close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 06 20


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 06 20
ലക്കം 927
മുൻലക്കം 1993 06 13
പിൻലക്കം 1993 06 27
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സർ. സി.പി. രാമസ്സാമി അയ്യരും ജോൺ മത്തായിയും ഇരുന്ന കസേരയിൽ വിളനിലം ഇരിക്കുന്നു.

ഒരു ദിവസം ജീവിതമുണ്ട്. ഉദാഹരണത്തിന് ഒരാൾ. തികഞ്ഞ ആരോഗ്യം, വൃദ്ധനല്ല, രോഗത്തിന്റെ ചരിത്രമില്ല. മുൻപ് എങ്ങനെയയിരുന്നുവോ അങ്ങനെ തന്നെ ഇപ്പോഴും. എല്ലാ കാലവും അങ്ങനെയായിരിക്കുകയും ചെയ്യും. സ്വന്തം കാര്യം നോക്കിക്കൊണ്ട്, മുന്നിലുള്ള ജീവിതത്തെ മാത്രം സ്വപ്നം കണ്ടുകൊണ്ട് അയാൾ ഒരു ദിവസത്തിൽ നിന്ന് അടുത്ത ദിവസത്തിലേക്കു പോകുന്നു. അങ്ങനെയിരിക്കെ മരണം സംഭവിക്കുന്നു. ഒരു ചെറിയ ഏങ്ങൽ. കസേരയിലേക്ക് അയാൾ താഴുന്നു. അതുതന്നെ മരണം.അതിന്റെ ആകസ്മികത്വം ചിന്തക്ക് ഇടം നൽകുന്നില്ല. മനസിനെ ആശ്വസിപ്പിക്കാൻ വേണ്ടിയുള്ള ഒരു വാക്ക് അന്വേഷിക്കാൻ പോലും അതിന് (മനസ്സിന്) സൗകര്യം കിട്ടുന്നില്ല. മരണമല്ലാതെ നമ്മുടെ മുൻപിൽ മറ്റൊന്നുമില്ല. മൃത്യുവശതയുടെ ലഘൂകരിക്കാനാവാത്ത സത്യം. ദീർഘമായ രോഗത്തിനുശേഷമുള്ള മരണത്തെ കീഴടങ്ങലോടുകൂടി നമുക്കു സ്വീകരിക്കാം. എന്നാൽ പ്രത്യക്ഷകാരണമൊന്നും കൂടാതെ മനുഷ്യൻ മരിക്കുകയെന്നു പറഞ്ഞാൽ, മനുഷ്യൻ മനുഷ്യനായതുകൊണ്ടു മാത്രം മരിക്കുന്നുവെന്നു വന്നാൽ അതു നമ്മളെ ജീവിതവും മരണവും അദൃശ്യമായ അതിരിൽ കൊണ്ടുവരും. നമ്മൾ ഏതു വശത്താണെന്ന് അറിയുകയുമില്ല. ജീവിതം മരണമായി മാറുന്നു; എല്ലാക്കാലവും മരണം ജീവിതത്തെ കൈയടക്കിവച്ചിരുന്നതുപോലെ. മുന്നറിയിപ്പു കൂടാതെയുള്ള മരണം. അതിന്റെ അർഥം ജീവിതം അവസാനിക്കുന്നു എന്ന്. ഏതു നിമിഷവും അതവസാനിക്കുകയും ചെയ്യാം.

മൗലികങ്ങളും ചിന്തോദ്ദീപങ്ങളുമായ ഈ വാക്യങ്ങൾ അമേരിക്കൻ നൊവലിസ്റ്റ് പോൾ ഓസ്റ്ററിന്റെ (Paul Auster, b. 1947) അത്യുജ്ജ്വലമായ “The Invention of Solitude” എന്ന സ്മരണകളിൽനിന്നാണ്. അച്ഛന്റെ മരണം വർണിക്കുന്നതിനു പൂർവപീഠിക എന്ന നിലയിൽ ഓസ്റ്റർ എഴുതിയ ഒരു ഖണ്ഡികയുടെ ഈ ഭാഷാന്തരീകരണത്തിൽ ഗ്രന്ഥകാരന്റെ അന്യാദൃശ്യമായ ധിഷണാശക്തി കാണാം. ഈ രീതിയിലാണ് അദ്ദേഹം ഗ്രന്ഥമാകെ രചിച്ചിട്ടുള്ളത്. ഓസ്റ്ററുടെ മറ്റു ചില വാക്യങ്ങൾ അദ്ദേഹത്തിന്റെ ഭഷയിൽ തന്നെ കാണുക. അച്ഛൻ കിടന്നു മരിച്ച വീടിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. “Even the most tired of distracted mind has a corner of pure, animal response, and can give the body a sense of where it is. One would have to be nearly unconscious not to see, or atlast not feel, that the house was no longer the same. ‘Habit’ as one of beckett’s charecters says, ‘is a great deadener’. And if the mind is unable to respond to the physical evidence, what will it do when confronted with the imotional evidence”

എടുത്തെഴുതിയ ഈ ഭാഗങ്ങൾ ഓസ്റ്ററിന്റെ രചനാരീതി എന്താണെന്നു സ്പഷ്ടമാക്കിത്തരും. വികാരമണ്ഡലത്തെ ചിന്തമണ്ഡലമാക്കുക എന്നതാണ് ആ മാർഗ്ഗം. ആ പരിവർത്തനമുണ്ടാകുമ്പോഴും വൈകാരികത്വത്തിനു ന്യൂനത വരുന്നില്ല. ചിന്തകൾ വജ്രകാന്തിയോടെ വിലസുകയും ചെയ്യുന്നു. അതിനാൽ ഈ ഗ്രന്ഥത്തിന്റെ പാരായണം അസുലഭമായ അനുഭവം തന്നെയാണ്. ഓസ്റ്റർ ഗ്രന്ഥത്തെ രണ്ടായി വിഭജിചിരിക്കുന്നു. ആദ്യത്തേത് Portrait of an Invisible Man. അദൃശ്യനായ ഈ മനുഷ്യൻ ഗ്രന്ഥാകാരന്റെ അച്ഛൻ താന്നെയാണ്. മരണം കൊണ്ടു മാത്രമല്ല ജീവിച്ചിരിക്കുമ്പോഴും അദ്ദേഹം അദൃശ്യനായിരുന്നു. മറ്റുള്ളവർക്കല്ല തനിക്കു തന്നെയും അദ്ദേഹം അദൃശ്യൻ. അങ്ങിനെ ജീവിച്ച ആ മനുഷ്യന്റെ ചിത്രം നമ്മളെ ‘ഹോണ്ട്’ ചെയ്യുന്നു. The Book of Memory എന്നത്താണു രണ്ടാമത്തെ ഭാഗം. സ്വന്തം മകനെക്കുറിച്ച്, മുത്തച്ഛനെക്കുറിച്ചുള്ള സ്മരണകൾ ഇതിലുണ്ട്. അവയുടെകൂടെ കലാനിരൂപണവും. ഇവിടെ മൗലികതയാണ് മുദ്ര. നോക്കുക. ‘ഞാൻ ജറുസലേമിലേക്കു പൊകുന്നു’ എന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞാൽ ‘എത്ര നന്ന്. അയാൾ ജറുസലേമിലേക്കു പോകുന്നു’.

എന്നേ നിങ്ങൾ വിചാരിക്കൂ. എന്നാൽ ഒരു നോവലിലെ ഒരു കഥാപാത്രം അതേ വാക്കുകൾ നിങ്ങളോടു പറഞ്ഞാൽ പ്രതികരണം വേറൊരു വിധത്തിലായിരിക്കും. ജറുസലമിന്റെ ചരിത്രം, അതിന്റെ മതപരമായ പ്രവർത്തനം, മിഥോളജിയോടു ബന്ധപ്പെട്ട രീതിയിലുള്ള അതിന്റെ സ്ഥാനം — ഇവയൊക്കെ നിങ്ങൾ ആലോചിക്കുന്നു. ഈ ചിന്തകളെ ഒരുമിച്ച് ചേർത്ത് കഥാപാത്രത്തോട് യോജിപ്പിക്കുന്നു. പാരായണം കഴിയുമ്പോൾ മനഃശാസ്ത്രപരമായി, മതപരമായി, ലൈംഗികമായി, ദാർശനികമായി നിങ്ങൾ അതിനെ വ്യാഖ്യാനിക്കുന്നു. നിത്യജീവിതത്തിലും ഇത് ആളുകൾ ചെയുന്നുണ്ടാകാം. പക്ഷേ ആ പ്രവർത്തനത്തിൽ എന്തോ നഷ്ടപ്പെടുന്നുണ്ട്. സാഹിത്യ സൃഷ്ടിയുടെ ആ വ്യാഖ്യാനത്തിൽ ആ നഷ്ടപ്പെടൽ ഇല്ലെന്നാണ് ഓസ്റ്റർ പറയുന്നത്. മനുഷ്യന്റെ ഏകാന്തതയെ വ്യജ്ഞിപ്പിച്ചു കൊണ്ടാണ് ഓസ്റ്റർ എന്തുമെഴുതുന്നത്. അച്ചടിക്കാൻ വയ്യാത്ത കാര്യങ്ങൾ എഴുതുമ്പോഴും ചിന്തയുടെ അധികൃതയിൽ അനുവാചകരെ കൊണ്ടു ചെന്നിട്ട് അസഭ്യമായതിനെ സഭ്യമാക്കിത്തീർക്കുന്നു അദ്ദേഹം. ഈ പുസ്തകം വായിച്ചു തീർന്നപ്പോൾ ജീവിതം ധന്യമായി എന്ന് എനിക്കു തോന്നി. Fascinating, marvellous എന്ന വിശേഷണങ്ങളാണ് ഓസ്റ്ററുടെ ഗ്രന്ഥത്തിനു ചേരുക (Faber and Faber U.K. £ 5.99).

രണ്ടു കഥകൾ

മഹാസ്ഥാപനങ്ങളിൽ അല്പന്മാർ കയറിയിരിക്കുമെന്നു കാണിച്ച് പണ്ട് ശൂരനാട്ടു കുഞ്ഞൻപിള്ളസ്സാർ ലേഖനമെഴുതിയിരുന്നു. ഇതെത്ര സത്യം! ലക്ചററായി കയറും. സർവീസ് കൂടുമ്പോൾ അതിനനുസരിച്ച് ജോലിക്കയറ്റം കിട്ടും. ക്ലാർക്കായി കയറിയ ഒരാൾ ചീഫ് സെക്രട്ടറിയായി.

ആയിരത്തൊന്നു രാവുകൾ എന്ന കഥാസമാഹരത്തിന്റെ തുടക്കം വായനക്കാർക്കെല്ലാം അറിയം. അതിനാൽ അത് പുനരാവിഷ്കരിച്ച് വായനക്കരെ മുഷിപ്പിക്കേണ്ടതില്ല. രാജാവിന്റെ വാളിൽ നിന്ന് രക്ഷ നേടാനായി തരുണി കഥകൾ പറയുന്നു. ഓരോ കഥയും പ്രഭാതത്തിൽ പരിസമാപ്തിയിലെത്താത്തതു കൊണ്ട് കഥ കേൾക്കുന്നതിൽ തല്പരനായ രാജാവ് യുവതിയെ വധിക്കുന്നില്ല. അവൾ ആദ്യം പറഞ്ഞത് കച്ചവടക്കാരന്റെയും ജിന്നിന്റെയും കഥയാണ്. കച്ചവടക്കാരൻ എറിഞ്ഞ ഈന്തപ്പഴക്കുരു ജിന്നിന്റെ മകന്റെ നെഞ്ചിൽ കൊണ്ട് അവൻ മരിച്ചുവെന്നു പറഞ്ഞാണ് ജിൻ അയാളെ കൊല്ലാൻ ഭാവിച്ചത്. ഒരു കൊല്ലത്തെ അവധി അയാൾ ചോദിച്ചത് ജിൻ അനുവദിച്ചു. ആ ഒരു വർഷം കഴിഞ്ഞ് മണൽക്കാട്ടിലെത്തി മരിക്കാൻ സന്നദ്ധനായിരുന്ന കച്ചവടക്കാരന്റെ മുൻപിൽ മൂന്നു വൃദ്ധന്മാർ ഒന്നൊന്നായി വരുന്നു. അവരിൽ ഓരോ ആളും ജിന്നിനോട് കഥകൾ പറഞ്ഞ് അയാളെ വധകൃത്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ്. പോൾ ഓസ്റ്റർ ചൂണ്ടിക്കാണിക്കുന്നത് കഥ പറയുന്ന വൃദ്ധൻ കച്ചവടക്കാരനു വേണ്ടി കോടതിയിലെന്നപോലെ വാദമുഖങ്ങൾ അവതരിപ്പിക്കുന്നില്ല എന്നാണ്. ഇത് താൻ നിശ്ചയിച്ച കാര്യത്തിൽ നിന്ന് ജിന്നിനെ മാറ്റുകയില്ല. പിന്നെയോ? വധകൃത്യത്തിൽ നിന്ന് ജിന്നിന്റെ മനസ്സിന് മാറ്റം വരുത്തി കഥ കൊണ്ട് അയാളെ ആഹ്ലാദിപ്പിക്കാനുള്ള ശ്രമമാണ് വൃദ്ധന്റേത്. കൊല്ലുക എന്നത് ഒരു ഒഴിയാബാധയാണ് (obsession). ഈ ഒഴിയാബാധ ചുറ്റും മതിലു കെട്ടി ഏകന്തതയിലാക്കിക്കളയും ജിന്നിനെ. കഥ യുക്തിപരമായ വാദമല്ലാത്തതുകൊണ്ട് ആഖ്യാനം ആ മതിലിനെ തട്ടിത്തകർക്കും. അപ്പോൾ അയാൾ ചിന്തയിൽത്തന്നെയാണെങ്കിലും മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടും. ഈ മർഗ്ഗത്തിലൂടെ അവർ ജിന്നിനു മാനസാന്തരം വരുത്തുന്നു. കച്ചവടക്കാരൻ രക്ഷപ്പെടുന്നു. പോൾ ഓസ്റ്റർ പറയുന്നു: For this is the function of the story: to make a man see the thing before his eyes by holding up another thing to view. ഒരു വസ്തുവിനെ കണ്ണിന്റെ മുൻപിൽ കാണിച്ച് മറ്റൊരു വസ്തുവിനെ അയാളുടെ കണ്ണിന്റെ മുൻപിൽ കൊണ്ടുവരിക എന്നതാണ് കഥയുടെ ജോലി.

ഓസ്റ്ററിന്റെ ഈ മതമനുസരിച്ചു തന്നെയാണ് കഥാകാരന്മാരൊക്കെ പ്രവർത്തിക്കുക. പക്ഷേ ദൃശ്യവസ്തുവിലൂടെ അദൃശ്യവസ്തുവിനെ പ്രത്യക്ഷമാക്കാൻ പലർക്കും കഴിയുന്നില്ല. കലാകൗമുദിയിൽ ‘കരിവണ്ടികളിൽ യാത്ര ചെയ്യുന്നവർ’ എന്ന കഥയെഴുതിയ ശ്രീമതി പ്രിയ ഇബ്നുവിനും ’പ്രിയംവദ മേരിയോടൊത്ത്’ എന്ന കഥയെഴുതിയ ശ്രീമതി സുമതിക്കും പരാജയം സംഭവിക്കുന്നു, തങ്ങളുടെ യത്നങ്ങളിൽ. പെൻഷൻ പറ്റിയ ഒരു റെയിവേ ഉദ്യോഗസ്ഥൻ മകളോടൊത്തു യാത്ര ചെയ്യുന്നതിനെ വിദഗ്ധമായി വർണ്ണിക്കുന്ന പ്രിയ ഇബ്നു ഒരു മുന്നറിയിപ്പും കൂടാതെ ഫാന്റസിയിലേക്ക് എടുത്തു ചാടുന്നു. സ്വാഭാവികമായി റിയലിസം ഫാന്റസിയിലേക്ക് പോകാത്തതു കൊണ്ട് വായനക്കാരന് അമ്പരപ്പ്. സുനിയതമായ ജീവിതം നയിച്ചിരുന്ന ഒരുത്തി മതിയായ പ്രേരണകളില്ലാതെ കാബറെ നർത്തകിയായി (Cabaret — കാബറെ എന്ന് Daneil Jones തയ്യാറാക്കിയ നിഘണ്ഡുവിൽ) മാറുന്നതിന്റെ ചിത്രം സുമതിയുടെ കഥയിൽ. ജീവിച്ചിരിക്കുന്ന കുറേപ്പേരുടെ പേരുകൾ പറഞ്ഞ് അവരുടെ പ്രീതി സമ്പാദിക്കാൻ ശ്രമിക്കുന്നതിൽ മതിയായ പ്രേരണയുണ്ട്. പക്ഷേ നായികയുടെ മാനസാന്തരത്തിൽ പ്രേരണകളില്ല. അതുകൊണ്ട് വിശ്വാസ്യത എന്ന ഗുണം ഇക്കഥക്കില്ല. ആദ്യത്തെക്കഥക്കുമില്ല. ചിന്തകനായ ഓസ്റ്റർ പറയും ദൃശ്യവസ്തു അദൃശ്യവസ്തുവിനെ ദ്രഷ്ടാവിന്റെ മുൻപിൽ ആനയിക്കുന്നില്ല എന്ന്.

ചോദ്യം, ഉത്തരം

Symbol question.svg.png നിങ്ങൾ പ്രതികൂല വിമർശനം കൊണ്ട് എല്ലാവരെയും ശത്രുക്കളാക്കിക്കഴിഞ്ഞു. ഇനിയെങ്കിലും ഇതു നിറുത്തരുതോ?

പ്രതികൂല വിമർശനം എന്നുവേണ്ട. വിമർശനം എന്നു മാത്രം മതി. മൃശ് എന്നു ധാതു. നശിപ്പിക്കുക എന്നാണതിന്റെ അർത്ഥം. നിരൂപണത്തിൽ രൂപ് ധാതു. മോടിപിടിപ്പിക്കുക എന്ന് അതിന്റെ അർത്ഥം. എതിരായി പറയുന്നത് വിമർശനവും പ്രശംസിക്കുന്നതു നിരൂപണവും. അതിരിക്കട്ടെ, സാഹിത്യകാരന്മാരാണ് എന്റെ

ശത്രുക്കൾ. അവരെ ശഷ്പതുല്യമായി ഞാൻ പരിഗണിക്കുന്നു. വായനക്കാർ മിത്രങ്ങളും. അവരുടെ മുൻപിൽ ഞാൻ തലകുനിച്ചു നില്ക്കുന്നു. പിന്നെ പറയുന്നവരെ ആശ്രയിച്ചാണ് വിരോധമുണ്ടാകുന്നത്. ഒരുലക്ഷം കലാകൗമുദിയിൽ ‘കെ.എസ്. കൃഷ്ണന്റെ സ്വാഗതപ്രസംഗം’ അസഹനീയമായിരുന്നുവെന്ന് സി. അച്യുതമേനോന്റെ ഡയറിയിലെ ഒരു ഭാഗം നല്കിയിരുന്നു. അച്യുതമേനോൻ പറഞ്ഞതുകൊണ്ടു കെ.എസ്. കൃഷ്ണന് ഒന്നും തോന്നുകയില്ല. നേരേമറിച്ച് ഞാനതു പറഞ്ഞിരുന്നെങ്കിൽ കെ.എസ്. കൃഷ്ണൻ എന്നെ ശത്രുവായി കരുതുമായിരുന്നു. ‘ആളുവില കല്ലുവില’ ഞാൻ അച്യുതമേനോനെപ്പോലെ മഹാനാകേണ്ടിയിരുന്നു.”

Symbol question.svg.png ദൗർബ്ബല്യമല്ലേ സ്ത്രീക്കുള്ളത്?

സ്ത്രീയുടെ ഒരു കണ്ണുനീർത്തുള്ളിക്കു ഹിരോഷിമയിൽ ഇട്ട ബോംബിന്റെ ശക്തിയുണ്ട്.

Symbol question.svg.png താൻ ഈ പംക്തി നിറുത്തുന്നുണ്ടോ? തനിയേ ഇതു നിറുത്തിയില്ലെങ്കിൽ ഞാനതു നിറുത്തിക്കും. കേട്ടോ?

സാർത്ഥവാഹകസംഘം നീങ്ങാതിരുന്നിട്ടുണ്ടോ പട്ടികൾ കുരച്ചിട്ടും.

Symbol question.svg.png മരിച്ചാൽപ്പിന്നെ എല്ലാവരും ബഹുമാനിക്കും അല്ലേ?

Symbol question.svg.png വൈലോപ്പിള്ളിയുടെ മൃതദേഹത്തെ ബഹുമാനിച്ചോ അതോ നിന്ദിച്ചോ?

Symbol question.svg.png മലയാളസാഹിത്യകാരന്മാരെക്കുറിച്ചു എന്തു പറയുന്നു?

എന്തു പറയാൻ? പലരും ‘പ്രിറ്റെൻഷസ് ഫെയ്ക്കു’കളാണ് (pretentious fakes) അവരെയാണ് കുറേ “നിരൂപകമ്മാന്യന്മാർ” ഉയർത്തിപ്പിടിക്കുന്നത്. കാലം സത്യം സ്പഷ്ടമാക്കും.

Symbol question.svg.png ഉണ്ണിയെക്കണ്ടാൽ ഊരിലെ പഞ്ഞമറിയാം അല്ലേ?

അതേ. ഭവനം കണ്ടാൽ ഉടമസ്ഥന്റെ മാനസികനിലയുമറിയാം. ചെറിയ പൂമുഖം, തലതട്ടുന്ന വാതിൽ, കൊച്ചുമുറികൾ ഇവ ഉടമസ്ഥന്റെയോ പ്ലാൻ വരച്ച എഞ്ചിനീയറുടെയോ ഇടുങ്ങിയ മനസ്സിനെ കാണിക്കും.

Symbol question.svg.png നിങ്ങളുടെ ഉത്തരങ്ങൾ ബുദ്ധിശക്തിയെ കാണിക്കുന്നവയാണ് എന്നാണോ വിചാരം?

അയ്യോ അങ്ങനെ ഒരു വിചാരവുമില്ല എനിക്ക്. മുൻപ് ഒരു ചലച്ചിത്രതാരത്തോട് ഒരു ആരാധകൻ ചോദിച്ചു അവളുടെ ഒരു ചുംബനം കിട്ടാൻ എന്തു നൽകണമെന്ന്. അവൾ മറുപടി പറഞ്ഞത് ‘ക്ലോറൊഫാം’ എന്നായിരുന്നു. അവളുടെ ബുദ്ധിശക്തിപോലും എനിക്കില്ല.

ആര്യാവർത്തനം

സാഹിത്യകാരന്മാരാണ് എന്റെ ശത്രുക്കൾ. വളരെ ശഷ്പതുല്യമായി ഞാൻ പരിഗണിക്കുന്നു. വായനക്കാർ മിത്രങ്ങളും. അവരുടെ മുൻപിൽ ഞാൻ തലകുനിച്ചു നിൽക്കുന്നു.

എനിക്കു നേരിട്ടറിയാവുന്ന ഒരാളിനെക്കുറിച്ച്. ഗർഭിണിയായ ഭാര്യ കൂടെക്കിടന്നുറങ്ങുന്ന വേളയിൽ കിനാവു കണ്ടാണെന്നു പറയുന്നു — അയാൾ അവരുടെ വയറ്റിൽ അമർത്തിപ്പിടിച്ചു. ഗർഭച്ഛിദ്രമുണ്ടായി. അവരതിൽ മരിക്കുകയും ചെയ്തു. മറ്റൊരുത്തിയെ അയാൾ ഭാര്യയായി സ്വീകരിച്ചു. അനായാസമായി അയാൾ സമ്പാദിച്ച പണമൊക്കെ “കുതിരപ്പവനാ”ക്കി അവർ ഒളിച്ചുവച്ചു. സന്താനമില്ലാത്തതുകൊണ്ട് അവർ ഒരു പെൺകുട്ടിയെ എടുത്തു വളർത്തി. അവൾ സുന്ദരിയായ തരുണിയായി വിലസുമ്പോഴാണ് ഞാൻ അയാളുടെ വീട്ടിൽ താമസക്കാരനായത്. അയാളുടെ രണ്ടാമത്തെ ഭാര്യയും മരിച്ചു. സ്വാഭാവികമരണംതന്നെ. ഒരുദിവസം രാത്രി വളർത്തുമകളെ അയാൾ ബലാൽസംഗം ചെയ്യുന്നത് അടുത്തമുറിയിൽ കിടന്ന ഞാൻ മനസ്സിലാക്കി. അവിടെനിന്ന് അർദ്ധരാത്രി ഞാൻ ഇറങ്ങിപ്പോയി. രണ്ടാമത്തെ ഭാര്യയുടെ മരണത്തിനുശേഷം മധ്യവയസ്കയായ ഒരു വേലക്കാരിയെ കൂടെ പാർപ്പിച്ചു. വളർത്തുമകൾ നേരത്തേ അവിടം വിട്ടുപോയതുകൊണ്ട് അയാളും പരിചാരികയുമായി ആ വീട്ടിൽ. പെട്ടെന്നാണ് അയാൾ രോഗിയായത്. വളരെ വൈകാതെ ചത്തുപോകുകയും ചെയ്തു. അയാളുടെ മരണത്തോടെ വേലക്കാരി ഗൃഹനായികയായി. പവനൊക്കെ അവൾ സ്വന്തം വീട്ടിലേക്കു കടത്തി. മരിച്ചയാളിന്റെ ബന്ധുക്കളും പരിചയക്കാരും വളരെ പ്രയാസപ്പെട്ടാണ് അവളെ ആ വീട്ടിൽനിന്ന് ഇറക്കിവിട്ടത്.

അയാളെപ്പോലെയൊരു ക്രൂരനെ ശ്രീമതി ചന്ദ്രമതി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “ആര്യാവർത്തനം” എന്ന കഥയിൽ കണ്ടപ്പോൾ എനിക്കു തെല്ലൊരു ആഹ്ലാദമുണ്ടായി. നമുക്കു നിത്യജീവിതത്തിൽ പരിചയമുള്ള ഒരാളിനെ ഫിക്ഷനിൽ കണ്ടാൽ ആഹ്ലാദമുണ്ടാകുന്നതു സ്വാഭാവികമാണല്ലോ. പരിചയം നന്നേക്കുറഞ്ഞ വിദേശത്തു മലയാളിയെ കണ്ടാലും ആഹ്ലാദമാണ്. കഥ പറയുന്നത് ആര്യ. അവളുടെ മുത്തച്ഛൻ‌ മുത്തശ്ശിയെ ചവിട്ടിക്കൊന്നവനാണ്. ആര്യയുടെ അച്ഛൻ ഉപേക്ഷിച്ചുപോയി. വേറൊരുത്തിയെ അയാൾ വിവാഹം കഴിച്ചു സുഖമായി വസിക്കുകയാണ്. ആര്യക്കു കിട്ടിയ കാമുകൻ കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഉപയോഗിക്കുന്നവൻ. ലോകത്തെ സകല ദൗർഭാഗ്യങ്ങളും തലയിലേറ്റി നടക്കുന്ന ആ യുവതിയുടെ നേർക്കു വായനകാരന്റെ സഹതാപം പ്രവഹിക്കുന്ന മട്ടിൽ കഥയെഴുത്തുകാരി കഥ പറഞ്ഞിട്ടുണ്ട്. ഇതുപോലെ ദു:ഖമനുഭവിക്കുന്ന അനേകം യുവതികളുടെ ശാശ്വത പ്രതീകമായിട്ടുണ്ട് ചന്ദ്രമതിയുടെ കഥാപാത്രമായ ആര്യ. വെറും ആത്മരോദനമായി അധ:പതിക്കാതെ ഈ കഥയെ കലയുടെ ലോകത്തേക്കു പ്രവേശിപ്പിക്കുന്നത് ആഖ്യാനത്തിലാകെ നിറഞ്ഞുനില്ക്കുന്ന നിസ്സംഗതയാണ്. ലോകവും വ്യക്തിയും വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരത്തെ പ്രഗൽഭമായി ആവിഷ്കരിക്കുന്ന ഒരു ചെറുകഥ.

ഈ കവിതയെ കാണുക

“ചിത്രശലഭത്തിന്റെ ചിറകുകൾ പൊടുന്നനെ മടങ്ങുമ്പോൾ അവയുടെ വർണ്ണോജ്ജ്വലത മരത്തൊലിയുടെ നിറത്തിലേക്കു ഒഴികിയിറങ്ങും. നമ്മുടെ സമീപത്തു ചെന്നുള്ള നോട്ടം ചിത്രശലഭത്തെ കാണിച്ചുതരുമോ? ഇല്ല.

നമ്മൾ ഒരു കാലത്ത് എത്ര സമ്പന്നരായിരുന്നുവെന്നു നോക്കുക. ഇപ്പോൾ അതെല്ലാം നമ്മൾ ധൂർത്തടിച്ചു കളഞ്ഞു. ഉജ്ജ്വലത വീണ്ടെടുക്കാൻ പ്രതീക്ഷകളുണ്ടായിരുന്നു. നമുക്ക് — വൈകിപ്പോയിയെന്നു തോന്നുന്നു. നിങ്ങളുടെ കൊട്ടാരമെവിടെ? ദുഃഖത്തിൽ, അന്ധനായി, കാലിടറി നിങ്ങൾ അലഞ്ഞു തിരിയുന്നു. ഈഡിപസ് എന്ന രാജാവ്.

ഇപ്പോൾ ആഹ്ലാദത്തിന്റെ ചിറകുകൾ മടങ്ങിയപ്പോൾ അത് ചൈതന്യശൂന്യമായ, കുത്സിതമായ മറുപുറത്തുനിന്ന് ഉറ്റു നോക്കുകയാണ്. ആത്മാവ് അടുപ്പിച്ചു നിറുത്തിയതെന്തോ അത് തുടർച്ചയായ പീഡാനുഭവമായി പരിണമിച്ചിരിക്കുന്നു.

തേജസ്സാർന്ന എത്രമാതിരി ചിത്രശലഭങ്ങളാണ് ഒരിക്കൽ ഉപരിതലത്തിലേക്ക് എത്തിയത്. നീലലോഹിത നിറമാർന്ന, ഊഷ്മളാന്തരീക്ഷമുള്ള പാരീസിനോടൊപ്പം അവ നമ്മെ പ്രലോഭിപ്പിച്ചിരുന്നു. ക്ഷോഭമാർന്ന് എന്റെ ഹൃദയം നിന്നു പോയി; ‘നീ അങ്ങോട്ടു നോക്കരുത്’ എന്നൊരു ശബ്ദം മന്ത്രിക്കുന്നതു വരെ.

ഇല്ല. കുറച്ചു കൂടി സൂക്ഷ്മതയോടെ നോക്കൂ. എല്ലാ വശങ്ങളും നോക്കൂ; നിങ്ങൾ നിങ്ങളിലേക്കു മുങ്ങുന്നതിനു മുൻപ്. സ്നേഹം പോലും അവിടെ കണ്ടെന്നു വരാം. [ചിറക്] മടക്കിവച്ചിരിക്കുമെന്നേയുള്ളൂ. ഇരിക്കാനിടം കാണുമ്പോൾ അത് ഇരിക്കുന്നു. നിശ്ശബ്ദമായി സ്നേഹിച്ചു കൊണ്ട്, ചിറകിൽ ചിറകു വച്ചു കൊണ്ട്.

“ചിത്രശലഭം തേജസ്സുള്ള അഗ്നി ശോഭയാർന്ന ചിറകുകൾ മടക്കിയത് ഒരു പക്ഷേ നമ്മുടെ കുറ്റവുമാകാം. നമ്മൾ കൂടുതൽ അടുത്തേക്കു ചെന്നിരിക്കാം. നമുക്കു പിരിയാം. അതു പറന്നുയരും —” റഷ്യൻ കവി കുഷ്നറുടെ (Aleksandr Kushner, 1936-ൽ ജനനം) Folded Wings എന്ന അതിസുന്ദരമായ ഒരു കാവ്യത്തിലെ ചില ഭാഗങ്ങളുടെ ഭാഷാന്തരീകരണമാണ് മുകളിൽ ചേർത്തത്. നോബൽ സമ്മാനം നേടിയ യോസിഫ് ബ്രൊഡ്സ്കിയുടെ അവതാരികയോടു കൂടി Harvill പ്രസാധനം ചെയ്ത “Apollo in the Snow” എന്ന കാവ്യസമാഹാരത്തിൽ ഇതുണ്ട്.

ഇതുപോലെ, ഇതിനെക്കാൾ മനോഹരങ്ങളായ കാവ്യങ്ങൾ ഇതിലേറെയുണ്ട്. ജീവിതത്തിന്റെ ദുരന്ത സ്വഭാവത്തെക്കുറിച്ച്, അതിന്റെ അജ്ഞതയെക്കുറിച്ച്, അതിന്റെ അജ്ഞേയതയെക്കുറിച്ച് ഈ കവി മനോഹരമായി, ഹൃദയത്തിന്റെ അടിത്തട്ടിലേക്കു ചെല്ലുമാറ് പാടുന്നു. ബ്ലോക്കിന്റെ ദുർഗ്രഹതയില്ല; പസ്തർനക്കിന്റെ സങ്കീർണ്ണതയില്ല കുഷ്നറുടെ ഭാവാത്മകതയ്ക്ക്. ‘ലിറിസിസ’ത്തിന്റെ പരകോടിയിൽ എത്തിയിരിക്കുകയാണ് ഈ കാവ്യങ്ങൾ. “Poetry is essentially the soul’s search for its release in language, and the work of Alexsandr Kushner is a case where the soul has obtained that release” എന്നു ബ്രൊഡ്സ്കി അവതാരികയിൽ പറയുന്നത് ശരിയാണെന്നു ഈ സമാഹാര ഗ്രന്ഥം വായിച്ചാൽ ഗ്രഹിക്കാൻ കഴിയും. Which poet was the first to bring the sea to us punctuating his lines with spray from foggy beaches? എന്ന് കുഷ്നർ ചോദിക്കുന്നു. കുഷ്നർ തന്നെയാണ് ആ കവിയെന്നു നമുക്കു ഉത്തരം നൽകാം. (Apollo in the Snow, Aleksandr Kushner, Harvill £ 3.95, pages 100.)

ദോശ — രണ്ടുവിധം

മഹാസ്ഥാപനങ്ങളിൽ അല്പന്മാർ കയറിയിരിക്കുമെന്നു കാണിച്ച് പണ്ടു ശൂരനാട്ടു കുഞ്ഞൻപിള്ളസ്സാർ ലേഖനമെഴുതിയിരുന്നു. ഇതെത്ര സത്യം! ലക്ചററായി കയറും. സർവീസ് കൂടുമ്പോൾ അതിന് അനുസരിച്ച് ജോലിക്കയറ്റം കിട്ടും. ക്ലാർക്കായി കയറിയ ഒരാൾ ചീഫ് സെക്രട്ടറിയായി. അദ്ദേഹം പെൻഷൻ പറ്റിയപ്പോൾ തേയില സൽക്കാരമുണ്ടായിരുന്നു; സത്യസന്ധതയില്ലാത്ത പ്രഭാഷണങ്ങൾ ഏറെയുണ്ടായിരുന്നു. സൽക്കാരവേളയിൽ ബോളി വിളമ്പി. ചീഫ് സെക്രട്ടറി അന്നു വരെ ആ പലഹാരം കണ്ടിട്ടില്ലായിരുന്നു. ഒന്നു കൂടെ കിട്ടിയാൽ കൊള്ളാമെന്ന് അദ്ദേഹത്തിനു തോന്നൽ. വിളമ്പുകാരനെ വിളിച്ച് “ആ ഇനിപ്പുള്ള ദോശ ഒന്നു കൂടെ തരൂ” എന്നു പറഞ്ഞുവെന്നാണ് കഥ. വെറും കഥയാണെങ്കിലും ചീഫ് സെക്രട്ടറി ഏതു തരക്കാരനാണെന്ന് അതു സ്പഷ്ടമാക്കും.

നമ്മൾ പറഞ്ഞു വന്നത് വലിയ സ്ഥാപനങ്ങളിൽ സീനിയോററ്റി കൊണ്ടു മാത്രം അധ്യക്ഷന്മാരായി വരുന്ന അല്പന്മാരെക്കുറിച്ചാണല്ലോ. സർ. സി.പി. രാമസ്വാമി അയ്യരും ജോൺ മത്തായിയും രാമസ്വാമി മുതലിയാരും ഇരുന്ന കസേരയിൽ വിളനിലം ഇരിക്കുന്നു. മഹാകവി ജി. ശങ്കരക്കുറുപ്പ് ഇരുന്ന കസേരയിൽ എം. കൃഷ്ണൻ നായർ ഇരുന്നു. എ.ആർ. രാജരാജവർമ്മ ഇരുന്ന കസേരയിൽ ഇടവാ സലാം ഇരുന്നു. തകഴി ശിവശങ്കരപ്പിള്ള ഇരിക്കുന്ന കസേരയിൽ വി.ആർ. സുധീഷ് കയറി ഇരിക്കാൻ ശ്രമിക്കുന്നു. ദേശാഭിമാനി വാരികയിൽ അദ്ദേഹമെഴുതിയ “സന്തപ്തം” എന്ന ചെറുകഥ ഈ മെക്കിട്ടു കയറ്റത്തെ വായനക്കാർക്കു ബോധപ്പെടുത്തിത്തരും. ഗൃഹനായകൻ മരിക്കുന്നതും ബന്ധുക്കൾ കപടദു:ഖം കാണിക്കുന്നതും വന്നെത്തുന്നവർ ‘ഹിപ്പൊക്രസി’യുടെ പ്രതിരൂപങ്ങളായി മാറുന്നതും നമ്മൽ കാക്കത്തൊള്ളായിരം തവണ സാഹിത്യരചനകളിൽ കണ്ടതല്ലേ? കാക്കത്തൊള്ളായിരത്തിയൊന്നാമത്തെ തവണ സുധീഷ് നമ്മുടെ മുന്നിൽ എടുത്തുവൈക്കുന്നു. എന്തെങ്കിലും പുതുമയുണ്ടോ? അതുമില്ല. പുതുമയില്ലെന്നു മാത്രമല്ല, വിശ്വാസ്യതയില്ലായ്മയും ഉണ്ട്. അച്ഛൻ മരിച്ചാൽ മകനും മകളും ദു:ഖിക്കുന്നില്ലായിരിക്കും. എങ്കിലും ഏതു മകളാണ് ശവം കിടക്കുമ്പോൾത്തന്നെ കാമുകനെ ടെലിഫോണിൽ വിളിക്കുന്നത്? സല്ലപിക്കുന്നത്? ഏതു മകനാണ് മദ്യപനാകാൻ ശ്രമിക്കുന്നത്? നിത്യജീവിതത്തിൽ അവരില്ല. കലാലോകത്ത് അവരുണ്ടെന്നു തോന്നണമെങ്കിൽ രചയിതാവ് അമ്മട്ടിൽ അവരെ ചിത്രീകരിക്കണം. ഈ ഇനിപ്പില്ലാത്ത ദോശ ദേശാഭിമാനിയുടെ ശുഭ്രപത്രത്തിൽ എങ്ങിനെ വന്നുവെന്നെനിക്ക് അദ്ഭുതകരം.

* * *

സ്ത്രീയുടെ ഒരു കണ്ണുനീർത്തുള്ളിക്കു ഹിരോഷിമയിൽ ഇട്ട ബോംബിന്റെ ശക്തിയുണ്ട്.

നിദ്രവിട്ടെഴുന്നേൽക്കിൻ! വിഭാതമാ;
യർക്കനല്ലിന്റെ വെള്ളിത്തളികയിൽ
കല്ലെറിയുന്നു, താരങ്ങളംബര-
ന്നുള്ളുഴറിച്ചിതറി മായുംവിധം;
കാൺക ദൂരെ, ക്കിഴക്കൻപ്രദേശമൊ-
ട്ടാകെ വെന്നൊരാ നായാട്ടുനായകൻ
നീൾവെളിച്ചക്കുരുക്കിട്ടു സത്വരം
കീഴ്പ്പെടുത്തുന്നു സുൽത്താന്റെ ഗോപുരം.

ഒമാർ കൈയാമിന്റെ “റുബൈയാത്” ഫിറ്റ്സ്ജെറൾഡ് തർജ്ജമ്മ ചെയ്ത് 1859-ൽ പ്രസിദ്ധപ്പെടുത്തി. അതിലെ ആദ്യത്തെ ചതുഷ്പദകവിതയുടെ ഭാഷാന്തരീകരണമാണ് ഇത്. തർജ്ജമ്മ ചെയ്തത് ശ്രീ. തിരുനല്ലൂർ കരുണാകരൻ (ജനയുഗം വാരിക). അദ്ദേഹത്തിന്റെ ഭാഷാന്തരീകരണങ്ങളെല്ലാം മനോഹരങ്ങളാണ്. ഇതും അങ്ങനെ തന്നെ.