സാഹിത്യവാരഫലം 1994 07 31
സാഹിത്യവാരഫലം | |
---|---|
150px എം കൃഷ്ണന് നായര് | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1994 07 31 |
ലക്കം | 985 |
മുൻലക്കം | 1994 07 24 |
പിൻലക്കം | 1994 08 07 |
വായനക്കാരുടെ പ്രതികരണങ്ങള് | ഇവിടെ നൽകുക |
മെയ്ൻ റോഡിൽ നിന്നു കിഴക്കോട്ടു പോകുന്ന ഡ്രെയ്നേജ് നടപ്പാതയുടെ അരികിലാണ് എന്റെ വീട്. ഈ മലിനജല നിർഗ്ഗമനക്കുഴലുകളുടെ മുകളിലുള്ള പാത മണ്ണിട്ടതാണ്. ലോറികളുടെ ഭാരം താങ്ങുകില്ല ലോഹക്കുഴലുകൾ. മാത്രമല്ല ആ വാഹങ്ങൾ കയറിയാൽ പാതയുടെ രണ്ടു വശങ്ങളും ഇടിയും. അതെല്ലാംകൊണ്ട് അധികാരികൾ ‘ലോറിഗതാഗതം നിരോധിച്ചിരിക്കുന്നു’ എന്ന ബോർഡുകളെഴുതി പാതയുടെ തുടക്കത്തിലും ഒടുവിലും വച്ചിരുന്നു. ഡിപാർറ്റ്മെന്റ് അധികാരിക്ക് മണ്ണുകയറ്റി ലോറി കൊണ്ടുവരേണ്ട ആവശ്യകത ഉണ്ടായപ്പോൾ ഒരു ദിവസം കാലത്ത് ബോർഡിനു ചെറിയ മാറ്റം വന്നു. ‘ലോറി ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു’ എന്ന്. അധികം ദിവസങ്ങൾ കഴിഞ്ഞില്ല. ബോർഡും അതിനെ താങ്ങിയിരുന്ന വീതിയാർന്ന കമ്പും അപ്രത്യക്ഷങ്ങളായി. അതോടെ ലോറികളുടെ നിരന്തരപ്രവാഹമായി. മഴക്കാലത്ത് മുട്ടുവരെ താഴുന്ന ചെളി. ഒരു ദിവസം രാത്രി വൈകിവന്ന ഞാൻ തെരുവുവിളക്കുകളില്ലാത്ത ആ പാതയിൽ കരിങ്കല്ലിലടിച്ചു വീഴുകയും കാലിനു വല്ലാത്ത ക്ഷതം പറ്റുകയും ചെയ്തു. കുറെ നേരം ബോധശ്യൂന്യനായി ഞാൻ ആ ചെളിയിൽ കിടന്നു. ഓർമ്മ വന്നപ്പോൾ എഴുന്നേറ്റു നടക്കാൻ വയ്യ എനിക്ക്. ഞാൻ വീട്ടിലേക്കു ഇഴഞ്ഞുനീങ്ങി ചോരപ്പുരണ്ട വസ്ത്രങ്ങളോടുകൂടി. വീട്ടുകാർ ബന്ധുവിനെ വിളിച്ച് അദ്ദേഹത്തിന്റെ കാറിൽ എന്നെ ആശുപത്രിയിലെത്തിച്ചു. അവിടത്തെ ചികിത്സ കാലുമുറിച്ചു മാറ്റേണ്ട സ്ഥിതിയുണ്ടാക്കുമെന്നു കണ്ടപ്പോൾ ഞാൻ കവിയും നല്ല ഡോക്ടറുമായ ശ്രീ. എം. ജി. ഹരിയെ സമീപിച്ചു. അദ്ദേഹത്തിന്റെ വിദഗ്ദ്ധമായ ചികിത്സകൊണ്ട് ഞാൻ രക്ഷപ്പെട്ടു. ഒരു ചെറിയ ഹേതു — ബോർഡിലെ ചില അക്ഷരങ്ങൾ മാറ്റി വേറെ ചില അക്ഷരങ്ങൾ എഴുതി എന്ന ചെറിയ ഹേതു — വലിയ കാര്യമായിത്തീരുന്നതിനു ഉദാഹരണമാണിത്. ആന വലിയ മൃഗമാണല്ലോ. അതിന്റെ ഒരു ‘കാപിലറി’ — സൂക്ഷമധമനി പൊട്ടിയാൽ അതു മരിച്ചുപോകും. ഇതുപോലെ തന്നെ മഹാഹേതുക്കൾ ക്ഷുദ്ര സംഭവങ്ങൾ ഉണ്ടാക്കും.
It’s a sin
It’s a crime
Now we can’t tell the time
Our neighbourhood watch
Has been stolen
എന്ന് ഒരു കവിയെഴുതുമ്പോൾ ക്ഷുദ്ര സംഭവം മഹാസംഭവത്തിനു ഹേതുവാകുന്നത് നമ്മൾ കാണുന്നു. അദ്ദേഹത്തിന്റെ തന്നെ വേറൊരു കാവ്യശകലം നോക്കുക. Poem against Capital Punishment എന്നു തലക്കെട്ട്.
I live in the capital
and it’s punishment.
Capital punishment എന്നതിനു വധശിക്ഷ എന്ന് അർത്ഥം. വാക്കുകളൊന്നുമാറ്റി തലസ്ഥാനത്തെ താമസം ശിക്ഷയാണെന്നു വരുത്തുന്നു കവി. ഒരു ക്ഷുദ്രസംഭവമാണ് ശ്രീ. ടി. കെ. രാധാകൃഷ്ണന്റെ ‘ഒരു അംബാസിഡർ കാറിന്റെ കഥ’ എന്ന ചെറുകഥയിലുള്ളത്. അച്ഛനമ്മമാരുടെ സമ്മതം കൂടാതെ ഒരുത്തനോടുകൂടി ദാമ്പത്യജീവിതം ആരംഭിക്കാൻ ശ്രമിച്ച ഒരു പെണ്ണ് അയാളുടെ കാറ് — ‘പാട്ടമാരുതി’യാണെന്നു പറഞ്ഞതുകൊണ്ട് കുഴപ്പത്തിലായിപ്പോയി. കാറിനെക്കുറിച്ചുള്ള പ്രസ്താവം കാമുകന് അത്ര രസിച്ചില്ല. അവൾ വീട്ടിലേക്കു തിരിച്ചുപോന്നു. അച്ഛനമ്മമാർക്കു സമാധാനമായി. ക്ഷുദ്ര ഹേതു മഹാകാര്യമാകുന്നതു മാത്രമല്ല ഇവിടെയുള്ളത് സമകാലിക ജീവിതത്തിന്റെ ഒരു പരിച്ഛേദം കൂടിയാണ് ഇക്കഥ. കാലം മാറിപ്പോയിയെന്നും അച്ഛമ്മമാരും മക്കളും തമ്മിലുള്ള ലയത്തിനു മാറ്റം വന്നിരിക്കുന്നുവെന്നും ഞാൻ മുൻപ് പലതവണ എഴുതിയിട്ടുണ്ട്. ആ മാറ്റവും ഇക്കഥയിൽ കാണാം.
Contents
ചോദ്യവും, ഉത്തരവും
കുട്ടികൾ ടാഗോറും മറ്റും പറയുന്നതുപോലെ നിഷ്കളങ്കരാണോ?
- അല്ല. പ്രായമായവരുടെ ക്രൂരതയെക്കാൾ ക്രൂരതയാണവർക്ക്. ആക്രമണവാഞ്ഛ കുട്ടികൾക്കുള്ളതുപോലെ വലിയ ആളുകൾക്കില്ലന്നു വേണം പറയാൻ. പ്രത്യേകിച്ചും ആക്രമണോത്സുകമായ ഈ കാലയളവിൽ പ്രായമായവർ സൗജന്യവും കാരുണ്യവും കാണിക്കുമ്പോൾ കുട്ടികൾ കാർക്കശ്യവും ക്രൂരതയും പ്രദർശിപ്പിക്കുന്നു.
വിവേചനത്തിനു കഴിവുള്ളതുകൊണ്ട് മനുഷ്യൻ അന്തസ്സോടെ പെരുമാറുന്നു. അന്തസ്സുള്ള ഏതെങ്കിലും മൃഗമുണ്ടോ നിങ്ങളല്ലാതെ?
- മൃഗങ്ങൾക്കു മറ്റുള്ളവരെ മൃഗങ്ങളായി കാണാൻ പ്രവണതയുണ്ട് സുഹൃത്തേ. എങ്കിലും ഞാൻ നിങ്ങളോടു പറയട്ടെ ആന അന്തസ്സുള്ള മൃഗമാണെന്ന്. ആന ഒരിണയെ തിരഞ്ഞെടുത്താൽ അത് മരിക്കുന്നതു വരെ വേറെയൊരു പിടിയാനയുടെ അടുത്തു പോകില്ല. മൂന്നു വർഷത്തിലൊരിക്കലേ അതു പിടിയാനയുമായി വേഴ്ച്ചയ്ക്കു പോകൂ. ആ വേഴ്ച്ച രഹസ്യമായിട്ടാണു നടത്തുക. അതു കഴിഞ്ഞാൽ ആറാമത്തെ ദിവസമേ കൊമ്പനാന കാട്ടിൽ വന്നു മറ്റു മൃഗങ്ങളെ കാണൂ. കാട്ടിൽ എത്തുന്നതിനു മുമ്പ് അത് ഏതെങ്കിലും ജലാശയത്തിലിറങ്ങി കുളിക്കുകയും ചെയ്യും. St Francis പറഞ്ഞ ഇക്കാര്യം മീഷൽ ഫൂക്കോ The History of sexuality എന്ന ഗ്രന്ഥത്തിൽ എടുത്തെഴുതിയിട്ടുണ്ട്.
നിങ്ങൾ എന്തിനാണ് എപ്പോഴും പുസ്തകം കൊണ്ടു നടക്കുന്നത്?
- വളരെ വർഷങ്ങൾക്കു മുമ്പ് അങ്ങനെ നടന്നിരുന്നു. ഇപ്പോൾ അതില്ല. ഇനി നടന്നാലും അതൊരു ശീലമാണെന്നു കരുതിയാൽ മതി. ചിലർ ചങ്ങലയുടെ അറ്റത്തുള്ള പട്ടിയുമായി നടക്കുന്നു. പോലീസ് ഉദ്യോഗസ്ഥന്മാർ കാലത്തു നടക്കുമ്പോൾ ഒന്നരയടി നീളമുള്ള ഒരു കമ്പ് കൊണ്ടു നടക്കുന്നു. ചില സ്ത്രീകൾക്ക് എവിടെ പോകണമെങ്കിലും കൂട്ടിനു കുട്ടി ഉണ്ടായിരിക്കണം. എല്ലാം ശീലങ്ങൾ.
ശാലീന സൗന്ദര്യം എന്നു നിങ്ങളും എഴുതുന്നല്ലോ. എന്താണ് അതിന്റെ അർത്ഥം?
- ഞാൻ അങ്ങനെ എഴുതിയതായി ഓർമ്മിക്കുന്നില്ല. ശാലാ എന്ന വാക്കിൽ നിന്നാണ് ശാലീന പദത്തിന്റെ ആവിർഭാവം. ശാലാ എന്നാൽ മുറി എന്നർത്ഥം. ശാലാപ്രവേശനം അർഹതി ശാലീനഃ ‘പെൺകുട്ടികൾ മുറിക്കകത്ത് — വീട്ടിനകത്ത് — ഇരിക്കുന്നതു കൊണ്ടാവണം അവരെ ശാലീനകൾ എന്നു വിളിക്കുന്നത്’. പാണിനിയുടെ അഷ്ടാദ്ധ്യായി എന്ന വ്യാകരണഗ്രന്ഥത്തിൽ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം?
- അന്യരോടു മര്യാദ വിടാതെ പെരുമാറിമ്പോൾ ആ മര്യാദ കൊള്ളരുതായ്മയുടെ പ്രകടനമാണെന്ന് അവർ തെറ്റിദ്ധരിക്കുന്നത്.
പുരുഷൻ സ്ത്രീയെ വിവാഹം കഴിക്കുന്നതെന്തിന്?
- പുരുഷൻ സ്ത്രീയെ വിവാഹം കഴിക്കുന്നത് അവളുടെ ഭൂതകാലത്തെ കുറിച്ച് ചോദിച്ചു
ചോദിച്ചു അവളെ അലട്ടി കൊണ്ടിരിക്കാൻ വേണ്ടി. സ്ത്രീ ആ ദാമ്പത്യ ജീവിതത്തിൽ ഉൾപ്പെടുന്നതു ഭർത്താവിന്റെ വർത്തമാനകാലം നിരീക്ഷിക്കാനായി മാത്രം.
പുരുഷന്മാർക്കായി ഒരു ബ്യൂട്ടിപാർലർ തുറന്ന് നിങ്ങളെ അതിന്റെ മാനേജരാക്കാം. പുരുഷന്മാരുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ നിങ്ങൾ എന്തെല്ലാം ചെയ്യും?
- ഞാൻ പുരുഷന്റെ നാക്കിൽ യാഡ്ലി പൗഡറിടും. തലമുടിയിൽ തിരുപ്പൻ വച്ചു കെട്ടും. ചുണ്ടുകളിൽ കറുത്ത ചായം തേക്കും. പല്ലിൽ ചുവന്ന ലിപ്സ്റ്റിക് തേക്കും. പിന്നെ ഇതൊക്കെയല്ലേ സ്ത്രീകൾ നടത്തുന്ന പാർലറുകളിലും സ്ത്രീകൾക്കായി ചെയ്തു കൊടുക്കുന്നത്? എന്റെ ഉത്തരത്തിൽ മൗലികതയില്ലാത്തതിനാൽ ഖേദിക്കുന്നു.
ഇംഗ്ലീഷ് കവിതയെക്കുറിച്ച് ഭാരതീയർ എഴുതിയ ഏറ്റവും നല്ല പുസ്തകമേത്?
- അമൽകിരൻ (K. D. Sethna എഴുതിയ Talks on Poetry എന്ന പുസ്തകം. Sri. Aurobindo Publication, Pondicherry, Rs. 110).
കുട്ടികൾ നിഷ്കളങ്കരോ
ബുദ്ധിശാലി മാത്രമല്ല സഹൃദയനുമാണ് കാസ്റ്റ്രാ. അദ്ദേഹം ലോകസാഹിത്യത്തിലെ എല്ലാ മാസ്റ്റർപീസുകളും വായിച്ചിട്ടുണ്ട്. നവീന സാഹിത്യത്തിലെ പ്രകൃഷ്ടങ്ങളായ കൃതികൾ വായിച്ചു കൊണ്ടിരിക്കുന്നു.
ഹോതോണിന്റെ (Nathaniel Hawthrone) The Artist of the Beautiful എന്ന സുന്ദരമായ കഥയിൽ ഒരു കുഞ്ഞ് കഥാപാത്രമായിട്ടുണ്ട്. ഒരു കലാകാരൻ യന്ത്ര നിർമ്മിതമായ ചിത്രശലഭം നിർമ്മിച്ച് അതിനെ പറത്താൻ കൊണ്ടു വരുമ്പോൾ ആ കുട്ടി അവിടെ നിൽക്കുകയാണ്. അമ്മയ്ക്കും അച്ഛനും അവന്റെ നില്പു കണ്ട് അഭിമാനം. പക്ഷേ സഹജാവബോധം കൊണ്ടു സത്യം മനസ്സിലാക്കുന്ന കലാകാരന് അവനെ കണ്ടപ്പോൾ മുതൽ അസ്വസ്ഥത. ഭൗതികത്വത്തിന്റെ പ്രതീകമായ മറ്റൊരു കഥാപാത്രത്തെ അടിച്ചു ചെറുതാക്കിയ രൂപമാണ് അവനെന്ന് കലാകാരനു തോന്നി. അന്തരീക്ഷത്തിൽ പറന്ന യന്ത്ര ചിത്രശലഭത്തെ ആ കുട്ടി തന്നെ പിടിച്ച് ഉള്ളം കൈയിൽ വച്ചു ഞെരിച്ചു പൊടിച്ചു കളഞ്ഞു. കുട്ടികൾ ടാഗോറും മറ്റും പറയുന്നതു പോലെ നിഷ്കളങ്കരാണോ? അല്ല. പ്രായമായവരുടെ ക്രൂരതയേക്കാൾ ക്രൂരതയാണവർക്ക്. ആക്രമണവാഞ്ഛ കുട്ടികൾക്കുള്ളതു പോലെ വലിയ ആളുകൾക്കില്ലെന്നു വേണം പറയാൻ. വിശേഷിച്ചും ആക്രമണോത്സുകമായ ഈ കാലയളവിൽ പ്രായമായവർ സൗജന്യവും കാരുണ്യവും കാണിക്കുമ്പോൾ കുട്ടികൾ കാർക്കശ്യവും ക്രൂരതയും പ്രദർശിപ്പിക്കുന്നു. ചെറുപ്പകാർക്ക് പ്രായം കൂടുന്തോറും സമര പരിപാടികളിൽ അവർ അനാസക്തരായി ഭവിക്കുന്നു. കുട്ടികൾ വിദ്യാഭ്യാസ രീതി കൊണ്ടും ആക്രമണകാരികളുടെ ഉദ്ബോധനം കൊണ്ടും ടെലിവിഷനിലെ ഹനന പ്രക്രിയാദർശനം കൊണ്ടും യുദ്ധ കൊതിയന്മാരായി തീരുന്നു. ഈ വസ്തുതയെ സറ്റയറിന്റെ മട്ടിൽ ആവിഷ്കരിക്കുന്ന ചെറുകഥയാണ് ശ്രീ. കെ. രഘുനാഥന്റെ “കളിപ്പണ്ടാരം” (മാതൃഭൂമി ആഴ്ചപ്പതിപ്പ്) കഥയുടെ വിഷയത്തിനു പുതുമയില്ലെങ്കിലും അതിലൂടെ കഥാകാരൻ നടത്തുന്ന സാന്മാർഗ്ഗിക മൂല്യ നിർണ്ണയത്തിന് പ്രസക്തി ഏറെയുണ്ട്.
ഭാവാത്മകത
ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത് ഒരു കവിയുടെ കൊച്ചു കാവ്യങ്ങളെ കുറിച്ച് എഴുതിയല്ലോ. അദ്ദേഹത്തിന്റെ വേറൊരു ഹ്രസ്വകാവ്യത്തെ കുറിച്ചുകൂടി എഴുതാൻ കൗതുകമെനിക്ക്.
One son at each corner
of the bed
on which I lie
:
Four sons, the bearers
of the coffin
when I die
[Four Sons(A wish)]
ഒരു ക്ഷുദ്രസംഭവം സൂചിപ്പിച്ച് ഒരു മഹാസംഭവത്തെ ധ്വനിപ്പിക്കുകയാണ് കവി. ഇതൊരു വൈദഗ്ദ്ധ്യം തന്നെയാണ്, തികച്ചും കവിതയല്ലെങ്കിലും. എന്നാൽ നിസ്സാര സംഭവങ്ങൾ ധ്വനിപ്പിച്ച് കവിതയാക്കുന്ന പ്രക്രിയയാണ് ദേശാഭിമാനി വാരികയിലെ “ചായ” എന്ന ചെറുകഥയിൽ ഞാൻ കണ്ടത്. കഥാകാരനായ ശ്രീ. റ്റി. എൻ. പ്രകാശ് കഥ പറയുന്ന ആളിന്റെ ദാഹത്തെക്കുറിച്ചു പറയുന്നു. ചായ കുടിക്കാനാണ് അയളുടെ ആഗ്രഹം. അമ്മ തയ്യാറാക്കിവച്ച ചായ കുടിക്കാൻ അയാൾക്കു സമയമില്ല. ഒരു പ്രൊഫസറെ കാണണം. അദ്ദേഹത്തിന്റെ വീട്ടിലേക്കു പോകുമ്പോഴും അവിടെച്ചെന്നു മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴും അയാളുടെ അദമ്യമായ പിപാസയ്ക്കു പ്രാധാന്യം വരുന്നു. അതിനിടയ്ക്ക് രാഷ്ട്രവ്യവഹാരം, സാമൂഹികാവസ്ഥ ഇവയെല്ലാം ആവിഷ്കരിക്കപ്പെടുന്നു. ഒട്ടും കലാത്മകങ്ങളല്ലാത്ത ഈ വിഷയങ്ങളെ കഥാകാരൻ ഭാവനകൊണ്ട് ഭാവാത്മകങ്ങളാക്കിയിരിക്കുന്നു. നവീനങ്ങളായ ചെറുകഥകൾക്കു പ്ലോട്ടില്ല. ആ പ്ലോട്ടില്ലായ്മയിലൂടെ ജീവിതം പ്രകശിപ്പിക്കുകയാണ് അവർ. ഈ നൂതന രീതിക്കും നിദർശകമാണ് പ്രകശിന്റെ സുന്ദരമായ ഈ ചെറുകഥ.
മഹനായ കാസ്റ്റ്രോ
നവീനങ്ങളായ ചെറുകഥകൾക്ക് പ്ലോട്ടില്ല. ആ പ്ലോട്ടില്ലായ്മയിലൂടെ ജീവിതം പ്രകാശിപ്പിക്കുകയാണവർ.
തോമസ് ബോർഹെ (Tomas Borge) നിക്കരാഗ്വേയിലെ ആഭ്യന്തരമന്ത്രിയായിരുന്നു. (Sandinista Govt.) പ്രസിദ്ധനനായ കവിയും ഗദ്യകാരനുമായ ബോർഹേ ക്യൂബയിലെ കാസ്റ്റ്രോയുമായി 1992 ഏപ്രിൽ 18dash;20 തീയതികളിൽ നടത്തിയ സംഭാഷണങ്ങൾ ഗ്രന്ഥരൂപത്തിൽ പ്രസാധനം ചെയ്തിരിക്കുന്നു. (പ്രസധനവർഷം 1994) ചരിത്രവും ഭാവിതലമുറയും, സോവിയറ്റ് യൂണിയന്റെ നിഗ്രഹവും നൂതന ലോകവ്യവസഥിതിയും, പ്രജാധിപത്യം, ക്യൂബയും അമേരിക്കൻ ഐക്യനാടുകളും, ലാറ്റിനമേരിക്ക, വൈദ്യശാസ്ത്രത്തിലെ പുരോഗതി, സാഹിത്യകൃതികൾ ഇങ്ങനെ എന്തെല്ലാം വിഷയങ്ങളെക്കുറിച്ചാണ് കാസ്റ്റ്രോ അഭിപ്രായം പറയുന്നത്. ഇപ്പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ രാഷ്ട്രവ്യവഹാരമണ്ഡലത്തിലെ നേതാക്കന്മാരിൽ അദ്വിതീയനായ ബുദ്ധിമാനാണ് കാസ്റ്റ്രോ എന്ന് എനിക്കു തോന്നി. വായനക്കാർക്കും ആ പ്രതീതിതന്നെയുണ്ടാകുമെന്നാണ് എന്റെ വിശ്വാസം.
ബുദ്ധിശാലി മാത്രമല്ല സഹൃദയനുമാണ് കാസ്റ്റ്രോ. അദ്ദേഹം ലോകസാഹിത്യത്തിലെ എല്ലാ മാസ്റ്റർപീസുകളും വായിച്ചിട്ടുണ്ട്. നവീന സാഹിത്യത്തിലെ പ്രകൃഷ്ടങ്ങളായ കൃതികൾ വായിച്ചുകൊണ്ടിരിക്കുന്നു. അഭിമുഖസംഭാഷണം നടന്ന വേളയിൽ പേട്രിക് സൂസ്കിൻറിന്റെ വിശ്വപ്രസിദ്ധമായ ‘Perfume’ വായിക്കുകയായിരുന്നു അദ്ദേഹം. മുപ്പതു പുറങ്ങൾ ബാക്കിയുള്ളപ്പോഴായിരുന്നു ബോർഹേ സംഭാഷണത്തിന് ഏത്തിയത്. സൂസ്കിൻറിന്റെ നോവൽ കാസ്റ്റ്രോയുടെ വിജ്ഞാനമണ്ഡലം വികസിപ്പിച്ചു.
ഗാർസി ആ മാർകേസിന്റെ എല്ലാക്കൃതികളും വായിച്ചിട്ടുണ്ട് കാസ്റ്റ്രോ. I’ve read all of garcia Marquez’s books, I think, and a lot of other Latin American literature, through I still have much to read. എന്നു കാസ്റ്റ്രോയുടെ വാക്യങ്ങൾ.
സാവേദ്ര തേർവാന്റസിന്റെ (Saavedra Cervantes, 1547–1616) ദോൻ കീ ഹോതെയും (Don Quixote) ദസ്തെയെവ്സ്കിയുടെ എല്ലാ നോവലുകളും റൊമാങ് റൊളാങ്ങിന്റെ ഷാങ് ക്രിസ്തോഫും (Romആര്ക്കു ശക്തിവിശേഷം ലോകത്തു് കൊണ്ടുവന്നു് പരിവര്ത്തനം വരുത്താന് കഴിയുമോ അയാള്/അവള് ജീനിയസ് Ain Rolland, Jean Christophe) യുഗോയുടെ ‘പാവങ്ങ’ളും ബൽസാക്കിന്റെ Human Comedy എന്ന പരസ്യ നോവലുകളും വായിച്ച കാസ്റ്റ്രോ സാഹിത്യത്തിലെ നൂതന പ്രവണതകളെയും അംഗീകരിക്കുന്നു.
- Tomas Borge
- Have you read Cortazar?
- Fidel Castro
- Not much.
- Tomas Borge
- You should really read him?
- Fidel Castro
- All right, thanks of the tip. I will put him at the top of my list. Which book would you recommend?
- Tomas Borge
- All of his short stories and his novels Rayuela (Hopscotch) Ellibro de Manuel (The book of Manuel) and Los premios (The Awards).
കാസ്റ്റ്രോയുടെ മറുപടിയിലെ വിനയവും ചോദ്യകർത്താവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും നോക്കുക. മഹാന്മാർ എപ്പോഴും മഹാന്മാർ തന്നെ.
സാംസ്കാരിക നയത്തിൽ ക്യൂബ വിപ്ലവത്തിനുശേഷം ഒരു തെറ്റും വരുത്തിയിട്ടില്ലെന്നാണ് ബോർഹെയുടെ വിചാരം. കലയുടെ വികസത്തിൽ, വിശേഷിച്ചും സാഹിത്യത്തിന്റെ വികാസത്തിൽ കാസ്റ്റ്രോ തന്നെയാണ് മുൻകൈയെടുത്തതെന്ന് അദ്ദേഹം നമ്മളെ അനുസ്മരിപ്പിക്കുന്നു.
ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി, വദാജ്ജനോചിതമായി അഭിപ്രായം പറയാൻ കാസ്ട്രോക്കു കഴിയും. സ്വവർഗ്ഗാനുരാഗത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം എന്താണെന്ന് ബോർഹേ ചോദിച്ചു. കാസ്ട്രോയുടെ മറുപടി ഇങ്ങനെ: I don’t consider homosexuality to be a phenomenon of degeneration. I’ve always had a more rational approach. Considering it to be one of the natural aspects and tendencies of human beings which should be respected.
കാസ്ട്രോയുടെ മതങ്ങളോടെല്ലാം നമ്മൾ യോജിക്കണമെന്നില്ല. പക്ഷേ ഓരോ ഉത്തരത്തിലും ധിഷണയുടെ സ്ഫുലിംഗമുണ്ട്. അതു നമുക്ക് ആഹ്ലാദമരുളും.
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
ഇംഗ്ലീഷ് കവിതയെക്കുറിച്ച് ഭാരതീയർ എഴുതിയ ഏറ്റവും നല്ല പുസ്തകമേത്?
- അമൽ കിരൺ (K.D. Sethna) എഴുതിയ Talks on Poetry എന്ന പുസ്തകം. Sri. Aurobindo Publication, Pondicherry, Rs. 110.
ചങ്ങനാശ്ശേരിയിലെ ഒരു കോളേജിൽ ജോലി നോക്കിയിരുന്ന ഒരു പ്രൊഫസ്സറെ ആകാശവാണി, വയലാർ രാമവർമ്മയുടെ കവിതയെക്കുറിച്ച് പ്രസംഗിക്കാൻ ക്ഷണിച്ചു. ചങ്ങനാശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്ന് തിരിച്ച് ചങ്ങനാശ്ശേരിയിലേക്കും ഉള്ള റ്റി. എ., പിന്നെ പ്രഭാഷണത്തിനു നൽകുന്ന പ്രതിഫലം. നല്ല തുക. വയലാർ രാമവർമ്മയുടെ ഒരു കാവ്യവും വായിച്ചിട്ടില്ലാത്ത അദ്ദേഹം തിരുവനന്തപുരത്തെത്തി പ്രശസ്തനായ ഒരു കവിയുടെ വീട്ടിൽ ചെന്നു. തന്റെ അജ്ഞത മറച്ചുവച്ചുകൊണ്ട് ‘Let us discuss’ എന്ന മട്ടിൽ കവിയോട് അദ്ദേഹം രാമവർമ്മയെക്കുറിച്ച് സംസാരിച്ചു തുടങ്ങി. കവി ബുദ്ധിശാലിയായിരുന്നതു കൊണ്ട് ആഗതന്റെ അജ്ഞത താൻ അറിഞ്ഞുവെന്നു ഭാവിക്കാതെ രാമവർമ്മക്കവിതയെക്കുറിച്ച് പലതും പറഞ്ഞു കൊടുത്തു. പ്രൊഫസ്സർ അതെല്ലാം മനസ്സിൽ കുറിച്ചു വച്ചു. രാമവർമ്മയുടെ കവനരീതിയെക്കുറിച്ച് കവി പ്രശംസാപരങ്ങളായി പറഞ്ഞ അഭിപ്രായങ്ങൾ അല്പം കഴിഞ്ഞ് കടലാസ്സിൽ രേഖപ്പെടുത്തി റേഡിയോ നിലയത്തിൽ നിന്ന് ശ്രോതാക്കളുടെ മുഖങ്ങളിലേക്ക് നിഷ്ഠീവനം ചെയ്യാമെന്നു കരുതി അദ്ദേഹം എഴുന്നേറ്റു. പോകുന്നതിനു മുൻപ് കവിയോടൊരു ചോദ്യം:
വയലാർ രാമവർമ്മ കോൺഗ്രസ്സുകാരൻ തന്നെയോ?
- കവി: അല്ല, കമ്മ്യൂണിസ്റ്റ്. അതുകേട്ട പാടെ പ്രൊഫസ്സറുടെ ഭാവം മാറി. സ്വന്തം കൈകൾ മെല്ലെ തമ്മിലടിച്ചുകൊണ്ട് അദ്ദേഹം മൂന്നു തവണ മൊഴിയാടി. “അപ്പോൾ അയാളെ എതിർക്കണം. അപ്പോൾ അയാളെ എതിർക്കണം. അപ്പോൾ അയാളെ എതിർക്കണം.” റേഡിയോ പ്രഭാഷണം ഞാൻ കേട്ടില്ല. തീർച്ചയായും പ്രൊഫസ്സർ രാമവർമ്മയെ എതിർത്ത് പലതും പറഞ്ഞിരിക്കും.
- ശ്രീ. ഇ. എം. എസ്സ്. ‘World figure’ ആണെന്ന് സ്ഥാപിച്ചു കൊണ്ട് ഞാൻ ശ്രീ. ഐ. വി. ദാസ് എഡിറ്റ് ചെയ്ത “ഇ. എം. എസ്സ്.” എന്ന ഗ്രന്ഥത്തിൽ ലേഖനമെഴുതി. അതിൽ അദ്ദേഹത്തിന്റെ സാഹിത്യവിഷയകമായ സിദ്ധാന്തത്തെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. ആ പ്രതിപാദനത്തിൽ ഒരു തെറ്റുമില്ലതാനും. എന്നിട്ടും ഗ്രന്ഥം നിരൂപണം ചെയ്ത ശ്രീമതി. വൽസല പറഞ്ഞിരിക്കുന്നു: “സാഹിത്യചിന്ത ഇതു മാത്രമേ ആകാവൂ എന്നു സിദ്ധാന്തിക്കുന്നവർ ഇ. എം. എസ്സിന്റെ മാനസികോന്നതിയും ഔദാര്യവും ഉൾക്കൊള്ളാൻ കഴിയാത്തവരാണ്.” ഇ. എം. എസ്സിന് മാനസികോന്നമനവും ഔദാര്യവും മാത്രമല്ല അവയേക്കാൾ വിശിഷ്ടങ്ങളായ ഏറെ ഗുണങ്ങൾ ഉണ്ടെന്നാണ് എന്റെ ലേഖനത്തിൽ ഞാൻ വാച്യമായിത്തന്നെ ആവിഷ്കരിച്ചത്. എങ്കിലും ശ്രീമതിക്ക് റേഡിയോ നിലയത്തിൽ എത്തിയ പ്രൊഫസ്സറുടെ മാനസികനില. ‘കൃഷ്ണൻ നായരോ? അയാളെ എതിർത്തേ മതിയാവൂ’ എന്നാണ് വൽസലയുടെ മട്ട്. ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് കൂറ്റ്സേക്ക് ഞാൻ കത്തുകൾ എഴുതാറുണ്ട്. അദ്ദേഹം എനിക്ക് മറുപടികൾ അയക്കാറുണ്ട്. കൂറ്റ്സെയെ ആദരിക്കുന്ന ഒരെഴുത്തുകാരി കോഴിക്കോട്ടുണ്ടെന്ന് ഞാനിതുവരെ അദ്ദേഹത്തെ അറിയിച്ചിട്ടില്ല. ശ്രീമതിയുടെ ആ ആദരവും പ്രതിഭയും വളരെ കേമമാണെന്ന് ഇനി എഴുതി അറിയിക്കാം.
- ഒരു വൈദ്യൻ ‘സാഹിത്യവാരഫല’മെന്ന ശീർഷകത്തിൽ വരുന്ന ഈ കോളം ലാത്തിയാണെന്ന് പറഞ്ഞിരിക്കുന്നു. വൈദ്യൻ എന്നു പറഞ്ഞതുകൊണ്ട് അലോപ്പതി, ഹോമിയോപ്പതി, ആയുർവ്വേദം ഇവ പ്രാക്റ്റീസ് ചെയ്യുന്ന പരോപകാര തല്പരരിൽ ഒരാളാണെന്ന് തെറ്റിദ്ധരിക്കരുത്. A comparative study of the anterior and posterior ends of a rat’s tail with special reference to the poetry of Ponkunnam Syed Muhammad എന്നോ മറ്റോ ഒരു വിഷയമെടുത്ത് കടലാസ്സിന്റെ മുക്കാൽ ഭാഗത്ത് എന്തെങ്കിലും എഴുതുക. കാൽ ഭാഗത്തിന്റെ മുകളിലായി ഒരു വരയിടുക. വരയ്ക്കു താഴെയായി ചില കുറിപ്പുകളെഴുതുക, ഇങ്ങനെ അഞ്ഞൂറുപുറങ്ങൾ എഴുതി അതിനു തീസിസ് എന്നുപേരിട്ട് അയാളെക്കാൾ ബുദ്ധികുറഞ്ഞവരെക്കൊണ്ട് അംഗീകരിപ്പിച്ച് വൈദ്യൻ എന്ന സ്ഥാനപ്പേരുനേടുക — ഇതൊക്കെച്ചെയ്ത് പേരിന്റെ ആദ്യം ഡ്ർ എന്ന് എഴുതി ഞെളിഞ്ഞുനടക്കുന്നവനാണ് വൈദ്യൻ.
പ്രതിഭാശാലിയായ ശ്രീ. അനന്തമൂർത്തിയും സമുന്നതരായ രണ്ടു പ്രാഡ്വിവാകരും ഈ കോളത്തിന്റെ ഇംഗ്ലീഷ് തർജ്ജമ വായിച്ചാണ് ഇതിന്റെ രചയിതാവിന് ഒരുലക്ഷം രൂപ സമ്മാനമായി നല്കിയത്. വൈക്കംമുഹമ്മദ് ബഷീർ, എൻ. വി. കൃഷ്ണവാരിയർ, നയൻതാരാ സെഗാൾ ഇവർ വാഴ്ത്തിയതാണ് ഈ കോളം. ഇതിന്റെ ഇംഗ്ലീഷ് തർജ്ജമ വായിച്ച് ശ്രീ. അദ്വാനി എനിക്ക് ഹസ്തദാനം ചെയ്തു. ബോഫോഴ്സ് കെയ്സ് വെളിച്ചത്തുകൊണ്ടുവന്ന ശ്രീമതി ചിത്ര അഭിനന്ദനാർഹമായി എന്തെല്ലാം പറഞ്ഞു എന്നോട്. ഇതു തർജ്ജമ ചെയ്യിച്ചു വായിക്കുന്ന ലണ്ടനിലെ ഒരു മദാമ്മ എനിക്കു Ford Madox Ford എന്ന ജീവചരിത്രഗ്രന്ഥം അയച്ചുതന്നു. എന്നിട്ടും ഇവിടെയൊരു വൈദ്യന് ഇത് ലാത്തി. ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം.
|
|