Difference between revisions of "സാഹിത്യവാരഫലം 1984 02 05"
(Created page with "{{MKN/SV}} Category:മലയാളം Category:എം കൃഷ്ണന്‍ നായര്‍ Category:സാഹിത്യവാരഫലം Category:ക...") |
(→കഥകള്‍) |
||
Line 104: | Line 104: | ||
വള്ളത്തോള്‍ താന്‍ നേരിട്ടു കണ്ട കോഴി, ‘തോണിയാത്ര’ ഇവയെക്കുറിച്ചെല്ലാം കാവ്യങ്ങള്‍ രചിച്ചു. ക്രാന്തദര്‍ശിയായിരുന്നില്ല അദ്ദേഹം. കടന്നു കാണുന്നവരെയാണു് ക്രാന്തദര്‍ശികള്‍ എന്നു വിളിക്കുന്നതെങ്കില്‍ ഇന്നത്തെ കവികളും കഥാകാരന്മാരുമാണു് യഥാര്‍ത്ഥത്തില്‍ ക്രാന്തദര്‍ശികള്‍ കടലു കടന്നു ചെന്നു് അവര്‍ ഗിന്‍സ്ബര്‍ഗ്ഗിനെയും ബോര്‍ഹെസിനെയും ഷെനെയെയും കാണുന്നു. സാഹിത്യവാരഫലക്കാരനു് ഇതു പറയാന്‍ അധികാരമില്ല. സമ്മതിച്ചു. | വള്ളത്തോള്‍ താന്‍ നേരിട്ടു കണ്ട കോഴി, ‘തോണിയാത്ര’ ഇവയെക്കുറിച്ചെല്ലാം കാവ്യങ്ങള്‍ രചിച്ചു. ക്രാന്തദര്‍ശിയായിരുന്നില്ല അദ്ദേഹം. കടന്നു കാണുന്നവരെയാണു് ക്രാന്തദര്‍ശികള്‍ എന്നു വിളിക്കുന്നതെങ്കില്‍ ഇന്നത്തെ കവികളും കഥാകാരന്മാരുമാണു് യഥാര്‍ത്ഥത്തില്‍ ക്രാന്തദര്‍ശികള്‍ കടലു കടന്നു ചെന്നു് അവര്‍ ഗിന്‍സ്ബര്‍ഗ്ഗിനെയും ബോര്‍ഹെസിനെയും ഷെനെയെയും കാണുന്നു. സാഹിത്യവാരഫലക്കാരനു് ഇതു പറയാന്‍ അധികാരമില്ല. സമ്മതിച്ചു. | ||
{{MKN/SV}} | {{MKN/SV}} | ||
− | {MKN/Works}} | + | {{MKN/Works}} |
Latest revision as of 11:54, 26 February 2015
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1984 02 05 |
ലക്കം | 438 |
മുൻലക്കം | 1984 01 29 |
പിൻലക്കം | 1984 02 12 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
ഫ്രഞ്ച് സാഹിത്യകാരന്‍ ഷാങ് കൊക്‍തോയുടെ (Jean Cocteau, 1889–1963) ഏതോ ഗ്രന്ഥത്തില്‍ വായിച്ച ഒരു കൊച്ചു കഥ ഓര്‍മ്മയിലെത്തുന്നു. യുവാവായ ഒരു ചൈനീസ് ചിത്രകാരന്‍ ഗ്രാമത്തില്‍ അലഞ്ഞു തിരിയുമ്പോള്‍ ഒരു ചിത്രശലഭത്തെ കാണാനിടയായി. മനോഹരമായ ചിത്രശലഭം. അത്രയ്ക്കു സുന്ദരമായ മറ്റൊരു ചിത്രശലഭത്തെ അയാള്‍ മുന്‍പു കണ്ടിട്ടേയില്ല. ചിത്രകാരന്‍ വീട്ടില്‍ച്ചെന്നു് ഓര്‍മ്മയില്‍ നിന്നു് അതിനെ വരയ്ക്കാന്‍ തുടങ്ങി. സൂക്ഷ്മാംശങ്ങളില്‍പ്പോലും തെറ്റു പറ്റരുതെന്നു കരുതി വരച്ചപ്പോള്‍ നൂറു വര്‍ഷം വേണ്ടിവന്നു ആ ചിത്രം പൂര്‍ണ്ണമാകാന്‍. ഒടുവില്‍ മരിക്കുന്നതിനു തൊട്ടു മുന്‍പു് അയാള്‍ അവസാനത്തെ മിനുക്കുപണി കൂടെ നടത്തി. ചിത്രശലഭം കടല്ലാസ്സില്‍ നിന്നു പറന്നു പോയി.
തനനീയല്‍ ഹോതോണ്‍ (Nathaniel Hawthorne, 1804–64) എന്ന അമേരിക്കന്‍ സാഹിത്യകാരന്‍ എഴുതിയ The Artist of the Beautiful എന്ന ചെറുകഥ പ്രസിദ്ധമാണു്. ഒരു വാച്ചു് നിര്‍മ്മാതാവിന്റെ കൂടെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കപ്പെട്ട ഒരു യുവാവു് ഒരു ചിത്രശലഭത്തെ നിര്‍മ്മിച്ചു് പേടകത്തിലാക്കി അയാളുടെ പൂര്‍വ്വ കാമുകിയുടെ വീട്ടില്‍ കൊണ്ടുചെന്നു. അതിനു ജീവനുണ്ടോ എന്നു് അവള്‍ക്കു സംശയം. യന്ത്രത്തിനു ജീവനെങ്ങനെ വരും എന്നു് അവളുടെ ഭര്‍ത്താവു ചോദിച്ചു. അവള്‍ പേടകത്തില്‍ തൊട്ടപ്പോഴാണെന്നാണു് എന്റെ ഓര്‍മ്മ, ചിത്രശലഭം അതിനകത്തു നിന്നു പുറത്തേക്കു് ഇറങ്ങി ഉയര്‍ന്നു പൊങ്ങി. എല്ലാവരും അദ്ഭുതപ്പെട്ടു. അതു് കലാകാരന്റെ — നിര്‍മ്മാതാവിന്റെ — അടുത്തേക്കു വന്നപ്പോള്‍ ‘നിനക്കു ഞാന്‍ ജീവന്‍ തന്നു കഴിഞ്ഞു. ഇനി നീ എന്റേതല്ല’ എന്നോ മറ്റോ അയാള്‍ പറഞ്ഞു. പൂര്‍വ്വകാമുകിയുടെ മകന്‍ ചിത്രശലഭത്തെ പിടിച്ചു കൈക്കകത്തു വച്ചു ഞെരിച്ചു കളഞ്ഞു. അവന്റെ കൈ ആരോ തുറന്നു നോക്കിയപ്പോള്‍ ഏതാനും കാഞ്ചന രേണുക്കള്‍ മാത്രം.
ഈ രണ്ടു കഥകളിലും കലാകാരന്മാരുടെ സത്ത കലാസൃഷ്ടികളിലേക്കു പ്രവഹിക്കുന്നു എന്ന ആശയത്തിനാണു പ്രാധാന്യം. ഹോതോണിന്റെ കഥയില്‍ മറ്റൊരാശയവുമുണ്ടു്. കലാകാരന്‍ കലാസൃഷ്ടിക്കു ജീവന്‍ നല്കി ബഹുജനത്തിന്റെ മുന്‍പില്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അയാളുടെ ഉത്തരവാദിത്വം അതോടെ തീരുകയായി. വിമര്‍ശനം കൊണ്ടു് ആരെങ്കിലും അതിനെ നശിപ്പിച്ചാലും അയാള്‍ക്കു പരാതിയില്ല. കലാകാരന്റെ ബുദ്ധിയും ഭാവനയും ഭാവസംദൃബ്ധതയും ഒക്കെ ചേര്‍ന്നതാണു് കലാസൃഷ്ടി. എങ്കിലും അതു മരിച്ചാലും അയാള്‍ക്കു ദുഃഖമില്ല. മുന്‍കോപികളായ നമ്മുടെ കഥാകാരന്മാരും കവികളും ഹോതോണ്‍ ഉപന്യസിക്കുന്ന സാരസ്വത രഹസ്യം മനസ്സിലാക്കിയെങ്കില്‍!
Contents
ആന്റി സോഷ്യല്‍…
മനസ്സിലാക്കിയെങ്കില്‍ വിജയം രവി “ഡോക്ടര്‍ വിരുപാക്ഷന്‍” എന്ന വിരൂപമായ “ഹാസ്യകഥ” എഴുതുകില്ലായിരുന്നു (മനോരമ, ലക്കം 49). മരുന്നു്, കഴിക്കാന്‍ കൊടുത്തും അതു് ശരീരത്തില്‍ കുത്തിവച്ചും ഒരുത്തന്റെ പണം പിടുങ്ങുന്ന ഡോക്ടര്‍ ഒരാളെ ജാമ്യത്തിലിറക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയിരിക്കുന്നുവെന്നറിഞ്ഞു് അയാള്‍ അവിടെ ചെല്ലുന്നു. സ്റ്റേഷനകത്തിരിക്കുന്ന ഡോക്ടറെ കാണാന്‍ വേണ്ടി താന്‍ മെഡിക്കല്‍ റെപ്രിസെന്റേറ്റീവ് ആണെന്നു കള്ളം പറയുന്നു. പൊലീസുകാര്‍ വ്യാജ ഡോക്ടറെയും അയാള്‍ക്കു മരുന്നു കൊണ്ടു കൊടുക്കുന്നവനെന്നു കരുതി അയാളെയും ഇരുമ്പഴികള്‍ക്കുള്ളിലാക്കുന്നു. രചനയില്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയെ അനുകരിക്കുന്ന വിജയം രവി ആ വ്യാജ ഡോക്ടറെപ്പോലെ വ്യാജ സാഹിത്യകാരനാണു്. ഫ്രസ്ട്രേഷന്റെ — തകര്‍ച്ചയുടെ — ഫലമാണു് ഹാസ്യം എന്നു് പറയാറുണ്ടു്. തന്നെ അടിച്ചമര്‍ത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അയാള്‍ ഹാസ്യസാഹിത്യകാരനാവും എന്നു് മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. വിദേശാധിപത്യത്തിലമര്‍ന്ന രാജ്യങ്ങളില്‍ ഹാസ്യസാഹിത്യകാരന്മാര്‍ ധാരാളമുണ്ടാകുന്നതിന്റെ ഹേതു അതാണു്. സ്വതന്ത്രരായ ഇംഗ്ലീഷുകാരുടെ ഇടയില്‍ അത്രയധികം ഹാസ്യസാഹിത്യകാരന്മാരില്ല എന്നതും ഓര്‍മ്മിക്കത്തക്കതാണു്. ഏതോ തകര്‍ച്ചയുടെ നേര്‍ക്കുള്ള ആത്മരക്ഷണമായി വിജയം രവിയുടെ ‘ഹാസ്യ’ രചനയെ പരിഗണിക്കാന്‍ എനിക്കു വൈഷമ്യമില്ല. പക്ഷേ അദ്ദേഹത്തിന്റെ ഈ പ്രവൃത്തി ‘ഓരാന്റി സോഷ്യല്‍’ പ്രവര്‍ത്തനമാണു്. അന്യനു് ശാരീരികമോ മാനസികമോ ആയ നാശം ഉണ്ടാക്കുന്നതു് സമൂഹവിരുദ്ധപ്രവര്‍ത്തനം. അതു് കരുതിക്കൂട്ടിയാവാം; അല്ലാതെയാവാം. അന്യന്റെ വീട്ടില്‍ ചെല്ലുന്ന കുട്ടികള്‍ അയാളുടെ ഷോക്കേസിലെ കൗതുകവസ്തുക്കള്‍ വലിച്ചിട്ടു പൊട്ടിക്കുന്നതു് സമൂഹവിരുദ്ധ പ്രവര്‍ത്തനമാണെങ്കിലും കരുതിക്കൂട്ടിയുള്ള പ്രവര്‍ത്തനമല്ല. അതിഥി വന്നു സംസാരിക്കുമ്പോള്‍ റേഡിയൊയോ ടെലിവിഷന്‍ സെറ്റോ ഉച്ചത്തില്‍ ശബ്ദിപ്പിക്കുന്നതു് കരുതിക്കൂട്ടിയുള്ള ‘ആന്റി സോഷ്യല്‍ ബിഹേവിയര്‍’. വിജയം രവിക്കു് ആരെയും ഉപദ്രവിക്കണമെന്നു് ഉദ്ദേശ്യമില്ല. അദ്ദേഹം ഷോക്കേസിലെ ഭംഗിയാര്‍ന്ന വസ്തുക്കള്‍ വലിച്ചിട്ടു പൊട്ടിക്കുന്നതു് അബോധാത്മകമായിട്ടാണു്. അതു് ആന്റിസോഷ്യലാണെങ്കിലും ക്ഷന്തവ്യം.
റഷ്യാക്കാരാണു് ഫലിതം നല്ലപോലെ ആസ്വദിക്കുന്നതെന്നു് ജൂതന്മാര്‍ പറയുന്നു. മൂന്നു തവണയാണു് റഷ്യാക്കാരന്റെ ചിരിച്ചു കൊണ്ടുള്ള ആസ്വാദനം. ഒന്ന്: നേരമ്പോക്കു കേള്‍ക്കുമ്പോള്‍. രണ്ടു്: അതു് അയാള്‍ക്കു വിശദീകരിച്ചു കൊടുക്കുമ്പോള്‍. മൂന്നു്: റഷ്യാക്കാരന്‍ അതു മനസ്സിലാക്കുമ്പോള്‍. റഷ്യാക്കാര്‍ ജൂതന്മാരെ ഉപദ്രവിക്കുന്നുണ്ടോ?
ഭര്‍ത്തൃഹരി പറഞ്ഞ സത്യം
ഉപദ്രവമില്ലെങ്കിലും സീനത്തിന്റെ “അനുരാഗനാടകം” (മനോരാജ്യം, ലക്കം 7) ഫലിതമല്ല, സാഹിത്യമല്ല. ഡ്രായിങ് മാസ്റ്റര്‍ കൃഷ്ണന്‍ നായര്‍ സുന്ദരനല്ലെങ്കിലും പെണ്ണുങ്ങള്‍ ഇഷ്ടപ്പെടുന്നവനാണു്. എന്നാല്‍ സുന്ദരനായ ഡ്രില്‍ മാസ്റ്ററോടു് ഒരു പെണ്ണും സംസാരിക്കാന്‍ പോകുന്നില്ല. ഒരിക്കല്‍ അയാള്‍ ഒരു ടീച്ചറിനോടു സംസാരിക്കാന്‍ ശ്രമിച്ചു. പിള്ളേര്‍ അതു കണ്ടു ബഹളം കൂട്ടി. ‘ഒരുപാടു പ്രേമം നടത്തി പൊളിഞ്ഞ പുള്ളിയാണത്രേ” ഡ്രില്‍ മാസ്റ്റര്‍. അതുകൊണ്ടാണത്രേ സ്ത്രീകള്‍ അടുക്കാത്തതു്. ഇതിലെ ‘സൈക്കോളജി’ അത്രകണ്ടു ശരിയല്ല. ‘മോറല്‍ റെക്കു’കളെ — സാന്മാര്‍ഗ്ഗികമായി അധഃപതിച്ചവരെ — പെണ്ണുങ്ങള്‍ക്കു് സീനത്തു വിചാരിക്കുന്നതുപോലെ അത്ര വെറുപ്പൊന്നുമില്ല. ഇല്ലെന്നു മാത്രമല്ല ഇഷ്ടമാണു താനും. പിന്നെ വര്‍ത്തമാനം പറയുന്നതിനെക്കുറിച്ചു്. തങ്ങൾക്കു് ഇഷ്ടമില്ലാത്തവരോടു വാതോരാതെ സംസാരിക്കുകയും ഇഷ്ടമുള്ളവരെ കണ്ടില്ലെന്നു ഭാവിച്ചു പോകുകയും ചെയ്യുന്നതു് സ്ത്രീകളുടെ സ്വഭാവമാണു്. ഭര്‍ത്തൃഹരി പറഞ്ഞതു കേട്ടാലും:
“ജല്പന്തി സാര്‍ദ്ധമന്യേന പശ്യന്ത്യന്യം സവിദ്രമാഃ
ഹൃദ്ഗതം ചിന്തയന്ത്യന്യം പ്രിയഃ
കോ നാമ യോഷിതാം.”
[ഒരാളോടു സംസാരിക്കുന്നു. വിഭ്രമങ്ങളോടുകൂടി (രതിജന്യമായ ചേഷ്ടാവിശേഷങ്ങളോടുകൂടി) വേറൊരുത്തനെ നോക്കുന്നു. മറ്റൊരുത്തനെ മനസ്സില്‍ വിചാരിക്കുന്നു. സ്ത്രീകള്‍ക്കു് ആരിലാണു് സ്ഥിരമായ്മ രാഗം?]
സ്ഥിരമായ രാഗം ആപത്താണെന്നു തകഴി തെളിയിച്ചതായി കണിയാപുരം രാമചന്ദ്രന്‍ പറയുന്നു. “ഒരാളിന്റെ കഥ മൂന്നു തരത്തില്‍ എഴുതാമെന്നു തെളിയിച്ചതിനു (തകഴിക്കു്) നോബല്‍ സമ്മാനം ലഭിക്കും.” എന്നാണു് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്യുന്നതു് (കലാകൗമുദി, ലക്കം 436). ഈ വാക്യത്തിലടങ്ങുന്ന തീക്ഷ്ണമായ ഹാസ്യം തകഴിയേയും രസിപ്പിക്കുമെന്നാണു് എന്റെ വിചാരം. ആരെ ഉദ്ദേശിച്ചു് ഹാസ്യം പ്രയോഗിക്കുന്നുവോ അതു് ആ ആളിനേയും രസിപ്പിക്കുമ്പോള്‍ അതു് ഉത്തമഹാസ്യമായി ഭവിക്കുന്നുവെന്നു കുട്ടിക്കൃഷ്ണമാരാര്‍ പറഞ്ഞിട്ടുണ്ടു്. ആ നിലയില്‍ കണിയാപുരം രാമചന്ദ്രന്റെ ഹാസ്യം ഉത്തമം തന്നെ.
ഞാന്‍ തകഴിയെ ലക്ഷ്യമാക്കി പറയുകയല്ല. ഇത്രയും എഴുതിയപ്പോള്‍ ഉണ്ടായ വിചാരം ഇവിടെ ആവിഷ്കരിക്കുകയാണു്. സന്ദര്‍ഭത്തോടു യോജിക്കുന്നില്ല എന്നു മനസ്സിലാക്കിക്കൊണ്ടു തന്നെ. ഈ നാട്ടില്‍ ‘പൊരുതുന്ന’ സാഹിത്യകാരന്മാര്‍ ഏറെയുണ്ടു്. കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി തൂലിക ചലിപ്പിക്കുന്നവരാണു് അവര്‍. എന്നാല്‍ അവരുടെ ‘പൊരുതല്‍’ രചനകളിലേയുള്ളു. താമസിക്കാന്‍ രണ്ടു നില മാളിക, സഞ്ചരിക്കാന്‍ പുതിയ കാറു്, സായാഹ്നങ്ങളില്‍ കണ്ടു രസിക്കാന്‍ ‘കളര്‍ ടെലിവിഷന്‍.’ ഉന്നതന്മാരോടു സംസാരിച്ചു രസിക്കാന്‍ കളര്‍ ടെലിഫോണ്‍, ഭാര്യയുടെ മൂക്കില്‍ പുക കയറാതിരിക്കാന്‍വേണ്ടി അടുക്കളയില്‍ വിദ്യുച്ഛക്തി കൊണ്ടു പ്രവര്‍ത്തിക്കുന്ന അടുപ്പു്, സ്വിച്ചോണ്‍ ചെയ്താല്‍ ചൂടു വെള്ളം കിട്ടുന്ന കുളിമുറി, ഐസ്ക്രീമും ഫ്രൂട്ട്സാലഡും ശരിപ്പെടുത്തിയെടുക്കാന്‍ ഫ്രിജ്ജ്, എന്നെപ്പോലുള്ള സുയോധനന്മാര്‍ക്കു സ്ഥലജലവിഭ്രമം ഉളവാക്കാന്‍ മൊസൈക് പാകിയ തറ. ഇവര്‍ തൂലികയെടുത്തു് ‘മുതലാളിയുടെ രക്തം കുടിക്കണം’ എന്നു് അലറുന്നു. ബൂര്‍ഷ്വാ മൂല്യങ്ങളെ താലോലിച്ചുകൊണ്ടു് പ്രോലിറ്റേറിയന്‍ മൂല്യങ്ങളെ വാഴ്ത്തുന്നു. അവര്‍ കാറില്‍ പോകുമ്പോള്‍ തൊഴിലാളികള്‍ നടക്കുന്നു. എന്തൊരന്തരം! ബഹുജനത്തിനു് ഈ പൊരുതുന്ന സാഹിത്യകാരന്മാരെയാണു് ഇഷ്ടം, ബഹുമാനം, അതിലുമുണ്ടു് ഒരു ‘സൈക്കൊളോജിക്കല്‍ ട്രൂത്ത്.’ നെറ്റിപ്പട്ടം കെട്ടി ഉത്സവസ്ഥലത്തു് മന്ദമന്ദം നീങ്ങുന്ന ആന ബഹുമാനം നേടും, പ്രേക്ഷകരുടെ നെറ്റിപ്പട്ടമില്ലാതെ മദംപൊട്ടി ഓടുന്ന ആനയെ “വെടിവച്ചു കൊല്ലു്” എന്നേ ആളുകള്‍ ആക്രോശിക്കു. നെറ്റിപ്പട്ടം കെട്ടിയവനെങ്കിലും സ്വയം നിയന്ത്രിച്ചവനാണു് ആ ഗജവീരന്‍. എന്നാല്‍ അവന്‍ എല്ലാം ഗ്രഹിച്ചവനുമാണു്. തക്ക സമയത്തു് അവന്‍ ചിന്നം വിളിക്കും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരായ നമ്മുടെ വിപ്ലവ സാഹിത്യകാരന്മാര്‍ ജയിക്കട്ടെ.
ശ്രീനാരായണന്‍
ജയിക്കുന്നവര്‍ ആചാര്യന്മാരാണെന്നും മഹാന്മാരാണെന്നും പലരും വിചാരിക്കുന്നു. ശരിയല്ല അതു്. ശ്രീരാമകൃഷ്ണ പരമഹംസനെയോ വിവേകാനന്ദനെയോ രമണ മഹര്‍ഷിയെയോ നാരായണ ഗുരുസ്വാമിയെയോ നമ്മള്‍ വാഴ്ത്തുമ്പോള്‍ നമ്മളാണു് ജയിക്കുന്നതു്. കാരണമുണ്ടു്. മഹാന്മാര്‍ക്കു നമ്മുടെ സ്തുതിവചനങ്ങള്‍ ആവശ്യമില്ല. അവരെ വാഴ്ത്തുമ്പോള്‍ നമ്മള്‍ക്കു മാനസികമായ ഔന്നത്യം ഉണ്ടാകുന്നതേയുള്ളൂ. പ്രൊഫസര്‍ കെ.എം. തരകന്‍ ശ്രീനാരായണനെക്കുറിച്ചു് എഴുതുന്നു:
- “ഹായോഗ പരിശീലനം കൊണ്ടുമാത്രമല്ല, നിസ്സംഗത്വംകൊണ്ടും ജീവമുക്തനായ യോഗീന്ദ്രന്‍, മര്‍ദ്ദിതജനതയുടെ ആത്മവീര്യത്തെ വിജ്രംഭിപ്പിച്ച വിപ്ലവകാരി, സഹജീവികളെ സേവിച്ച പതിതകാരുണികനായ ലോകസേവകന്‍, കവി, ദാര്‍ശനികന്‍, ഭാരതീയ നവോത്ഥാനത്തിന്റെ മഹാശില്പി എന്നീ നിലകളില്‍ ശ്രീനാരായണഗുരു ലോകത്തിലെ മഹാപുരുഷന്മാരില്‍ ഒരാളായി വിരാജിക്കുന്നുവെന്ന സത്യത്തെ ശിവഗിരി തീര്‍ത്ഥാടന/കനകജൂബിലി വിളംബരം ചെയ്യുന്നു.” (മനോരമ)
ഇതെഴുതിയപ്പോള്‍ കെ.എം. തരകനുണ്ടായ മാനസികോന്നമനം വായനക്കാരനായ എനിക്കും ഉണ്ടാകുന്നു. മനുഷ്യന്‍ എങ്ങനെയാണു് അമരത്വം വരിക്കുന്നതു്. ആത്മനിയന്ത്രണം കൊണ്ടും തന്നെ ഉന്നമിപ്പിക്കുന്നതു കൊണ്ടും ഞാന്‍ സാധാരണ മനുഷ്യനാണു്. എന്റെ വികാരങ്ങളേയും ചിന്തകളേയും നിയന്ത്രിക്കാന്‍ എനിക്കു കഴിയുന്നില്ല. എന്നെപ്പോലുള്ളവരാണു് മറ്റുള്ളവരും, സുദൃഢമായ ഒരു ‘പേഴ്സനാലിറ്റി’ രൂപവത്കരിക്കുന്നതിനു മുന്‍പു് ഞാന്‍ അന്തരിച്ചു പോകും. ആചാര്യന്മാര്‍ അങ്ങനെയല്ല. അവര്‍ കുട്ടിക്കാലം തൊട്ടുതന്നെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിച്ചു് സ്വത്വം ദൃഢമാക്കുന്നു. അങ്ങനെ ദാര്‍ഢ്യമാര്‍ന്ന സ്വത്വം ഉള്ളവരെ കണ്ടാലുടനെ അറിയാം. നാരായണ ഗുരുസ്സ്വാമിയെ ഞാന്‍ കണ്ടിട്ടില്ല. പി. കേശവദേവും കൈനിക്കര പദ്മനാഭപിള്ളയും അദ്ദേഹത്തെ കണ്ടിട്ടുണ്ടു്, സംസാരിച്ചിട്ടുണ്ടു് എന്നു് അവര്‍ എന്നോടു പറഞ്ഞു. അദ്ദേഹമെങ്ങനെ എന്നു് ഞാന്‍ രണ്ടു പേരോടും പ്രത്യേകം പ്രത്യേകം ചോദിച്ചപ്പോള്‍ അവര്‍ അറിയിച്ചതു് “അസാധാരണമായ തേജസ്സാര്‍ന്ന മഹാന്‍” എന്നാണ്. ഈ തേജസ്സു് സ്വത്വത്തിന്റെ — പേഴ്സനാലിറ്റിയുടെ — ഫലമാണു്. ഇങ്ങനെ തേജസ്സു് ആവഹിക്കുന്നതിനെ തന്നെയാണു് ‘ഡിവിനിറ്റി’ എന്നു വിളിക്കുന്നതു് ദൈവികത്വമാര്‍ജ്ജിച്ചു് അമരത്വം കൈവരിച്ച ആചാര്യനാണു് ശ്രീനാരായണന്‍. “ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടു്; ഓരോ കുറ്റിക്കാടും ഈശ്വരശക്തിയാല്‍ ജ്വലിക്കുന്നു” എന്നൊരു കവി. ഈ സ്വര്‍ഗ്ഗത്തേയും അഗ്നിയേയും സാക്ഷാത്കരിച്ച മഹാന്മാരെക്കുറിച്ചു് എഴുതുന്നതു് ഉചിതജ്ഞതയുള്ള പ്രവൃത്തിതന്നെ.
ഉചിതജ്ഞതയാര്‍ന്ന പ്രവൃത്തികളില്‍ താല്പര്യമില്ലാത്തവരാണു് നമ്മുടെ നിരൂപകര്‍. സോക്രട്ടീസ് ചോദിച്ചു: “റൊട്ടി വിലകൂടിയ ഭക്ഷണസാധനമായും വിലകൂടിയ ഭക്ഷണസാധനത്തെ റൊട്ടിയായും കരുതി ഭക്ഷിക്കുന്നതു് ആരു്?” സോക്രട്ടീസിന്റെ ശിഷ്യന്‍ അതിനു മറുപടി നല്കിയില്ല. കേരളത്തിലെ ഒരു ശിഷ്യന്‍ മറുപടി പറയുന്നു: “കേരളത്തിലെ നിരൂപകര്‍.”
എം.എന്‍. ഗോവിന്ദന്‍ നായര്‍
നിരൂപകര്‍ക്കു പോലും കുറ്റം പറയാന്‍ വയ്യാത്ത വിധത്തില്‍ ശുദ്ധമായ രാഷ്ട്രീയജീവിതം നയിക്കുന്ന വ്യക്തിയാണു് എം.എന്‍. ഗോവിന്ദന്‍ നായര്‍. അദ്ദേഹം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കാലത്തു് ഞാന്‍ ഒരിക്കല്‍ റോഡില്‍ വച്ചു കണ്ടു അദ്ദേഹത്തെ. ഞാന്‍ കമ്മ്യൂണിസ്റ്റല്ല. എങ്കിലും വിമലാത്മതയ്ക്കു പരാജയം വരുന്നതു് എനിക്കിഷ്ടമല്ല. അതുകൊണ്ടു് ഞാന്‍ തെല്ലൊരു ദുഃഖത്തോടെ അദ്ദേഹത്തോടു ചോദിച്ചു: “സാറും സാറിനെപ്പോലുള്ളവരും തിരഞ്ഞെടുപ്പില്‍ തോല്ക്കുന്നതു കഷ്ടമല്ലേ?” എം.എന്‍. ഗോവിന്ദന്‍ നായര്‍ ചിരിച്ചതേയുള്ളു. മറുപടി ഒന്നും പറഞ്ഞില്ല. ഞാന്‍ തുടര്‍ന്നു പറഞ്ഞു: “ഞാന്‍ ആദ്യമായി സെക്രിട്ടേറിയറ്റില്‍ ജോലി നോക്കിയിരുന്നു. അന്നു് സാറിനെ സംബന്ധിച്ച ഫയല്‍ ‘ഡീല്’ ചെയ്തിരുന്നതു് ഞാനാണു്. നാഗര്‍കോവിലിലെ ആശുപത്രിയില്‍ നിന്നു് സാറു് ഓടിപ്പോയ വിവരം പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ദിവാന്‍ സര്‍ സി പി “Arrest him within twenty four hours” എന്നു് ഓര്‍ഡറിട്ടു. പക്ഷേ സാറിനെ പിടികൂടാന്‍ കഴിഞ്ഞില്ല” അതു കേട്ടപ്പോഴും എം.എന്‍. ഹൃദ്യമായി ചിരിച്ചു. എന്നിട്ടു പറഞ്ഞു: “അതേ, അങ്ങനെയുള്ള സന്ദര്‍ഭങ്ങളൊക്കെ തരണം ചെയ്തല്ലേ ഞാനിവിടെ എത്തിയതു്. ജനങ്ങള്‍ക്കു് അതറിയാമല്ലോ. അതുമതി.” സംസ്കാരഭദ്രമായ ഈ മറുപടി കേട്ടു് ഞാന്‍ ആഹ്ളാദിച്ചു. അതേ സംസ്കാര സൗരഭ്യം അദ്ദേഹത്തിന്റെ ആത്മകഥയിലുമുണ്ടു്. അതിന്റെ ഒരു ഭാഗം ജനയുഗം വാരികയില്‍ കാണാം (ലക്കം 29). രാഷ്ട്ര വ്യവഹാരത്തില്‍ (Politics) ഒരു നേതാവിനും അഭിപ്രായം ഇരുമ്പുലക്ക ആയിരുന്നു കൂടെന്നു സിസറോ പറഞ്ഞിട്ടുണ്ടു്. അഭിപ്രായം ഇരുമ്പുലക്ക തന്നെ എന്നു ജീവിതം കൊണ്ടു തെളയിച്ച നേതാവാണു് എം.എന്‍. ഗോവിന്ദന്‍ നായര്‍. വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡില്‍ക്കൂടി നേരേ കാറോടിക്കാന്‍ പറ്റുമോ എന്ന ചോദ്യമുണ്ടാകാം. രാഷ്ട്ര വ്യവഹാരത്തിന്റെ വക്രമാര്‍ഗ്ഗത്തിലും അതിനു സാദ്ധ്യതയുണ്ടു്. നെഹ്റു ആവിധത്തിലൊരു മഹാനാണു്. രാജഗോപാലാചാരി അങ്ങനെയായിരുന്നില്ലതാനും.
രാജഗോപാലാചാരിയാണു് താന്‍ കണ്ട മൂന്നു മഹാന്മാരിലൊരാള്‍ എന്നു് അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന നിക്സന്‍ ആത്മകഥയില്‍ എഴുതിയിരിക്കുന്നു. നെഹ്റുവിനെക്കുറിച്ചു് പ്രശംസിച്ചു് അതില്‍ ഒന്നുമില്ല. അദ്ദേഹം (നെഹ്റു) കാശ്മീരിനെക്കുറിച്ചു് “ഒബ്സെസ്സീവാ”യി സംസാരിച്ചുകൊണ്ടിരുന്നു എന്നാണു് നിക്സണ്‍ കുറ്റപ്പെടുത്തുന്നതു്. ഐസനോവര്‍ ഈശ്വര വിശ്വാസിയാണോ എന്നേ രാജഗോപാലചാരിക്കു ചോദിക്കാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഭാരതത്തെ സ്നേഹിച്ച നെഹ്റു അതിന്റെ ഒരു ഭാഗം മറ്റുള്ളവര്‍ കൈയടക്കുന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. രണ്ടുപേരുടെയും മാനസിക നില ഇതു വ്യക്തമാക്കും. സായ്പിനു് നെഹ്റുവിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവം ഇഷ്ടപ്പെട്ടില്ലെങ്കില്‍ത്തന്നെ എന്തു്?
രണ്ടുരത്നങ്ങള്‍
ഇഷ്ടപ്പെട്ടതു് എന്തെല്ലാം ഈ ലോകത്തുണ്ടു്. അതു് എല്ലാം പറഞ്ഞു തീര്‍ക്കാനാവുമോ? സാഹിത്യഗ്രന്ഥങ്ങളിലെ ഒന്നോ രണ്ടോ ഭാഗങ്ങളെക്കുറിച്ചു മാത്രം പറയാം. കാസാന്‍ദ്സാക്കീസിന്റെ Zorba the Greek എന്ന നോവലില്‍ വസന്തം ആഗമിക്കുന്നതു് സോര്‍ബ കാണുന്നതിന്റെ വര്‍ണ്ണനയുണ്ടു്. അയാള്‍ [സോര്‍ബ] ചോദിച്ചു: “അതെന്താണു്. അതാ അവിടെക്കാണുന്ന അദ്ഭുതം. ചലനം കൊള്ളുന്ന ആ നീലനിറം. എന്താണതിന്റെ പേരു്? കടലോ? കടലോ? പൂക്കളുള്ള പച്ചനിറമാര്‍ന്ന ആ ആച്ഛാദനമെന്താണു്? (apron) ഭൂമിയോ? അതു നിര്‍മ്മിച്ച കലാകാരനാരു്? ഞാന്‍ സത്യം ചെയ്യാം. ആദ്യമായിട്ടാണു് ഞാനിതു കാണുന്നതു്”
ഞാന്‍ ഉറക്കെച്ചോദിച്ചു: ‘സോര്‍ബ, നിനക്കു കിറുക്കോ?’
“അങ്ങു് എന്താണഉ് ആക്ഷേപിക്കുന്നതു്? അതാ കാണുന്നില്ലേ. അതിന്റെ പിറകിലെല്ലാം മാജിക് ഉണ്ടു്.”
സോര്‍ബയ്ക്കുണ്ടായ ഹര്‍ഷോന്മാദം വായനക്കാര്‍ക്കു് ഉണ്ടാകുന്നില്ലെങ്കില്‍ അതിനു ഹേതു എന്റെ അവിദഗ്ദ്ധമായ ഭാഷന്തരീകരണമാണു്.
എന്നെ എന്തെന്നില്ലാതെ ആകര്‍ഷിച്ച ഒരു നാടകമാണു് എദ്മോങ് റോസ്താങ്ങിന്റെ (Edmond Rostand, 1868–1918) സീറാനോ ദ ബര്‍ഷറക് (Cyrano de Bergerac). നാടകത്തിലെ നായികയെ സീറാനോ സ്നേഹിക്കുന്നു. തന്റെ നാസികയ്ക്കു നീളം കൂടുതലായതു കൊണ്ടു് അവള്‍ തന്നെ സ്നേഹിക്കുകയില്ലെന്നു് അദ്ദേഹം കരുതുന്നു. അവളെ സ്നേഹിക്കുന്ന മറ്റൊരു യുവാവിനു് പ്രേമലേഖനമെഴുതാനുള്ള പ്രാഗൽഭ്യമില്ല. അവ അയാള്‍ക്കു് എഴുതിക്കൊടുക്കുന്നതു് സീറാനോയാണു്. യുവാവും യുവതിയും ദമ്പതികളായി. അയാളുടെ എഴുത്തുകളാണു് തന്റെ പ്രേമത്തെ ഉദ്ദീപിപ്പിച്ചതെന്നു് അവള്‍ പറഞ്ഞു. എഴുത്തുകള്‍ സീറാനോ എഴുതിയതാണെന്നു പറയാന്‍ യുവാവു് അദ്ദേഹത്തെ നിര്‍ബ്ബന്ധിച്ചെങ്കിലും അദ്ദേഹം അക്കാര്യം രഹസ്യമായി സൂക്ഷിച്ചതേയുള്ളു. യുദ്ധത്തില്‍ യുവാവു മരിച്ചു. മരിച്ച ഭര്‍ത്താവിന്റെ അവസാനത്തെ എഴുത്തു വായിച്ചു കേള്‍പ്പിക്കാന്‍ യുവതി സീറാനോയോടു് അപേക്ഷിച്ചു. രാത്രി സീറാനോയ്ക്കോ യുവതിക്കോ എഴുത്തു വായിക്കാന്‍ വയ്യ. അത്രയ്ക്കു് ഇരുട്ടാണു്. എങ്കിലും താന്‍ എഴുതിയ എഴുത്തു് സീറാനോ നിഷ്പ്രയാസം വായിച്ചു. അപ്പോഴാണു് അവള്‍ക്കു മനസ്സിലായതു് തനിക്കു കിട്ടിയ എല്ലാക്കത്തുകളും സീറാനോയാണു് എഴുതിയതെന്നു്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി താന്‍ അദ്ദേഹത്തിന്റെ ആത്മാവിനെ ആ എഴുത്തുകളിലൂടെ സ്നേഹിക്കുകയായിരുന്നുവെന്നു് അവള്‍ക്കു് അപ്പോള്‍ മനസ്സിലായി. ഭര്‍ത്താവിനെയല്ല, തന്നെയാണു് അവള്‍ സ്നേഹിച്ചിരുന്നതെന്നു് ഗ്രഹിച്ചുകൊണ്ടു് സീറാനോ മരിക്കുന്നു. അവള്‍ അദ്ദേഹത്തിന്റെ നെറ്റിയില്‍ ചുംബിക്കുന്നു. സീറാനോ കണ്ണു തുറന്നു് അവളെ നോക്കി പുഞ്ചിരി പൊഴിക്കുന്നു. എന്തൊരു മനോഹരമായ സങ്കല്പം!
സെക്സും നക്ഷത്രവും
മനോഹരമായ സങ്കല്പമല്ലെങ്കിലും പാരായണയോഗ്യമായ കഥയാണു് കുങ്കുമത്തില്‍ (ലക്കം 19) പി.കെ. നന്ദനവര്‍മ്മ എഴുതിയ “ഓര്‍മ്മിക്കുവാന്‍ ഒരു നിമിഷം” എന്നതു്. സെക്സാണു് അതിന്റെ അടിത്തറ. ക്ലാസ്സിലിരുന്നു് ഉറക്കം തൂങ്ങിയതിനു് ലില്ലിട്ടീച്ചര്‍ ഒരു കുട്ടിയെ ശാസിച്ചു. എന്നിട്ടു് അവള്‍ വെയ്റ്റിങ് റൂമില്‍ വന്നിരുന്നു് ഉറക്കപ്പിച്ചു പറഞ്ഞു തുടങ്ങി. ദൂരെ എവിടെയോ ജോലിയുള്ള ഭര്‍ത്താവു് തലേ ദിവസമാണു് വീട്ടിലെത്തിയതു്. അയാള്‍ ലില്ലിയെ ഉറങ്ങാന്‍ സമ്മതിച്ചില്ലത്രേ. ടീച്ചറിന്റെ പിച്ചുകേട്ടു് കൂട്ടുകാരികള്‍ ചിരിക്കുമ്പോള്‍ കഥ അവസാനിക്കുന്നു.
സെക്സ് എങ്ങനെയാണു് അനുവാചകനെ രസിപ്പിക്കുന്നതെന്നു് വ്യക്തമാക്കാന്‍ എനിക്കറിഞ്ഞുകൂടാ. നമ്മുടെ മാനസിക നിലയ്ക്കു് അതു് മാറ്റം വരുത്തുമായിരിക്കും. ആ മാറ്റം സുഖദായകമാകമെന്നു തോന്നുന്നു. മുക്കുറ്റിപ്പൂവില്‍ നക്ഷത്രത്തിന്റെ പ്രകാശം വീഴുമ്പോള്‍ അതും “സ്വയമുദ്യോതിക്കും നക്ഷത്രമായി” മാറുമല്ലോ. അതുപോലെ സെക്സിന്റെ പ്രതിപാദനം വായനക്കാരനെ നക്ഷത്രമായി മാറ്റുമായിരിക്കും. ഇങ്ങനെ അനുവാചകരെ നക്ഷത്രങ്ങളാക്കുന്ന ചില നോവലുകളുടെ പേരു പറയൂ. ബതായീയുടെ (Bataille) The story of the Eye, നാബോക്കോഫിന്റെ Lolita (ലോലീറ്റ), ഷാങ് ഷെനെയുടെ The Thief’s Journal, കാസാനോവായുടെ Memoirs. (ഇതു നോവലല്ല. ലൈംഗികത്വം കലര്‍ന്ന ഓര്‍മ്മക്കുറിപ്പുകള്‍ മാത്രം.)
മോപസാങ്ങിന്റെ പ്രേതം
ലൈംഗികത്വത്തില്‍, വ്യാപകമായി പറഞ്ഞാല്‍ വേശ്യാത്വത്തില്‍ അധിഷ്ടിതമാണു് ഗുലാം അബ്ബാസിന്റെ ‘ആനന്ദി’ എന്ന കഥയും (ഇലസ്ട്രേറ്റഡ് വീക്ക്‌ലി, ജനുവരി 8–14). ഗുലാം അബ്ബാസ് ഈ വര്‍ഷം ആദ്യം മരിച്ചു. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ പാകിസ്ഥാനിലേക്കു പോയ ആളാണു് അദ്ദേഹം. അബ്ബാസ് ഉറുദുവിലെഴുതിയ ഇക്കഥ ജയ് രത്തന്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തു. Fascinating എന്ന വിശേഷണം നല്കി പ്രീതിഷ് നന്ദി അതു് വീക്ക്‌ലിയില്‍ പരസ്യപ്പെടുത്തിയിരിക്കുന്നു.
ഒരു സ്ഥലത്തു് ഏറെ വേശ്യകളുണ്ടു്. ആ പ്രദേശത്തിന്റെ പാവനത്വത്തെ ഇല്ലാതാക്കുന്ന അവരെ അവിടെ നിന്നു് നൂറു നാഴിക ദൂരെ മാറ്റിപ്പാര്‍പ്പിക്കാന്‍ മുനിസിപ്പല്‍ കമ്മിറ്റി തീരുമാനിച്ചു. എല്ലാ വേശ്യകളും മാറിപ്പോവുകയില്ല. കുറേപ്പേര്‍ പോയി. വേശ്യകള്‍ അവിടെച്ചെന്നു താമസമായി എന്ന കാരണത്താല്‍ ആ പ്രദേശം ക്രമേണ സമ്പന്നമായി. അവിടെ വിദ്യുച്ഛക്തി വന്നു. സിനിമാശാലകള്‍ വന്നു. സൗധങ്ങള്‍ ഉയര്‍ന്നു. അങ്ങനെ അവിടം പട്ടണമായി മാറി; ആനന്ദി എന്ന പേരുള്ള പട്ടണം. അങ്ങനെയിരിക്കുമ്പോള്‍ ആനന്ദി നഗരത്തിലെ മുനിസിപ്പല്‍ കമ്മിറ്റി യോഗം ചെര്‍ന്നു. ഒരംഗം പോലും യോഗത്തിനു വരാതിരുന്നില്ല. ഒരു പ്രഭാഷകന്‍ സദസ്സിനെ നോക്കി “പൊട്ടിത്തെറിച്ചു.” “പ്രാചീനവും ചരിത്രപ്രസിദ്ധവും ആയ ഈ പട്ടണത്തില്‍ അവിശുദ്ധമായ ഈ സമൂഹത്തെ കഴിഞ്ഞു കൂടാന്‍ ജനങ്ങള്‍ അനുവദിക്കുന്നതു് ഏതു പരിഗണനയാലാണു്?” അത്തവണ പന്ത്രണ്ടു നാഴിക അകലെയുള്ള ഒരു സ്ഥലത്താണു് അവര്‍ വേശ്യകളെ മാറ്റിപ്പാര്‍പ്പിച്ചതു്.
മോപസാങ്ങിനെ മഹാശയസ്കനാക്കിയ ബൂല്‍ ദ സ്വേഫ് (Boule de Suif) എന്ന മനോഹരമായ ചെറുകഥയുടെ അന്തസ്സാരശൂന്യമായ ഒരനുകരണം മാത്രമാണിതു്. പ്രഷന്‍ (Prussian) ആക്രമണം ഭയന്നു് കുറെ ഫ്രഞ്ച് ശരണാര്‍ത്ഥികള്‍ കുതിരവണ്ടിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണു്. അവരുടെ കൂട്ടത്തില്‍ ഒരു വേശ്യയുമുണ്ടു്. എല്ലാവര്‍ക്കും അവളോടു ദേഷ്യം, പുച്ഛം, വേശ്യ മാത്രമേ ആഹാരം കൊണ്ടുവന്നിട്ടുള്ളു. ദയയുള്ള അവള്‍ അതു് അവര്‍ക്കും കൂടി പങ്കുവച്ചു കൊടുത്തു. വേശ്യ കൊള്ളുകില്ലെങ്കിലും അവള്‍ കൊടുത്ത ആഹാരം കൊള്ളാം. അവരതു കഴിച്ചു സുഖമായി ഇരുന്നു. മാര്‍ഗ്ഗമദ്ധ്യേ അപ്രതീക്ഷിതമായതു സംഭവിച്ചു. ഒരു ജര്‍മ്മന്‍ ഉദ്യോഗസ്ഥന്‍ വണ്ടി തടഞ്ഞു. വേശ്യ ആ രാത്രി അയാളോടെത്തു ശയിച്ചാല്‍ അടുത്ത ദിവസം അവരെ പോകാന്‍ അയാള്‍ അനുവദിക്കും. സ്വദേശ സ്നേഹമുള്ള ആ ഫ്രഞ്ചുകാരി ജര്‍മ്മന്‍കാരനോടു വേഴ്ചയ്ക്കു സന്നദ്ധയല്ല. മാന്യരായ യാത്രക്കാര്‍ അവളെ നിര്‍ബ്ബന്ധിച്ചു, പേടിപ്പിച്ചു; കൈക്കൂലി കൊടുക്കാന്‍ പോലും അവര്‍ ഒരുങ്ങി. ഒരു പാതിരി അവളോടു പറഞ്ഞു മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗമനുഷ്ഠിക്കുക എന്നതു് അവളുടെ ആദ്ധ്യാത്മികമായ ചുമതലയാണെന്നു്. എങ്കിലേ ശത്രുക്കള്‍ വരുന്നതിനു മുന്‍പു് അവര്‍ക്കു രക്ഷ നേടാന്‍ കഴിയൂ. വേശ്യ വഴങ്ങി. അടുത്ത ദിവസം യാത്ര തുടര്‍ന്നപ്പോള്‍ യാത്രക്കാര്‍ക്കു ഭക്ഷണമുണ്ടു്. അവര്‍ അതു കഴിച്ചു. പക്ഷേ തലേ ദിവസം അവര്‍ക്കു് ആഹാരം നല്കിയ അവള്‍ക്കു് അവരൊന്നു കൊടുക്കില്ല. വേശ്യ കരഞ്ഞുകൊണ്ടു വണ്ടിയിലിരുന്നു. ബൂര്‍ഷ്വാസിയുടെ കാപട്യം, ഈശ്വരന്റെ പ്രതിപുരുഷനായി ഭാവിക്കുന്ന പാതിരിയുടെ കാപട്യം, വേശ്യയുടെ ദയനീയാവസ്ഥ ഇവയെല്ലാം ഇതില്‍ കലാസുന്ദരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മോപസാങ്ങിന്റെ കഥയുടെ ചൈതന്യത്തെ മറ്റൊരു രീതിയില്‍ സ്ഫുടീകരിച്ചിരിക്കുകയാണു് ഗുലാം അബ്ബാസ് അതിനു് ഫാസിനേറ്റിങ്’ എന്നൊരു പ്രശംസാപത്രവും.
സി.എം. സ്റ്റീഫന്‍
ഞാന്‍ ഇതെഴുതുന്നതു് 17-ആം തീയതി രാത്രിയാണു്. ഇന്നുകാലത്തു് വടക്കൊരിടത്തു പോകേണ്ടതായിവന്നു എനിക്കു്. ഞാന്‍ സഞ്ചരിച്ചിരുന്ന കാറു് അടുരടുക്കാറായപ്പോള്‍ പൊലീസ് കൈ കാണിച്ചു് അതു നിറുത്തി. പൊടുന്നനവേ വളവുതിരിഞ്ഞു് ആ വാഹനം വന്നു. സി.എം. സ്റ്റീഫന്റെ ജീവന്‍ ചോര്‍ന്നു പോയ ശരീരം ഞാനതിനകത്തു് കണ്ടു. തലമുടി കാറ്റില്‍ പാറിപ്പറക്കുന്നു. കണ്ണുകള്‍ മുദ്രിതങ്ങള്‍ അദ്ദേഹം ഉറങ്ങുകയാണെന്നേ തോന്നൂ. ആ അവസാനിക്കാത്ത നിദ്രയിലും പ്രശാന്തത കളിയാടുന്നു അദ്ദേഹത്തിന്റെ മുഖത്തു്. ഊറ്റമാര്‍ന്ന പ്രഹരമേറ്റതു പോലെ ഞാന്‍ കാറിനകത്തു തന്നെ ഇരുന്നുപോയി. എന്റെ കാലുകള്‍ ചലിച്ചില്ല. പക്ഷേ, എന്റെ കൈകള്‍ കൂപ്പുകൈയായി മാറി. ആ മൃതദേഹത്തെ ഞാന്‍ വളരെനേരം തൊഴുതു. കാറില്‍ നിന്നിറങ്ങി നിന്നിട്ടുവേണം ഞാനതു ചെയ്യേണ്ടിയിരുന്നതു്. ആ സന്ദര്‍ഭത്തില്‍ ഞാന്‍ ചേതനയറ്റു് ഇരുന്നു പോയതുകൊണ്ടാണു് അതിനു കഴിയാതെ വന്നതു്. വാഹനത്തിലിരുന്ന ചെറിയാന്‍ ഫിലിപ്പും പിറകെ വന്ന മറ്റു പലരും എന്റെ പരിചയക്കാരാണു്. അവര്‍ തെറ്റിദ്ധരിക്കരുതെന്നു് ഞാന്‍ അപേക്ഷിക്കുന്നു. മൃത്യുവിന്റെ ക്രൌര്യം കണ്ടു് ഞാന്‍ പരവശനായിപ്പോയതുമാത്രമാണു് ഹേതു. “ഹാ, വിജിഗീഷുമൃത്യുവിന്നാമോ ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താന്‍?” എന്നു കവി ചോദിക്കുന്നു. സ്റ്റീഫന്‍ തിരുവനന്തപുരത്തു ഉള്ള കാലം മുതല്ക്കേ എനിക്കദ്ദേഹത്തെ അറിയാം. അദ്ദേഹം ഉയര്‍ത്തിയ ജീവിതപതാക ഒരിക്കലും താഴാതെ പാറിക്കളിച്ചുകൊണ്ടിരിക്കട്ടെ.
കഥകള്‍
ജന്തുശാസ്ത്രം പഠിക്കുന്നവരും ചിത്രശലഭങ്ങളെ പിടിച്ചെടുത്തു ശേഖരിക്കുന്നവരും അതിന്റെ ഒത്തനടുവില്‍ മൊട്ടുസൂചി കത്തിയിറക്കുന്നതു് ഞാന്‍ കണ്ടിട്ടുണ്ടു്. ക്രൂരകൃത്യം. ആ വിധത്തിലൊരു ‘ലെപിഡോപ്റ്റെറിസ്റ്റാണു് തുളസി കോട്ടുക്കല്‍. (Lepidopterist, ചിത്രശലഭങ്ങളെക്കുറിച്ചു പഠിക്കുന്ന ആള്‍.) രണ്ടുപേരുടെ സ്നേഹബന്ധത്തെ വേറൊരാള്‍ വ്യാജപ്രവര്‍ത്തനത്തിലൂടെ തകര്‍ക്കുന്നു (ഉരുകിയൊലിക്കുന്ന പുഴ, ഞായറാഴ്ച വാരിക). കലയെന്ന ചിത്രശലഭം മൊട്ടുസൂചിക്കുത്തേറ്റു് പിടയ്ക്കുന്നു.
അനുവാചകശിശുക്കള്‍ക്കു കഥയെന്ന പാല്ക്കുപ്പിയില്‍ രമാമേനോന്‍ ഒഴിച്ചുകൊടുക്കുന്ന “വീണ്ടും ഒരു പിറന്നാള്‍” എന്ന ബേബി ഫുഡ്ഡില്‍ വെള്ളം വളരെക്കൂടുതലാണു്. കുട്ടികള്‍ക്കു വയറ്റിളക്കമുണ്ടാകും (ബേബി ഫുഡ്ഡ്, കുങ്കുമം വാരികയില്‍). മകന്‍ തന്നിഷ്ടപ്രകാരം ആംഗ്ലോയിന്ത്യന്‍ വനിതയെ വിവാഹം കഴിക്കുന്നു. അവന്റെ അമ്മ ദുഃഖിക്കുന്നു. അച്ഛന്‍ വിട്ടുവീഴ്ചയില്ലാതെ നില്ക്കുന്നു.
‘വനിത’യില്‍ ജ്യോതി കൊടുങ്ങലൂര്‍ എഴുതിയ “അണിയാത്ത വളകള്‍” എന്ന കഥയെക്കുറിച്ചു് നിങ്ങള്‍ക്കു് ക്രിട്ടിസിസം വല്ലതുമുണ്ടോ? എന്നൊരാളിന്റെ ചോദ്യം. ഭാര്യയ്ക്കു കൊടുക്കാന്‍ വാങ്ങിച്ച വള പോക്കറ്റിലിട്ടുകൊണ്ടു് കിടന്നുറങ്ങിയപ്പോള്‍ അവ പൊട്ടിപ്പോയി. ആ വളക്കഷണങ്ങള്‍ വേറൊരുത്തിയുടേതാണെന്നു വിചാരിച്ചു് ഭാര്യ വഴക്കു കൂട്ടുന്നു. ഇതല്ലേ കഥ? ടോള്‍സ്റ്റോയി higher spheres എന്നു വിളിച്ച ബന്ധങ്ങളെ ഇങ്ങനെ lower spheres ആക്കുന്ന കഥകളെക്കുറിച്ചു് ഞാന്‍ എന്തു പറയാന്‍?
“അഗ്നിവ്യാപിക്കുന്നു; അതു് സംക്രമിക്കുന്നതാണു്, തൃപ്തിപ്പെടുത്താന്‍ വയ്യാത്തതാണു്” എന്നു് ജനക്കൂട്ടത്തിന്റെ പ്രതീകമായ അഗ്നിയെക്കുറിച്ചു് ഈല്യാസ് കനോറ്റി. ഈ അഗ്നി വ്യാപിക്കുമ്പോള്‍ വര്‍ഗ്ഗീയ ലഹള എല്ലാം നശിപ്പിക്കുമ്പോള്‍ — സ്നേഹത്തിന്റെ മണിവിളക്കു് എരിയുന്നതു് ജി.എന്‍. പണിക്കര്‍ കാണിച്ചു തരുന്നു (മാതൃഭൂമിയിലെ ‘പുകയില്‍ കാഴ്ചനഷ്ടപ്പെട്ടവര്‍’ എന്ന കഥ).
വള്ളത്തോള്‍ താന്‍ നേരിട്ടു കണ്ട കോഴി, ‘തോണിയാത്ര’ ഇവയെക്കുറിച്ചെല്ലാം കാവ്യങ്ങള്‍ രചിച്ചു. ക്രാന്തദര്‍ശിയായിരുന്നില്ല അദ്ദേഹം. കടന്നു കാണുന്നവരെയാണു് ക്രാന്തദര്‍ശികള്‍ എന്നു വിളിക്കുന്നതെങ്കില്‍ ഇന്നത്തെ കവികളും കഥാകാരന്മാരുമാണു് യഥാര്‍ത്ഥത്തില്‍ ക്രാന്തദര്‍ശികള്‍ കടലു കടന്നു ചെന്നു് അവര്‍ ഗിന്‍സ്ബര്‍ഗ്ഗിനെയും ബോര്‍ഹെസിനെയും ഷെനെയെയും കാണുന്നു. സാഹിത്യവാരഫലക്കാരനു് ഇതു പറയാന്‍ അധികാരമില്ല. സമ്മതിച്ചു.
|
|