പലവക
|
Contents
1985
സാഹിത്യവാരഫലം_1985_11_24
അടിപതറുന്നൂയിനിനടക്കുവാന്‍
വടിയുണ്ടായാലുമിടയ്ക്കിടറുന്നൂ
തനു കുഴയുന്നൂ മനം കലങ്ങുന്നൂ
ചെകിടടയുന്നൂ നയനം മങ്ങുന്നു.കുറ്റിക്കോല്‍ ശങ്കരന് എമ്പ്രാന്തിരി മംഗളം വാരികയിലെഴുതിയ ‘ശാക്തേയം’ എന്ന ‘കാവ്യ”ത്തിന്റെ ആരംഭം ഇങ്ങനെ. ഇത് നോവലല്ല. ചെറുകഥയല്ല, ആത്മകഥയല്ല, പ്രബന്ധമല്ല, ഹാസ്യരചനയല്ല, ഒന്നു മല്ലാത്തതുകൊണ്ടു കവിത തന്നെ, തന്നെ തന്നെ.
- ഏതു ബന്ധു എന്നെ കാണാത്ത മട്ടില്‍പോയാലും എനിക്കു് ഒരു വൈഷമ്യവുമില്ല. കാരണം അങ്ങനെയുള്ളവരെ നോവലിലെ കഥാപാത്രങ്ങളെപ്പോലെ ഞാന്‍ പരിഗണിക്കുന്നു എന്നതാണു് എന്നാല്‍ രചനകളിലെ വ്യക്തികള്‍ എന്റെ ബന്ധുക്കളും മിത്രങ്ങളുമാണു് അതുകൊണ്ടു് മിസ്സിസ് റെയ്ച്ചല്‍ തോമസ് അവതരിപ്പിക്കുന്ന “നീലക്കണ്ണുകളും സ്വര്‍ണ്ണത്തലമുടിയും ഉള്ള ബ്രിട്ടീഷ് സുന്ദരി” എന്റെ ബന്ധുതന്നെ. ആ പെണ്‍കുട്ടിയെ നേരിട്ടു കാണാന്‍ കഴിഞ്ഞെങ്കില്‍! (മനോരാജ്യംവാരിക)
- ഇടതുപക്ഷ ചിന്താഗതിയുള്ള വൈക്കം ചന്ദ്രശേഖരന് നായര്‍ ഇന്ദിരാ ഗാന്ധിയെക്കുറിച്ചു കുമാരി വാരികയില്‍ എഴുതിയതു നന്നായി. നക്ഷത്ര യുദ്ധം നടത്താന്‍ തയ്യാറായി നിൽക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിറത്തില്‍ കാണിച്ചുതരികയും പുരോഗമനാത്മകങ്ങളായ ആശയസംഹിതകള്‍ പുലര്‍ത്തിക്കൊണ്ടു പൊരുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഇന്ദിരാ ഗാന്ധി ഇടതുപക്ഷക്കാര്‍ക്കു പോലും ആദരണീയയാണല്ലോ.
- “എറണാകുളത്തു സര്‍ക്കാര്‍ റോഡിലെ കുഴിയില്‍വീണു് രണ്ടു സ്കൂട്ടര്‍യാത്രക്കാര്‍ മരണമടഞ്ഞു.
- തിരുവനന്തപുരത്തു് സര്‍ക്കാരിന്റെ റോഡരികില്‍ ഇട്ടിരുന്ന പൊതുമരാമത്തുവക റോഡ്റോളറില്‍ ചെന്നിടിച്ചതിന്റെ ഫലമായി ഒരു സ്ക്കൂട്ടര്‍ യാത്രക്കാരന് മരണമടഞ്ഞു. ഈ രാജ്യത്തു് ഭരണം കൊണ്ടുപിടിച്ചു നടക്കുന്നു. ഇവിടെ ചോദിക്കാനും പറയാനും ആളുകള്‍ ഉണ്ടു് എന്നതിനു് ഇതില്കൂടുതല് തെളിവുവേണോ...?
- മഹത്തായ ഈ രാജ്യത്തുനിന്നു്, ഈ യോഗക്ഷേമരാഷ്ട്രത്തില്‍നിന്നു് എന്നേക്കും എന്നെന്നേക്കുമായി സലാം പറഞ്ഞുപോയവരെ, നിങ്ങള്‍ ഭാഗ്യവാന്മാര്....!”
- ഇതു് തോമസ് പാല പറഞ്ഞതാണു് (മാമാങ്കം വാരിക). മൂര്‍ച്ചയുള്ള സറ്റയര്‍ മാംസപേശികള്‍ പിളര്‍ന്നു് അതു് അങ്ങു് അകത്തുചെന്നിട്ടും അധികാരികള്‍ അറിയാത്തതു് അവരുടെ കാഠിന്യം കൊണ്ടാവാം. വാസവദത്തയുടെ നഗ്നത മറയ്ക്കപ്പെട്ടു. “മഹിളമാര്‍ മറക്കാമാനം” എന്നു കവി. ലൂയി പതിനാറാമന്റെ സഹോദരി ഇലിസബത്തിനെ കഴുത്തുമുറിച്ചു കൊന്നു വിപ്ലവാകാരികള്‍. മരിക്കുന്നതിനുമുന്പ് In the name of modesty cover my bosom എന്നു് അവര്‍ ആവശ്യപ്പെട്ടു. വേശ്യക്കും ജനദ്രോഹം ചെയ്തവള്‍ക്കും ഉണ്ടായിരുന്ന മാന്യതയുടെ ബോധം റോഡിലെ കുഴിമൂടാത്തവര്‍ക്കും റോഡരികില്‍ റോളര്‍ ഇടുന്നവര്‍ക്കും ഇല്ലല്ലോ.
കേരളത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും ഇവിടത്തെ അനീതികള്‍കണ്ടു് “ഈശ്വരാ ഞാന്‍ മരിക്കാറായി” എന്നു സന്തോഷത്തോടെ പറയുന്നദിനം സമാഗതമാകാന്‍ പോകുന്നു.
സാഹിത്യവാരഫലം_1985_12_01
- മുണ്ടശ്ശേരിയുടെ ഷഷ്ട്യബ്ദപൂര്‍ത്തി തൃശൂരുവച്ചു് ആഘോഷിക്കുന്ന സന്ദര്‍ഭം. കാലത്തു് ഏഴു മണിക്കു തുടങ്ങിയ സമ്മേളനം രാത്രി പതിനൊന്നുമണിക്കാണു് തീര്‍ന്നതു്. ഉച്ചയ്ക്കു ഇടവേള ഒരുമണിക്കൂര്‍ നേരം. ഇവ ദീര്‍ഘസമയം മുഴുവന്‍ ഒരു സദസ്സുതന്നെയാണു് അതില്‍ പങ്കുകൊണ്ടിരുന്നതു്. ആളുകള്‍ ഇരിപ്പിടങ്ങള്‍പോലും മാറിയില്ല. അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കിയതുമില്ല. ഏകാഗ്രതയോടുകൂടിയുള്ള ഇരിപ്പാണു് ഒരോ വ്യക്തിയുടേതും. ഈ വിധത്തില്‍ ഡിസിപ്ലിന്‍ ഉള്ള ശ്രോതാക്കള്‍ മറ്റു സ്ഥലങ്ങളില്‍ ഉണ്ടായിരിക്കുക പ്രയാസം.
- മഹാകവി പി. കുഞ്ഞിരാമന് നായര്‍ ഒരു ദിവസം കാലത്തു് എന്റെ വീട്ടില്‍വന്നു. “ചങ്ങമ്പുഴയെയാണു് ഏറ്റവും ഇഷ്ടം അല്ലേ?” എന്നു് അദ്ദേഹം എന്നോടു ചോദിച്ചു. “അല്ല” എന്നു ഞാന്‍ മറുപടി നല്കി. അക്കാലത്തു് കോളേജില്‍ പഠിച്ചിരുന്ന എന്റെ മകള്‍ ഓട്ടോഗ്രാഫിനു് വേണ്ടി കൊച്ചുപുസ്തകം കവിയുടെ കൈയില്‍ കൊടുത്തു അദ്ദേഹം എഴുതി: “പ്രഭാതം തെല്ലകലെ നിൽക്കുന്നു, വരണമാലയുമായി.” ഇതെഴുതി ഒരു മാസം കഴിഞ്ഞപ്പോള്‍ അവളുടെ വിവാഹം നടന്നു.
- കാഞ്ഞിരംകുളത്തു സ്ക്കൂളിലൊരു സമ്മേളനം, പ്രഭാഷകനായിരുന്ന പവനന് പറഞ്ഞു. “വിശന്നുകൊണ്ടു ഞാന്‍ മദ്രാസ് കടപ്പുറത്തു കിടക്കുമ്പോള്‍ പൂര്ണ്ണചന്ദ്രന് പ്രകാശിക്കുന്നു. അതൊരു ദോശയായി അടുത്തു വീണെങ്കിലോ എന്നു ഞാന്‍ ആഗ്രഹിച്ചുപോയി”. അദ്ധ്യക്ഷനായിരുന്ന ഡോക്ടര്‍ പി. കെ. നാരായണപിള്ള ഉപസംഹാര പ്രസംഗത്തില്‍: “അങ്ങനെ പലതും തോന്നും. ബീഡി കൈയിലുണ്ടായിരിക്കുകയും അതു കത്തിക്കാന്‍ തീപ്പെട്ടി ഇല്ലാതിരിക്കുകയും ചെയ്താല്‍ ആ ചന്ദ്രന് ഇങ്ങടുത്തുവന്നെങ്കില്‍ ഇതൊന്നു കൊളുത്താമെന്ന പവനന്നു തോന്നും.” സമ്മേളനം കഴിഞ്ഞു. തിരിച്ചു പോരുമ്പോഴും ഡോക്ടര്‍ പി. കെ, പവനന്റെ ആശയങ്ങളെ വിമര്‍ശിച്ചുകൊണ്ടിരുന്നു ഉറക്കെ ചിരിച്ചിട്ടു് പവനന് പറഞ്ഞു: “ഇപ്പോഴും അദ്ധ്യക്ഷനായി തുടരുകയാണു്.”
- സാഹിത്യപരിഷത്തിന്റെ സമ്മേളനം. തായാട്ടു ശങ്കരനെ ആദ്യമായികണ്ടു “നല്ല മനുഷ്യന്’”എന്നു ഞാന്‍ ഉള്ളില്‍ പറഞ്ഞു. ശ്രോതാക്കളുടെ കൂട്ടത്തില്‍ ഒരാള്‍ ഒറ്റമുണ്ടുടുത്തുകൊണ്ടു് തിടുക്കത്തില്‍ അങ്ങുമിങ്ങും നടക്കുന്നു. ഷര്‍ട്ടില്ല, ബനിയന്‍പോലുമില്ല. ഞാന്‍ ശങ്കരനോടു ചോദിച്ചു: ആരാണദ്ദേഹം?” ശങ്കരന്: “അറിയില്ലേ. കവി കെ. കെ. രാജാ.
സാഹിത്യവാരഫലം_1985_12_08
- കെ.സി. പീറ്റര്‍ പ്രൊഫസര്‍ എന്ന വിശേഷണം ചേര്‍ക്കുന്നില്ല പീറ്റർക്കു്. (അദ്ദേഹത്തിനു് മലയാളം ഇംഗ്ലീഷ് ഈ ഭാഷകളിലെ എല്ലാ അക്ഷരങ്ങളും അറിയാമെന്നു് എനിക്കറിയാം) കുങ്കുമത്തിലെഴുതുന്ന ‘സ്നേഹം’ എന്ന പംക്തി ഞാന്‍ വായിക്കാറുണ്ടു്. എന്റെ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന ഒന്നും അതിലില്ല. നേരെ മറിച്ചു് റൊളാങ് ബാര്‍തേഷിന്റെ A Lover’s Discourse വായിക്കുമ്പോള്‍ ചിന്താരത്നങ്ങളുടെ കാന്തികണ്ടു് എന്റെ കണ്ണു് അഞ്ചുന്നു. ഒരുദാഹരണം നല്‍കാം:
വെര്‍റ്റര്‍ (werther) — സുഖത്തിന്റെയോ നൈരാശ്യത്തിന്റെയോ ചെറുതായ കാമവികാരംപോലും വെര്‍റ്ററെ കരയിപ്പിക്കും. വെര്‍റ്റര്‍ പലപ്പോഴും കരയും. പെരുവെള്ളപ്പാച്ചില്‍പോലെ മിക്കവാറും കരയും. വെര്‍റ്ററിലെ കാമുകനാണോ കരയുന്നതു്? അതോ റൊമാന്റിക്കോ? (A Lover’s Discourse, Hill & Wang 1928).
- വൈ. എ. റഹിം കുങ്കുമം വാരികയില്‍ വരച്ചു “കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ കോട്ടയ്ക്കലില്‍” എന്ന കാര്‍ട്ടൂണ്‍ — ഇതില്‍ ഹാസ്യമില്ല. മഹാനായ ഒരു കലാകരനെ — ശങ്കറെ — അപമാനിക്കുന്നു. മഹാന്മാരായ കോട്ടയ്ക്കല്‍ വൈദ്യന്മാരെ അപമാനിക്കുന്നു. കരുതിക്കൂട്ടിയുള്ള അപമാനനവും നിന്ദനവുമല്ല ഇതു്. ഭാവനാരാഹിത്യമാണു് ഇതിന്റെ പിറകിലുള്ളതു്. അതുകൊണ്ടു് ക്ഷമിക്കാം — വായനക്കാര്‍ക്കും ശങ്കറിനും ഭിഷഗ്വരന്മാര്ക്കും ക്ഷമിക്കാം.
- എയ്ഡ്സ് കൊതുകുകടിച്ചും പകരുമത്രേ അതുകേട്ടു് കാര്‍ട്ടൂണിസ്റ്റ് കൃഷ്ണന്റെ സുന്ദരി ‘രക്ഷപ്പെട്ടു’ എന്നു പറയുന്നു. രക്ഷപ്പെട്ടതു നാണക്കേടില്‍ നിന്നാണെന്നു തത്ത്വചിന്തകനായ കഥാപാത്രം. ചീന്തോദ്ദീപകവും ഹാസ്യാത്മകവും ആയ കാര്‍ട്ടൂണ്‍ (കുങ്കുമം).
- ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ആ ആക്രമണത്തെ നിന്ദിച്ചുകൊണ്ടു് ഇവിടെ കുറെ കാവ്യങ്ങളുണ്ടായി, വഞ്ചനാത്മകവും ക്രൂരമായ ആ ആക്രമണത്തെക്കാള്‍ ജുഗുപ്ലാവഹങ്ങളായിരുന്നു ആ കാവ്യങ്ങള്‍ . തോപ്പില്‍ ഭാസിയുടെ അനന്തരവള്‍ സര്‍പ്പദംശനമേറ്റു മരിച്ചപ്പോള്‍ ആ കുട്ടിയെ കണ്ടിട്ടില്ലാത്ത ഞാന്‍ ദുഃഖിച്ചു. ആ ദുഃഖത്തിനു ശമനമുണ്ടായതു് എന്റെ ഒരഭിവന്ദ്യമിത്രം ജനയുഗം വാരികയുടെ ആദ്യത്തെ പുറത്തു് ഒരു ‘നാൽക്കാലി’ പടച്ചു വച്ചതുകണ്ടപ്പോഴാണു്. ബഞ്ചമിന് മോളോയിസിനെ തൂക്കിക്കൊന്നതിലുള്ള എന്റെ ദുഃഖം ചേപ്പാട്ടു രാജേന്ദ്രന് ജനയുഗം വാരികയിലെഴുതിയ (ലക്കം 48) കാവ്യാഭാസം വായിച്ചതോടെ വളരെ കുറഞ്ഞിരിക്കുന്നു.
- പെണ്ണുകാണല്‍ എന്ന ചടങ്ങു ബന്ധുക്കള്‍ നടത്തി. വിവാഹമുറച്ചു. അതു കഴിഞ്ഞു. രണ്ടു സ്ത്രീകള്‍ അവളെ ഉന്തിത്തള്ളി ഒരു മുറിയില്‍ കൊണ്ടാക്കി. അവള് വല്ലാതെ പേടിച്ചു. പക്ഷേ കട്ടിലില്‍ ഇരിക്കുന്നു നവവരന്. അയാള്‍ ‘സുറാബി’ എന്നു് അവളെ വിളിച്ചു. ഇതാണു് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഉസ്മാന് ഇരിങ്ങാട്ടിരി എഴുതിയ ‘നാളെ അയാള്‍ വരുമോ?’ എന്ന കഥ. ഭാഗ്യംകൊണ്ടു് ഉസ്മാന് മണവറയിലെ പ്രഥമ സന്ദര്‍ശനത്തില്‍ വച്ചു് കഥ അവസാനിപ്പിച്ചു. അവിടെ പിന്നീടു് നടന്നതൊക്കെക്കൂടി അദ്ദേഹം വിവരിക്കാന്‍ ചങ്കൂറ്റം കാണിച്ചിരുന്നങ്കില്‍? അതും നമുക്കു വായിക്കേണ്ടി വന്നേനെ. ഇത്തരം വിഷ്ഫുള്‍ തിങ്കിങ് സാഹിത്യമല്ല.
- മുകുന്ദന് ശ്രീരാഗം മാസികയിലെഴുതുന്നു: “കൃഷ്ണന്‍നായരെ ഞാനൊരിക്കലും ഒരു വിമര്‍ശകനായി കണ്ടിരുന്നില്ല ആരും ഇന്നു് അങ്ങനെ അംഗീകരിക്കുമെന്നും കരുതുന്നില്ല” — മുകുന്ദന് എഴുതിയതു് ശരിയാണു്. ഞാന്‍ നിരൂപകനല്ല. ലിറ്ററി ജര്‍ണ്ണലിസ്റ്റ് മാത്രം. ഇക്കാര്യം പല തവണ ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ടു്. അവസാനമായി ഇപ്പോഴും അതു പറയുകയാണു്. തുടര്‍ന്നും മുകുന്ദന് എഴുതുന്നു: “കൃഷ്ണന് നായയുടെ ടൈപ്പ് ജേര്‍ണലിസം എല്ലാ ഭാഷയിലുമുണ്ടു്. സിനിമയിലെ ഒരു ഗോസിപ്പ് കോളം — അത്രയും പ്രസക്തിയേ വാരഫലത്തിനുള്ളു” — ഇതു് അത്ര കണ്ടു ശരിയല്ല ഗോസിപ്പ് എന്നാല്‍ അപവാദം പറച്ചില് എന്നല്ലേ അര്‍ത്ഥമാക്കേണ്ടതു് ഞാനതു് ചെയ്യാറില്ല. പിന്നെ ഈ ടൈപ്പ് ജര്‍ണ്ണലിസം എല്ലായിടത്തുമുണ്ടു് എന്ന മതത്തെക്കുറിച്ചു്: മലയാളനാടു് വാരികയില്‍ ഈ പംക്തി എഴുതിയിരുന്ന കാലത്തു് എസ്.കെ. നായര്‍ ഒരു സാഹിത്യവാരഫലത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടുത്ത ബന്ധുവും പ്രശസ്ത നോവലിസ്റ്റും ആയ നയന്‍താരയ്ക്ക് കൊണ്ടുകൊടുത്തു. “ഇതുപോലെ രസകരവും വിജ്ഞാനപ്രദവുമായ ഒരു കോളം അവര്‍ കണ്ടിട്ടില്ലെന്നു പറഞ്ഞു. അവരുടെ അഭിപ്രായങ്ങൾ എന്നും മലയാള നാട്ടില്‍ പരസ്യപ്പെടുത്തിയിരുന്നു. മുകുന്ദന്, താങ്കളുടെ ശകാരം നന്നായി. പക്ഷേ, അതില്‍ പകുതിയേ സത്യമുള്ളൂ. പിന്നെ ഒന്നു കൂടി ചോദിക്കട്ടെ, താങ്കള്‍ ഒരു മാസം മുന്‍പു് എന്റെ വീട്ടില്‍ വന്നല്ലോ. യാത്ര പറഞ്ഞ സമയത്തു് “സാറ് ഞങ്ങളെയൊക്കെ അനുഗ്രഹിക്കണം” എന്നു് അപേക്ഷിച്ചല്ലോ അതു കേട്ട് “ഞാനാരു നിങ്ങളെയൊക്കെ അനുഗ്രഹിക്കാന്‍?” എന്നു ചോദിച്ചില്ലേ? നേരിട്ടു കാണുമ്പോൾ ഒരു വിധം അല്ലാത്തപ്പോൾ മറ്റൊരു വിധം, ഇതു ശരിയോ സുഹൃത്തേ.
* * *
- ജുബയും മുണ്ടും ഒട്ടും ഉടയാതെ വടിപോലെ നിര്‍ത്തിക്കൊണ്ടു് ക്ലാസ്സിലെത്തുന്ന ഒരു ഗുരുനാഥന് ഞങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേഷം കണ്ടു് ഒരു കൂട്ടുകാരന് പറയും. “സാറ് ആദ്യം മുണ്ടുടുക്കും, ജുബയിടും. പിന്നീടാണു് ഭാര്യ ഇസ്തിരിപ്പെട്ടി ചൂടാക്കി അതു തേച്ചുകൊടുക്കുന്നതു്.” നവീനസാഹിത്യത്തിലെ ആശയങ്ങള്‍ ഗാത്രത്തോടു് ഇണങ്ങിച്ചേരുന്നില്ല. വടിപോലെ നില്ക്കുന്നു.
|
|