close
Sayahna Sayahna
Search

മലയാളസാഹിത്യകാരന്മാർ


ഒ.വി. വിജയൻ

സാഹിത്യവാരഫലം_1985_11_10

ടെക്നിക്കിനു് അപ്പുറത്തുള്ള ഒരു മണ്ഡലത്തില്‍ സാഹിത്യകാരന്‍ എത്തുമ്പോഴാണു് അയാളെ യഥാര്‍ത്ഥത്തിലുള്ള സാഹിത്യകാരനായി കരുതുന്നതു് സമുദായമദ്ധ്യത്തിലെ താല്‍കാലിക ക്ഷോഭങ്ങളെ ആകര്‍ഷകമായി അവതരിപ്പിച്ചാല്‍ ബഹുജനപ്രീതിയുണ്ടാകും. പക്ഷേ ധൈഷണിക ജീവിതം നയിക്കുന്നവരുടെ അംഗീകാരം അയാള്‍ക്കു ലഭിക്കുകയില്ല. ഒ. വി. വിജയന്‍ ആ ക്ഷോഭങ്ങള്‍ക്കുമതീതമായുള്ള മണ്ഡലങ്ങളിലേക്കു ഭാവനകൊണ്ടു കടന്നുചെല്ലുന്നു. ഉള്‍ക്കാഴ്ചയുടെ അഗാധത എന്നു പറയുന്നതു് അതാണു്. അതു് ഒ. വി. വിജയനുള്ളതുകൊണ്ടാണു് അദ്ദേഹത്തെ സുപ്രധാനനായ കലാകാരനായി അഭിജ്ഞന്മാര്‍ കാണുന്നതു് കഥകളിലും ‘ഖസാക്കിന്റെ ഇതിഹാസ’മെന്ന നോവലിലും ഈ ‘അഗാധത’ പ്രദര്‍ശിപ്പിച്ച വിജയനെ ദില്ലിയില്‍ വച്ചു് കഥാകാരനായ വി. നടരാജന്‍ കാണുകയുണ്ടായി. ആ കൂടിക്കാഴ്ചയുടെ ആകര്‍ഷകത്വമുള്ള റിപ്പോര്‍ട്ടു് ‘ശ്രീരാഗം’ മാസികയുടെ രണ്ടാം ലക്കത്തിലുണ്ടു്.

എന്നും കാലത്തെഴുന്നേറ്റു് പെണ്‍കുട്ടി കണ്ണാടിജന്നലില്‍ മുഖമര്‍പ്പിച്ചു് പാതയിലേക്കു നോക്കുന്നു. പുതിയ മുഖം കാണാനുള്ള ആഗ്രഹമാണു് അവള്‍ക്കു്. പക്ഷേ, കാണുന്നതൊക്കെ മുന്‍പുകണ്ട മുഖങ്ങള്‍ അങ്ങനെയിരിക്കെ ഒരു നവയുവാവു വരുന്നു. എന്തൊരു സൗന്ദര്യം! പെണ്‍കുട്ടിയുടെ മുഖത്തു് അരുണിമ. രോമാഞ്ചം. അവള്‍ ജന്നല്‍ തുറന്നിട്ടു് അയാളെ നോക്കി ചിരിക്കുന്നു. യുവാവിന്റെ മുഖവും തിളങ്ങുന്നു. ഈ പെണ്‍കുട്ടിയാണു് മലയാള സാഹിത്യം. ഈ യുവാവാണു് ഒ.വി. വിജയന്‍.


ഇ ഹരികുമാർ

സാഹിത്യവാരഫലം_1986_03_16

ഞാന്‍ കുഞ്ഞുനാളില്‍ നിലവിളക്കിനടുത്തിരുന്നാണു് “പൂ, പൂച്ച, പൂച്ചട്ടി” എന്നു് ഒന്നാംപാഠം വായിച്ചിരുന്നതു്. കാലം കഴിഞ്ഞപ്പോള്‍ എന്റെ നാട്ടില്‍ വിദ്യുച്ഛക്തിയുടെ പ്രകാശം വന്നു. ഭാഗ്യമുള്ളവര്‍ക്കു മാത്രം ലഭിച്ചിരുന്നു ആ പ്രകാശം. അപ്പോഴും സെക്കന്‍ഡ് ഫോമില്‍ പഠിച്ചിരുന്ന ഞാന്‍ മണ്ണെണ്ണ വിളക്കിന്റെ മുന്‍പിലിരുന്നാണു് വായിച്ചത്. ഇ.വി. കൃഷ്ണപിള്ള പറയുന്നതു പോലെ മണ്ണെണ്ണ വിളക്കിനു് ഒരു വലിയ ദോഷമുണ്ടായിരുന്നു. എങ്ങോട്ടു തിരിച്ചു വച്ചാലും അതിന്റെ കരിപ്പുക അടുത്തിരിക്കുന്നവന്റെ മൂക്കില്‍ത്തന്നെ കയറും. ഇന്നു്, മഹാകവി പറഞ്ഞ രീതിയില്‍ “സ്ഫാടിക മൂടുപടത്തിലൂടെ എന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്ന” മേശവിളക്കിന്റെ അടുത്തിരുന്നു് എഴുതുന്നു വായിക്കുന്നു. അവളെ തൊട്ടാല്‍ തൊടുന്നവന്‍ ഭസ്മം. നിലവിളക്കിന്റെ ദീപനാളത്തിലൂടെ വിരലോടിക്കാം. ചൂടു പോലും അനുഭവപ്പെടില്ല. മണ്ണെണ്ണ വിളക്കിന്റെ തിരിയില്‍ മൂക്കുത്തിക്കല്ലു പോലെ ചുവന്ന കല്ലുകള്‍ ഉണ്ടാകും. വിരലു കൊണ്ടു തട്ടിക്കളയാം. പൊള്ളുകില്ല. മാറ്റം. സര്‍വത്ര മാറ്റം. ജലദോഷപ്പനി വന്നാല്‍ പണ്ടു കരുപ്പട്ടിക്കാപ്പിയായിരുന്നു ദിവ്യമായ ഔഷധം. ഒരു ചക്രം (പതിനാറുകാശു്) ചെലവു്. ഇന്നു് ആന്റി ബയോട്ടിക്സ്, ഡോക്ടറുടെ ഫീ ഉള്‍പ്പെടെ രൂപ ഇരുന്നൂറു വേണം. കുട്ടിക്കാലത്തു് അമിട്ടു പൊട്ടുന്നതു് ആദരാദ്ഭുതങ്ങളോടെ നോക്കി നിന്നിട്ടുണ്ടു്. ഇന്നു് ചൊവ്വയിലേക്കു പോകുന്ന ഉപകരണത്തെ വേണമെങ്കില്‍ എനിക്കു കാണം. വിവാഹം കഴിഞ്ഞു് ഒരു കാളവണ്ടിയില്‍ കയറിയാണു് ഞാനും വധുവും പുതിയ താമസസ്ഥലത്തേക്കു പോകുന്നതു്. വധുവിന്റെ പുടവക്കസവിന്റെ സ്വര്‍ണ്ണപ്രഭ നയനങ്ങള്‍ക്കു് ആഹ്ലാദം പകര്‍ന്നു. ഇന്നത്തെ വരനും വധുവും അമേരിക്കയിലേക്കു പറക്കുന്നു. അവളുടെ ഫോറിന്‍ സാരിക്കു തീക്ഷ്ണശോഭ. അന്നു നാണിച്ചു് തല താഴ്ത്തിയിരുന്നു വധു. ഇന്നു് അവള്‍ തൊട്ടടുത്തിരുന്നുകൊണ്ടു് ‘ഹലോ ഡിയര്‍’ എന്നു വിളിക്കുന്നു. ലജ്ജയുടെ മൂടുപടം നീക്കി സൗന്ദര്യാതിശയം കണ്ടിരുന്നു എന്റെ യൗവന കാലത്തെ ചെറുപ്പക്കാര്‍, ഇന്നു് ലജ്ജയില്ല. മൂടുപടമില്ല. സൗന്ദര്യമുണ്ടെങ്കിലും പാരുഷ്യം. ഈ പാരുഷ്യം — വ്യക്തികള്‍ക്കുണ്ടായിരിക്കുന്ന പാരുഷ്യം — ലോകത്തിനാകെ ഉണ്ടായിരിക്കുന്നു. പണ്ടു് ലോകമാകെ ഒന്നു്. ഇന്നു് സാര്‍ത്ര് പറയുന്ന Otherness. ഈ മാറ്റത്തെ കലാത്മകമായി ചിത്രീകരിച്ചു് പ്രേമത്തിന്റെയും പ്രേമഭംഗത്തിന്റെയും പാരുഷ്യത്തിന്റെയും കഥ പറയുന്നു, ഹരികുമാര്‍ (കലാകൗമുദിയിലെ ‘നഗരം’ എന്ന കഥ). സമകാലിക ലോകത്തിന്റെ അന്ധകാരം ഇതിലുണ്ടു്. സ്നേഹനാട്യത്തിന്റെയും വഞ്ചനയുടെയും ചിത്രങ്ങള്‍ ഇതിലുണ്ടു്. വഞ്ചന മനുഷ്യനെ മൃഗീയതയിലേക്കു നയിക്കുന്നതിന്റെ ചിത്രങ്ങളും ഇതിലുണ്ടു്.


സക്കറിയ

സാഹിത്യവാരഫലം_1986_03_16

സക്കറിയ

സക്കറിയയുടെ ‘കുഴിയാനകളുടെ ഉദ്യാനം’ എന്ന ചെറുകഥയ്ക്കു സമകാലികങ്ങളായ മറ്റെല്ലാക്കഥകളില്‍ നിന്നും വ്യത്യസ്തതയുണ്ടു്. ശൈലിയില്‍, ഇമേജുകളുടെ നിവേശനത്തില്‍, ടെക്നിക്കിന്റെ പ്രയോഗത്തില്‍, കാവ്യാത്മകത്വത്തില്‍ ഇവയിലെല്ലാം ഇക്കഥ മറ്റു കഥകളില്‍ നിന്നു് അതിദൂരം അകന്നു നില്‍ക്കുന്നു. ഒരു തിരുമ്മുകാരന്‍ വൈദ്യനെയും ഉളുക്കു പറ്റിയ ഒരു പെണ്ണിനെയും അവതരിപ്പിച്ചിട്ടു കഥാകാരന്‍ നന്മയുടെയും തിന്മയുടെയും ലൈംഗികത്വത്തിന്റെയും ലോകം സൃഷ്ടിക്കുന്നു. ലോകം എന്നു പറയുന്നതിനെക്കാള്‍ ശക്തി വിശേഷങ്ങള്‍ എന്നു പറയുന്നതാവും ശരി. ഈ ശക്തി വിശേഷങ്ങള്‍ നമ്മെ അനുധാവനം ചെയ്യുന്നു.

ഭാവാത്മകതയാണു് ഇക്കഥയുടെ മുദ്ര. ഭാവാത്മകത ഒരു വികാരത്തിന്റെ സൂക്ഷ്മാംശത്തെ വ്യക്തമാക്കിത്തരുമെങ്കിലും അസ്പഷ്ടത ആവഹിക്കാതിരിക്കില്ല. പോള്‍ ബര്‍ലേന്റെയോ ചങ്ങമ്പുഴയുടെയോ ഭാവഗാനത്തില്‍ നമ്മള്‍ ആമജ്ജനം ചെയ്യുമ്പോള്‍ ഉള്ളു കുളിര്‍ക്കും എന്നതില്‍ സംശയമില്ല. പക്ഷേ, കുളിര്‍മ്മ നല്കുന്ന എല്ലാ അംശങ്ങളുടെയും സ്വഭാവം മനസ്സിലാകുകയുമില്ല. ഭാവാത്മകമായ ഇക്കഥയ്ക്കുമുണ്ടു് ഒരസ്പഷ്ഠത.


കാമ്പിശ്ശേരി

സാഹിത്യവാരഫലം_1986_03_16

കാമ്പിശ്ശേരി കരുണാകരന്‍

കാമ്പിശ്ശേരി കരുണാകരനെക്കുറിച്ചു് തോപ്പില്‍ കൃഷ്ണപിള്ള ജനയുഗം വാരികയിലെഴുതിയതു് വായിച്ചപ്പോള്‍ കാമ്പിശ്ശേരി വയലാര്‍ രാമവര്‍മ്മയോടു കൂടി ഞാന്‍ ജോലി നോക്കിയിരുന്ന സംസ്കൃത കോളേജില്‍ ഒരിക്കല്‍ വന്നതു് ഓര്‍മ്മിച്ചു. കാമ്പിശ്ശേരിക്കും രാമവര്‍മ്മയ്ക്കും സംസ്കൃതം നല്ലപോലെ അറിയാമായിരുന്നു. ഏതോ ഒരു സംസ്കൃത ഗ്രന്ഥം വേണമെന്നു പറഞ്ഞാണു് അവരെത്തിയതു്. കോളേജോഫീസിലെ ഒരു ക്ലാര്‍ക്ക് ഭംഗിയായി പാടുമായിരുന്നു. ശനിയാഴ്ചയായിരുന്നതിനാല്‍ വിദ്യാര്‍ത്ഥികളില്ല. ഞങ്ങൾ സ്റ്റാഫ് റൂമിലിരുന്നു. ക്ലാര്‍ക്കു് രാമവര്‍മ്മയുടെ ‘ശകുന്തളേ നിന്നെ ഓര്‍മ്മ വരും’ എന്ന പാട്ടു പാടി. അദ്ദേഹത്തിനു സന്തോഷമായി. കാമ്പിശ്ശേരി പതിഞ്ഞ ശബ്ദത്തില്‍ നേരമ്പോക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു. മൗലികതയുള്ള, കേട്ടാല്‍ ആരും സ്വയമറിയാതെ ചിരിച്ചു പോകുന്ന ഹൃദ്യങ്ങളായ ഹാസ്യോക്തികളായിരുന്നു കാമ്പിശ്ശേരിയുടേതു്. അങ്ങനെ ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന­തിനിടയില്‍­ത്തന്നെ അദ്ദേഹം എന്നോടു പറഞ്ഞു:“ഞാന്‍ സംസ്കൃത കോളേജിലാണു പഠിച്ചതു്. പ്രിന്‍സിപ്പലായിരുന്ന എന്‍. ഗോപാലപിള്ള­സ്സാര്‍ എന്നെ കോളേജില്‍ നിന്നു് ഡിസ്മിസ് ചെയ്തു്. ആ ഫയലൊന്നു എടുത്തു തരുമോ?” അക്കാലത്തു് എനിക്കു പ്രിന്‍സിപ്പലിന്റെ ‘ചാര്‍ജ്ജ്’ ഉണ്ടായിരുന്നു. എങ്കിലും സര്‍ക്കാര്‍ ഫയല്‍ എടുത്തു കൊടുക്കുന്നതു ശരിയല്ലല്ലോ. അതുകൊണ്ടു് എനിക്കു കാമ്പിശ്ശേരിയോടു കള്ളം പറയേണ്ടതായിവന്നു. “ഇന്‍ഡിസിപ്ലിന്‍ സംബന്ധിച്ച ഫയലുകള്‍ മൂന്നു വര്‍ഷമേ സൂക്ഷിച്ചു വയ്ക്കൂ. അതിനു ശേഷം അവ കത്തിച്ചു കളയും. താങ്കളെ ഡിസ്മിസ് ചെയ്തതിനെ സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ കാണുകില്ല.” അദ്ദേഹം എന്നെ നോക്കി ഒന്നു ചിരിച്ചു. യാത്ര പറഞ്ഞു പോകുകയും ചെയ്തു. വയലാര്‍ രാമവര്‍മ്മ ആര്‍ഷ സംസ്കാരത്തിന്റെ മഹനീയതയെ­ക്കുറിച്ചു എന്തൊക്കെയോ ഉദീരണം ചെയ്തു കൊണ്ടാണു് കോളേജിന്റെ പടിക്കെട്ടുകള്‍ ഇറങ്ങിയതു്. അവിശ്വാസം പ്രകടിപ്പിക്കുന്ന കണ്ണുകളില്‍ വിശ്വാസ­ജനകമായി നോക്കാന്‍ കാമ്പിശ്ശേരിക്കു് അറിയാമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ സംശയത്തിന്റെ നിഴല്‍ പോലും ആ കണ്ണുകളില്‍ ഉണ്ടായിരിക്കില്ല. ജീവിതത്തെ ഹാസ്യാത്മകതയോടെ വീക്ഷിച്ച ആ നല്ല മനുഷ്യന്റെ തിരോധാനത്തില്‍ എനിക്കിന്നും വല്ലായ്മയുണ്ടു്.