നിരീക്ഷണങ്ങള്‍
|
1985
സാഹിത്യവാരഫലം 1985 09 29
വിന്‍സിയും ബിയാട്രീസും അന്യോന്യം സ്നേഹിച്ചവര്‍. ഭീരുവായ വിന്‍സി ബിയാട്രീസിനെ വിവാഹം കഴിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീടു് അയാള്‍ സുഷയെ കല്യാണം കഴിച്ചു. നാട്ടില്‍ വന്നിട്ടു് അമേരിക്കയിലേക്കു തിരിച്ചു പോയ ബിയാട്രീസ് പൂര്‍വ്വകാമുകന്റെ മകന് ഒരു പേരു നിര്‍ദ്ദേശിച്ചു. വിന്‍സിയേയും സുഷയേയും കൂട്ടിചേര്‍ക്കുന്ന പേര്. സുഷയ്ക്കു അതിഷ്ടവുമായി. ഭര്‍ത്താവു് പൂര്‍വ്വകാമുകിയെ കാണാന്‍ പോയതിലും അവള്‍ക്കു നീരസമില്ല. ഭാര്യയും ഭര്‍ത്താവും സ്നേഹത്തിന്റെ നീര്‍ക്കയത്തില്‍ മുങ്ങി കൈയും കാലുമിട്ടടിക്കുമ്പോള്‍ ബാബു തടത്തില്‍ മംഗളം വാരികയിലെഴുതിയ “നന്ദി, ബിയാട്രീസ്” എന്ന കഥ അവസാനിക്കുന്നു — സംസ്കാരത്തെ പിടിച്ചു പിറകോട്ടു വലിക്കുന്നവര്‍ തങ്ങളുടെ അധമകൃത്യത്തെക്കുറിച്ച് അറിയുന്നില്ല എന്നതാണ് ഇന്നത്തെ വലിയ തകരാറു്. ബാബു തടത്തില്‍ അതറിഞ്ഞെങ്കില്‍!
ജനയുഗം വാരികയില്‍ അമൃതാ പ്രീതത്തിന്റെ ‘മെഴുകുതിരി’ എന്ന കവിതയുടെ തര്‍ജ്ജമയുണ്ടു് (കെ. രാധാകൃഷ്ണന്‍ തര്‍ജ്ജമ ചെയ്തത്).
“ഒരു പള്ളിയിലെ മെഴുകുതിരിയാണ് ഞാന്‍. നിത്യവും നെഞ്ചിലെ അഗ്നിയെ കാലുകളിലേക്കിറക്കിയിട്ട് ഞാന്‍ പള്ളിയില്‍ നിന്നു പുറത്തു കടക്കും.” എന്നു അതിന്റെ തുടക്കം. സില്‍വിയാ പ്ലാത്തും Candles എന്നൊരു കാവ്യം രചിച്ചിട്ടുണ്ട്.
“They are the last romantics, these candles:
Upside down hearts of Light tripping wax fingers
And the fingers, taken in by their own haloes
Grown milky, almost clear, like the bodies of saints
It is touching, the way they’ll ignore”
എന്നു് ആരംഭം. അമൃതാ പ്രീതത്തിന്റെതു ദുഷ്കവിത; സില്‍വിയാ പ്ലാത്തിന്റേതു ഉജ്ജ്വലമായ കവിത എന്ന് ഇതു തെളിയിക്കും.
മകന്‍ പൂയം നക്ഷത്രത്തില്‍ ജനിച്ചതു കൊണ്ടു് തനിക്കോ ഭര്‍ത്താവിനോ ആപത്തു വരുമെന്നു അവള്‍ക്കു പേടി. ആ പേടിയോടു കൂടി ഉറങ്ങുമ്പോള്‍ അവള്‍ അയാളുടെ മുതുകു കടിച്ചുമുറിച്ചു. ഭര്‍ത്താവു് ഉണര്‍ന്ന് കാര്യം മനസ്സിലാക്കി അവളെ ആശ്വസിപ്പിക്കുന്നു; അന്ധവിശ്വാസം അകറ്റുന്നു. ഇത് സുമതിക്കുട്ടി പെരുവന്താനം പൗരധ്വനി വാരികയില്‍ എഴുതിയ ‘ശാന്തിയുടെ വഴി’ എന്ന കഥ — ക്ഷമയെപ്പോലെ ക്ഷമിക്കണം എന്നതു നല്ല ഉപദേശം. പക്ഷേ, ഇക്കഥ വായിച്ചപ്പോള്‍ ഞാന്‍ ക്ഷമയായെങ്കില്‍ എന്നു് എനിക്കഭിലാഷം (ക്ഷമ = ഭൂമി).
1991
സാഹിത്യവാരഫലം 1991 04 28
- ഇരുപതാം ശതാബ്ദത്തിലെ ഏററഴും വലിയ നോവലിസ്റ്റ് പ്രൂസ്താണ്. അദ്ദേഹത്തിന്റെ ‘Remembrance of Things Past’ എന്ന നോവല്‍ വായിക്കാത്തവര്‍ സാഹിത്യമെന്തെന്ന് അറിയുന്നില്ല.
- Frazer എഴുതിയ ‘Golden Bough’. Sherrington എഴുതിയ ‘Man on his Nature’ ഈ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ ചിന്താമണ്ഡലത്തിന്റെ വ്യാപ്തിയും ഔന്നത്യവും അറിഞ്ഞവരില്ല. തെരുവുതെണ്ടിയുടെ ശ്വാസകോശം കാര്‍ന്നു തിന്നുന്ന ക്ഷയരോഗാണു തന്നെയാണ് പ്രതിഭാശാലിയായ കീററ്സിന്റെയും ശ്വാസകോശത്തെ നശിപ്പിച്ചത് എന്ന സൂചിപ്പിച്ചിട്ട് ഷെറിങ്ടന്‍ പ്രകൃതിയെക്കുറിച്ചു പറയുന്നു:
“... Nature, though she has evolved life makes no appraisal of it. She has no lives of higher worth or of lower worth because to her all lives are without worth” (Page 282, Penguin Books).
- ടെനിസണ്‍ stupidest (ഏററവും മൂഢനായ) കവിയാണെന്ന് W. H. Auden എന്ന മഹാനായ കവി പറഞ്ഞു. അതുകേട്ട് മറ്റൊരു മഹാനായ കവി റ്റി. എസ്. എല്‍യെററ് അഭിപ്രായപ്പെട്ടു ഓഡന്‍ പണ്ഡിതനല്ലെന്ന്; പണ്ഡിതന്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ മണ്ടന്മാരായ കവികളെ അദ്ദേഹം കണ്ടുപിടിക്കുമായിരുന്നുവെന്ന്, എല്‍യെററും ഓഡനുമെവിടെ? ഞാനെവിടെ? എങ്കിലും എഴുതട്ടെ. ടെനിസണ്‍ എന്ന കവിയെ അങ്ങനെ പുച്ഛിക്കേണ്ടതില്ല.
- വിമര്‍ശകന്‍ നിശിതമായി വിമര്‍ശിക്കുമ്പോള്‍ രചയിതാവിനു കോപവും ശത്രുതയുമുണ്ടാകും, പക്ഷേ ആ വികാരങ്ങള്‍ ക്ഷണികങ്ങളാണ്. അവയുടെ കൂടെത്തന്നെ വിമര്‍ശകന്റെ നേര്‍ക്കു രചയിതാവിന് ലേശം ബഹുമാനം ഉണ്ടായെന്നു വരും. മഹാകവി ജി. ശങ്കരക്കുറുപ്പിനെ ഒരു ദയയുമില്ലാതെ വിമര്‍ശിച്ചു പ്രഫെസര്‍ ജോസഫ് മുണ്ടശ്ശേരി. പക്ഷേ കാലം കഴിഞ്ഞപ്പോള്‍ അവര്‍ സുഹൃത്തുക്കളായി. എന്നാല്‍ സദസ്സിന്റെ മുന്‍പില്‍ വച്ച് പ്രഭാഷകനെ അദ്ധ്യക്ഷന്‍ പരിഹസിച്ചാല്‍ അയാള്‍ക്ക് അതു മറക്കാനൊക്കുകയില്ല. ശത്രുത ദിനംപ്രതി വര്‍ദ്ധിക്കുകയെയുള്ളു. സമ്മേളനങ്ങളില്‍ വച്ച് എൻ. ഗോപാലപിള്ളസ്സാര്‍ പലരെയും തേജോവധം ചെയ്തിട്ടുണ്ട്. അവര്‍ അദ്ദേഹത്തിന്റെ ശത്രുക്കളായി എല്ലാക്കാലത്തും വര്‍ത്തിച്ചു. പരിഹസിക്കപ്പെടുമ്പോള്‍ വ്യക്തി മാനസികമായി തളരും. ആ തളര്‍ച്ചയില്‍ നിന്ന് അയാള്‍ ഒരിക്കലും രക്ഷപ്പെടില്ല.
- നവീന ഗദ്യകാരന്മാരുടെ രചനകള്‍ ദുര്‍ഗ്രങ്ങളാണെന്നു മറ്റുള്ളവര്‍ പറയുമ്പോള്‍ അവര്‍ കോപിക്കേണ്ടതില്ല. തങ്ങള്‍ എഴുതിയതിന്റെ മുന്‍പില്‍ തങ്ങളെത്തന്നെ പ്രതിഷ്ഠിച്ച് അവര്‍ വായനക്കാരായിമാറി വായിച്ചുനോക്കണം. അപ്പോള്‍ തങ്ങള്‍ എഴുതിയത് മനസ്സിലാകുന്നില്ലല്ലോ എന്ന് അവര്‍ക്ക് മനസ്സിലാകും.
|
|