സാഹിത്യവാരഫലം 1992 12 06
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1992 12 06 |
ലക്കം | 899 |
മുൻലക്കം | 1992 11 29 |
പിൻലക്കം | 1992 12 13 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
നമ്മുടെ രാജ്യം ഗര്‍ജ്ജിക്കുന്നില്ല, കൂര്‍ക്കംവലിച്ചുറങ്ങുകയാണ്. അമേരിക്കക്കാരന്റെ മൂക്കിലൂടെയാണ് ഇന്ത്യ കൂര്‍ക്കംവലിയുടെ ശബ്ദം കേള്‍പ്പിക്കുന്നത്.
ഒസ്കര്‍ വൈല്‍ഡ് സംഭാഷണ വിദഗ്ദ്ധനായിരുന്നുവെന്നു പറയാത്ത ജീവചരിത്രകാരന്മാരില്ല. സംഭാഷണം ചെയ്തുകൊണ്ടിരിക്കുന്നതിന്നിടയില്‍ തന്റെ വാദഗതിക്ക് അനുരൂപമായ വിധത്തില്‍ അദ്ദേഹം കഥകള്‍ ഉണ്ടാക്കിപ്പറയും. വിധിക്കാണു പ്രാധാന്യം, മനുഷ്യന്റെ ഇച്ഛാശക്തിക്കു ദൗര്‍ബ്ബല്യമേയുള്ളു എന്നു സ്ഥാപിക്കാനായി അദ്ദേഹം പെട്ടെന്നു നിര്‍മ്മിച്ചു പറഞ്ഞ ഒരു കഥയുണ്ട് (Hesketh Pearson, The Life of Oscar Wilde). ‘ഒരിക്കല്‍ ഒരിടത്തു ഒരയസ്കാന്തമുണ്ടായിരുന്നു. അതിന്റെ അടുത്തായി കുറെ ഇരുമ്പുപൊടികളും. അവയില്‍ രണ്ടോ മൂന്നോ പൊടികള്‍ക്ക് അയസ്കാന്തത്തെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടായി. മറ്റിരുമ്പുപൊടികള്‍ അതറിഞ്ഞപ്പോള്‍ അവയ്ക്കും അതേ അഭിലാഷമുണ്ടായി. ഇന്നു പോയാലെന്ത്? നാളെ ആയാലെന്ത്? എന്ന് അവ അന്യോന്യം ചോദിച്ചുകൊണ്ടിരുന്നു. അങ്ങനെ ചോദിക്കുകയും വര്‍ത്തമാനം പറയുകയും ചെയ്യുന്ന വേളയില്‍ത്തന്നെ ഇരുമ്പുപൊടികള്‍ തങ്ങളറിയാതെ അയസ്കാന്തത്തിന്റെ സമീപത്തേക്കു നീങ്ങുകയായിരുന്നു. നീങ്ങിനീങ്ങി അവ അതിന്റെ എല്ലാ വശങ്ങളിലും പറ്റിപ്പിടിച്ചു.അയസ്കാന്തം പുഞ്ചിരിപൊഴിച്ചു — ഇരുമ്പുപൊടികളുടെ വിചാരം തങ്ങള്‍ സ്വന്തം ഇച്ഛയ്ക്ക് അനുസരിച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു എന്നത്രേ.
ആദം സമീന്‍സാദ് എന്ന നോവലിസ്റ്റിന്റെ (Adam Zameenzad) പുതിയ നോവല്‍ ‘Cyrus Cyrus’ വായിക്കാന്‍ തുടങ്ങിയ നിമിഷംതൊട്ടു ഞാന്‍ ഇരുമ്പുപൊടിയായി മാറിയിരുന്നു. ഓരോ പുറം വായിച്ചിട്ടു നോവല്‍ അടച്ചുവയ്ക്കും. ഉത്തരക്ഷണത്തില്‍ അതു തുറന്നു വീണ്ടും വായിക്കും. അടച്ചുവയ്ക്കലും തുറന്നുവായിക്കലും അവിരാമപ്രക്രിയയായി നടന്നു. ഇരുമ്പുപൊടി അയസ്കാന്തത്തില്‍ പൂര്‍ണ്ണമായും പറ്റിപ്പിടിച്ചു കഴിഞ്ഞ അവസ്ഥയാണിപ്പോള്‍. രചനയ്ക്കു രസദായകത്വമില്ലെങ്കിലും അതിന്റെ സവിശേഷതയും ഉജ്ജ്വലതയും വായനക്കാരനെ ഇരുമ്പുപൊടിയാക്കിക്കളയും. ഇത്രയും പറഞ്ഞത് പരമ്പരാഗതങ്ങളായ നോവലുകള്‍ വായിച്ചു വായിച്ചു ഇച്ഛാശക്തിക്കു തീക്ഷണത വരുത്തിയവര്‍ ഈ നോവല്‍ ദൂരെയെറിഞ്ഞുകളയുമെന്നു സൂചിപ്പിക്കാനാണ്.
സമീന്‍സാദിന്റെ (ഉച്ചാരണം ശരിയോ എന്തോ?) ‘Love, Bones and Water’ എന്ന നോവല്‍ മുന്‍പു ഞാന്‍ വായിച്ചിട്ടുണ്ട്. ‘Cyrus Cyrus’ ഞാന്‍ രണ്ടാമതായി വായിക്കുന്ന അദ്ദേഹത്തിന്റെ അഞ്ചാമത്തെ നോവലാണ്. പാകിസ്ഥാനില്‍ ജനിച്ച ഈ എഴുത്തുകാരന്‍ ബ്രിട്ടനിലെ അധ്യാപകനായിരുന്നു കുറെക്കാലം. ഇപ്പോള്‍ കെന്റില്‍ കുടുംബത്തോടൊത്തു താമസിക്കുന്നു.
തുച്ഛമായ കഥയാണ് ഈ നോവലിനുള്ളത്. സൈറസ് ഇന്ത്യയിലെ ചന്ദന്‍ എന്ന സ്ഥലത്തു ജനിച്ചു. തോട്ടിവര്‍ഗ്ഗത്തിലാണ് ആ കുട്ടിയുടെ ജനനം. “We are choodhas. In India, the lowest of the low, the shit cleaners” എന്ന് സൈറസ്. അയാളുടെ കുടുംബത്തിലെ മിക്ക സ്ത്രീകളും ബലാല്‍സംഗം ചെയ്യപ്പെട്ടവരാണ്. ഇന്ത്യയിലെ ജീവിതം ദുസ്സഹമായപ്പോള്‍ സൈറസും കുടുംബവും കിഴക്കേ പാകിസ്ഥാനിലേക്കു പോയി. അപ്പോഴാണ് ബംഗ്ളാദേശ് യുദ്ധം. സൈറസ് അമേരിക്കയിലേക്കു കടക്കുന്നു. അവിടെനിന്ന് ഇംഗ്ളണ്ടിലേക്കും. ഇംഗ്ളണ്ടില്‍ വച്ച് അയാള്‍ ചെയ്തതോ ചെയ്യാത്തതോ ആയ കുറ്റത്തിന് ബന്ധനസ്ഥനാക്കപ്പെടുന്നു. എഴുപത്തഞ്ചു വര്‍ഷം ജയിലില്‍ കിടക്കാനാണ് കോടിതിവിധി. അവിടെക്കഴിഞ്ഞുകൂടിക്കൊണ്ട് അയാള്‍ ഓര്‍മ്മകള്‍ രേഖപ്പെടുത്തുന്നു. ആ സ്മരണകളുടെയും മറ്റു ചിന്തകളുടെയും സമാഹാരമാണ് ഈ നോവല്‍. തനിക്ക് എഴുതാനുള്ളതെല്ലാം എഴുതിക്കഴിഞ്ഞിട്ട് സൈറസ് കാരാഗൃഹത്തിന്റെ കനത്ത ഭിത്തിയിലൂടെ അപ്രത്യക്ഷനാകുന്നു. അയാള്‍ കൊന്നുവെന്നു കരുതപ്പെടുന്ന മൂന്നു സന്താനങ്ങളുടെ ശവക്കുഴികള്‍ക്കടുത്തായി സൈറസിന്റെ നിശ്ചേതനവും നഗ്നവുമായ ശരീരം കിടക്കുന്നതായി കണ്ടു.
“സ്ത്രീകളുടെ ഹൃദയം ഈശ്വരന്‍ നിര്‍മ്മിച്ചത് റോസാപ്പൂ കൊണ്ടോ കരിങ്കല്ലുകൊണ്ടോ?”
“രണ്ടുകൊണ്ടുമല്ല. ഗ്ളാസ്കൊണ്ടാണ്. അതിനാലാണ് ശംബളം കൂടിയവനെ, ധനം കൂടിയവനെ, ആകൃതിസൗഭഗം കൂടിയവനെ കാണുമ്പോള്‍ അതു വേഗം പൊട്ടിപ്പോകുന്നത്.”
മാനങ്ങള്‍ — dimensions — ഏറെയുള്ള നോവലാണ് ‘സൈറസ് സൈറസ്’. പുറംചട്ടയിലെ പടംതന്നെ അതു വ്യക്തമാക്കുന്നു. പെര്‍ഷയിലെ (Persia) രാജാവായിരുന്ന സൈറസ് (മരണം 529 BC) ഇടത്തേയറ്റത്ത് നടുക്കു ശ്രീകൃഷ്ണന്‍. വലതുഭാഗത്ത് Florentine ചിത്രകാരന്‍ ബോട്ടിച്ചെല്ലിയുടെ (Botticelli) ‘മഡോന’. മൂന്നു ചിത്രങ്ങളും മൂന്നു ചിന്താഗതികള്‍ക്കു പ്രാതിനിധ്യം വഹിക്കുന്നു. അവയെ അവലംബിച്ചുകൊണ്ടു നോവലിസ്റ്റ് നിര്‍വഹിക്കുന്ന പരികല്പനകള്‍ അനുവാചകര്‍ക്കു ധൈഷണികാഹ്ളാദം നല്കും. ഒരുദാഹരണം:
- “After all, why must the understanding of E=MC2 be more important then twice seven and four times nine? Why should the relativity of time and elasticity of space and quantum geometrodynamics raise more highbrows and less eyebrows than playing around with cosmic numbers or conjuring up astrological fantasies? True that without the former we might not have reached the moon, or dropped the bomb; but the latter have helped many a suffering fool to make some sense of their suffering, and sustained them through the night.”
ഇതിനു സദൃശങ്ങളായ നിരീക്ഷണങ്ങള്‍ — രാഷ്ട്രവ്യവഹാരം, സെക്സ്, മതം, മിഥോളജി ഇവയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ — ഈ നോവലിലെവിടെയും ഉണ്ട്. തിന്മയുടെ പ്രതീകമാണ് സൈറസ്. ആ തിന്മ ലോകത്തിന്റെ ഒരു അംശമാണ്. തിന്മ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ ലോകം മുന്നോട്ടു പോകും. ഒരു കല്പം അവസാനിക്കുന്നു; മറ്റൊന്ന് ആരംഭിക്കുന്നു. പ്രപഞ്ചം മുന്നോട്ടു പോകും. സൈറസ് സൈറസിന്റെ നൃത്തംപോലെ ശിവന്റെ നൃത്തവും എപ്പോഴും ഉണ്ടായിരിക്കും. തിന്മയാര്‍ന്ന പ്രപഞ്ചത്തിന്റെ അനുസ്യൂതമായ ചലനാത്മകതയെ സൂചിപ്പിച്ചുകൊണ്ടു നോവല്‍ അവസാനിപ്പിക്കുന്നു നോവലിസ്റ്റ്. ധിഷണയ്ക്ക് ആഹ്ളാദമരുളുന്ന ഈ നോവല്‍ വായിച്ചിട്ട് വിശ്വവിഖ്യാതനായ Malcom Bradbury പറഞ്ഞു: “Brilliant — truly funny and gloriously inventive.”
Contents
പ്രാകൃതന്‍ എന്ന സിംബല്‍
ബഹുജനത്തിനു സവിശേഷതയുണ്ട്. ഒട്ടൊക്കെ പേരെടുത്തു കഴിയുന്ന ആളിനെ വ്യക്തിയായിട്ടല്ല പ്രതിരൂപമായിട്ടാണ് അവര്‍ കാണുക. (Karen Blixen എഴുതിയ Out of Africa എന്ന മനോഹരമായ പുസ്തകം വായിച്ച ഓര്‍മ്മയില്‍ നിന്ന്) ജീവിച്ചിരിക്കുന്നവരെക്കുറിച്ചു പറയുന്നതു ശരിയല്ല. അതുകൊണ്ട് മരിച്ചവരെപ്പറ്റി മാത്രം പറയാം. ബുദ്ധന്‍, ശ്രീരാമകൃഷ്ണ പരമഹംസന്‍, ഗാന്ധിജി ഇവരെ വ്യക്തികളായിട്ടല്ല ബഹുജനം കാണുന്നത്. അവര്‍ പ്രതിനിധാനം ചെയ്ത ആശയത്തിന്റെ പ്രതിരൂപമായിട്ടാണ്. ഈ പ്രതിരൂപത്തെ അംഗീകരിക്കുന്നവരുണ്ടാകാം; അംഗീകരിക്കാത്തവരും കാണും. അംഗീകരിക്കുന്നവര്‍ പ്രതിരൂപത്തിന്റെ ശക്തിയും മനോഹാരിതയും മാത്രം ദര്‍ശിക്കും. അംഗീകരിക്കാത്തവര്‍ ആ പ്രതീകത്തിന്റെ ദുര്‍ബലതയും വൈരൂപ്യവും കാണും. ശ്രീ. ജോയിക്കുട്ടി പാലത്തുങ്കല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘അന്യന്റെ മരണം കാത്തിരിക്കുന്നവര്‍’ എന്ന ചെറുകഥയിലെ പ്രാകൃതന്‍ ദീര്‍ഘകാലത്തെ ഒറ്റപ്പെട്ട ജീവിതം കൊണ്ടു പ്രതിരൂപമായി മാറിയവനാണ്. അയാളെ ആദരിക്കുന്നവരും അനാദരിക്കുന്നവരും ഉണ്ട്. താന്‍ താമസിക്കുന്ന വീടും അതിനു ചുറ്റുമുള്ള പറമ്പും സ്വന്തമാക്കി അതില്‍ കയറുന്നവര്‍ അനഭിമതരാണെങ്കില്‍ പാമ്പിനെക്കൊണ്ട് അവരെ കടിപ്പിക്കുന്ന ആ പ്രാകൃതന്‍ സിദ്ധികളുള്ളവനാണ്; ഒരു സിദ്ധിയുമില്ലാത്തവനെന്നു വേണമെങ്കിലും പറയാം. അയാളുടെ തിരോധാനം കാത്തിരിക്കുകയാണ് ഏവരും. മരിച്ചിട്ടുവേണം ആ വീടും പറമ്പും കൈക്കലാക്കാന്‍ അവര്‍ക്ക് കഥാകാരന്റെ പ്രതിപാദനംകൊണ്ട് — പ്രതിപാദനത്തിന്റെ ചാരുതകൊണ്ട് — അയാള്‍ക്കു സാര്‍വജനീനസ്വഭാവവും സാര്‍വകാലികസ്വഭാവവും വരുന്നു. നല്ല കഥ.
ചോദ്യം, ഉത്തരം
“ചങ്ങമ്പുഴയ്ക്കുശേഷമുള്ള കവികളുടെ കവിതകളിലും സംഗീതമുണ്ടല്ലോ. നിങ്ങള്‍ അതിനെക്കുറിച്ചു എന്തേ ഒന്നും എഴുതാത്തത്?”
- “ചങ്ങമ്പുഴക്കവിതയിലെ വാക്കുകളും സംഗീതവും ഒരുമിച്ചു വരുന്നു. മറ്റു കവികളുടെ രചനകളിലെ സംഗീതം വാക്കുകള്‍ക്കുശേഷമാണ് വരുന്നത്. അതുകൊണ്ട് ആശയവും സംഗീതവും അവരുടെ കാവ്യങ്ങളില്‍ വേര്‍തിരിഞ്ഞു നില്ക്കും.”
“സ്ത്രീകളുടെ ഹൃദയം ഈശ്വരന്‍ നിര്‍മ്മിച്ചത് റോസാപ്പൂകൊണ്ടോ കരിങ്കല്ലുകൊണ്ടോ?”
- “രണ്ടുകൊണ്ടുമല്ല. ഗ്ളാസ്കൊണ്ടാണ്. അതിനാലാണ് ശംബളം കൂടിയവനെ, ധനം കൂടിയവനെ, ആകൃതിസൗഭഗം കൂടിയവനെ കാണുമ്പോള്‍ അതു വേഗം പൊട്ടിപ്പോകുന്നത്.”
“ഞങ്ങളുടെ നാട്ടില്‍ ഒരു വേശ്യയുണ്ട്. പേരു മറച്ചുവച്ച് അവളെ ഞാന്‍ എലിസബത്ത് എന്നു വിളിക്കട്ടെ. എലിസബത്ത് വലിയ ഭക്തയുമാണ്. ഭക്തി അവളുടെ പാപങ്ങളില്‍നിന്ന് അവളെ രക്ഷിക്കുമോ സാറേ?”
- “എനിക്കറിഞ്ഞുകൂടാ മഹാനായ ഒരു ചിന്തകന്‍ ഒരു വേശ്യയുടെ ദേഹമടക്കിയ സ്ഥലം കണ്ടു പറഞ്ഞു ‘അവള്‍ അവസാനമായി ഒറ്റയ്ക്ക് ഉറങ്ങുന്നു’വെന്ന്. നിങ്ങളുടെ നാട്ടിലെ ഇലിസബത്ത് ശവക്കുഴിയില്‍ ഒറ്റയ്ക്ക് ഉറങ്ങും.”
“മരണം നടന്ന വീട്ടില്‍ ചെന്നാല്‍ ഒന്നും ചോദിക്കരുത്. കുറെനേരം മിണ്ടാതിരുന്നിട്ട് എഴുന്നേറ്റു തിരിച്ചു പോരണം എന്നു നിങ്ങള്‍ എഴുതിയതിന്റെ അര്‍ത്ഥമെന്താണ്?”
- “മൗനമാണ് ദുഃഖത്തെ ശക്തമായി പകരുന്നത്. വാക്കു പ്രയോഗിച്ചു പോയാല്‍ ദുഃഖം വേണ്ടിടത്തോളം ഇല്ലെന്ന് തോന്നും.”
“വ്യക്തിഗതനായ ഈശ്വരനില്‍ വിശ്വസിക്കുന്നില്ലെന്ന് എപ്പോഴും പറയുന്ന നിങ്ങള്‍ സായിബാബയെ ആരാധിക്കുന്നതെങ്ങനെ?”
- “നമ്മളെക്കാള്‍ ഈശ്വരസാക്ഷാത്കാരമുള്ള വ്യക്തിയെന്ന നിലയിലാണ് ഞാന്‍ സത്യസായിബാബയെ കാണുക. അതുകൊണ്ട് ഞാന്‍ കൂട്ടപ്രാര്‍ത്ഥന നടക്കുന്ന സമ്മേളനങ്ങളിലോ അദ്ദേഹത്തെ പ്രശംസിച്ചു നടത്തുന്ന മിറ്റിങ്ങുകളിലോ പങ്കേടുക്കാറില്ല. അദ്ദേഹത്തെ നേരിട്ടു കാണാന്‍ ശ്രീ. എം.പി. വീരേന്ദ്രകുമാറും ശ്രീ. ഫിലിപ്പ് എം. പ്രസാദും വിളിക്കാറുണ്ട് എന്നെ ഞാന്‍ പോയിട്ടില്ല. പോകുമെന്നു തോന്നുന്നുമില്ല. മാസ് ഹിസ്റ്റീരിയ ഉളവാക്കാനേ കൂട്ട പ്രാര്‍ത്ഥന പ്രയോജനപ്പെടൂ. എന്നെക്കാള്‍ ബുദ്ധിശക്തി കൂടിയ ഐന്‍സ്റ്റൈനെ ഞാന്‍ ബഹുമാനിക്കുന്നു. എനിക്കില്ലാത്ത ഈശ്വരസാക്ഷാത്കാരമുള്ള സത്യസായിബാബയെ ഞാന്‍ ബഹുമാനിക്കുന്നു. അത്രമാത്രം. ‘നേരേ ചൊവ്വേ’ ജീവിക്കുന്നവര്‍ക്ക് ഈശ്വരാരാധനംതന്നെ വേണ്ട. ജവാഹര്‍ലാല്‍ നെഹ്റു വലിയ ഈശ്വരഭക്തനായിരുന്നില്ല. എങ്കിലും അദ്ദേഹം പുരുഷരത്നമായിരുന്നു.”
“പുതിയ മലയാളസാഹിത്യം വായിക്കുമ്പോള്‍ എന്തു തോന്നും?”
- “അനാര്‍ക്കലിയോട് അവസാനത്തെ ചുടുകട്ടവയ്ക്കട്ടോ അതോ സത്യം പറയുന്നോ എന്നു ചോദിച്ചപ്പോള്‍ അവള്‍ കട്ടവച്ചു തന്നെ കെട്ടിയടച്ചു ശ്വാസംമുട്ടിച്ചു കൊല്ലാന്‍ പറഞ്ഞില്ലേ. അതേ മാനസികനിലയാണ് എനിക്ക്. ഒന്നേ വ്യത്യാസമായുള്ളു. അനാര്‍ക്കലിയോടു ഒരു ചക്രവര്‍ത്തിയേ ചോദ്യം ചോദിച്ചുള്ളു. എന്നോടു ചോദിക്കാന്‍ എണ്ണമറ്റ നവീന സാഹിത്യകാരന്മാര്‍.”
സി രാധാകൃഷ്ണന്‍
ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങള്‍ ദ്രഷ്ടാക്കള്‍ ആസ്വദിച്ചുകൊള്ളണമെന്ന് അവര്‍ക്കു നിര്‍ബ്ബന്ധമുണ്ട്. എഴുത്തുകാര്‍ എന്തെഴുതിയാലും അതു നന്നെന്നു മറ്റുള്ളവര്‍ പറയണമെന്ന് അവര്‍ക്കും നിര്‍ബ്ബന്ധം. ഭൂൂരിപക്ഷമാളുകളും നന്നെന്നു സമ്മതിച്ചാല്‍ കലാകാരനു തൃപ്തിയായി; സന്തോഷമായി. പക്ഷേ ഭൂരിപക്ഷത്തിന്റെ ആസ്വാദനം ശരിയായ ആസ്വാദനമല്ലെന്ന് അവര്‍ (കലാകാരന്മാരും എഴുത്തുകാരും) അറിയുന്നില്ല. ഭൂരിപക്ഷത്തിനു കര്‍ണ്ണാടക സംഗീതമല്ല, സിനിമാപ്പാട്ടുകളാണു വേണ്ടത്. റോറിഹിന്റെ ചിത്രങ്ങളല്ല, കലണ്ടര്‍ ചിത്രങ്ങളിലാണ് അവര്‍ക്കു താല്പര്യം.
ചന്ദ്രപ്പൂര്‍ ജില്ല. ചന്ദ്രപ്പൂര്‍ നഗരം. അവിടെനിന്ന് ഏതാനും കിലോമീറ്റര്‍ ബസ്സില്‍ യാത്രചെയ്താല്‍ ബാന്ദക് എന്ന സ്ഥലത്തു ചെല്ലും. അവിടെയാണ് വിശ്രുതമായ ജൈന്‍ മന്ദിര്‍ മഹാവീരന്റെ പ്രതിഷ്ഠയാണ് അവിടെ. മന്ദിര്‍ കാണേണ്ടതാണ്. ഭിത്തികളിലാകെ വിവിധ വര്‍ണ്ണങ്ങള്‍ ഉള്ള സ്ഫടികക്കഷണങ്ങള്‍ പതിച്ചിരിക്കുന്നു. ബാന്ദക്കില്‍നിന്നു കുറെദൂരം നടന്നാല്‍ ഒരു ഗുഹാമുഖം കാണാം. അതു ഭൂമിക്കടിയിലുള്ള ഒരു മാര്‍ഗ്ഗത്തിന്റെ പ്രവേശനദ്വാരമോ ബഹിര്‍ഗ്ഗമനദ്വാരമോ ആകാം. ആ തുരങ്കത്തിലൂടെ അനേകം നാഴിക നടന്നാല്‍ ശിവജിയുടെ പട്ടണത്തില്‍ ചെല്ലാമെന്ന് അവിടത്തെ ആളുകള്‍ എന്നോടു പറഞ്ഞു. ശിവജി പട്ടാളക്കാരോടുകൂടി ഈ തുരങ്കത്തിലൂടെ വന്ന് ആക്രമണം നടത്തിയിരുന്നത്രേ. ശരിയായിരിക്കാം, തെറ്റായിരിക്കാം. ഇപ്പോള്‍ തുരങ്കദ്വാരം ചെടികളാല്‍ മൂടപ്പെട്ടിരിക്കുന്നു. അവിടെ നിന്നപ്പോള്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ചു ഞാന്‍ വിചാരിച്ചില്ല. വര്‍ത്തമാനകാലത്തെക്കുറിച്ചു ചിന്തിച്ചില്ല. ശിവജി തുരങ്കത്തിലൂടെ വന്നുകയറുന്നതും കുതിരപ്പുറത്ത് അതിവേഗം പാഞ്ഞുപോകുന്നതും സൈന്യം അദ്ദേഹത്തോടൊരുമിച്ചു പ്രയാണം ചെയ്യുന്നതും മാത്രമേ ഞാന്‍ അകക്കണ്ണുകൊണ്ടു കണ്ടുള്ളു. ഭൂതകാലം മാത്രമേ എന്റെ പഞ്ചേന്ദ്രിയങ്ങള്‍ പിടിച്ചെടുത്തുള്ളു.
ശ്രീ. സി. രാധാകൃഷ്ണന്റെ “ശാന്തം, മനോഹരം, തടാകം” എന്ന ചെറുകഥ ദേശാഭിമാനി വാരികയില്‍ വായിച്ചപ്പോള്‍ ഘനീഭവിച്ചു കിടക്കുന്ന ഭൂതകാലം മാത്രമേ എനിക്ക് അനുഭവപ്പെട്ടുള്ളു. ഒരുമ്പെട്ട ഒരു പാവത്തിനെ തലകീഴാക്കി കെട്ടിയിടാന്‍ രാജാവ് ആജ്ഞാപിച്ചു. ശിക്ഷ നടപ്പാക്കാന്‍ കഴിഞ്ഞില്ല. തലേദിവസം രാത്രി അയാള്‍ കാരാഗൃഹത്തില്‍ വച്ചു മരിച്ചു. ആ സംഭവം പിന്നീട് പല വ്യക്തികളിലൂടെയും ആവര്‍ത്തിക്കുന്നത് രാധാകൃഷ്ണന്‍ കാണിച്ചുതരുന്നു. അപ്പോഴൊക്കെ ഭൂതകാലാവബോധമേയുള്ളു എനിക്ക്. മൈക്രോസ്കോപ്പിന്റെ ഒരുഭാഗം തിരിക്കുമ്പോള്‍, നിരീക്ഷിക്കപ്പെടുന്ന വസ്തു ബൃഹദാകാരം കൊള്ളുന്നതുപോലെ വര്‍ത്തമാനകാലത്തിലും പഴയ സംഭവം ആവര്‍ത്തിക്കപ്പെടുന്നുവെന്ന് കഥാകാരന്‍ സ്പഷ്ടമാക്കുന്നു. അതോടെ ഭൂതകാലത്തിന്റെ തുടര്‍ച്ചയായി വര്‍ത്തമാനകാലത്തെ നമ്മള്‍ കാണുന്നു. ഭാരതത്തിന്റെ ഇന്നത്തെ ദയനീയാവസ്ഥയെ ഇങ്ങനെ അതിന്റെ യഥാര്‍ത്ഥരൂപത്തില്‍ — സത്യാത്മകമായ രൂപത്തില്‍ — നമ്മുടെ മുന്‍പില്‍ കൊണ്ടുവരുന്നു സി.രാധാകൃഷ്ണന്‍.
നിരീക്ഷണങ്ങള്‍
- നമ്മുടെ രാജ്യം ഗര്‍ജ്ജിക്കുന്നില്ല, കൂര്‍ക്കംവലിച്ചുറങ്ങുകയാണ്. അമേരിക്കാക്കാരന്റെ മൂക്കിലൂടെയാണ് ഇന്ത്യ കൂര്‍ക്കംവലിയുടെ ശബ്ദം കേള്‍പ്പിക്കുന്നത്.
- നമ്മുടേത് കൊച്ചു സാഹിത്യമാണ്. സാഹിത്യകാരന്മാരുടെ സംഖ്യാബലമില്ലായ്മ ഒരുകാരണം. പദ്യസാഹിത്യത്തില്‍ കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടപ്പള്ളി, വൈലോപ്പിള്ളി ഇവര്‍. കുറച്ചു പേരുകള്‍കൂടി എഴുതാന്‍ പ്രയാസമില്ല. ഇവിടെ പേരു പറഞ്ഞവരും പറയാത്തവരും നിര്‍മ്മിച്ചുവച്ച കന്മതില്‍ക്കെട്ടിനകത്തു കിടന്നുകൊണ്ട് നമ്മള്‍ അവരെക്കുറിച്ചു മാത്രം പറയുന്നു. അതിനേ മാര്‍ഗ്ഗമുള്ളു. ഗദ്യസാഹിത്യത്തിലെയും സ്ഥിതി ഇതുതന്നെ.
- ഇതെഴുതുന്ന ആള്‍ അടുത്തകാലത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളെക്കുറിച്ചു റേഡിയോ പ്രഭാഷണം നടത്തി. പലരും അഭിനന്ദനവാക്യങ്ങള്‍ നേരിട്ടും കത്തുകളിലൂടെയും പറഞ്ഞു. അത് പ്രസിദ്ധപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രസിദ്ധപ്പെടുത്തിയാല്‍ പന്തിയാവില്ല. കാരണം കാതിനെ ലക്ഷ്യമാക്കിയുള്ള വാക്കുകള്‍ കണ്ണിനുവേണ്ടിയല്ല എന്നതാണ്. കേള്‍ക്കുമ്പോഴുണ്ടാകുന്ന അനുഭൂതി ഒന്ന്; അതുതന്നെ അച്ചടിച്ചു കണ്ടാല്‍ ഉണ്ടാകുന്ന അനുഭൂതി മറ്റൊന്ന്.
- ഗുമസ്തന്‍ കഥാകാരനാണ്. അദ്ദേഹം ഓഫീസില്‍ വൈകി വന്നതിനു മേലുദ്യോഗസ്ഥന്‍ സമാധാനം ചോദിച്ചു. അയാള്‍ അത് എഴുതിക്കൊടുത്തു. സമാധാനം തൃപ്തികരമായിരുന്നതുകൊണ്ട് കാര്യം അവിടെ അവസാനിച്ചു. ഈ ഗുമസ്തന്‍തന്നെ വൈകുന്നേരം വീട്ടില്‍ച്ചെന്നിരുന്ന് ആ സംഭവത്തെക്കുറിച്ചു കഥയെഴുതിയാല്‍ ‘സമാധാനം നല്കുക’ എന്ന പ്രക്രിയയ്ക്കു സ്ഥാനമില്ല. ആ കഥ ഉദ്യോഗസ്ഥനെയും കീഴ്ജീവനക്കാരനെയും സംബന്ധിക്കുന്ന അനേകം കാര്യങ്ങള്‍ ഉളവാക്കും. അതിനു ചിലപ്പോള്‍ സാര്‍വലൗകികപ്രാധാന്യം ലഭിച്ചുവെന്നും വരാം. അതോടെ അയാള്‍ മഹായശസ്കനായിയെന്നും വരാം. ഇതാണു സര്‍ഗ്ഗപ്രക്രിയയുടെ മഹനീയത നമുക്കു ബോധപ്പെടുത്തിത്തരുന്നത്.
പൂര്‍വകല്പിതരൂപം
നമ്മുടെ ഭാരതമാകെ മരിച്ചുകഴിഞ്ഞു. ഏതോ ഒരു ഭാഗത്ത് ചെറിയ സ്പന്ദനമുണ്ട്. അതും അവസാനിക്കാന്‍പോകുന്നു. പണ്ടൊക്കെ സമൂഹത്തിനാകെ ജീര്‍ണ്ണതയുണ്ടായാല്‍ അത് വ്യക്തിയെ ബാധിച്ചിരുന്നില്ല. ഇന്ന് ഒരു വ്യക്തിയും ജീര്‍ണ്ണതയുടെ പിടിയില്‍നിന്നു മുക്തനല്ല. സാഹിത്യവും കലയും അധഃപതിച്ചു കഴിഞ്ഞു. ദുര്‍ജ്ഞേയങ്ങളായ കോപ്രായങ്ങളെ നമ്മള്‍ നോവലുകളായും കവിതകലായും ചിത്രങ്ങളായും കൊണ്ടാടുന്നു. സ്വഭാവഹത്യ ആളുകളും പത്രക്കാരും ഒരേ രീതിയില്‍ നടത്തുന്നു. നമുക്ക് ഇനി ഒരു രക്ഷയുമില്ല.
മഹര്‍ഷിമാരുടെ ശക്തി അവരുടെ വൈദിക സൂക്തങ്ങളില്‍ ഇരിക്കുന്നു. ചക്രവര്‍ത്തിമാരുടെ ശക്തി അവരുടെ കല്പനകളിലും. വേദസൂക്തങ്ങള്‍ പഠിച്ചുവയ്ക്കുകയും അവയ്ക്ക് യോജിച്ച മട്ടില്‍ ജീവിക്കുകയും ചെയ്യുന്ന മനുഷ്യര്‍ നിശ്ചേതനരാണ്. അവര്‍ കുഞ്ഞാടുകളാണ്. ചക്രവര്‍ത്തിയുടെ കല്പന ലംഘിച്ചാല്‍ ശിരസ്സു ഗളനാളത്തിലിരിക്കില്ല. അതുകൊണ്ട് പഞ്ചപൂച്ഛമടക്കി അവര്‍ ചക്രവര്‍ത്തിയുടെ മുന്‍പില്‍ നില്ക്കുന്നു; കല്പനയുടെ മുന്‍പില്‍ നില്ക്കുന്നു. മേലുദ്യോഗസ്ഥന്‍ ഇംഗ്ളീഷ് എഴുതുമ്പോള്‍ വ്യാകരണത്തെറ്റ് വരുത്തിയാല്‍ കീഴ്ജീവനക്കാരന്‍ മിണ്ടാതെ നിന്നുകൊള്ളണം. അതു ചൂണ്ടിക്കാണിച്ചാല്‍ പണ്ടത്തെ കാലത്ത് ജോലിപോകും. ഇന്നു സ്ഥലംമാറ്റമെങ്കിലും ഉണ്ടാകും. മഹര്‍ഷിമാരും ചക്രവര്‍ത്തിമാരും മേലുദ്യോഗസ്ഥന്മാരും അനുസരണം ആവശ്യപ്പെടുന്നു. എന്തിന് അവരെ മാത്രം കുറ്റപ്പെടുത്തുന്നു. പണ്ഡിതന്മാര്‍ക്കും ആജ്ഞാനുസരണം കൂടിയേ തീരൂ. അതുണ്ടായില്ലെങ്കില്‍ അവര്‍ കോപിക്കും. വിമര്‍ശകരോ? അവര്‍ക്കും വേണം മറ്റുള്ളവരുടെ അനുസരിക്കല്‍. കലാകാരന്മാരുടെ, എഴുത്തുകാരുടെ അവസ്ഥ എന്താണ്? ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങള്‍ ദ്രഷ്ടാക്കള്‍ ആസ്വദിച്ചുകൊള്ളണമെന്ന് അവര്‍ക്കു നിര്‍ബ്ബന്ധമുണ്ട്. എഴുത്തുകാര്‍ എന്തെഴുതിയാലും അതു നന്നെന്നു മറ്റുള്ളവര്‍ പറയണമെന്ന് അവര്‍ക്കും നിര്‍ബ്ബന്ധം. ഭൂരിപക്ഷമാളുകളും നന്നെന്നു സമ്മതിച്ചാല്‍ കലാകാരനു തൃപ്തിയായി; സന്തോഷമായി. പക്ഷേ ഭൂരിപക്ഷത്തിന്റെ ആസ്വാദനം ശരിയായ ആസ്വാദനമല്ലെന്ന് അവര്‍ (കലാകാരന്മാരും എഴുത്തുകാരും) അറിയുന്നില്ല. ഭൂരിപക്ഷത്തിനു കര്‍ണ്ണാടക സംഗീതമല്ല, സിനിമാപ്പാട്ടുകളാണ് വേണ്ടത്. റോറിഹിന്റെ ചിത്രങ്ങളല്ല, കലണ്ടര്‍ ചിത്രങ്ങളിലാണ് അവര്‍ക്കു താല്‍പര്യം. ഈ സത്യത്തിന് ചില പ്രതീകങ്ങളിലൂടെ രൂപം നല്കിയിരിക്കുന്നു ശ്രീ. വി.ജി. മുരളീകൃഷ്ണന്‍. (കലാകൗമുദിയിലെ ‘ആയൂര്‍രേഖ’ എന്ന ചെറുകഥ) പൊതുജനസമ്മതി ആര്‍ജ്ജിച്ച ചിത്രങ്ങള്‍ കലാത്മകങ്ങളല്ല എന്ന് കലാകാരന്റെ അന്തരംഗത്തിലിരിക്കുന്ന നിരൂപണബോധം ഒരു പ്രാകൃതന്റെ രൂപമാര്‍ജ്ജിച്ച് അയാളോടു പറയുന്നു. ആ ബോധത്തിന്റെ പ്രേരണയാല്‍ അയാള്‍ യഥാര്‍ത്ഥ കലയ്ക്കു രൂപം നല്കുമ്പോള്‍ ഭൂരിപക്ഷം നിന്ദിക്കുന്നു അയാളെ. നല്ല ആശയം. പക്ഷേ ഒരു പൂര്‍വകല്പിതരൂപത്തില്‍ കഥാകാരന്‍ തനിക്കു പറയാനുള്ളത് മുഴുവനും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്ന പ്രതീതി. കലയ്ക്കു തത്ക്ഷണപ്രതീതിയുളവാക്കാന്‍ കഴിയും. അതില്ല മുരളീ കൃഷ്ണന്റെ കഥയ്ക്ക്.
സംഭവങ്ങള്‍
- വേമ്പനാട്ടു കായലില്‍ ഒരു കൊതുമ്പുവള്ളം മെല്ലെ നീങ്ങുകയായിരുന്നു. സാന്ധ്യപ്രകാശം ജലത്തിന്റെ നീലിമ കൂട്ടി. ഞാനും അരൂക്കുറ്റി തേവര്‍വീട്ടില്‍ ഭാസ്കരപ്പണിക്കരും കായലിന്റെ തീരത്തു നില്ക്കുകയായിരുന്നു. വള്ളം നോക്കിക്കൊണ്ടു ഭാസ്കരപ്പണിക്കര്‍ ചോദിച്ചു: “എങ്ങനെയിരിക്കുന്നു?” അന്ന് അരൂരെ സെന്റഗസ്റ്റിന്‍സ് സ്ക്കൂളിലെ സെക്കന്‍ഡ് ഫോം വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. എന്റെ മറുപടി: “നീല മുന്തിരിച്ചാറു നിറച്ച സ്ഫടിക ചഷകത്തില്‍ താമരപ്പൂവിന്റെ ഇതള്‍ നീങ്ങുന്നതുപോലെ.” “നീ ഭാവിയില്‍ കവിയാകും” എന്നു ഭാസ്കരപ്പണിക്കര്‍. ഈയിടെ അരൂര്‍ വച്ചു മരിച്ച ആ സുഹൃത്തിന്റെ ഭാവികഥനം ശരിയായി വന്നില്ല.
- കൈനിക്കര പദ്മനാഭപിള്ളയും ഞാനും തിരുവല്ലയിലെ സത്രത്തില്‍ ഇരിക്കുകയായിരുന്നു. സമ്മേളനം തുടങ്ങാന്‍ ഒരു മണിക്കൂര്‍കൂടി കഴിയണം. കൈനിക്കര സാഹിത്യകാരന്മാരെക്കുറിച്ചു പറഞ്ഞുതുടങ്ങി. “ഒ.എന്‍.വി. കുറുപ്പ് വലിയ ബുദ്ധിമാനാണ്. വല്ലപ്പോഴും ബുദ്ധിശൂന്യമെന്ന മട്ടില്‍ സംസാരിച്ചാല്‍ കരുതിക്കൂട്ടി അങ്ങനെ ചെയ്യുന്നുവെന്നേ നമ്മള്‍ ധരിക്കാവൂ. അതല്ല… എന്ന കവിയുടെ അവസ്ഥ. അയാള്‍ കരുതിക്കൂട്ടിയല്ല മണ്ടത്തരം പറയുന്നത്. എന്‍. മോഹനനുണ്ടല്ലോ. ഒന്നാന്തരം ചെറുകഥകള്‍ എഴുതും. കേശവദേവ്, തകഴി ഇവരില്‍ ബെറ്റര്‍ ആര്‍ടിസ്റ്റ് തകഴിയാണ്. തകഴിയുടെ പല ചെറുകഥകളും എന്റെ ഓര്‍മ്മയിലുണ്ട്. കേശവദേവിന്റെ ഒരു ചെറുകഥയുടെ പേരുപോലും എന്റെ സ്മരണയിലില്ല.”
- അഭിമുഖസംഭാഷണത്തിനു വന്ന ഒരു വിദ്യാര്‍ത്ഥിയോടു ഞാന്‍ പറഞ്ഞു: “അഭിമുഖ സംഭാഷണത്തില്‍ പങ്കുകൊള്ളത്തക്കവിധത്തില്‍ എനിക്കു പ്രാധാന്യമില്ല. അതുകൊണ്ട് വേറെ ആരുടെയെങ്കിലും അടുത്തുപോകൂ. പിന്നെ നിങ്ങളുടെ ഈ പ്രവൃത്തി തികച്ചും പ്രയോജന ശൂന്യമാണ്. നമ്മുടെ ഭാരതമാകെ മരിച്ചുകഴിഞ്ഞു. ഏതോ ഒരു ഭാഗത്ത് ചെറിയ സ്പന്ദനമുണ്ട്. അതും അവസാനിക്കാന്‍ പോകുന്നു. പണ്ടൊക്കെ സമൂഹത്തിനാകെ ജീര്‍ണ്ണതയുണ്ടായാല്‍ അത് വ്യക്തിയെ ബാധിച്ചിരുന്നില്ല. ഇന്ന് ഒരു വ്യക്തിയും ജീര്‍ണ്ണതയുടെ പിടിയില്‍നിന്നു മുക്തനല്ല. സാഹിത്യവും കലയും അധഃപതിച്ചു കഴിഞ്ഞു. ദുര്‍ജ്ഞേയങ്ങളായ കോപ്രായങ്ങളെ നമ്മള്‍ നോവലുകളായും കവിതകളായും ചിത്രങ്ങളായും കൊണ്ടാടുന്നു. സ്വഭാവഹത്യ ആളുകളും പത്രക്കാരും ഒരേ രീതിയില്‍ നടത്തുന്നു. നമുക്ക് ഇനി ഒരു രക്ഷയുമില്ല. നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍ ഇതിന്റെ പരിഹാരത്തിനു എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കു. ജീര്‍ണ്ണിച്ച സാഹിത്യകാരനെയും രാഷ്ട്രീയക്കാരനെയും ചെന്നുകണ്ട് അവര്‍ അര്‍ഹിക്കാത്ത പ്രാധാന്യം കൊടുക്കാതിരിക്കു. വിദ്യാര്‍ത്ഥിയായ നിങ്ങള്‍ ശുദ്ധനാണ്. അതുകൊണ്ട് ഇവിടത്തെയാളുകളെ നിങ്ങള്‍ക്കറിഞ്ഞു കൂടാ…” ഇതില്‍ക്കൂടുതലായി പറയാന്‍ ഗദ്ഗദം എന്നെ സമ്മതിച്ചില്ലേ.
- ശ്രീ. സുകുമാര്‍ അഴീക്കോടിനോടു സംസാരിക്കുന്നത് എപ്പോഴും ആഹ്ളാദപ്രദമാണ്. കാരണം അദ്ദേഹം ഏതുസമയത്തും പ്രസന്നാവസ്ഥയിലായിരിക്കുമെന്നതാണ്. മുന്‍പ് എപ്പോഴെങ്കിലും അദ്ദേഹത്തെ എതിര്‍ത്തിട്ടുള്ള ആളാണ് അദ്ദേഹത്തെ കാണുന്നതെന്നിരിക്കട്ടെ. അതൊക്കെ മറന്ന് അദ്ദേഹം അയാള്‍ പറഞ്ഞ നല്ല വാക്കുകള്‍ അനുസ്മരിപ്പിച്ച് സഹര്‍ഷം സംസാരിക്കും. ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ തിരുവനന്തപുരത്തെ ‘സ്വപ്ന’ എന്ന ലോജ്ജില്‍ കാണാന്‍ ചെന്നു. പരുക്കന്‍ വാക്കുകള്‍കൊണ്ട് അദ്ദേഹത്തെ എറ്റിയിട്ടുള്ള എന്നോട് അദ്ദേഹം സന്തോഷത്തോടെ സംസാരിച്ചു. “ഞാന്‍ വേഗം പോകുന്നു. റ്റാക്സി നിറുത്തിയിരിക്കുകയാണ്. അതിന്റെ മീറ്റര്‍ പാമ്പിന്റെ വിഷം മേലോട്ടു കയറുന്നതുപോലെ കേറിക്കൊണ്ടിരിക്കുകയാണ്” എന്നു ഞാന്‍ അറിയിച്ചു. അഴീക്കോട് പൊട്ടിച്ചിരിച്ചു: “ശരി, ശരി പാമ്പിന്റെ വിഷം മേലോട്ടു കയറിയാല്‍ മരണം. മീറ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാലും ‘മരണം’ തന്നെ എന്നു പറഞ്ഞു. ഹൃദ്യമായ പെരുമാറ്റം. അതില്‍ കാപട്യമില്ലതാനും.
തകഴി, ഗുപ്തന്‍നായര്‍
ഇന്‍ഡ്യന്‍ പെന്‍ഗ്വിന്‍ ബുക്ക്സിനെക്കുറിച്ചു പ്രശംസാപരങ്ങളായി ഇംഗ്ളീഷ് ജേണലുകളില്‍ വരുന്ന നിരൂപണങ്ങള്‍ വായിച്ചിട്ട് ആ പുസ്തകങ്ങള്‍ വാങ്ങി വായിച്ചാല്‍ നമ്മള്‍ ദുഃഖിക്കും. പണം വെറുതേ കളഞ്ഞല്ലോ എന്ന ദുഃഖം.
നിരൂപണങ്ങള്‍, വിമര്‍ശനങ്ങള്‍ ഇവ എന്നില്‍ അങ്ങനെ സ്വാധീനശക്തി ചെലുത്താറില്ല. ഇന്‍ഡ്യന്‍ പെന്‍ഗ്വിന്‍ ബുക്ക്സിനെക്കുറിച്ചു പ്രശംസാപരങ്ങളായി ഇംഗ്ളീഷ് ജേണലുകളില്‍ വരുന്ന നിരൂപണങ്ങള്‍ വായിച്ചിട്ട് ആ പുസ്തകങ്ങള്‍ വാങ്ങി വായിച്ചാല്‍ നമ്മള്‍ ദുഃഖിക്കും. പണം വെറുതേ കളഞ്ഞല്ലോ എന്ന ദുഃഖം. ഗ്രന്ഥകാരന്മാരെ വേദനിപ്പിക്കാന്‍ മടിച്ച്, പ്രസാധകരെ വ്യവസായത്തില്‍ വളര്‍ത്താന്‍ കൊതിച്ച് അസത്യപൂര്‍ണ്ണങ്ങളായ നിരൂപണങ്ങള്‍ ആ ജേണലുകളില്‍ പരസ്യപ്പെടുത്തുന്നു. നിരൂപകര്‍ പലപ്പോഴും ജേണലുടമകളുടെ ദാസന്മാരാണ്. സത്യമെഴുതിയാല്‍ ലേഖനങ്ങള്‍ പരസ്യപ്പെടുത്തി കിട്ടുകയില്ല എന്ന് അവര്‍ക്ക് അറിയാം. മറ്റു ചിലര്‍ക്കു ‘ജഡ്ജ്മെന്റ്’ ഇല്ല. നല്ല സാഹിത്യമേത് ദുഷ്ടസാഹിത്യമേത് എന്നു വിവേചിച്ചറിയാന്‍ കഴിയാത്ത ഒരാളാണ് ഖുശ്വന്ത് സിങ്. അദ്ദേഹം നല്ലതെന്നു പറഞ്ഞ ഗ്രന്ഥങ്ങളാകെ കുത്സിതങ്ങളായി ഞാന്‍ കണ്ടിട്ടുണ്ട്.
ഇപ്പോള്‍ ഇതു പറയാന്‍ കാരണമുണ്ട്. പ്രഫെസര്‍ എസ്. ഗുപ്തന്‍നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ഗ്രന്ഥനിരൂപണം ഞാന്‍ വായിച്ചു — തകഴിയുടെ ‘ഒരു കുട്ടനാടന്‍ കഥ’ എന്ന കഥാസമാഹാരത്തിന്റെ നിരൂപണം. സമനില പാലിച്ച് എഴുതുന്ന നിരൂപകനാണ് ഗുപ്തന്‍നായര്‍. അദ്ദേഹം പ്രശംസിച്ച ഈ പുസ്തകം ഞാന്‍ വാങ്ങി. ഒരു കഥ വായിച്ചു ‘പൊന്നുവിന്റെ കഥ’ വികാരങ്ങള്‍ക്ക് അടിമപ്പെട്ട ഒരു പെണ്ണിന്റെയും ആണിന്റെയും കഥ തകഴി പറയുന്നു. ആ വികാരത്തെ പ്രേമമെന്നു വിളിക്കാനാവില്ല. അവര്‍ വൃദ്ധരായി. അവളുടെ ഭര്‍ത്താവു മരിച്ചു. അതിനുശേഷം രണ്ടുപേരും തമ്മില്‍ കാണുന്നു. അവളുടെ ഹൃദയത്തില്‍ അപ്പോഴും ചെറുചൂടോടെ കത്തിക്കൊണ്ടിരുന്ന വികാരദീപത്തെ കലാസുഭഗമായി തകഴി കാണിച്ചു തരുന്നു. കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മനുഷ്യ ജീവിതം ഇങ്ങനെയാണല്ലോ എന്നു ഞാന്‍ സ്വയം പറഞ്ഞുപോയി. അങ്ങനെ എന്നെ പറയാന്‍ പ്രേരിപ്പിച്ചത് തകഴിയുടെ കലാബോധമാണ്. ആബോധത്തിന്റെ പ്രഗല്ഭമായ ആവിഷ്കാരമാണ് കഥ. കഥാകാരനും നിരൂപകനും നന്ദി.
|
|