സാഹിത്യവാരഫലം 1992 11 01
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1992 11 01 |
ലക്കം | 894 |
മുൻലക്കം | 1992 10 24 |
പിൻലക്കം | 1992 11 08 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
പരുക്കന്‍ ശബ്ദത്തിലുള്ള ആ നാഗസ്വരവായന എനിക്ക് സഹിക്കാനൊത്തില്ല. “പുണ്ണിലൊരമ്പു തറച്ചതുപോലെ” എന്നു കവി പറഞ്ഞത് ഇവിടെ എടുത്തെഴുതിയാല്‍ പോരാ. അമ്പു തറച്ചാല്‍ അതു സഹിക്കാം. ആ പാരുഷ്യം എന്റെ ഓരോ രോമകൂപത്തിലൂടെയും കടന്നു രക്തധമനികളിലൂടെ ഒഴുകി ഹൃദയത്തിന്റെ ഉള്ളറകളില്‍ ചെന്നു. അപ്പോഴുണ്ടായ വേദനയാണ് ഏറ്റവും വലിയ വേദന. അതിനെയാണ് യാതന എന്നു സംസ്‌കൃതത്തില്‍ പറയുന്നത്. പ്രസവവേദനയാണ് സഹിക്കാനാവാത്ത വേദനയെന്നു സ്ത്രീകള്‍. പല്ലുവേദനയാണു തീവ്രവേദനയെന്ന് അതു വന്നിട്ടുള്ളവര്‍. ഇവയൊന്നും ആ നാഗസ്വര വിദ്വാന്‍ എനിക്കുളവാക്കിയ യാതനയ്ക്കു സമമല്ല. അമ്പലപ്പുഴ സഹോദരന്മാര്‍ അനായാസമായി നാഗസ്വരം വായിച്ച് ശ്രോതാക്കളെ രസിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ മുന്‍പിലിരുന്ന ആ വായനക്കാരന്‍ ആയാസത്തോടെ സംഗീതോപകരണം കൈകാര്യം ചെയ്തു ഞാനുള്‍പ്പെട്ട ശ്രോതാക്കളെ പീഡിപ്പിച്ചു. ഉപകരണം അയാള്‍ ഒരു തുണിയുറയിലേക്ക് മെല്ലെ തിരുകി അതിന്റെ തുമ്പു കൂട്ടിക്കെട്ടി. അതു കണ്ടപ്പോഴാണ് എനിക്കു ജീവന്‍ വീണത്. ഉറയില്‍ കടത്താതെ ചുമ്മാമടിയിലാണ് അയാള്‍ അതു വച്ചതെങ്കിലോ? ഏതു സമയത്തും അയാള്‍ അതെടുത്ത് ഊതി എന്നെയും മറ്റുള്ളവരെയും കാലനൂര്‍ക്ക് അയയ്ക്കുമായിരുന്നു എന്നൊരു പേടി. മലയാള സാഹിത്യത്തില്‍ പല എഴുത്തുകാരും ഈ “കല്യാണ നാഗസ്വരവായന”ക്കാരെപ്പോലെയാണ്. അവര്‍ ഏറെക്കാലമായി മലയാളികളെ പീഡിപ്പിക്കുന്നു. കുഴലൂത്തു മതിയാക്കി അവര്‍ ഉറയില്‍ ഉപകരണമിട്ടെങ്കില്‍! ചിലര്‍ കുഴലൂതിക്കൊണ്ടിരിക്കുന്നു. വേറെ ചിലര്‍ മടിയില്‍ അതുവച്ച് ആളുകളെ നോക്കിക്കൊണ്ടിരിക്കുന്നു. പേടിക്കണം അവരെ. ഒന്നോ രണ്ടോ പേര്‍ ഉപകരണം ഉറയില്‍ക്കടത്തി നൂലുകൊണ്ട് മുകള്‍ഭാഗം കൂട്ടിക്കെട്ടിക്കഴിഞ്ഞു. അവര്‍ക്കു ഹൃദയംഗമമമായ നന്ദി.
സമാന്തര പ്രവാഹം
പാതിരിമാര്‍, കാക്കകള്‍, കുട്ടികള്‍ ഇവരുടെയെല്ലാം ഛായ ഒരേതരത്തിലാണ് എന്ന പഴഞ്ചന്‍ പ്രസ്താവം വീണ്ടുമെഴുതാന്‍ എനിക്കു ലജ്ജയില്ലാതില്ല. എങ്കിലും ഈ സന്ദര്‍ഭത്തില്‍ അതേ തോന്നുന്നുള്ളു. അതുകൊണ്ട് പ്രിയപ്പെട്ട വായനക്കാരുടെ സദയാനുമതിയോടെ അത് പിന്നെയും പറയുകയാണ്. ഇപ്പറഞ്ഞവരുടെ കൂട്ടത്തില്‍ ചേര്‍ക്കാം മലയാളകഥകളെയും. എല്ലാക്കഥള്‍ക്കും ഒരേ ഛായ. പാതിരിമാരെയും മലയാള കഥകളെയും വേര്‍തിരിച്ചറിയാന്‍ വയ്യ. ഇവിടെ വ്യത്യസ്തത പുലര്‍ത്തുന്നു. ശ്രീ. കെ. പി. രാമനുണ്ണിയുടെ “അടക്കുക, ഒരിക്കല്‍ക്കൂടി” എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 32). ഏഴുവയസ്സായിട്ടും അമ്മയുടെ കൂടെത്തന്നെ കിടന്നുറങ്ങാന്‍ കൊതിയുള്ള മകന്‍. അച്ഛന്‍ അവനെ ആ ശയനീയത്തില്‍ നിന്നു മോചിപ്പിച്ച് മറ്റൊരു മുറിയില്‍ക്കിടത്തുന്നു. വീരകഥകള്‍ പറഞ്ഞുകേള്‍പ്പിച്ച് മകനെ ധീരനാക്കുന്നു. മറ്റൊരു മുറിയില്‍ കിടുന്നുറങ്ങിയ മകന്‍ ഒരു രാത്രിയില്‍ സ്നേഹത്തിന്റെ ചൂടുകൊണ്ട് അമ്മയുടെ ചൂടറിയാന്‍വേണ്ടി മെല്ലെ എഴുന്നേററ് അവരുടെ മുറിയിലേക്കു നടക്കുന്നത് അച്ഛന്‍ കണ്ടു. വീണ്ടും വീരകഥകളുടെ വര്‍ണ്ണനം. മകന് അമ്മയെസംബന്ധിച്ചുള്ള സ്നേഹപരതന്ത്രത അത്രകണ്ടു ആദരണീയമല്ല എന്ന അച്ഛന്റെ പരോക്ഷ പ്രസതാവം. മകന്‍ തിരിച്ചു സ്വന്തം ശയനീയത്തിലേക്കു പോയി. അവന്‍ വളര്‍ന്നു വളര്‍ന്നു വന്നു. സൈനികോദ്യോഗസ്ഥനായി. യുദ്ധത്തില്‍ വീരമരണം വരിച്ചു. അവന്റെ ദേഹം അടക്കം ചെയ്തിടത്തുനിന്നു മാററി മറ്റൊരു സ്ഥലത്ത് പ്രതിഷ്ഠിക്കാന്‍ അച്ഛന്‍ ചെല്ലുന്നു. അമ്മയുടെയും മകന്റെയും പാവനസ്നേഹത്തെ പ്രത്യക്ഷമാക്കുന്ന ഒരു സംഭവം കൂടി കഥാകാരന്‍ പ്രതിപാദിക്കുന്നുണ്ട്. അമ്മയുടെ സാരികൂടി അയാള്‍ കൊണ്ടുപോകുന്നു. കുഴിയില്‍നിന്നു മുകളിലേക്ക് ഉയര്‍ത്തിയ മകന്റെ ശരീരം – ഒരു ഭാഗം മാത്രം അഴുകിയ ശരീരം കണ്ടപ്പോള്‍ അച്ഛന് അവന്റെ കൂടെ കിടക്കാന്‍ മോഹം. സ്നേഹസാന്ദ്രതയാലായിരിക്കാം അവന്റെ ഒരുഭാഗം അഴുകാതിരുന്നത്. അഴുകിയ ഭാഗം അര്‍ത്ഥശൂന്യമായ യുദ്ധപ്രവണതയുമായിരിക്കാം. അമ്മയോടുള്ള സ്നേഹത്തിനാണ് മൂല്യം. അടിച്ചേല്പിക്കപ്പെടുന്ന സ്വദേശ സ്നേഹത്തിനല്ല. പിതാപുത്രബന്ധത്തിനാണ് മഹനീയത. വ്യര്‍ത്ഥമായ ശത്രുഹനനത്തിനല്ല. ഈ രണ്ടംശങ്ങളെയും സമാന്തരങ്ങളായി ഒഴുക്കി കലാമൂല്യമുണ്ടാക്കുകയാണ് രാമനുണ്ണി. ഈ സുസ്വരതയാണ് ഇക്കഥയുടെ സവിശേഷത.
നീരീക്ഷണങ്ങള്‍
- വേലിതന്നെ വിളവാക്രമിക്കുന്നതു പോലെ നിരൂപകര്‍ നല്ല രചനകളെ ആക്രമിച്ച് ഇല്ലാതാക്കുകയും കളകളെ വളരാന്‍ അനുവദിക്കുകയും ചെയ്യുന്നു.
- ഗുരുത്വാകര്‍ഷണം നിശ്ചലമാണെന്നും അതുകൊണ്ടാണ് പക്ഷികള്‍ ആകാശത്തേക്കു പറന്നുയര്‍ന്നും മനുഷ്യന്‍ ചന്ദ്രനിലേക്കു യാത്ര ചെയ്തതും അതിനെ ചലനാത്മകമാക്കാന്‍ ശ്രമിക്കുന്നതെന്നും Lila: An Inquiry into Morals എന്ന വിഖ്യാതമായ ഗ്രന്ഥമെഴുതിയ റോബര്‍ട്ട് പിര്‍സിഗ് പറയുന്നു. Mr. Pirsig, you have not considerably added to the nonsense that has been written on Science. (എന്റെ ഒരു പ്രഫെസര്‍ക്കു നിരൂപകന്‍ സെയിന്റ്സ് ബറി എഴുതി അയച്ച ഒരു വാക്യത്തിന്റെ രൂപാന്തരം.)
- സെക്സ് വളരെ വൈകാതെ മരിക്കുമെന്ന് കനേഡിയൻ സംസ്കാര ചരിത്രകാരൻ മക് ലൂഅൻ (Marshall McLuhan) പറഞ്ഞിട്ടുണ്ട്. സായ്പിന് വല്ല രോഗവുമുണ്ടോ എന്തോ?
- കാലത്തിനെയാണു ഞാന്‍ ഏറ്റവും പേടിക്കുന്നത്. അത് എന്നെ മരണത്തിലേക്ക് അടുപ്പിക്കുന്നു. വീട്ടില്‍ വന്നിരുന്നു തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ സംസാരിച്ച് എന്നെ ശാരീരികമായും മാനസികമായും തളര്‍ത്തുന്ന ചിലരെ കാലത്തെക്കാള്‍ ഞാന്‍ പേടിക്കുന്നു.
- ഈ ഭൂമിയിലെ എല്ലാ പ്രദേശങ്ങളും ഒരേ രീതിയിലാണ്. ചില സ്ഥലങ്ങളില്‍ പീടികകൾ കൂടുതല്‍ കാണുമെന്നേയുള്ളു. അതുകൊണ്ട് യാത്ര ബോറിങ്ങാണ്. യാത്രാവിവരണങ്ങള്‍ അതിനെക്കാള്‍ ബോറിങ്ങും.
- ചില ചതുരങ്ങളും വൃത്തങ്ങളും വരച്ചുവച്ചിട്ട് ഇതാണ് മേഡേണ്‍ ആര്‍ട് എന്നു പറയുന്ന ഒരു ചിത്രകാരന്‍ രവിവര്‍മ്മ ചിത്രകാരനല്ലെന്നു പറയുന്നു. ചതുരത്തിനെക്കാളും വൃത്തത്തെക്കാളും ഭാഗിയില്ലേ ശകുന്തളയ്ക്കും ദമയന്തിക്കും?
- കാലക്കേടുകൊണ്ടാണ് ഞാന്‍ ഇന്ത്യയില്‍ ജനിച്ചുപോയത്. ഇനി ഇവിടെ ജനിക്കാന്‍ പോകുന്നവരായിരിക്കും ഈ ലോകത്തെ ഏറ്റവും ഗ്രഹപ്പിഴക്കാര്‍.
- ഭാവാത്മകത്വം കവിതയുടെ വസന്തകാലമാണ്. ലോകത്തു വസന്തകാലം ആവര്‍ത്തിച്ചു വരും. കവിതയില്‍ വരില്ല. അതുകൊണ്ടാണ് വാര്‍ദ്ധക്യകാലത്തു വള്ളത്തോള്‍ പറട്ടക്കവിതകള്‍ എഴുതിയത്. ചങ്ങമ്പുഴ ജീവിച്ചിരുന്നെങ്കിലും നല്ല കവിതകള്‍ എഴുതുമായിരുന്നില്ല.
- പുരുഷന്‍ സ്ത്രീയായി ഭാവിച്ചാല്‍ പുച്ഛം തോന്നും എല്ലാവര്‍ക്കം. ‘സ്ത്രീസമത്വം’ എന്നു പറഞ്ഞു പുരുഷനാകാന്‍ ശ്രമിക്കുന്ന സ്ത്രീയോട് അതിലേറെ പുച്ഛമുണ്ടാകും. സ്ത്രീ, സ്ത്രീയായിത്തന്നെ വര്‍ത്തിക്കണം.
- കശാപ്പുകാരന്റെ കത്തിക്കു താഴെ ആടിന്റെ ഗളനാളം പിടയുന്നതുപോലെ വൈലോപ്പിള്ളിക്കവിതയുടെ മോഹന ഗളനാളം നവീന നിരൂപകന്റെ കത്തിക്ക് താഴെ പിടയുന്നു.
- മതസൗഹാർദ്ദത്തിന്റെ ആവശ്യകത എന്ന വിഷയത്തെക്കുറിച്ച് 11-ന് തേവലക്കരയിൽ ശ്രീ ബേബി ജോൺ നിർവഹിച്ച പ്രഭാഷണം ഉജ്ജ്വലമായിരുന്നു. 17-ന് കൊല്ലത്ത് ‘ആരവം’ മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ സമ്മേളനത്തിൽ കർമ്മനിരതരാകണം ഓരോ പൗരനുമെന്നു ഉദ്ബോധിപ്പിച്ചുകൊണ്ട് പ്രഫസ്സർ എം.കെ. സാനു നിർവഹിച്ച പ്രഭാഷണവും ഉജ്ജ്വലമായിരുന്നു. അവരെപ്പോലെ പ്രസംഗിക്കാൻ കഴിയണമെന്നാണ് എന്റെ ആഗ്രഹം.
ബുദ്ധിയുടെ സന്തതി
ആരുമെടുക്കാത്ത ഒരു കള്ള രൂപയും കൊണ്ട് കാപ്പിക്കടകളിൽ കയറി കാപ്പി കുടിക്കാൻ നടന്നതിന്റെ ചിത്രം പി. കേശവദേവ് വരച്ചിട്ടുണ്ട്. ചിത്രം കലാത്മകമല്ലെങ്കിലും മനുഷ്യത്വമുള്ള ഏതൊരുവനെയും അതു സ്പർശിക്കും. തകർത്തു പെയ്യുന്ന മഴയിൽപ്പെട്ടു ഞാൻ ബസ്സോ ഓട്ടോ റിക്ഷയോ വരട്ടെയെന്നു വിചാരിച്ചു റോഡരികിൽ നിൽക്കുകയായിരുന്നു. ബസ്സില്ല. റിക്ഷയുമില്ല. കുടയുണ്ടെങ്കിലും ആകെ നനഞ്ഞു വെറുങ്ങലിച്ചു ഞാൻ. പെട്ടെന്നു ഒരു കാർ എന്റെ അടുക്കൽ വന്നു നിന്നു “സാറിനു എവിടെ പോകണം, കയറിക്കൊള്ളൂ, ഞാൻ കൊണ്ടു വിടാം” എന്നു കാറോടിച്ച് യുവതി എന്നോടു പറഞ്ഞു. ഞാൻ ആ വാഹനത്തിൽ കയറി. എനിക്കൊട്ടും പരിചയമില്ലാത്ത ആ ശ്രീമതി എനിക്കിറങ്ങേണ്ട സ്ഥലത്ത് കാറ് നിറുത്തിത്തന്നു. ഈ ഉപകാരം ഞാൻ ഒരിക്കലും വിസ്മരിക്കില്ല.
ഇന്നു പണമുണ്ടെന്നു പറകയല്ല. വർഷങ്ങൾക്കു മുൻപ് തീരെ പണിമില്ലാതിരുന്ന കാലത്ത് മദ്ധ്യതിരുവിതാംകൂറിൽ ഒരു വിവാഹത്തിന് പോകേണ്ടി വന്നു. ആരോ ഏർപ്പാടു ചെയ്ത ബസ്സിൽ യാത്ര. വിവാഹം കഴിഞ്ഞു സദ്യ. പന്തലിൽ കടന്ന ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടപ്പുറത്തു വലിയ ചാണകക്കുഴി. അതിൽ നിന്നു പുറപ്പെട്ട നാറ്റം എന്നിൽ വമനേച്ഛ ഉളവാക്കി. ഉണ്ടാൽ ഛർദ്ദിക്കും, തീർച്ച. ഞാൻ ആരെയോ നോക്കുന്ന മട്ട് അഭിനയിച്ച് പന്തലിൽ നിന്നു പുറത്തിറങ്ങി. വിശന്നു പ്രാണൻ പോകുന്നു. കൈയിൽ അക്കാലത്തെ നാണയമായ ഒരണ പോലുമില്ല. മൂന്നു നാഴിക നടന്നാൽ എന്റെ ഒരു ബന്ധുവിന്റെ കൂട്ടുകാരി താമസിക്കുന്ന വീടുണ്ട്. ആ കുട്ടിയും അവളുടെ ബന്ധുക്കളും എന്റെ വീട്ടിൽ വന്നു പലപ്പോഴും താമസിച്ചിട്ടുണ്ട്. ആ ധൈര്യത്താൽ പ്രചോദിതനായി വെയിലത്തു മൂന്നു നാഴിക താണ്ടി ഞാൻ അവരുടെ വീട്ടിൽ ചെന്നു. എല്ലാവരും ഊണു കഴിക്കുന്ന് സമയം. അവർ ഭക്ഷണം കഴിഞ്ഞു വന്നിരുന്നു എന്നോടു കുശലപ്രശ്നങ്ങൾ മാത്രം നടത്തി. ആഹാരം വേണോ എന്നു ചോദിച്ചില്ല. ചായ തന്നില്ല. പച്ചവെള്ളം പോലും തന്നില്ല. ഞാൻ കുറച്ചു നേരം അവിടിരുന്നു സംസാരിച്ചതിനു ശേഷം യാത്ര പറഞ്ഞ് തിരിയെ മൂന്നു നാഴിക കൊടും വെയിലത്തു നടന്നു. കല്യാണം നടക്കുന്ന വീട്ടിൽ എത്തുന്നതിനു മുമ്പ് ഞാൻ റോഡിന്റെ വക്കത്ത് തളർന്നിരുന്നു പോയി വളരെ നേരം.
‘ലിഫ്ററ്’ തന്ന യുവതിയോട് എനിക്കു നന്ദി. വിശന്നു തളര്‍ന്നു വീട്ടില്‍ച്ചെന്നു കയറിയ എന്നൊടു ക്രൂരത കാണിച്ച അവിടത്തെ ആളുകളോട് എനിക്കു വെറുപ്പ് രണ്ടു വികാരങ്ങളും സുശക്തമായി എന്നില്‍ ഇന്നും വര്‍ത്തിക്കുന്നു. കാരുണ്യം വേണ്ടിടത്ത് കാരുണ്യം കാണിക്കാത്തവൻ മനുഷ്യനല്ല. സാഹിത്യകൃതികളും അവയുടെ അന്തര്‍ല്ലീനമായ കാരുണ്യത്താലാണ് നമ്മെ സ്പര്‍ശിക്കുക. എന്റെ പേനയുടെ തുമ്പില്‍ തകഴിയുടെ “വെള്ളപ്പൊക്കത്തില്‍” എന്ന കഥയേ വരു. കാരുണ്യം ലൌകിക വികാരമാണെന്നും രസബോധനിഷ്ഠമായ വികാരമാണു സാഹിത്യസൃഷ്ടിയിലേതെന്നും വിസ്മരിച്ചല്ല ഞാനിത് എഴുതുന്നത്. തകഴിയുടെ ആ കഥ നമ്മെ സ്പര്‍ശിക്കുകയല്ല. ഹൃദയത്തിന്റെ അടിത്തട്ടിലേക്കു തുളച്ചു കയറിച്ചെല്ലുന്നത് അതിലാവിഷ്കരിച്ച കാരുണ്യവികാരത്താലാണ്. ഫ്ളോബറിന്റെ ‘മദാം ബുവറി’യും മോപസാങ്ങിന്റെ ‘ഒരു സ്ത്രീയുടെ ജീവിത’വും നമ്മളെ കാരുണ്യത്തിന്റെ നീര്‍ച്ചുഴിയിലേക്കു എറിയുന്നു. അലിഗറിക്ക് – ലാക്ഷണിക കഥയ്ക്ക് – ഇതിനു ശക്തിയില്ല. അതു ബുദ്ധിയുടെ സന്തതി മാത്രമാണ്. അതിനാലാണ് ശ്രീമതി ‘അഷിത’ ദോശാഭിമാനി വാരികയില്‍ (ലക്കം 17) എഴുതിയ ‘വീട്’ എന്ന കഥ ബുദ്ധിയുടെ അഭ്യാസം മാത്രമായി നിലകൊള്ളുന്നത്. പുസ്തകത്തില്‍നിന്നു പഠിച്ച നിയമങ്ങളനുസരിച്ച വീടുകള്‍ നിര്‍മ്മിക്കുന്ന ഒരു വാസ്തുവിദ്യാകുശലന്‍. അയാള്‍ പരതന്ത്രതയുടെ പ്രതീകം. വീടിന്റെ ബോധമുളവാക്കാത്ത വീട് നിര്‍മ്മിച്ച് സ്വാതന്ത്ര്യത്തിന്റെ മണ്ഡലത്തിലേക്കു തന്നെയും മറ്റുള്ളവരെയും കൊണ്ടുചെല്ലേണ്ടവനാണ് അയാള്‍. കഴിവില്ല അയാള്‍ക്കതിന്. ബുദ്ധിയില്‍ നിന്നു സംജാതമായ ഈ അലിഗറിക്കു ചാരുത ഒട്ടുമില്ല.
കൂരിരുട്ടില്‍ നീരുറവയിൽനിന്ന് വെള്ളം ബക്കറ്റിലാക്കിക്കൊണ്ടു വരുന്ന കോസത്ത് ആ ഭാരം താങ്ങാനാവാതെ കൂടക്കൂടെ അതു താഴെവച്ചും വേച്ചുവേച്ചു നടന്നും വരുന്നതിന്റെ ചിത്രം യൂഗോ “പാവങ്ങ”ളില്‍ വരച്ചിട്ടുണ്ട്. അങ്ങനെ ആ പാവപ്പെട്ട പെണ്‍കുട്ടി തൊട്ടി പൊക്കിക്കൊണ്ടു നടക്കുമ്പോള്‍ ഒരു അദൃശ്യഹസ്തം ആ ബക്കററ് സ്വന്തം കൈയിലാക്കുന്നു. അവളുടെ രക്ഷിതാവായ ഷാങ്‌വല്‍ഷാങ്ങിന്റെ ഹസ്തമായിരുന്നു അത്, എന്നെ എപ്പോഴും ഹോണ്‍ട് ചെയ്യുന്ന രംഗമാണത്. ഇമ്മട്ടില്‍ വേണം സാഹിത്യം രചിക്കാന്‍. ആ സംഭവം എന്റെ കാരുണ്യത്തെയും മനുഷ്യത്വത്തെയും വര്‍ദ്ധിപ്പിക്കുന്നു. ഇതിനൊന്നും ശക്തിയില്ലാത്ത ശുഷ്കങ്ങളായ അലിഗറികള്‍ നിര്‍മ്മിച്ചു വയ്ക്കുന്നതുകൊണ്ട് എന്തു പ്രയോജനം?
നോവലിസ്റ്റ് ആഞ്ജല കാര്‍ട്ടറിന്റെ ഫാന്റസികള്‍ രസാവഹങ്ങളാണ്. പഴയ സോവിയററ് യൂണിയനില്‍പ്പെട്ടതും അഫ്ഗാനിസ്റ്റാന്റെ വടക്കുളഭാഗത്തുള്ളതമായ സാമാർ കാന്റ് (റഷ്യൻ ഉച്ചാരണം)പട്ടണത്തിന്റെ ഭരണകര്‍ത്താവായിരുന്ന തംബര്‍ലേന്‍ ചക്രവര്‍ത്തിയുടെ സൂന്ദരിയായിരുന്ന ഭാര്യ നിര്‍മ്മിച്ച ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ക്കടുത്തു നിന്ന് ഒരാട് കാട്ടുമുല്ല കടിച്ചുതിന്നുകയായിരുന്നു. തംബര്‍ലേന്‍ യുദ്ധത്തിനു പോയി തിരിച്ചുവരുമ്പോള്‍ ആരാധനാലയം കണ്ടു വിസ്മയിക്കണമെന്നായിരുന്നു സഹധര്‍മ്മിണിയുടെ ആഗ്രഹം. അദ്ദേഹം ഉടനെ തിരിച്ചുവരുമെന്നറിഞ്ഞ അവള്‍ ദേവാലയ നിര്‍മ്മാതാവിന്റെ അടുത്തു ചെന്ന് അത് സമ്പൂര്‍ണ്ണമായി പണിതു തീര്‍ക്കാന്‍ ആവശ്യപ്പെട്ടു. ഒററചുംബനം അവള്‍ തനിക്കു നല്കിയാല്‍ അങ്ങനെ ചെയ്യാമെന്നായി വാസ്തുവിദ്യാവിശാരദന്‍. അവള്‍ അതിസുന്ദരി മാത്രമല്ല, ചാരിത്രശാലിനിയും ബുദ്ധിശാലിനിയുമായിരുന്നു. അവള്‍ ചന്തയില്‍ചെന്ന് ഒരു കൂടനിറച്ചു മുട്ട വാങ്ങിക്കൊണ്ടുവന്ന് വെള്ളത്തിലിട്ടു തിളപ്പിച്ചു. കട്ടിയായ ഓരോ മുട്ടയിലും പല ചായങ്ങള്‍ തേച്ചു. ദേവാലയ നിര്‍മ്മാതാവിനോട് ഏതെങ്കിലും ഒരു മുട്ട ഭക്ഷിക്കൂ എന്നാവശ്യപ്പെട്ടു. അയാള്‍ ചുവന്ന നിറമുള്ള മുട്ട തിന്നു. എങ്ങനെയായിരിക്കുന്നു? മുട്ടപോലെ തന്നെ. വേറൊന്നു ഭക്ഷിക്കൂ. അയാള്‍ പച്ചനിറമടിച്ച മുട്ട തിന്നു. എന്തു രുചിയാണ്? ചുവന്ന മുട്ടയുടെ രുചിതന്നെ. വേറൊരു ചായം പുരട്ടിയ മുട്ട തിന്നു അയാള്‍. മുട്ടയ്ക്കു പഴക്കമില്ലെങ്കില്‍ എല്ലാ മുട്ടകളുടെയും രുചി ഒന്നുതന്നെന്ന് അയാള്‍ അറിയിച്ചു. അതുകേട്ടു അതിസുന്ദരി പറഞ്ഞു:– “ഓരോ മുട്ടയും ഓരോ തരത്തില്‍ കാണപ്പെടുന്നു. പക്ഷേ എല്ലാ മുട്ടകളുടെയും രുചി ഒന്നുതന്നെ. അതുകൊണ്ട് തോഴിമാരില്‍ ആരെയെങ്കിലും ചുംബിച്ചാല്‍ മതി നിങ്ങള്‍.” കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു ട്രേയില്‍ മൂന്നു കപ്പുകളുമായി വന്നു. എല്ലാ ഭാജനങ്ങളിലും വെള്ളമെന്നേ തോന്നൂ. ഓരോ കപ്പിലെയും ദ്രാവകം കുടിക്കാന്‍ അയാള്‍ അവളോടു ആവശ്യപ്പെട്ടു. ആദ്യത്തെ കപ്പിലെ പാനീയവും രണ്ടാമത്തെ കപ്പിലെ പാനീയവും അവള്‍ കുടിച്ചു. മൂന്നാമത്തെതിലേതു കുടിച്ചപ്പോള്‍ അവൾ ചുമച്ചു. തുപ്പി. കാരണം അതില്‍ വോഡ്ക എന്ന മദ്യമായിരുന്നു ഉണ്ടായിരുന്നത്. ജലവും വോഡ്കയും ഒരേരീതില്‍ കാണപ്പെടും. പക്ഷേ രുചിക്ക് വിഭിന്നതയും. അതുപോലെയാണു പ്രേമമെന്നു നിര്‍മ്മാതാവു പറഞ്ഞു. സുന്ദരി അയാളുടെ ചുണ്ടില്‍ത്തന്നെ ചുംബിച്ചു. തംബര്‍ലേന്‍ ബന്ധനസ്ഥരാക്കിയ രാജാക്കന്മാരോടുകൂടി സാമാര്‍കാന്‍റിലെത്തിയപ്പോള്‍ ഭാര്യ മാറിക്കളഞ്ഞു. വോഡ്ക കുടിച്ച ഒരു സ്ത്രീക്കും അന്തപുരത്തില്‍ പ്രവേശിക്കാന്‍ വയ്യ. തംബര്‍ലേന്‍ ഭാര്യയെ തല്ലിയപ്പോള്‍ അവള്‍ ചുംബനത്തിന്റെ കാര്യം പറഞ്ഞു. ചക്രവര്‍ത്തി കൊലയാളികളെ ദേവാലയത്തിലേക്കു അയച്ചപ്പോള്‍ നിര്‍മ്മാതാവ് ഒരാര്‍ച്ചിന്റെ മുകളില്‍ നില്‍ക്കുകയായിരുന്നു. അവര്‍ കത്തികളുമായി കോണിപ്പടികള്‍ ഓടിക്കയറി. അതുകണ്ടു നിര്‍മ്മാതാവ് ചിറകുകള്‍ മുളപ്പിച്ച് പേര്‍ഷ്യയിലേക്കു പറന്നുകളഞ്ഞു. അതിസുന്ദരി ഭര്‍ത്താവിനെ ഉപേക്ഷിച്ചു ചന്തയിലേക്കു ഓടിപ്പോയി. ലില്ലി പുഷ്പങ്ങള്‍ വിററ് അവള്‍ ജീവിച്ചു കാണണം. ഭര്‍ത്താവിനുവേണ്ടി ചുവന്ന നിറമുള്ളതും വെളുത്ത നിറമുള്ളതുമായ മുള്ളങ്കിക്കിഴങ്ങുകള്‍ അവള്‍ക്കു കൊണ്ടുവരാമായിരുന്നു.
ഉപന്യാസം
ആഖ്യാന പാടവം ഏറെയുള്ള ശ്രീ. എന്‍. പ്രഭാകരന്‍ ജീവിതത്തെ “അവതമസബാധിതമായി” കാണുന്നു. സിനിക്കിന്റെ മട്ടില്‍ ജീവിതത്തെ കണ്ടിട്ട് മദ്യപാനത്തിലൂടെ അന്യവത്കരണങ്ങളിൽ നീന്ന് രക്ഷപ്പെടുന്ന കഥാപാത്രങ്ങളെ അദ്ദേഹം ചിത്രീകരിക്കുന്നു. അര്‍ത്ഥരഹിതമായ ഈ ലോകത്ത് ഇങ്ങനെയൊക്കെ ജീവിച്ചാല്‍ മതി എന്നാവാം അദ്ദേഹം ‘രാത്രിമൊഴി’ എന്ന കഥയിലൂടെ നല്‍കുന്ന സന്ദേശം (ഇന്ത്യ റ്റുടേ; ഒക്ടോബര്‍ 6 …) സന്ദേശത്തില്‍ തകരാറുണ്ടെങ്കിലും ഇല്ലെങ്കിലും പ്രഭാകരന്‍ എഴുതിയത് കഥയല്ല. ഉപന്യാസമാണ്. ബാഹ്യ നിരീക്ഷണങ്ങള്‍ മാത്രം നടത്തി നിജസ്ഥിതിയില്ലാത്ത ഒരു തത്വചിന്തയെ പ്രതിപാദിക്കുന്നതുകൊണ്ടു കലയുടെ അര്‍ത്ഥനകള്‍ക്കു സാക്ഷാത്കാരമുണ്ടാവുകയില്ല. താനാവിഷ്കരിക്കുന്ന സത്യശകലത്തിനു നിലനില്പുണ്ടെന്ന് അദ്ദേഹം പറഞ്ഞേക്കും. പക്ഷേ അതു സത്യമായി വായനക്കാരനും തോന്നണമല്ലോ.
മൌനം ഭൂഷണം
ഫ്രഞ്ച് നോവലിസ്റ്റ് അല്‍ഫോങ്സ് ദോറെ (Alphonse Dauder, 1840–97) കൂട്ടുകാരോട് കൂടക്കൂടെ പറയാറുണ്ടായിരുന്ന ഒരു കഥ ഇവിടെ എഴുതാം. ദുഃഖത്തെ സൂചിപ്പിക്കാനായി കറുത്ത വസ്ത്രങ്ങള്‍ ധരിച്ച ഒരു സ്ത്രീ ബസ്സില്‍ കയറും അപ്പോള്‍ അടുത്തിരിക്കുന്ന ആള്‍ ദുഃഖകാരണം അന്വേഷിക്കും. തന്റെ ആദ്യത്തെ കുട്ടി മരിച്ചത് അവള്‍ വര്‍ണ്ണിച്ചു തുടങ്ങുമ്പോള്‍ യാത്രക്കാര്‍ക്കു ദുഃഖം. കണ്ടക്റ്റര്‍ മൂക്കു ചീററി കണ്ണീര്‍ മറയ്ക്കും. സ്ത്രീ രണ്ടാമത്തെ കുട്ടി മരിച്ചതിനെക്കുറിച്ചാവും സംസാരം. മൂന്നാമത്തെ സന്തതിയുടെ മരണത്തെക്കുറിച്ചു വര്‍ണ്ണന തുടങ്ങുമ്പോള്‍ ബസ്സിലെ ആളുകളുടെ താല്‍പര്യം തീരെക്കുറയും. നാലാമത്തെ കുട്ടിയുടെ മരണത്തിലേക്ക് അവര്‍ കടക്കുമ്പോള്‍— ചീങ്കണ്ണി ആ കുഞ്ഞിനെ കടിച്ചുകൊന്നത് ആ അമ്മ വിവരിക്കുമ്പോള്‍ മററു മൂന്നു കുഞ്ഞുങ്ങളെക്കാളും അതിനു യാതനയുണ്ടായിയെന്ന് യാത്രക്കാര്‍ക്ക് അറിയാമെങ്കിലും അവര്‍ പൊട്ടിച്ചിരിക്കും. സാഹിത്യം സൃഷ്ടിക്കുന്നവര്‍ ഈ സ്ത്രീയുടെ കഥ ഓര്‍മ്മയില്‍ വയ്ക്കണമെന്നു ദോറെ പറയുമായിരുന്നു. ഞാന്‍ തല്‍ക്കാലം ദോറെയായി എന്റെ അഭിവന്ദ്യ സുഹൃത്ത് ശ്രീ. കെ. കെ. രമേഷിനോട് അപേക്ഷിക്കുന്നു ദോറെയുടെ ഈ കഥയെഴുതി കോട്ടിന്റെ കീശയില്‍ ഇട്ടുകൊണ്ട് വേണം നടക്കാനെന്ന്. ഒരേ വിഷയം വീണ്ടും വീണ്ടും പ്രതിപാദിച്ചാല്‍— എന്റെ സ്ഥിരം പ്രയോഗത്തിലാണെങ്കില്‍ ചിരപരിചിതത്വം കഥയ്ക്കു വന്നാല്‍ — ആളുകള്‍ ചിരിക്കുകയേയുള്ളു. ഒരു മുതലാളിയുടെ ഡ്രൈവര്‍ ധനികനായപ്പോള്‍ മുതലാളി തന്റെ രണ്ടാമത്തെ ഡ്രൈവറെക്കൊണ്ട് അയാളെ കോല്ലിക്കുന്നു. കോടതി പ്രതിയെ വെറുതെ വിട്ടു. പക്ഷേ അയാള്‍ ആത്മഹത്യ ചെയ്തു. ഇതാണ് രമേഷ് ദേശാഭിമാനി വാരികയില്‍ എഴുതിയ ‘അഹസ്സ്’ എന്ന കഥയുടെ ചുരുക്കം രമേഷ് ഇതുപോലെയൊരു കഥ മുന്‍പെഴുതിയെന്ന അര്‍ത്ഥത്തിലല്ല ഞാന്‍ ആവര്‍ത്തനമെന്നു പറഞ്ഞത്. എത്രയോ കാലമായി എത്രയോ എഴുത്തുകാര്‍ ഇമ്മട്ടിലുള്ള കഥകള്‍ പറഞ്ഞുകഴിഞ്ഞു. നൂതനമായി ഒന്നും പറയാനില്ലെങ്കില്‍ മൌനം വിദ്വാനു ഭൂഷണം.
കൌതുകം ജിനിപ്പിക്കുന്ന ഒരു വാര്‍ത്ത അല്ലെങ്കില്‍ അറിവ് U. A. R.–ലെ പ്രസിഡന്റിന്റെ ജാമാതാവായ H. E. Shaik Hamad Bin Hamdan Al Nahyan ന്യൂ ഡല്‍ഹിയില്‍നിന്നും പ്രസിദ്ധപ്പെടുത്തുന്ന ‘Mirror Today’ എന്ന മാസികയുടെ Consulting Editor ശ്രീമതി. ആര്‍. അനിതയ്ക്ക് അനുവദിച്ച അഭിമുഖസംഭാഷണത്തിലൂടെയാണു വിസ്മയജനകമായ ഈ വാര്‍ത്ത നമ്മള്‍ അറിയുന്നത്. ഷെയ്ക്ക് ലോകത്തെ ഏററവും വലിയ Caravan നിര്‍മ്മിച്ചിട്ടുണ്ട്. രണ്ടു ചക്രങ്ങളില്‍ മണിക്കൂറില്‍ മൂററിയിരുപതു കിലോമീററര്‍ വേഗത്തില്‍ സഞ്ചരിക്കുന്നു ഈ ഭവനത്തില്‍ എട്ടു കിടപ്പുമുറികളുണ്ട്. 120 റ്റണ്ണാണ് അതിന്റെ ഭാരം. ഇരുപതു മീററര്‍ നീളം. പന്ത്രണ്ടു മീററര്‍ വീതി. പന്ത്രണ്ടു മീററര്‍ പൊക്കം. ഭീമാകാരമാര്‍ന്ന ഈ ഭവനത്തിന്റെ പേരു Howdan എന്നാണ് ആകൃതിസൌഭഗമുള്ള കാരുണ്യമുള്ള ഈ മുപ്പത്തിരണ്ടുകാരൻ ഷെയ്ക്കിന്റെ വിനോദവൃത്തി കാറുകള്‍ ശേഖരിക്കലാണ്. ഇതിനകം പലതരത്തിലുള്ള അറുന്നൂറു കാറുകള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്. ഇന്‍ഡ്യയുമായി വ്യാപാരബന്ധം സ്ഥാപിക്കാന്‍ താല്‍പര്യമുള്ള ഷെയ്ക് Guinnes Book of World Records–ല്‍ സ്ഥാനം പിടിച്ചിരിക്കുന്നുവെന്നു അനിത ചൂണ്ടിക്കാണിക്കുന്നു.
പാലൂര്
ഇതെഴുതുന്ന ആളിനു ശ്രീ. പാലൂരിന്റെ കവിത ഇഷ്ടമില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 33) അദ്ദേഹം എഴുതിയ ‘ആത്മഗീത’ എന്ന കാവ്യം എനിക്ക് അഭിമതമായില്ല. യാജ്ഞവൽക്യൻ സന്ന്യസിക്കാന്‍ പോകുന്നുവെന്ന് ഭാര്യമാരോടു പറഞ്ഞപ്പോള്‍ മൈത്രേയി പറഞ്ഞു തന്നെയും മറ്റുള്ളവരെയുംകൂടി കൊണ്ടുപോകണമെന്ന്. അതുകേട്ടു മഹര്‍ഷി മറുപടി നല്‍കി:
“ഭര്‍ത്താവു ഭാര്യയെ സ്നേഹിപ്പതത്രയും
ഭര്‍ത്താവിനുള്ള ഗുണത്തിനാ, ണല്ലാതെ
പുത്രനുവേണ്ടിയ, ല്ലമ്മട്ടു പത്നിയും
കൃത്യമായ് തന്റെ ഗുണത്തിനാണോര്‍ക്കണം.
സ്വര്‍ഗത്തിനാരും ഗുണം വന്നു കാണുവാന്‍
സര്‍ഗലോകത്തെ കൊതിച്ചു കേട്ടില്ല ഞാന്‍”
മഹര്‍ഷി തുടര്‍ന്നും ഇമ്മട്ടിലുള്ള ആകര്‍ഷങ്ങളായ ആശയങ്ങള്‍ പലതും പ്രതിപാദിക്കുന്നുണ്ട്. ഗദ്യത്തിലാണെങ്കിൽ പ്രശംസ നേടുന്ന ഈ ചിന്തകള്‍ കവിതയില്‍ അതു നേടുന്നില്ല. കാരണം അവ കാവ്യാത്മക ചിന്തകളല്ല എന്നതുതന്നെ. പാലൂരിന്റെ ഊന്നല്‍ മുഴുവന്‍ ആശയങ്ങളുടെ ഉത്താളതയിലാണ്. വികാരത്തിന്റെ ബംബങ്ങളായിട്ടല്ല.
കവി ആലേഖനം ചെയ്യുന്ന സന്ദര്‍ഭത്തിന്റെ വികാരങ്ങള്‍ കാവ്യത്തിലൂടെ ലഭിക്കുമ്പോള്‍ മാത്രമേ അനുവാചകനു രസിക്കാന്‍ കഴിയൂ. ഈ പ്രാഥമിക കലാതത്ത്വം പാലുരു് എപ്പോഴും വിസ്മരിക്കുന്നു.
ദോദയെസ്സംബന്ധിച്ച ഒരു കഥ മുകളില്‍ എഴുതിയല്ലോ. അത് ഗോങ്‌കുർ സഹോദരന്മാരുടെ (ഫ്രെഞ്ചെഴുത്തുകാര്‍) ജേണലില്‍ ഉള്ളതാണെന്നാണ് എന്റെ ഓര്‍മ്മ. ഇനിപ്പറയുന്നതും അതിലുള്ളതാവണം. റുമേനിയക്കാരിയായ ഒരു യുവതി ഗൊങ്‌കുറിന്റെ വാതിലില്‍ത്തട്ടി അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞു. അദ്ദേഹം വീട്ടിലില്ലെന്നു ഗൃഹനായിക അറിയിച്ചപ്പോള്‍ ചെറുപ്പക്കാരി കണ്ണുകള്‍ നിറച്ചുകൊണ്ട് തിരിച്ചുപോയി. കുറച്ചു കഴിഞ്ഞു മടങ്ങിവന്നു ഗൊങ്‌കുറിനോടു ബന്ധപ്പെട്ട എന്തെങ്കിലും തനിക്കു നല്കണമെന്ന് അവള്‍ അപേക്ഷിച്ചു. ഗൊങ്‌കുർ വീട്ടിലുണ്ടായിരുന്നു. എങ്കിലും ആദ്യം പറഞ്ഞ കള്ളം വെളിച്ചത്താകാതിരിക്കാന്‍ വേണ്ടി ഗൃഹനായിക പീടികക്കണക്കെഴുതുന്ന സ്വന്തം കൊച്ചു പെന്‍സില്‍ എടുത്ത് അവള്‍ക്കു കൊടുത്തു. സന്തോഷാതിശയത്തോടെ യുവതി അതു കൊണ്ടുപോയി. ഒരിക്കല്‍ ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍സ്സാര്‍ എന്നോടു പറഞ്ഞു. പെണ്ണുങ്ങള്‍ക്കു സാഹിത്യത്തില്‍ കിറുക്കു വന്നാല്‍ അതു വലിയ കിറുക്കായിരിക്കുമെന്ന്. ഗൊങ്‌കുറിനെ കാണാനെത്തിയ യുവതിക്ക് കിറുക്കായിരുന്നിരിക്കും. ഗോങ്‌കുറെവിടെ? ഞാനെവിടെ? അതുകൊണ്ടു സമീകരിച്ചു പറയുകയാണെന്നു ധരിക്കരുതേ. അങ്ങു വടക്ക് ഒരു ഹോട്ടല്‍ മുറിയില്‍ ഞാന്‍ ഒരു നോവല്‍ വായിച്ചു ഇരിക്കുകയായരുന്നു. തമിഴ് സിനിമായില്‍ ദേവി ആകാശത്തുനിന്നിറങ്ങി വരുന്നതുപോലെ എന്നെ ഞെട്ടിച്ചുകൊണ്ടു ഒരു ചെറുപ്പക്കാരി മുറിയിലേക്കു കടന്നുവന്നു. ‘ഇരിക്കൂ’ എന്നു ഞാന്‍. ഇരുന്നു. “സാറിന്റെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും തരൂ” എന്ന് അവള്‍. വേഗം പോകട്ടെ ആ യുവതിയെന്നു കരുതി ഞാന്‍ ഒരു ഫോറിന്‍ പേന എടുത്തുകൊടുത്തു. അത് അവളിട്ടിരുന്ന ഒരു തരം കോട്ടിന്റെ കീശയില്‍ വച്ചിട്ട് എന്റെ മുറിയിലാകെ കറങ്ങി നടന്നു. മേശപ്പുറത്തു വച്ചിരുന്ന റ്റൂതത് പെയ്സ്റ്റ് വരെ എടുത്തുനോക്കി. പ്രായത്തിനേറെ അന്തരമുണ്ടെങ്കിലും മറ്റുള്ളവര്‍ തെററിദ്ധരിക്കുമല്ലോ എന്നു കരുതി ‘എനിക്കൊരു മീറ്റിങ്ങിനു പോകാന്‍ സമയമായി’ എന്നു ഞാന്‍ പറഞ്ഞു. പിന്നെയും ഒന്നുകൂടെ കറങ്ങി നോക്കുന്നതിനിടയില്‍ ഞാന്‍ എന്റെ പല വസ്തുക്കളുടെയും പുറത്തു ന്യൂസ് പേപ്പറുകള്‍ എടുത്തിട്ടു. അവളങ്ങു പോകുകയും ചെയ്തു. ഓര്‍മ്മയ്ക്കായി എന്തെങ്കിലും വേണമെന്നു പറഞ്ഞപ്പോള്‍ ഞാന്‍ മരിക്കാറായോ എന്നൊരു ചിന്ത എന്നെ അലട്ടിയതു പോകട്ടെ. യുവിതിയുടേത് സാഹിത്യത്തെസ്സംബന്ധിച്ച കിറുക്കാണെന്നു എനിക്കു മനസ്സിലായി.
|
|