സാഹിത്യവാരഫലം 1986 08 31
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1987 08 31 |
ലക്കം | 599 |
മുൻലക്കം | 1987 08 24 |
പിൻലക്കം | 1987 09 07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
അമ്പതുകൊല്ലം മുന്‍പാണു്. നേരം പുലര്‍ന്നു. ആ ദിനത്തില്‍ എനിക്കു് വരാന്‍പോകുന്ന മുറിവുകളെ എങ്ങനെ ഉണക്കാനാണു് എന്ന വിചാരത്തോടെ ഞാന്‍ വീട്ടിന്റെ മുന്‍വശത്തു നില്ക്കുമ്പോള്‍, ക്രമേണ മരങ്ങളുടെ നിഴലുകള്‍ക്കു നീളം കൂടിവന്നപ്പോള്‍ ഒരു “മുഗ്ദ്ധസംഗീതകന്ദളം” രാജവീഥിയില്‍നിന്നു് ഉയരുകയായി:
ആരു വാങ്ങു,മിന്നാരുവാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?”
ഇതു് എന്തൊരു വേണുഗാനം! ഏതു ചെഞ്ചൊടികളില്‍നിന്നാണു് ഇതു് പാതയിലൂടെ ഒഴുകിവന്നു് എന്റെ കാതിനു സുഖമരുളുന്നത്? ഞാന്‍ ചെന്നുനോക്കി. “പൊന്നുഷസ്സുപോലെ” രാജവീഥിയില്‍ അവള്‍ വിരാജിക്കുന്നു; ചലനം കൊള്ളുന്നു. ഞാന്‍ അവളോടു പറഞ്ഞു:–“അനുജത്തീ, ഈ ഗാനം കേള്‍ക്കാനാണു് ഞാന്‍ ജനിച്ചതു്. നീപൂക്കള്‍ വില്‍ക്കുന്നുവോ? നിന്റെ ഗാനത്തിന്റെ ഓരോ വരിയും ഓരോ പൂവല്ലേ? നിന്റെ കൈയിലിരിക്കുന്ന ഓരോ പൂവും ഗാനത്തിന്റെ ഓരോ വരിയല്ലേ? നിന്റെ പാട്ടിനും നിന്റെ കൈയിലുള്ള പൂവിനും തമ്മില്‍ ഒരു വ്യത്യാസവുമില്ലല്ലോ.” എന്റെ പ്രശംസാ വചനമൊന്നും അവള്‍ക്കു വേണ്ട. ഞാനൊരു കശ്മലനാണെന്നു വിചാരിച്ചാവാം അവള്‍ എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ നടന്നുപോയി. ഇപ്പോഴും ആ ഗാനത്തിന്റെ ഈരടി എന്റെ കാതില്‍ അനുരണനം ചെയ്യുന്നു:“ആരു വാങ്ങുമിന്നാരുവാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം?”
ഇന്നു് — അമ്പതു വര്‍ഷത്തിനു ശേഷം — ജീവിതമേല്പിച്ച ക്ഷതങ്ങളുടെ പാടുകള്‍ നോക്കിക്കൊണ്ടു് വിഷാദമഗ്നനായി ഞാന്‍ വീട്ടിന്റെ മുന്‍വശത്തു നില്‍ക്കുമ്പോള്‍ തെരുവില്‍ കലപില ശബ്ദം. ഞാന്‍ ശ്രദ്ധിച്ചു:–“നിയമാനുസാരിയായ സമാന്തരത്വം പദ്യാത്മക ഏകകങ്ങളില്‍ വന്നു സംഘട്ടനം ചെയ്യുമ്പോള്‍ ആ പദ്യാത്മക ഏകകം ഹെമിസ്റ്റിച്ചായി മാറുന്നു എന്നതാണു് ആശാന്‍ കവിതയുടെ ലിങ്ഗ്വസ്റ്റിക് സ്‌റ്റൈലിസ്റ്റിക്സ്. ഫൊണൊലോജിക്കലും ഗ്രമാറ്റിക്കലുമായ പാറ്റേണ്‍ ഭാഷാപരമായ വിനിമയത്തില്‍ സാര്‍ത്ഥകമായി ഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ഡൈക്കോട്ടമി “നളിനി”യിലെ “ഓമലാള്‍ മുഖമതീന്നു നിര്‍ഗ്ഗമിച്ചോമിതി” എന്നു തുടങ്ങുന്ന ശ്ലോകത്തില്‍ സംവീക്ഷണം ചെയ്യാവുന്നതാണു്”.ഇതു കേട്ട ഞാന്‍ “നിറുത്തു നിറുത്തു എന്താ പറയുന്നതു്” എന്നു ചോദിച്ചു. അയാള്‍ മറുപടി പറയാതെ സിന്‍റക്റ്റിക്കും ഫൊണോലോജിക്കലുമായ മാനിപ്പുലേഷന്‍സ് ‘നളിനി’യുടെ ശയനാഗാരത്തില്‍ നിന്നു് ഉണര്‍ന്നെഴുന്നേല്ക്കുന്നതുപോലെ…” എന്നു് ഉദ്ഘോഷിച്ചുതുടങ്ങി. ഞാന്‍ ഒറ്റ ഓട്ടമോടി. അപ്പോള്‍ ആരോ തെരുവില്‍നിന്നു വിളിച്ചു പറയുന്നതു കേട്ടു. “സാറേ ഇയാള്‍ നവീന നിരൂപകനാണു്. കുമാരനാശാന്റെ നളിനി എന്ന കാവ്യത്തെയാണു് ഇയാള്‍ കൊല്ലുന്നതു്.”
പ്രിയപ്പെട്ട വായനക്കാരേ, സുന്ദരികള്‍ പൂക്കള്‍ വിറ്റിരുന്ന കാലംകഴിഞ്ഞു. ഇപ്പോള്‍ ‘കുപ്പിതകരങ്ങള്‍’ വീട്ടുകാരെ അടിച്ചേല്പിക്കുകയാണു് ആക്രിക്കച്ചവടക്കാര്‍. അവരെ നിരൂപകരെന്നും വിളിക്കും. എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടെയും വള്ളത്തോളിന്റെയും എം.ആര്‍.നായരുടേയും ചങ്ങമ്പുഴയുടേയും ഇ.വി.കൃഷ്ണപിള്ളയുടെയും കുമാരനാശാന്റെയും ഭാഷയാണു് മലയാളഭാഷ. മനോഹരമായ, ചൈതന്യധന്യമായ ആ ഭാഷയ്ക്കാണു് ഈ ഭാഗ്യക്കേടു സംഭവിച്ചിരിക്കുന്നതു്. [ഈ സംഭവങ്ങള്‍ തികച്ചും സാങ്കല്പികങ്ങള്‍. സാഹിത്യവാരഫലത്തില്‍ യഥാര്‍ത്ഥസംഭവങ്ങള്‍ മാത്രമേ വര്‍ണ്ണിക്കപ്പെടൂ. അതുകൊണ്ടാണു് ‘സാങ്കല്പികങ്ങള്‍’ എന്നു എടുത്തു പറഞ്ഞതു്]
Contents
ദാരുഖണ്ഡം
“കണ്ണാടികാണ്മോളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാര്‍” എന്നു കവിവചനം. എങ്കിലും എനിക്കൊരു കണ്ണാടി കൂടിയേ തീരൂ. കളത്തിന്റെ കരയില്‍ ചെന്നു കിടന്നു് ആ ജലാശയമാകുന്ന ദര്‍പ്പണത്തില്‍ സ്വന്തം പ്രതിച്ഛായ കണ്ടു രസിച്ച നര്‍സിസസ്സ് ദേവനാണു ഞാന്‍. പക്ഷേ, നല്ല കണ്ണാടി കിട്ടാനില്ല. നോക്കിയാല്‍ മുഖം കോച്ചുവാതം പിടിച്ചതുപോലെ ‘കോടി’യിരിക്കും. അല്ലെങ്കില്‍ ഇല്ലാത്തസൗന്ദര്യം ഉണ്ടെന്നു കാണിക്കും. ശരിയായ മുഖം കാണണമെങ്കില്‍ ബല്‍ജിയന്‍ ഗ്ലാസ്സായിരിക്കണം. എന്റെ കുട്ടിക്കാലത്തു് ഇങ്ങനെയുള്ള നല്ലവസ്തുക്കളൊക്കെ കിട്ടുമായിരുന്നു. ബല്‍ജിയത്തിലെ ഗ്ലാസ്സ് കിട്ടാനില്ലാത്തതുകൊണ്ടു് പ്രതിബിംബം കാണാന്‍ ഞാന്‍ ആശ്രയിക്കുന്നതു കലാസൃഷ്ടികളെയാണു്.ടി.പത്മനാഭന്റെ “പ്രകാശം പരത്തുന്ന പെണ്‍കുട്ടി” എന്ന കഥയിലെ നായകന്‍–സിനിമ കാണാനിരുന്ന കഥാപാത്രം–ഞാന്‍തന്നെയാണു്. അല്ലെങ്കില്‍ എന്റെ പ്രതിബിംബംതന്നെയാണു്. എം.ടി.വാസുദേവന്‍ നായരുടെ അപ്പു ഞാനാണു്. പ്രൂസ്തിന്റെ സ്വാനും റ്റോമസ് മാനിന്റെ കഷ്ടോര്‍പ്പും ഓനീലിന്റെ റോബര്‍ട്ടും ഞാനത്രേ. എന്റെയെന്നല്ല ആരുടേയും രൂപം പ്രതിഫലിപ്പിക്കാത്ത ദാരുഖണ്ഡമാണു് ജാനമ്മ കുഞ്ഞുണ്ണിയുടെ “നീ എനിക്കു് അപരിചിതന്‍” എന്ന ചെറുകഥ (മാമാങ്കം വിരിക). വേശ്യയുടെ മകള്‍ സുന്ദരിയായ വേശ്യ. വൃദ്ധന്‍ അവളെ വെപ്പാട്ടിയാക്കുന്നു. അതിനു മുന്‍പു് അവള്‍ ആ വൃദ്ധന്റെ മകനോടു പ്രേമത്താല്‍ ബന്ധിക്കപ്പെട്ടി
ട്ടുണ്ടു്. മകനും വെപ്പാട്ടിയും ആശ്ലേഷത്തിലമര്‍ന്നു നില്‍ക്കുന്നതു് അച്ഛന്‍ കണ്ടു. സ്വാഭാവികമായും അയാള്‍ (കിഴവന്‍) ക്ഷമിച്ചു. പിന്നീടു് കിഴവന്‍ മരിക്കുമ്പോള്‍ അവള്‍ മൃതദേഹം കാണാന്‍ വരുന്നു. മകന്‍ അവളെ ആട്ടിയോടിക്കുന്നു. ഇതിവൃത്തമുണ്ടു്. ഭേദപ്പെട്ട ആഖ്യാനമുണ്ടു്, പരകോടിയുണ്ടു്. പക്ഷേ, മാനുഷികബന്ധങ്ങളുടെ തീക്ഷ്‌ണതയില്ല. അനുവാചകന്‍ തന്റെ പ്രതിബിംബം കഥയില്‍ കാണുന്നില്ല. തടിക്കഷണത്തില്‍ പ്രതിഫലനം എങ്ങനെയുണ്ടാവും?
പുകവലിച്ചാല്‍ ക്യാന്‍സര്‍വരുമെന്നു ശാസ്ത്രജ്ഞന്‍മാര്‍ തൊണ്ടകീറി പറഞ്ഞിട്ടും സിഗററ്റ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ആളുകള്‍ അതു വലിച്ചുതീര്‍ക്കുകയും ചെയ്യുന്നു. മുഖം ‘ബ്ലീച്ച്’ ചെയ്താല്‍ ശ്വേതകുഷ്ഠം വരുമെന്നു വൈദ്യന്‍മാര്‍ അറിയിച്ചിട്ടും ബ്യൂട്ടി പാര്‍ലറുകള്‍ പ്രതിദിനം വര്‍ദ്ധിക്കുന്നു. കോണ്‍ക്രീറ്റ് ഭവനങ്ങളില്‍ താമസിക്കുന്നതുകൊണ്ടാണു് ആസ്മരോഗം കൂടുതലായി ഉണ്ടാകുന്നതെന്നു് അറിവുള്ളവര്‍ പറഞ്ഞിട്ടും ആളുകള്‍ അത്തരം വീടുകളേഉണ്ടാക്കുന്നുള്ളു. മനുഷ്യന്റെ വങ്കത്തം ഒരിക്കലും നശിക്കില്ല. അതുകൊണ്ടു് കണ്ണാടിവ്യവസായത്തിനു തകര്‍ച്ച വരില്ല. സാഹിത്യകാരന്‍ എന്ന പേരിനു് അര്‍ഹതയുണ്ടാകാനായി മനുഷ്യന്‍ നിശ്ചേതനങ്ങളായ വാക്കുകള്‍ കൂട്ടിവയ്ക്കുന്നു. അതിനെ കഥയെന്നും കവിതയെന്നും വിളിക്കുന്നു. പേരു് എന്നു പറഞ്ഞാല്‍ കീർത്തിയെന്നർത്ഥം. കീർത്തി എന്നുപറഞ്ഞാൽ അധികാരം എന്നര്‍ത്ഥം. അധികാരത്തിനു വേണ്ടിയാണു് മനുഷ്യന്റെ എല്ലാ പ്രവൃത്തികളും.
കെ.എം. പണിക്കരും സഹോദരനും
പണമുണ്ടെങ്കില്‍ ഏതു കാര്യത്തിലും ഏകാഗ്രതയുള്ളവര്‍ക്കു് ഏതു ജോലിത്തിരക്കിനിടയിലും എത്ര ഗ്രന്ഥങ്ങള്‍ വേണമെങ്കിലും എഴുതാം. നമ്മളൊക്കെ പാവങ്ങള്‍. പ്രയാസപ്പെട്ടുണ്ടാക്കിയ പണത്തിന്റെ ഒരു ഭാഗമെടുത്തു് നോവലോ, കാവ്യമോ വാങ്ങുന്നു. വീട്ടില്‍ കൊണ്ടുവന്നു് വായിക്കാന്‍ തുടങ്ങുമ്പോള്‍ “ഓ വര്‍ഗ്ഗീസിന്റെ കൈയില്‍നിന്നു വാങ്ങിയ രണ്ടായിരംരൂപ തിരിച്ചു കൊടുത്തില്ലല്ലോ” എന്ന വിചാരം വരും.
സര്‍ദാര്‍ കെ.എം.പണിക്കരുടെ ചേട്ടനോടൊരുമിച്ചു് ബോട്ടില്‍ സഞ്ചരിക്കേണ്ടതായി വന്നു എനിക്കൊരിക്കല്‍. കൂടെ അയ്യപ്പപ്പണിക്കരും സി. എന്‍.ശ്രീകണ്ഠന്‍ നായരുമുണ്ടായിരുന്നു. ആലപ്പുഴെനിന്നു തിരിച്ചതാണു് സ്‌പെഷ്യല്‍ ബോട്ട്. കാവാലംവരെയാണു യാത്ര. ആ യാത്രയ്‌ക്കിടയില്‍ പണിക്കരുടെ സഹോദരന്‍ ഞങ്ങളോടു സംസാരിച്ചില്ലെന്നു മാത്രമല്ല മുഖത്തേക്കു് ഒന്നുനോക്കിയതുമില്ല. അദ്ദേഹം ആകെച്ചെയ്തതു കൂടെക്കൂടെ ബോട്ട് കരയ്ക്കടുപ്പിക്കും. അവിടെ ഭക്തിപ്രശ്രയവിവശനായി നില്ക്കുന്ന പാട്ടക്കാരന്റെ കൈയില്‍നിന്നു കുന്നു കണക്കിനു കറന്‍സിനോട്ടുകള്‍ വാങ്ങും. ബാഗിനകത്തുവയ്ക്കും. അദ്ദേഹത്തിനു പല പല തെങ്ങിന്‍തോപ്പുകള്‍ ഉണ്ടായിരുന്നു. തേങ്ങ വിറ്റപണമാണു് അഞ്ചു മിനിറ്റിലൊരിക്കല്‍ ബാഗിലേക്കു കുത്തിറനിറയ്ക്കപ്പെട്ടിരുന്നതെന്നു പിന്നീടു് മനസ്സിലാക്കാന്‍ സാധിച്ചു. ഇങ്ങനെ മുന്നൂറുസെക്കന്‍ഡിലൊരിക്കല്‍ ബോട്ടു കരയ്ക്കടുത്താല്‍ കാവാലത്തെ മീറ്റിങ്ങിനു് സമയത്തു് എത്തുമോ എന്നു ഞാന്‍ ഭയന്നു. ഞങ്ങളോടു മാത്രമല്ല അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന അയ്യപ്പപ്പണിക്കരോടും അദ്ദേഹം ഒന്നും മിണ്ടിയില്ല. കരയില്‍നിന്നു പണം കൊടുക്കുന്നവനോടു് “ആകെ എത്ര തേങ്ങ?” എന്നു പതുക്കെ ചോദിക്കും. പേടിയും ബഹുമാനവുംകൊണ്ടു് അതിലും ചെറിയ ശബ്ദത്തില്‍ കരയില്‍ നില്ക്കുന്നവന്‍ “അമ്പത്തിയയ്യായിരമുണ്ടേ,” “നാല്പത്തിമൂന്നായിരമുണ്ട്.” എന്നൊക്കെ പറയും. അതിനു മറുപടിയില്ല. നോട്ട് വാങ്ങി എണ്ണി ബാഗിലേക്കു തിരുകിക്കയറ്റും. റിസര്‍വ് ബാങ്ക് കറൻസി നോട്ട് അക്കാലത്തു് അച്ചടിച്ചിരുന്നതു പണിക്കരദ്ദേഹത്തിനുവേണ്ടിയാണെന്നു് അന്നു ഞാന്‍ വിചാരിച്ചു. കഴിയുന്നതുംവേഗം കമ്മ്യൂണിസം നടപ്പിലാകണേ എന്നു്. ഞാന്‍ ഈശ്വരനോടു അപേക്ഷിക്കുകയും ചെയ്തു. ഇദ്ദേഹത്തിനു് ഇത്രത്തോളം ധനമുണ്ടെങ്കില്‍ സര്‍ദാര്‍ കെ.എം.പണിക്കര്‍ക്കു് എത്രത്തോളം അതുണ്ടായിരിക്കുമെന്നും ഞാന്‍ ആലോചിച്ചുപോയി. പണമുണ്ടെങ്കില്‍ ഏതു കാര്യത്തിലും ഏകാഗ്രതയുള്ളവര്‍ക്കു് ഏതു ജോലിത്തിരക്കിനിടയിലും എത്ര ഗ്രന്ഥങ്ങള്‍ വേണമെങ്കിലും എഴുതാം. നമ്മളൊക്കെ പാവങ്ങള്‍. പ്രയാസപ്പെട്ടു് ഉണ്ടാക്കിയ പണത്തിന്റെ ഒരു ഭാഗമെടുത്തു് നോവലോ, കാവ്യമോ വാങ്ങുന്നു. വീട്ടില്‍ കൊണ്ടുവന്നു് വായിക്കാന്‍ തുടങ്ങുമ്പോള്‍ “ഓ വര്‍ഗ്ഗീസിന്റെ കൈയില്‍നിന്നു വാങ്ങിയ രണ്ടായിരംരൂപ തിരിച്ചു കൊടുത്തില്ലല്ലോ” എന്ന വിചാരം വരും. പുസ്തകം താഴെ വയ്ക്കും.പിന്നെ വായനയുമില്ല. ഒന്നുമില്ല. വെറുതെയല്ല സര്‍ദാര്‍ കെ.എം.പണിക്കര്‍ ചവറുപോലുള്ള നോവലുകളും അവയെക്കാള്‍ ചവറുകളായ കാവ്യങ്ങളും രചിച്ചതു്. (അദ്ദേഹം വലിയ ചിത്രകാരനായിരുന്നത്രേ. ആയിരിക്കാം. അതിനെക്കുറിച്ചു് അഭിപ്രായം പറയാന്‍ എനിക്കാവില്ല) ഏകാഗ്രതയാണു് അദ്ദേഹത്തെ രചനയ്ക്കു സഹായിച്ചതു്. പക്ഷേ, എന്റെ ഈ അഭിപ്രായവും വിരുദ്ധങ്ങളായിക്കണ്ടു പിന്നീടു്. തിരുവനന്തപുരത്തെ ഒരു മാന്യന്റെ വീട്ടില്‍വച്ചു് ഞാന്‍ അദ്ദേഹത്തെ കണ്ടു. “അംബാസഡര്‍ ആയിരിക്കുമ്പോഴും അങ്ങു് എങ്ങനെ ഇത്രയും എഴുതുന്നു?” എന്നു് ഞാന്‍ ചോദിച്ചു. സര്‍ദാര്‍ പണിക്കര്‍ മറുപടി പറഞ്ഞു. “ഞാന്‍ നാട്ടിലായിരുന്നപ്പോള്‍ പതിവായി ദേവീക്ഷേത്രത്തില്‍പ്പോയി തൊഴും. അതു് എന്റെ മനസ്സിനു് ഏകാഗ്രത നല്കി. ഇതു് നിങ്ങളെ ഏതു പ്രവൃത്തിക്കും സഹായിക്കും. നിങ്ങള്‍ ഈശ്വരവിശ്വാസിയാണോ? [മറുപടി കേള്‍ക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല] അല്ലെങ്കില്‍ ചുവരില്‍ ഒരു വൃത്തം വരയ്ക്കൂ. അതിന്റെ നടുക്കു് ഒരു കുത്തു് ഇടൂ. എന്നും കാലത്തു് പതിനഞ്ചു മിനിറ്റ് നേരം അതില്‍ നോക്കിക്കൊണ്ടുനിന്നാല്‍ മതി. ഏകാഗ്രത കിട്ടും.”
ഈ ഏകാഗ്രതകൊണ്ടാവാം അദ്ദേഹം ചരിത്രഗ്രന്ഥങ്ങള്‍ രചിച്ചതു്. പില്ക്കാലത്തു് കേശവദേവ് ‘മുലക്കവി’ എന്നു് അദ്ദേഹത്തെ വിളിക്കത്തക്കവിധത്തില്‍ മാമറി ഗ്ളാന്‍ഡ്സിനു പ്രാധാന്യം കൊടുത്തു ‘ബാലികാമതം’ എന്ന കാവ്യം രചിക്കാന്‍ അദ്ദേഹത്തെ സഹായിച്ചതും ഈ ഏകാഗ്രതയാവാം. എന്റെ ലൈബ്രറിഒന്നു ലഘൂകരിക്കുന്നതിനു വേണ്ടി വേണ്ടാത്ത പല പുസ്തകങ്ങളും ഞാന്‍ കാണുന്നവര്‍ക്കൊക്കെ എടുത്തു കൊടുത്തു. അക്കൂട്ടത്തില്‍ സര്‍ദാര്‍ കെ.എം.പണിക്കരുടെ സമ്പൂര്‍ണ്ണപദ്യകൃതികളും പൊയ്പോയി. അതു പോയതില്‍ ഒട്ടും ദുഃഖമില്ല. പക്ഷേ ആ കാവ്യത്തിലെ മുല എന്ന വാക്കു് എത്രയുണ്ടെന്നു് എണ്ണിപ്പറയാന്‍ ഇപ്പോള്‍ സാധിക്കുന്നില്ലല്ലോ എന്നൊരു ദുഃഖം ഓര്‍മ്മയില്‍നിന്നു് രണ്ടുവരികള്‍ കുറിക്കാം. “ഭാഗ്യം മഹാഭാഗ്യമിങ്ങനെ — യെന്‍തോഴീ ഭാഗ്യം നിറഞ്ഞ മുലകളുണ്ടോ?” ഈ ആഭാസശൃംഗാരത്തില്‍ തല്‍പരനായ കവിക്കു് കുമാരനാശാന്റെ കവിത ഇഷ്ടപ്പെടാന്‍ കഴിയാത്തതില്‍ എന്തേ അദ്ഭുതം?”…ആശാന്റെ കവിത തത്ത്വചിന്തയുടെ ഭാരംകൊണ്ടു പലപ്പോഴും വിരസമായിപ്പോയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം…തനിക്കു് ആശാന്‍ കവിതയുമായി ഹൃദയപൂര്‍വ്വമടുക്കാന്‍ കഴിഞ്ഞില്ലെന്നു് പണിക്കര്‍ തുറന്നുപറഞ്ഞു” എന്നു് സര്‍ദാറിനോടു സംസാരിച്ച എം.കെ.കുമാര്‍ എഴുതുന്നു. (കലാകൗമുദിയിലെ “എന്റെ മനസ്സിലെ സര്‍ദാര്‍ പണിക്കര്‍” എന്ന ലേഖനം) വിസ്മയിക്കാനില്ല. കലയെസ്സംബന്ധിച്ചു് അധമമല്ല, അധമതരമല്ല, അധമതമമായ ഒരു സങ്കല്പം വച്ചുപുലര്‍ത്തിയ ആളായിരുന്നു കെ.എം.പണിക്കര്‍. രാജ്യതന്ത്രജ്ഞനും ചരിത്രകാരനുമായിരുന്ന ഈ മഹാവ്യക്തിയെക്കുറിച്ചു് പരുഷങ്ങളായ വാക്കുകളാണോ ഞാന്‍ പറഞ്ഞതു്? പാരുഷ്യം വന്നുപോയെങ്കില്‍ കവി ഡോക്ടര്‍ അയ്യപ്പപ്പണിക്കരും നാടകകര്‍ത്താവു് കാവാലം നാരായണപ്പണിക്കരും സദയം ക്ഷമിക്കണം. സത്യം കല്ലേറു വാങ്ങും. സത്യവും കല്ലുപോലെ കഠിനമാണു്. അതു എറിയുമ്പോഴാണു് തിരിച്ചു് ഏറു വരുന്നതു്.
ബി. മാധവമേനോന്‍
വടക്കന്‍പറവൂര്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍. ഫിഫ്‌ത്ത് ഫോം. വര്‍ഷം 1938. ഞാന്‍ നാലാങ്കല്‍ കൃഷ്ണപിള്ളസ്സാറിന്റെ ക്ലാസ്സിലിരിക്കുകയാണു്. പെട്ടെന്നു് അടുത്ത ക്ലാസ്സില്‍നിന്നു്. (അതും ഫിഫ്‌ത്ത്ഫോം തന്നെ) മധുരശബ്ദത്തില്‍ ഒരു ശ്ലോകംചൊല്ലല്‍ കേള്‍ക്കാറായി:
മാര്‍ത്താണ്ഡാലയ രാമനാമാ
കുളത്തൂരും കഴക്കൂട്ടവും
വെങ്ങാനൂരഥ ചെമ്പഴന്തി കുടമണ്‍
പള്ളിച്ചലെന്നിങ്ങനെ
ചൊല്പൊങ്ങീടിന ദിക്കിലെട്ടു ഭവനം
തത്രത്യരാം പിള്ളമാ-
രൊപ്പം വിക്രമവാരിരാശികളഹോ
ചെമ്മേ വിളങ്ങീടിനാര്‍.
ശ്ലോകം ശുഷ്കമാണു്. പക്ഷേ, അതു ചൊല്ലിയ രീതി എന്നെ ആഹ്ലാദത്തിലേക്കു് എറിഞ്ഞു. “എന്തെടോ കൃഷ്ണന്‍ നായരേ വേറെയെവിടെയോ ശ്രദ്ധിച്ചിരിക്കുന്നത്?” എന്ന നാലാങ്കസ്സാറിന്റെ വാക്കുകളാണു് എന്റെ സ്വപ്നങ്ങളില്‍ വന്നു വീണതു്; അതോടെയാണു് ഞാന്‍ ഉണര്‍ന്നതു്. ബല്ലടിച്ചയുടനെ ഞാന്‍ അടുത്ത ക്ലാസ്സിലേക്കു് ഓടി ആ ശ്ലോകം ചൊല്ലിയ വിദ്യാര്‍ത്തിയെ കാണാന്‍. കണ്ടു സുന്ദരനായ ബി.മാധവമേനോന്‍. ‘ഗുരുനാഥന്‍’ മാസികയില്‍ കഥകള്‍ എഴുതാറുണ്ടു് അദ്ദേഹമെന്നും ഞാനറിഞ്ഞു. സ്കൂളിലെ ഏറ്റവും പ്രഗല്ഭനായ വിദ്യാര്‍ത്ഥിയായിരുന്നു മാധവമേനോന്‍. അദ്ദേഹം എം.എ.പരീക്ഷയില്‍ ക്ളാസ്സോടുകൂടി ജയിച്ചു. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിച്ചു.അവിടെയും ഉന്നത സ്ഥാനത്തെത്തി. എന്റെ സ്നേഹിതനും എന്റെ സതീര്‍ത്ഥ്യന്‍ ബാലകൃഷ്ണന്‍നായരുടെ ബന്ധുവുമാണു് അദ്ദേഹം. എന്നിട്ടും മാധവമേനോന്റെ കഥകളെക്കുറിച്ചു് എഴുതുമ്പോള്‍ ആ സൗഹൃദം ഇടയ്ക്കു കടന്നുവന്നില്ല. പരുക്കന്‍ വാക്കുകള്‍തന്നെ ഞാന്‍ പ്രയോഗിച്ചു. അദ്ദേഹം കോപിച്ചില്ല. പരുഷമായി ഒന്നും പറഞ്ഞില്ല. മാത്രമല്ല മലയാള വ്യാകരണത്തെസ്സംബന്ധിച്ചു് എന്തോ പറയേണ്ടിവന്നപ്പോള്‍ മാന്യമായ രീതിയിലേ അദ്ദേഹം എന്നെക്കുറിച്ചു് എഴുതിയതുമുള്ളു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ‘സ്വപ്നസൗധം’ എന്ന ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചുകഴിഞ്ഞപ്പോള്‍ നല്ല വാക്കുകള്‍ പറയാമല്ലോ എന്നു വിചാരിച്ചു് എനിക്കു് ആഹ്ലാദം.
നഷ്ടപ്പെട്ട പൂര്‍വ്വകാല സൗഭാഗ്യങ്ങളെ മനോഹാരിതയോടെ ചിത്രീകരിച്ചു് സമകാലിക ജീവിതത്തിന്റെ വൈരസ്യത്തെയും ശുഷ്കതയെയും ധ്വനിപ്പിക്കാന്‍ വലിയ കൗതുകമാണു് മാധവമേനോനു്. തനിക്കു് ഇഷ്ടപ്പെട്ട ആ വിഷയം ചാരുതയോടെ അദ്ദേഹം ഇക്കഥയില്‍ പ്രതിപാദിച്ചിരിക്കുന്നു. സാമൂഹികങ്ങളായ പ്രവര്‍ത്തനങ്ങളും ചരിത്രപരങ്ങളായ സംഭവങ്ങളും ഭൂതകാലമനോജ്ഞതകളെ മാറ്റിക്കളയും. എങ്കിലും സെന്‍സിറ്റീവായ കവിഹൃദയം അതില്‍ വിഷാദിക്കും. ആ വിഷാദം ഇതിന്റെ മുദ്രയാണു്. കഥ അവസാനിക്കുന്നതു നോക്കുക: “ഭാഗം വയ്ക്കുമ്പോള്‍ ഈ പഴയ വീടു വില്ക്കപ്പെടും. ഇല്ലേ?” എന്നു ശ്യാമള ചോദിച്ചപ്പോള്‍ വിജയന്‍ തല കുലുക്കി. പക്ഷേ ഉള്ളില്‍ പറഞ്ഞു: പതുക്കെ മകളേ, പതുക്കെ. നിന്റെ വാക്കുകള്‍ വന്നു വീഴുന്നതു് എന്റെ സ്വപ്നങ്ങളിലാണു്.
ഗ്രാമം വികസിച്ചു വികസിച്ചു നഗരമാകുന്നു. ഗ്രാമത്തിനു് ശാലീനസൗന്ദര്യം. നഗരത്തിനു കൃത്രിമസൗന്ദര്യം. ലോലഹൃദയമുള്ള കലാകാരന്‍ ശാലീന സൗന്ദര്യം കൊതിക്കും. ആ അഭിലാഷത്തെ ഉജ്ജ്വലമായി ആവിഷ്കരിക്കുന്ന മാസ്റ്റര്‍പീസാണു് റേയ്മണ്ട് വില്യംസിന്റെ The Country and the City എന്ന നിരൂപണഗ്രന്ഥം. പതിനാറാം ശതാബ്ദം തൊട്ടു് ഇരുപതാം ശതാബ്ദം വരെയുള്ള ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗ്രാമീണ ജീവിതവും നാഗരിക ജീവിതവും എങ്ങനെ പ്രതിഫലിക്കുന്നുവെന്നു സ്പഷ്ടമാക്കിത്തരുന്ന ഈ പുസ്തകം നിരൂപണത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണു്. ഇടതുപക്ഷ ചിന്താഗതിയുള്ള ഗ്രന്ഥകാരന്‍ തന്റെ അഭിലാഷത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കുന്നു. അപ്പോള്‍ പ്രത്യക്ഷസത്യങ്ങളും പരോക്ഷസത്യങ്ങളും നമ്മള്‍ കാണുന്നു.
നിരീക്ഷണങ്ങള്‍=
- പവര്‍കട്ട്
- ആര്‍ക്കും ഏതു സന്ദര്‍ഭത്തിലും അഭിലഷിക്കാവുന്നതു്. സ്ഥിരമായ പവര്‍ക്കട്ട് വന്നാല്‍ ആയുസ്സു കൂടും. എങ്ങനെയെന്നു പറയാം. റേഡിയോയുടെ ശല്യമില്ല; ടി.വി.യുടെ ഉപദ്രവമില്ല. കാതിനും കണ്ണിനും സുഖം. ആ വിധത്തിലുള്ള സുഖം കൈവരുമ്പോള്‍ ആയുസ്സിനു ദൈര്‍ഘ്യമുണ്ടാകും.
- ചലച്ചിത്രതാരം
- പണ്ടൊക്കെ വളരെക്കാലം തിരശ്ശീലയില്‍ പ്രത്യക്ഷപ്പെട്ടു് ആളുകളെ ഉപദ്രവിച്ചിരുന്നു. ഇപ്പോള്‍ അതൊക്കുകയില്ല. ഏതാനും മണിക്കൂറുകള്‍ മാത്രമാണു് അവരുടെ അസ്തിത്വം.
- ഛായാഗ്രഹണപേടകം
- മുതുകുളം രാഘവന്‍പിള്ളയെന്ന വിരൂപന്‍ പ്രേംനസീറെന്ന സുന്ദരനാവുന്നു ഇതിന്റെ മാജിക്‌കൊണ്ടു്. അങ്ങനെ ആളുകളെ മാറ്റിയില്ലെങ്കില്‍ ഫോട്ടോസ്റ്റുഡിയോകള്‍ അടയ്ക്കപ്പെടും. ഫോട്ടോഗ്രാഫര്‍മാര്‍ പട്ടിണിയാവും.
- കൊതുകു്
- കോര്‍പറേയ്ഷന്റെ സൗജന്യമാധുര്യം ആസ്വദിച്ചു് പെരുകിപ്പെരുകി വരുന്ന ഒരു ക്ഷുദ്രജീവി. ഇക്കണക്കിനു് അതു പെരുകുകയും മനുഷ്യരക്തം കുടിക്കുകയും ചെയ്താല്‍ തിരുവനന്തപുരം എന്നൊരു പട്ടണം ഇല്ലാതാവും.
- വെജിറ്റബ്ള്‍ കട്‌ലറ്റ്
- ഹോട്ടലിലെ ഉച്ചയൂണിനുവേണ്ടി കറികള്‍ വയ്ക്കണമല്ലോ. അതിനുവേണ്ടി പച്ചക്കറികള്‍ അരിയുമ്പോള്‍ കുപ്പത്തൊട്ടിയില്‍ എറിയേണ്ട അംശങ്ങള്‍ പലതുണ്ടാവും. അവയെ അതിലേക്കു് എറിയാതെ പച്ചപ്പട്ടാണിപ്പയര്‍ ചേര്‍ത്തു കരിച്ചും പൊരിച്ചും ഉണ്ടാക്കുന്ന ഒരു സാധനം. രണ്ടു സ്പൂണും എരുമത്തൈരിലിട്ട ഉള്ളിയും ഇതിനു മാന്യത നല്കും.
ഒരു ചൈനീസ് പഴഞ്ചൊല്ലിനെ അവലംബിച്ചു് ചില ചോദ്യങ്ങള്‍:
ഭാര്യ സുന്ദരിയാവുന്നതു് എപ്പോള്‍?
- അവള്‍ മറ്റൊരുത്തന്റേതായിരിക്കുമ്പോള്‍.
- അതു താന്‍തന്നെ എഴുതിയതാവുമ്പോള്‍.
പഴഞ്ചൊല്ലിനെ അവലംബിക്കാതെ വേറൊരു ചോദ്യം:
- ധനികരുടെ കൈയിലിരിക്കുന്ന പണമെല്ലാം ദരിദ്രര്‍ക്കു കള്ളപ്പണമാണു്.
ആകുലാവസ്ഥ
നോവലിലായാലും ചെറുകഥയിലായാലും വര്‍ണ്ണന ഇമേജുകള്‍ അനുവാചകന്റെ മനസ്സില്‍ ഉളവാക്കണം. ഈ ഇമേജുകളാണു് വികാരം സംക്രമിപ്പിക്കുന്നതു്. സംഭാഷണവും ഇമേജുകള്‍ ഉണ്ടാക്കണം. അതിനുപുറമേ ശക്തിയും. ഇവയില്ലാതെ റോഡില്‍ കരിങ്കല്‍ കഷണങ്ങള്‍ കൂട്ടിയിടുന്നതുപോലെ വാക്കുകള്‍ കൂട്ടിയിട്ടാല്‍ ഒരുപ്രയോജനവുമില്ല. പെരുന്ന പി. ആര്‍. കുങ്കുമം വാരികയിലെഴുതിയ ‘ഉദയത്തെക്കാള്‍ ഹൃദ്യം അസ്തമയമായിരിക്കാം.’ എന്ന ചെറുകഥയുടെ തുടക്കം നോക്കുക.
“ഇരുട്ടിന്റെ വേരുകള്‍ ഇഴഞ്ഞിറങ്ങുന്ന പ്രജ്ഞയില്‍ ഒരമാവാസിയുടെ ആദ്യ നിലവിളി ഇടിഞ്ഞുവീഴുന്നു. കുത്തിയൊലിക്കുന്ന പ്രലാപത്തിന്റെ ചുഴിയില്‍ ഒരു മഞ്ഞവെളിച്ചം മുങ്ങിച്ചാകുന്നു. അശാന്തവും ഭീകരവുമായ മുഹൂര്‍ത്തങ്ങള്‍ മരവിച്ചുവീണ ചുഴിക്കുത്തിലേക്കു ഒരിലയില്‍ ഒരെറുമ്പു് തീര്‍ത്ഥയാത്ര ചെയ്യുന്നു.
ചൂളമരങ്ങളുടെ തടിച്ച നിഴലുകള്‍ അള്ളിപ്പിടിച്ചു വലിഞ്ഞുകയറുന്ന സന്ധ്യാ താഴ്വാരമാണു് മനസ്സു്. സന്ധ്യകളുടെ മഞ്ഞച്ചുണ്ടുകളില്‍നിന്നു് പിത്തനീര്‍ ഇറ്റുവീഴുന്ന മാനസികമായ ആലസ്യത്തിന്റെ നടകല്ലില്‍ ഇരട്ടവാലുള്ള സ്വപ്നം തന്റെ മാണിക്യം വിഴുങ്ങി ചാകാനൊരുങ്ങുന്നു.”
വായനക്കാര്‍ക്കു് ഈ വാക്യങ്ങളില്‍ നിന്നു് എന്തു ഗ്രഹിക്കാന്‍ കഴിഞ്ഞു? എന്തെങ്കിലും മനസ്സിലാക്കിയവര്‍ അസാധാരണമായ ബുദ്ധിയുള്ളവരാണെന്നേ പറയാന്‍ പറ്റൂ.എനിക്കു് ഒരാശയവും ലഭിച്ചില്ല. ഭാവമോ? അതുമില്ല. രണ്ടു് ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കാന്‍ വായനക്കാര്‍ സദയം സമ്മതിക്കണം. ഉത്കൃഷ്ടമായ സാഹിത്യം ഗ്രാന്‍ഡിയറിലേക്കു നമ്മെ നയിക്കുമ്പോള്‍ പെരുന്ന പി.ആറിന്റെ ഈ വാക്യങ്ങള്‍ വള്‍ഗാരിറ്റിയിലേക്കു നമ്മെ കൊണ്ടുചെല്ലുന്നു. സാഹിത്യം സത്യത്തിന്റെ നാദമുയര്‍ത്തിയിരുന്ന കാലത്തു് ജീവിതം തുടങ്ങിയവനാനു് ഞാന്‍. ഇന്നു് അതു്മനസ്സിനു് ആകുലാവസ്ഥയുണ്ടാക്കുന്നു. പെരുന്ന പി.ആറും അദ്ദേഹത്തിന്റെ കൂട്ടുകാരുമാണു് ഈ ദയനീയാവസ്ഥയ്ക്കു കാരണക്കാര്‍.
മാക്സിം ഗോര്‍ക്കിയുടെ പുസ്തകങ്ങളില്‍ ഏറിയ കൂറും ഞാന്‍ വായിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ‘മദര്‍’ ഒരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണു്. ശേഷമുള്ളവയെല്ലാം സൂപര്‍ ജര്‍ണ്ണലിസവും. ആ സൂപര്‍ ജര്‍ണ്ണലിസം ഒന്നാന്തരമത്രേ. അദ്ദേഹത്തിന്റെ രചനകളില്‍ എവിടെയോ ഏതാണ്ടിങ്ങനെ കണ്ടതായി ഓര്‍മ്മയുണ്ടു്: “ഇവിടം [റഷ്യയിലെ ഗ്രാമപ്രദേശമാകാം] പ്രശാന്തമാണു്. അന്തരീക്ഷം തെളിഞ്ഞതു്. എങ്ങും പൂന്തോട്ടങ്ങള്‍. അവയില്‍ രാപ്പാടികള്‍ പാടുന്നു; കുറ്റിക്കാടുകളില്‍ പൊലീസ് ചാരന്മാര്‍ ഉറങ്ങുകയും ചെയ്യുന്നു.” മാക്സിം ഗോര്‍ക്കി നില്‍ക്കുന്ന സ്ഥലത്തുനിന്നു് ആയിരമായിരം നാഴിക അകലെ നില്ക്കാനുള്ള യോഗ്യതപോലും എനിക്കില്ല. എങ്കിലും അദ്ദേഹത്തിന്റെ മനോഹരമായ ആശയത്തിനു വൈരൂപ്യംവരുത്തി ഞാനൊന്നു പറഞ്ഞുകൊള്ളട്ടെ. “ഇവിടം (കേരളം) പ്രശാന്തമല്ല. അന്തരീക്ഷം കലുഷം. എങ്ങും വാരികകള്‍. അവയില്‍ പൈങ്കിളികള്‍. പൈങ്കിളികളുടെ ശബ്ദം സഹിക്കാം. പേജിലെ വിടവു് അടയ്ക്കാനായി ചേര്‍ക്കുന്ന അവിദഗ്‌ദ്ധരുടെ കൊച്ചു കാർട്ടൂണുകള്‍ സഹിക്കാന്‍ വയ്യ. മിനിക്കഥകള്‍തീരെ സഹിക്കാന്‍വയ്യ.”
തകഴിയും തകഴിയും
എന്നെ അദ്ഭുതപ്പെടുത്താത്ത ഒരു കാര്യമുണ്ടു്. ഈ ലോകത്തുള്ള ഏതു വിഷയത്തെക്കുറിച്ചും കവിതയെഴുതാം. മൊട്ടുസൂചിതൊട്ടു് ഹിമാലയപര്‍വ്വതംവരെ, ബുദ്ധന്റെ കാരുണ്യംതൊട്ടു് റീഗന്റെ ക്രൂരതവരെയുള്ള വിഷയങ്ങള്‍ കവിതയില്‍ വരാവുന്നതേയുള്ളു. കാവ്യത്തിലെ ഹൈപര്‍ബലി — അത്യുക്തി — ദോഷമായി ആരും കരുതുകയുമില്ല. അതുകൊണ്ടു തകഴി ശങ്കരനാരായണന്‍ തകഴി ശിവശങ്കരപ്പിള്ളയെക്കുരിച്ച് കാവ്യം രചിച്ചതു കണ്ടപ്പോള്‍ എനിക്കൊരു വിസ്മയവുമുണ്ടായില്ല. ഉണ്ടായില്ലെന്നു മാത്രമല്ല, സന്തോഷവും തോന്നി. അത്യുക്തി വേണോ? ഇതാ:
തിരുമുന്‍പില്‍ വേലയ്ക്കുപോയോരേ
തിന്തക്കം ചാടി മറിഞ്ഞോരേ
നിങ്ങടെ നാടിന്റെ സാഹിത്യം
നീലമേഘങ്ങളെ പുല്കുന്നു.
ഹാസ്യം വേണോ? ഇതാ:
മുണ്ടും മുറിക്കയ്യന്‍ ഷര്‍ട്ടുമായി
മോസ്കോയിലൂടൊരാള്‍
നീങ്ങുമ്പോള്‍
മിണ്ടാതെ മാറിനടന്നോളൂ
കണ്ടാല്‍ ചെറു ബീഡി ചോദിക്കും
അച്ചടിത്തെറ്റുവേണോ? ഇതാ:
ഝടിതി [‘ഝ്ടിതി’ ശരി. ഝട്+ഇതി] മനോരാജ്യം വാരികയിലെ ഈ കാവ്യം ഞാന്‍ ‘രസംപിടിച്ചു’ വായിച്ചു.
ക്ലിന്റിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്തു്. അവ കണ്ടിട്ടു രാജവീഥിയിലേക്കു പോരുന്ന ആളുകളുടെ മിഴിനീരു ഞാന്‍ കണ്ടു. സൂര്യരശ്മി തട്ടി അതു തിളങ്ങി. കണ്ണീരു മറ്റുള്ളവര്‍ കാണരുതെന്നു് വിചാരിച്ചു മുഖം താഴ്ത്തി നടന്നവരുണ്ടു്. മറ്റാരും കാണാതെ അതു തുടച്ചവരുണ്ടു്. ഈ ഇന്‍ഫന്റ് പ്രോഡിജിയുടെ അന്ത്യം ഹിന്ദുപത്രത്തിന്റെ തിരുവനന്തപുരം ലേഖകന്‍ വര്‍ണ്ണിച്ചിരിക്കുന്നതു വായിച്ചു് എന്റെ കണ്ണുകളും ഈറനായി. ഒരു ദിവസം, കിടക്കയുടെ അരികിലിരുന്ന അമ്മയോടു ക്ലിന്റ് അവ്യക്തമായി പറഞ്ഞു: “അമ്മേ, ഞാനിപ്പോള്‍ത്തന്നെ ഉറങ്ങും. എന്നെ ഉണര്‍ത്തരുതേ” പ്രശാന്തതയോടെ ഉറങ്ങുന്ന മകനെ അമ്മ നോക്കി…ക്ലിന്റ് മൂര്‍ച്ഛയില്‍ വീണു. അടുത്ത ദിവസം 1983 ഏപ്രില്‍ 15-ആം തീയതി ആ കുട്ടി ഏതു് അജ്ഞാതലോകത്തില്‍നിന്നു വന്നുവോ അങ്ങോട്ടേക്കു തന്നെ യാത്രയായി” (ഹിന്ദു, ഓഗസ്റ്റ്, 8).
സൗന്ദര്യമുള്ള ശിശു. കലയുടെ സൗന്ദര്യം സൃഷ്ടിച്ച അവന്‍ ചിത്രം വരയ്ക്കാനിരിക്കുന്ന പടം ഞാന്‍ കാണുന്നു. കുഞ്ഞേ നിന്റെ വിയോഗം എനിക്കു പോലും സഹിക്കാനാവുന്നില്ല. നിന്റെ അച്ഛനമ്മമാര്‍ അതെങ്ങനെ സഹിക്കും?
സുന്ദര്‍
മഴവില്ലിന്റെ
ക്ളിന്റിനെ ഓര്‍മയില്ലേ? ഒരു പുരുഷായുസ്സില്‍ വരയ്ക്കേണ്ടത്രയും ചിത്രങ്ങള്‍ ഏഴു് വയസ്സെത്തുംമുമ്പേ വരച്ചു തീര്‍ത്തു് നിറങ്ങളുടെ ലോകത്തേക്കു മടങ്ങിയ കുട്ടി.
ഈ ഏപ്രില്‍ 15-ആം തീയതി ക്ലിന്റ് നമ്മെ പിരിഞ്ഞിട്ടു് മൂന്നു വര്‍ഷം തികഞ്ഞു.
ഈ മൂന്നു വര്‍ഷങ്ങളായി ക്ലിന്റിന്റെ ചിത്രങ്ങള്‍ സൂക്ഷിക്കാന്‍, ഒരു സ്ഥിരം ഗ്യാലറി കൊച്ചിയില്‍ പണിയാന്‍, ചിത്രങ്ങള്‍ പുസ്തകരൂപത്തിലാക്കാന്‍ എത്ര പ്രോജക്ടുകള്‍. ഒന്നും ഇതുവരെ നടന്നില്ല.
തേവരയുള്ള ജോസഫിന്റെയും ചിന്നമ്മയുടെയും ക്വാര്‍ട്ടേഴ്സില്‍ അവരുടെ മകന്‍ വരച്ച ചിത്രങ്ങള്‍ നമ്മെ കാത്തിരിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷമെങ്കിലും ക്ലിന്റിന്റെ നിറമാര്‍ന്ന ലോകത്തേക്കുള്ള ഒരു ജാലകമെങ്കിലും തുറക്കാതിരിക്കില്ല. അതുവരെ ക്ലിന്റിന്റെ ചിത്രങ്ങളുടെ കടലാസ്സുകള്‍ അല്പംപോലും മഞ്ഞിക്കാതിരിക്കട്ടെ.
ഈ ചിത്രങ്ങള്‍ പുസ്തകമാക്കാന്‍ നമുക്കു് പ്രസാധകരില്ലേ? ഒരു സ്ഥിരം. ഗ്യാലറിക്കു് മുന്‍കൈയെടുക്കാന്‍ ഈ നാട്ടില്‍ ചിത്രങ്ങളെ സ്നേഹിക്കുന്നവരാരുമില്ലേ?
കെ.സി.എസ്.പണിക്കരുടെയും, നമ്പൂതിരിയുടെയും ചിത്രങ്ങള്‍ ഡസ്‌ക്. കലണ്ടറാക്കിയതുപോലെ മനോഹരമായി ക്ലിന്റിന്റെ പന്ത്രണ്ടു് ചിത്രങ്ങളെങ്കിലും ഡസ്‌ക്‍കലണ്ടറാക്കാന്‍ ഇവിടെയാരുമില്ലേ?
ക്ഷമിക്കണം. സായിപ്പ് ഈ ചിത്രങ്ങള്‍ കണ്ടു് കേമമാണെന്നു് അംഗീകരിക്കാന്‍ വേണ്ടി നാം കാത്തിരിക്കുകയാണോ?
ഇനി രാവേറെ ചെല്ലുമ്പോള്‍ കുട്ടികളോടു് ഒരു കഥ പറയാം. ക്ളിന്റ് എന്നൊരു കുട്ടിയുണ്ടായിരുന്നു. നിറങ്ങളുടെ മനമറിഞ്ഞ കുട്ടി. സൂര്യനെ കണ്ണിമയ്ക്കാതെ ഉറ്റു് നോക്കിയിരുന്ന കുട്ടി.
പകല്‍ അവര്‍ക്കു് ക്ളിന്റിന്റെ മാന്ത്രികലോകം കാട്ടിക്കൊടുക്കാം. അവരുടെ കണ്ണുകളില്‍ മഴവില്ല് വിടരുന്നതു കണ്ടു് നമുക്കാനന്ദിക്കാം.
ഇരുപതിനായിരം ചിത്രങ്ങളുടെ
സുജാത
കരളില്‍നിന്നു് പിറന്ന കുഞ്ഞ്
ദൈവം ഭൂമിക്കു് നല്‍കിയ ഒരപൂര്‍വ്വചിത്ര പുസ്തകമായിരുന്നു ക്ളിന്റ് എന്ന കുട്ടിയുടെ മനസ്സു്. ആറര വര്‍ഷമേ ക്ളിന്റ് ഈ ഭൂമിയില്‍ ജീവിച്ചുള്ളു. ആ കുട്ടി നമുക്കു് നല്‍കിയ ചിത്രങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതാണെന്ന ബോധം നമുക്കിനിയും ഉണ്ടായിട്ടില്ല.
മനോഹരമായ പ്രപഞ്ചം കാത്തിരിക്കുന്നു. നമുക്കായി. വരും തലമുറകള്‍ക്കായി.
ഒരിക്കൽപ്പോലും ഒരു വരപോലും മായ്ക്കാത്ത ക്ലിന്റിനെ കുറിച്ചെഴുതവേ, ഞാന്‍ വാക്കുകളും വരികളും വെട്ടുന്നു. തിരുത്തുന്നു. എന്റെ പരിമിതിയറിയുന്നു. ഇതെഴുതാന്‍ ഞാനാളല്ല എന്നറിയുന്നു.
എങ്കിലും —
നന്നേ കുട്ടിക്കാലത്തെന്നോ മഴവില്ലു് ആദ്യം കണ്ടപ്പോഴുണ്ടായ ‘ഹായ്’, ക്ലിന്റിന്റെ ചിത്രങ്ങള്‍ വീണ്ടുമുളവാക്കുന്നു. എന്നോ ഉറങ്ങിയ ഉണ്ണി ഉണരുന്നു, ഒരു തണുത്ത സുഖമുള്ള കാറ്റു് മനസ്സിലൂടെ കടന്നുപോകുന്നു. പുറത്തെ യാഥാര്‍ത്ഥ്യങ്ങളെല്ലാം മറക്കുന്നു. നിറഞ്ഞ മനസ്സോടെ മൂന്നു് വര്‍ഷങ്ങളായി മേഘത്തിനും മാനത്തിനും നിറം പകരാനായി നമ്മെപ്പിരിഞ്ഞ ഈ ചിത്രകാരനു് നന്ദി പറയുന്നു.
ക്ലിന്റ്, നന്ദി!
കാസര്‍കോടു് നടന്ന ക്ലിന്റ് ചിത്രങ്ങളുടെ പ്രദര്‍ശനത്തിനു് ദേവനും, കുഞ്ഞുണ്ണിയും പുണിഞ്ചിത്തായയും ക്ലിന്റിന്റെ ചിത്രങ്ങളുടെ പൊരുളറിഞ്ഞ് സംസാരിച്ചു.
ഒ.വി.വിജയന്‍, ജോസഫിന്റെ വീട്ടില്‍ ചിത്രങ്ങള്‍ കാണാനെത്തി. ചിത്രങ്ങളുടെ മൈക്രോഫിലിമെങ്കിലും എടുത്തു സൂക്ഷിക്കണമെന്നു് നമ്പൂതിരി പറയുന്നു.
വര്‍ഷംതോറുമിപ്പോള്‍ കൊച്ചിയിലും വയനാട്ടിലും കുട്ടികളുടെ ചിത്രരചനാ മത്സരങ്ങള്‍ക്കു് ക്ലിന്റിന്റെ പേരില്‍ മെഡലുകള്‍ നല്കിവരുന്നു. തിരുവനന്തപുരത്തും, വയനാട്ടിലും അധികം താമസിയാതെ ക്ലിന്റിന്റെ ചിത്രപ്രദര്‍ശനമുണ്ടാവും.
കോളേജില്‍ പഠിപ്പിക്കുന്ന സുജാതയ്ക്കും, ചിത്രകാരനായ ദേവനും, കവിതകളെഴുതുന്ന കുഞ്ഞുണ്ണിക്കും, ക്ലിന്റിനെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും ഏറെ പറയാനുണ്ടു്. അവര്‍ക്കു് പറയാനുള്ളതില്‍നിന്നും നന്നേ കുറച്ചുമാത്രം ഇവിടെ കുറിക്കുന്നു:
ടി.ഡി.എം.ഹാളില്‍ കരയോഗം നടത്തുന്ന കുട്ടികളുടെ ചിത്രരചനാ മല്‍സരം. വെറുതെ ചുറ്റിനടന്നു കാണുകയായിരുന്നു. കുനിഞ്ഞിരുന്നു വരയ്ക്കുന്ന കുട്ടികള്‍. നിലത്തു് മുഴുമിക്കാത്ത ചിത്രങ്ങള്‍. ഒരു ചിത്രത്തിന്റെ മുന്നിലെത്തിയപ്പോള്‍ അവിടെ നിന്നനങ്ങാന്‍ കഴിഞ്ഞില്ല. ഒരു പൂവും ചിത്രശലഭവും. ഡിസ്പ്രൊപ്പോഷണേറ്റായ ഒരു മനോഹരചിത്രം. വല്ലാതെ എക്സൈറ്റഡ് ആയി. Real art is abstract എന്നു് എവിടെയോ വായിച്ചതു് ഓര്‍മ്മവന്നു. മുമ്പു് അതു വിശ്വസിച്ചിരുന്നില്ല.
പിന്നീടാണു് വരയ്ക്കുന്ന കുട്ടിയെ നോക്കിയതു്. നിവര്‍ന്നിരുന്നു വരയ്ക്കുന്ന ഒരു കുട്ടി. ഞാന്‍ നോക്കുന്നതു കണ്ടു് തലയുയര്‍ത്തിനോക്കി. ഒരു നിമിഷം. നല്ല കറുത്ത വലിയ കണ്ണുകള്‍. ഞാന്‍ ചിരിച്ചു. ക്ലിന്റ് ചിരിച്ചില്ല. ജീവിതത്തിലാദ്യമായി ഞാന്‍ ഒരു ജീനിയസ്സിനെ കണ്ടു.
ഞാന്‍ നോക്കി നില്‍ക്കുന്നതു കണ്ടു് ഈ കുട്ടിയുടെ അമ്മ അടുത്തേക്കു വന്നു. ജോസഫിനെയും പരിചയപ്പെട്ടു. അവരോടു് ഈ കുട്ടിയെ ചിത്രരചന പഠിപ്പിക്കരുതു്, ഈ കുട്ടിയെ പഠിപ്പിക്കാന്‍ പ്രാപ്തിയുള്ളവരാരും ഇവിടെയില്ലെന്നു് പറഞ്ഞുപോയി. വരയ്ക്കാന്‍ വേണ്ട മെറ്റീരിയല്‍സിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദേവനോടു് ചോദിക്കാനും അവരോടു് പറഞ്ഞു.
ദേവന്‍
ക്ലിന്റിന്റെ പല സൃഷ്ടികളും ഇനി വരുന്ന തലമുറയിലുള്ള ആളുകള്‍ക്കു് കാണാനും ആസ്വദിക്കാനും പുതിയ വഴികള്‍ വെട്ടിത്തെളിക്കാനും പാകത്തിലുള്ളതാണെന്നു് ഞാന്‍ കരുതുന്നു.
ഒരു കുഞ്ഞിന്റെ സ്വച്ഛമായ–നിര്‍മ്മലമായ മനസ്സില്‍ ഉണ്ടായിട്ടുള്ള പല തരത്തിലുള്ള സങ്കല്പങ്ങള്‍, വിഭ്രാന്തികള്‍. അവയുടെ കീര്‍ത്തനങ്ങളാണു് ക്ലിന്റിന്റെ ചിത്രങ്ങള്‍.
ക്ലിന്റിന്റെ സന്ധ്യ, ആ കുഞ്ഞിന്റെ മനസ്സില്‍ കത്തിനിന്ന സന്ധ്യയാണു്. പുലികളെയോ മൂങ്ങകളെയോ നേരില്‍കണ്ടിട്ടില്ലാത്ത ക്ലിന്റിന്റെ സങ്കല്പത്തില്‍ പുലിയും പുലിക്കിടാങ്ങളും, ആ പുലിക്കിടാങ്ങള്‍ക്കു് പാലു് കൊടുക്കുന്ന മാതൃത്വവുമെല്ലാം സങ്കല്പിക്കാനുള്ള കഴിവു് ഈ ആറു വയസ്സുകാരനില്‍ ഉണ്ടായിരുന്നു എന്നതു് മനുഷ്യ മഹത്ത്വത്തിന്റെ തെളിവാണു്.
ഇത്രയും സംഗതികള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവു് ഈ കൊച്ചുകുഞ്ഞിനുണ്ടാകാമെങ്കില്‍, ഈ കുഞ്ഞു് വളര്‍ന്നു് വലുതായി പിക്കാസോയുടെയോ ബ്രാക്കിന്റെയോ, മത്തീസിന്റെയോ പ്രായത്തിലെത്തിയിരുന്നെങ്കില്‍ അദ്ഭുതങ്ങളുണ്ടാകുമായിരുന്നു.
ഏറ്റവുമധികം ശ്രദ്ധേയമായിത്തോന്നിയതു് വരകളുടെ മേല്‍ ആ കുഞ്ഞിനുണ്ടായിരുന്ന സ്വാധീനമാണു്. രേഖകളില്‍ ക്ലിന്റിനു്, ഏതു് ആചാര്യനേയും അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നിയന്ത്രണമുണ്ടായിരുന്നു. ജന്മസിദ്ധമായി കിട്ടുന്ന ഏതോ ഒരു കഴിവു്. ആ ലോകത്തുമാത്രം നിന്നുകൊണ്ടു് ആ കഴിവു് വളര്‍ത്താന്‍ ആ കുഞ്ഞിനു് സാധിച്ചിരുന്നു. ആ സാദ്ധ്യതയ്ക്കു് വളം വയ്ക്കാന്‍ അച്ഛനമ്മമാര്‍ ഉത്സാഹിച്ചിട്ടുണ്ടു്. ഇത്രയധികം കടലാസ്സുകളും ചായവും വരയ്ക്കാനുള്ള ഉപാധികളും ആ കുഞ്ഞിനു് കൊടുക്കണമെങ്കില്‍ ഇതിനോടു് ഒരു പ്രതിബദ്ധതയുള്ള രക്ഷിതാക്കള്‍ക്കു മാത്രമേ സാധിക്കൂ. ആ പ്രതിബദ്ധത ഈയൊരളവിലല്ലെങ്കില്‍ക്കൂടി നമ്മുടെ വീടുകളില്‍ ഉണ്ടാവുകയാണെങ്കില്‍ എത്ര നന്നായേനെ.
കുഞ്ഞുണ്ണി
ക്ലിന്റ് അനവധി ഗണപതി ചിത്രങ്ങള്‍ വരച്ചിട്ടുണ്ടു്. ക്ലിന്റിന്റെ ഒരു ഗണപതിപോലയല്ല മറ്റൊരു ഗണപതി. ഗണപതിയൊന്നേയുള്ളു, എങ്കിലും ആ ഗണപതിയല്ല, അതിനടുത്തിരിക്കുന്ന ഗണപതി.
രാവിലെ ഉദിച്ച സൂര്യനല്ല ഉച്ചയ്ക്കു്. ഉച്ചയ്ക്കു് ജ്വലിച്ചു നില്ക്കുന്ന സൂര്യനല്ല അസ്തമിക്കുന്ന സൂര്യന്‍. ആ വ്യക്തിത്വത്തെ പകര്‍ത്താനുള്ള കഴിവാണു് കലാകാരന്റെ കഴിവു്. അതു് ക്ലിന്റിനുണ്ടായിരുന്നു. അപ്പോഴത്തെ ഞാനല്ല ഇപ്പോഴത്തെ ഞാനെന്ന ബോധം ക്ലിന്റിനുണ്ടായിരുന്നു.
ക്ലിന്റിന്റെ മൂങ്ങകള്‍ ക്ലിന്റിന്റെയുള്ളില്‍ ആ സമയത്തു് ഉയിര്‍ത്തു വന്ന മൂങ്ങയാണു്. അതുപോലൊരു മൂങ്ങ റഷ്യയിലുണ്ടാവില്ല, ഇന്ത്യയിലുണ്ടാവില്ല, ഒരു മരക്കൊമ്പിലും ജനിച്ചിട്ടുമില്ല. ജനിച്ചിട്ടുണ്ടെങ്കില്‍ അതു് കോപ്പിയാവും. ഇതു കോപ്പിയല്ല.
ക്ലിന്റിന്റെ ഒരു ചിത്രത്തില്‍ ഒരു ചോദ്യചിഹ്നവും, ഒരു അദ്ഭുതചിഹ്നവും. ഈ രണ്ടു് ചിഹ്നങ്ങളാണു് ക്ലിന്റിന്റെ കലാജീവിതത്തിന്റെ പ്രചോദനം. പ്രപഞ്ചരഹസ്യം തേടിയറിഞ്ഞ ജ്ഞാനികളെപ്പോലെ പ്രപഞ്ചത്തിന്റെ ചോദ്യങ്ങളിലും, അദ്ഭുതങ്ങളിലും ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു ക്ലിന്റ്.
|
|