ്ടാല്‍ കണ്ടില്ലെന്നു നടിച്ചു പൊയ്ക്കളയും. രക്ഷിക്കുന്നതും രക്ഷിക്കാതിരിക്കുന്നതും പരിതഃസ്ഥിതിയെയും മനുഷ്യന്റെ ഇംപള്സിനെയും ആശ്രയിച്ചിരിക്കും. അതുകൊണ്ട് മനുഷ്യന്റെ ഉപബോധമനസ്സില്‍ നന്മയാണുള്ളതെന്നും അതിന് ഉദ്ദീപനം നല്കിയാല് ഭീകരന്മാരെ ആട്ടിന്കൂട്ടികളാക്കാമെന്നും തോപ്പില്‍ഭാസി അഭിപ്രായപ്പെടുന്നത് അത്രകണ്ടു ശരിയല്ല (കങ്കുമം വാരിക, മനുഷ്യന് എത്ര സുന്ദരമായ പദം). മനുഷ്യന്റെ ഘടനയില്‍ തിന്മയും നന്മയും ഉണ്ട്. അത് സന്ദര്‍ഭമനുസരിച്ചു പ്രാദുര്ഭാവം കൊള്ളുന്നു. നന്മയുടെ മൂര്‍ത്തിമദ്ഭാവമായ ഗാന്ധിജി പലപ്പോഴും തിന്മ കാണിച്ചിട്ടുണ്ട്. (ആത്മകഥ നോക്കുക) തിന്മയുടെ ഉലലെടുത്ത രൂപങ്ങളായ തസ്കരന്മാര് നന്മ പ്രകടിപ്പിച്ചിട്ടുണ്ട്. നന്മയുടെ ശാശ്വത പ്രതീകമായ ശ്രീരാമന്, സ്വന്തം ജീവിതത്തില്‍ എത്രതവണയാണ് തിന്മയുള്ളവനായി പ്രത്യക്ഷനായത്!
രാഷ്ട്രവ്യവഹാരത്തോടു ബന്ധപ്പെട്ട ഭീകരപ്രസ്ഥാനം രാഷ്ട്രാന്തരീയ സ്വഭാവമുള്ള തത്രേ. വിവിധ രാഷ്ട്രങ്ങളിലെ ഭീകരന്മാര് ഒരുമിച്ചുചേരുന്നു. ഒരു കൂട്ടര് മറ്റൊരുകൂട്ടര്‍ക്ക് സഹായം നല്കുന്നു. ഭീകരപ്രവര്ത്തനങ്ങള്ക്കുവേണ്ട ആയുധങ്ങളും പണവും മറ്റുരാജ്യങ്ങളില്നിന്നാണ് അവര്‍ക്കു കിട്ടുന്നത്. ഇറ്റലിയിലെ അല്‍ഡോ മൊറൊയെ കൊന്നാലും പോപ്പിന്റെ നേര്‍ക്കു നിറയൊഴിച്ചാലും ലോംഗോവാളിനെ നിഗ്രഹിച്ചാലും അവയുടെയെല്ലാം പിറകില്‍ ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷനാണുള്ളത്. സ്നേഹം ഉദ്ദീപിപ്പിച്ച് ഒരു ഭീകരനെയും മാനസാന്തരപ്പെടുത്താനാവില്ല. രാഷ്ട്രവ്യവഹാരത്തിന്റെ തലത്തില്‍വേണം ഭീകരപ്രസ്ഥാനത്തിന് പരിഹാരം കാണേണ്ടത്.
നിര്‍വ്വചനം, നിരീക്ഷണം
ചങ്ങാതി:കൂട്ടുകാരന് സുന്ദരിപ്പെണ്ണനെ വിവാഹം കഴിച്ചുകൊണ്ടുവന്നാല്‍ ആ വീട്ടില്‍ കൂടക്കൂടെയെത്തി ‘പെങ്ങളേ ശകലം ചുക്കു വെള്ളം’ എന്നുപറഞ്ഞ് അടുക്കളയിലേക്കു കയറുന്നവന്. കൂട്ടുകാരന് അയാളെ വീട്ടില്‍ കയറാന്‍ അനുവദിക്കാതിരിക്കുമ്പോള്‍ മാത്രമേ ചുക്കുവെള്ളത്തിനു വേണ്ടിയുള്ള ദാഹത്തിനു ശമനമുണ്ടാകൂ.
- ഉപ്പുകുറ്റി (ഉപ്പൂറ്റി)
- അതിസുന്ദരിയുടെതാണെങ്കിലും ഈ ഭാഗം നോക്കരുത്. നോക്കിയാല്‍ പലപ്പോഴും അവളോടുള്ള ബഹുമാനം തീരും.
- അവസാനിച്ചു
- വാരികയിലെ നോവലിന്റെ ഒടുവില്‍ ഈ പദം അച്ചടിച്ചുകാണുമ്പോള്‍ വായനക്കാരന് എന്തൊരു ആശ്വാസം!
- നവീന നോവല്‍
- അസ്തിത്വവാദം, സെക്സ്, സ്യൂഡോ പൊയട്രി, ദുര്‍ഗ്രഹത ഇവ ഓരോന്നും അഞ്ചുകഴഞ്ച് എടുത്ത് ഇടങ്ങഴി ഭാരതീയ ദര്‍ശന ജലത്തിലിട്ടു വേകിച്ച് നാലിലൊന്നായി വറ്റിച്ച് ഉപനിഷത്തു മേമ്പൊടിയായി സേവിക്കേണ്ട കഷായം. ഇതു കഴിച്ചാല്‍ സഹൃദയനാകാം. ഇതിനെ വാഴ്ത്തിയാല്‍ നവീന നിരൂപകനാവാം.
- പ്രതികാരം
- ആര്‍ക്കും ഒരിക്കലും പാടില്ലാത്തത്. എത്ര ശത്രുവാണെങ്കിലും എനിക്കൊരിക്കലും പ്രതികാരനിര്‍വഹണം സാദ്ധ്യമല്ല. വിഷപ്പാമ്പ് നമ്മെ കടിച്ചാല്‍ നമ്മള് വൈദ്യന്റെ അടുക്കല്‍ പോകണം. പാമ്പിനെ തിരിച്ചുകടിക്കരുത്.
ലാ ഫൊര്ഗ്
ഹാസ്യാനുകരണം കലയായി മാറുന്നതു കാണണമെങ്കില്‍ ഫ്രഞ്ച് പ്രതിരൂപാത്മക കവി ഷൂള്‍ ലാഫൊര്ഗ് Jules Laforgue, 1860–87) എഴുതിയ Moral Tales വായിക്കണം. ആറു വിശിഷ്ടങ്ങളായ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. അവയില്‍ പ്രഥമസ്ഥാനം Hamlet on the Consequences of Filial Piety എന്നതിനാണ്. ഷെയ്ക്സ്പിയര്‍ നാടകത്തിലെ രണ്ടു രംഗങ്ങളെ മാത്രം അവലംബിച്ച് എഴുതിയ ഈ കഥയില്‍ ഹാംലിറ്റിനെ ലെയേര്ട്ടിസ് കൊല്ലുന്നതായിട്ടാണു കാണിച്ചിരിക്കുന്നത്. ഇരുപതാം ശതാബ്ദത്തിലെ ഹാംലിറ്റിനെ ലാഫൊര്ഗ് നേരത്തേ സൃഷ്ടിച്ചുവെന്നാണ് നിരൂപകരുടെ വാദം. ഓരോ ശതാബ്ദത്തിലും മുന്‍പുള്ള ശതാബ്ദത്തിലെ ആളുകള്‍ പുതിയ രീതിയില്‍ അവതരിക്കുമത്രേ. അതെന്തായാലും ഇക്കഥകളുടെ കലാസൗഭഗം നിഷേധിക്കാന്‍ വയ്യ. ഇരുപത്തേഴാമത്തെ വയസ്സില്‍ മരിച്ച ലാഫൊര്ഗിന്റെ ഈ കഥകളാണ് ജോയിസിനെ Ulysses എഴുതാന്‍ പ്രേരിപ്പിച്ചതെന്നു ചിലര്‍ക്ക് അഭിപ്രായമുണ്ട്. (Without Laforgue’s “Moral Tales” Joyce’s “Ulysses” would not have been possible.)
നിലവിലിരിക്കുന്ന കലാസങ്കല്പത്തെ തകര്‍ക്കുന്നവനെ ആളുകള്‍ ആദ്യം ശത്രുവായി കരുതും. പിന്നീട് മിത്രമായും ഇന്നത്തെ ശത്രുക്കള്‍ നാളെ മിത്രങ്ങളാകുമോ?
|
|