close
Sayahna Sayahna
Search

Difference between revisions of "സാഹിത്യവാരഫലം 2001 04 20"


 
(ചോദ്യം, ഉത്തരം)
 
Line 63: Line 63:
  
 
{{qst|പക്ഷികളിൽ നിങ്ങൾക്ക് ഇഷ്ടം ഏതിനെ?}}
 
{{qst|പക്ഷികളിൽ നിങ്ങൾക്ക് ഇഷ്ടം ഏതിനെ?}}
 
+
:: മരങ്കൊത്തിപ്പക്ഷി ശബ്ദമുണ്ടാക്കി താനിവിടെ ഇരിക്കുന്നുവെന്ന് അത് മാലോകരെ അറിയിക്കുന്നു. കതകിൽ തട്ടി ശബ്ദമുണ്ടാക്കാതെ നമ്മൾ ഇരിക്കുന്നിടത്ത് പ്രത്യക്ഷനാകുന്ന മര്യാദകെട്ടവൻ മരങ്കൊത്തിയെ നോക്കി സുജനമര്യാദ എന്തെന്ന് പഠിക്കണം.
::മരങ്കൊത്തിപ്പക്ഷി ശബ്ദമുണ്ടാക്കി താനിവിടെ ഇരിക്കുന്നുവെന്ന് അത് മാലോകരെ അറിയിക്കുന്നു. കതകിൽ തട്ടി ശബ്ദമുണ്ടാക്കാതെ നമ്മൾ ഇരിക്കുന്നിടത്ത് പ്രത്യക്ഷനാകുന്ന മര്യാദകെട്ടവൻ മരങ്കൊത്തിയെ നോക്കി സുജനമര്യാദ എന്തെന്ന് പഠിക്കണം.
 
  
 
==ഒരു മൺകൂന കൂടി==
 
==ഒരു മൺകൂന കൂടി==

Latest revision as of 09:04, 21 January 2015

സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2001 04 20
മുൻലക്കം 2001 04 13
പിൻലക്കം 2001 04 27
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

​​​ ബ്രസീലിലെ എഴുത്തുകാരി ക്ലാരിസ് ലീഷ്പെക്തൊറിന്റെ (Clarice Lispector യു.എസ്.എസ്.ആറിലെ യുക്രേനിൽ 1925 ഡിസംബർ 10-നു ജനിച്ചു. ബ്രസീലിലെ റീയോ ദാ ഷനീറോ — Rio de Janeiro — എന്ന പട്ടണത്തിൽ വച്ച് 1977 ഡിസംബർ 9-നു മരിച്ചു). ഓരോ നോവലും ഓരോ ചെറുകഥയും നമ്മൾ വായിച്ചു കഴിയുമ്പോൾ സമ്മോഹനം, സമ്മോഹനം എന്നു പിന്നീടും പിന്നീടും പറയാതിരിക്കില്ല. ലീഷ്പെക്തോറിന്റെ അനുപമമായ നോവൽ “The Hour of the Star” എന്നതിനെക്കുറിച്ച് ഞാൻ ഈ കോളത്തിൽത്തന്നെ മുൻപ് എഴുതിയിരുന്നു. കൊക്കക്കോല, മെർലിൻ മൻറോ എന്നുപറഞ്ഞാൽ ജീവനായിരുന്ന പാവപ്പെട്ട ഒരു പെണ്ണിന്റെ ജീവിതകഥയാണ് ആ നോവലിൽ. വൈരൂപ്യമുള്ളവയിലും പ്രാധാന്യവും അർത്ഥസവിശേഷതയും സത്യാത്മകതയും കണ്ട വലിയ എഴുത്തുകാരിയാണ് ലീഷ്പെക്തോറെന്ന് ഫ്രെഞ്ചെഴുത്തുകാരി ഏലൻ സീസു (Helen Cixous, born in 1937) ഈ നോവൽ വായിച്ചിട്ട് ഉദ്ഘോഷിച്ചു. ലീഷ്പെക്തോറിന്റെ ‘Family Ties’ എന്ന കഥാസമാഹാരഗ്രന്ഥം ഞാനിപ്പോൾ വായിച്ചു തീർത്തു (Translated by Giovanni Pontiero, University of Texas Press, Seventh paperback printing, 2000, Pages 156). അതിലെ എല്ലാ ചെറുകഥകളും മനോഹരങ്ങൾ. ‘The Buffalo’ എന്ന ചെറുകഥ മനോഹാരി മാത്രമല്ല അദ്ഭുതജനകവും. മഹനീയമായ സാഹിത്യത്തിന്റെ സ്വഭാവം വ്യക്തമാക്കാനായി അതിനെക്കുറിച്ച് എഴുതാൻ എനിക്കു കൗതുകം. ഒരു തരുണിക്ക് ഒരുത്തനോട് പ്രേമം. പക്ഷേ അയാൾ അവളെ സ്നേഹിക്കുന്നില്ല. വെറുപ്പ് പഠിക്കാനെന്തു മാർഗ്ഗം? അവൾ ജന്തുശാലയിൽ പോയി. സിംഹം സിംഹിയുടെ മൃദുലമായ തല നക്കുന്നു. രണ്ടു സുവർണ്ണ മൃഗങ്ങൾ. ‘പക്ഷേ ഇത് പ്രേമമാണല്ലോ. വീണ്ടും പ്രേമം’ തരുണി അക്രമോത്സുകതയോടെ പറഞ്ഞിട്ട് സ്വന്തം വെറുപ്പ് അന്വേഷിച്ചു. വിശുദ്ധമനസ്സോടെ ജിറാഫ് നിൽക്കുകയാണ്. ചിറകില്ലാത്ത നിശ്ശബ്ദമായ ഒരു പക്ഷിയും. വെറുപ്പ് എന്തെന്നു ഗ്രഹിക്കാൻ അവൾ മറ്റുമൃഗങ്ങളെ അന്വേഷിച്ചു. ഹിപ്പോപൊട്ടാമസ് — നീർക്കുതിര — ഉരുണ്ട മാംസവുമായ് നിൽക്കുന്നു. അത് വേറൊരു ഉരുണ്ടമാംസമുള്ളതിനെ കത്തുനിൽക്കുകയാണ്. കോട്ടിന്റെ കീശകളിൽ കൈചുരുട്ടിവച്ച് അവൾ നടന്നു. കൂടുകളിൽ കുരങ്ങുകൾ ചാടുന്നു. പെൺകുരങ്ങ് കുഞ്ഞ് കുരങ്ങിനെ മുലയൂട്ടുന്നു. അവൾ കൈത്തോക്കുകൊണ്ട് അവയെയാകെ വെടിവച്ചുകൊന്നേനെ. കുരങ്ങുകളുടെ നഗ്നത. ആ നഗ്നതയിൽ ലോകം ഒരാപത്തും കാണുന്നില്ലല്ലോ. അവൾ ആ നഗ്നതയെ നശിപ്പിക്കുമായിരുന്നു. “ഈശ്വരാ, എന്നെ വെറുക്കാൻ പഠിപ്പിക്കണമേ” എന്ന് അവൾ കുരങ്ങിൻ കൂട്ടിനടുത്തു നിന്നു പോയി. “ഞാൻ നിങ്ങളെ വെറുക്കുന്നു” എന്ന് അവൾ ഒരുത്തനോട് പറഞ്ഞു. അയാളുടെ കുറ്റം അവളെ സ്നേഹിച്ചില്ല എന്നത് മാത്രം. അവൾ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഇടയിലൂടെ നടന്നു. ഇച്ഛിച്ചാൽ കാലുകൊണ്ട് എന്തും പൊടിച്ചുകളയാവുന്ന ആന, അയവിറക്കുന്ന ഒട്ടകം ഇവയെ അവൾ കണ്ടു.

അന്വേഷണം നടത്തുന്ന അവളുടെ കണ്ണുകൾ മരങ്ങളിലേക്കു തിരിഞ്ഞു. ദൂരെ ചെറിയ വെളുത്ത മേഘങ്ങൾ. ഒന്നുക്കൂടെ അവൾ തല താഴ്ത്തിയപ്പോൾ അങ്ങകലെ ഒരു കാട്ടുപോത്ത് നില്ക്കുന്നത് അവളുടെ കണ്ണിൽ പെട്ടു. ഇളംകാറ്റ് അവളുടെ തലമുടിയിൽ സ്പർശിച്ചു. കറുത്ത കാട്ടുപോത്ത്. എന്തൊരു വണ്ണം കൂടിയ കഴുത്താണ് അതിന്റെത്. തലയിൽ കൊമ്പുകൾ. കറുപ്പിൽ നിന്ന് ഉയർന്നു വന്ന വെളുത്തകൊമ്പുകൾ. കാട്ടുപോത്ത് അവളെ ഒരു നിമിഷത്തേക്ക് നോക്കി. അത് അവളുടെ സാന്നിദ്ധ്യമറിഞ്ഞു. അനുഭവിച്ചത് സഹിക്കാനാവാതെ അവൾ നോട്ടം മാറ്റി മരത്തെ നിരീക്ഷണം ചെയ്യുകയാണ്. കാട്ടുപോത്ത് കറുത്ത മുതുകോടുകൂടി നിൽക്കുകയാണ്. മരണം അവളുടെ കാതുകളിൽ മുരണ്ടു. കാട്ടുപോത്ത് കൂടുതൽ വലുതായതു പോലെ അവൾക്കു തോന്നി. ‘ഹാ’ അവൾ അതിനെ പ്രകോപിപ്പിച്ചു. ഒരു കല്ലെടുത്ത് അതിനെ എറിഞ്ഞു. അത് നിഷ്പ്രയോജനമായി ഉരുണ്ടുപോയി. ആ മൃഗം തിരിഞ്ഞ് അവളെ നോക്കി. തന്നെ സ്നേഹിക്കാത്ത പുരുഷനോടുള്ള വെറുപ്പോടുകൂടി അവൾ കാട്ടുപോത്തിനോടു പറഞ്ഞു. “ഞാൻ നിന്നെ സ്നേഹിക്കുന്നു.” കാട്ടുപോത്തിൽ നിന്ന് സ്നേഹം യാചിച്ചുകൊണ്ട് അവൾ പറഞ്ഞു: “ഞാൻ നിന്നെ വെറുക്കുന്നു.”

കാട്ടുപോത്ത് അടുത്തേക്കു വന്നു. പൊടിപടലം ഉയർന്നു. കാട്ടുപോത്തും അവളും അന്യോന്യം നോക്കിക്കൊണ്ട് നിന്നു. മൃഗത്തിന്റെ മുഖമോ വായോ കൊമ്പുകളോ അവൾ നോക്കിയില്ല. നോക്കിയത് അതിന്റെ കണ്ണുകളെ മാത്രം. കാട്ടുപോത്തിന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി കൂട്ടിമുട്ടി. സ്ത്രീ മരവിച്ചു. അവളൊരു മോഹനിദ്രയിലാണ്. കാട്ടുപോത്തിന്റെ ചെറിയ ചുവന്ന കണ്ണുകൾ അവളെ നോക്കി. അദ്ഭുതപ്പെട്ട് അവൾ ഇടറി. മൃഗം ശാന്തതയാർജ്ജിച്ചാണ് നിൽക്കുക. കാട്ടുപോത്തിന്റെ വെറുപ്പോടു കൂടിയ നോട്ടം അവളെ ഭയപ്പെടുത്തി. നിഷ്കളങ്കത ഭാവിച്ച് അവൾ വായും തുറന്ന് വിശ്വാസരാഹിത്യത്തോടുകൂടി തലയാട്ടി. ഇരുമ്പഴികളിൽ തട്ടി ബുദ്ധിമാന്ദ്യത്തോടെ അവൾ വീണു. നിലത്തു വീഴുന്നതിനു മുൻപ് അവൾ സമ്പൂർണ്ണമായ ആകാശത്തെയും ഒരു കാട്ടുപോത്തിനെയും കണ്ടു.

യുക്തിചിന്തയ്ക്കു കഴിവില്ലാത്ത ഒരു മൃഗത്തിന്റെ നോട്ടത്തിലൂടെ സ്ത്രീയുടെ നേർക്കുള്ള ലോകത്തിന്റെ വിദ്വേഷമാകെ അഭിവ്യഞ്ജിപ്പിച്ചിരിക്കുന്നു എന്നതാണ് ഇക്കഥയുടെ സവിശേഷതയായി നമ്മൾ കാണേണ്ടത്. താൻ സ്നേഹിക്കുന്നതിനു പകരം പുരുഷൻ സ്നേഹമില്ലായ്മകൊണ്ട് അവളെ വേദനിപ്പിക്കുകയാണ്. അതിനു പ്രതികാരമെന്ന മട്ടിൽ വെറുപ്പ് അഭ്യസിക്കുന്നതിന് അവൾ മൃഗലോകത്തെ സമീപിക്കുന്നു. എല്ലാ മൃഗങ്ങളും വെറുപ്പ് കാണിക്കുന്നില്ല. അവ രതിക്രീഡയിലും മറ്റും മുഴുകിയിരിക്കുന്നതേയുള്ളൂ. പക്ഷേ ദുഷ്ടതയുടെ മൂർത്തിമദ്ഭാവമായ കാട്ടുപോത്ത് അവളന്വേഷിച്ച വെറുപ്പ് പ്രകടിപ്പിക്കുന്നു. ഈ വെറുപ്പ് ആ ക്രൂരമൃഗത്തിന്റേതു മാത്രമല്ല. ലോകമാകെ സ്ത്രീയെ വെറുക്കുന്നല്ലോ. അതിന്റെ സാകല്യാവസ്ഥയാണ് പോത്തിന്റെ വീക്ഷണത്തിലൂടെ അവൾക്കനുഭപ്പെടുക. അതിന്റെ തീക്ഷ്ണതയും വൈപുല്യവും താങ്ങാനാവാതെ അവൾ ബോധശൂന്യയായി ഇരുമ്പഴികളിൽ തട്ടി താഴെ വീഴുന്നു. Muriel Spark എന്ന വിശ്വവിഖ്യാതയായ സാഹിത്യകാരി പറഞ്ഞു: Her (Lispector’s) voice is uniquely her own. സ്വന്തം ശബ്ദത്തിൽ അന്യാദൃശസ്വഭാവം വ്യക്തമാക്കിയ മറ്റു എഴുത്തുകാരികളില്ല എന്നതാണ് സത്യം. ആ ശബ്ദം ബ്രസീലിൽ മാത്രമല്ല കേൾക്കുന്നത്. ലോകമെമ്പാടും കേൾക്കുന്നു. പ്രിയപ്പെട്ട വായനക്കാരേ, സാഹിത്യമുണ്ടാകുന്നുണ്ട്. അതു ഇൻഡ്യയിലോ അതിന്റെ ഒരു ഭാഗമായ കേരളത്തിലോ അല്ലം എന്നു പറയാൻ നിങ്ങളുടെ സദയാനുമതി ഞാൻ തേടുന്നു.

ലീഷ്പെക്തോറിന്റെ കഥാസമാഹാരഗ്രന്ഥം ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്ത ആൾ തന്നെയാണ് അതിന് അവതാരിക എഴുതിയത്. അതിൽ പറയുന്നു: “Lispector creates a world of exciting and terrifying perception.” ഇത് ഇക്കഥയെസ്സംബന്ധിച്ച് സമ്പൂർണ്ണമായും സത്യമാണ്.

ചോദ്യം, ഉത്തരം

സാഹിത്യകാരന്മാർ പ്രമാണിമാരാകാൻ യത്നിക്കുന്നതു കേരളത്തിലുള്ളിടത്തോളം മറ്റു ദേശങ്ങളിൽ കാണാവുന്നതല്ല. പ്രമാണികളാകാൻ പരിശ്രമിക്കുമ്പോൾ ആപത്തുണ്ടാകുന്നു. അങ്ങനെ അവർ അസ്വസ്ഥരാവുന്നു.

Symbol question.svg.png അസ്വസ്ഥരാണ് കേരളത്തിലെ എഴുത്തുകാർ. കാരണം?

വീട്ടിലിരിക്കാത്തതുകൊണ്ടാണ് ആളുകൾക്ക് ദൗർഭാഗ്യമുണ്ടാകുന്നതെന്ന് ഫ്രഞ്ച് തത്ത്വജ്ഞാനി പസ്ക്കൽ പറഞ്ഞു. കേരളത്തിലെ എഴുത്തുകാർ വീട്ടിലിരിക്കുന്നില്ല മാത്രമല്ല പ്രമാണിമാരാകാൻ ശ്രമിക്കുകയും ചെയ്യുന്നു. സാഹിത്യകാരന്മാർ പ്രമാണിമാരാകാൻ യത്നിക്കുന്നതു കേരളത്തിലുള്ളിടത്തോളം മറ്റു ദേശങ്ങളിൽ കാണാവുന്നതല്ല. പ്രമാണികളാകാൻ പരിശ്രമിക്കുമ്പോൾ ആപത്തുണ്ടാകുന്നു. അങ്ങനെ അവർ അസ്വസ്ഥരാവുന്നു.

Symbol question.svg.png സംഭാഷണം നടത്തുമ്പോൾ സ്വന്തം വ്യക്തിത്വം കൂടി പ്രദർശിപ്പിക്കുന്നവരല്ലേ കേമന്മാർ?

അതേ. എം.കെ.കെ നായരുടെ മകൻ ഗോപിനാഥ് കൃഷ്ണ മഹാപണ്ഡിതനായ എം.എച്ച്. ശാസ്ത്രികൾ ഉള്ളപ്പോൾ ‘അമ്മ എന്റെ കൂടെയാണ് താമസം’ എന്നു പറഞ്ഞു. ശാസ്ത്രികൾ ഉടനെ തിരുത്തി. ‘അമ്മയുടെ കൂടെ ഞാൻ താമസിക്കുന്നു എന്നേ പറയാവൂ’ എന്ന്. ഇതു കേട്ടാൻ നിസ്സാരമെന്നേ തോന്നൂ. പക്ഷേ ബുദ്ധിയുള്ളവർക്കേ ഇങ്ങനെ പറയാൻ പറ്റൂ.

Symbol question.svg.png ഷെയ്ക്സ്പിയറിനെക്കുറിച്ച് സംസ്കൃതം മാത്രം അറിയുന്നവൻ എന്തുപറയും?

മരമണ്ടനാണ് ഷെയ്ക്സ്പിയർ. അയാൾക്ക് ‘രഘുവംശം’ വായിക്കാനറിഞ്ഞുകൂടാ എന്നു പറയും.

Symbol question.svg.png റ്റെലിവിഷൻ സെറ്റ്, കമ്പ്യൂട്ടർ ഇവ ഇൻസ്റ്റാൾമെന്റായി വാങ്ങുന്നത് നന്നോ?

ഒന്നും ഇൻസ്റ്റാൾമെന്റായി വാങ്ങരുത്. വാങ്ങിയാൽ മരണവും ഇൻസ്റ്റാൾമെന്റായി വാങ്ങുകയാവും ഫലം.

Symbol question.svg.png പ്രൈവറ്റ് പ്രാക്റ്റീസ് നടത്തുന്ന ഡോക്ടർമാരുടെ ഫീ ഒരുപോലെയാക്കുന്നതല്ലേ നല്ലത്?

സാദ്ധ്യമല്ല. തിരുവനന്തപുരത്ത് ഒരു ഡോക്ടർക്ക് നൂറു രൂപയാണെങ്കിൽ കേരളത്തിന്റെ വടക്കുള്ള പ്രദേശങ്ങളിൽ അത് ഇരുന്നൂറോ മുന്നൂറോ ആയിരിക്കും. നിങ്ങൾക്ക് അദ്ഭുതം തോന്നിയേക്കും ഞാൻ ഇനിപ്പറയുന്നതു കേട്ടാൽ. ചാന്ദ എന്ന സ്ഥലത്തിനടുത്ത് ബാന്ദക് എന്നൊരു സ്ഥലമുണ്ട്. അവിടത്തെ ഡോക്ടർ എന്നെ അര മണിക്കൂർ നേരം പരിശോധിച്ചിട്ട് മരുന്നെഴുതിത്തന്നു. ഫീ കുറയരുത് എന്നു വിചാരിച്ച് ‘May I know your fee?’ എന്നു ഡോക്ടറോട് ചോദിച്ചു. ‘ഫൈവ് റുപ്പീസ്’ എന്നു മറുപടി. ഞാൻ അമ്പതു രൂപയുടെ നോട്ട് കവറിലിട്ട് അദ്ദേഹത്തിന്റെ മേശയുടെ പുറത്ത് വച്ചു. ഡോക്ടർ അതു തുറന്നു നോക്കിയിട്ട് ‘Are you insulting me? എന്നു ദേഷ്യത്തോടെ ചോദിച്ചു. തിരിച്ചു നാല്പത്തിയഞ്ചു രൂപ എന്നെ ഏല്പിക്കുകയും ചെയ്തു. വിശ്വസിക്കാനാവുന്നില്ല അല്ലേ? അതുകൊണ്ട് പ്രഗൽഭനായ ആ ഡോക്ടറുടെ പേരുകൂടി പറന്നേക്കാം. ഡോക്ടർ ദേശ്‌മുഖ്.

Symbol question.svg.png സ്ത്രീയെ നിർവചിക്കാമോ?

പുരുഷൻ ആദ്യമായി അവളെ കാണുന്നിവെന്നിരിക്കട്ടെ. തന്റെ മകളുടെ ഛായ, പേരക്കുട്ടിയുടെ ഛായ എന്ന വിചാരത്തോടുകൂടി വാത്സല്യത്തോടെ നോക്കുമ്പോൾ അയാൾക്കു കാമമാണെന്ന് തെറ്റിദ്ധരിച്ച് ദുഷ്ടവിചാരത്തോടെ പുച്ഛിച്ചു തിരിഞ്ഞു നോക്കുന്നവൾ. കൂട്ടുകാരിയോട് അതു പറഞ്ഞു ചിരിക്കുന്നവൾ.

Symbol question.svg.png പക്ഷികളിൽ നിങ്ങൾക്ക് ഇഷ്ടം ഏതിനെ?

മരങ്കൊത്തിപ്പക്ഷി ശബ്ദമുണ്ടാക്കി താനിവിടെ ഇരിക്കുന്നുവെന്ന് അത് മാലോകരെ അറിയിക്കുന്നു. കതകിൽ തട്ടി ശബ്ദമുണ്ടാക്കാതെ നമ്മൾ ഇരിക്കുന്നിടത്ത് പ്രത്യക്ഷനാകുന്ന മര്യാദകെട്ടവൻ മരങ്കൊത്തിയെ നോക്കി സുജനമര്യാദ എന്തെന്ന് പഠിക്കണം.

ഒരു മൺകൂന കൂടി

എനിക്ക് വലിയ ആളുകളെ പരിചയമില്ല. പരിചയപ്പെടാൻ ഞാൻ പോകാത്തതുകൊണ്ടു തന്നെ. എനിക്ക് അന്യദേശങ്ങൾ പരിചിതങ്ങളല്ല. ക്ഷണിച്ചാലും ഞാൻ ആ ദേശങ്ങളിൽ പോകാത്തതുകൊണ്ടു തന്നെ. അതിനാൽ എൻ. ഗോപാലപിള്ള, മഹാരാഷ്ട്ര ഇങ്ങനെ ഞാൻ ആവർത്തിച്ചുകൊണ്ടിരിക്കും. ഈ വൈകല്യം പ്രിയപ്പെട്ട വായനക്കാർ ക്ഷമിക്കണമെന്ന് അഭ്യർത്ഥന. ഒരു ദിവസം വൈകുന്നേരം ഞാൻ താമസിക്കുന്നിടത്തു നിന്നിറങ്ങി ചന്ദ്രപ്പൂർ റോഡിൽ നടന്നു. രണ്ടോ മൂന്നോ കിലോമീറ്റർ നിശ്ശബ്ദതയിലൂടെ നടന്നു. വഴിയിൽ ഒരു ജീവി പോലുമില്ല. മരങ്ങൾ നിശ്ചലങ്ങൾ. എങ്കിലും നടക്കുക തന്നെ അസ്വസ്ഥതയോടെ. തൊട്ടു മുൻപു പറഞ്ഞ ദൂരം നടന്നപ്പോൾ റോഡിന്റെ ഇടതു ഭാഗത്ത് അങ്ങു താഴ്ചയിൽ ശ്മശാനം. ദഹിപ്പിക്കുന്ന ഏർപ്പാടില്ല എന്നു തോന്നുന്നു. എല്ലായിടത്തും മൃതദേഹങ്ങൾ മൂടിയതിന്റെ കൂനകൾ. അജ്ഞാതങ്ങളായ ആ ശവക്കുഴിക്കൂമ്പാരങ്ങൽ തെല്ലുനേരം നോക്കി നിന്നിട്ട് ഞാൻ റോഡിലേക്കു തിരിച്ചു കയറി. തിരിച്ച് പാർക്കുന്നിടത്തേക്ക് പോരികയും ചെയ്തു. വീട്ടിനു മുൻപ് തുറന്ന സ്ഥലമുണ്ട്. അവിടെ മലയാളിപ്പയ്യന്മാർ കല്ല് അന്തരീക്ഷത്തിലേക്ക് എറിഞ്ഞ് കളിക്കുകയായിരുന്നു. ഒരു ബാലനോട് ഞാൻ ചോദിച്ചു. “എന്തിനാ ലക്ഷ്യമില്ലാതെ കല്ലെറിയുന്നത്?” അവൻ പറഞ്ഞു: “ലക്ഷ്യമുണ്ട് സാർ എനിക്ക്. അക്കാണുന്ന നക്ഷത്രത്തെ എറിഞ്ഞു വീഴ്ത്താനാണ് എന്റെ ശ്രമം.” ഭാവിയിൽ അവൻ കവിയാകുമെന്ന് എനിക്കു തോന്നി.

ശത്രുഘ്നൻ പാലക്കാട്ട് ഏതോ ഓഫീസിൽ ജോലിയായിരുന്ന കാലം തൊട്ട് എഴുതുന്ന കഥകൾ ഞാൻ വായിക്കുകയായിരുന്നു. ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹമെഴുതിയ “നാരായണൻ കുട്ടിയും ശോഭയും വേറെ കുറേ പെൺകിടാങ്ങളും” എന്ന കഥയും വായിച്ചു. ശ്മശാനത്തിലെ മൺകൂനകൾ കണ്ടപ്പോൾ ജനിച്ച പ്രതീതിയിൽക്കവിഞ്ഞ് ഒരു പ്രതീതിയും എനിക്കുണ്ടായില്ല.

ഒരുത്തൻ വിമാനത്തിൽ പോകാൻ തയ്യാറായി വരുന്നു. എഞ്ചിൻ തകരാറിലായതുകൊണ്ട് വിമാനം ആറു മണിക്കൂർ കഴിഞ്ഞേ പോകുകയുള്ളൂ. അയാളതുകൊണ്ട് ഒരു പൂർവസ്നേഹിതനെ കാണാൻ പോകുന്നു. സ്നേഹിതൻ കുറെ പെൺപിള്ളേരുമായിട്ടാണ് ഇരിപ്പ്. രണ്ടു കഥാപാത്രങ്ങളായ ഡോക്ടർ ശോഭയും ഡോക്ടർ സുധാകരനും കൽപ്രതിമകളായി. രണ്ടു “ഭിഷഗ്വരങ്ങൾ” അചലങ്ങളായതിനെക്കുറിച്ച് രണ്ടു വാക്കു പറയാൻ തുടങ്ങിയപ്പോഴേക്കും വാരികയുടെ എട്ടു പുറങ്ങളിലായി നീണ്ടുകിടക്കുന്ന ഈ കഥാഭുജംഗമത്തിന്റെ നിശ്ചേതന ശരീരത്തിന്റെ ഒരറ്റം നമ്മൾ കാണുന്നു. ഒരു ബഹിർഭാഗസ്ഥപ്രകടനം. ഒരു പോയന്റും ഇല്ലാത്ത, ഒരടുക്കുമില്ലാത്ത, ഒരു യുക്തിയുക്തതയുമില്ലാത്ത രചനാവൈകൃതം. തന്റെ കഥാശവങ്ങൾ കുഴിച്ചിട്ട പറമ്പിൽ ശത്രുഘ്നൻ ഒരു മൺകൂന കൂടി ഉണ്ടാക്കിയിരിക്കുന്നു. നക്ഷത്രത്തെ നോക്കി കല്ലെറിഞ്ഞ കുട്ടിക്കു ലക്ഷ്യമുണ്ടായിരുന്നു. ഇദ്ദേഹത്തിന് അതുമില്ല.

The atom is a pattern, and the molecule is a pattern, and the crystal is a pattern, but the stone, although it is made up of these patterns, is just a mere confusion — Aldous Huxley. ‘A mere confusion’ ആണ് ശത്രുഘ്നന്റെ കഥ.

* * *

​​ ഈ ക്രമഹീനതയും അസ്പഷ്ടതയുമില്ല എ. സന്തോഷ്കുമാർ മലയാളം വാരികയിലെഴുതിയ ‘ജാരൻ’ എന്ന ചെറുകഥയിൽ. ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയിച്ച് ജാരനെ തേടുന്ന ഭർത്താവിന്റെ ചിത്രമാണ് ഇക്കഥയിലുള്ളത്. സംശയത്തിന് യോജിച്ച വിധത്തിൽ കഥാകാരൻ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ആഖ്യാനവും കഥയുടെ വേഗം കൂട്ടുന്നു. ഭേദപ്പെട്ട രചനയാണിത്.

വിചാരങ്ങൾ

എഴുത്തച്ഛന്റെ കവിത സാമാന്യസംസ്കാരത്തിന്റെ ഭാഗമാണ്. കണ്ണശ്ശന്റെ കവിതയ്ക്ക് സൗന്ദര്യമുണ്ടെങ്കിലും അതിന് കേരളീയരുടെ സാമാന്യസംസ്കാരത്തോടു ചേർച്ചയില്ല.

  1. ഒരു പണ്ഡിതൻ എന്നോട് കോപം കലർന്ന ഭാഷയിൽ സംസ്കാരശൂന്യനായി ചോദിച്ചു: “എഴുത്തച്ഛന് കണ്ണശ്ശപ്പണിക്കർക്ക് ശൗചം ചെയ്യാനുള്ള യോഗ്യതയുണ്ടോ?” എന്ന്. ഈ ചോദ്യത്തിന് ഓടയുടെ നാറ്റമുണ്ട്. നാറ്റത്തിനു പുറമെ അസത്യാത്മകതയുമുണ്ട്. എഴുത്തച്ഛന്റെ കവിത സാമാന്യസംസ്കാരത്തിന്റെ ഭാഗമാണ്. കണ്ണശ്ശന്റെ കവിതയ്ക്ക് സൗന്ദര്യമുണ്ടെങ്കിലും അതിന് കേരളീയരുടെ സാമാന്യസംസ്കാരത്തോടു ചേർച്ചയില്ല. അതിനാലാണ് തിരുവിതാംകൂറിന്റെ വെളിയിൽ അത് പ്രചരിക്കാത്തത്.
  2. വള്ളത്തോൾ, കുമാരനാശാൻ, ഇടപ്പള്ളിക്കവികൾ ഇവരുടെ കവിത മുകളിൽപ്പറഞ്ഞ സാമാന്യസംസ്കാരത്തോടു യോജിച്ചു നിൽക്കുന്നതുകൊണ്ടാണ് അവരുടെ കവിത്വശക്തിയെ ചോദ്യം ചെയ്യാൻ ആരും വരാത്തത്. അതല്ല ആധുനിക കവികളുടെ സ്ഥിതി. ആധുനികരെ സ്വീകരിക്കുന്നവരും സ്വീകരിക്കാത്തവരും ഇന്നുണ്ട്. ഈ രണ്ടുപക്ഷങ്ങൾ ഉണ്ടായത് ആധുനികരുടെ കവിത നമ്മുടെ പൈതൃകസവിശേഷതയോടും സാമാന്യ സാഹിത്യസംസ്കാരത്തോടും പൂർണ്ണമായി യോജിക്കാത്തതുകൊണ്ടാണ്.
  3. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 62-പുറത്ത് ഒരു വാക്യമിങ്ങനെ: “ജെ ഡി സാലിംഗറുടെ ദ കാച്ചർ ഇൻ ദ റൈ സാഹിത്യത്തിലെ ഉദാത്തയും ഉൽകൃഷ്ടയുമായ അപൂർവ രചനകളിലൊന്നായാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.” സാലിംഗർ എന്ന സാഹിത്യകാരൻ അമേരിക്കയിലെന്നല്ല ഒരിടത്തുമില്ല. The Catcher in the Rye എന്ന നോവലെഴുതിയ ആളിന്റെ പേര് സലിൻജർ എന്നാണ്. ആ പ്രയോഗങ്ങൾ നോക്കുക. “ഉദാത്തയും ഉൽകൃഷ്ടയുമായ അപൂർവ രചന” പോലും.
  4. മഹാനായ ലാറ്റിനമേരിക്കൻ സാഹിത്യകാരൻ ബോർഹേസ് 1977-ൽ നിർവഹിച്ച ഏഴു പ്രഭാഷണങ്ങൾ Seven Nights എന്ന പേരിൽ faber and faber പ്രസാധനം ചെയ്തിട്ടുണ്ട്. അതിൽ ഒരു പ്രഭാഷണത്തിൽ ബോർഹേസ് ‘ആയിരത്തൊന്നു രാവുകളിൽ’ പ്രതിപാദിച്ച രണ്ടു സ്വപ്നദർശകരുടെ സ്വപ്നങ്ങളെക്കുറിച്ചു പറയുന്നു. കൈറോവിലുള്ള ഒരുത്തൻ സ്വപ്നത്തിൽ കേട്ടു പേർഷ്യയിലെ ഒരു നഗരത്തിൽ പോയി നിധിയെടുക്കണമെന്ന്. ദീർഘവും പ്രയാസപൂർണ്ണവുമായ ഒരു യാത്ര നടത്തി അയാൾ പേർഷ്യൻ നഗരത്തിൽ വന്നു. ക്ഷീണിച്ച അയാൾ ഒരു മുസ്ലിം പള്ളിയുടെ മുൻപിൽ കിടന്നുറങ്ങി. അയാളുടെ കൂടെ ഉറങ്ങിയിരുന്നത് കള്ളന്മാരാണെന്നറിയാതെയായിരുന്നു ഉറക്കം. കള്ളന്മാരെ അറസ്റ്റ് ചെയ്തു. ഈജിപ്തിൽ നിന്നു വന്ന അയാളോട് അധികാരികൾ കാര്യം തിരക്കി. അയാൾ കിനാവിൽ കേട്ടതിനെക്കുറിച്ചു പറഞ്ഞപ്പോൾ പേർഷ്യയിലെ ഉദ്യോഗസ്ഥൻ വായ്തുറന്നു ചിരിച്ചുകൊണ്ടു പറഞ്ഞു: “തിരുമണ്ടാ, ഞാൻ മൂന്നു തവണ സ്വപ്നം കണ്ടു കയ്റോവിൻലെ ഒരു വീട്ടിൽ പൂന്തോട്ടമുണ്ടെന്നും ആ പൂന്തോട്ടത്തിലെ ഫിഗ് മരത്തിന്റെ താഴെ നിധിയിരിക്കുന്നുണ്ടെന്നും. ഈ കള്ളം ഞാൻ വിശ്വസിച്ചില്ല. ഇതാ ഈ പണവും കൊണ്ട് കയ്റോവിലേക്കു തിരിച്ചു പോകൂ. ഇനി പേർഷ്യയിൽ വരാതിരിക്കൂ”. ഉദ്യോഗസ്ഥൻ പറഞ്ഞത് തന്റെ വീട്ടിനെക്കുറിച്ചാണെന്നു മനസ്സിലാക്കിയ അയാൾ വേഗമവിടെച്ചെന്നു കുഴിച്ചു നോക്കി. നിധിയിരിക്കുന്നതു കണ്ടു.

    ലീഷ്പെക്തോറെപ്പോലെ നമുക്ക് ഒരെഴുത്തുകാരനോ എഴുത്തുകാരിയോ ഉണ്ടോ? ഇവിടെ എവിടം കുഴിച്ചാലും മണ്ണേ കാണൂ, നിധി കാണില്ല.

    വിദേശത്താണ് നിധിയെന്നും തന്റെ നാട്ടിൽ നിധിയില്ലെന്നു കരുതുന്നത് ബുദ്ധിശൂന്യതയാണെന്ന് നമ്മളെ ഗ്രഹിപ്പിക്കുകയാണ് ഇക്കഥ. കഥയെന്ന നിലയിൽ ഇത് അത്യുത്തമം. പക്ഷേ മലയാളസാഹിത്യത്തെ സംബന്ധിച്ച് ഇത് എത്രകണ്ടു ശരിയാണ്? ലീഷ്പെക്തോറെപ്പോലെ നമുക്ക് ഒരെഴുത്തുകാരനോ എഴുത്തുകാരിയോ ഉണ്ടോ? ഇവിടെ എവിടം കുഴിച്ചാലും മണ്ണേ കാണൂ, നിധി കാണില്ല.

  5. റഷ്യൻ സാഹിത്യകാരൻ Vladislav khodesavich, 1886–1939, എഴുതിയ ഒരുപന്യാസത്തിൽ ഇങ്ങനെ കാണുന്നു: “ഏതു സാഹിത്യത്തിനും നിലനില്പ് വേണമെങ്കിൽ ആന്തരമായ ചലനാത്മകത്വം ഉണ്ടായിരിക്കണം. ശ്വാസോച്ഛാസത്തിനും ചോരയോട്ടത്തിനും സദൃശമായ പ്രക്രിയകൾ സാഹിത്യത്തിലുണ്ട്. അതിനാലാണ് അത് ജീവനോടെ വർത്തിക്കുന്നത്. രൂപങ്ങളിലും ആശയങ്ങളിലും വല്ലപ്പോഴും വരുന്ന മാറ്റം ജീവനുള്ളതിന്റെ അടയാളം മാത്രമല്ല. സജീവമായതിന്റെ ഒഴിച്ചുകൂടാൻ വയ്യാത്ത ഘടകവുമാണ്. ഈ പ്രക്രിയ നിന്നാൽ രക്തം കട്ടിയാവും. മരണവുമുണ്ടാകും. പിന്നെ അഴുകലും.”

ബോർഹേസിന്റെ പുതിയ പുസ്തകം

ജർമ്മൻ കവി അൻജലസ് സിലീഷൻ (Angelus Silesius, 1624–77. ശരിയായ പേര് യോഹാനസ് ഷെഫ്ലർ Johannes Scheffler) കവിതയുടെ ഉദ്ഭവത്തെക്കുറിച്ച് എഴുതിയത് നമ്മൾ ഓർമ്മിക്കണം. “The rose has no why, it flowers because it flowers.” പനിനീർപ്പൂവിനെസ്സംബന്ധിച്ച് എന്തുകൊണ്ട് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അത് പൂക്കുന്നതുകൊണ്ടു മാത്രം. അമേരിക്കൻ ചിത്രകാരൻ ഹ്വിസ്ലർ (Whistler, 1834–1903) ‘കല സംഭവിക്കുന്നു’ എന്നു പറഞ്ഞത് ബോർഹേസ് നമ്മളെ അനുസ്മരിപ്പിച്ചിട്ട് കലയിൽ എന്തോ അദ്ഭുതജനകമായി ഉണ്ടെന്ന് അഭിപ്രായപ്പെടുന്നു. നമ്മൾ കാവ്യം വായിക്കുമ്പോഴൊക്കെ കല ഉദയം കൊള്ളുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ മതം മനസ്സിൽ വച്ചുകൊണ്ട് അദ്ദേഹം ഹാർവേഡിൽ ചെയ്ത പ്രഭാഷണങ്ങൾ നമുക്കു ഗ്രന്ഥരൂപത്തിൽ ഇപ്പോൾ കിട്ടിയിരിക്കുന്നു. 1967–1968-ൽ അദ്ദേഹം അവിടെ നിർവഹിച്ച പ്രഭാഷണങ്ങൾ നഷ്ടപ്പെട്ടു പോയിയെന്നാണ് സഹൃദയലോകം ഇതുവരെ ധരിച്ചിരുന്നത്. അടുത്ത കാലത്ത് അതിന്റെ റ്റെയ്പുകൾ കണ്ടുപിടിച്ചു. ഹാർവേർഡ് സർവകലാശാല പ്രസ് അവ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തി കഴിഞ്ഞ വർഷം (This Craft of Verse, Jorge Luis Borges, Edited by Calin-Andrel Mihallescu, Pages 154, $22.95). പ്രഭാഷണങ്ങൽ മാത്രമാണെങ്കിൽ 121 പുറങ്ങൾ വില ഏതാണ്ട് 900 രൂപ. എങ്കിലും പുതിയ കാര്യങ്ങൾ അറിയുന്നതിലുള്ള താല്പരത്വം കൊണ്ട് ഞാനിതു വാങ്ങി. മേടിച്ചത് നന്നായി എന്ന് പാരായണം അവസാനിച്ചപ്പോൾ തോന്നുകയും ചെയ്തു. ബോർഹേസിനു പോലും പുസ്തകങ്ങൾ വാങ്ങുന്നതിൽ അദമ്യപ്രേരണ. അപ്പോൾ ക്ഷുദ്രമനുഷ്യനായ എനിക്ക് ആ പ്രേരണയുണ്ടായതിൽ എന്തേ അദ്ഭുതം! ബോർഹേസ് പറയുന്നു. “Some times, looking at the many books I have at home, I feel I shall die before I come to the end of them, yet I cannot resist the temptation of buying new books. Whenever I walk into a books store and find a book on one of my hobbies, for example, old English or old Norse poetry, I say to myself, ‘What a pity I can”t buy that book, for I already have a copy at home.” ബുക്ക്സ്റ്റോറിൽ കണ്ട പുസ്റ്റകം ബൊർഹേസിനു വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ വയ്യ. അതേ പുസ്തകം അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. കഷ്ടം! അത്യുജ്ജ്വല പ്രതിഭയാൽ അനുഗൃഹീതനായ ഈ സാഹിത്യകാരന്റെ മാനസികാവസ്ഥ ഇതാണെങ്കിൽ സാമാന്യ മനുഷ്യരായ നമ്മുടെ അവസ്ഥ എന്തായിരിക്കും?

The Riddle of Poetry എന്നാണ് ആദ്യത്തെ പ്രഭാഷണത്തിന്റെ പേര്. കവിതയുടെ സ്വഭാവം കാണിക്കാനായി ബോർഹേസ്, റോസ്റ്ററി എന്ന കവിയുടെ ഒരു ഗീതകത്തിന്റെ നാലുവരികൾ എഴുതുന്നു.

What man has bent O’er his son’s sleep to brood,
How that face shall watch his when cold it lies
Or thought, as his own mother kissed his eyes,
Of what her kiss was, when his father wooed?

ആദ്യത്തെ വരിയിൽ ഉറങ്ങുന്ന മകന്റെ മുഖത്തേക്കു നോക്കുന്ന അച്ഛനെ നമ്മൾ കാണുന്നു. രണ്ടാമത്തെ വരിയിൽ മരിച്ച അച്ഛന്റെ മുഖത്തേക്കു നോക്കുന്ന മകൻ. തന്റെ അമ്മ അച്ഛന്റെ കണ്ണുകളെ ചുംബിച്ച വിചാരം പിന്നീട്. അച്ഛൻ അമ്മയെ പ്രേമിച്ച വേളയിൽ അമ്മയുടെ ചുംബനം ഏതു തരത്തിലായിരുന്നു എന്നത് നാലാമത്തെ വരിയിൽ. Wooed എന്നതിനു പകരം Wooed her എന്നായിരുന്നെങ്കിൽ കവിതയാകെ തകരുമായിരുന്നു. Thousand and One Nights എന്നതിൽ ആ One എന്ന പദത്തിനാണ് പ്രാധാന്യം. അതാണ് കഥകളുടെ ബഹുത്വത്തെ സൂചിപ്പിക്കുന്നത്.

ഇങ്ങനെ കവിതയുടെ സത്തയിലേക്കു ചെന്നിട്ട് ബോർഹേസ്, The Metaphore, The Telling of the Tale, Word-Music, Thought and Poetry, A poet’s Creed ഈ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുന്നു. ഓരോന്നിലും ഉണ്ട് നൂതനമായ ഉൾക്കാഴ്ച.

“Borges On Writing” എന്ന് വേറൊരു പുസ്തകം കൂടി The Ecco Press (അമേരിക്ക) പ്രസാധനം ചെയ്തിട്ടുണ്ട്. അതിൽ Fiction, Poetry, Translation ഈ വിഷയങ്ങളെക്കുറിച്ചാണ് ബോർഹേസ് അഭിപ്രായങ്ങൾ ആവിഷ്കരിക്കുന്നത് (Edited by Norman Thomas Di Giovanni, Pages 173, Rs 455).

“We are the river of Heraclitus, who said that the man of yesterday is no the man of today, who will not be the man of tomorrow” എന്ന് ബോർഹേസ് എഴുതിയിട്ടുണ്ട്. മനുഷ്യൻ എത്ര മാറിയാലും ഈ ഗ്രന്ഥത്തിലെ കലാതത്ത്വങ്ങൾക്കു മാറ്റമില്ല.